വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ബൈബിൾ വായന പ്രോത്സാഹിപ്പിക്കാനുള്ള ധീരോദാത്ത ശ്രമം

ബൈബിൾ വായന പ്രോത്സാഹിപ്പിക്കാനുള്ള ധീരോദാത്ത ശ്രമം

ബൈബിൾ വായന പ്രോത്സാഹിപ്പിക്കാനുള്ള ധീരോദാത്ത ശ്രമം

കിഴക്കൻ സൈബീരിയയിലെ കൊടുംതണുപ്പുള്ള ഒരു പുൽമേടിൽ അദ്ദേഹം അന്ത്യശ്വാസം വലിച്ചു, ദുരാരോപണങ്ങൾക്കും അപമാനത്തിനും വിധേയനായി. ഗ്രീക്ക്‌ ജനതയുടെ ആത്മീയ ഉന്നമനത്തിനായി പ്രവർത്തിച്ച ഒരു മഹാത്മാവായിരുന്നു അദ്ദേഹമെന്ന്‌ ഓർക്കുന്നവർ വിരളമാണ്‌. വിസ്‌മരിക്കപ്പെട്ട ഈ മാർഗദർശിയുടെ പേര്‌ സാരാഫിം എന്നായിരുന്നു. ബൈബിൾ ജനകീയമാക്കാനുള്ള ധീരോദാത്ത ശ്രമങ്ങൾ അദ്ദേഹത്തിന്റെ മരണത്തിൽ കലാശിച്ചു.

ഗ്രീസ്‌, ഒട്ടോമൻ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്ന കാലത്താണ്‌ സാരാഫിം ജീവിച്ചിരുന്നത്‌. ഗ്രീക്ക്‌ ഓർത്തഡോക്‌സ്‌ പണ്ഡിതനായ ജോർജ്‌ മെറ്റാലിനൊസ്‌ പറയുന്നപ്രകാരം “നിലവാരം പുലർത്തുന്ന സ്‌കൂളുകൾ കുറവായിരുന്ന” ആ കാലത്ത്‌ പുരോഹിതന്മാർ ഉൾപ്പെടെ “ഭൂരിപക്ഷം ആളുകൾക്കും വിദ്യാഭ്യാസമില്ലായിരുന്നു.”

കൊയ്‌നി (സാധാരണ) ഗ്രീക്കിനും സാരാഫിമിന്റെ കാലത്തെ, നിരവധി ഭാഷാഭേദങ്ങളോടുകൂടിയ ഗ്രീക്കിനും തമ്മിൽ രാപകൽ വ്യത്യാസമുണ്ടായിരുന്നു. സ്‌കൂൾ വിദ്യാഭ്യാസമില്ലാത്തവർക്ക്‌, കൊയ്‌നി ഗ്രീക്കിൽ എഴുതപ്പെട്ട ക്രിസ്‌തീയ ഗ്രീക്ക്‌ തിരുവെഴുത്തുകൾ വായിച്ചു മനസ്സിലാക്കാൻ സാധിക്കാതെവന്നു. എഴുത്തുഭാഷയും സംസാരഭാഷയും തമ്മിലുള്ള വ്യത്യാസം അത്രത്തോളമായിരുന്നു. ഇതേത്തുടർന്നുണ്ടായ വാഗ്വാദങ്ങളിൽ, മനസ്സിലാക്കാൻ ബുദ്ധിമുട്ടുള്ള കൊയ്‌നി ഗ്രീക്ക്‌ ഉന്നമിപ്പിക്കാനാണ്‌ ഓർത്തഡോക്‌സ്‌ സഭ തീരുമാനിച്ചത്‌.

