വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

അധ്യായം മൂന്ന്‌

‘വിശ്വ​സി​ക്കുന്ന എല്ലാവർക്കും അവൻ പിതാ​വാ​യി’

‘വിശ്വ​സി​ക്കുന്ന എല്ലാവർക്കും അവൻ പിതാ​വാ​യി’

1, 2. നോഹ​യു​ടെ കാലത്തി​നു ശേഷം ലോകം മാറി​പ്പോ​യത്‌ എങ്ങനെ, അബ്രാ​ഹാ​മി​ന്റെ വികാരം എന്തായി​രു​ന്നു?

 അബ്രാ​ഹാം തല ഉയർത്തി നോക്കു​ക​യാണ്‌. അവന്റെ ജന്മദേ​ശ​മായ ഊർ നഗരത്തി​നു മീതെ ഉയർന്ന്‌ കാണുന്ന ക്ഷേത്ര​ഗോ​പു​ര​ത്തി​ലേക്ക്‌ അവന്റെ നോട്ടം എത്തി. a അവി​ടെ​നിന്ന്‌ ആളുക​ളു​ടെ ആരവം കേൾക്കാം, പുകച്ചു​രു​ളു​കൾ ആകാശ​ത്തേക്ക്‌ ഉയരു​ന്നുണ്ട്‌. ചന്ദ്ര​ദേ​വന്റെ പുരോ​ഹി​ത​ന്മാർ അടുത്ത യാഗാർപ്പണം നടത്തു​ക​യാണ്‌. അതു കണ്ടിട്ട്‌ അമർഷ​ത്തോ​ടെ നെറ്റി ചുളിച്ച്‌, തല തിരിച്ച്‌, പിന്തി​രി​ഞ്ഞു നടക്കു​ക​യാണ്‌ അബ്രാ​ഹാം. ആളുകൾ തിക്കി​ത്തി​ര​ക്കുന്ന നഗരവീ​ഥി​യി​ലൂ​ടെ വീട്ടി​ലേക്ക്‌ നടക്കുന്ന അബ്രാ​ഹാ​മി​ന്റെ മനസ്സിൽ എന്തായി​രി​ക്കും ഇപ്പോൾ? ഊർ നഗരത്തി​ലെ​വി​ടെ​യും നിറഞ്ഞി​രി​ക്കുന്ന വിഗ്ര​ഹാ​രാ​ധ​ന​യെ​ക്കു​റിച്ച്‌ അവൻ ദുഃഖ​ത്തോ​ടെ ഓർത്തു​പോ​യി​രി​ക്കാം. നോഹയ്‌ക്കു ശേഷം ഭൂമിയെ വീണ്ടും കളങ്ക​പ്പെ​ടു​ത്തി​ക്കൊ​ണ്ടി​രി​ക്കുന്ന മ്ലേച്ഛമായ ആരാധന!

2 അബ്രാ​ഹാം ജനിക്കു​മ്പോൾ നോഹ മരിച്ചിട്ട്‌ രണ്ടുവർഷം കഴിഞ്ഞി​രു​ന്നു. അന്ന്‌, ആ മഹാ​പ്ര​ള​യ​ത്തി​നു ശേഷം കുടും​ബ​സ​മേതം പെട്ടക​ത്തി​നു പുറത്തി​റ​ങ്ങിയ ഗോ​ത്ര​പി​താ​വായ നോഹ യഹോ​വ​യാം ദൈവ​ത്തിന്‌ ഒരു യാഗമർപ്പി​ച്ചു. അതിൽ സംപ്രീ​ത​നായ യഹോവ ആകാശത്ത്‌ ഒരു മഴവില്ല്‌ വിരി​യി​ച്ചു. (ഉല്‌പ. 8:20; 9:12-14) ഈ ഭൂമി​യിൽ സത്യാ​രാ​ധന മാത്ര​മു​ണ്ടാ​യി​രുന്ന ഒരു സമയമാ​യി​രു​ന്നു അത്‌! എന്നാൽ ഇപ്പോൾ ഏകദേശം 350 വർഷം കഴിഞ്ഞ്‌, പത്താം തലമു​റ​ക്കാ​ര​നായ അബ്രാ​ഹാ​മി​ന്റെ കാലമാ​യ​പ്പോ​ഴേ​ക്കും സത്യ​ദൈ​വ​മായ യഹോ​വയെ ആരാധി​ക്കു​ന്നവർ വിരലിൽ എണ്ണാവു​ന്നവർ മാത്ര​മാ​യി. എവി​ടെ​യു​മുള്ള ആളുകൾ വ്യാജ​ദേ​വ​ന്മാ​രെ ആരാധി​ച്ചു​പോ​ന്നു. അബ്രാ​ഹാ​മി​ന്റെ അപ്പനായ തേരഹ്‌ പോലും വിഗ്ര​ഹാ​രാ​ധ​ന​യിൽ ഉൾപ്പെ​ട്ടി​രു​ന്നു; തേരഹ്‌ വിഗ്രഹം നിർമി​ച്ചി​രുന്ന ഒരാളാ​യി​രു​ന്നി​രി​ക്കാം.—യോശു. 24:2.

അബ്രാഹാം വിശ്വാ​സ​ത്തി​ന്റെ ഇത്ര ശ്രേഷ്‌ഠ​മാ​തൃ​ക​യാ​യത്‌ എങ്ങനെ?

3. അബ്രാ​ഹാ​മി​ന്റെ ജീവിതം മുന്നോ​ട്ടു​പോ​യ​പ്പോൾ ഏതു ഗുണമാണ്‌ അവനിൽ ശ്രദ്ധേ​യ​മാ​യി​ത്തീർന്നത്‌, അതിൽനി​ന്നു നമുക്ക്‌ എന്തു പഠിക്കാം?

3 പക്ഷേ, അബ്രാ​ഹാം ഇതിൽനി​ന്നെ​ല്ലാം വ്യത്യസ്‌ത​നാ​യി​രു​ന്നു. ജീവിതം മുന്നോ​ട്ടു​പോ​കു​ന്തോ​റും അബ്രാ​ഹാ​മി​ന്റെ വിശ്വാ​സം ഒന്നി​നൊ​ന്നു തെളി​വാർന്ന്‌ വന്നു. അത്‌ അവനെ ചുറ്റു​മു​ള്ള​വ​രിൽനിന്ന്‌ വ്യത്യസ്‌ത​നാ​ക്കി. ‘വിശ്വ​സി​ക്കുന്ന എല്ലാവർക്കും അവൻ പിതാ​വാ​യി’ എന്ന്‌ പിന്നീട്‌ പൗലോസ്‌ അപ്പൊസ്‌തലൻ എഴുതി. (റോമർ 4:11, സത്യ​വേ​ദ​പുസ്‌ത​ക​ത്തിൽനി​ന്നു വായി​ക്കുക.) വിശ്വാ​സി​ക​ളു​ടെ പിതാവ്‌ എന്ന സ്ഥാന​ത്തേക്ക്‌ അവൻ എത്തിയത്‌ എങ്ങനെ​യാണ്‌? ആ യാത്ര തുടങ്ങി​യത്‌ എങ്ങനെ​യാണ്‌? അതു നാം കാണാൻ പോകു​ക​യാണ്‌. വിശ്വാ​സ​ത്തിൽ എങ്ങനെ വളരാൻ കഴിയു​മെന്ന്‌ അബ്രാ​ഹാ​മി​ന്റെ ജീവി​തകഥ നമ്മോടു പറയും.

ജലപ്ര​ള​യ​ത്തി​നു ശേഷമുള്ള സത്യാ​രാ​ധന

4, 5. അബ്രാ​ഹാം ആരിൽനി​ന്നാണ്‌ യഹോ​വ​യെ​ക്കു​റിച്ച്‌ അറിഞ്ഞി​ട്ടു​ണ്ടാ​വുക, അങ്ങനെ​യൊ​രു സാധ്യ​ത​യെ​ക്കു​റിച്ച്‌ നമ്മൾ പറയു​ന്നത്‌ എന്തു​കൊണ്ട്‌?

