അധ്യായം പത്ത്
അവൻ സത്യാരാധനയ്ക്കുവേണ്ടി നിലകൊണ്ടു
1, 2. (എ) ഏലിയാവിന്റെ ജനം ഇപ്പോൾ ഏത് ദുരവസ്ഥയിലാണ്? (ബി) കർമേൽ പർവതത്തിൽ ഏലിയാവ് എന്ത് എതിർപ്പാണ് നേരിടേണ്ടിവന്നിരിക്കുന്നത്?
കർമേൽ പർവതം കയറിവരികയാണ് ആ ജനക്കൂട്ടം. ഇടയ്ക്കിടെ നിന്ന്, വളരെ പ്രയാസപ്പെട്ടാണ് അവരുടെ വരവ്. അവരെ നോക്കി നിൽക്കുകയാണ് ഏലിയാവ്. അവർ അനുഭവിക്കുന്ന ദാരിദ്ര്യത്തിന്റെയും ഇല്ലായ്മകളുടെയും മുറിപ്പാടുകൾ പുലർകാലത്തെ അരണ്ട വെളിച്ചത്തിലും അവരുടെ മുഖങ്ങളിൽ തെളിഞ്ഞുകാണാം. മൂന്നര വർഷമായി തുടരുന്ന കഠിനമായ വരൾച്ചയുടെ ബാക്കിപത്രങ്ങൾ!
2 അവരുടെ കൂടെ ബാലിന്റെ 450 പ്രവാചകന്മാരുമുണ്ട്. യഹോവയുടെ പ്രവാചകനായ ഏലിയാവിനോടുള്ള കടുത്ത വെറുപ്പും പുച്ഛവും അവരുടെ മുഖങ്ങളിൽ നിറഞ്ഞുനിൽക്കുന്നു. അഹങ്കാരത്തോടെയും ധാർഷ്ട്യത്തോടെയും ആണ് അവർ മല കയറുന്നത്. യഹോവയുടെ ഒട്ടനവധി ദാസന്മാരെ ഇസബേൽ രാജ്ഞി ഇതിനോടകം വധിച്ചുകഴിഞ്ഞിരിക്കുന്നു. എന്നാൽ, ബാലിന്റെ ആരാധനയ്ക്കെതിരെ ഏലിയാവ് എന്ന ഈ മനുഷ്യൻ ഇപ്പോഴും ഉറച്ചുനിൽക്കുകയാണ്. പക്ഷേ, ഇനി എത്ര കാലം? നൂറുകണക്കിനുവരുന്ന പുരോഹിതന്മാർക്കും ബാലാരാധകർക്കും എതിരെ ഏലിയാവിന് ഒറ്റയ്ക്ക് പിടിച്ചുനിൽക്കാൻ കഴിയില്ലെന്ന് ആ പുരോഹിതന്മാർ കരുതുന്നുണ്ടാകും. (1 രാജാ. 18:4, 19, 20) രാജകീയരഥത്തിൽ ആഹാബ് രാജാവും സ്ഥലത്ത് എത്തിയിട്ടുണ്ട്. അവനും ഏലിയാവിനോട് കടുത്ത ശത്രുതയാണ്.
3, 4. (എ) സുപ്രധാനമായ ആ ദിവസം ഏലിയാവിനെ ചില ഭയാശങ്കകൾ അലട്ടിയിരിക്കാനിടയുള്ളത് എന്തുകൊണ്ട്? (ബി) ഏതെല്ലാം ചോദ്യങ്ങൾ നാം ചിന്തിക്കും?
3 വെളിച്ചം പരക്കുകയാണ്. ഈ ദിവസത്തെ സംഭവങ്ങൾ ഏലിയാവ് ജീവിതത്തിൽ ഒരിക്കലും മറക്കുകയില്ല. ഏകനായ ആ പ്രവാചകൻ നോക്കിനിൽക്കെ നാടകീയമായ ഒരു ഏറ്റുമുട്ടലിനുള്ള അരങ്ങൊരുങ്ങുകയാണ്. നന്മയും തിന്മയും തമ്മിലുള്ള ഒരു ഏറ്റുമുട്ടൽ! ലോകം അന്നുവരെ കണ്ടിട്ടില്ലാത്ത ഒന്ന്! ആ ദിവസം പുലർന്നപ്പോൾ അവന്റെ മനസ്സിലൂടെ എന്തെല്ലാം കടന്നുപോയിട്ടുണ്ടാകും! അവന്റെയുള്ളിൽ ഭയവും ആശങ്കകളും നിറഞ്ഞിട്ടുണ്ടാവില്ലേ? അവനും “നമ്മെപ്പോലെതന്നെയുള്ള ഒരു മനുഷ്യനായിരുന്ന”ല്ലോ. (യാക്കോബ് 5:17 വായിക്കുക.) എന്തായാലും, ഒരു കാര്യം നമുക്ക് ഉറപ്പാണ്: താൻ തനിച്ചായിപ്പോയി എന്ന് ഏലിയാവിന് തോന്നിയിട്ടുണ്ട്. ചുറ്റും അവിശ്വസ്തരായ ജനങ്ങൾ, അവരുടെ വിശ്വാസത്യാഗിയായ രാജാവ്, ബാലിന്റെ രക്തദാഹികളായ പുരോഹിതന്മാർ! ഇവർക്കിടയിൽ അവൻ ഒറ്റയ്ക്ക്!—1 രാജാ. 18:22.
4 ഇത്തരമൊരു പ്രതിസന്ധിയിൽ ഇസ്രായേൽ എത്തിപ്പെട്ടത് എങ്ങനെയാണ്? ഈ വിവരണത്തിൽനിന്ന് നമുക്ക് എന്താണ് പഠിക്കാനുള്ളത്? വിശ്വാസത്തിന്റെ കാര്യത്തിൽ ഏലിയാവ് വെച്ച മാതൃക എന്താണെന്നും അത് നമുക്ക് ഇന്ന് എത്ര പ്രായോഗികമാണെന്നും നോക്കാം.
