വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

അധ്യായം ആറ്‌

അവൾ ദൈവ​സ​ന്നി​ധി​യിൽ ഹൃദയം പകർന്നു!

അവൾ ദൈവ​സ​ന്നി​ധി​യിൽ ഹൃദയം പകർന്നു!

1, 2. (എ) യാത്രയ്‌ക്ക്‌ ഒരുങ്ങുന്ന ഹന്നാ അത്ര സന്തോ​ഷ​വ​തി​യ​ല്ലാ​ത്തത്‌ എന്തു​കൊണ്ട്‌? (ബി) ഹന്നായു​ടെ ജീവി​ത​ക​ഥ​യിൽനിന്ന്‌ നമുക്ക്‌ എന്തു പഠിക്കാം?

 തിരക്കിട്ട്‌ യാത്രയ്‌ക്കുള്ള ഒരുക്കങ്ങൾ നടത്തു​ക​യാണ്‌ ഹന്നാ. അവളുടെ മനസ്സിനെ അലട്ടുന്ന പ്രശ്‌നങ്ങൾ തത്‌കാ​ലം മാറ്റി​വെ​ച്ച​തു​പോ​ലെ​യുണ്ട്‌. ഇത്‌ ഒരു സന്തോ​ഷ​വേള ആയിരി​ക്കേ​ണ്ട​താണ്‌. കാരണം ശീലോ​വി​ലെ സമാഗ​മ​ന​കൂ​ടാ​ര​ത്തിൽ ആരാധ​നയ്‌ക്ക്‌ പോകാൻ ഒരുങ്ങു​ക​യാണ്‌ എല്ലാവ​രും. അവളുടെ ഭർത്താ​വായ എല്‌ക്കാ​നായ്‌ക്ക്‌ ആണ്ടു​തോ​റും കുടും​ബ​ത്തെ​യും കൂട്ടി അങ്ങനെ പോകുന്ന ഒരു പതിവുണ്ട്‌. അത്തരം അവസരങ്ങൾ സന്തോ​ഷ​ഭ​രി​ത​മാ​യി​രി​ക്കാൻ യഹോവ ഉദ്ദേശി​ച്ചി​രു​ന്നു. (ആവർത്ത​ന​പുസ്‌തകം 16:15 വായി​ക്കുക.) ഹന്നാ കുട്ടി​ക്കാ​ലം​മു​തൽ ഇത്തരം ഉത്സവങ്ങൾക്കാ​യി സന്തോ​ഷ​ത്തോ​ടെ കാത്തി​രി​ക്കു​മാ​യി​രു​ന്നു. പക്ഷേ, കഴിഞ്ഞ കുറേ കാലമാ​യി അവളുടെ അവസ്ഥ ആകെ മാറി​പ്പോ​യി.

2 ഹന്നായു​ടെ ഭർത്താവ്‌ അവളെ ജീവനു​തു​ല്യം സ്‌നേ​ഹി​ച്ചി​രു​ന്നു. അത്‌ അവൾക്കൊ​രു അനു​ഗ്ര​ഹ​മാ​യി​രു​ന്നു. പക്ഷേ, എല്‌ക്കാ​നായ്‌ക്ക്‌ വേറൊ​രു ഭാര്യ കൂടി​യുണ്ട്‌. പെനിന്നാ എന്നാണ്‌ അവളുടെ പേര്‌. ഹന്നായു​ടെ ജീവിതം ദുരി​ത​പൂർണ​മാ​ക്കാൻ കരുതി​ക്കൂ​ട്ടി ശ്രമി​ക്കു​ന്ന​തു​പോ​ലെ​യാ​യി​രു​ന്നു അവളുടെ പെരു​മാ​റ്റം. വർഷ​ന്തോ​റു​മുള്ള ഉത്സവ​വേ​ള​ക​ളിൽപ്പോ​ലും ഹന്നായെ കുത്തി​നോ​വി​ക്കാൻ എന്തെങ്കി​ലും ഉപായം പെനിന്നാ കണ്ടു​വെ​ച്ചി​ട്ടു​ണ്ടാ​കും. ഇപ്രാ​വ​ശ്യം എന്താണാ​വോ അവളുടെ മനസ്സി​ലു​ള്ളത്‌? വഴിമു​ട്ടി​യെന്നു തോന്നിയ അവസര​ങ്ങ​ളി​ലും പിടി​ച്ചു​നിൽക്കാൻ യഹോ​വ​യി​ലുള്ള ഹന്നായു​ടെ വിശ്വാ​സം അവളെ സഹായി​ച്ചത്‌ എങ്ങനെ? ജീവി​ത​ത്തി​ലെ സകല സന്തോ​ഷ​വും ചോർത്തി​ക്ക​ള​യുന്ന ചില സാഹച​ര്യ​ങ്ങൾ ഉയർന്നു​വ​രു​മ്പോൾ, ഹന്നായു​ടെ ജീവി​തകഥ നിങ്ങൾക്ക്‌ ഉൾക്കരുത്ത്‌ പകരും!

‘നീ വ്യസനി​ക്കു​ന്നത്‌ എന്ത്‌?’

3, 4. ഏത്‌ വലിയ രണ്ടു പ്രശ്‌ന​ങ്ങ​ളാണ്‌ ഹന്നായെ അലട്ടി​യി​രു​ന്നത്‌, ഓരോ​ന്നും വലിയ പ്രതി​സ​ന്ധി​യാ​യി​രു​ന്നത്‌ എന്തു​കൊണ്ട്‌?