4 യഹോ​വ​യാം ദൈവ​ത്തെ​ക്കു​റിച്ച്‌ അബ്രാ​ഹാം അറിയാൻ ഇടയാ​യത്‌ എങ്ങനെ​യാണ്‌? അക്കാലത്ത്‌, യഹോ​വയെ വിശ്വസ്‌ത​മാ​യി സേവി​ച്ചി​രുന്ന ദൈവ​ദാ​സ​ന്മാർ ഭൂമി​യി​ലു​ണ്ടാ​യി​രു​ന്നെന്ന്‌ നമുക്ക്‌ അറിയാം. ശേം അവരിൽ ഒരാളാ​യി​രു​ന്നു. നോഹ​യു​ടെ മൂന്നു പുത്ര​ന്മാ​രിൽ മൂത്തവ​ന​ല്ലെ​ങ്കി​ലും പലപ്പോ​ഴും ആദ്യം പറഞ്ഞു​കാ​ണു​ന്നത്‌ ശേമിന്റെ പേരാണ്‌. അത്‌ എന്തു​കൊ​ണ്ടാ​യി​രി​ക്കാം? ശേമിന്റെ വിശ്വാ​സം അത്ര ശ്രദ്ധേ​യ​മാ​യി​രു​ന്ന​തു​കൊ​ണ്ടാ​കാം. b പ്രളയം നടന്ന​ശേഷം ഒരിക്കൽ നോഹ യഹോ​വയെ ‘ശേമിന്റെ ദൈവം’ എന്നു വിളി​ക്കു​ന്നുണ്ട്‌. (ഉല്‌പ. 9:26) ശേം യഹോ​വയെ ആദരി​ക്കു​ക​യും സത്യാ​രാ​ധ​നയെ മാനി​ക്കു​ക​യും ചെയ്‌ത​താ​യി അത്‌ വ്യക്തമാ​ക്കു​ന്നു.

5 അബ്രാ​ഹാ​മിന്‌ ശേമിനെ അറിയാ​മാ​യി​രു​ന്നോ? അതിനു നല്ല സാധ്യ​ത​യുണ്ട്‌. നമുക്ക്‌ അബ്രാ​ഹാ​മി​ന്റെ കുട്ടി​ക്കാ​ല​ത്തേക്ക്‌ ഒന്നു പോകാം. തന്റെ മുത്തശ്ശ​ന്മാ​രിൽ ഒരാൾ നാലു നൂറ്റാ​ണ്ടു​ക​ളി​ലെ മനുഷ്യ​ച​രി​ത്രം നേരിട്ടു കണ്ടയാ​ളാ​ണെ​ന്നും അപ്പോ​ഴും ജീവി​ച്ചി​രി​പ്പു​ണ്ടെ​ന്നും അറിഞ്ഞ​പ്പോൾ ആ കൊച്ചു ബാലന്റെ കണ്ണുകൾ വിടർന്നി​ട്ടു​ണ്ടാ​വി​ല്ലേ? ‘മുത്തശ്ശന്‌ എന്തെല്ലാം കാര്യങ്ങൾ അറിയാ​മാ​യി​രി​ക്കും’ എന്ന്‌ അവൻ അത്ഭുത​ത്തോ​ടെ ചിന്തി​ച്ചി​ട്ടു​ണ്ടാ​കും. പ്രളയ​ത്തിന്‌ മുമ്പുള്ള ലോക​ത്തി​ലെ അധർമ​വും മ്ലേച്ഛത​യും ശേം നേരിട്ട്‌ കണ്ടു. പിന്നെ, ഒരു മഹാ​പ്ര​ളയം ഭൂമിയെ കഴുകി​വെ​ടി​പ്പാ​ക്കു​ന്നത്‌ കണ്ടു. ഭൂമി​യിൽ ജനം പെരു​കു​ന്ന​തും മനുഷ്യ​ച​രി​ത്ര​ത്തി​ലെ ആദ്യത്തെ ജനതകൾ രൂപം​കൊ​ള്ളു​ന്ന​തും അവൻ കണ്ടു. പിന്നെ, നി​മ്രോ​ദി​ന്റെ മത്സരവും ആ ഇരുണ്ട​കാ​ല​വും ബാബേൽ ഗോപു​ര​ത്തി​ങ്കലെ സംഭവ​ങ്ങ​ളു​മെ​ല്ലാം അവന്റെ കണ്മുന്നി​ലാ​യി​രു​ന്നു! വിശ്വസ്‌ത​നായ ശേം ആ മത്സരത്തിൽ ഉൾപ്പെ​ട്ടില്ല. യഹോവ അവി​ടെ​വെച്ച്‌ ഗോപു​രം​പ​ണി​ക്കാ​രു​ടെ ഭാഷ കലക്കി​യെ​ങ്കി​ലും ശേമും കുടും​ബ​വും മനുഷ്യ​വർഗ​ത്തിന്‌ ദൈവം കൊടുത്ത ആദ്യഭാ​ഷ​തന്നെ സംസാ​രി​ച്ചു​പോ​ന്നു; അതായത്‌ നോഹ സംസാ​രിച്ച ഭാഷ. ഈ കുടും​ബ​ത്തി​ലാണ്‌ പിന്നീട്‌ അബ്രാ​ഹാം ജനിക്കു​ന്നത്‌. അതു​കൊ​ണ്ടു​തന്നെ, ബാലനായ അബ്രാ​ഹാ​മി​ന്റെ മനസ്സിൽ തന്റെ ഈ മുത്തശ്ശ​നോ​ടുള്ള ആദരവും ബഹുമാ​ന​വും നിറഞ്ഞ്‌ നിന്നി​ട്ടു​ണ്ടാ​വണം! അവൻ വളരു​ന്ന​ത​നു​സ​രിച്ച്‌ അവന്റെ ഉള്ളിലെ ആ സ്‌നേ​ഹാ​ദ​ര​ങ്ങ​ളും വളർന്നു​വന്നു. അബ്രാ​ഹാം തന്റെ ആയുസ്സി​ന്റെ നല്ലൊരു ഭാഗം പിന്നി​ടു​ന്ന​തു​വരെ ശേം ജീവി​ച്ചി​രു​പ്പു​ണ്ടാ​യി​രു​ന്നു. അതു​കൊണ്ട്‌ അബ്രാ​ഹാം യഹോ​വ​യെ​ക്കു​റിച്ച്‌ ശേമിൽനിന്ന്‌ ധാരാളം കാര്യങ്ങൾ മനസ്സി​ലാ​ക്കി​യി​ട്ടു​ണ്ടാ​കണം.

ഊർ നഗരത്തി​ലെ​ങ്ങും നിറഞ്ഞി​രുന്ന വിഗ്ര​ഹാ​രാ​ധ​നയ്‌ക്കെ​തി​രെ അബ്രാ​ഹാം മുഖം തിരിച്ചു

6. (എ) പ്രളയ​ത്തിൽനിന്ന്‌ താൻ വലിയ പാഠങ്ങൾ പഠി​ച്ചെന്ന്‌ അബ്രാ​ഹാം തെളി​യി​ച്ചത്‌ എങ്ങനെ? (ബി) അബ്രാ​ഹാ​മി​ന്റെ​യും സാറാ​യു​ടെ​യും ജീവിതം എങ്ങനെ​യു​ള്ള​താ​യി​രു​ന്നു?

