വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഒരു ബഹുജന മഹാപുരുഷാരം

ഒരു ബഹുജന മഹാപുരുഷാരം

അധ്യായം 20

ഒരു ബഹുജന മഹാപു​രു​ഷാ​രം

1. നൂററി​നാൽപ്പ​ത്തി​നാ​ലാ​യി​ര​ത്തി​ന്റെ മുദ്ര​യി​ടൽ വർണി​ച്ച​ശേഷം മററ്‌ ഏതു കൂട്ടത്തെ യോഹ​ന്നാൻ കാണുന്നു?

 നൂററി​നാൽപ്പ​ത്തി​നാ​ലാ​യി​ര​ത്തി​ന്റെ മുദ്ര​യി​ടൽ വർണിച്ച ശേഷം എല്ലാ തിരു​വെ​ഴു​ത്തി​ലും​വെച്ച്‌ ഏററം പുളക​പ്ര​ദ​മായ വെളി​പാ​ടു​ക​ളി​ലൊന്ന്‌ യോഹ​ന്നാൻ തുടർന്നു റിപ്പോർട്ടു ചെയ്യുന്നു. “ഇതിന്റെ ശേഷം സകല ജാതി​ക​ളി​ലും ഗോ​ത്ര​ങ്ങ​ളി​ലും വംശങ്ങ​ളി​ലും ഭാഷക​ളി​ലും​നി​ന്നു ഉളളതാ​യി ആർക്കും എണ്ണിക്കൂ​ടാത്ത ഒരു മഹാപു​രു​ഷാ​രം വെളള​നി​ല​യങ്കി ധരിച്ചു കയ്യിൽ കുരു​ത്തോ​ല​യു​മാ​യി സിംഹാ​സ​ന​ത്തി​ന്നും കുഞ്ഞാ​ടി​ന്നും മുമ്പാകെ നില്‌ക്കു​ന്നതു ഞാൻ കണ്ടു” എന്നു പറഞ്ഞു​കൊണ്ട്‌ അതു റിപ്പോർട്ടു​ചെ​യ്യു​ക​യിൽ അവന്റെ ഹൃദയം ആനന്ദം​കൊ​ണ്ടു തുളളി​യി​ട്ടു​ണ്ടാ​കണം. (വെളി​പ്പാ​ടു 7:9) അതെ, നാലു കാററു​ക​ളു​ടെ പിടി​ച്ചു​നിർത്തൽ, ആത്മീയ ഇസ്രാ​യേ​ലി​ന്റെ 1,44,000 അംഗങ്ങൾക്കു പുറമേ മറെറാ​രു കൂട്ടത്തി​ന്റെ രക്ഷക്ക്‌ അവസരം നൽകുന്നു; പല ഭാഷക്കാ​ര​ട​ങ്ങിയ ഒരു സാർവ​ദേ​ശീയ മഹാപു​രു​ഷാ​ര​ത്തി​ന്റെ തന്നെ. aവെളി​പ്പാ​ടു 7:1.

2. ലൗകിക ഭാഷ്യ​കാ​രൻമാർ മഹാപു​രു​ഷാ​രത്തെ വിശദീ​ക​രി​ച്ചി​രി​ക്കു​ന്ന​തെ​ങ്ങനെ, കഴിഞ്ഞ​കാ​ലത്തു ബൈബിൾ വിദ്യാർഥി​കൾപോ​ലും ഈ കൂട്ടത്തെ എങ്ങനെ വീക്ഷിച്ചു?

2 ലൗകിക ഭാഷ്യ​കാ​രൻമാർ, ഈ മഹാപു​രു​ഷാ​രത്തെ ക്രിസ്‌ത്യാ​നി​ത്വ​ത്തി​ലേക്കു പരിവർത്തനം ചെയ്‌ത ജഡിക യഹൂ​ദേ​തരർ അല്ലെങ്കിൽ സ്വർഗ​ത്തിൽ പോകാ​നു​ളള ക്രിസ്‌തീയ രക്തസാ​ക്ഷി​കൾ ആണെന്നു വ്യാഖ്യാ​നി​ച്ചി​രി​ക്കു​ന്നു. ബൈബിൾ വിദ്യാർഥി​കൾ പോലും കഴിഞ്ഞ​കാ​ലത്ത്‌ ഇവരെ ഒരു രണ്ടാം സ്വർഗീയ വർഗമാ​യി കണക്കാ​ക്കു​ക​യു​ണ്ടാ​യി, 1886-ൽ വേദാ​ധ്യ​യന പത്രിക 1-ാം വാല്യ​ത്തിൽ, യുഗങ്ങ​ളു​ടെ ദൈവിക നിർണ​യ​ത്തിൽ കുറി​ക്കൊ​ണ്ടി​രു​ന്ന​പ്ര​കാ​രം തന്നെ: “അവർക്കു സിംഹാ​സ​ന​മാ​കുന്ന സമ്മാന​വും ദിവ്യ​സ്വ​ഭാ​വ​വും നഷ്ടമാ​കു​ന്നു, എന്നാൽ ഒടുവിൽ ദിവ്യ​സ്വ​ഭാ​വ​ത്തെ​ക്കാൾ താണ ഒരു നിരയി​ലേക്ക്‌ ആത്മജീ​വി​ക​ളെന്ന നിലയിൽ ജനനം പ്രാപി​ക്കും. ഇവർ യഥാർഥ​ത്തിൽ പ്രതി​ഷ്‌ഠി​ക്ക​പ്പെ​ട്ട​വ​രാ​ണെ​ങ്കി​ലും തങ്ങളുടെ ജീവിതം ബലിയാ​യി വെച്ചു​കൊ​ടു​ക്കാൻ അവർ പരാജ​യ​പ്പെ​ടുന്ന അളവോ​ളം ലോക​ത്തി​ന്റെ ആത്മാവ്‌ അവരെ കീഴട​ക്കി​യി​രി​ക്കു​ന്നു.” പിന്നീട്‌ 1930-ൽ ആ ആശയം പ്രകാശം (ഇംഗ്ലീഷ്‌) ഒന്നാം പുസ്‌ത​ക​ത്തിൽ പ്രകട​മാ​ക്ക​പ്പെട്ടു: “ഈ മഹാപു​രു​ഷാ​രം ആയിത്തീ​രു​ന്നവർ കർത്താ​വി​നു​വേണ്ടി തീക്ഷ്‌ണ​ത​യു​ളള സാക്ഷികൾ ആയിത്തീ​രാ​നു​ളള ക്ഷണത്തോ​ടു പ്രതി​ക​രി​ക്കു​ന്ന​തിൽ പരാജ​യ​പ്പെ​ടു​ന്നു.” അവർ സത്യത്തി​ന്റെ പരിജ്ഞാ​ന​മു​ള​ള​വ​രെ​ങ്കി​ലും അതു പ്രസം​ഗി​ക്കു​വാൻ ഒന്നും ചെയ്യാ​തി​രുന്ന സ്വയനീ​തി​ക്കാ​രു​ടെ ഒരു സംഘമാ​യി വർണി​ക്ക​പ്പെട്ടു. അവർ ക്രിസ്‌തു​വി​നോ​ടു​കൂ​ടെ വാഴു​ന്ന​തിൽ പങ്കെടു​ക്കു​ക​യി​ല്ലാത്ത ഒരു രണ്ടാം വർഗമാ​യി സ്വർഗ​ത്തിൽ എത്തേണ്ടി​യി​രു​ന്നു.

3. (എ) പ്രസം​ഗ​വേ​ല​യിൽ പിന്നീടു ശുഷ്‌കാ​ന്തി​യു​ള​ള​വ​രാ​യി​ത്തീർന്ന ചില നീതി​പ്ര​കൃ​തർക്ക്‌ ഏതു പ്രത്യാശ നീട്ടി​ക്കൊ​ടു​ക്ക​പ്പെട്ടു? (ബി) ദ വാച്ച്‌ടവർ 1923-ൽ ചെമ്മരി​യാ​ടു​ക​ളെ​യും കോലാ​ടു​ക​ളെ​യും സംബന്ധിച്ച ഉപമ എങ്ങനെ വിശദീ​ക​രി​ച്ചു?

3 എന്നിരു​ന്നാ​ലും, പിൽക്കാ​ലത്തു പ്രസം​ഗ​വേ​ല​യിൽ അത്യന്തം ശുഷ്‌കാ​ന്തി​യു​ള​ളവർ ആയിത്തീർന്ന അഭിഷിക്ത ക്രിസ്‌ത്യാ​നി​ക​ളു​ടെ മററു കൂട്ടാ​ളി​കൾ ഉണ്ടായി​രു​ന്നു. അവർക്കു സ്വർഗ​ത്തിൽ പോകാ​നു​ളള പ്രതീ​ക്ഷകൾ ഇല്ലായി​രു​ന്നു. വാസ്‌ത​വ​ത്തിൽ, അവരുടെ പ്രത്യാശ യഹോ​വ​യു​ടെ ജനം 1918 മുതൽ 1922 വരെ വിശേ​ഷ​വൽക്ക​രിച്ച ഒരു പരസ്യ​പ്ര​സം​ഗ​ത്തി​ന്റെ വിഷയ​ത്തോ​ടു ചേർച്ച​യിൽ ആയിരു​ന്നു. ആദിമ​രൂ​പ​ത്തിൽ, ഇത്‌ “ലോകം അവസാ​നി​ച്ചി​രി​ക്കു​ന്നു—ഇപ്പോൾ ജീവി​ക്കുന്ന ദശലക്ഷങ്ങൾ ഒരിക്ക​ലും മരിക്കു​ക​യില്ല” എന്നതാ​യി​രു​ന്നു. b അതിനു​ശേഷം ഉടനെ 1923 ഒക്‌ടോ​ബർ 15-ലെ വാച്ച്‌ ടവർ മാസിക ചെമ്മരി​യാ​ടു​ക​ളെ​യും കോലാ​ടു​ക​ളെ​യും സംബന്ധിച്ച യേശു​വി​ന്റെ ഉപമ വിശദീ​ക​രി​ച്ചു (മത്തായി 25:31-46), ഇപ്രകാ​രം പറഞ്ഞു​കൊണ്ട്‌: “ചെമ്മരി​യാ​ടു​കൾ ജനതക​ളി​ലെ എല്ലാ ആളുക​ളെ​യും, യേശു​ക്രി​സ്‌തു​വി​നെ കർത്താ​വാ​യി മനസ്സിൽ അംഗീ​ക​രി​ക്കു​ന്ന​വ​രും അവന്റെ വാഴ്‌ച​യിൻകീ​ഴിൽ നല്ലകാ​ല​ത്തി​നാ​യി പ്രത്യാ​ശ​യോ​ടെ നോക്കി​പ്പാർത്തി​രി​ക്കു​ന്ന​വ​രും ആയ നീതി​പ്ര​കൃ​ത​മു​ള​ള​വരെ പ്രതി​നി​ധാ​നം ചെയ്യുന്നു, ആത്മജനനം പ്രാപി​ച്ച​വ​രെയല്ല.”

4. ഭൗമിക വർഗത്തെ സംബന്ധിച്ച വെളിച്ചം 1931-ൽ കൂടുതൽ ശോഭി​ച്ച​തെ​ങ്ങനെ? 1932-ൽ? 1934-ൽ?

4 കുറച്ചു വർഷങ്ങൾക്കു​ശേഷം, 1931-ൽ സംസ്ഥാ​പനം (ഇംഗ്ലീഷ്‌) ഒന്നാം പുസ്‌തകം എസെക്കി​യേൽ 9-ാം അധ്യായം ചർച്ച​ചെ​യ്‌തു. ലോകാ​വ​സാ​ന​ത്തിൽ സംരക്ഷ​ണ​ത്തി​നാ​യി നെററി​യിൽ അടയാ​ള​മി​ട​പ്പെ​ടുന്ന വ്യക്തി​കളെ മേൽപ്പറഞ്ഞ ഉപമയി​ലെ ചെമ്മരി​യാ​ടു​ക​ളാ​യി തിരി​ച്ച​റി​യി​ച്ചു​കൊ​ണ്ടു​തന്നെ. വ്യാജ​മ​ത​ഭ​ക്തരെ നശിപ്പി​ക്കു​ന്ന​തിൽ യേഹു​വി​ന്റെ തീക്ഷ്‌ണത കാണാൻ അഭിഷിക്ത ഇസ്രാ​യേല്യ രാജാ​വായ യേഹു​വി​നോ​ടൊ​ത്തു രഥത്തിൽ കയറി​പ്പോയ ഇസ്രാ​യേ​ല്യേ​ത​ര​നായ യോനാ​ദാ​ബി​ന്റെ നേരായ ഹൃദയ​ഭാ​വം 1932-ൽ പ്രകാ​ശനം ചെയ്‌ത സംസ്ഥാ​പനം മൂന്നാം പുസ്‌തകം വർണിച്ചു. (2 രാജാ​ക്കൻമാർ 10:15-17) ആ പുസ്‌തകം ഇപ്രകാ​രം അഭി​പ്രാ​യ​പ്പെട്ടു: “യേഹൂ​വേല [യഹോ​വ​യു​ടെ ന്യായ​വി​ധി​കൾ ഘോഷി​ക്കൽ] പുരോ​ഗ​മി​ക്കുന്ന ഇക്കാലത്ത്‌, സൻമന​സ്സു​ള​ള​വ​രും സാത്താന്റെ സ്ഥാപന​ത്തോ​ടു യോജി​പ്പി​ല്ലാ​ത്ത​വ​രും നീതി​യു​ടെ പക്ഷത്തു തങ്ങളുടെ നിലപാ​ടു സ്വീക​രി​ക്കു​ന്ന​വ​രും അർമ​ഗെ​ദോ​ന്റെ സമയത്ത്‌ ആ പ്രതി​സ​ന്ധി​യി​ലൂ​ടെ കർത്താ​വി​നാൽ സംരക്ഷി​ക്ക​പ്പെ​ടു​ന്ന​വ​രും ഭൂമി​യി​ലെ നിത്യ​ജീ​വൻ നൽക​പ്പെ​ടു​ന്ന​വ​രു​മായ ഭൂമി​യി​ലു​ളള ജനവർഗത്തെ യോനാ​ദാബ്‌ പ്രതി​നി​ധാ​നം ചെയ്‌തു, അഥവാ മുൻനി​ഴ​ലാ​ക്കി. ഇവർ ‘ചെമ്മരി​യാ​ടു’വർഗം ആയിത്തീ​രു​ന്നു.” ഭൗമിക പ്രത്യാ​ശ​യു​ളള ഈ ക്രിസ്‌ത്യാ​നി​കൾ യഹോ​വക്കു സമർപ്പി​ക്ക​ണ​മെ​ന്നും സ്‌നാ​പ​ന​മേൽക്ക​ണ​മെ​ന്നും 1934-ൽ ദ വാച്ച്‌ടവർ വ്യക്തമാ​ക്കി. ഈ ഭൗമിക വർഗ​ത്തെ​ക്കു​റി​ച്ചു​ളള പ്രകാശം എന്നത്തേ​തി​ലും അധികം ശോഭി​ക്കു​ക​യാ​യി​രു​ന്നു.—സദൃശ​വാ​ക്യ​ങ്ങൾ 4:18.