3 ഹന്നായെ വലിയ രണ്ടു പ്രശ്‌നങ്ങൾ അലട്ടി​യി​രു​ന്ന​താ​യി ബൈബിൾവി​വ​ര​ണ​ത്തിൽനിന്ന്‌ നമുക്ക്‌ മനസ്സി​ലാ​ക്കാം. ഖേദക​ര​മെന്നു പറയട്ടെ, അവ രണ്ടും അവളുടെ നിയ​ന്ത്ര​ണ​ത്തിന്‌ അപ്പുറ​മാ​യി​രു​ന്നു. ഭർത്താ​വി​ന്റെ ബഹുഭാ​ര്യ​ത്വ​മാ​യി​രു​ന്നു ഒരു പ്രശ്‌നം. എല്‌ക്കാ​നാ​യു​ടെ മറ്റേ ഭാര്യ, ഹന്നായെ വെറു​പ്പോ​ടെ​യാണ്‌ കണ്ടിരു​ന്നത്‌. കുട്ടി​ക​ളി​ല്ലാ​തി​രു​ന്ന​താണ്‌ ഹന്നായു​ടെ രണ്ടാമത്തെ പ്രശ്‌നം. കുഞ്ഞു​ങ്ങ​ളു​ണ്ടാ​കാൻ അതിയാ​യി ആഗ്രഹി​ക്കുന്ന ഏതൊരു സ്‌ത്രീ​ക്കും വന്ധ്യത ഒരു തീരാ​ദുഃ​ഖ​മാണ്‌. അന്നത്തെ സംസ്‌കാ​ര​ത്തിൽ അത്‌ കടുത്ത മനോ​വേ​ദ​നയ്‌ക്ക്‌ ഇടയാക്കി. കുടും​ബ​പ്പേര്‌ നിലനി​റു​ത്താൻ ഓരോ കുടും​ബ​ത്തി​ലും കുട്ടികൾ അനിവാ​ര്യ​മാ​യി​രു​ന്നു. അതു​കൊ​ണ്ടു​തന്നെ, വന്ധ്യയായ ഒരു സ്‌ത്രീ നിന്ദയും പരിഹാ​സ​വും ഏറ്റുവാ​ങ്ങേ​ണ്ടി​വ​രു​മാ​യി​രു​ന്നു.

4 പെനിന്നാ ഹന്നായെ കുത്തി​നോ​വി​ക്കു​ന്നി​ല്ലാ​യി​രു​ന്നെ​ങ്കിൽ, അവൾ ഈ ദുഃഖ​ങ്ങ​ളൊ​ക്കെ ഉള്ളില​ടക്കി ജീവി​ച്ചു​പോ​യേനെ. ബഹുഭാ​ര്യ​ത്വം ഒരിക്ക​ലും അഭികാ​മ്യ​മായ ഒന്നായി ബൈബിൾ ചൂണ്ടി​ക്കാ​ണി​ച്ചി​ട്ടില്ല. അത്തരം കുടും​ബ​ങ്ങ​ളിൽ പോരും കലഹവും ഹൃദയ​വേ​ദ​ന​യും നിത്യ​സം​ഭ​വ​ങ്ങ​ളാ​യി​രു​ന്നു. ഏദെൻ തോട്ട​ത്തിൽ യഹോവ ഏർപ്പെ​ടു​ത്തി​യത്‌ ഏകഭാ​ര്യ​ത്വം ആയിരു​ന്നു. യഹോ​വ​യു​ടെ ക്രമീ​ക​ര​ണ​ത്തിൽനിന്ന്‌ എത്രയോ അകലെ​യാണ്‌ ബഹുഭാ​ര്യ​ത്വം! (ഉല്‌പ. 2:24) മങ്ങിയ വർണങ്ങ​ളാ​ലാണ്‌ ബൈബിൾ ഇതിനെ വരച്ചു​കാ​ട്ടു​ന്നത്‌. എല്‌ക്കാ​നാ​യു​ടെ കുടും​ബാ​ന്ത​രീ​ക്ഷ​ത്തിൽ തളം​കെ​ട്ടി​നിന്ന നെടു​വീർപ്പു​കൾ വരച്ചി​ടുന്ന ചിത്ര​വും മറ്റൊന്നല്ല!

5. പെനിന്നാ ഹന്നായെ വേദനി​പ്പി​ക്കാൻ ശ്രമി​ച്ചത്‌ എന്തു​കൊണ്ട്‌, അതിന്‌ അവൾ എന്താണ്‌ ചെയ്‌തത്‌?

