അധ്യായം ഒൻപത്
അവൾ വിവേകം കാണിച്ചു
1-3. (എ) അബീഗയിലിന്റെ കുടുംബത്തിന് അപകടഭീഷണി ഉണ്ടായത് എങ്ങനെ? (ബി) സവിശേഷവ്യക്തിത്വത്തിന് ഉടമയായ ഈ സ്ത്രീയെക്കുറിച്ച് നമ്മൾ എന്താണ് പഠിക്കാൻ പോകുന്നത്?
ഓടിവന്ന ആ ചെറുപ്പക്കാരന്റെ കണ്ണുകളിലെ ഭീതി അബീഗയിൽ കണ്ടു. അവൻ ആകെ പേടിച്ചരണ്ടിരിക്കുകയാണ്. കാരണമുണ്ട്. വലിയൊരു ആപത്ത് അടുത്തുവരുന്നു. ആയുധമേന്തിയ 400-ഓളം പടയാളികൾ നാബാലിന്റെ വീട് ലക്ഷ്യമാക്കി പാഞ്ഞടുക്കുകയാണ്. നാബാലിന്റെ വീട്ടിലെ സകല പുരുഷപ്രജകളെയും കൊന്നൊടുക്കാൻ പുറപ്പെട്ടിരിക്കുകയാണ് അവർ. എന്താണ് അവരെ ഇത്ര ചൊടിപ്പിച്ചത്?
2 സകല കുഴപ്പവുമുണ്ടാക്കിയത് അബീഗയിലിന്റെ ഭർത്താവായ നാബാലാണ്. മറ്റുള്ളവരോട് നിർദയമായും പരുഷമായും ഇടപെടുന്നതാണ് നാബാലിന്റെ രീതി. ഇപ്രാവശ്യവും അതുതന്നെ സംഭവിച്ചു. പക്ഷേ നോവിച്ചുവിട്ടത് സാധാരണക്കാരനെയല്ല. തികഞ്ഞ അഭ്യാസികളും പരസ്പരം അങ്ങേയറ്റം കൂറുപുലർത്തുന്നവരും ആയ ഒരുകൂട്ടം പടയാളികളുടെ പ്രിയങ്കരനായ പടത്തലവനെയാണ്! നാബാലിന്റെ ജോലിക്കാരിൽപ്പെട്ട ഒരു ചെറുപ്പക്കാരനാണ് ഇപ്പോൾ അബീഗയിലിന്റെ സഹായം തേടി വന്നിരിക്കുന്നത്. അവൻ ഒരു ആട്ടിടയനാണെന്നു തോന്നുന്നു. എല്ലാവരുടെയും ജീവൻ രക്ഷിക്കാൻ അബീഗയിൽ എന്തെങ്കിലും പോംവഴി കണ്ടെത്തുമെന്ന വിശ്വാസത്തിലാണ് അവൻ വന്നിരിക്കുന്നത്. പക്ഷേ ഒരു സൈന്യത്തിന്റെ മുമ്പിൽ ഒരു സ്ത്രീ എന്തു ചെയ്യാനാണ്?
ഒരു സൈന്യത്തിന്റെ മുമ്പിൽ ഒരു സ്ത്രീ എന്തു ചെയ്യാനാണ്?
3 ആദ്യംതന്നെ നമുക്ക്, സവിശേഷവ്യക്തിത്വത്തിന് ഉടമയായ ഈ സ്ത്രീയെക്കുറിച്ച് ചില കാര്യങ്ങൾ മനസ്സിലാക്കാം. ആരായിരുന്നു അബീഗയിൽ? ഇങ്ങനെയൊരു പ്രശ്നസാഹചര്യം ഉണ്ടായത് എങ്ങനെയാണ്? അവളുടെ വിശ്വാസത്തിന്റെ മാതൃകയിൽനിന്ന് നമുക്ക് എന്തു പഠിക്കാം?
“വിവേകമുള്ളവളും സുന്ദരിയും”
4. നാബാൽ എങ്ങനെയുള്ള ആളായിരുന്നു?
4 അബീഗയിലും നാബാലും ചേർച്ചയില്ലാത്ത ജോടികളായിരുന്നു. നാബാലിന് ഇതിലും നല്ലൊരു ഭാര്യയെ കിട്ടുമായിരുന്നില്ല. അബീഗയിലിനാകട്ടെ, ഇതിലും മോശം ഭർത്താവിനെയും. നാബാൽ അതിസമ്പന്നനായിരുന്നു എന്നതു വാസ്തവമാണ്. അതുകൊണ്ടുതന്നെ താൻ വലിയ ആളാണെന്ന ഭാവം അവനുണ്ടായിരുന്നു. പക്ഷേ മറ്റുള്ളവർ അവനെ എങ്ങനെയാണ് കണ്ടത്? ഇതിലേറെ പരിഹാസ്യനായി ചിത്രീകരിക്കപ്പെട്ട മറ്റൊരു ബൈബിൾകഥാപാത്രമുണ്ടോ എന്നു സംശയമാണ്. അവന്റെ പേരിന്റെ അർഥംതന്നെ, “മൂഢൻ,” “ഭോഷൻ” എന്നൊക്കെയാണ്. ഇത് ജനനസമയത്ത് മാതാപിതാക്കൾ ഇട്ട പേരാണോ? അതോ പിന്നീടു പതിഞ്ഞുപോയ ഇരട്ടപ്പേരാണോ? എന്തായിരുന്നാലും പേര് ‘അർഥപൂർണമാക്കി’ അവൻ ജീവിച്ചു. നാബാൽ, “നിഷ്ഠുരനും ദുഷ്കർമ്മിയും ആയിരുന്നു.” മുട്ടാളനും മുഴുക്കുടിയനും ആയിരുന്ന അവനെ ആളുകൾക്ക് ഭയവും വെറുപ്പും ആയിരുന്നു.—1 ശമൂ. 25:2, 3, 17, 21, 25.
5, 6. (എ) അബീഗയിലിന്റെ സദ്ഗുണങ്ങൾ ഏതൊക്കെയായിരുന്നു? (ബി) അബീഗയിൽ നാബാലിനെപ്പോലൊരു ഭോഷനെ വിവാഹം കഴിച്ചത് എന്തുകൊണ്ടായിരിക്കാം?