കാലങ്ങൾ നീണ്ട പോരാട്ടം ഒരു മ്ലേച്ഛരൂപം പ്രാപിക്കുന്നു!
5, 6. (എ) ഇസ്രായേലിൽ നിലവിലിരുന്ന സംഘർഷാവസ്ഥ ഏതായിരുന്നു? (ബി) ആഹാബ് രാജാവ് യഹോവയെ അങ്ങേയറ്റം വേദനിപ്പിച്ചത് എങ്ങനെ?
5 ഇസ്രായേൽ ജനം, അവരുടെ ജീവിതത്തിൽ ഏറ്റവും മുഖ്യമായി കരുതേണ്ടത് സത്യാരാധനയായിരുന്നു. പക്ഷേ, അവരാകട്ടെ അതിനെ തുച്ഛീകരിക്കുകയും ചവിട്ടിമെതിക്കുകയും ചെയ്തുകൊണ്ടിരുന്നു. സത്യാരാധകരുടെ ദേശം എന്ന് അറിയപ്പെടേണ്ട ആ ദേശത്ത് ജനം ചെയ്തുകൂട്ടുന്ന ദുഷ്ചെയ്തികൾ നിസ്സഹായനായി നോക്കിനിൽക്കാനേ ഏലിയാവിനു കഴിഞ്ഞുള്ളൂ, അവന്റെ ആയുസ്സിന്റെ ഏറിയപങ്കും ഇതായിരുന്നു സ്ഥിതി. വ്യാജമതം ഇസ്രായേലിൽ അത്രമേൽ പിടിമുറുക്കിയിരുന്നു. വാസ്തവത്തിൽ സത്യമതവും വ്യാജമതവും തമ്മിലുള്ള ഒരു പോരാട്ടം നടക്കുകയായിരുന്നു. യഹോവയാം ദൈവത്തിന്റെ ആരാധനയും ചുറ്റുമുള്ള ജനതകളുടെ വിഗ്രഹാരാധനയും തമ്മിലുള്ള കടുത്ത പോരാട്ടം! ഏലിയാവിന്റെ കാലത്ത് ദീർഘകാലമായുള്ള ഈ വടംവലിക്ക് ഒരു മ്ലേച്ഛരൂപം കൈവന്നു!
6 രാജാവായ ആഹാബ് യഹോവയെ അങ്ങേയറ്റം വേദനിപ്പിച്ചു. അവൻ സീദോൻ രാജാവിന്റെ മകളായ ഇസബേലിനെ വിവാഹം കഴിച്ചു. ഇസ്രായേൽ ദേശത്തുനിന്ന് യഹോവയുടെ ആരാധന തുടച്ചുനീക്കുമെന്നും ബാലിന്റെ ആരാധന വ്യാപിപ്പിക്കുമെന്നും ഇസബേൽ നിശ്ചയിച്ചിരുന്നു. ആഹാബ് രാജാവ്, പെട്ടെന്നുതന്നെ അവളുടെ വലയിലായി. അവൻ ബാലിന് ഒരു ക്ഷേത്രവും ബലിപീഠവും പണിതു. അങ്ങനെ ആ വ്യാജദേവന്റെ ആരാധനയുമായി രാജാവുതന്നെ മുന്നിട്ടിറങ്ങി.—1 രാജാ. 16:30-33.
7. (എ) ബാലിന്റെ ആരാധനാരീതികൾ അങ്ങേയറ്റം മ്ലേച്ഛമായിരുന്നത് എന്തുകൊണ്ട്? (ബി) ഏലിയാവിന്റെ നാളിലെ വരൾച്ചയുടെ കാലയളവ് സംബന്ധിച്ച് ബൈബിൾ പറയുന്ന കാര്യങ്ങളിൽ വൈരുധ്യമില്ലെന്ന് നമുക്ക് എങ്ങനെ ഉറപ്പിക്കാം? ( ചതുരവും ഉൾപ്പെടുത്തുക.)
7 ബാലിന്റെ ആരാധന അങ്ങേയറ്റം മ്ലേച്ഛമായിരുന്നത് എന്തുകൊണ്ടാണ്? അത് ഇസ്രായേൽ ജനതയെ വശീകരിക്കുകയും പലരെയും സത്യദൈവത്തിൽനിന്ന് അകറ്റിക്കളയുകയും ചെയ്തു. അറപ്പുളവാക്കുന്നതും മൃഗീയവും ആയ ഒരു മതമായിരുന്നു അത്. ക്ഷേത്രവേശ്യാവൃത്തി അതിന്റെ ഭാഗമായിരുന്നു. ആ വേശ്യകളിൽ സ്ത്രീകളും പുരുഷന്മാരും ഉണ്ടായിരുന്നു. കാമകേളികൾ നിറഞ്ഞ മദിരോത്സവങ്ങൾ പതിവായിരുന്നു. എന്തിനധികം, ശിശുക്കളെപ്പോലും ബാലിന് ബലിയർപ്പിച്ചിരുന്നു. അവസാനം യഹോവ ഇടപെട്ടു. അവൻ ഒരു സന്ദേശവുമായി ഏലിയാവിനെ ആഹാബിന്റെ അടുത്തേക്ക് അയച്ചു. ദേശത്ത് കൊടും വരൾച്ച വരുമെന്നായിരുന്നു ആ സന്ദേശം. ഏലിയാവ് പറയാതെ ആ വരൾച്ച അവസാനിക്കുകയുമില്ല! (1 രാജാ. 17:1) ഏതാനും വർഷങ്ങൾക്കു ശേഷമാണ് ഏലിയാവ് ആഹാബിനെ കാണാൻ വീണ്ടും എത്തുന്നത്. രാജാവിനോട് ജനത്തെയും ബാലിന്റെ പ്രവാചകന്മാരെയും കർമേൽ പർവതത്തിൽ വിളിച്ചുകൂട്ടാൻ ഏലിയാവ് ആവശ്യപ്പെട്ടു. a
ബാലിന്റെ ആരാധനയിൽ ഉൾപ്പെട്ടിരുന്ന പല കാര്യങ്ങളും ഇന്നും അത്രതന്നെ ശക്തവും വ്യാപകവും ആണ്
8. ബാലിന്റെ ആരാധനയെക്കുറിച്ചുള്ള വിവരണം ഇന്ന് പ്രസക്തമായിരിക്കുന്നത് എന്തുകൊണ്ട്?
