വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

കാവൽക്കാരനോടൊപ്പം സേവിക്കൽ

കാവൽക്കാരനോടൊപ്പം സേവിക്കൽ

കാവൽക്കാരനോടൊപ്പം സേവിക്കൽ

“കർത്താവേ, ഞാൻ പകൽ ഇടവിടാതെ കാവൽനില്‌ക്കുന്നു; രാത്രി മുഴുവനും ഞാൻ കാവൽ കാത്തുകൊണ്ടിരുന്നു.”—യെശയ്യാവു 21:8.

1. ഏതെല്ലാം മഹത്തായ വാഗ്‌ദാനങ്ങൾക്കാണു യഹോവതന്നെ സാക്ഷ്യം വഹിക്കുന്നത്‌?

യഹോവ വലിയ ഉദ്ദേശകൻ ആണ്‌. തന്റെ നാമം വിശുദ്ധീകരിക്കാനും ഒരു പറുദീസാ ഭൂമിയിൽ തന്റെ മഹത്തായ രാജ്യഭരണം ഏർപ്പെടുത്താനും അവൻ ഉദ്ദേശിക്കുന്നു. പിശാചായ സാത്താനായിത്തീർന്ന മത്സരിയായ ദൂതന്‌ ആ മഹത്തായ ഉദ്ദേശ്യം ഒരു പ്രകാരത്തിലും വിഫലമാക്കാൻ സാധിക്കില്ല. (മത്തായി 6:9, 10) ആ ഭരണം മനുഷ്യവർഗത്തിനു തീർച്ചയായും അനുഗ്രഹങ്ങൾ കൈവരുത്തും. ദൈവം “മരണത്തെ സദാകാലത്തേക്കും നീക്കിക്കളയും; യഹോവയായ കർത്താവു സകലമുഖങ്ങളിലുംനിന്നു കണ്ണുനീർ തുടെക്കയും” ചെയ്യും. സന്തുഷ്ടരും ഏകീകൃതരുമായ മനുഷ്യർ എന്നെന്നും സമാധാനവും സമൃദ്ധിയും ആസ്വദിക്കും. (യെശയ്യാവു 25:8; 65:17-25) തന്റെ ഈ മഹത്തായ വാഗ്‌ദാനങ്ങൾക്ക്‌ യഹോവതന്നെ സാക്ഷ്യം വഹിക്കുന്നു!

2. യഹോവ ഏതു മനുഷ്യ സാക്ഷികളെയാണ്‌ എഴുന്നേൽപ്പിച്ചിരിക്കുന്നത്‌?

2 എന്നാൽ, സ്രഷ്ടാവിന്‌ മനുഷ്യ സാക്ഷികളുമുണ്ട്‌. ക്രിസ്‌തീയപൂർവ കാലങ്ങളിൽ, ഹാബേൽ മുതൽ ‘സാക്ഷികളുടെ വലിയോരു സമൂഹം’ സഹിഷ്‌ണുതയോടെ തങ്ങളുടെ ഓട്ടം തികച്ചു. അവർ അതു മിക്കപ്പോഴും ചെയ്‌തത്‌ കഠിനമായ പ്രതികൂല സാഹചര്യങ്ങൾക്കു മധ്യേയാണ്‌. അവരുടെ വിശിഷ്ട മാതൃക ഇന്നു വിശ്വസ്‌ത ക്രിസ്‌ത്യാനികൾക്ക്‌ ഒരു പ്രോത്സാഹനമാണ്‌. ഒരു ധീര സാക്ഷിയുടെ ഏറ്റവും മികച്ച ദൃഷ്ടാന്തം ക്രിസ്‌തുയേശുവിന്റേത്‌ ആണ്‌. (എബ്രായർ 11:1-12:2) ഉദാഹരണത്തിന്‌, പൊന്തിയൊസ്‌ പീലാത്തൊസിന്റെ മുമ്പാകെയുള്ള അവന്റെ അവസാനത്തെ സാക്ഷ്യം ഓർമിക്കുക. യേശു ഇങ്ങനെ പ്രഖ്യാപിച്ചു: “സത്യത്തിന്നു സാക്ഷിനില്‌ക്കേണ്ടതിന്നു ഞാൻ ജനിച്ചു അതിന്നായി ലോകത്തിൽ വന്നുമിരിക്കുന്നു.” (യോഹന്നാൻ 18:37) പൊ.യു. 33 മുതൽ ഇന്നോളം തീക്ഷ്‌ണതയുള്ള ക്രിസ്‌ത്യാനികൾ യേശുവിന്റെ മാതൃക പിൻപറ്റുകയും ‘ദൈവത്തിന്റെ വൻകാര്യങ്ങൾ’ സധൈര്യം പ്രഖ്യാപിച്ചുകൊണ്ട്‌ സാക്ഷ്യം നൽകുന്നതിൽ തുടരുകയും ചെയ്‌തിരിക്കുന്നു.—പ്രവൃത്തികൾ 2:11.

ബാബിലോണിൽ വ്യാജമത ഉത്ഭവം

3. യഹോവയെയും അവന്റെ ഹിതത്തെയും കുറിച്ചു നൽകപ്പെട്ടിരിക്കുന്ന സാക്ഷ്യത്തെ സാത്താൻ എപ്രകാരം എതിർത്തിരിക്കുന്നു?

3 വലിയ എതിരാളിയായ പിശാചായ സാത്താൻ കഴിഞ്ഞ സഹസ്രാബ്ദങ്ങളിലെല്ലാം ദൈവദാസന്മാരുടെ സാക്ഷ്യത്തെ അപകീർത്തിപ്പെടുത്താൻ ദുഷ്ടമായ ശ്രമം നടത്തിയിട്ടുണ്ട്‌. ‘ഭോഷ്‌ക്കിന്റെ അപ്പൻ’ എന്ന നിലയിൽ ‘മഹാസർപ്പമായ ഈ പഴയ പാമ്പ്‌’ “ഭൂതലത്തെ മുഴുവൻ തെററിച്ചുകള”യുന്നതിൽ വ്യാപൃതനായിരുന്നിട്ടുണ്ട്‌. “ദൈവകല്‌പന പ്രമാണിക്കുന്ന”വർക്ക്‌ എതിരായ യുദ്ധം അവൻ അക്ഷീണം തുടർന്നിരിക്കുന്നു, വിശേഷിച്ചും ഈ അന്ത്യനാളുകളിൽ.—യോഹന്നാൻ 8:44; വെളിപ്പാടു 12:9, 17.

4. മഹാബാബിലോൺ ഉദയം ചെയ്‌തത്‌ എങ്ങനെ?

4 ഏതാണ്ട്‌ 4,000 വർഷം മുമ്പ്‌, നോഹയുടെ നാളിലെ ജലപ്രളയത്തിനു ശേഷം, ‘യഹോവയുടെ മുമ്പാകെ ഒരു നായാട്ടു വീര’നായ നിമ്രോദിനെ സാത്താൻ ഉയർത്തിക്കൊണ്ടു വന്നു. (ഉല്‌പത്തി 10:9, 10) നിമ്രോദിന്റെ മഹാനഗരമായ ബാബിലോൺ (ബാബേൽ) ഭൂതമതത്തിന്റെ ഒരു കേന്ദ്രമായിത്തീർന്നു. പിന്നീട്‌, യഹോവ ബാബേൽ ഗോപുരം പണിയുന്നവരുടെ ഭാഷ കലക്കിയപ്പോൾ ജനങ്ങൾ ഭൂമിയിൽ എങ്ങും ചിതറിക്കപ്പെട്ടു. അവർ തങ്ങളുടെ വ്യാജ മതവും കൂടെക്കൊണ്ടുപോയി. അങ്ങനെ ബാബിലോൺ, വെളിപ്പാടു പുസ്‌തകത്തിൽ മഹാബാബിലോൺ എന്നു വിളിക്കപ്പെട്ടിരിക്കുന്ന വ്യാജമത ലോകസാമ്രാജ്യത്തിന്റെ പ്രഭവസ്ഥാനമായിത്തീർന്നു. ഈ പുരാതന മതവ്യവസ്‌ഥയുടെ നാശത്തെ കുറിച്ച്‌ ആ പുസ്‌തകം മുൻകൂട്ടിപ്പറയുന്നു.—വെളിപ്പാടു 17:5, NW; 18:21.

സാക്ഷികളുടെ ഒരു ജനത

5. ഏതു ജനതയെ യഹോവ തന്റെ സാക്ഷിയായി സംഘടിപ്പിച്ചു, എന്നാൽ അവർ പ്രവാസികളാകാൻ അവൻ അനുവദിച്ചത്‌ എന്തുകൊണ്ട്‌?

5 നിമ്രോദിന്റെ കാലത്തിന്‌ ഏതാണ്ട്‌ 500 വർഷത്തിനു ശേഷം യഹോവ, ഭൂമിയിൽ തന്റെ സാക്ഷിയായി സേവിക്കേണ്ടതിന്‌ വിശ്വസ്‌തനായ അബ്രാഹാമിന്റെ പിൻതലമുറക്കാരെ ഇസ്രായേൽ ജനതയായി സംഘടിപ്പിച്ചു. (യെശയ്യാവു 43:10, 12) ആ ജനതയിലെ അനേകർ യഹോവയെ വിശ്വസ്‌തമായി സേവിച്ചു. എന്നാൽ നൂറ്റാണ്ടുകളിൽ ഉടനീളം അയൽ ജനതകളുടെ വ്യാജ വിശ്വാസങ്ങൾ ഇസ്രായേലിനെ ദുഷിപ്പിച്ചു. യഹോവയുടെ ഉടമ്പടി ജനത അവനെ വിട്ട്‌ വ്യാജ ദേവന്മാരുടെ ആരാധനയിലേക്കു തിരിഞ്ഞു. അതുകൊണ്ട്‌, നെബൂഖദ്‌നേസറിന്റെ നേതൃത്വത്തിലുള്ള ബാബിലോണിയൻ സൈന്യം പൊ.യു.മു. 607-ൽ യെരൂശലേമിനെയും അതിലെ ആലയത്തെയും നശിപ്പിക്കുകയും മിക്ക യഹൂദന്മാരെയും ബാബിലോണിലേക്കു പ്രവാസികളായി കൊണ്ടുപോകുകയും ചെയ്‌തു.

6. യഹോവ നിയമിച്ച പ്രാവചനിക കാവൽക്കാരൻ എന്തു സുവാർത്തയാണ്‌ പ്രഖ്യാപിച്ചത്‌, അത്‌ എന്നു നിവൃത്തിയായി?

6 വ്യാജമതത്തിന്‌ അത്‌ എത്ര വലിയ ഒരു വിജയമായിരുന്നു! പക്ഷേ ബാബിലോന്റെ ആധിപത്യം താത്‌കാലികമായിരുന്നു. ആ സംഭവത്തിന്‌ ഏതാണ്ട്‌ 200 വർഷം മുമ്പ്‌ യഹോവ ഇപ്രകാരം കൽപ്പിച്ചിരുന്നു: “നീ ചെന്നു ഒരു കാവല്‌ക്കാരനെ നിർത്തിക്കൊൾക; അവൻ കാണുന്നതു അറിയിക്കട്ടെ.” എന്തു വാർത്തയാണ്‌ ആ കാവൽക്കാരന്‌ അറിയിക്കാൻ ഉണ്ടായിരുന്നത്‌? “വീണു, ബാബേൽ വീണു! അതിലെ ദേവന്മാരുടെ വിഗ്രഹങ്ങളൊക്കെയും നിലത്തു വീണു തകർന്നു കിടക്കുന്നു”! (യെശയ്യാവു 21:6, 9) പൊ.യു.മു. 539-ൽ ഈ പ്രാവചനിക പ്രഖ്യാപനം സത്യമായിത്തീരുകതന്നെ ചെയ്‌തു. പ്രബലയായ ബാബിലോൺ വീണു. താമസിയാതെ ദൈവത്തിന്റെ ഉടമ്പടി ജനതയ്‌ക്കു സ്വദേശത്തേക്കു മടങ്ങാനും കഴിഞ്ഞു.

7. (എ) യഹോവയുടെ ശിക്ഷണത്തിൽനിന്ന്‌ യഹൂദന്മാർ എന്തു പഠിച്ചു? (ബി) പ്രവാസത്തിൽനിന്നു മടങ്ങിയെത്തിയ യഹൂദന്മാർ ഏതു കെണികളിൽ അകപ്പെട്ടു, ഫലം എന്തായിരുന്നു?

7 മടങ്ങിയെത്തിയ യഹൂദന്മാർ വിഗ്രഹാരാധനയും ഭൂതമതവും ഉപേക്ഷിക്കേണ്ടതിന്റെ ആവശ്യം അനുഭവത്തിലൂടെ പഠിച്ചിരുന്നു. എന്നാൽ, വർഷങ്ങൾ കടന്നുപോയതോടെ അവർ മറ്റു കെണികളിൽ അകപ്പെട്ടു. ചിലർ ഗ്രീക്കു തത്ത്വചിന്തയിൽ കുരുങ്ങി. മറ്റു ചിലർ ദൈവവചനത്തെക്കാൾ മാനുഷ പാരമ്പര്യത്തിന്‌ ഊന്നൽ നൽകി. ഇനിയും, വേറെ ചിലർ ദേശീയത്വത്തിനു വഴിപ്പെട്ടു. (മർക്കൊസ്‌ 7:13; പ്രവൃത്തികൾ 5:37) യേശു ഭൂമിയിൽ ജനിച്ച സമയം ആയപ്പോഴേക്കും, ആ ജനത വീണ്ടും നിർമലാരാധനയിൽ നിന്നു വ്യതിചലിച്ചു പോയിരുന്നു. യേശു പ്രഖ്യാപിച്ച സുവാർത്തയോട്‌ ചില യഹൂദന്മാർ അനുകൂലമായി പ്രതികരിച്ചെങ്കിലും, ഒരു ജനത എന്ന നിലയിൽ അവർ അവനെ തള്ളിക്കളഞ്ഞു. തത്‌ഫലമായി, ദൈവം അവരെ പുറന്തള്ളി. (യോഹന്നാൻ 1:9-12; പ്രവൃത്തികൾ 2:36) ഇസ്രായേൽ മേലാൽ ദൈവത്തിന്റെ സാക്ഷി അല്ലാതായിത്തീർന്നു. പൊ.യു. 70-ൽ വീണ്ടും യെരൂശലേമും അതിലെ ആലയവും നശിപ്പിക്കപ്പെട്ടു. ഇത്തവണ അതു ചെയ്‌തത്‌ റോമൻ സൈന്യമായിരുന്നു.—മത്തായി 21:43.

8. ആർ യഹോവയുടെ സാക്ഷിയായിത്തീർന്നു? പൗലൊസ്‌ ആ സാക്ഷിക്കു നൽകിയ മുന്നറിയിപ്പ്‌ കാലാനുസൃതം ആയിരുന്നത്‌ എന്തുകൊണ്ട്‌?

8 അതിനിടെ, ‘ദൈവത്തിന്റെ’ ക്രിസ്‌തീയ ‘യിസ്രായേൽ’ ജനിക്കുകയും അത്‌ ജനതകളുടെ മുമ്പാകെ ദൈവത്തിന്റെ സാക്ഷിയായി സേവിച്ചു തുടങ്ങുകയും ചെയ്‌തിരുന്നു. (ഗലാത്യർ 6:16) പെട്ടെന്നുതന്നെ ആ പുതിയ ആത്മീയ ജനതയെ ദുഷിപ്പിക്കാൻ സാത്താൻ പദ്ധതിയൊരുക്കി. ഒന്നാം നൂറ്റാണ്ടിന്റെ അവസാനത്തോടെ, സഭകളിൽ വിഭാഗീയ സ്വാധീനങ്ങൾ ദൃശ്യമായിത്തുടങ്ങി. (വെളിപ്പാടു 2:6, 14, 20) പൗലൊസിന്റെ പിൻവരുന്ന മുന്നറിയിപ്പ്‌ കാലാനുസൃതമായിരുന്നു: “തത്വജ്ഞാനവും വെറും വഞ്ചനയുംകൊണ്ടു ആരും നിങ്ങളെ കവർന്നുകളയാതിരിപ്പാൻ സൂക്ഷിപ്പിൻ; അതു മനുഷ്യരുടെ സമ്പ്രദായത്തിന്നു ഒത്തവണ്ണം, ലോകത്തിന്റെ ആദ്യപാഠങ്ങൾക്കു ഒത്തവണ്ണം അല്ലാതെ ക്രിസ്‌തുവിന്നു ഒത്തവണ്ണമുള്ളതല്ല.”—കൊലൊസ്സ്യർ 2:8.

9. പൗലൊസിന്റെ മുന്നറിയിപ്പു പോലെതന്നെ, ഏതു സംഭവവികാസങ്ങൾ ക്രൈസ്‌തവലോകം അസ്‌തിത്വത്തിൽ വരാൻ കാരണമായി?

9 കാലാന്തരത്തിൽ ഗ്രീക്കു തത്ത്വചിന്തയും ബാബിലോണിയൻ മതവിശ്വാസങ്ങളും, പിൽക്കാലത്ത്‌ പരിണാമ സിദ്ധാന്തവും അതികൃത്തിപ്പും പോലുള്ള മാനുഷ “ജ്ഞാന”വും ക്രിസ്‌ത്യാനികൾ എന്ന്‌ അവകാശപ്പെട്ട അനേകരുടെയും മതങ്ങളെ ദുഷിപ്പിച്ചു. അതു പൗലൊസ്‌ മുൻകൂട്ടി പറഞ്ഞതുപോലെ ആയിരുന്നു: “ഞാൻ പോയ ശേഷം ആട്ടിൻകൂട്ടത്തെ ആദരിക്കാത്ത കൊടിയ ചെന്നായ്‌ക്കൾ നിങ്ങളുടെ ഇടയിൽ കടക്കും എന്നു ഞാൻ അറിയുന്നു. ശിഷ്യന്മാരെ തങ്ങളുടെ പിന്നാലെ വലിച്ചുകളവാനായി വിപരീതോപദേശം പ്രസ്‌താവിക്കുന്ന പുരുഷന്മാർ നിങ്ങളുടെ ഇടയിൽനിന്നും എഴുന്നേല്‌ക്കും.” (പ്രവൃത്തികൾ 20:29, 30) ഈ വിശ്വാസത്യാഗത്തിന്റെ ഫലമായി ക്രൈസ്‌തവലോകം അസ്‌തിത്വത്തിൽ വന്നു.

10. ക്രൈസ്‌തവലോകത്തിലെ ദുഷിച്ച ആരാധനയ്‌ക്കു സകല ആളുകളും വഴിപ്പെട്ടില്ല എന്ന്‌ ഏതു സംഭവവികാസങ്ങൾ വ്യക്തമാക്കി?

10 സത്യാരാധനയ്‌ക്കു വേണ്ടി യഥാർഥമായും സമർപ്പിതരായവർ “വിശുദ്ധന്മാർക്കു ഒരിക്കലായിട്ടു ഭരമേല്‌പിച്ചിരിക്കുന്ന വിശ്വാസത്തിന്നു വേണ്ടി പോരാടേ”ണ്ടിവന്നു. (യൂദാ 3) സത്യാരാധനയ്‌ക്കും യഹോവയ്‌ക്കും ഉള്ള സാക്ഷ്യം ഭൂമിയിൽനിന്ന്‌ അപ്രത്യക്ഷമാകുമായിരുന്നോ? ഇല്ല. മത്സരിയായ സാത്താനെയും അവന്റെ സകല പ്രവൃത്തികളെയും നശിപ്പിക്കാനുള്ള കാലം സമീപിച്ചപ്പോൾ, ക്രൈസ്‌തവലോകത്തിലെ വിശ്വാസത്യാഗപരമായ ആരാധനയ്‌ക്കു സകല ആളുകളും വഴിപ്പെട്ടിട്ടില്ല എന്നു വ്യക്തമായി. 19-ാം നൂറ്റാണ്ടിന്റെ അവസാനം ആയപ്പോഴേക്കും, യു.എസ്‌.എ.-യിലെ പെൻസിൽവേനിയയിലുള്ള പിറ്റ്‌സ്‌ബെർഗിൽ ആത്മാർഥ ഹൃദയരായ ബൈബിൾ വിദ്യാർഥികളുടെ ഒരു കൂട്ടം രൂപീകൃതമായി. അത്‌ ദൈവത്തിന്റെ ആധുനികകാല സാക്ഷി-വർഗത്തിന്റെ അടിസ്ഥാനം ആയിത്തീർന്നു. ഇന്നത്തെ ലോക വ്യവസ്ഥിതിയുടെ അന്ത്യം സമീപിച്ചിരിക്കുന്നു എന്നതിനുള്ള തിരുവെഴുത്തുപരമായ തെളിവിലേക്ക്‌ ആ ക്രിസ്‌ത്യാനികൾ ആളുകളുടെ ശ്രദ്ധ ക്ഷണിച്ചു. ബൈബിൾ പ്രവചനത്തിനു ചേർച്ചയിൽ, ഈ ലോകത്തിന്റെ ‘അവസാനം’ 1914-ൽ ആരംഭിച്ചു, ഒന്നാം ലോകമഹായുദ്ധത്തിന്റെ പൊട്ടിപ്പുറപ്പെടൽ അതിന്റെ അടയാളമായി ഉതകി. (മത്തായി 24:3, 7) ആ വർഷാനന്തരം സാത്താനും അവന്റെ ഭൂതസേനകളും സ്വർഗത്തിൽനിന്നു വലിച്ചെറിയപ്പെട്ടു എന്നതിന്‌ ശക്തമായ തെളിവുണ്ട്‌. സാത്താന്റെ പ്രവർത്തനങ്ങളുടെയും സ്വർഗീയ രാജ്യ അധികാരത്തോടെയുള്ള യേശുവിന്റെ സാന്നിധ്യത്തെ കുറിക്കുന്ന അടയാളത്തിന്റെ ശ്രദ്ധേയമായ നിവൃത്തിയുടെയും വ്യക്തമായ തെളിവ്‌ നൽകുന്നതാണ്‌ പ്രശ്‌ന പൂരിതമായ ഇരുപതാം നൂറ്റാണ്ട്‌.—മത്തായി 24-ഉം 25-ഉം അധ്യായങ്ങൾ; മർക്കൊസ്‌ 13-ാം അധ്യായം; ലൂക്കൊസ്‌ 21-ാം അധ്യായം; വെളിപ്പാടു 12:10, 12.

11. സാത്താൻ എന്തിനു ശ്രമിച്ചു, എന്നാൽ അതു പരാജയപ്പെട്ടത്‌ എങ്ങനെ?

11 1918 ജൂണിൽ, ആ ബൈബിൾ വിദ്യാർഥികളെ ഉന്മൂലനം ചെയ്യാൻ സാത്താൻ ഒരു ഭ്രാന്തമായ ശ്രമം നടത്തി. അപ്പോഴേക്കും അവരുടെ പ്രസംഗ പ്രവർത്തനം അനേകം രാജ്യങ്ങളിലേക്കു വ്യാപിച്ചു കഴിഞ്ഞിരുന്നു. വാച്ച്‌ ടവർ ബൈബിൾ ആൻഡ്‌ ട്രാക്‌റ്റ്‌ സൊസൈറ്റി എന്ന അവരുടെ നിയമാനുസൃത കോർപ്പറേഷനെ നശിപ്പിക്കാനും അവൻ ശ്രമിച്ചു. ഒന്നാം നൂറ്റാണ്ടിൽ യേശുവിന്റെ കാര്യത്തിൽ സംഭവിച്ചതു പോലെതന്നെ, സൊസൈറ്റിയുടെ ഉത്തരവാദിത്വപ്പെട്ട ഓഫീസർമാരുടെ മേൽ വ്യാജമായ രാജ്യദ്രോഹ കുറ്റം ചുമത്തുകയും അവരെ തടവിലാക്കുകയും ചെയ്‌തു. (ലൂക്കൊസ്‌ 23:2) എന്നാൽ 1919-ൽ ആ ഓഫീസർമാർ ജയിൽ മോചിതരായി. അത്‌ തങ്ങളുടെ ശുശ്രൂഷ തുടരാൻ അവരെ പ്രാപ്‌തരാക്കി. പിന്നീട്‌ അവർ പൂർണമായും കുറ്റവിമുക്തരാക്കപ്പെട്ടു.

ജാഗരൂകനായ “കാവൽക്കാരൻ”

12. ഇന്ന്‌ യഹോവയുടെ കാവൽക്കാരൻ വർഗത്തിൽ പെടുന്നത്‌ ആരാണ്‌, അവർക്ക്‌ എന്തു മനോഭാവമാണ്‌ ഉണ്ടായിരുന്നിട്ടുള്ളത്‌?

12 അങ്ങനെ, “അന്ത്യകാലം” തുടങ്ങിയപ്പോൾ, തന്റെ ഉദ്ദേശ്യങ്ങളുടെ നിവൃത്തിയോടു ബന്ധപ്പെട്ട സംഭവങ്ങൾ സംബന്ധിച്ച്‌ ആളുകളെ ജാഗരൂകരാക്കാൻ ഒരു കാവൽക്കാരനെ യഹോവ വീണ്ടും ആക്കിവെച്ചു. (ദാനീയേൽ 12:4; 2 തിമൊഥെയൊസ്‌ 3:1) അഭിഷിക്ത ക്രിസ്‌ത്യാനികൾ അഥവാ ദൈവത്തിന്റെ ഇസ്രായേൽ ആയ ആ കാവൽക്കാരൻ വർഗം പ്രാവചനിക കാവൽക്കാരനെ കുറിച്ചുള്ള യെശയ്യാവിന്റെ വിവരണത്തിനു ചേർച്ചയിൽ ഇന്നുവരെ പ്രവർത്തിച്ചിരിക്കുന്നു: “അവൻ ബഹുശ്രദ്ധയോടെ ശ്രദ്ധിക്കട്ടെ എന്നു കല്‌പിച്ചു. അവൻ ഒരു സിംഹംപോലെ അലറി: കർത്താവേ, ഞാൻ പകൽ ഇടവിടാതെ കാവൽനില്‌ക്കുന്നു; രാത്രി മുഴുവനും ഞാൻ കാവൽ കാത്തുകൊണ്ടിരുന്നു.” (യെശയ്യാവു 21:7, 8) തന്റെ ഉത്തരവാദിത്വം ഗൗരവമായി എടുക്കുന്ന ഒരു കാവൽക്കാരനാണ്‌ ഇത്‌!

13. (എ) യഹോവയുടെ കാവൽക്കാരൻ ഏതു സന്ദേശം ഘോഷിച്ചിരിക്കുന്നു? (ബി) മഹാബാബിലോൺ വീണിരിക്കുന്നു എന്നു പറയാവുന്നത്‌ എന്തുകൊണ്ട്‌?

13 ഈ കാവൽക്കാരൻ എന്താണു കണ്ടത്‌? വീണ്ടും യഹോവയുടെ കാവൽക്കാരൻ, അവന്റെ സാക്ഷിവർഗം, ഇങ്ങനെ പ്രഖ്യാപിച്ചു: “വീണു, ബാബേൽ വീണു! അതിലെ ദേവന്മാരുടെ വിഗ്രഹങ്ങളൊക്കെയും നിലത്തു വീണു തകർന്നു കിടക്കുന്നു [“അവളുടെ ദേവന്മാരുടെ വിഗ്രഹങ്ങളെ എല്ലാം അവൻ (യഹോവ) തകർത്തു തരിപ്പണമാക്കിയിരിക്കുന്നു,” NW].” (യെശയ്യാവു 21:9) ഇത്തവണ ഉന്നതമായ അധികാര സ്ഥാനത്തുനിന്നു മറിച്ചിടപ്പെട്ടത്‌ വ്യാജമത ലോകസാമ്രാജ്യമായ മഹാബാബിലോൺ ആണ്‌. ഒന്നാം ലോകയുദ്ധത്തെ തുടർന്നാണ്‌ അതു സംഭവിച്ചത്‌. (യിരെമ്യാവു 50:1-3; വെളിപ്പാടു 14:8) മഹായുദ്ധം എന്ന്‌ അന്നു വിളിക്കപ്പെട്ട ആ പോരാട്ടം ക്രൈസ്‌തവലോകത്തിൽത്തന്നെ ആരംഭിച്ചതിൽ തെല്ലും അതിശയമില്ല. യുദ്ധ മുന്നണിയിലേക്കു മിടുക്കരായ യുവാക്കളെ പ്രോത്സാഹിപ്പിച്ച്‌ അയച്ചുകൊണ്ട്‌ ഇരുപക്ഷത്തുമുള്ള വൈദികവർഗം ആ പോരാട്ടത്തിന്റെ ആക്കം കൂട്ടി. എന്തൊരു അപമാനം! 1919-ൽ, തങ്ങളുടെ നിർജീവ അവസ്ഥയിൽനിന്നു രക്ഷപ്പെടുകയും ഒരു ലോകവ്യാപക സാക്ഷീകരണ വേല ആരംഭിക്കുകയും ചെയ്യുന്നതിൽ നിന്നു ബൈബിൾ വിദ്യാർഥികളെ—യഹോവയുടെ സാക്ഷികൾ അന്ന്‌ അങ്ങനെയാണ്‌ അറിയപ്പെട്ടിരുന്നത്‌—തടയാൻ മഹാബാബിലോണിനു കഴിഞ്ഞില്ല. ആ വേല ഇന്നോളം തുടർന്നുപോന്നിരിക്കുന്നു. (മത്തായി 24:14) അതു മഹാബാബിലോണിന്റെ വീഴ്‌ചയെ സൂചിപ്പിച്ചു, പൊ.യു.മു. ആറാം നൂറ്റാണ്ടിൽ ഇസ്രായേലിന്റെ വിടുതൽ പുരാതന ബാബിലോണിന്റെ വീഴ്‌ചയെ സൂചിപ്പിച്ചതിനു സമാനമാണ്‌ അത്‌.

14. യഹോവയുടെ കാവൽക്കാരൻ വർഗം ഏതു മാസികയാണ്‌ പ്രമുഖമായി ഉപയോഗിച്ചിട്ടുള്ളത്‌, യഹോവ അതിന്റെ ഉപയോഗത്തെ അനുഗ്രഹിച്ചിരിക്കുന്നത്‌ എങ്ങനെ?

14 കാവൽക്കാരൻ വർഗം എല്ലായ്‌പോഴും തങ്ങളുടെ ഉത്തരവാദിത്വം തീക്ഷ്‌ണതയോടെയും ശരിയായതു ചെയ്യാനുള്ള ഉത്‌കടമായ ആഗ്രഹത്തോടെയുമാണ്‌ നിർവഹിച്ചിട്ടുള്ളത്‌. 1879 ജൂലൈ മാസത്തിൽ ബൈബിൾ വിദ്യാർഥികൾ ഈ മാസിക പ്രസിദ്ധീകരിക്കാൻ തുടങ്ങി. അന്ന്‌ ഇതിന്റെ പേര്‌ സീയോന്റെ വീക്ഷാഗോപുരവും ക്രിസ്‌തുസാന്നിദ്ധ്യ ഘോഷകനും എന്നായിരുന്നു. 1879 മുതൽ 1938 ഡിസംബർ 15 വരെയുള്ള ഓരോ ലക്കത്തിന്റെയും കവർ പേജിൽ പിൻവരുന്ന വാക്കുകൾ ഉണ്ടായിരുന്നു: “‘കാവല്‌ക്കാരാ, രാത്രി എന്തായി?’—യെശയ്യാവു 21:11.” * 120 വർഷമായി വീക്ഷാഗോപുരം ലോക സംഭവങ്ങളും അവയുടെ പ്രാവചനിക അർഥവും സംബന്ധിച്ചു വിശ്വസ്‌തയോടെ ജാഗരൂകമായിരുന്നിട്ടുണ്ട്‌. (2 തിമൊഥെയൊസ്‌ 3:1-5, 13) ഈ മാസിക ഉപയോഗിച്ചാണ്‌ ദൈവത്തിന്റെ കാവൽക്കാരൻ വർഗവും അവരുടെ സഹകാരികളായ “വേറെ ആടുക”ളും ക്രിസ്‌തുവിന്റെ രാജ്യത്തിലൂടെ യഹോവയുടെ പരമാധികാരത്തിന്റെ ഔചിത്യം സംസ്ഥാപിക്കപ്പെടാനുള്ള സമയം ആസന്നമായിരിക്കുന്നു എന്നു മനുഷ്യവർഗത്തോട്‌ ഉത്സാഹപൂർവം പ്രഖ്യാപിച്ചിരിക്കുന്നത്‌. (യോഹന്നാൻ 10:16) വീക്ഷാഗോപുരം മാസികയുടെ മേൽ യഹോവയുടെ അനുഗ്രഹം ഉണ്ടായിരുന്നിട്ടുണ്ടോ? 1879-ലെ അതിന്റെ ആദ്യ ലക്കത്തിന്‌ 6,000 പ്രതികളാണ്‌ ഉണ്ടായിരുന്നത്‌. എന്നാൽ ഇപ്പോൾ 132 ഭാഷകളിലായി അതിന്റെ 2,20,00,000-ത്തിലധികം പ്രതികൾ ലോകവ്യാപകമായി വിതരണം ചെയ്യപ്പെടുന്നു. 121 ഭാഷകളിൽ അത്‌ ഏകകാലികമായും പ്രസിദ്ധീകരിക്കപ്പെടുന്നു. ഭൂമിയിൽ ഏറ്റവും വ്യാപകമായി വിതരണം ചെയ്യപ്പെടുന്ന മതമാസിക സത്യദൈവമായ യഹോവയുടെ നാമത്തെ മഹത്ത്വപ്പെടുത്തുന്നത്‌ എത്രയോ ഉചിതമാണ്‌!

ക്രമാനുഗത ശുദ്ധീകരണം

15. 1914-നു മുമ്പു പോലും ക്രമാനുഗതമായ എന്തു ശുദ്ധീകരണം ആരംഭിച്ചു?

15 ക്രിസ്‌തുവിന്റെ സ്വർഗീയ ഭരണം ആരംഭിച്ച 1914 വരെയുള്ള 40 വർഷക്കാലത്ത്‌ ബൈബിൾ വിദ്യാർഥികൾ ശിശുസ്‌നാപനം, ആത്മാവിന്റെ അമർത്യത, ശുദ്ധീകരണ സ്ഥലം, അഗ്നിനരക ദണ്ഡനം, ത്രിത്വ ദൈവം തുടങ്ങിയ ബൈബിളധിഷ്‌ഠിതമല്ലാത്ത പല ക്രൈസ്‌തവലോക ഉപദേശങ്ങളിൽനിന്നും സ്വതന്ത്രരായി. എന്നാൽ തെറ്റായ സകല ആശയങ്ങളിൽനിന്നും സ്വതന്ത്രരാകാൻ കൂടുതൽ സമയം വേണ്ടിവന്നു. ഉദാഹരണത്തിന്‌, 1920-കളിൽ നിരവധി ബൈബിൾ വിദ്യാർഥികൾ കുരിശും കിരീടവും ചിത്രീകരിക്കുന്ന ഒരു പതക്കം ധരിച്ചിരുന്നു. അവർ ക്രിസ്‌തുമസ്സും മറ്റു പുറജാതീയ വിശുദ്ധ ദിവസങ്ങളും ആഘോഷിക്കുകയും ചെയ്‌തിരുന്നു. എന്നാൽ, ആരാധന നിർമലമായിരിക്കണമെങ്കിൽ, വിഗ്രഹാരാധനയുടെ സകല കണികകളും നീക്കം ചെയ്യപ്പെടണം. ക്രിസ്‌തീയ വിശ്വാസത്തിന്റെയും ജീവിതരീതിയുടെയും ഏക അടിസ്ഥാനം ദൈവവചനമായ ബൈബിൾ ആയിരിക്കണം. (യെശയ്യാവു 8:19, 20; റോമർ 15:4) ദൈവവചനത്തോട്‌ എന്തെങ്കിലും കൂട്ടിച്ചേർക്കുന്നതും അതിൽനിന്ന്‌ എന്തെങ്കിലും നീക്കം ചെയ്യുന്നതും തെറ്റാണ്‌.—ആവർത്തനപുസ്‌തകം 4:2; വെളിപ്പാടു 22:18, 19.

16, 17. (എ) കാവൽക്കാരൻ വർഗം പതിറ്റാണ്ടുകളോളം ഏതു വ്യാജ ആശയം വെച്ചുപുലർത്തിയിരുന്നു? (ബി) “മിസ്രയീ”മിലെ (ഈജിപ്‌തിലെ) ‘യാഗപീഠ’വും ‘തൂണും’ സംബന്ധിച്ച ശരിയായ വിശദീകരണം എന്ത്‌?

16 ഈ തത്ത്വത്തിന്റെ പ്രാധാന്യത്തിന്‌ അടിവരയിടുന്നതാണു പിൻവരുന്ന ദൃഷ്ടാന്തം. യുഗങ്ങളുടെ ദൈവിക നിർണയം (ഇംഗ്ലീഷ്‌) എന്നു വിളിക്കപ്പെട്ട ഒരു പുസ്‌തകം 1886-ൽ സി. റ്റി. റസ്സൽ പ്രസിദ്ധീകരിച്ചു. മാനവ യുഗത്തെ ഈജിപ്‌തിലെ മഹാപിരമിഡുമായി ബന്ധപ്പെടുത്തുന്ന ഒരു ചാർട്ട്‌ അതിൽ ഉണ്ടായിരുന്നു. ഖുഫു ഫറവോന്റെ ഈ സ്‌മാരകമാണ്‌ യെശയ്യാവു 19:19, 20-ൽ പരാമർശിച്ചിരിക്കുന്ന തൂണെന്ന്‌ കരുതപ്പെട്ടിരുന്നു. ആ വാക്യം ഇങ്ങനെ പറയുന്നു: “അന്നാളിൽ മിസ്രയീംദേശത്തിന്റെ നടുവിൽ യഹോവെക്കു ഒരു യാഗപീഠവും അതിന്റെ അതൃത്തിയിൽ യഹോവെക്കു ഒരു തൂണും ഉണ്ടായിരിക്കും. അതു മിസ്രയീംദേശത്തു സൈന്യങ്ങളുടെ യഹോവെക്കു ഒരു അടയാളവും ഒരു സാക്ഷ്യവും ആയിരിക്കും.” പ്രസ്‌തുത പിരമിഡിനു ബൈബിളുമായി എന്തു ബന്ധമാണ്‌ ഉണ്ടായിരിക്കുമായിരുന്നത്‌? ദൃഷ്ടാന്തത്തിന്‌, ആ മഹാപിരമിഡിലെ ചില ഇടനാഴികളുടെ നീളം, മത്തായി 24:21 (NW)-ൽ പറഞ്ഞിരിക്കുന്ന, അന്നു മനസ്സിലാക്കിയിരുന്ന പ്രകാരമുള്ള, “മഹോപദ്രവം” ആരംഭിക്കുന്ന സമയത്തെ സൂചിപ്പിക്കുന്നതായി കരുതപ്പെട്ടിരുന്നു. തങ്ങൾ സ്വർഗത്തിലേക്കു പോകുന്ന ദിവസം പോലുള്ള കാര്യങ്ങൾ നിർണയിക്കാൻ ചില ബൈബിൾ വിദ്യാർഥികൾ പ്രസ്‌തുത പിരമിഡിന്റെ വ്യത്യസ്‌ത ഭാഗങ്ങളുടെ അളവുകൾ എടുക്കുന്നതിൽ മുഴുകുകയുണ്ടായി!

17 കരിങ്കൽ ബൈബിൾ എന്നു വിളിക്കപ്പെട്ട ഈ പിരമിഡിനെ അവർ പതിറ്റാണ്ടുകളോളം ആദരവോടെ വീക്ഷിച്ചിരുന്നു. വീക്ഷാഗോപുരം മാസികയുടെ 1928 നവംബർ 15-ഉം ഡിസംബർ 1-ഉം ലക്കങ്ങൾ പുറത്തുവന്നപ്പോഴാണ്‌ അതിനു മാറ്റം വന്നത്‌. ബൈബിളിൽ നൽകിയിരിക്കുന്ന സാക്ഷ്യത്തിന്‌ ഉറപ്പേകാനായി യഹോവയ്‌ക്ക്‌, പുറജാതീയ ഫറവോന്മാർ പണികഴിപ്പിച്ച ഭൂതജ്യോതിഷ ചിഹ്നങ്ങൾ അടങ്ങിയ ഒരു കരിങ്കൽ സ്‌മാരകത്തിന്റെ യാതൊരു ആവശ്യവുമില്ലെന്ന്‌ ആ ലക്കങ്ങൾ വ്യക്തമാക്കി. പകരം, യെശയ്യാവിന്റെ പ്രവചനത്തിന്‌ ഒരു ആത്മീയ പ്രയുക്തത ഉള്ളതായി കാണപ്പെട്ടു. വെളിപ്പാടു 11:8-ലെപ്പോലെ തന്നെ, “മിസ്രയീം” (ഈജിപ്‌ത്‌) സാത്താന്റെ ലോകത്തെ ആണ്‌ പ്രതീകപ്പെടുത്തുന്നത്‌. ഈ ലോകത്തിൽ താത്‌കാലിക നിവാസികൾ ആയിരിക്കവെ അഭിഷിക്ത ക്രിസ്‌ത്യാനികൾ നടത്തുന്ന സ്വീകാര്യമായ യാഗങ്ങളെയാണ്‌ ‘യഹോവെക്കുള്ള യാഗപീഠം’ നമ്മെ ഓർമിപ്പിക്കുന്നത്‌. (റോമർ 12:1; എബ്രായർ 13:15, 16) ഈജിപ്‌തിന്റെ ‘അതിർത്തിയിലുള്ള തൂണ്‌’ അഭിഷിക്ത ക്രിസ്‌ത്യാനികളുടെ സഭയെ സൂചിപ്പിക്കുന്നു. ‘ഈജിപ്‌തി’ൽ—അവർ പെട്ടെന്നുതന്നെ ഉപേക്ഷിച്ചു പോകുന്ന ഈ ലോകം—ഒരു സാക്ഷ്യമായി നിലകൊള്ളുന്ന ആ സഭ “സത്യത്തിന്റെ തൂണും താങ്ങു”മാണ്‌.—1 തിമൊഥെയൊസ്‌ 3:15, NW.

18. (എ) ആത്മാർഥ ഹൃദയരായ ബൈബിൾ വിദ്യാർഥികൾക്കായി യഹോവ കാര്യങ്ങൾ വ്യക്തമാക്കുന്നതിൽ തുടർന്നിരിക്കുന്നത്‌ എങ്ങനെ? (ബി) ഒരു തിരുവെഴുത്തു വിശദീകരണം മനസ്സിലാക്കാൻ ഒരു ക്രിസ്‌ത്യാനിക്കു ബുദ്ധിമുട്ട്‌ അനുഭവപ്പെടുന്നെങ്കിൽ, അയാൾക്ക്‌ ഉണ്ടായിരിക്കേണ്ട ജ്ഞാനപൂർവകമായ മനോഭാവം എന്ത്‌?

18 വർഷങ്ങൾ കടന്നുപോകുന്നതോടെ, യഹോവ സത്യത്തെ കുറിച്ചുള്ള കൂടുതൽ വ്യക്തമായ വിശദീകരണങ്ങൾ നമുക്കു തന്നുകൊണ്ടിരിക്കുന്നു. അവന്റെ പ്രാവചനിക വചനത്തെ കുറിച്ചുള്ള വ്യക്തതയേറിയ ഗ്രാഹ്യവും അതിൽ പെടുന്നു. (സദൃശവാക്യങ്ങൾ 4:18) അന്ത്യം വരുന്നതിനു മുമ്പ്‌ നീങ്ങിപ്പോകുകയില്ലാത്ത തലമുറ, ചെമ്മരിയാടുകളെയും കോലാടുകളെയും കുറിച്ചുള്ള ഉപമ, മ്ലേച്ഛവസ്‌തു, അത്‌ വിശുദ്ധ സ്ഥലത്തു നിൽക്കുന്ന സമയം, പുതിയ ഉടമ്പടി, യേശുവിന്റെ രൂപാന്തരീകരണം, യെഹെസ്‌കേൽ പുസ്‌തകത്തിലെ ആലയ ദർശനം എന്നീ കാര്യങ്ങളും മറ്റു ചില കാര്യങ്ങളും സംബന്ധിച്ച ആഴമായ ഗ്രാഹ്യം നേടാൻ സമീപ വർഷങ്ങളിൽ നാം പ്രോത്സാഹിപ്പിക്കപ്പെട്ടു. അത്തരം കാലാനുസൃതമായ വിശദീകരണങ്ങൾ മനസ്സിലാക്കാൻ ചിലപ്പോഴൊക്കെ ബുദ്ധിമുട്ടായിരിക്കാം. എന്നാൽ അവയുടെ കാരണങ്ങൾ തക്ക സമയത്തു വ്യക്തമായിത്തീരുന്നു. ഒരു പുതിയ തിരുവെഴുത്തു വിശദീകരണം ഒരു ക്രിസ്‌ത്യാനിക്കു പൂർണമായി മനസ്സിലാകുന്നില്ലെങ്കിൽ, അദ്ദേഹത്തിന്‌ താഴ്‌മയോടെ മീഖാ പ്രവാചകന്റെ മനോഭാവം പുലർത്താവുന്നതാണ്‌. അവൻ ഇങ്ങനെ പറഞ്ഞു: “എന്റെ രക്ഷയുടെ ദൈവത്തിന്നായി [ഞാൻ] കാത്തിരിക്കും.”—മീഖാ 7:7.

19. അഭിഷിക്ത ശേഷിപ്പും അവരുടെ സഹകാരികളായ വേറെ ആടുകളും ഈ അന്ത്യകാലത്ത്‌ സിംഹസമാന ധൈര്യം കാട്ടിയിരിക്കുന്നത്‌ എങ്ങനെ?

19 കാവൽക്കാരൻ “ഒരു സിംഹംപോലെ അലറി”ക്കൊണ്ട്‌ “കർത്താവേ ഞാൻ പകൽ ഇടവിടാതെ കാവൽനില്‌ക്കുന്നു; രാത്രി മുഴുവനും ഞാൻ കാവൽ കാത്തുകൊണ്ടിരുന്നു” എന്നു പറഞ്ഞെന്ന്‌ ഓർമിക്കുക. (യെശയ്യാവു 21:8) വ്യാജമതത്തെ തുറന്നു കാട്ടുന്നതിലും സ്വാതന്ത്ര്യത്തിലേക്കുള്ള വഴി ആളുകൾക്കു കാണിച്ചു കൊടുക്കുന്നതിലും അഭിഷിക്ത ശേഷിപ്പ്‌ സിംഹസമാന ധൈര്യം പ്രകടമാക്കിയിരിക്കുന്നു. (വെളിപ്പാടു 18:2-5) “വിശ്വസ്‌തനും വിവേകിയുമായ അടിമ” എന്ന നിലയിൽ അവർ അനേകം ഭാഷകളിൽ ബൈബിളുകളും മാസികകളും മറ്റു പ്രസിദ്ധീകരണങ്ങളും—അതേ, ‘തക്കസമയത്തുള്ള ആഹാരം’—പ്രദാനം ചെയ്‌തിരിക്കുന്നു. (മത്തായി 24:45, NW) “സകല ജാതികളിലും ഗോത്രങ്ങളിലും വംശങ്ങളിലും ഭാഷകളിലുംനിന്നു ഉള്ള . . . ഒരു മഹാപുരുഷാര”ത്തെ കൂട്ടിച്ചേർക്കുന്നതിൽ അവർ നേതൃത്വം എടുത്തിരിക്കുന്നു. മഹാപുരുഷാരവും യേശുവിന്റെ മോചനമൂല്യമുള്ള രക്തത്താൽ ശുദ്ധീകരിക്കപ്പെട്ടിരിക്കുന്നു. ദൈവത്തിനു ‘രാപ്പകൽ വിശുദ്ധ സേവനം’ [NW] അർപ്പിക്കുന്ന കാര്യത്തിൽ അവരും സിംഹസമാന ധൈര്യമുള്ളവരാണ്‌. (വെളിപ്പാടു 7:9, 14, 15) യഹോവയുടെ അഭിഷിക്ത സാക്ഷികളുടെ ശേഷിക്കുന്ന ചെറിയ ഗണവും അവരുടെ സഹകാരികളായ മഹാപുരുഷാരവും കൂടി കഴിഞ്ഞ വർഷം എന്തു ഫലമാണു പുറപ്പെടുവിച്ചത്‌? അടുത്ത ലേഖനം അതു നമ്മോടു പറയും.

[അടിക്കുറിപ്പുകൾ]

^ ഖ. 14 1939 ജനുവരി 1 മുതൽ അത്‌ പിൻവരുന്ന പ്രകാരമാക്കി: “‘ഞാൻ യഹോവയെന്നു അവർ അറിയും.’—യെഹെസ്‌കേൽ 35:15.”

നിങ്ങൾ ഓർമിക്കുന്നുവോ?

വർഷങ്ങളിൽ ഉടനീളം യഹോവ ഏതൊക്കെ സാക്ഷികളെ എഴുന്നേൽപ്പിച്ചിരിക്കുന്നു?

മഹാബാബിലോൺ ഉത്ഭവിച്ചത്‌ എങ്ങനെ?

തന്റെ സാക്ഷികളായ ജനതയുടെ തലസ്ഥാന നഗരമായിരുന്ന യെരൂശലേം പൊ.യു.മു. 607-ലും പൊ.യു. 70-ലും നശിപ്പിക്കപ്പെടാൻ യഹോവ അനുവദിച്ചത്‌ എന്തുകൊണ്ട്‌?

യഹോവയുടെ കാവൽക്കാരൻ വർഗവും അവരുടെ സഹകാരികളും എന്തു മനോഭാവം പ്രകടമാക്കിയിരിക്കുന്നു?

[അധ്യയന ചോദ്യങ്ങൾ]

[7-ാം പേജിലെ ചിത്രം]

‘കർത്താവേ, ഞാൻ ഇടവിടാതെ കാവൽനിൽക്കുന്നു’

[10-ാം പേജിലെ ചിത്രങ്ങൾ]

യഹോവയുടെ നിയമിത കാവൽക്കാരൻ വർഗം തങ്ങളുടെ ഉത്തരവാദിത്വം ഗൗരവമായെടുക്കുന്നു