6 എന്തായി​രു​ന്നാ​ലും, മഹാ​പ്ര​ള​യ​ത്തെ​ക്കു​റി​ച്ചുള്ള കാര്യങ്ങൾ അബ്രാ​ഹാം ഗൗരവ​മാ​യെ​ടു​ത്തു. നോഹ ദൈവ​ത്തോ​ടു​കൂ​ടെ നടന്നതു​പോ​ലെ ദൈവ​ത്തോ​ടു​കൂ​ടെ നടക്കാൻ അവനും തീരു​മാ​നി​ച്ചു. അതു​കൊ​ണ്ടാണ്‌ അബ്രാ​ഹാം വിഗ്ര​ഹാ​രാ​ധ​നയെ വെറു​ക്കു​ക​യും തന്റെ സ്വദേ​ശ​മായ ഊർ നഗരത്തി​ലെ ജനങ്ങളിൽനിന്ന്‌ വ്യത്യസ്‌ത​നാ​യി ജീവി​ക്കു​ക​യും ചെയ്‌തത്‌. അവന്റെ സ്വന്തം കുടും​ബാം​ഗ​ങ്ങ​ളിൽപോ​ലും പലരും വിഗ്ര​ഹാ​രാ​ധി​ക​ളാ​യി​രു​ന്നി​രി​ക്കാം. കാലാ​ന്ത​ര​ത്തിൽ അബ്രാ​ഹാം തനിക്ക്‌ ചേർന്ന ഒരു ജീവി​ത​സ​ഖി​യെ കണ്ടെത്തി, സാറാ. അവൾ അതിസു​ന്ദ​രി​യാ​യി​രു​ന്നു, യഹോ​വ​യി​ലുള്ള അവളുടെ ശക്തമായ വിശ്വാ​സ​ത്തിന്‌ അതി​ലേറെ തിളക്ക​മു​ണ്ടാ​യി​രു​ന്നു! c പക്ഷേ, അവർക്കു കുട്ടി​ക​ളി​ല്ലാ​യി​രു​ന്നു. എങ്കിലും ആ ദമ്പതികൾ നിറഞ്ഞ സന്തോ​ഷ​ത്തോ​ടെ യഹോ​വയെ ആരാധി​ച്ചു​പോ​ന്നു. അബ്രാ​ഹാ​മി​ന്റെ സഹോ​ദ​ര​പു​ത്ര​നായ ലോത്തി​നെ അവർ മകനായി വളർത്തി.

7. യേശു​വി​ന്റെ അനുഗാ​മി​കൾ അബ്രാ​ഹാ​മി​നെ അനുക​രി​ക്കേ​ണ്ടത്‌ എങ്ങനെ?

7 ഊർ നഗരത്തി​ലെ വിഗ്ര​ഹാ​രാ​ധ​നയെ അബ്രാ​ഹാം ഒരിക്ക​ലും പിന്തു​ണ​ച്ചില്ല, യഹോ​വയെ ഒരിക്ക​ലും ഉപേക്ഷി​ച്ചു​മില്ല. വിഗ്ര​ഹാ​രാ​ധ​ന​യി​ലാ​ണ്ടു​പോയ ആ സമൂഹ​ത്തിൽ വേറിട്ട്‌ നിൽക്കാൻ മനസ്സു​ള്ള​വ​രാ​യി​രു​ന്നു അബ്രാ​ഹാ​മും സാറാ​യും. നമുക്ക്‌ നിഷ്‌ക​പ​ട​മായ വിശ്വാ​സം വളർത്തി​യെ​ടു​ക്കാൻ കഴിയ​ണ​മെ​ങ്കിൽ അവരെ​പ്പോ​ലെ​യുള്ള മനസ്സു​ണ്ടാ​യി​രി​ക്കണം. ചുറ്റു​മു​ള്ള​വ​രിൽനിന്ന്‌ വ്യത്യസ്‌ത​രാ​യി​രി​ക്കാൻ നമുക്കും മനസ്സൊ​രു​ക്കം വേണം. തന്റെ അനുഗാ​മി​കൾ, “ലോക​ത്തി​ന്റെ ഭാഗമല്ല” എന്ന്‌ യേശു പറഞ്ഞു. അതു​കൊ​ണ്ടു​തന്നെ ലോകം അവരെ വെറു​ക്കു​മെ​ന്നും അവൻ പറഞ്ഞു. (യോഹ​ന്നാൻ 15:19 വായി​ക്കുക.) യഹോ​വയെ സേവി​ക്കാൻ തീരു​മാ​ന​മെ​ടു​ത്ത​തു​കൊണ്ട്‌ കുടും​ബാം​ഗങ്ങൾ കൈവി​ട്ട​തി​ന്റെ വേദന നിങ്ങൾക്ക്‌ അനുഭ​വി​ക്കേ​ണ്ടി​വ​ന്നി​ട്ടു​ണ്ടോ? സമൂഹം നിങ്ങളെ ഒറ്റപ്പെ​ടു​ത്തി​യി​ട്ടു​ണ്ടോ? എങ്കിൽ ഓർക്കുക, നിങ്ങൾ ഒറ്റയ്‌ക്കല്ല! ദൈവ​ത്തോ​ടു​കൂ​ടെ നടന്ന അബ്രാ​ഹാ​മി​ന്റെ​യും സാറാ​യു​ടെ​യും ചുവടു​കൾ നിങ്ങൾ പിന്തു​ട​രു​ക​യാണ്‌.

‘നിന്റെ ദേശം വിട്ട്‌ വരുക’

8, 9. (എ) അബ്രാ​ഹാ​മിന്‌ മറക്കാ​നാ​കാത്ത എന്ത്‌ അനുഭ​വ​മാണ്‌ ഉണ്ടായത്‌? (ബി) അബ്രാ​ഹാ​മി​നുള്ള യഹോ​വ​യു​ടെ സന്ദേശ​മെ​ന്താ​യി​രു​ന്നു?

8 ഒരിക്കൽ അബ്രാ​ഹാ​മിന്‌ മറക്കാ​നാ​കാത്ത ഒരു അനുഭ​വ​മു​ണ്ടാ​യി. യഹോ​വ​യാം ദൈവം അവനോട്‌ സംസാ​രി​ച്ചു! അതിന്റെ വിശദാം​ശങ്ങൾ ബൈബിൾ നമ്മോടു പറയു​ന്നില്ല. എന്നാൽ വിശ്വസ്‌ത​നായ ആ മനുഷ്യന്‌ “തേജോ​മ​യ​നായ ദൈവം” പ്രത്യ​ക്ഷ​പ്പെ​ട്ടെന്ന്‌ ബൈബിൾ പറയു​ന്നുണ്ട്‌. (പ്രവൃ​ത്തി​കൾ 7:2, 3 വായി​ക്കുക.) പ്രപഞ്ച​പ​ര​മാ​ധി​കാ​രി​യു​ടെ തേജസ്സി​ന്റെ ഒരു മിന്നായം അവൻ കാണാ​നി​ട​യാ​യി. ഒരു ദൂതനെ പ്രതി​നി​ധി​യാ​യി ഉപയോ​ഗി​ച്ചാ​കാം ദൈവം അത്‌ ചെയ്‌തത്‌. ജീവനുള്ള ദൈവ​വും തന്റെ നാട്ടു​കാർ ആരാധി​ച്ചു​പോ​രുന്ന ജീവനി​ല്ലാത്ത വെറും ബിംബ​ങ്ങ​ളും തമ്മിൽ എന്തൊരു വൈരു​ധ്യം! ആ തിരി​ച്ച​റിവ്‌ അവനെ കോരി​ത്ത​രി​പ്പി​ച്ചു! അവന്റെ സന്തോഷം നമുക്ക്‌ ഊഹി​ക്കാ​നാ​കും!

9 എന്തായി​രു​ന്നു അബ്രാ​ഹാ​മി​നുള്ള യഹോ​വ​യു​ടെ സന്ദേശം? “നിന്റെ ദേശ​ത്തെ​യും ബന്ധുക്ക​ളെ​യും വിട്ട്‌ ഞാൻ നിന്നെ കാണി​ക്കാ​നി​രി​ക്കുന്ന ദേശ​ത്തേക്കു വരുക.” തന്റെ മനസ്സി​ലു​ള്ളത്‌ ഏതു ദേശമാ​ണെന്ന്‌ യഹോവ അവനോ​ടു പറഞ്ഞില്ല, അത്‌ അവന്‌ ദൈവം കാണി​ച്ചു​കൊ​ടു​ക്കു​കയേ ഉണ്ടായി​രു​ന്നു​ള്ളൂ. തന്റെ ജന്മദേ​ശ​ത്തെ​യും ബന്ധുക്ക​ളെ​യും വിട്ട്‌ പോകുക! അതാണ്‌ അവൻ ആദ്യം ചെയ്യേ​ണ്ടി​യി​രു​ന്നത്‌. പുരാതന മധ്യപൂർവ​ദേ​ശത്തെ സംസ്‌കാ​ര​വും രീതി​യും അനുസ​രിച്ച്‌ ഒരുവന്‌ കുടും​ബം എല്ലാ​മെ​ല്ലാ​മാ​യി​രു​ന്നു. കുടും​ബാം​ഗ​ങ്ങ​ളെ​യും ബന്ധുക്ക​ളെ​യും വിട്ട്‌ അയാൾ ദൂര​ദേ​ശ​ത്തേക്കു പോകു​ക​യെ​ന്നു​വെ​ച്ചാൽ, അതൊരു ദുർവി​ധി​യാ​യി കണ്ടിരുന്ന കാലം! ചിലരെ സംബന്ധിച്ച്‌ അത്‌ മരണ​ത്തെ​ക്കാൾ ഭയാന​ക​മാ​യി​രു​ന്നു!

