വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

അധ്യായം പതിനാല്‌

അവൻ കരുണ കാണി​ക്കാൻ പഠിച്ചു

അവൻ കരുണ കാണി​ക്കാൻ പഠിച്ചു

1. യോനായ്‌ക്ക്‌ പോകേണ്ട സ്ഥലത്തേ​ക്കുള്ള യാത്ര വിവരി​ക്കുക, ആ സ്ഥലത്തെ​ക്കു​റിച്ച്‌ അവന്‌ എന്തു തോന്നു​ന്നു?

 യോനാ ഒരു ദൂരയാ​ത്ര പുറ​പ്പെ​ടു​ക​യാണ്‌. പല ദേശങ്ങൾ കടന്നുള്ള യാത്ര​യാണ്‌. 800 കിലോ​മീ​റ്റ​റി​ലേറെ ദൂരമുണ്ട്‌. ആലോ​ചി​ച്ചു നടക്കാൻ ഇഷ്ടം​പോ​ലെ സമയം കിട്ടും. നടന്നെ​ത്താൻ ഒരു മാസമോ അതിൽക്കൂ​ടു​ത​ലോ വേണ്ടി​വ​രും. ഒരുപാട്‌ മലമ്പാ​ത​ക​ളും താഴ്‌വ​ര​ക​ളും കടന്ന്‌ വേണം പോകാൻ. ഏതു വഴിയി​ലൂ​ടെ പോക​ണ​മെ​ന്നാണ്‌ ഇപ്പോൾ തീരു​മാ​നി​ക്കേ​ണ്ടത്‌. കുറു​ക്കു​വ​ഴി​ക​ളുണ്ട്‌, ദൂരവും കുറവാണ്‌. പക്ഷേ സുരക്ഷി​ത​മാ​യി​രി​ക്ക​ണ​മെ​ന്നില്ല. സുരക്ഷി​ത​മായ വഴിക്ക്‌ ദൂരക്കൂ​ടു​ത​ലു​ണ്ടെന്നു മാത്രം. നീണ്ടു​പരന്ന സിറിയൻ മരുഭൂ​മി​യു​ടെ അരികു​പറ്റി, യൂഫ്ര​ട്ടീസ്‌ പോലുള്ള വൻ നദിക​ളു​ടെ ആഴംകു​റഞ്ഞ ഭാഗങ്ങൾനോ​ക്കി ഇറങ്ങി മറുക​ര​ക​ടന്ന്‌ ഒക്കെയാണ്‌ അവന്‌ പോ​കേ​ണ്ട​തെന്നു തോന്നു​ന്നു. പോകും​വഴി സിറിയ, മെസൊ​പ്പൊ​ട്ടേ​മിയ, അസീറിയ തുടങ്ങിയ ദേശങ്ങ​ളി​ലെ അപരി​ചി​ത​രും അന്യനാ​ട്ടു​കാ​രും ആയ ആളുകൾ പാർക്കുന്ന പട്ടണങ്ങ​ളി​ലും ഗ്രാമ​ങ്ങ​ളി​ലും വേണം അന്തിയു​റ​ങ്ങാൻ. ദിവസങ്ങൾ കഴിഞ്ഞു​പോ​യി. യോനാ നടക്കു​ക​യാണ്‌. ഒരു നടുക്ക​ത്തോ​ടെ മാത്രം ഓർക്കുന്ന ആ നാടും നാട്ടു​കാ​രും അവന്റെ മനസ്സി​ലേക്കു വന്നു. ഹൊ, ഇനി അധികം ദൂരമില്ല. ഓരോ അടി​വെ​ക്കു​ന്തോ​റും താൻ അവി​ടേക്ക്‌ അടുക്കു​ക​യാണ്‌, നിനെ​വേ​യി​ലേക്ക്‌!

2. തന്റെ നിയമ​ന​ത്തിൽനിന്ന്‌ ഒളി​ച്ചോ​ടാ​നാ​വി​ല്ലെന്ന്‌ യോനാ മനസ്സി​ലാ​ക്കി​യത്‌ എങ്ങനെ​യാ​യി​രു​ന്നു?

2 യോനായ്‌ക്ക്‌ ഒരു കാര്യം ഉറപ്പാണ്‌: ഈ നിയമനം വിട്ടിട്ട്‌ ഇവിടെ നിന്ന്‌ ഓടി​പ്പോ​കാൻ ഏതായാ​ലും പറ്റില്ല. അവൻ അതൊന്നു പരീക്ഷി​ച്ചു​നോ​ക്കി​യ​താണ്‌. ആ ചരി​ത്ര​മാണ്‌ നമ്മൾ കഴിഞ്ഞ അധ്യാ​യ​ത്തിൽ കണ്ടത്‌. കടലിൽ അടിപ്പിച്ച കൊടു​ങ്കാ​റ്റിൽപ്പെ​ടു​ത്തി​യും പിന്നെ ഒരു മഹാമ​ത്സ്യ​ത്തെ ഉപയോ​ഗിച്ച്‌ അത്ഭുത​ക​ര​മാ​യി രക്ഷപ്പെ​ടു​ത്തി​യും യഹോവ ക്ഷമയോ​ടെ അവനെ ഒരു പാഠം പഠിപ്പി​ച്ചു. മത്സ്യം യോനാ​യെ വിഴുങ്ങി മൂന്നു ദിവസ​ത്തി​നു ശേഷം, അത്‌ അവനെ ഒരു കേടും കൂടാതെ കടൽക്ക​ര​യി​ലേക്ക്‌ ഛർദിച്ചു. സംഭവി​ച്ച​തെ​ല്ലാം ഓർത്ത്‌ അത്ഭുതസ്‌ത​ബ്ധ​നായ അവൻ അപ്പോ​ഴേ​ക്കും കൂടുതൽ അനുസ​ര​ണ​വും വഴക്കവും ഉള്ളവനാ​യി​ത്തീർന്നി​രു​ന്നു.—യോനാ 1, 2 അധ്യാ​യങ്ങൾ.

3. യോനാ​യോ​ടുള്ള ഇടപെ​ട​ലിൽ യഹോ​വ​യു​ടെ ഏതു ഗുണമാണ്‌ തെളിഞ്ഞ്‌ കാണു​ന്നത്‌, ഏത്‌ ചോദ്യം പ്രസക്ത​മാണ്‌?

3 യോനാ​യോട്‌ നിനെ​വേ​യി​ലേക്കു പോകാൻ രണ്ടാം വട്ടം യഹോവ കല്‌പി​ച്ച​പ്പോൾ പ്രവാ​ചകൻ അനുസ​ര​ണ​യോ​ടെ യാത്ര ആരംഭി​ച്ചു. കിഴ​ക്കോ​ട്ടുള്ള ആ യാത്ര​യെ​ക്കു​റി​ച്ചാണ്‌ നമ്മൾ തുടക്ക​ത്തിൽ കണ്ടത്‌. (യോനാ 3:1-3 വായി​ക്കുക.) എന്നാൽ, യഹോവ നൽകിയ ശിക്ഷണ​ത്തി​ലൂ​ടെ യോനായ്‌ക്ക്‌ ഒരു ആകമാ​ന​മാ​റ്റം വന്നോ? യോനാ​യു​ടെ കാര്യ​ത്തിൽ, യഹോവ അവനോട്‌ കരുണ കാണിച്ചു. എങ്ങനെ? മുങ്ങി​ത്താ​ഴുന്ന അവനെ രക്ഷിച്ചു, പറഞ്ഞത്‌ അനുസ​രി​ക്കാ​തെ ഓടി​പ്പോ​യ​തിന്‌ അവനെ ശിക്ഷി​ച്ചില്ല, അതേ നിയമനം നൽകി​ക്കൊണ്ട്‌ രണ്ടാമ​തും അവന്‌ ഒരു അവസരം കൊടു​ത്തു. ദൈവ​ത്തി​ന്റെ കരുണ ഇങ്ങനെ​യെ​ല്ലാം അനുഭ​വി​ച്ച​റിഞ്ഞ യോനാ മറ്റുള്ള​വ​രോട്‌ കരുണ കാണി​ക്കാൻ പഠിച്ചോ? കരുണ കാണി​ക്കു​ക​യെ​ന്നു​ള്ളത്‌ അപൂർണ​രായ മനുഷ്യർക്ക്‌ പലപ്പോ​ഴും ബുദ്ധി​മു​ട്ടുള്ള കാര്യ​മാണ്‌. ഇക്കാര്യ​ത്തിൽ യോനാ​യിൽനിന്ന്‌ നമുക്ക്‌ എന്തു പഠിക്കാ​മെന്നു നോക്കാം.

