വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

അധ്യായം അഞ്ച്‌

ഒരു “ഉത്തമ സ്‌ത്രീ”

ഒരു “ഉത്തമ സ്‌ത്രീ”

1, 2. (എ) എന്തു ജോലി​യാണ്‌ രൂത്ത്‌ ചെയ്‌തത്‌? (ബി) ന്യായ​പ്ര​മാ​ണ​ത്തി​ന്റെ​യും ദൈവ​ജ​ന​ത്തി​ന്റെ​യും ഏതൊക്കെ നന്മകളാണ്‌ രൂത്ത്‌ മനസ്സി​ലാ​ക്കി​യത്‌?

 അന്നു പകൽ മുഴുവൻ താൻ ഒന്നൊ​ന്നാ​യി പെറു​ക്കി​യെ​ടുത്ത യവക്കതി​രു​കൾക്ക്‌ അരികെ മുട്ടു​കു​ത്തി​യി​രി​ക്കു​ക​യാണ്‌ രൂത്ത്‌. ബേത്ത്‌ലെ​ഹെ​മി​ലെ വയലേ​ല​കൾക്കു​മീ​തെ പരന്ന അന്തി​വെ​ളി​ച്ചം മാഞ്ഞു​തു​ടങ്ങി. ഒട്ടുമിക്ക ജോലി​ക്കാ​രും ദൂരെ​യുള്ള പട്ടണവാ​തിൽ ലക്ഷ്യമാ​ക്കി മെല്ലെ നടന്നു​തു​ട​ങ്ങി​യി​രു​ന്നു. ചെറി​യൊ​രു കുന്നിൻ മുകളിൽനി​ന്നു താഴേക്കു പരന്നു​കി​ട​ക്കുന്ന ഒരു കൊച്ചു​പ​ട്ടണം, അതാണ്‌ ബേത്ത്‌ലെ​ഹെം. രൂത്തിന്റെ കൈകാ​ലു​കൾ വേദനി​ക്കു​ന്നുണ്ട്‌. ദിവസം മുഴു​വ​നും വിശ്ര​മ​മി​ല്ലാ​തെ പണി​യെ​ടു​ക്കു​ക​യാ​യി​രു​ന്ന​ല്ലോ! പണി ഇനിയു​മുണ്ട്‌. ഈ കതിരു​ക​ളെ​ല്ലാം മെതി​ച്ചെ​ടു​ക്കണം. അവൾ ഒരു ചെറിയ കമ്പെടുത്ത്‌ കറ്റയിൽ മെല്ലെ അടിച്ച്‌ ധാന്യ​മ​ണി​കൾ ഉതിർക്കാൻ തുടങ്ങി. ജോലി ചെയ്‌ത്‌ വല്ലാതെ ക്ഷീണി​ച്ചെ​ങ്കി​ലും അവൾക്ക്‌ വളരെ സംതൃപ്‌തി തോന്നി. അവൾ ഒരിക്ക​ലും പ്രതീ​ക്ഷി​ക്കാത്ത പല നല്ല കാര്യ​ങ്ങ​ളും അന്നു സംഭവി​ച്ചു.

2 വിധവ​യായ അവളുടെ ജീവി​ത​ത്തിൽ പതി​യെ​പ്പ​തി​യെ പ്രതീ​ക്ഷ​യു​ടെ കിരണങ്ങൾ കണ്ടുതു​ട​ങ്ങു​ക​യാ​ണോ? അമ്മായി​യ​മ്മ​യായ നൊ​വൊ​മി​യെ വിട്ടു​പി​രി​യാ​തെ എന്തുവ​ന്നാ​ലും അവളോ​ടൊ​പ്പം നിൽക്കു​മെന്നു പ്രതി​ജ്ഞ​യെ​ടുത്ത്‌, രൂത്ത്‌ ഇറങ്ങി​ത്തി​രി​ച്ച​തി​നെ​ക്കു​റി​ച്ചാ​ണ​ല്ലോ കഴിഞ്ഞ അധ്യാ​യ​ത്തിൽ നമ്മൾ വായി​ച്ചത്‌. നൊ​വൊ​മി​യു​ടെ ദൈവ​മായ യഹോ​വയെ അവൾ സ്വന്തം ദൈവ​മാ​യി സ്വീക​രി​ക്കു​ക​യും ചെയ്‌തി​രു​ന്നു. അങ്ങനെ, തുല്യ​ദുഃ​ഖി​ത​രായ ആ രണ്ടു സ്‌ത്രീ​ക​ളും ഒരുമിച്ച്‌ മോവാബ്‌ ദേശത്തു​നിന്ന്‌ ബേത്ത്‌ലെ​ഹെ​മിൽ എത്തിയ​താണ്‌. മോവാ​ബു​കാ​രി​യായ രൂത്ത്‌, യഹോ​വ​യു​ടെ ന്യായ​പ്ര​മാ​ണ​ത്തി​ലെ ഒരു ക്രമീ​ക​ര​ണ​മായ കാലാ​പെ​റു​ക്ക​ലി​നെ​ക്കു​റിച്ച്‌ മനസ്സി​ലാ​ക്കി​യി​രു​ന്നു. ദരി​ദ്ര​രായ ഇസ്രാ​യേ​ല്യ​രു​ടെ ക്ഷേമത്തെ കരുതി​യുള്ള സ്‌നേ​ഹ​പു​ര​സ്സ​ര​മായ ഒരു ഏർപ്പാ​ടാ​യി​രു​ന്നു ഇത്‌. വളരെ മാന്യ​വും പ്രാ​യോ​ഗി​ക​വും ആയ ഈ കരുതൽ പരദേ​ശി​കൾക്കും​കൂ​ടി​യു​ള്ളത്‌ ആയിരു​ന്നു. ആ നന്മയും കരുത​ലും നേരിട്ട്‌ അനുഭ​വി​ച്ച​റി​യാൻ അവൾക്ക്‌ ഇതാ ഇടവന്നി​രി​ക്കു​ന്നു. നന്ദി പറയാൻ ഇനിയു​മുണ്ട്‌ അവൾക്കു കാരണങ്ങൾ! ന്യായ​പ്ര​മാ​ണം പിൻപറ്റി ജീവി​ച്ച​തി​നാൽ നന്മ ശീലി​ക്കാൻ പഠിച്ച​വ​രാ​ണ​ല്ലോ യഹോ​വ​യു​ടെ ജനം. അവരിൽ ചിലർ അവളോട്‌ ഇന്ന്‌ ദയ കാണി​ച്ചി​രി​ക്കു​ന്നു. അവരുടെ ദൈവ​ഭ​ക്തി​യു​ടെ തെളി​വാ​യി​രു​ന്നു അത്‌. അവരുടെ ആ പെരു​മാ​റ്റ​വും ദയാവാ​ക്കു​ക​ളും അവളുടെ നീറുന്ന ഹൃദയ​ത്തിന്‌ സാന്ത്വ​ന​മാ​യി!

3, 4. (എ) ബോവസ്‌ രൂത്തിന്‌ മനോ​ബലം പകർന്നത്‌ എങ്ങനെ? (ബി) സാമ്പത്തി​ക​ക്ലേ​ശ​ങ്ങ​ളുള്ള ഈ കാലത്ത്‌ രൂത്തിന്റെ മാതൃക നമ്മളെ സഹായി​ക്കു​ന്നത്‌ എങ്ങനെ?

3 ഇന്നേദി​വസം അവൾക്ക്‌ ഏറെ നന്മ ചെയ്‌ത ഒരാളാണ്‌ ബോവസ്‌. അതിസ​മ്പ​ന്ന​നായ ആ മനുഷ്യ​ന്റെ വയലി​ലാണ്‌ അവൾ കാലാ​പെ​റു​ക്കാൻ പോയത്‌. അല്‌പം പ്രായ​ക്കൂ​ടു​ത​ലുള്ള ബോവസ്‌ ഒരു അപ്പന്റെ കരുത​ലോ​ടെ​യും സ്‌നേ​ഹ​ത്തോ​ടെ​യും ആണ്‌ അവളോട്‌ ഇടപെ​ട്ടത്‌. അമ്മായി​യ​മ്മ​യായ നൊ​വൊ​മി​യെ പരിച​രി​ക്കാ​നും സത്യ​ദൈ​വ​മായ യഹോ​വ​യു​ടെ ചിറകിൻകീ​ഴിൽ അഭയം തേടി വരാനും മനസ്സ്‌ കാണി​ച്ച​തി​ന്റെ പേരിൽ അവൻ രൂത്തിനെ പുകഴ്‌ത്തി​യി​രു​ന്നു. ആ വാക്കുകൾ വീണ്ടും മനസ്സി​ലേക്കു വന്നപ്പോൾ അവളുടെ ഉള്ളം കുളിർത്തു!രൂത്ത്‌ 2:11-14 വായി​ക്കുക.