10. ഊർ നഗരത്തി​ലെ സ്വന്തം വീടു​വിട്ട്‌ പോയത്‌ അബ്രാ​ഹാ​മി​ന്റെ​യും സാറാ​യു​ടെ​യും വലിയ ത്യാഗ​മാ​യി​രു​ന്നെന്ന്‌ പറയാ​വു​ന്നത്‌ എന്തു​കൊണ്ട്‌?

10 ജന്മദേശം വിട്ടു​പോ​കുക! എത്ര വലിയ ത്യാഗ​മാണ്‌ അതിൽ ഉൾപ്പെ​ട്ടി​രു​ന്ന​തെന്ന്‌ ഓർത്തി​ട്ടു​ണ്ടോ? ആളും ആരവവും സമ്പത്തും നിറഞ്ഞ ഒരു പരിഷ്‌കൃ​ത​ന​ഗ​ര​മാ​യി​രു​ന്നു ഊർ എന്നാണ്‌ തെളി​വു​കൾ കാണി​ക്കു​ന്നത്‌. (“അബ്രാ​ഹാ​മും സാറാ​യും പിന്നിൽ ഉപേക്ഷിച്ച നഗരം” എന്ന ചതുരം കാണുക.) പുരാ​ത​ന​കാ​ലത്തെ ഊർ നഗരത്തിൽ സുഖസൗ​ക​ര്യ​ങ്ങ​ളെ​ല്ലാം തികഞ്ഞ വീടുകൾ ഉണ്ടായി​രു​ന്നെന്ന്‌ ഉത്‌ഖ​ന​നങ്ങൾ തെളി​യി​ക്കു​ന്നു. ചില വീടു​ക​ളിൽ, കുടും​ബാം​ഗ​ങ്ങൾക്കും വേലക്കാർക്കും ആയി 12-ഓ അതിൽ കൂടു​ത​ലോ മുറി​ക​ളു​ണ്ടാ​യി​രു​ന്നു. പാകി​നി​ര​പ്പാ​ക്കിയ നടുമു​റ്റ​ത്തി​നു ചുറ്റു​മാ​യാണ്‌ മുറികൾ പണിതി​രു​ന്നത്‌. വീടു​ക​ളിൽ ശുദ്ധജലം ലഭിക്കു​ന്ന​തി​നുള്ള കുഴലു​കൾ, ശൗചാ​ല​യങ്ങൾ, ഓവു​ചാ​ലു​കൾ തുടങ്ങിയ സൗകര്യ​ങ്ങ​ളു​മു​ണ്ടാ​യി​രു​ന്നു. ഈ സുഖസൗ​ക​ര്യ​ങ്ങ​ളെ​ല്ലാ​മാണ്‌ അവർക്ക്‌ ഉപേക്ഷി​ക്കേ​ണ്ടി​യി​രു​ന്നത്‌. അബ്രാ​ഹാ​മും സാറാ​യും അപ്പോൾ ചെറു​പ്പ​മ​ല്ലാ​യി​രു​ന്നെന്ന്‌ ഓർക്കണം! സാധ്യ​ത​യ​നു​സ​രിച്ച്‌ അബ്രാ​ഹാ​മിന്‌ അപ്പോൾ 70-നുമേൽ പ്രായ​മു​ണ്ടാ​യി​രു​ന്നു, സാറായ്‌ക്ക്‌ 60-നു മുകളി​ലും. ന്യായ​മായ സുഖസൗ​ക​ര്യ​ങ്ങ​ളോ​ടെ, സുരക്ഷി​ത​മാ​യി ജീവി​ക്കാൻ വേണ്ട​തെ​ല്ലാം സാറായ്‌ക്ക്‌ ഒരുക്കി​ക്കൊ​ടു​ക്ക​ണ​മെന്ന്‌ അബ്രാ​ഹാം ആഗ്രഹി​ച്ചി​രു​ന്നു. ഭാര്യയെ സ്‌നേ​ഹി​ക്കുന്ന ഏതൊരു ഭർത്താ​വും അതല്ലേ ആഗ്രഹി​ക്കുക? ഈ ദൈവ​നി​യോ​ഗം ഏറ്റെടു​ക്കു​ന്ന​തി​നെ​ക്കു​റിച്ച്‌ അവർ ഇരുവ​രും എന്തെല്ലാം കൂടി​യാ​ലോ​ചി​ച്ചു​കാ​ണും? എന്തെല്ലാം ചോദ്യ​ങ്ങ​ളും ആശങ്കക​ളും അവരുടെ മനസ്സി​ലൂ​ടെ കടന്നു​പോ​യി​ട്ടു​ണ്ടാ​കും? സാറാ പൂർണ​മ​ന​സ്സോ​ടെ സഹകരി​ച്ച​പ്പോൾ അബ്രാ​ഹാ​മി​നു​ണ്ടായ സന്തോ​ഷ​മൊന്ന്‌ ഓർത്തു​നോ​ക്കൂ! വീടും വീടിന്റെ എല്ലാ സുഖങ്ങ​ളും ഉപേക്ഷി​ക്കാൻ ഭർത്താ​വി​നെ​പ്പോ​ലെ അവൾക്കും മനസ്സാ​യി​രു​ന്നു!

11, 12. (എ) ഊർ നഗരം വിട്ടു​പോ​കു​ന്ന​തി​നു മുമ്പ്‌ അവർക്ക്‌ എന്തൊക്കെ തയ്യാ​റെ​ടു​പ്പു​ക​ളും തീരു​മാ​ന​ങ്ങ​ളും എടു​ക്കേ​ണ്ട​തു​ണ്ടാ​യി​രു​ന്നു? (ബി) യാത്ര പുറ​പ്പെ​ടുന്ന ദിവസത്തെ രംഗം വർണി​ക്കുക.

11 അങ്ങനെ ഒടുവിൽ നഗരം വിട്ട്‌ പോകാൻ അവർ തീരു​മാ​നി​ച്ചു. ഇനിയാണ്‌ ജോലി​കൾ! എന്തെല്ലാം കെട്ടി​പ്പെ​റു​ക്കണം! എന്തെല്ലാം ക്രമീ​ക​രി​ക്കണം! എവി​ടെ​യെ​ന്നോ ഏതെന്നോ അറിയാത്ത ദേശ​ത്തേ​ക്കാണ്‌ യാത്ര. യാത്രയ്‌ക്ക്‌ എന്തെല്ലാം കൂടെ​ക്ക​രു​തണം? എന്തെല്ലാം ഇവിടെ ഉപേക്ഷി​ച്ചിട്ട്‌ പോകണം? ഇതി​നെ​ക്കാ​ളൊ​ക്കെ ഹൃദയ​ത്തോ​ടു ചേർത്തു​വെ​ച്ചി​രി​ക്കുന്ന മറ്റുചി​ല​തുണ്ട്‌; ഉറ്റവരും സുഹൃ​ത്തു​ക്ക​ളും വേണ്ട​പ്പെ​ട്ട​വ​രും ഒക്കെ. അപ്പനായ തേരഹ്‌ വാർധ​ക്യ​ത്തി​ലാണ്‌! അദ്ദേഹ​ത്തി​ന്റെ കാര്യ​മോ? അപ്പനെ കൂടെ​ക്കൊ​ണ്ടു​പോ​കാൻ അവർ തീരു​മാ​നി​ച്ചു. അതിന്റെ അർഥം എങ്ങോ​ട്ടെ​ന്നോ എത്രനാ​ള​ത്തേ​ക്കെ​ന്നോ അറിയാത്ത ഈ യാത്ര​യി​ലു​ട​നീ​ളം അദ്ദേഹത്തെ പരിച​രി​ക്കാ​നും പുലർത്താ​നും അവർക്ക്‌ മനസ്സാ​യി​രു​ന്നു എന്നാണ്‌. തേരഹും ആ തീരു​മാ​ന​ത്തോട്‌ ഹൃദയ​പൂർവം യോജി​ച്ചെന്നു കരുതാ​നാ​കും. കാരണം, ബൈബിൾവി​വ​രണം തേരഹി​നെ​ക്കു​റി​ച്ചു പറയു​ന്നത്‌, ആ ഗോ​ത്ര​പി​താവ്‌ ‘തന്റെ കുടും​ബ​ത്തെ​യും കൂട്ടി ഊരിൽനി​ന്നു പുറ​പ്പെട്ടു’ എന്നാണ്‌. അപ്പോ​ഴേ​ക്കും തേരഹ്‌ വിഗ്ര​ഹാ​രാ​ധ​ന​യും ഉപേക്ഷി​ച്ചി​ട്ടു​ണ്ടാ​കും. നാടോ​ടി​ക​ളെ​പ്പോ​ലെ താത്‌കാ​ലി​ക​താ​വ​ള​ങ്ങ​ളിൽ തങ്ങിത്തങ്ങി മുന്നോ​ട്ടു​പോ​കുന്ന ഈ യാത്രാ​സം​ഘ​ത്തോ​ടൊ​പ്പം ചേരാൻ അബ്രാ​ഹാ​മി​ന്റെ സഹോ​ദ​ര​പു​ത്ര​നായ ലോത്തും തയ്യാ​റെ​ടു​ക്കു​ന്നു​ണ്ടാ​യി​രു​ന്നു.—ഉല്‌പ. 11:31.

