മർക്കൊസ്‌ എഴുതിയത്‌ 7:1-37

7  യരുശലേമിൽനിന്ന്‌ വന്ന പരീശന്മാരും ചില ശാസ്‌ത്രിമാരും യേശുവിനു ചുറ്റും കൂടി.+  യേശുവിന്റെ ശിഷ്യന്മാരിൽ ചിലർ അശുദ്ധമായ കൈകൊണ്ട്‌, അതായത്‌ കഴുകാത്ത കൈകൊണ്ട്‌, ഭക്ഷണം കഴിക്കുന്നത്‌ അവർ കണ്ടു.  (പരീശന്മാരും എല്ലാ ജൂതന്മാരും പൂർവികരുടെ പാരമ്പര്യം മുറുകെ പിടിക്കുന്നതുകൊണ്ട്‌ കൈകൾ മുട്ടുവരെ കഴുകാതെ ഭക്ഷണം കഴിക്കാറില്ല.  ചന്തയിൽനിന്ന്‌ തിരിച്ചെത്തുമ്പോഴും കഴുകി ശുദ്ധി വരുത്താതെ അവർ കഴിക്കാറില്ല. ഇതിനു പുറമേ പാനപാത്രങ്ങളും കുടങ്ങളും ചെമ്പുപാത്രങ്ങളും വെള്ളത്തിൽ മുക്കി ശുദ്ധീകരിക്കുന്നതുപോലുള്ള മറ്റ്‌ അനേകം പാരമ്പര്യങ്ങളും അവർ അനുഷ്‌ഠിച്ചുപോരുന്നു.)+  അതുകൊണ്ട്‌ ആ പരീശന്മാരും ശാസ്‌ത്രിമാരും യേശുവിനോട്‌, “നിന്റെ ശിഷ്യന്മാർ പൂർവികരുടെ പാരമ്പര്യം അനുസരിക്കാതെ അശുദ്ധമായ കൈകൊണ്ട്‌ ഭക്ഷണം കഴിക്കുന്നത്‌ എന്താണ്‌ ” എന്നു ചോദിച്ചു.+  യേശു അവരോടു പറഞ്ഞു: “കപടഭക്തരായ നിങ്ങളെക്കുറിച്ച്‌ യശയ്യ ഇങ്ങനെ പ്രവചിച്ചത്‌ എത്ര ശരിയാണ്‌: ‘ഈ ജനം വായ്‌കൊണ്ട്‌ എന്നെ ബഹുമാനിക്കുന്നു. എന്നാൽ അവരുടെ ഹൃദയം എന്നിൽനിന്ന്‌ വളരെ അകലെയാണ്‌.+  അവർ എന്നെ ആരാധിക്കുന്നതുകൊണ്ട്‌ ഒരു പ്രയോജനവുമില്ല. കാരണം മനുഷ്യരുടെ കല്‌പനകളാണ്‌ അവർ ഉപദേശങ്ങളായി പഠിപ്പിക്കുന്നത്‌.’+  നിങ്ങൾ അങ്ങനെ ദൈവകല്‌പനകൾ വിട്ടുകളഞ്ഞിട്ട്‌ മനുഷ്യരുടെ പാരമ്പര്യം മുറുകെ പിടിക്കുന്നു.”+  യേശു ഇങ്ങനെയും അവരോടു പറഞ്ഞു: “പാരമ്പര്യം പിൻപറ്റാൻവേണ്ടി നിങ്ങൾ വിദഗ്‌ധമായി ദൈവകല്‌പന അവഗണിക്കുന്നു.+ 10  ഉദാഹരണത്തിന്‌, ‘നിന്റെ അപ്പനെയും അമ്മയെയും ബഹുമാനിക്കണം’+ എന്നും ‘അപ്പനെയോ അമ്മയെയോ നിന്ദിച്ച്‌ സംസാരിക്കുന്നവനെ* കൊന്നുകളയണം’+ എന്നും മോശ പറഞ്ഞല്ലോ. 11  എന്നാൽ നിങ്ങൾ പറയുന്നു: ‘ആരെങ്കിലും അപ്പനോടോ അമ്മയോടോ, “നിങ്ങൾക്ക്‌ ഉപകാരപ്പെടുന്നതായി എന്റെ കൈയിലുള്ളതെല്ലാം കൊർബാനാണ്‌ (അതായത്‌, ദൈവത്തിനു നേർന്നതാണ്‌)” എന്നു പറഞ്ഞാൽ’ 12  പിന്നെ അപ്പനോ അമ്മയ്‌ക്കോ വേണ്ടി യാതൊന്നും ചെയ്യാൻ നിങ്ങൾ അയാളെ അനുവദിക്കുന്നില്ല.+ 13  ഇങ്ങനെ പാരമ്പര്യത്തിന്റെ പേര്‌ പറഞ്ഞ്‌ നിങ്ങൾ ദൈവവചനത്തിനു വില കല്‌പിക്കാതിരിക്കുന്നു.+ ഇങ്ങനെ പലതും നിങ്ങൾ ചെയ്യുന്നു.”+ 14  യേശു വീണ്ടും ജനത്തെ അടുത്തേക്കു വിളിച്ച്‌ അവരോടു പറഞ്ഞു: “നിങ്ങൾ എല്ലാവരും ഞാൻ പറയുന്നതു ശ്രദ്ധിച്ച്‌ അതിന്റെ അർഥം മനസ്സിലാക്കൂ.+ 15  പുറത്തുനിന്ന്‌ ഒരാളുടെ ഉള്ളിലേക്കു പോകുന്നതൊന്നും അയാളെ അശുദ്ധനാക്കുന്നില്ല. ഉള്ളിൽനിന്ന്‌ പുറത്തേക്കു വരുന്നതാണ്‌ അയാളെ അശുദ്ധനാക്കുന്നത്‌.”+ 16  —— 17  ജനക്കൂട്ടത്തെ വിട്ട്‌ യേശു ഒരു വീട്ടിൽ ചെന്നപ്പോൾ ശിഷ്യന്മാർ ഈ ദൃഷ്ടാന്തത്തെക്കുറിച്ച്‌ യേശുവിനോടു ചോദ്യങ്ങൾ ചോദിച്ചുതുടങ്ങി.+ 18  യേശു അവരോടു പറഞ്ഞു: “നിങ്ങൾക്കും അവരെപ്പോലെ മനസ്സിലാക്കാൻ പ്രാപ്‌തിയില്ലെന്നോ? പുറത്തുനിന്ന്‌ ഒരാളുടെ ഉള്ളിലേക്കു പോകുന്നതൊന്നും അയാളെ അശുദ്ധനാക്കുന്നില്ലെന്നു നിങ്ങൾക്ക്‌ അറിയില്ലേ? 