വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

അധ്യായം ഒന്ന്‌

“അവൻ മരി​ച്ചെ​ങ്കി​ലും ... ഇന്നും സംസാ​രി​ക്കു​ന്നു”

“അവൻ മരി​ച്ചെ​ങ്കി​ലും ... ഇന്നും സംസാ​രി​ക്കു​ന്നു”

1. ഏദെൻ തോട്ട​ത്തിൽ പ്രവേ​ശി​ക്കു​ന്ന​തിൽനിന്ന്‌ ആദാമി​ന്റെ​യും ഹവ്വായു​ടെ​യും കുടും​ബത്തെ തടഞ്ഞത്‌ എന്താണ്‌, മറ്റെല്ലാ​റ്റി​നെ​ക്കാ​ളും ഹാബേൽ ആഗ്രഹി​ച്ചത്‌ എന്താണ്‌?

 കുന്നിൻചെ​രി​വിൽ ശാന്തമാ​യി മേഞ്ഞു​കൊ​ണ്ടി​രി​ക്കുന്ന തന്റെ ആട്ടിൻകൂ​ട്ടത്തെ നോക്കു​ക​യാണ്‌ ഹാബേൽ. അതിനും അപ്പുറ​ത്തേക്ക്‌ അവന്റെ കണ്ണുകൾ കടന്ന്‌ ചെന്നി​ട്ടു​ണ്ടാ​കാം. അവിടെ, അങ്ങ്‌ ദൂരെ ഒരു നേർത്ത തിളക്കം കാണാം. കറങ്ങി​ക്കൊ​ണ്ടി​രി​ക്കുന്ന വാളിന്റെ ജ്വാല​യാണ്‌ അത്‌. ഏദെൻ തോട്ട​ത്തി​ലേ​ക്കുള്ള പ്രവേ​ശനം തടഞ്ഞു​കൊണ്ട്‌ സദാ കറങ്ങുന്ന ആ വാളി​നെ​ക്കു​റിച്ച്‌ അവന്‌ അറിയാം. അവന്റെ മാതാ​പി​താ​ക്കൾ ഒരിക്കൽ അവിടെ താമസി​ച്ചി​രു​ന്നു. പക്ഷേ, ഇപ്പോൾ അവർക്കോ മക്കൾക്കോ അവി​ടേക്കു പ്രവേ​ശ​ന​മില്ല! പെട്ടെന്ന്‌ ഹാബേൽ തന്റെ സ്രഷ്ടാ​വി​നെ​ക്കു​റിച്ച്‌ ഓർക്കു​ന്ന​തും തല ഉയർത്തി സ്വർഗ​ത്തേക്ക്‌ നോക്കു​ന്ന​തും സായാ​ഹ്ന​ത്തി​ലെ ഇളംകാ​റ്റിൽ അവന്റെ മുടി​യി​ഴകൾ ഇളകു​ന്ന​തും നിങ്ങൾക്കു കാണാ​നാ​കു​ന്നു​ണ്ടോ? മനുഷ്യ​നും ദൈവ​വും തമ്മിലു​ണ്ടാ​യി​രുന്ന പാവന​മായ ആ ബന്ധം അറ്റു​പോ​യി​രി​ക്കു​ന്നു. അത്‌ എന്നെങ്കി​ലും വിളക്കി​ച്ചേർക്കാ​നാ​കു​മോ? അതിൽപ്പരം ഒന്നും ഹാബേൽ ആഗ്രഹി​ച്ചില്ല.

2-4. ഏത്‌ അർഥത്തി​ലാണ്‌ ഹാബേൽ ഇന്ന്‌ നമ്മോടു സംസാ​രി​ക്കു​ന്നത്‌?

2 ഹാബേൽ ഇന്ന്‌ നിങ്ങ​ളോ​ടു സംസാ​രി​ക്കു​ന്നുണ്ട്‌. നിങ്ങൾക്ക്‌ അതു കേൾക്കാ​നാ​കു​ന്നു​ണ്ടോ? അത്‌ അസാധ്യ​മാ​ണെന്ന്‌ നിങ്ങൾ പറഞ്ഞേ​ക്കാം. കാരണം, ആദാമി​ന്റെ ഈ രണ്ടാമത്തെ മകൻ മരിച്ചിട്ട്‌ കാലങ്ങൾ ഏറെയാ​യി. അവൻ മണ്മറഞ്ഞിട്ട്‌ ഏതാണ്ട്‌ 60 നൂറ്റാണ്ട്‌ പിന്നി​ട്ടി​രി​ക്കു​ന്നു! മരിച്ച​വരെ സംബന്ധിച്ച്‌ ബൈബിൾ പറയു​ന്നത്‌ ഇതാണ്‌: “മരിച്ച​വ​രോ ഒന്നും അറിയു​ന്നില്ല.” (സഭാ. 9:5, 10) പോരാ​ത്ത​തിന്‌, ഹാബേൽ സംസാ​രി​ച്ച​തിൽ ഒരൊറ്റ വാക്കു​പോ​ലും ബൈബി​ളിൽ രേഖ​പ്പെ​ടു​ത്തി​യി​ട്ടു​മില്ല. പിന്നെ എങ്ങനെ​യാണ്‌ അവൻ നമ്മോടു സംസാ​രി​ക്കുക?

3 ഹാബേ​ലി​നെ​ക്കു​റിച്ച്‌ ഇങ്ങനെ പറയാൻ പൗലോസ്‌ അപ്പൊസ്‌തലൻ നിശ്വസ്‌ത​നാ​ക്ക​പ്പെട്ടു: “അവൻ മരി​ച്ചെ​ങ്കി​ലും . . . ഇന്നും സംസാ​രി​ക്കു​ന്നു.” (എബ്രായർ 11:4 വായി​ക്കുക.) എങ്ങനെ? വിശ്വാ​സ​ത്താൽ! ഈ ഉജ്ജ്വല​ഗു​ണം വളർത്തി​യെ​ടുത്ത ആദ്യമ​നു​ഷ്യൻ ഹാബേ​ലാ​യി​രു​ന്നു. ശക്തമായ വിശ്വാ​സം പ്രകടി​പ്പി​ച്ച​തു​കൊണ്ട്‌ അവൻ ജീവി​ക്കുന്ന മാതൃ​ക​യാണ്‌; നമുക്ക്‌ ഇന്നും അനുക​രി​ക്കാ​വുന്ന തിളക്ക​മാർന്ന മാതൃക! നമ്മൾ ഹാബേ​ലി​ന്റെ വിശ്വാ​സ​ത്തിൽനിന്ന്‌ പഠിക്കു​ക​യും അത്‌ അനുക​രി​ക്കാൻ ശ്രമി​ക്കു​ക​യും ചെയ്യു​മ്പോൾ, വാസ്‌ത​വ​ത്തിൽ അവൻ ചരി​ത്ര​ത്തിൽനിന്ന്‌ നമ്മോടു സംസാ​രി​ക്കു​ക​യാണ്‌; സവി​ശേ​ഷ​മാ​യൊ​രു വിധത്തിൽ!

4 അതിരി​ക്കട്ടെ, ഹാബേ​ലി​നെ​യും അവന്റെ വിശ്വാ​സ​ത്തെ​യും കുറിച്ച്‌ നമുക്ക്‌ എന്താണ്‌ പഠിക്കാ​നു​ള്ളത്‌? അതും അവനെ​ക്കു​റിച്ച്‌ ബൈബി​ളിൽ ഇത്ര കുറച്ചു മാത്രം പറഞ്ഞി​രി​ക്കെ. നമുക്ക്‌ നോക്കാം.