12 അങ്ങനെ ജന്മദേ​ശ​ത്തോട്‌ വിടപ​റ​യുന്ന ദിവസ​മെത്തി. നേരം പുലർന്നു. ഊർ നഗരത്തി​ന്റെ കോട്ട​മ​തി​ലു​കൾക്കും കിടങ്ങു​കൾക്കും വെളി​യി​ലേക്ക്‌ ഒന്നു നോക്കൂ. പ്രയാ​ണ​ത്തിന്‌ ഒരുങ്ങു​ക​യാണ്‌ ആ യാത്രാ​ക്കൂ​ട്ടം. കുറച്ചു​പേർ എത്തി​ക്കൊ​ണ്ടി​രി​ക്കു​ന്നതേ ഉള്ളൂ. ഒട്ടകങ്ങ​ളു​ടെ​യും കഴുത​ക​ളു​ടെ​യും പുറത്ത്‌ ഭാണ്ഡങ്ങൾ കെട്ടി​യു​റ​പ്പി​ച്ചി​രി​ക്കു​ന്നു. d വളർത്തു​മൃ​ഗ​ങ്ങ​ളെ​ല്ലാം ഒരു വശത്ത്‌. കുടും​ബാം​ഗ​ങ്ങ​ളും ദാസീ​ദാ​സ​ന്മാ​രും എല്ലാം അവരവ​രു​ടെ സ്ഥാനങ്ങ​ളിൽ തയ്യാറാ​യി നിൽക്കു​ന്നു. യാത്രാ​നു​മ​തി​ക്കാ​യി എല്ലാവ​രും വെമ്പ​ലോ​ടെ കാത്തു​നിൽക്കുന്ന നിമി​ഷങ്ങൾ! എല്ലാ കണ്ണുക​ളും ഇപ്പോൾ അബ്രാ​ഹാ​മി​ലാ​യി​രി​ക്കാം, പുറ​പ്പെ​ടാ​നുള്ള അടയാ​ള​വും പ്രതീ​ക്ഷിച്ച്‌. ഒടുവിൽ, ആ നിമി​ഷ​വും വന്നെത്തി! സംഘം അതാ പുറ​പ്പെ​ടു​ക​യാ​യി! അവർ ഊർ നഗരം വിടു​ക​യാണ്‌, എന്നെ​ന്നേ​ക്കു​മാ​യി!

13. ഇന്നുള്ള ദൈവ​ദാ​സ​ന്മാ​രിൽ പലരും അബ്രാ​ഹാ​മി​ന്റെ​യും സാറാ​യു​ടെ​യും മനോ​ഭാ​വം കാണി​ക്കു​ന്നത്‌ എങ്ങനെ?

13 ഇന്ന്‌ യഹോ​വ​യു​ടെ ദാസന്മാ​രിൽ പലരും കൂടുതൽ രാജ്യ​ഘോ​ഷ​കരെ ആവശ്യ​മുള്ള സ്ഥലങ്ങളി​ലേക്കു മാറി​ത്താ​മ​സി​ക്കാൻ തീരു​മാ​നി​ച്ചി​രി​ക്കു​ന്നു. ചിലരാ​ണെ​ങ്കിൽ, ശുശ്രൂഷ വിപു​ല​പ്പെ​ടു​ത്താൻ പുതി​യൊ​രു ഭാഷ പഠിക്കാൻ തീരു​മാ​നി​ക്കു​ന്നു. വേറെ ചിലർ ശുശ്രൂ​ഷ​യിൽ തങ്ങൾ ചെയ്‌ത്‌ ശീലിച്ച, സൗകര്യ​പ്ര​ദ​മായ രീതി വിട്ട്‌ പുതി​യൊ​രു രീതി പരീക്ഷിച്ച്‌ നോക്കാൻ മുന്നി​ട്ടി​റ​ങ്ങു​ന്നു. ഈ തീരു​മാ​ന​ങ്ങ​ളി​ലെ​ല്ലാം ത്യാഗ​മുൾപ്പെ​ടു​ന്നുണ്ട്‌: സ്വന്തം സുഖസൗ​ക​ര്യ​ങ്ങൾ പലതും വിട്ടു​ക​ള​യാ​നുള്ള മനസ്സൊ​രു​ക്കം! അബ്രാ​ഹാ​മി​ന്റെ​യും സാറാ​യു​ടെ​യും പോലുള്ള ത്യാഗ​മ​നഃ​സ്ഥി​തി! അത്തരം മനോ​ഭാ​വത്തെ എത്ര പ്രശം​സി​ച്ചാ​ലും മതിയാ​കു​ക​യില്ല! അങ്ങനെ​യുള്ള വിശ്വാ​സം നമുക്കു​ണ്ടെന്ന്‌ തെളി​യി​ക്കു​ന്നെ​ങ്കിൽ ഒരു കാര്യം ഉറപ്പാണ്‌: യഹോ​വയ്‌ക്കു കൊടു​ക്കു​ന്നത്‌, പല മടങ്ങായി അവൻ തിരി​ച്ചു​ത​രും! വിശ്വാ​സ​ത്തിന്‌ പ്രതി​ഫലം നൽകാൻ അവൻ ഒരിക്ക​ലും മറക്കു​ക​യില്ല. (എബ്രാ. 6:10; 11:6) അബ്രാ​ഹാ​മി​ന്റെ കാര്യ​ത്തിൽ യഹോവ അങ്ങനെ ചെയ്‌തോ?

യൂഫ്ര​ട്ടീസ്‌ കടക്കുന്നു

14, 15. ഊർ നഗരത്തിൽനിന്ന്‌ ഹാരാ​നി​ലേ​ക്കുള്ള യാത്ര വർണി​ക്കുക, ഹാരാ​നിൽ കുറച്ചു​നാൾ തങ്ങാൻ അബ്രാ​ഹാം തീരു​മാ​നി​ച്ചത്‌ എന്തു​കൊ​ണ്ടാ​യി​രി​ക്കാം?