ഒരു ന്യായ​വി​ധി​സ​ന്ദേശം! അമ്പരപ്പി​ക്കുന്ന പ്രതി​ക​രണം!

4, 5. ‘അതിമ​ഹ​ത്തായ നഗരം’ എന്ന്‌ യഹോവ നിനെ​വേയെ വിളി​ച്ചത്‌ എന്തു​കൊണ്ട്‌, അത്‌ അവനെ​ക്കു​റിച്ച്‌ നമ്മെ എന്തു പഠിപ്പി​ക്കു​ന്നു?

4 യോനാ കണ്ടതു​പോ​ലെയല്ല യഹോവ നിനെ​വേയെ കണ്ടത്‌. യഹോ​വയ്‌ക്ക്‌ ഇത്‌ അതീവ​പ്രാ​ധാ​ന്യ​മുള്ള ഒരു നഗരമാണ്‌. “മഹാന​ഗ​ര​മായ നീനെവേ” എന്ന്‌ മൂന്നു പ്രാവ​ശ്യം യഹോവ പറയു​ന്ന​താ​യി വിവര​ണ​ത്തിൽ കാണാം. (യോനാ 1:2; 3:2; 4:11) യഹോവ ഈ നഗരത്തെ മഹാന​ഗ​ര​മെന്നു വിശേ​ഷി​പ്പി​ച്ചത്‌ എന്തു​കൊ​ണ്ടാണ്‌? അവൻ അതിന്‌ അത്ര പ്രാധാ​ന്യം കല്‌പി​ച്ച​തി​ന്റെ കാരണം എന്താണ്‌?

5 പുരാതന നിനെവേ, ജലപ്ര​ള​യ​ശേഷം നി​മ്രോദ്‌ സ്ഥാപിച്ച ആദ്യകാല നഗരങ്ങ​ളി​ലൊ​ന്നാണ്‌. പല നഗരങ്ങൾ വിളക്കി​ച്ചേർത്ത​താ​യി​രി​ക്കണം ഈ മഹാന​ഗരം! ഒരറ്റം​മു​തൽ മറ്റേ അറ്റംവരെ നടന്നെ​ത്താൻ മൂന്നു ദിവസം വേണ്ടി​വ​രു​മെന്നു പറയു​മ്പോൾ അതിന്റെ വിശാലത നിങ്ങൾക്ക്‌ ഊഹി​ക്കാ​മ​ല്ലോ! (ഉല്‌പ. 10:11; യോനാ 3:3) ആഡംബ​ര​വും പ്രൗഢി​യും തലപ്പാ​വാ​ക്കിയ നഗരം! ഗംഭീ​ര​മായ ക്ഷേത്ര​സ​മു​ച്ച​യ​ങ്ങ​ളും കൂറ്റൻ മതിൽക്കെ​ട്ടു​ക​ളും കുലീ​ന​മായ മണിമ​ന്ദി​ര​ങ്ങ​ളും കൊണ്ട്‌ അലങ്കൃ​ത​മായ നഗരം! യഹോ​വയ്‌ക്ക്‌ ഈ നഗരം പ്രധാ​ന​മാ​യി തോന്നാൻ ഇതൊ​ന്നു​മാ​യി​രു​ന്നില്ല കാരണം. നിനെ​വേ​യി​ലെ ജനങ്ങളാ​യി​രു​ന്നു അവന്റെ കണ്ണിൽ പ്രധാനം. അക്കാലത്ത്‌ ഭീമമായ ജനസം​ഖ്യ​യുള്ള നഗരമാ​യി​രു​ന്നു നിനെവേ. ക്രൂര​തയ്‌ക്ക്‌ കുപ്ര​സി​ദ്ധ​രാ​യി​രു​ന്നെ​ങ്കി​ലും യഹോ​വയ്‌ക്ക്‌ അപ്പോ​ഴും അവരെ​ക്കു​റിച്ച്‌ ചിന്തയു​ണ്ടാ​യി​രു​ന്നു. കാരണം, മനുഷ്യ​ജീ​വന്‌ അവൻ അത്രയ്‌ക്ക്‌ വില കല്‌പി​ക്കു​ന്നു. സ്വന്തം വഴികൾക്ക്‌ മാറ്റം വരുത്താ​നും ശരി ചെയ്യാൻ പഠിക്കാ​നും ഓരോ മനുഷ്യ​നു​മുള്ള പ്രാപ്‌തി​യും സാധ്യ​ത​യും അവൻ നന്നായി അറിയു​ന്നു.

യോനായുടെ കണ്ണിൽ, ആസകലം ദുർമാർഗ​ത്തിൽ മുങ്ങിയ ഒരു വൻ നഗരമാ​യി​രു​ന്നു നിനെവേ

6. (എ) നിനെവേ പേടി​പ്പെ​ടു​ത്തുന്ന നഗരമാ​യി യോനായ്‌ക്ക്‌ തോന്നി​യി​രി​ക്കാ​വു​ന്നത്‌ എന്തു​കൊണ്ട്‌? (അടിക്കു​റി​പ്പും കാണുക.) (ബി) യോനാ നടത്തിയ പ്രസം​ഗ​വേ​ല​യിൽനിന്ന്‌ അവനെ​ക്കു​റിച്ച്‌ നമുക്ക്‌ എന്തു മനസ്സി​ലാ​ക്കാം?

6 നടന്നു​ന​ടന്ന്‌ ഒടുവിൽ യോനാ നിനെവേ നഗരക​വാ​ട​ത്തി​ലെത്തി. തിക്കി​ത്തി​ര​ക്കുന്ന ജനങ്ങൾ. 1,20,000-ലധിക​മാണ്‌ അവിടത്തെ ജനസം​ഖ്യ​യെന്ന്‌ ഓർത്ത​പ്പോൾ യോനാ​യു​ടെ ഹൃദയ​മി​ടിപ്പ്‌ കൂടി​യി​ട്ടു​ണ്ടാ​കും. a നഗരത്തി​ലേക്കു കടന്ന്‌ യോനാ ഒരു ദിവസത്തെ വഴിദൂ​രം പോയി. ജനം ഇരമ്പുന്ന ആ മഹാന​ഗ​ര​ത്തി​ന്റെ ഉള്ളി​ലേ​ക്കു​ള്ളി​ലേക്ക്‌ അവൻ നടക്കു​ക​യാണ്‌. തന്റെ സന്ദേശം അറിയി​ച്ചു​തു​ട​ങ്ങാൻ ഏറ്റവും പറ്റിയ ഒരു സ്ഥലം അന്വേ​ഷി​ച്ചാ​ണെന്നു തോന്നു​ന്നു അവന്റെ നടപ്പ്‌. ഈ ജനങ്ങ​ളെ​യെ​ല്ലാം അവൻ എങ്ങനെ പറഞ്ഞു മനസ്സി​ലാ​ക്കും? അവൻ അസീറി​യ​ക്കാ​രു​ടെ ഭാഷ പഠിച്ചി​ട്ടു​ണ്ടാ​യി​രു​ന്നോ? അതോ അവരുടെ ഭാഷ സംസാ​രി​ക്കാ​നുള്ള പ്രാപ്‌തി യഹോവ അത്ഭുത​ക​ര​മാ​യി അവനു കൊടു​ത്തോ? ഇതൊ​ന്നും നമുക്ക്‌ അറിയില്ല. ഇനി, യോനാ തന്റെ സന്ദേശം, മാതൃ​ഭാ​ഷ​യായ എബ്രാ​യ​യിൽ പറഞ്ഞിട്ട്‌ ഒരു ദ്വിഭാ​ഷി​യെ​ക്കൊണ്ട്‌ നാട്ടു​കാർക്ക്‌ വിവരി​ച്ചു​കൊ​ടു​ത്ത​താ​വാ​നും മതി. എന്തായി​രു​ന്നാ​ലും അവൻ സന്ദേശം അറിയി​ച്ചു. വളരെ ലളിത​മാ​യി​രു​ന്നു സന്ദേശം: “ഇനി നാല്‌പതു ദിവസം കഴിഞ്ഞാൽ നീനെവേ ഉന്മൂല​മാ​കും.” (യോനാ 3:4) ഈ സന്ദേശം ആളുകൾ ഇഷ്ടപ്പെ​ടാൻ ഒരു സാധ്യ​ത​യു​മി​ല്ലാ​യി​രു​ന്നു. എങ്കിലും, യോനാ ധൈര്യ​ത്തോ​ടെ അത്‌ അറിയി​ച്ചു. പിന്നെ​യും പിന്നെ​യും ഘോഷി​ച്ചു. യോനാ​യു​ടെ അസാമാ​ന്യ​ധൈ​ര്യ​വും വിശ്വാ​സ​വും ആണ്‌ ഇവിടെ തെളി​യു​ന്നത്‌. കഴിഞ്ഞ ഏതു കാല​ത്തെ​യും അപേക്ഷിച്ച്‌ ഇക്കാലത്ത്‌ ക്രിസ്‌ത്യാ​നി​കൾക്കു വേണ്ട ഗുണങ്ങ​ളാണ്‌ ഇവ.

