അധ്യായം പന്ത്രണ്ട്
അവൻ തന്റെ ദൈവത്തിൽനിന്ന് ആശ്വാസം കൈക്കൊണ്ടു
1, 2. ഏലിയാവിന്റെ ജീവിതത്തിലെ അവിസ്മരണീയമായ ആ ദിവസം എന്തെല്ലാം കാര്യങ്ങളാണ് സംഭവിച്ചത്?
ഏലിയാവ് മഴയിലൂടെ നനഞ്ഞ് ഓടുകയാണ്. ഇരുട്ട് കനത്തുവരുന്നു. യിസ്രെയേലിലേക്ക് ഇനിയുമേറെ ദൂരമുണ്ട്. ഇത്രയും ദൂരം പിന്നിട്ടിട്ടും യാതൊരു ക്ഷീണവുമില്ലാതെ അവൻ കുതിച്ചുപായുകയാണ്. അതു കണ്ടാൽ പ്രായമുള്ള ഒരാളാണ് ഈ ഓടുന്നതെന്ന് തോന്നുകയേ ഇല്ല! എന്താണ് അവന്റെ ഈ ചുറുചുറുക്കിന്റെ രഹസ്യം? “യഹോവയുടെ കൈ” അവന്റെമേൽ ഉണ്ടായിരുന്നു! അവന്റെ സിരകളിലൂടെ ഊർജം പ്രവഹിക്കുകയാണ്. അവൻ ഇതുവരെ അനുഭവിച്ചിട്ടില്ലാത്ത ഒരു ഊർജപ്രവാഹം! കുതിരകളെ പൂട്ടിയ രാജരഥത്തെപ്പോലും പിന്നിലാക്കി ഇതാ, അവൻ പായുകയാണ്!—1 രാജാക്കന്മാർ 18:46 വായിക്കുക.
2 മുന്നിൽ നീണ്ടുനീണ്ടു പോകുന്ന പാത. അവന്റെ മുഖത്തും കണ്ണുകളിലും വീണുചിതറുന്ന മഴത്തുള്ളികൾ! കണ്ണ് ചിമ്മിത്തുറന്ന് ആ മഴത്തുള്ളികളെ തെറിപ്പിച്ചുകളഞ്ഞ് ഓടുകയാണ് ഏലിയാവ്! കഴിഞ്ഞുപോയ പകലിലെ അതീവവിസ്മയകരമായ സംഭവങ്ങൾ ഒന്നൊന്നായി മിന്നിമറയുകയാണ് അവന്റെ മനസ്സിലൂടെ. അവന്റെ ദൈവമായ യഹോവ മഹത്വകിരീടമണിഞ്ഞ ദിവസം! സത്യാരാധനയുടെ മഹിമ വാനോളമുയർന്ന ദിവസം! കർമേൽ ഇപ്പോൾ ബഹുദൂരം പിന്നിലായിക്കഴിഞ്ഞു. അതിന്റെ ഒരു നിഴൽപോലും കാണാനില്ല. കൊടുങ്കാറ്റിലും പേമാരിയിലും വിറങ്ങലിച്ച്, ഇരുട്ട് പുതച്ച് നിൽക്കുകയാണ് കർമേൽപർവതശിഖരങ്ങൾ! ചീറിയടിക്കുന്ന കാറ്റിനെ ഒട്ടൊന്നു തടുക്കാൻ ഒരു വൃക്ഷത്തലപ്പുപോലും അവിടെയില്ല! ബാലാരാധനയ്ക്ക് തന്റെ പ്രവാചകനിലൂടെ യഹോവ ശക്തമായ തിരിച്ചടി നൽകിയത് അവിടെവെച്ചാണ്. നൂറുകണക്കിന് ബാൽപ്രവാചകന്മാരുടെ കൊടുംവഞ്ചനയും കാപട്യവും അന്ന് മറനീക്കി പുറത്തുവന്നു. ആ നീചന്മാർ ഒട്ടും കരുണ അർഹിച്ചില്ല. എല്ലാറ്റിനെയും കൊന്നുകളഞ്ഞു! അങ്ങനെ നീതി നടപ്പാക്കി! അവൻ പിന്നെ വരൾച്ച അവസാനിപ്പിക്കാൻ യഹോവയോട് അപേക്ഷിച്ചു. മൂന്നര വർഷമായി വേനലും വരൾച്ചയും ദേശത്തെ വരിഞ്ഞുമുറുക്കിയിരുന്നു. പ്രാർഥന കേട്ട ദൈവം ദേശത്ത് വൻമഴ പെയ്യിച്ചു.—1 രാജാ. 18:18-45.
3, 4. (എ) യിസ്രെയേലിലേക്കുള്ള ഓട്ടത്തിനിടെ ഏലിയാവ് എന്തെല്ലാം ആശിച്ചുകാണും, എന്തുകൊണ്ട്? (ബി) നമ്മൾ ഏതു ചോദ്യങ്ങൾ പരിശോധിക്കും?
3 മഴയിലൂടെ വെള്ളം ചവിട്ടിത്തെറിപ്പിച്ച്, യിസ്രെയേലിലേക്കുള്ള 30 കിലോമീറ്റർ ദൂരം താണ്ടുമ്പോൾ അവൻ എന്തെല്ലാം ആശിച്ചിട്ടുണ്ടാകും! ‘ഹൊ, എല്ലാം ശുഭമായി പര്യവസാനിക്കാൻ പോകുകയാണല്ലോ,’ ഏലിയാവ് ആശ്വസിച്ചുകാണും. ആഹാബ് എന്തായാലും മാറ്റം വരുത്തിയേ തീരൂ! നടന്നതെല്ലാം അവൻ നേരിൽ കണ്ടതല്ലേ? അവൻ ബാലാരാധന ഉപേക്ഷിക്കും, ഇസബേൽ രാജ്ഞിയെ വരുതിയിലാക്കും, യഹോവയുടെ ദാസന്മാർക്ക് ഒടുവിൽ സ്വസ്ഥതയുണ്ടാകും. അങ്ങനെ പോയി അവന്റെ ചിന്ത!
ഏലിയാവ് “യിസ്രായേലിൽ എത്തുംവരെ ആഹാബിന്നു മുമ്പായി ഓടി”
4 കാര്യങ്ങൾ നമ്മുടെ വഴിക്കു വരുന്നതായി കാണുമ്പോൾ നമ്മുടെ പ്രതീക്ഷകളും ഉയരും. അതു സ്വാഭാവികമാണല്ലോ! ‘ജീവിതപാതയിലെ കല്ലും മുള്ളും നീങ്ങി, ഇനിയിപ്പോൾ എല്ലാം സുഗമമായി പൊയ്ക്കൊള്ളും,’ നമ്മൾ ആശ്വസിക്കും. ‘ഏറ്റവും ദുർഘടമായ ഘട്ടം പിന്നിട്ടുകഴിഞ്ഞു, ഇതിലും വലുതായി ഇനി എന്തു വരാൻ,’ എന്നുപോലും ചിന്തിച്ചുപോകുന്ന മനസ്സ്. ഏലിയാവിനും അങ്ങനെ തോന്നിയെങ്കിൽ കുറ്റം പറയാനില്ല. കാരണം, “നമ്മെപ്പോലെതന്നെയുള്ള ഒരു മനുഷ്യനായിരുന്നു” അവനും! (യാക്കോ. 5:17) വാസ്തവത്തിൽ ഏലിയാവിന്റെ പ്രശ്നങ്ങൾ അവിടംകൊണ്ട് തീരുകയായിരുന്നില്ല! കഠിനമായ പലതും വരാനിരിക്കുന്നതേ ഉണ്ടായിരുന്നുള്ളൂ. ഇപ്പോൾ കാണുന്ന ഏലിയാവിനെ അല്ല, ഏതാനും മണിക്കൂറുകൾ കഴിഞ്ഞ് നാം കാണുക. പേടിച്ചരണ്ട്, മനസ്സു മടുത്ത്, മരിക്കാൻ കൊതിക്കുന്ന ഒരു മനുഷ്യൻ! ഈ സമയംകൊണ്ട് എന്താണ് സംഭവിച്ചത്? ധൈര്യവും വിശ്വാസവും വീണ്ടെടുക്കാൻ ദൈവം തന്റെ പ്രവാചകനെ സഹായിച്ചത് എങ്ങനെ? നമുക്ക് നോക്കാം.