14 വീട്ടു​സാ​മ​ഗ്രി​ക​ളും ആടുമാ​ടു​ക​ളും ദാസീ​ദാ​സ​ന്മാ​രും അടങ്ങുന്ന ആ സംഘത്തിന്‌ യാത്ര ഇപ്പോൾ ഒരു ശീലമാ​യി. ഒരു നിമിഷം ഈ യാത്രാ​സം​ഘ​ത്തോ​ടൊ​പ്പം നമുക്കും ചേരാം. ഒരുമിച്ച്‌ നടക്കുന്ന അബ്രാ​ഹാ​മും സാറാ​യും. നടന്ന്‌ മടുക്കു​മ്പോൾ കുറച്ചു​നേരം മൃഗങ്ങ​ളു​ടെ പുറത്ത്‌ യാത്ര. എന്തൊ​ക്കെ​യോ സംസാ​രി​ച്ചു​കൊ​ണ്ടാണ്‌ അവരുടെ പോക്ക്‌. സഞ്ചാര​മൃ​ഗ​ങ്ങ​ളു​ടെ അലങ്കാ​ര​ക്കോ​പ്പു​ക​ളിൽനിന്ന്‌ ഉതിരുന്ന മണിനാ​ദങ്ങൾ അവരുടെ സംഭാ​ഷ​ണ​ങ്ങ​ളു​മാ​യി കൂടി​ക്ക​ല​രു​ന്നു. കൂട്ടത്തി​ലെ കന്നിയാ​ത്ര​ക്കാ​രു​ടെ​പോ​ലും പരി​ഭ്രമം മാറി. കൂടാരം അഴിക്കാ​നും കെട്ടാ​നും ഒക്കെ അവർ വിദഗ്‌ധ​രാ​യി​രി​ക്കു​ന്നു. വൃദ്ധനായ തേരഹി​നെ, ഒരു ഒട്ടകത്തി​ന്റെ​യോ കഴുത​യു​ടെ​യോ പുറത്ത്‌ സുഖക​ര​മായ ഇരിപ്പി​ടം ഒരുക്കി​ക്കൊ​ടുത്ത്‌ ശുശ്രൂ​ഷി​ക്കാ​നും അവർ പഠിച്ചി​രി​ക്കു​ന്നു. വളഞ്ഞു​പു​ളഞ്ഞ്‌ ഒഴുകുന്ന യൂഫ്ര​ട്ടീസ്‌ നദിയു​ടെ ഓരം​പറ്റി അവർ അങ്ങനെ വടക്കു​പ​ടി​ഞ്ഞാ​റേക്കു നീങ്ങു​ക​യാണ്‌! ദിവസങ്ങൾ ആഴ്‌ച​കൾക്കു വഴിമാ​റി. മാറി​വ​രുന്ന പ്രകൃ​തി​ദൃ​ശ്യ​ങ്ങൾ ഒന്നൊ​ന്നാ​യി പിന്നി​ലേക്കു മറഞ്ഞു​കൊ​ണ്ടി​രു​ന്നു.

15 അങ്ങനെ അവർ ഉദ്ദേശം 960 കിലോ​മീ​റ്റർ പിന്നിട്ട്‌ ഹാരാ​നി​ലെത്തി. ഒരു സമ്പന്നന​ഗ​ര​മാണ്‌ ഹാരാൻ, കിഴക്കു​പ​ടി​ഞ്ഞാ​റൻ വാണി​ജ്യ​പാ​ത​ക​ളു​ടെ സംഗമ​സ്ഥാ​നം. വീടു​കൾക്ക്‌ തേനീ​ച്ച​ക്കൂ​ടി​ന്റെ ആകൃതി! അവർ അവിടെ യാത്ര അവസാ​നി​പ്പി​ച്ചു. കുറച്ചു​നാൾ അവിടെ തങ്ങി. ഒരുപക്ഷേ, തേരഹിന്‌ തുടർന്ന്‌ യാത്ര ചെയ്യാൻ തീരെ വയ്യാതാ​യി​ട്ടു​ണ്ടാ​കാം.

16, 17. (എ) അബ്രാ​ഹാ​മി​നെ ആവേശ​ഭ​രി​ത​നാ​ക്കിയ ഉടമ്പടി ഏതായി​രു​ന്നു? (ബി) ഹാരാ​നിൽ താമസി​ച്ചു​കൊ​ണ്ടി​രു​ന്ന​പ്പോൾ യഹോവ അബ്രാ​ഹാ​മി​നെ അനു​ഗ്ര​ഹി​ച്ചത്‌ എങ്ങനെ?

16 അങ്ങനെ അല്‌പ​കാ​ലം കഴിഞ്ഞു. തേരഹ്‌ മരിച്ചു. അപ്പോൾ അവന്‌ 205 വയസ്സാ​യി​രു​ന്നു. (ഉല്‌പ. 11:32) പിതാ​വി​ന്റെ വിയോ​ഗ​ത്തിൽ ദുഃഖി​ത​നാ​യി​രുന്ന അബ്രാ​ഹാ​മിന്‌ വലിയ ആശ്വാസം നൽകിയ ഒരു കാര്യ​മു​ണ്ടാ​യി. യഹോവ വീണ്ടും അവനോ​ടു സംസാ​രി​ച്ചു. അന്ന്‌ ഊർ നഗരത്തിൽവെച്ച്‌ അവനോ​ടു സംസാ​രിച്ച കാര്യങ്ങൾ ദൈവം ഒന്നുകൂ​ടി ആവർത്തി​ച്ചു. എന്നിട്ട്‌, അന്നു നൽകിയ വാഗ്‌ദാ​ന​ത്തെ​ക്കു​റിച്ച്‌ ചില വിശദാം​ശ​ങ്ങൾകൂ​ടെ നൽകി. അബ്രാ​ഹാം ഒരു ‘വലിയ ജനത’ ആയിത്തീ​രു​മെ​ന്നും അവൻ മുഖാ​ന്തരം ഭൂമി​യി​ലെ സകല കുടും​ബ​ങ്ങൾക്കും അനു​ഗ്രഹം കൈവ​രു​മെ​ന്നും ദൈവം പറഞ്ഞു. (ഉല്‌പത്തി 12:2, 3 വായി​ക്കുക.) ദൈവം തന്നോടു ചെയ്‌ത ഉടമ്പടി​യിൽ അബ്രാ​ഹാം ധന്യനാ​യി! യാത്ര തുടരാൻ സമയമാ​യെന്ന്‌ അവൻ മനസ്സി​ലാ​ക്കി.

17 ഇത്തവണ കെട്ടി​പ്പെ​റു​ക്കാൻ സാധനങ്ങൾ ഏറെയു​ണ്ടാ​യി​രു​ന്നു. ഹാരാ​നി​ലെ താമസ​ത്തി​നി​ടെ യഹോവ അബ്രാ​ഹാ​മി​നെ ധാരാ​ള​മാ​യി അനു​ഗ്ര​ഹി​ച്ചി​രു​ന്നു. അവർ “തങ്ങൾ ഉണ്ടാക്കിയ സമ്പത്തു​ക​ളെ​യൊ​ക്കെ​യും തങ്ങൾ ഹാരാ​നിൽവെച്ചു സമ്പാദിച്ച ആളുക​ളെ​യും കൂട്ടി​ക്കൊ​ണ്ടു കനാൻദേ​ശ​ത്തേക്കു പോകു​വാൻ പുറ​പ്പെട്ടു” എന്നു വിവരണം പറയുന്നു. (ഉല്‌പ. 12:5) ഒരു ജനതയാ​യി വളരണ​മെ​ങ്കിൽ അബ്രാ​ഹാ​മിന്‌ പണവും വസ്‌തു​വ​ക​ക​ളും ദാസീ​ദാ​സ​ന്മാ​രും ആവശ്യ​മാ​യി​രു​ന്നു. അതെ, ഒരു വലിയ കുടും​ബം​തന്നെ വേണ്ടി​യി​രു​ന്നു. യഹോവ തന്റെ ദാസന്മാ​രെ എല്ലായ്‌പോ​ഴും സമ്പന്നരാ​ക്കു​ന്നില്ല. എന്നാൽ, തന്റെ ഉദ്ദേശ്യം നിവർത്തി​ക്കാൻ അവർക്കു വേണ്ടത്‌ എന്താണോ അതെല്ലാം അവൻ നൽകു​ക​തന്നെ ചെയ്യും. അങ്ങനെ സുസജ്ജ​നാ​യി അബ്രാ​ഹാം സകല പരിവാ​ര​ങ്ങ​ളോ​ടും​കൂ​ടെ താൻ ഒരിക്ക​ലും കണ്ടിട്ടി​ല്ലാത്ത, താൻ അറിയാത്ത, ദേശ​ത്തേ​ക്കുള്ള യാത്ര തുടർന്നു.