5 അബീഗയിലിനെയും നാബാലിനെയും തമ്മിൽ താരതമ്യപ്പെടുത്താനേ പറ്റില്ല. ‘എന്റെ പിതാവ് സന്തോഷിക്കുന്നു’ എന്നാണ് അവളുടെ പേരിന്റെ അർഥം. മകൾ സുന്ദരിയാണെങ്കിൽ പല അച്ഛന്മാരും അഭിമാനംകൊള്ളാറുണ്ട്. എന്നാൽ വിവേകശാലിയായ ഒരു പിതാവ് തന്റെ കുട്ടിയുടെ സ്വഭാവഗുണങ്ങളിലായിരിക്കും ഏറെ അഭിമാനിക്കുക. സൗന്ദര്യമുള്ളവർ വകതിരിവ്, വിവേകം, ധൈര്യം, വിശ്വാസം എന്നിങ്ങനെയുള്ള സദ്ഗുണങ്ങൾ പഠിച്ചെടുക്കാൻ മിക്കപ്പോഴും മനസ്സുവെക്കാറില്ല. എന്നാൽ അബീഗയിൽ അങ്ങനെയല്ലായിരുന്നു. അവൾക്ക് സൗന്ദര്യത്തോടൊപ്പം വിവേകവും ഉണ്ടായിരുന്നു. ബൈബിൾ അതിനെ പ്രശംസിക്കുകയും ചെയ്യുന്നു.—1 ശമൂവേൽ 25:3 വായിക്കുക.
6 ഇത്ര സുന്ദരിയും സമർഥയും ആയ പെൺകുട്ടി ഇങ്ങനെ ഒന്നിനുംകൊള്ളാത്ത ഒരു മനുഷ്യനെ വിവാഹം കഴിച്ചത് എന്തുകൊണ്ടാണെന്ന് പലരും ചോദിച്ചുപോയേക്കാം. ബൈബിൾക്കാലങ്ങളിൽ മിക്ക വിവാഹങ്ങളും മാതാപിതാക്കൾ തീരുമാനിച്ച് നടത്തുന്നവയായിരുന്നു. ഇനി അങ്ങനെയല്ലാത്ത വിവാഹങ്ങളിൽപ്പോലും, മാതാപിതാക്കളുടെ അഭിപ്രായത്തിന് വളരെ പ്രാധാന്യം കല്പിച്ചിരുന്നു. നാബാലിന്റെ സമ്പത്തിലും പ്രതാപത്തിലും മയങ്ങി അബീഗയിലിന്റെ അച്ഛനമ്മമാർതന്നെ ആലോചിച്ച് നടത്തിയ വിവാഹമായിരുന്നോ ഇത്? അതോ അവൾ പാവപ്പെട്ട വീട്ടിലെ പെൺകുട്ടിയായിരുന്നോ? ദാരിദ്ര്യത്തിൽനിന്ന് രക്ഷപ്പെടാൻ ഇങ്ങനെയൊരു വിവാഹം നടത്തേണ്ടിവന്നതാണോ? എന്തായിരുന്നാലും, നാബാലിന്റെ പണം അവനെ നല്ലൊരു ഭർത്താവാക്കിയില്ല.
7. (എ) വിവാഹത്തെക്കുറിച്ച് പക്വതയുള്ള കാഴ്ചപ്പാട് ഉണ്ടായിരിക്കാൻ മക്കളെ പഠിപ്പിക്കണമെങ്കിൽ മാതാപിതാക്കൾ എന്തെല്ലാം ഒഴിവാക്കണം? (ബി) അബീഗയിലിന്റെ ഉറച്ച തീരുമാനം എന്തായിരുന്നു?
7 ചിന്തയുള്ള മാതാപിതാക്കൾ വിവാഹത്തെക്കുറിച്ച് പക്വതയുള്ള ഒരു വീക്ഷണമുണ്ടാകാൻ മക്കളെ പഠിപ്പിക്കണം. പണം മോഹിച്ച് ആരെയെങ്കിലും വിവാഹം കഴിക്കാൻ മക്കളെ പ്രേരിപ്പിക്കരുത്. ഭാര്യാഭർത്താക്കന്മാരുടെ ഉത്തരവാദിത്വങ്ങളും ചുമതലകളും വഹിക്കാൻ പ്രാപ്തിയാകുന്നതിനു മുമ്പേ അവരെ വിവാഹജീവിതത്തിനു നിർബന്ധിക്കുകയും അരുത്. (1 കൊരി. 7:36) പക്ഷേ, അബീഗയിൽ ഇനി അതെക്കുറിച്ചൊന്നും ചിന്തിച്ചിട്ട് കാര്യമില്ല, വളരെ വൈകിപ്പോയി. അവൾ ഇപ്പോൾ നാബാലിന്റെ ഭാര്യയാണ്. അവനെ വിവാഹം കഴിക്കാനുള്ള കാരണം എന്തായിരുന്നാലും തന്നാലാകുന്നതെല്ലാം ചെയ്ത് ഈ ദാമ്പത്യം വിജയിപ്പിക്കാൻ അവൾ ഉറച്ചിരുന്നു, ആശിക്കാൻ വകയില്ലെങ്കിൽക്കൂടി.
‘അവൻ അവരെ ശകാരിച്ച് അയച്ചു’
8. നാബാൽ ആരെയാണ് അപമാനിച്ചത്, അത് തീരെ ബുദ്ധിയല്ലായിരുന്നത് എന്തുകൊണ്ട്?
8 നാബാൽ ഇപ്പോൾ അബീഗയിലിന്റെ ജീവിതം ഒന്നുകൂടി വഷളാക്കിയിരിക്കുകയാണ്. അവൻ അപമാനിച്ചിരിക്കുന്നത് മറ്റാരെയുമല്ല, ദാവീദിനെയാണ്! യഹോവയുടെ വിശ്വസ്തദാസനാണ് ദാവീദ്. ശൗലിനു ശേഷം രാജാവാകാൻ ദൈവം തിരഞ്ഞെടുത്തവൻ, ശമുവേൽ പ്രവാചകൻ അഭിഷേകം ചെയ്തവൻ! (1 ശമൂ. 16:1, 2, 11-13) അസൂയമൂത്ത് കൊല്ലാൻ നടക്കുന്ന ശൗൽ രാജാവിന്റെ കൈയിൽപ്പെടാതെ ഓടിപ്പോന്നതാണ് ദാവീദ്. വിശ്വസ്തരായ 600 പടയാളികളുമായി വിജനപ്രദേശത്ത് ഒളിച്ചുപാർക്കുകയാണ് അവൻ.