കാര്യങ്ങൾ അപ്രതീക്ഷിതമായി മാറിമറിയുന്നു!
5. കർമേൽ പർവതത്തിലെ ആ സംഭവങ്ങൾക്കു ശേഷം ആഹാബ് യഹോവയെ ആദരിക്കാൻ പഠിച്ചോ, അത് നമുക്ക് എങ്ങനെ അറിയാം?
5 ആഹാബ് യിസ്രെയേലിലെ തന്റെ അരമനയിൽ തിരിച്ചെത്തി. മനസ്താപത്തിന്റെ എന്തെങ്കിലും ലക്ഷണങ്ങൾ ആ മനുഷ്യനിൽ കാണാനുണ്ടോ? വിവരണം പറയുന്നത് ഇങ്ങനെ: “ഏലീയാവു ചെയ്തതൊക്കെയും അവൻ സകലപ്രവാചകന്മാരെയും വാൾകൊണ്ടു കൊന്ന വിവരമൊക്കെയും ആഹാബ് ഈസേബെലിനോടു പറഞ്ഞു.” (1 രാജാ. 19:1) അന്നത്തെ സംഭവങ്ങൾ വിവരിക്കവെ, ഏലിയാവിന്റെ ദൈവമായ യഹോവയെക്കുറിച്ച് അവൻ യാതൊന്നും പറഞ്ഞില്ലെന്ന കാര്യം നിങ്ങൾ ശ്രദ്ധിച്ചോ? യാതൊരു ആത്മീയകാഴ്ചപ്പാടുമില്ലാത്ത മനുഷ്യനായിരുന്നു ആഹാബ്. ആ ദിവസത്തെ അത്ഭുതകരമായ സംഭവങ്ങൾ യഹോവ ചെയ്തതായിട്ടല്ല, പിന്നെയോ “ഏലീയാവു ചെയ്ത”തായിട്ടാണ് അവൻ കണ്ടത്. യഹോവയെ ആദരിക്കാൻ അവൻ ഇനിയും പഠിച്ചിട്ടില്ലെന്നു സാരം. പ്രതികാരദാഹിയായ അവന്റെ ഭാര്യ എന്തു ചെയ്തു?
6. ഇസബേൽ ഏലിയാവിന് അയച്ച സന്ദേശം എന്തായിരുന്നു, എന്താണ് അതിന്റെ അർഥം?
6 ഇസബേൽ കോപം കൊണ്ട് വിറച്ചു. അവളുടെ ഉള്ളിലെ പ്രതികാരാഗ്നി ആളിക്കത്തി. “നാളെ ഈ നേരത്തു ഞാൻ നിന്റെ ജീവനെ അവരിൽ ഒരുത്തന്റെ ജീവനെപ്പോലെ ആക്കുന്നില്ല എങ്കിൽ ദേവന്മാർ എന്നോടു തക്കവണ്ണവും അധികവും ചെയ്യുമാറാകട്ടെ” എന്ന ഭീഷണിയുമായി അവൾ ഒരു ദൂതനെ ഏലിയാവിന്റെ അടുത്തേക്ക് അയച്ചു. (1 രാജാ. 19:2) ഇതൊരു സാധാരണ വധഭീഷണിയായിരുന്നില്ല. കല്പനയിട്ടിരിക്കുന്നത് ദുഷ്ടയായ ഇസബേലാണ്! ഏലിയാവ് കൊന്നുകളഞ്ഞ ബാൽപ്രവാചകന്മാരുടെ രക്തത്തിന് നേരത്തോടുനേരത്തിനകം പ്രതികാരം ചെയ്യാൻ തന്നെക്കൊണ്ട് കഴിഞ്ഞില്ലെങ്കിൽ, മരിക്കാൻപോലും തനിക്ക് മടിയില്ലെന്നാണ് ആ കല്പനയുടെ അർഥം. കാറ്റിലും മഴയിലും ഓടിവന്ന് ഏതോ ഒരു എളിയ അഭയസ്ഥാനത്ത് തളർന്നുറങ്ങുകയായിരുന്നു ഏലിയാവ്. രാജ്ഞിയുടെ കിങ്കരൻ അറിയിച്ച ഞെട്ടിക്കുന്ന വാർത്ത കേട്ടാണ് അവൻ ഉറക്കമുണർന്നത്. ഏലിയാവിന് ഇപ്പോൾ എന്തു തോന്നിക്കാണും?
നിരാശയും ഭയവും പിടിമുറുക്കുന്നു!
7. ഇസബേലിന്റെ ഭീഷണി ഏലിയാവിനെ ബാധിച്ചത് എങ്ങനെ, അവൻ എന്തു ചെയ്തു?
7 ബാലാരാധനയുമായുള്ള പോരാട്ടം അവസാനിച്ചല്ലോ എന്ന് കരുതിയെങ്കിൽ, ഇപ്പോൾ, ഈ നിമിഷം അവന്റെ സകല പ്രതീക്ഷകളും ചീട്ടുകൊട്ടാരംപോലെ തകർന്നു. ഇത്രയൊക്കെ ആയിട്ടും ഇസബേലിന് ഒരു കുലുക്കവുമില്ല. ഏലിയാവിന്റെ സഹകാരികളായ എത്ര പ്രവാചകന്മാരെയാണ് ഇതിനോടകം അവൾ നിഷ്കരുണം വധിച്ചത്! അവളുടെ അടുത്ത ഇര ഏലിയാവാണ്. ഇസബേലിന്റെ ഭീഷണി കേട്ട ഏലിയാവിന്റെ മാനസികാവസ്ഥ എന്താണ്? അവൻ ഭയപരവശനായെന്ന് വിവരണത്തിൽ കാണുന്നു. ഇസബേലിന്റെ കൈയാലുള്ള ഭീകരമായ മരണരംഗം മനസ്സിൽ കണ്ട് വിറങ്ങലിച്ചുനിൽക്കുകയാണോ പ്രവാചകൻ? അങ്ങനെയൊക്കെ ചിന്തിച്ചുകൂട്ടിയെങ്കിൽ അവന്റെ ഉള്ള ധൈര്യംകൂടി ചോർന്നുപോയിട്ടുണ്ടാകും. എന്തായിരുന്നാലും, അവൻ “എഴുന്നേറ്റു ജീവരക്ഷെക്കായി പുറപ്പെട്ടു” എന്നാണ് വിവരണം പറയുന്നത്. അതെ, പ്രാണഭയത്താൽ അവൻ അവിടം വിട്ട് ഓടി.—1 രാജാ. 18:4; 19:3.