സാഹചര്യങ്ങൾ ഇങ്ങനെയായിരിക്കെ, 1670-നോടടുത്ത്‌ ഗ്രീസിലെ ലെസ്‌ബോസ്‌ ദ്വീപിലുള്ള ഒരു പ്രശസ്‌ത കുടുംബത്തിൽ സ്‌റ്റെഫാനോസ്‌ യോനിസ്‌ പൊഗൊനാട്ടൊസ്‌ ജനിച്ചു. ദാരിദ്ര്യവും നിരക്ഷരതയും ദ്വീപിൽ കൊടികുത്തിവാണിരുന്നു. സ്‌കൂളുകളുടെ അഭാവം നിമിത്തം ഒരു പ്രാദേശിക ആശ്രമത്തിൽ പ്രാഥമിക വിദ്യാഭ്യാസം നേടാൻ സ്‌റ്റെഫാനോസ്‌ നിർബന്ധിതനായി. വളരെ ചെറുപ്രായത്തിൽത്തന്നെ ഗ്രീക്ക്‌ ഓർത്തഡോക്‌സ്‌ സഭയിൽ ഡീക്കനായി നിയമിതനായ അദ്ദേഹം സാരാഫിം എന്ന പേരു സ്വീകരിച്ചു.

1693-ഓടെ, വിജ്ഞാനദാഹം ശമിപ്പിക്കാനായി കോൺസ്റ്റാന്റിനോപ്പിളിലേക്കു (ഇപ്പോൾ തുർക്കിയിലെ ഈസ്റ്റാൻബുൾ) പോകാൻ സാരാഫിം തീരുമാനിച്ചു. കാലാന്തരത്തിൽ അദ്ദേഹത്തിന്റെ കഴിവുകൾ ഗ്രീസിലെ പ്രമുഖ വ്യക്തികളുടെ ആദരവു പിടിച്ചുപറ്റി. അധികം താമസിയാതെ, ഗ്രീസിലെ ഒരു രഹസ്യ ദേശീയ പ്രസ്ഥാനം, അതിന്റെ പ്രതിനിധിയായി അദ്ദേഹത്തെ റഷ്യയിലെ മഹാനായ പീറ്റർ ചക്രവർത്തിയുടെ അടുത്തേക്ക്‌ അയച്ചു. മോസ്‌കോയിലേക്കും അവിടെനിന്നു തിരിച്ചുമുള്ള യാത്രയ്‌ക്കിടയിൽ സാരാഫിം യൂറോപ്പിലെ മിക്ക സ്ഥലങ്ങളും സന്ദർശിച്ചു. യൂറോപ്പിൽ മതപരവും ബൗദ്ധികവുമായ നവീകരണങ്ങൾ നടക്കുന്നതിന്റെ ലക്ഷണങ്ങൾ മനസ്സിലാക്കാൻ ആ യാത്ര അദ്ദേഹത്തെ സഹായിച്ചു. 1698-ൽ ഇംഗ്ലണ്ടിലേക്കു പോയ സാരാഫിം ലണ്ടനിലെയും ഓക്‌സ്‌ഫോർഡിലെയും പ്രമുഖ വ്യക്തികളുമായി ബന്ധം സ്ഥാപിച്ചു. ആംഗ്ലിക്കൻ സഭയുടെ തലവനായ കാന്റർബറിയിലെ ആർച്ച്‌ബിഷപ്പുമായും അദ്ദേഹം പരിചയത്തിലായി. സമീപഭാവിയിൽ സാരാഫിമിനു പ്രയോജനം കൈവരുത്തുമായിരുന്ന ഒരു ബന്ധമായിരുന്നു അത്‌.