9, 10. (എ) ദാവീദും കൂട്ടരും ഏത് ചുറ്റുപാടിലാണ് ജീവിതം കഴിച്ചുകൂട്ടിയത്? (ബി) ദാവീദും കൂട്ടുകാരും ചെയ്ത ഉപകാരത്തിന് നാബാൽ നന്ദി കാണിക്കേണ്ടിയിരുന്നത് എന്തുകൊണ്ട്? (10-ാം ഖണ്ഡികയുടെ അടിക്കുറിപ്പും കാണുക.)
9 മാവോനിലാണ് നാബാൽ താമസിച്ചിരുന്നതെങ്കിലും അവന്റെ ജോലിയും നിലങ്ങളും ഒക്കെ അടുത്തുള്ള കർമേലിൽ ആയിരുന്നെന്നു തോന്നുന്നു. a നാബാലിന് സ്വന്തമായി 3,000 ചെമ്മരിയാടുകളുണ്ടായിരുന്നു. ആടുവളർത്തലിനു പറ്റിയ പുൽമേടുകൾ നിറഞ്ഞ സ്ഥലങ്ങളിലായിരുന്നു ഈ രണ്ടു പട്ടണങ്ങളും. പക്ഷേ ചുറ്റും തരിശുനിലങ്ങളായിരുന്നു. തെക്കോട്ടു മാറി വിശാലമായ പാറാൻ മരുഭൂമിയാണ്. കിഴക്ക്, ചാവുകടലോളം നീളുന്ന ഭൂപ്രദേശം മലയിടുക്കുകളും ഗുഹകളും നിറഞ്ഞ വിജനമായ മരുപ്രദേശമാണ്. ഈ പ്രദേശങ്ങളിലൊക്കെയായിട്ടാണ് ദാവീദും കൂട്ടരും ഒട്ടേറെ ക്ലേശങ്ങൾ സഹിച്ച് ഒളിച്ചുപാർക്കുന്നത്. വേട്ടയാടിയും മറ്റും ആയിരിക്കണം അവർ ഉപജീവനം കഴിച്ചുപോന്നിരുന്നത്. ധനികനായ നാബാലിന്റെ ആട്ടിൻപറ്റത്തെ മേയ്ച്ചുവരുന്ന ഇടയന്മാരെ ദാവീദും കൂട്ടരും പലപ്പോഴും കണ്ടുമുട്ടാറുണ്ടായിരുന്നു.
10 അധ്വാനശീലരായ ആ പടയാളികൾ ആട്ടിടയന്മാരോട് ഇടപെട്ടത് എങ്ങനെയാണ്? ഇടയ്ക്കൊക്കെ നാബാലിന്റെ ആട്ടിൻപറ്റത്തിൽനിന്ന് ഒന്നോ രണ്ടോ ആടിനെ അവർക്ക് മോഷ്ടിച്ചെടുക്കാമായിരുന്നു. പക്ഷേ അവർ അങ്ങനെയൊന്നും ചെയ്തില്ല. മറിച്ച്, നാബാലിന്റെ ആടുകളെയും ദാസന്മാരെയും അവർ സംരക്ഷിച്ചുപോരുകയാണു ചെയ്തത്. (1 ശമൂവേൽ 25:15, 16 വായിക്കുക.) അവിടെ ആടുകൾക്കും ഇടയന്മാർക്കും ആപത്തുകൾ ഏറെയായിരുന്നു. ഇരപിടിയൻ മൃഗങ്ങൾ അവിടങ്ങളിൽ ധാരാളമുണ്ട്. ഇസ്രായേലിന്റെ തെക്കേ അതിരിലേക്ക് അവിടെനിന്ന് അധികദൂരമില്ലാതിരുന്നതിനാൽ അയൽപ്രദേശങ്ങളിൽനിന്നുള്ള കള്ളന്മാരുടെയും കൊള്ളസംഘങ്ങളുടെയും ആക്രമണങ്ങളും പതിവായിരുന്നു. b
11, 12. (എ) നാബാലിന്റെ സഹായം ആവശ്യപ്പെട്ട് ആളുകളെ അയച്ചപ്പോൾ ദാവീദ് നയവും ആദരവും കാണിച്ചത് എങ്ങനെ? (ബി) ദാവീദിന്റെ സന്ദേശം കിട്ടിയപ്പോൾ നാബാൽ മറുപടി പറഞ്ഞവിധം തെറ്റായിരുന്നത് എന്തുകൊണ്ട്?
11 കൂടെയുള്ള ഇത്രയും ആളുകളെ ആ വിജനപ്രദേശത്ത് തീറ്റിപ്പോറ്റുന്നത് ദാവീദിനെ സംബന്ധിച്ചിടത്തോളം വളരെ ശ്രമകരമായിരുന്നു. അതുകൊണ്ട് ഒരു ദിവസം ദാവീദ് പത്തു സന്ദേശവാഹകരെ സഹായം ചോദിച്ച് നാബാലിന്റെ അടുത്തേക്ക് അയച്ചു. സമയവും സന്ദർഭവും നോക്കിയാണ് അവൻ അവരെ അയച്ചത്. ചെമ്മരിയാടുകളുടെ രോമം കത്രിക്കുന്ന ഉത്സവസമയമായിരുന്നു അത്. ഈ സമയത്ത് വിരുന്നുസത്കാരങ്ങൾ പതിവായിരുന്നു. ആർക്കും എന്തും വാരിക്കോരി ദാനം ചെയ്യുന്ന ഒരു സമയം! നാബാലിനെ സംബോധന ചെയ്യാനും അവനോടു കാര്യങ്ങൾ പറയാനും ദാവീദ് ആദരവ് നിറഞ്ഞ വാക്കുകളും പദപ്രയോഗങ്ങളും പ്രത്യേകം തിരഞ്ഞെടുത്തു. നാബാലിന്റെ പ്രായത്തെ മാനിച്ചുകൊണ്ടായിരിക്കാം, ‘നിന്റെ മകനായ ദാവീദ്’ എന്നാണ് അവൻ സ്വയം പരാമർശിച്ചതുപോലും. ഇങ്ങനെയൊക്കെ ചെയ്തിട്ടും നാബാലിന്റെ പ്രതികരണം എന്തായിരുന്നു?—1 ശമൂ. 25:5-8.