ധൈര്യം ചോർന്നുപോകാതിരിക്കണമെങ്കിൽ, നമുക്കു മുമ്പിലുള്ള ഭീതിയുണർത്തുന്ന കാര്യങ്ങളെക്കുറിച്ച് ഏതു നേരവും ചിന്തിച്ചുകൊണ്ടിരിക്കരുത്
8. (എ) പത്രോസിന്റെ പ്രശ്നം ഏലിയാവിന്റേതുപോലെ ആയിരുന്നത് എങ്ങനെ? (ബി) ഈ രണ്ടുപേരിൽനിന്ന് നമുക്ക് എന്തു പഠിക്കാം?
8 ഭയം കീഴ്പെടുത്തിയ ദൈവദാസന്മാർ വേറെയുമുണ്ട്, ഏലിയാവ് മാത്രമല്ല. നൂറ്റാണ്ടുകൾ കഴിഞ്ഞ്, പത്രോസ് അപ്പൊസ്തലനും ഇതുപോലെ ഒരു സാഹചര്യമുണ്ടായി. ഉദാഹരണത്തിന്, വെള്ളത്തിന്മീതെകൂടി നടന്ന് തന്റെ അടുത്തേക്ക് വരാൻ യേശു പത്രോസിനെ പ്രാപ്തനാക്കിയപ്പോൾ, “ശക്തമായ കാറ്റുകണ്ട് അവൻ ഭയന്നു.” ധൈര്യം ചോർന്നുപോയ പത്രോസ് വെള്ളത്തിൽ മുങ്ങിത്താഴാൻ തുടങ്ങി. (മത്തായി 14:30 വായിക്കുക.) ഏലിയാവിന്റെയും പത്രോസിന്റെയും അനുഭവങ്ങൾ നമ്മെ ഒരു വിലയേറിയ പാഠം പഠിപ്പിക്കുന്നുണ്ട്. ധൈര്യം ചോർന്നുപോകാതിരിക്കണമെങ്കിൽ, നമുക്കു മുമ്പിലുള്ള ഭീതിയുണർത്തുന്ന കാര്യങ്ങളെക്കുറിച്ച് ഏതു നേരവും ചിന്തിച്ചുകൊണ്ടിരിക്കരുത്. പിന്നെയോ, നമ്മുടെ പ്രത്യാശയുടെയും ശക്തിയുടെയും ഉറവായ യഹോവയെ എപ്പോഴും കണ്മുന്നിൽ കാണുക.
‘എനിക്കു മതിയായി!’
9. ഏലിയാവിന്റെ യാത്രയും അപ്പോഴത്തെ അവന്റെ മാനസികാവസ്ഥയും വിവരിക്കുക.
9 ഭയന്നുപോയ ഏലിയാവ് തെക്കുപടിഞ്ഞാറേ ദിശയിലേക്കാണ് പലായനം ചെയ്തത്, യെഹൂദയുടെ തെക്കേ അതിരിനോടു ചേർന്നുള്ള പട്ടണമായ ബേർ-ശേബയിലേക്ക്. ഏകദേശം 150 കിലോമീറ്റർ ദൂരമുണ്ട് അവിടേക്ക്. തന്റെ ബാല്യക്കാരനെ അവൻ അവിടെയാക്കി. പിന്നെ ഏകനായി യാത്ര തുടർന്നു. നിർജനപ്രദേശത്തുകൂടിയായിരുന്നു യാത്ര. അങ്ങനെ, അവൻ “ഒരു ദിവസത്തെ വഴി ചെന്നു” എന്നു വിവരണം പറയുന്നു. ഏലിയാവിന്റെ തനിച്ചുള്ള ഈ യാത്ര നമുക്കൊന്ന് മനസ്സിൽ കാണാം: അതിരാവിലെ വെട്ടം വീണപ്പോൾ യാത്ര തുടങ്ങിയതാണ്. ഭക്ഷണമോ വെള്ളമോ മറ്റ് അവശ്യവസ്തുക്കളോ അവന്റെ കൈയിലുണ്ടെന്ന് തോന്നുന്നില്ല. ആകെ നിരാശനാണ്. ആധിപിടിച്ച് പരിഭ്രാന്തനായാണ് പോക്ക്. മുകളിൽ കത്തിയെരിയുന്ന സൂര്യൻ. ചുട്ടുപൊള്ളുന്ന ദുർഘടമായ വിജനപ്രദേശം. സമയം കടന്നുപൊയ്ക്കൊണ്ടിരുന്നു. തിളങ്ങുന്ന സൂര്യഗോളത്തിൽ മെല്ലെമെല്ലെ ചുവപ്പുരാശി പടർന്നുകയറി. ഒടുവിൽ ആ ചുവപ്പുഗോളം ദൂരെ ചക്രവാളത്തിൽ മറഞ്ഞു! ഏലിയാവ് തളർന്നു. ഇനി, ഒരടി നടക്കാൻ വയ്യ. ആകെ അവശനായി, അവൻ ഒരു ചൂരച്ചെടിയുടെ ചുവട്ടിൽ തളർന്നിരുന്നു. നീണ്ടുപരന്ന ആ വിശാലമായ തരിശുഭൂമിയിൽ ഒരു അഭയമായി മറ്റൊന്നും കാണാനുണ്ടായിരുന്നില്ല.—1 രാജാ. 19:4.
10, 11. (എ) യഹോവയോടുള്ള ഏലിയാവിന്റെ പ്രാർഥനയുടെ അർഥമെന്തായിരുന്നു? (ബി) മനസ്സു തളർന്ന മറ്റു ചില ദൈവദാസന്മാരുടെ വികാരവിചാരങ്ങൾ, ഖണ്ഡികയിൽ നൽകിയിരിക്കുന്ന തിരുവെഴുത്തുകൾ ഉപയോഗിച്ച് വിവരിക്കുക.
10 നിരാശയിൽ മുങ്ങിയ ഏലിയാവ് പ്രാർഥിച്ചു: ‘ഞാൻ മരിച്ചുകൊള്ളട്ടേ യഹോവേ!’ “ഞാൻ എന്റെ പിതാക്കന്മാരെക്കാൾ നല്ലവനല്ലല്ലോ,” അവൻ സങ്കടം പറഞ്ഞു. അവന്റെ പിതാക്കന്മാർ അപ്പോൾ ശവക്കുഴികളിൽ വെറും പൊടിയും അസ്ഥികളും മാത്രമായിക്കിടക്കുകയാണ്, ആർക്കും ഒരു നന്മയും ചെയ്യാൻ കഴിയാത്ത അവസ്ഥയിൽ. (സഭാ. 9:10) ഫലത്തിൽ താനും ഇപ്പോൾ അവരെപ്പോലെതന്നെയായല്ലോ എന്നാണ് അവൻ സൂചിപ്പിച്ചത്. ഇനി എന്തിന് ജീവിക്കണമെന്ന് തോന്നിയ അവൻ ഇങ്ങനെ വിലപിച്ചുപോയി: “മതി, യഹോവേ!”