5. (എ) മഹാപു​രു​ഷാ​ര​ത്തി​ന്റെ ഏതു തിരി​ച്ച​റി​യി​ക്കൽ 1935-ൽ നടത്ത​പ്പെട്ടു? (ബി) ഭൂമി​യിൽ എന്നേക്കും ജീവി​ക്കാൻ പ്രതീ​ക്ഷി​ക്കു​ന്നവർ എഴു​ന്നേ​ററു നിൽക്കാൻ 1935-ൽ ജെ. എഫ്‌. റതർഫോർഡ്‌ സമ്മേളി​ത​രോട്‌ ആവശ്യ​പ്പെ​ട്ട​പ്പോൾ എന്തു സംഭവി​ച്ചു?

5 വെളി​പ്പാ​ടു 7:9-17-ന്റെ ഗ്രാഹ്യം അതിന്റെ സകല തിളക്ക​ത്തോ​ടും​കൂ​ടെ ഇപ്പോൾ ഉദിക്കാൻ പോക​യാ​യി​രു​ന്നു! (സങ്കീർത്തനം 97:11) യു.എസ്‌.എ.യിലെ വാഷി​ങ്‌ടൻ ഡി.സി.യിൽ 1935 മേയ്‌ 30 മുതൽ ജൂൺ 3 വരെ നടത്താൻ പട്ടിക​പ്പെ​ടു​ത്തിയ ഒരു കൺ​വെൻ​ഷൻ, യോനാ​ദാ​ബി​നാൽ ചിത്രീ​ക​രി​ക്ക​പ്പെ​ട്ട​വർക്ക്‌ “ഒരു യഥാർഥ ആശ്വാ​സ​വും പ്രയോ​ജ​ന​വും” ആയിരി​ക്കു​മെന്ന പ്രത്യാശ വീക്ഷാ​ഗോ​പു​രം മാസിക ആവർത്തി​ച്ച  പ്രകട​മാ​ക്കി​യി​രു​ന്നു. അത്‌ അപ്രകാ​ര​മെന്നു തെളിഞ്ഞു! ഏതാണ്ട്‌ 20,000 വരുന്ന സമ്മേളി​ത​രോ​ടു വാച്ച്‌ ടവർ സൊ​സൈ​റ​റി​യു​ടെ പ്രസി​ഡൻറായ ജെ. എഫ്‌. റതർഫോർഡ്‌ “മഹാപു​രു​ഷാ​രം” എന്ന വിഷയത്തെ ആസ്‌പ​ദ​മാ​ക്കി നടത്തിയ പുളക​പ്ര​ദ​മായ പ്രസം​ഗ​ത്തിൽ ആധുനിക നാളിലെ വേറെ ആടുക​ളും വെളി​പ്പാ​ടു 7:9-ലെ മഹാപു​രു​ഷാ​ര​വും ഒന്നുത​ന്നെ​യാ​ണെ​ന്നു​ള​ള​തി​ന്റെ തിരു​വെ​ഴു​ത്തു​പ​ര​മായ തെളിവു നൽകി. ഈ പ്രസം​ഗ​ത്തി​ന്റെ പാരമ്യ​ത്തിൽ പ്രസം​ഗകൻ “ഭൂമി​യിൽ എന്നേക്കും ജീവി​ക്കാൻ പ്രതീ​ക്ഷ​യു​ളള എല്ലാവ​രും ദയവായി എഴു​ന്നേ​റ​റു​നിൽക്കു​മോ?” എന്നു ചോദി​ച്ചു. സദസ്സിന്റെ അധിക​പ​ങ്കും എഴു​ന്നേ​ററു നിൽക്കു​മ്പോൾ പ്രസി​ഡൻറ്‌ പ്രഖ്യാ​പി​ച്ചു: “നോക്കൂ! മഹാപു​രു​ഷാ​രം!” ഒരു നിശബ്ദ​ത​ക്കു​ശേഷം ഇടിമു​ഴ​ക്കം​പോ​ലെ കരഘോ​ഷ​മു​ണ്ടാ​യി. യോഹ​ന്നാൻവർഗ​വും യോനാ​ദാബ്‌ സമൂഹ​വും എത്ര ഹർഷോൻമ​ത്ത​രാ​യി! അടുത്ത ദിവസം 840 പുതിയ സാക്ഷികൾ സ്‌നാ​പ​ന​പ്പെ​ടു​ത്ത​പ്പെട്ടു, ഇവരിൽ അധിക​പ​ങ്കും മഹാപു​രു​ഷാ​ര​മാ​ണെന്ന്‌ അവകാ​ശ​പ്പെ​ടു​ന്നവർ ആയിരു​ന്നു.

മഹാപു​രു​ഷാ​ര​ത്തി​ന്റെ താദാ​ത്മ്യം സ്ഥിരീ​ക​രി​ക്കൽ

6. (എ) മഹാപു​രു​ഷാ​രം ഭൂമി​യിൽ എന്നേക്കും ജീവി​ക്കാൻ പ്രതീ​ക്ഷി​ക്കുന്ന ആധുനിക നാളിലെ സമർപ്പിത ക്രിസ്‌ത്യാ​നി​ക​ളു​ടെ സമൂഹ​മാ​ണെന്നു നമുക്കു വ്യക്തമാ​യി മനസ്സി​ലാ​ക്കാൻ കഴിയു​ന്ന​തെ​ന്തു​കൊണ്ട്‌? (ബി) മഹാപു​രു​ഷാ​ര​ത്തി​ന്റെ വെളള അങ്കികൾ എന്തിനെ പ്രതീ​ക​പ്പെ​ടു​ത്തു​ന്നു?

6 ദൈവ​ത്തി​ന്റെ ഭൂമി​യിൽ എന്നേക്കും ജീവി​ക്കാൻ പ്രതീ​ക്ഷി​ക്കുന്ന ആധുനിക നാളിലെ സമർപ്പിത ക്രിസ്‌ത്യാ​നി​ക​ളു​ടെ ഈ സമൂഹ​മാ​ണു മഹാപു​രു​ഷാ​ര​മെന്നു നമുക്ക്‌ എങ്ങനെ വളരെ ഉറപ്പിച്ചു പറയാൻ കഴിയും? മുമ്പ്‌, “സർവ്വ​ഗോ​ത്ര​ത്തി​ലും ഭാഷയി​ലും വംശത്തി​ലും ജാതി​യി​ലും നിന്നു . . . ദൈവ​ത്തി​ന്നാ​യി വിലെക്കു വാങ്ങ”പ്പെട്ട സ്വർഗീയ സംഘത്തെ യോഹ​ന്നാൻ ദർശന​ത്തിൽ കണ്ടിരു​ന്നു. (വെളി​പ്പാ​ടു 5:9, 10) മഹാപു​രു​ഷാ​ര​ത്തി​നു സമാന​മായ ഒരു ഉത്ഭവമാ​ണു​ള​ളത്‌, എന്നാൽ ഒരു വ്യത്യസ്‌ത ഭാഗ​ധേ​യ​വും. ദൈവ​ത്തി​ന്റെ ഇസ്രാ​യേ​ലിൽനി​ന്നു വ്യത്യ​സ്‌ത​മാ​യി അവരുടെ സംഖ്യ മുൻനി​ശ്ചി​തമല്ല. എത്ര​പേ​രു​ണ്ടാ​യി​രി​ക്കു​മെന്ന്‌ ഒരു മനുഷ്യ​നും മുൻകൂ​ട്ടി പറയാൻ കഴിയില്ല. അവരുടെ അങ്കികൾ കുഞ്ഞാ​ടി​ന്റെ രക്തത്തിൽ അലക്കി വെളു​പ്പി​ക്ക​പ്പെ​ടു​ന്നു, യേശു​വി​ന്റെ യാഗത്തി​ലു​ളള തങ്ങളുടെ വിശ്വാ​സ​ത്തി​ന്റെ അടിസ്ഥാ​ന​ത്തിൽ അവർക്ക്‌ യഹോ​വ​യു​ടെ മുമ്പാകെ നീതി​യു​ളള ഒരു നില ഉണ്ടെന്നു​ള​ള​തി​നെ പ്രതീ​ക​പ്പെ​ടു​ത്തു​ന്ന​തു​തന്നെ. (വെളി​പ്പാ​ടു 7:14) തങ്ങളുടെ രാജാ​വെന്ന നിലയിൽ മിശി​ഹാ​യെ വാഴ്‌ത്തി​ക്കൊണ്ട്‌ അവർ കുരു​ത്തോല വീശു​ക​യും ചെയ്യുന്നു.

7, 8. (എ) കുരു​ത്തോല വീശൽ നിസ്സം​ശ​യ​മാ​യും അപ്പോ​സ്‌ത​ല​നായ യോഹ​ന്നാ​നെ ഏതു സംഭവങ്ങൾ ഓർമി​പ്പി​ച്ചു? (ബി) മഹാപു​രു​ഷാ​ര​ത്തിൽപ്പെ​ട്ടവർ കുരു​ത്തോല വീശു​ന്നു​വെന്ന വസ്‌തു​ത​യു​ടെ പ്രാധാ​ന്യം എന്താണ്‌?

7 യോഹ​ന്നാൻ ഈ ദർശന​ത്തിൽ നോക്കി​ക്കൊ​ണ്ടി​രി​ക്കെ, അവന്റെ ചിന്തകൾ 60 വർഷം മുമ്പത്തെ യേശു​വി​ന്റെ ഭൂമി​യി​ലെ അവസാന ആഴ്‌ച​യി​ലേക്കു പോയി​ട്ടു​ണ്ടാ​കണം. യേശു​വി​നെ യെരു​ശ​ലേ​മി​ലേക്കു സ്വാഗതം ചെയ്യാൻ പൊ.യു. 33, നീസാൻ 9-നു ജനക്കൂട്ടം തടിച്ചു​കൂ​ടി​യ​പ്പോൾ അവർ “ഈത്തപ്പ​ന​യു​ടെ കുരു​ത്തോല എടുത്തും​കൊ​ണ്ടു അവനെ എതി​രേ​ല്‌പാൻ ചെന്നു: ഹോശന്നാ, യിസ്രാ​യേ​ലി​ന്റെ രാജാ​വാ​യി കർത്താ​വി​ന്റെ നാമത്തിൽ വരുന്നവൻ വാഴ്‌ത്ത​പ്പെ​ട്ടവൻ എന്നു ആർത്തു.” (യോഹ​ന്നാൻ 12:12, 13) അതു​പോ​ലെ​തന്നെ, മഹാപു​രു​ഷാ​ര​ത്തി​ന്റെ ഭാഗത്തെ കുരു​ത്തോ​ല​വീ​ശ​ലും ആർപ്പു​വി​ളി​യും യഹോ​വ​യു​ടെ നിയമി​ത​രാ​ജാ​വെന്ന നിലയിൽ യേശു​വി​നെ അംഗീ​ക​രി​ക്കു​ന്ന​തി​ലു​ളള അവരുടെ അളവററ സന്തോഷം പ്രകട​മാ​ക്കു​ന്നു.

