വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

അധ്യായം പതിനാറ്‌

അവൾ വിവേ​ക​മ​തി​യാ​യി, നിസ്വാർഥ​യാ​യി, ധൈര്യ​ത്തോ​ടെ പ്രവർത്തി​ച്ചു

അവൾ വിവേ​ക​മ​തി​യാ​യി, നിസ്വാർഥ​യാ​യി, ധൈര്യ​ത്തോ​ടെ പ്രവർത്തി​ച്ചു

1-3. (എ) ഭർത്താ​വി​ന്റെ സിംഹാ​സ​ന​ത്തി​ന്റെ അടു​ത്തേക്കു പോയ എസ്ഥേരി​ന്റെ അവസ്ഥ വിവരി​ക്കുക. (ബി) എസ്ഥേരി​ന്റെ വരവിനെ രാജാവ്‌ എങ്ങനെ കണ്ടു?

 എസ്ഥേർ സാവകാ​ശം സിംഹാ​സ​ന​ത്തിന്‌ അടു​ത്തേക്ക്‌ നടന്നു. അവളുടെ ഹൃദയ​മി​ടിപ്പ്‌ കൂടി​ക്കൂ​ടി​വന്നു. പേർഷ്യൻ സാമ്രാ​ജ്യ​ത്തി​ന്റെ രാജധാ​നി​യായ ശൂശനി​ലെ ആ രാജസ​ദസ്സ്‌ പൊടു​ന്നനെ നിശബ്ദ​മാ​യി! ആ കനത്ത നിശബ്ദ​ത​യിൽ അവളുടെ മൃദു​വായ കാൽവെ​പ്പു​ക​ളു​ടെ പതിഞ്ഞ ശബ്ദവും ഉടയാ​ടകൾ ഉലയു​ന്ന​തി​ന്റെ നേർത്ത മർമര​വും മാത്രമേ കേൾക്കാ​നു​ള്ളൂ. പ്രൗഢ​മായ രാജസ​ദസ്സ്‌! നിരനി​ര​യാ​യുള്ള പടുകൂ​റ്റൻ സ്‌തം​ഭങ്ങൾ! അങ്ങ്‌ ദൂരെ ലബാ​നോ​നിൽനി​ന്നു കൊണ്ടു​വന്ന ദേവദാ​രു​പ്പ​ല​കകൾ കടഞ്ഞെ​ടുത്ത മനോ​ഹ​ര​മായ മച്ചകങ്ങൾ! അവയിലെ എണ്ണിയാ​ലൊ​ടു​ങ്ങാത്ത ചിത്ര​പ്പ​ണി​കൾ! പക്ഷേ, അവയൊ​ന്നും അവൾ കാണു​ന്നു​ണ്ടാ​യി​രു​ന്നില്ല. അവളുടെ കണ്ണുകൾ സിംഹാ​സ​ന​ത്തി​ലി​രി​ക്കുന്ന ആ മനുഷ്യ​നി​ലാ​യി​രു​ന്നു. ആ കൈക​ളി​ലാണ്‌ ഇപ്പോൾ അവളുടെ ജീവൻ!

2 മെല്ലെ നടന്നടു​ക്കുന്ന എസ്ഥേരി​നെ, തന്റെ പൊൻചെ​ങ്കോൽ നീട്ടി​പ്പി​ടിച്ച്‌, കണ്ണിമയ്‌ക്കാ​തെ നോക്കു​ക​യാണ്‌ രാജാവ്‌. ചെങ്കോൽ നീട്ടു​ക​യെ​ന്നത്‌ കാഴ്‌ചയ്‌ക്ക്‌ നിസ്സാ​ര​മാ​യി തോന്നാം. എന്നാൽ ഇവിടെ അതിന്‌ എസ്ഥേരി​ന്റെ ജീവന്റെ വില വരും. രാജാവ്‌ അവൾക്ക്‌ ജീവൻ തിരികെ കൊടു​ത്തി​രി​ക്കു​ന്നു! ക്ഷണിക്ക​പ്പെ​ടാ​തെ രാജസ​ന്നി​ധി​യിൽ കടന്നുവന്ന കുറ്റത്തിൽനിന്ന്‌ രാജാവ്‌ അവളെ ഒഴിവാ​ക്കി​യെന്ന്‌ കാണി​ക്കു​ന്ന​താ​യി​രു​ന്നു ആ പ്രവൃത്തി. സിംഹാ​സ​ന​ത്തിന്‌ അടു​ത്തെ​ത്തിയ അവൾ നിറഞ്ഞ ഹൃദയ​ത്തോ​ടെ, ആദര​വോ​ടെ ചെങ്കോ​ലി​ന്റെ അറ്റത്ത്‌ തൊട്ടു.—എസ്ഥേ. 5:1, 2.

രാജാവ്‌ കാണിച്ച കാരു​ണ്യം എസ്ഥേർ നന്ദി​യോ​ടെ സ്വീക​രി​ച്ചു

3 അഹശ്വേ​രോ​ശി​ന്റെ അരമന​യി​ലുള്ള സകലതും, അദ്ദേഹ​ത്തി​ന്റെ അളവറ്റ സമ്പത്തും അധികാ​ര​വും വിളി​ച്ചോ​തു​ന്ന​താ​യി​രു​ന്നു. അക്കാലത്തെ പേർഷ്യൻ ചക്രവർത്തി​മാ​രു​ടെ രാജവസ്‌ത്ര​ത്തിന്‌ ഇന്നത്തെ മതിപ്പ​നു​സ​രിച്ച്‌ കോടി​ക്ക​ണ​ക്കിന്‌ രൂപ വില വരും. ഉഗ്ര​പ്ര​താ​പി​യായ സർവാ​ധി​കാ​രി! എന്നിട്ടും ആ കണ്ണുക​ളിൽ തന്നോ​ടുള്ള സ്‌നേ​ഹ​ത്തി​ന്റെ മിന്നലാ​ട്ടം അവൾ കണ്ടു. ഭർത്താ​വിന്‌ തന്നോ​ടുള്ള ഇഷ്ടം അവൾ വായി​ച്ചെ​ടു​ത്തു. അദ്ദേഹം ആരാഞ്ഞു: “എസ്ഥേർരാ​ജ്ഞി​യേ, എന്തു വേണം? എന്താകു​ന്നു നിന്റെ അപേക്ഷ? രാജ്യ​ത്തിൽ പാതി​യോ​ള​മാ​യാ​ലും നിനക്കു തരാം.”—എസ്ഥേ. 5:3.

4. എസ്ഥേരി​ന്റെ മുന്നി​ലുള്ള പ്രതി​ബ​ന്ധങ്ങൾ എന്തെല്ലാ​മാ​യി​രു​ന്നു?

4 എസ്ഥേർ ഇതി​നോ​ട​കം​തന്നെ വലിയ വിശ്വാ​സ​വും ധൈര്യ​വും കാണി​ച്ചു​ക​ഴി​ഞ്ഞി​രി​ക്കു​ന്നു! തന്റെ ജനത്തെ നിശ്ശേഷം മുടി​ച്ചു​ക​ള​യാ​നുള്ള ഒരു ഗൂഢത​ന്ത്ര​ത്തിൽനിന്ന്‌ അവരെ രക്ഷിക്കാ​നാ​യി രാജാ​വി​ന്റെ അടു​ത്തേക്കു വന്നിരി​ക്കു​ക​യാണ്‌ അവൾ! ഇതുവരെ ചെയ്‌ത​തെ​ല്ലാം വിജയി​ച്ചു. പ്രതി​ബ​ന്ധങ്ങൾ ഇനിയും കിടക്കു​ന്നതേ ഉള്ളൂ. രാജാ​വി​ന്റെ വിശ്വസ്‌ത​നായ മന്ത്രി ഒരു ദ്രോ​ഹി​യാ​ണെ​ന്നും എസ്ഥേരിന്റ ജനത്തെ കൂട്ട​ക്കൊല ചെയ്യാൻ അയാൾ രാജാ​വി​നെ കൂട്ടു​ചേർത്തി​രി​ക്കു​ക​യാ​ണെ​ന്നും രാജാ​വി​നെ ബോധ്യ​പ്പെ​ടു​ത്തണം. പ്രതാ​പ​ശാ​ലി​യും അഭിമാ​നി​യും ആയ അദ്ദേഹത്തെ അവൾ ഇത്‌ എങ്ങനെ പറഞ്ഞു ബോധ്യ​പ്പെ​ടു​ത്തും? അവളുടെ വിശ്വാ​സ​ത്തിൽനി​ന്നു നമുക്ക്‌ എന്തു പഠിക്കാ​നാ​കും?