ബൈബിൾ പ്രസിദ്ധീകരിക്കുന്നു

ഇംഗ്ലണ്ടിലായിരുന്നപ്പോൾ, “പുതിയ നിയമത്തിന്റെ” (ക്രിസ്‌തീയ ഗ്രീക്കു തിരുവെഴുത്തുകൾ) എളുപ്പം മനസ്സിലാക്കാവുന്ന ഒരു പുതിയ ഭാഷാന്തരം ഗ്രീക്കുകാർക്ക്‌ ഉടനടി ആവശ്യമുണ്ടെന്ന നിഗമനത്തിൽ സാരാഫിം എത്തിച്ചേർന്നു. 50-ലേറെ വർഷങ്ങൾക്കുമുമ്പ്‌ മാക്‌സിമസ്‌ കാലിപോലിറ്റിസ്‌ എന്ന സന്ന്യാസി തയ്യാറാക്കിയ ബൈബിൾ പരിഭാഷയെ ആധാരമാക്കി എളുപ്പം മനസ്സിലാക്കാവുന്ന, തെറ്റുകളില്ലാത്ത, ഒരു പുതിയ ഭാഷാന്തരം പ്രസിദ്ധീകരിക്കാൻ സാരാഫിം ശ്രമം തുടങ്ങി. ഭാഷാന്തരവുമായി ബന്ധപ്പെട്ട ജോലികൾ വളരെ ഉത്സാഹത്തോടെയാണ്‌ തുടങ്ങിയതെങ്കിലും പെട്ടെന്നുതന്നെ സാരാഫിമിന്റെ കൈയിലുള്ള പണമെല്ലാം തീർന്നു. കാന്റർബറിയിലെ ആർച്ച്‌ബിഷപ്പ്‌ ആവശ്യമായ സാമ്പത്തിക സഹായം നൽകാമെന്നു വാഗ്‌ദാനം ചെയ്‌തപ്പോൾ പ്രതീക്ഷയ്‌ക്കു ചിറകുമുളച്ചതായി തോന്നി. ആവേശം ഉൾക്കൊണ്ട സാരാഫിം അച്ചടിക്ക്‌ ആവശ്യമായ കടലാസ്‌ വാങ്ങിക്കുകയും ഒരു അച്ചടിശാലയുടെ ഉടമസ്ഥനുമായി കരാറിലേർപ്പെടുകയും ചെയ്‌തു.

എന്നിരുന്നാലും, ലൂക്കൊസിന്റെ സുവിശേഷം പകുതിവഴിക്കെത്തിയപ്പോൾ സാമ്പത്തിക ഞെരുക്കം അച്ചടിക്കു തടസ്സമായി. പിന്നീട്‌, ഇംഗ്ലണ്ടിലെ രാഷ്‌ട്രീയ മാറ്റം നിമിത്തം കാന്റർബറിയിലെ ആർച്ച്‌ബിഷപ്പ്‌ സാമ്പത്തിക പിന്തുണ പിൻവലിച്ചു. എന്നിട്ടും സാരാഫിം തളർന്നില്ല. ധനികരായ ചിലരുടെ സഹായം തേടിയ അദ്ദേഹം 1703-ൽ തന്റെ പരിഷ്‌കരിച്ച ഭാഷാന്തരം പ്രസിദ്ധീകരിച്ചു. വിദേശ രാജ്യങ്ങളിൽ സുവിശേഷം പ്രചരിപ്പിക്കുന്ന ഒരു സംഘടനയാണ്‌ അതിനുള്ള ചെലവിന്റെ ഒരു ഭാഗം വഹിച്ചത്‌.

മാക്‌സിമസിന്റെ രണ്ടു വാല്യമുള്ള പഴയ ഭാഷാന്തരത്തിൽ മൂല ഗ്രീക്കു പാഠവും ഉണ്ടായിരുന്നു. അതു വലുപ്പവും ഭാരവും ഉള്ളതായിരുന്നു. എന്നാൽ സാരാഫിമിന്റെ പരിഷ്‌കരിച്ച ഭാഷാന്തരത്തിൽ ആധുനിക ഗ്രീക്കു പരിഭാഷ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ചെറിയ അക്ഷരങ്ങളിൽ അച്ചടിച്ച അത്‌ ഒതുക്കമുള്ളതായിരുന്നു. വിലയും തുച്‌ഛമായിരുന്നു.