8 നിസ്സം​ശ​യ​മാ​യും, കുരു​ത്തോ​ല​ക​ളും ആർപ്പു​വി​ളി​യും പുരാതന ഇസ്രാ​യേ​ല്യ​രു​ടെ കൂടാ​ര​പ്പെ​രു​ന്നാ​ളി​നെ​ക്കു​റി​ച്ചും യോഹ​ന്നാ​നെ അനുസ്‌മ​രി​പ്പി​ക്കു​ന്നു. ഈ ഉത്സവത്തി​നാ​യി യഹോവ ഇപ്രകാ​രം കൽപ്പിച്ചു: “ആദ്യദി​വസം ഭംഗി​യു​ളള വൃക്ഷങ്ങ​ളു​ടെ ഫലവും ഈത്തപ്പ​ന​യു​ടെ കുരു​ത്തോ​ല​യും തഴെച്ചി​രി​ക്കുന്ന വൃക്ഷങ്ങ​ളു​ടെ കൊമ്പും ആററല​രി​യും എടുത്തു​കൊ​ണ്ടു നിങ്ങളു​ടെ ദൈവ​മായ യഹോ​വ​യു​ടെ സന്നിധി​യിൽ ഏഴു ദിവസം സന്തോ​ഷി​ക്കേണം.” കുരു​ത്തോ​ലകൾ സന്തോ​ഷ​ത്തി​ന്റെ ഒരു അടയാ​ള​മാ​യി ഉപയോ​ഗി​ക്ക​പ്പെ​ട്ടി​രു​ന്നു. താത്‌കാ​ലിക കൂടാ​രങ്ങൾ, യഹോവ ഈജി​പ്‌റ​റിൽനി​ന്നു തന്റെ ജനത്തെ രക്ഷിച്ചു മരുഭൂ​മി​യിൽ കൂടാ​ര​ങ്ങ​ളിൽ വസിക്കാൻ ഇടയാ​ക്കി​യെ​ന്നു​ള​ള​തി​ന്റെ ഒരു സ്‌മര​ണ​യാ​യി​രു​ന്നു. “പരദേ​ശി​യും അനാഥ​നും വിധവ​യും” ഈ ഉത്സവത്തിൽ പങ്കുപ​റ​റി​യി​രു​ന്നു. മുഴു ഇസ്രാ​യേ​ലും “സന്തോ​ഷി​ക്കേണ”മായി​രു​ന്നു.—ലേവ്യ​പു​സ്‌തകം 23:40; ആവർത്ത​ന​പു​സ്‌തകം 16:13-15.

9. ഏതു സന്തോ​ഷ​ക​ര​മായ ആർത്തു​വി​ളി​യിൽ മഹാപു​രു​ഷാ​രം ചേരുന്നു?

9 അപ്പോൾ, ആത്മീയ ഇസ്രാ​യേ​ലി​ന്റെ ഭാഗമ​ല്ലെ​ങ്കി​ലും മഹാപു​രു​ഷാ​രം കുരു​ത്തോല വീശു​ന്നത്‌ ഉചിത​മാ​യി​രു​ന്നു, എന്തെന്നാൽ സന്തോ​ഷ​ത്തോ​ടും നന്ദി​യോ​ടും​കൂ​ടെ അവർ രക്ഷയും വിജയ​വും ദൈവ​ത്തിൽനി​ന്നും കുഞ്ഞാ​ടിൽനി​ന്നും വരുന്ന​താ​യി കണക്കാ​ക്കു​ന്നു. യോഹ​ന്നാൻ ഇവിടെ നിരീ​ക്ഷി​ക്കു​ന്ന​തു​പോ​ലെ: “രക്ഷ എന്നുള​ളതു സിംഹാ​സ​ന​ത്തിൽ ഇരിക്കു​ന്ന​വ​നായ നമ്മുടെ ദൈവ​ത്തി​ന്റെ​യും കുഞ്ഞാ​ടി​ന്റെ​യും ദാനം എന്നു അവർ അത്യു​ച്ച​ത്തിൽ ആർത്തു​കൊ​ണ്ടി​രു​ന്നു.” (വെളി​പ്പാ​ടു 7:10) അവർ എല്ലാ ജനവർഗ​ങ്ങ​ളിൽ നിന്നും വേർതി​രി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു​വെങ്കി​ലും മഹാപു​രു​ഷാ​രം “അത്യു​ച്ച​ത്തിൽ” ഏകസ്വ​ര​ത്തിൽ ആർത്തു​വി​ളി​ക്കു​ന്നു. അവരുടെ രാഷ്‌ട്ര​ങ്ങ​ളും ഭാഷക​ളും പലതാ​യി​ട്ടു​പോ​ലും അവർക്ക്‌ ഇതെങ്ങനെ ചെയ്യാൻ കഴിയു​ന്നു?

10. രാഷ്‌ട്ര​ങ്ങ​ളു​ടെ​യും ഭാഷക​ളു​ടെ​യും ഭിന്നത​യു​ണ്ടാ​യി​രു​ന്നി​ട്ടും മഹാപു​രു​ഷാ​ര​ത്തിന്‌ “അത്യു​ച്ചത്തി”ൽ ഒററ​ക്കെ​ട്ടാ​യി ആർത്തു വിളി​ക്കാൻ കഴിയു​ന്ന​തെ​ന്തു​കൊണ്ട്‌?

10 ഈ മഹാപു​രു​ഷാ​രം ഇന്നു ഭൂമി​യി​ലു​ളള യഥാർഥ​ത്തിൽ ഏകീകൃ​ത​മായ ഒരേ​യൊ​രു ബഹുരാ​ഷ്‌ട്ര​സ്ഥാ​പ​ന​ത്തി​ന്റെ ഭാഗമാണ്‌. അവർക്കു പല രാജ്യ​ങ്ങ​ളി​ലേ​ക്കാ​യി പല നിലവാ​രങ്ങൾ ഇല്ല, എന്നാൽ അവർ എവിടെ ജീവി​ച്ചാ​ലും യോജി​പ്പോ​ടെ ബൈബി​ളി​ലെ ശരിയായ തത്ത്വങ്ങൾ ബാധക​മാ​ക്കു​ന്നു. അവർ ദേശീയ വിപ്ലവ​പ്ര​സ്ഥാ​ന​ങ്ങ​ളിൽ ഉൾപ്പെ​ടു​ന്നില്ല, എന്നാൽ സത്യമാ​യും ‘വാളു​കളെ കൊഴു​ക്ക​ളാ​യി അടിച്ചു​തീർത്തി​രി​ക്കു​ന്നു.’ (യെശയ്യാ​വു 2:4) ക്രൈ​സ്‌ത​വ​ലോ​ക​ത്തി​ലെ മതങ്ങൾ ചെയ്യു​ന്ന​തു​പോ​ലെ കുഴഞ്ഞ​തോ പരസ്‌പര വിരു​ദ്ധ​മോ ആയ ദൂതുകൾ ഘോഷി​ക്ക​ത്ത​ക്ക​വണ്ണം അവർ വിഭാ​ഗ​ങ്ങ​ളോ വകുപ്പു​ക​ളോ ആയി ഭിന്നി​ച്ചി​രി​ക്കു​ന്നില്ല; തങ്ങൾക്കു​വേണ്ടി ഈ സ്‌തുതി നടത്താൻ ഒരു ഉദ്യോ​ഗസ്ഥ വൈദി​ക​വർഗ​ത്തിന്‌ അവർ അതു വിട്ടു​കൊ​ടു​ക്കു​ന്നു​മില്ല. അവർ ഒരു ത്രിത്വ ദൈവ​ത്തി​ന്റെ ദാസര​ല്ലാ​ത്ത​തു​കൊണ്ട്‌, അവർ രക്ഷക്കായി പരിശു​ദ്ധാ​ത്മാ​വി​നോ​ടു കടപ്പെ​ട്ടി​രി​ക്കു​ന്നു​വെന്ന്‌ ആർത്തു​വി​ളി​ക്കു​ന്നില്ല. അവർ സത്യത്തി​ന്റെ ഏക നിർമ​ല​ഭാഷ സംസാ​രി​ക്കു​മ്പോൾ ഭൂമി​ശാ​സ്‌ത്ര​പ​ര​മാ​യി അവർ ഏതാണ്ട്‌ 200 പ്രദേ​ശ​ങ്ങ​ളിൽ ഭൂമി​യി​ലെ​മ്പാ​ടും കഴിയു​ന്നെ​ങ്കി​ലും യഹോ​വ​യു​ടെ നാമം വിളി​ച്ച​പേ​ക്ഷി​ക്കു​ന്ന​തിൽ അവർ ഒററ​ക്കെ​ട്ടാണ്‌. (സെഫന്യാ​വു 3:9) ഉചിത​മാ​യും, അവർ തങ്ങളുടെ രക്ഷ, രക്ഷയുടെ ദൈവ​മായ യഹോ​വ​യിൽനിന്ന്‌ അവന്റെ രക്ഷയുടെ മുഖ്യ​കാ​ര്യ​സ്ഥ​നായ യേശു​ക്രി​സ്‌തു മുഖാ​ന്തരം വരുന്നു​വെന്നു പരസ്യ​മാ​യി സമ്മതി​ക്കു​ന്നു.—സങ്കീർത്തനം 3:8; എബ്രായർ 2:10.

11. അവരുടെ ഉച്ചത്തി​ലു​ളള ശബ്ദം കൂടുതൽ ഉച്ചത്തി​ലാ​ക്കാൻ മഹാപു​രു​ഷാ​ര​ത്തിൽ പെട്ടവരെ ആധുനിക സാങ്കേ​തി​ക​വി​ദ്യ സഹായി​ച്ചി​രി​ക്കു​ന്ന​തെ​ങ്ങനെ?

11 ഏകീകൃത മഹാപു​രു​ഷാ​ര​ത്തി​ന്റെ ഉച്ചത്തി​ലു​ളള ശബ്ദം കൂടുതൽ ഉച്ചത്തി​ലാ​യി​ത്തീ​രാൻ ആധുനിക സാങ്കേ​തി​ക​വി​ദ്യ സഹായി​ച്ചി​രി​ക്കു​ന്നു. ഭൂമി​യിൽ മറെറാ​രു മതസമൂ​ഹ​ത്തി​നും ബൈബിൾ പഠനസ​ഹാ​യി​കൾ 200-ലധികം ഭാഷക​ളിൽ പ്രസി​ദ്ധീ​ക​രി​ക്കേണ്ട ആവശ്യ​മില്ല, എന്തു​കൊ​ണ്ടെ​ന്നാൽ മറെറാ​രു കൂട്ടവും ഒരു ഏകീകൃത ദൂതു​മാ​യി ഭൂമി​യി​ലെ എല്ലാ ആളുക​ളെ​യും സമീപി​ക്കു​ന്ന​തിൽ തത്‌പ​രരല്ല. ഇതിനു​ളള കൂടു​ത​ലായ ഒരു സഹായ​മാ​യി യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ അഭിഷിക്ത ഭരണസം​ഘ​ത്തി​ന്റെ മേൽനോ​ട്ട​ത്തിൽ ഒരു ബഹുഭാ​ഷാ ഇലക്‌​ട്രോ​ണിക്‌ ഫോട്ടോ ടൈപ്പ്‌ സെററിങ്‌ സിസ്‌ററം (മെപ്‌സ്‌) വികസി​പ്പി​ക്ക​പ്പെട്ടു. ഈ പുസ്‌തകം എഴുതുന്ന സമയത്തു മെപ്‌സ്‌ സംവി​ധാ​നം ഉപയോ​ഗിച്ച്‌ 100-ലധികം രാജ്യ​ങ്ങ​ളിൽ പരിഭാ​ഷ​പ്പെ​ടു​ത്തിയ പാഠം അച്ചടി​ക്കാൻ തയ്യാറാ​ക്ക​പ്പെ​ടു​ന്നു. അവരുടെ മുഖ്യ അർധമാ​സി​ക​യായ വീക്ഷാ​ഗോ​പു​രം 85-ഓളം ഭാഷക​ളിൽ ഏകകാ​ലി​ക​മാ​യി പ്രസി​ദ്ധീ​ക​രി​ക്കാൻ ഇതു സഹായി​ച്ചി​രി​ക്കു​ന്നു. യഹോ​വ​യു​ടെ ജനം ഇതു​പോ​ലു​ളള പുസ്‌ത​ക​ങ്ങ​ളും ഏകകാ​ലി​ക​മാ​യി അനേക ഭാഷക​ളിൽ പ്രസി​ദ്ധീ​ക​രി​ക്കു​ന്നു. അങ്ങനെ ബഹുഭൂ​രി​പ​ക്ഷ​വും മഹാപു​രു​ഷാ​ര​മാ​കുന്ന യഹോ​വ​യു​ടെ സാക്ഷി​കൾക്കു കോടി​ക്ക​ണ​ക്കി​നു പ്രസി​ദ്ധീ​ക​ര​ണങ്ങൾ ഏറെ നന്നായി അറിയ​പ്പെ​ടുന്ന എല്ലാ ഭാഷക​ളി​ലും ഓരോ വർഷവും വിതരണം ചെയ്യാൻ കഴിയു​ന്നു, ദൈവ​വ​ചനം പഠിക്കു​ന്ന​തി​നും മഹാപു​രു​ഷാ​ര​ത്തി​ന്റെ ഉച്ചസ്വ​ര​ത്തോ​ടു തങ്ങളുടെ ശബ്ദങ്ങൾ കൂട്ടു​ന്ന​തി​നും എല്ലാ ഗോ​ത്ര​ങ്ങ​ളി​ലും ഭാഷക​ളി​ലു​മു​ളള കൂടുതൽ ജനസമൂ​ഹ​ങ്ങളെ പ്രാപ്‌ത​രാ​ക്കി​ക്കൊ​ണ്ടു​തന്നെ.—യെശയ്യാ​വു 42:10, 12.