19  കാരണം, അത്‌ അയാളുടെ ഹൃദയത്തിലേക്കല്ല, വയറ്റിലേക്കാണു പോകുന്നത്‌. പിന്നെ അതു വയറ്റിൽനിന്ന്‌ പുറത്തേക്കു* പോകുന്നു.” എല്ലാ ആഹാരവും ശുദ്ധമാണെന്ന്‌ അങ്ങനെ യേശു വ്യക്തമാക്കി. 20  പിന്നെ യേശു പറഞ്ഞു: “ഒരാളുടെ ഉള്ളിൽനിന്ന്‌ പുറത്തേക്കു വരുന്നതാണ്‌ അയാളെ അശുദ്ധനാക്കുന്നത്‌.+ 21  കാരണം ഉള്ളിൽനിന്ന്‌, മനുഷ്യരുടെ ഹൃദയത്തിൽനിന്നാണ്‌,+ ഹാനികരമായ ചിന്തകൾ, ലൈംഗിക അധാർമികത, മോഷണം, കൊലപാതകം, 22  വ്യഭിചാരം, അത്യാഗ്രഹം, ദുഷ്ടത, വഞ്ചന, ധിക്കാരത്തോടെയുള്ള പെരുമാറ്റം, അസൂയയുള്ള കണ്ണ്‌, ദൈവനിന്ദ, ധാർഷ്ട്യം, വിഡ്‌ഢിത്തം എന്നിവയെല്ലാം ഉണ്ടാകുന്നത്‌. 23  ഈ ചീത്ത കാര്യങ്ങളെല്ലാം ഉള്ളിൽനിന്ന്‌ പുറപ്പെട്ട്‌ മനുഷ്യനെ അശുദ്ധനാക്കുന്നു.”+ 24  അവിടെനിന്ന്‌ എഴുന്നേറ്റ്‌ സോർ-സീദോൻ+ പ്രദേശങ്ങളിലേക്കു പോയ യേശു അവിടെ ഒരു വീട്ടിൽ ചെന്നു. ആരും അത്‌ അറിയരുതെന്നു യേശു ആഗ്രഹിച്ചു. പക്ഷേ ആളുകൾ എങ്ങനെയോ അറിഞ്ഞു. 25  അശുദ്ധാത്മാവ്‌* ബാധിച്ച ഒരു കൊച്ചുപെൺകുട്ടിയുടെ അമ്മ യേശുവിനെക്കുറിച്ച്‌ കേട്ട ഉടനെ അവിടെ വന്ന്‌ യേശുവിന്റെ കാൽക്കൽ വീണു.+ 26  ആ സ്‌ത്രീ സിറിയൻ ഫൊയ്‌നിക്യ ദേശത്തുനിന്നുള്ള* ഒരു ഗ്രീക്കുകാരിയായിരുന്നു. തന്റെ മകളിൽനിന്ന്‌ ഭൂതത്തെ പുറത്താക്കാൻ ആ സ്‌ത്രീ യേശുവിനോടു വീണ്ടുംവീണ്ടും അപേക്ഷിച്ചു. 27  എന്നാൽ യേശു, “ആദ്യം മക്കളുടെ വയറു നിറയട്ടെ. മക്കളുടെ അപ്പം എടുത്ത്‌ നായ്‌ക്കുട്ടികൾക്ക്‌ ഇട്ടുകൊടുക്കുന്നതു ശരിയല്ലല്ലോ”+ എന്നു പറഞ്ഞു: 28  അപ്പോൾ ആ സ്‌ത്രീ പറഞ്ഞു: “അങ്ങ്‌ പറഞ്ഞതു ശരിയാണ്‌ യജമാനനേ. പക്ഷേ, മേശയുടെ കീഴെയുള്ള നായ്‌ക്കുട്ടികളും കുഞ്ഞുങ്ങളുടെ കൈയിൽനിന്ന്‌ വീഴുന്ന അപ്പക്കഷണങ്ങൾ തിന്നാറുണ്ടല്ലോ.” 29  യേശു സ്‌ത്രീയോടു പറഞ്ഞു: “നീ ഇങ്ങനെയൊരു മറുപടി പറഞ്ഞല്ലോ. പൊയ്‌ക്കൊള്ളൂ. ഭൂതം നിന്റെ മകളെ വിട്ട്‌ പോയിരിക്കുന്നു.”+ 30  സ്‌ത്രീ വീട്ടിൽ ചെന്നപ്പോൾ കുട്ടി കിടക്കയിൽ കിടക്കുന്നതു കണ്ടു. ഭൂതം അവളെ വിട്ട്‌ പോയിരുന്നു.+ 31  പിന്നെ യേശു സോർപ്രദേശം വിട്ട്‌ സീദോൻവഴി ദക്കപ്പൊലിപ്രദേശത്തുകൂടെ+ ഗലീലക്കടലിന്‌ അടുത്തേക്കു തിരിച്ചുപോയി. 32  അവിടെവെച്ച്‌ ചിലർ സംസാരവൈകല്യമുള്ള ബധിരനായ ഒരു മനുഷ്യനെ+ യേശുവിന്റെ അടുത്ത്‌ കൊണ്ടുവന്ന്‌ അയാളുടെ മേൽ കൈ വെക്കണമെന്നു യാചിച്ചു. 33  യേശു അയാളെ ജനക്കൂട്ടത്തിൽനിന്ന്‌ മാറ്റിക്കൊണ്ടുപോയി. എന്നിട്ട്‌ അയാളുടെ ചെവികളിൽ വിരൽ ഇട്ടു. പിന്നെ തുപ്പിയിട്ട്‌ അയാളുടെ നാവിൽ തൊട്ടു.+ 34  എന്നിട്ട്‌ ആകാശത്തേക്കു നോക്കി ഒരു ദീർഘനിശ്വാസത്തോടെ അയാളോട്‌, “എഫഥാ” എന്നു പറഞ്ഞു. “തുറക്കട്ടെ” എന്നാണ്‌ അതിന്റെ അർഥം. 35  അയാളുടെ ചെവികൾ തുറന്നു.+ സംസാരവൈകല്യം മാറി അയാൾ നന്നായി സംസാരിക്കാൻതുടങ്ങി. 36  ഇത്‌ ആരോടും പറയരുതെന്നു യേശു അവരോടു കല്‌പിച്ചു.+ എന്നാൽ യേശു അവരെ എത്രത്തോളം വിലക്കിയോ അത്രത്തോളം അവർ അതു പ്രസിദ്ധമാക്കി.+ 37  അവർക്കുണ്ടായ അതിശയം പറഞ്ഞറിയിക്കാൻ പറ്റാത്തതായിരുന്നു.+ അവർ പറഞ്ഞു: “എത്ര നല്ല കാര്യങ്ങളാണു യേശു ചെയ്യുന്നത്‌! യേശു ബധിരർക്കു കേൾവിശക്തിയും ഊമർക്കു സംസാരശേഷിയും കൊടുക്കുന്നു.”+