“ലോക​സ്ഥാ​പനം”—അവൻ ജനിച്ച്‌ വളർന്ന സമയം

5. യേശു ഹാബേ​ലി​നെ “ലോക​സ്ഥാ​പന”ത്തോട്‌ ബന്ധപ്പെ​ടു​ത്തി പറഞ്ഞതി​ന്റെ അർഥ​മെന്ത്‌? (അടിക്കു​റി​പ്പും കാണുക.)

5 മനുഷ്യ​ച​രി​ത്ര​ത്തി​ന്റെ ആരംഭ​ദ​ശ​യി​ലാണ്‌ ഹാബേൽ ജനിച്ചത്‌. യേശു പിന്നീട്‌ ഹാബേ​ലി​നെ “ലോക​സ്ഥാ​പന”ത്തോട്‌ ബന്ധപ്പെ​ടു​ത്തി പറയു​ക​യു​ണ്ടാ​യി. (ലൂക്കോസ്‌ 11:50, 51 വായി​ക്കുക.) പാപത്തിൽനി​ന്നു വീണ്ടെ​ടു​ക്ക​പ്പെ​ടാ​വുന്ന ആളുക​ളു​ടെ ലോക​ത്തെ​യാ​യി​രി​ക്കണം യേശു അർഥമാ​ക്കി​യത്‌. ഭൂമി​യി​ലെ നാലാ​മത്തെ മനുഷ്യ​നാ​യി​രു​ന്നു ഹാബേൽ. വീണ്ടെ​ടു​ക്ക​പ്പെ​ടാ​വുന്ന ആദ്യവ്യ​ക്തി​യാ​യി ദൈവം കണ്ടത്‌ ഹാബേ​ലി​നെ​യാ​യി​രി​ക്കണം. a നല്ലൊരു പശ്ചാത്ത​ല​ത്തി​ലല്ല അവൻ വളർന്നു​വ​ന്ന​തെന്ന്‌ വ്യക്തം.

6. ഹാബേ​ലി​ന്റെ മാതാ​പി​താ​ക്കൾ എങ്ങനെ​യു​ള്ള​വ​രാ​യി​രു​ന്നു?

6 മാനവ​രാ​ശി അതിന്റെ പ്രയാണം തുടങ്ങി​യതേ ഉണ്ടായി​രു​ന്നു​ള്ളൂ. എന്നിട്ടും, വിഷാ​ദ​ത്തി​ന്റെ കരി​മേ​ഘങ്ങൾ അതിന്മേൽ ചൂഴ്‌ന്ന്‌ നിന്നി​രു​ന്നു. ഹാബേ​ലി​ന്റെ മാതാ​പി​താ​ക്ക​ളായ ആദാമും ഹവ്വായും അഴകും ആരോ​ഗ്യ​വും പ്രസരി​പ്പും നിറഞ്ഞ​വ​രാ​യി​രു​ന്നു. പക്ഷേ, ജീവി​ത​ത്തിൽ അവർ ഒരു ദയനീ​യ​പ​രാ​ജ​യ​മാ​യി. അത്‌ അവർക്ക്‌ മനസ്സി​ലാ​കു​ക​യും ചെയ്‌തു. ഒരിക്കൽ അവർ പൂർണ​രാ​യി​രു​ന്നു, എന്നെന്നും ജീവി​ച്ചി​രി​ക്കാ​നുള്ള പ്രത്യാ​ശ​യും അവർക്കു​ണ്ടാ​യി​രു​ന്നു. അങ്ങനെ​യി​രി​ക്കെ, അവർ യഹോ​വ​യാം ദൈവ​ത്തോ​ടു മത്സരിച്ചു. അവരുടെ ഭവനമായ ഏദെൻ തോട്ടം ഒരു പറുദീ​സ​യാ​യി​രു​ന്നു! അവി​ടെ​നിന്ന്‌ അവർ പുറത്താ​ക്ക​പ്പെട്ടു. മറ്റെല്ലാ​റ്റി​നും മേലായി സ്വന്തം ഇഷ്ടങ്ങൾ പ്രതിഷ്‌ഠിച്ച അവർ സന്തതി​പ​ര​മ്പ​ര​ക​ളു​ടെ ഭാവി​യെ​ക്കു​റി​ച്ചു​പോ​ലും ഓർത്തില്ല. എന്തായി​രു​ന്നു ഫലം? അവർക്ക്‌ പൂർണത നഷ്ടപ്പെട്ടു, ഒപ്പം നിത്യ​ജീ​വ​നും.—ഉല്‌പ. 2:15–3:24.

7, 8. കയീൻ ജനിച്ച​പ്പോൾ ഹവ്വാ എന്താണ്‌ പറഞ്ഞത്‌, അപ്പോൾ അവളുടെ മനസ്സിൽ എന്തായി​രി​ക്കാം ഉണ്ടായി​രു​ന്നത്‌?

7 ആദാമും ഹവ്വായും ഏദെൻ തോട്ട​ത്തി​നു പുറത്ത്‌ ജീവിതം ആരംഭി​ച്ചു. പക്ഷേ, ആ ജീവിതം വളരെ ദുഷ്‌ക​ര​മാ​യി​രു​ന്നു! തന്റെ ആദ്യസ​ന്താ​ന​മായ കയീൻ ജനിച്ച​പ്പോൾ “യഹോ​വ​യാൽ എനിക്കു ഒരു പുരു​ഷ​പ്രജ ലഭിച്ചു” എന്നായി​രു​ന്നു ഹവ്വായു​ടെ പ്രതി​ക​രണം. അവളുടെ വാക്കുകൾ സൂചി​പ്പി​ക്കു​ന്നത്‌ ഏദെൻ തോട്ട​ത്തിൽവെച്ച്‌ യഹോവ നൽകിയ വാഗ്‌ദാ​നം അവളുടെ മനസ്സി​ലു​ണ്ടാ​യി​രു​ന്നി​രി​ക്കാം എന്നാണ്‌. അതായത്‌, സ്‌ത്രീ ഒരു സന്തതിയെ ഉളവാ​ക്കു​മെ​ന്നും ആ സന്തതി ആദാമി​നെ​യും ഹവ്വാ​യെ​യും വഴി തെറ്റിച്ച ദുഷ്ടനെ ഒരിക്കൽ നശിപ്പി​ക്കു​മെ​ന്നും ഉള്ള വാഗ്‌ദാ​നം. (ഉല്‌പ. 3:15; 4:1) പ്രവച​ന​ത്തി​ലെ ആ സ്‌ത്രീ താനാ​ണെ​ന്നും വാഗ്‌ദാ​നം ചെയ്‌തി​രി​ക്കുന്ന “സന്തതി” കയീനാ​ണെ​ന്നും ഒരുവേള ഹവ്വാ ചിന്തി​ച്ചി​രി​ക്കു​മോ?

