ഇയ്യോബ് 38:1-41
38 യഹോവ കൊടുങ്കാറ്റിൽനിന്ന് ഇയ്യോബിനു മറുപടി നൽകി:+
2 “ആരാണ് എന്റെ ഉപദേശത്തെ ഇരുട്ടിലാക്കുകയും+ബുദ്ധിയില്ലാതെ സംസാരിക്കുകയും ചെയ്യുന്നത്?
3 ഒരു പുരുഷനെപ്പോലെ അര മുറുക്കുക;*ഞാൻ നിന്നോടു ചോദിക്കും, എനിക്കു പറഞ്ഞുതരുക.
4 ഞാൻ ഭൂമിയെ സ്ഥാപിച്ചപ്പോൾ+ നീ എവിടെയായിരുന്നു?
നിനക്ക് അറിയാമെങ്കിൽ പറയുക.
5 ആരാണ് അതിന്റെ അളവുകൾ നിശ്ചയിച്ചതെന്നുംഅതിനു കുറുകെ അളവുനൂൽ പിടിച്ചതെന്നും നിനക്ക് അറിയാമോ?
6 പ്രഭാതനക്ഷത്രങ്ങൾ+ സന്തോഷിച്ചാർപ്പിടുകയുംദൈവപുത്രന്മാർ*+ ആനന്ദഘോഷം മുഴക്കുകയും ചെയ്തപ്പോൾ
7 എവിടെയാണ് അതിന്റെ അടിസ്ഥാനം ഉറപ്പിച്ചത്?ആരാണ് അതിന് മൂലക്കല്ല് ഇട്ടത്?+
8 സമുദ്രം ഗർഭപാത്രത്തിൽനിന്ന് കുതിച്ചുചാടിയപ്പോൾഅതിനെ വാതിലുകൾകൊണ്ട് തടഞ്ഞുനിറുത്തിയത് ആരാണ്?+
9 ഞാൻ അതിനെ മേഘങ്ങൾ ധരിപ്പിച്ചപ്പോൾ,കൂരിരുട്ടുകൊണ്ട് പൊതിഞ്ഞപ്പോൾ,
10 ഞാൻ അതിന് അതിർത്തി വെച്ചപ്പോൾ,വാതിലുകളും ഓടാമ്പലുകളും പിടിപ്പിച്ചപ്പോൾ,+
11 ‘ഇവിടെവരെ നിനക്കു വരാം, ഇതിന് അപ്പുറം പോകരുത്;നിന്റെ കുതിച്ചുപൊങ്ങുന്ന തിരമാലകൾ ഇവിടെ നിൽക്കണം’ എന്നു ഞാൻ അതിനോടു പറഞ്ഞപ്പോൾ,+
നീ എവിടെയായിരുന്നു?
12 ഭൂമിയുടെ അറ്റങ്ങളിൽ പിടിച്ച്അതിൽനിന്ന് ദുഷ്ടന്മാരെ കുടഞ്ഞുകളയാൻ+
13 നീ എന്നെങ്കിലും പ്രഭാതത്തിനു കല്പന കൊടുത്തിട്ടുണ്ടോ?എവിടെ ഉദിക്കണമെന്നു പുലരിക്കു പറഞ്ഞുകൊടുത്തിട്ടുണ്ടോ?+
14 കളിമണ്ണിൽ മുദ്ര പതിപ്പിക്കുമ്പോൾ എന്നപോലെ ഭൂമി അപ്പോൾ മാറുന്നു;അതിലെ ദൃശ്യങ്ങൾ വസ്ത്രത്തിലെ അലങ്കാരങ്ങൾപോലെ തെളിഞ്ഞുവരുന്നു.
15 എന്നാൽ ദുഷ്ടന്മാരുടെ പ്രകാശം ഇല്ലാതാകുന്നു;ഉയർത്തിപ്പിടിച്ചിരിക്കുന്ന അവരുടെ കൈ ഒടിയുന്നു.
