വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

അധ്യായം ഇരുപത്‌

“ഞാൻ വിശ്വ​സി​ക്കു​ന്നു”

“ഞാൻ വിശ്വ​സി​ക്കു​ന്നു”

1. മാർത്ത​യു​ടെ ദുഃഖ​വും അതിന്റെ കാരണ​വും വിവരി​ക്കുക.

 മാർത്ത​യു​ടെ മനസ്സിൽനിന്ന്‌ ആ ദൃശ്യം മായു​ന്നില്ല, അവളുടെ സഹോ​ദ​രന്റെ കല്ലറ! ഒരു വലിയ കരിങ്കൽപ്പാ​ളി​കൊണ്ട്‌ ആ കല്ലറ അടച്ചി​ട്ടുണ്ട്‌. അവളുടെ കൂടെ​പ്പി​റ​പ്പി​ന്റെ ചേതനയറ്റ ശരീര​മാണ്‌ അതിന​കത്ത്‌! വേർപാ​ടി​ന്റെ വേദന ആ കരിങ്കൽപ്പാ​ളി​പോ​ലെ അവളുടെ മനസ്സിൽ കനംതൂ​ങ്ങി​നി​ന്നു! തന്റെ പ്രിയ​സ​ഹോ​ദരൻ തന്നെ വിട്ട്‌ പോ​യെന്ന്‌ അവൾക്ക്‌ വിശ്വ​സി​ക്കാ​നാ​കു​ന്നില്ല. കരച്ചി​ലും വിലാ​പ​വും ആയി നാലു ദിവസം കടന്നു​പോ​യി​രി​ക്കു​ന്നു! ആശ്വാ​സ​വും അനു​ശോ​ച​ന​ങ്ങ​ളും ആയി ഉറ്റവരും ഉടയവ​രും വന്നു​പോ​കു​ന്നുണ്ട്‌.

2, 3. (എ) യേശു​വി​നെ കണ്ടത്‌ മാർത്ത​യിൽ എന്തെല്ലാം വികാ​ര​ങ്ങ​ളു​ണർത്തി​യി​രി​ക്കാം? (ബി) മാർത്ത പറഞ്ഞ ശ്രദ്ധേ​യ​മായ പ്രസ്‌താ​വന അവളെ​ക്കു​റിച്ച്‌ എന്തു വെളി​പ്പെ​ടു​ത്തു​ന്നു?

2 ഇപ്പോൾ മാർത്ത​യു​ടെ മുന്നിൽ നിൽക്കു​ന്നത്‌ അവളുടെ സഹോ​ദ​ര​നായ ലാസർ പ്രാണ​നോ​ളം സ്‌നേ​ഹിച്ച മനുഷ്യ​നാണ്‌, അവരുടെ പ്രിയ​പ്പെട്ട ഗുരു​വായ യേശു! യേശു​വി​നെ കണ്ടതും മാർത്ത വിങ്ങി​പ്പൊ​ട്ടി​ക്കാ​ണും. കാരണം, അവളുടെ സഹോ​ദ​രനെ മരണത്തിന്‌ വിട്ടു​കൊ​ടു​ക്കാ​തെ രക്ഷിക്കാൻ കഴിയു​മാ​യി​രുന്ന ഒരേ ഒരാളാ​ണ​ല്ലോ മുന്നിൽ നിൽക്കു​ന്നത്‌! ബെഥാന്യ എന്ന മലയോ​ര​പ​ട്ട​ണ​ത്തി​നു പുറത്തു​വെ​ച്ചാണ്‌ ഈ കൂടി​ക്കാഴ്‌ച. യേശു​വി​നെ കണ്ട്‌, നിമി​ഷ​ങ്ങൾക്കു​ള്ളിൽത്തന്നെ അവളുടെ ദുഃഖം ഒട്ടൊന്നു ശമിച്ചു. തന്റെ ഗുരു​വി​ന്റെ കണ്ണുക​ളിൽ നിഴലിച്ച ആർദ്ര​ത​യും സഹാനു​ഭൂ​തി​യും അവൾക്ക്‌ വായി​ച്ചെ​ടു​ക്കാ​നാ​യി. അത്‌ അവളുടെ ഉള്ളൊന്നു തണുപ്പി​ച്ചു. യേശു അവി​ടെ​വെച്ച്‌ അവളോട്‌ ചോദി​ച്ച​റിഞ്ഞ ചില കാര്യങ്ങൾ പുനരു​ത്ഥാ​ന​ത്തി​ലുള്ള അവളുടെ വിശ്വാ​സ​ത്തി​ന്റെ ആഴമള​ക്കാൻ പോന്ന​താ​യി​രു​ന്നു. ആ സംഭാ​ഷ​ണ​ത്തി​നൊ​ടു​വിൽ മാർത്ത പറഞ്ഞു: “ലോക​ത്തി​ലേക്കു വരാനി​രുന്ന ദൈവ​പു​ത്ര​നായ ക്രിസ്‌തു നീയാ​കു​ന്നു എന്നു ഞാൻ വിശ്വ​സി​ക്കു​ന്നു.” അവൾ പറഞ്ഞി​ട്ടു​ള്ള​തി​ലേ​ക്കും ഏറ്റവും അർഥപൂർണ​മായ വാക്കുകൾ!—യോഹ. 11:27.

3 അസാധാ​ര​ണ​മായ വിശ്വാ​സ​മുള്ള ഒരു സ്‌ത്രീ​യാ​യി​രു​ന്നു മാർത്ത​യെന്ന്‌ ആ വാക്കുകൾ വിളി​ച്ചോ​തു​ന്നു. അവളെ​പ്പറ്റി ബൈബിൾ പറയുന്ന അല്‌പ​മാ​ത്ര​മായ കാര്യ​ങ്ങ​ളിൽനിന്ന്‌ നമ്മുടെ വിശ്വാ​സം ശക്തി​പ്പെ​ടു​ത്താൻ മതിയായ വിവരങ്ങൾ നമുക്ക്‌ ലഭിക്കു​ന്നുണ്ട്‌. അത്‌ എന്തെല്ലാ​മാ​ണെ​ന്നാണ്‌ ഇനി കാണാൻപോ​കു​ന്നത്‌. അവളെ​ക്കു​റി​ച്ചുള്ള ആദ്യത്തെ ബൈബിൾവി​വ​ര​ണ​ത്തിൽനിന്ന്‌ നമുക്ക്‌ തുടങ്ങാം.

“വ്യാകു​ല​പ്പെ​ട്ടും മനസ്സു​ക​ല​ങ്ങി​യു​മി​രി​ക്കു​ന്നു”

4. മാർത്ത​യു​ടേത്‌ ഒരു വേറിട്ട കുടും​ബ​മാ​യി​രു​ന്നത്‌ എങ്ങനെ, ആ കുടും​ബ​ത്തിന്‌ യേശു​വു​മാ​യുള്ള ബന്ധം എങ്ങനെ​യാ​യി​രു​ന്നു?