4 എന്നാലും, മുന്നോ​ട്ടുള്ള തന്റെ ജീവിതം എങ്ങനെ​യാ​യി​ത്തീ​രും എന്നോർത്ത്‌ രൂത്തിന്റെ മനസ്സ്‌ ആകുല​പ്പെ​ട്ടി​ട്ടു​ണ്ടാ​കും. ദരി​ദ്ര​യായ ഒരു പരദേ​ശി​യാണ്‌ താൻ. ഭർത്താ​വില്ല, മക്കളില്ല. വരും​നാ​ളു​ക​ളിൽ തനിക്കും അമ്മയ്‌ക്കും ഉപജീ​വ​ന​ത്തി​നുള്ള വക താൻ എങ്ങനെ കണ്ടെത്തും? കാലാ​പെ​റു​ക്കൽകൊ​ണ്ടു മാത്രം കാര്യങ്ങൾ നടക്കു​മോ? തനിക്ക്‌ പ്രായ​മാ​കു​മ്പോൾ നോക്കാൻ ആരുണ്ട്‌? അവളുടെ മനസ്സിനെ അലട്ടിയ ഉത്‌കണ്‌ഠകൾ നമുക്കു മനസ്സി​ലാ​കും. സാമ്പത്തി​ക​ക്ലേ​ശ​ത്തി​ന്റെ ഈ കാലത്ത്‌ ജീവി​ക്കുന്ന നമ്മിൽ പലർക്കും അത്തരം ഉത്‌കണ്‌ഠ​ക​ളുണ്ട്‌. പ്രതി​സ​ന്ധി​ക​ളിൽ പതറാതെ മുന്നോട്ട്‌ പോകാൻ രൂത്തിന്റെ വിശ്വാ​സം അവളെ സഹായി​ച്ചത്‌ എങ്ങനെ​യാ​ണെന്ന്‌ നമുക്ക്‌ നോക്കാം. അതിൽ നമുക്കു പഠിക്കാൻ ഒട്ടേറെ കാര്യ​ങ്ങ​ളുണ്ട്‌.

ഒരു കുടും​ബം എന്നാ​ലെന്ത്‌?

5, 6. (എ) ബോവ​സി​ന്റെ വയലിൽ കാലാ​പെ​റു​ക്കാൻ പോയ രൂത്തിന്റെ ആദ്യദി​വസം എങ്ങനെ​യു​ണ്ടാ​യി​രു​ന്നു? (ബി) രൂത്ത്‌ തിരികെ വീട്ടി​ലെ​ത്തി​യ​പ്പോൾ നൊ​വൊ​മി​യു​ടെ പ്രതി​ക​ര​ണ​മെ​ന്താ​യി​രു​ന്നു?

5 ഉതിർത്തെ​ടുത്ത ധാന്യ​മ​ണി​ക​ളെ​ല്ലാം രൂത്ത്‌ കൂട്ടി​വെച്ചു. അത്‌ ഏകദേശം 14 കിലോ​ഗ്രാം ഉണ്ടായി​രു​ന്നു! അവൾ അത്‌ കൈ​കൊണ്ട്‌ കൂനകൂ​ട്ടി. ഇനി ഇത്‌ എങ്ങനെ കൊണ്ടു​പോ​കും? ഒരുപക്ഷേ, ഒരു തുണി​യിൽ അവൾ അത്‌ വാരി​ക്കെ​ട്ടി​യെ​ടു​ത്തി​രി​ക്കാം. തലച്ചു​മ​ടാ​യി കൊണ്ടു​പോ​കു​ന്ന​താണ്‌ സൗകര്യ​മെന്ന്‌ അവൾ കരുതി​ക്കാ​ണും. എന്തായാ​ലും ഇരുട്ട്‌ വീഴും​മു​മ്പേ വീട്ടി​ലെ​ത്താൻ അവൾ തിടു​ക്ക​ത്തിൽ അവി​ടെ​നിന്ന്‌ നടന്നു.—രൂത്ത്‌ 2:17.

6 തന്റെ പ്രിയ​പ്പെട്ട മരുമകൾ തിരികെ വീട്ടി​ലെ​ത്തി​യ​പ്പോൾ നൊ​വൊ​മി​ക്കു സന്തോ​ഷ​മാ​യി! അവൾ ഇറക്കി​വെച്ച ധാന്യ​ക്കെട്ട്‌ കണ്ട്‌ അമ്പരന്ന്‌ നിൽക്കുന്ന നൊ​വൊ​മി​യെ നിങ്ങൾ മനസ്സിൽ കാണു​ന്നു​ണ്ടോ? മിച്ചം വന്ന കുറച്ച്‌ ഭക്ഷണസാ​ധ​ന​ങ്ങ​ളും രൂത്ത്‌ അമ്മയ്‌ക്കു​വേണ്ടി കൊണ്ടു​വ​ന്നി​ട്ടുണ്ട്‌. ജോലി​ക്കാർക്കു​വേണ്ടി ബോവസ്‌ കൊടുത്ത ഭക്ഷണത്തിൽനിന്ന്‌ അവൾ മിച്ചം​പി​ടി​ച്ച​താണ്‌. ലളിത​മായ ആ ഭക്ഷണം അവർ ഒരുമിച്ച്‌ കഴിച്ചു. പിന്നെ നൊ​വൊ​മി അവളോ​ടു വിശേ​ഷങ്ങൾ തിരക്കാൻ തുടങ്ങി: “നീ ഇന്നു എവി​ടെ​യാ​യി​രു​ന്നു പെറു​ക്കി​യതു? എവി​ടെ​യാ​യി​രു​ന്നു വേല ചെയ്‌തതു? നിന്നോ​ടു ആദരവു കാണി​ച്ചവൻ അനു​ഗ്ര​ഹി​ക്ക​പ്പെ​ട്ടവൻ.” (രൂത്ത്‌ 2:19) കാര്യ​ങ്ങ​ളു​ടെ പോക്ക്‌ നൊ​വൊ​മി ശ്രദ്ധി​ക്കു​ന്നു​ണ്ടാ​യി​രു​ന്നു. മരുമകൾ വലി​യൊ​രു കെട്ട്‌ ധാന്യ​വു​മാ​യി വന്നുക​യ​റി​യ​പ്പോ​ഴേ നൊ​വൊ​മി ഊഹിച്ചു: ആരോ ഇവളെ ശ്രദ്ധി​ക്കു​ക​യും ഇവളോട്‌ ദയ കാണി​ക്കു​ക​യും ചെയ്‌തി​ട്ടുണ്ട്‌!

7, 8. (എ) ബോവസ്‌ കാണിച്ച കാരു​ണ്യം ആരിൽനി​ന്നു വരുന്ന​താ​യി​ട്ടാണ്‌ നൊ​വൊ​മി തിരി​ച്ച​റി​ഞ്ഞത്‌, എന്തു​കൊണ്ട്‌? (ബി) തന്റെ അമ്മായി​യ​മ്മ​യോട്‌ രൂത്ത്‌ പിന്നെ​യും അചഞ്ചലസ്‌നേഹം കാണി​ച്ചത്‌ എങ്ങനെ?

7 പകൽ മുഴുവൻ പിരി​ഞ്ഞി​രുന്ന അമ്മായി​യ​മ്മ​യും മരുമ​ക​ളും വാതോ​രാ​തെ വർത്തമാ​ന​ങ്ങ​ളിൽ മുഴുകി. അന്നത്തെ കാര്യ​ങ്ങ​ളെ​ല്ലാം രൂത്ത്‌ ഒന്നൊ​ന്നാ​യി വിവരി​ച്ചു. ബോവസ്‌ അവളോട്‌ ദയ കാണി​ച്ചത്‌ എങ്ങനെ​യെന്ന്‌ അവൾ പറഞ്ഞ്‌ കേൾപ്പി​ച്ചു. അതു കേട്ട്‌ വികാ​ര​ഭ​രി​ത​യായ നൊ​വൊ​മി ഇങ്ങനെ പറഞ്ഞു: “ജീവനു​ള്ള​വ​രോ​ടും മരിച്ച​വ​രോ​ടും ദയവി​ടാ​തി​രി​ക്കുന്ന യഹോ​വ​യാൽ അവൻ അനു​ഗ്ര​ഹി​ക്ക​പ്പെ​ട്ടവൻ.” (രൂത്ത്‌ 2:20) ബോവ​സി​ന്റെ ദയാവായ്‌പ്‌ യഹോ​വ​യിൽനി​ന്നു​ള്ള​താ​യി അവൾ തിരി​ച്ച​റി​ഞ്ഞു. കാരണം മറ്റുള്ള​വ​രോട്‌ ഔദാ​ര്യം കാണി​ക്കാൻ തന്റെ ജനത്തെ പ്രേരി​പ്പി​ക്കു​ന്നത്‌ യഹോ​വ​യാ​ണ​ല്ലോ! തന്റെ ജനം കാണി​ക്കുന്ന കനിവിന്‌ അവർക്ക്‌ പ്രതി​ഫലം കൊടു​ക്കു​മെന്ന്‌ ഉറപ്പു പറഞ്ഞി​രി​ക്കു​ന്ന​തും അവൻത​ന്നെ​യാ​ണ​ല്ലോ! aസദൃശ​വാ​ക്യ​ങ്ങൾ 19:17 വായി​ക്കുക.