വിവാദം ഊതിക്കത്തിക്കുന്നു

പണ്ഡിതനായ ജോർജ്‌ മെറ്റാലിനൊസ്‌ ഇപ്രകാരം പറയുന്നു, “ഈ പരിഷ്‌കരിച്ച പ്രസിദ്ധീകരണം ആളുകളുടെ യഥാർഥ ആവശ്യം തൃപ്‌തിപ്പെടുത്തി. എന്നിരുന്നാലും ബൈബിൾ ഭാഷാന്തരങ്ങളെ എതിർത്ത, വൈദികവൃന്ദത്തിലെ ഒരു പക്ഷത്തെ വിമർശിക്കാൻ സാരാഫിം ഈ അവസരം വിനിയോഗിച്ചു.” അതിന്റെ അവതാരികയിൽ അദ്ദേഹം നടത്തിയ പിൻവരുന്ന പ്രസ്‌താവന അവരെ ചൊടിപ്പിച്ചു: ‘കൊയ്‌നി ഗ്രീക്ക്‌ മനസ്സിലാകാത്ത ചില വൈദികർക്കും പ്രിസ്‌ബിറ്റേറിയന്മാർക്കും വേണ്ടിയാണ്‌ മുഖ്യമായും ഇതു തയ്യാറാക്കിയിരിക്കുന്നത്‌. ഇതു വായിച്ച്‌, പരിശുദ്ധാത്മാവിന്റെ സഹായത്താൽ മൂലപാഠത്തിൽനിന്ന്‌ എന്തെങ്കിലുമൊക്കെ മനസ്സിലാക്കാനും അൽമായർക്ക്‌ അതു വിശദീകരിച്ചു കൊടുക്കാനും അവർക്കു കഴിയുമല്ലോ.’ (ആധുനിക ഗ്രീക്കിലേക്കുള്ള ബൈബിൾ ഭാഷാന്തരം​—⁠19-ാം നൂറ്റാണ്ടിൽ) അങ്ങനെ, ഗ്രീക്ക്‌ ഓർത്തഡോക്‌സ്‌ സഭയിൽ ബൈബിൾ വിവർത്തനത്തോട്‌ അനുബന്ധിച്ചുണ്ടായിരുന്ന വിവാദച്ചുഴിയിലേക്ക്‌ അദ്ദേഹം എടുത്തുചാടി.

ജനങ്ങളുടെ ആത്മീയവും ധാർമികവുമായ ഉന്നമനം ബൈബിൾ വായിച്ചു മനസ്സിലാക്കുന്നതിനെ ആശ്രയിച്ചിരിക്കുമെന്നു തിരിച്ചറിഞ്ഞവരായിരുന്നു ഒരു വശത്ത്‌. പുരോഹിതന്മാർ തിരുവെഴുത്തു പരിജ്ഞാനം മെച്ചപ്പെടുത്തേണ്ടതുണ്ടെന്നും അവർക്കു തോന്നി. തന്നെയുമല്ല, ഏതു ഭാഷയിലും തിരുവെഴുത്തു സത്യങ്ങൾ വ്യക്തമാക്കാമെന്നു ബൈബിൾ ഭാഷാന്തരത്തെ പിന്താങ്ങിയവർ വിശ്വസിച്ചിരുന്നു.​—⁠വെളിപ്പാടു 7:⁠9.