4 മാർത്ത​യെ​ക്കു​റി​ച്ചുള്ള ആദ്യത്തെ ബൈബിൾവി​വ​രണം നമ്മൾ കാണു​ന്നത്‌, ഈ സംഭവ​ത്തിന്‌ കുറെ മാസങ്ങൾക്കു മുമ്പാണ്‌. ലാസർ അന്ന്‌ ആരോ​ഗ്യ​വാ​നായ ഒരു ചെറു​പ്പ​ക്കാ​ര​നാ​യി​രു​ന്നു. ബെഥാ​ന്യ​യി​ലെ ലാസരി​ന്റെ വീട്‌ ഒരു വിശി​ഷ്ടാ​തി​ഥി​യെ സ്വീക​രി​ക്കാ​നുള്ള ഒരുക്ക​ത്തി​ലാണ്‌. അതിഥി മറ്റാരു​മല്ല, യേശു​ക്രിസ്‌തു​വാണ്‌! ഈ വീട്ടി​ലു​ള്ളത്‌ മൂന്നു പേരാണ്‌. ലാസരും സഹോ​ദ​രി​മാ​രായ മാർത്ത​യും മറിയ​യും. പ്രായ​പൂർത്തി​യായ ഈ മൂന്നു കൂടെ​പ്പി​റ​പ്പു​ക​ളും ഒരു വീട്ടിൽ കഴിഞ്ഞി​രു​ന്ന​താ​യാണ്‌ നമുക്കു മനസ്സി​ലാ​കു​ന്നത്‌. മാർത്ത​യാ​യി​രി​ക്കാം മൂത്തയാ​ളെന്ന്‌ ചില ഗവേഷകർ പറയുന്നു. പലപ്പോ​ഴും അതിഥി​കൾ വരു​മ്പോൾ ഓടി​ന​ടന്ന്‌ കാര്യങ്ങൾ ചെയ്യു​ന്നത്‌ അവളാ​ണെന്നു തോന്നു​ന്നു. ചിലയി​ട​ങ്ങ​ളിൽ ആദ്യം പേരെ​ടു​ത്തു പറഞ്ഞി​രി​ക്കു​ന്ന​തും അവളെ​യാണ്‌. (യോഹ. 11:5) ഇവർ വിവാ​ഹി​ത​രാ​ണോ, പിന്നീ​ടെ​പ്പോ​ഴെ​ങ്കി​ലും വിവാ​ഹി​ത​രാ​യോ എന്നൊ​ന്നും സൂചന​യില്ല. എന്തായി​രു​ന്നാ​ലും ഇവർ മൂന്നു പേരും യേശു​വി​ന്റെ അടുത്ത കൂട്ടു​കാ​രാ​യി​രു​ന്നു. യെഹൂ​ദ്യ​യിൽ യേശു വളരെ​യേറെ എതിർപ്പും ശത്രു​ത​യും നേരി​ട്ടി​രു​ന്നു. അവിടെ ശുശ്രൂഷ ചെയ്യുന്ന സമയങ്ങ​ളിൽ യേശു ഇവരുടെ വീട്ടിൽ തങ്ങിയാണ്‌ ശുശ്രൂഷ ചെയ്‌തു​പോ​ന്നത്‌. ആ വീട്ടിലെ സ്വസ്ഥത​യും സമാധാ​ന​വും അവരുടെ പിന്തു​ണ​യും യേശു​വിന്‌ ഒരു ആശ്വാ​സ​മാ​യി​രു​ന്നു.

5, 6. (എ) യേശു​വി​ന്റെ ഇത്തവണത്തെ സന്ദർശ​ന​ത്തോട്‌ അനുബ​ന്ധിച്ച്‌ മാർത്ത വളരെ തിരക്കി​ലാ​യി​രു​ന്നത്‌ എന്തു​കൊണ്ട്‌? (ബി) യേശു വീട്ടി​ലെ​ത്തി​യ​പ്പോൾ മറിയ എന്തു ചെയ്‌തു?

5 വീട്‌ വൃത്തി​യാ​ക്കു​ന്ന​തും സജ്ജീക​രി​ക്കു​ന്ന​തും കൂടു​ത​ലും മാർത്ത​യാ​യി​രു​ന്നെന്നു തോന്നു​ന്നു. അതുതന്നെ മാർത്തയ്‌ക്ക്‌ പിടി​പ്പത്‌ ജോലി​യാ​യി​രു​ന്നു. ചുറു​ചു​റു​ക്കോ​ടെ ഓടി​ന​ടന്ന്‌ പണി​യെ​ടു​ക്കുന്ന പ്രകൃ​ത​ക്കാ​രി​യാ​യി​രു​ന്നു അവൾ. എപ്പോ​ഴും എന്തെങ്കി​ലും ചെയ്‌തു​കൊ​ണ്ടി​രി​ക്കു​ന്ന​താ​യാണ്‌ മാർത്തയെ കാണാറ്‌. യേശു​വി​ന്റെ ഈ സന്ദർശ​ന​സ​മ​യ​ത്തും മാർത്തയ്‌ക്ക്‌ മാറ്റ​മൊ​ന്നു​മില്ല. തന്റെ വിശി​ഷ്ടാ​തി​ഥി​ക്കു​വേണ്ടി വിഭവ​സ​മൃ​ദ്ധ​മായ സദ്യക്ക്‌ വട്ടംകൂ​ട്ടു​ക​യാണ്‌ മാർത്ത. അതിഥി​യോ​ടൊ​പ്പം മറ്റു ചിലരും ഉണ്ടെന്നു തോന്നു​ന്നു. അക്കാല​ങ്ങ​ളിൽ അതിഥി​കളെ സത്‌ക​രി​ക്കു​ന്ന​തിന്‌ വളരെ പ്രാധാ​ന്യം നൽകി​യി​രു​ന്നു. ഒരു അതിഥി വീട്ടി​ലേക്കു വരുക​യാ​ണെ​ന്നി​രി​ക്കട്ടെ, അദ്ദേഹത്തെ ചുംബിച്ച്‌ സ്വീക​രി​ക്കണം, ചെരിപ്പ്‌ അഴിച്ച്‌ മാറ്റണം, കാലുകൾ കഴുകണം. പിന്നെ, ഹൃദ്യ​മായ സുഗന്ധം പരത്തുന്ന തൈലം അതിഥി​യു​ടെ തലയിൽ പൂശുന്നു. (ലൂക്കോസ്‌ 7:44-47 വായി​ക്കുക.) അതിഥിക്ക്‌ താമസ​വും ഭക്ഷണവും അടക്കം എല്ലാ സുഖസൗ​ക​ര്യ​ങ്ങ​ളും ഒരുക്കി ഒരു കുറവും വരാതെ നോ​ക്കേ​ണ്ടത്‌ ആതി​ഥേ​യന്റെ കടമയാണ്‌.

6 മാർത്ത​യും മറിയ​യും അവരവ​രു​ടെ ജോലി​യിൽ മുഴുകി. കാര്യങ്ങൾ അറിയാ​നും പഠിക്കാ​നും മാർത്ത​യെ​ക്കാൾ താത്‌പ​ര്യം മറിയയ്‌ക്കാ​ണെന്ന്‌ പലർക്കും തോന്നി​പ്പോ​കാ​റുണ്ട്‌. എന്തായി​രു​ന്നാ​ലും, തുടക്ക​ത്തിൽ മറിയ ജോലി​കാ​ര്യ​ങ്ങ​ളിൽ സഹോ​ദ​രി​യെ സഹായി​ച്ചു. എന്നാൽ യേശു വന്നെത്തി​യ​തോ​ടെ സ്ഥിതി മാറി. കാര്യങ്ങൾ പഠിപ്പി​ച്ചു​കൊ​ടു​ക്കാ​നുള്ള അവസര​മാ​യാണ്‌ യേശു ഈ സന്ദർഭത്തെ കണ്ടത്‌. അതു​കൊണ്ട്‌ അവൻ ആ വീട്ടി​ലു​ണ്ടാ​യി​രു​ന്ന​വർക്ക്‌ പല കാര്യ​ങ്ങ​ളും പറഞ്ഞു​കൊ​ടു​ക്കാൻ തുടങ്ങി. യേശു സ്‌ത്രീ​കളെ ബഹുമാ​നി​ക്കു​ക​യും തന്റെ ശുശ്രൂ​ഷ​യു​ടെ കേന്ദ്ര​വി​ഷ​യ​മായ ദൈവ​രാ​ജ്യ​ത്തെ​ക്കു​റിച്ച്‌ അവരെ യാതൊ​രു മടിയും കൂടാതെ പഠിപ്പി​ക്കു​ക​യും ചെയ്‌തു. അന്നത്തെ മതനേ​താ​ക്ക​ന്മാ​രിൽനിന്ന്‌ എത്ര വ്യത്യസ്‌തം! മറിയ ഉത്സാഹ​ത്തോ​ടെ യേശു​വി​ന്റെ കാൽക്കൽ ഇരുന്ന്‌ അവൻ പറയുന്ന ഓരോ വാക്കും കാതു​കൂർപ്പി​ച്ചു കേട്ടു.

7, 8. മാർത്തയ്‌ക്ക്‌ ആധി കയറി​യത്‌ എന്തു​കൊണ്ട്‌, അത്‌ അവൾ ഒടുവിൽ പ്രകടി​പ്പി​ച്ചത്‌ എങ്ങനെ?