“സംസാ​രി​പ്പാൻ ഒരു കാലം” അവൾ വിവേ​ക​ത്തോ​ടെ കണ്ടെത്തി

5, 6. (എ) സഭാ​പ്ര​സം​ഗി 3:1, 7-ലെ തത്ത്വം എസ്ഥേർ ബാധക​മാ​ക്കി​യത്‌ എങ്ങനെ? (ബി) ഭർത്താ​വി​നോട്‌ സംസാ​രി​ച്ച​പ്പോൾ അവൾ വിവേകം കാണി​ച്ചത്‌ എങ്ങനെ?

5 രാജസ​ദ​സ്സിൽ എല്ലാവ​രു​ടെ​യും മുമ്പാകെ എസ്ഥേർ കഥ മുഴുവൻ അവതരി​പ്പി​ച്ചി​രു​ന്നെ​ങ്കി​ലോ? അത്‌ രാജാ​വിന്‌ അപമാ​ന​മാ​കു​മാ​യി​രു​ന്നു. മാത്രമല്ല, അദ്ദേഹ​ത്തി​ന്റെ മന്ത്രി​പ്ര​മു​ഖ​നായ ഹാമാന്‌ അവളുടെ ആരോ​പണം ഖണ്ഡിക്കാ​നുള്ള അവസരം നൽകു​ക​യും ചെയ്യു​മാ​യി​രു​ന്നു. അതു​കൊണ്ട്‌ എസ്ഥേർ എന്താണ്‌ ചെയ്‌തത്‌? നൂറ്റാ​ണ്ടു​കൾക്കു മുമ്പ്‌ ജ്ഞാനി​യായ ശലോ​മോൻ നിശ്വസ്‌ത​നാ​യി ഇങ്ങനെ എഴുതി: “എല്ലാറ്റി​ന്നും ഒരു സമയമു​ണ്ടു; . . . മിണ്ടാ​തി​രി​പ്പാൻ ഒരു കാലം, സംസാ​രി​പ്പാൻ ഒരു കാലം.” (സഭാ. 3:1, 7) എസ്ഥേരി​ന്റെ വളർത്ത​ച്ഛ​നായ മൊർദെ​ഖാ​യി വിശ്വസ്‌ത​നായ ഒരു മനുഷ്യ​നാ​യി​രു​ന്നെന്ന്‌ നമ്മൾ കണ്ടല്ലോ. എസ്ഥേർ ബാലി​ക​യാ​യി​രു​ന്ന​പ്പോൾത്തന്നെ, ഇത്തരം തത്ത്വങ്ങൾ അവൻ അവളെ പഠിപ്പി​ച്ചി​ട്ടു​ണ്ടാ​കു​മെന്ന്‌ ഉറപ്പാണ്‌. ‘സംസാ​രി​ക്കാ​നുള്ള കാലം’ ശ്രദ്ധ​യോ​ടെ തിര​ഞ്ഞെ​ടു​ക്കേ​ണ്ടത്‌ എത്ര പ്രധാ​ന​മാ​ണെന്ന്‌ അങ്ങനെ എസ്ഥേർ നന്നായി മനസ്സി​ലാ​ക്കി​യി​രു​ന്നു.

6 എസ്ഥേർ പറഞ്ഞു: “രാജാ​വി​ന്നു തിരു​വു​ള്ളം ഉണ്ടായി​ട്ടു ഞാൻ ഒരുക്കി​യി​രി​ക്കുന്ന വിരു​ന്നി​ന്നു രാജാ​വും ഹാമാ​നും ഇന്നു വരേണം.” (എസ്ഥേ. 5:4) രാജാ​വിന്‌ സമ്മതമാ​യി. അദ്ദേഹം ഉടനെ ഹാമാനെ വിളി​ക്കാൻ ആളയയ്‌ക്കു​ക​യും ചെയ്‌തു. എസ്ഥേർ എത്ര വിവേ​ക​ത്തോ​ടെ​യാണ്‌ സംസാ​രി​ച്ച​തെന്ന്‌ നിങ്ങൾ കണ്ടോ? തന്റെ ഭർത്താ​വി​ന്റെ അന്തസ്സ്‌ അവൾ മാനിച്ചു. തന്റെ ആശങ്കകൾ വെളി​പ്പെ​ടു​ത്താൻ തികച്ചും അനു​യോ​ജ്യ​മായ ഒരു പശ്ചാത്ത​ല​മൊ​രു​ക്കു​ക​യും ചെയ്‌തു.സദൃശ​വാ​ക്യ​ങ്ങൾ 10:19 വായി​ക്കുക.

7, 8. എസ്ഥേർ ഒരുക്കിയ ആദ്യത്തെ വിരുന്ന്‌ എങ്ങനെ​യു​ള്ള​താ​യി​രു​ന്നു, എന്നിട്ടും അവൾ രാജാ​വി​നോട്‌ തന്റെ ആവശ്യം ഉണർത്തി​ക്കാ​തി​രു​ന്നത്‌ എന്തു​കൊണ്ട്‌?

7 രാജാ​വി​നു​വേ​ണ്ടി​യുള്ള വിരു​ന്നൊ​രു​ക്കങ്ങൾ തകൃതി​യാ​യി നടക്കു​ക​യാണ്‌. ഓരോ​യി​ട​ത്തും എസ്ഥേരി​ന്റെ കണ്ണെത്തു​ന്നുണ്ട്‌. അവളുടെ ഭർത്താ​വി​ന്റെ ഇഷ്ടങ്ങൾ അറിഞ്ഞു​ത​ന്നെ​യാണ്‌ ഓരോ വിഭവ​ങ്ങ​ളും വെപ്പു​പു​ര​യിൽ ഒരുങ്ങു​ന്നത്‌. അതിഥി​ക​ളു​ടെ ഹൃദയത്തെ സന്തോ​ഷി​പ്പി​ക്കാ​നാ​യി വിരു​ന്നു​വി​ഭ​വ​ങ്ങ​ളിൽ മേത്തരം വീഞ്ഞും കരുതി​യി​ട്ടുണ്ട്‌. (സങ്കീ. 104:15) വിരു​ന്നി​നെ​ത്തിയ അഹശ്വേ​രോശ്‌ രാജാവ്‌ എല്ലാം മറന്ന്‌ സന്തോ​ഷി​ച്ചു. എസ്ഥേരി​ന്റെ അപേക്ഷ എന്താ​ണെന്ന്‌ അദ്ദേഹം വീണ്ടും താത്‌പ​ര്യ​ത്തോ​ടെ ആരാഞ്ഞു. ഇപ്പോൾ എല്ലാം പറയാൻ സമയമാ​യോ?

8 ‘ഇല്ല’ എന്നാണ്‌ എസ്ഥേരിന്‌ തോന്നി​യത്‌. അവൾ രാജാ​വി​നെ​യും ഹാമാ​നെ​യും അടുത്ത​ദി​വസം താൻ നടത്താ​നു​ദ്ദേ​ശി​ക്കുന്ന മറ്റൊരു വിരു​ന്നി​നാ​യി ക്ഷണിച്ചു. (എസ്ഥേ. 5:7, 8) തന്റെ അപേക്ഷ ഉണർത്തി​ക്കാൻ അവൾ താമസി​ക്കു​ന്നത്‌ എന്താണ്‌? അവളുടെ ജനം ഒന്നടങ്കം മരണഭീ​ഷ​ണി​യി​ലാ​ണെന്ന്‌ ഓർക്കണം. രാജാ​വാണ്‌ ആ മരണവി​ധി പുറ​പ്പെ​ടു​വി​ച്ചി​രി​ക്കു​ന്നത്‌. വളരെ നിർണാ​യ​ക​സ​മ​യ​മാ​ണിത്‌. ശ്രദ്ധി​ച്ചി​ല്ലെ​ങ്കിൽ അപകട​ത്തി​ലാ​കു​ന്നത്‌ ഒന്നും രണ്ടും പേരല്ല, ഒരു ജനത മുഴു​വ​നു​മാണ്‌. ഭർത്താ​വി​നെ താൻ അങ്ങേയറ്റം ആദരി​ക്കു​ക​യും മാനി​ക്കു​ക​യും ചെയ്യു​ന്നെന്നു കാണി​ക്കാൻ ഒരവസ​രം​കൂ​ടി ഒരുക്കി അവൾ കാത്തി​രു​ന്നു.

9. ക്ഷമയോ​ടെ​യുള്ള കാത്തി​രി​പ്പിന്‌ വിലയു​ണ്ടെന്ന്‌ പറയു​ന്നത്‌ എന്തു​കൊ​ണ്ടാണ്‌, ഇക്കാര്യ​ത്തിൽ എസ്ഥേരി​ന്റെ മാതൃക നമുക്ക്‌ എങ്ങനെ അനുക​രി​ക്കാം?