ലളിതമായിരുന്നു യോനാ​യു​ടെ സന്ദേശം, പക്ഷേ ആളുകൾ അത്‌ ഇഷ്ടപ്പെ​ടാൻ ഒരു സാധ്യ​ത​യു​മി​ല്ലാ​യി​രു​ന്നു

7, 8. (എ) യോനാ​യു​ടെ സന്ദേശ​ത്തോട്‌ നിനെ​വേ​ക്കാർ പ്രതി​ക​രി​ച്ചത്‌ എങ്ങനെ? (ബി) രാജാ​വി​ന്റെ പ്രതി​ക​ര​ണ​വും എങ്ങനെ​യാ​യി​രു​ന്നു?

7 പല നിനെ​വേ​ക്കാ​രും ഒരു നിമി​ഷം​നിന്ന്‌ യോനായ്‌ക്ക്‌ പറയാ​നു​ള്ളത്‌ കേട്ടു. ജനം സന്ദേശം കേട്ട്‌ കോപിഷ്‌ഠ​രാ​കു​മെ​ന്നും തന്നെ ആക്രമി​ക്കു​മെ​ന്നും കരുതി​യി​രി​ക്കു​ക​യാ​യി​രു​ന്നു യോനാ. പക്ഷേ നടന്നതോ? തീരെ പ്രതീ​ക്ഷി​ക്കാ​ത്ത​തും! ജനം സന്ദേശം ശ്രദ്ധിച്ചു കേട്ടു, വാർത്ത കാട്ടുതീ പോലെ പടർന്നു! യോനാ​യു​ടെ പ്രവചനം, നിമി​ഷ​നേ​രം​കൊണ്ട്‌ നഗരവാ​സി​ക​ളു​ടെ സംസാ​ര​വി​ഷ​യ​മാ​യി. നഗരത്തി​നു വരാൻ പോകുന്ന നാശം അവരുടെ സ്വൈരം കെടുത്തി. (യോനാ 3:5 വായി​ക്കുക.) പണക്കാ​രും പാവ​പ്പെ​ട്ട​വ​രും, ബലവാ​ന്മാ​രും ബലഹീ​ന​രും എന്നുവേണ്ട ആബാല​വൃ​ദ്ധം ജനങ്ങളും ഒരു​പോ​ലെ പശ്ചാത്ത​പി​ച്ചു. അവർ ഉപവാസം തുടങ്ങി. വ്യാപ​ക​മായ ഈ ജനമു​ന്നേ​റ്റ​ത്തെ​ക്കു​റി​ച്ചുള്ള വാർത്ത രാജാ​വി​ന്റെ ചെവി​യി​ലു​മെത്തി.

നിനെവേയിൽ പ്രസം​ഗി​ക്കാൻ യോനായ്‌ക്ക്‌ ധൈര്യ​വും വിശ്വാ​സ​വും വേണമാ​യി​രു​ന്നു

8 യോനാ​യു​ടെ സന്ദേശം രാജാ​വി​നെ​യും പിടി​ച്ചു​ലച്ചു. ദൈവത്തെ ഭയന്ന രാജാവ്‌ സിംഹാ​സ​ന​ത്തിൽനിന്ന്‌ എഴു​ന്നേറ്റ്‌, രാജവസ്‌ത്രങ്ങൾ അഴിച്ചു​വെച്ച്‌ പ്രജക​ളെ​പ്പോ​ലെ ചാക്കു​വസ്‌ത്രം ധരിച്ചു. അതും പോരാഞ്ഞ്‌ അവൻ “വെണ്ണീ​റിൽ ഇരുന്നു.” രാജാ​വും പ്രഭു​ക്ക​ന്മാ​രും ചേർന്ന്‌ ഒരു വിളം​ബ​ര​വും പുറ​പ്പെ​ടു​വി​ച്ചു. ഒരു ജനകീ​യ​നീ​ക്ക​മാ​യി പൊടു​ന്നനെ രൂപം​കൊണ്ട ആ ഉപവാസം രാജ്യ​ത്തി​ന്റെ ഒരു ഔദ്യോ​ഗിക നടപടി​ക്ര​മ​മാ​യി മാറി. സകലരും രട്ടുടു​ക്കാൻ രാജാവ്‌ കല്‌പി​ച്ചു. വീട്ടു​മൃ​ഗ​ങ്ങ​ളെ​പ്പോ​ലും ഒഴിവാ​ക്കി​യില്ല. b തന്റെ പ്രജകൾ ക്രൂര​ത​യും അക്രമ​വും പ്രവർത്തിച്ച്‌ കുറ്റക്കാ​രാ​യി​ത്തീർന്നി​രി​ക്കു​കയാ​ണെന്ന്‌ രാജാവ്‌ താഴ്‌മ​യോ​ടെ സമ്മതിച്ചു. ജനങ്ങളു​ടെ മനസ്‌താ​പം കണ്ട്‌ സത്യ​ദൈ​വ​ത്തി​ന്റെ മനസ്സലി​യു​മെന്ന്‌ അവൻ പ്രത്യാ​ശി​ച്ചു. രാജാ​വി​ന്റെ ആ പ്രതീക്ഷ അവന്റെ വാക്കു​ക​ളിൽ കാണാം: “ദൈവം . . . അനുത​പി​ച്ചു നാം നശിച്ചു​പോ​കാ​തെ​യി​രി​ക്കേ​ണ്ട​തി​ന്നു അവന്റെ ഉഗ്ര​കോ​പം വിട്ടു​മാ​റു​മാ​യി​രി​ക്കും; ആർക്കറി​യാം.”—യോനാ 3:6-9.

9. നിനെ​വേ​ക്കാ​രെ​ക്കു​റിച്ച്‌ വിമർശ​ക​രു​ടെ അഭി​പ്രാ​യ​മെ​ന്താണ്‌, അവർക്കു തെറ്റി​പ്പോ​യെന്ന്‌ നമുക്ക്‌ എങ്ങനെ അറിയാം?