8 ഇക്കാലത്തെ സംബന്ധിച്ചോ? ബാലിന്റെ ആരാധനയ്ക്കുള്ള ക്ഷേത്രങ്ങളോ ബലിപീഠങ്ങളോ ഒന്നും ഇന്ന് നമ്മുടെ ചുറ്റുപാടും കാണുന്നില്ല. അതുകൊണ്ട് ഈ ആരാധനാരീതിയെക്കുറിച്ച് നമ്മൾ ഇന്നു ചിന്തിക്കുന്നത് എന്തിനാണെന്ന് ചിലർക്ക് തോന്നിയേക്കാം. എന്നാൽ ഇത് വെറും ചരിത്രം മാത്രമല്ല! (റോമ. 15:4) ബാൽ എന്ന വാക്കിന്റെ അർഥം “ഉടയവൻ” അല്ലെങ്കിൽ “യജമാനൻ” എന്നാണ്. തന്നെ, “ഭർത്താവ്” അല്ലെങ്കിൽ ഉടയവനായി കാണണമെന്ന് യഹോവ ഇസ്രായേൽ ജനത്തോടു പറഞ്ഞു. ഫലത്തിൽ, അവരുടെ “ബാൽ” ആയി തന്നെ കാണണമെന്ന് യഹോവ പറയുകയായിരുന്നു. (യെശ. 54:5) ഇന്നും ആളുകൾ, പരമാധികാരിയായ യഹോവയെ ആരാധിക്കുന്നതിനു പകരം പല തരക്കാരായ യജമാനന്മാരെ സേവിക്കുന്നു. നിങ്ങൾക്ക് അങ്ങനെ തോന്നുന്നില്ലേ? സത്യദൈവമായ യഹോവയുടെ സ്ഥാനത്ത് എണ്ണമറ്റ മറ്റ് ദേവന്മാരെ ആളുകൾ ആരാധിച്ചുവരുന്നു. ഇനി പണം, ജോലി, വിനോദം, ലൈംഗികാസ്വാദനം എന്നിവയെയും ജീവിതത്തിൽ അവർ ‘ദൈവം’ ആയി പ്രതിഷ്ഠിക്കുന്നു. ഇങ്ങനെ ചെയ്യുന്നവർ ഇവയെയൊക്കെ തങ്ങളുടെ യജമാനനായി സ്വീകരിക്കുകയാണ്. (മത്താ. 6:24; റോമർ 6:16 വായിക്കുക.) ബാലിന്റെ ആരാധനയിൽ ഉൾപ്പെട്ടിരുന്ന പല കാര്യങ്ങളും ഇന്നും അത്രതന്നെ ശക്തമാണ്. പുരാതനകാലത്ത്, ബാലാരാധനയും യഹോവയുടെ ആരാധനയും തമ്മിലുണ്ടായ ആ പോരാട്ടത്തെപ്പറ്റി മനസ്സിലാക്കുന്നത് ഇന്ന് നമ്മൾ ആരെ സേവിക്കും എന്നു ബുദ്ധിപൂർവം തിരഞ്ഞെടുക്കാൻ നമ്മെ സഹായിക്കും.
‘രണ്ടു തോണിയിൽ കാൽവെച്ച്,’ എത്രത്തോളം?
9. (എ) കർമേൽ പർവതം, ബാലിനെ ആരാധിക്കുന്നതിന്റെ പൊള്ളത്തരം തുറന്ന് കാണിക്കാൻ പറ്റിയ ഒരിടമായിരുന്നത് എന്തുകൊണ്ട്? (അടിക്കുറിപ്പും കാണുക.) (ബി) ഏലിയാവ് ആളുകളോട് എന്താണ് പറഞ്ഞത്?
9 കർമേൽ പർവതത്തിൽനിന്നുള്ള ദൃശ്യങ്ങൾ ചേതോഹരമാണ്. b അങ്ങ് താഴെ കീശോൻ നീർത്താഴ്വരയും അതിനോട് ചേർന്നുള്ള മഹാസമുദ്രവും (മധ്യധരണ്യാഴി) വടക്ക് ചക്രവാളസീമയിലെ ലെബാനോൻ പർവതനിരകളും എല്ലാം കണ്ണിന് ഇമ്പമേകുന്നു. സംഭവബഹുലമായ ഈ ദിവസം സൂര്യൻ ഉദിച്ചുയർന്നപ്പോൾ പക്ഷേ, കാഴ്ചകൾ മങ്ങി നിറംകെട്ടതാണ്. അബ്രാഹാമിന്റെ സന്തതികൾക്ക് യഹോവ നൽകിയ ഫലഭൂയിഷ്ഠമായ ആ ദേശം വിഷാദത്തിന്റെ കരിമ്പടം മൂടിക്കിടന്നു. ദൈവത്തിന്റെ സ്വന്തം ജനത്തിന്റെ വിവേകശൂന്യമായ നടപടികൾ മൂലം സൂര്യതാപമേറ്റ് ദേശം വെന്തുരുകുകയാണ്! ആളുകളെല്ലാം കൂടിവന്നപ്പോൾ ഏലിയാവ് അടുത്തെത്തി അവരോട് പറഞ്ഞു: “നിങ്ങൾ എത്രത്തോളം രണ്ടു തോണിയിൽ കാൽവെക്കും? യഹോവ ദൈവം എങ്കിൽ അവനെ അനുഗമിപ്പിൻ; ബാൽ എങ്കിലോ അവനെ അനുഗമിപ്പിൻ.”—1 രാജാ. 18:21.
