വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

അധ്യായം ഇരുപ​ത്തി​രണ്ട്‌

അവൻ പറ്റിനി​ന്നു, പരി​ശോ​ധ​ന​ക​ളു​ണ്ടാ​യ​പ്പോ​ഴും

അവൻ പറ്റിനി​ന്നു, പരി​ശോ​ധ​ന​ക​ളു​ണ്ടാ​യ​പ്പോ​ഴും

1, 2. യേശു കഫർന്ന​ഹൂ​മിൽ പ്രസം​ഗി​ച്ച​പ്പോൾ പത്രോ​സി​ന്റെ പ്രതീക്ഷ എന്തായി​രു​ന്നി​രി​ക്കാം, പക്ഷേ സംഭവി​ച്ചത്‌ എന്താണ്‌?

 കഫർന്ന​ഹൂ​മി​ലെ സിന​ഗോ​ഗിൽ യേശു പ്രസം​ഗി​ക്കു​ക​യാണ്‌. കേട്ടു​കൊ​ണ്ടി​രി​ക്കുന്ന ഓരോ മുഖങ്ങ​ളി​ലേ​ക്കും പത്രോസ്‌ ആകാം​ക്ഷ​യോ​ടെ മാറി​മാ​റി നോക്കി. ഗലീല​ക്ക​ട​ലി​ന്റെ വടക്കേ തീരത്തുള്ള ഈ കഫർന്ന​ഹൂം പട്ടണത്തി​ലാണ്‌ പത്രോ​സി​ന്റെ വീട്‌. അവൻ മത്സ്യവ്യാ​പാ​രം നടത്തു​ന്നത്‌ ഇവി​ടെ​യാണ്‌. അവന്റെ സുഹൃ​ത്തു​ക്ക​ളും ബന്ധുജ​ന​ങ്ങ​ളും ഇടപാ​ടു​കാ​രും ഒക്കെ ഇവി​ടെ​ത്ത​ന്നെ​യു​ള്ള​വ​രാണ്‌. തന്റെ പട്ടണക്കാർ യേശു​വി​നെ താൻ സ്വീക​രി​ച്ച​തു​പോ​ലെ സ്വീക​രി​ക്കു​മെ​ന്നാണ്‌ പത്രോസ്‌ കരുതി​യത്‌. ദൈവ​രാ​ജ്യ​ത്തെ​ക്കു​റിച്ച്‌ അവന്റെ വായിൽനിന്ന്‌ ഉതിരുന്ന ജ്ഞാന​മൊ​ഴി​ക​ള​ത്ര​യും താൻ കേട്ടതു​പോ​ലെ അവരും അത്യാ​കാം​ക്ഷ​യോ​ടെ കേൾക്കു​മെന്ന്‌ പാവം പത്രോസ്‌ വിചാ​രി​ച്ചു. കാരണം, സകലഗു​രു​ക്ക​ന്മാ​രെ​ക്കാ​ളും മഹാനായ ഗുരു​വാ​ണ​ല്ലോ ദൈവ​രാ​ജ്യ​ത്തെ​ക്കു​റിച്ച്‌ ഇവിടെ പഠിപ്പി​ച്ചു​കൊ​ണ്ടു നിൽക്കു​ന്നത്‌! പക്ഷേ അവരുടെ മട്ടും ഭാവവും കണ്ടിട്ട്‌ അങ്ങനെ സംഭവി​ക്കുന്ന ലക്ഷണ​മൊ​ന്നും കാണു​ന്നില്ല.

2 മിക്കവ​രും മതിയാ​ക്കി​ക്ക​ഴി​ഞ്ഞു. ചിലർ എന്തൊ​ക്കെ​യോ പിറു​പി​റു​ക്കു​ന്നതു കേൾക്കാം. യേശു​വി​ന്റെ സന്ദേശ​ത്തി​ന്റെ കാതൽത​ന്നെ​യാണ്‌ അവരെ ഇത്ര മുഷി​പ്പി​ച്ചി​രി​ക്കു​ന്നത്‌. യേശു​വി​ന്റെ ശിഷ്യ​ന്മാ​രിൽ ചിലരു​ടെ പ്രതി​ക​രണം കണ്ടിട്ടാണ്‌ പത്രോ​സിന്‌ കൂടുതൽ സങ്കടം. മുമ്പ്‌ ദൈവ​രാ​ജ്യ​സ​ത്യ​ങ്ങൾ കേട്ട​പ്പോൾ എത്ര പ്രകാ​ശി​ച്ച​താണ്‌ ആ മുഖങ്ങൾ! മറഞ്ഞി​രുന്ന കാര്യങ്ങൾ മനസ്സി​ലാ​ക്കി​യ​തി​ന്റെ ആവേശ​മാ​യി​രു​ന്നു അവർക്കന്ന്‌. ശരിക്കും ‘ജ്ഞാനോ​ദ​യം​ത​ന്നെ​യാ​യി​രു​ന്നു’ ആ മുഖങ്ങ​ളിൽ! ഇപ്പോ​ഴോ? മ്ലാനത​യാണ്‌ പലർക്കും. അവൻ പറഞ്ഞ കാര്യം ചിലർക്ക്‌ അസഹനീ​യ​മാ​യി തോന്നി. ചിലർ അവരുടെ ഉള്ളിലെ അനിഷ്ടം വിളി​ച്ചു​പ​റഞ്ഞു. “ഇതു കഠിന​വാക്ക്‌,” അവർ തുറന്ന​ടി​ച്ചു! കൂടുതൽ കേൾക്കാൻ നിൽക്കാ​തെ അവർ സിന​ഗോഗ്‌ വിട്ടു. ഒപ്പം, യേശു​വി​നെ അനുഗ​മി​ക്കു​ന്ന​തും മതിയാ​ക്കി.യോഹ​ന്നാൻ 6:60, 66 വായി​ക്കുക.

3. പത്രോ​സി​ന്റെ വിശ്വാ​സം പല ഘട്ടങ്ങളി​ലും അവനെ എന്തിനു സഹായി​ച്ചു?

3 പത്രോ​സി​നും മറ്റ്‌ അപ്പൊസ്‌ത​ല​ന്മാർക്കും ഇത്‌ വലിയ വിഷമ​മു​ണ്ടാ​ക്കി. ശരിക്കും പറഞ്ഞാൽ, പത്രോ​സി​നും യേശു അന്നു പറഞ്ഞ കാര്യം മുഴു​വ​നാ​യി മനസ്സി​ലാ​യി​രു​ന്നില്ല. ആ വാക്കുകൾ അക്ഷരം​പ്രതി എടുത്താൽ ആളുകൾക്ക്‌ മുഷിവ്‌ തോന്നാ​നി​ട​യുണ്ട്‌. അത്‌ പത്രോ​സിന്‌ മനസ്സി​ലാ​കു​ന്നുണ്ട്‌. എന്നാൽ പത്രോ​സി​ന്റെ നിലപാട്‌ എന്താണ്‌? യേശു​വി​നോ​ടുള്ള അവന്റെ കൂറ്‌ പരി​ശോ​ധി​ക്ക​പ്പെ​ടു​ന്നത്‌ ആദ്യമാ​യി​ട്ടൊ​ന്നു​മല്ല. ഇത്‌ അവസാ​നത്തെ പരി​ശോ​ധ​ന​യു​മല്ല. ഈ പ്രതി​സ​ന്ധി​ഘ​ട്ട​ത്തിൽ, അവസര​ത്തി​നൊത്ത്‌ ഉയരാ​നും യേശു​വി​നോട്‌ വിശ്വസ്‌ത​നാ​യി പറ്റിനിൽക്കാ​നും പത്രോ​സി​ന്റെ വിശ്വാ​സം അവനെ സഹായി​ച്ചത്‌ എങ്ങനെ​യെന്ന്‌ നമുക്കു നോക്കാം.