16 സമുദ്രത്തിന്റെ ഉറവുകളിലേക്കു നീ ഇറങ്ങിച്ചെന്നിട്ടുണ്ടോ?ആഴങ്ങളിലേക്കു നീ പോയിട്ടുണ്ടോ?+
17 മരണത്തിന്റെ വാതിലുകളും+കൂരിരുട്ടിന്റെ* കവാടങ്ങളും നീ കണ്ടിട്ടുണ്ടോ?+
18 ഭൂമി എത്ര വിശാലമാണെന്നു നീ ഗ്രഹിച്ചിട്ടുണ്ടോ?+
ഇതെല്ലാം അറിയാമെങ്കിൽ പറയൂ.
19 ഏതു ദിക്കിലാണു വെളിച്ചം വസിക്കുന്നത്?+
അന്ധകാരത്തിന്റെ താമസസ്ഥലം എവിടെയാണ്?
20 അതിനെ അതിന്റെ സ്ഥലത്ത് കൊണ്ടുപോകാനോഅതിന്റെ വീട്ടിലേക്കുള്ള വഴി മനസ്സിലാക്കാനോ നിനക്കാകുമോ?
21 നീ ഇതിനൊക്കെ മുമ്പേ ജനിച്ചല്ലേ?ഇതെല്ലാം അറിയാൻ, നീ ജനിച്ചിട്ട് അത്രയേറെ വർഷങ്ങളായല്ലേ?
22 നീ മഞ്ഞിന്റെ കലവറയിൽ കയറിയിട്ടുണ്ടോ?+ആലിപ്പഴത്തിന്റെ+ സംഭരണശാല കണ്ടിട്ടുണ്ടോ?
23 അതു ഞാൻ കഷ്ടതയുടെ കാലത്തിനായി,യുദ്ധത്തിന്റെയും പോരാട്ടത്തിന്റെയും ദിവസത്തിനായി, കരുതിവെച്ചിരിക്കുന്നു.+
24 പ്രകാശം* പരക്കുന്നത് ഏതു ദിശയിൽനിന്നാണ്?കിഴക്കൻ കാറ്റ് ഭൂമിയുടെ മേൽ വീശുന്നത് എവിടെനിന്നാണ്?+
25 മനുഷ്യവാസമില്ലാത്ത സ്ഥലങ്ങളിലും+ആരും താമസിക്കാത്ത വിജനഭൂമിയിലും മഴ പെയ്യിക്കാനും+
26 പാഴ്നിലങ്ങളുടെ ദാഹം തീർക്കാനുംപുല്ലുകൾ മുളപ്പിക്കാനും വേണ്ടി+
27 പെരുമഴയ്ക്കു ചാലു വെട്ടിയതുംഇടി മുഴക്കുന്ന മഴമേഘത്തിനു വഴി ഒരുക്കിയതും ആരാണ്?+
28 മഴയ്ക്ക് അപ്പനുണ്ടോ?+ആരാണു മഞ്ഞുതുള്ളികൾക്കു ജന്മം കൊടുത്തത്?+
29 ആഴമുള്ള ജലാശയങ്ങളുടെ ഉപരിതലം ഉറഞ്ഞുപോകുമ്പോൾ,+കല്ലുകൊണ്ടെന്നപോലെ അതു വെള്ളത്തെ മൂടുമ്പോൾ,
30 ആരുടെ ഗർഭത്തിൽനിന്നാണ് ആ മഞ്ഞു പുറത്ത് വരുന്നത്?ആരാണ് ആകാശത്തിലെ ഹിമത്തെ പ്രസവിച്ചത്?+
31 നിനക്കു കിമാ നക്ഷത്രസമൂഹത്തിന്റെ* കയറുകൾ കെട്ടാമോ?കെസിൽ നക്ഷത്രസമൂഹത്തിന്റെ* കെട്ടുകൾ അഴിക്കാമോ?+
32 നിനക്ക് ഒരു നക്ഷത്രസമൂഹത്തെ* അതിന്റെ സമയത്ത് പുറത്ത് കൊണ്ടുവരാമോ?ആഷ് നക്ഷത്രസമൂഹത്തിനും* പുത്രന്മാർക്കും വഴി കാണിച്ചുകൊടുക്കാമോ?