5 എല്‌ക്കാ​നാ ഹന്നാ​യെ​യാണ്‌ കൂടുതൽ സ്‌നേ​ഹി​ച്ചത്‌. യഹൂദ​പാ​ര​മ്പ​ര്യം പറയു​ന്നത്‌, എല്‌ക്കാ​നാ ആദ്യം ഹന്നായെ വിവാഹം കഴി​ച്ചെ​ന്നാണ്‌, ഏതാനും വർഷം കഴിഞ്ഞ്‌ പെനി​ന്നാ​യെ​യും. കടുത്ത അസൂയ​ക്കാ​രി​യായ പെനി​ന്നായ്‌ക്ക്‌ ഹന്നായെ കണ്ടുകൂ​ടാ​യി​രു​ന്നു. അവളെ എങ്ങനെ​യെ​ങ്കി​ലും വിഷമി​പ്പി​ക്കു​ക​യെന്ന ഒറ്റച്ചി​ന്തയേ പെനി​ന്നായ്‌ക്ക്‌ ഉണ്ടായി​രു​ന്നു​ള്ളൂ. പറ്റിയ ഒരായു​ധ​വും അവൾക്കു കിട്ടി. ഹന്നായു​ടെ വന്ധ്യത! പെനി​ന്നായ്‌ക്ക്‌ തുട​രെ​ത്തു​ടരെ കുട്ടികൾ ജനിച്ചു. അതിന​തിന്‌ അവളുടെ അഹങ്കാ​ര​വും വർധിച്ചു. ഹന്നാ​യോ​ടു സഹതപി​ക്കു​ക​യും അവളുടെ സങ്കടത്തിൽ ആശ്വസി​പ്പി​ക്കു​ക​യും ചെയ്യു​ന്ന​തി​നു പകരം പെനിന്നാ ആ അവസരം മുതലാ​ക്കി. അവളുടെ മുറി​വിൽത്തന്നെ വീണ്ടും മുറി​വേൽപ്പി​ച്ചു! ബൈബിൾ പറയു​ന്നത്‌, “അവളെ വ്യസനി​പ്പി​പ്പാൻ തക്കവണ്ണം” പെനിന്നാ അവളുടെ ജീവിതം അങ്ങേയറ്റം ദുഷ്‌ക​ര​മാ​ക്കി​യെ​ന്നാണ്‌. (1 ശമൂ. 1:6) പെനി​ന്നാ​യു​ടെ ചെയ്‌തി​കൾ കരുതി​ക്കൂ​ട്ടി​യു​ള്ള​താ​യി​രു​ന്നു. ഹന്നായെ വേദനി​പ്പി​ക്കുക എന്നതാ​യി​രു​ന്നു അവളുടെ ലക്ഷ്യം. അവൾ അതിൽ വിജയി​ക്കു​ക​യും ചെയ്‌തു.

വന്ധ്യത ഹന്നായ്‌ക്കൊ​രു തീരാ​ദുഃ​ഖ​മാ​യി​രു​ന്നു. പെനി​ന്നാ​യാ​കട്ടെ ആ വേദന കൂട്ടാൻ അവളെ സ്ഥിരം ദ്രോ​ഹി​ച്ചു

6, 7. (എ) ഹന്നായെ ആശ്വസി​പ്പി​ക്കാൻ എല്‌ക്കാ​നാ ശ്രമി​ച്ചി​ട്ടും അവൾ കഥ മുഴുവൻ തുറന്ന്‌ പറയാ​തി​രു​ന്നത്‌ എന്തു​കൊ​ണ്ടാ​യി​രി​ക്കാം? (ബി) ഹന്നായ്‌ക്ക്‌ കുട്ടി​ക​ളി​ല്ലാ​തി​രു​ന്നത്‌ യഹോ​വയ്‌ക്ക്‌ അവളോ​ടുള്ള അപ്രീ​തി​യു​ടെ സൂചന​യാ​യി​രു​ന്നോ? വിശദീ​ക​രി​ക്കുക. (അടിക്കു​റിപ്പ്‌ കാണുക.)

6 ശീലോ​വി​ലേക്ക്‌ വാർഷി​കാ​രാ​ധ​നയ്‌ക്ക്‌ പോകാ​നുള്ള സമയമാ​യി. ഹന്നായെ വിഷമി​പ്പി​ക്കാൻ പെനിന്നാ കാത്തി​രുന്ന അവസര​മെത്തി. പെനി​ന്നായ്‌ക്ക്‌ പല കുട്ടി​ക​ളു​ണ്ടെന്ന്‌ നമ്മൾ കണ്ടല്ലോ. അവളുടെ “സകലപു​ത്ര​ന്മാർക്കും പുത്രി​മാർക്കും” എല്‌ക്കാ​നാ യഹോ​വയ്‌ക്ക്‌ അർപ്പിച്ച യാഗത്തി​ന്റെ ഓഹരി കൊടു​ത്തു. കുട്ടി​ക​ളി​ല്ലാത്ത പാവം ഹന്നായ്‌ക്ക്‌ ഒരു ഓഹരി​യേ കിട്ടി​യു​ള്ളൂ, അവളു​ടേതു മാത്രം. ഹന്നായു​ടെ മേൽ ആളാകാൻ പെനി​ന്നായ്‌ക്ക്‌ ഇതൊരു അവസര​മാ​യി. അവൾ ഹന്നായെ അവളുടെ വന്ധ്യത​യെ​ക്കു​റിച്ച്‌ ഓർമി​പ്പി​ച്ചു. ഹന്നായ്‌ക്ക്‌ അപ്പോൾ കരയാ​ന​ല്ലാ​തെ മറ്റൊ​ന്നും കഴിയു​മാ​യി​രു​ന്നില്ല. അവൾ വിശപ്പു​പോ​ലും മറന്നു. തന്റെ പ്രിയ​പത്‌നി ആഹാരം കഴിക്കാൻ പോലും കഴിയാ​തെ മനസ്സ്‌ തളർന്ന്‌ ഇരിക്കു​ന്നത്‌ എല്‌ക്കാ​നായ്‌ക്ക്‌ കാണാ​തി​രി​ക്കാൻ കഴിഞ്ഞില്ല. അതു​കൊണ്ട്‌ അവൻ അവളോട്‌ ആശ്വാ​സ​വാ​ക്കു​കൾ പറഞ്ഞു. “ഹന്നേ, നീ എന്തിന്നു കരയുന്നു? എന്തിന്നു പട്ടിണി​കി​ട​ക്കു​ന്നു? നീ വ്യസനി​ക്കു​ന്നതു എന്തു? ഞാൻ നിനക്കു പത്തു പുത്ര​ന്മാ​രെ​ക്കാൾ നന്നല്ലയോ.”—1 ശമൂ. 1:4-8.