9 ക്ഷമയോ​ടെ​യുള്ള കാത്തി​രി​പ്പിന്‌ എത്ര വിലയു​ണ്ടെ​ന്നോ! ഇല്ലാതാ​യി​ക്കൊ​ണ്ടി​രി​ക്കുന്ന ഒരു സദ്‌ഗു​ണ​മാണ്‌ ഇത്‌. വരാൻ പോകുന്ന കാര്യ​ങ്ങ​ളോർത്ത്‌ വേവലാ​തി​പ്പെ​ട്ടി​രി​ക്കു​ക​യാ​യി​രു​ന്നു എസ്ഥേർ. എങ്ങനെ​യെ​ങ്കി​ലും ഉള്ളിലു​ള്ളതു മുഴുവൻ തുറന്ന്‌ പറയാൻ വെമ്പു​ക​യാ​യി​രു​ന്നു അവളുടെ ഹൃദയം. എന്നിട്ടും അവൾ തക്ക സമയം വരുന്ന​തു​വരെ കാത്തി​രു​ന്നു. അവളുടെ മാതൃ​ക​യിൽനിന്ന്‌ നമുക്ക്‌ പലതും പഠിക്കാ​നുണ്ട്‌. ശരിയ​ല്ലെ​ന്നും തിരു​ത്ത​പ്പെ​ടേ​ണ്ട​താ​ണെ​ന്നും നമുക്കു ബോധ്യ​മുള്ള പലതും പലയി​ട​ത്തും നമ്മൾ കാണാ​റുണ്ട്‌. അധികാ​ര​സ്ഥാ​ന​ത്തുള്ള ആരെ​യെ​ങ്കി​ലും അത്തര​മൊ​രു കാര്യം ബോധ്യ​പ്പെ​ടു​ത്താൻ ശ്രമി​ക്കു​മ്പോൾ എസ്ഥേരി​നെ അനുക​രി​ച്ചു​കൊണ്ട്‌ നമുക്ക്‌ ക്ഷമയോ​ടെ കാത്തി​രി​ക്കാം. സദൃശ​വാ​ക്യ​ങ്ങൾ 25:15 പറയുന്നു: “ദീർഘ​ക്ഷാ​ന്തി​കൊ​ണ്ടു ന്യായാ​ധി​പന്നു സമ്മതം വരുന്നു; മൃദു​വാ​യുള്ള നാവു അസ്ഥിയെ നുറു​ക്കു​ന്നു.” എസ്ഥേർ ചെയ്‌ത​തു​പോ​ലെ, കാര്യങ്ങൾ പറയാ​നുള്ള ശരിയായ സമയം വരുന്ന​തു​വരെ ക്ഷമയോ​ടെ കാത്തി​രി​ക്കു​ക​യും സൗമ്യ​ത​യോ​ടെ സംസാ​രി​ക്കു​ക​യും ആണെങ്കിൽ അസ്ഥി​പോ​ലെ കാഠി​ന്യ​മുള്ള എതിർപ്പി​നെ​യും ‘നുറു​ക്കി​ക്ക​ള​യാൻ’ നമുക്ക്‌ കഴിയും. എസ്ഥേരി​ന്റെ ദൈവ​മായ യഹോവ അവളുടെ ക്ഷമയെ​യും വിവേ​ക​ത്തെ​യും അനു​ഗ്ര​ഹി​ച്ചോ?

ക്ഷമാശീ​ലം നീതിക്ക്‌ വഴി​യൊ​രു​ക്കും

10, 11. ആദ്യത്തെ ദിവസത്തെ വിരുന്നു കഴിഞ്ഞ്‌ മടങ്ങു​മ്പോൾ ഹാമാന്റെ സന്തോഷം പെട്ടെന്ന്‌ മങ്ങി​പ്പോ​യത്‌ എന്തു​കൊണ്ട്‌, അവന്റെ ഭാര്യ​യും സുഹൃ​ത്തു​ക്ക​ളും അവന്‌ എന്തു പദ്ധതി​യാണ്‌ നിർദേ​ശി​ച്ചു കൊടു​ത്തത്‌?

10 എസ്ഥേരി​ന്റെ കാത്തി​രി​പ്പു​കൊണ്ട്‌ ഫലമു​ണ്ടാ​യോ? ശ്രദ്ധേ​യ​മായ സംഭവ​ങ്ങ​ളു​ടെ ഒരു പരമ്പര​ത​ന്നെ​യാണ്‌ തുടർന്നു​ണ്ടാ​യത്‌. ആദ്യദി​വ​സത്തെ വിരുന്നു കഴിഞ്ഞ്‌ ഹാമാൻ മടങ്ങി​യത്‌ അത്യാ​ഹ്ലാ​ദ​ത്തോ​ടെ​യാണ്‌. രാജാ​വും രാജ്ഞി​യും തന്നിൽ സംപ്രീ​ത​രാ​യി എന്നു കണ്ട്‌ അവൻ “സന്തോ​ഷ​വും ആനന്ദവു​മു​ള്ള​വ​നാ​യി.” അങ്ങനെ പോകു​മ്പോൾ, കൊട്ടാ​ര​വാ​തിൽക്കൽ ഇരിക്കുന്ന മൊർദെ​ഖാ​യി​യു​ടെ​മേൽ അവന്റെ കണ്ണുപ​തി​ഞ്ഞു. ആ യഹൂദൻ തന്നെ കുമ്പി​ടാൻ ഇനിയും കൂട്ടാ​ക്കു​ന്നില്ല! പക്ഷേ, മൊർദെ​ഖാ​യി ഇവിടെ ഹാമാ​നോട്‌ അനാദ​രവ്‌ കാണി​ക്കു​കയല്ല ചെയ്‌തത്‌. അതെക്കു​റിച്ച്‌ നമ്മൾ കഴിഞ്ഞ അധ്യാ​യ​ത്തിൽ കണ്ടതാണ്‌. ശുദ്ധമായ ഒരു മനഃസാ​ക്ഷി​യും യഹോ​വ​യു​മാ​യുള്ള ബന്ധവും കാത്തു​സൂ​ക്ഷി​ക്കാൻവേ​ണ്ടി​യാണ്‌ മൊർദെ​ഖാ​യി അങ്ങനെ ചെയ്യാ​ത്തത്‌. പക്ഷേ, ‘ഹാമാന്‌ മൊർദ്ദെ​ഖാ​യി​യു​ടെ നേരെ കോപം നിറഞ്ഞു!’—എസ്ഥേ. 5:9.

11 ഹാമാൻ വീട്ടി​ലേ​ക്കാണ്‌ പോയത്‌. അവി​ടെ​ച്ചെന്ന്‌ ഭാര്യ​യോ​ടും കൂട്ടു​കാ​രോ​ടും തനിക്കു നേരിട്ട ഈ അപമാ​ന​ത്തെ​പ്പറ്റി പറഞ്ഞു. അവർ ഒരു പദ്ധതി നിർദേ​ശി​ച്ചു: ഒരു കൂറ്റൻ കഴുമരം ഉണ്ടാക്കുക. 50 മുഴം (ഏകദേശം 72 അടി അല്ലെങ്കിൽ 22 മീറ്റർ) പൊക്കം വേണം. എന്നിട്ട്‌, മൊർദെ​ഖാ​യി​യെ അതിൽ തൂക്കി​ക്ക​ള​യാൻ രാജാ​വി​നോട്‌ അനുവാ​ദം വാങ്ങുക! ഇതായി​രു​ന്നു പദ്ധതി. ഹാമാന്‌ അത്‌ നന്നേ ബോധി​ച്ചു, ഉടനെ അതിനുള്ള ഏർപ്പാ​ടും ചെയ്‌തു.—എസ്ഥേ. 5:12-14.

12. രാജ്യ​ത്തി​ന്റെ ഔദ്യോ​ഗിക വൃത്താ​ന്ത​പുസ്‌തകം വായി​ച്ചു​കേൾപ്പി​ക്കാൻ രാജാവ്‌ ആവശ്യ​പ്പെ​ട്ടത്‌ എന്തു​കൊണ്ട്‌, അപ്പോൾ രാജാ​വിന്‌ എന്തു മനസ്സി​ലാ​യി?