8 കാലാ​പെ​റു​ക്കാൻ ഇനി ബോവ​സി​ന്റെ വയലിൽത്തന്നെ പോയാൽ മതി​യെ​ന്നും അവന്റെ ദാസി​മാ​രോ​ടു​കൂ​ടെ നിന്നാൽ മതി​യെ​ന്നും നൊ​വൊ​മി രൂത്തിനെ ഉപദേ​ശി​ച്ചു. കൊയ്‌ത്തു​കാർ ആരും അവളെ ശല്യ​പ്പെ​ടു​ത്താ​തി​രി​ക്കാ​നാ​യി​രു​ന്നു അത്‌. രൂത്ത്‌ ആ ഉപദേശം അനുസ​രി​ച്ചു. അവൾ തന്റെ ‘അമ്മാവി​യ​മ്മ​യോ​ടു​കൂ​ടെ​ത്തന്നെ പാർക്ക​യും ചെയ്‌തു.’ (രൂത്ത്‌ 2:22, 23) ഈ വാക്കു​ക​ളിൽനിന്ന്‌ രൂത്തിനെ ശ്രദ്ധേ​യ​യാ​ക്കുന്ന അവളുടെ ആ വിശേ​ഷ​പ്പെട്ട ഗുണം നമ്മൾ വീണ്ടും കാണു​ക​യാണ്‌: അചഞ്ചലസ്‌നേഹം! രൂത്തിന്റെ ഈ മാതൃക നമ്മളെ​യും ചിന്തി​പ്പി​ക്കേ​ണ്ട​തല്ലേ? കുടും​ബാം​ഗങ്ങൾ തമ്മിലുള്ള ഇഴയടു​പ്പ​ത്തിന്‌ നമ്മൾ വില കല്‌പി​ക്കു​ന്നു​ണ്ടോ? നമ്മുടെ പ്രിയ​പ്പെ​ട്ട​വരെ അകമഴിഞ്ഞ്‌ പിന്തു​ണ​ച്ചു​കൊണ്ട്‌ അവരോ​ടൊ​പ്പം നിൽക്കു​ന്നു​ണ്ടോ? ആവശ്യ​മു​ള്ള​പ്പോൾ സഹായ​വു​മാ​യി ഓടി​യെ​ത്താ​റു​ണ്ടോ? ഈ വിധങ്ങ​ളിൽ അചഞ്ചലസ്‌നേഹം കാണി​ക്കു​ന്ന​വരെ യഹോവ ഒരിക്ക​ലും ശ്രദ്ധി​ക്കാ​തെ പോകു​ക​യില്ല.

രൂത്തിന്റെയും നൊ​വൊ​മി​യു​ടെ​യും ജീവിതം, നമുക്കുള്ള കുടും​ബത്തെ അമൂല്യ​മാ​യി കരുത​ണ​മെന്ന്‌ നമ്മെ പഠിപ്പി​ക്കു​ന്നു

9. കുടും​ബം എന്താണ്‌ എന്നതി​നെ​ക്കു​റിച്ച്‌ രൂത്തി​ന്റെ​യും നൊ​വൊ​മി​യു​ടെ​യും കഥയിൽനിന്ന്‌ നമുക്ക്‌ എന്തു പഠിക്കാം?

9 ആ കുടും​ബ​ത്തിൽ ഇപ്പോൾ രൂത്തും നൊ​വൊ​മി​യും മാത്രം! അതിനെ ഒരു കുടും​ബ​മെന്ന്‌ വിളി​ക്കാ​നാ​കു​മോ എന്ന്‌ ചിലർ ചോദി​ച്ചേ​ക്കാം. ഒരു കുടും​ബ​മെ​ന്നാൽ ഭർത്താവ്‌, ഭാര്യ, മകൻ, മകൾ, മുത്തശ്ശീ​മു​ത്ത​ശ്ശ​ന്മാർ അങ്ങനെ എല്ലാവ​രും വേണ​മെ​ന്നാണ്‌ അവരുടെ പക്ഷം. എങ്കിലേ, അത്‌ ഒരു ‘യഥാർഥ​കു​ടും​ബ​മാ​കൂ’ എന്നാണ്‌ അക്കൂട്ട​രു​ടെ ധാരണ. പക്ഷേ, രൂത്തി​ന്റെ​യും നൊ​വൊ​മി​യു​ടെ​യും ജീവിതം നമ്മെ പഠിപ്പി​ക്കു​ന്നത്‌ മറ്റൊ​ന്നാണ്‌: കുടും​ബാം​ഗ​ങ്ങ​ളിൽ ഇപ്പോൾ അവശേ​ഷി​ക്കു​ന്നത്‌ ആരെല്ലാ​മാ​ണോ അവർ ചേർന്നു​ള്ളത്‌ ഒരു കുടും​ബം​ത​ന്നെ​യാണ്‌! കുടും​ബം അത്‌ എത്ര ചെറു​താ​ണെ​ങ്കി​ലും, രണ്ടുപേർ മാത്ര​മാ​ണെ​ങ്കിൽപ്പോ​ലും, പരസ്‌പരം ഹൃദയം തുറന്നു​കൊണ്ട്‌ സ്‌നേ​ഹ​വാ​ത്സ​ല്യ​ങ്ങൾ അലതല്ലുന്ന ഒരു ഇടമാക്കി മാറ്റാൻ യഹോ​വ​യു​ടെ ദാസന്മാർക്കാ​കും. നിങ്ങൾക്കുള്ള കുടും​ബത്തെ നിങ്ങൾ വില​പ്പെ​ട്ട​താ​യി കാണു​ന്നു​ണ്ടോ? ഇനി, കുടും​ബാം​ഗ​ങ്ങ​ളാ​യി ആരുമി​ല്ലാ​ത്ത​വ​രു​ടെ കാര്യ​മോ? അവർക്കും ഒരു കുടും​ബ​മുണ്ട്‌! ക്രിസ്‌തീ​യ​സ​ഭയെ ഒരു കുടും​ബ​മാ​യി കാണാ​നാ​കു​മെന്ന്‌ യേശു​ക്രിസ്‌തു തന്റെ അനുഗാ​മി​ക​ളോട്‌ പറഞ്ഞി​ട്ടുണ്ട്‌.—മർക്കോ. 10:29, 30.

രൂത്തും നൊ​വൊ​മി​യും പരസ്‌പരം പിന്തു​ണച്ചു, കരുത്ത്‌ പകർന്നു

അയാൾ “നമ്മുടെ വീണ്ടെ​ടു​പ്പു​കാ​രിൽ” ഒരുവ​നാണ്‌. . .

10. ഏത്‌ വിധത്തിൽ രൂത്തിനെ സഹായി​ക്കാ​നാണ്‌ നൊ​വൊ​മി ആഗ്രഹി​ച്ചത്‌?

10 ഏപ്രിൽ മാസത്തി​ലെ യവക്കൊയ്‌ത്തു​മു​തൽ ജൂൺ മാസത്തി​ലെ ഗോത​മ്പു​കൊയ്‌ത്തു​വരെ രൂത്ത്‌ ബോവ​സി​ന്റെ വയലിൽത്തന്നെ കാലാ​പെ​റു​ക്കാൻ പോയി. ആഴ്‌ചകൾ ഒന്നൊ​ന്നാ​യി കടന്നു​പൊയ്‌ക്കൊ​ണ്ടി​രു​ന്നു. താൻ പ്രാണ​നെ​പ്പോ​ലെ സ്‌നേ​ഹി​ക്കുന്ന ഈ മരുമ​കൾക്കു​വേണ്ടി തനിക്ക്‌ എന്തു ചെയ്യാ​നാ​കു​മെന്ന്‌ നൊ​വൊ​മി ഇപ്പോൾ കൂടെ​ക്കൂ​ടെ ചിന്തി​ക്കാ​റുണ്ട്‌. അങ്ങ്‌ മോവാ​ബി​ലാ​യി​രു​ന്ന​പ്പോൾ അവൾക്കു​വേണ്ടി ഒരു ഭർത്താ​വി​നെ കണ്ടെത്താൻ തനിക്കു കഴിയി​ല്ലെന്ന്‌ നൊ​വൊ​മിക്ക്‌ നല്ല ഉറപ്പാ​യി​രു​ന്നു. അത്‌ അവളോ​ടു പറഞ്ഞി​ട്ടു​മുണ്ട്‌. (രൂത്ത്‌ 1:11-13) ഈയി​ടെ​യാ​യി പക്ഷേ നൊ​വൊ​മി​യു​ടെ ആ ചിന്ത അല്‌പാല്‌പം മാറി​ത്തു​ടങ്ങി. ഒരു ദിവസം അവൾ രൂത്തിന്റെ അടുത്ത്‌ ചെന്നിട്ട്‌ ചോദി​ച്ചു: “മകളേ, നിനക്കു നന്നായി​രി​ക്കേ​ണ്ട​തി​ന്നു ഞാൻ നിനക്കു വേണ്ടി ഒരു വിശ്രാ​മ​സ്ഥലം അന്വേ​ഷി​ക്കേ​ണ്ട​യോ?” (രൂത്ത്‌ 3:1) മക്കൾക്കു​വേണ്ടി മാതാ​പി​താ​ക്കൾതന്നെ ഇണയെ കണ്ടെത്തുന്ന രീതി അക്കാലത്ത്‌ അവി​ടെ​യു​മു​ണ്ടാ​യി​രു​ന്നു. പ്രിയ​ങ്ക​രി​യായ ഈ മരുമകൾ നൊ​വൊ​മിക്ക്‌ ഒരു മകളായി എന്നേ മാറി​ക്ക​ഴി​ഞ്ഞി​രു​ന്നു! രൂത്തിന്‌ “ഒരു വിശ്രാ​മ​സ്ഥലം” കണ്ടെത്താൻ നൊ​വൊ​മി ആഗ്രഹി​ച്ചു. ഭർത്താ​വി​ന്റെ തണലും ഒരു വീടിന്റെ സ്വസ്ഥത​യും സുരക്ഷി​ത​ത്വ​വും ആണ്‌ നൊ​വൊ​മി “വിശ്രാ​മ​സ്ഥലം” എന്നതു​കൊണ്ട്‌ ഉദ്ദേശി​ച്ചത്‌. എന്നാൽ, നൊ​വൊ​മി അത്‌ എങ്ങനെ കണ്ടെത്തും?