മറ്റുള്ളവർ പിന്തി​രി​ഞ്ഞ​പ്പോ​ഴും വിശ്വസ്‌ത​ത​യോ​ടെ. . .

4, 5. ആളുക​ളു​ടെ പ്രതീ​ക്ഷയ്‌ക്കു വിപരീ​ത​മാ​യി യേശു പ്രവർത്തി​ച്ചത്‌ എങ്ങനെ​യെ​ല്ലാം?

4 യേശു​വി​ന്റെ പ്രവൃ​ത്തി​കൾ പലപ്പോ​ഴും പത്രോ​സി​നെ അമ്പരപ്പി​ച്ചു​ക​ള​ഞ്ഞി​ട്ടുണ്ട്‌. പൊതു​ജനം എന്തു പ്രതീ​ക്ഷി​ച്ചോ അതിനു നേർവി​പ​രീ​ത​മാ​യി​രു​ന്നു അവന്റെ ഗുരു​വി​ന്റെ വാക്കും പ്രവൃ​ത്തി​യും. എത്രവ​ട്ട​മാണ്‌ അങ്ങനെ സംഭവി​ച്ചി​ട്ടു​ള്ളത്‌! തലേ ദിവസം യേശു ആയിരങ്ങൾ വരുന്ന ഒരു കൂട്ടത്തിന്‌ അത്ഭുത​ക​ര​മാ​യി ഭക്ഷണം നൽകി. അത്‌ കണ്ട്‌ അവർ യേശു​വി​നെ രാജാ​വാ​ക്കാൻ നോക്കി. എന്നാൽ യേശു അവരുടെ അടുത്തു​നിന്ന്‌ പിൻവാ​ങ്ങി​പ്പോ​കു​ക​യാ​ണു​ണ്ടാ​യത്‌. യേശു​വി​ന്റെ ആ തീരു​മാ​നം പലരെ​യും അമ്പരപ്പി​ച്ചു. അപ്പോൾ തന്നോ​ടൊ​പ്പം ഉണ്ടായി​രുന്ന ശിഷ്യ​ന്മാ​രോട്‌ ഉടനെ വള്ളത്തിൽ കയറി കഫർന്ന​ഹൂ​മി​ലേക്കു പോകാൻ അവൻ ആവശ്യ​പ്പെട്ടു. അങ്ങനെ ശിഷ്യ​ന്മാർ രാത്രി​യിൽ വള്ളം തുഴഞ്ഞു പോകു​മ്പോൾ യേശു, കൊടു​ങ്കാ​റ്റിൽ ഇളകി​മ​റി​യുന്ന കടലി​ന്മീ​തെ നടന്ന്‌ അവരുടെ അടുത്തു​വന്നു. അത്‌ അവരെ വീണ്ടും അമ്പരപ്പി​ച്ചു. പത്രോ​സി​നെ വിശ്വാ​സ​ത്തി​ന്റെ അതി​പ്ര​ധാ​ന​മാ​യൊ​രു പാഠം പഠിപ്പി​ച്ച​തും ആ രാത്രി​യി​ലാണ്‌.

5 പിറ്റേന്നു രാവിലെ, അപ്പൊസ്‌ത​ല​ന്മാർ കണ്ടത്‌ ആ ജനക്കൂട്ടം തങ്ങളെ പിന്തു​ടർന്ന്‌ എത്തിയി​രി​ക്കു​ന്ന​താണ്‌. യേശു വീണ്ടും അത്ഭുത​ക​ര​മാ​യി പോഷി​പ്പി​ക്കു​മെന്ന്‌ കരുതി​യാ​ണെന്നു തോന്നു​ന്നു ആ ജനക്കൂട്ടം വന്നിരി​ക്കു​ന്നത്‌. അല്ലാതെ, ദൈവ​രാ​ജ്യ​സ​ത്യ​ങ്ങൾ അറിയാ​നുള്ള വിശപ്പു​കൊ​ണ്ടല്ല. വയറു​നി​റയ്‌ക്കാൻ വേണ്ടി​യുള്ള ഈ വരവ്‌ മനസ്സി​ലാ​ക്കി യേശു അവരെ ശാസിച്ചു. (യോഹ. 6:25-27) കഫർന്ന​ഹൂ​മി​ലെ സിന​ഗോ​ഗിൽ ആ ചർച്ച അങ്ങനെ തുടർന്നു. അതാണ്‌ നമ്മൾ ഈ അധ്യാ​യ​ത്തി​ന്റെ തുടക്ക​ത്തിൽ കണ്ടത്‌. ആ സന്ദർഭ​ത്തി​ലാണ്‌ യേശു വീണ്ടും അവരെ അമ്പരപ്പി​ച്ചു​ക​ള​ഞ്ഞത്‌. ബുദ്ധി​മു​ട്ടേ​റി​യ​തും അതി​പ്ര​ധാ​ന​വും ആയ ഒരു സത്യം പഠിപ്പിച്ച ആ വേളയി​ലാണ്‌ പലരു​ടെ​യും പ്രതീ​ക്ഷയ്‌ക്ക്‌ വിപരീ​ത​മാ​യി ചില കാര്യങ്ങൾ അവൻ പറഞ്ഞത്‌.

6. യേശു ഏത്‌ ദൃഷ്ടാ​ന്ത​മാ​ണു പറഞ്ഞത്‌, എന്തായി​രു​ന്നു ശ്രോ​താ​ക്ക​ളു​ടെ പ്രതി​ക​രണം?

6 ഭക്ഷണം നൽകി പോഷി​പ്പി​ക്കാൻ കഴിവു​ള്ള​തു​കൊ​ണ്ടു​മാ​ത്രം ജനം തന്നെ​ത്തേടി വരാൻ യേശു ആഗ്രഹി​ച്ചില്ല. പിന്നെ​യോ, ദൈവ​ത്തിൽനി​ന്നുള്ള ആത്മീയ​ക​രു​ത​ലാ​യി അവർ തന്നെ കാണാ​നാണ്‌ യേശു ആഗ്രഹി​ച്ചത്‌. എന്നു​വെ​ച്ചാൽ, യേശു​വി​ന്റെ യാഗത്തിൽ വിശ്വാ​സ​മർപ്പിച്ച്‌ ആ മാതൃക പകർത്തി ജീവി​ക്കു​ന്ന​വർക്കേ ദൈവം നിത്യ​ജീ​വൻ നൽകു​ക​യു​ള്ളൂ എന്ന്‌ ജനം തിരി​ച്ച​റി​യണം. അതു​കൊണ്ട്‌ അവൻ തന്നെത്തന്നെ മന്നാ​യോട്‌ താരത​മ്യ​പ്പെ​ടു​ത്തി. മോശ​യു​ടെ കാലത്ത്‌ സ്വർഗ​ത്തിൽനി​ന്നു വന്ന അപ്പമാ​യി​രു​ന്ന​ല്ലോ മന്നാ! യേശു​വി​ന്റെ താരത​മ്യം കേട്ട​പ്പോൾ ചിലർക്ക്‌ എതിർപ്പാ​യി. അപ്പോൾ അവൻ ദൃഷ്ടാന്തം കുറെ​ക്കൂ​ടി വിപു​ല​പ്പെ​ടു​ത്തി. അതായത്‌, ജീവൻ നേടണ​മെ​ങ്കിൽ തന്റെ മാംസം ഭക്ഷിക്കു​ക​യും തന്റെ രക്തം പാനം ചെയ്യു​ക​യും വേണ​മെന്നു തെളിച്ച്‌ പറഞ്ഞു. ഇതു കേട്ടതും എതിർപ്പ്‌ കോപ​ത്തി​നു വഴിമാ​റി. ചിലർ പറഞ്ഞു: “ഇതു കഠിന​വാക്ക്‌; ഇതു കേട്ടു​നിൽക്കാൻ ആർക്കു കഴിയും?” അതോടെ യേശു​വി​ന്റെ ശിഷ്യ​ന്മാ​രിൽ നിരവ​ധി​പ്പേർ അവനെ അനുഗ​മി​ക്കു​ന്നതു നിറുത്തി. aയോഹ. 6:48-60, 66.