12 നാബാൽ കോപംകൊണ്ട് പൊട്ടിത്തെറിച്ചു! തുടർന്ന് നാബാൽ ചെയ്ത കാര്യങ്ങൾ പറയാനും മറ്റുമാണ് തുടക്കത്തിൽ കണ്ട ചെറുപ്പക്കാരൻ അബീഗയിലിന്റെ അടുത്തെത്തിയത്. നാബാൽ ‘അവരെ ശകാരിച്ച് അയച്ചു’ എന്ന് ആ യുവാവ് അവളോടു പറഞ്ഞു. അറുപിശുക്കനായ നാബാൽ താൻ ഒരുക്കിയ അപ്പവും വെള്ളവും മാംസവും അവർക്ക് കൊടുക്കാൻ മനസ്സില്ലാതെ ആവലാതി പറയുകയും അതുമിതും പറഞ്ഞ് ബഹളം വെക്കുകയും ചെയ്തു. “യജമാനന്മാരെ വിട്ടു പൊയ്ക്കളയുന്ന ദാസന്മാർ ഇക്കാലത്തു വളരെ ഉണ്ട്” എന്നു പറഞ്ഞ് ദാവീദിനെ അധിക്ഷേപിക്കുകയും നിസ്സാരനാക്കുകയും ചെയ്തു. ശൗൽ ദാവീദിനെ കണ്ടതുപോലെ വെറുപ്പോടെയായിരിക്കാം നാബാലും ദാവീദിനെ കണ്ടത്. ഇവർക്കു രണ്ടുപേർക്കും യഹോവയുടെ വീക്ഷണം ഇല്ലായിരുന്നു. എന്നാൽ, ദൈവം ദാവീദിനെ സ്നേഹിച്ചിരുന്നു. യജമാനനോടു മത്സരിച്ച് ഓടിപ്പോന്ന ഒരു ദാസനായിട്ടല്ല, പിന്നെയോ ഇസ്രായേലിന്റെ അടുത്ത രാജാവായിട്ടാണ് ദൈവം അവനെ കണ്ടത്!—1 ശമൂ. 25:10, 11, 14.
13. (എ) നാബാൽ അധിക്ഷേപിച്ചപ്പോൾ ദാവീദ് ആദ്യം എങ്ങനെയാണ് പ്രതികരിച്ചത്? (ബി) യാക്കോബ് 1:20-ലെ തത്ത്വത്തിന്റെ അടിസ്ഥാനത്തിൽ ദാവീദിന്റെ പ്രതികരണം ഉചിതമായിരുന്നോ?
13 സന്ദേശവാഹകർ മടങ്ങിയെത്തി ദാവീദിനോട് വിവരങ്ങൾ പറഞ്ഞു. ദാവീദിന് കോപം ഇരച്ചുകയറി! “എല്ലാവരും വാൾ അരെക്കു കെട്ടിക്കൊൾവിൻ,” അവൻ ആജ്ഞാപിച്ചു. ദാവീദും വാൾ അരയ്ക്കു കെട്ടി. ആയുധധാരികളായ ആ 400 പേരെയും കൂട്ടി അവൻ പുറപ്പെട്ടു. നാബാലിന്റെ വീട്ടിലുള്ള പുരുഷപ്രജയെ ഒന്നടങ്കം സംഹരിക്കുമെന്ന് ശപഥം ചെയ്തുകൊണ്ടാണ് അവന്റെ പോക്ക്. (1 ശമൂ. 25:12, 13, 21, 22) ദാവീദിന്റെ കോപം നമുക്കു മനസ്സിലാകും, പക്ഷേ അവൻ അത് പ്രകടിപ്പിച്ചവിധമാണ് തെറ്റിപ്പോയത്. ബൈബിൾ ഇങ്ങനെ പറയുന്നു: “മനുഷ്യന്റെ കോപം ദൈവത്തിന്റെ നീതി നിവർത്തിക്കുന്നില്ല.” (യാക്കോ. 1:20) ഭയങ്കരമായ ആപത്ത് തലയ്ക്കുമീതെ തൂങ്ങിനിൽക്കുമ്പോൾ തന്റെ ഭവനത്തിലുള്ളവരെ രക്ഷിക്കാൻ അബീഗയിലിന് എങ്ങനെ കഴിയും?
“നിന്റെ വിവേകം സ്തുത്യം”
14. (എ) നാബാൽ ചെയ്ത തെറ്റ് തിരുത്തുന്നതിന് അബീഗയിൽ ആദ്യപടി സ്വീകരിച്ചത് എങ്ങനെയാണ്? (ബി) നാബാലിന്റെയും അബീഗയിലിന്റെയും സ്വഭാവം തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കുന്നത് നമുക്ക് എങ്ങനെ പ്രയോജനം ചെയ്യും? (അടിക്കുറിപ്പും കാണുക.)
14 ഭർത്താവിന്റെ ഗുരുതരമായ തെറ്റ് തിരുത്താനുള്ള ആദ്യപടി ഒരർഥത്തിൽ അബീഗയിൽ ഇതിനോടകം സ്വീകരിച്ചുകഴിഞ്ഞിരുന്നു. എന്താണ് അത്? അവൾ കേൾക്കാൻ മനസ്സുകാണിച്ചു. ആ രംഗമാണ് നമ്മൾ തുടക്കത്തിൽ കാണുന്നത്. എന്നാൽ അവളുടെ ഭർത്താവായ നാബാൽ അങ്ങനെയായിരുന്നില്ല. കാരണം, ഇക്കാര്യം നാബാലിനോടു പറയാൻ ആലോചിച്ചതാണ് ആ ചെറുപ്പക്കാരൻ. എന്നാൽ, നാബാൽ “ദുസ്സ്വഭാവിയാകകൊണ്ടു അവനോടു ആർക്കും ഒന്നും മിണ്ടിക്കൂടാ” എന്നാണ് അവന്റെ സ്വഭാവത്തെക്കുറിച്ച് ആ യുവാവ് പറയുന്നത്. c (1 ശമൂ. 25:17) താൻ വലിയ ആളാണെന്ന ഭാവക്കാരനായിരുന്ന നാബാൽ മറ്റുള്ളവർ പറയുന്നതിന് ചെവികൊടുത്തിരുന്നില്ല. അതായിരുന്നു അവന്റെ കുഴപ്പം. ഇങ്ങനെയുള്ള അഹങ്കാരികൾ ഇന്നും ധാരാളമുണ്ട്. പക്ഷേ, താൻ പറയുന്നത് അബീഗയിൽ കേൾക്കുമെന്ന് ആ യുവാവിന് അറിയാമായിരുന്നു. അതുകൊണ്ടാണ് അവൻ അവളുടെ അടുത്തേക്ക് ഓടിയെത്തിയത്.