അടിക്കുറിപ്പുകള്‍

അഥവാ “അധിക്ഷേപിക്കുന്നവനെ.”
അഥവാ “മറപ്പുരയിൽ; ശൗചാലയത്തിൽ.”
ഭൂതത്തെ കുറിക്കുന്നു.
അഥവാ “ദേശത്ത്‌ ജനിച്ച.”

പഠനക്കുറിപ്പുകൾ

അശുദ്ധമായ കൈകൊണ്ട്‌, അതായത്‌ കഴുകാത്ത കൈകൊണ്ട്‌: അശുദ്ധമായ കൈകൾ എന്ന പദപ്രയോഗമോ ജൂതന്മാരുടെ ആചാരപരമായ കൈകഴുകലോ പരിചയമില്ലാതിരുന്ന വായനക്കാർക്ക്‌ ഉപകാരപ്പെടുന്ന വിശദീകരണമാണ്‌ ഇവിടെയും 3, 4 വാക്യങ്ങളിലും മർക്കോസ്‌ നൽകിയിരിക്കുന്നത്‌. (“മർക്കോസ്‌​—ആമുഖം” കാണുക.) ആളുകൾ ഇത്തരത്തിൽ കൈ കഴുകിയിരുന്നതു ശുചിത്വത്തെക്കുറിച്ചുള്ള ചിന്തകൊണ്ടായിരുന്നില്ല, മറിച്ച്‌ പാരമ്പര്യത്തോടു പറ്റിനിൽക്കാനായിരുന്നു. ആചാരപരമായി ശുദ്ധരാകാനാണ്‌ അവർ അങ്ങനെ ചെയ്‌തിരുന്നത്‌. കഴുകാത്ത കൈകൊണ്ട്‌ ഭക്ഷണം കഴിക്കുന്നത്‌ ഒരു വേശ്യയുമായി ബന്ധപ്പെടുന്നതിനു തുല്യമായാണു പിൽക്കാലത്ത്‌ ബാബിലോണിയൻ തൽമൂദിൽ (സോത്താഹ്‌ 4ബി) പട്ടികപ്പെടുത്തിയത്‌. കൈ കഴുകുന്നതിനെ നിസ്സാരമായി കാണുന്ന എല്ലാവരെയും “ഈ ലോകത്തുനിന്ന്‌ ഉന്മൂലനം ചെയ്യു”മെന്നും അതിൽ പറഞ്ഞിരുന്നു.