8 അങ്ങനെ ചിന്തി​ച്ചെ​ങ്കിൽ അവൾക്കു പാടേ തെറ്റി! ഇനി, കയീൻ വളർന്നു​വ​രവെ അവളും ആദാമും ഇത്തരം ആശയങ്ങൾ അവന്റെ മനസ്സി​ലേ​ക്കും കടത്തി​വി​ട്ടോ? അങ്ങനെ ചെയ്‌തെ​ങ്കിൽ കയീന്റെ അപൂർണ​മ​ന​സ്സി​ലെ അഹങ്കാ​ര​ചായ്‌വു​കൾക്ക്‌ വളം​വെ​ക്കു​ക​യാണ്‌ അവർ ചെയ്‌തത്‌. ഹവ്വായ്‌ക്ക്‌ രണ്ടാമത്‌ ഒരു മകൻ ജനിച്ചു. പക്ഷേ, അവനെ​ക്കു​റിച്ച്‌ ഹവ്വാ അഭിമാ​ന​പൂർവം പ്രസ്‌താ​വ​നകൾ ഒന്നും നടത്തു​ന്ന​താ​യി നാം കാണു​ന്നില്ല. അവർ അവന്‌ ഹാബേൽ എന്നു പേരിട്ടു. ‘നിശ്വാ​സ​വാ​യു’ അല്ലെങ്കിൽ ‘വ്യർഥത’ എന്നായി​രി​ക്കാം അതിന്റെ അർഥം. (ഉല്‌പ. 4:2) അങ്ങനെ​യൊ​രു പേര്‌ തിര​ഞ്ഞെ​ടു​ത്തത്‌ എന്തു​കൊ​ണ്ടാണ്‌? ഹാബേ​ലി​നെ​ക്കു​റിച്ച്‌ അവർക്ക്‌ കയീ​നോ​ളം പ്രതീ​ക്ഷ​യി​ല്ലാ​ഞ്ഞി​ട്ടാ​യി​രു​ന്നോ? ഊഹി​ക്കാ​നേ നമുക്കു കഴിയൂ.

9. ഇക്കാലത്തെ മാതാ​പി​താ​ക്കൾക്ക്‌ ആദ്യമാ​താ​പി​താ​ക്ക​ളിൽനിന്ന്‌ എന്താണ്‌ പഠിക്കാ​നു​ള്ളത്‌?

9 ഇന്നത്തെ മാതാ​പി​താ​ക്കൾക്ക്‌ ഈ ആദ്യമാ​താ​പി​താ​ക്ക​ളു​ടെ ചെയ്‌തി​ക​ളിൽനിന്ന്‌ ചിലതു പഠിക്കാ​നുണ്ട്‌. വാക്കു​ക​ളാ​ലോ പ്രവൃ​ത്തി​ക​ളാ​ലോ, മക്കളുടെ അഹങ്കാ​ര​ത്തെ​യും സ്വാർഥ​പ്ര​വ​ണ​ത​ക​ളെ​യും ഉയർന്നു​യർന്ന്‌ പോകാ​നുള്ള ആഗ്രഹ​ത്തെ​യും നിങ്ങൾ ഊതി​ക്ക​ത്തി​ക്കു​ന്നു​ണ്ടോ? അതോ യഹോ​വയെ സ്‌നേ​ഹി​ക്കാ​നും അവന്റെ സൗഹൃദം തേടാ​നും ആണോ അവരെ പഠിപ്പി​ക്കു​ന്നത്‌? ആദ്യമാ​താ​പി​താ​ക്കൾ മക്കളോ​ടുള്ള ചുമത​ലകൾ നിർവ​ഹി​ക്കു​ന്ന​തിൽ പരാജ​യ​പ്പെട്ടു. എത്ര ഖേദകരം! എങ്കിലും, അവരുടെ സന്തതി​കൾക്ക്‌ പ്രതീ​ക്ഷയ്‌ക്കു വകയു​ണ്ടാ​യി​രു​ന്നു!

ഹാബേൽ വിശ്വാ​സം വളർത്തി​യെ​ടു​ത്തു, എങ്ങനെ?

10, 11. കയീനും ഹാബേ​ലും ഏതുതരം ജോലി​ക​ളാണ്‌ തിര​ഞ്ഞെ​ടു​ത്തത്‌, ഹാബേൽ ഏതു ഗുണമാണ്‌ വളർത്തി​യെ​ടു​ത്തത്‌?

10 കയീനും ഹാബേ​ലും വളർന്നു​വ​രവെ, ആദാം അവരെ കുടും​ബം പുലർത്താൻ ആവശ്യ​മായ ജോലി​കാ​ര്യ​ങ്ങ​ളൊ​ക്കെ പരിശീ​ലി​പ്പി​ച്ചി​രി​ക്കാം. അങ്ങനെ, കയീൻ കൃഷി​ക്കാ​ര​നാ​യി. ഹാബേൽ ആട്ടിട​യ​നും.

11 ഇതിനി​ടെ ഹാബേൽ പ്രധാ​ന​പ്പെട്ട ഒരു കാര്യം ചെയ്യു​ന്നു​ണ്ടാ​യി​രു​ന്നു. വർഷങ്ങ​ളി​ലൂ​ടെ അവൻ വിശ്വാ​സം വളർത്തി​യെ​ടു​ത്തു. വിശ്വാ​സ​മെന്ന ആ മനോ​ഹ​ര​ഗു​ണ​ത്തെ​ക്കു​റി​ച്ചാണ്‌ പിൽക്കാ​ലത്ത്‌ പൗലോസ്‌ എഴുതി​യത്‌. ഒന്നു ചിന്തി​ച്ചു​നോ​ക്കൂ! ഹാബേ​ലി​നു മാതൃ​ക​യാ​ക്കാൻ കൊള്ളാ​വുന്ന ഒരു മനുഷ്യ​നും ഭൂമി​യിൽ അന്നുണ്ടാ​യി​രു​ന്നില്ല. പിന്നെ എങ്ങനെ​യാണ്‌ അവൻ യഹോ​വ​യാം ദൈവ​ത്തിൽ വിശ്വാ​സം വളർത്തി​യെ​ടു​ത്തത്‌? ശക്തമായ വിശ്വാ​സം ആർജി​ക്കു​ന്ന​തിന്‌ ഹാബേ​ലി​നെ സഹായി​ച്ചി​രി​ക്കാൻ ഇടയുള്ള മൂന്നു പ്രധാ​ന​കാ​ര്യ​ങ്ങൾ നമുക്ക്‌ ഇപ്പോൾ പരി​ശോ​ധി​ക്കാം.

12, 13. യഹോ​വ​യു​ടെ സൃഷ്ടി​കളെ നിരീ​ക്ഷി​ച്ചത്‌ വിശ്വാ​സ​ത്തിൽ വളർന്നു​വ​രാൻ ഹാബേ​ലി​നെ സഹായി​ച്ചി​രി​ക്കാ​വു​ന്നത്‌ എങ്ങനെ?