9 അങ്ങനെ പെട്ടെ​ന്നൊ​രു മനംമാ​റ്റം നിനെ​വേ​ക്കാർക്കു​ണ്ടാ​കു​മോ? ചില വിമർശ​ക​രു​ടെ സംശയം അതാണ്‌. എന്നാൽ, പ്രാചീ​ന​കാല സംസ്‌കാ​ര​ങ്ങ​ളി​ലെ അന്ധവി​ശ്വാ​സി​ക​ളും അഭി​പ്രാ​യ​സ്ഥി​ര​ത​യി​ല്ലാ​ത്ത​വ​രും ആയ ആളുകൾ ഇങ്ങനെ​യൊ​രു നീക്കം നടത്താൻ എല്ലാ സാധ്യ​ത​യു​മു​ണ്ടെ​ന്നാണ്‌ ബൈബിൾപ​ണ്ഡി​ത​ന്മാ​രു​ടെ അഭി​പ്രാ​യം. ആ വിമർശ​കർക്ക്‌ തെറ്റി​പ്പോ​യെന്നു വിശ്വ​സി​ക്കാൻ വേറൊ​രു കാതലായ കാരണം​കൂ​ടി​യുണ്ട്‌. നിനെ​വേ​ക്കാ​രു​ടെ മാനസാ​ന്ത​ര​ത്തെ​ക്കു​റിച്ച്‌ യേശു​ക്രിസ്‌തു​തന്നെ പറയു​ക​യു​ണ്ടാ​യി. (മത്തായി 12:41 വായി​ക്കുക.) ഒരു ചരി​ത്ര​വസ്‌തുത വെറുതെ എടുത്തു​പ​റ​യു​ക​യാ​യി​രു​ന്നില്ല യേശു. ഈ സംഭവങ്ങൾ നടക്കു​മ്പോൾ അതെല്ലാം കണ്ടു​കൊണ്ട്‌ അവൻ അപ്പോൾ സ്വർഗ​ത്തി​ലു​ണ്ടാ​യി​രു​ന്നു! (യോഹ. 8:57, 58) നമ്മുടെ ദൃഷ്ടി​യിൽ ആളുകൾ കൊടും​ക്രൂ​ര​ന്മാ​രാ​യി​രി​ക്കാം. എന്നാൽ, പശ്ചാത്ത​പി​ക്കാ​നും മാറ്റം വരുത്താ​നും അവർക്കു കഴിയി​ല്ലെന്ന്‌ നമ്മൾ ഒരിക്ക​ലും ചിന്തി​ക്ക​രുത്‌. അത്തരക്കാർക്കു​പോ​ലും മനഃപ​രി​വർത്തനം സംഭവി​ക്കും എന്നുള്ള​താണ്‌ വാസ്‌തവം. മനുഷ്യ​ന്റെ ഹൃദയം വായി​ക്കാൻ കഴിയു​ന്നത്‌ യഹോ​വയ്‌ക്കല്ലേ, നമുക്ക​ല്ല​ല്ലോ.

ദൈവ​ത്തി​ന്റെ കാരു​ണ്യ​വും മനുഷ്യ​ന്റെ കാർക്ക​ശ്യ​വും. . .

10, 11. (എ) നിനെ​വേ​ക്കാർ മനസ്‌ത​പി​ച്ച​പ്പോൾ യഹോവ എന്തു ചെയ്‌തു? (ബി) നിനെ​വേ​ക്കാ​രെ ശിക്ഷി​ക്കാ​നുള്ള യഹോ​വ​യു​ടെ ആദ്യതീ​രു​മാ​ന​ത്തിൽ പിഴവു വന്നിട്ടി​ല്ലെന്ന്‌ നമുക്ക്‌ എങ്ങനെ മനസ്സി​ലാ​ക്കാം?

10 നിനെ​വേ​ക്കാ​രു​ടെ പശ്ചാത്താ​പം കണ്ടിട്ട്‌ യഹോ​വയ്‌ക്ക്‌ എന്തു തോന്നി? യോനാ പിന്നീട്‌ എഴുതു​ന്നത്‌ ഇങ്ങനെ​യാണ്‌: “അവർ ദുർമ്മാർഗ്ഗം വിട്ടു​തി​രി​ഞ്ഞു എന്നു ദൈവം അവരുടെ പ്രവൃ​ത്തി​ക​ളാൽ കണ്ടപ്പോൾ താൻ അവർക്കു വരുത്തും എന്നു അരുളി​ച്ചെയ്‌തി​രുന്ന അനർത്ഥ​ത്തെ​ക്കു​റി​ച്ചു ദൈവം അനുത​പി​ച്ചു അതു വരുത്തി​യ​തു​മില്ല.”—യോനാ 3:10.

11 നിനെ​വേക്ക്‌ എതിരെ ന്യായ​വി​ധി നടപ്പാ​ക്കാ​നുള്ള യഹോ​വ​യു​ടെ തീരു​മാ​ന​ത്തിൽ പിഴവു​ണ്ടാ​യെ​ന്നാ​ണോ? അങ്ങനെയല്ല. യഹോ​വ​യു​ടെ നീതി കുറ്റമ​റ്റ​താ​ണെ​ന്നാണ്‌ ബൈബിൾ പറയു​ന്നത്‌. (ആവർത്ത​ന​പുസ്‌തകം 32:4 വായി​ക്കുക.) നിനെ​വേ​യോ​ടുള്ള യഹോ​വ​യു​ടെ നീതി​യു​ക്ത​മായ കോപം അവൻ വിട്ടു​ക​ള​ഞ്ഞെ​ന്നേ​യു​ള്ളൂ. അവർ വരുത്തിയ പരിവർത്തനം യഹോവ കണ്ടു. അവരുടെ മേൽ വരുത്താൻ ഉദ്ദേശി​ച്ചി​രുന്ന ശിക്ഷ ഇനി നടപ്പാ​ക്കു​ന്നത്‌ ശരിയ​ല്ലെന്ന്‌ അവനു തോന്നി. ആ നഗരവാ​സി​ക​ളോട്‌ ഇപ്പോൾ കരുണ കാണി​ക്ക​ണ​മെന്ന്‌ അവൻ തീരു​മാ​നി​ച്ചു.

12, 13. (എ) താൻ ന്യായ​ബോ​ധ​മു​ള്ള​വ​നും, വഴക്കമു​ള്ള​വ​നും, കരുണാ​മ​യ​നും ആണെന്ന്‌ യഹോവ കാണി​ച്ചത്‌ എങ്ങനെ? (ബി) യോനാ​യു​ടേത്‌ ഒരു വ്യാജ​പ്ര​വ​ചനം അല്ലായി​രു​ന്നത്‌ എന്തു​കൊണ്ട്‌?

12 ദൈവം കർക്കശ​ക്കാ​ര​നും നിർവി​കാ​ര​നും വഴക്കമി​ല്ലാ​ത്ത​വ​നും ആണെന്ന്‌ പഠിപ്പി​ക്കു​ന്ന​വ​യാണ്‌ പല മതോ​പ​ദേ​ശ​ങ്ങ​ളും. അതു​കൊണ്ട്‌ ജനമന​സ്സു​ക​ളിൽ പതിഞ്ഞ ദൈവ​ത്തി​ന്റെ ചിത്ര​വും പലപ്പോ​ഴും അങ്ങനെ​യു​ള്ള​താണ്‌. പക്ഷേ യഹോവ അങ്ങനെ​യൊ​രു ദൈവമേ അല്ല. അവൻ ന്യായ​ബോ​ധ​മു​ള്ള​വ​നും വഴക്കമു​ള്ള​വ​നും കരുണാ​മ​യ​നും ആണ്‌. ദുഷ്ടന്മാ​രെ ശിക്ഷി​ക്കാൻ അവൻ തീരു​മാ​നി​ക്കു​മ്പോൾ ആദ്യം​തന്നെ ഭൂമി​യി​ലെ തന്റെ പ്രതി​നി​ധി​കളെ ഉപയോ​ഗിച്ച്‌ അവൻ മുന്നറി​യി​പ്പു നൽകും. ദുഷ്ടന്മാ​രായ ആളുകൾ നിനെ​വേ​ക്കാ​രെ​പ്പോ​ലെ അനുത​പി​ക്കാ​നും വഴിക​ളിൽ മാറ്റം വരുത്തി​ക്കാ​ണാ​നും അവൻ അതിയാ​യി ആഗ്രഹി​ക്കു​ന്നു. (യെഹെ. 33:11) യഹോവ ഒരിക്കൽ തന്റെ പ്രവാ​ച​ക​നായ യിരെ​മ്യാ​വി​നോട്‌ ഇങ്ങനെ പറഞ്ഞു: “ഞാൻ ഒരു ജാതി​യെ​ക്കു​റി​ച്ചോ ഒരു രാജ്യ​ത്തെ​ക്കു​റി​ച്ചോ അതിനെ പറിച്ചു ഇടിച്ചു നശിപ്പി​ച്ചു​ക​ള​യും എന്നു അരുളി​ച്ചെയ്‌തി​ട്ടു ഞാൻ അങ്ങനെ അരുളി​ച്ചെയ്‌ത ജാതി തന്റെ ദുഷ്ടത വിട്ടു തിരി​യു​ന്നു​വെ​ങ്കിൽ അതി​നോ​ടു ചെയ്‌വാൻ നിരൂ​പിച്ച ദോഷ​ത്തെ​ക്കു​റി​ച്ചു ഞാൻ അനുത​പി​ക്കും.”—യിരെ. 18:7, 8.