സ്വർഗ​ത്തി​ലോ ഭൂമി​യി​ലോ?

12, 13. മഹാപു​രു​ഷാ​രം “സിംഹാ​സ​ന​ത്തി​ന്നും കുഞ്ഞാ​ടി​ന്നും മുമ്പാകെ നില്‌ക്കു​ന്നതു” ഏതു വിധത്തിൽ?

12 “സിംഹാ​സ​ന​ത്തി​ന്നു . . . മുമ്പാകെ നിൽക്കു​ന്നതു” മഹാപു​രു​ഷാ​രം സ്വർഗ​ത്തി​ലാ​ണെന്ന്‌ അർഥമാ​ക്കു​ന്നി​ല്ലെന്നു നാം എങ്ങനെ അറിയു​ന്നു? ഈ ആശയത്തി​നു വളരെ വ്യക്തമായ തെളി​വുണ്ട്‌. ഉദാഹ​ര​ണ​ത്തിന്‌, “മുമ്പാകെ” എന്ന്‌ ഇവിടെ വിവർത്തനം ചെയ്‌തി​രി​ക്കുന്ന ഗ്രീക്കു വാക്ക്‌ (ഇനോ​പി​യോൻ) അക്ഷരാർഥ​ത്തിൽ “ദൃഷ്ടി​യിൽ” എന്നർഥ​മാ​ക്കു​ന്നു. യഹോ​വ​യു​ടെ “മുമ്പാകെ” അഥവാ “ദൃഷ്ടി​യിൽ” ഇവിടെ ഭൂമി​യിൽ നിൽക്കുന്ന മനുഷ്യ​രെ സംബന്ധിച്ച്‌ ഈ വാക്കു പല പ്രാവ​ശ്യം ഉപയോ​ഗി​ക്ക​പ്പെ​ടു​ന്നു. (1 തിമൊ​ഥെ​യൊസ്‌ 5:21; 2 തിമൊ​ഥെ​യൊസ്‌ 2:14; റോമർ 14:22; ഗലാത്യർ 1:20) ഒരു സന്ദർഭ​ത്തിൽ ഇസ്രാ​യേ​ല്യർ മരുഭൂ​മി​യി​ലാ​യി​രു​ന്ന​പ്പോൾ മോശ അഹരോ​നോ​ടു പറഞ്ഞു: “യഹോ​വ​യു​ടെ മുമ്പാകെ അടുത്തു വരുവിൻ; എന്തെന്നാൽ അവൻ നിങ്ങളു​ടെ പിറു​പി​റു​പ്പു കേട്ടി​രി​ക്കു​ന്നു എന്നു യിസ്രാ​യേൽ മക്കളുടെ സർവ്വസം​ഘ​ത്തോ​ടും പറക.” (പുറപ്പാ​ടു 16:9) ആ സന്ദർഭ​ത്തിൽ യഹോ​വ​യു​ടെ മുമ്പാകെ നിൽക്കു​ന്ന​തിന്‌ ഇസ്രാ​യേ​ല്യർ സ്വർഗ​ത്തി​ലേക്കു മാററ​പ്പെ​ടേ​ണ്ട​തി​ല്ലാ​യി​രു​ന്നു. (താരത​മ്യം ചെയ്യുക: ലേവ്യ​പു​സ്‌തകം 24:8.) പകരം, അവിടെ മരുഭൂ​മി​യിൽത്തന്നെ, അവർ യഹോ​വ​യു​ടെ ദൃഷ്ടി​യിൽ നിന്നു, അവന്റെ ശ്രദ്ധ അവരു​ടെ​മേൽ ഉണ്ടായി​രു​ന്നു.

13 കൂടു​ത​ലാ​യി നാം വായി​ക്കു​ന്നു: “മനുഷ്യ​പു​ത്രൻ തന്റെ തേജ​സ്സോ​ടെ . . . വരു​മ്പോൾ . . . സകല ജാതി​ക​ളെ​യും അവന്റെ മുമ്പിൽ കൂട്ടും.” c ഈ പ്രവചനം നിറ​വേ​റു​മ്പോൾ മുഴു മനുഷ്യ​വർഗ​വും സ്വർഗ​ത്തി​ലല്ല. തീർച്ച​യാ​യും “നിത്യ​ഛേ​ദ​ന​ത്തി​ലേക്കു പോകു​ന്നവർ” [NW] സ്വർഗ​ത്തി​ലല്ല. (മത്തായി 25:31-33, 41, 46) പകരം, മനുഷ്യ​വർഗം യേശു​വി​ന്റെ ദൃഷ്ടി​യിൽ ഭൂമി​യിൽ നിൽക്കു​ന്നു, അവരെ ന്യായം വിധി​ക്കു​ന്ന​തിന്‌ അവൻ തന്റെ ശ്രദ്ധ തിരി​ക്കു​ന്നു. അതു​പോ​ലെ​തന്നെ, മഹാപു​രു​ഷാ​രം യഹോ​വ​യു​ടെ​യും അവന്റെ രാജാ​വായ യേശു​ക്രി​സ്‌തു​വി​ന്റെ​യും ദൃഷ്ടി​യിൽ നിൽക്കു​ന്ന​തി​നാൽ അത്‌ “സിംഹാ​സ​ന​ത്തി​ന്നും കുഞ്ഞാ​ടി​ന്നും മുമ്പാകെ” ആകുന്നു. ക്രിസ്‌തു​വിൽനിന്ന്‌ അതിന്‌ അനുകൂ​ല​മായ ഒരു വിധി ലഭിക്കു​ന്നു.

14. (എ) “സിംഹാ​സ​ന​ത്തി​ന്റെ ചുററി​ലും” [സ്വർഗീയ] ‘സീയോൻ മലയി​ലും’ ആയിരി​ക്കു​ന്ന​താ​യി വർണി​ക്ക​പ്പെ​ടു​ന്ന​താർ? (ബി) മഹാപു​രു​ഷാ​രം ദൈവത്തെ “അവന്റെ ആലയത്തിൽ” സേവി​ക്കു​ന്നെ​ങ്കി​ലും ഇത്‌ അവരെ ഒരു പുരോ​ഹി​ത​വർഗ​മാ​ക്കാ​ത്തത്‌ എന്തു​കൊണ്ട്‌?

14 ഇരുപ​ത്തി​നാ​ലു മൂപ്പൻമാ​രും 1,44,000 ആകുന്ന അഭിഷിക്ത സംഘവും യഹോ​വ​യു​ടെ “സിംഹാ​സ​ന​ത്തി​ന്റെ ചുററി​ലും” [സ്വർഗീയ] ‘സീയോൻ മലയി​ലും’ ആയിരി​ക്കു​ന്ന​താ​യി വർണി​ക്ക​പ്പെ​ടു​ന്നു. (വെളി​പ്പാ​ടു 4:4; 14:1) മഹാപു​രു​ഷാ​രം ഒരു പുരോ​ഹി​ത​വർഗമല്ല, ആ ഉന്നതസ്ഥാ​നം നേടു​ന്നില്ല. അതു ദൈവത്തെ “അവന്റെ ആലയത്തിൽ” സേവി​ക്കു​ന്ന​താ​യി പിന്നീടു വെളി​പ്പാ​ടു 7:15-ൽ വർണി​ക്കു​ന്നു​വെ​ന്നതു സത്യം തന്നെ. എന്നാൽ ഈ ആലയം അതിവി​ശു​ദ്ധ​മാ​കുന്ന അന്തർമ​ന്ദി​രത്തെ പരാമർശി​ക്കു​ന്നില്ല. പിന്നെ​യോ അതു ദൈവ​ത്തി​ന്റെ ആത്മീയ ആലയത്തി​ന്റെ ഭൗമിക പ്രാകാ​ര​മാണ്‌. ഇവിടെ “ആലയം” എന്നു വിവർത്തനം ചെയ്‌തി​രി​ക്കുന്ന നാവോസ്‌ എന്ന ഗ്രീക്കു പദം മിക്ക​പ്പോ​ഴും യഹോ​വ​യു​ടെ ആരാധ​ന​ക്കു​വേണ്ടി ഉയർത്ത​പ്പെട്ട മുഴു സൗധവും എന്ന വിശാ​ല​മായ ഒരർഥം നൽകുന്നു. ഇന്ന്‌, ഇതു സ്വർഗ​വും ഭൂമി​യും ഉൾപ്പെ​ടുന്ന ഒരു ആത്മീയ ഘടനയാണ്‌.—താരത​മ്യം ചെയ്യുക: മത്തായി 26:61; 27:5, 39, 40; മർക്കൊസ്‌ 15:29, 30; യോഹ​ന്നാൻ 2:19-21, ന്യൂ വേൾഡ്‌ ട്രാൻസ്‌ലേഷൻ റഫറൻസ്‌ ബൈബിൾ, അടിക്കു​റിപ്പ്‌.

ഒരു സാർവ​ത്രിക സ്‌തു​തി​ഘോ​ഷം

15, 16. (എ) മഹാപു​രു​ഷാ​ര​ത്തി​ന്റെ പ്രത്യ​ക്ഷ​ത​യോ​ടു​ളള സ്വർഗ​ത്തി​ലെ പ്രതി​ക​രണം എന്താണ്‌? (ബി) ദൈ​വോ​ദേ​ശ്യ​ത്തി​ന്റെ ഓരോ പുതിയ വെളി​പാ​ടി​നോ​ടും യഹോ​വ​യു​ടെ ആത്മസൃഷ്ടി എങ്ങനെ പ്രതി​ക​രി​ക്കു​ന്നു? (സി) ഭൂമി​യി​ലു​ളള നമുക്ക്‌ ആ സ്‌തു​തി​ഗീ​ത​ത്തിൽ എങ്ങനെ ചേരാൻ കഴിയും?

15 മഹാപു​രു​ഷാ​രം യഹോ​വയെ സ്‌തു​തി​ക്കു​ക​യാണ്‌, എന്നാൽ മററു​ള​ള​വ​രും അവനു സ്‌തു​തി​കൾ പാടുന്നു. യോഹ​ന്നാൻ റിപ്പോർട്ടു ചെയ്യുന്നു: “സകലദൂ​തൻമാ​രും സിംഹാ​സ​ന​ത്തി​ന്റെ​യും മൂപ്പൻമാ​രു​ടെ​യും നാലു ജീവി​ക​ളു​ടെ​യും ചുററും നിന്നു സിംഹാ​സ​ന​ത്തി​ന്റെ മുമ്പിൽ കവിണ്ണു​വീ​ണു; ആമേൻ; നമ്മുടെ ദൈവ​ത്തി​ന്നു എന്നെ​ന്നേ​ക്കും സ്‌തു​തി​യും മഹത്വ​വും ജ്ഞാനവും സ്‌തോ​ത്ര​വും ബഹുമാ​ന​വും ശക്തിയും ബലവും; ആമേൻ എന്നു പറഞ്ഞു ദൈവത്തെ നമസ്‌ക​രി​ച്ചു.”—വെളി​പ്പാ​ടു 7:11, 12.

16 യഹോവ ഭൂമിയെ സൃഷ്ടി​ച്ച​പ്പോൾ അവന്റെ വിശുദ്ധ ദൂതൻമാ​രെ​ല്ലാം “ഘോഷി​ച്ചു​ല്ല​സി​ക്ക​യും ദൈവ​പു​ത്രൻമാ​രെ​ല്ലാം സന്തോ​ഷി​ച്ചാർക്കു​ക​യും” ചെയ്‌തു. (ഇയ്യോബ്‌ 38:6) യഹോ​വ​യു​ടെ ഉദ്ദേശ്യ​ത്തി​ന്റെ ഓരോ പുതിയ വെളി​പാ​ടും ദൂതൻമാ​രു​ടെ സമാന​മായ സ്‌തു​തി​ഘോ​ഷ​ങ്ങളെ ഉണർത്തി​യി​ട്ടു​ണ്ടാ​കണം. ഇരുപ​ത്തി​നാ​ലു മൂപ്പൻമാർ—തങ്ങളുടെ സ്വർഗീയ മഹത്ത്വ​ത്തിൽ ആയ 1,44,000—കുഞ്ഞാ​ടി​നെ അംഗീ​ക​രി​ച്ചു​കൊണ്ട്‌ ഉച്ചത്തിൽ ആർക്കു​മ്പോൾ ദൈവ​ത്തി​ന്റെ മറെറല്ലാ സ്വർഗീയ ജീവി​ക​ളും ദൈവ​ത്തി​നും യേശു​ക്രി​സ്‌തു​വി​നു​മു​ളള സ്‌തു​തി​ക​ളു​മാ​യി അവരോ​ടു ചേരുന്നു. (വെളി​പ്പാ​ടു 5:9-14) ഇതിനകം, ആത്മമണ്ഡ​ല​ത്തിൽ മഹത്ത്വ​മാർന്ന ഒരു സ്ഥാന​ത്തേക്കു വിശ്വ​സ്‌ത​രായ അഭിഷിക്ത മനുഷ്യ​രെ യഹോവ പുനരു​ത്ഥാ​ന​പ്പെ​ടു​ത്തി​യ​തിൽ, അവന്റെ ഉദ്ദേശ്യ​ത്തി​ന്റെ നിവൃത്തി കണ്ട്‌ ഈ ജീവികൾ അത്യധി​കം സന്തോ​ഷി​ക്കു​ന്നു. ഇപ്പോൾ മഹാപു​രു​ഷാ​രം പ്രത്യ​ക്ഷ​പ്പെ​ടു​മ്പോൾ യഹോ​വ​യു​ടെ വിശ്വസ്‌ത സ്വർഗീയ ജീവി​ക​ളെ​ല്ലാം സ്വ​രൈ​ക്യ​ത്തോ​ടെ സ്‌തു​തി​ച്ചു​കൊ​ണ്ടു പൊട്ടി​യാർക്കു​ന്നു. സത്യമാ​യും, കർത്താ​വി​ന്റെ ദിവസം യഹോ​വ​യു​ടെ എല്ലാ ദാസർക്കും ജീവി​ച്ചി​രി​ക്കു​ന്ന​തി​നു പുളക​പ്ര​ദ​മായ ഒരു കാലമാണ്‌. (വെളി​പ്പാ​ടു 1:10) ഇവിടെ ഭൂമി​യിൽ, യഹോ​വ​യു​ടെ രാജ്യ​ത്തി​നു സാക്ഷ്യം നൽകി​ക്കൊ​ണ്ടു സ്‌തു​തി​ഗീ​ത​ത്തിൽ പങ്കെടു​ക്കു​ന്ന​തി​നു നാം എത്ര പദവി​യു​ള​ള​വ​രാണ്‌!