7 മാർത്ത​യു​ടെ ഉള്ളിലെ ആധിയും വെപ്രാ​ള​വും നമുക്ക്‌ ഊഹി​ക്കാ​നാ​കും. എന്തെല്ലാം വിഭവ​ങ്ങ​ളു​ണ്ടാ​ക്കി​യാ​ലാണ്‌! വിരു​ന്നു​കാർക്കു​വേണ്ടി ഇനി എന്തെല്ലാം അടുപ്പി​ക്കണം! അവളുടെ ആധി കൂടി​ക്കൂ​ടി വന്നു. എന്തു ചെയ്യണ​മെന്ന്‌ അറിയാ​തെ ആകെ കുഴങ്ങി​പ്പോയ ഒരവസ്ഥ! അതിഥി​കൾ ഇരിക്കുന്ന മുറി​യിൽക്കൂ​ടി, ഓരോ കാര്യ​ത്തി​നാ​യി അങ്ങോ​ട്ടു​മി​ങ്ങോ​ട്ടും അസ്‌ത്രം​പോ​ലെ പാഞ്ഞു​പോ​കു​മ്പോ​ഴെ​ല്ലാം മറിയ യേശു​വി​ന്റെ കാൽക്കൽ ഇരിക്കു​ന്നത്‌ അവൾക്കു കാണാം. ‘തന്നെ സഹായി​ക്ക​ണ​മെന്ന ഒരു ചിന്തയു​മി​ല്ലാ​തെ, ഇരിക്കു​ന്നത്‌ കണ്ടില്ലേ!’ മാർത്ത​യു​ടെ മുഖം അല്‌പ​മൊ​ന്നു ചുവന്നോ? മറിയ കേൾക്കട്ടെ എന്നു വിചാ​രിച്ച്‌ ഉച്ചത്തിൽ ദീർഘ​ശ്വാ​സ​മു​തിർത്തോ? നെറ്റി ചുളിച്ച്‌ രൂക്ഷമാ​യി നോക്കി​യോ? മാർത്ത അങ്ങനെ​യൊ​ക്കെ ചെയ്‌തെ​ങ്കിൽ അവളെ കുറ്റം പറയാ​നാ​വില്ല. ഇക്കണ്ട ജോലി​യെ​ല്ലാം ഒറ്റയ്‌ക്കൊ​രു​ത്തി എങ്ങനെ ചെയ്‌തു​തീർക്കാ​നാണ്‌!

8 മാർത്തയ്‌ക്ക്‌ സഹിക്കാൻ പറ്റുന്നില്ല. പറയാ​തെ​പ​റ​യാ​തെ അടക്കി​വെ​ച്ചി​ട്ടും സഹിക്ക​വ​യ്യാ​തെ ഒടുവിൽ അവൾ ഗുരു​വി​നോട്‌ നേരേ​യങ്ങ്‌ പറഞ്ഞു: “കർത്താവേ, ഒരുക്കങ്ങൾ ചെയ്യാൻ എന്റെ സഹോ​ദരി എന്നെ തനിച്ചു വിട്ടി​രി​ക്കു​ന്നതു നീ കാണു​ന്നി​ല്ലേ? വന്ന്‌ എന്നെ സഹായി​ക്കാൻ അവളോ​ടു പറഞ്ഞാ​ലും.” (ലൂക്കോ. 10:40) അല്‌പം കനപ്പി​ച്ചാണ്‌ അവൾ പറഞ്ഞത്‌. ചില ഭാഷാ​ന്ത​രങ്ങൾ അവളുടെ ഈ ചോദ്യം പരിഭാ​ഷ​പ്പെ​ടു​ത്തു​ന്നത്‌ ഇങ്ങനെ​യാണ്‌: “കർത്താവേ, നിനക്ക്‌ യാതൊ​രു ചിന്തയു​മി​ല്ലേ . . . ?” എന്നിട്ട്‌ അടുക്ക​ള​യി​ലേക്ക്‌ മറിയയെ പറഞ്ഞു​വി​ടാൻ അവൾ യേശു​വി​നോട്‌ ആവശ്യ​പ്പെട്ടു.

9, 10. (എ) യേശു മാർത്ത​യോട്‌ എന്തു പറഞ്ഞു? (ബി) മാർത്ത ഒരു നല്ല വിരു​ന്നൊ​രു​ക്കു​ന്ന​തിന്‌ യേശു തെറ്റു പറയു​ക​യാ​യി​രു​ന്നി​ല്ലെന്ന്‌ എങ്ങനെ അറിയാം?

9 യേശു​വി​ന്റെ മറുപടി കേട്ട മാർത്ത അമ്പരന്നി​ട്ടു​ണ്ടാ​കും. മാർത്തയെ മാത്രമല്ല, ഈ വിവരണം വായി​ക്കുന്ന പല ബൈബിൾവാ​യ​ന​ക്കാ​രെ​യും അത്‌ അതിശ​യി​പ്പി​ച്ചി​ട്ടു​ണ്ടാ​കും. അവൻ ശാന്തനാ​യി ഇങ്ങനെ പറഞ്ഞു: “മാർത്തേ, മാർത്തേ, നീ പലതി​നെ​ച്ചൊ​ല്ലി വ്യാകു​ല​പ്പെ​ട്ടും മനസ്സു​ക​ല​ങ്ങി​യു​മി​രി​ക്കു​ന്നു. എന്നാൽ കുറച്ചേ വേണ്ടൂ. അല്ല, ഒന്നു മതി. മറിയ നല്ല പങ്ക്‌ തിര​ഞ്ഞെ​ടു​ത്തി​രി​ക്കു​ന്നു. അത്‌ അവളിൽനിന്ന്‌ എടുത്തു​ക​ള​യു​ക​യു​മില്ല.” (ലൂക്കോ. 10:41, 42) എന്തായി​രു​ന്നു യേശു പറഞ്ഞതി​ന്റെ അർഥം? ദൈവി​ക​കാ​ര്യ​ങ്ങ​ളെ​ക്കാൾ ജീവി​ത​കാ​ര്യാ​ദി​കൾക്ക്‌ മാർത്ത മുൻതൂ​ക്കം കൊടു​ത്തെന്ന്‌ കുറ്റ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നോ? വിരു​ന്നൂ​ട്ടാൻ അവൾ ചെയ്യുന്ന കഠിനാ​ധ്വാ​ന​മ​ത്ര​യും കണ്ടി​ല്ലെന്നു നടിക്കു​ക​യാ​യി​രു​ന്നോ?

“പലതി​നെ​ച്ചൊ​ല്ലി വ്യാകു​ല​പ്പെ​ട്ടും മനസ്സു​ക​ല​ങ്ങി​യു​മി”രുന്നെ​ങ്കി​ലും മാർത്ത താഴ്‌മ​യോ​ടെ തിരുത്തൽ സ്വീക​രി​ച്ചു

10 അല്ല. വളരെ ആത്മാർഥ​ത​യോ​ടെ​യും സ്‌നേ​ഹ​ത്തോ​ടെ​യും ആണ്‌ മാർത്ത വിരു​ന്നൊ​രു​ക്കു​ന്ന​തെന്ന്‌ യേശു​വിന്‌ വ്യക്തമാ​യി അറിയാ​മാ​യി​രു​ന്നു. വിഭവ​സ​മൃ​ദ്ധ​മായ വിരു​ന്നു​കൾ തെറ്റാ​ണെന്ന്‌ അവൻ പറഞ്ഞു​മില്ല. കുറച്ചു​നാൾ മുമ്പ്‌ മത്തായി സ്വന്തം വീട്ടിൽ യേശു​വി​നു​വേണ്ടി “ഒരു വലിയ വിരു​ന്നൊ​രു​ക്കി”യപ്പോൾ അവൻ അതിൽ സന്തോ​ഷ​ത്തോ​ടെ പങ്കെടു​ത്ത​താണ്‌. (ലൂക്കോ. 5:29) മാർത്ത അത്രയും ഭക്ഷണ​മൊ​രു​ക്കു​ന്ന​തിൽ തെറ്റു​ണ്ടാ​യി​ട്ടല്ല, പിന്നെ​യോ, അവളുടെ മുൻഗ​ണ​നകൾ മാറി​പ്പോ​യ​തു​കൊ​ണ്ടാണ്‌ അവൻ അതു പറഞ്ഞത്‌. ഒരുപാ​ടു വിഭവങ്ങൾ ഒരുക്കു​ന്ന​തി​ലാ​യി​രു​ന്നു മാർത്ത​യു​ടെ ശ്രദ്ധ മുഴു​വ​നും. അതിനി​ടെ ഏറ്റവും പ്രധാ​ന​പ്പെട്ട കാര്യം അവൾ പാടേ മറന്നു​പോ​യി. എന്തായി​രു​ന്നു അത്‌?

മാർത്തയുടെ സത്‌കാ​ര​പ്രി​യം യേശു വിലമ​തി​ച്ചു.

11, 12. യേശു എങ്ങനെ​യാണ്‌ മാർത്തയെ സ്‌നേ​ഹ​ത്തോ​ടെ തിരു​ത്തി​യത്‌?