7, 8. (എ) യേശു​വി​ന്റെ ദൗത്യ​ത്തെ​ക്കു​റിച്ച്‌ പത്രോ​സിന്‌ ഇതുവ​രെ​യും മനസ്സി​ലാ​ക്കാൻ കഴിയാഞ്ഞ കാര്യ​മെ​ന്താണ്‌? (ബി) അപ്പൊസ്‌ത​ല​ന്മാ​രോ​ടുള്ള യേശു​വി​ന്റെ ചോദ്യ​ത്തിന്‌ പത്രോസ്‌ എങ്ങനെ​യാണ്‌ മറുപടി പറഞ്ഞത്‌?

7 എന്നാൽ പത്രോ​സി​ന്റെ നിലപാട്‌ എന്താണ്‌? യേശു പറഞ്ഞതു​കേട്ട്‌ അവനും ചിന്താ​ക്കു​ഴ​പ്പ​ത്തി​ലാ​യി​ക്കാ​ണും. ദൈ​വേഷ്ടം നിറ​വേ​റ്റു​ന്ന​തി​നാ​യി യേശു മരിക്കണം എന്നത്‌ പത്രോ​സിന്‌ ഇതുവ​രെ​യും പിടി​കി​ട്ടി​യി​ട്ടില്ല. അന്നേ ദിവസം യേശു​വി​നെ അനുഗ​മി​ക്കു​ന്നത്‌ നിറു​ത്തി​ക്കളഞ്ഞ ആ ശിഷ്യ​ന്മാ​രെ​പ്പോ​ലെ യേശു​വി​ന്റെ അടുത്തു​നി​ന്നു സ്ഥലംവി​ടാൻ പത്രോ​സി​നും പ്രലോ​ഭനം തോന്നി​യോ? ഇല്ല. നിമി​ഷ​നേ​രം​കൊണ്ട്‌ ‘നിറം മാറുന്ന’ ആ മനുഷ്യ​രിൽനി​ന്നെ​ല്ലാം പത്രോ​സി​നെ വ്യത്യസ്‌ത​നാ​ക്കിയ മറ്റൊരു പ്രധാ​ന​ഗു​ണ​മു​ണ്ടാ​യി​രു​ന്നു.

8 യേശു അപ്പൊസ്‌ത​ല​ന്മാ​രു​ടെ നേരെ തിരിഞ്ഞ്‌ അവരോ​ടു ചോദി​ച്ചു: “നിങ്ങളും പോകാൻ ആഗ്രഹി​ക്കു​ന്നു​വോ?” (യോഹ. 6:67) അവൻ ചോദി​ച്ചത്‌ 12 പേരോ​ടു​മാ​യി​ട്ടാണ്‌. പക്ഷേ ഉത്തരം പറഞ്ഞത്‌ പത്രോ​സാണ്‌. പലപ്പോ​ഴും അത്‌ അങ്ങനെ​യാ​യി​രു​ന്ന​ല്ലോ. പത്രോ​സാ​യി​രി​ക്കണം കൂട്ടത്തിൽ തലമൂ​ത്ത​യാൾ. മടിയി​ല്ലാ​തെ മനസ്സി​ലു​ള്ളത്‌ വെട്ടി​ത്തു​റന്നു പറയു​ന്ന​തും അവൻത​ന്നെ​യാണ്‌. അപൂർവ​മാ​യി​ട്ടേ മനസ്സി​ലു​ള്ളത്‌ തുറന്നു​പ​റ​യാൻ പത്രോസ്‌ മടിച്ചി​ട്ടു​ള്ളൂ എന്നു തോന്നു​ന്നു. ഇത്തവണ​യും മനസ്സി​ലു​ള്ളത്‌ അവൻ അങ്ങനെ​തന്നെ പറഞ്ഞു: “കർത്താവേ, ഞങ്ങൾ വേറെ ആരുടെ അടുക്ക​ലേക്കു പോകും? നിത്യ​ജീ​വന്റെ വചനങ്ങൾ നിന്റെ പക്കലല്ലോ ഉള്ളത്‌!” എക്കാല​വും ഓർത്തു​വെ​ക്കാൻ തോന്നുന്ന, മനോ​ഹ​ര​മായ ഒരു പ്രസ്‌താ​വന!—യോഹ. 6:68.

9. പത്രോസ്‌ യേശു​വി​നോട്‌ വിശ്വസ്‌തത കാണി​ച്ചത്‌ എങ്ങനെ?

9 പത്രോ​സി​ന്റെ മറുപടി നിങ്ങളു​ടെ ഉള്ളിൽത്ത​ട്ടു​ന്നി​ല്ലേ? യേശു​വി​ലുള്ള പത്രോ​സി​ന്റെ വിശ്വാ​സം മറ്റൊരു ഗുണം വളർത്തി​യെ​ടു​ക്കാൻ അവനെ സഹായി​ച്ചു: വിശ്വസ്‌തത അല്ലെങ്കിൽ കൂറ്‌! എത്ര വിലയി​ട്ടാ​ലും പോരാത്ത ഒരു ഗുണം! യഹോവ നൽകിയ ഏക രക്ഷകൻ യേശു​വാ​ണെന്ന്‌ പത്രോസ്‌ വ്യക്തമാ​യി മനസ്സി​ലാ​ക്കി. യേശു രക്ഷിക്കു​ന്ന​താ​കട്ടെ നിത്യ​ജീ​വന്റെ വചനങ്ങ​ളി​ലൂ​ടെ​യും. അതായത്‌ ദൈവ​രാ​ജ്യ​ത്തെ​ക്കു​റിച്ച്‌ അവൻ പഠിപ്പിച്ച കാര്യ​ങ്ങ​ളി​ലൂ​ടെ. അവയിൽ, പത്രോ​സിന്‌ മനസ്സി​ലാ​കാഞ്ഞ ചില കാര്യ​ങ്ങ​ളു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും ദൈവ​ത്തി​ന്റെ പ്രസാ​ദ​വും നിത്യ​ജീ​വ​നെന്ന ദൈവ​ദാ​ന​വും വേറെ ഒരിട​ത്തു​നി​ന്നും ലഭിക്കി​ല്ലെന്ന്‌ അവന്‌ നന്നായി അറിയാ​മാ​യി​രു​ന്നു!

യേശുവിന്റെ ഉപദേ​ശ​ങ്ങ​ളോട്‌ കൂറു​പു​ലർത്തുക, അവ നമ്മുടെ പ്രതീ​ക്ഷ​കൾക്കും ഇഷ്ടാനി​ഷ്ട​ങ്ങൾക്കും വിപരീ​ത​മാ​യി വരു​മ്പോൾപ്പോ​ലും

10. പത്രോ​സി​ന്റെ വിശ്വസ്‌തത ഇന്ന്‌ നമുക്ക്‌ എങ്ങനെ അനുക​രി​ക്കാ​നാ​കും?