7 ഏതായാ​ലും എല്‌ക്കാ​നായ്‌ക്ക്‌ ഒരു കാര്യം മനസ്സി​ലാ​യി. ഹന്നായു​ടെ ദുഃഖ​ത്തി​നു കാരണം അവൾക്ക്‌ കുട്ടി​ക​ളി​ല്ലാ​ത്ത​താ​ണെന്ന്‌. എല്‌ക്കാ​നാ​യു​ടെ ആർദ്രത തുളു​മ്പുന്ന വാക്കുകൾ അവളെ ആശ്വസി​പ്പി​ച്ചു. a എന്നാൽ പെനി​ന്നാ​യു​ടെ ദുഷ്‌പെ​രു​മാ​റ്റ​ത്തെ​ക്കു​റിച്ച്‌ എല്‌ക്കാ​നാ ഒന്നും പറഞ്ഞില്ല. ഹന്നാ അതൊക്കെ അവനോ​ടു പറഞ്ഞോ എന്നും ബൈബിൾ പറയു​ന്നില്ല. പെനി​ന്നാ​യെ​ക്കു​റിച്ച്‌ എന്തെങ്കി​ലും പരാതി പറഞ്ഞാൽ കാര്യങ്ങൾ പിന്നെ​യും വഷളാ​കു​മോ എന്ന്‌ ഒരുപക്ഷേ ഹന്നാ ഭയന്നി​രി​ക്കാം. ഇനി പറഞ്ഞാൽത്തന്നെ എല്‌ക്കാ​നായ്‌ക്ക്‌ എന്തെങ്കി​ലും ചെയ്യാ​നാ​കു​മാ​യി​രു​ന്നോ? അത്‌ പെനി​ന്നായ്‌ക്ക്‌ അവളോ​ടുള്ള വെറുപ്പ്‌ കൂട്ടു​ക​യല്ലേ ഉള്ളൂ, മക്കളും വേലക്കാ​രും ആ അസൂയ​ക്കാ​രി​യു​ടെ കൂടെ കൂടാ​നി​ട​യി​ല്ലേ? സ്വന്തം കുടും​ബ​ത്തിൽ താൻ ഒരു അന്യയാ​ണെന്ന തോന്നൽ ഹന്നായു​ടെ മനസ്സിൽ കൂടി​ക്കൂ​ടി​വന്നു.

വീട്ടിൽ കാരു​ണ്യ​ര​ഹി​ത​മായ പെരു​മാ​റ്റം നേരി​ട്ട​പ്പോൾ, ആശ്വാ​സ​ത്തി​നാ​യി ഹന്നാ യഹോ​വ​യിൽ അഭയം തേടി

8. അന്തസ്സു​കെ​ട്ട​തോ നീതി​ര​ഹി​ത​മോ ആയ പെരു​മാ​റ്റം സഹി​ക്കേ​ണ്ടി​വ​രു​മ്പോൾ യഹോവ നീതി നടപ്പാ​ക്കുന്ന ദൈവ​മാ​ണെന്ന്‌ ഓർക്കു​ന്നത്‌ ആശ്വാസം പകരു​ന്നത്‌ എന്തു​കൊണ്ട്‌?

8 അന്തസ്സും മര്യാ​ദ​യും തൊട്ടു​തീ​ണ്ടി​യി​ട്ടി​ല്ലാത്ത പെനി​ന്നാ​യു​ടെ പെരു​മാ​റ്റ​ത്തി​ന്റെ ഉള്ളുക​ള്ളി​ക​ളെ​ല്ലാം എല്‌ക്കാ​നായ്‌ക്ക്‌ അറിയാ​മാ​യി​രു​ന്നോ? നമുക്ക്‌ ഉറപ്പില്ല. പക്ഷേ യഹോവ എല്ലാം കാണു​ന്നു​ണ്ടാ​യി​രു​ന്നു. കാരണം, അവന്റെ വചനം കഥ മുഴുവൻ വെളി​പ്പെ​ടു​ത്തു​ന്നു. ഇത്തരത്തിൽ അസൂയ​യോ​ടെ​യും ദ്രോ​ഹ​ബു​ദ്ധി​യോ​ടെ​യും പെരു​മാ​റു​ക​യും അത്‌ നിസ്സാ​രീ​ക​രി​ക്കു​ക​യും ചെയ്യു​ന്ന​വർക്ക്‌ ഇതൊരു താക്കീ​താണ്‌. അതേ സമയം, ഹന്നാ​യെ​പ്പോ​ലെ, നിഷ്‌ക​ള​ങ്ക​രും സമാധാ​ന​പ്രി​യ​രും ആയവർക്കുള്ള പ്രത്യാ​ശ​യോ? ദൈവം തന്റേതായ സമയത്ത്‌, തന്റേതായ വഴിക​ളിൽ, കാര്യങ്ങൾ നേരെ​യാ​ക്കു​മെ​ന്നും നീതി നടപ്പാ​ക്കു​മെ​ന്നും അവർക്ക്‌ ഉറപ്പോ​ടെ വിശ്വ​സി​ക്കാം. (ആവർത്ത​ന​പുസ്‌തകം 32:4 വായി​ക്കുക.) ഹന്നായ്‌ക്ക്‌ ഈ സത്യം അറിയാ​മാ​യി​രു​ന്നി​രി​ക്കണം. കാരണം, അവൾ യഹോ​വ​യു​ടെ അടു​ത്തേ​ക്കാ​ണ​ല്ലോ അഭയം തേടി​പ്പോ​യത്‌!

“അവളുടെ മുഖം പിന്നെ വാടി​യ​തു​മില്ല”

9. തന്റെ എതിരാ​ളി ഉപദ്ര​വി​ക്കു​മെന്ന്‌ അറിഞ്ഞി​ട്ടും ശീലോ​വി​ലേ​ക്കുള്ള യാത്രയ്‌ക്ക്‌ ഹന്നാ ഒരുങ്ങി​യ​തിൽനിന്ന്‌ നമുക്കുള്ള പാഠം എന്താണ്‌?