12 അതിനി​ടെ മറ്റൊരു സംഭവ​മു​ണ്ടാ​യി. അഹശ്വേ​രോശ്‌ രാജാ​വിന്‌ അന്നുരാ​ത്രി ഉറങ്ങാൻ കഴിഞ്ഞില്ല! “രാജാ​വി​ന്നു ഉറക്കം വരായ്‌ക​യാൽ” രാജ്യ​ത്തി​ന്റെ വൃത്താ​ന്ത​പുസ്‌തകം വായി​ച്ചു​കേൾപ്പി​ക്കാൻ രാജാവ്‌ ആവശ്യ​പ്പെട്ടു എന്ന്‌ ബൈബിൾ പറയുന്നു. വായി​ച്ചു​കേട്ട ഭാഗത്ത്‌, അഹശ്വേ​രോശ്‌ രാജാ​വി​നെ വധിക്കാ​നുള്ള ഒരു ഗൂഢപ​ദ്ധ​തി​യെ​ക്കു​റിച്ച്‌ രേഖ​പ്പെ​ടു​ത്തി​യി​രു​ന്നു. അദ്ദേഹ​ത്തിന്‌ സംഭവം പെട്ടെന്ന്‌ ഓർമ​വന്നു. രാജാ​വി​നെ വകവരു​ത്താൻ പദ്ധതി​യി​ട്ട​വരെ കണ്ടുപി​ടി​ക്കു​ക​യും കൊന്നു​ക​ള​യു​ക​യും ചെയ്‌തി​രു​ന്നു. ഈ ഗൂഢപ​ദ്ധ​തി​യെ​ക്കു​റിച്ച്‌ അറിവ്‌ നൽകിയ മൊർദെ​ഖാ​യി​യു​ടെ കാര്യ​മോ? പെട്ടെന്ന്‌ ഓർത്തെ​ടു​ത്ത​തു​പോ​ലെ രാജാവ്‌ ചോദി​ച്ചു: ‘ഇതിനു വേണ്ടി മൊർദ്ദെ​ഖാ​യി​ക്കു എന്തു ബഹുമാ​ന​വും പദവി​യും കൊടു​ത്തു?’ “ഒന്നും കൊടു​ത്തി​ട്ടില്ല” എന്ന്‌ ഭൃത്യ​ന്മാർ മറുപടി നൽകി.എസ്ഥേർ 6:1-3 വായി​ക്കുക.

13, 14. (എ) കാര്യങ്ങൾ ഹാമാന്‌ എതിരെ തിരി​ഞ്ഞു​തു​ട​ങ്ങി​യത്‌ എങ്ങനെ? (ബി) ഹാമാന്റെ ഭാര്യ​യും സുഹൃ​ത്തു​ക്ക​ളും അവനോട്‌ എന്തു പറഞ്ഞു?

13 രാജാ​വിന്‌ വ്യസന​മാ​യി! ഈ പിഴവി​നു പരിഹാ​രം ചെയ്യാൻ അദ്ദേഹം തീരു​മാ​നി​ച്ചു. കൊട്ടാര ഉദ്യോ​ഗ​സ്ഥ​ന്മാ​രിൽ ആരാണ്‌ അവി​ടെ​യു​ള്ള​തെന്ന്‌ രാജാവ്‌ ആരാഞ്ഞു. എല്ലാവ​രെ​ക്കാ​ളും മുമ്പേ ഹാമാൻ അവിടെ ഹാജരു​ണ്ടാ​യി​രു​ന്നു! മൊർദെ​ഖാ​യി​യെ വധിക്കാൻ രാജാ​വി​നോട്‌ അനുവാ​ദം വാങ്ങാ​നാ​യി അതികാ​ലത്തേ കൊട്ടാ​ര​ത്തി​ലേക്കു പോന്ന​താ​യി​രി​ക്കാം ഹാമാൻ. ഹാമാന്‌ രാജാ​വി​നോട്‌ എന്തെങ്കി​ലും അപേക്ഷി​ക്കാൻ കഴിയു​ന്ന​തി​നു മുമ്പേ രാജാവ്‌ അങ്ങോട്ടു ചോദി​ച്ചു: ‘രാജാവു ബഹുമാ​നി​പ്പാൻ ഇച്ഛിക്കുന്ന പുരു​ഷന്‌ എന്തെല്ലാ​മാണ്‌ ചെയ്‌തു​കൊ​ടു​ക്കേ​ണ്ടത്‌?’ തന്നെയ​ല്ലാ​തെ വേറെ ആരെയാണ്‌ രാജാവ്‌ ബഹുമാ​നി​ക്കാൻ ആഗ്രഹി​ക്കു​ന്ന​തെന്ന്‌ ധരിച്ചു​പോയ ഹാമാൻ അത്യാ​ഡം​ബ​ര​ത്തോ​ടെ​യുള്ള ഒരു എഴുന്ന​ള്ള​ത്താണ്‌ നിർദേ​ശി​ച്ചത്‌. എഴുന്ന​ള്ള​ത്തി​ന്റെ വിധവും ഹാമാൻ ബോധി​പ്പി​ച്ചു: രാജാവു ബഹുമാ​നി​ക്കാൻ ആഗ്രഹി​ക്കുന്ന പുരു​ഷനെ, രാജവസ്‌ത്രം ധരിപ്പിച്ച്‌ രാജകി​രീ​ട​വും വെച്ച്‌, രാജാവ്‌ കയറുന്ന കുതി​ര​പ്പു​റത്ത്‌ ഇരുത്തി, രാജാ​വി​ന്റെ അതി​ശ്രേഷ്‌ഠ​പ്ര​ഭു​ക്ക​ന്മാ​രിൽ ഒരാളു​ടെ അകമ്പടി​യോ​ടെ ശൂശൻ രാജവീ​ഥി​യി​ലൂ​ടെ എഴുന്ന​ള്ളി​ക്കുക! ആ മനുഷ്യ​ന്റെ നന്മക​ളെ​ല്ലാം സകലരും കേൾക്കെ വിളി​ച്ചു​പ​റ​യു​ക​യും വേണം! ഹാമാൻ പറഞ്ഞു​തീർന്ന​തും, താൻ ബഹുമാ​നി​ക്കാൻ ആഗ്രഹി​ക്കുന്ന പുരുഷൻ ആരാ​ണെന്ന്‌ രാജാവ്‌ വെളി​പ്പെ​ടു​ത്തി: മൊർദെ​ഖാ​യി! അതുകേട്ട ഹാമാന്റെ മുഖം നിങ്ങൾക്കൊന്ന്‌ സങ്കല്‌പി​ക്കാ​മോ? വിളറി​വെ​ളുത്ത്‌, ഇളിഭ്യ​നാ​യി നിൽക്കുന്ന ഹാമാൻ! തീർന്നില്ല, മൊർദെ​ഖാ​യി​യെ പാടി​പ്പു​കഴ്‌ത്താൻ രാജാവ്‌ നിയമി​ച്ച​തോ? ഹാമാ​നെ​ത്തന്നെ!—എസ്ഥേ. 6:4-10.

14 നീരസ​വും അപമാ​ന​വും നുരഞ്ഞു​പൊ​ന്തുന്ന മനസ്സോ​ടെ ഹാമാൻ രാജാവ്‌ ഏൽപ്പിച്ച ദൗത്യം ഒരുവി​ധ​ത്തിൽ മുഴു​മി​പ്പിച്ച്‌ വീട്ടി​ലേക്ക്‌ പാഞ്ഞു. നിരാ​ശി​ത​നും അപമാ​നി​ത​നും ആയി അവൻ വീട്ടിൽ വന്നുക​യറി. കാര്യങ്ങൾ ഇങ്ങനെ മാറി​മ​റി​ഞ്ഞത്‌ ദുസ്സൂ​ച​ന​യാ​ണെ​ന്നും അവന്റെ തോൽവി ആരംഭി​ച്ചു​ക​ഴി​ഞ്ഞെ​ന്നും ഭാര്യ​യും സുഹൃ​ത്തു​ക്ക​ളും അവനോ​ടു പറഞ്ഞു. ‘മൊർദെ​ഖാ​യി യഹൂദ​വം​ശ​ജ​നാ​ണോ, എങ്കിൽ, നീ അവനോ​ടു ജയിക്ക​യില്ല,’ അവർ തറപ്പി​ച്ചു​പ​റഞ്ഞു.—എസ്ഥേ. 6:12, 13.

15. (എ) എസ്ഥേർ ക്ഷമയോ​ടെ കാത്തി​രു​ന്ന​തു​കൊ​ണ്ടു​ണ്ടായ പ്രയോ​ജനം എന്ത്‌? (ബി) ‘ദൈവ​ത്തി​നാ​യി കാത്തി​രി​ക്കു​ന്ന​താണ്‌’ വിവേകം എന്നു പറയു​ന്നത്‌ എന്തു​കൊണ്ട്‌?