12 യഹോ​വ​യു​ടെ സൃഷ്ടികൾ. യഹോവ നിലത്തെ ശപിച്ചി​രു​ന്നു. തന്മൂലം കൃഷിയ്‌ക്ക്‌ തടസ്സമാ​കുന്ന മുള്ളും പറക്കാ​ര​യും മണ്ണിൽനി​ന്നു മുളച്ചു. എങ്കിലും ഹാബേ​ലി​ന്റെ കുടും​ബ​ത്തിന്‌ പുലർന്നു​പോ​കാൻ ആവശ്യ​മായ ഫലമൂ​ലാ​ദി​കൾ ഭൂമി​യിൽ വിളയു​ന്നു​ണ്ടാ​യി​രു​ന്നു. എന്നാൽ എല്ലാറ്റി​നെ​യും ദൈവം ശപിച്ചി​രു​ന്നില്ല. പക്ഷിക​ളും മത്സ്യങ്ങ​ളും ഉൾപ്പെ​ടുന്ന ജന്തു​ലോ​ക​ത്തി​നോ പർവതങ്ങൾ, തടാകങ്ങൾ, നദികൾ, സമു​ദ്രങ്ങൾ എന്നിവയ്‌ക്കോ ആകാശ​ത്തി​നോ മേഘങ്ങൾക്കോ സൂര്യ​നോ ചന്ദ്രനോ നക്ഷത്ര​ങ്ങൾക്കോ ഒന്നും ശാപമി​ല്ലാ​യി​രു​ന്നു. ഈ സൃഷ്ടി​ക​ളി​ലെ​ല്ലാം ഹാബേൽ സ്രഷ്ടാ​വായ യഹോ​വ​യാം ദൈവ​ത്തി​ന്റെ കറതീർന്ന സ്‌നേഹം, തികവാർന്ന ജ്ഞാനം, നിറഞ്ഞ നന്മ എന്നിവ​യു​ടെ തെളി​വു​കൾ കണ്ടു. (റോമർ 1:20 വായി​ക്കുക.) ഇക്കാര്യ​ങ്ങ​ളെ​ക്കു​റി​ച്ചെ​ല്ലാം വിലമ​തി​പ്പോ​ടെ ധ്യാനി​ച്ച​പ്പോൾ ഹാബേ​ലി​ന്റെ വിശ്വാ​സം ശക്തി​പ്പെട്ടു!

സ്‌നേഹവാനായ ഒരു സ്രഷ്ടാ​വിൽ വിശ്വാ​സം പടുത്തു​യർത്താൻ സൃഷ്ടി​ജാ​ലങ്ങൾ ഹാബേ​ലിന്‌ ഉറച്ച അടിസ്ഥാ​ന​മേ​കി

13 ആത്മീയ​കാ​ര്യ​ങ്ങ​ളെ​ക്കു​റിച്ച്‌ ആഴത്തിൽ ചിന്തി​ക്കാ​നും ഹാബേൽ സമയ​മെ​ടു​ത്തി​ട്ടുണ്ട്‌. അവൻ ആടു​മേയ്‌ക്കുന്ന രംഗം നമു​ക്കൊ​ന്നു ഭാവന​യിൽ കാണാം. ഒരു ആട്ടിട​യന്‌ ആട്ടിൻപ​റ്റ​ത്തെ​യും തെളി​ച്ചു​കൊണ്ട്‌ ഒരുപാ​ടു ദൂരം നടക്കേ​ണ്ടി​വ​രും. സൗമ്യ​ശീ​ല​രായ ആ മൃഗങ്ങ​ളെ​യും​കൊണ്ട്‌ ഹാബേൽ മലഞ്ചെ​രി​വു​ക​ളി​ലൂ​ടെ​യും താഴ്‌വ​ര​ക​ളി​ലൂ​ടെ​യും നദി​യോ​ര​ങ്ങ​ളി​ലൂ​ടെ​യും സഞ്ചരി​ച്ചി​ട്ടു​ണ്ടാ​കാം; പച്ചപ്പ്‌ നിറഞ്ഞ പുൽത്ത​ട​ങ്ങ​ളും സ്വച്ഛമായ നീരു​റ​വു​ക​ളും സുരക്ഷി​ത​മായ വിശ്ര​മ​സ​ങ്കേ​ത​ങ്ങ​ളും തേടി​യുള്ള യാത്രകൾ! ദൈവ​ത്തി​ന്റെ സൃഷ്ടി​ക​ളി​ലെ​ല്ലാം​വെച്ച്‌ ചെമ്മരി​യാ​ടു​കൾ ഏറ്റവും നിസ്സഹാ​യ​ജീ​വി​ക​ളാ​ണെന്നു പറയാം. വഴികാ​ട്ടാ​നും സംരക്ഷി​ക്കാ​നും മനുഷ്യ​നി​ല്ലാ​തെ പറ്റില്ല എന്നു തോന്നി​പ്പോ​കും അവയെ കണ്ടാൽ! അവയെ മേയ്‌ച്ച്‌ നടക്കു​മ്പോ​ഴൊ​ക്കെ, തന്നെ നയിക്കാ​നും സംരക്ഷി​ക്കാ​നും പോറ്റി​പ്പു​ലർത്താ​നും മനുഷ്യ​രെ​ക്കാൾ ജ്ഞാനി​യും ശക്തനും ആയ ഒരാൾ വേണ​മെന്ന്‌ ഹാബേൽ ആഗ്രഹി​ച്ചി​ട്ടു​ണ്ടാ​കു​മോ? തന്റെ മനസ്സി​ലൂ​ടെ കടന്നു​പോ​കുന്ന ഇത്തരം ചിന്തകൾ അവൻ പ്രാർഥ​ന​യി​ലൂ​ടെ ദൈവ​ത്തോട്‌ അറിയി​ക്കു​മാ​യി​രു​ന്നു. അങ്ങനെ അവന്റെ വിശ്വാ​സ​വും ഒന്നി​നൊന്ന്‌ വളർന്നു​വന്നു!

14, 15. യഹോ​വ​യു​ടെ വാഗ്‌ദാ​നങ്ങൾ ഹാബേ​ലിന്‌ ചിന്തി​ക്കാ​നുള്ള വക നൽകി​യത്‌ എങ്ങനെ?

14 യഹോ​വ​യു​ടെ വാഗ്‌ദാ​നങ്ങൾ. ഏദെൻ തോട്ട​ത്തിൽ സംഭവി​ച്ച​തും അവി​ടെ​നി​ന്നു പുറത്താ​യ​തും ഒക്കെ ആദാമും ഹവ്വായും പുത്ര​ന്മാ​രോ​ടു വിവരിച്ച്‌ പറഞ്ഞി​ട്ടു​ണ്ടാ​കും. അതെ, ഹാബേ​ലി​നു ചിന്തി​ക്കാൻ ഒരുപാ​ടൊ​രു​പാട്‌ കാര്യ​ങ്ങ​ളു​ണ്ടാ​യി​രു​ന്നു.