11 ഇത്രയ്ക്ക് മനസ്സ് തളരാമോ, ഒന്നുമല്ലെങ്കിലും അവൻ ഒരു ദൈവപുരുഷനല്ലേ? ചിലരുടെ എങ്കിലും മനസ്സിൽ അങ്ങനെ ഒരു ചോദ്യമുയർന്നേക്കാം. പക്ഷേ, അതിന്റെ ആവശ്യമില്ല! നിരാശകൊണ്ട് മനസ്സ് നീറി, മരണം കൊതിച്ച ദൈവദാസർ വേറെയുമുണ്ട്. റിബേക്ക, യാക്കോബ്, മോശ, ഇയ്യോബ് തുടങ്ങിയവർ. ഇവരെല്ലാം വിശ്വസ്തരായ സ്ത്രീപുരുഷന്മാർതന്നെയായിരുന്നു.—ഉല്പ. 25:22; 37:35; സംഖ്യാ. 11:13-15; ഇയ്യോ. 14:13.
12. പ്രതീക്ഷകൾ എല്ലാം അസ്തമിച്ചതുപോലെ തോന്നുമ്പോൾ ഏലിയാവിനെപ്പോലെ നിങ്ങൾ എന്താണ് ചെയ്യേണ്ടത്?
12 നമ്മൾ ജീവിക്കുന്നത് “ദുഷ്കരമായ സമയങ്ങ”ളിലാണ്. അതുകൊണ്ടുതന്നെ, കടുത്ത നിരാശയിൽ ആണ്ടുപോകുന്ന സമയങ്ങൾ പലരുടെയും ജീവിതത്തിലുണ്ടാകാറുണ്ട്. വിശ്വസ്തരായ ദൈവദാസന്മാർക്കും ഇതിൽനിന്ന് ഒഴിവില്ല. (2 തിമൊ. 3:1) സർവപ്രതീക്ഷകളും അസ്തമിച്ചതുപോലുള്ള ഒരു സാഹചര്യത്തിലായിപ്പോയാൽ, ഏലിയാവിനെപ്പോലെ ചെയ്യുക: നിങ്ങളുടെ പ്രാണസങ്കടങ്ങൾ മുഴുവൻ യഹോവയുടെ മുമ്പാകെ പകർന്നുവെക്കുക. യഹോവ “സർവാശ്വാസത്തിന്റെയും ദൈവ”മാണെന്ന കാര്യം മറന്നുപോകരുത്. (2 കൊരിന്ത്യർ 1:3, 4 വായിക്കുക.) ആകട്ടെ, ആശ്വാസത്തിന്റെ ദൈവമായ യഹോവ ഏലിയാവിനെ ആശ്വസിപ്പിച്ചോ?
യഹോവ തന്റെ പ്രവാചകനെ പുലർത്തി
13, 14. (എ) എന്തു ചെയ്യണമെന്ന് അറിയാതെ കുഴങ്ങിപ്പോയ തന്റെ പ്രവാചകനോട് ഒരു ദൂതനെ അയച്ചുകൊണ്ട് യഹോവ സ്നേഹവും കരുതലും കാണിച്ചത് എങ്ങനെ? (ബി) പരിമിതികൾ സഹിതം നമ്മളെ ഓരോരുത്തരെയും കുറിച്ചുള്ള സകല കാര്യങ്ങളും യഹോവയ്ക്ക് അറിയാമെന്നുള്ളത് നമ്മെ ആശ്വസിപ്പിക്കുന്നത് എന്തുകൊണ്ട്?
13 വിജനമായ ആ മരുപ്രദേശത്ത്, ഒരു ചൂരച്ചെടിയുടെ ചുവട്ടിൽ, മരിച്ചാൽ മതിയെന്നു ചിന്തിച്ച് കിടക്കുന്ന തന്റെ പ്രിയപ്രവാചകനെ സ്വർഗത്തിൽനിന്നു നോക്കിക്കാണുന്ന യഹോവയ്ക്ക് എന്തു തോന്നിയിട്ടുണ്ടാകും? നമ്മൾ ഊഹിക്കേണ്ടതില്ല. യഹോവ ഒരു ദൂതനെ അവിടേക്ക് അയച്ചു. അപ്പോൾ, ഏലിയാവ് തളർന്ന് ഉറങ്ങുകയായിരുന്നു. ദൂതൻ ഏലിയാവിനെ മൃദുവായി തട്ടിയുണർത്തി. എന്നിട്ട് പറഞ്ഞു: “എഴുന്നേറ്റു തിന്നുക.” ദൂതൻ അവന്റെ മുമ്പിൽ ഭക്ഷണം ഒരുക്കിവെച്ചിരുന്നു. ചൂടാറാത്ത അപ്പവും കുറച്ച് വെള്ളവും. ഏലിയാവ് അത് കഴിച്ചു. അവൻ ദൂതനോട് എന്തെങ്കിലും നന്ദിവാക്ക് പറഞ്ഞോ? പ്രവാചകൻ തിന്ന് കുടിച്ച് വീണ്ടും കിടന്നുറങ്ങി എന്നു മാത്രമേ വിവരണം പറയുന്നുള്ളൂ. കടുത്ത നിരാശകൊണ്ട് അവന് ഒന്നും സംസാരിക്കാൻ തോന്നാതിരുന്നതാണോ? എന്തായാലും, വെളുപ്പാൻകാലമായിട്ടുണ്ടാകും, ദൂതൻ അവനെ വീണ്ടും വിളിച്ചുണർത്തി. “എഴുന്നേറ്റു തിന്നുക” എന്നു പറഞ്ഞു. എന്നിട്ട്, പ്രധാനപ്പെട്ട ഒരു കാര്യവും അവനെ അറിയിച്ചു: “നിനക്കു ദൂരയാത്ര ചെയ്വാനുണ്ടല്ലോ.”—1 രാജാ. 19:5-7.
14 ഏലിയാവ് എങ്ങോട്ടാണ് ഇറങ്ങിത്തിരിച്ചിരിക്കുന്നതെന്ന് യഹോവ ദൂതനെ അറിയിച്ചിരുന്നു. യാത്ര വളരെ ദീർഘമാണെന്നും ഏലിയാവിന് സ്വന്തശക്തിയാൽ അത് പൂർത്തിയാക്കാൻ കഴിയില്ലെന്നും ദൂതന് അറിയാമായിരുന്നു. നമ്മൾ ചെയ്യാൻ ആഗ്രഹിക്കുന്ന നല്ല കാര്യങ്ങളെക്കുറിച്ചും എന്നാൽ അത് ചെയ്യാൻ നമുക്കുള്ള പരിമിതികളെക്കുറിച്ചും നമ്മെക്കാൾ നന്നായി നമ്മുടെ ദൈവത്തിന് അറിയാം. അത് നമ്മിൽ ആശ്വാസം നിറയ്ക്കുന്ന വലിയൊരു സത്യമല്ലേ? (സങ്കീർത്തനം 103:13, 14 വായിക്കുക.) ദൂതൻ കൊടുത്ത ഭക്ഷണം കഴിച്ചപ്പോൾ ഏലിയാവിന് ഉണർവ് തിരികെ കിട്ടിയോ?