15 രാജാ​വി​നോട്‌ തന്റെ അപേക്ഷ ബോധി​പ്പി​ക്കാൻ എസ്ഥേർ ഒരു ദിവസം​കൂ​ടി കാത്തി​രി​ക്കു​ക​യാണ്‌. രസകര​മെന്നു പറയട്ടെ, ഹാമാ​നും കിട്ടി ഒരു ദിവസം! ‘സ്വന്തം ശവക്കുഴി തോണ്ടാ​നാ​ണെന്നു മാത്രം!’ യഹോ​വ​ത​ന്നെ​യാ​യി​രി​ക്കി​ല്ലേ രാജാ​വി​ന്റെ ഉറക്കമി​ല്ലായ്‌മ​യു​ടെ പുറകിൽ പ്രവർത്തി​ച്ച​തും? (സദൃ. 21:1) ‘ദൈവ​ത്തി​നാ​യി കാത്തി​രി​ക്കുക’ എന്ന്‌ ദൈവ​വ​ചനം പറയു​ന്നത്‌ വെറു​തെയല്ല! (മീഖാ 7:7 വായി​ക്കുക.) അങ്ങനെ ദൈവം പ്രവർത്തി​ക്കു​ന്ന​തി​നു​വേണ്ടി കാത്തി​രു​ന്നാൽ എന്താണ്‌ നേട്ടം? നമ്മുടെ പ്രശ്‌ന​ങ്ങൾക്ക്‌ നാം തന്നെ കണ്ടെത്തി​യേ​ക്കാ​വുന്ന ഏതൊരു പരിഹാ​ര​ത്തെ​യും നിഷ്‌പ്ര​ഭ​മാ​ക്കു​ന്ന​താ​യി​രി​ക്കും യഹോവ കൊണ്ടു​വ​രുന്ന പോം​വ​ഴി​കൾ!

അവൾ ധൈര്യ​ത്തോ​ടെ കാര്യം അവതരി​പ്പി​ക്കു​ന്നു

16, 17. (എ) എസ്ഥേരി​നു ‘സംസാ​രി​പ്പാ​നുള്ള സമയം’ വന്നത്‌ എപ്പോൾ? (ബി) രാജാ​വി​ന്റെ മുൻഭാ​ര്യ​യായ വസ്ഥിയിൽനിന്ന്‌ എസ്ഥേർ വ്യത്യസ്‌ത​യാ​യി​രു​ന്നത്‌ എങ്ങനെ?

16 രാജാ​വി​ന്റെ ക്ഷമയെ ഇനിയും പരീക്ഷി​ക്കാൻ എസ്ഥേരി​നു ധൈര്യ​മില്ല. രണ്ടാമത്തെ വിരു​ന്നു​വേ​ള​യാണ്‌ ഇത്‌. എല്ലാം തുറന്ന്‌ പറഞ്ഞേ മതിയാ​കൂ. പക്ഷേ എങ്ങനെ തുടങ്ങും? അധികം വിഷമി​ക്കേ​ണ്ടി​വ​ന്നില്ല, രാജാ​വു​തന്നെ അതിനു തുടക്ക​മി​ട്ടു​കൊ​ടു​ത്തു. തലേദി​വ​സ​ത്തേ​തു​പോ​ലെ അദ്ദേഹം വീണ്ടും ചോദി​ച്ചു: “നിന്റെ അപേക്ഷ എന്ത്‌?” (എസ്ഥേ. 7:2) എസ്ഥേരിന്‌, ‘സംസാ​രി​പ്പാ​നുള്ള സമയം’ വന്നു!

17 രാജസ​ന്നി​ധി​യിൽ വായ്‌ തുറക്കു​ന്ന​തി​നു മുമ്പ്‌ എസ്ഥേർ ഒരു നിമിഷം യഹോ​വ​യോട്‌ മൗനമാ​യി പ്രാർഥി​ച്ചി​ട്ടു​ണ്ടാ​കും. പിന്നെ അവൾ ഇങ്ങനെ ഉണർത്തി​ച്ചു: “രാജാവേ, എന്നോടു കൃപയു​ണ്ടെ​ങ്കിൽ രാജാ​വി​ന്നു തിരു​വു​ള്ള​മു​ണ്ടെ​ങ്കിൽ എന്റെ അപേക്ഷ കേട്ടു എന്റെ ജീവ​നെ​യും എന്റെ ആഗ്രഹം ഓർത്തു എന്റെ ജനത്തെ​യും എനിക്കു നല്‌കേ​ണമേ.” (എസ്ഥേ. 7:3) ശരി​യെന്നു തോന്നു​ന്ന​തെ​ന്തും ചെയ്യാ​നുള്ള രാജാ​വി​ന്റെ അവകാ​ശത്തെ അവൾ ആദരിച്ചു. അത്‌ രാജാ​വി​നു ബോധ്യം വരുന്ന വിധത്തി​ലു​ള്ള​താ​യി​രു​ന്നു അവളുടെ വാക്കുകൾ. വസ്ഥിയിൽ നിന്ന്‌ എത്രയോ വ്യത്യസ്‌തം! രാജാ​വി​ന്റെ മുൻഭാ​ര്യ​യായ വസ്ഥി, രാജാ​വി​നെ കരുതി​ക്കൂ​ട്ടി അപമാ​നി​ക്കു​ക​യാ​യി​രു​ന്ന​ല്ലോ! (എസ്ഥേ. 1:10-12) എസ്ഥേരി​ന്റെ വിവേകം ദൃശ്യ​മായ മറ്റൊരു വിധം നോക്കുക: ഹാമാനെ കണ്ണുമ​ടച്ചു വിശ്വ​സി​ച്ച​തിൽ രാജാവു കാണിച്ച ഭോഷ​ത്ത​ത്തിന്‌ അദ്ദേഹത്തെ അവൾ തെല്ലും കുറ്റ​പ്പെ​ടു​ത്തി​യില്ല. പകരം, തന്റെ ജീവൻ അപകട​ത്തി​ലാ​ണെ​ന്നും എങ്ങനെ​യെ​ങ്കി​ലും അതിൽനിന്ന്‌ തന്നെ കരകയ​റ്റേ​ണമേ എന്നും രാജാ​വി​നോട്‌ കേണ​പേ​ക്ഷി​ക്കു​ക​യാ​ണു​ണ്ടാ​യത്‌.

18. എസ്ഥേർ, രാജാ​വി​നോട്‌ പ്രശ്‌നം തുറന്ന്‌ പറഞ്ഞത്‌ എങ്ങനെ?

18 രാജ്ഞി​യു​ടെ ഈ യാചന രാജാ​വി​ന്റെ ഹൃദയ​ത്തിൽ കൊണ്ടു! രാജപത്‌നി​യു​ടെ ജീവൻ വെച്ചു കളിക്കാൻ ധൈര്യ​പ്പെ​ട്ടത്‌ ആരാ​ണെന്ന്‌ അദ്ദേഹം അമ്പരന്നു! എസ്ഥേർ നിറു​ത്തി​യില്ല: ‘ഞങ്ങളെ നശിപ്പി​ച്ചു കൊന്നു​മു​ടി​ക്കേ​ണ്ട​തിന്‌ എന്നെയും എന്റെ ജനത്തെ​യും വിറ്റു​ക​ള​ഞ്ഞി​രി​ക്കു​ന്നു​വ​ല്ലോ; എന്നാൽ ഞങ്ങളെ ദാസീ​ദാ​സ​ന്മാ​രാ​യി വിറ്റി​രു​ന്നു എങ്കിൽ ഞാൻ മിണ്ടാതെ ഇരിക്കു​മാ​യി​രു​ന്നു.’ (എസ്ഥേ. 7:4) അവൾ തുടർന്നു: “ഞങ്ങളുടെ നാശം രാജാ​വിന്‌ നഷ്ടമാ​യി​ത്തീ​ര​രു​ത​ല്ലോ.” (എസ്ഥേ. 7:4ബി പി.ഒ.സി.) അവൾ പ്രശ്‌നം ഒട്ടും മറച്ചു​വെ​ക്കാ​തെ തുറന്ന്‌ പറഞ്ഞു. അവളെ​യും ജനത്തെ​യും അടിമ​ക​ളാ​ക്കുക മാത്ര​മാ​യി​രു​ന്നെ​ങ്കിൽ അവൾ അത്‌ സാരമാ​ക്കു​മാ​യി​രു​ന്നില്ല. എന്നാൽ ഈ വംശഹത്യ രാജാ​വിന്‌ വളരെ ദോഷം ചെയ്യു​ന്ന​താ​യ​തു​കൊണ്ട്‌ മൗനം പാലി​ക്കാൻ അവൾക്ക്‌ കഴിഞ്ഞില്ല.

19. മറ്റുള്ള​വ​രിൽ പ്രേര​ക​ശക്തി ചെലു​ത്താ​നുള്ള എസ്ഥേരി​ന്റെ കഴിവിൽനിന്ന്‌ നമുക്ക്‌ എന്തു പഠിക്കാം?