10. ഏലിയാവിന്റെ ജനം ‘രണ്ടു തോണിയിൽ കാൽവെച്ചത്’ എങ്ങനെ, അവർ മറന്നുകളഞ്ഞ അടിസ്ഥാനസത്യം ഏതാണ്?
10 ‘രണ്ടു തോണിയിൽ കാൽവെക്കുക’ എന്നു പറഞ്ഞപ്പോൾ ഏലിയാവ് എന്താണ് ഉദ്ദേശിച്ചത്? ഇസ്രായേൽ ജനം യഹോവയെയും ബാലിനെയും ആരാധിച്ചുവരികയാണ്. ഒരേസമയം ഇതു രണ്ടും ആകാമെന്നാണ് അവർ ചിന്തിച്ചത്. അതായത്, നിന്ദ്യമായ തങ്ങളുടെ ആചാരങ്ങളാൽ ബാലിനെ പ്രസാദിപ്പിക്കാമെന്നും അതേസമയം, യഹോവയിൽനിന്ന് അനുഗ്രഹങ്ങൾ നേടാമെന്നും അവർ കരുതി. ഒരുപക്ഷേ അവർ ഇങ്ങനെ ന്യായവാദം ചെയ്തിരിക്കാം: ബാൽ തങ്ങളുടെ വിളവുകളെയും മൃഗസമ്പത്തിനെയും അനുഗ്രഹിക്കും, “സൈന്യങ്ങളുടെ യഹോവ”യാകട്ടെ യുദ്ധങ്ങളിൽനിന്ന് സംരക്ഷിക്കും. (1 ശമൂ. 17:45) ഇന്നു പലരും വിട്ടുകളയുന്ന അടിസ്ഥാനസത്യം ആ ജനതയും മറന്നുകളഞ്ഞു. തനിക്കുള്ള ആരാധന യഹോവ ആരുമായും പങ്കുവെക്കുകയില്ല എന്ന സത്യം! യഹോവ സമ്പൂർണഭക്തി ആവശ്യപ്പെടുന്നു, അതിന് അവൻ യോഗ്യനുമാണ്! മറ്റേതെങ്കിലും തരത്തിലുള്ള ആരാധനയുമായി കൂട്ടിക്കലർത്തിയ ആരാധന അവന് സ്വീകാര്യമല്ല. അവന് അത് അറപ്പാണ്! ഇപ്പോൾ, ഇസ്രായേല്യർ രണ്ടിലൊന്ന് തിരഞ്ഞെടുത്തേ മതിയാകൂ.—പുറപ്പാടു 20:5 വായിക്കുക.
11. ഏലിയാവിന്റെ വാക്കുകൾ നമ്മുടെ ആരാധനയെയും മുൻഗണനകളെയും പുനഃപരിശോധിക്കാൻ സഹായിക്കുന്നത് എങ്ങനെയാണെന്നാണ് നിങ്ങൾ കരുതുന്നത്?
11 ആ ഇസ്രായേല്യർ ‘രണ്ടു തോണിയിൽ കാൽവെച്ചത്,’ രണ്ടു വഴികളിലൂടെ ഒരേ സമയം സഞ്ചരിക്കാൻ ശ്രമിക്കുന്നതുപോലെയായിരുന്നു. അത്തരത്തിലുള്ള തെറ്റ് ഇന്നും പലയാളുകളും ചെയ്യുന്നു. ‘ബാൽദേവന്മാർക്ക്’ ജീവിതത്തിൽ കയറിപ്പറ്റാൻ ഇടംകൊടുത്തുകൊണ്ട് അവർ സത്യാരാധനയെ ഒരു മൂലയിൽ എറിഞ്ഞുകളയുന്നു. മിശ്രാരാധന അവസാനിപ്പിക്കാൻ അന്ന് ഏലിയാവ് മുഴക്കിയ അടിയന്തിരകാഹളധ്വനി അഥവാ മുന്നറിയിപ്പ് ഇന്ന് നമ്മളെയും ഇരുത്തി ചിന്തിപ്പിക്കേണ്ടതാണ്. നമ്മുടെ ആരാധനയും നാം പ്രധാനമായി കാണുന്ന കാര്യങ്ങളും വീണ്ടുമൊന്നു പരിശോധിച്ചുനോക്കാനുള്ള ആഹ്വാനമായി നമുക്ക് ഇതിനെ കാണാം.
സത്യദൈവം ആരാണെന്ന് തെളിയുന്നു
12, 13. (എ) ഏലിയാവ് നിർദേശിച്ച പരീക്ഷണം എന്തായിരുന്നു? (ബി) ഏലിയാവിനെപ്പോലെ യഹോവയിൽ പൂർണമായും ആശ്രയിക്കുന്നെന്ന് നമുക്ക് എങ്ങനെ കാണിക്കാം?
12 അടുത്തതായി, ഏലിയാവ് ഒരു പരീക്ഷണം നടത്താമെന്ന് നിർദേശിക്കുന്നു. വളരെ ലളിതമായ ഒരു പരീക്ഷണം! ബാലിന്റെ പുരോഹിതന്മാർ ഒരു ബലിപീഠം തയ്യാറാക്കി, അതിന്മേൽ യാഗവസ്തു ഒരുക്കിവെക്കണം. എന്നിട്ട് തീ ഇറക്കി യാഗവസ്തു ദഹിപ്പിക്കാൻ അവരുടെ ദേവനോടു പ്രാർഥിക്കണം. യാഗവസ്തു ഒരുക്കിവെച്ച് ഏലിയാവും തന്റെ ദൈവത്തോടു പ്രാർഥിക്കും. “തീകൊണ്ടു ഉത്തരം അരുളുന്ന ദൈവം തന്നേ ദൈവമെന്നു ഇരിക്കട്ടെ!” അതാണ് നിബന്ധന! സത്യദൈവം ആരാണെന്ന് ഏലിയാവിന് നന്നായി അറിയാം. അവന് അടിയുറച്ച വിശ്വാസവുമുണ്ട്. അതുകൊണ്ട് ഒട്ടും ശങ്കിക്കാതെ ഈ പരീക്ഷണത്തിനായി തന്റെ എതിരാളികൾക്ക് പല ആനുകൂല്യങ്ങളും അവൻ അനുവദിച്ചുകൊടുത്തു. അതിന്റെ ഭാഗമായി ആദ്യത്തെ അവസരം അവൻ ബാൽപ്രവാചകന്മാർക്കുതന്നെ കൊടുത്തു. അവർ യാഗത്തിനുള്ള കാളയെ കൊണ്ടുവന്ന് ഒരുക്കങ്ങൾ തുടങ്ങുന്നു. c—1 രാജാ. 18:24, 25.