9 അതിരാ​വി​ലെ​തന്നെ വീടു​ണർന്നു. കുട്ടി​ക​ള​ടക്കം എല്ലാവ​രും യാത്രയ്‌ക്ക്‌ ഒരുങ്ങു​ക​യാണ്‌. എഫ്രയീം മലനാട്‌ കടന്നു​വേണം ശീലോ​വി​ലേക്കു പോകാൻ. ഏകദേശം 30 കിലോ​മീ​റ്റർ ദൂരമുണ്ട്‌ അവി​ടേക്ക്‌. b ഈ വലിയ കുടും​ബം അവിടെ നടന്നെ​ത്താൻ ഒന്നോ രണ്ടോ ദിവസം വേണ്ടി​വ​രും. കൂട്ടത്തിൽ പോയാൽ, തന്നോട്‌ ശത്രു​ത​യുള്ള പെനിന്നാ തന്നെ ദ്രോ​ഹി​ക്കാൻ എന്തെങ്കി​ലും ചെയ്യു​മെന്ന്‌ ഹന്നായ്‌ക്ക്‌ അറിയാം. എന്നിട്ടും ഹന്നാ പോകാ​തെ വീട്ടി​ലി​രു​ന്നില്ല. ഇന്നോ​ള​മുള്ള സത്യാ​രാ​ധ​കർക്കു​വേണ്ടി അവൾ എത്ര നല്ല മാതൃ​ക​യാണ്‌ വെച്ചത്‌! മറ്റുള്ള​വ​രു​ടെ ദുഷ്‌പെ​രു​മാ​റ്റം നമ്മുടെ ആരാധ​നയ്‌ക്ക്‌ ഇടങ്കോ​ലി​ടാൻ അനുവ​ദി​ക്കു​ന്നത്‌ ഒരിക്ക​ലും ബുദ്ധിയല്ല. അങ്ങനെ നമ്മൾ ചെയ്‌തു​പോ​യാൽ, സഹിച്ച്‌ മുന്നോ​ട്ടു പോകാൻ ദൈവ​സ​ന്നി​ധി​യിൽനിന്ന്‌ നമുക്കു ലഭിക്കേണ്ട ശക്തിയും കൈത്താ​ങ്ങും നമ്മളാ​യി​ട്ടു​തന്നെ നഷ്ടപ്പെ​ടു​ത്തു​ക​യാ​യി​രി​ക്കും.

10, 11. (എ) ഹന്നാ കഴിവ​തും വേഗം സമാഗ​മ​ന​കൂ​ടാ​ര​ത്തി​ലേക്കു പോയത്‌ എന്തു​കൊണ്ട്‌? (ബി) അവൾ സ്വർഗീ​യ​പി​താ​വി​നോട്‌ പ്രാർഥ​ന​യി​ലൂ​ടെ ഹൃദയം പകർന്നത്‌ എങ്ങനെ?

10 വളഞ്ഞു​പു​ള​ഞ്ഞു​പോ​കുന്ന മലമ്പാത. ദിവസം മുഴുവൻ നീണ്ട യാത്രയ്‌ക്കു ശേഷം ആ കുടും​ബം ശീലോ​വി​നോട്‌ അടുക്കാ​റാ​യി. ഒരു കുന്നിൻമു​ക​ളി​ലാണ്‌ ശീലോ. ചുറ്റും, ഉയരം കൂടിയ കുന്നു​ക​ളുണ്ട്‌. സ്ഥലം അടുത്ത​ടു​ത്തു വരുക​യാണ്‌. യഹോ​വ​യോ​ടു താൻ എന്താണ്‌ പറയേ​ണ്ടത്‌ എന്നു ചിന്തി​ച്ചാ​യി​രി​ക്കാം ഹന്നായു​ടെ നടപ്പ്‌. അവി​ടെ​യെ​ത്തി​ക്ക​ഴി​ഞ്ഞ​പ്പോൾ എല്ലാവ​രും ഭക്ഷണം കഴിച്ചു. പിന്നെ ഒട്ടും വൈകി​യില്ല, കുടും​ബാം​ഗങ്ങൾ വരാൻ കാത്തു​നിൽക്കാ​തെ യഹോ​വ​യു​ടെ സമാഗ​മ​ന​കൂ​ടാ​രം ലക്ഷ്യമാ​ക്കി അവൾ നടന്നു. മഹാപു​രോ​ഹി​ത​നായ ഏലി സമാഗ​മ​ന​കൂ​ടാ​ര​ത്തി​ന്റെ വാതിൽക്കൽ ഇരിപ്പു​ണ്ടാ​യി​രു​ന്നു. അവൾ ഏലിയെ ശ്രദ്ധി​ച്ചതേ ഇല്ല, അവളുടെ മനസ്സ്‌ മുഴുവൻ തന്റെ ദൈവ​ത്തോ​ടു ഹൃദയം തുറക്കു​ന്ന​തി​നെ​ക്കു​റി​ച്ചാ​യി​രു​ന്നു. ഈ സമാഗ​മ​ന​കൂ​ടാ​ര​ത്തി​ങ്കൽ, തനിക്കു പറയാ​നു​ള്ള​തെ​ല്ലാം പറയാ​മെ​ന്നും അതെല്ലാം യഹോവ കേൾക്കു​മെ​ന്നും അവൾക്ക്‌ ഉറപ്പാ​യി​രു​ന്നു. അവളുടെ ഉള്ളു വേകു​ന്നത്‌ ഭൂമി​യിൽ ആരും മനസ്സി​ലാ​ക്കി​യെന്നു വരില്ല. പക്ഷേ, സ്വർഗ​ത്തി​ലുള്ള അവളുടെ പിതാവ്‌ അതു മനസ്സി​ലാ​ക്കും, തീർച്ച! ഹന്നായു​ടെ ഉള്ളിൽ നിരാ​ശ​യും അപമാ​ന​വും സങ്കടവും ഇരമ്പി​യാർത്തു. ഒടുവിൽ, അവളുടെ ദുഃഖം അണപൊ​ട്ടി​യൊ​ഴു​കി.