10 നിങ്ങൾക്കും അങ്ങനെ​ത​ന്നെ​യാ​ണോ തോന്നു​ന്നത്‌? ഇന്ന്‌ യേശു​വി​നെ സ്‌നേ​ഹി​ക്കു​ന്നെന്ന്‌ അവകാ​ശ​പ്പെ​ടുന്ന പലരും അവനോ​ടു വിശ്വസ്‌തത പുലർത്തു​ന്നില്ല. ഖേദക​ര​മാ​യൊ​രു സംഗതി​യാണ്‌ അത്‌. ക്രിസ്‌തു​വി​നോ​ടു വിശ്വസ്‌ത​രാ​യി​രി​ക്കാൻ ആത്മാർഥ​മാ​യി ആഗ്രഹി​ക്കു​ന്ന​വർക്കു വേണ്ടത്‌ അവന്റെ പഠിപ്പി​ക്ക​ലു​ക​ളോട്‌ പത്രോ​സി​നു​ണ്ടാ​യി​രുന്ന അതേ കാഴ്‌ച​പ്പാ​ടാണ്‌. അതിന്‌ നമ്മൾ യേശു​വി​ന്റെ പഠിപ്പി​ക്ക​ലു​കൾ എന്താ​ണെന്ന്‌ അറിയണം, അവയുടെ അർഥം ഗ്രഹി​ക്കണം, പിന്നെ അവ അനുസ​രിച്ച്‌ ജീവി​ക്കണം. പക്ഷേ, ചില​പ്പോൾ ആ ഉപദേ​ശങ്ങൾ നമ്മെ അമ്പരപ്പി​ച്ചേ​ക്കാം. എന്നു​വെ​ച്ചാൽ, അവ നമ്മുടെ പ്രതീ​ക്ഷ​കൾക്കും ഇഷ്ടാനി​ഷ്ട​ങ്ങൾക്കും വിപരീ​ത​മാ​യി വന്നേക്കാം. അപ്പോൾപ്പോ​ലും അവ അനുസ​രി​ച്ചു ജീവി​ക്കാൻ മനസ്സു​വെ​ക്കുക. നമുക്ക്‌ നിത്യ​ജീ​വൻ കിട്ടാൻ യേശു ആഗ്രഹി​ക്കു​ന്നു. എന്നാൽ, വിശ്വസ്‌ത​രാ​യി​രു​ന്നാൽ മാത്രമേ നിത്യ​ജീ​വ​നു​വേണ്ടി പ്രത്യാ​ശ​യോ​ടി​രി​ക്കു​ന്ന​തിൽ അർഥമു​ള്ളൂ.സങ്കീർത്തനം 97:10 വായി​ക്കുക.

തിരുത്തൽ കിട്ടി​യി​ട്ടും കൂറ്‌ വിടാതെ. . .

11. യേശു അനുഗാ​മി​ക​ളെ​യും കൂട്ടി എങ്ങോ​ട്ടാണ്‌ പോയത്‌? (അടിക്കു​റി​പ്പും കാണുക.)

11 തിരക്കു​പി​ടിച്ച ആ സമയം കഴിഞ്ഞ്‌ അധികം വൈകാ​തെ, യേശു അപ്പൊസ്‌ത​ല​ന്മാ​രെ​യും ചില ശിഷ്യ​ന്മാ​രെ​യും കൂട്ടി വടക്കോ​ട്ടു നീങ്ങി. കുന്നും മലയും കയറ്റി​റ​ക്ക​ങ്ങ​ളും ഉള്ള പ്രദേ​ശ​ത്തു​കൂ​ടെ കാൽന​ട​യാ​യി ഒരു നീണ്ട യാത്ര. വാഗ്‌ദ​ത്ത​നാ​ടി​ന്റെ ഏറ്റവും വടക്കേ അതിരാ​യി ഹെർമോൻ പർവതം! നിറു​ക​യിൽ മഞ്ഞണിഞ്ഞ ഹെർമോൻ കൊടു​മു​ടി ഇങ്ങകലെ ഗലീല​ക്ക​ട​ലി​ലെ നീലജ​ല​പ്പ​ര​പ്പിൽനി​ന്നു​പോ​ലും ചില സമയങ്ങ​ളിൽ തെളി​ഞ്ഞു​കാ​ണാം! യേശു​വും സംഘവും അങ്ങോട്ട്‌ നടന്നടു​ക്കു​ക​യാണ്‌. അടുക്കു​ന്തോ​റും പർവതം ആകാശ​ത്തേക്ക്‌ ഉയർന്നു​യർന്നു​പോ​കു​ന്ന​തു​പോ​ലെ! ഉയർന്ന ഭൂഭാ​ഗങ്ങൾ താണ്ടി അവർ കൈസര്യ ഫിലി​പ്പിക്ക്‌ അടുത്തുള്ള ഗ്രാമങ്ങൾ ലക്ഷ്യമാ​ക്കി നടക്കു​ക​യാണ്‌. b അതിമ​നോ​ഹ​ര​മായ ഈ പ്രദേ​ശ​ത്തു​നിന്ന്‌ തെക്കോ​ട്ടു കണ്ണുപാ​യി​ച്ചാൽ വാഗ്‌ദ​ത്ത​നാട്‌ ഏറിയ പങ്കും കാണാം. ഇവി​ടെ​വെച്ച്‌ യേശു തന്റെ കൂടെ​യു​ള്ള​വ​രോട്‌ പ്രധാ​ന​പ്പെട്ട ഒരു ചോദ്യം ചോദി​ച്ചു.

12, 13. (എ) താൻ ആരാ​ണെ​ന്നുള്ള ജനക്കൂ​ട്ട​ത്തി​ന്റെ അഭി​പ്രാ​യം അറിയാൻ യേശു ആഗ്രഹി​ച്ചത്‌ എന്തു​കൊണ്ട്‌? (ബി) യേശു​വി​നോ​ടുള്ള മറുപ​ടി​യിൽ പത്രോസ്‌ എങ്ങനെ​യാണ്‌ നിഷ്‌ക​പ​ട​മായ വിശ്വാ​സം കാണി​ച്ചത്‌?

12 “ഞാൻ ആരാ​ണെ​ന്നാ​ണു ജനം പറയു​ന്നത്‌?” അതാണ്‌ യേശു അറിയാൻ ആഗ്രഹി​ച്ചത്‌. ആകാം​ക്ഷ​യോ​ടെ നിൽക്കുന്ന യേശു​വി​ന്റെ കണ്ണുക​ളി​ലേക്ക്‌ ഉറ്റു​നോ​ക്കുന്ന പത്രോ​സി​നെ നിങ്ങൾക്ക്‌ കാണാ​നാ​കു​ന്നു​ണ്ടോ? ബുദ്ധി​യും വിവേ​ക​വും തിളങ്ങി​നിൽക്കുന്ന കണ്ണുകൾ! ആ കണ്ണുക​ളിൽ നിറയുന്ന കാരു​ണ്യ​വും അവൻ കണ്ടു. തങ്ങൾ കാണു​ക​യും കേൾക്കു​ക​യും ചെയ്‌ത കാര്യ​ങ്ങ​ളിൽനിന്ന്‌, കേൾവി​ക്കാർ തന്നെക്കു​റിച്ച്‌ എന്തെല്ലാം നിഗമ​ന​ങ്ങ​ളി​ലാണ്‌ എത്തിയി​രി​ക്കു​ന്നത്‌ എന്നറി​യാൻ യേശു​വിന്‌ താത്‌പ​ര്യ​മു​ണ്ടാ​യി​രു​ന്നു. യേശു ആരാണ്‌ എന്നതി​നെ​പ്പറ്റി ജനങ്ങൾക്കി​ട​യിൽ പരന്നി​രുന്ന ധാരണ​ക​ളിൽ ചിലത്‌ ശിഷ്യ​ന്മാർ എടുത്ത്‌ പറഞ്ഞു. ‘തന്റെ കൂടെ നടക്കുന്ന ഇവർക്കും തന്നെപ്പറ്റി ഇതേ ധാരണ​യൊ​ക്കെ​ത്ത​ന്നെ​യാ​ണോ ഉള്ളത്‌?’ അത്‌ അറിയാൻ യേശു ആഗ്രഹി​ച്ചു. അതു​കൊണ്ട്‌ അവൻ അവരോ​ടു ചോദി​ച്ചു: “എന്നാൽ ഞാൻ ആരാ​ണെ​ന്നാ​ണു നിങ്ങൾ പറയു​ന്നത്‌?”—ലൂക്കോ. 9:18-20.