13 നമ്മൾ ജീവിക്കുന്നത് അത്ഭുതങ്ങളുടെ യുഗത്തിലല്ല എന്നത് ശരിയാണ്. പക്ഷേ, യഹോവയ്ക്ക് യാതൊരു മാറ്റവുമില്ല. ഏലിയാവിനെപ്പോലെ നമുക്കും യഹോവയിൽ പൂർണമായി ആശ്രയിക്കാം. ഉദാഹരണത്തിന്, ബൈബിൾ പഠിപ്പിക്കുന്ന കാര്യങ്ങളോട് ആളുകൾ യോജിക്കാതെവരുമ്പോൾ ആദ്യംതന്നെ അവർക്കു പറയാനുള്ളത് മുഴുവൻ പറയാൻ അവരെ അനുവദിക്കുക. അതിന് മടിയോ പേടിയോ വേണ്ടാ. ഏലിയാവിനെപ്പോലെ, പ്രശ്നപരിഹാരത്തിന് നമുക്കും യഹോവയിലേക്കു നോക്കാം. എങ്ങനെ? നമ്മുടെ പ്രാപ്തികളിലല്ല, മറിച്ച് “കാര്യങ്ങൾ നേരെയാക്കുന്നതിനു” സഹായിക്കുന്ന അവന്റെ വചനത്തിൽ ആശ്രയിച്ചുകൊണ്ട് നമുക്ക് അതു ചെയ്യാം.—2 തിമൊ. 3:16.
ബാലാരാധന അപഹാസ്യമായ ഒരു തട്ടിപ്പാണെന്ന് ഏലിയാവിന് അറിയാമായിരുന്നു.
14. ഏലിയാവ് ബാൽപ്രവാചകന്മാരെ എങ്ങനെയെല്ലാമാണ് പരിഹസിച്ചത്, എന്തുകൊണ്ട്?
14 ബാലിന്റെ പ്രവാചകന്മാർ യാഗവസ്തുക്കൾ ഒരുക്കി അവരുടെ ദേവനെ വിളിക്കാൻ തുടങ്ങി. “ബാലേ, ഉത്തരമരുളേണമേ,” അവർ നിലവിളിച്ചു പറഞ്ഞു. നിമിഷങ്ങൾ മണിക്കൂറുകളായി. അവർ മുറവിളി കൂട്ടിക്കൊണ്ടേയിരുന്നു. ബൈബിൾ പറയുന്നു: “ഒരു ശബ്ദമോ ഉത്തരമോ ഉണ്ടായില്ല.” അങ്ങനെ നേരം ഉച്ചയോട് അടുത്തു. ഏലിയാവ് അവരെ പരിഹസിക്കാൻ തുടങ്ങി. ‘ബാൽ തിരക്കിലായിരിക്കും, അതാണ് മറുപടി പറയാത്തത്. അല്ലെങ്കിൽ വെളിക്കുപോയിരിക്കുകയാകും. ഒരുപക്ഷേ, ബാൽ ഉറങ്ങുകയായിരിക്കും, ആരെങ്കിലും അവനെ വിളിച്ചുണർത്തണം,’ ഏലിയാവ് പരിഹസിച്ചു. “ഉറക്കെ വിളിപ്പിൻ” ഏലിയാവ് ആ വഞ്ചകന്മാരോട് ആവശ്യപ്പെട്ടു. ബാലാരാധന അപഹാസ്യമായ, നിന്ദ്യമായ ഒരു തട്ടിപ്പാണെന്ന് അവന് അറിയാമായിരുന്നു. അതിന്റെ കാപട്യവും വഞ്ചനയും ദൈവജനം തിരിച്ചറിയണമെന്ന് അവൻ അതിയായി ആഗ്രഹിച്ചു.—1 രാജാ. 18:26, 27.
15. യഹോവയെ അല്ലാതെ മറ്റേതൊരു ‘യജമാനനെയും’ തിരഞ്ഞെടുക്കുന്നത് ബുദ്ധിശൂന്യമാണെന്ന് ബാൽപുരോഹിതന്മാരുടെ അനുഭവം തെളിയിക്കുന്നത് എങ്ങനെ?
15 ബാൽപുരോഹിതന്മാർ വികാരാവേശത്തോടെ ഉറഞ്ഞുതുള്ളി. ബൈബിൾ വിവരിക്കുന്നു: “അവർ ഉറക്കെ വിളിച്ചു പതിവുപോലെ രക്തം ഒഴുകുവോളം വാൾകൊണ്ടും കുന്തംകൊണ്ടും തങ്ങളെത്തന്നേ മുറിവേല്പിച്ചു.” യാതൊരു പ്രയോജനവുമുണ്ടായില്ല! “ഒരു ശബ്ദമോ ഉത്തരമോ ശ്രദ്ധയോ ഉണ്ടായില്ല.” (1 രാജാ. 18:28, 29) ബാൽ എന്നൊരു ദേവനേ ഇല്ലായിരുന്നു എന്നതാണ് വാസ്തവം. ആളുകളെ വശീകരിച്ച് യഹോവയിൽനിന്ന് അകറ്റിക്കളയാനുള്ള സാത്താന്റെ ഒരു കണ്ടുപിടിത്തം മാത്രം! യഹോവയെ അല്ലാതെ മറ്റെന്തിനെയും ‘ഉടയവനായി’ തിരഞ്ഞെടുത്താൽ, നിരാശയും കടുത്ത അപമാനവും ആയിരിക്കും ഫലം!—സങ്കീർത്തനം 25:3; 115:4-8 വായിക്കുക.