മഹാപു​രു​ഷാ​രം പ്രത്യ​ക്ഷ​പ്പെ​ടു​ന്നു

17. (എ) ഇരുപ​ത്തി​നാ​ലു മൂപ്പൻമാ​രിൽ ഒരാൾ ഏതു ചോദ്യം ഉന്നയി​ക്കു​ന്നു, മൂപ്പന്‌ ഉത്തരം കണ്ടെത്താൻ കഴിഞ്ഞു​വെ​ന്നത്‌ എന്തു സൂചി​പ്പി​ക്കു​ന്നു? (ബി) മൂപ്പന്റെ ചോദ്യ​ത്തിന്‌ എപ്പോൾ ഉത്തരം നൽക​പ്പെട്ടു?

17 യോഹ​ന്നാ​ന്റെ കാലം മുതൽ കർത്താ​വി​ന്റെ ദിവസ​ത്തി​ലേക്കു കടന്നു കഴിഞ്ഞും അഭിഷിക്ത ക്രിസ്‌ത്യാ​നി​കൾ മഹാപു​രു​ഷാ​ര​ത്തി​ന്റെ തിരി​ച്ച​റി​യൽ സംബന്ധി​ച്ചു കുഴഞ്ഞ​വ​രാ​യി​രു​ന്നു. അപ്പോൾ സ്വർഗ​ത്തിൽ എത്തിക്ക​ഴിഞ്ഞ അഭിഷി​ക്തരെ പ്രതി​നി​ധാ​നം ചെയ്‌ത്‌ 24 മൂപ്പൻമാ​രിൽ ഒരാൾ യുക്തമായ ഒരു ചോദ്യം ചോദിച്ച്‌ യോഹ​ന്നാ​ന്റെ ചിന്തയെ ഉണർത്തു​ന്നത്‌ ഉചിത​മാണ്‌. “മൂപ്പൻമാ​രിൽ ഒരുത്തൻ എന്നോടു: വെളള​നി​ല​യങ്കി ധരിച്ചി​രി​ക്കുന്ന ഇവർ ആർ? എവിടെ നിന്നു വന്നു എന്നു ചോദി​ച്ചു. യജമാനൻ അറിയു​മ​ല്ലോ എന്നു ഞാൻ പറഞ്ഞതി​ന്നു”. (വെളി​പ്പാ​ടു 7:13, 14എ) അതെ, ആ മൂപ്പന്‌ ഉത്തരം കണ്ടെത്താ​നും യോഹ​ന്നാ​നു നൽകാ​നും കഴിയു​മാ​യി​രു​ന്നു. ഇരുപ​ത്തി​നാ​ലു മൂപ്പൻമാ​രു​ടെ സംഘത്തിൽ പുനരു​ത്ഥാ​നം പ്രാപി​ച്ചവർ ഇന്നു ദിവ്യ​സ​ത്യ​ങ്ങൾ അറിയി​ക്കു​ന്ന​തിൽ ഉൾപ്പെ​ട്ടി​രു​ന്നേ​ക്കാ​മെന്ന്‌ ഇതു സൂചി​പ്പി​ക്കു​ന്നു. ഭൂമി​യി​ലു​ളള യോഹ​ന്നാൻവർഗത്തെ സംബന്ധി​ച്ച​ട​ത്തോ​ളം, യഹോവ അവരു​ടെ​യി​ട​യിൽ ചെയ്‌തു​കൊ​ണ്ടി​രുന്ന കാര്യങ്ങൾ അടുത്തു നിരീ​ക്ഷി​ച്ച​തി​നാൽ അവർക്കു മഹാപു​രു​ഷാ​ര​ത്തി​ന്റെ താദാ​ത്മ്യം മനസ്സി​ലാ​ക്കാൻ കഴിഞ്ഞു. യഹോ​വ​യു​ടെ തക്കസമ​യത്ത്‌, 1935-ൽ ദിവ്യാ​ധി​പത്യ നഭോ​മ​ണ്ഡ​ല​ത്തിൽ അറിയി​ക്ക​പ്പെട്ട ദിവ്യ​വെ​ളി​ച്ച​ത്തി​ന്റെ ഉജ്ജ്വല​മായ മിന്നലി​നെ അവർ പെട്ടെന്നു വിലമ​തി​ച്ചു.

18, 19. (എ) യോഹ​ന്നാൻവർഗം 1920-കളിലും 1930-കളിലും ഏതു പ്രത്യാശ ഊന്നി​പ്പ​റഞ്ഞു, എന്നാൽ വർധിച്ച അളവിൽ ആരാണ്‌ ദൂതി​നോ​ടു പ്രതി​ക​രി​ച്ചത്‌? (ബി) മഹാപു​രു​ഷാ​ര​ത്തി​ന്റെ 1935-ലെ തിരി​ച്ച​റി​യി​ക്കൽ 1,44,000-ത്തെ സംബന്ധിച്ച്‌ എന്തു സൂചി​പ്പി​ച്ചു? (സി) സ്‌മാരക സ്ഥിതി​വി​വ​ര​ക്ക​ണക്ക്‌ എന്തു വെളി​പ്പെ​ടു​ത്തു​ന്നു?

18 യോഹ​ന്നാൻവർഗം 1920-കളിലും 1930-കളുടെ ആദ്യഭാ​ഗ​ത്തും പ്രസി​ദ്ധീ​ക​ര​ണ​ങ്ങ​ളി​ലും പ്രസം​ഗ​വേ​ല​യി​ലും സ്വർഗീയ പ്രത്യാശ ഊന്നി​പ്പ​റ​ഞ്ഞി​രു​ന്നു. പ്രത്യ​ക്ഷ​ത്തിൽ, 1,44,000-ത്തിന്റെ പൂർണ​സം​ഖ്യ അപ്പോ​ഴും തികയാ​നു​ണ്ടാ​യി​രു​ന്നു. എന്നാൽ ദൂതിനു ചെവി​കൊ​ടു​ക്കു​ക​യും സാക്ഷ്യ​വേ​ല​യിൽ തീക്ഷ്‌ണത പ്രകട​മാ​ക്കു​ക​യും ചെയ്‌ത​വ​രിൽ വർധി​ച്ചു​വ​രുന്ന ഒരു സംഖ്യ പറുദീ​സാ ഭൂമി​യിൽ എന്നേക്കും ജീവി​ക്കു​ന്ന​തി​നു​ളള താത്‌പ​ര്യം വെച്ചു​പു​ലർത്താ​നി​ട​യാ​യി. അവർക്കു സ്വർഗ​ത്തിൽ പോകാൻ ആഗ്രഹം ഇല്ലായി​രു​ന്നു. അതല്ലാ​യി​രു​ന്നു അവരുടെ വിളി. അവർ ചെറിയ ആട്ടിൻകൂ​ട്ട​ത്തി​ന്റെ ഭാഗമ​ല്ലാ​യി​രു​ന്നു, പിന്നെ​യോ വേറെ ആടുക​ളു​ടെ ഭാഗമാ​യി​രു​ന്നു. (ലൂക്കൊസ്‌ 12:32; യോഹ​ന്നാൻ 10:16) അവർ 1935-ൽ വേറെ ആടുക​ളു​ടെ മഹാപു​രു​ഷാ​ര​മെന്ന നിലയിൽ തിരി​ച്ച​റി​യി​ക്ക​പ്പെ​ട്ടത്‌ 1,44,000-ത്തിന്റെ തിര​ഞ്ഞെ​ടുപ്പ്‌ ഏതാണ്ടു പൂർത്തി​യാ​യി എന്നതിന്റെ ഒരു സൂചന​യാ​യി​രു​ന്നു.

19 ഈ നിഗമ​നത്തെ സ്ഥിതി​വി​വ​ര​ക്ക​ണക്കു പിന്താ​ങ്ങു​ന്നു​വോ? ഉവ്വ്‌. യഹോ​വ​യു​ടെ 59,047 സാക്ഷികൾ 1938-ൽ ശുശ്രൂ​ഷ​യിൽ പങ്കുപ​ററി. ഇവരിൽ 36,732 പേർ യേശു​വി​ന്റെ മരണത്തി​ന്റെ വാർഷിക സ്‌മാ​ര​കാ​ഘോ​ഷ​ത്തിൽ ചിഹ്നങ്ങ​ളിൽ പങ്കുപ​ററി, അങ്ങനെ അവർക്ക്‌ ഒരു സ്വർഗീയ വിളി​യു​ണ്ടെന്നു സൂചി​പ്പി​ച്ചു​കൊ​ണ്ടു​തന്നെ. അന്നു മുതലു​ളള വർഷങ്ങ​ളിൽ പങ്കുപ​റ​റു​ന്ന​വ​രു​ടെ എണ്ണം ക്രമേണ കുറഞ്ഞു​വ​ന്നി​രി​ക്കു​ന്നു, മുഖ്യ​മാ​യും യഹോ​വ​യു​ടെ വിശ്വ​സ്‌ത​സാ​ക്ഷി​കൾ മരണത്തിൽ തങ്ങളുടെ ഭൗമി​ക​ഗതി അവസാ​നി​പ്പി​ച്ച​തി​നാൽത്തന്നെ. 1993-ൽ സ്‌മാരക ചിഹ്നങ്ങ​ളിൽ 8,693 പേർ മാത്രമേ പങ്കുപ​റ​റി​യു​ളളൂ—ഗോള​മാ​സ​കലം ആ ആചരണ​ത്തിൽ ഹാജരായ 1,18,65,765 പേരുടെ വെറും 0.1 ശതമാ​ന​ത്തിൽ കുറവു മാത്രം.

20. (എ) രണ്ടാം ലോക​മ​ഹാ​യു​ദ്ധ​കാ​ലത്തു സൊ​സൈ​റ​റി​യു​ടെ പ്രസി​ഡൻറ്‌ മഹാപു​രു​ഷാ​ര​ത്തെ​ക്കു​റി​ച്ചു സ്വകാ​ര്യ​മാ​യി എന്തഭി​പ്രാ​യം പറഞ്ഞു? (ബി) മഹാപു​രു​ഷാ​രം വലിയ ഒന്നാ​ണെന്ന്‌ ഏതു വസ്‌തു​തകൾ ഇപ്പോൾ തെളി​യി​ക്കു​ന്നു?

20 രണ്ടാം ലോക​മ​ഹാ​യു​ദ്ധം പൊട്ടി​പ്പു​റ​പ്പെ​ട്ട​പ്പോൾ മഹാപു​രു​ഷാ​ര​ത്തി​ന്റെ കൊയ്‌ത്തി​നു വിരാ​മ​മി​ടാൻ സാത്താൻ കഠിന​ശ്രമം ചെയ്‌തു. അനേകം രാജ്യ​ങ്ങ​ളിൽ യഹോ​വ​യു​ടെ വേല നിയ​ന്ത്രി​ക്ക​പ്പെട്ടു. ആ ഇരുണ്ട നാളു​ക​ളിൽ, 1942 ജനുവ​രി​യി​ലെ തന്റെ മരണത്തി​നു തൊട്ടു​മു​മ്പു വാച്ച്‌ ടവർ സൊ​സൈ​റ​റി​യു​ടെ പ്രസി​ഡൻറാ​യി​രുന്ന ജെ. എഫ്‌. റതർഫോർഡ്‌ ഇപ്രകാ​രം പറയു​ന്ന​താ​യി കേട്ടു: “മഹാപു​രു​ഷാ​രം ഏതായാ​ലും വളരെ വലുതാ​കാൻ പോകു​ന്നി​ല്ലെന്നു തോന്നു​ന്നു.” എന്നാൽ ദിവ്യ അനു​ഗ്രഹം മറിച്ചാ​യി​രു​ന്നു! ലോക​വ്യാ​പ​ക​മാ​യി ശുശ്രൂ​ഷ​ചെ​യ്യുന്ന സാക്ഷി​ക​ളു​ടെ എണ്ണം 1946 ആയപ്പോ​ഴേ​ക്കും 1,76,456 ആയി കുതി​ച്ചു​യർന്നു—ഇവരിൽ മിക്കവ​രും മഹാപു​രു​ഷാ​രം ആയിരു​ന്നു. 1993-ൽ 231 വ്യത്യസ്‌ത ദേശങ്ങ​ളി​ലാ​യി യഹോ​വയെ വിശ്വ​സ്‌ത​ത​യോ​ടെ സേവി​ക്കുന്ന 47,09,889 സാക്ഷികൾ ഉണ്ടായി​രു​ന്നു—സത്യമാ​യും ഒരു മഹാപു​രു​ഷാ​രം! ആ സംഖ്യ വർധി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്നു.