19 കാര്യങ്ങൾ പറഞ്ഞ്‌ മനസ്സി​ലാ​ക്കി വേണ്ടതു ചെയ്യാൻ പ്രേരി​പ്പി​ക്കു​ന്നത്‌ ഒരു കലയാണ്‌! എസ്ഥേരിന്‌ അതിനു കഴിഞ്ഞു. ഇണയോ​ടോ കുടും​ബാം​ഗ​ത്തോ​ടോ അധികാ​ര​സ്ഥാ​ന​ത്തുള്ള ഒരാ​ളോ​ടോ ഗൗരവ​മുള്ള ഒരു കാര്യം തുറന്ന്‌ പറയേ​ണ്ട​തു​ള്ള​പ്പോൾ ക്ഷമയോ​ടെ, ആദര​വോ​ടെ, വളച്ചു​കെ​ട്ടി​ല്ലാ​തെ, സത്യസ​ന്ധ​മാ​യി വേണം കാര്യം അവതരി​പ്പി​ക്കാൻ!—സദൃ. 16:21, 23.

20, 21. (എ) എസ്ഥേർ ഹാമാന്റെ തനിനി​റം വെളി​ച്ച​ത്താ​ക്കി​യത്‌ എങ്ങനെ, രാജാ​വി​ന്റെ പ്രതി​ക​രണം എന്തായി​രു​ന്നു? (ബി) തനിനി​റം വെളി​പ്പെ​ട്ട​പ്പോൾ ഹാമാൻ പെരു​മാ​റി​യത്‌ എങ്ങനെ?

20 ഉറച്ച സ്വരത്തിൽ അഹശ്വേ​രോശ്‌ ചോദി​ച്ചു: “അവൻ ആർ? ഇങ്ങനെ ചെയ്‌വാൻ തുനി​ഞ്ഞവൻ എവിടെ?” ഹാമാ​നു​നേരെ വിരൽചൂ​ണ്ടി​ക്കൊണ്ട്‌ “വൈരി​യും ശത്രു​വും ഈ ദുഷ്ടനായ ഹാമാൻ തന്നേ” എന്ന്‌ എസ്ഥേർ പറയു​ന്നത്‌ നിങ്ങൾക്ക്‌ കേൾക്കാ​നാ​കു​ന്നു​ണ്ടോ? ആ ഗുരു​ത​ര​മായ ആരോ​പ​ണ​ത്തി​ന്റെ പ്രത്യാ​ഘാ​തം എന്തായി​രി​ക്കും? ഹാമാൻ ഞെട്ടി​വി​റച്ചു! മുൻകോ​പി​യായ രാജാ​വി​ന്റെ മുഖം ചുവന്നു! താൻ വിശ്വ​സിച്ച്‌ ആക്കി​വെ​ച്ചി​രി​ക്കുന്ന മന്ത്രി​മു​ഖ്യൻ തന്റെ പ്രിയ​പത്‌നി​യെ വകവരു​ത്താ​നുള്ള കല്‌പ​ന​യിൽ തന്നെ​ക്കൊ​ണ്ടു​തന്നെ മുദ്ര​വെ​പ്പി​ച്ചി​രി​ക്കു​ന്നു! ഹാമാന്റെ ആ കുതന്ത്രം തിരി​ച്ച​റിഞ്ഞ രാജാ​വിന്‌ കോപം അടക്കാ​നാ​യില്ല! വിരു​ന്നു​ശാ​ല​യിൽനിന്ന്‌ ഉദ്യാ​ന​ത്തി​ലേക്ക്‌ അദ്ദേഹം ഒരു കൊടു​ങ്കാ​റ്റു​പോ​ലെ പാഞ്ഞു​പോ​യി!—എസ്ഥേ. 7:5-7.

ഹാമാന്റെ ദുഷ്ടത എസ്ഥേർ ധൈര്യ​ത്തോ​ടെ തുറന്ന്‌ കാട്ടി

21 ഹാമാന്റെ തനിനി​റം വെളി​പ്പെട്ടു! ദ്രോഹി! കുതന്ത്രം മെനഞ്ഞ ഭീരു! ഇനി രക്ഷയി​ല്ലെന്നു കണ്ട ഹാമാൻ രാജ്ഞി​യു​ടെ കാൽക്കൽ കവിണ്ണു​വീ​ണു. ശാന്തത വീണ്ടെ​ടുത്ത്‌ ഉദ്യാ​ന​ത്തിൽനിന്ന്‌ അകത്തേക്ക്‌ തിരി​ച്ചു​വന്ന രാജാവ്‌ കാണു​ന്നത്‌ ഹാമാൻ എസ്ഥേരി​ന്റെ മെത്തമേൽ വീണു കിടക്കുന്ന കാഴ്‌ച​യാണ്‌. രാജാ​വി​ന്റെ കോപം ഇരട്ടിച്ചു. ‘എന്റെ അരമന​യിൽവെച്ച്‌ എന്റെ രാജ്ഞിയെ ബലാത്സം​ഗം ചെയ്യാൻ നീ തുനി​ഞ്ഞി​രി​ക്കു​ന്നു​വോ?’ ആ ചോദ്യം ഹാമാന്റെ മരണമ​ണി​യാ​യി​രു​ന്നു! പരിചാ​രകർ കടന്നു​വന്ന്‌ അവന്റെ മുഖം മൂടി, അവനെ കൊണ്ടു​പോ​യി. മൊർദെ​ഖാ​യി​ക്കു​വേണ്ടി ഹാമാൻ ഒരു കൂറ്റൻ കഴുമരം ഉണ്ടാക്കി​യി​ട്ടുള്ള വിവരം ഉദ്യോ​ഗ​സ്ഥ​ന്മാ​രിൽ ഒരാൾ അപ്പോൾ രാജാ​വി​നെ അറിയി​ച്ചു. ആ കഴുമ​ര​ത്തിൽത്തന്നെ ഹാമാനെ തൂക്കി​ക്ക​ള​യാൻ അഹശ്വേ​രോശ്‌ ഉത്തരവി​ട്ടു! അങ്ങനെ എല്ലാം ഒരു നിമി​ഷം​കൊണ്ട്‌ മാറി​മ​റി​ഞ്ഞു!—എസ്ഥേ. 7:8-10.

22. നിരാ​ശ​പ്പെ​ടാ​തെ, ശുഭ​പ്ര​തീ​ക്ഷ​യോ​ടെ, യഹോ​വ​യിൽ വിശ്വാ​സം അർപ്പിച്ച്‌ മുന്നോ​ട്ടു​പോ​കാൻ എസ്ഥേരി​ന്റെ മാതൃക നമ്മെ സഹായി​ക്കു​ന്നത്‌ എങ്ങനെ?

22 അനീതി നിറഞ്ഞ ഇന്നത്തെ ലോകാ​വ​സ്ഥ​യിൽ ഒരിക്ക​ലും നീതി നടപ്പാ​കാൻ പോകു​ന്നി​ല്ലെന്ന്‌ നമുക്ക്‌ തോന്നി​പ്പോ​യേ​ക്കാം. നിങ്ങൾക്ക്‌ അങ്ങനെ എപ്പോ​ഴെ​ങ്കി​ലും തോന്നി​യി​ട്ടു​ണ്ടോ? എസ്ഥേർ ഒരിക്ക​ലും പ്രതീക്ഷ കൈ​വെ​ടി​ഞ്ഞില്ല, വിശ്വാ​സം നഷ്ടപ്പെ​ടു​ത്തി​യില്ല, ദോഷ​വ​ശങ്ങൾ മാത്രം ചിന്തിച്ച്‌ മനസ്സ്‌ മടുത്ത​തു​മില്ല. സമയം വന്നപ്പോൾ അവൾ ധൈര്യ​ത്തോ​ടെ ശരിയായ കാര്യ​ത്തി​നു​വേണ്ടി സംസാ​രി​ച്ചു. തന്റെ ഭാഗം ഭംഗി​യാ​യി ചെയ്‌ത്‌ ബാക്കി യഹോവ ചെയ്യു​മെന്ന ഉറപ്പിൽ അവനു വിട്ടു. നമുക്കും അതു​പോ​ലെ​തന്നെ ചെയ്യാം. അന്നും ഇന്നും യഹോ​വയ്‌ക്ക്‌ യാതൊ​രു മാറ്റവും ഇല്ല. ഹാമാൻ കുഴിച്ച കുഴി​യിൽ ഹാമാനെ വീഴി​ച്ച​തു​പോ​ലെ ദുഷ്ട​രെ​യും വഞ്ചക​രെ​യും അവരവ​രു​ണ്ടാ​ക്കുന്ന കെണി​യിൽത്തന്നെ വീഴ്‌ത്താൻ യഹോ​വയ്‌ക്ക്‌ എന്തെങ്കി​ലും ബുദ്ധി​മു​ട്ടു​ണ്ടെന്ന്‌ നിങ്ങൾക്കു തോന്നു​ന്നു​ണ്ടോ?സങ്കീർത്തനം 7:11-16 വായി​ക്കുക.