11, 12. (എ) നൊ​വൊ​മി ബോവ​സി​നെ ‘വീണ്ടെ​ടു​പ്പു​കാ​രൻ’ എന്നു വിളി​ച്ച​തി​ലൂ​ടെ ന്യായ​പ്ര​മാ​ണ​ത്തി​ലെ ഏതു ക്രമീ​ക​ര​ണ​ത്തെ​ക്കു​റിച്ച്‌ സൂചി​പ്പി​ക്കു​ക​യാ​യി​രു​ന്നു? (ബി) നൊ​വൊ​മി​യു​ടെ ഉപദേ​ശ​ത്തോ​ടുള്ള രൂത്തിന്റെ പ്രതി​ക​രണം വിവരി​ക്കുക.

11 ബോവ​സി​നെ​ക്കു​റിച്ച്‌ രൂത്ത്‌ നൊ​വൊ​മി​യോട്‌ ആദ്യം പറഞ്ഞ​പ്പോൾത്തന്നെ അവൾ രൂത്തി​നോട്‌ പറഞ്ഞു: “ആയാൾ നമുക്കു അടുത്ത ചാർച്ച​ക്കാ​ര​നും നമ്മുടെ വീണ്ടെ​ടു​പ്പു​കാ​രിൽ ഒരുത്ത​നും ആകുന്നു.” (രൂത്ത്‌ 2:20) എന്താണ്‌ ആ പറഞ്ഞതി​ന്റെ അർഥം? ദൈവം ഇസ്രാ​യേ​ല്യർക്കു കൊടുത്ത ന്യായ​പ്ര​മാ​ണ​ത്തിൽ ചില പ്രത്യേക കരുത​ലു​ക​ളു​ണ്ടാ​യി​രു​ന്നു. ദാരി​ദ്ര്യ​ത്തി​ലാ​ണ്ടു​പോയ കുടും​ബ​ങ്ങൾക്കും പ്രിയ​പ്പെ​ട്ടവർ നഷ്ടപ്പെട്ട്‌ അനാഥ​രാ​കു​ന്ന​വർക്കും വേണ്ടി​യുള്ള ദൈവ​ത്തി​ന്റെ കരുണാർദ്ര​മായ കരുത​ലു​ക​ളാ​യി​രു​ന്നു അവ. അന്നത്തെ സാമൂ​ഹി​ക​സ്ഥി​തി​യിൽ ഒരു സ്‌ത്രീ വിധവ​യാ​കു​ക​യും മക്കളി​ല്ലാ​തി​രി​ക്കു​ക​യും ചെയ്‌താൽ അവളുടെ അവസ്ഥ അതിദ​യ​നീ​യ​മാ​യി​രു​ന്നു. കാരണം, ഭർത്താ​വി​ന്റെ പേരും അവകാ​ശ​വും വരും​ത​ല​മു​റ​ക​ളി​ലേക്ക്‌ കൈമാ​റാൻ അവൾക്ക്‌ ആരുമി​ല്ലാ​യി​രു​ന്നു. സകല പ്രതീ​ക്ഷ​ക​ളും അവിടം​കൊണ്ട്‌ അവസാ​നി​ക്കു​മാ​യി​രു​ന്നു. എന്നാൽ ന്യായ​പ്ര​മാ​ണ​മ​നു​സ​രിച്ച്‌, മരിച്ചു​പോയ ആളുടെ സഹോ​ദരൻ ഈ വിധവയെ വിവാഹം കഴിച്ച്‌ അവളിൽ തന്റെ സഹോ​ദ​ര​നു​വേണ്ടി ഒരു അവകാ​ശി​യെ ജനിപ്പി​ക്ക​ണ​മാ​യി​രു​ന്നു. മരിച്ചു​പോയ ഭർത്താ​വി​ന്റെ പേരി​നും കുടും​ബ​സ്വ​ത്തി​നും ഈ കുട്ടി അവകാ​ശി​യാ​യി​ത്തീ​രും. ഈ ക്രമീ​ക​ര​ണ​ത്തെ​ക്കു​റി​ച്ചാണ്‌ നൊ​വൊ​മി സൂചി​പ്പി​ച്ചത്‌. bആവ. 25:5-7.

12 നൊ​വൊ​മി ഒരു പദ്ധതി തയ്യാറാ​ക്കി. എന്നിട്ട്‌ അത്‌ രൂത്തി​നോട്‌ വിവരി​ച്ചു. ഓരോ​ന്നും വിവരി​ക്കു​മ്പോൾ, വിടർന്ന കണ്ണുക​ളോ​ടെ അമ്മായി​യ​മ്മ​യു​ടെ മുഖ​ത്തേക്കു നോക്കി​നിൽക്കുന്ന രൂത്തിനെ നിങ്ങൾക്കു കാണാ​നാ​കു​ന്നു​ണ്ടോ? ഇസ്രാ​യേ​ലി​ന്റെ നിയമങ്ങൾ പലതും അവൾക്കു പുതി​യ​താണ്‌. അതിൽ പലതി​നെ​ക്കു​റി​ച്ചും അവൾ കേട്ടി​ട്ടു​പോ​ലു​മില്ല. എങ്കിലും, നൊ​വൊ​മി​യോട്‌ അവൾക്ക്‌ അതിയായ ആദരവു​ണ്ടാ​യി​രു​ന്ന​തു​കൊണ്ട്‌, നൊ​വൊ​മി പറഞ്ഞ ഓരോ വാക്കും അവൾ ശ്രദ്ധിച്ച്‌ കേട്ടു. നൊ​വൊ​മി അവൾക്ക്‌ ഉപദേ​ശി​ച്ചു​കൊ​ടുത്ത കാര്യങ്ങൾ വിചി​ത്ര​മാ​യി അവൾക്കു തോന്നി​യി​രി​ക്കാം, അവൾക്ക്‌ ജാള്യ​വും തോന്നി​യി​രി​ക്കാം. പോരാ​ത്ത​തിന്‌, അപമാ​നി​ത​യാ​കാ​നുള്ള സാധ്യ​ത​യും അതിനു​ണ്ടാ​യി​രു​ന്നു. എന്നിട്ടും രൂത്ത്‌ സമ്മതിച്ചു! വിനയ​ത്തോ​ടെ അവൾ പറഞ്ഞു: “നീ പറയു​ന്ന​തൊ​ക്കെ​യും ഞാൻ ചെയ്യാം.”—രൂത്ത്‌ 3:5.

13. മുതിർന്ന​വ​രു​ടെ ഉപദേശം സ്വീക​രി​ക്കുന്ന കാര്യ​ത്തിൽ രൂത്ത്‌ നമുക്ക്‌ എന്തു മാതൃ​ക​വെച്ചു? (ഇയ്യോബ്‌ 12:12-ഉം കാണുക.)

13 ചെറു​പ്പ​ക്കാർക്ക്‌ ചില​പ്പോ​ഴൊ​ക്കെ തങ്ങളെ​ക്കാൾ പ്രായ​വും അനുഭ​വ​പ​രി​ച​യ​വും ഉള്ളവരു​ടെ ഉപദേശം അനുസ​രി​ക്കാൻ ബുദ്ധി​മുട്ട്‌ തോന്നാ​റുണ്ട്‌. ചെറു​പ്പ​ക്കാ​രു​ടെ വിഷമ​ങ്ങ​ളും പ്രശ്‌ന​ങ്ങ​ളും പ്രായ​മു​ള്ള​വർക്ക്‌ അത്ര മനസ്സി​ലാ​കില്ല എന്നു ചിന്തി​ക്കു​ന്ന​താ​യി​രി​ക്കാം കാരണം. എന്നാൽ രൂത്തിന്റെ വിനയ​വും നല്ല മാതൃ​ക​യും നമ്മോട്‌ എന്താണ്‌ പറയു​ന്നത്‌? നമ്മളെ സ്‌നേ​ഹി​ക്കു​ക​യും നമ്മുടെ നന്മ മാത്രം മനസ്സിൽ കാണു​ക​യും ചെയ്യുന്ന മുതിർന്ന​വ​രു​ടെ ഉപദേ​ശങ്ങൾ കേട്ടനു​സ​രി​ച്ചാൽ അത്‌ നമ്മുടെ നന്മയിലേ കലാശി​ക്കൂ! (സങ്കീർത്തനം 71:17, 18 വായി​ക്കുക.) അതിരി​ക്കട്ടെ, എന്തായി​രു​ന്നു നൊ​വൊ​മി ഉപദേ​ശി​ച്ചു​കൊ​ടുത്ത പദ്ധതി? അത്‌ അനുസ​രിച്ച രൂത്തിന്‌ നന്മയു​ണ്ടാ​യോ?

മെതി​ക്ക​ള​ത്തി​ലേക്കു പോകുന്ന രൂത്ത്‌

14. അന്നത്തെ മെതി​ക്കളം എങ്ങനെ ആയിരു​ന്നു, എന്തായി​രു​ന്നു അതിന്റെ ഉപയോ​ഗം?