കൈകൾ . . . കഴുകാതെ: യാഗപീഠത്തിൽ ശുശ്രൂഷ ചെയ്യുന്നതിനു മുമ്പും സാന്നിധ്യകൂടാരത്തിൽ കടക്കുന്നതിനു മുമ്പും പുരോഹിതന്മാർ കൈയും കാലും കഴുകണമെന്നു മോശയിലൂടെ കൊടുത്ത നിയമത്തിൽ വ്യവസ്ഥയുണ്ടായിരുന്നു. (പുറ 30:18-21) എന്നാൽ മർ 7:2-ന്റെ പഠനക്കുറിപ്പിൽ വിശദീകരിച്ചിരിക്കുന്നതുപോലെ, യേശുവിന്റെ കാലത്തെ പരീശന്മാരും മറ്റു ജൂതന്മാരും ആചാരപരമായി തങ്ങളെത്തന്നെ ശുദ്ധീകരിച്ചപ്പോൾ പിൻപറ്റിയതു മാനുഷികപാരമ്പര്യമായിരുന്നു. ആചാരപരമായി കൈ കഴുകുന്നവർ കൈകൾ മുട്ടുവരെ കഴുകുമായിരുന്നു എന്ന കാര്യം നാലു സുവിശേഷയെഴുത്തുകാരിൽ മർക്കോസ്‌ മാത്രമാണു രേഖപ്പെടുത്തിയിരിക്കുന്നത്‌.

കഴുകി ശുദ്ധി വരുത്തുക: പല പുരാതന കൈയെഴുത്തുപ്രതികളും ഇവിടെ ഉപയോഗിച്ചിരിക്കുന്നതു ബാപ്‌റ്റിഡ്‌സോ (മുക്കുക; നിമജ്ജനം ചെയ്യുക) എന്ന ഗ്രീക്കുപദമാണ്‌. ഈ പദമാകട്ടെ മിക്കപ്പോഴും ക്രിസ്‌തീയസ്‌നാനത്തെയാണു കുറിക്കുന്നത്‌. എന്നാൽ ലൂക്ക 11:38-ൽ ഇതേ പദം ജൂതസമ്പ്രദായമനുസരിച്ച്‌ ആളുകൾ ആചാരപരമായി കുളിക്കുന്നതും കൈകാലുകൾ കഴുകുന്നതും പോലെ ആവർത്തിച്ച്‌ ചെയ്‌തിരുന്ന വിവിധതരം നടപടികളെ കുറിക്കുന്നു. മറ്റു ചില പുരാതന കൈയെഴുത്തുപ്രതികൾ മർ 7:4-ൽ “തളിക്കുക; തളിച്ച്‌ ശുദ്ധീകരിക്കുക” എന്നെല്ലാം അർഥമുള്ള റാൻടിഡ്‌സോ എന്ന ഗ്രീക്കുപദമാണ്‌ ഉപയോഗിച്ചിരിക്കുന്നത്‌. (എബ്ര 9:13, 19, 21, 22) കൈയെഴുത്തുപ്രതികളിൽ കാണുന്ന ഈ വ്യത്യസ്‌തപദങ്ങളിൽ ഏതെടുത്താലും ആശയം ഏതാണ്ട്‌ ഒന്നുതന്നെയാണ്‌​—ഏതെങ്കിലും വിധത്തിൽ ആചാരപരമായി ശുദ്ധിവരുത്താതെ മതനിഷ്‌ഠയുള്ള ജൂതന്മാർ ഭക്ഷണം കഴിച്ചിരുന്നില്ല. അക്കാലത്തെ ജൂതന്മാർ വെള്ളത്തിൽ മുങ്ങി ആചാരപരമായി ശുദ്ധിവരുത്തിയിരുന്നു എന്നതിനെ പിന്താങ്ങുന്ന തെളിവുകൾ പുരാവസ്‌തുശാസ്‌ത്രജ്ഞർ യരുശലേമിൽ കണ്ടെത്തിയിട്ടുണ്ട്‌. ഈ തെളിവുകളനുസരിച്ച്‌ ചില കൈയെഴുത്തുപ്രതികളിൽ “മുങ്ങുക” എന്ന്‌ അർഥമുള്ള ബാപ്‌റ്റിഡ്‌സോ എന്ന ഗ്രീക്കുക്രിയ ഇവിടെ ഉപയോഗിച്ചിരിക്കുന്നതും തെറ്റല്ല.