ഊർ നഗരത്തി​ലെ സുഖസൗ​ക​ര്യ​ങ്ങൾ പിന്നി​ലു​പേ​ക്ഷിച്ച അബ്രാ​ഹാ​മി​നെ​യും സാറാ​യെ​യും പല പ്രതി​ബ​ന്ധ​ങ്ങ​ളും കാത്തി​രി​പ്പു​ണ്ടാ​യി​രു​ന്നു

18. (എ) തന്റെ ജനവു​മാ​യുള്ള ദൈവ​ത്തി​ന്റെ ഇടപെ​ട​ലു​ക​ളു​ടെ ചരി​ത്ര​ത്തി​ലെ ഒരു നിർണാ​യ​ക​വ​ഴി​ത്തി​രി​വിൽ അബ്രാ​ഹാം എത്തിയത്‌ എപ്പോൾ? (ബി) പിൽക്കാ​ലത്ത്‌, നീസാൻ 14-ൽ മറ്റ്‌ എന്തെല്ലാം സുപ്ര​ധാ​ന​സം​ഭ​വങ്ങൾ അരങ്ങേറി? (“ ബൈബിൾച​രി​ത്ര​ത്തി​ലെ ഒരു സുപ്ര​ധാന തീയതി” എന്ന ചതുരം കാണുക.)

18 ഹാരാ​നിൽനിന്ന്‌ കുറെ​യേറെ വഴിദൂ​ര​മുണ്ട്‌ കർക്കെ​മീ​ശി​ലേക്ക്‌. ഇവി​ടെ​വെ​ച്ചാണ്‌ സാധാ​ര​ണ​യാ​യി യാത്രാ​സം​ഘങ്ങൾ യൂഫ്ര​ട്ടീസ്‌ കുറുകെ കടക്കാറ്‌. അബ്രാ​ഹാം ദൈവ​ജ​ന​ത്തി​ന്റെ ചരി​ത്ര​ത്തി​ലെ ഒരു നിർണാ​യ​ക​വ​ഴി​ത്തി​രി​വി​ലെ​ത്തി​യ​തും സാധ്യ​ത​യ​നു​സ​രിച്ച്‌ ഇവി​ടെ​വെ​ച്ചാണ്‌. ബി.സി. 1943-ലായി​രു​ന്നു അത്‌. അബ്രാ​ഹാം കുടും​ബ​ത്തെ​യും കൂടെ​യു​ള്ള​വ​രെ​യും കൊണ്ട്‌ യൂഫ്ര​ട്ടീസ്‌ കുറുകെ കടന്നു. നീസാൻ (ഈ മാസം പിന്നീ​ടാണ്‌ നീസാൻ എന്ന്‌ അറിയ​പ്പെ​ട്ടത്‌) മാസം 14-ാം തീയതി​യാ​യി​രി​ക്കണം അബ്രാ​ഹാം യൂഫ്ര​ട്ടീസ്‌ കടന്നത്‌. (പുറ. 12:40-43) അന്നേദി​വസം അബ്രാ​ഹാ​മു​മാ​യുള്ള ദൈവ​ത്തി​ന്റെ ഉടമ്പടി നിലവിൽവന്നു. അബ്രാ​ഹാ​മി​നു കാണി​ച്ചു​കൊ​ടു​ക്കാ​മെന്ന്‌ ദൈവം വാഗ്‌ദാ​നം ചെയ്‌ത ദേശം തെക്കു​ഭാ​ഗ​ത്താ​യി നീണ്ടു​പ​രന്ന്‌ കിടന്നി​രു​ന്നു.

19. അബ്രാ​ഹാ​മി​നോ​ടുള്ള യഹോ​വ​യു​ടെ വാഗ്‌ദാ​ന​ത്തിൽ എന്തി​നെ​ക്കു​റി​ച്ചുള്ള പരാമർശ​വും ഉൾപ്പെ​ട്ടി​രു​ന്നു, അത്‌ അബ്രാ​ഹാ​മി​നെ എന്ത്‌ ഓർമി​പ്പി​ച്ചി​ട്ടു​ണ്ടാ​കണം?

19 അബ്രാ​ഹാം തെക്കു​ഭാ​ഗ​ത്തേക്കു നീങ്ങി. ആ സഞ്ചാര​സം​ഘം ശേഖേ​മിന്‌ അടുത്ത്‌ മോ​രേ​യി​ലെ വൃക്ഷക്കൂ​ട്ട​ങ്ങൾക്ക്‌ അരികെ എത്തിയ​പ്പോൾ യാത്ര നിറുത്തി. അവി​ടെ​വെച്ച്‌ അബ്രാ​ഹാ​മി​നോട്‌ യഹോവ വീണ്ടും സംസാ​രി​ച്ചു. ഇപ്രാ​വ​ശ്യം സംസാ​രി​ച്ച​പ്പോൾ, ദൈവം അബ്രാ​ഹാ​മി​ന്റെ സന്തതി​യെ​ക്കു​റിച്ച്‌ പറഞ്ഞു, ആ സന്തതി ദേശം കൈവ​ശ​മാ​ക്കു​മെ​ന്നും പറഞ്ഞു. അപ്പോൾ, ഏദെനിൽ യഹോവ നടത്തിയ പ്രവചനം അബ്രാ​ഹാ​മി​ന്റെ മനസ്സി​ലേക്ക്‌ കടന്നു​വ​ന്നി​ട്ടു​ണ്ടാ​കു​മോ? മനുഷ്യ​വർഗ​ത്തി​നു വിടുതൽ നൽകാ​നുള്ള ഒരു “സന്തതി”യെക്കു​റിച്ച്‌ ദൈവം അന്നു പ്രവചി​ച്ചി​രു​ന്നു. (ഉല്‌പ. 3:15; 12:7) ഒരുപക്ഷേ, അവൻ അതെക്കു​റി​ച്ചു ചിന്തി​ച്ചി​രി​ക്കാം. അബ്രാ​ഹാ​മിന്‌ ഇപ്പോൾ ചില​തൊ​ക്കെ മനസ്സി​ലാ​യി​ത്തു​ട​ങ്ങി​യി​ട്ടു​ണ്ടാ​കണം. യഹോ​വ​യു​ടെ അതിമ​ഹ​ത്തായ ഉദ്ദേശ്യ​ത്തിൽ താനും പങ്കാളി​യാ​കു​ന്ന​തി​ന്റെ ചില നിഴൽച്ചി​ത്രങ്ങൾ ആ മനസ്സിൽ സാവധാ​നം രൂപം​കൊ​ള്ളു​ക​യാ​യി​രു​ന്നി​രി​ക്കാം!

20. യഹോവ തനിക്ക്‌ നൽകിയ അനു​ഗ്ര​ഹ​ത്തെ​യും പദവി​യെ​യും അബ്രാ​ഹാം വിലമ​തി​ച്ചത്‌ എങ്ങനെ?

20 യഹോവ തനിക്കു നൽകിയ പദവിയെ അബ്രാ​ഹാം ഹൃദയ​ത്തോ​ടു ചേർത്തു​വെച്ചു. അബ്രാ​ഹാം ദേശത്തു​കൂ​ടി സഞ്ചരി​ച്ച​പ്പോൾ ഇടയ്‌ക്കി​ടെ യാത്ര നിറുത്തി യഹോ​വയ്‌ക്ക്‌ യാഗപീ​ഠങ്ങൾ പണിത്‌ അവനെ ആരാധി​ച്ചു. ആദ്യം മോ​രേ​യി​ലെ വൻ വൃക്ഷങ്ങൾക്ക്‌ അരികെ, പിന്നെ ബേഥേ​ലിന്‌ അടുത്ത്‌. കനാന്യർ അപ്പോ​ഴും ആ ദേശത്ത്‌ പാർത്തി​രു​ന്ന​തി​നാൽ സൂക്ഷ്‌മ​ത​യോ​ടെ​യാണ്‌ അവൻ സഞ്ചരി​ച്ചത്‌. അവൻ യഹോ​വ​യു​ടെ നാമത്തിൽ ആരാധന കഴിച്ചു. തന്റെ സന്തതി​യു​ടെ ഭാവി​യെ​ക്കു​റി​ച്ചു ചിന്തി​ച്ച​പ്പോൾ അവന്റെ ഹൃദയ​ത്തിൽ നന്ദി നിറഞ്ഞി​ട്ടു​ണ്ടാ​കാം. അത്‌ അവൻ യഹോ​വയെ അറിയി​ച്ചി​ട്ടു​മു​ണ്ടാ​കാം. മാത്രമല്ല, ചുറ്റു​മുള്ള കനാന്യ​രോട്‌ അവൻ യഹോ​വ​യെ​ക്കു​റിച്ച്‌ സംസാ​രി​ച്ചി​ട്ടു​മു​ണ്ടാ​വി​ല്ലേ? (ഉല്‌പത്തി 12:7, 8 വായി​ക്കുക.) അബ്രാ​ഹാ​മി​ന്റെ ജീവി​ത​യാ​ത്ര​യിൽ വിശ്വാ​സ​ത്തി​ന്റെ വലിയ പരി​ശോ​ധ​നകൾ വരാനി​രി​ക്കു​ന്നതേ ഉണ്ടായി​രു​ന്നു​ള്ളൂ. ഊർ നഗരത്തിൽ താൻ ഉപേക്ഷി​ച്ചു​പോന്ന വീടി​നെ​ക്കു​റി​ച്ചോ സുഖസൗ​ക​ര്യ​ങ്ങ​ളെ​ക്കു​റി​ച്ചോ പിന്നീട്‌ ഒരിക്ക​ലും അബ്രാ​ഹാം നഷ്ടബോ​ധ​ത്തോ​ടെ ചിന്തി​ച്ചില്ല. അവൻ അതിനുള്ള ജ്ഞാനം കാണിച്ചു. അവന്റെ ദൃഷ്ടി എപ്പോ​ഴും മുന്നോ​ട്ടാ​യി​രു​ന്നു. “ദൈവം​തന്നെ ശിൽപ്പി​യും നിർമാ​താ​വും ആയിരി​ക്കുന്ന, യഥാർഥ അടിസ്ഥാ​ന​ങ്ങ​ളുള്ള നഗരത്തി​നാ​യി അവൻ കാത്തി​രി​ക്കു​ക​യാ​യി​രു​ന്നു” എന്ന്‌ അവനെ​ക്കു​റിച്ച്‌ എബ്രായർ 11:10-ൽ പറയുന്നു.