നാബാലിനെപ്പോലെയായിരുന്നില്ല അബീഗയിൽ, മറ്റുള്ളവർ പറയുന്നത് കേൾക്കാൻ അവൾ മനസ്സുകാണിച്ചു
15, 16. (എ) അബീഗയിൽ, സദൃശവാക്യങ്ങൾ എന്ന പുസ്തകത്തിൽ കാണുന്ന സാമർഥ്യമുള്ള ഭാര്യയെപ്പോലെ ആയിരുന്നത് എങ്ങനെ? (ബി) അബീഗയിലിന്റെ പ്രവൃത്തി, കുടുംബനാഥൻ എന്ന നാബാലിന്റെ സ്ഥാനത്തോടുള്ള മത്സരമല്ലായിരുന്നത് എന്തുകൊണ്ട്?
15 അബീഗയിൽ കാര്യത്തിന്റെ ഗൗരവത്തെക്കുറിച്ച് ചിന്തിക്കുകയും ഉടനടി പ്രവർത്തിക്കുകയും ചെയ്തു. അവൾ ക്ഷണത്തിൽ പ്രവർത്തിച്ചതിനെക്കുറിച്ച് നാലു പ്രാവശ്യം വിവരണത്തിൽ കാണുന്നുണ്ട്. ദാവീദിനും കൂട്ടാളികൾക്കും വേണ്ടി, അപ്പം, ആട്ടിറച്ചി, വീഞ്ഞ്, മലർ, ഉണക്കമുന്തിരിയട, അത്തിയട തുടങ്ങി കുറെയധികം ആഹാരസാധനങ്ങൾ അവൾ എടുത്തുവെച്ചു. ഇതിൽനിന്ന് ഒരു കാര്യം മനസ്സിലാക്കാം: അബീഗയിലിന് ആ വലിയ വീട്ടിൽ എന്തൊക്കെയുണ്ടെന്ന് നല്ല നിശ്ചയമായിരുന്നു. എല്ലാ കാര്യങ്ങളിലും നല്ല നിയന്ത്രണവും ഉത്തരവാദിത്വവും ഉണ്ടായിരുന്നു. പിന്നീട് രചിക്കപ്പെട്ട സദൃശവാക്യങ്ങൾ എന്ന പുസ്തകത്തിൽ നമ്മൾ കാണുന്നതുപോലുള്ള സമർഥയായ ഒരു ഭാര്യയായിരുന്നു അവൾ. (സദൃ. 31:10-31) താൻ എടുത്തുവെച്ച ആഹാരസാധനങ്ങളുമായി ചില ഭൃത്യന്മാരെ അവൾ മുമ്പേ പറഞ്ഞയച്ചു. തൊട്ടു പിന്നാലെ അവളും. അവൾ ഒറ്റയ്ക്കാണ് പോയത്. എന്നാൽ, “തന്റെ ഭർത്താവായ നാബാലിനോടു അവൾ ഒന്നും അറിയിച്ചില്ല.”—1 ശമൂ. 25:18, 19.
16 ഇതിനർഥം, ഭർത്താവിന്റെ ശിരഃസ്ഥാനത്തോട് അവൾ മത്സരിക്കുകയായിരുന്നു എന്നാണോ? അല്ല. ദൈവത്തിന്റെ അഭിഷിക്തനെയാണ് നാബാൽ അപമാനിച്ചത്! ആ പ്രവൃത്തികൊണ്ട് സംഭവിക്കാൻ പോകുന്നത് വലിയൊരു ആപത്താണ്. നാബാലിന്റെ ഭവനത്തിലുള്ള നിരപരാധികളായ പലരും കൊല്ലപ്പെടും. അബീഗയിൽ ഇപ്പോൾ വേണ്ടതു ചെയ്തില്ലെങ്കിൽ ഭർത്താവിന്റെ അപരാധത്തിൽ അവളും പങ്കാളിയാകില്ലേ? ഇക്കാര്യത്തിൽ, അവൾ ഭർത്താവിനെക്കാൾ ദൈവത്തിനാണ് കീഴ്പെടേണ്ടിയിരുന്നത്.
17, 18. (എ) ദാവീദിനെ കണ്ടപ്പോൾ അബീഗയിൽ എന്തു ചെയ്തു, അവൾ എന്തു പറഞ്ഞു? (ബി) അവളുടെ വാക്കുകൾ അത്ര ഫലവത്തായത് എന്തുകൊണ്ട്?
17 അധികം വൈകിയില്ല, അബീഗയിൽ ദാവീദിനെയും കൂട്ടരെയും കണ്ടുമുട്ടി. അവൾ ധൃതിപ്പെട്ട് കഴുതപ്പുറത്തുനിന്ന് ഇറങ്ങി ദാവീദിന്റെ മുമ്പിൽ സാഷ്ടാംഗം വീണ് നമസ്കരിച്ചു. (1 ശമൂ. 25:20, 23) പിന്നെ, പറയാൻ കരുതിവെച്ചിരുന്നതെല്ലാം അവനോട് പറഞ്ഞു, തന്റെ ഭർത്താവിനോടും വീട്ടുകാരോടും കരുണ കാണിക്കണമെന്ന് കേണപേക്ഷിച്ചു. അവളുടെ വാക്കുകൾ ഫലവത്തായോ? എന്താണ് സംഭവിച്ചത്?