ബൈബിൾ പരിഭാഷപ്പെടുത്തുന്നതിലൂടെ അതിന്റെ ഉള്ളടക്കത്തിൽ വെള്ളംചേർക്കപ്പെടും, ഉപദേശിക്കാനും വ്യാഖ്യാനിക്കാനും ഉള്ള സഭയുടെ അധികാരം ദുർബലമാകും എന്നൊക്കെയായിരുന്നു ബൈബിൾ പരിഭാഷയെ എതിർത്തിരുന്നവർ പറഞ്ഞ ഒഴികഴിവുകൾ. പക്ഷേ, ഗ്രീക്ക്‌ ഓർത്തഡോക്‌സ്‌ സഭയുടെ അധികാരത്തിനു തുരങ്കംവെക്കാൻ പ്രൊട്ടസ്റ്റന്റുകാർ ഈ പരിഭാഷ ഉപയോഗിക്കുന്നതായിരുന്നു അവരുടെ ഭയത്തിനുള്ള യഥാർഥ കാരണം. സാധാരണക്കാർക്കു മനസ്സിലാകുന്ന ബൈബിൾ ലഭ്യമാക്കുന്നതുൾപ്പെടെ പ്രൊട്ടസ്റ്റന്റുകാർക്ക്‌ അനുകൂലമായ എന്തിനെയും എതിർക്കേണ്ടത്‌ തങ്ങളുടെ കർത്തവ്യമാണെന്നായിരുന്നു പല പുരോഹിതന്മാരും കരുതിയിരുന്നത്‌. അങ്ങനെ പ്രൊട്ടസ്റ്റന്റ്‌ സഭയും ഓർത്തഡോക്‌സ്‌ സഭയും തമ്മിലുള്ള തർക്കങ്ങളിൽ ഏറ്റവും ചൂടുപിടിച്ച ഒരു വിവാദവിഷയമായിത്തീർന്നു ബൈബിൾ പരിഭാഷ.

ഓർത്തഡോക്‌സ്‌ സഭ വിട്ടുപോകാൻ താത്‌പര്യമില്ലായിരുന്നെങ്കിലും, തന്നെ എതിർത്ത പുരോഹിതന്മാരുടെ അജ്ഞതയും മുൻവിധിയും സാരാഫിം നിർഭയം തുറന്നുകാട്ടി. തന്റെ “പുതിയ നിയമ” ഭാഷാന്തരത്തിന്റെ അവതാരികയിൽ അദ്ദേഹം ഇപ്രകാരം എഴുതി: “ക്രിസ്‌തുവിനെ അനുകരിക്കുന്നവനും [അവന്റെ] ഉപദേശങ്ങൾ അനുസരിക്കുന്നവനും ആയിത്തീരാൻ ദൈവഭയമുള്ള ഓരോ ക്രിസ്‌ത്യാനിയും വിശുദ്ധ ബൈബിൾ വായിക്കേണ്ടതുണ്ട്‌.” തിരുവെഴുത്തു പഠനത്തിനുള്ള വിലക്ക്‌ സാത്താനിൽനിന്നാണു വരുന്നതെന്ന്‌ അദ്ദേഹം അസന്ദിഗ്‌ധമായി പ്രഖ്യാപിച്ചു.

എതിർപ്പിന്റെ അലകൾ

സാരാഫിമിന്റെ ഭാഷാന്തരം ഗ്രീസിൽ എത്തിയപ്പോൾ, അത്‌ ഗ്രീക്ക്‌ ഓർത്തഡോക്‌സ്‌ സഭയെ ചൊടിപ്പിച്ചു. പുതിയ ഭാഷാന്തരം നിരോധിക്കപ്പെട്ടു. അതിന്റെ പ്രതികൾ ചുട്ടെരിക്കപ്പെട്ടു. അതു കൈവശം വെക്കുകയോ വായിക്കുകയോ ചെയ്യുന്നവരെ സഭയിൽനിന്നു പുറത്താക്കുമെന്നു ഭീഷണിപ്പെടുത്തി. സാരാഫിമിന്റെ ഭാഷാന്തരം ഒന്നിനും കൊള്ളാത്തതും അനാവശ്യവുമാണെന്നു പറഞ്ഞുകൊണ്ട്‌ ഗബ്രിയേൽ മൂന്നാമൻ പാത്രിയാർക്കിസ്‌ അതിന്റെ വിതരണം വിലക്കി.