21. (എ) ദൈവ​രാ​ജ്യ​ത്തെ​ക്കു​റിച്ച്‌ അബ്രാ​ഹാ​മി​നു​ണ്ടാ​യി​രുന്ന അറിവും ഇന്ന്‌ നമുക്കുള്ള അറിവും താരത​മ്യം ചെയ്യുക. (ബി) അബ്രാ​ഹാ​മി​നെ​ക്കു​റി​ച്ചുള്ള പഠനം നിങ്ങൾക്ക്‌ എന്തു പ്രചോ​ദനം നൽകി?

21 സത്യാ​രാ​ധ​ക​രായ നമുക്ക്‌ ഇന്ന്‌ ആ ആലങ്കാ​രി​ക​ന​ഗ​ര​ത്തെ​ക്കു​റിച്ച്‌, അതായത്‌ ദൈവ​രാ​ജ്യ​ത്തെ​ക്കു​റിച്ച്‌, അബ്രാ​ഹാ​മിന്‌ അറിയാ​മാ​യി​രു​ന്ന​തി​നെ​ക്കാൾ കാര്യങ്ങൾ അറിയാം. നമുക്ക്‌ എന്തെല്ലാം അറിയാം? ആ രാജ്യം ഇപ്പോൾ സ്വർഗ​ത്തിൽ ഭരണം നടത്തു​ക​യാ​ണെ​ന്നും താമസി​യാ​തെ ഈ ദുഷ്ട​ലോ​ക​ത്തിന്‌ അന്ത്യം വരുത്തു​മെ​ന്നും നമുക്ക്‌ അറിയാം. ദീർഘ​കാ​ലം മുമ്പ്‌ ദൈവം വാഗ്‌ദാ​നം ചെയ്‌ത അബ്രാ​ഹാ​മി​ന്റെ സന്തതി, അതായത്‌ യേശു​ക്രിസ്‌തു, ഇന്ന്‌ ആ രാജ്യം ഭരിക്കു​ക​യാ​ണെ​ന്നു​കൂ​ടി നമുക്ക്‌ അറിയാം. അബ്രാ​ഹാ​മി​നെ ദൈവം ഉയിർപ്പി​ക്കും, അവൻ വീണ്ടും ഈ ഭൂമി​യിൽ ജീവി​ക്കും. അതു കാണാ​നുള്ള അവസരം നമുക്കുണ്ട്‌. സഹസ്രാ​ബ്ദ​ങ്ങൾക്കു മുമ്പ്‌, യഹോ​വ​യു​ടെ ഉദ്ദേശ്യ​ങ്ങൾ മങ്ങിയ രേഖാ​ചി​ത്ര​ങ്ങൾപോ​ലെയേ അബ്രാ​ഹാ​മിന്‌ കാണാ​നാ​യു​ള്ളൂ. എന്നാൽ അതിന്റെ തെളി​മ​യാർന്ന ഒരു പൂർണ​ചി​ത്രം അന്ന്‌ അവനു ലഭിക്കും! യഹോവ തന്റെ വാഗ്‌ദാ​ന​ങ്ങ​ളെ​ല്ലാം നിറ​വേ​റ്റു​ന്നതു കാണാൻ നിങ്ങൾക്ക്‌ ആഗ്രഹ​മു​ണ്ടോ? എങ്കിൽ, ഇനിയ​ങ്ങോ​ട്ടും അബ്രാ​ഹാം ചെയ്‌ത​തു​പോ​ലെ ചെയ്യുക. സ്വയം ത്യജി​ക്കാ​നും അനുസ​രി​ക്കാ​നും മനസ്സു​കാ​ണി​ക്കുക. യഹോവ നൽകുന്ന പദവി​ക​ളോ​ടും അനു​ഗ്ര​ഹ​ങ്ങ​ളോ​ടും ഉള്ളുനി​റഞ്ഞ നന്ദി കാണി​ക്കുക. അങ്ങനെ നിങ്ങൾ അബ്രാ​ഹാ​മി​ന്റെ വിശ്വാ​സം പകർത്തു​മ്പോൾ, ‘വിശ്വ​സി​ക്കുന്ന എല്ലാവർക്കും പിതാ​വായ’ അബ്രാ​ഹാം നിങ്ങൾക്കും പിതാ​വാ​യി​ത്തീ​രും!

a ഈ സമയത്ത്‌ അബ്രാ​ഹാ​മി​ന്റെ പേര്‌ അബ്രാം എന്നായി​രു​ന്നു. എന്നാൽ വർഷങ്ങൾക്കു ശേഷം ദൈവം അത്‌ അബ്രാ​ഹാം എന്നു മാറ്റി. ‘ബഹുജാ​തി​കൾക്കു പിതാവ്‌’ എന്നാണ്‌ അബ്രാ​ഹാം എന്ന പേരിന്റെ അർഥം.—ഉല്‌പ. 17:5.

b അതുപോലെ, അബ്രാ​ഹാം തേരഹി​ന്റെ മൂത്തപു​ത്രൻ ആയിരു​ന്നി​ല്ലെ​ങ്കി​ലും അബ്രാ​ഹാ​മി​ന്റെ പേര്‌ പലപ്പോ​ഴും ആദ്യം പറഞ്ഞു​കാ​ണു​ന്നു.

c ഈ സമയത്ത്‌ സാറാ​യു​ടെ പേര്‌ സാറായി എന്നായി​രു​ന്നു. എന്നാൽ വർഷങ്ങൾക്കു ശേഷം ദൈവം അത്‌ സാറാ എന്നു മാറ്റി. “രാജകു​മാ​രി” എന്നാണ്‌ സാറാ എന്ന പേരിന്റെ അർഥം.—ഉല്‌പ. 17:15.

d അബ്രാഹാമിന്റെ കാലത്ത്‌ ഒട്ടകങ്ങൾ വീട്ടു​മൃ​ഗ​ങ്ങ​ളാ​യി​രു​ന്നോ എന്ന്‌ ചില പണ്ഡിത​ന്മാർ സംശയി​ക്കു​ന്നുണ്ട്‌. പക്ഷേ, അത്തരം തടസ്സവാ​ദങ്ങൾ വളരെ ദുർബ​ല​മാണ്‌. അബ്രാ​ഹാ​മി​ന്റെ സ്വത്തു​വ​ക​ക​ളിൽ ഒട്ടകങ്ങ​ളെ​പ്പറ്റി പലതവണ പറയു​ന്നുണ്ട്‌.—ഉല്‌പ. 12:16; 24:35.