വെള്ളത്തിൽ മുക്കി ശുദ്ധീകരിക്കുക: അഥവാ, “സ്‌നാനപ്പെടുത്തുക.” ഇവിടെ ഉപയോഗിച്ചിരിക്കുന്ന ബാപ്‌റ്റിഡ്‌സ്‌മോസ്‌ എന്ന ഗ്രീക്കുപദം യേശുവിന്റെ കാലത്തെ മതഭക്തരായ ചില ജൂതന്മാർ ശുദ്ധീകരണത്തിനായി ചെയ്‌തിരുന്ന ആചാരങ്ങളെ കുറിക്കുന്നു. ഭക്ഷണസമയത്ത്‌ ഉപയോഗിച്ചിരുന്ന പാനപാത്രങ്ങളും കുടങ്ങളും ചെമ്പുപാത്രങ്ങളും അവർ ഇത്തരത്തിൽ വെള്ളത്തിൽ മുക്കിയിരുന്നു അഥവാ സ്‌നാനപ്പെടുത്തിയിരുന്നു.

കൊർബാൻ: കൊർബ്ബാൻ എന്ന ഗ്രീക്കുപദം എബ്രായഭാഷയിൽനിന്ന്‌ കടമെടുത്തതാണ്‌. എബ്രായയിലെ ഖൊർബ്ബാൻ എന്ന പദത്തിന്റെ അർഥം “യാഗം” എന്നാണ്‌. ലേവ്യയിലും സംഖ്യയിലും ധാരാളമായി കാണുന്ന ഈ എബ്രായപദത്തിനു രക്തം ഉൾപ്പെട്ടതും അല്ലാത്തതും ആയ യാഗങ്ങളെ അർഥമാക്കാനാകും. (ലേവ 1:2, 3; 2:1; സംഖ 5:15; 6:14, 21) ഇതിനോടു സമാനമായ കൊർബ്ബാനസ്‌ എന്ന പദം മത്ത 27:6-ൽ പരിഭാഷപ്പെടുത്തിയിരിക്കുന്നത്‌ ‘വിശുദ്ധഖജനാവ്‌ ’ എന്നാണ്‌. ​—മത്ത 27:6-ന്റെ പഠനക്കുറിപ്പു കാണുക.

ദൈവത്തിനു നേർന്നതാണ്‌: ഒരു വ്യക്തി പണമോ വസ്‌തുവകകളോ മറ്റെന്തെങ്കിലുമോ കാഴ്‌ചയായി ദൈവത്തിനു നേർന്നാൽ അതു ദേവാലയംവകയാകുമെന്നു ശാസ്‌ത്രിമാരും പരീശന്മാരും പഠിപ്പിച്ചു. ഈ പാരമ്പര്യമനുസരിച്ച്‌ അത്തരത്തിൽ നേർന്ന ഒരു വസ്‌തു ദേവാലയത്തിനുവേണ്ടി നീക്കിവെച്ചിരിക്കുകയാണെന്നു പറഞ്ഞുകൊണ്ട്‌ ഒരു മകന്‌ അതു കൈവശംവെച്ച്‌ സ്വന്തം ആവശ്യങ്ങൾക്കുവേണ്ടി ഉപയോഗിക്കാമായിരുന്നു. തെളിവുകൾ സൂചിപ്പിക്കുന്നതനുസരിച്ച്‌ മാതാപിതാക്കളെ പരിപാലിക്കാനുള്ള ഉത്തരവാദിത്വത്തിൽനിന്ന്‌ തലയൂരാനായി തങ്ങളുടെ വസ്‌തുവകകൾ ഇത്തരത്തിൽ ദൈവത്തിനു നേർന്നവർപോലുമുണ്ടായിരുന്നു.​—മർ 7:12.

ചില കൈയെഴുത്തുപ്രതികൾ ഇവിടെ “കേൾക്കാൻ ചെവിയുള്ളവൻ കേൾക്കട്ടെ” എന്ന വാക്കുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്‌. എന്നാൽ പ്രധാനപ്പെട്ട ആദ്യകാല കൈയെഴുത്തുപ്രതികളിൽ ഈ വാക്കുകൾ കാണുന്നില്ല. അതുകൊണ്ടുതന്നെ മർക്കോസ്‌ സുവിശേഷം എഴുതിയപ്പോൾ ഈ വാക്കുകൾ അതിൽ ഇല്ലായിരുന്നു എന്നു നമുക്ക്‌ അനുമാനിക്കാം. എങ്കിലും സമാനമായ വാക്കുകൾ മർ 4:9, 23-ൽ കാണാം. അതാകട്ടെ ദൈവപ്രചോദിതമായി രേഖപ്പെടുത്തിയ തിരുവെഴുത്തുകളുടെ ഭാഗമാണുതാനും. ഈ വാക്കുകൾ 14-ാം വാക്യവുമായി ചേർന്നുപോകുന്നതുകൊണ്ട്‌ ഒരു പകർപ്പെഴുത്തുകാരൻ അത്‌ മർ 4:9, 23-ൽനിന്ന്‌ കടമെടുത്ത്‌ ഇവിടെ കൂട്ടിച്ചേർത്തതാകാം എന്നു ചില പണ്ഡിതന്മാർ അഭിപ്രായപ്പെടുന്നു.​—അനു. എ3 കാണുക.