15, 16. (എ) യഹോവ ഏലിയാവിന് കൊടുത്ത പോഷണം അവനെ എന്തിന് സഹായിച്ചു? (ബി) യഹോവ തന്റെ ദാസന്മാരെ ഇന്ന് പോഷിപ്പിക്കുന്ന വിധത്തെപ്രതി നമ്മൾ നന്ദിയുള്ളവരായിരിക്കേണ്ടത് എന്തുകൊണ്ട്?
15 “അവൻ എഴുന്നേറ്റു തിന്നുകുടിച്ചു; ആ ആഹാരത്തിന്റെ ബലംകൊണ്ടു നാല്പതു പകലും നാല്പതു രാവും ദൈവത്തിന്റെ പർവ്വതമായ ഹോരേബോളം നടന്നു” എന്ന് ബൈബിൾ പറയുന്നു. (1 രാജാ. 19:8) അവൻ 40 രാവും 40 പകലും ഭക്ഷണമില്ലാതെ ജീവിച്ചു. അവന്റെ കാലത്തിന് ഏകദേശം ആറ് നൂറ്റാണ്ട് മുമ്പ് ജീവിച്ചിരുന്ന മോശ ഇങ്ങനെ കഴിഞ്ഞിട്ടുണ്ട്. ഏലിയാവിന് ഏകദേശം പത്തു നൂറ്റാണ്ടിനു ശേഷം യേശുവും, 40 രാവും 40 പകലും ഭക്ഷണമില്ലാതെ കഴിഞ്ഞതായി നാം കാണുന്നു. (പുറ. 34:28; ലൂക്കോ. 4:1, 2) ദൂതൻ കൊടുത്ത ഭക്ഷണം ഏലിയാവിന്റെ എല്ലാ പ്രശ്നങ്ങളും പരിഹരിച്ചു എന്നല്ല. പക്ഷേ, അത് അവനെ അത്ഭുതകരമായി പുലർത്തി. പ്രായമായ ആ മനുഷ്യൻ വഴിത്താരപോലുമില്ലാത്ത വിജനപ്രദേശത്തുകൂടി കഷ്ടപ്പെട്ട് നടന്നുനീങ്ങുന്നത് ഒന്നു മനസ്സിൽ കാണൂ! ഒന്നോ രണ്ടോ ദിവസമോ, ആഴ്ചകളോ അല്ല, ഒന്നര മാസത്തോളമാണ് അവൻ നടന്നത്!
16 ഇക്കാലത്തും യഹോവ തന്റെ ദാസന്മാരെ പോറ്റിപ്പുലർത്തുന്നുണ്ട്. അത് അത്ഭുതകരമായ വിധത്തിൽ ഭക്ഷണം നൽകിക്കൊണ്ടല്ല, പിന്നെയോ അതിലുമേറെ പ്രധാനമായ ഒരു വിധത്തിലാണ്: ആത്മീയമായി! (മത്താ. 4:4) ബൈബിളിൽനിന്നും, അതിനെ ആധാരമാക്കി ശ്രദ്ധയോടെ തയ്യാറാക്കുന്ന പ്രസിദ്ധീകരണങ്ങളിൽനിന്നും ദൈവത്തെക്കുറിച്ച് പഠിച്ചുകൊണ്ട് നമുക്ക് ആത്മീയമായി പോഷണം നേടാം. യഹോവ നൽകുന്ന ഈ ആത്മീയഭക്ഷണത്തിലൂടെ നമ്മുടെ എല്ലാ പ്രശ്നങ്ങളും പൊയ്പ്പോകണമെന്നില്ല. പക്ഷേ, പിടിച്ചുനിൽക്കാൻ അത് നമ്മെ സഹായിക്കും. അല്ലാത്തപക്ഷം നമുക്ക് സഹിച്ചുനിൽക്കാൻ കഴിഞ്ഞെന്നു വരില്ല. നമ്മെ ‘നിത്യജീവനിലേക്ക്’ കൊണ്ടെത്തിക്കാൻ ഉതകുന്ന പോഷണംകൂടിയാണിത്!—യോഹ. 17:3.
17. ഏലിയാവ് എവിടേക്കാണ് പോയത്, ആ സ്ഥലത്തിന്റെ പ്രാധാന്യം എന്ത്?
17 ഏലിയാവ് ഹോരേബ് (സീനായ്) പർവതത്തിലെത്തി. അപ്പോഴേക്കും അവൻ ഏതാണ്ട് 320 കിലോമീറ്റർ ദൂരം നടന്നുകഴിഞ്ഞിരുന്നു. ദൈവജനത്തിന്റെ ചരിത്രത്തിലെ, അതീവപ്രാധാന്യമുള്ള ഒരു സ്ഥലമാണ് ഹോരേബ് പർവതം. വളരെക്കാലം മുമ്പ് എരിയുന്ന മുൾപ്പടർപ്പിൽ യഹോവയുടെ ദൂതൻ മോശയ്ക്ക് പ്രത്യക്ഷപ്പെട്ടത് ഇവിടെവെച്ചാണ്. ഇവിടെവെച്ചുതന്നെയാണ് യഹോവ പിന്നീട്, ഇസ്രായേലുമായി ന്യായപ്രമാണയുടമ്പടി ഉണ്ടാക്കിയതും. അവിടെ ഒരു ഗുഹയിൽ ഏലിയാവ് അഭയം തേടി.
യഹോവ തന്റെ പ്രവാചകനെ ആശ്വസിപ്പിക്കുകയും ബലപ്പെടുത്തുകയും ചെയ്യുന്നു
18, 19. (എ) യഹോവയുടെ ദൂതൻ എന്താണ് ഏലിയാവിനോട് ചോദിച്ചത്, ഏലിയാവ് എന്തു ചെയ്തു? (ബി) ഏലിയാവിന്റെ വാക്കുകൾ അവന്റെ മനോവ്യഥയുടെ ഏതെല്ലാം കാരണങ്ങൾ വെളിപ്പെടുത്തുന്നു?
18 ഹോരേബിൽവെച്ച് ഏലിയാവിന് യഹോവയുടെ “അരുളപ്പാടുണ്ടായി.” ഒരു ദൈവദൂതനായിരിക്കണം യഹോവയുടെ സന്ദേശം ഏലിയാവിനെ അറിയിച്ചത്. “ഏലീയാവേ, ഇവിടെ നിനക്കു എന്തു കാര്യം” എന്ന് യഹോവ ചോദിച്ചു. വളരെ സൗമ്യമായ സ്വരത്തിലായിരിക്കണം അവനോട് അത് ചോദിച്ചത്. അതുകൊണ്ടുതന്നെ തന്റെ ഹൃദയവികാരങ്ങൾ യഹോവയെ അറിയിക്കാൻ അവന് ഒരു മടിയും തോന്നിയില്ല. അതുവരെ ആരോടും പറയാനാവാതെ ഉള്ളിലടക്കിവെച്ചിരുന്നതെല്ലാം ഒരു പ്രവാഹംപോലെ പുറത്തുവന്നു! അവൻ പറഞ്ഞുതുടങ്ങി: “സൈന്യങ്ങളുടെ ദൈവമായ യഹോവെക്കു വേണ്ടി ഞാൻ വളരെ ശുഷ്കാന്തിച്ചിരിക്കുന്നു; യിസ്രായേൽമക്കൾ നിന്റെ നിയമത്തെ ഉപേക്ഷിച്ചു നിന്റെ യാഗപീഠങ്ങളെ ഇടിച്ചു നിന്റെ പ്രവാചകന്മാരെ വാൾകൊണ്ടു കൊന്നുകളഞ്ഞു; ഞാൻ ഒരുത്തൻ മാത്രം ശേഷിച്ചിരിക്കുന്നു; അവർ എനിക്കും ജീവഹാനി വരുത്തുവാൻ നോക്കുന്നു.” (1 രാജാ. 19:9, 10) ഏലിയാവിന്റെ വാക്കുകൾ അവന്റെ മനോവ്യഥയുടെ മൂന്നു കാരണങ്ങളെങ്കിലും വെളിപ്പെടുത്തുന്നുണ്ട്.