“അടിയൻ ഒന്നു ബോധിപ്പിച്ചുകൊള്ളട്ടെ”
18 ഭർത്താവ് ചെയ്ത തെറ്റിന്റെ ഉത്തരവാദിത്വം അവൾ സ്വയം ഏറ്റെടുത്ത്, തന്നോട് ക്ഷമിക്കേണമേ എന്നു ദാവീദിനോട് യാചിച്ചു. തന്റെ ഭർത്താവ് അവന്റെ പേരുപോലെതന്നെ ബുദ്ധിശൂന്യനായ ഒരു വ്യക്തിയാണെന്ന് അവൾ സമ്മതിച്ച് പറഞ്ഞു. അങ്ങനെയുള്ള ഒരാളെ തിരുത്താൻ നോക്കുന്നത് ദാവീദിന്റെ അന്തസ്സിനു ചേരുന്നതല്ല എന്നായിരിക്കാം അവൾ അതുവഴി സൂചിപ്പിച്ചത്. യഹോവയുടെ പ്രതിനിധിയാണ് ദാവീദ് എന്നു താൻ വിശ്വസിക്കുന്നുണ്ടെന്നും, “യഹോവയുടെ യുദ്ധങ്ങളെ”യാണ് അവൻ നടത്തുന്നതെന്ന് തനിക്കു മനസ്സിലായിട്ടുണ്ടെന്നും അവൾ പറഞ്ഞു. ദാവീദിനെയും അവന്റെ രാജ്യാധികാരത്തെയും കുറിച്ചുള്ള യഹോവയുടെ വാഗ്ദാനം തനിക്കറിയാമെന്നും അവൾ സൂചിപ്പിച്ചു. ‘യഹോവ യജമാനനെ യിസ്രായേലിനു പ്രഭുവാക്കിവെക്കും’ എന്ന് അവൾ പറഞ്ഞതിന്റെ സാരം അതായിരുന്നു. ദാവീദിന്റെ മേൽ രക്തപാതകം വരുത്തുന്ന ഒരു കാര്യവും ചെയ്യരുതെന്ന് അവൾ അവനോട് അപേക്ഷിച്ചു. അങ്ങനെ ചെയ്താൽ ദാവീദിന് പിന്നീട്, ‘താൻ തന്നേ പ്രതികാരം നടത്തി എന്നുള്ള ചഞ്ചലവും മനോവ്യഥയും’ ഉണ്ടാകുമെന്നും അവൾ പറഞ്ഞു. പിൽക്കാലത്ത് മനസ്സാക്ഷിക്കുത്ത് ഉണ്ടാകുമെന്നായിരിക്കാം അവൾ സൂചിപ്പിച്ചത്. (1 ശമൂവേൽ 25:24-31 വായിക്കുക.) എത്ര ഹൃദയസ്പർശിയായ വാക്കുകൾ!
19. അബീഗയിൽ പറഞ്ഞ കാര്യങ്ങൾ കേട്ടിട്ട് ദാവീദ് എന്തു ചെയ്തു, അവൻ അവളെ പുകഴ്ത്തിയത് എന്തുകൊണ്ട്?
19 എല്ലാം കേട്ടശേഷം ദാവീദ് എന്തു ചെയ്തു? അബീഗയിൽ കൊണ്ടുവന്ന ആഹാരസാധനങ്ങളെല്ലാം സ്വീകരിച്ചുകൊണ്ട് അവൻ ഇങ്ങനെ പറഞ്ഞു: “എന്നെ എതിരേല്പാൻ നിന്നെ ഇന്നു അയച്ചിരിക്കുന്ന യിസ്രായേലിന്റെ ദൈവമായ യഹോവെക്കു സ്തോത്രം. നിന്റെ വിവേകം സ്തുത്യം; രക്തപാതകവും സ്വന്തകയ്യാൽ പ്രതികാരവും ചെയ്യാതവണ്ണം എന്നെ ഇന്നു തടുത്തിരിക്കുന്ന നീയും അനുഗ്രഹിക്കപ്പെട്ടവൾ.” സമയം പാഴാക്കാതെ തന്റെ അടുക്കലേക്ക് വരാൻ ധൈര്യം കാണിച്ചതിന് അവൻ അവളെ പുകഴ്ത്തി. രക്തപാതകക്കുറ്റം വരുത്തിവെക്കാതെ, തന്നെ അവൾ തടഞ്ഞെന്നും ദാവീദ് അംഗീകരിച്ച് പറഞ്ഞു. “സമാധാനത്തോടെ വീട്ടിലേക്കു പോക” എന്നു പറഞ്ഞ് അവളെ ആശ്വസിപ്പിച്ചു. പിന്നെ താഴ്മയോടെ ഇങ്ങനെ പറഞ്ഞു: ‘ഞാൻ നിന്റെ വാക്കു കേട്ടിരിക്കുന്നു.’—1 ശമൂ. 25:32-35.
‘ഇതാ, യജമാനന്റെ ദാസി’
20, 21. (എ) ഭർത്താവിന്റെ അടുക്കലേക്ക് അബീഗയിൽ മനസ്സോടെ മടങ്ങിപ്പോയതിൽ നിങ്ങൾക്ക് പ്രശംസനീയമായി തോന്നുന്നത് എന്താണ്? (ബി) പറ്റിയ സമയം നോക്കി നാബാലിനോട് കാര്യങ്ങൾ സംസാരിക്കാനുള്ള ധൈര്യവും വിവേകവും അവൾ കാണിച്ചത് എങ്ങനെ?