സത്യദൈവം മറുപടി നൽകുന്നു
16. (എ) കർമേൽ പർവതത്തിൽ യഹോവയ്ക്കുള്ള യാഗപീഠം ഏലിയാവ് നന്നാക്കിയെടുത്തത് ആളുകളെ ഏത് കാര്യം ഓർമിപ്പിച്ചിരിക്കാം? (ബി) ദൈവത്തിൽ അടിയുറച്ച വിശ്വാസമുണ്ടെന്നു കാണിക്കാൻ ഏലിയാവ് കൂടുതലായി എന്തു ചെയ്തു?
16 ഒടുവിൽ, ഏലിയാവിന്റെ ഊഴം വന്നു. അപ്പോഴേക്കും വെയിൽ ചാഞ്ഞുതുടങ്ങിയിരുന്നു. അവൻ യാഗമർപ്പിക്കാനുള്ള ഒരുക്കങ്ങൾ തുടങ്ങി. ഇടിഞ്ഞുകിടന്ന പഴയ യാഗപീഠം ആദ്യം നന്നാക്കിയെടുത്തു. സത്യാരാധനയുടെ ശത്രുക്കളാണ് അത് തകർത്തുകളഞ്ഞിരുന്നത്. അവൻ 12 കല്ലുകൾ ബലിപീഠത്തിനുവേണ്ടി എടുത്തു. പന്ത്രണ്ടു ഗോത്രങ്ങൾക്കുമായി നൽകപ്പെട്ട ന്യായപ്രമാണം അപ്പോഴും അനുസരിക്കേണ്ടതുണ്ടെന്ന്, പത്തുഗോത്ര ഇസ്രായേല്യരായ ആ ജനതയിലെ പലരെയും ഓർമിപ്പിക്കാനായിരിക്കണം അവൻ 12 കല്ലുകൾ എടുത്തത്. അവൻ യാഗവസ്തു ബലിപീഠത്തിന്മേൽ വെച്ചു. അതിന്മേൽ ധാരാളം വെള്ളം കോരിയൊഴിച്ചു. ഒരുപക്ഷേ, അടുത്തുള്ള മധ്യധരണ്യാഴിയിൽനിന്നായിരിക്കാം വെള്ളം കൊണ്ടുവന്നത്. യാഗപീഠത്തിനു ചുറ്റുമായി ഒരു തോട് തീർത്ത് അതിലും വെള്ളം നിറച്ചു. ബാലിന്റെ പ്രവാചകന്മാർക്ക് അവരുടെ അവകാശവാദം തെളിയിക്കുന്നതിനുള്ള സൗകര്യങ്ങളും ആനുകൂല്യങ്ങളും അവൻ അനുവദിച്ചിരുന്നു. എന്നാൽ യഹോവയ്ക്കുള്ള യാഗപീഠം തയ്യാറാക്കിയപ്പോൾ അവൻ ഇളവൊന്നും സ്വീകരിച്ചില്ല. തന്റെ ദൈവത്തിൽ അവനുള്ള വിശ്വാസം അത്ര ശക്തമായിരുന്നു!—1 രാജാ. 18:30-35.
ഏലിയാവ് തന്റെ ജനത്തെ സ്നേഹിച്ചിരുന്നു; യഹോവ അവരുടെ “ഹൃദയം വീണ്ടും തിരിച്ചു”കൊണ്ടുവന്ന് കാണാൻ അവൻ അതിയായി ആഗ്രഹിച്ചു
17. ജീവിതത്തിൽ മുഖ്യസ്ഥാനം കൊടുത്തിരുന്നത് എന്തിനെല്ലാമായിരുന്നെന്ന് ഏലിയാവിന്റെ പ്രാർഥന വെളിപ്പെടുത്തിയത് എങ്ങനെ, നമ്മുടെ പ്രാർഥനയിൽ ആ മാതൃക എങ്ങനെ പകർത്താം?
17 എല്ലാ ഒരുക്കങ്ങളും പൂർത്തിയായി. പിന്നെ ഏലിയാവ് യഹോവയോട് പ്രാർഥിച്ചു. ലളിതവും അർഥസമ്പുഷ്ടവും ആയിരുന്നു ആ പ്രാർഥന! അവൻ ജീവിതത്തിൽ മുഖ്യസ്ഥാനം കൊടുത്തിരിക്കുന്നത് എന്തിനൊക്കെയാണെന്ന് ആ പ്രാർഥന വ്യക്തമാക്കി. ബാൽ അല്ല, യഹോവയാണ് ‘യിസ്രായേലിൽ ദൈവമെന്ന്’ കാണിച്ച് കൊടുക്കുക എന്നതായിരുന്നു അവന്റെ ഏറ്റവും പ്രധാനപ്പെട്ട ലക്ഷ്യം. അടുത്തതായി, ആ പരീക്ഷണത്തിൽ എല്ലാ മഹത്വവും ബഹുമാനവും യഹോവയ്ക്കുള്ളതാണെന്നും താൻ ഇവിടെ യഹോവയുടെ എളിയദാസൻ മാത്രമാണെന്നും എല്ലാവരും അറിയാൻ അവൻ ആഗ്രഹിച്ചു. കൂടാതെ, തന്റെ ജനത്തോടുള്ള ഏലിയാവിന്റെ സ്നേഹവും ആ പ്രാർഥനയിലൂടെ കാണാനായി. യഹോവ അവരുടെ “ഹൃദയം വീണ്ടും തിരിച്ചു”കൊണ്ടുവന്ന് കാണാൻ അവൻ അതിയായി ആഗ്രഹിച്ചു. (1 രാജാ. 18:36, 37) അവിശ്വസ്തതമൂലം എല്ലാ കഷ്ടനഷ്ടങ്ങളും വരുത്തിവെച്ചവരായിട്ടും ഏലിയാവിന് തന്റെ ജനത്തോട് ഉള്ളുനിറയെ സ്നേഹമായിരുന്നു! നമ്മുടെ പ്രാർഥനകളോ? യഹോവയോട് പ്രാർഥിക്കുമ്പോൾ നമുക്കും ഏലിയാവിനെപ്പോലെ താഴ്മ കാണിക്കരുതോ? ദൈവനാമത്തോടുള്ള സ്നേഹവും സഹായമാവശ്യമുള്ളവരോടുള്ള സഹാനുഭൂതിയും നമ്മുടെ യാചനകളിൽ നിറഞ്ഞുനിൽക്കുന്നുണ്ടോ?