ദുഷ്ടന്മാർ പശ്ചാത്ത​പിച്ച്‌ നിനെ​വേ​ക്കാ​രെ​പ്പോ​ലെ, വഴികൾക്കു മാറ്റം വരുത്താൻ യഹോവ അതിയാ​യി ആഗ്രഹി​ക്കു​ന്നു

13 ഇനി, നിനെ​വേ​യെ​ക്കു​റി​ച്ചുള്ള യോനാ​യു​ടെ പ്രവചനം തെറ്റാ​യി​രു​ന്നോ? അല്ല. മുന്നറി​യിപ്പ്‌ നൽകു​ക​യാ​യി​രു​ന്നു അതിന്റെ ഉദ്ദേശ്യം, അതു നടന്നു. നിനെ​വേ​ക്കാ​രു​ടെ ദുഷ്ടത​യും ദുർമാർഗ​വും നിമി​ത്ത​മാണ്‌ അവൻ മുന്നറി​യിപ്പ്‌ നൽകി​യത്‌. അവർ മാറ്റം വരുത്തി​യ​പ്പോൾ യഹോ​വ​യും മാറി​ച്ചി​ന്തി​ച്ചു. ഇനി​യെ​ന്നെ​ങ്കി​ലും അവർ പഴയപടി ദുഷ്ടത​യി​ലേക്കു തിരി​ഞ്ഞാൽ അവർക്കു വരുത്തു​മെന്ന്‌ ദൈവം പറഞ്ഞ അതേ ശിക്ഷ വരുത്തു​ക​തന്നെ ചെയ്യും. പിൽക്കാ​ലത്ത്‌ നിനെ​വേ​യു​ടെ കാര്യ​ത്തിൽ അങ്ങനെ​ത​ന്നെ​യാണ്‌ സംഭവി​ച്ച​തും.—സെഫ. 2:13-15.

14. യഹോവ നിനെ​വേ​യോട്‌ കരുണ കാണി​ച്ച​പ്പോൾ യോനാ​യു​ടെ പ്രതി​ക​രണം എന്തായി​രു​ന്നു?

14 പ്രവചനം നടത്തി​യിട്ട്‌ നിനെ​വേ​യു​ടെ നാശവും കാത്തി​രുന്ന യോനായ്‌ക്ക്‌ അങ്ങനെ സംഭവി​ക്കാ​തി​രു​ന്ന​പ്പോൾ എന്തു തോന്നി? നമ്മൾ ഇങ്ങനെ വായി​ക്കു​ന്നു: “യോ​നെക്കു ഇതു അത്യന്തം അനിഷ്ട​മാ​യി, അവന്നു കോപം വന്നു.” (യോനാ 4:1) സർവശ​ക്തനെ കുറ്റ​പ്പെ​ടു​ത്തു​ന്ന​തു​പോ​ലെ തോന്നി​ക്കുന്ന ഒരു പ്രാർഥ​ന​യും അവൻ നടത്തി. ‘എനിക്ക്‌ എന്റെ നാട്ടിൽ, സ്വന്തം വീട്ടിൽ, സ്വസ്ഥമാ​യി കഴിഞ്ഞു​കൂ​ടാ​മാ​യി​രു​ന്ന​ല്ലോ’ എന്നുവരെ അവൻ പറഞ്ഞു​വെച്ചു. അവൻ ആദ്യം തർശീ​ശി​ലേക്ക്‌ ഓടി​പ്പോ​യ​തിന്‌ ഒരു മുടന്തൻ ന്യായ​വും കണ്ടെത്തി: നിനെ​വേക്ക്‌ യഹോവ വരുത്തു​മെന്ന്‌ അരുളി​ച്ചെയ്‌ത നാശം യഹോവ വരുത്താൻ പോകു​ന്നി​ല്ലെന്ന്‌ അവന്‌ അറിയാ​മാ​യി​രു​ന്നു​പോ​ലും! അങ്ങനെ ആകെ മുഷിഞ്ഞ്‌ ദൈവ​ത്തോ​ടു പിണങ്ങി യോനാ പറഞ്ഞു: ‘ഹൊ, ഇങ്ങനെ ജീവി​ച്ചി​രി​ക്കു​ന്ന​തി​ലും നല്ലത്‌ മരിക്കു​ന്ന​താണ്‌.’—യോനാ 4:2, 3 വായി​ക്കുക.

15. (എ) യോനാ നിരാ​ശ​യി​ലേക്ക്‌ താണു​താ​ണു പോയത്‌ എന്തു​കൊ​ണ്ടാ​യി​രി​ക്കാം? (ബി) മനപ്ര​യാ​സ​പ്പെട്ട്‌ ഇരിക്കുന്ന പ്രവാ​ച​ക​നോട്‌ യഹോവ ഇടപെ​ട്ടത്‌ എങ്ങനെ?

15 എന്താണ്‌ യോനാ​യു​ടെ വിഷമം? അവന്റെ മനസ്സി​ലൂ​ടെ കടന്നു​പോ​കുന്ന എല്ലാ ചിന്തക​ളും അറിയാൻ മാർഗ​മില്ല. പക്ഷേ ഒന്നറി​യാം: ഇക്കണ്ട മനുഷ്യ​രോ​ടെ​ല്ലാം, നിനെവേ നശിക്കാൻ പോകു​ക​യാ​ണെന്ന ന്യായ​വി​ധി​ദൂത്‌ പലയാ​വർത്തി ഘോഷി​ച്ചിട്ട്‌ വന്നിരി​ക്കു​ക​യാണ്‌ അവൻ. അവരെ​ല്ലാം അതു വിശ്വ​സി​ക്കു​ക​യും ചെയ്‌തു. എന്നാലി​പ്പോൾ, നാശ​മൊട്ട്‌ വരുന്ന​തു​മില്ല. തനിക്ക്‌ കള്ളപ്ര​വാ​ച​ക​നെന്ന ദുഷ്‌പേരു വീഴു​ക​യി​ല്ലേ! ആളുകൾ പരിഹ​സി​ക്കി​ല്ലേ! സംഗതി എന്തായാ​ലും അവന്‌ ഒട്ടും സന്തോ​ഷ​മില്ല, ആളുകൾ പശ്ചാത്ത​പി​ക്കു​ന്ന​തും യഹോവ കരുണ കാണി​ക്കു​ന്ന​തും കണ്ടിട്ട്‌ അവന്‌ ഒരു കുലു​ക്ക​വു​മില്ല. അഭിമാ​നം വ്രണ​പ്പെട്ട്‌, സ്വയം സഹതപിച്ച്‌, ദേഷ്യ​വും നീരസ​വും തീർത്ത ചുഴി​യി​ലേക്ക്‌ അവൻ ആഴ്‌ന്നാഴ്‌ന്ന്‌ പോകു​ക​യാ​ണോ? ഇച്ഛാഭം​ഗ​പ്പെട്ട്‌ മനപ്ര​യാ​സ​ത്തോ​ടെ ഇരിക്കു​ക​യാണ്‌ യോനാ. അവന്റെ കരുണാ​മ​യ​നായ ദൈവം അവനിൽ പിന്നെ​യും നന്മ കണ്ടിട്ടു​ണ്ടാ​വണം. തന്നോട്‌ അനാദ​രവു കാട്ടി​യ​തിന്‌ യോനാ​യെ ശിക്ഷി​ക്കു​ന്ന​തി​നു പകരം അവനെ ഒന്നു ചിന്തി​പ്പി​ക്കാൻവേണ്ടി യഹോവ സൗമ്യ​മായ സ്വരത്തിൽ ഇങ്ങനെ അന്വേ​ഷി​ച്ചു: “നീ കോപി​ക്കു​ന്നതു വിഹി​ത​മോ?” (യോനാ 4:4) യോനാ മറുപടി എന്തെങ്കി​ലും പറഞ്ഞോ? ബൈബിൾരേഖ ഒന്നും പറയു​ന്നില്ല.