11 അവൾ തേങ്ങി​ക്ക​രഞ്ഞു. ഓരോ തേങ്ങലി​ലും അവളുടെ ശരീരം വിറച്ചു​കൊ​ണ്ടി​രു​ന്നു. ഹന്നാ ഹൃദയം​കൊണ്ട്‌ യഹോ​വ​യോ​ടു സംസാ​രി​ക്കു​ക​യാണ്‌. ഉള്ളിലെ തീവ്ര​വേദന വാക്കു​ക​ളി​ലാ​ക്കാൻ ശ്രമി​ക്കവെ അവളുടെ ചുണ്ടുകൾ വിതുമ്പി. ദീർഘ​നേരം അവൾ അങ്ങനെ പ്രാർഥി​ച്ചു​കൊ​ണ്ടി​രു​ന്നു. തന്റെ പിതാ​വി​ന്റെ മുമ്പാകെ ഹൃദയ​ത്തി​ലു​ള്ള​തെ​ല്ലാം ഒന്നൊ​ഴി​യാ​തെ അവൾ പകർന്നു​വെച്ചു. ഒരു കുഞ്ഞു​ണ്ടാ​യി​ക്കാ​ണാ​നുള്ള തീവ്രാ​ഭി​ലാ​ഷം നിറ​വേ​റ്റി​ത്ത​ര​ണമേ എന്ന്‌ അപേക്ഷി​ക്കുക മാത്രമല്ല അവൾ ചെയ്‌തത്‌. ദൈവ​ത്തിൽനിന്ന്‌ അനു​ഗ്ര​ഹങ്ങൾ അപേക്ഷി​ച്ചു വാങ്ങു​ന്ന​തി​നൊ​പ്പം, തന്നെ​ക്കൊ​ണ്ടാ​കു​ന്ന​തു​പോ​ലെ അവനു പകരം നൽകാ​നും അവൾ ആഗ്രഹി​ച്ചു. അതു​കൊണ്ട്‌ യഹോ​വയ്‌ക്ക്‌ ഹന്നാ ഒരു വാക്കു​കൊ​ടു​ത്തു. അവൾക്ക്‌ ഒരു മകൻ ജനിച്ചാൽ അവനെ ജീവി​ത​കാ​ലം മുഴുവൻ യഹോ​വ​യു​ടെ സേവന​ത്തി​നാ​യി സമർപ്പി​ച്ചു​കൊ​ള്ളാം എന്ന്‌.—1 ശമൂ. 1:9-11.

12. പ്രാർഥ​ന​യു​ടെ കാര്യ​ത്തിൽ ഹന്നായു​ടെ മാതൃ​ക​യിൽനിന്ന്‌ നമുക്ക്‌ എന്തെല്ലാം പഠിക്കാ​നുണ്ട്‌?

12 പ്രാർഥ​ന​യു​ടെ കാര്യ​ത്തിൽ എല്ലാ ദൈവ​ദാ​സർക്കും അനുക​രി​ക്കാ​വുന്ന നല്ല മാതൃ​ക​യാണ്‌ ഹന്നായു​ടേത്‌. യാതൊ​രു മടിയും കൂടാതെ തന്നോട്‌ ഹൃദയം തുറന്ന്‌ സംസാ​രി​ക്കാൻ യഹോവ തന്റെ ഓരോ ദാസ​നെ​യും ദാസി​യെ​യും വിളി​ക്കു​ക​യാണ്‌. ഒരു കൊച്ചു​കു​ട്ടി വാത്സല്യ​നി​ധി​യായ തന്റെ പിതാ​വി​നോട്‌ സംസാ​രി​ക്കു​ന്നത്‌ കേട്ടി​ട്ടി​ല്ലേ? അതു​പോ​ലെ മനസ്സു​തു​റ​ക്കാ​നും എല്ലാ ആകുല​ത​ക​ളും പകർന്നു​വെ​ക്കാ​നും യഹോവ നമ്മളോ​ടു പറയു​ക​യാണ്‌. (സങ്കീർത്തനം 62:8; 1 തെസ്സ​ലോ​നി​ക്യർ 5:17 വായി​ക്കുക.) യഹോ​വ​യോ​ടു പ്രാർഥി​ക്കു​ന്ന​തി​നെ​ക്കു​റിച്ച്‌ പത്രോസ്‌ അപ്പൊസ്‌തലൻ എഴുതി​യത്‌ എന്താ​ണെ​ന്നോ? “അവൻ നിങ്ങ​ളെ​ക്കു​റി​ച്ചു കരുത​ലു​ള്ള​വ​നാ​ക​യാൽ നിങ്ങളു​ടെ സകല ചിന്താ​കു​ല​വും അവന്റെ​മേൽ ഇട്ടു​കൊ​ള്ളു​വിൻ.” ഏതു വിഷമ​ത്തി​ലും നമ്മളെ ആശ്വസി​പ്പി​ക്കുന്ന വാക്കുകൾ, അല്ലേ?—1 പത്രോ. 5:7.