20 അബീഗയിൽ വീട്ടിലേക്ക് മടങ്ങി. പോകുംവഴി ആ കൂടിക്കാഴ്ചയും സംസാരവും പലയാവർത്തി അവളുടെ മനസ്സിലേക്കു വന്നുകാണണം. വിശ്വസ്തനും ദയാലുവും ആയ ദാവീദും, മുരടനും ബുദ്ധിശൂന്യനും ആയ തന്റെ ഭർത്താവും തമ്മിലുള്ള അന്തരം അവൾ ശ്രദ്ധിച്ചിട്ടുണ്ടാകും. പക്ഷേ അത്തരം ചിന്തകളിൽ മനസ്സു കുടുങ്ങിപ്പോകാൻ അവൾ ഇടവരുത്തിയില്ല. “അവൾ നാബാലിന്റെ അടുക്കൽ എത്തി” എന്നു പിന്നീടു നാം കാണുന്നു. അതെ, ഭാര്യയെന്നനിലയിലുള്ള തന്റെ ധർമം തന്നെക്കൊണ്ടാകുന്നത്ര ഭംഗിയായി നിർവഹിക്കാൻ നിശ്ചയിച്ചുറച്ചാണ് അവൾ ഭർത്താവിന്റെ അടുക്കലേക്ക് മടങ്ങിയത്. അവൾക്ക് ഭർത്താവിനെ പല കാര്യങ്ങൾ അറിയിക്കേണ്ടതുണ്ടായിരുന്നു: ദാവീദിനും കൂട്ടർക്കും താൻ സമ്മാനം കൊടുത്ത കാര്യം, കുടുംബത്തിന് വരാനിരുന്ന വലിയ ആപത്ത് നീങ്ങിപ്പോയ കാര്യം അങ്ങനെയെല്ലാം. ഇതൊക്കെ അറിയാനുള്ള അവകാശം അവനുണ്ടായിരുന്നു. മാത്രമല്ല, വേറെ ആരെങ്കിലും പറഞ്ഞ് ഇതൊക്കെ അറിയാനിടയായാൽ നാബാലിന് അത് ഒന്നുകൂടെ നാണക്കേടാകുമായിരുന്നു. പക്ഷേ വീട്ടിലെത്തിയപ്പോൾ, ഇതൊന്നും നാബാലിനോടു പറയാവുന്ന സ്ഥിതിയായിരുന്നില്ല. കാരണം, അവൻ ഒരു രാജാവിനെപ്പോലെ തിന്നുകുടിക്കുകയാണ്. കുടിച്ച് ലക്കുകെട്ട നിലയിലാണ് അവൻ.—1 ശമൂ. 25:36.
നാബാലിന്റെ ജീവൻ രക്ഷിക്കാൻ താൻ ചെയ്ത കാര്യം അബീഗയിൽ ധൈര്യത്തോടെ അവനെ അറിയിച്ചു
21 ഇവിടെയും അബീഗയിൽ വിവേകവും ധൈര്യവും കാണിച്ചു. പിറ്റേന്നു രാവിലെ അവന്റെ വീഞ്ഞിന്റെ കെട്ടുവിടുന്നതുവരെ അവൾ കാത്തിരുന്നു. ലഹരിയിറങ്ങുമ്പോൾ അവൾ പറയുന്നത് അവനു മനസ്സിലാകും. പക്ഷേ, അപ്പോൾ വേറൊരു അപകടമുണ്ട്: സംഭവിച്ചത് അറിയുമ്പോൾ കൂടുതൽ മോശമായി പെരുമാറാനുള്ള സാധ്യത! എന്നിട്ടും, അവൾ അവന്റെ അടുത്ത് ചെന്ന് കാര്യങ്ങൾ മുഴുവനും പറഞ്ഞ് കേൾപ്പിച്ചു. അവൻ കോപംകൊണ്ട് പൊട്ടിത്തെറിക്കുമെന്നും തന്നെ കയ്യേറ്റം ചെയ്യുമെന്നും പ്രതീക്ഷിച്ചാണ് അവൾ പോയത്. പക്ഷേ, എല്ലാം കേട്ട്, അനങ്ങാൻപോലുമാകാതെ അവൻ സ്തംഭിച്ച് ഇരുന്നുപോയി!—1 ശമൂ. 25:37.
22. നാബാലിന് എന്താണ് സംഭവിച്ചത്, എല്ലാ തരത്തിലുമുള്ള ഗാർഹികപീഡനങ്ങളെ സംബന്ധിച്ചും നമ്മൾ എന്ത് ഓർത്തിരിക്കണം?
22 ആകട്ടെ, നാബാലിന് എന്താണ് സംഭവിച്ചത്? “അവന്റെ ഹൃദയം അവന്റെ ഉള്ളിൽ നിർജ്ജീവമായി അവൻ കല്ലിച്ചുപോയി.” ഒരുതരം മസ്തിഷ്കാഘാതം സംഭവിച്ചതാകാം അവന്. ഏതായാലും പത്തു ദിവസം കഴിഞ്ഞ് അവൻ മരിച്ചു. അത് ആരോഗ്യപരമായ കാരണങ്ങൾകൊണ്ട് മാത്രം സംഭവിച്ചതാണോ? ബൈബിൾരേഖ പറയുന്നത് ഇങ്ങനെയാണ്: “യഹോവ നാബാലിനെ ദണ്ഡിപ്പിച്ചു, അവൻ മരിച്ചുപോയി.” (1 ശമൂ. 25:38) ദൈവം നടത്തിയ നീതിയുക്തമായ ആ വധനിർവഹണത്തിലൂടെ അബീഗയിലിന് ഒരു പേടിസ്വപ്നമായിരുന്ന ദാമ്പത്യം അവസാനിച്ചുകിട്ടി! യഹോവ ഇന്ന് നേരിട്ട് ഇടപെട്ട് ഇങ്ങനെയുള്ള വധനിർവഹണം നടത്തുന്നില്ല. എങ്കിലും, ദാമ്പത്യത്തിലും കുടുംബങ്ങളിലും നടക്കുന്ന ഓരോ കയ്യേറ്റങ്ങളും അധിക്ഷേപങ്ങളും യഹോവ കാണുന്നുണ്ട് എന്നുള്ളതിന്റെ ശക്തമായ ഓർമപ്പെടുത്തലാണ് ഇത്. അവന്റേതായ സമയത്ത് അവൻ നീതി നടപ്പാക്കുകതന്നെ ചെയ്യും!—ലൂക്കോസ് 8:17 വായിക്കുക.
23. (എ) അബീഗയിലിന് വേറെ എന്ത് അനുഗ്രഹം കൂടി ലഭിച്ചു? (ബി) പുതിയ ജീവിതം നൽകിയ പ്രതീക്ഷകൾ അവളുടെ താഴ്മയ്ക്ക് ഒരു കുറവും വരുത്തിയില്ലെന്ന് പറയാവുന്നത് എന്തുകൊണ്ട്?