14 അന്നു വൈകു​ന്നേരം, രൂത്ത്‌ മെതി​ക്ക​ള​ത്തി​ലേക്കു പോയി. മണ്ണിട്ട്‌ ഉറപ്പി​ച്ചെ​ടുത്ത നിരപ്പായ ഒരു സ്ഥലമാണ്‌ മെതി​ക്കളം. കൊയ്‌തെ​ടുത്ത ധാന്യം മെതി​ക്കാ​നും പതിരു നീക്കാ​നും പല കൃഷി​ക്കാ​രും അവി​ടെ​യാണ്‌ വരുന്നത്‌. കുന്നിൻചെ​രി​വി​നോ​ടു ചേർന്നോ കുന്നി​ന്മു​ക​ളി​ലോ ആണ്‌ സാധാ​ര​ണ​യാ​യി മെതി​ക്കളം ഒരുക്കാറ്‌. ഉച്ചതി​രി​ഞ്ഞും വൈകു​ന്നേ​ര​ത്തും അവിടെ നല്ല കാറ്റ്‌ കിട്ടും. പതിരും വൈ​ക്കോൽത്തു​ണ്ടു​ക​ളും നീക്കി ധാന്യം വേർതി​രി​ച്ചെ​ടു​ക്കാൻ ജോലി​ക്കാർ വലിയ കോരി​കകൾ ഉപയോ​ഗി​ക്കു​മാ​യി​രു​ന്നു. മെതി​ച്ചി​ട്ടി​രി​ക്കുന്ന ധാന്യം കോരി​ക​യി​ലെ​ടുത്ത്‌ കാറ്റിന്റെ ദിശ നോക്കി അവർ മുകളി​ലേക്ക്‌ എറിയും. പതിരും വൈ​ക്കോൽപ്പൊ​ടി​ക​ളും കാറ്റത്ത്‌ പറന്നു​പോ​കും. ധാന്യ​മ​ണി​കൾ നിലത്ത്‌ വീഴു​ക​യും ചെയ്യും.

15, 16. (എ) വൈകു​ന്നേരം ബോവസ്‌ ജോലി അവസാ​നി​പ്പി​ച്ച​ശേ​ഷ​മുള്ള മെതി​ക്ക​ള​ത്തി​ലെ രംഗം വിവരി​ക്കുക. (ബി) രൂത്ത്‌ തന്റെ കാൽക്കൽ കിടക്കു​ന്നു​ണ്ടെന്ന്‌ ബോവസ്‌ തിരി​ച്ച​റി​ഞ്ഞത്‌ എങ്ങനെ?

15 സന്ധ്യമ​യ​ങ്ങി​ത്തു​ടങ്ങി. എല്ലാവ​രും ജോലി അവസാ​നി​പ്പി​ക്കു​ക​യാണ്‌. അതും നോക്കി കാത്തി​രി​ക്കു​ക​യാണ്‌ രൂത്ത്‌. തന്റെ ധാന്യം പതിരു നീക്കു​ന്നതു കാണാൻ ബോവസ്‌ മെതി​ക്ക​ള​ത്തിൽ എത്തി. വലിയ കൂനയാ​യി കൂട്ടി​യി​രി​ക്കു​ക​യാണ്‌ ധാന്യം! ഭക്ഷണപാ​നീ​യ​ങ്ങൾക്ക്‌ ശേഷം മനസ്സ്‌ നിറഞ്ഞ്‌ ധാന്യ​ക്കൂ​മ്പാ​ര​ത്തി​ന്റെ ഒരറ്റത്ത്‌ അവൻ ഉറങ്ങാൻ കിടന്നു. ധാന്യ​ക്കൂ​മ്പാ​ര​ത്തിന്‌ കാവൽ കിടക്കു​ന്നത്‌ അവിടു​ത്തെ ഒരു പതിവു​രീ​തി​യാ​ണെന്ന്‌ തോന്നു​ന്നു. വിലപ്പെട്ട വിളവ്‌ കള്ളന്മാ​രും കവർച്ച​ക്കാ​രും കൊണ്ടു​പോ​കാ​തെ സൂക്ഷി​ക്കാൻ കണ്ടെത്തിയ മാർഗ​മാ​യി​രി​ക്കാം ഇത്‌. ബോവസ്‌ ഉറങ്ങാൻ കിടക്കു​ന്നത്‌ രൂത്ത്‌ കണ്ടു. നൊ​വൊ​മി പറഞ്ഞു​കൊ​ടുത്ത പദ്ധതി നടപ്പാ​ക്കാ​നുള്ള സമയമാ​യി.

16 രൂത്ത്‌ ശബ്ദമു​ണ്ടാ​ക്കാ​തെ ബോവസ്‌ കിടക്കു​ന്ന​തിന്‌ അടു​ത്തേക്ക്‌ നീങ്ങി. അവളുടെ ഹൃദയം ശക്തിയാ​യി മിടി​ക്കു​ന്നുണ്ട്‌. ബോവസ്‌ ഗാഢനി​ദ്ര​യി​ലാ​യെന്ന്‌ അവൾ ഉറപ്പു​വ​രു​ത്തി. നൊ​വൊ​മി പറഞ്ഞതു​പോ​ലെ​തന്നെ അവൾ അവന്റെ കാൽക്ക​ലേക്കു ചെന്നു. എന്നിട്ട്‌ കാലിലെ പുതപ്പ്‌ സാവധാ​നം മാറ്റി. പിന്നെ മെല്ലെ അവന്റെ പാദങ്ങൾക്ക്‌ അരികെ കിടന്നു. അവൾ ഉറങ്ങാതെ കിടക്കു​ക​യാണ്‌. സമയം കടന്നു​പൊയ്‌ക്കൊ​ണ്ടി​രു​ന്നു. ഓരോ നിമി​ഷ​വും യുഗങ്ങൾപോ​ലെ അവൾക്കു തോന്നി! അങ്ങനെ ഏതാണ്ട്‌ പാതി​രാ​ത്രി​യാ​യ​പ്പോൾ തണുത്തു​വി​റച്ച്‌ ഉറക്കം തെളിഞ്ഞ ബോവസ്‌, പുത​പ്പെ​ടുത്ത്‌ കാൽ മൂടാ​നാ​യി​രി​ക്കണം മുന്നോ​ട്ടാ​ഞ്ഞു. പക്ഷേ, അവിടെ ആരോ കിടക്കു​ന്ന​തു​പോ​ലെ അവനു തോന്നി. അതാ ‘തന്റെ കാല്‌ക്കൽ ഒരു സ്‌ത്രീ കിടക്കു​ന്നു!’—രൂത്ത്‌ 3:8.

17. രൂത്തിന്റെ പ്രവൃത്തി അനുചി​ത​മാ​യി​രു​ന്നെന്ന്‌ ആരോ​പി​ക്കു​ന്നവർ കണക്കി​ലെ​ടു​ക്കാൻ മറന്നു​പോ​കുന്ന രണ്ട്‌ ലളിത​മായ വസ്‌തു​തകൾ ഏവ?

17 ‘നീ ആരാണ്‌’ ബോവസ്‌ ചോദി​ച്ചു. രൂത്ത്‌ മറുപടി നൽകി: “ഞാൻ നിന്റെ ദാസി​യായ രൂത്ത്‌, നിന്റെ പുതപ്പു അടിയന്റെ മേൽ ഇടേണമേ; നീ വീണ്ടെ​ടു​പ്പു​കാ​ര​ന​ല്ലോ.” അതു പറയു​മ്പോൾ അവളുടെ ശബ്ദം വിറച്ചി​ട്ടു​ണ്ടാ​വി​ല്ലേ? (രൂത്ത്‌ 3:9) ചില ആധുനി​ക​വ്യാ​ഖ്യാ​താ​ക്കൾ രൂത്തിന്റെ വാക്കു​ക​ളും പ്രവൃ​ത്തി​ക​ളും ലൈം​ഗി​ക​ച്ചുവ കലർന്ന​താ​ണെന്ന്‌ വരുത്തി​ത്തീർക്കാൻ ശ്രമി​ക്കു​ന്നു. അവർ പക്ഷേ, ലളിത​മായ രണ്ടു വസ്‌തു​തകൾ മറക്കുന്നു. ഒന്നാമ​താ​യി, രൂത്ത്‌ അന്നത്തെ നാട്ടു​ന​ട​പ്പും ആചാര​വും അനുസ​രിച്ച്‌ പ്രവർത്തി​ക്കു​ക​യാ​യി​രു​ന്നു. അവയിൽ പലതും ഇന്ന്‌ സാധാ​ര​ണമല്ല, പലതും മുഴു​വ​നാ​യി മനസ്സി​ലാ​യെ​ന്നും വരില്ല. ഇന്നത്തെ അധഃപ​തിച്ച സദാചാ​ര​മൂ​ല്യ​ങ്ങ​ളു​ടെ ചെളി​പു​രണ്ട കണ്ണടയിൽക്കൂ​ടി രൂത്തിന്റെ പ്രവൃ​ത്തി​കൾ നോക്കി​ക്കാ​ണു​ന്നത്‌ തികച്ചും തെറ്റാണ്‌. രണ്ടാമ​താ​യി, ബോവ​സി​ന്റെ പ്രതി​ക​രണം. അവൻ രൂത്തിന്റെ പെരു​മാ​റ്റ​ത്തിൽ അശുദ്ധി​യോ പോരായ്‌മ​യോ ഒന്നും കണ്ടില്ല. മറിച്ച്‌, അവളുടെ പ്രവൃ​ത്തി​യെ അവൻ അങ്ങേയറ്റം പുകഴ്‌ത്തു​ക​യാണ്‌ ചെയ്‌തത്‌.