എല്ലാ ആഹാരവും ശുദ്ധമാണെന്ന്‌ അങ്ങനെ യേശു വ്യക്തമാക്കി: ഗ്രീക്കുപാഠം വായിച്ചാൽ ഇതു യേശു മുൻവാക്യങ്ങളിൽ പറഞ്ഞുവന്നതിന്റെ ബാക്കിയാണെന്നു തോന്നാം. എന്നാൽ അത്‌ അങ്ങനെയല്ല, മറിച്ച്‌ യേശു തൊട്ടുമുമ്പ്‌ വിശദീകരിച്ച കാര്യങ്ങളുടെ അർഥത്തെക്കുറിച്ച്‌ മർക്കോസ്‌ നൽകിയ വിശദീകരണമാണെന്നാണു പൊതുവേ കരുതപ്പെടുന്നത്‌. അപ്പോൾ മർക്കോസ്‌ എന്താണ്‌ ഉദ്ദേശിച്ചത്‌? മോശയിലൂടെ കൊടുത്ത നിയമമനുസരിച്ച്‌ അശുദ്ധമായിരുന്ന ചില ഭക്ഷ്യവസ്‌തുക്കൾ ഇനിമുതൽ ജൂതന്മാർക്കു കഴിക്കാം എന്നു യേശു സൂചിപ്പിച്ചെന്നാണോ? അല്ല. കാരണം യേശുവിന്റെ മരണംവരെ ആ നിയമം നിലവിലുണ്ടായിരുന്നു. അങ്ങനെയെങ്കിൽ ഈ ചരിത്രവസ്‌തുതയുടെ പശ്ചാത്തലത്തിൽ മർക്കോസിന്റെ വാക്കുകൾ നമ്മൾ എങ്ങനെ മനസ്സിലാക്കണം? (ലേവ, അധ്യാ. 11; പ്രവൃ 10:9-16; കൊലോ 2:13, 14) പാരമ്പര്യങ്ങൾക്ക്‌ അമിതപ്രധാന്യം കല്‌പിച്ചിരുന്നവരായിരുന്നല്ലോ അന്നത്തെ മതനേതാക്കൾ. ശുദ്ധീകരണം സംബന്ധിച്ച്‌ മോശയുടെ നിയമത്തിൽ പറഞ്ഞിട്ടുപോലുമില്ലാത്ത സങ്കീർണമായ ചില ആചാരങ്ങൾ പിൻപറ്റുന്നില്ലെങ്കിൽ ‘ശുദ്ധമായ’ ഭക്ഷ്യവസ്‌തുക്കൾപോലും ഒരാളെ അശുദ്ധനാക്കുമെന്നാണ്‌ അവർ ചിന്തിച്ചിരുന്നത്‌. എന്നാൽ, യേശു ഇതിനോടു യോജിക്കുന്നില്ലെന്നായിരിക്കാം മർക്കോസ്‌ ഇവിടെ ഉദ്ദേശിച്ചത്‌. കാരണം മോശയുടെ നിയമത്തിൽ ‘ശുദ്ധമെന്നു’ പറഞ്ഞിരുന്ന ആഹാരം ആരെങ്കിലും ആചാരപരമായി കൈ കഴുകാതെ കഴിച്ചു എന്നതുകൊണ്ടുമാത്രം അയാൾ അശുദ്ധനാകില്ലായിരുന്നു. ആ ആചാരം വെറുമൊരു മനുഷ്യപാരമ്പര്യമായിരുന്നു. ഇനി മർക്കോസിന്റെ വാക്കുകൾക്കു മറ്റൊരു അർഥവുംകൂടെ ഉണ്ടെന്നു ചിലർ കരുതുന്നു. ആ വാക്കുകൾ ഭാവിയിൽ ക്രിസ്‌ത്യാനികളിൽ നിറവേറുമെന്നു മർക്കോസ്‌ ചിന്തിച്ചിരിക്കാം എന്നാണ്‌ അവരുടെ പക്ഷം. കാരണം, മർക്കോസ്‌ ഈ സുവിശേഷം എഴുതിയ സമയമായപ്പോഴേക്കും പത്രോസ്‌ ഒരു ദിവ്യദർശനം കണ്ടിരുന്നു. ഒരു കാലത്ത്‌ മോശയുടെ നിയമം അശുദ്ധമായി കണക്കാക്കിയിരുന്ന ഭക്ഷ്യവസ്‌തുക്കളെ ‘ദൈവം ശുദ്ധീകരിച്ചതായി’ പറയുന്നതു പത്രോസ്‌ ദർശനത്തിൽ കേൾക്കുകയും ചെയ്‌തു. ആ പദപ്രയോഗത്തിനും മർക്കോസിന്റെ സുവിശേഷത്തിലെ ഈ പദപ്രയോഗത്തിനും സമാനതയുണ്ട്‌ എന്നതു ശ്രദ്ധേയമാണ്‌. (പ്രവൃ 10:13-15) ഈ വാക്യഭാഗം മേൽപ്പറഞ്ഞ രണ്ടു രീതിയിൽ മനസ്സിലാക്കിയാലും ഇതു യേശുവിന്റെ വാക്കുകളുടെ അർഥത്തെക്കുറിച്ച്‌ മർക്കോസ്‌ ദൈവപ്രചോദിതമായി രേഖപ്പെടുത്തിയ ഒരു സംഗ്രഹമായിരിക്കാനാണു സാധ്യത, അല്ലാതെ യേശുവിന്റെ വാക്കുകളല്ല.