19 താൻ ചെയ്തതെല്ലാം വെറുതെയായെന്ന് ഏലിയാവിന് തോന്നിപ്പോയി. അതായിരുന്നു ഒരു കാരണം. വർഷങ്ങളോളം അവൻ യഹോവയെ “വളരെ ശുഷ്കാന്തി”യോടെ സേവിച്ചു, യഹോവയുടെ വിശുദ്ധനാമത്തിനും സത്യാരാധനയ്ക്കും വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ചു. എന്നിട്ടോ? കാര്യങ്ങളെല്ലാം ഒന്നിനൊന്ന് വഷളാകുന്നതാണ് അവൻ കണ്ടത്! ജനം മത്സരികളും വിശ്വാസഹീനരും ആയി തുടർന്നു. വ്യാജാരാധന തഴച്ച് വളർന്നു! രണ്ടാമത്തെ കാരണം, തനിച്ചായിപ്പോയെന്നുള്ള ചിന്തയാണ്. “ഞാൻ ഒരുത്തൻ മാത്രം ശേഷിച്ചിരിക്കുന്നു” എന്നാണ് അവൻ പറഞ്ഞത്. ആ ദേശത്ത് യഹോവാഭക്തനായി ഇനി താൻ മാത്രമേ ഉള്ളൂ എന്ന് അവൻ കരുതി. അവനെ പിടികൂടിയ ഭയമായിരുന്നു മൂന്നാമത്തെ കാരണം. അവന്റെ സഹകാരികളായ പ്രവാചകന്മാരിൽ വലിയൊരു ഗണത്തെ ഇതിനോടകം ഇസബേൽ വകവരുത്തിയിരുന്നു. അടുത്തത് താനാണെന്ന് അവന് ഉറപ്പായിക്കഴിഞ്ഞു. ഇത്തരം പേടിയും ആശങ്കകളും തുറന്ന് പറയാൻ ദുരഭിമാനവും ജാള്യതയും ഒക്കെ ഒരു തടസ്സമാകാവുന്നതാണ്. പക്ഷേ, ദൈവത്തോട് അതൊക്കെ തുറന്ന് പറയാൻ ഏലിയാവിന് യാതൊന്നും തടസ്സമായില്ല. അവൻ തന്റെ ദൈവത്തോട് ഹൃദയം തുറന്നു. അങ്ങനെ വിശ്വസ്തരായ സകലർക്കും അക്കാര്യത്തിൽ അവൻ ഉത്തമമാതൃകയായി!—സങ്കീ. 62:8.
20, 21. (എ) ഹോരേബ് പർവതത്തിലെ ഗുഹാമുഖത്തുനിന്നുകൊണ്ട് ഏലിയാവ് സാക്ഷ്യം വഹിച്ച സംഭവങ്ങൾ വിവരിക്കുക. (ബി) യഹോവയുടെ ശക്തിയുടെ അപരിമേയമായ പ്രകടനങ്ങൾ ഏലിയാവിനെ എന്താണ് പഠിപ്പിച്ചത്?
20 ഏലിയാവിന്റെ സങ്കടങ്ങൾ കേട്ട യഹോവ എന്തു ചെയ്തു? അവൻ തങ്ങിയ ഗുഹയുടെ കവാടത്തിങ്കലേക്ക് വന്ന് നിൽക്കാൻ ദൈവദൂതൻ അവനോട് പറഞ്ഞു. എന്താണ് സംഭവിക്കാൻ പോകുന്നതെന്ന് അറിയില്ലെങ്കിലും തന്നോട് പറഞ്ഞതുപോലെ ഏലിയാവ് ചെയ്തു. പെട്ടെന്ന്, എവിടെനിന്നോ അതിശക്തമായ ഒരു കൊടുങ്കാറ്റുണ്ടായി! കാറ്റിന്റെ കാതടപ്പിക്കുന്ന ഗർജനം അവിടെയെങ്ങും മുഴങ്ങി! പർവതങ്ങളെ കീറി, പാറക്കെട്ടുകളെ തകർക്കുന്ന വന്യമായ കൊടുങ്കാറ്റ്! ഒരു കൈകൊണ്ട് കണ്ണ് മറച്ച്, ശക്തിയായ കാറ്റിൽ പറന്നുപൊങ്ങുന്ന തന്റെ കട്ടിയുള്ള രോമക്കുപ്പായം മറുകൈകൊണ്ട് മുറുകെപ്പിടിക്കുന്ന ഏലിയാവ്. ഒടുവിൽ, കാറ്റൊന്ന് ശമിച്ചു! ഉടൻ അതാ മറ്റൊരു പ്രതിഭാസം! കാൽക്കീഴിലെ നിലം പൊങ്ങുകയും താഴുകയും ചെയ്യുന്നു! എന്താണ് സംഭവിക്കുന്നത്? അവന് ആ ഗുഹയിൽ ചുവടുറപ്പിച്ച് നിൽക്കാൻ കഴിയാതായി. പർവതത്തെ പിടിച്ചുകുലുക്കുന്ന ഒരു ഭൂകമ്പം! അല്പനേരം കഴിഞ്ഞപ്പോൾ ആ പ്രകമ്പനങ്ങൾ ഒന്നടങ്ങി. അപ്പോൾ കണ്മുന്നിലതാ ഒരു അഗ്നിപ്രളയം! ഭയങ്കരമായൊരു മുഴക്കത്തോടെ അത് പാഞ്ഞുവരികയാണ്! കത്തിക്കരിയുമെന്ന് തോന്നുന്ന ചൂട്! എവിടെപ്പോയി ഒളിക്കും? അവൻ പേടിച്ച് ഗുഹയ്ക്കുള്ളിലേക്ക് വലിഞ്ഞു.—1 രാജാ. 19:11, 12.