15 ഭൂമി ശപിക്ക​പ്പെ​ട്ട​താ​കു​മെന്ന്‌ യഹോവ പറഞ്ഞി​രു​ന്നു. ചുറ്റും മുളയ്‌ക്കുന്ന മുള്ളും പറക്കാ​ര​യും ആ വാക്കു​ക​ളു​ടെ സത്യത തെളി​യി​ക്കു​ന്ന​താ​യി അവൻ കണ്ടു. ഹവ്വായ്‌ക്ക്‌, ഗർഭാ​വ​സ്ഥ​യും പ്രസവ​വും വേദനാ​ക​ര​മാ​യി​രി​ക്കു​മെന്ന്‌ യഹോവ മുൻകൂ​ട്ടി​പ്പ​റ​ഞ്ഞി​രു​ന്നു. ഹാബേ​ലി​ന്റെ കൂടെ​പ്പി​റ​പ്പു​കൾ ജനിച്ച​പ്പോൾ ആ വാക്കു​ക​ളും സത്യമാ​യി ഭവി​ച്ചെന്ന്‌ ഹാബേ​ലി​നു മനസ്സി​ലാ​യി. ഹവ്വായ്‌ക്ക്‌ അവളുടെ ഭർത്താ​വി​ന്റെ സ്‌നേ​ഹ​വും ശ്രദ്ധയും ലഭിക്കാൻ അടങ്ങാത്ത ആഗ്രഹം തോന്നു​മെ​ന്നും അവൻ അവളെ അടക്കി ഭരിക്കു​മെ​ന്നും യഹോവ മുൻകൂ​ട്ടി കണ്ടിരു​ന്നു. ആ സങ്കടക​ര​മായ യാഥാർഥ്യം അരങ്ങേ​റു​ന്ന​തും ഹാബേ​ലി​നു കാണേ​ണ്ടി​വന്നു. അങ്ങനെ സകലതി​ലും യഹോ​വ​യു​ടെ വാക്ക്‌ സത്യമാ​യി ഭവിക്കു​ന്നത്‌ അവൻ കണ്ണാലെ കണ്ടു! അതു​കൊ​ണ്ടു​തന്നെ, ഒരുനാൾ ഏദെനിൽ തുടക്ക​മിട്ട പാപാ​വ​സ്ഥയ്‌ക്ക്‌ പ്രായ​ശ്ചി​ത്ത​വു​മാ​യി വരുന്ന ഒരു “സന്തതി”യെക്കു​റി​ച്ചുള്ള ദൈവ​ത്തി​ന്റെ വാഗ്‌ദാ​ന​വും അവൻ പൂർണ​മാ​യി വിശ്വ​സി​ച്ചു. അതിനുള്ള ഈടുറ്റ കാരണങ്ങൾ ഹാബേ​ലി​നു​ണ്ടാ​യി​രു​ന്നു!—ഉല്‌പ. 3:15-19.

16, 17. യഹോവ നിറു​ത്തിയ കെരൂ​ബു​ക​ളിൽനിന്ന്‌ ഹാബേൽ എന്തെല്ലാം മനസ്സി​ലാ​ക്കി​യി​രി​ക്കാം?

16 യഹോ​വ​യു​ടെ ദാസന്മാർ. തന്റെ കുടും​ബ​ത്തിൽ ഹാബേ​ലിന്‌ നല്ല മാതൃ​ക​ക​ളൊ​ന്നും കാണാ​നാ​യില്ല. എന്നാൽ, ബുദ്ധി​ശ​ക്തി​യുള്ള സൃഷ്ടി​ക​ളാ​യി അന്ന്‌ ഭൂമി​യിൽ മനുഷ്യർ മാത്രമല്ല ഉണ്ടായി​രു​ന്നത്‌. ആദാമി​നെ​യും ഹവ്വാ​യെ​യും തോട്ട​ത്തിൽനിന്ന്‌ പുറത്താ​ക്കി​യ​പ്പോൾ അവരോ അവരുടെ മക്കളോ ഭൂമി​യി​ലെ ഈ പറുദീ​സ​യിൽ വീണ്ടും പ്രവേ​ശി​ക്കു​ന്നി​ല്ലെന്ന്‌ യഹോവ ഉറപ്പു​വ​രു​ത്തി. തോട്ട​ത്തി​ന്റെ പ്രവേ​ശ​ന​ക​വാ​ട​ത്തിന്‌ കാവലാ​യി, വളരെ ഉയർന്ന പദവി​യിൽ സേവി​ക്കുന്ന ദൂതന്മാ​രായ കെരൂ​ബു​കളെ, ജ്വലി​ക്കുന്ന ഒരു വാളു​മാ​യി യഹോവ നിറുത്തി. ആ വാൾ നിരന്തരം കറങ്ങി​ക്കൊ​ണ്ടി​രു​ന്നു.—ഉല്‌പത്തി 3:24 വായി​ക്കുക.

17 ബാലനായ ഹാബേൽ ആ കെരൂ​ബു​കളെ കൗതു​ക​ത്തോ​ടെ നോക്കി നിൽക്കു​ന്നത്‌ ഒന്നു മനസ്സിൽ കണ്ടു​നോ​ക്കൂ. മനുഷ്യ​രൂ​പ​മെ​ടുത്ത ആ ദൂതന്മാർക്ക്‌ എന്തൊരു ശക്തിയാണ്‌ എന്ന്‌ അവൻ അത്ഭുത​പ്പെ​ട്ടി​ട്ടു​ണ്ടാ​കണം! എപ്പോ​ഴും കറങ്ങി​ക്കൊ​ണ്ടി​രി​ക്കുന്ന ജ്വലി​ക്കുന്ന ആ ‘വാൾ’ അവനിൽ ഭീതി​യും വിസ്‌മ​യ​വും ഒക്കെ ഉണർത്തി​യി​ട്ടു​ണ്ടാ​കും. വർഷങ്ങൾ കടന്നു​പൊയ്‌ക്കൊ​ണ്ടി​രു​ന്നു. ഹാബേൽ വളർന്നു. ആ കെരൂ​ബു​കൾ മടുത്ത്‌ തങ്ങളുടെ നിയമനം ഉപേക്ഷി​ച്ച​താ​യി എപ്പോ​ഴെ​ങ്കി​ലും അവൻ കാണു​ക​യു​ണ്ടാ​യോ? ഒരിക്ക​ലു​മില്ല! രാത്രി​ക​ളും പകലു​ക​ളും വർഷങ്ങ​ളും പതിറ്റാ​ണ്ടു​ക​ളും കൊഴി​ഞ്ഞു​വീ​ണു​കൊ​ണ്ടി​രു​ന്നു. സ്വന്തമാ​യി ചിന്തി​ക്കാ​നും തീരു​മാ​ന​മെ​ടു​ക്കാ​നും പ്രാപ്‌തി​യുള്ള, ശക്തരായ ഈ സൃഷ്ടികൾ ദൈവം അവരെ നിറു​ത്തിയ ആ സ്ഥലത്തു​നി​ന്നും അണുവിട മാറാതെ നിന്നു! യഹോ​വ​യാം ദൈവ​ത്തിന്‌ നീതി​മാ​ന്മാ​രും വിശ്വസ്‌ത​രും ആയ ദാസന്മാ​രു​മു​ണ്ടെന്ന്‌ ഹാബേൽ അങ്ങനെ മനസ്സി​ലാ​ക്കി. ആ കെരൂ​ബു​ക​ളിൽ യഹോ​വ​യോ​ടുള്ള കൂറും അനുസ​ര​ണ​വും ഹാബേ​ലിന്‌ കാണാൻ കഴിഞ്ഞു. പക്ഷേ, അതു​പോ​ലൊന്ന്‌ സ്വന്തം കുടും​ബ​ത്തിൽ എവി​ടെ​യും അവന്‌ കാണാ​നാ​യില്ല. ദൂതന്മാർ വെച്ച ആ മാതൃക അവന്റെ വിശ്വാ​സത്തെ നിശ്ചയ​മാ​യും ബലപ്പെ​ടു​ത്തി​യി​ട്ടുണ്ട്‌.

യഹോവയോട്‌ അനുസ​ര​ണ​വും വിശ്വസ്‌ത​ത​യും ഉള്ള ദാസന്മാ​രാണ്‌ കെരൂ​ബു​ക​ളെന്ന്‌ തന്റെ ജീവി​ത​കാ​ല​ത്തു​ട​നീ​ളം ഹാബേ​ലിന്‌ നേരിട്ട്‌ കാണാൻ കഴിഞ്ഞു

18. വിശ്വാ​സം വളർത്തി​യെ​ടു​ക്കാൻ ആധാര​മായ എന്തെല്ലാം കാര്യങ്ങൾ ഇന്ന്‌ നമുക്കുണ്ട്‌?