13, 14. (എ) ഹന്നായു​ടെ അവസ്ഥ വേണ്ടവി​ധം ചോദി​ച്ച​റി​യാ​തെ ഏലി എടുത്തു​ചാ​ടി ഒരു നിഗമ​ന​ത്തി​ലെ​ത്തി​യത്‌ എങ്ങനെ? (ബി) ഏലി​യോ​ടുള്ള ഹന്നായു​ടെ മറുപടി നമുക്ക്‌ വിശ്വാ​സ​ത്തി​ന്റെ ശ്രേഷ്‌ഠ​മാ​തൃ​ക​യാ​യി​രി​ക്കു​ന്നത്‌ എങ്ങനെ?

13 യഹോ​വ​യെ​പ്പോ​ലെ, മറ്റൊരു വ്യക്തിയെ മനസ്സി​ലാ​ക്കാ​നോ അയാളു​ടെ ഹൃദയം തകർന്ന അവസ്ഥയിൽ ആത്മാർഥ​മാ​യി സഹതപി​ക്കാ​നോ മനുഷ്യർക്ക്‌ എത്രയാ​യാ​ലും കഴിയില്ല. അങ്ങനെ കരഞ്ഞും പ്രാർഥി​ച്ചും ഹന്നാ സ്വയം​മ​റന്ന്‌ നിൽക്കവെ, ഒരു ശബ്ദം കേട്ട്‌ അവൾ ഞെട്ടി! മഹാപു​രോ​ഹി​ത​നായ ഏലി! ഏറെ നേരമാ​യി ഏലി അവളെ നിരീ​ക്ഷി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​യി​രു​ന്നു. അവൻ ഹന്നാ​യോ​ടു ചോദി​ച്ചു: “നീ എത്ര​ത്തോ​ളം ലഹരി​പി​ടി​ച്ചി​രി​ക്കും? നിന്റെ വീഞ്ഞു ഇറങ്ങട്ടെ.” അവളുടെ അധരം വിറയ്‌ക്കു​ന്ന​തും അവൾ ഏങ്ങലടി​ക്കു​ന്ന​തും അവളുടെ വികാ​ര​വി​ക്ഷോ​ഭ​ങ്ങ​ളും ഒക്കെ ഏലി കാണു​ന്നു​ണ്ടാ​യി​രു​ന്നു. കാര്യ​മെ​ന്താ​ണെന്നു ചോദി​ച്ച​റി​യു​ന്ന​തി​നു പകരം അവൻ എടുത്തു​ചാ​ടി ഒരു നിഗമ​ന​ത്തി​ലെത്തി. അവൾ മദ്യപിച്ച്‌ ലക്കു​കെ​ട്ടി​രി​ക്കു​ക​യാ​ണെന്ന്‌ ഏലി ഉടനെ​യങ്ങ്‌ തീരു​മാ​നി​ച്ചു.—1 ശമൂ. 1:12-14.

14 പാവം ഹന്നായു​ടെ അവസ്ഥ​യൊന്ന്‌ ഓർത്തു​നോ​ക്കൂ! അടിസ്ഥാ​ന​ര​ഹി​ത​മായ ഈ ആരോ​പണം എരിതീ​യിൽ എണ്ണയൊ​ഴി​ച്ച​തു​പോ​ലെ​യാ​യി! അതു പറഞ്ഞതോ, അങ്ങേയറ്റം ആദരി​ക്കത്തക്ക പദവി​യി​ലി​രി​ക്കുന്ന ഒരു മനുഷ്യ​നും! ഇവി​ടെ​യും ഹന്നാ വിശ്വാ​സ​ത്തി​ന്റെ പ്രശം​സ​നീ​യ​മായ ഒരു മാതൃ​ക​യാ​യി. അപൂർണ​ത​യാൽ ഒരു മനുഷ്യ​ന്റെ ഭാഗത്തു​നി​ന്നു​ണ്ടായ വീഴ്‌ച താനും യഹോ​വ​യു​മാ​യുള്ള ബന്ധത്തിനു വിള്ളൽ വീഴ്‌ത്താൻ അവൾ അനുവ​ദി​ച്ചില്ല. ഏലി​യോട്‌ അവൾ ആദര​വോ​ടെ മറുപടി പറഞ്ഞു, തന്റെ അവസ്ഥ വിവരി​ച്ചു. എല്ലാം കേട്ട​ശേഷം ഏലി പറഞ്ഞു: “സമാധാ​ന​ത്തോ​ടെ പൊയ്‌ക്കൊൾക; യിസ്രാ​യേ​ലി​ന്റെ ദൈവ​ത്തോ​ടു നീ കഴിച്ച അപേക്ഷ അവൻ നിനക്കു നല്‌കു​മാ​റാ​കട്ടെ.” ശാന്തമായ സ്വരത്തിൽ സൗമ്യ​മാ​യാണ്‌ ഏലി ഇതു പറഞ്ഞ​തെന്ന്‌ നിങ്ങൾക്കു തോന്നു​ന്നി​ല്ലേ?—1 ശമൂ. 1:15-17.

15, 16. (എ) സമാഗ​മ​ന​കൂ​ടാ​ര​ത്തി​ങ്കൽ യഹോ​വയെ ആരാധി​ക്കു​ക​യും ഹൃദയം തുറന്ന്‌ സംസാ​രി​ക്കു​ക​യും ചെയ്‌ത​പ്പോൾ ഹന്നായ്‌ക്ക്‌ ആശ്വാസം കിട്ടി​യത്‌ എങ്ങനെ? (ബി) മനസ്സി​ടി​ക്കുന്ന ചിന്തകൾ നമ്മെ വലയം ചെയ്യു​മ്പോൾ ഹന്നാ​യെ​പ്പോ​ലെ നമുക്ക്‌ എന്തു ചെയ്യാ​നാ​കും?