ഏലിയാവിനെ ആശ്വസിപ്പിക്കാനും ധൈര്യം പകരാനും യഹോവ തന്റെ അപാരമായ ശക്തി ഉപയോഗിച്ചു
21 പ്രകൃതിശക്തികളുടെ ഈ ഗംഭീരപ്രകടനങ്ങൾ ഓരോന്ന് കഴിയുമ്പോഴും അതിലൊന്നും “യഹോവ ഇല്ലായിരുന്നു” എന്ന പ്രസ്താവന നാം കാണുന്നു. പ്രകൃതിശക്തികളിൽ ഓരോന്നിന്റെയും അധിപന്മാരായാണ് പുരാണകഥകളിലെ ദേവന്മാരെ വർണിച്ചിരിക്കുന്നത്. ബാൽ അത്തരത്തിലുള്ള ഒരു ‘പ്രകൃതിദേവനായിരുന്നു.’ ബാലിന്റെ വിഡ്ഢികളായ ഭക്തന്മാർ അവനെ ‘മേഘത്തിന്മേൽ സവാരി ചെയ്യുന്നവനും’ മഴദേവനും ആയി സങ്കല്പിച്ച് ആരാധിച്ചിരുന്നു. എന്നാൽ യഹോവയാകട്ടെ അങ്ങനെയുള്ളൊരു ദേവനേ അല്ലെന്ന് ഏലിയാവിന് നന്നായി അറിയാമായിരുന്നു. പ്രകൃതിയിലെ സകല ഗംഭീരപ്രതിഭാസങ്ങളുടെയും ശക്തികളുടെയും യഥാർഥ ഉറവിടം യഹോവയാണ്. എന്നാൽ സൃഷ്ടിക്കപ്പെട്ട യാതൊന്നിനോടും അവനെ തുലനം ചെയ്യാനേ കഴിയില്ല. സ്വർഗത്തിലും സ്വർഗാധിസ്വർഗത്തിലും അവൻ അടങ്ങുകയില്ലല്ലോ! (1 രാജാ. 8:27) ഹോരേബിൽ നടന്ന ആ ഗംഭീരസംഭവങ്ങൾ ഏലിയാവിന് എന്തു ഗുണം ചെയ്തു? അവൻ എത്ര ഭയന്നാണ് ഓടിപ്പോന്നതെന്ന് നിങ്ങൾ ഓർക്കുന്നില്ലേ? എന്നാൽ ഇപ്പോഴോ? യഹോവ അവന്റെ പക്ഷത്തുള്ളപ്പോൾ, ഭയാനകമായ ശക്തിക്ക് ഉടമയായ ഈ ദൈവം അവനു തുണയായുള്ളപ്പോൾ, പിന്നെ ആഹാബിനെയും ഇസബേലിനെയും പോലുള്ള നിസ്സാരമനുഷ്യരെ എന്തിന് പേടിക്കണം!—സങ്കീർത്തനം 118:6 വായിക്കുക.
22. (എ) താൻ യഹോവയ്ക്ക് പ്രിയനാണെന്ന് ‘സാവധാനത്തിലുള്ള ആ മൃദുസ്വരം’ ബോധ്യപ്പെടുത്തിയത് എങ്ങനെ? (ബി) ആ ‘മൃദുസ്വരത്തിന്റെ’ ഉറവിടം ആരായിരുന്നിരിക്കാം? (അടിക്കുറിപ്പ് കാണുക.)
22 ആ അഗ്നിപ്രളയം ഒന്നടങ്ങിയപ്പോൾ അവിടെ വലിയൊരു ശാന്തതയുണ്ടായി. പിന്നെ ഏലിയാവ്, ‘സാവധാനത്തിലുള്ള ഒരു മൃദുസ്വരം’ കേട്ടു. “ഏലീയാവേ, ഇവിടെ നിനക്കു എന്തു കാര്യം” എന്നു വീണ്ടും ചോദിക്കുന്ന സ്വരം. മനസ്സ് തുറക്കാൻ അവനോടു പറയുന്നതുപോലെയായിരുന്നു ആ ശബ്ദം. അവൻ രണ്ടാം തവണയും തന്റെ മനോവ്യസനങ്ങളുടെ കെട്ടഴിച്ചു. a ഇപ്പോൾ അവന് കുറച്ചുകൂടെ ആശ്വാസം കിട്ടിയിട്ടുണ്ടാകും. ‘സാവധാനത്തിലുള്ള ആ മൃദുസ്വരം’ അടുത്തതായി പറഞ്ഞ കാര്യങ്ങൾ ഏലിയാവിന്റെ മനസ്സിലെ തീ അണയ്ക്കാൻ പോന്നതായിരുന്നു. താൻ യഹോവയ്ക്ക് എത്ര പ്രിയനാണെന്ന് ഏലിയാവിന് ബോധ്യംവന്നു. എങ്ങനെ? കാലങ്ങൾ നീളുന്ന പോരാട്ടത്തിലൂടെ താൻ ഇസ്രായേലിലെ ബാലാരാധനയുടെ അടിവേരിളക്കുന്നത് എങ്ങനെയെന്ന് ദൈവം ഏലിയാവിനെ അറിയിച്ചു. അവന്റെ കഠിനാധ്വാനമൊന്നും വൃഥാവായില്ലെന്നും ദൈവത്തിന്റെ ഉദ്ദേശ്യങ്ങൾ ഒരു തടസ്സവും ഇല്ലാതെ മുന്നോട്ട് പൊയ്ക്കൊണ്ടിരിക്കുകയാണെന്നും അവന് വ്യക്തമായി. മാത്രമല്ല, വ്യാജാരാധന ഉന്മൂലനം ചെയ്യാൻ ഏലിയാവിന് ഇനിയും പലതും ചെയ്യാനുണ്ട്. അതുകൊണ്ട് ചില പ്രത്യേകനിർദേശങ്ങൾ നൽകി യഹോവ അവനെ വീണ്ടും പ്രവാചകവേലയ്ക്കായി പറഞ്ഞയച്ചു.—1 രാജാ. 19:12-17.
23. ഒറ്റയ്ക്കായിപ്പോയെന്നുള്ള ഏലിയാവിന്റെ ചിന്തയ്ക്ക് യഹോവ പരിഹാരമുണ്ടാക്കിയത് ഏത് രണ്ടു വിധങ്ങളിലാണ്?