18 യഹോ​വ​യു​ടെ സൃഷ്ടികൾ അവനെ​ക്കു​റിച്ച്‌ വിളി​ച്ചോ​തുന്ന കാര്യങ്ങൾ, യഹോ​വ​യു​ടെ വാഗ്‌ദാ​നങ്ങൾ, അവന്റെ ദൂതന്മാ​രായ ദാസന്മാ​രു​ടെ നല്ല മാതൃക ഇവയെ​ക്കു​റി​ച്ചെ​ല്ലാം ഹാബേൽ മനസ്സി​രു​ത്തി ചിന്തിച്ചു. തന്റെ വിശ്വാ​സം ഒന്നി​നൊ​ന്നു ശക്തമാ​കു​ന്നത്‌ അവൻ കണ്ടു. ഹാബേൽ അവന്റെ മാതൃ​ക​യി​ലൂ​ടെ ഇന്നും നമ്മോട്‌ സംസാ​രി​ക്കു​ന്നുണ്ട്‌. കുടും​ബ​ത്തിൽ അനുക​രി​ക്കാൻ നല്ലൊരു മാതൃ​ക​യി​ല്ലെ​ങ്കി​ലും യുവ​പ്രാ​യ​ക്കാർക്ക്‌ യഹോ​വ​യാം ദൈവ​ത്തിൽ യഥാർഥ​വി​ശ്വാ​സം വളർത്തി​യെ​ടു​ക്കാൻ കഴിയും എന്ന്‌ ഹാബേ​ലി​ന്റെ അനുഭവം നമ്മോടു പറയുന്നു. ചുറ്റു​മുള്ള വിസ്‌മ​യ​മു​ണർത്തുന്ന സൃഷ്ടികൾ, നമ്മുടെ കൈയി​ലുള്ള ദൈവ​വ​ച​ന​മായ ബൈബിൾ, വിശ്വാ​സ​ത്തി​ന്റെ ജീവസ്സുറ്റ മാതൃ​ക​വെച്ച സ്‌ത്രീ​പു​രു​ഷ​ന്മാർ അങ്ങനെ വിശ്വാ​സം വളർത്തി​യെ​ടു​ക്കാൻ വേണ്ട​തെ​ല്ലാം ഇന്നു നമുക്കുണ്ട്‌.

ഹാബേ​ലി​ന്റെ യാഗം മികച്ച​താ​യി​രു​ന്നത്‌ എന്തു​കൊണ്ട്‌?

19. കാലാ​ന്ത​ര​ത്തിൽ, ഹാബേൽ ഏതു സത്യം മനസ്സി​ലാ​ക്കി?

19 ഹാബേ​ലിന്‌ യഹോ​വ​യി​ലുള്ള വിശ്വാ​സം വളർന്നു​കൊ​ണ്ടി​രു​ന്നു. തന്റെ വിശ്വാ​സം പ്രവൃ​ത്തി​യി​ലൂ​ടെ തെളി​യിച്ച്‌ കാണി​ക്കാൻ ഒരു മാർഗം അവൻ അന്വേ​ഷി​ച്ചു. എന്നാൽ വെറു​മൊ​രു മനുഷ്യൻ പ്രപഞ്ച​സ്ര​ഷ്ടാ​വിന്‌ എന്തു നൽകാ​നാണ്‌? ദൈവ​ത്തി​നാ​ണെ​ങ്കിൽ മനുഷ്യ​രിൽനിന്ന്‌ സമ്മാന​മോ സഹായ​മോ ആവശ്യ​മി​ല്ല​താ​നും. കാലാ​ന്ത​ര​ത്തിൽ ഹാബേൽ വലി​യൊ​രു സത്യം മനസ്സി​ലാ​ക്കി: ശരിയായ ആന്തര​ത്തോ​ടെ തനിക്കു​ള്ള​തിൽ ഏറ്റവും നല്ലത്‌ യഹോ​വയ്‌ക്കു കൊടു​ക്കുക, തന്റെ സ്‌നേ​ഹ​വാ​നായ സ്വർഗീ​യ​പി​താവ്‌ തീർച്ച​യാ​യും അതിൽ സംപ്രീ​ത​നാ​കും.

ഹാബേൽ വിശ്വാ​സ​ത്തോ​ടെ​യാണ്‌ യാഗമർപ്പി​ച്ചത്‌; പക്ഷേ, കയീൻ അങ്ങനെ​യ​ല്ലാ​യി​രു​ന്നു

20, 21. കയീനും ഹാബേ​ലും യഹോ​വയ്‌ക്ക്‌ എന്തു വഴിപാ​ടു​കൾ കൊണ്ടു​വന്നു, യഹോവ അവയെ എങ്ങനെ​യാണ്‌ കണ്ടത്‌?

20 ഹാബേൽ തന്റെ ആട്ടിൻകൂ​ട്ട​ത്തിൽനിന്ന്‌ ഏതാനും ആടുകളെ, യാഗമാ​യി അർപ്പി​ക്കാൻ ഒരുക്കങ്ങൾ ചെയ്‌തു. അവൻ ഏറ്റവും നല്ലവയെ തിര​ഞ്ഞെ​ടു​ത്തു, അതായത്‌ കടിഞ്ഞൂ​ലു​കളെ. അവയുടെ ഏറ്റവും നല്ല ഭാഗങ്ങൾതന്നെ യാഗാർപ്പ​ണ​ത്തി​നാ​യി മാറ്റി​വെച്ചു. അതേസ​മയം, കയീനും ദൈവ​ത്തി​ന്റെ പ്രസാ​ദ​വും അനു​ഗ്ര​ഹ​വും തേടാൻ ആഗ്രഹി​ച്ചു. തന്റെ കാർഷി​ക​വി​ള​ക​ളിൽനിന്ന്‌ അവൻ ഒരു വഴിപാട്‌ കൊണ്ടു​വന്നു. അവന്റെ ആന്തരം പക്ഷേ ഹാബേ​ലി​ന്റേ​തു​പോ​ലെ ആയിരു​ന്നില്ല. ആ ജ്യേഷ്‌ഠാ​നു​ജ​ന്മാർ തങ്ങളുടെ വഴിപാ​ടു​കൾ അർപ്പി​ച്ച​പ്പോൾ ഈ വ്യത്യാ​സം ശരിക്കും കാണാ​നാ​യി.

21 ആദാമി​ന്റെ ഈ രണ്ടു പുത്ര​ന്മാ​രും തങ്ങളുടെ വഴിപാ​ടു​കൾ അർപ്പി​ക്കാൻ യാഗപീ​ഠ​ങ്ങ​ളും അഗ്നിയും ഉപയോ​ഗി​ച്ചി​ട്ടു​ണ്ടാ​കും. അവർ യാഗമർപ്പി​ക്കു​ന്നത്‌ ഒരുപക്ഷേ, ആ കെരൂ​ബു​കൾ കണ്ടിരി​ക്കാം. അന്ന്‌ യഹോ​വ​യു​ടെ പ്രതി​നി​ധി​ക​ളാ​യി ആ കെരൂ​ബു​കൾ മാത്രമേ ഭൂമി​യി​ലു​ണ്ടാ​യി​രു​ന്നു​ള്ളൂ. യഹോവ കയീ​ന്റെ​യും ഹാബേ​ലി​ന്റെ​യും യാഗങ്ങൾ ശ്രദ്ധിച്ചു. “യഹോവ ഹാബെ​ലി​ലും അവന്റെ വഴിപാ​ടി​ലും പ്രസാ​ദി​ച്ചു”വെന്നു നാം വായി​ക്കു​ന്നു. (ഉല്‌പ. 4:4) എന്നാൽ യഹോ​വ​യു​ടെ പ്രസാദം ദൃശ്യ​മാ​യത്‌ എങ്ങനെ​യെന്ന്‌ ബൈബിൾ പറയു​ന്നില്ല.