13 ഇവി​ടെ​യും പത്രോ​സി​ന്റെ മറുപടി പെട്ടെന്ന്‌ വന്നു. ഒട്ടും സംശയി​ക്കാ​തെ, പത്രോസ്‌ തന്റെ അഭി​പ്രാ​യം വ്യക്തമാ​യി പറഞ്ഞു: “നീ ജീവനുള്ള ദൈവ​ത്തി​ന്റെ പുത്ര​നായ ക്രിസ്‌തു​വാ​കു​ന്നു!” ഇതുത​ന്നെ​യാ​യി​രു​ന്നു അവന്റെ കൂടെ​യു​ണ്ടാ​യി​രുന്ന പലരു​ടെ​യും അഭി​പ്രാ​യ​വും. പത്രോ​സി​ന്റെ മറുപടി കേട്ട്‌ ഹൃദ്യ​മായ പുഞ്ചി​രി​യോ​ടെ അവനെ അഭിന​ന്ദി​ക്കുന്ന യേശു​വി​നെ നിങ്ങൾക്കു സങ്കല്‌പി​ക്കാ​നാ​യോ? കേവല​മൊ​രു മനുഷ്യ​നല്ല യഹോ​വ​യാം ദൈവ​മാണ്‌ ജീവര​ക്ഷയ്‌ക്ക്‌ ആധാര​മായ ഈ സത്യം അവനു വെളി​പ്പെ​ടു​ത്തി​യ​തെന്ന്‌ യേശു പത്രോ​സി​നോ​ടു പറഞ്ഞു. നിഷ്‌ക​പ​ട​മായ വിശ്വാ​സ​മു​ള്ള​വർക്കാണ്‌ അവൻ അതു വെളി​പ്പെ​ടു​ത്തു​ന്നത്‌. യഹോവ അതുവരെ വെളി​പ്പെ​ടു​ത്തി​യ​തിൽവെച്ച്‌ ഏറ്റവും വലിയ സത്യം വിവേ​ചി​ച്ച​റി​യാൻ പത്രോ​സി​നു കഴിഞ്ഞു. സഹസ്രാ​ബ്ദ​ങ്ങ​ളാ​യി ദൈവ​ദാ​സർ കാത്തു​കാ​ത്തി​രുന്ന മിശി​ഹാ​യെ അഥവാ ക്രിസ്‌തു​വി​നെ പത്രോസ്‌ തിരി​ച്ച​റി​ഞ്ഞു!മത്തായി 16:16, 17 വായി​ക്കുക.

14. പത്രോ​സിന്‌ പ്രധാ​ന​പ്പെട്ട ഏതെല്ലാം പദവി​ക​ളാണ്‌ യേശു നൽകി​യത്‌?

14 ‘പണിയു​ന്നവർ തള്ളിക്കളഞ്ഞ കല്ല്‌’ എന്ന്‌ പ്രവചനം വിളി​ച്ചി​രി​ക്കു​ന്നത്‌ ഈ ക്രിസ്‌തു​വി​നെ​യാണ്‌. (സങ്കീ. 118:22; ലൂക്കോ. 20:17) ഇത്തരം പ്രവച​നങ്ങൾ മനസ്സി​ലു​ണ്ടാ​യി​രുന്ന യേശു, പത്രോസ്‌ തിരി​ച്ച​റിഞ്ഞ ആ ‘കല്ലിന്മേൽ,’ അഥവാ പാറമേൽ യഹോവ തന്റെ സഭ സ്ഥാപി​ക്കും എന്ന്‌ വെളി​പ്പെ​ടു​ത്തി. ആ സഭയിൽ പത്രോ​സിന്‌ വളരെ പ്രധാ​ന​പ്പെട്ട ചില പദവി​ക​ളും യേശു നൽകി. അതിനർഥം, ചിലർ കരുതു​ന്ന​തു​പോ​ലെ പത്രോ​സി​നെ മറ്റ്‌ അപ്പൊസ്‌ത​ല​ന്മാ​രെ​ക്കാൾ പ്രധാ​നി​യാ​ക്കി​യെന്നല്ല, പിന്നെ​യോ അവനു ചില ഉത്തരവാ​ദി​ത്വ​ങ്ങൾ നൽകി​യെ​ന്നാണ്‌. അവൻ പത്രോ​സിന്‌ “സ്വർഗ​രാ​ജ്യ​ത്തി​ന്റെ താക്കോ​ലു​കൾ” നൽകി. (മത്താ. 16:19) മനുഷ്യ​വർഗ​ത്തി​ലെ മൂന്നു വ്യത്യസ്‌ത കൂട്ടർക്ക്‌ ദൈവ​രാ​ജ്യ​ത്തിൽ പ്രവേ​ശനം ലഭിക്കാ​നുള്ള പ്രത്യാശ തുറന്നു​കൊ​ടു​ക്കുന്ന പദവി പത്രോ​സി​നാണ്‌ ലഭിച്ചത്‌. ആദ്യം യഹൂദ​ന്മാർക്ക്‌, പിന്നെ ശമര്യ​ക്കാർക്ക്‌, ഒടുവിൽ വിജാ​തീ​യർക്ക്‌ അതായത്‌, യഹൂദ​ര​ല്ലാ​ത്ത​വർക്ക്‌.

15. യേശു​വി​നെ ശാസി​ക്കാൻ പത്രോ​സി​നെ പ്രേരി​പ്പി​ച്ചത്‌ എന്താണ്‌, ശാസി​ച്ചു​കൊണ്ട്‌ അവൻ എന്താണ്‌ പറഞ്ഞത്‌?

15 എന്നിരു​ന്നാ​ലും, അധികം ഉത്തരവാ​ദി​ത്വ​ങ്ങൾ ലഭിച്ച​വ​രോട്‌ അധികം ചോദി​ക്കു​മെന്ന്‌ യേശു പിന്നീ​ടൊ​രി​ക്കൽ പറഞ്ഞു. പത്രോസ്‌ ഇത്തരത്തി​ലുള്ള ഒരാളാ​യി​രു​ന്നു. (ലൂക്കോ. 12:48) മിശി​ഹാ​യെ​ക്കു​റി​ച്ചുള്ള വളരെ പ്രധാ​ന​പ്പെട്ട ചില സത്യങ്ങൾ യേശു തുടർന്ന്‌ വെളി​പ്പെ​ടു​ത്തി. യെരു​ശ​ലേ​മിൽവെച്ച്‌ ഉടനെ സംഭവി​ക്കാ​നി​രുന്ന പീഡാ​നു​ഭ​വ​ങ്ങ​ളെ​ക്കു​റി​ച്ചും മരണ​ത്തെ​ക്കു​റി​ച്ചും അവൻ പറഞ്ഞു. ഇതു കേട്ട പത്രോസ്‌ അസ്വസ്ഥ​നാ​യി. അവൻ യേശു​വി​നെ കൂട്ടത്തിൽനിന്ന്‌ മാറ്റി​ക്കൊ​ണ്ടു​പോ​യി ശാസി​ച്ചു​കൊണ്ട്‌ ഇങ്ങനെ പറഞ്ഞു: “കർത്താവേ, അങ്ങനെ പറയരു​തേ; നിനക്ക്‌ ഒരിക്ക​ലും അതു ഭവിക്കാ​തി​രി​ക്കട്ടെ.”—മത്താ. 16:21, 22.

16. യേശു പത്രോ​സി​നെ തിരു​ത്തി​യത്‌ എങ്ങനെ, യേശു​വി​ന്റെ ആ വാക്കു​ക​ളിൽ നമു​ക്കെ​ല്ലാം എന്തു പാഠമുണ്ട്‌?

16 യേശു​വി​നെ സഹായി​ക്കു​ക​യാ​ണെന്നു കരുതി​യാണ്‌ പത്രോസ്‌ അങ്ങനെ പറഞ്ഞത്‌. പക്ഷേ യേശു​വി​ന്റെ മറുപടി അവനെ അമ്പരപ്പി​ച്ചു​കാ​ണും. യേശു പത്രോ​സിന്‌ പുറം​തി​രിഞ്ഞ്‌ മറ്റു ശിഷ്യ​ന്മാ​രെ നോക്കി. അവരുടെ ചിന്തയും ഇതു​പോ​ലൊ​ക്കെ​ത്ത​ന്നെ​യാ​യി​രു​ന്നെന്നു തോന്നു​ന്നു. എന്നിട്ട്‌ പത്രോ​സി​നെ ശാസി​ച്ചു​കൊണ്ട്‌ യേശു പറഞ്ഞു: “സാത്താനേ, എന്നെ വിട്ട്‌ പോകൂ! നീ എനിക്ക്‌ ഇടർച്ച​യാ​കു​ന്നു. നിന്റെ ചിന്തകൾ ദൈവ​ത്തി​ന്റെ ചിന്തകളല്ല, മനുഷ്യ​രു​ടേ​ത​ത്രേ.” (മത്താ. 16:23; മർക്കോ. 8:32, 33) നമുക്കു​വേ​ണ്ടി​യുള്ള ശക്തമാ​യൊ​രു പാഠം യേശു​വി​ന്റെ ഈ വാക്കു​ക​ളി​ലുണ്ട്‌. ദൈവ​ത്തി​ന്റെ ചിന്തക​ളെ​ക്കാൾ മനുഷ്യ​ന്റെ ചിന്തകൾക്ക്‌ മുൻതൂ​ക്കം കൊടു​ക്കുക വളരെ എളുപ്പ​മാണ്‌. ഒരാളെ സഹായി​ക്കാ​നുള്ള ഉദ്ദേശ്യ​ത്തി​ലാ​യി​രി​ക്കും ചില​പ്പോൾ നമ്മൾ അങ്ങനെ ചെയ്യു​ന്നത്‌. എന്നാൽ അപ്പോ​ഴും നമ്മൾ അറിയാ​തെ സാത്താന്റെ ലക്ഷ്യങ്ങ​ളെ​യാ​യി​രി​ക്കും പിന്തു​ണയ്‌ക്കു​ന്നത്‌, ദൈവ​ത്തി​ന്റെ ഉദ്ദേശ്യ​ങ്ങളെ ആയിരി​ക്കില്ല. ആകട്ടെ, ഇവിടെ പത്രോസ്‌ എങ്ങനെ​യാണ്‌ പ്രതി​ക​രി​ച്ചത്‌?

17. “സാത്താനേ, എന്നെ വിട്ട്‌ പോകൂ!” എന്നു പത്രോ​സി​നോ​ടു പറഞ്ഞ​പ്പോൾ യേശു എന്താണ്‌ അർഥമാ​ക്കി​യത്‌?

17 തന്നെ പിശാ​ചായ സാത്താൻ എന്ന്‌ യേശു അക്ഷരാർഥ​ത്തിൽ വിളി​ക്കു​ക​യാ​യി​രു​ന്നെന്ന്‌ പത്രോസ്‌ ചിന്തി​ച്ചി​രി​ക്കാൻ വഴിയില്ല. കാരണം, പിശാ​ചായ സാത്താനെ യേശു തള്ളിക്ക​ള​യു​ക​യാണ്‌ ചെയ്‌തത്‌. (മത്താ. 4:10) എന്നാൽ പത്രോ​സി​നെ യേശു തള്ളിക്ക​ള​ഞ്ഞില്ല! അവനിൽ ഏറെ നന്മയു​ണ്ടെന്ന്‌ യേശു​വിന്‌ അറിയാ​മാ​യി​രു​ന്നു. അതു​കൊണ്ട്‌ ഇവിടെ യേശു പത്രോ​സി​ന്റെ ചിന്തയി​ലെ ഒരു പിശക്‌ തിരു​ത്തി​യെന്നേ ഉള്ളൂ. ഗുരു​വി​ന്റെ മുമ്പിൽ ഒരു ഇടർച്ച​ക്ക​ല്ലാ​യി നിൽക്കാ​തെ ഗുരു​വി​നെ പിന്നിൽനി​ന്നു പിന്തു​ണയ്‌ക്കാ​നാണ്‌ യേശു പറഞ്ഞ​തെന്നു സാരം.

പ്രബോധനവും തിരു​ത്ത​ലും താഴ്‌മ​യോ​ടെ സ്വീക​രി​ക്കുക, അതിൽനി​ന്നു പഠിക്കുക, എങ്കിലേ യേശു​ക്രിസ്‌തു​വി​നോ​ടും യഹോ​വ​യോ​ടും കൂടു​തൽക്കൂ​ടു​തൽ അടുത്തു​ചെ​ല്ലാൻ നമുക്കു കഴിയൂ

18. പത്രോസ്‌ വിശ്വസ്‌തത കാണി​ച്ചത്‌ എങ്ങനെ, നമുക്ക്‌ അവനെ എങ്ങനെ അനുക​രി​ക്കാം?

18 പത്രോസ്‌ തർക്കി​ക്കു​ക​യോ കോപിഷ്‌ഠ​നാ​കു​ക​യോ ദുർമു​ഖം കാണി​ക്കു​ക​യോ ചെയ്‌തോ? ഇല്ല. തനിക്കു കിട്ടിയ തിരുത്തൽ അവൻ താഴ്‌മ​യോ​ടെ സ്വീക​രി​ച്ചു. അങ്ങനെ അവൻ വീണ്ടും ഗുരു​വി​നോട്‌ വിശ്വസ്‌ത​ത​യും കൂറും കാണിച്ചു! യേശു​വി​നെ അനുഗ​മി​ക്കുന്ന നമു​ക്കെ​ല്ലാം എപ്പോ​ഴെ​ങ്കി​ലു​മൊ​ക്കെ തിരുത്തൽ വേണ്ടി​വ​രും. അപ്പോ​ഴൊ​ക്കെ, നമുക്കു ലഭിക്കുന്ന പ്രബോ​ധ​ന​വും തിരു​ത്ത​ലും താഴ്‌മ​യോ​ടെ സ്വീക​രി​ക്കു​ക​യും അതിൽനി​ന്നു പഠിക്കു​ക​യും ചെയ്യുക. എങ്കിൽ മാത്രമേ യേശു​ക്രിസ്‌തു​വി​നോ​ടും അവന്റെ പിതാ​വായ യഹോ​വ​യാം ദൈവ​ത്തോ​ടും കൂടു​തൽക്കൂ​ടു​തൽ അടുത്തു​ചെ​ല്ലാൻ നമുക്കു കഴിയു​ക​യു​ള്ളൂ.സദൃശ​വാ​ക്യ​ങ്ങൾ 4:13 വായി​ക്കുക.

തിരുത്തൽ ലഭിച്ച​പ്പോ​ഴും പത്രോസ്‌ കൂറ്‌ വിട്ടു​ക​ള​ഞ്ഞി​ല്ല

വിശ്വസ്‌ത​തയ്‌ക്ക്‌ പ്രതി​ഫലം!

19. അമ്പരപ്പി​ക്കുന്ന ഏതു പ്രസ്‌താ​വ​ന​യാണ്‌ യേശു നടത്തി​യത്‌, പത്രോസ്‌ അതേപ്പറ്റി എന്തു കരുതി​ക്കാ​ണും?

19 വൈകാ​തെ യേശു അമ്പരപ്പി​ക്കുന്ന മറ്റൊരു പ്രസ്‌താ​വന നടത്തി: “മനുഷ്യ​പു​ത്രൻ തന്റെ രാജ്യ​ത്തിൽ വരുന്നതു ദർശി​ക്കും​വരെ മരണം കാണു​ക​യി​ല്ലാത്ത ചിലർ ഇവിടെ നിൽക്കു​ന്ന​വ​രി​ലുണ്ട്‌ എന്നു ഞാൻ സത്യമാ​യി നിങ്ങ​ളോ​ടു പറയുന്നു.” (മത്താ. 16:28) അതുകേട്ട പത്രോ​സി​ന്റെ ജിജ്ഞാസ നിങ്ങൾക്ക്‌ ഊഹി​ക്കാ​നാ​കു​ന്നു​ണ്ടോ? ‘അല്‌പം മുമ്പല്ലേ എനിക്ക്‌ ശക്തമായ തിരുത്തൽ കിട്ടി​യത്‌. അപ്പോൾപ്പി​ന്നെ ഇതു​പോ​ലൊ​രു സവി​ശേ​ഷ​പ​ദ​വി​യൊ​ന്നും എനിക്ക്‌ ഏതായാ​ലും കിട്ടു​ക​യില്ല,’ ഇങ്ങനെ പോയി​ക്കാ​ണും പത്രോ​സി​ന്റെ ചിന്തകൾ. എന്തായി​രി​ക്കാം യേശു പറഞ്ഞതിന്‌ അർഥം?

20, 21. (എ) പത്രോസ്‌ കണ്ട ദർശനം വിവരി​ക്കുക. (ബി) ദർശന​ത്തിൽ കണ്ട പുരു​ഷ​ന്മാ​രു​ടെ സംഭാ​ഷണം പത്രോ​സി​ന്റെ വീക്ഷണം തിരു​ത്താൻ സഹായി​ച്ചത്‌ എങ്ങനെ?

20 ഏതാണ്ട്‌ ഒരാഴ്‌ച കഴിഞ്ഞ്‌ യേശു യാക്കോ​ബി​നെ​യും യോഹ​ന്നാ​നെ​യും പത്രോ​സി​നെ​യും കൂട്ടി​ക്കൊണ്ട്‌ “ഉയർന്ന ഒരു മലയി​ലേക്കു പോയി.” ഏകദേശം 25 കിലോ​മീ​റ്റർ അകലെ​യുള്ള ഹെർമോൻ പർവത​ത്തി​ലേ​ക്കാ​യി​രി​ക്കാം പോയത്‌. യേശു അവിടെ പ്രാർഥി​ച്ചു​കൊ​ണ്ടി​രു​ന്നു. മൂവരും മയങ്ങു​ക​യാ​യി​രു​ന്നെന്നു വിവരണം പറയു​ന്ന​തു​കൊണ്ട്‌ സമയം രാത്രി​യാ​ണെന്നു തോന്നു​ന്നു. എന്നാൽ അവരുടെ ഉറക്കച്ച​ട​വും ക്ഷീണവും ഒക്കെ മാറ്റി​ക്ക​ള​യുന്ന ചില സംഭവ​ങ്ങ​ളാണ്‌ പിന്നീട്‌ അവിടെ അരങ്ങേ​റി​യത്‌.—മത്താ. 17:1; ലൂക്കോ. 9:28, 29, 32.

21 യേശു അവരുടെ മുമ്പാകെ രൂപാ​ന്ത​ര​പ്പെ​ടാൻ തുടങ്ങി. അവന്റെ മുഖം തിളങ്ങി, ആ മുഖത്തു​നി​ന്നു പ്രകാ​ശ​കി​ര​ണങ്ങൾ പ്രവഹി​ക്കു​ന്ന​തു​പോ​ലെ, ഒടുവിൽ അത്‌ സൂര്യ​നെ​പ്പോ​ലെ ശോഭ​യാർന്ന​താ​യി! അവന്റെ ഉടയാട വെളി​ച്ചം​പോ​ലെ വെണ്മയു​ള്ള​താ​യി​ത്തീർന്നു! മോശ​യെ​യും ഏലിയാ​വി​നെ​യും പ്രതി​നി​ധീ​ക​രി​ക്കുന്ന രണ്ടു രൂപങ്ങൾ അവനോ​ടൊ​പ്പം നിൽക്കു​ന്നതു കണ്ടു. അവർ അവനോട്‌ സംസാ​രി​ച്ചു​കൊ​ണ്ടി​രു​ന്നു. “യെരു​ശ​ലേ​മിൽവെച്ചു സംഭവി​ക്കാ​നി​രുന്ന അവന്റെ വേർപാ​ടി​നെ​ക്കു​റി​ച്ചാ​യി​രു​ന്നു” അവരുടെ സംസാരം, സാധ്യ​ത​യ​നു​സ​രിച്ച്‌ അവന്റെ മരണ​ത്തെ​യും പുനരു​ത്ഥാ​ന​ത്തെ​യും കുറിച്ച്‌. യേശു പീഡാ​നു​ഭ​വ​ങ്ങ​ളേറ്റ്‌ മരിക്കും എന്ന വസ്‌തുത നിഷേ​ധിച്ച തനിക്ക്‌ എത്ര തെറ്റി​പ്പോ​യെന്ന്‌ പത്രോസ്‌ തിരി​ച്ച​റി​ഞ്ഞു!—ലൂക്കോ. 9:30, 31.

22, 23. (എ) പത്രോസ്‌ ഉത്സാഹ​വും ശുഷ്‌കാ​ന്തി​യും കാണി​ച്ചത്‌ എങ്ങനെ? (ബി) പത്രോ​സി​നും യാക്കോ​ബി​നും യോഹ​ന്നാ​നും ആ രാത്രി​യിൽ മറ്റ്‌ എന്തു പദവി​കൂ​ടി ലഭിച്ചു?