ലൈംഗിക അധാർമികത: മത്ത 15:19-ന്റെ പഠനക്കുറിപ്പു കാണുക.

വ്യഭിചാരം: “വ്യഭിചാരം” എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന ഗ്രീക്കുപദം (മൊയ്‌ഖെയ) ഈ വാക്യത്തിൽ ബഹുവചനരൂപത്തിലാണു കാണുന്നത്‌.​—പദാവലി കാണുക.

ധിക്കാരത്തോടെയുള്ള പെരുമാറ്റം: അഥവാ “നാണംകെട്ട പെരുമാറ്റം.” ഇതിന്റെ ഗ്രീക്കുപദമായ അസെൽജിയ ദൈവനിയമങ്ങളുടെ ഗുരുതരമായ ലംഘനത്തെയും, ധിക്കാരവും കടുത്ത പുച്ഛവും നിഴലിക്കുന്ന പെരുമാറ്റത്തെയും കുറിക്കുന്നു.​—പദാവലി കാണുക.

അസൂയയുള്ള കണ്ണ്‌: ഇവിടെ “അസൂയ” എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന ഗ്രീക്കുപദത്തിന്റെ അക്ഷരാർഥം “മോശമായ; ദുഷ്ടമായ” എന്നൊക്കെയാണ്‌. “കണ്ണ്‌ ” എന്ന പദം ഇവിടെ ആലങ്കാരികാർഥത്തിൽ ഒരു വ്യക്തിയുടെ ഉദ്ദേശ്യത്തെയോ മനോഭാവത്തെയോ വികാരങ്ങളെയോ ആണ്‌ കുറിക്കുന്നത്‌. “അസൂയയുള്ള കണ്ണ്‌ ” എന്ന പദപ്രയോഗത്തെ “അസൂയ” എന്നും പരിഭാഷപ്പെടുത്താം.​—മത്ത 6:23; 20:15 എന്നിവയുടെ പഠനക്കുറിപ്പുകൾ കാണുക.

സിറിയൻ ഫൊയ്‌നിക്യ: ഫൊയ്‌നിക്യ ഒരു കാലത്ത്‌ സിറിയ എന്ന റോമൻ സംസ്ഥാനത്തിന്റെ ഭാഗമായിരുന്നു. “സിറിയൻ ഫൊയ്‌നിക്യ” എന്ന പേര്‌ ഉത്ഭവിക്കാൻ കാരണം ഇതായിരിക്കാം.​—ഈ സ്‌ത്രീയെ “ഫൊയ്‌നിക്യക്കാരി” അഥവാ “കനാന്യസ്‌ത്രീ” എന്നു വിളിച്ചിരിക്കുന്ന മത്ത 15:22-ന്റെ പഠനക്കുറിപ്പു കാണുക.

ഗ്രീക്കുകാരി: ഇസ്രായേല്യയല്ലാത്ത ഈ സ്‌ത്രീ സാധ്യതയനുസരിച്ച്‌ ഗ്രീക്കുവംശജയായിരുന്നു.

മക്കൾ . . . നായ്‌ക്കുട്ടികൾ: മോശയിലൂടെ കൊടുത്ത നിയമമനുസരിച്ച്‌ നായ്‌ക്കൾ അശുദ്ധമായിരുന്നതുകൊണ്ട്‌ മിക്കപ്പോഴും മോശമായൊരു ധ്വനിയോടെയാണു തിരുവെഴുത്തുകളിൽ ആ പദം ഉപയോഗിച്ചിരിക്കുന്നത്‌. (ലേവ 11:27; മത്ത 7:6; ഫിലി 3:2; വെളി 22:15) എന്നാൽ യേശു നടത്തിയ ഈ സംഭാഷണത്തെക്കുറിച്ചുള്ള മത്തായിയുടെയും (15:​26) മർക്കോസിന്റെയും വിവരണത്തിൽ ഉപയോഗിച്ചിരിക്കുന്ന പദം അൽപ്പതാവാചിരൂപത്തിലാണ്‌ (diminutive form). “നായ്‌ക്കുട്ടി,” “വളർത്തുനായ” എന്നൊക്കെയാണ്‌ അതിന്റെ അർഥം. അത്‌ ആ താരതമ്യത്തെ മയപ്പെടുത്തി. ജൂതന്മാരല്ലാത്തവർ വീട്ടിൽ വളർത്തുന്ന ഓമനമൃഗങ്ങളെ വാത്സല്യത്തോടെ വിളിച്ചിരുന്ന ഒരു പദമായിരിക്കാം യേശു ഉപയോഗിച്ചതെന്ന്‌ ഇതു സൂചിപ്പിക്കുന്നു. ഇസ്രായേല്യരെ “മക്കളോടും” ജൂതന്മാരല്ലാത്തവരെ “നായ്‌ക്കുട്ടികളോടും” താരതമ്യപ്പെടുത്തിയതിലൂടെ യേശു ഒരു മുൻഗണനാക്രമം സൂചിപ്പിക്കുകയായിരുന്നെന്നു തോന്നുന്നു. ഒരു വീട്ടിൽ കുട്ടികളും നായ്‌ക്കളും ഉള്ളപ്പോൾ ആദ്യം കുട്ടികൾക്കായിരിക്കും ഭക്ഷണം കൊടുക്കുന്നത്‌.