യഹോ​വയ്‌ക്കും അവന്റെ ജനത്തി​നും വേണ്ടി അവൾ നിസ്വാർഥ​മാ​യി പ്രവർത്തി​ച്ചു

23. (എ) രാജാവ്‌ മൊർദെ​ഖാ​യി​ക്കും എസ്ഥേരി​നും പ്രതി​ഫലം നൽകി​യത്‌ എങ്ങനെ? (ബി) ബെന്യാ​മീ​നെ​ക്കു​റിച്ച്‌ യാക്കോബ്‌ മരണക്കി​ട​ക്ക​യിൽവെച്ച്‌ നടത്തിയ പ്രവചനം സത്യമാ​യി ഭവിച്ചത്‌ എങ്ങനെ? (“ സത്യമാ​യി ഭവിച്ച ഒരു പ്രവചനം” എന്ന ചതുരം കാണുക.)

23 ഒടുവിൽ രാജാ​വിന്‌ മൊർദെ​ഖാ​യി ആരാ​ണെന്നു മനസ്സി​ലാ​യി. വധശ്ര​മ​ത്തിൽനിന്ന്‌ തന്നെ സംരക്ഷി​ച്ച​യാൾ, കൂറുള്ള ഒരു പ്രജ! അദ്ദേഹം എസ്ഥേരി​ന്റെ വളർത്തു​പി​താ​വു​മാണ്‌. ഹാമാന്റെ പ്രധാ​ന​മ​ന്ത്രി​പദം അഹശ്വേ​രോശ്‌ മൊർദെ​ഖാ​യിക്ക്‌ നൽകി. ഹാമാന്റെ വീടും കണക്കി​ല്ലാത്ത വസ്‌തു​വ​ക​ക​ളും രാജാവ്‌ എസ്ഥേരി​നു കൊടു​ത്തു. എസ്ഥേർ മൊർദെ​ഖാ​യി​യെ അതിന്റെ കാര്യ​സ്ഥ​നാ​ക്കി.—എസ്ഥേ. 8:1, 2.

24, 25. (എ) ഹാമാന്റെ പദ്ധതി പൊളി​ച്ച​ശേ​ഷ​വും എസ്ഥേരിന്‌ സ്വസ്ഥയാ​യി ഇരിക്കാൻ കഴിയാ​ഞ്ഞത്‌ എന്തു​കൊണ്ട്‌? (ബി) അവൾ തന്റെ ജീവൻ വീണ്ടും പണയ​പ്പെ​ടു​ത്തി​യത്‌ എങ്ങനെ?

24 എസ്ഥേരും മൊർദെ​ഖാ​യി​യും ഇപ്പോൾ സുരക്ഷി​ത​രാണ്‌. ഇനി എസ്ഥേരിന്‌ സ്വസ്ഥമാ​യി ഇരിക്കാ​മോ? അവൾ സ്വാർഥ​യാ​ണെ​ങ്കിൽ മാത്രമേ അതിനു കഴിയൂ. ഈ സമയത്ത്‌, യഹൂദ​ന്മാ​രെ കൊല്ലാ​നാ​യി ഹാമാൻ അയച്ച കല്‌പന സാമ്രാ​ജ്യ​ത്തി​ന്റെ എല്ലാ മുക്കി​ലും മൂലയി​ലും എത്തുന്നു​ണ്ടാ​യി​രു​ന്നു. മൃഗീ​യ​മായ ഈ നരവേ​ട്ടയ്‌ക്ക്‌ ഹാമാൻ ഒരു സമയം നിശ്ചയി​ച്ചി​രു​ന്നു. ചീട്ടി​ട്ടാണ്‌ അത്‌ തീരു​മാ​നി​ച്ചത്‌. പൂര്‌ എന്നാണ്‌ ഇതിനു പറയു​ന്നത്‌. ഒരുതരം ഭൂതവി​ദ്യ​യാണ്‌ ഇതെന്നു തോന്നു​ന്നു. (എസ്ഥേ. 9:24-26) ആ ദിവസ​ത്തിന്‌ ഇനി മാസങ്ങൾ ബാക്കി​യുണ്ട്‌. പക്ഷേ സമയം അടുത്ത​ടുത്ത്‌ വരുക​യാണ്‌. ഈ കൂട്ടസം​ഹാ​രം എങ്ങനെ ഒഴിഞ്ഞു​പോ​കും?

25 എസ്ഥേർ വീണ്ടും തന്റെ ജീവൻ പണയ​പ്പെ​ടു​ത്തി. ക്ഷണിക്ക​പ്പെ​ടാ​തെ ഒരിക്കൽക്കൂ​ടി രാജാ​വി​ന്റെ മുമ്പിൽ എത്താൻ അവൾ ധൈര്യ​പ്പെട്ടു. അവൾ ഒട്ടും സ്വാർഥ​യ​ല്ലാ​യി​രു​ന്നു! അവൾ രാജാ​വി​ന്റെ കാല്‌ക്കൽ വീണ്‌ തന്റെ ജനത്തി​നു​വേണ്ടി യാചിച്ചു. ഭീകര​മായ ആ രാജകല്‌പന റദ്ദാക്ക​ണ​മെന്ന്‌ ഭർത്താ​വി​നോട്‌ അപേക്ഷി​ച്ചു. എന്നാൽ പേർഷ്യൻ രാജാ​ക്ക​ന്മാർ ഒരിക്കൽ മുദ്ര​യിട്ട്‌ വിളം​ബരം ചെയ്‌ത ഒരു നിയമം പിന്നീട്‌ റദ്ദാക്കാൻ കഴിയി​ല്ലാ​യി​രു​ന്നു. (ദാനീ. 6:12, 15) അതു​കൊണ്ട്‌ പുതി​യൊ​രു നിയമം നടപ്പാ​ക്കാൻ എസ്ഥേരി​നെ​യും മൊർദെ​ഖാ​യി​യെ​യും രാജാവ്‌ അധികാ​ര​പ്പെ​ടു​ത്തി. അങ്ങനെ രണ്ടാമത്‌ ഒരു വിളം​ബരം നാടെ​ങ്ങും മുഴങ്ങി. യഹൂദ​ന്മാർക്ക്‌ സ്വയര​ക്ഷയ്‌ക്കു​വേണ്ടി പോരാ​ടാ​നുള്ള അവകാശം നൽകു​ന്ന​താ​യി​രു​ന്നു ഈ നിയമം. കുതി​ര​ക്കാർ ഈ സന്ദേശ​വു​മാ​യി സാമ്രാ​ജ്യ​ത്തി​ലെ​മ്പാ​ടും പാഞ്ഞു. യഹൂദ​ന്മാ​രു​ടെ മനംകു​ളിർപ്പി​ക്കു​ന്ന​താ​യി​രു​ന്നു ഈ സന്ദേശം. ആ ഹൃദയ​ങ്ങ​ളിൽ പ്രത്യാ​ശ​യു​ടെ തിരി​നാ​ളങ്ങൾ തെളിഞ്ഞു! (എസ്ഥേ. 8:3-16) വിശാ​ല​മായ ആ സാമ്രാ​ജ്യ​ത്തി​ലെ​മ്പാ​ടു​മുള്ള യഹൂദ​ന്മാർ ആയുധങ്ങൾ ശേഖരി​ക്കു​ന്ന​തും പോരാ​ട്ട​ത്തിന്‌ തയ്യാ​റെ​ടു​ക്കു​ന്ന​തും നിങ്ങൾക്ക്‌ ഭാവന​യിൽ കാണാ​നാ​കു​ന്നു​ണ്ടോ? ആ പുതിയ കല്‌പന പുറ​പ്പെ​ടു​വി​ച്ചി​ല്ലാ​യി​രു​ന്നെ​ങ്കിൽ ഇതൊ​ന്നും നടക്കു​മാ​യി​രു​ന്നില്ല. എന്നാൽ, “സൈന്യ​ങ്ങ​ളു​ടെ യഹോവ” തന്റെ ജനത്തിന്റെ കൂടെ​യു​ള്ള​തല്ലേ ഇതി​ലേറെ പ്രധാനം?—1 ശമൂ. 17:45.

പേർഷ്യൻ സാമ്രാ​ജ്യ​ത്തി​ലുള്ള യഹൂദ​ന്മാർക്ക്‌ എസ്ഥേരും മൊർദെ​ഖാ​യി​യും ചേർന്ന്‌ പുതിയ രാജശാ​സനം തയ്യാറാ​ക്കി അയച്ചു

26, 27. (എ) തന്റെ ജനത്തിന്‌ യഹോവ നൽകിയ വിജയം എത്ര വലുതാ​യി​രു​ന്നു? (ബി) ഹാമാന്റെ പുത്ര​ന്മാ​രെ കൊന്നു​ക​ള​ഞ്ഞ​തോ​ടെ ഏതു പ്രവച​ന​മാണ്‌ സത്യമാ​യി​ത്തീർന്നത്‌?