22, 23. ഹാബേ​ലി​ന്റെ യാഗത്തിൽ യഹോവ പ്രസാ​ദി​ക്കാ​നു​ണ്ടായ കാരണ​മെ​ന്താണ്‌?

22 ദൈവം ഹാബേ​ലിൽ പ്രസാ​ദി​ച്ചത്‌ എന്തു​കൊ​ണ്ടാണ്‌? അവന്റെ യാഗവസ്‌തു മാത്ര​മാ​യി​രു​ന്നോ കാരണം? ഹാബേൽ ജീവനുള്ള ഒരു മൃഗത്തെ അർപ്പിച്ചു, അതിന്റെ ജീവര​ക്തം​തന്നെ ചൊരി​ഞ്ഞു. അത്തര​മൊ​രു യാഗത്തി​ന്റെ മൂല്യം അന്ന്‌ ഹാബേൽ തിരി​ച്ച​റി​ഞ്ഞി​രു​ന്നോ? പല നൂറ്റാ​ണ്ടു​കൾ കഴിഞ്ഞ്‌, ഊനമി​ല്ലാത്ത ഒരു ചെമ്മരി​യാ​ട്ടിൻകു​ട്ടി​യെ യാഗമാ​യി അർപ്പി​ക്കാ​നുള്ള ഒരു ക്രമീ​ക​രണം യഹോവ ഏർപ്പെ​ടു​ത്തി. ആ ക്രമീ​ക​രണം പൂർണ​ത​യുള്ള തന്റെ പുത്രന്റെ യാഗത്തെ ചിത്രീ​ക​രി​ക്കു​മാ​യി​രു​ന്നു. “ദൈവ​ത്തി​ന്റെ കുഞ്ഞാട്‌” എന്നു വിശേ​ഷി​പ്പി​ച്ചി​രി​ക്കുന്ന ആ പുത്രന്റെ നിർദോ​ഷ​രക്തം ചൊരി​യ​പ്പെ​ടേ​ണ്ട​തു​മു​ണ്ടാ​യി​രു​ന്നു. (യോഹ. 1:29; പുറ. 12:5-7) എന്നിരു​ന്നാ​ലും, ഈ കാര്യങ്ങൾ ഏറെയും ഹാബേ​ലി​ന്റെ ധാരണയ്‌ക്കും ഗ്രാഹ്യ​ത്തി​നും ഒക്കെ അപ്പുറ​മാ​യി​രു​ന്നു.

23 ഏതായാ​ലും നമുക്ക്‌ ഇത്രയും കാര്യങ്ങൾ അറിയാം: ഹാബേൽ തനിക്കു​ണ്ടാ​യി​രു​ന്ന​തിൽ ഏറ്റവും നല്ലത്‌ അർപ്പിച്ചു. യഹോവ പ്രസാ​ദി​ക്കു​ക​യും ചെയ്‌തു, യാഗവസ്‌തു​വിൽ മാത്രമല്ല യാഗമർപ്പിച്ച വ്യക്തി​യി​ലും. യഹോ​വ​യോ​ടുള്ള സ്‌നേ​ഹ​വും നിഷ്‌ക​പ​ട​മായ വിശ്വാ​സ​വും നിമി​ത്ത​മാണ്‌ ഹാബേൽ അങ്ങനെ ചെയ്‌തത്‌.

24. (എ) കയീന്റെ യാഗവസ്‌തു​വിന്‌ കുറവു​ക​ളൊ​ന്നും ഉണ്ടായി​രു​ന്നി​ല്ലെന്ന്‌ നാം പറയു​ന്നത്‌ എന്തു​കൊണ്ട്‌? (ബി) കയീൻ ഇന്നുള്ള പലരെ​യും​പോ​ലെ ആയിരു​ന്നത്‌ എങ്ങനെ?

24 എന്നാൽ കയീന്റെ കാര്യം വ്യത്യസ്‌ത​മാ​യി​രു​ന്നു. യഹോവ “കയീനി​ലും അവന്റെ വഴിപാ​ടി​ലും പ്രസാ​ദി​ച്ചില്ല” എന്നു ബൈബിൾ പറയുന്നു. (ഉല്‌പ. 4:5) കയീന്റെ യാഗവസ്‌തു​വിന്‌ എന്തെങ്കി​ലും പോരായ്‌മ​യു​ണ്ടാ​യി​ട്ടല്ല. കാരണം, മണ്ണിലെ വിളവ്‌ യാഗമാ​യി അർപ്പി​ക്കാൻ ദൈവം പിന്നീട്‌ ന്യായ​പ്ര​മാ​ണ​ത്തി​ലൂ​ടെ പറയു​ക​യു​ണ്ടാ​യി. (ലേവ്യ. 6:14, 15) പിന്നെ എന്താണ്‌ യഹോവ പ്രസാ​ദി​ക്കാ​തി​രു​ന്നത്‌? ബൈബിൾ പറയു​ന്നത്‌, കയീന്റെ “പ്രവൃ​ത്തി​കൾ ദോഷകര”മായി​രു​ന്നു എന്നാണ്‌. (1 യോഹ​ന്നാൻ 3:12 വായി​ക്കുക.) ഇന്നുള്ള പലരെ​യും​പോ​ലെ ദൈവ​ഭ​ക്തി​യു​ടെ ഒരു പുറ​മോ​ടി കാണി​ച്ചാൽ എല്ലാമാ​യെന്ന്‌ കയീനും കരുതി​ക്കാ​ണും. യഹോ​വ​യിൽ യഥാർഥ​വി​ശ്വാ​സ​മോ അവനോട്‌ യഥാർഥസ്‌നേ​ഹ​മോ ഇല്ലായി​രു​ന്നെന്ന്‌ കയീന്റെ പ്രവർത്ത​ന​ങ്ങ​ളി​ലൂ​ടെ വൈകാ​തെ വ്യക്തമാ​കു​ക​യും ചെയ്‌തു.

25, 26. യഹോവ കയീന്‌ എന്തു മുന്നറി​യിപ്പ്‌ കൊടു​ത്തു, പക്ഷേ കയീൻ എന്തു ചെയ്‌തു?