22 ഈ അസാധാ​ര​ണ​ദർശ​ന​ത്തിൽ ഏതെങ്കി​ലും തരത്തിൽ പങ്കു​ചേ​രാ​നുള്ള അതിയായ ആഗ്രഹം പത്രോ​സി​നു​ണ്ടാ​യി. ഒരുപക്ഷേ ദർശനം കുറെ​ക്കൂ​ടി ദീർഘി​പ്പി​ക്കാൻ അവൻ ആഗ്രഹി​ച്ചു​കാ​ണും. മോശ​യും ഏലിയാ​വും യേശു​വി​നെ വിട്ടു​പി​രിഞ്ഞ്‌ പോകു​ക​യാ​ണെന്നു തോന്നി​യ​പ്പോൾ പത്രോസ്‌ ഇങ്ങനെ പറഞ്ഞു: “ഗുരോ, ഞങ്ങൾ ഇവിടെ ആയിരി​ക്കു​ന്നതു നല്ലത്‌. അതു​കൊണ്ട്‌ ഞങ്ങൾ മൂന്നു​കൂ​ടാ​രം ഉണ്ടാക്കട്ടെ, ഒന്നു നിനക്കും ഒന്നു മോശയ്‌ക്കും ഒന്ന്‌ ഏലിയാ​വി​നും.” ദർശന​ത്തിൽ കണ്ട ആ ദൈവ​ദാ​സ​ന്മാർ എത്രയോ കാലം മുമ്പ്‌ മരിച്ചു​പോ​യ​വ​രാണ്‌! അവർക്ക്‌ കൂടാ​ര​ത്തി​ന്റെ ആവശ്യ​വും ഇല്ല. പിന്നെ​യെ​ന്താണ്‌ പത്രോസ്‌ അങ്ങനെ പറഞ്ഞത്‌? വാസ്‌ത​വ​ത്തിൽ, താൻ എന്താണു പറയു​ന്ന​തെന്ന്‌ അവനു​തന്നെ അറിയി​ല്ലാ​യി​രു​ന്നു! പക്ഷേ അവന്റെ ഉത്സാഹ​വും ശുഷ്‌കാ​ന്തി​യും നിങ്ങൾ കണ്ടോ? കാപട്യ​മി​ല്ലാത്ത ഈ മനുഷ്യ​നോട്‌ നിങ്ങൾക്ക്‌ അടുപ്പം തോന്നു​ന്നി​ല്ലേ?—ലൂക്കോ. 9:33.

പത്രോസിനും ഒപ്പമു​ണ്ടാ​യി​രുന്ന യാക്കോ​ബി​നും യോഹ​ന്നാ​നും ആവേശ​ക​ര​മായ ഒരു ദർശനം ലഭിച്ചു

23 പത്രോ​സി​നും യാക്കോ​ബി​നും യോഹ​ന്നാ​നും ആ രാത്രി​യിൽ മറ്റൊരു വലിയ പദവി​കൂ​ടി ലഭിച്ചു. പർവത​ത്തി​ലാ​യി​രി​ക്കെ​ത്തന്നെ ഒരു മേഘം രൂപ​പ്പെട്ട്‌ അവരെ മൂടി. ആ മേഘത്തിൽനിന്ന്‌ ഒരു ശബ്ദം കേട്ടു, യഹോ​വ​യാം ദൈവ​ത്തി​ന്റെ ശബ്ദം! “ഇവൻ എന്റെ പ്രിയ​പു​ത്രൻ; ഞാൻ തിര​ഞ്ഞെ​ടു​ത്തി​രി​ക്കു​ന്ന​വൻതന്നെ. ഇവനു ശ്രദ്ധ​കൊ​ടു​ക്കു​വിൻ.” പിന്നെ ആ ദർശനം അവസാ​നി​ച്ചു. അവിടെ അവരും യേശു​വും മാത്ര​മാ​യി.—ലൂക്കോ. 9:34-36.

24. (എ) രൂപാ​ന്ത​ര​ണ​ദർശനം പത്രോ​സിന്‌ പ്രയോ​ജ​ന​പ്പെ​ട്ടത്‌ എങ്ങനെ? (ബി) രൂപാ​ന്ത​ര​ണ​ദർശനം ഇന്ന്‌ നമ്മെ എങ്ങനെ സഹായി​ക്കും?

24 ആ രൂപാ​ന്ത​ര​ണ​ദർശനം പത്രോ​സിന്‌ എത്ര വലിയ അനു​ഗ്ര​ഹ​മാ​യി​രു​ന്നു! നമുക്കും അങ്ങനെ​ത​ന്നെ​യാണ്‌! ദശകങ്ങൾക്കു ശേഷം പത്രോസ്‌ തനിക്ക്‌ ആ രാത്രി​യിൽ ലഭിച്ച മഹനീ​യ​പ​ദ​വി​യെ​ക്കു​റിച്ച്‌ എഴുതു​ക​യു​ണ്ടാ​യി. യേശു സ്വർഗീ​യ​രാ​ജാ​വാ​യി​ത്തീ​രു​മ്പോൾ യഥാർഥ​ത്തിൽ എത്ര മഹത്ത്വ​മേ​റി​യ​വ​നാ​യി​രി​ക്കും എന്നതിന്റെ ഒരു ദർശനം അവനു കിട്ടി! അങ്ങനെ “അവന്റെ മഹത്ത്വ​ത്തിന്‌ ദൃക്‌സാ​ക്ഷി”യാകാൻ പത്രോ​സി​നു കഴിഞ്ഞു! ആ ദർശനം ദൈവ​വ​ച​ന​ത്തി​ലെ അനേകം പ്രവച​ന​ങ്ങ​ളു​ടെ സത്യത സ്ഥിരീ​ക​രി​ച്ചു. കൂടാതെ, ഭാവി​യിൽ നേരി​ടാ​നി​രുന്ന പരി​ശോ​ധ​ന​ക​ളിൽ സഹിച്ചു​നിൽക്കാൻ, പത്രോ​സി​ന്റെ വിശ്വാ​സ​ത്തിന്‌ കരു​ത്തേ​കു​ക​യും ചെയ്‌തു. (2 പത്രോസ്‌ 1:16-19 വായി​ക്കുക.) ഇതേ അനു​ഗ്ര​ഹങ്ങൾ നമ്മു​ടെ​യും സ്വന്തമാ​കും! അതിനാ​യി പത്രോ​സി​നെ​പ്പോ​ലെ നമുക്കും യഹോവ നിയമി​ച്ചാ​ക്കിയ ഗുരു​വായ യേശു​വി​നോട്‌ കൂറു​പു​ലർത്താം. അവനിൽനി​ന്നു പഠിക്കാം, അവന്റെ തിരു​ത്ത​ലും ശിക്ഷണ​വും സ്വീക​രി​ക്കാം, എന്നു​മെ​ന്നും എളിമ​യോ​ടെ അവന്റെ കാലടി​കൾ പിന്തു​ട​രാം!

a സിനഗോഗിലുണ്ടായിരുന്ന ജനക്കൂ​ട്ട​ത്തി​ന്റെ സ്ഥിരത​യി​ല്ലായ്‌മ നമുക്ക്‌ ഇവിടെ കാണാം. അവൻ ദൈവ​ത്തി​ന്റെ പ്രവാ​ചകൻ ആകുന്നു എന്ന്‌ തലേ ദിവസം ആവേശ​ത്തോ​ടെ പറഞ്ഞ ആളുക​ളാണ്‌ ഇപ്പോൾ നേരെ തിരി​ഞ്ഞി​രി​ക്കു​ന്നത്‌.—യോഹ. 6:14.

b ഗലീലക്കടലിന്റെ തീരത്തു​നിന്ന്‌ വടക്കോ​ട്ടുള്ള ഈ യാത്ര തുടങ്ങു​മ്പോൾ അവർ സമു​ദ്ര​നി​ര​പ്പിൽനിന്ന്‌ ഏകദേശം 700 അടി (210 മീറ്റർ) താഴെ​യാണ്‌. 50 കിലോ​മീ​റ്റർ യാത്ര​ചെയ്‌ത്‌ അവർ എത്തുന്നത്‌ 1,150 അടി (350 മീറ്റർ) ഉയരത്തി​ലേ​ക്കാണ്‌. ഇവിടം അതീവ​സു​ന്ദ​ര​മാണ്‌!