23 തനിച്ചായിപ്പോയെന്നുള്ള മനോവ്യസനത്തെക്കുറിച്ചോ? അത് പരിഹരിക്കാൻ യഹോവ രണ്ട് കാര്യങ്ങൾ ചെയ്തു. ഒന്നാമത്, എലീശായെ പ്രവാചകനായി അഭിഷേകം ചെയ്യാൻ യഹോവ പറഞ്ഞു. ഏലിയാവിനു ശേഷം അവൻ പ്രവാചകവേല ഏറ്റെടുക്കുമായിരുന്നു. വരുന്ന കുറെ വർഷങ്ങളിൽ ആ യുവപ്രവാചകൻ ഏലിയാവിന്റെ സഹകാരിയും സഹായിയും ആയി സേവിക്കുകയും ചെയ്യും. എത്ര പ്രായോഗികമായാണ് യഹോവ അവനെ ആശ്വസിപ്പിച്ചത്! ആവേശകരമായ ഈ വാർത്തയാണ് അടുത്തതായി വെളിപ്പെടുത്തിയത്: “ബാലിന്നു മടങ്ങാത്ത മുഴങ്കാലും അവനെ ചുംബനം ചെയ്യാത്ത വായുമുള്ളവരായി ആകെ ഏഴായിരംപേരെ ഞാൻ യിസ്രായേലിൽ ശേഷിപ്പിച്ചിരിക്കുന്നു.” (1 രാജാ. 19:18) ഏലിയാവ് ഒറ്റപ്പെട്ടിട്ടില്ല! ബാലിനെ ആരാധിക്കാൻ തയ്യാറല്ലാത്ത ആയിരങ്ങൾ അവന്റെ കൂടെയുണ്ട്! ആ വാർത്ത അവന്റെ മനംകുളിർപ്പിച്ചു കാണില്ലേ? ഏലിയാവ് വിശ്വസ്തനായി തുടരാൻ അവർ ആഗ്രഹിക്കുന്നു, അത് അവരുടെ ആവശ്യവുമായിരുന്നു. വ്യാജാരാധന അത്രമേൽ പിടിമുറുക്കിയിരുന്ന ആ കാലത്ത് ഇളകാത്ത വിശ്വാസത്തോടെ യഹോവയെ സേവിച്ചുകൊണ്ട് തങ്ങൾക്ക് ഒരു മാതൃകയായി ഏലിയാവ് ഉണ്ടായിരിക്കാനും അവർ ആഗ്രഹിക്കുന്നുണ്ട്. ദൂതനിലൂടെ കേട്ട തന്റെ ദൈവത്തിന്റെ ‘സാവധാനത്തിലുള്ള മൃദുസ്വരം’ അവന്റെ ഹൃദയത്തിന്റെ അടിത്തട്ടോളം എത്തി അവനെ ആശ്വസിപ്പിച്ചിട്ടുണ്ടാകും, അവന്റെ മനസ്സിലെ കനലുകൾ അണഞ്ഞിട്ടുണ്ടാകും!
ബൈബിൾ, ‘സാവധാനത്തിലുള്ള ആ മൃദുസ്വരം’പോലെയാണെന്നു പറയാം. നമ്മെ വഴിനയിക്കാൻ ബൈബിളിനെ അനുവദിക്കുന്നെങ്കിൽ ആ സ്വരം നമുക്കു കേൾക്കാനാകും
24, 25. (എ) ഏത് അർഥത്തിലാണ് ഇന്നു നമുക്ക് യഹോവയുടെ, ‘സാവധാനത്തിലുള്ള മൃദുസ്വരം’ കേൾക്കാൻ കഴിയുന്നത്? (ബി) യഹോവ നൽകിയ ആശ്വാസം ഏലിയാവ് സ്വീകരിച്ചെന്ന് നമുക്ക് ഉറപ്പിച്ചു പറയാൻ കഴിയുന്നത് എന്തുകൊണ്ട്?
24 പ്രകൃതിപ്രതിഭാസങ്ങളുടെ അപാരമായ ശക്തി കണ്ട് ഏലിയാവിനെപ്പോലെ നമ്മളും അത്ഭുതസ്തബ്ധരായി നിന്നുപോയേക്കാം. അത് അങ്ങനെ വേണം താനും. സൃഷ്ടികളിലൂടെ നമ്മൾ കാണുന്നത് സ്രഷ്ടാവിന്റെ ശക്തിമാഹാത്മ്യങ്ങളാണ്. (റോമ. 1:20) അളവും അതിരും ഇല്ലാത്ത തന്റെ ശക്തി വിശ്വസ്തരായ തന്റെ ദാസന്മാരെ തുണയ്ക്കാൻവേണ്ടി ഉപയോഗപ്പെടുത്താൻ യഹോവയ്ക്ക് ഇപ്പോഴും ഇഷ്ടമാണ്. (2 ദിന. 16:9) എന്നാൽ യഹോവയെക്കുറിച്ചുള്ള കാര്യങ്ങളുടെ ഏറിയപങ്കും നാം അറിയുന്നത് അവന്റെ വചനമായ ബൈബിളിലൂടെയാണ്. (യെശയ്യാവു 30:21 വായിക്കുക.) ഒരർഥത്തിൽ, ബൈബിൾ, ‘സാവധാനത്തിലുള്ള ആ മൃദുസ്വരം’പോലെയാണെന്നു പറയാം. നമ്മെ വഴിനയിക്കാൻ ബൈബിളിനെ അനുവദിക്കുകയാണെങ്കിൽ ആ സ്വരം നമുക്കു കേൾക്കാനാകും. അതിന്റെ അമൂല്യമായ താളുകളിലൂടെ യഹോവ നമ്മളെ തിരുത്തുന്നു, മനസ്സിന് ബലം നൽകുന്നു, അവൻ നമ്മളെ സ്നേഹിക്കുന്നുണ്ടെന്ന് ഉറപ്പുതരുന്നു.
25 ഹോരേബ് പർവതത്തിൽവെച്ച് യഹോവ പകർന്ന ആശ്വാസം ഏലിയാവ് സ്വീകരിച്ചോ? അത് എന്ത് ചോദ്യമാണ് അല്ലേ? ഇനിമുതൽ നമ്മൾ കാണുന്നത് ധീരനായ, കർമോത്സുകനായ, വിശ്വസ്തനായ ഏലിയാവിനെയാണ്. ഹീനമായ വ്യാജാരാധനയ്ക്കെതിരെ പോരാടി നിൽക്കുന്ന പ്രവാചകനെ! ദൈവവചനത്തിലെ അരുളപ്പാടുകൾ, അതായത് ‘തിരുവെഴുത്തുകളിൽനിന്നുള്ള ആശ്വാസം,’ ഹൃദയപൂർവം സ്വീകരിച്ചാൽ നമുക്കും ഏലിയാവിനെപ്പോലെ വിശ്വസ്തരായിരിക്കാൻ കഴിയും.—റോമ. 15:4.
a 1 രാജാക്കന്മാർ 19:9-ൽ ‘യഹോവയുടെ അരുളപ്പാട്’ പ്രസ്താവിച്ച അതേ ദൂതൻതന്നെയായിരിക്കാം ‘സാവധാനത്തിലുള്ള മൃദുസ്വര’ത്തിന്റെ ഉടമയും. 15-ാം വാക്യത്തിൽ, “യഹോവ” എന്നു പരാമർശിച്ചിരിക്കുന്നതും ഇതേ ദൂതനെക്കുറിച്ചാണ്. ഇസ്രായേൽ ജനത്തെ മരുഭൂമിയിലൂടെ വഴിനയിക്കാൻ യഹോവ ഉപയോഗിച്ച ദൂതനായിരിക്കാം ഇപ്പോൾ നിങ്ങളുടെ മനസ്സിലേക്കു വരുന്നത്. ആ ദൂതനെക്കുറിച്ച് ദൈവം ഇങ്ങനെ പറയുകയുണ്ടായി: “എന്റെ നാമം അവനിൽ ഉണ്ട്.” (പുറ. 23:21) ഈ വിവരണങ്ങളെല്ലാം ഒരേ ദൂതനെത്തന്നെയാണ് പരാമർശിക്കുന്നതെന്ന് ഉറപ്പിച്ചു പറയാനാകില്ല. എന്നിരുന്നാലും, മനുഷ്യനായി ഭൂമിയിൽ വരുന്നതിനുമുമ്പ് യേശു ‘വചനമായി’ അതായത്, യഹോവയുടെ ദാസന്മാർക്കുവേണ്ടി അവന്റെ മുഖ്യവക്താവായി സേവിച്ചിരുന്നു എന്നത് ശ്രദ്ധേയമാണ്.—യോഹ. 1:1.