21. (എ) കർത്താ​വി​ന്റെ ദിവസ​ത്തി​ലെ ദൈവ​ജ​ന​ത്തി​ന്റെ കൊയ്‌ത്ത്‌ യോഹ​ന്നാ​ന്റെ ദർശന​ത്തോ​ടു പൂർണ യോജി​പ്പി​ലാ​യി​രി​ക്കു​ന്ന​തെ​ങ്ങനെ? (ബി) ചില പ്രധാ​ന​പ്പെട്ട പ്രവച​നങ്ങൾ എങ്ങനെ നിവൃ​ത്തി​യേ​റാൻ തുടങ്ങി?

21 കർത്താ​വി​ന്റെ ദിവസ​ത്തി​ലെ ദൈവ​ജ​ന​ത്തി​ന്റെ കൊയ്‌ത്ത്‌ അങ്ങനെ യോഹ​ന്നാ​ന്റെ ദർശന​ത്തോ​ടു പൂർണ യോജി​പ്പി​ലാ​യി​രി​ക്കു​ന്നു: ആദ്യം 1,44,000-ത്തിന്റെ ശേഷി​ക്കുന്ന അംഗങ്ങ​ളു​ടെ കൂട്ടി​ച്ചേർക്കൽ വേല; പിന്നീടു മഹാപു​രു​ഷാ​ര​ത്തി​ന്റെ കൂട്ടി​ച്ചേർക്കൽ. യെശയ്യാവ്‌ പ്രവചി​ച്ച​തു​പോ​ലെ, ഇപ്പോൾ “അന്ത്യകാ​ലത്തു” എല്ലാ ജനതക​ളി​ലെ​യും ആളുകൾ യഹോ​വ​യു​ടെ സത്യാ​രാ​ധ​ന​യിൽ പങ്കെടു​ക്കാൻ ഒഴുകി​യെ​ത്തു​ക​യാണ്‌. വാസ്‌ത​വ​ത്തിൽ, യഹോ​വ​യു​ടെ ‘പുതിയ ആകാശ​ത്തി​ന്റെ​യും പുതിയ ഭൂമി​യു​ടെ​യും’ സൃഷ്ടി​യോ​ടു​ളള വിലമ​തി​പ്പിൽ നാം മോദി​ക്കു​ന്നു. (യെശയ്യാ​വു 2:2-4; 65:17, 18) ദൈവം “സ്വർഗ്ഗ​ത്തി​ലും ഭൂമി​യി​ലു​മു​ള​ളതു എല്ലാം പിന്നെ​യും ക്രിസ്‌തു​വിൽ ഒന്നായി” കൂട്ടി​ച്ചേർക്കു​ക​യാണ്‌. (എഫെസ്യർ 1:10) സ്വർഗീയ രാജ്യ​ത്തി​ന്റെ അഭിഷിക്ത അവകാ​ശി​കൾ—യേശു​വി​ന്റെ നാളി​നു​ശേ​ഷ​മു​ളള നൂററാ​ണ്ടു​ക​ളിൽ തിര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​വർതന്നെ—ആണ്‌ “സ്വർഗ്ഗ​ത്തി​ലു”ളളതു. ഇപ്പോൾ വേറെ ആടുക​ളു​ടെ മഹാപു​രു​ഷാ​രം “ഭൂമി​യി​ലു​ളള”തിന്റെ ആദ്യ അംഗങ്ങൾ എന്നനി​ല​യിൽ പ്രത്യ​ക്ഷ​പ്പെ​ടു​ന്നു. നിങ്ങൾ ആ ക്രമീ​ക​ര​ണ​ത്തോ​ടു ചേർച്ച​യിൽ സേവി​ക്കു​ന്നതു നിങ്ങൾക്കു നിത്യ​സ​ന്തു​ഷ്ടി​യെ അർഥമാ​ക്കി​യേ​ക്കാം.

മഹാപു​രു​ഷാ​ര​ത്തി​ന്റെ അനു​ഗ്ര​ഹ​ങ്ങൾ

22. മഹാപു​രു​ഷാ​ര​ത്തെ​ക്കു​റിച്ച്‌ യോഹ​ന്നാ​നു കൂടു​ത​ലായ ഏതു വിവരം ലഭിക്കു​ന്നു?

22 ദിവ്യ​സ​ര​ണി​യി​ലൂ​ടെ യോഹ​ന്നാന്‌ ഈ മഹാപു​രു​ഷാ​ര​ത്തെ​ക്കു​റി​ച്ചു കൂടു​ത​ലായ വിവരം ലഭിക്കു​ന്നു: “അവൻ [മൂപ്പൻ] എന്നോടു പറഞ്ഞതു: ഇവർ മഹാക​ഷ്ട​ത്തിൽനി​ന്നു വന്നവർ; കുഞ്ഞാ​ടി​ന്റെ രക്തത്തിൽ തങ്ങളുടെ അങ്കി അലക്കി വെളു​പ്പി​ച്ചി​രി​ക്കു​ന്നു. അതു​കൊ​ണ്ടു അവർ ദൈവ​ത്തി​ന്റെ സിംഹാ​സ​ന​ത്തിൻമു​മ്പിൽ ഇരുന്നു അവന്റെ ആലയത്തിൽ രാപ്പകൽ അവനെ ആരാധി​ക്കു​ന്നു; സിംഹാ​സ​ന​ത്തിൽ ഇരിക്കു​ന്നവൻ അവർക്കു കൂടാരം ആയിരി​ക്കും.”—വെളി​പ്പാ​ടു 7:14ബി, 15.

23. മഹാപു​രു​ഷാ​രം ‘പുറത്തു​വ​രുന്ന’ മഹോ​പ​ദ്രവം എന്താണ്‌?

23 മുമ്പൊ​രു സന്ദർഭ​ത്തിൽ, രാജ്യ​മ​ഹ​ത്ത്വ​ത്തി​ലു​ളള തന്റെ സാന്നി​ധ്യം “ലോകാ​രം​ഭം​മു​തൽ ഇന്നുവ​രെ​യും സംഭവി​ച്ചി​ട്ടി​ല്ലാ​ത്ത​തും ഇനിമേൽ സംഭവി​ക്കാ​ത്ത​തും ആയ വലിയ കഷ്ട”ത്തിൽ പാരമ്യ​ത്തി​ലെ​ത്തു​മെന്ന്‌ യേശു പറഞ്ഞി​രു​ന്നു. (മത്തായി 24:21, 22) ആ പ്രവച​ന​ത്തി​ന്റെ നിവൃ​ത്തി​യാ​യി, സാത്താന്റെ ലോക​വ്യ​വ​സ്ഥി​തി​യെ നശിപ്പി​ക്കു​ന്ന​തി​നു ദൂതൻമാർ ഭൂമി​യി​ലെ നാലു കാററു​കളെ അഴിച്ചു​വി​ടും. ആദ്യം നീങ്ങി​പ്പോ​കു​ന്നതു വ്യാജ​മ​ത​ലോ​ക​സാ​മ്രാ​ജ്യ​മാ​കുന്ന മഹാബാ​ബി​ലോൻ ആയിരി​ക്കും. തുടർന്ന്‌ ഉപദ്ര​വ​ത്തി​ന്റെ അത്യു​ച്ചാ​വ​സ്ഥ​യിൽ യേശു ഭൂമി​യി​ലു​ളള 1,44,000-ത്തിന്റെ ശേഷി​പ്പി​നെ ബഹുജന മഹാപു​രു​ഷാ​ര​ത്തോ​ടു​കൂ​ടെ വിടു​വി​ക്കും.—വെളി​പ്പാ​ടു 7:1; 18:2.

24. മഹാപു​രു​ഷാ​ര​ത്തിൽപ്പെട്ട വ്യക്തികൾ അതിജീ​വ​ന​ത്തി​നാ​യി യോഗ്യത നേടു​ന്ന​തെ​ങ്ങനെ?

24 മഹാപു​രു​ഷാ​ര​ത്തിൽപ്പെട്ട വ്യക്തികൾ അതിജീ​വ​ന​ത്തി​നാ​യി യോഗ്യത നേടു​ന്ന​തെ​ങ്ങനെ? അവർ “കുഞ്ഞാ​ടി​ന്റെ രക്തത്തിൽ തങ്ങളുടെ അങ്കി അലക്കി വെളു​പ്പി​ച്ചി​രി​ക്കുന്ന”തായി മൂപ്പൻ യോഹ​ന്നാ​നോ​ടു പറയുന്നു. മററു വാക്കു​ക​ളിൽ പറഞ്ഞാൽ, അവരുടെ വീണ്ടെ​ടു​പ്പു​കാ​രൻ എന്നനി​ല​യിൽ അവർ യേശു​വിൽ വിശ്വാ​സം പ്രകട​മാ​ക്കി​യി​രി​ക്കു​ന്നു, യഹോ​വക്ക്‌ ഒരു സമർപ്പണം നടത്തി​യി​രി​ക്കു​ന്നു, അവരുടെ സമർപ്പ​ണത്തെ ജലസ്‌നാ​പ​ന​ത്താൽ ലക്ഷ്യ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നു, നീതി​പൂർവ​ക​മായ നടത്തയാൽ “നല്ല മനഃസാ​ക്ഷി​യു​ള​ള​വ​രാ​യി”രിക്കു​ക​യും ചെയ്‌തി​രി​ക്കു​ന്നു. (1 പത്രൊസ്‌ 3:16, 21; മത്തായി 20:28) അങ്ങനെ അവർ യഹോ​വ​യു​ടെ ദൃഷ്ടി​യിൽ ശുദ്ധരും നീതി​മാൻമാ​രും ആണ്‌. അവർ “ലോക​ത്താ​ലു​ളള കളങ്കം പററാതെ” തങ്ങളെ​ത്തന്നെ സൂക്ഷി​ക്കു​ക​യും ചെയ്യുന്നു.—യാക്കോബ്‌ 1:27.

25. (എ) മഹാപു​രു​ഷാ​രം യഹോ​വ​യു​ടെ “ആലയത്തിൽ രാപ്പകൽ അവനെ ആരാധി​ക്കുന്ന”തെങ്ങനെ? (ബി) യഹോവ മഹാപു​രു​ഷാ​ര​ത്തി​ന്റെ​മേൽ ‘തന്റെ കൂടാരം വിരി​ക്കു​ന്നത്‌’ എങ്ങനെ?

25 അതിനു പുറമേ, അവർ യഹോ​വ​യു​ടെ തീക്ഷ്‌ണ​ത​യു​ളള സാക്ഷികൾ ആയിത്തീർന്നി​രി​ക്കു​ന്നു—“അവന്റെ ആലയത്തിൽ രാപ്പകൽ അവനെ ആരാധി”ച്ചുകൊ​ണ്ടു​തന്നെ. നിങ്ങൾ ഈ സമർപ്പിത മഹാപു​രു​ഷാ​ര​ത്തിൽപ്പെട്ട ഒരാളാ​ണോ? അങ്ങനെ​യെ​ങ്കിൽ, അവന്റെ വലിയ ആത്മീയ ആലയത്തി​ന്റെ ഭൗമിക പ്രാകാ​ര​ങ്ങ​ളിൽ അവിരാ​മം യഹോ​വയെ സേവി​ക്കു​ക​യെ​ന്നതു നിങ്ങളു​ടെ പദവി​യാണ്‌. ഇന്ന്‌ അഭിഷി​ക്ത​രു​ടെ മാർഗ​നിർദേ​ശ​ത്തിൻ കീഴിൽ മഹാപു​രു​ഷാ​രം സാക്ഷ്യ​വേ​ല​യു​ടെ അധിക​പ​ങ്കും നിർവ​ഹി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്നു. ലൗകിക ഉത്തരവാ​ദി​ത്വ​ങ്ങ​ളു​ണ്ടെ​ങ്കി​ലും അവരിൽ ലക്ഷക്കണ​ക്കി​നാ​ളു​കൾ പയനി​യർമാർ എന്നനി​ല​യിൽ മുഴു​സമയ ശുശ്രൂ​ഷക്ക്‌ ഇടം ഉണ്ടാക്കി​യി​ട്ടുണ്ട്‌. എന്നാൽ നിങ്ങൾ ആ കൂട്ടത്തിൽ ഉൾപ്പെ​ട്ടാ​ലും ഇല്ലെങ്കി​ലും, മഹാപു​രു​ഷാ​ര​ത്തി​ലെ ഒരു സമർപ്പിത അംഗമെന്ന നിലയിൽ നിങ്ങളു​ടെ വിശ്വാ​സ​വും പ്രവൃ​ത്തി​ക​ളും നിമിത്തം നിങ്ങൾ ദൈവ​ത്തി​ന്റെ ഒരു സ്‌നേ​ഹി​ത​നെ​ന്ന​നി​ല​യിൽ നീതി​മാ​നാ​യി പ്രഖ്യാ​പി​ക്ക​പ്പെ​ടു​ക​യും തന്റെ കൂടാ​ര​ത്തിൽ ഒരതി​ഥി​യാ​യി സ്വാഗതം ചെയ്യ​പ്പെ​ടു​ക​യും ചെയ്യു​ന്നു​വെ​ന്ന​തിൽ നിങ്ങൾക്കു സന്തോ​ഷി​ക്കാൻ കഴിയും. (സങ്കീർത്തനം 15:1-5; യാക്കോബ്‌ 2:21-26) യഹോവ അങ്ങനെ തന്നെ സ്‌നേ​ഹി​ക്കു​ന്ന​വ​രു​ടെ​മേൽ ‘തന്റെ കൂടാരം വിരിക്കു’കയും ഒരു നല്ല ആതി​ഥേ​യ​നെന്ന നിലയിൽ അവരെ സംരക്ഷി​ക്കു​ക​യും ചെയ്യുന്നു.—സദൃശ​വാ​ക്യ​ങ്ങൾ 18:10.