11 മാർത്ത​യു​ടെ വീട്ടി​ലി​പ്പോൾ ഇരിക്കു​ന്നത്‌ ആരാ​ണെന്ന്‌ അറിയാ​മോ? യഹോ​വ​യാം ദൈവ​ത്തി​ന്റെ ഏകജാ​ത​നായ പുത്രൻ! ദൈവ​ത്തെ​ക്കു​റി​ച്ചുള്ള സത്യങ്ങൾ പഠിപ്പി​ക്കാ​നാണ്‌ അവൻ എത്തിയി​രി​ക്കു​ന്നത്‌. ഇവിടെ മാർത്ത​യു​ടെ ഗംഭീ​ര​മായ സദ്യയോ അതിനുള്ള ചട്ടവട്ട​ങ്ങ​ളോ ഒന്നും ഇതി​നെ​ക്കാൾ പ്രധാ​ന​മാ​കില്ല! തന്റെ വിശ്വാ​സം ശക്തി​പ്പെ​ടു​ത്താൻ മാർത്തയ്‌ക്ക്‌ ലഭിച്ച ഈ അപൂർവ​മായ അവസരം അവൾ പാഴാ​ക്കു​ന്ന​തിൽ യേശു​വിന്‌ കുണ്‌ഠി​തം തോന്നി. പക്ഷേ, അവൻ അവളെ നിർബ​ന്ധി​ച്ചില്ല. തീരു​മാ​ന​മെ​ടു​ക്കാൻ യേശു അവളെ അവളുടെ ഇഷ്ടത്തിനു വിട്ടു. a എന്നാൽ, മറിയയെ അടുക്ക​ള​യി​ലേക്കു വിടാ​നുള്ള മാർത്ത​യു​ടെ ആവശ്യം യേശു അനുവ​ദി​ച്ചു​കൊ​ടു​ത്താൽ അവനിൽനി​ന്നു പഠിക്കാ​നുള്ള അവസരം മറിയയ്‌ക്കും​കൂ​ടെ നഷ്ടപ്പെ​ടും. അത്‌ യേശു സമ്മതി​ച്ചു​കൊ​ടു​ത്തില്ല, അത്രേ​യു​ള്ളൂ!

12 അതു​കൊണ്ട്‌ അവൻ സ്‌നേ​ഹ​ത്തോ​ടെ മാർത്തയെ തിരുത്തി. “മാർത്തേ, മാർത്തേ” എന്നു രണ്ടു തവണ അവൻ സൗമ്യ​ത​യോ​ടെ വിളിച്ചു. അങ്ങനെ, ക്ഷോഭി​ച്ചി​രി​ക്കുന്ന അവളുടെ മനസ്സൊ​ന്നു തണുപ്പി​ക്കാൻ യേശു ശ്രമിച്ചു. എന്നിട്ട്‌, “പലതി​നെ​ച്ചൊ​ല്ലി വ്യാകു​ല​പ്പെ​ട്ടും മനസ്സു​ക​ല​ങ്ങി​യു​മി​രി”ക്കേണ്ട ആവശ്യ​മി​ല്ലെന്ന്‌ അവൻ സ്‌നേ​ഹ​ത്തോ​ടെ അവളോട്‌ പറഞ്ഞു. ‘തൊട്ടു​മു​ന്നിൽ ഒരു ആത്മീയ​സദ്യ ഒരുക്കി​യി​രി​ക്കു​മ്പോൾ, ഒന്നോ രണ്ടോ കൂട്ടം വിഭവങ്ങൾ ചേർത്തുള്ള ഒരു ലളിത​മായ ഭക്ഷണം പോരേ’ എന്നു പറയു​ക​യാ​യി​രു​ന്നു അവൻ. യേശു​വി​ന്റെ വീക്ഷണം ഇതായി​രി​ക്കെ, ഒരു കാരണ​വ​ശാ​ലും അവൻ മറിയ തിര​ഞ്ഞെ​ടു​ത്തി​രി​ക്കുന്ന “നല്ല പങ്ക്‌” അവളിൽനിന്ന്‌ എടുത്തു​ക​ള​യു​ക​യി​ല്ലാ​യി​രു​ന്നു! യേശു​വിൽനി​ന്നു പഠിക്കുക എന്നതാ​യി​രു​ന്നു ആ “നല്ല പങ്ക്‌!”

13. മാർത്ത​യോട്‌ യേശു പറഞ്ഞതിൽനിന്ന്‌ നമുക്ക്‌ എന്തെല്ലാം പഠിക്കാം?

13 ഒരു നാടൻഗൃ​ഹാ​ന്ത​രീ​ക്ഷ​ത്തി​ലെ ഈ രംഗം ഇന്നത്തെ ക്രിസ്‌തു​ശി​ഷ്യ​രായ നമുക്ക്‌ ഒരുപാ​ടു പാഠങ്ങൾ പകർന്നു​നൽകു​ന്നു. പലവിധ കാര്യ​ങ്ങൾകൊ​ണ്ടുള്ള തിരക്കി​നി​ട​യിൽ നമ്മുടെ “ആത്മീയ ആവശ്യ”ങ്ങൾ നിറ​വേ​റ്റ​പ്പെ​ടാ​തെ പോകാൻ ഒരിക്ക​ലും നമ്മൾ ഇടവരു​ത്ത​രുത്‌. (മത്താ. 5:3) മാർത്ത​യു​ടെ ഉദാര​മ​നഃ​സ്ഥി​തി​യും അധ്വാ​ന​ശീ​ല​വും നമ്മൾ പകർത്തേ​ണ്ട​തു​തന്നെ, അതിനു സംശയ​മൊ​ന്നു​മില്ല. എന്നാൽ ആതിഥ്യ​മ​ര്യാ​ദ​യു​ടെ പേരിൽ അതി​പ്ര​ധാ​ന​മായ കാര്യങ്ങൾ നഷ്ടപ്പെ​ടു​ത്തി​ക്ക​ള​യ​രുത്‌. എന്നു​വെ​ച്ചാൽ ഒരുപാ​ടു വിഭവങ്ങൾ ഒരുക്കു​ന്ന​തു​പോ​ലെ​യുള്ള അപ്രധാ​ന​കാ​ര്യ​ങ്ങൾക്ക്‌ അമിത​ശ്രദ്ധ കൊടുത്ത്‌ “വ്യാകു​ല​പ്പെ​ട്ടും മനസ്സു​ക​ലങ്ങി”യും പോക​രു​തെന്ന്‌ സാരം. സഹവി​ശ്വാ​സി​ക​ളു​മാ​യി നമ്മൾ ഒത്തു​ചേ​രു​ന്നത്‌ പ്രധാ​ന​മാ​യും വിരു​ന്നൂ​ട്ടാ​നും വിരു​ന്നു​ണ്ണാ​നും അല്ല. പിന്നെ​യോ, അന്യോ​ന്യം ബലപ്പെ​ടു​ത്താ​നും ആത്മീയ​സം​ഭാ​ഷ​ണ​ങ്ങ​ളിൽ മുഴു​കാ​നും വേണ്ടി​യാണ്‌. (റോമർ 1:11, 12 വായി​ക്കുക.) ദൈവ​ദാ​സ​ന്മാർ ഒരുമി​ച്ചു ചേരുന്ന ഇത്തരം മധുര​മായ കൂട്ടായ്‌മ​ക​ളിൽ ‘കാപ്പി​യും ചെറു​ക​ടി​യും’ പോലുള്ള ഒരു ‘സദ്യ’യാണെ​ങ്കി​ലും മതിയാ​വി​ല്ലേ?

മരണം കവർന്നെ​ടുത്ത കൂടെ​പ്പി​റ​പ്പി​നെ തിരികെ കിട്ടുന്നു

14. തിരു​ത്ത​ലും ബുദ്ധി​യു​പ​ദേ​ശ​വും സ്വീക​രി​ക്കുന്ന കാര്യ​ത്തിൽ മാർത്ത നല്ല മാതൃ​ക​വെ​ച്ചെന്ന്‌ പറയാ​നാ​കു​ന്നത്‌ എന്തു​കൊണ്ട്‌?