15 സമാഗ​മ​ന​കൂ​ടാ​ര​ത്തിൽവെച്ച്‌ യഹോ​വയെ ആരാധി​ക്കു​ക​യും അവനോ​ടു ഹൃദയം തുറക്കു​ക​യും ചെയ്‌ത​തു​കൊണ്ട്‌ ഹന്നായ്‌ക്ക്‌ ആശ്വാസം കിട്ടി​യോ? വിവരണം പറയു​ന്നത്‌ ഇങ്ങനെ​യാണ്‌: “സ്‌ത്രീ തന്റെ വഴിക്കു പോയി ഭക്ഷണം കഴിച്ചു; അവളുടെ മുഖം പിന്നെ വാടി​യ​തു​മില്ല.” (1 ശമൂ. 1:18) ഹന്നായ്‌ക്ക്‌ വലിയ ആശ്വാ​സ​മാ​യി! ഏതു ഭാരവും താങ്ങാൻ കരുത്തും കഴിവും ഉള്ള തന്റെ സ്വർഗീ​യ​പി​താ​വി​ന്റെ ചുമലു​ക​ളി​ലേക്ക്‌ അവൾ തന്റെ ഹൃദയ​ഭാ​രം മുഴു​വ​നും ഇറക്കി​വെച്ചു. (സങ്കീർത്തനം 55:22 വായി​ക്കുക.) നിങ്ങൾക്ക്‌ എന്തു തോന്നു​ന്നു? യഹോ​വയ്‌ക്ക്‌ താങ്ങാ​നാ​കാത്ത ഏതെങ്കി​ലും ഭാരമു​ണ്ടോ? ഇല്ല! അത്‌ അന്നുമില്ല, ഇന്നുമില്ല, ഇനിയ​ങ്ങോ​ട്ടു​മില്ല!

16 ഹൃദയ​ഭാ​രം​കൊ​ണ്ടു തളരു​മ്പോൾ, എന്തു ചെയ്യണ​മെ​ന്ന​റി​യാ​തെ പകച്ചു​നിൽക്കു​മ്പോൾ, സങ്കടങ്ങൾ വരിഞ്ഞു​മു​റു​ക്കു​മ്പോൾ, ഹന്നാ ചെയ്‌തത്‌ ഓർക്കുക! “പ്രാർത്ഥന കേൾക്കു​ന്ന​വ​നാ​യു​ള്ളോ​വേ” എന്ന്‌ ബൈബിൾ വിളി​ക്കുന്ന കരുണാ​മ​യ​നായ പിതാ​വി​നോട്‌ എല്ലാം തുറന്ന്‌ പറയുക. (സങ്കീ. 65:2) വിശ്വാ​സ​ത്തോ​ടെ അങ്ങനെ ചെയ്യു​മ്പോൾ, ദുഃഖ​ത്തി​ന്റെ കാർമേ​ഘങ്ങൾ നീങ്ങി “മനുഷ്യ​ബു​ദ്ധിക്ക്‌ അതീത​മായ ദൈവ​സ​മാ​ധാ​നം” നമ്മുടെ ഹൃദയ​ത്തിൽ വന്നു നിറയു​ന്നത്‌ നമുക്ക്‌ അറിയാ​നാ​കും!—ഫിലി. 4:6, 7.

“നമ്മുടെ ദൈവ​ത്തെ​പ്പോ​ലെ ഒരു പാറയും ഇല്ല”

17, 18. (എ) ഹന്നായു​ടെ നേർച്ചയെ പിന്തു​ണയ്‌ക്കു​ന്നെന്ന്‌ എല്‌ക്കാ​നാ തെളി​യി​ച്ചത്‌ എങ്ങനെ? (ബി) പെനി​ന്നാ​യു​ടെ ഏത്‌ ആയുധ​മാണ്‌ പിന്നീട്‌ ഹന്നായു​ടെ മേൽ ഫലിക്കാ​തെ വന്നത്‌?

17 പിറ്റേന്ന്‌ രാവിലെ ഹന്നാ ഭർത്താ​വി​നെ​യും കൂട്ടി സമാഗ​മ​ന​കൂ​ടാ​ര​ത്തിൽ തിരി​ച്ചെത്തി. താൻ കഴിച്ച അപേക്ഷ​യെ​പ്പ​റ്റി​യും താൻ നടത്തിയ നേർച്ച​യെ​പ്പ​റ്റി​യും അവൾ ഭർത്താ​വി​നോ​ടു പറഞ്ഞി​ട്ടു​ണ്ടാ​കും. ഭർത്താ​വി​ന്റെ അനുമ​തി​യി​ല്ലാ​തെ ഭാര്യ നടത്തുന്ന നേർച്ചകൾ അസാധു​വാ​ക്കാൻ ഭർത്താ​വിന്‌ ന്യായ​പ്ര​മാ​ണം അധികാ​രം നൽകി​യി​രു​ന്നു. (സംഖ്യാ. 30:10-15) എന്നാൽ ദൈവ​ഭ​ക്ത​നായ എല്‌ക്കാ​നാ അത്‌ അസാധു​വാ​ക്കി​യില്ല. പിന്നെ​യോ അവർ രണ്ടു​പേ​രും ഒരുമിച്ച്‌ അവിടെ യഹോ​വയെ ആരാധി​ച്ചു. അതിനു ശേഷം അവർ വീട്ടി​ലേക്കു മടങ്ങി.

18 തന്റെ അടവൊ​ന്നും ഇനി ഹന്നായു​ടെ അടുത്ത്‌ വില​പ്പോ​കി​ല്ലെന്ന്‌ പെനി​ന്നായ്‌ക്ക്‌ എപ്പോ​ഴാണ്‌ മനസ്സി​ലാ​യത്‌? വിവരണം അതെക്കു​റി​ച്ചