വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

വിശ്വാസത്തിനു നിങ്ങളുടെ ജീവിതത്തിൽ സമൂലമാറ്റം വരുത്താനാകും

വിശ്വാസത്തിനു നിങ്ങളുടെ ജീവിതത്തിൽ സമൂലമാറ്റം വരുത്താനാകും

വിശ്വാസത്തിനു നിങ്ങളുടെ ജീവിതത്തിൽ സമൂലമാറ്റം വരുത്താനാകും

“ദൈവത്തെ കൂടാതെതന്നെ നല്ല മൂല്യങ്ങൾ നിലനിർത്താൻ തീർച്ചയായും സാധിക്കും.” ഒരു അജ്ഞേയവാദി നടത്തിയ പ്രസ്‌താവനയാണ്‌ അത്‌. താൻ മക്കളെ വളർത്തിയത്‌ ഉന്നതമായ ധാർമിക മൂല്യങ്ങൾ പകർന്നുകൊടുത്താണെന്നും അതുപോലെതന്നെയാണ്‌ അവരും അവരുടെ മക്കളെ വളർത്തിയതെന്നും ആ സ്‌ത്രീ പറഞ്ഞു—അവരാരും ദൈവത്തിൽ വിശ്വസിച്ചിരുന്നില്ലത്രേ.

ദൈവത്തിലുള്ള വിശ്വാസം അനാവശ്യമാണെന്ന്‌ ഇത്‌ അർഥമാക്കുന്നുണ്ടോ? വ്യക്തമായും, ആ സ്‌ത്രീ അങ്ങനെയാണു കരുതിയത്‌. ദൈവവിശ്വാസം ഇല്ലാത്ത എല്ലാവരും അവശ്യം മോശമായ സ്വഭാവമുള്ളവർ ആയിരിക്കണമെന്നില്ല എന്നതു ശരിതന്നെ. ദൈവത്തെ അറിയാത്തവരെങ്കിലും, ‘ന്യായപ്രമാണത്തിലുള്ളതു സ്വഭാവത്താൽ ചെയ്യുന്ന’ ‘ജാതികളെ’ കുറിച്ച്‌ പൗലൊസ്‌ അപ്പൊസ്‌തലൻ പറയുകയുണ്ടായി. (റോമർ 2:14) അജ്ഞേയവാദികൾ ഉൾപ്പെടെ സകലർക്കും ജന്മനാ ഒരു മനസ്സാക്ഷി ഉണ്ട്‌. തങ്ങളുടെ മനസ്സാക്ഷി അനുസരിച്ചു പ്രവർത്തിക്കാൻ പലരും ശ്രമിക്കുന്നു, തെറ്റും ശരിയും സംബന്ധിച്ച ആ സഹജബോധം നൽകിയ ദൈവത്തിൽ അവർക്കു വിശ്വാസമില്ലെങ്കിലും.

എന്നിരുന്നാലും, മനസ്സാക്ഷിയുടെ സ്വാഭാവിക മാർഗനിർദേശങ്ങളെ അപേക്ഷിച്ച്‌ നന്മ ചെയ്യാനുള്ള കുറേക്കൂടെ ശക്തമായ ഒരു പ്രേരകഘടകമായി വർത്തിക്കുന്നതാണ്‌ ബൈബിളിൽ അധിഷ്‌ഠിതമായ ഈടുറ്റ ദൈവവിശ്വാസം. ദൈവവചനമായ ബൈബിളിൽ വേരൂന്നിയ വിശ്വാസം മനസ്സാക്ഷിക്ക്‌ അറിവു പകരുകയും തെറ്റും ശരിയും വിവേചിച്ചറിയാനുള്ള അതിന്റെ പ്രാപ്‌തിയെ കൂടുതൽ സൂക്ഷ്‌മമാക്കുകയും ചെയ്യുന്നു. (എബ്രായർ 5:14) മാത്രമല്ല, കടുത്ത സമ്മർദങ്ങൾക്കു മുന്നിലും ഉയർന്ന നിലവാരങ്ങൾ കാത്തുസൂക്ഷിക്കാൻ വിശ്വാസം ആളുകളെ ശക്തരാക്കുന്നു. ഉദാഹരണത്തിന്‌, ഇരുപതാം നൂറ്റാണ്ടിൽ പല രാഷ്‌ട്രങ്ങളിലും അധികാരത്തിൽ വന്ന ദുഷിച്ച ഗവൺമെന്റുകൾ പൊതുവെ മാന്യരായിരുന്ന ആളുകളെ പോലും ഹീനകൃത്യങ്ങൾ ചെയ്യാൻ നിർബന്ധിതരാക്കി. എങ്കിലും, യഥാർഥ ദൈവവിശ്വാസം ഉണ്ടായിരുന്നവർ ജീവൻ അപകടത്തിൽ ആയിരുന്നിട്ടും തങ്ങളുടെ തത്ത്വങ്ങളിൽ വിട്ടുവീഴ്‌ച ചെയ്യാൻ കൂട്ടാക്കിയില്ല. അതു മാത്രമല്ല, ബൈബിളധിഷ്‌ഠിത വിശ്വാസത്തിന്‌ ആളുകളുടെ ജീവിതത്തിൽ പരിവർത്തനങ്ങൾ വരുത്താനും സാധിക്കും. വഴിതെറ്റിയവരെ നേർവഴിയിലാക്കാനും ഗുരുതരമായ തെറ്റുകൾ ഒഴിവാക്കാൻ ആളുകളെ സഹായിക്കാനും അതിനു കഴിയും. ചില ഉദാഹരണങ്ങൾ പരിചിന്തിക്കുക.

വിശ്വാസത്തിനു കുടുംബജീവിതത്തിൽ മാറ്റം വരുത്താനാകും

“നിങ്ങളുടെ വിശ്വാസം മുഖാന്തരം നിങ്ങൾ അസാധ്യമായതു സാധിച്ചിരിക്കുന്നു.” ജോണിന്റെയും ടാനിയയുടെയും കുട്ടികളുടെ സംരക്ഷണാവകാശം സംബന്ധിച്ച വിധിന്യായം വായിച്ചപ്പോൾ ഇംഗ്ലണ്ടുകാരനായ ജഡ്‌ജി പറഞ്ഞതാണ്‌ അത്‌. ജോണും ടാനിയയും ആദ്യമായി അധികാരികളുടെ ശ്രദ്ധയിൽപ്പെട്ട സമയത്ത്‌ അവർ വിവാഹിതർ അല്ലായിരുന്നു എന്നു മാത്രമല്ല, അവരുടെ ഒരുമിച്ചുള്ള ജീവിതം പ്രശ്‌നസങ്കീർണവും ആയിരുന്നു. മയക്കുമരുന്നു ദുരുപയോഗവും ചൂതാട്ടവും ജോണിന്റെ ഒരു ശീലമായിക്കഴിഞ്ഞിരുന്നു. ആ ദുശ്ശീലങ്ങൾ തുടരുന്നതിനുള്ള പണത്തിനായി അദ്ദേഹം കുറ്റകൃത്യത്തിൽ ഏർപ്പെട്ടു. തന്റെ കുട്ടികളെയും അവരുടെ അമ്മയെയും അദ്ദേഹം അവഗണിക്കുകയും ചെയ്‌തു. എന്നാൽ, എന്ത്‌ “അത്ഭുത”മാണ്‌ അവരുടെ ജീവിതത്തിൽ ഉണ്ടായത്‌?

ഒരു ദിവസം, തന്റെ സഹോദരപുത്രൻ പറുദീസയെ കുറിച്ചു സംസാരിക്കുന്നതു ജോൺ കേട്ടു. അതിൽ ജിജ്ഞാസ തോന്നിയ അദ്ദേഹം അവന്റെ മാതാപിതാക്കളോടു പല ചോദ്യങ്ങളും ചോദിച്ചു. യഹോവയുടെ സാക്ഷികളായ അവർ ബൈബിളിൽനിന്ന്‌ അതേക്കുറിച്ചു പഠിക്കാൻ ജോണിനെ സഹായിച്ചു. ക്രമേണ ജോണും ടാനിയയും ബൈബിളിൽ അധിഷ്‌ഠിതമായ വിശ്വാസം വളർത്തിയെടുത്തു, അത്‌ അവരുടെ ജീവിതത്തിനു മാറ്റം വരുത്തി. അവർ നിയമപരമായി വിവാഹം കഴിക്കുകയും ദുശ്ശീലങ്ങൾ മറികടക്കുകയും ചെയ്‌തു. കുറെ കാലം മുമ്പുവരെ അസാധ്യമെന്നു തോന്നിച്ച ഒരു സ്ഥിതിവിശേഷമാണ്‌ അവരുടെ വീടു പരിശോധിച്ച അധികാരികൾ കണ്ടെത്തിയത്‌, കുട്ടികളെ വളർത്തുന്നതിന്‌ അനുയോജ്യമായ, വൃത്തിയുള്ള ഒരു ചുറ്റുപാടും സന്തുഷ്‌ട കുടുംബജീവിതവും. പ്രസ്‌തുത “അത്ഭുത”ത്തിനു കാരണം ജോണും ടാനിയയും പുതുതായി കണ്ടെത്തിയ വിശ്വാസമാണെന്ന ആ ജഡ്‌ജിയുടെ അഭിപ്രായം തികച്ചും ശരിയായിരുന്നു.

ഇംഗ്ലണ്ടിൽനിന്ന്‌ ആയിരക്കണക്കിനു കിലോമീറ്റർ അകലെയുള്ള ടർക്കിയിലെ ഒരു യുവ ഭാര്യയുടെ കാര്യം പരിചിന്തിക്കുക. ദാരുണമായ ഒരു സ്ഥിതിവിവരക്കണക്കിന്റെ ഭാഗമാകാൻ പോകുകയായിരുന്നു അവൾ. ഓരോ വർഷവും വിവാഹമോചനം നേടുന്ന ദശലക്ഷങ്ങളിൽ ഒരാളാകാൻ അവളും തീരുമാനിച്ചിരുന്നു. അവൾക്ക്‌ ഒരു കുട്ടി ഉണ്ടായിരുന്നെങ്കിലും, ഭർത്താവിന്‌ അവളെക്കാൾ വളരെ പ്രായമുണ്ടായിരുന്നു. അക്കാരണത്താൽ വിവാഹമോചനം നേടാൻ ബന്ധുക്കൾ അവളെ നിർബന്ധിച്ചുകൊണ്ടിരുന്നു. അവൾ അതിനുള്ള ഒരുക്കങ്ങൾ നടത്തുകയും ചെയ്‌തിരുന്നു. എന്നാൽ, അവൾ ഒരു യഹോവയുടെ സാക്ഷിയുമൊത്തു ബൈബിൾ പഠിക്കുന്നുണ്ടായിരുന്നു. ആ സ്‌ത്രീയുടെ സാഹചര്യത്തെ കുറിച്ച്‌ മനസ്സിലാക്കിയ സാക്ഷി, വിവാഹത്തെ കുറിച്ചു ബൈബിൾ പറയുന്ന കാര്യങ്ങൾ അവൾക്കു വിശദീകരിച്ചു കൊടുത്തു. ഉദാഹരണത്തിന്‌, വിവാഹബന്ധം ദൈവത്തിൽ നിന്നുള്ള ഒരു ദാനമാണെന്നും നിസ്സാരമായി വലിച്ചെറിയാനുള്ളത്‌ അല്ലെന്നും ആ സാക്ഷി വിശദീകരിച്ചു. (മത്തായി 19:4-6, 9) ‘എന്റെ കുടുംബജീവിതം അവസാനിപ്പിക്കണമെന്ന്‌ ബന്ധുക്കൾ ആഗ്രഹിക്കുമ്പോൾ അന്യയായ ഈ സ്‌ത്രീ അതിനെ രക്ഷിക്കാൻ നോക്കുന്നത്‌ അസാധാരണം തന്നെ,’ ആ സ്‌ത്രീ ചിന്തിച്ചു. തന്റെ പുതു വിശ്വാസം വിവാഹമോചനം ഒഴിവാക്കാൻ അവളെ സഹായിച്ചു.

ആളുകളുടെ കുടുംബജീവിതത്തെ പ്രതികൂലമായി ബാധിക്കുന്ന ഗർഭച്ഛിദ്രത്തോടു ബന്ധപ്പെട്ടതാണ്‌ ദാരുണമായ മറ്റൊരു സ്ഥിതിവിവരക്കണക്ക്‌. പ്രതിവർഷം 4.5 കോടി അജാത ശിശുക്കൾ മനപ്പൂർവമായ ഗർഭച്ഛിദ്രത്തിന്‌ ഇരകളാകുന്നതായി ഐക്യരാഷ്‌ട്ര സംഘടനയുടെ ഒരു റിപ്പോർട്ട്‌ പറയുന്നു. ഓരോ ഗർഭച്ഛിദ്രവും ഓരോ ദുരന്തമാണ്‌. അത്തരമൊരു ദുരന്തം ഒഴിവാക്കാൻ ബൈബിൾ പരിജ്ഞാനം ഫിലിപ്പീൻസിലെ ഒരു സ്‌ത്രീയെ സഹായിക്കുകയുണ്ടായി.

യഹോവയുടെ സാക്ഷികളെ കണ്ടുമുട്ടിയ ആ സ്‌ത്രീ ദൈവം നമ്മിൽനിന്ന്‌ എന്ത്‌ ആവശ്യപ്പെടുന്നു? * എന്ന ബൈബിൾ പഠനസഹായിയായ ഒരു ലഘുപത്രിക സ്വീകരിക്കുകയും ബൈബിൾ പഠിക്കാൻ തുടങ്ങുകയും ചെയ്‌തു. താൻ അപ്രകാരം ചെയ്‌തതിന്റെ കാരണം മാസങ്ങൾക്കു ശേഷം അവൾ വിശദീകരിച്ചു. സാക്ഷികൾ അവളെ ആദ്യം സന്ദർശിക്കുമ്പോൾ അവൾ ഗർഭിണി ആയിരുന്നു. എന്നാൽ, അവളും ഭർത്താവും ആ അജാത ശിശുവിന്റെ ജീവൻ നശിപ്പിക്കാൻ തീരുമാനിച്ചിരുന്നു. എങ്കിലും, ആ ലഘുപത്രികയുടെ 24-ാം പേജിൽ കൊടുത്തിരുന്ന അജാത ശിശുവിന്റെ ചിത്രം ആ സ്‌ത്രീയുടെ ഹൃദയത്തെ സ്‌പർശിച്ചു. ‘ജീവന്റെ ഉറവു ദൈവം’ ആയതിനാൽ ജീവൻ പവിത്രമാണന്നുള്ള ബൈബിൾ അധിഷ്‌ഠിത ആശയം ആ ലഘുപത്രികയിൽ വിശദീകരിച്ചിരുന്നു. ഗർഭച്ഛിദ്രം നടത്തുന്നതിൽനിന്ന്‌ അത്‌ അവളെ പിന്തിരിപ്പിച്ചു. (സങ്കീർത്തനം 36:9) സുന്ദരിയും ആരോഗ്യവതിയുമായ ഒരു ശിശുവിന്റെ അമ്മയാണ്‌ ഇപ്പോൾ ആ സ്‌ത്രീ.

അവജ്ഞ അനുഭവിക്കുന്നവരെ വിശ്വാസം സഹായിക്കുന്നു

മോശമായി വസ്‌ത്രം ധരിച്ച രണ്ടു പേർ എത്യോപ്യയിലെ യഹോവയുടെ സാക്ഷികളുടെ ഒരു യോഗത്തിൽ സംബന്ധിക്കാനെത്തി. യോഗം കഴിഞ്ഞപ്പോൾ ഒരു സാക്ഷി സൗഹൃദപൂർവം അവർക്കു സ്വയം പരിചയപ്പെടുത്തി. അപ്പോൾ അവർ ഭിക്ഷ ചോദിച്ചു. എന്നാൽ ആ സാക്ഷി അവർക്കു നൽകിയത്‌ പണമല്ല, അതിനെക്കാൾ മെച്ചപ്പെട്ട ഒന്നായിരുന്നു. ‘പൊന്നിനെക്കാൾ വിലയേറിയ’ ദൈവവിശ്വാസം വളർത്തിയെടുക്കാൻ അദ്ദേഹം അവരെ പ്രോത്സാഹിപ്പിച്ചു. (1 പത്രൊസ്‌ 1:7) അവരിൽ ഒരാൾ അതിനോടു പ്രതികരിക്കുകയും ബൈബിൾ പഠിക്കാൻ തുടങ്ങുകയും ചെയ്‌തു. അത്‌ അയാളുടെ ജീവിതത്തിൽ പരിവർത്തനങ്ങൾ വരുത്തി. വിശ്വാസം വർധിച്ചപ്പോൾ അയാൾ പുകവലിയും മദ്യപാനവും അധാർമികതയും ഖാട്ട്‌—ആസക്തിയുളവാക്കുന്ന ഒരു ഇല—ചവയ്‌ക്കുന്നതും നിറുത്തി. ഭിക്ഷ യാചിച്ചു നടക്കുന്നതിനു പകരം, സ്വന്തം ആവശ്യങ്ങൾക്കുള്ള പണം എങ്ങനെ ഉണ്ടാക്കാമെന്ന്‌ ആ മനുഷ്യൻ പഠിച്ചു. ഇപ്പോൾ അദ്ദേഹം ശുദ്ധിയുള്ള, മെച്ചപ്പെട്ട ഒരു ജീവിതം നയിക്കുന്നു.

പത്തു വർഷത്തെ ജയിൽശിക്ഷയ്‌ക്കു വിധിക്കപ്പെട്ടിരുന്ന 47 വയസ്സുള്ള ഒരു ഇറ്റലിക്കാരൻ നീതിന്യായ വ്യവസ്ഥയ്‌ക്കു കീഴിലുള്ള ഒരു മനോരോഗ ആശുപത്രിയിൽ ആയിരുന്നു. ആത്മീയ സഹായം നൽകുന്നതിനായി ജയിൽ സ്ഥാപനങ്ങളിൽ പ്രവേശിക്കാൻ അധികാരമുണ്ടായിരുന്ന യഹോവയുടെ സാക്ഷികളിൽ ഒരാൾ അദ്ദേഹത്തെ ബൈബിൾ പഠിപ്പിച്ചു. ആ മനുഷ്യൻ ത്വരിതഗതിയിൽ പുരോഗതി പ്രാപിച്ചു. വിശ്വാസം ജീവിതത്തിൽ വളരെ മാറ്റങ്ങൾ വരുത്തിയ അയാളെയാണ്‌ ഇപ്പോൾ മറ്റു തടവുപുള്ളികൾ എന്തെങ്കിലും പ്രശ്‌നങ്ങൾ നേരിടുമ്പോൾ ഉപദേശത്തിനായി സമീപിക്കാറുള്ളത്‌. ബൈബിളധിഷ്‌ഠിത വിശ്വാസം അദ്ദേഹത്തിനു ജയിൽ അധികൃതരുടെ ആദരവും ബഹുമാനവും വിശ്വാസവും നേടിക്കൊടുത്തിരിക്കുന്നു.

സമീപ വർഷങ്ങളിൽ ആഫ്രിക്കയിലെ ആഭ്യന്തര യുദ്ധങ്ങളെ കുറിച്ച്‌ പത്രങ്ങൾ റിപ്പോർട്ടു ചെയ്യുകയുണ്ടായി. പട്ടാളക്കാരായി പരിശീലനം നേടുന്ന ബാലന്മാരുടെ കഥകൾ പ്രത്യേകിച്ചും ഞെട്ടിക്കുന്നതാണ്‌. ഈ കുട്ടികളെ മയക്കുമരുന്നിന്‌ അടിമകളും മൃഗീയ സ്വഭാവമുള്ളവരും ആക്കുന്നു, ബന്ധുക്കളോടു പോലും മനുഷ്യത്വഹീനമായി പെരുമാറാൻ അവർ നിർബന്ധിക്കപ്പെടുന്നു. അവരുടെ കൂറ്‌ അവർ അംഗങ്ങളായിരിക്കുന്ന വിഭാഗത്തോടു മാത്രമാണെന്ന്‌ ഉറപ്പാക്കുന്നതിനാണ്‌ ഇങ്ങനെയൊക്കെ ചെയ്യുന്നത്‌. അത്തരം കുട്ടികളുടെ ജീവിതത്തിൽ പോലും മാറ്റങ്ങൾ വരുത്താൻ പോന്നത്ര ശക്തിയുള്ളതാണോ ബൈബിളധിഷ്‌ഠിതമായ വിശ്വാസം? ചുരുങ്ങിയപക്ഷം, രണ്ടു പേരുടെ കാര്യത്തിലെങ്കിലും അതേ എന്നു പറയാൻ കഴിയും.

അലക്‌സ്‌ ലൈബീരിയയിലെ ഒരു കത്തോലിക്കാ പള്ളിയിൽ കപ്യാരായി സേവിച്ചിരുന്നു. 13-ാമത്തെ വയസ്സിൽ ഒരു പോരാളിസംഘത്തിൽ ചേർന്ന അവൻ ഒരു കുപ്രസിദ്ധ ബാലഭടൻ ആയിത്തീർന്നു. പോരാട്ടത്തിൽ ധൈര്യം കിട്ടാൻ അവൻ മന്ത്രവാദത്തിലേക്കു തിരിഞ്ഞു. കൂട്ടുകാരിൽ പലരും വധിക്കപ്പെടുന്നത്‌ അലക്‌സിനു കാണേണ്ടിവന്നു. 1997-ൽ അവൻ യഹോവയുടെ സാക്ഷികളെ കണ്ടുമുട്ടി. അവർ തന്നെ അവജ്ഞയോടെ വീക്ഷിക്കുന്നില്ലെന്ന്‌ അവൻ മനസ്സിലാക്കി. പകരം, അക്രമത്തെ കുറിച്ചുള്ള ബൈബിളിന്റെ വീക്ഷണം മനസ്സിലാക്കാൻ അവർ അവനെ സഹായിച്ചു. അലക്‌സ്‌ സൈന്യത്തിൽനിന്ന്‌ വിട്ടുപോന്നു. വിശ്വാസം വർധിച്ചുവന്നപ്പോൾ, “അവൻ ദോഷം വിട്ടകന്നു ഗുണം ചെയ്‌കയും സമാധാനം അന്വേഷിച്ചു പിന്തുടരുകയും ചെയ്യട്ടെ” എന്ന ബൈബിൾ കൽപ്പന അനുസരിച്ചു.—1 പത്രൊസ്‌ 3:11.

അതിനിടെ, സാംസൺ എന്നു പേരുള്ള ഒരു മുൻ ബാലഭടൻ അലക്‌സ്‌ താമസിക്കുന്ന പട്ടണത്തിലെത്തി. അവൻ പള്ളി ഗായകസംഘത്തിലെ ഒരു അംഗം ആയിരുന്നെങ്കിലും, 1993-ൽ ഒരു പട്ടാളക്കാരൻ ആയിത്തീരുകയും മയക്കുമരുന്ന്‌ ദുരുപയോഗത്തിലും ആത്മവിദ്യയിലും അധാർമികതയിലും ഏർപ്പെടുകയും ചെയ്‌തു. 1997-ൽ അവനെ സൈന്യത്തിൽനിന്നു പിരിച്ചുവിട്ടു. ഒരു പ്രത്യേക സുരക്ഷാ സേനയിൽ ചേരുന്നതിനായി മോൺറോവിയയിലേക്കു പോകുമ്പോഴാണ്‌, ഒരു സുഹൃത്ത്‌ യഹോവയുടെ സാക്ഷികളുമൊത്ത്‌ ബൈബിൾ പഠിക്കാൻ സാംസനെ പ്രോത്സാഹിപ്പിച്ചത്‌. അതിന്റെ ഫലമായി, അവൻ ബൈബിളിൽ അധിഷ്‌ഠിതമായ വിശ്വാസം വളർത്തിയെടുത്തു. തന്റെ യുദ്ധമാർഗം ഉപേക്ഷിക്കാൻ അത്‌ അവനു ധൈര്യം പകർന്നു. ഇപ്പോൾ അലക്‌സും സാംസണും സമാധാനവും ധാർമികനിഷ്‌ഠയുമുള്ള ജീവിതം നയിക്കുന്നു. അങ്ങേയറ്റം മൃഗീയമായിത്തീർന്ന ജീവിതത്തിൽ ഇത്രയധികം മാറ്റം വരുത്താൻ ബൈബിളിൽ അധിഷ്‌ഠിതമായ വിശ്വാസത്തിനല്ലാതെ മറ്റെന്തിനെങ്കിലും സാധിക്കുമോ?

ശരിയായ തരം വിശ്വാസം

ബൈബിളിൽ അധിഷ്‌ഠിതമായ യഥാർഥ വിശ്വാസത്തിന്റെ ശക്തി എടുത്തുകാട്ടാൻ പോന്ന ഒട്ടുവളരെ ഉദാഹരണങ്ങളിൽ ചിലതു മാത്രമാണ്‌ ഇവ. തീർച്ചയായും, ദൈവവിശ്വാസം ഉണ്ടെന്നു പറയുന്ന എല്ലാവരുമൊന്നും ബൈബിളിന്റെ ഉന്നതമായ നിലവാരങ്ങൾക്കു ചേർച്ചയിൽ ജീവിക്കുന്നില്ല. വാസ്‌തവത്തിൽ, ക്രിസ്‌ത്യാനികൾ എന്ന്‌ അവകാശപ്പെടുന്നവരെക്കാൾ മെച്ചമായ ജീവിതം നയിക്കുന്ന ചില നിരീശ്വരവാദികൾ ഉണ്ടായിരിക്കാം. ദൈവത്തിൽ വിശ്വസിക്കുന്നു എന്നു കേവലം പറയുന്നതിലും അധികം കാര്യങ്ങൾ ബൈബിളിൽ അധിഷ്‌ഠിതമായ യഥാർഥ വിശ്വാസത്തിൽ ഉൾപ്പെട്ടിരിക്കുന്നു എന്നതാണ്‌ അതിന്റെ കാരണം.

പൗലൊസ്‌ അപ്പൊസ്‌തലൻ വിശ്വാസത്തെ വിളിച്ചത്‌, “പ്രത്യാശിക്കുന്ന കാര്യങ്ങളുടെ ഉറപ്പു ലഭിച്ച പ്രതീക്ഷ, കാണപ്പെടുന്നില്ലെങ്കിലും യാഥാർഥ്യങ്ങളുടെ പ്രസ്‌പഷ്ട പ്രകടനം” എന്നാണ്‌. (എബ്രായർ 11:1, NW) അതിനാൽ, വിശ്വാസത്തിൽ കാണാത്ത കാര്യങ്ങളിലുള്ള—അനിഷേധ്യമായ തെളിവിൽ അധിഷ്‌ഠിതമായ—ശക്തമായ ബോധ്യം ഉൾപ്പെടുന്നു. ദൈവത്തിന്റെ അസ്‌തിത്വമോ അവൻ നമ്മിൽ തത്‌പരനാണെന്നതോ തന്റെ ഹിതം ചെയ്യുന്നവരെ അവൻ അനുഗ്രഹിക്കുമെന്നതോ സംബന്ധിച്ചു യാതൊരു വിധത്തിലും സംശയിക്കാതിരിക്കുന്നത്‌ വിശേഷാൽ അതിൽ ഉൾപ്പെടുന്നു. പൗലൊസ്‌ ഇങ്ങനെയും പറഞ്ഞു: “ദൈവത്തിന്റെ അടുക്കൽ വരുന്നവൻ ദൈവം ഉണ്ടു എന്നും തന്നെ അന്വേഷിക്കുന്നവർക്കു പ്രതിഫലം കൊടുക്കുന്നു എന്നും വിശ്വസിക്കേണ്ടതല്ലോ.”—എബ്രായർ 11:6.

ഇത്തരത്തിലുള്ള വിശ്വാസമായിരുന്നു ജോണിന്റെയും ടാനിയയുടെയും ഈ ലേഖനത്തിൽ പരാമർശിച്ച മറ്റുള്ളവരുടെയുമൊക്കെ ജീവിതത്തിൽ മാറ്റങ്ങൾ വരുത്തിയത്‌. തീരുമാനങ്ങൾ എടുക്കുന്നതിനുള്ള മാർഗനിർദേശത്തിനായി ദൈവവചനമായ ബൈബിളിലേക്കു പൂർണ ബോധ്യത്തോടെ നോക്കാൻ ആ വിശ്വാസം അവരെ പ്രേരിപ്പിച്ചു. സൗകര്യപ്രദമെങ്കിലും തെറ്റായ ഒരു ഗതി സ്വീകരിക്കാതിരിക്കുന്നതിനു താത്‌കാലിക ത്യാഗങ്ങൾ നടത്താൻ അത്‌ അവരെ സഹായിച്ചു. അവരുടെ ഓരോരുത്തരുടെയും അനുഭവം വ്യത്യസ്‌തമാണെങ്കിലും, എല്ലാവരുടെയും കാര്യത്തിൽ തുടക്കം ഒരുപോലെ ആയിരുന്നു. യഹോവയുടെ സാക്ഷികളിലൊരാൾ അവരെ ബൈബിൾ പഠിപ്പിച്ചു. ‘ദൈവത്തിന്റെ വചനം ജീവനും ചൈതന്യവുമുള്ളതാണ്‌’ എന്ന ബൈബിൾ പ്രസ്‌താവനയുടെ സത്യത അവർ അനുഭവിച്ചു. (എബ്രായർ 4:12) ജീവിതത്തിൽ ശരിയായ മാറ്റങ്ങൾ വരുത്താൻ പോന്ന ശക്തമായ വിശ്വാസം വളർത്തിയെടുക്കാൻ ദൈവവചനത്തിന്റെ ശക്തി അവരിൽ ഓരോരുത്തരെയും സഹായിച്ചു.

യഹോവയുടെ സാക്ഷികൾ ഇപ്പോൾ 230-ലധികം ദേശങ്ങളിലും ദ്വീപുകളിലും കർമനിരതരാണ്‌. ബൈബിൾ പഠിക്കാൻ അവർ നിങ്ങളെ ക്ഷണിക്കുന്നു. എന്തുകൊണ്ട്‌? എന്തുകൊണ്ടെന്നാൽ, ബൈബിളിൽ അധിഷ്‌ഠിതമായ വിശ്വാസം ജീവിതത്തിൽ മെച്ചമായ മാറ്റങ്ങൾ വരുത്താൻ നിങ്ങളെയും സഹായിക്കുമെന്ന്‌ അവർക്കു ബോധ്യമുണ്ട്‌.

[അടിക്കുറിപ്പുകൾ]

^ ഖ. 10 വാച്ച്‌ടവർ ബൈബിൾ ആൻഡ്‌ ട്രാക്‌റ്റ്‌ സൊസൈറ്റി ഓഫ്‌ ഇൻഡ്യ പ്രസിദ്ധീകരിച്ചത്‌.

[3-ാം പേജിലെ ചിത്രങ്ങൾ]

ബൈബിളധിഷ്‌ഠിത വിശ്വാസം ആളുകളുടെ ജീവിതത്തെ മെച്ചപ്പെടുത്തുന്നു

[2-ാം പേജിലെ ചിത്രങ്ങൾക്ക്‌ കടപ്പാട്‌]

Title card of Biblia nieświeska by Szymon Budny, 1572