ദക്കപ്പൊലി: പദാവലിയും അനു. ബി10-ഉം കാണുക.

സംസാരവൈകല്യമുള്ള ബധിരനായ ഒരു മനുഷ്യൻ: സംസാരവൈകല്യമുള്ള ബധിരനായ മനുഷ്യനെ യേശു സുഖപ്പെടുത്തിയതിനെക്കുറിച്ച്‌ മർക്കോസ്‌ മാത്രമേ പറഞ്ഞിട്ടുള്ളൂ.​—മർ 7:31-37.

അയാളെ . . . മാറ്റിക്കൊണ്ടുപോയി: രോഗികളെ സുഖപ്പെടുത്തുമ്പോൾ യേശു സാധാരണ ഇങ്ങനെ ചെയ്യാറില്ലായിരുന്നു. ആ മനുഷ്യന്റെ പരിഭ്രമം ഇല്ലാതാക്കാൻവേണ്ടിയായിരിക്കാം യേശു ഇതു ചെയ്‌തത്‌. സാധ്യമാകുന്നത്രയും ദയയോടെ അദ്ദേഹത്തെ സഹായിക്കാൻ യേശു ആഗ്രഹിച്ചു.

തുപ്പിയിട്ട്‌: തുപ്പുന്നതിനെ, ജൂതന്മാരിലും ജനതകളിലും പെട്ട ചിലർ രോഗസൗഖ്യത്തിനുള്ള ഉപാധിയായോ അടയാളമായോ കണ്ടിരുന്നു. അതുകൊണ്ട്‌ യേശു തുപ്പിയത്‌ താൻ ആ മനുഷ്യനെ സുഖപ്പെടുത്താൻ പോകുകയാണെന്ന്‌ അദ്ദേഹത്തിന്‌ ഒരു സൂചന നൽകാൻവേണ്ടി മാത്രമായിരിക്കാം. എന്തായാലും യേശു ഈ അത്ഭുതം ചെയ്‌തത്‌ രോഗസൗഖ്യം വരുത്താനുള്ള ഉമിനീരിന്റെ പ്രാപ്‌തി ഉപയോഗിച്ചായിരുന്നില്ല.

ദീർഘനിശ്വാസത്തോടെ: മർക്കോസ്‌ പലപ്പോഴും യേശുവിന്റെ വികാരങ്ങളെക്കുറിച്ച്‌ വിവരിച്ചിട്ടുണ്ട്‌. അത്തരം വിവരങ്ങൾ അദ്ദേഹത്തിനു ലഭിച്ചതു തീവ്രവികാരങ്ങളുള്ള വ്യക്തിയായ പത്രോസിൽനിന്നായിരിക്കാം. (“മർക്കോസ്‌​—ആമുഖം” കാണുക.) ഈ ക്രിയയ്‌ക്കു പ്രാർഥനാനിർഭരമായ ഒരു ദീർഘനിശ്വാസത്തെയോ ഞരക്കത്തെയോ കുറിക്കാനാകും. ആ മനുഷ്യനോടു യേശുവിനു തോന്നിയ സഹതാപത്തിന്റെയോ മുഴു മനുഷ്യകുലത്തിന്റെയും ദുരിതങ്ങളിൽ യേശുവിനു തോന്നിയ വേദനയുടെയോ പ്രതിഫലനമായിരുന്നിരിക്കാം അത്‌. റോമ 8:22-ൽ കാണുന്ന സമാനമായൊരു ക്രിയ എല്ലാ സൃഷ്ടികളുടെയും ‘ഞരക്കത്തെക്കുറിച്ചാണു’ പറയുന്നത്‌.

എഫഥാ: യശ 35:5-ൽ, “അടഞ്ഞിരിക്കില്ല” എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന എബ്രായധാതുവിൽനിന്ന്‌ രൂപംകൊണ്ട ഗ്രീക്കു ലിപ്യന്തരണമാണ്‌ ഇതെന്നു ചിലർ കരുതുന്നു. യേശു ഈ പദം ഉപയോഗിച്ചത്‌, ആ സംഭവം നേരിട്ട്‌ കണ്ടിരിക്കാൻ സാധ്യതയുള്ള പത്രോസിന്റെ മനസ്സിൽ മായാത്ത മുദ്ര പതിപ്പിച്ചിരിക്കാം. പത്രോസ്‌ അത്‌ അതേപടി മർക്കോസിനു പറഞ്ഞുകൊടുക്കുകയും ചെയ്‌തുകാണും. “തലീഥാ കൂമി” (മർ 5:41) എന്ന പദപ്രയോഗംപോലെ, യേശുവിന്റെ വാക്കുകൾ അതേപടി ഉദ്ധരിച്ചിട്ടുള്ള ചുരുക്കം ചില സന്ദർഭങ്ങളിലൊന്നാണ്‌ ഇത്‌.

ദൃശ്യാവിഷ്കാരം