18, 19. (എ) യഹോവ എങ്ങനെയാണ് ഏലിയാവിന്റെ പ്രാർഥനയ്ക്ക് ഉത്തരമരുളിയത്? (ബി) ഏലിയാവ് ആളുകളോട് എന്തു ചെയ്യാനാണ് ആവശ്യപ്പെട്ടത്, ബാലിന്റെ പുരോഹിതന്മാർ യാതൊരു കരുണയും അർഹിക്കാതിരുന്നത് എന്തുകൊണ്ട്?
18 ഏലിയാവ് പ്രാർഥിക്കുന്നതിനു മുമ്പ് ആളുകൾ യഹോവയെക്കുറിച്ച് എന്തായിരിക്കും വിചാരിച്ചിട്ടുണ്ടാകുക? ഒരുപക്ഷേ, ബാലിനെപ്പോലെ യഹോവയും വെറും പൊള്ളയായ സങ്കല്പം മാത്രമാണ് എന്നായിരിക്കുമോ? ഏതായാലും, പ്രാർഥന കഴിഞ്ഞതോടെ ആളുകൾക്ക് മറ്റൊന്നും ആലോചിക്കാനുള്ള സമയം കിട്ടിയില്ല. കാരണം, വിവരണം പറയുന്നു: “ഉടനെ യഹോവയുടെ തീ ഇറങ്ങി ഹോമയാഗവും വിറകും മണ്ണും ദഹിപ്പിച്ചു തോട്ടിലെ വെള്ളവും വറ്റിച്ചുകളഞ്ഞു.” (1 രാജാ. 18:38) സത്യദൈവം ഉത്തരമരുളിയതിന്റെ അതിഗംഭീരമായൊരു പ്രകടനം! അപ്പോൾ ജനം എന്തു ചെയ്തു?
“ഉടനെ യഹോവയുടെ തീ ഇറങ്ങി”
19 “യഹോവ തന്നേ ദൈവം, യഹോവ തന്നേ ദൈവം” ജനമെല്ലാം ആർത്തുവിളിച്ചു. (1 രാജാ. 18:39) അവസാനം, അവർ ആ സത്യം മനസ്സിലാക്കി! പക്ഷേ കഴിഞ്ഞകാലത്തൊന്നും യഹോവയിലുള്ള വിശ്വാസം അവർ തെളിയിച്ചു കാണിച്ചിരുന്നില്ല. ഒരു പ്രാർഥനയ്ക്ക് മറുപടിയായി ആകാശത്തുനിന്ന് തീ ഇറങ്ങുന്നതു കണ്ട് യഹോവയാണ് സത്യദൈവം എന്നു സമ്മതിക്കുന്നത് വിശ്വാസമുള്ളതിന്റെ അത്ര വലിയ തെളിവൊന്നുമല്ല. അതുകൊണ്ട് അവരുടെ വിശ്വാസം മറ്റൊരു വിധത്തിലൂടെ തെളിയിക്കാൻ ഏലിയാവ് ആവശ്യപ്പെട്ടു: ന്യായപ്രമാണം അനുസരിക്കുക! വ്യാജപ്രവാചകന്മാരെയും വിഗ്രഹാരാധികളെയും കൊന്നുകളയാൻ ന്യായപ്രമാണത്തിൽ കല്പനയുണ്ടായിരുന്നു. പണ്ടേക്കുപണ്ടേ അവർ ചെയ്യേണ്ടിയിരുന്ന ഒരു കാര്യം. ഇപ്പോൾ അതു ചെയ്യാനാണ് ഏലിയാവ് അവരോട് ആവശ്യപ്പെടുന്നത്. (ആവ. 13:5-9) യഹോവയാം ദൈവത്തിന്റെ ശത്രുക്കളാകാൻ തീരുമാനിച്ചുറച്ചവരായിരുന്നു ബാലിന്റെ പുരോഹിതന്മാർ. അവർ അവന്റെ ഉദ്ദേശ്യങ്ങൾക്ക് എതിരെ മനഃപൂർവം പ്രവർത്തിക്കുകയും ചെയ്തു. അവർ എന്തെങ്കിലും കരുണ അർഹിച്ചിരുന്നോ? നിഷ്കളങ്കരായ കുഞ്ഞുങ്ങൾ ബാലിന്റെ ബലിപീഠത്തിൽ ജീവനോടെ കത്തിയെരിയുമ്പോൾ ഈ പുരോഹിതന്മാർ എപ്പോഴെങ്കിലും ഒരിറ്റു കരുണ കാണിച്ചിട്ടുണ്ടോ? (സദൃശവാക്യങ്ങൾ 21:13 വായിക്കുക; യിരെ. 19:5) ഇല്ല, ആ പുരുഷന്മാർ ദയയുടെ ഒരു കണികപോലും അർഹിക്കുന്നില്ല! അതുകൊണ്ട് അവരെയെല്ലാം വധിക്കേണ്ടതാണെന്ന് ഏലിയാവ് കല്പിച്ചു. അവരെയെല്ലാം വധിക്കുകയും ചെയ്തു.—1 രാജാ. 18:40.
20. ബാലിന്റെ പുരോഹിതന്മാർക്കെതിരെ ഏലിയാവ് ന്യായവിധി നടപ്പാക്കിയതിനെക്കുറിച്ച് ആധുനികകാല വിമർശകർക്കുള്ള ആശങ്കകൾ അസ്ഥാനത്താണെന്ന് പറയാവുന്നത് എന്തുകൊണ്ട്?