ബോവസിന്റെ അടുക്കൽ ചെന്ന രൂത്തിന്റെ മനസ്സ്‌ ശുദ്ധവും, ഉദ്ദേശ്യം നിസ്വാർഥ​വും ആയിരു​ന്നു

18. രൂത്തിനെ സമാധാ​നി​പ്പി​ക്കാൻ ബോവസ്‌ എന്താണ്‌ പറഞ്ഞത്‌, അവൾ ദയ കാണിച്ച ഏത്‌ രണ്ടു സന്ദർഭ​ങ്ങ​ളാണ്‌ ബോവസ്‌ ഉദ്ദേശി​ച്ചത്‌?

18 ബോവസ്‌ അവളോ​ടു പറഞ്ഞു: “മകളേ, നീ യഹോ​വ​യാൽ അനു​ഗ്ര​ഹി​ക്ക​പ്പെ​ട്ടവൾ; ദരി​ദ്ര​ന്മാ​രോ ധനവാ​ന്മാ​രോ ആയ ബാല്യ​ക്കാ​രെ നീ പിന്തു​ട​രാ​തി​രി​ക്ക​യാൽ ആദ്യ​ത്തേ​തിൽ അധികം ദയ ഒടുവിൽ കാണി​ച്ചി​രി​ക്കു​ന്നു.” (രൂത്ത്‌ 3:10) അവന്റെ സൗമ്യ​വും സാന്ത്വ​നി​പ്പി​ക്കു​ന്ന​തും ആയ വാക്കുകൾ രൂത്തിനെ സമാധാ​നി​പ്പി​ച്ചി​ട്ടുണ്ട്‌, തീർച്ച. “ആദ്യ​ത്തേ​തിൽ” എന്ന്‌ ബോവസ്‌ പറഞ്ഞത്‌ രൂത്ത്‌ നൊ​വൊ​മി​യോ​ടു കാണിച്ച അചഞ്ചലസ്‌നേ​ഹ​ത്തെ​ക്കു​റി​ച്ചാണ്‌. നൊ​വൊ​മി​യു​ടെ കൂടെ ഇസ്രാ​യേ​ലി​ലേക്കു പോരാ​നും നൊ​വൊ​മി​യെ പരിച​രി​ക്കാ​നും അവൾ മനസ്സു കാട്ടി​യ​ല്ലോ. ‘ഒടുവി​ല​ത്തേ​തിൽ’ എന്ന്‌ അവൻ പറഞ്ഞത്‌ അവൾ ഇപ്പോൾ ചെയ്‌ത പ്രവൃ​ത്തി​യെ​ക്കു​റി​ച്ചാണ്‌. രൂത്തി​നെ​പ്പോ​ലെ ചെറു​പ്പ​ക്കാ​രി​യായ ഒരു സ്‌ത്രീക്ക്‌ ബോവ​സി​നെ​ക്കാൾ പ്രായം കുറഞ്ഞ ഒരു ഭർത്താ​വി​നെ കിട്ടാൻ ബുദ്ധി​മു​ട്ടില്ല, അവർ പണക്കാ​രോ പാവ​പ്പെ​ട്ട​വ​രോ ആരായി​രു​ന്നാ​ലും. ബോവസ്‌ അക്കാര്യം പ്രത്യേ​കം ശ്രദ്ധിച്ചു. എന്നാൽ ഈ പ്രവൃ​ത്തി​യി​ലൂ​ടെ രൂത്ത്‌ നൊ​വൊ​മി​യോ​ടു മാത്രമല്ല, നൊ​വൊ​മി​യു​ടെ മരിച്ചു​പോയ ഭർത്താ​വി​നോ​ടും ദയ കാണി​ക്കു​ക​യാ​യി​രു​ന്നു. ആ മനുഷ്യ​ന്റെ പേര്‌ സ്വദേ​ശത്ത്‌ നിലനി​റു​ത്താൻ അവൾ ആഗ്രഹി​ച്ചു. ഈ യുവതി​യു​ടെ നിസ്വാർഥ​മായ പ്രവൃത്തി ബോവ​സി​ന്റെ ഹൃദയത്തെ സ്‌പർശി​ച്ചത്‌ എന്തു​കൊ​ണ്ടെന്നു മനസ്സി​ലാ​ക്കാൻ നമുക്ക്‌ ഒട്ടും വിഷമ​മില്ല.

19, 20. (എ) ബോവസ്‌ അപ്പോൾത്തന്നെ വിവാ​ഹ​ത്തിന്‌ സമ്മതി​ക്കാ​തി​രു​ന്നത്‌ എന്തു​കൊണ്ട്‌? (ബി) ബോവസ്‌ രൂത്തി​നോട്‌ ദയ കാണി​ച്ചത്‌ എങ്ങനെ, അവളുടെ സത്‌പേര്‌ കളങ്ക​പ്പെ​ടാ​തെ ജാഗ്ര​ത​യോ​ടെ ഇടപെ​ട്ടത്‌ എങ്ങനെ?

19 ബോവസ്‌ തുടർന്നു: “ആകയാൽ മകളേ, ഭയപ്പെ​ടേണ്ടാ; നീ ചോദി​ക്കു​ന്ന​തൊ​ക്കെ​യും ഞാൻ ചെയ്‌തു​ത​രാം; നീ ഉത്തമ സ്‌ത്രീ എന്നു എന്റെ ജനമായ പട്ടണക്കാർക്കു എല്ലാവർക്കും അറിയാം.” (രൂത്ത്‌ 3:11) വീണ്ടെ​ടു​പ്പു​കാ​ര​നാ​കാ​നുള്ള രൂത്തിന്റെ അപേക്ഷ അവനെ ഏറെ​യൊ​ന്നും അമ്പരപ്പി​ച്ചു​കാ​ണില്ല. രൂത്തിനെ വിവാഹം കഴിക്കാ​നുള്ള സാധ്യത അവനെ സന്തോ​ഷി​പ്പി​ച്ചു​താ​നും. എന്നാൽ, അവൻ നീതി​മാ​നായ ഒരു മനുഷ്യ​നാ​യി​രു​ന്ന​തു​കൊണ്ട്‌ സ്വന്തം ഇഷ്ടമനു​സ​രിച്ച്‌ മാത്രം തീരു​മാ​ന​മെ​ടു​ക്കാൻ ആഗ്രഹി​ച്ചില്ല. അവൾക്ക്‌ മറ്റൊരു വീണ്ടെ​ടു​പ്പു​കാ​രൻകൂ​ടി​യു​ണ്ടെ​ന്നും നൊ​വൊ​മി​യു​ടെ ഭർത്താ​വി​ന്റെ കുറെ​ക്കൂ​ടി അടുത്ത ബന്ധു അയാളാ​ണെ​ന്നും ബോവസ്‌ രൂത്തി​നോ​ടു പറഞ്ഞു. ആ മനുഷ്യ​നെ കണ്ട്‌ കാര്യം പറഞ്ഞ്‌ രൂത്തിനെ വിവാഹം കഴിക്കാൻ സമ്മതമാ​ണോ എന്നു ചോദി​ക്കാൻ ബോവസ്‌ തീരു​മാ​നി​ച്ചു.

രൂത്ത്‌ മറ്റുള്ള​വ​രോട്‌ ദയയോ​ടെ​യും ആദര​വോ​ടെ​യും ഇടപെട്ടു, അത്‌ അവൾക്ക്‌ സത്‌കീർത്തി നേടി​ക്കൊ​ടു​ത്തു

20 നേരം വെളു​ക്കാ​റാ​കു​ന്ന​തു​വരെ അവി​ടെ​ത്തന്നെ കിടന്നു​കൊ​ള്ളാൻ രൂത്തി​നോട്‌ ബോവസ്‌ പറഞ്ഞു. വെളിച്ചം വീഴു​ന്ന​തിന്‌ മുമ്പ്‌ ആരും കാണാതെ അവൾക്ക്‌ വീട്ടി​ലേക്കു മടങ്ങു​ക​യും ചെയ്യാം. അവളുടെ പേരും തന്റെ പേരും കളങ്ക​പ്പെ​ടാ​തി​രി​ക്കാൻ അവൻ ആഗ്രഹി​ച്ചു. അല്ലാത്ത​പക്ഷം, അരുതാ​ത്തത്‌ എന്തെങ്കി​ലും സംഭവി​ച്ചെന്ന്‌ ആരെങ്കി​ലു​മൊ​ക്കെ പറഞ്ഞു​പ​ര​ത്തി​യാ​ലോ! രൂത്ത്‌ വീണ്ടും അവന്റെ കാൽക്കൽ കിടന്നു. ഇത്തവണ അവൾക്ക്‌ തുടക്ക​ത്തി​ലേ​തു​പോ​ലുള്ള പരി​ഭ്ര​മ​മില്ല. കാരണം തന്റെ അപേക്ഷ അവൻ ദയയോ​ടെ കൈ​ക്കൊ​ണ്ട​ല്ലോ. അങ്ങനെ പുലരി​വെ​ളി​ച്ചം പരക്കു​ന്ന​തി​നു മുമ്പേ, ഇരുട്ടു​ള്ള​പ്പോൾത്തന്നെ, അവൾ എഴു​ന്നേറ്റു. ബോവസ്‌ അവളോട്‌ അവളുടെ മേലങ്കി വിരി​ച്ചു​പി​ടി​ക്കാൻ പറഞ്ഞു. അവൻ അതിൽ യവം നിറച്ചു​കൊ​ടു​ത്തു. പിന്നെ അവൾ ബേത്ത്‌ലെ​ഹെ​മി​ലെ തന്റെ വീട്ടി​ലേക്കു മടങ്ങി.രൂത്ത്‌ 3:13-15 വായി​ക്കുക.