23 ദുരിതപൂർണമായ ഒരു ദാമ്പത്യജീവിതത്തിൽനിന്നുള്ള മോചനം അബീഗയിലിന് ഒരു അനുഗ്രഹമായിരുന്നു. എന്നാൽ മറ്റൊരു അനുഗ്രഹം കൂടെ അവളെ കാത്തിരിക്കുന്നുണ്ടായിരുന്നു. നാബാൽ മരിച്ചെന്ന് അറിഞ്ഞപ്പോൾ വിവാഹാലോചനയുമായി ദാവീദ് അവളുടെ അടുക്കലേക്ക് ആളയച്ചു. അവൾ ഇങ്ങനെ മറുപടി പറഞ്ഞു: “ഇതാ, അടിയൻ യജമാനന്റെ ദാസന്മാരുടെ കാലുകളെ കഴുകുന്ന ദാസി.” ദാവീദിന്റെ ഭാര്യയായിത്തീരാൻ പോകുകയാണെന്ന ചിന്ത അവളുടെ താഴ്മയ്ക്ക് ഒരു കുറവും വരുത്തിയില്ല. അവന്റെ ദാസന്മാരുടെ ദാസിയായിത്തീരാൻപോലും അവൾ സന്നദ്ധയായി. പിന്നെ നമ്മൾ കാണുന്നത് ധൃതിപ്പെടുന്ന അബീഗയിലിനെയാണ്. ഇത്തവണ അവൾ ധൃതികൂട്ടുന്നത് ദാവീദിന്റെ അടുക്കലെത്താനാണ്.—1 ശമൂ. 25:39-42.
24. പുതിയ ജീവിതത്തിൽ അബീഗയിലിന് എന്തെല്ലാം നേരിടേണ്ടിവന്നു, അബീഗയിലിന്റെ ഭർത്താവും അവളുടെ ദൈവവും അവളെ വീക്ഷിച്ചത് എങ്ങനെ?
24 കഥകളിലൊക്കെ കാണുന്നതുപോലെ, പിന്നീടങ്ങോട്ട് എന്നെന്നും സുഖമായി ജീവിക്കുകയായിരുന്നോ അബീഗയിൽ? ദാവീദിന്റെ ഭാര്യയായുള്ള അവളുടെ ജീവിതം എപ്പോഴും അത്ര സുഖകരമായിരുന്നില്ല. ദാവീദിന് അപ്പോൾത്തന്നെ വേറൊരു ഭാര്യയുണ്ടായിരുന്നു, അഹീനോവം. ദൈവം ബഹുഭാര്യത്വം അനുവദിച്ചുകൊടുത്തിരുന്നെങ്കിലും, ദൈവഭക്തരായ സ്ത്രീകൾക്ക് അത് പലവിധ പ്രശ്നങ്ങളുയർത്തിയിരുന്നു. മാത്രമല്ല, ദാവീദ് അപ്പോഴും രാജാവായിട്ടില്ലായിരുന്നു. രാജപദവിയിലെത്തുന്നതിനു മുമ്പ് അവന് ഒട്ടേറെ പ്രതിസന്ധികളും ക്ലേശങ്ങളും അനുഭവിക്കേണ്ടിവന്നു. എന്നാൽ അബീഗയിലിനെ സംബന്ധിച്ചു പറഞ്ഞാൽ, ജീവിതയാത്രയിൽ അവൾ ഭർത്താവിനെ പിന്തുണച്ചും സഹായിച്ചും നല്ലൊരു ഭാര്യയായി. പിന്നീട് അവൾക്ക് ഒരു മകൻ ജനിച്ചു. തന്നെ സ്നേഹിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന ഒരു ഭർത്താവുണ്ടെന്ന് അവൾക്ക് അഭിമാനത്തോടെ പറയാൻ കഴിയുമായിരുന്നു. അവളെ തട്ടിക്കൊണ്ടുപോയവരുടെ കൈയിൽനിന്ന് ഒരിക്കൽ അവൻ അവളെ രക്ഷിച്ചിട്ടുമുണ്ട്. (1 ശമൂ. 30:1-19) അന്ന് വാസ്തവത്തിൽ ദാവീദ് യഹോവയാം ദൈവത്തെ അനുകരിക്കുകയായിരുന്നു. അബീഗയിലിനെപ്പോലെ വിവേകമതികളും ധൈര്യശാലികളും വിശ്വസ്തരും ആയ സ്ത്രീകളെ വിലപ്പെട്ടവരായി കരുതുകയും സ്നേഹിക്കുകയും ചെയ്യുന്ന ദൈവമാണല്ലോ യഹോവ!
a അങ്ങ് വടക്കുമാറിയുള്ള പ്രശസ്തമായ കർമേൽ പർവതം അല്ല ഇത്. പിന്നീട്, ഏലിയാപ്രവാചകനും ബാലിന്റെ പ്രവാചകന്മാരും തമ്മിലുണ്ടായ ‘ബലപരീക്ഷണം’ നടന്നത് കർമേൽ പർവതത്തിലാണ്. (10-ാം അധ്യായം കാണുക.) എന്നാൽ ഇവിടെ പറയുന്ന കർമേൽ, തെക്കൻ മരുഭൂമിയുടെ അറ്റത്തുള്ള ഒരു പട്ടണമാണ്.
b പ്രാദേശിക ഭൂവുടമകളെയും അവരുടെ ആട്ടിൻപറ്റങ്ങളെയും സംരക്ഷിക്കുന്നത് യഹോവയാം ദൈവത്തിനു ചെയ്യുന്ന ഒരു സേവനമായി ദാവീദ് വീക്ഷിച്ചിരിക്കാം. അബ്രാഹാമിന്റെയും യിസ്ഹാക്കിന്റെയും യാക്കോബിന്റെയും പിൻതലമുറക്കാർ ആ പ്രദേശത്തു താമസിക്കണമെന്നത് അക്കാലത്ത് യഹോവയുടെ ഉദ്ദേശ്യമായിരുന്നു. അതുകൊണ്ട് അധിനിവേശകരിൽനിന്നും കൊള്ളസംഘങ്ങളിൽനിന്നും ആ പ്രദേശത്തെ സംരക്ഷിക്കുന്നത് ഒരർഥത്തിൽ യഹോവയ്ക്കുള്ള ഒരു സേവനമായിരുന്നു.
c ആ ചെറുപ്പക്കാരൻ ഉപയോഗിച്ച പദപ്രയോഗത്തിന്റെ അക്ഷരാർഥം “ബെലീയാലിന്റെ (നിഷ്ഫലതയുടെ) മകൻ” എന്നാണ്. നാബാൽ “ആർക്കും ചെവികൊടുക്കാത്തവൻ” ആയതുകൊണ്ട് “അവനോടു സംസാരിച്ചിട്ടു കാര്യമില്ല” എന്നാണ് ചില ബൈബിളുകൾ ഈ വാചകം പരിഭാഷപ്പെടുത്തിയിരിക്കുന്നത്.