26. മഹാപു​രു​ഷാ​രം മറേറത്‌ അനു​ഗ്ര​ഹങ്ങൾ ആസ്വദി​ക്കും?

26 മൂപ്പൻ തുടരു​ന്നു: “ഇനി അവർക്കു വിശക്ക​യില്ല ദാഹി​ക്ക​യും ഇല്ല; വെയി​ലും യാതൊ​രു ചൂടും അവരുടെ മേൽ തട്ടുക​യു​മില്ല; സിംഹാ​സ​ന​ത്തി​ന്റെ മദ്ധ്യേ ഉളള കുഞ്ഞാടു അവരെ മേച്ചു ജീവജ​ല​ത്തി​ന്റെ ഉറവു​ക​ളി​ലേക്കു നടത്തു​ക​യും ദൈവം താൻ അവരുടെ കണ്ണിൽനി​ന്നു കണ്ണുനീർ എല്ലാം തുടെ​ച്ചു​ക​ള​ക​യും ചെയ്യും.” (വെളി​പ്പാ​ടു 7:16, 17) അതെ, യഹോവ യഥാർഥ​ത്തിൽ അതിഥി​പ്രി​യ​നാണ്‌! എന്നാൽ ഈ വാക്കു​കൾക്ക്‌ അഗാധ​മായ എന്തർഥ​മുണ്ട്‌?

27. (എ) മൂപ്പന്റെ വാക്കു​ക​ളോ​ടു സമാന​മായ ചിലത്‌ യെശയ്യാവ്‌ എങ്ങനെ പ്രവചി​ച്ചു? (ബി) യെശയ്യാ​വി​ന്റെ പ്രവചനം പൗലോ​സി​ന്റെ നാളിൽ ക്രിസ്‌തീയ സഭയിൽ നിവൃ​ത്തി​യേ​റി​ത്തു​ട​ങ്ങി​യെന്ന്‌ എന്തു പ്രകട​മാ​ക്കു​ന്നു?

27 സമാന​മായ പദപ്ര​യോ​ഗ​മു​ളള ഒരു പ്രവചനം നമുക്കു പരിചി​ന്തി​ക്കാം: “യഹോവ ഇപ്രകാ​രം അരുളി​ച്ചെ​യ്യു​ന്നു: പ്രസാ​ദ​കാ​ലത്തു ഞാൻ നിനക്കു ഉത്തരം അരുളി; രക്ഷാദി​വ​സ​ത്തിൽ ഞാൻ നിന്നെ സഹായി​ച്ചു; . . . അവർക്കു വിശക്ക​യില്ല, ദാഹി​ക്ക​യു​മില്ല; മരീചി​ക​യും വെയി​ലും അവരെ ബാധി​ക്ക​യില്ല; അവരോ​ടു കരുണ​യു​ള​ളവൻ അവരെ വഴിന​ട​ത്തു​ക​യും നീരു​റ​വു​കൾക്ക​രി​കെ അവരെ കൊണ്ടു​പോ​ക​യും ചെയ്യും.” (യെശയ്യാ​വു 49:8, 10; ഇതുകൂ​ടെ കാണുക: സങ്കീർത്തനം 121:5, 6.) അപ്പോ​സ്‌ത​ല​നായ പൗലോസ്‌ ഈ പ്രവച​ന​ത്തി​ന്റെ ഒരു ഭാഗം ഉദ്ധരി​ക്കു​ക​യും പൊ.യു. 33-ലെ പെന്ത​ക്കോ​സ്‌തിൽ തുടങ്ങിയ ‘രക്ഷാദി​വ​സ​ത്തി​നു’ ബാധക​മാ​ക്കു​ക​യും ചെയ്‌തു. അവൻ എഴുതി: “‘പ്രസാ​ദ​കാ​ലത്തു ഞാൻ നിനക്കു ഉത്തരം അരുളി; രക്ഷാദി​വ​സ​ത്തിൽ ഞാൻ നിന്നെ സഹായി​ച്ചു’ എന്നു അവൻ [യഹോവ] അരുളി​ച്ചെ​യ്യു​ന്നു​വ​ല്ലോ. ഇപ്പോൾ ആകുന്നു സുപ്ര​സാ​ദ​കാ​ലം; ഇപ്പോൾ ആകുന്നു രക്ഷാദി​വസം.”—2 കൊരി​ന്ത്യർ 6:2.

28, 29. (എ) യെശയ്യാ​വി​ന്റെ വാക്കുകൾ ഒന്നാം നൂററാ​ണ്ടിൽ എങ്ങനെ നിവൃ​ത്തി​യേറി? (ബി) വെളി​പ്പാ​ടു 7:16-ലെ വാക്കുകൾ മഹാപു​രു​ഷാ​ര​ത്തി​ന്റെ സംഗതി​യിൽ എങ്ങനെ നിറ​വേ​റി​യി​രി​ക്കു​ന്നു? (സി) മഹാപു​രു​ഷാ​രത്തെ “ജീവജ​ല​ത്തി​ന്റെ ഉറവു​കളി”ലേക്കു നയിക്കു​ന്ന​തിൽനിന്ന്‌ എന്തു ഫലം ഉണ്ടാകും? (ഡി) മഹാപു​രു​ഷാ​രം മനുഷ്യ​വർഗ​ത്തിൽ അതുല്യ​രാ​കാ​നി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

28 വിശക്കു​ക​യില്ല, ദാഹി​ക്കു​ക​യില്ല, പൊള​ളി​ക്കുന്ന ചൂട്‌ അനുഭ​വ​പ്പെ​ടു​ക​യില്ല എന്ന വാഗ്‌ദ​ത്ത​ത്തിന്‌ അന്ന്‌ എന്തു പ്രയു​ക്തി​യു​ണ്ടാ​യി? തീർച്ച​യാ​യും, ഒന്നാം നൂററാ​ണ്ടി​ലെ ക്രിസ്‌ത്യാ​നി​കൾ അക്ഷരാർഥ​ത്തി​ലു​ളള വിശപ്പും ദാഹവും ചില​പ്പോ​ഴൊ​ക്കെ അനുഭ​വി​ച്ചു. (2 കൊരി​ന്ത്യർ 11:23-27) എങ്കിലും ഒരു ആത്മീയ വിധത്തിൽ അവർക്കു സമൃദ്ധി​യു​ണ്ടാ​യി​രു​ന്നു. അവർ ആത്മീയ കാര്യ​ങ്ങൾക്കാ​യി വിശക്കു​ക​യോ ദാഹി​ക്കു​ക​യോ ചെയ്യാ​ത​വണ്ണം അവർക്കു​വേണ്ടി സമൃദ്ധ​മാ​യി കരുതി​യി​രു​ന്നു. അതിനു പുറമേ, പൊ.യു. 70-ൽ യഹൂദ​വ്യ​വ​സ്ഥി​തി​യെ നശിപ്പി​ച്ച​പ്പോൾ തന്റെ കോപ​ത്തിൻചൂട്‌ അവരു​ടെ​മേൽ തട്ടാൻ യഹോവ ഇടയാ​ക്കി​യില്ല. വെളി​പ്പാ​ടു 7:16-ലെ വാക്കു​കൾക്ക്‌ ഇന്നു മഹാപു​രു​ഷാ​രത്തെ സംബന്ധി​ച്ചു സമാന​മായ ഒരു ആത്മീയ നിവൃ​ത്തി​യുണ്ട്‌. അഭിഷിക്ത ക്രിസ്‌ത്യാ​നി​ക​ളോ​ടൊ​പ്പം അവർ സമൃദ്ധ​മായ ആത്മീയ കരുത​ലു​കൾ ആസ്വദി​ക്കു​ന്നു.—യെശയ്യാ​വു 65:13; നഹൂം 1:6, 7.

29 സാത്താന്റെ വ്യവസ്ഥി​തി അസ്‌ത​മി​ക്കാ​റായ ഈ വർഷങ്ങ​ളിൽ ഇല്ലായ്‌മ​ക​ളു​ടെ​യോ സമ്മർദ​ങ്ങ​ളു​ടെ​യോ രൂപത്തിൽ നിങ്ങൾ എന്തുതന്നെ സഹി​ക്കേ​ണ്ടി​വ​ന്നാ​ലും നിങ്ങൾ മഹാപു​രു​ഷാ​ര​ത്തിൽപ്പെട്ട ഒരാളാ​ണെ​ങ്കിൽ നിങ്ങളു​ടെ നല്ല ഹൃദയ​നില നിങ്ങൾ “സന്തോ​ഷിച്ച്‌ ആർക്കാൻ” ഇടയാ​ക്കും. (യെശയ്യാവ്‌ 65:14, NW) ആ അർഥത്തിൽ, ഇപ്പോൾപോ​ലും, നിങ്ങളു​ടെ ‘കണ്ണുക​ളിൽ നിന്നു കണ്ണുനീ​രെ​ല്ലാം തുടച്ചു​ക​ള​യാൻ’ യഹോ​വക്കു കഴിയും. ദൈവ​ത്തി​ന്റെ പ്രതി​കൂല ന്യായ​വി​ധി​യു​ടെ പൊള​ളുന്ന ‘വെയിൽ’ മേലാൽ നിങ്ങളെ ഭീഷണി​പ്പെ​ടു​ത്തു​ക​യില്ല. നാശത്തി​ന്റെ നാലു കാററു​കൾ അഴിച്ചു​വി​ട​പ്പെ​ടു​മ്പോൾ യഹോ​വ​യു​ടെ അപ്രീ​തി​യാ​കുന്ന പൊള​ളി​ക്കുന്ന ‘ചൂടിൽനി​ന്നു’ നിങ്ങൾ ഒഴിവാ​ക്ക​പ്പെ​ട്ടേ​ക്കാം. ആ നശീക​രണം പൂർത്തി​യായ ശേഷം, നവജീവൻ പകരുന്ന “ജീവജ​ല​ത്തി​ന്റെ ഉറവു​ക​ളിൽ” നിന്നു പൂർണ​മാ​യി പ്രയോ​ജനം അനുഭ​വി​ക്കു​ന്ന​തി​നു കുഞ്ഞാടു നിങ്ങളെ നയിക്കും. ഇവ നിങ്ങൾ നിത്യ​ജീ​വൻ നേടു​ന്ന​തി​നു യഹോവ ചെയ്യുന്ന എല്ലാ കരുത​ലു​ക​ളെ​യും പ്രതി​നി​ധാ​നം ചെയ്യുന്നു. നിങ്ങൾ ക്രമമാ​യി മാനു​ഷ​പൂർണ​ത​യി​ലേക്ക്‌ ഉയർത്ത​പ്പെ​ടു​മ്പോൾ കുഞ്ഞാ​ടി​ന്റെ രക്തത്തി​ലു​ളള നിങ്ങളു​ടെ വിശ്വാ​സം സംസ്ഥാ​പി​ക്ക​പ്പെ​ടും. മരിക്കേണ്ട ആവശ്യ​മി​ല്ലാത്ത “ലക്ഷങ്ങൾ” എന്ന നിലയിൽ മഹാപു​രു​ഷാ​ര​ത്തിൽപ്പെട്ട നിങ്ങൾ മനുഷ്യ​വർഗ​ത്തിൽ അതുല്യ​രാ​യി​രി​ക്കും! പൂർണ​മായ അർഥത്തിൽ, നിങ്ങളു​ടെ കണ്ണിൽനി​ന്നു കണ്ണുനീ​രെ​ല്ലാം തുടച്ചു​നീ​ക്ക​പ്പെ​ട്ടി​രി​ക്കും.—വെളി​പ്പാ​ടു 21:4.

വിളി ഉറപ്പാക്കൽ

30. യോഹ​ന്നാ​ന്റെ ദർശന​ത്തിൽ ഏതു ശോഭ​ന​മായ കാഴ്‌ച നമുക്കു തുറന്നു തരുന്നു, ആർക്കു “നില്‌പാൻ” കഴിയും?