14 യേശു കൊടുത്ത മൃദു​വായ തിരു​ത്ത​ലിൽനിന്ന്‌ മാർത്തയ്‌ക്ക്‌ തന്റെ പിഴവ്‌ മനസ്സി​ലാ​യോ? അതി​ലെന്താ സംശയം! മാർത്ത​യു​ടെ സഹോ​ദ​ര​നെ​ക്കു​റി​ച്ചുള്ള ഉജ്ജ്വല​മായ വിവരണം യോഹ​ന്നാൻ അപ്പൊസ്‌തലൻ തുടങ്ങു​ന്നത്‌ എങ്ങനെ​യാ​ണെന്നു നോക്കൂ: “യേശു മാർത്ത​യെ​യും അവളുടെ സഹോ​ദ​രി​യെ​യും ലാസറി​നെ​യും സ്‌നേ​ഹി​ച്ചി​രു​ന്നു.” (യോഹ. 11:5) മാസങ്ങൾക്കു​മു​മ്പാണ്‌ യേശു മാർത്ത​യു​ടെ വീട്ടിൽ അതിഥി​യാ​യി പോയ​തും മേൽവി​വ​രിച്ച സംഭവങ്ങൾ നടന്നതും. യേശു നൽകിയ സ്‌നേ​ഹ​പൂർവ​മായ തിരു​ത്ത​ലി​ന്റെ പേരിൽ മാർത്ത ദുർമു​ഖം കാട്ടി ഇരിക്കു​ക​യോ അവനോട്‌ നീരസ​പ്പെ​ടു​ക​യോ ചെയ്‌തില്ല. അവൾ അത്‌ ഹൃദയ​ത്തി​ലേ​ക്കാണ്‌ സ്വീക​രി​ച്ചത്‌! ഇക്കാര്യ​ത്തി​ലും മാർത്ത നമുക്ക്‌ വിശ്വാ​സ​ത്തി​ന്റെ ഒന്നാന്തരം മാതൃ​ക​യാണ്‌. ഇടയ്‌ക്കൊ​ക്കെ ഒരു തിരുത്തൽ ആവശ്യ​മി​ല്ലാ​ത്ത​വ​രാ​യി നമ്മിൽ ആരാണു​ള്ളത്‌?

15, 16. (എ) സഹോ​ദരൻ രോഗി​യാ​യ​പ്പോൾ മാർത്ത എന്തൊക്കെ ചെയ്‌തു? (ബി) വഴിക്ക​ണ്ണു​മാ​യി യേശു​വി​നെ കാത്തി​രുന്ന മാർത്ത​യു​ടെ​യും മറിയ​യു​ടെ​യും പ്രതീ​ക്ഷകൾ തകർന്ന​ടി​ഞ്ഞത്‌ എങ്ങനെ?

15 സഹോ​ദരൻ രോഗി​യാ​യ​പ്പോൾ അവനെ പരിച​രി​ക്കു​ന്ന​തി​ലാ​യി പിന്നെ മാർത്ത​യു​ടെ ശ്രദ്ധ. അവന്റെ അസ്വാ​സ്ഥ്യ​ങ്ങൾ കുറയ്‌ക്കാ​നും അവൻ സുഖം പ്രാപി​ക്കാ​നും തന്നെ​ക്കൊണ്ട്‌ ചെയ്യാ​വു​ന്ന​തെ​ല്ലാം അവൾ ചെയ്‌തു. എന്നിട്ടും ലാസരി​ന്റെ സ്ഥിതി വഷളാ​യി​ക്കൊ​ണ്ടി​രു​ന്നു. സഹോ​ദ​രി​മാർ കിടക്കയ്‌ക്ക​രി​കിൽനി​ന്നു മാറാതെ മണിക്കൂ​റു​ക​ളോ​ളം അവനെ ശുശ്രൂ​ഷി​ച്ചു. സഹോ​ദ​രന്റെ ക്ഷീണിച്ച മുഖ​ത്തേ​ക്കും കുഴി​ഞ്ഞു​താണ കണ്ണുക​ളി​ലേ​ക്കും നോക്കി​യ​പ്പോ​ഴൊ​ക്കെ ഒരുപാ​ടൊ​രു​പാട്‌ ഓർമകൾ മാർത്ത​യു​ടെ മനസ്സി​ലേക്ക്‌ ഓടി​യെ​ത്തി​യി​രി​ക്കാം. കളിച്ചു​ചി​രിച്ച്‌ വളർന്ന വർഷങ്ങൾ! ഒരുമി​ച്ചു പങ്കിട്ട സന്തോ​ഷങ്ങൾ, കൊച്ചു​കൊ​ച്ചു​പ​രി​ഭ​വങ്ങൾ, സങ്കടങ്ങൾ, അങ്ങനെ പലതും!

16 ലാസരി​ന്റെ സ്ഥിതി വഷളാ​കു​ക​യാണ്‌. കാര്യങ്ങൾ കൈവി​ട്ടു​പോ​കു​ന്ന​തി​നു മുമ്പ്‌ മാർത്ത​യും മറിയ​യും യേശു​വി​നെ വിവര​മ​റി​യി​ച്ചു. ബെഥാ​ന്യ​യിൽനിന്ന്‌ ഏകദേശം രണ്ടു ദിവസത്തെ വഴിയ​ക​ല​ത്തി​ലാണ്‌ യേശു അപ്പോൾ പ്രസം​ഗ​വേല നടത്തി​ക്കൊ​ണ്ടി​രു​ന്നത്‌. അവർ കാര്യം വളരെ ചുരു​ക്ക​മാ​യി അവനെ അറിയി​ച്ചു: “കർത്താവേ, നിനക്കു പ്രിയ​നാ​യവൻ രോഗി​യാ​യി കിടക്കു​ന്നു.” (യോഹ. 11:1, 3) അവരുടെ സഹോ​ദ​ര​നോ​ടുള്ള യേശു​വി​ന്റെ സ്‌നേഹം എത്ര​യെന്ന്‌ അവർക്ക്‌ നന്നായി അറിയാം. തന്റെ സുഹൃ​ത്തി​നെ രക്ഷിക്കാ​നാ​യി യേശു തന്നെ​ക്കൊണ്ട്‌ കഴിയു​ന്ന​തെ​ന്തും ചെയ്യു​മെന്ന്‌ അവർക്ക്‌ ഉറപ്പു​മു​ണ്ടാ​യി​രു​ന്നു. വൈകി​പ്പോ​കു​ന്ന​തി​നു മുമ്പ്‌ യേശു ഓടി​യെ​ത്തു​മെന്ന പ്രതീ​ക്ഷ​യിൽ ആ കൂടെ​പ്പി​റ​പ്പു​കൾ വഴിയി​ലേക്കു കണ്ണും​ന​ട്ടി​രു​ന്നി​ട്ടു​ണ്ടാ​വി​ല്ലേ? പക്ഷേ, അവരുടെ പ്രതീ​ക്ഷ​ക​ളെ​ല്ലാം തകർന്ന​ടി​ഞ്ഞു. ലാസർ മരിച്ചു!

17. മാർത്തയെ കുഴക്കിയ കാര്യ​മെ​ന്താ​യി​രു​ന്നു, യേശു പട്ടണത്തിന്‌ അടു​ത്തെ​ത്തി​യെന്ന്‌ അറിഞ്ഞ മാർത്ത എന്തു ചെയ്‌തു?

17 ബാക്കി​യായ ആ കൂടെ​പ്പി​റ​പ്പു​കൾ സഹോ​ദ​രന്റെ അകാല​വി​യോ​ഗ​ത്തിൽ വിലപി​ച്ചു കരഞ്ഞു. പിന്നെ വിങ്ങുന്ന ഹൃദയ​ത്തോ​ടെ ശവസംസ്‌കാ​ര​ത്തി​നു​വേണ്ട ഒരുക്കങ്ങൾ ചെയ്‌തു. മരണവാർത്ത അറിഞ്ഞ്‌ ബെഥാ​ന്യ​യിൽനി​ന്നും ചുറ്റു​വ​ട്ട​ത്തു​നി​ന്നും അയൽക്കാ​രും ബന്ധുക്ക​ളും പരിച​യ​ക്കാ​രും എത്തി​ക്കൊ​ണ്ടി​രു​ന്നു. യേശു​വി​ന്റെ മാത്രം യാതൊ​രു വിവര​വു​മില്ല! സമയം കടന്നു​പോ​കു​ക​യാണ്‌. ‘യേശു വരുന്നി​ല്ല​ല്ലോ?’ മാർത്ത​യാ​യി​രി​ക്കാം കൂടുതൽ ഉത്‌കണ്‌ഠ​പ്പെ​ട്ടത്‌. യേശു വന്നില്ല! ഒടുവിൽ കാര്യ​ങ്ങ​ളെ​ല്ലാം കഴിഞ്ഞു. ഇപ്പോൾ നാലു ദിവസ​മാ​യി. മാർത്ത ഒരു വാർത്ത അറിഞ്ഞു: ‘യേശു പട്ടണത്തി​ലേക്കു വരുന്നുണ്ട്‌!’ ദുഃഖം തളം​കെ​ട്ടി​നിൽക്കുന്ന ആ സമയത്തും മാർത്ത അവളുടെ പ്രകൃ​തം​പോ​ലെ​തന്നെ ഉടനടി യേശു​വി​നെ കാണാ​നാ​യി ഓടി, മറിയ​യോ​ടു​പോ​ലും പറയാൻ നിൽക്കാ​തെ!യോഹ​ന്നാൻ 11:18-20 വായി​ക്കുക.