26 അങ്ങനെ ഒടുവിൽ ഹാമാൻ കുറി​ച്ചു​വെ​ച്ചി​രുന്ന ആ സംഹാ​ര​ദി​ന​മാ​യി! ദൈവ​ജനം സുസജ്ജ​രാ​യി നിന്നു. യഹൂദ​നായ മൊർദെ​ഖാ​യി പുതിയ പ്രധാ​ന​മ​ന്ത്രി​യായ വാർത്ത ഇതി​നോ​ടകം പ്രചരി​ച്ചി​രു​ന്നു. അതിനാൽ നിരവധി പേർഷ്യൻ ഉദ്യോ​ഗസ്ഥർ യഹൂദ​ന്മാർക്ക്‌ തുണ നിന്നു. യഹോവ അന്ന്‌ തന്റെ ജനത്തിന്‌ വലിയ വിജയം നൽകി! ശത്രുക്കൾ നിലം​പ​രി​ചാ​യെന്ന്‌ യഹോവ ഉറപ്പു​വ​രു​ത്തി. അല്ലാത്ത​പക്ഷം അവർ പ്രതി​കാ​ര​വു​മാ​യി വീണ്ടും ദൈവ​ജ​ന​ത്തി​നെ​തി​രെ തിരി​ഞ്ഞാ​ലോ? aഎസ്ഥേ. 9:1-6.

27 എന്നാൽ ഒരു അപകടം ബാക്കി​യു​ണ്ടാ​യി​രു​ന്നു. ഹാമാന്റെ പത്തു പുത്ര​ന്മാർ അപ്പോ​ഴും ജീവി​ച്ചി​രി​പ്പുണ്ട്‌! ഹാമാന്റെ വീടിന്റെ മേൽനോ​ട്ടം ഇപ്പോൾ മൊർദെ​ഖാ​യി​ക്കാ​യ​തു​കൊണ്ട്‌ അവന്റെ ജീവന്‌ അപകട​സാ​ധ്യത ഏറെയാണ്‌. അതു​കൊണ്ട്‌ അവരെ​യും കൊന്നു​ക​ളഞ്ഞു. (എസ്ഥേ. 9:7-10) അത്‌ സംഭവി​ച്ച​പ്പോൾ ഒരു ബൈബിൾ പ്രവചനം സത്യമാ​യി ഭവിക്കു​ക​യാ​യി​രു​ന്നു. അമാ​ലേ​ക്യ​രെ നിശ്ശേഷം കൊന്നു​മു​ടി​ക്ക​ണ​മെന്ന്‌ യഹോവ പണ്ടുതന്നെ കല്‌പി​ച്ചി​ട്ടു​ണ്ടാ​യി​രു​ന്നു. ദൈവ​ജ​നത്തെ അതി​ക്രൂ​ര​മാ​യി ഉപദ്ര​വി​ച്ച​വ​രാണ്‌ അമാ​ലേ​ക്യർ. (ആവ. 25:17-19) ആ ശപിക്ക​പ്പെട്ട ജനതയി​ലെ അവസാ​ന​യം​ഗ​ങ്ങ​ളാ​യി​രി​ക്കാം ഹാമാന്റെ ഈ പത്തു പുത്ര​ന്മാർ.

28, 29. (എ) എസ്ഥേരും അവളുടെ ജനവും യുദ്ധം ചെയ്യേ​ണ്ടത്‌ ദൈവ​ഹി​ത​മാ​യി​രു​ന്നത്‌ എന്തു​കൊണ്ട്‌? (ബി) എസ്ഥേരി​ന്റെ മാതൃക നമുക്ക്‌ ഒരു അനു​ഗ്ര​ഹ​മാ​യി​രി​ക്കു​ന്നത്‌ എങ്ങനെ?

28 എസ്ഥേരിന്‌ ഈ ചെറു​പ്രാ​യ​ത്തിൽ ഭാരിച്ച ഉത്തരവാ​ദി​ത്വ​ങ്ങ​ളാണ്‌ ഏറ്റെടു​ക്കേ​ണ്ടി​വ​ന്നത്‌. യുദ്ധവും വധനിർവ​ഹ​ണ​വും മറ്റും ഉൾപ്പെട്ട രാജശാ​സ​നങ്ങൾ തയ്യാറാ​ക്കു​ക​യും നടപ്പാ​ക്കു​ക​യും ചെയ്യേണ്ട ചുമതല! അത്‌ അത്ര നിഷ്‌പ്ര​യാ​സം ചെയ്യാൻ കഴിയു​മാ​യി​രു​ന്നില്ല. അവളുടെ ജനം നശിപ്പി​ക്ക​പ്പെ​ടാൻ പാടി​ല്ലാ​യി​രു​ന്നു. കാരണം ആ ജനതയി​ലൂ​ടെ​യാണ്‌ മുഴു​മ​നു​ഷ്യ​വർഗ​ത്തി​ന്റെ​യും ഏകപ്ര​ത്യാ​ശ​യായ വാഗ്‌ദ​ത്ത​മി​ശി​ഹാ വരേണ്ടി​യി​രു​ന്നത്‌. അതു​കൊണ്ട്‌ അവരെ സംരക്ഷി​ക്കേ​ണ്ടത്‌ ദൈവ​ഹി​ത​മാ​യി​രു​ന്നു. (ഉല്‌പ. 22:18) യേശു​വാ​യി​രു​ന്നു ആ വാഗ്‌ദ​ത്ത​മി​ശി​ഹാ. അവന്റെ കാലം​മു​തൽ ദൈവ​ദാ​സ​ന്മാർ അക്ഷരീ​യ​യു​ദ്ധ​ങ്ങ​ളിൽ പങ്കെടു​ക്കു​ന്നില്ല. കാരണം യേശു അത്‌ വിലക്കി. ഇന്നത്തെ ദൈവ​ദാ​സ​ന്മാ​രായ നമ്മൾ അതിൽ എത്ര സന്തോ​ഷി​ക്കു​ന്നു!—മത്താ. 26:52.

29 എന്നിരു​ന്നാ​ലും ക്രിസ്‌ത്യാ​നി​കൾക്ക്‌ ഇന്ന്‌ മറ്റൊ​രു​തരം യുദ്ധമുണ്ട്‌, ഒരു ആത്മീയ​യു​ദ്ധം! ഇവിടെ സാത്താ​നാണ്‌ നമ്മുടെ ശത്രു. യഹോ​വ​യാം ദൈവ​ത്തി​ലുള്ള നമ്മുടെ വിശ്വാ​സം തകർക്കാൻ അവൻ സദാ പോരാ​ടു​ക​യാണ്‌. (2 കൊരി​ന്ത്യർ 10:3, 4 വായി​ക്കുക.) ഒരു മാതൃ​ക​യാ​യി എസ്ഥേർ ഉള്ളത്‌ നമുക്ക്‌ എന്തൊരു അനു​ഗ്ര​ഹ​മാണ്‌! കാര്യങ്ങൾ പറഞ്ഞ്‌ ബോധ്യ​പ്പെ​ടു​ത്തേ​ണ്ട​തു​ള്ള​പ്പോൾ എസ്ഥേരി​നെ​പ്പോ​ലെ വിവേ​ക​ത്തോ​ടെ​യും ക്ഷമയോ​ടെ​യും അങ്ങനെ ചെയ്യാം! അവളെ​പ്പോ​ലെ ധൈര്യ​ത്തോ​ടെ​യും നിസ്വാർഥ​മാ​യും നമുക്ക്‌ ദൈവ​ജ​ന​ത്തി​ന്റെ പക്ഷത്ത്‌ നിൽക്കാം!

a ശത്രുക്കളെ കൊന്നു​മു​ടി​ക്കാൻ ഒരു ദിവസം കൂടെ രാജാവ്‌ യഹൂദ​ന്മാർക്ക്‌ കൊടു​ത്തു. (എസ്ഥേ. 9:12-14) ഇന്നും യഹൂദ​ന്മാർ ഓരോ വർഷവും ആദാർ മാസത്തിൽ ഈ വിജയം ആഘോ​ഷി​ച്ചു​വ​രു​ന്നു. ഇപ്പോ​ഴത്തെ കലണ്ടർ അനുസ​രിച്ച്‌ ഇത്‌ ഫെബ്രു​വരി അവസാ​ന​മോ മാർച്ച്‌ ആദ്യമോ ആണ്‌. പൂരീം എന്നാണ്‌ ഈ ഉത്സവത്തി​ന്റെ പേര്‌. ഇസ്രാ​യേ​ല്യ​രെ എങ്ങനെ​യും നശിപ്പി​ക്കാൻ ഹാമാൻ ചീട്ടി​ട്ട​തു​മാ​യി ബന്ധപ്പെ​ട്ടാണ്‌ ഈ പേരു വന്നിരി​ക്കു​ന്നത്‌.