16. ചിലർ ദൈവ​ത്തോട്‌ വിയോ​ജി​പ്പു കാണി​ച്ചേ​ക്കാ​വു​ന്നത്‌ എങ്ങനെ, ഇക്കാര്യ​ത്തിൽ നമുക്ക്‌ യോനാ​യു​ടെ മാതൃ​ക​യിൽനിന്ന്‌ എന്തു പഠിക്കാം?

16 ‘എന്തൊരു സ്വഭാ​വ​മാണ്‌’ എന്നു ചിന്തിച്ച്‌ യോനാ​യെ വിധി​ക്കാൻ വരട്ടെ. കുറ്റവും കുറവും ഒക്കെയുള്ള അപൂർണ​മ​നു​ഷ്യർ ദൈവ​ത്തോട്‌ വിയോ​ജി​പ്പു കാണി​ക്കു​ന്നത്‌ അസാധാ​ര​ണമല്ല എന്ന്‌ ഓർക്കുക. ‘ആ ദുരന്തം യഹോ​വയ്‌ക്കു വേണ​മെ​ങ്കിൽ തടയാ​മാ​യി​രു​ന്ന​ല്ലോ, ദുഷ്ടന്മാ​രെ വെച്ചു​പൊ​റു​പ്പി​ക്കാ​തെ അപ്പോൾത്തന്നെ നശിപ്പി​ക്കാ​മാ​യി​രു​ന്ന​ല്ലോ, ഇതിനു മുമ്പേ ഈ ദുഷിച്ച ലോകത്തെ യഹോ​വയ്‌ക്കു നീക്കി​ക്ക​ള​യാ​മാ​യി​രു​ന്ന​ല്ലോ’ എന്നൊക്കെ ചിന്തി​ക്കാ​റി​ല്ലേ പലരും. യഹോ​വ​യു​ടെ വീക്ഷണ​ങ്ങ​ളു​മാ​യി നമുക്ക്‌ യോജി​ക്കാൻ കഴിയാ​തെ വരു​മ്പോൾ നമ്മു​ടെ​തന്നെ കാഴ്‌ച​പ്പാ​ടി​നാണ്‌ മാറ്റം വരു​ത്തേ​ണ്ടത്‌, അല്ലാതെ യഹോ​വ​യു​ടെ വീക്ഷണ​ത്തി​നല്ല. യോനാ​യു​ടെ മാതൃക ഇക്കാര്യ​ത്തിൽ നമു​ക്കൊ​രു പാഠമല്ലേ!

യഹോവ യോനാ​യെ കരുണ പഠിപ്പി​ക്കു​ന്നു!

17, 18. (എ) നിനെവേ വിട്ട​ശേഷം യോനാ എന്തു ചെയ്‌തു? (ബി) ചുര​ച്ചെടി മുളപ്പി​ച്ചു​കൊണ്ട്‌ യഹോവ ചെയ്‌ത അത്ഭുതങ്ങൾ യോനാ​യെ ബാധി​ച്ചത്‌ എങ്ങനെ?

17 ആകെ വിഷണ്ണ​നായ പ്രവാ​ചകൻ നിനെവേ വിട്ട്‌ നടന്നകന്നു. പോയത്‌ വീട്ടി​ലേക്കല്ല, നേരെ കിഴക്കുള്ള മലനി​ര​ക​ളി​ലേ​ക്കാണ്‌. ആ മലനി​ര​ക​ളിൽ നിന്നാൽ നല്ല നഗരക്കാഴ്‌ച കിട്ടും. അവൻ അവിടെ ഒരു തണൽ കെട്ടി​യു​ണ്ടാ​ക്കി, പിന്നെ അതിനു കീഴെ നിനെ​വേ​യി​ലേക്ക്‌ കണ്ണും​നട്ട്‌ ഇരിപ്പാ​യി. നിനെ​വേ​യു​ടെ നാശം കാണാ​മെന്ന ആശയോ​ടെ​യാ​യി​രി​ക്കാം കാത്തി​രിപ്പ്‌. താൻ ആഗ്രഹി​ക്കു​ന്ന​തു​പോ​ലെ കാര്യങ്ങൾ നടക്കണ​മെന്ന നിർബ​ന്ധ​ബു​ദ്ധി​യോ​ടെ ഇരിക്കുന്ന ഈ മനുഷ്യ​നെ യഹോവ എങ്ങനെ​യാണ്‌ കരുണ പഠിപ്പി​ക്കാൻ പോകു​ന്നത്‌?

18 “അവന്റെ തലെക്കു തണൽ ആയിരി​ക്കേ​ണ്ട​തി​ന്നു യഹോ​വ​യായ ദൈവം ഒരു ആവണക്ക്‌ (“ചുര​ച്ചെടി,” NW)” മുളപ്പി​ച്ചു. യോനാ ഉണർന്ന​പ്പോൾ കണ്ടത്‌ തഴച്ചു​വ​ളർന്ന്‌ വലിയ ഇലകൾ വീശി തന്റെ കുടി​ലി​നു മീതെ തണൽ വിരിച്ച്‌ നിൽക്കുന്ന ചുര​ച്ചെ​ടി​യാണ്‌. ഒറ്റരാ​ത്രി​കൊണ്ട്‌, ഒരു ചെടി മുളച്ചു​പൊ​ങ്ങാൻ യഹോവ ഇടയാക്കി! ‘താനു​ണ്ടാ​ക്കിയ പൊട്ട​ക്കു​ടി​ലി​ന്റെ പോരായ്‌മ​യെ​ല്ലാം പരിഹ​രി​ച്ച​ല്ലോ,’ അവനു തൃപ്‌തി​യാ​യി, അവന്റെ മുഖം തെളിഞ്ഞു! യോനാ ചുര​ച്ചെ​ടി​നി​മി​ത്തം “അത്യന്തം സന്തോ​ഷി​ച്ചു” എന്നു വിവരണം പറയുന്നു. ദൈവ​ത്തി​ന്റെ അനു​ഗ്ര​ഹ​ത്തി​ന്റെ​യും അംഗീ​കാ​ര​ത്തി​ന്റെ​യും ഒരു അത്ഭുത​സാ​ന്നി​ധ്യ​മാ​യി അവൻ അതിനെ കണ്ടിരി​ക്കാം. എന്നാൽ എരിയുന്ന സൂര്യന്റെ ചൂടിൽനിന്ന്‌ രക്ഷിക്കാ​നോ യോനാ​യു​ടെ ബാലി​ശ​വും കഴമ്പി​ല്ലാ​ത്ത​തും ആയ കോപം ശമിപ്പി​ക്കാ​നോ മാത്ര​മാ​യി​രു​ന്നില്ല യഹോവ ആ ചെടി മുളപ്പി​ച്ചത്‌. യോനാ​യു​ടെ ഹൃദയ​ത്തി​ന്റെ ഉൾക്കാ​മ്പി​ലേക്ക്‌ ഇറങ്ങാൻ യഹോവ ആഗ്രഹി​ച്ചു. അതു​കൊണ്ട്‌ അവൻ വേറെ ചില അത്ഭുത​ങ്ങ​ളും പ്രവർത്തി​ച്ചു. ചെടി ഉണക്കി​ക്ക​ള​യാൻ യഹോവ ഒരു പുഴു​വി​നെ വിട്ടു. അത്‌ ചെടി കുത്തി​യു​ണ​ക്കി​ക്ക​ളഞ്ഞു. പിന്നെ “അത്യുഷ്‌ണ​മു​ള്ളോ​രു കിഴക്കൻകാറ്റ്‌” അടിപ്പി​ച്ചു. ഉഷ്‌ണ​ക്കാ​റ്റും വെയി​ലും ഏറ്റ്‌ യോനാ വല്ലാതെ വാടി​ത്ത​ളർന്നു. അവന്റെ ഉന്മേഷ​മെ​ല്ലാം ചോർന്നു​പോ​യി. മരിച്ചാൽ മതി​യെന്ന്‌ അവൻ വീണ്ടും ആഗ്രഹി​ച്ചു!—യോനാ 4:6-8.