18, 19. മാർത്തയ്‌ക്ക്‌ ഏതു പ്രത്യാ​ശ​യിൽ വിശ്വാ​സ​മു​ണ്ടാ​യി​രു​ന്നു, അവളുടെ വിശ്വാ​സം ശ്രദ്ധേ​യ​മാ​യി​രു​ന്നത്‌ എന്തു​കൊണ്ട്‌?

18 ഗുരു​വി​നെ കണ്ടതും ദിവസ​ങ്ങ​ളാ​യി മനസ്സി​ല​ട​ക്കി​വെ​ച്ചി​രുന്ന അവളുടെ ദുഃഖം അണപൊ​ട്ടി​യൊ​ഴു​കി. കരച്ചി​ലി​നി​ട​യി​ലൂ​ടെ, ഹൃദയം നുറുങ്ങി ഈ വാക്കുകൾ പുറത്തു​വന്നു: “കർത്താവേ, നീ ഇവിടെ ഉണ്ടായി​രു​ന്നെ​ങ്കിൽ എന്റെ സഹോ​ദരൻ മരിക്കു​ക​യി​ല്ലാ​യി​രു​ന്നു.” ശുഭ​പ്ര​തീ​ക്ഷ​യും വിശ്വാ​സ​വും മാർത്ത​യിൽ അപ്പോ​ഴും കെട്ടട​ങ്ങി​യി​ട്ടി​ല്ലാ​യി​രു​ന്നു. അതു​കൊ​ണ്ടാണ്‌ അവൾ ഉടനെ​തന്നെ ഇങ്ങനെ പറഞ്ഞത്‌: “എന്നാൽ ഇപ്പോൾപ്പോ​ലും നീ ദൈവ​ത്തോട്‌ ചോദി​ക്കു​ന്ന​തെ​ന്തും അവൻ നിനക്കു തരു​മെന്ന്‌ എനിക്ക​റി​യാം.” അതിനു മറുപ​ടി​യാ​യി യേശു പറഞ്ഞ വാക്കുകൾ അവളുടെ വിശ്വാ​സം ഉറപ്പി​ക്കു​ന്ന​താ​യി​രു​ന്നു: “നിന്റെ സഹോ​ദരൻ ഉയിർത്തെ​ഴു​ന്നേൽക്കും.”—യോഹ. 11:21-23.

19 ഭാവി​യിൽ സംഭവി​ക്കാ​നി​രി​ക്കുന്ന പുനരു​ത്ഥാ​ന​ത്തെ​പ്പ​റ്റി​യാണ്‌ യേശു സംസാ​രി​ക്കു​ന്ന​തെന്ന്‌ മാർത്ത വിചാ​രി​ച്ചു. അതു​കൊണ്ട്‌ അവൾ പറഞ്ഞു: “അവസാ​ന​നാ​ളി​ലെ പുനരു​ത്ഥാ​ന​ത്തിൽ അവൻ ഉയിർത്തെ​ഴു​ന്നേൽക്കു​മെന്ന്‌ എനിക്ക​റി​യാം.” (യോഹ. 11:24) പുനരു​ത്ഥാ​ന​ത്തി​ലുള്ള അവളുടെ വിശ്വാ​സം അത്രയ്‌ക്ക്‌ ശക്തമാ​യി​രു​ന്നു. വിശു​ദ്ധ​തി​രു​വെ​ഴു​ത്തു​ക​ളി​ലെ ഒരു അടിസ്ഥാന ഉപദേ​ശ​മാ​യി​രു​ന്നെ​ങ്കി​ലും യഹൂദ​മ​ത​നേ​താ​ക്ക​ന്മാ​രി​ലെ ഒരു വിഭാ​ഗ​മായ സദൂക്യർ പുനരു​ത്ഥാ​ന​മു​ണ്ടെന്ന വസ്‌തുത നിഷേ​ധി​ച്ചി​രു​ന്നു. (ദാനീ. 12:13; മർക്കോ. 12:18) യേശു പുനരു​ത്ഥാ​ന​ത്തെ​ക്കു​റിച്ച്‌ പഠിപ്പി​ച്ചി​രു​ന്നെന്ന്‌ മാർത്തയ്‌ക്ക്‌ അറിയാം. അവൻ പലരെ​യും ഉയിർപ്പി​ച്ച​താ​യും അവൾക്ക്‌ അറിയാം. എന്നാൽ മരിച്ച്‌ ഇത്രയും ദിവസം കഴിഞ്ഞ ആരെയും അവൻ ഉയിർപ്പി​ച്ചി​ട്ടില്ല എന്നു മാത്രം! സംഭവി​ക്കാൻ പോകു​ന്നത്‌ എന്താ​ണെന്ന്‌ മാർത്തയ്‌ക്ക്‌ ഒരു ഊഹവു​മി​ല്ലാ​യി​രു​ന്നു.

20. യോഹ​ന്നാൻ 11:25-27-ൽ രേഖ​പ്പെ​ടു​ത്തി​യി​രി​ക്കുന്ന യേശു​വി​ന്റെ അവിസ്‌മ​ര​ണീ​യ​മായ പ്രസ്‌താ​വ​ന​യു​ടെ അർഥ​മെ​ന്താണ്‌, അതിനുള്ള മാർത്ത​യു​ടെ മറുപടി എന്തായി​രു​ന്നു? വിശദീ​ക​രി​ക്കുക.

20 യേശു അപ്പോൾ അവിസ്‌മ​ര​ണീ​യ​മായ ഈ പ്രസ്‌താ​വന നടത്തി: “ഞാൻതന്നെ പുനരു​ത്ഥാ​ന​വും ജീവനും ആകുന്നു.” ഭാവി​യിൽ ഭൂവ്യാ​പ​ക​മാ​യി പുനരു​ത്ഥാ​നം നടത്താ​നുള്ള അധികാ​രം യഹോ​വ​യാം ദൈവം തന്റെ പുത്രന്‌ നൽകി​യി​രി​ക്കു​ന്നു! യേശു മാർത്ത​യോ​ടു ചോദി​ച്ചു: “നീ ഇതു വിശ്വ​സി​ക്കു​ന്നു​വോ?” അപ്പോൾ അവൾ നൽകിയ മറുപ​ടി​യാണ്‌ ഈ അധ്യാ​യ​ത്തി​ന്റെ തുടക്ക​ത്തിൽ നമ്മൾ കണ്ടത്‌. യേശു, മിശിഹാ അഥവാ ക്രിസ്‌തു ആണെന്ന്‌ അവൾക്ക്‌ വിശ്വാ​സ​മു​ണ്ടാ​യി​രു​ന്നു. അവൻ യഹോ​വ​യാം ദൈവ​ത്തി​ന്റെ പുത്ര​നാ​ണെന്ന്‌ അവൾക്ക്‌ ഉറപ്പാ​യി​രു​ന്നു. ഈ ലോക​ത്തി​ലേക്കു വരു​മെന്ന്‌ പ്രവാ​ച​ക​ന്മാർ മുൻകൂ​ട്ടി​പ്പ​റ​ഞ്ഞവൻ അവനാ​ണെ​ന്നും മാർത്തയ്‌ക്ക്‌ ബോധ്യ​മു​ണ്ടാ​യി​രു​ന്നു.—യോഹ. 5:28, 29; യോഹ​ന്നാൻ 11:25-27 വായി​ക്കുക.

21, 22. (എ) പ്രിയ​പ്പെ​ട്ട​വ​രു​ടെ വേർപാ​ടിൽ വേദനി​ക്കു​ന്ന​വ​രു​ടെ അവസ്ഥ താൻ മനസ്സി​ലാ​ക്കു​ന്നു​ണ്ടെന്ന്‌ യേശു വെളി​പ്പെ​ടു​ത്തി​യത്‌ എങ്ങനെ? (ബി) ലാസരി​ന്റെ പുനരു​ത്ഥാ​ന​രം​ഗം വിവരി​ക്കുക.