21. രൂത്ത്‌ “ഉത്തമ സ്‌ത്രീ” എന്ന്‌ അറിയ​പ്പെ​ടാ​നി​ട​യാ​യത്‌ എങ്ങനെ, അവളുടെ മാതൃക നമുക്ക്‌ അനുക​രി​ക്കാൻ കഴിയു​ന്നത്‌ എങ്ങനെ?

21 ജനത്തി​നി​ട​യിൽ അവൾ ഒരു “ഉത്തമ സ്‌ത്രീ”യായി​ട്ടാണ്‌ അറിയ​പ്പെ​ടു​ന്ന​തെന്ന്‌ ബോവസ്‌ അവളോ​ടു പറഞ്ഞു. ബോവസ്‌ പറഞ്ഞതി​നെ​ക്കു​റിച്ച്‌ പിന്നീട്‌ അവൾ ചിന്തി​ച്ചി​ട്ടു​ണ്ടാ​വി​ല്ലേ? അപ്പോൾ അവളുടെ മനസ്സിൽ അഭിമാ​നം നിറഞ്ഞി​ട്ടു​ണ്ടാ​കും! യഹോ​വയെ അറിയാ​നും അവനെ സേവി​ക്കാ​നും അതിയാ​യി ആഗ്രഹി​ച്ച​തു​കൊ​ണ്ടാണ്‌ ഇപ്പോൾ അവൾക്ക്‌ ഈ സത്‌പേ​രും പ്രശം​സ​യും കിട്ടി​യി​രി​ക്കു​ന്നത്‌. അതുമാ​ത്രമല്ല, നൊ​വൊ​മി​യോ​ടും അവളുടെ ജനത്തോ​ടും രൂത്ത്‌ വലിയ ദയ കാണി​ക്കു​ക​യും അവരുടെ വികാ​ര​ങ്ങളെ അങ്ങേയറ്റം മാനി​ക്കു​ക​യും ചെയ്‌തു. രൂത്തിന്‌ കേട്ടറി​വു​പോ​ലും ഇല്ലാതി​രുന്ന ഇസ്രാ​യേ​ലി​ലെ ആചാര​ങ്ങ​ളും പെരു​മാ​റ്റ​രീ​തി​ക​ളും മനസ്സോ​ടെ സ്വീക​രി​ച്ചു​കൊ​ണ്ടാണ്‌ അവൾ അങ്ങനെ ചെയ്‌തത്‌. രൂത്തിന്റെ വിശ്വാ​സം അനുക​രി​ക്കാൻ ആഗ്രഹി​ക്കു​ന്നെ​ങ്കിൽ, നമ്മൾ മറ്റുള്ള​വ​രെ​യും അവരുടെ ആചാര​രീ​തി​ക​ളെ​യും മര്യാ​ദ​ക​ളെ​യും ഒക്കെ അങ്ങേയറ്റം മാനി​ക്കും. അങ്ങനെ ചെയ്‌താൽ നമ്മെപ്പറ്റി ആളുകൾ നല്ലതു പറയും, നമുക്ക്‌ സത്‌കീർത്തി​യു​ണ്ടാ​കു​ക​യും ചെയ്യും.

രൂത്തിന്‌ ഒരു വിശ്രാ​മ​സ്ഥ​ലം

22, 23. (എ) ബോവസ്‌ രൂത്തിന്‌ നൽകിയ സമ്മാന​ത്തി​ന്റെ അർഥം എന്തായി​രി​ക്കാം? (അടിക്കു​റി​പ്പും കാണുക.) (ബി) നൊ​വൊ​മി രൂത്തി​നോട്‌ എന്തു ചെയ്യാൻ പറഞ്ഞു?

22 രൂത്ത്‌ തിരി​ച്ചെ​ത്തി​യ​പ്പോൾ, “നിന്റെ കാര്യം എന്തായി മകളേ” എന്ന്‌ നൊ​വൊ​മി ചോദി​ച്ചു. നൊ​വൊ​മി​യു​ടെ ചോദ്യ​ത്തി​ന്റെ അർഥം എന്തായി​രു​ന്നു? രൂത്തിനെ വിവാഹം കഴിക്കാൻ വീണ്ടെ​ടു​പ്പു​കാ​രൻ സമ്മതി​ച്ചോ ഇല്ലയോ എന്നായി​രി​ക്കാം. രൂത്ത്‌ ഉടനെ, ബോവ​സും താനും തമ്മിൽ നടന്ന സംഭാ​ഷ​ണങ്ങൾ വള്ളിപു​ള്ളി വിടാതെ അമ്മയെ പറഞ്ഞ്‌ കേൾപ്പി​ച്ചു. നൊ​വൊ​മിക്ക്‌ കൊടു​ക്കാൻ പറഞ്ഞ്‌ ബോവസ്‌ ഉദാര​മാ​യി കൊടു​ത്തു​വിട്ട യവവും അവൾ അമ്മയെ ഏൽപ്പിച്ചു. cരൂത്ത്‌ 3:16, 17.

23 രൂത്തി​നോട്‌ അന്നു വയലിൽ കാലാ​പെ​റു​ക്കാൻ പോകാ​തെ വീട്ടിൽ സ്വസ്ഥമാ​യി​രി​ക്കാൻ വിവേ​ക​മ​തി​യായ നൊ​വൊ​മി പറഞ്ഞു. അവൾ രൂത്തിന്‌ ഇങ്ങനെ​യൊ​രു ഉറപ്പും കൊടു​ത്തു: “ഈ കാര്യം എന്താകു​മെന്നു അറിയു​വോ​ളം നീ അനങ്ങാ​തി​രിക്ക; ഇന്നു ഈ കാര്യം തീർക്കും​വരെ ആയാൾ സ്വസ്ഥമാ​യി​രി​ക്ക​യില്ല.”—രൂത്ത്‌ 3:18.

24, 25. (എ) നീതി​മാ​നും നിസ്വാർഥ​നും ആയ ഒരു മനുഷ്യ​നാണ്‌ താൻ എന്ന്‌ ബോവസ്‌ തെളി​യി​ച്ചത്‌ എങ്ങനെ? (ബി) ഏതെല്ലാം വിധങ്ങ​ളി​ലാണ്‌ രൂത്ത്‌ അനു​ഗ്ര​ഹി​ക്ക​പ്പെ​ട്ടത്‌?

24 ബോവ​സി​നെ​ക്കു​റി​ച്ചുള്ള നൊ​വൊ​മി​യു​ടെ കണക്കു​കൂ​ട്ടൽ തെറ്റി​യില്ല! അവൻ പട്ടണവാ​തിൽക്ക​ലേക്കു പോയി. അവി​ടെ​യാണ്‌ സാധാ​ര​ണ​യാ​യി പട്ടണത്തി​ലെ മൂപ്പന്മാർ സമ്മേളി​ക്കാറ്‌. വീണ്ടെ​ടു​പ്പ​വ​കാ​ശ​മുള്ള മറ്റേ ബന്ധു അതുവഴി വരുന്ന​തു​വരെ അവൻ അവിടെ കാത്തി​രു​ന്നു. ആ മനുഷ്യൻ വന്നപ്പോൾ ബോവസ്‌ കാര്യം അവതരി​പ്പി​ച്ചു. രൂത്തിനെ വിവാഹം കഴിക്കാ​നും അങ്ങനെ വീണ്ടെ​ടു​പ്പു​കാ​ര​നാ​കാ​നും അയാൾക്ക്‌ അവസര​മു​ണ്ടെന്ന്‌ അയാ​ളോ​ടു പറഞ്ഞു. ഇതി​നെ​ല്ലാം സാക്ഷി​ക​ളും ഹാജരു​ണ്ടാ​യി​രു​ന്നു. പക്ഷേ, അയാൾ വിസമ്മ​തി​ച്ചു. കാരണം, അങ്ങനെ ചെയ്‌താൽ തന്റെ അവകാശം നഷ്ടപ്പെ​ടു​ത്തേ​ണ്ടി​വ​രു​മെന്ന്‌ അയാൾ പറഞ്ഞു. അപ്പോൾ പട്ടണവാ​തിൽക്കൽവെച്ച്‌ സാക്ഷി​ക​ളു​ടെ മുമ്പാകെ ബോവസ്‌ തന്റെ തീരു​മാ​നം വെളി​പ്പെ​ടു​ത്തി. താൻ വീണ്ടെ​ടു​പ്പു​കാ​ര​നാ​യി​ക്കൊ​ള്ളാം എന്ന തീരു​മാ​നം! നൊ​വൊ​മി​യു​ടെ മരിച്ചു​പോയ ഭർത്താ​വായ എലീ​മേ​ലെ​ക്കി​ന്റെ സ്ഥലം വാങ്ങി​ക്കൊ​ള്ളാ​മെ​ന്നും എലീ​മേ​ലെ​ക്കി​ന്റെ മകനായ മഹ്ലോന്റെ ഭാര്യ​യാ​യി​രുന്ന രൂത്തിനെ വിവാഹം കഴിച്ചു​കൊ​ള്ളാ​മെ​ന്നും ബോവസ്‌ പറഞ്ഞു. “മരിച്ച​വന്റെ പേർ അവന്റെ അവകാ​ശ​ത്തി​ന്മേൽ” നിലനി​റു​ത്താൻ താൻ ആഗ്രഹി​ക്കു​ന്നെ​ന്നും അതിനു​വേ​ണ്ടി​യാണ്‌ ഇങ്ങനെ ചെയ്യു​ന്ന​തെ​ന്നും ബോവസ്‌ അവരെ അറിയി​ച്ചു. (രൂത്ത്‌ 4:1-10) നീതി​മാ​നും നിസ്വാർഥ​നും ആയ ഒരു മനുഷ്യ​നാണ്‌ ബോവസ്‌ എന്നതിന്‌ ഈ സംഭവം അടിവ​ര​യി​ടു​ന്നു.