ഭഗ്നാശനായില്ലെങ്കിലും, ജാഗ്രത പുലർത്തേണ്ടതിന്റെ ആവശ്യം സാരാഫിനു ബോധ്യമായി. അദ്ദേഹത്തിന്റെ ഭാഷാന്തരം സഭയുടെ ഔദ്യോഗിക നിരോധനത്തിൻ കീഴിലായിരുന്നെങ്കിലും, അനേകം വൈദികരും അൽമായരും അതിനെ ഇരുകൈയും നീട്ടി സ്വീകരിച്ചു. ഈ ഭാഷാന്തരം ജനങ്ങളുടെ കൈകളിൽ എത്തിക്കുന്നതിൽ അദ്ദേഹം വൻവിജയം നേടി. എന്നിരുന്നാലും ശക്തരായ എതിരാളികളുമായുള്ള അദ്ദേഹത്തിന്റെ ഏറ്റുമുട്ടൽ തുടങ്ങിയിട്ടേ ഉണ്ടായിരുന്നുള്ളൂ.

അന്ത്യത്തിന്റെ ആരംഭം

ബൈബിളിന്റെ വിതരണം പ്രോത്സാഹിപ്പിക്കുന്നതിനു പുറമേ വിപ്ലവ, ദേശീയ പ്രസ്ഥാനങ്ങളുമായി സാരാഫിം ബന്ധം പുലർത്തിയിരുന്നു. ഈ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിനായി 1704-ൽ അദ്ദേഹം മോസ്‌കോയിലേക്കു പോയി. മഹാനായ പീറ്റർ ചക്രവർത്തിയുടെ വിശ്വസ്‌തനായിത്തീർന്ന അദ്ദേഹം കുറച്ചുകാലത്തേക്ക്‌ റഷ്യൻ റോയൽ അക്കാദമിയിൽ പ്രൊഫസറായിരുന്നു. എന്നിരുന്നാലും തന്റെ ഭാഷാന്തരത്തിന്‌ എന്തു സംഭവിക്കുമെന്ന ചിന്ത 1705-ൽ കോൺസ്റ്റാന്റിനോപ്പിളിലേക്കു തിരികെപ്പോകാൻ സാരാഫിമിനെ പ്രേരിപ്പിച്ചു.

ആ വർഷം തന്റെ ഭാഷാന്തരത്തിന്റെ പുനർമുദ്രണം നടത്തിയപ്പോൾ ആദ്യപതിപ്പിലെ വിവാദപരമായ അവതാരിക അദ്ദേഹം നീക്കംചെയ്‌തു, പകരം ബൈബിൾ വായന പ്രോത്സാഹിപ്പിച്ചുകൊണ്ടുള്ള ലളിതമായ ഒരു അവതാരിക കൂട്ടിച്ചേർത്തു. ഈ പതിപ്പ്‌ വൻപ്രചാരം നേടി. പാത്രിയാർക്കീസിന്റെ ഭാഗത്തുനിന്ന്‌ അതിനെതിരെ എന്തെങ്കിലും നീക്കമുണ്ടായതായി യാതൊരു സൂചനയുമില്ല.