21 മാർത്ത​യു​ടേ​തു​പോ​ലെ വിശ്വാ​സ​മു​ള്ള​വരെ യഹോ​വ​യും അവന്റെ പുത്ര​നും എങ്ങനെ​യാണ്‌ കാണു​ന്നത്‌? മാർത്ത​യു​ടെ കണ്മുന്നിൽ ഇനി അരങ്ങേ​റാ​നി​രി​ക്കുന്ന കാര്യ​ങ്ങ​ളിൽ അതിനുള്ള മറുപ​ടി​യുണ്ട്‌. അവൾ തിടു​ക്ക​ത്തിൽ വീട്ടി​ലേക്ക്‌ ഓടി, സഹോ​ദ​രി​യെ​യും​കൊണ്ട്‌ തിരി​കെ​യെത്തി. മറിയ​യോ​ടും കൂടെ​യു​ള്ള​വ​രോ​ടും സംസാ​രി​ക്കു​മ്പോൾ യേശു​വി​ന്റെ മുഖത്ത്‌ ദുഃഖം പടർന്നു​ക​യ​റു​ന്നത്‌ അവൾ കണ്ടു. മരണം വരുത്തുന്ന വേദന​യു​ടെ ആഴം കണ്ട്‌ അവന്റെ ഉള്ളുലഞ്ഞു. ആ ദുഃഖം അവൻ മറച്ചു​പി​ടി​ച്ചില്ല. അത്‌ കണ്ണുനീ​രാ​യി പുറ​ത്തേ​ക്കൊ​ഴു​കി! കല്ലറ മൂടി​യി​രി​ക്കുന്ന കല്ലു നീക്കാൻ യേശു ആജ്ഞാപി​ക്കു​ന്ന​താണ്‌ പിന്നെ മാർത്ത കേൾക്കു​ന്നത്‌!—യോഹ. 11:28-39.

22 ഉള്ളത്‌ തുറന്നു​പ​റ​യുന്ന പ്രകൃ​ത​ക്കാ​രി​യായ മാർത്ത ഇവി​ടെ​യും പെട്ടെന്നു പ്രതി​ക​രി​ച്ചു. ‘മരിച്ചിട്ട്‌ നാലു ദിവസ​മാ​യി, നാറ്റം വെച്ചി​ട്ടു​ണ്ടാ​കും’ എന്ന്‌ പറഞ്ഞ്‌ അവൾ യേശു​വി​നെ തടഞ്ഞു. “വിശ്വ​സി​ച്ചാൽ നീ ദൈവ​ത്തി​ന്റെ മഹത്ത്വം കാണു​മെന്നു ഞാൻ നിന്നോ​ടു പറഞ്ഞി​ല്ല​യോ?” യേശു അവളെ ഓർമി​പ്പി​ച്ചു. അവൾ ഉറപ്പോ​ടെ വിശ്വ​സി​ച്ചു, അതു​കൊണ്ട്‌ അവൾ യഹോ​വ​യു​ടെ മഹത്വം കാണു​ക​യും ചെയ്‌തു. അവി​ടെ​വെച്ച്‌, ആ നിമിഷം, ലാസരി​നെ ഉയിർപ്പി​ക്കാ​നുള്ള ശക്തി യഹോവ തന്റെ പുത്രന്‌ നൽകി! ജീവി​താ​വ​സാ​നം​വരെ മാർത്ത​യു​ടെ ഓർമ​ക​ളിൽ ജ്വലി​ച്ചു​നിന്ന ഒരു രംഗമാ​യി​രു​ന്നു അത്‌! യേശു ഉറക്കെ വിളിച്ചു: “ലാസറേ, പുറത്തു​വ​രുക!” കല്ലറയ്‌ക്ക​കത്ത്‌ ഒരു നേർത്ത ശബ്ദം കേൾക്കാ​യി. ലാസർ എഴു​ന്നേൽക്കുന്ന ശബ്ദമാണ്‌. ഏതാനും നിമി​ഷ​ങ്ങൾക്കകം, ദേഹമാ​സ​കലം ശീലകൾ ചുറ്റിയ ഒരു രൂപം മെല്ലെ​മെല്ലെ കല്ലറയു​ടെ വാതിൽക്ക​ലെത്തി. “അവന്റെ കെട്ടഴി​ക്കുക; അവൻ പോകട്ടെ,” യേശു വീണ്ടും കല്‌പി​ച്ചു. സ്വപ്‌ന​മോ യാഥാർഥ്യ​മോ എന്നറി​യാ​തെ മിഴി​ച്ചു​നിൽക്കു​ക​യാണ്‌ മാർത്ത​യും മറിയ​യും. യാഥാർഥ്യ​ത്തി​ലേക്കു തിരി​ച്ചു​വന്ന അവർ സഹോ​ദ​രന്റെ നീട്ടി​പ്പി​ടിച്ച കരങ്ങളി​ലേക്ക്‌ ഓടി​യ​ണഞ്ഞു. വികാ​ര​സാ​ന്ദ്ര​മാ​യൊ​രു ആശ്ലേഷ​ത്തിൽ ആ കൂടെ​പ്പി​റ​പ്പു​കൾ സ്വയം മറന്നു! (യോഹ​ന്നാൻ 11:40-44 വായി​ക്കുക.) മാർത്ത​യു​ടെ​യു​ള്ളിൽ ഘനീഭ​വി​ച്ചു​കി​ടന്ന ദുഃഖം ഒരൊ​റ്റ​നി​മി​ഷം​കൊണ്ട്‌ അലിഞ്ഞി​ല്ലാ​താ​യി!

അവരുടെ സഹോ​ദരൻ ഉയിർപ്പി​ക്ക​പ്പെട്ടു; യേശു​വി​ലുള്ള മാർത്ത​യു​ടെ വിശ്വാ​സ​ത്തിന്‌ പ്രതി​ഫലം കിട്ടി

23. യഹോ​വ​യും യേശു​വും നിങ്ങൾക്ക്‌ എന്തു ചെയ്‌തു​ത​രാ​നാണ്‌ ആഗ്രഹി​ക്കു​ന്നത്‌, അതിന്‌ നിങ്ങൾ എന്താണ്‌ ചെയ്യേ​ണ്ടത്‌?

23 മരിച്ച​വ​രു​ടെ പുനരു​ത്ഥാ​നം കേവല​മൊ​രു ‘മനോ​ഹ​ര​സ​ങ്കല്‌പ​മ​ല്ലെന്ന്‌’ ഈ വിവരണം തെളി​യി​ക്കു​ന്നു. അത്‌ ബൈബി​ളി​ന്റെ ഹൃദ​യോഷ്‌മ​ള​മായ പഠിപ്പി​ക്ക​ലാണ്‌, തെളി​യി​ക്ക​പ്പെട്ട ചരി​ത്ര​വസ്‌തു​ത​യാണ്‌! (ഇയ്യോ. 14:14, 15) യഹോ​വ​യും അവന്റെ പുത്ര​നും വിശ്വാ​സ​ത്തിന്‌ പ്രതി​ഫലം നൽകാൻ കാത്തു​കാ​ത്തി​രി​ക്കു​ന്ന​വ​രാണ്‌. മാർത്തയ്‌ക്കും മറിയയ്‌ക്കും ലാസരി​നും അവർ അതാണ്‌ ചെയ്‌തു​കൊ​ടു​ത്തത്‌. ശക്തമായ വിശ്വാ​സം വളർത്തി​യെ​ടു​ക്കൂ, ഈ അനു​ഗ്ര​ഹങ്ങൾ നിങ്ങളു​ടേ​താ​കട്ടെ!

“മാർത്ത അവരെ ഉപചരി​ച്ചു”

24. മാർത്ത​യെ​ക്കു​റിച്ച്‌ ബൈബിൾ അവസാ​ന​മാ​യി പറയു​ന്നത്‌ എന്താണ്‌?