25 ബോവസ്‌ രൂത്തിനെ വിവാഹം കഴിച്ചു. പിന്നെ നാം ഇങ്ങനെ വായി​ക്കു​ന്നു: “യഹോവ അവൾക്കു ഗർഭം നല്‌കി; അവൾ ഒരു മകനെ പ്രസവി​ച്ചു.” ബേത്ത്‌ലെ​ഹെ​മി​ലെ സ്‌ത്രീ​കൾ നൊ​വൊ​മി​യെ പുകഴ്‌ത്തി. ഏഴു പുത്ര​ന്മാ​രെ​ക്കാൾ ഉത്തമയായ മകളാണ്‌ രൂത്ത്‌ എന്നു പറഞ്ഞ്‌ അവർ അവളെ​യും പ്രശം​സി​ച്ചു. രൂത്തിന്റെ ഈ മകന്റെ കൊച്ചു​മ​ക​നാണ്‌ പിന്നീട്‌ ഇസ്രാ​യേ​ലി​ലെ മഹാരാ​ജാ​വാ​യി​ത്തീർന്ന ദാവീദ്‌. (രൂത്ത്‌ 4:11-22) ദാവീ​ദി​ന്റെ കുടും​ബ​ത്തി​ലാണ്‌ പിന്നീട്‌ യേശു​ക്രിസ്‌തു ജനിക്കു​ന്നത്‌.—മത്താ. 1:1. d

മിശിഹായുടെ ഒരു പൂർവ​മാ​താ​വാ​കാ​നുള്ള പദവി നൽകി യഹോവ രൂത്തിനെ അനു​ഗ്ര​ഹി​ച്ചു

26. രൂത്തി​ന്റെ​യും നൊ​വൊ​മി​യു​ടെ​യും ജീവി​തകഥ നമ്മളെ പഠിപ്പി​ക്കു​ന്നത്‌ എന്താണ്‌?

26 രൂത്ത്‌ യഹോ​വ​യാൽ അനുഗൃ​ഹീ​ത​യാ​യി, ഒപ്പം നൊ​വൊ​മി​യും. രൂത്തിന്റെ മകൻ നൊ​വൊ​മിക്ക്‌ സ്വന്തം മകനെ​പ്പോ​ലെ ആയിരു​ന്നു. വിനീ​ത​രായ ഈ രണ്ടു സ്‌ത്രീ​രത്‌ന​ങ്ങ​ളു​ടെ​യും ജീവിതം നമ്മെ പഠിപ്പി​ക്കുന്ന ചില പാഠങ്ങ​ളുണ്ട്‌: കുടും​ബം പുലർത്താൻ പാടു​പെ​ടുന്ന ഏതൊ​രാ​ളു​ടെ​യും കഠിനാ​ധ്വാ​നം യഹോവ കാണു​ന്നുണ്ട്‌. തന്റെ ജനത്തോ​ടു ചേർന്ന്‌ വിശ്വസ്‌ത​മാ​യി സേവി​ക്കുന്ന അവരെ ഒരിക്ക​ലും അവൻ കാണാതെ പോകു​ക​യില്ല. ബോവ​സി​നെ​യും നൊ​വൊ​മി​യെ​യും രൂത്തി​നെ​യും പോലുള്ള വിശ്വസ്‌തർക്ക്‌ പ്രതി​ഫലം നൽകാൻ യഹോവ ഒരിക്ക​ലും മറക്കു​ക​യു​മില്ല!

a നൊവൊമി പറഞ്ഞത്‌ ശരിയാ​യി​രു​ന്നു. ജീവി​ച്ചി​രി​ക്കു​ന്ന​വ​രോട്‌ മാത്രമല്ല മരിച്ച​വ​രോ​ടും ദയ കാണി​ക്കുന്ന ദൈവ​മാ​യി​രു​ന്നു യഹോവ. നൊ​വൊ​മിക്ക്‌ ഭർത്താ​വി​നെ​യും രണ്ടു പുത്ര​ന്മാ​രെ​യും നഷ്ടപ്പെ​ട്ടി​രു​ന്നു. രൂത്തി​നാ​കട്ടെ അവളുടെ ഭർത്താ​വി​നെ​യും. ആ മൂന്നു പുരു​ഷ​ന്മാ​രും ഈ സ്‌ത്രീ​കൾക്ക്‌ എല്ലാ​മെ​ല്ലാ​മാ​യി​രു​ന്നു. നൊ​വൊ​മി​യോ​ടും രൂത്തി​നോ​ടും കാണി​ക്കുന്ന ഏതൊരു കാരു​ണ്യ​പ്ര​വൃ​ത്തി​യും ആ മൂന്നു പുരു​ഷ​ന്മാ​രോ​ടു​മുള്ള കാരു​ണ്യ​മാ​കു​മാ​യി​രു​ന്നു. കാരണം, അവർ ജീവി​ച്ചി​രു​ന്നെ​ങ്കിൽ ഈ സ്‌ത്രീ​കളെ ഒരു കുറവും വരാതെ പോറ്റി​പ്പു​ലർത്തി​യേനെ.

b അങ്ങനെയുള്ള ഒരു വിധവയെ വിവാഹം കഴിക്കാ​നുള്ള അവകാശം ആദ്യം വരുന്നത്‌ ഭർത്താ​വി​ന്റെ സഹോ​ദ​ര​ന്മാ​രിൽ ആർക്കെ​ങ്കി​ലു​മാണ്‌. അവരിൽ ആരും അങ്ങനെ ചെയ്യു​ന്നി​ല്ലെ​ങ്കിൽ ആ അവകാശം കുടും​ബ​ത്തി​ലെ ഏറ്റവും അടുത്ത ബന്ധുവായ പുരു​ഷ​നു​ള്ള​താണ്‌, സ്വത്തവ​കാ​ശ​ത്തി​ന്റെ കാര്യ​ത്തി​ലെ​ന്ന​പോ​ലെ​തന്നെ.—സംഖ്യാ. 27:5-11.

c ബോവസ്‌ “ആറിട​ങ്ങഴി” അല്ലെങ്കിൽ “ആറ്‌ അളവ്‌” (പി.ഒ.സി.) യവം കൊടു​ത്ത​തിന്‌ എന്തെങ്കി​ലും പ്രത്യേക അർഥമു​ണ്ടാ​യി​രു​ന്നോ? ആറ്‌ ദിവസത്തെ വേലയ്‌ക്കു ശേഷം ഒരു ശബത്ത്‌ അഥവാ വിശ്ര​മ​ദി​വസം ഉള്ളതു​പോ​ലെ, വിധവ​യായ രൂത്തിന്റെ കഷ്ടപ്പാട്‌ നിറഞ്ഞ നാളു​കൾക്കു ശേഷം ഒരു ‘വിശ്രാ​മം’ (ഭർത്താ​വും ഭവനവും ഒക്കെയാ​യുള്ള ഒരു സ്വസ്ഥജീ​വി​തം) അടു​ത്തെ​ന്നാ​യി​രി​ക്കാം അതു സൂചി​പ്പി​ച്ചത്‌. ഇനി അതല്ലെ​ങ്കിൽ, രൂത്തിന്‌ ചുമന്നു​കൊ​ണ്ടു​പോ​കാൻ കഴിയു​ന്നത്ര ധാന്യം അളന്നു കൊടു​ത്തു എന്ന അർഥം മാത്രമേ അതിനു​ള്ളൂ എന്നും വരാം.

d യേശുവിന്റെ വംശാ​വ​ലി​യിൽ പേര്‌ പറയുന്ന അഞ്ചു സ്‌ത്രീ​ക​ളിൽ ഒരാളാണ്‌ രൂത്ത്‌. ബോവ​സി​ന്റെ അമ്മയായ രാഹാബ്‌ ആണ്‌ മറ്റൊ​രാൾ. (മത്താ. 1:3, 5, 6, 16) രൂത്തി​നെ​പ്പോ​ലെ അവളും ഇസ്രാ​യേ​ല്യസ്‌ത്രീ അല്ലായി​രു​ന്നു.