25 തനിക്ക്‌ യഹോ​വ​യു​ടെ പ്രീതി നേടാ​നാ​യി​ല്ലെന്ന്‌ കണ്ടപ്പോൾ കയീൻ ഹാബേ​ലി​ന്റെ മാതൃ​ക​യിൽനിന്ന്‌ പഠിക്കാൻ ശ്രമി​ച്ചോ? ഇല്ല. അവന്റെ ഉള്ളിൽ സ്വന്തം കൂടെ​പ്പി​റ​പ്പി​നോ​ടുള്ള പക നിറഞ്ഞു. കയീന്റെ ഹൃദയ​ത്തിൽ സംഭവി​ക്കു​ന്നത്‌ എന്താ​ണെന്ന്‌ യഹോവ കണ്ടു. ക്ഷമയോ​ടെ അവനോ​ടു കാര്യങ്ങൾ പറഞ്ഞ്‌ മനസ്സി​ലാ​ക്കാ​നും ശ്രമിച്ചു. ഇങ്ങനെ പോയാൽ ഗുരു​ത​ര​മായ പാപത്തിൽ ചെന്ന്‌ അവസാ​നി​ക്കു​മെന്ന്‌ ദൈവം കയീന്‌ മുന്നറി​യി​പ്പു നൽകി. കയീൻ തന്റെ വഴിക​ളിൽ മാറ്റം വരുത്തി​യാൽ അവനും തന്റെ “പ്രസാ​ദ​മു​ണ്ടാ”കുമെന്ന പ്രത്യാ​ശ​യും ദൈവം അവനു നൽകി.—ഉല്‌പ. 4:6, 7.

26 കയീൻ ദൈവ​ത്തി​ന്റെ മുന്നറി​യിപ്പ്‌ കൂട്ടാ​ക്കി​യില്ല. ഒരു ദിവസം അവൻ അനുജനെ വയലി​ലേക്കു പോകാൻ വിളിച്ചു. ജ്യേഷ്‌ഠനെ വിശ്വ​സിച്ച്‌ അനുജൻ കൂടെ​ച്ചെന്നു. അവി​ടെ​വെച്ച്‌ കയീൻ അവനോ​ടു കയർത്ത്‌ അവനെ കൊന്നു. (ഉല്‌പ. 4:8) അങ്ങനെ ഹാബേൽ ഒരർഥ​ത്തിൽ മതപീ​ഡ​ന​ത്തി​ന്റെ ആദ്യത്തെ ഇരയായി, ആദ്യര​ക്ത​സാ​ക്ഷി​യാ​യി! ഹാബേൽ മരിച്ചു. പക്ഷേ, യഹോവ അവനെ മറന്നു​ക​ള​ഞ്ഞില്ല!

27. (എ) പുനരു​ത്ഥാ​നം പ്രാപി​ക്കു​ന്ന​വ​രു​ടെ കൂട്ടത്തിൽ ഹാബേൽ ഉണ്ടായി​രി​ക്കു​മെന്ന്‌ നമുക്ക്‌ നിശ്ചയ​മു​ള്ളത്‌ എന്തു​കൊണ്ട്‌? (ബി) ഒരു ദിവസം ഹാബേ​ലി​നെ കണ്ടുമു​ട്ടു​മെന്ന്‌ നമുക്ക്‌ എങ്ങനെ തീർച്ച​യാ​ക്കാം?

27 ഒരു ആലങ്കാ​രി​കാർഥ​ത്തിൽ, ഹാബേ​ലി​ന്റെ രക്തം പ്രതി​കാ​ര​ത്തി​നാ​യി, നീതി​ക്കാ​യി, നിലവി​ളി​ച്ചു. ദുഷ്ടനായ കയീനെ അവന്റെ പാപത്തിന്‌ ശിക്ഷി​ച്ചു​കൊണ്ട്‌ ദൈവം നീതി നടപ്പാക്കി. (ഉല്‌പ. 4:9-12) എന്നാൽ, ഹാബേ​ലി​ന്റെ വിശ്വാ​സ​ത്തി​ന്റെ രേഖ ഇന്നും നമ്മോടു സംസാ​രി​ക്കു​ന്നു! അതാണ്‌ ഏറെ പ്രധാനം. കേവലം ഒരു നൂറ്റാണ്ട്‌ മാത്ര​മാ​യി​രി​ക്കാം ഹാബേൽ ഈ ഭൂമി​യിൽ ജീവി​ച്ചത്‌. അക്കാലത്തെ മനുഷ്യ​രു​ടെ ആയുസ്സു​വെച്ച്‌ നോക്കു​മ്പോൾ വളരെ ഹ്രസ്വ​മാ​യൊ​രു കാലം. പക്ഷേ, ജീവി​ച്ചി​രുന്ന കാലമ​ത്ര​യും ദൈവ​പ്രീ​തി​യു​ള്ള​വ​നാ​യി​ത്തന്നെ അവൻ ജീവിച്ചു. തനിക്ക്‌ സ്വർഗീ​യ​പി​താ​വായ യഹോ​വ​യു​ടെ സ്‌നേ​ഹ​വും അംഗീ​കാ​ര​വും ഉണ്ടെന്ന ബോധ്യ​ത്തോ​ടെ​യാണ്‌ അവൻ മരിച്ചത്‌. (എബ്രാ. 11:4) യഹോ​വ​യു​ടെ അനന്തമായ ഓർമ​യിൽ അവൻ സുരക്ഷി​ത​നാണ്‌. ഭൂമി പറുദീ​സ​യാ​കു​മ്പോൾ, പുനരു​ത്ഥാ​നം പ്രാപിച്ച്‌ വരുന്ന​വ​രു​ടെ കൂട്ടത്തിൽ അവനും ഉണ്ടാകും, തീർച്ച! (യോഹ. 5:28, 29) അവനെ കാണാൻ നിങ്ങൾ അവി​ടെ​യു​ണ്ടാ​യി​രി​ക്കു​മോ? ഹാബേ​ലി​ന്റെ ശ്രദ്ധേ​യ​മായ വിശ്വാ​സം അനുക​രി​ക്കു​ക​യും ‘അവൻ സംസാ​രി​ക്കു​ന്ന​തിന്‌’ ചെവി​കൊ​ടു​ക്കു​ക​യും ചെയ്യു​ന്നെ​ങ്കിൽ നിങ്ങൾ അവി​ടെ​യു​ണ്ടാ​യി​രി​ക്കും!

a “ലോക​സ്ഥാ​പനം” എന്ന പദത്തിൽ വിത്ത്‌ എറിയുക, അതായത്‌ പുനരുത്‌പാ​ദനം നടത്തുക, എന്ന ആശയം ഉൾപ്പെ​ടു​ന്നു. അതു​കൊണ്ട്‌, ആദ്യമ​നു​ഷ്യ​സ​ന്ത​തി​യു​ടെ ജനനവു​മാ​യി ഇത്‌ ബന്ധപ്പെ​ട്ടി​രി​ക്കു​ന്നു. അങ്ങനെ​യെ​ങ്കിൽ, എന്തു​കൊ​ണ്ടാണ്‌ യേശു “ലോക​സ്ഥാ​പന”ത്തെ ഹാബേ​ലു​മാ​യി ബന്ധിപ്പി​ച്ചത്‌? ആദ്യമ​നു​ഷ്യ​സ​ന്തതി കയീനാ​യി​രു​ന്നി​ല്ലേ? കയീന്റെ തീരു​മാ​ന​ങ്ങ​ളും പ്രവർത്ത​ന​ങ്ങ​ളും യഹോ​വ​യാം ദൈവ​ത്തിന്‌ എതിരായ മനഃപൂർവ​മ​ത്സ​ര​മാ​യി​രു​ന്നു. മാതാ​പി​താ​ക്ക​ളെ​പ്പോ​ലെ​തന്നെ അവനും പുനരു​ത്ഥാ​ന​ത്തി​നും വീണ്ടെ​ടു​പ്പി​നും യോഗ്യ​ന​ല്ലെന്ന്‌ ന്യായ​മാ​യും നിഗമനം ചെയ്യാ​നാ​കും.