24 ബൈബിൾരേഖ മാർത്ത​യെ​ക്കു​റിച്ച്‌ ഒരിക്കൽക്കൂ​ടെ മാത്രമേ പറയു​ന്നു​ള്ളൂ. യേശു​വി​ന്റെ ഭൂമി​യി​ലെ ജീവി​ത​ത്തി​ന്റെ അവസാ​ന​യാഴ്‌ച​യു​ടെ തുടക്ക​ത്തി​ലാണ്‌ അത്‌. പെട്ടെ​ന്നു​തന്നെ താൻ അനുഭ​വി​ക്കാ​നി​രി​ക്കുന്ന കഷ്ടങ്ങ​ളെ​ക്കു​റിച്ച്‌ അറിയാ​മാ​യി​രുന്ന യേശു ഒരിക്കൽക്കൂ​ടെ ബെഥാ​ന്യ​യി​ലെ ആ കൂട്ടു​കാ​രു​ടെ വീട്ടിലെ സ്വസ്ഥത തേടി​യെത്തി. അവി​ടെ​നി​ന്നാ​യി​രി​ക്കും അവൻ യെരു​ശ​ലേ​മി​ലേക്കു പോകുക. ബെഥാ​ന്യ​യിൽനിന്ന്‌ മൂന്നു കിലോ​മീ​റ്റർ ദൂരമേ ഉള്ളൂ അവി​ടേക്ക്‌. യേശു​വും ലാസരും, കുഷ്‌ഠ​രോ​ഗി​യാ​യി​രുന്ന ശിമോ​ന്റെ വീട്ടിൽ ഭക്ഷണത്തി​നി​രി​ക്കു​ന്ന​തി​നെ​പ്പ​റ്റി​യുള്ള വിവര​ണ​ത്തി​ലാണ്‌ മാർത്ത​യെ​ക്കു​റി​ച്ചുള്ള അവസാ​നത്തെ ഈ പരാമർശം നമ്മൾ കാണു​ന്നത്‌: “മാർത്ത അവരെ ഉപചരി​ച്ചു.”—യോഹ. 12:2.

25. ഇന്നു നമ്മുടെ സഭകളിൽ മാർത്ത​യെ​പ്പോ​ലുള്ള സ്‌ത്രീ​രത്‌നങ്ങൾ ഉള്ളത്‌ ഒരു അനു​ഗ്ര​ഹ​മാ​ണെന്നു പറയാ​വു​ന്നത്‌ എന്തു​കൊണ്ട്‌?

25 അധ്വാ​ന​ശീ​ല​യായ ആ ദൈവ​ദാ​സി അങ്ങനെ ചെയ്‌തി​ല്ലെ​ങ്കി​ലേ അതിശ​യ​മു​ള്ളൂ! ബൈബി​ളിൽ നമ്മൾ അവളെ ആദ്യം കണ്ടുമു​ട്ടു​മ്പോൾ അവൾ ജോലി​ചെ​യ്യു​ക​യാണ്‌, അവസാനം കാണു​മ്പോ​ഴും അവൾ ജോലി​ചെ​യ്യു​ക​യാണ്‌! തന്റെ എത്തുപാ​ടി​ലുള്ള എല്ലാവ​രു​ടെ​യും ക്ഷേമം തിരക്കി, അവർക്കു​വേണ്ടി സ്വയം മറന്ന്‌ അധ്വാ​നി​ക്കാൻ മനസ്സുള്ള മാർത്ത! ക്രിസ്‌തു​വി​ന്റെ അനുഗാ​മി​ക​ളു​ടെ ഇക്കാലത്തെ സഭകളി​ലും മാർത്ത​യെ​പ്പോ​ലുള്ള സ്‌ത്രീ​രത്‌ന​ങ്ങ​ളുണ്ട്‌. യഹോ​വയ്‌ക്കു​വേ​ണ്ടി​യും മറ്റുള്ള​വർക്കു​വേ​ണ്ടി​യും അധ്വാ​നി​ച്ചു​കൊണ്ട്‌ അവർ യഹോ​വ​യി​ലുള്ള വിശ്വാ​സം തെളി​യി​ച്ചു​കാ​ണി​ക്കു​ന്നു. മനസ്സു​റ​പ്പും ഔദാ​ര്യ​വും ഉള്ള ഈ സഹോ​ദ​രി​മാർ ഒരു അനു​ഗ്ര​ഹം​ത​ന്നെ​യാണ്‌! ആകട്ടെ, മാർത്ത പിന്നീ​ട​ങ്ങോ​ട്ടും അങ്ങനെ​തന്നെ ചെയ്‌തി​ട്ടു​ണ്ടാ​വി​ല്ലേ? പ്രയാ​സ​സാ​ഹ​ച​ര്യ​ങ്ങൾ പലതും ഇനിയും അവളുടെ മുമ്പി​ലു​ണ്ടാ​യി​രു​ന്ന​തു​കൊണ്ട്‌ അത്‌ അവൾക്ക്‌ ഏറെ ഗുണം ചെയ്‌തി​ട്ടു​ണ്ടാ​കും.

26. മാർത്ത​യു​ടെ വിശ്വാ​സം എന്തു ചെയ്യാൻ അവളെ സഹായി​ച്ചു?

26 ഗുരു​വി​നെ ഉപചരിച്ച്‌ യാത്ര​യാ​ക്കി ഏതാനും ദിവസങ്ങൾ കഴിഞ്ഞ്‌ മാർത്തയെ മറ്റൊരു ദുരന്തം കാത്തി​രി​പ്പു​ണ്ടാ​യി​രു​ന്നു: തന്റെ പ്രിയ​ഗു​രു​വി​ന്റെ വേദനാ​ക​ര​മായ മരണം! അതുമാ​ത്രമല്ല, യേശു​വി​നെ കൊല്ലാൻ ആലോ​ചിച്ച ആ ദ്രോ​ഹി​കൾ ലാസരി​നെ​ക്കൂ​ടെ കൊല്ലാൻ പദ്ധതി​യി​ട്ടി​രു​ന്നു. ലാസരി​ന്റെ പുനരു​ത്ഥാ​ന​ത്തോ​ടെ നിരവ​ധി​പ്പേർ യേശു​വിൽ വിശ്വ​സി​ച്ച​തു​കൊ​ണ്ടാ​യി​രു​ന്നു അത്‌. (യോഹ​ന്നാൻ 12:9-11 വായി​ക്കുക.) കാലാ​ന്ത​ര​ത്തിൽ, മരണം പിന്നെ​യും ആ മൂന്നു കൂടെ​പ്പി​റ​പ്പു​ക​ളെ​യും തമ്മിൽ വേർപി​രി​ച്ചു. എപ്പോ​ഴാ​ണെ​ന്നും എങ്ങനെ​യാ​ണെ​ന്നും നമുക്ക്‌ അറിയി​ല്ലെന്നു മാത്രം. എന്നാൽ ഒരു കാര്യം നമുക്ക്‌ തീർച്ച​യാണ്‌: മാർത്ത​യു​ടെ മാറ്റേ​റിയ വിശ്വാ​സം അവസാ​ന​ത്തോ​ളം സഹിച്ചു​നിൽക്കാൻ അവൾക്കൊ​രു നങ്കൂര​മാ​യി. ഇവി​ടെ​യാണ്‌ വിശ്വാ​സ​ത്തി​ന്റെ തിളക്ക​മാർന്ന മാതൃ​ക​യാ​യി, ഒരു മന്ദഹാ​സ​ത്തോ​ടെ, ക്രിസ്‌ത്യാ​നി​ക​ളായ നമ്മുടെ മനസ്സി​ലേക്ക്‌ മാർത്ത കടന്നു​വ​രു​ന്നത്‌!

a ഒന്നാം നൂറ്റാ​ണ്ടി​ലെ യഹൂദ​സ​മൂ​ഹ​ത്തിൽ, ഗുരു​മു​ഖ​ത്തു​നി​ന്നു കേട്ടു​പ​ഠി​ക്കു​ന്ന​തു​പോ​ലുള്ള വിദ്യാ​ഭ്യാ​സ​പ്ര​വർത്ത​ന​ങ്ങ​ളിൽ സ്‌ത്രീ​കൾ പങ്കെടു​ക്കുന്ന പതിവി​ല്ലാ​യി​രു​ന്നു. ഗൃഹ​ജോ​ലി​ക​ളിൽ ശ്രദ്ധി​ക്കാ​നാ​യി​രു​ന്നു അവരെ പരിശീ​ലി​പ്പി​ച്ചി​രു​ന്നത്‌. അതു​കൊണ്ട്‌ ഒരു സ്‌ത്രീ ഗുരു​വി​ന്റെ കാൽക്ക​ലി​രുന്ന്‌ പഠിക്കു​ന്നത്‌ അസാധാ​ര​ണ​കാ​ര്യ​മാ​യി മാർത്തയ്‌ക്ക്‌ തോന്നി​യി​ട്ടു​ണ്ടാ​കും.