20 ഇന്നുള്ള ചില വിമർശകർ കർമേൽ പർവതത്തിൽ നടന്ന ഈ സംഭവത്തെ അപലപിച്ചേക്കാം. മതപരമായ അസഹിഷ്ണുതകൊണ്ടുള്ള അക്രമപ്രവൃത്തികളെ ന്യായീകരിക്കാൻ മതതീവ്രവാദികൾ ഈ സംഭവം ഉപയോഗപ്പെടുത്തുമെന്ന് ചിലർ ആശങ്കപ്പെടുന്നു. സങ്കടകരമെന്നു പറയട്ടെ, ഇന്ന് അക്രമാസക്തരായ മതഭ്രാന്തന്മാർ ഏറെയുണ്ടുതാനും. പക്ഷേ, ഏലിയാവ് ഒരു മതഭ്രാന്തനല്ലായിരുന്നു. അവൻ അവിടെ യഹോവയ്ക്കുവേണ്ടി നീതിപൂർവകമായ ഒരു ന്യായവിധി നടപ്പാക്കുകയായിരുന്നു. കൂടാതെ, ഏലിയാവ് ചെയ്തതുപോലെ ദുഷ്ടന്മാർക്കെതിരെ ആയുധമെടുക്കാൻ തങ്ങൾക്ക് കഴിയില്ലെന്ന കാര്യം യഥാർഥക്രിസ്ത്യാനികൾക്ക് നന്നായി അറിയാം. അവർ പത്രോസിനോടുള്ള ക്രിസ്തുവിന്റെ ഈ വാക്കുകൾ അനുസരിക്കുന്നു: “നിന്റെ വാൾ ഉറയിലിടുക; വാളെടുക്കുന്നവരൊക്കെയും വാളാൽ നശിക്കും.” (മത്താ. 26:52) യേശുവിന്റെ ശിഷ്യന്മാർക്കുള്ള മാതൃക ഇതാണെന്ന് അവർ മനസ്സിലാക്കിയിരിക്കുന്നു. ഭാവിയിൽ യഹോവ തന്റെ പുത്രനെ ഉപയോഗിച്ച് ദൈവികനീതി നടപ്പാക്കും!
21. ഏലിയാവ് ഇന്നത്തെ സത്യാരാധകർക്ക് വളരെ നല്ലൊരു മാതൃകയായിരിക്കുന്നത് എങ്ങനെ?
21 യഥാർഥക്രിസ്ത്യാനികൾ തങ്ങളുടെ ജീവിതരീതിയാൽ അവരുടെ വിശ്വാസം തെളിയിച്ച് കാണിക്കേണ്ടതുണ്ട്. (യോഹ. 3:16) ഏലിയാവിനെപ്പോലെയുള്ള വിശ്വസ്തമനുഷ്യരെ അനുകരിക്കുന്നതാണ് അതിനുള്ള ഒരു മാർഗം. അവൻ യഹോവയ്ക്ക് സമ്പൂർണഭക്തി കൊടുത്തു. അങ്ങനെ ചെയ്യാൻ മറ്റുള്ളവരോട് ആവശ്യപ്പെടുകയും അവരെ ഉത്സാഹിപ്പിക്കുകയും ചെയ്തു. യഹോവയിൽനിന്ന് ആളുകളെ വശീകരിച്ച് അകറ്റാൻ സാത്താൻ ഉപയോഗിച്ച ഒരു മതത്തിന്റെ കപടമുഖം ധൈര്യപൂർവം അവൻ തുറന്ന് കാണിച്ചു! സ്വന്തം ഇഷ്ടമനുസരിച്ചോ തന്റെ കഴിവുകളിൽ ആശ്രയിച്ചോ അല്ല അവൻ അങ്ങനെ ചെയ്തത്. യഹോവ കാര്യങ്ങൾ നേരെയാക്കുമെന്ന് അവൻ ഉറച്ച് വിശ്വസിച്ചു. ഏലിയാവ് സത്യാരാധനയ്ക്കുവേണ്ടി ഉറച്ച നിലപാടെടുത്തു. നമുക്കെല്ലാവർക്കും അവന്റെ മാതൃക അനുകരിക്കാം!
a “ഏലിയാവിന്റെ നാളിലെ വരൾച്ച എത്രകാലം നീണ്ടുനിന്നു?” എന്ന ചതുരം കാണുക.
b സാധാരണഗതിയിൽ കർമേൽ പച്ചപുതച്ച ഒരു പർവതമാണ്. ഈർപ്പമുള്ള കടൽക്കാറ്റ് അതിനെ തഴുകിക്കടന്നുപോകുമ്പോൾ കർമേലിൽ മഴയും മഞ്ഞും പെയ്തിറങ്ങുന്നു. എന്നാൽ, മഴ കൊണ്ടുവരുന്നത് ബാലാണെന്നു കരുതിയിരുന്നതിനാൽ ഈ പർവതം ബാലാരാധനയുടെ ഒരു കേന്ദ്രമായിരുന്നു. അതുകൊണ്ടുതന്നെ ഉണങ്ങിവരണ്ട്, വെന്തുരുകിക്കിടക്കുന്ന കർമേൽ പർവതം ബാലാരാധനയുടെ പൊള്ളത്തരം തുറന്ന് കാണിക്കാൻ പറ്റിയ സ്ഥലമായിരുന്നു.
c യാഗവസ്തുവിന് ‘തീ ഇടരുത്’ എന്ന് ഏലിയാവ് പറഞ്ഞത് ശ്രദ്ധേയമാണ്. തീ കത്തിയത് ദൈവികശക്തിയാലാണ് എന്നു വരുത്താൻ അത്തരം വിഗ്രഹാരാധികൾ ചിലപ്പോഴൊക്കെ അടിയിൽ രഹസ്യ അറയുള്ള യാഗപീഠങ്ങൾ ഉപയോഗിച്ചിരുന്നെന്ന് ചില പണ്ഡിതന്മാർ പറയുന്നു.