33 ആകാശത്തെ നിയന്ത്രിക്കുന്ന നിയമങ്ങൾ നിനക്ക് അറിയാമോ?+അതിന്റെ* നിയമങ്ങൾ ഭൂമിയിൽ നടപ്പാക്കാമോ?
34 പെരുമഴകൊണ്ട് നിന്നെ മൂടാൻനിനക്കു മേഘങ്ങളോട് ആജ്ഞാപിക്കാമോ?+
35 നിനക്കു മിന്നൽപ്പിണരുകൾ അയയ്ക്കാമോ?
അവർ വന്ന്, ‘ഇതാ ഞങ്ങൾ’ എന്നു നിന്നോടു പറയുമോ?
36 മേഘങ്ങൾക്കു* ജ്ഞാനം കൊടുത്തതും+ആകാശത്തിലെ പ്രതിഭാസത്തിനു* വിവേകം നൽകിയതും ആരാണ്?+
37 പൊടി കുഴഞ്ഞ് ചെളിയായിത്തീരാനുംമൺകട്ടകൾ ഒന്നോടൊന്ന് ഒട്ടിച്ചേരാനും
38 ആകാശത്തിലെ ജലഭരണികൾ കമിഴ്ത്താൻ ആർക്കു കഴിയും?+മേഘങ്ങളെ എണ്ണാൻമാത്രം ജ്ഞാനം ആർക്കുണ്ട്?
39 സിംഹങ്ങൾ മടകളിൽ പതുങ്ങിയിരിക്കുമ്പോൾ,യുവസിംഹങ്ങൾ ഗുഹകളിൽ പതിയിരിക്കുമ്പോൾ,
40 അവയ്ക്ക് ഇര പിടിച്ച് കൊടുക്കാൻ നിനക്കാകുമോ?അവയുടെ വിശപ്പ് അടക്കാമോ?+
41 മലങ്കാക്ക തീറ്റ കിട്ടാതെ അലയുകയുംഅതിന്റെ കുഞ്ഞു ദൈവത്തോടു കരഞ്ഞ് നിലവിളിക്കുകയും ചെയ്യുമ്പോൾഅതിന് ആഹാരം ഒരുക്കിക്കൊടുക്കുന്നത് ആരാണ്?+
അടിക്കുറിപ്പുകള്
^ അഥവാ “തയ്യാറെടുക്കുക.”
^ ഒരു എബ്രായശൈലി. ദൈവത്തിന്റെ ദൂതപുത്രന്മാരെ കുറിക്കുന്നു.
^ അഥവാ “മരണത്തിന്റെ നിഴലിന്റെ.”
^ മറ്റൊരു സാധ്യത “മിന്നൽ.”
^ ഇടവരാശി (കാർത്തിക) എന്ന് അറിയപ്പെടുന്ന നക്ഷത്രസമൂഹത്തിലെ പ്ലീഎഡിസ്സ് നക്ഷത്രങ്ങളെയായിരിക്കാം പരാമർശിക്കുന്നത്.
^ വേട്ടക്കാരൻ (മകയിരം) എന്ന് അറിയപ്പെടുന്ന നക്ഷത്രസമൂഹത്തെയായിരിക്കാം പരാമർശിക്കുന്നത്.
^ അക്ഷ. “മസ്സാരോത്തിനെ.” 2രാജ 23:5-ലെ ബഹുവചനരൂപം രാശിചക്രത്തിലെ നക്ഷത്രസമൂഹങ്ങളെയാണു കുറിക്കുന്നത്.
^ വലിയ കരടി (സപ്തർഷി) എന്ന് അറിയപ്പെടുന്ന നക്ഷത്രസമൂഹത്തെയായിരിക്കാം പരാമർശിക്കുന്നത്.
^ മറ്റൊരു സാധ്യത “ദൈവത്തിന്റെ.”
^ മറ്റൊരു സാധ്യത “മനുഷ്യന്.”
^ മറ്റൊരു സാധ്യത “മനസ്സിന്.”