30 ഈ വാക്കുകൾ എന്തൊരു ശോഭ​ന​മായ കാഴ്‌ച​യാ​ണു നമുക്കു തുറന്നു തരുന്നത്‌! യഹോ​വ​തന്നെ തന്റെ സിംഹാ​സ​ന​ത്തിൽ ഇരിക്കു​ന്നു, സ്വർഗീ​യ​രും ഭൗമി​ക​രു​മായ അവന്റെ ദാസൻമാ​രെ​ല്ലാം അവനെ സ്‌തു​തി​ക്കു​ന്ന​തിൽ ഒന്നിക്കു​ന്നു. വർധി​ക്കുന്ന ഈ സ്‌തു​തി​ഗീ​ത​ത്തിൽ പങ്കെടു​ക്കു​ന്നത്‌ എന്തൊരു ആശ്ചര്യ​ക​ര​മായ പദവി​യാ​ണെന്ന്‌ അവന്റെ ഭൗമിക ദാസൻമാർ വിലമ​തി​ക്കു​ന്നു. വളരെ പെട്ടെ​ന്നു​തന്നെ, യഹോ​വ​യും ക്രിസ്‌തു​യേ​ശു​വും ന്യായ​വി​ധി നടപ്പാ​ക്കും, അപ്പോൾ ഈ നിലവി​ളി​യും കേൾക്കും: ‘അവരുടെ മഹാ​കോ​പ​ദി​വസം വന്നു; ആർക്കു നില്‌പാൻ കഴിയും?’ (വെളി​പ്പാ​ടു 6:17) ഉത്തരമോ? മനുഷ്യ​വർഗ​ത്തിൽ ഒരു ന്യൂന​പക്ഷം മാത്രം, ജഡത്തിൽ ശേഷി​ക്കുന്ന മുദ്ര​യേററ 1,44,000-ത്തിൽ പെടു​ന്ന​വ​രും അവരോ​ടു​കൂ​ടെ ‘നിൽക്കുന്ന’, അതായത്‌ അതിജീ​വി​ക്കുന്ന വേറെ ആടുക​ളു​ടെ ഒരു മഹാപു​രു​ഷാ​ര​വും തന്നെ.—താരത​മ്യം ചെയ്യുക: യിരെ​മ്യാ​വു 35:19; 1 കൊരി​ന്ത്യർ 16:13.

31. യോഹ​ന്നാ​ന്റെ ദർശന​ത്തി​ന്റെ നിവൃത്തി അഭിഷി​ക്ത​രും മഹാപു​രു​ഷാ​ര​വു​മാ​കുന്ന ക്രിസ്‌ത്യാ​നി​കളെ എങ്ങനെ ബാധി​ക്കണം?

31 ഈ വസ്‌തു​ത​യു​ടെ വീക്ഷണ​ത്തിൽ യോഹ​ന്നാൻവർഗ​മാ​കുന്ന അഭിഷിക്ത ക്രിസ്‌ത്യാ​നി​കൾ “ക്രിസ്‌തു​യേ​ശു​വിൽ ദൈവ​ത്തി​ന്റെ പരമവി​ളി​യു​ടെ വിരു​തി​ന്നാ​യി ലാക്കി​ലേക്കു ഓടുന്ന”തിൽ തീവ്ര​ശ്രമം ചെയ്യുന്നു. (ഫിലി​പ്പി​യർ 3:14) ഈ നാളു​ക​ളി​ലെ സംഭവങ്ങൾ തങ്ങളുടെ ഭാഗത്തു പ്രത്യേക സഹിഷ്‌ണുത ആവശ്യ​മാ​ക്കി​ത്തീർക്കു​ന്നു​വെന്ന്‌ അവർക്കു പൂർണ ബോധ​മുണ്ട്‌. (വെളി​പ്പാ​ടു 13:10) അനേക​വർഷം വിശ്വ​സ്‌ത​മാ​യി യഹോ​വയെ സേവി​ച്ച​ശേഷം തങ്ങളുടെ പേരുകൾ ‘സ്വർഗ്ഗ​ത്തിൽ എഴുത​പ്പെ​ട്ടി​രി​ക്കു​ന്ന​തിൽ’ സന്തോ​ഷി​ച്ചു​കൊണ്ട്‌ അവർ വിശ്വാ​സം മുറു​കെ​പ്പി​ടി​ക്കു​ന്നു. (ലൂക്കൊസ്‌ 10:20; വെളി​പ്പാ​ടു 3:5) “അവസാ​ന​ത്തോ​ളം സഹിച്ചു​നിൽക്കു​ന്നവൻ” മാത്രം “രക്ഷിക്ക​പ്പെ​ടും” എന്നു മഹാപു​രു​ഷാ​ര​വും അറിയു​ന്നു. (മത്തായി 24:13) ഒരു സംഘമെന്ന നിലയിൽ മഹാപു​രു​ഷാ​രം മഹോ​പ​ദ്ര​വ​ത്തിൽനി​ന്നു പുറത്തു​വ​രാൻ അടയാ​ള​മി​ട​പ്പെ​ട്ടി​രി​ക്കു​ന്നു​വെ​ന്നി​രി​ക്കെ അതിലെ അംഗങ്ങൾ ശുദ്ധരും കർമനി​ര​ത​രും ആയിരി​ക്കാൻ തീവ്ര​ശ്രമം ചെയ്യേ​ണ്ട​തുണ്ട്‌.

32. യഹോ​വ​യു​ടെ കോപ​ദി​വ​സ​ത്തിൽ രണ്ടുകൂ​ട്ടം മാത്രമേ ‘നിൽക്കു​ക​യു​ളളു’ എന്ന വസ്‌തുത, ഏത്‌ അടിയ​ന്തിര സാഹച​ര്യ​ത്തെ ഊന്നി​പ്പ​റ​യു​ന്നു?

32 ഈ രണ്ടു കൂട്ടങ്ങൾക്കു പുറമേ മററാ​രെ​ങ്കി​ലും യഹോ​വ​യു​ടെ കോപ​ദി​വ​സ​ത്തിൽ ‘നിൽക്കും’ എന്നതിന്‌ ഒരു തെളി​വും ഇല്ല. ഓരോ വർഷവും യേശു​വി​ന്റെ മരണത്തി​ന്റെ സ്‌മാ​ര​കാ​ഘോ​ഷ​ത്തിൽ സംബന്ധി​ച്ചു​കൊണ്ട്‌ ഒരളവു​വരെ അവന്റെ യാഗ​ത്തോട്‌ ആദരവു കാണി​ക്കു​ക​യും, എന്നാൽ സമർപ്പി​ച്ചു സ്‌നാ​പ​ന​മേററ യഹോ​വ​യു​ടെ ദാസരാ​യി​ത്തീർന്ന്‌ അവന്റെ സേവന​ത്തിൽ കർമനി​ര​ത​രാ​യി​ത്തീ​രുന്ന അളവോ​ളം യേശു​വി​ന്റെ യാഗത്തിൽ ഇതുവരെ വിശ്വാ​സം പ്രകട​മാ​ക്കി​യി​ട്ടി​ല്ലാത്ത ലക്ഷങ്ങളെ സംബന്ധിച്ച്‌ ഇത്‌ എന്തർഥ​മാ​ക്കും? കൂടാതെ, ഒരിക്കൽ പ്രവർത്ത​ന​നി​ര​ത​രാ​യി​രു​ന്ന​വ​രും എന്നാൽ തങ്ങളുടെ ഹൃദയം “ഉപജീ​വ​ന​ചി​ന്ത​ക​ളാൽ ഭാരപ്പെ”ടാൻ അനുവ​ദി​ച്ച​വ​രും ആയ ആളുകളെ സംബന്ധി​ച്ചെന്ത്‌? അത്തരക്കാ​രെ​ല്ലാം, “സംഭവി​പ്പാ​നു​ളള എല്ലാറ​റി​ന്നും ഒഴിഞ്ഞു​പോ​കു​വാ​നും മനുഷ്യ​പു​ത്രന്റെ”—യേശു​ക്രി​സ്‌തു​വി​ന്റെ—“മുമ്പിൽ നില്‌പാ​നും . . . പ്രാപ്‌ത​രാ​കേ​ണ്ട​തി​ന്നു” ഉണരാ​നും ഉണർന്നി​രി​ക്കാ​നും ഇടയാ​കട്ടെ. കാലം ചുരു​ങ്ങി​യി​രി​ക്കു​ന്നു!—ലൂക്കൊസ്‌ 21:34-36.

[അടിക്കു​റി​പ്പു​കൾ]

a ന്യൂ വേൾഡ്‌ ട്രാൻസ്‌ലേഷൻ റഫറൻസ്‌ ബൈബിൾ, അടിക്കു​റി​പ്പു കാണുക.

b ഏപ്രിൽ 1, 1918-ലെ ദ വാച്ച്‌ ടവർ 98-ാം പേജ്‌.

c അക്ഷരാർഥത്തിൽ “അവന്റെ മുമ്പിൽ,” ദ കിങ്‌ഡം ഇൻറർലീ​നി​യർ ട്രാൻസ്‌ലേഷൻ ഓഫ്‌ ദ ഗ്രീക്ക്‌ സ്‌ക്രി​പ്‌ച്ചേ​ഴ്‌സ്‌.

[അധ്യയന ചോദ്യ​ങ്ങൾ]

[119-ാം പേജിലെ ചതുരം]

വ്യാഖ്യാനങ്ങൾ ദൈവ​ത്തി​നു​ള​ളത്‌

അനേക ദശകങ്ങ​ളോ​ളം യോഹ​ന്നാൻവർഗം മഹാപു​രു​ഷാ​ര​ത്തി​ന്റെ താദാ​ത്മ്യം സംബന്ധിച്ച്‌ അന്വേ​ഷണം നടത്തി, എന്നാൽ തൃപ്‌തി​ക​ര​മായ ഒരു വിശദീ​ക​രണം കണ്ടെത്തി​യില്ല. എന്തു​കൊണ്ട്‌? “വ്യാഖ്യാ​നം ദൈവ​ത്തി​നു​ള​ള​ത​ല്ല​യോ?” എന്നു പറഞ്ഞ​പ്പോൾ, വിശ്വ​സ്‌ത​നായ യോ​സേ​ഫി​ന്റെ വാക്കു​ക​ളിൽ നാം ഉത്തരം കണ്ടെത്തു​ന്നു. (ഉല്‌പത്തി 40:8) ദൈവം തന്റെ പ്രവച​ന​ങ്ങ​ളു​ടെ നിവൃത്തി വ്യാഖ്യാ​നി​ക്കു​ന്നത്‌ എങ്ങനെ, എപ്പോൾ? സാധാ​ര​ണ​ഗ​തി​യിൽ, അന്വേ​ഷണം നടത്തുന്ന തന്റെ ദാസൻമാർക്ക്‌ അവയുടെ അർഥം വ്യക്തമാ​യി ഗ്രഹി​ക്കാൻ കഴി​യേ​ണ്ട​തിന്‌ അതു നിവൃ​ത്തി​യേ​റാൻ സമയമാ​കു​മ്പോ​ഴാണ്‌, അല്ലെങ്കിൽ അത്‌ നിവൃ​ത്തി​യേ​റു​മ്പോ​ഴാ​ണു ദൈവം അതു ചെയ്യു​ന്നത്‌. ഈ ഗ്രാഹ്യം “നമ്മുടെ ഉപദേ​ശ​ത്തി​ന്നാ​യി​ട്ടു നമുക്കു തിരു​വെ​ഴു​ത്തു​ക​ളാ​ലു​ള​വാ​കുന്ന സ്ഥിരത​യാ​ലും ആശ്വാ​സ​ത്താ​ലും പ്രത്യാശ ഉണ്ടാ​കേ​ണ്ട​തി​ന്നു തന്നേ” നൽക​പ്പെ​ടു​ന്നു.—റോമർ 15:4.

[124-ാം പേജിലെ ചതുരം]

മഹാപുരുഷാരത്തിലെ അംഗങ്ങൾ

▪ എല്ലാ ജനതക​ളി​ലും ഗോ​ത്ര​ങ്ങ​ളി​ലും ജനങ്ങളി​ലും ഭാഷക​ളി​ലും നിന്നു വരുന്നു

▪ യഹോ​വ​യു​ടെ സിംഹാ​സ​ന​ത്തിൻ മുമ്പാകെ നിൽക്കു​ന്നു

▪ കുഞ്ഞാ​ടി​ന്റെ രക്തത്തിൽ തങ്ങളുടെ അങ്കികൾ അലക്കി വെളു​പ്പി​ച്ചി​രി​ക്കു​ന്നു

▪ രക്ഷ യഹോ​വ​യിൽനി​ന്നും യേശു​വിൽനി​ന്നും വരുന്ന​താ​യി കണക്കാ​ക്കു​ന്നു

▪ മഹോ​പ​ദ്ര​വ​ത്തിൽനി​ന്നു പുറത്തു വരുന്നു

▪ യഹോ​വയെ അവന്റെ ആലയത്തിൽ രാവും പകലും സേവി​ക്കു​ന്നു

▪ യഹോ​വ​യു​ടെ സ്‌നേ​ഹ​പൂർവ​ക​മായ സംരക്ഷ​ണ​വും പരിപാ​ല​ന​വും സ്വീക​രി​ക്കു​ന്നു

▪ ജീവജ​ല​ത്തി​ന്റെ ഉറവു​ക​ളി​ലേക്ക്‌ യേശു​വി​നാൽ നയിക്ക​പ്പെ​ടു​ന്നു

[121-ാം പേജിലെ ചിത്രം]

[127-ാം പേജിലെ ചിത്രം]

മഹാപുരുഷാരം രക്ഷക്കു ദൈവ​ത്തോ​ടും കുഞ്ഞാ​ടി​നോ​ടും കടപ്പെ​ട്ടി​രി​ക്കു​ന്നു

[128-ാം പേജിലെ ചിത്രം]

കുഞ്ഞാട്‌ മഹാപു​രു​ഷാ​രത്തെ ജീവജ​ല​ത്തി​ന്റെ ഉറവു​ക​ളി​ലേക്കു നയിക്കും