19, 20. ചുര​ച്ചെ​ടി​യു​ടെ കാര്യ​ത്തിൽ യഹോവ യോനാ​യു​മാ​യി ന്യായ​വാ​ദം ചെയ്‌തത്‌ എങ്ങനെ?

19 യഹോവ പിന്നെ​യും അവനോട്‌ അതേ ചോദ്യം​തന്നെ ചോദി​ച്ചു. നീ “കോപി​ക്കു​ന്നതു വിഹി​ത​മോ?” ഒരു ചുര​ച്ചെടി ഉണങ്ങി​പ്പോ​യ​തി​ന്റെ പേരിൽ ഇത്ര​ത്തോ​ളം കോപി​ക്കു​ന്നത്‌ ഉചിത​മാ​ണോ എന്നായി​രു​ന്നു ഇപ്രാ​വ​ശ്യം ചോദി​ച്ച​തി​ന്റെ അർഥം. ഒരു കുറ്റ​ബോ​ധ​വു​മി​ല്ലാ​തെ, സ്വയം ന്യായീ​ക​രി​ച്ചു​കൊണ്ട്‌, ഉടൻ വന്നു മറുപടി: “ഞാൻ മരണപ​ര്യ​ന്തം കോപി​ക്കു​ന്നതു വിഹിതം തന്നേ.” ഇനി, അവനെ കാര്യങ്ങൾ വ്യക്തമാ​യി പറഞ്ഞു മനസ്സി​ലാ​ക്കാ​മെന്ന്‌ യഹോവ തീരു​മാ​നി​ച്ചു.—യോനാ 4:9.

യോനായെ കരുണ കാണി​ക്കാൻ പഠിപ്പി​ക്കു​ന്ന​തിന്‌ ദൈവം ഒരു ചുര​ച്ചെടി ഉപയോ​ഗി​ച്ചു

20 ദൈവം യോനാ​യു​ടെ മുമ്പിൽ ചില ന്യായ​വാ​ദങ്ങൾ നിരത്തി. അവൻ നടുക​യോ വെള്ള​മൊ​ഴി​ക്കു​ക​യോ പരിപാ​ലി​ക്കു​ക​യോ ചെയ്യാതെ, ഒരൊറ്റ രാത്രി​കൊണ്ട്‌ എവി​ടെ​നി​ന്നോ മുളച്ചു​പൊ​ന്തിയ ഒരു തണൽച്ചെടി ഉണങ്ങി​പ്പോ​യ​തി​നാ​ണ​ല്ലോ അവൻ ഇപ്പോൾ കോപി​ച്ചു നിൽക്കു​ന്നത്‌! അങ്ങനെ​യാ​ണെ​ങ്കിൽ, “വലങ്കയ്യും ഇടങ്കയ്യും തമ്മിൽ തിരി​ച്ച​റി​ഞ്ഞു​കൂ​ടാത്ത ഒരു ലക്ഷത്തി​രു​പ​തി​നാ​യി​ര​ത്തിൽ ചില്വാ​നം മനുഷ്യ​രും അനേകം മൃഗങ്ങ​ളു​മുള്ള മഹാന​ഗ​ര​മായ നീനെ​വേ​യോ​ടു എനിക്കു അയ്യോ​ഭാ​വം തോന്ന​രു​തോ,” ദൈവം ചോദി​ച്ചു.—യോനാ 4:10, 11. c

21. (എ) യഹോവ ചുര​ച്ചെ​ടി​യെ പ്രതീ​ക​മാ​ക്കി യോനാ​യെ പഠിപ്പി​ച്ചത്‌ എന്താണ്‌? (ബി) സത്യസ​ന്ധ​മാ​യി സ്വയം വിലയി​രു​ത്താൻ യോനാ​യു​ടെ വിവരണം നമ്മളെ സഹായി​ക്കു​ന്നത്‌ എങ്ങനെ?

21 ഒരു തണൽച്ചെ​ടി​യി​ലൂ​ടെ ദൈവം യോനാ​യെ പഠിപ്പിച്ച ഗുണപാ​ഠ​ത്തി​ന്റെ കാതൽ നിങ്ങൾക്കു മനസ്സി​ലാ​യോ? ആ ചെടി നട്ടതും പരിപാ​ലി​ച്ച​തും ഒന്നും യോനാ അല്ല. എന്നിട്ടും ആ ചെടി ഉണങ്ങി​പ്പോ​യ​പ്പോൾ അവനു വിഷമം തോന്നി. നിനെ​വേ​ക്കാ​രു​ടെ കാര്യ​മോ? യഹോ​വ​യാണ്‌ ആ മനുഷ്യർക്കെ​ല്ലാം ജീവൻ നൽകി​യത്‌. ഭൂമി​യി​ലെ മറ്റ്‌ എല്ലാ ജീവജാ​ല​ങ്ങ​ളു​ടെ​യും കാര്യ​ത്തി​ലെ​ന്ന​പോ​ലെ യഹോ​വ​യാണ്‌ ഈ കാലമ​ത്ര​യും അവരെ​യും പരിപാ​ലി​ച്ച​തും നിലനി​റു​ത്തി​യ​തും. 1,20,000 മനുഷ്യ​രെ​ക്കാ​ളും അവർക്കുള്ള എണ്ണമറ്റ മൃഗസ​മ്പ​ത്തി​നെ​ക്കാ​ളും വില ഒരു ചെറിയ തണൽച്ചെ​ടിക്ക്‌ കല്‌പി​ക്കാൻ യോനായ്‌ക്ക്‌ എങ്ങനെ കഴിഞ്ഞു? അത്‌ ന്യായ​മാ​ണോ? അത്രയ്‌ക്ക്‌ സ്വാർഥത ഉള്ളിൽ ഉണ്ടായി​രു​ന്ന​തു​കൊ​ണ്ടല്ലേ യോനാ അങ്ങനെ ചിന്തി​ക്കാ​നി​ട​യാ​യത്‌? ‘തണലു​പോ​യ​ല്ലോ’ എന്നോർത്തി​ട്ടു മാത്ര​മാണ്‌ ചെടി ഉണങ്ങി​യ​പ്പോൾ അവനു വിഷമം തോന്നി​യത്‌! അതു​പോ​ലുള്ള തൻകാ​ര്യ​ചി​ന്ത​യല്ലേ നിനെ​വേ​ക്കാ​രു​ടെ കാര്യ​ത്തിൽ കോപിഷ്‌ഠ​നാ​കാൻ അവന്റെ ഹൃദയ​ത്തിന്‌ വളം​വെ​ച്ചു​കൊ​ടു​ത്തത്‌. മുഖം രക്ഷിക്കാ​നുള്ള തത്രപ്പാട്‌, പറഞ്ഞതു സ്ഥാപി​ച്ചെ​ടു​ക്കാ​നുള്ള വ്യഗ്രത, ഇതൊ​ക്കെ​യാ​യി​രു​ന്നി​ല്ലേ ഈ ‘ദുർമു​ഖം കാട്ടലി​നു’ പിന്നിൽ? സത്യസ​ന്ധ​മാ​യി സ്വയം അളക്കാൻ യോനാ​യു​ടെ കഥ നമ്മളെ ഓരോ​രു​ത്ത​രെ​യും സഹായി​ക്കട്ടെ. ഇത്തരം തൻകാ​ര്യ​പ്രി​യ​വും സ്വാർഥ​മ​ന​സ്ഥി​തി​യും നമ്മളി​ലൊ​ക്കെ ഒളിഞ്ഞി​രി​പ്പി​ല്ലേ? അങ്ങനെ​യ​ല്ലാ​ത്ത​വ​രാ​യി ആരെങ്കി​ലും ഉണ്ടെന്നു തോന്നു​ന്നില്ല. നമ്മുടെ ദൈവ​മായ യഹോവ സദ്‌ഗു​ണ​ങ്ങ​ളെ​ല്ലാം നിറഞ്ഞ​വ​നാണ്‌. സ്വാർഥത വെടിഞ്ഞ്‌ കൂടുതൽ വിശാ​ല​രാ​കാൻ, കൂടുതൽ അനുകമ്പ ശീലി​ക്കാൻ, കൂടുതൽ കരുണ കാണി​ക്കാൻ യഹോവ ക്ഷമയോ​ടെ നമ്മെ പഠിപ്പി​ക്കു​മ്പോൾ നാം നന്ദി​യോ​ടെ വഴങ്ങി​ക്കൊ​ടു​ക്കേ​ണ്ട​തല്ലേ?