പക്ഷേ 1714-ൽ, ഒരു ഗ്രീക്കു സഞ്ചാരിയും ബൈബിൾ പരിഭാഷയെ എതിർത്ത വ്യക്തിയുമായ അലക്‌സാണ്ടർ ഇലാഡിയൊസിൽനിന്ന്‌ ഒരു കനത്ത പ്രഹരമുണ്ടായി. സ്റ്റാറ്റസ്‌ പ്രാസൻസ്‌ എക്ലെസിയ ഗ്രാക്ക (ഗ്രീക്കു സഭയുടെ ഇപ്പോഴത്തെ അവസ്ഥ) എന്ന പുസ്‌തകത്തിൽ, ബൈബിൾ വിവർത്തകരെയും പരിഭാഷകളെയും അദ്ദേഹം നിർദയം വിമർശിച്ചു. സാരാഫിമിനുവേണ്ടി ഒരു അധ്യായംതന്നെ നീക്കിവെച്ച ഇലാഡിയൊസ്‌, അദ്ദേഹത്തെ ഒരു കള്ളനും വഞ്ചകനും നിരക്ഷരനും അധർമിയുമായി ചിത്രീകരിച്ചു. അത്തരം ആരോപണങ്ങൾ സത്യമായിരുന്നോ? കാലത്തിനു മുമ്പേ നടന്നു എന്നതിന്റെ പേരിൽ വിമർശിക്കപ്പെട്ട ‘ഒരു പരിശ്രമശാലിയും പ്രബുദ്ധനായ മാർഗദർശിയും’ ആയിരുന്നു സാരാഫിം എന്നു പറയുകവഴി ഗ്രന്ഥകാരനായ സ്റ്റില്യാനൊസ്‌ ബൈരക്‌ട്ടാറിസ്‌ അനേകം പണ്ഡിതന്മാരുടെ കാര്യജ്ഞാനത്തോടെയുള്ള അഭിപ്രായത്തെ സ്ഥിരീകരിക്കുകയാണു ചെയ്യുന്നത്‌. എന്നിരുന്നാലും ഇലാഡിയൊസിന്റെ പുസ്‌തകം സാരാഫിമിന്റെ ദുരന്തപൂർണമായ അന്ത്യത്തിനു വഴിതെളിച്ചു.

സംശയത്തിന്റെ നിഴലിൽ

1731-ൽ സാരാഫിം റഷ്യയിൽ മടങ്ങിയെത്തിയപ്പോഴേക്കും, മഹാനായ പീറ്റർ മരണമടഞ്ഞിരുന്നു. അതുകൊണ്ടുതന്നെ സാരാഫിമിന്‌ ഔദ്യോഗിക സംരക്ഷണമൊന്നും ലഭിച്ചില്ല. രാജ്യം ഭരിച്ചിരുന്ന അന്ന ഐവനവ്‌ന ചക്രവർത്തിനി ഭരണത്തിൽ അസ്ഥിരത സൃഷ്ടിക്കുന്ന എന്തിനെ സംബന്ധിച്ചും ജാഗ്രത പുലർത്തിയിരുന്നു. 1732 ജനുവരിയിൽ, സാമ്രാജ്യത്വ താത്‌പര്യങ്ങൾക്ക്‌ എതിരായി ഒരു ഗ്രീക്കു ചാരൻ പ്രവർത്തിക്കുന്നുണ്ടെന്ന കിംവദന്തി സെന്റ്‌ പീറ്റേഴ്‌സ്‌ബർഗിൽ പരന്നു. സംശയമുനകൾ നീണ്ടുചെന്നത്‌ സാരാഫിമിന്റെ നേർക്കായിരുന്നു. അറസ്റ്റു ചെയ്യപ്പെട്ട അദ്ദേഹത്തെ ചോദ്യം ചെയ്യലിനായി ന്യേഫ്‌സ്‌കി ആശ്രമത്തിലേക്ക്‌ അയച്ചു. സാരാഫിമിന്റെമേൽ നിരവധി കുറ്റങ്ങൾ അടിച്ചേൽപ്പിച്ച ഇലാഡിയൊസിന്റെ പുസ്‌തകത്തിന്റെ ഒരു പ്രതി ആശ്രമത്തിലുണ്ടായിരുന്നു. തനിക്കെതിരെയുള്ള കുറ്റാരോപണങ്ങൾ ഖണ്ഡിച്ചുകൊണ്ട്‌ അദ്ദേഹം മൂന്നു ലിഖിതരേഖകൾ തയ്യാറാക്കി. ചോദ്യംചെയ്യൽ ഏകദേശം അഞ്ചു മാസം നീണ്ടുനിന്നു, പക്ഷേ സംശയത്തിന്റെ കരിനിഴലിൽനിന്നു മോചനം നേടാൻ സാരാഫിമിനായില്ല.