22. (എ) കരുണ കാണി​ക്കുന്ന കാര്യ​ത്തിൽ യഹോവ കൊടുത്ത ഉപദേശം യോനാ​യെ സ്വാധീ​നി​ച്ചത്‌ എങ്ങനെ​യാ​യി​രി​ക്കാം? (ബി) നമ്മളെ​ല്ലാം പഠിക്കേണ്ട പാഠം ഏതാണ്‌?

22 അതിരി​ക്കട്ടെ, യോനാ പഠിച്ച പാഠം അവൻ ഹൃദയ​ത്തി​ലേക്കു സ്വീക​രി​ച്ചോ? അവന്റെ പേരി​ലുള്ള ബൈബിൾപുസ്‌തകം അവസാ​നി​ക്കു​ന്നത്‌ യഹോവ ചോദി​ക്കുന്ന ഒരു ചോദ്യ​ത്തോ​ടെ​യാണ്‌. അത്‌ കാലങ്ങൾ കടന്ന്‌ ഇന്നും പ്രതി​ധ്വ​നി​ക്കു​ന്നു! ചില വിമർശകർ പരാതി​പ്പെ​ടു​ന്നത്‌, യോനാ ഒരിക്ക​ലും അതിന്‌ ഉത്തരം പറഞ്ഞി​ല്ലെ​ന്നാണ്‌. സത്യം പറഞ്ഞാൽ അവന്റെ ഉത്തരം അവി​ടെ​യി​ല്ലേ? ആ പുസ്‌ത​കം​ത​ന്നെ​യാണ്‌ അതിനുള്ള ഉത്തരം! തെളി​വു​കൾ സൂചി​പ്പി​ക്കു​ന്നത്‌, സ്വന്തം പേരി​ലുള്ള ആ പുസ്‌തകം യോനാ​തന്നെ എഴുതി എന്നാണ്‌. സംഭവ​ബ​ഹു​ല​മായ ആ കാലയ​ള​വി​നു ശേഷം, പ്രവാ​ചകൻ സ്വസ്ഥനാ​യി നാട്ടി​ലേക്കു മടങ്ങു​ന്ന​തും നടന്ന​തെ​ല്ലാം എഴുതി​വെ​ക്കു​ന്ന​തും നമു​ക്കൊന്ന്‌ ഭാവന​യിൽ കാണാം: പ്രവാ​ച​കന്‌ ഇപ്പോൾ അല്‌പം​കൂ​ടി പ്രായ​മാ​യെന്നു തോന്നു​ന്നു, അറിവും അനുഭ​വ​ങ്ങ​ളും ഏറിയി​രി​ക്കു​ന്നു, പഴയതി​ലും ഏറെ താഴ്‌മ​യുണ്ട്‌ ആ ചലനങ്ങ​ളിൽ. സ്വന്തം പിഴവു​കൾ വിസ്‌ത​രിച്ച്‌ എഴുതു​മ്പോൾ ഒട്ടൊരു കുറ്റ​ബോ​ധ​ത്താൽ, സങ്കടഭാ​വ​ത്താൽ, തലയാ​ട്ടു​ന്നു​മുണ്ട്‌. നിർബ​ന്ധ​ബു​ദ്ധി കാണി​ച്ച​തും കരുണ കാണി​ക്കാൻ മനസ്സു​വെ​ക്കാ​തെ ശാഠ്യം​പി​ടി​ച്ചു​നി​ന്ന​തും എല്ലാം ഓരോ​രോ രംഗങ്ങ​ളാ​യി അവന്റെ മനസ്സിൽ തെളി​യു​ക​യാ​ണെന്നു തോന്നു​ന്നു. യഹോവ കൊടുത്ത തിരു​ത്ത​ലും ഉപദേ​ശ​ങ്ങ​ളും യോനാ ഹൃദയ​ത്തി​ലേ​ക്കാണ്‌ സ്വീക​രി​ച്ചത്‌! കരുണ കാണി​ക്കാൻ അവൻ പഠിച്ചു. നമ്മൾ പഠിക്കു​മോ?മത്തായി 5:7 വായി​ക്കുക.

a യോനായുടെ കാലത്ത്‌ പത്തു​ഗോ​ത്ര ഇസ്രാ​യേ​ലി​ന്റെ തലസ്ഥാ​ന​മായ ശമര്യ​യിൽ 20,000 മുതൽ 30,000 വരെ നിവാ​സി​കൾ ഉണ്ടായി​രു​ന്നി​രി​ക്കാ​മെന്ന്‌ കണക്കുകൾ സൂചി​പ്പി​ക്കു​ന്നു. ഇത്‌ നിനെ​വേ​യി​ലെ ജനസം​ഖ്യ​യു​ടെ നാലി​ലൊ​ന്നിൽ താഴെ മാത്രമേ വരൂ. പ്രതാ​പ​ത്തി​ന്റെ ഉച്ചകോ​ടി​യി​ലാ​യി​രു​ന്ന​പ്പോൾ ലോക​ത്തി​ലെ​തന്നെ ഏറ്റവും വലിയ നഗരമാ​യി​രു​ന്നി​രി​ക്കാം നിനെവേ.

b ഈ വിശദാം​ശ​ത്തിൽ ഒരല്‌പം അതിശ​യോ​ക്തി​യി​ല്ലേ എന്നു തോന്നി​യേ​ക്കാം. പക്ഷേ അക്കാലത്ത്‌ ഇതൊരു അസാധാ​രണ സംഭവ​മാ​യി​രു​ന്നില്ല. പണ്ടു പേർഷ്യ​യിൽ ആദരണീ​യ​നാ​യൊ​രു ജനറലി​ന്റെ മരണ​ത്തോട്‌ അനുബ​ന്ധിച്ച്‌ ആളുകൾ വിലാപം കഴിച്ച​പ്പോൾ അവരുടെ കന്നുകാ​ലി​ക​ളെ​യും അതിൽ ഉൾപ്പെ​ടു​ത്തി​യ​താ​യി ഗ്രീക്ക്‌ ചരി​ത്ര​കാ​ര​നായ ഹെറൊ​ഡോ​ട്ടസ്‌ രേഖ​പ്പെ​ടു​ത്തി​യി​ട്ടുണ്ട്‌.

c ‘വല​ങ്കൈ​യും ഇട​ങ്കൈ​യും തമ്മിൽ തിരി​ച്ച​റി​ഞ്ഞു കൂടാ​ത്തവർ’ എന്നു പറഞ്ഞതി​ലൂ​ടെ, ദിവ്യ​നി​ല​വാ​രങ്ങൾ സംബന്ധിച്ച്‌ അവർക്ക്‌ ഒന്നും അറിഞ്ഞു​കൂ​ടാ, അക്കാര്യ​ത്തിൽ അവർ കൊച്ചു​കു​ട്ടി​ക​ളെ​പ്പോ​ലെ അജ്ഞരാണ്‌, എന്നാണ്‌ ദൈവം സൂചി​പ്പി​ച്ചത്‌.