സാരാഫിമിനെതിരെ വസ്‌തുനിഷ്‌ഠമായ തെളിവുകളൊന്നും ഇല്ലായിരുന്നതുകൊണ്ട്‌ വധശിക്ഷയിൽനിന്ന്‌ അദ്ദേഹം ഒഴിവാക്കപ്പെട്ടു. പക്ഷേ ഇലാഡിയൊസിന്റെ കുറ്റാരോപണങ്ങൾ നിമിത്തം സാരാഫിമിനെ വെറുതെ വിടാൻ അധികാരികൾ തയ്യാറായില്ല. ആ ഗ്രീക്കു ഡീക്കനെ ആജീവനാന്തം സൈബീരിയയിലേക്കു നാടുകടത്തി. “ഗ്രീക്ക്‌ ഗ്രന്ഥകാരനായ ഇലാഡിയൊസ്‌ പ്രസിദ്ധീകരിച്ച പ്രബന്ധത്തിൽ” അടങ്ങിയിരിക്കുന്ന ആരോപണങ്ങളുടെ അടിസ്ഥാനത്തിലാണ്‌ കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നതെന്നു വിധിയിൽ പറയുകയുണ്ടായി. 1732 ജൂലൈയിൽ ചങ്ങലകളാൽ ബന്ധിതനായി കിഴക്കൻ സൈബീരിയയിൽ എത്തിയ സാരാഫിം കുപ്രസിദ്ധമായ ഒക്കോട്ട്‌സ്‌ക്‌ തടവിൽ അടയ്‌ക്കപ്പെട്ടു.

ഏകദേശം മൂന്നു വർഷത്തിനുശേഷം സാരാഫിം മരണമടഞ്ഞു, ഉപേക്ഷിക്കപ്പെട്ടവനും വിസ്‌മരിക്കപ്പെട്ടവനുമായി. അദ്ദേഹത്തിന്റെ ചില തീരുമാനങ്ങളും രീതികളും ബുദ്ധിശൂന്യവും അബദ്ധവും ആയിരുന്നെങ്കിലും ആധുനിക ഗ്രീക്കിൽ ഇപ്പോൾ ലഭ്യമായ നിരവധി ബൈബിൾ ഭാഷാന്തരങ്ങളിൽ ഒന്നാണ്‌ അദ്ദേഹത്തിന്റേത്‌. * ആധുനിക ഗ്രീക്കിലുള്ള മറ്റൊരു ഭാഷാന്തരമാണ്‌ എളുപ്പം മനസ്സിലാക്കാവുന്ന തിരുവെഴുത്തുകളുടെ പുതിയലോക ഭാഷാന്തരം, അതു മറ്റു നിരവധി ഭാഷകളിലും ലഭ്യമാണ്‌. “സത്യത്തിന്റെ പരിജ്ഞാനത്തിൽ എത്തുവാനു”ള്ള അവസരം എല്ലായിടത്തുമുള്ള ആളുകൾക്കു ലഭിക്കേണ്ടതിന്‌ തന്റെ വചനം സംരക്ഷിച്ചതിന്‌ നാം യഹോവയാം ദൈവത്തോട്‌ എത്ര നന്ദിയുള്ളവരായിരിക്കണം!​—1 തിമൊഥെയൊസ്‌ 2:3, 4.

[അടിക്കുറിപ്പ്‌]

^ ഖ. 26 2002 നവംബർ 15 ലക്കം വീക്ഷാഗോപുരത്തിന്റെ 26-9 പേജുകളിലെ “ആധുനിക ഗ്രീക്കിൽ ബൈബിൾ പുറത്തിറക്കാനുള്ള തീവ്രശ്രമം” എന്ന ലേഖനം കാണുക.

[12-ാം പേജിലെ ചിത്രം]

മഹാനായ പീറ്റർ

[10-ാം പേജിലെ ചിത്രത്തിന്‌ കടപ്പാട്‌]

Photos: Courtesy American Bible Society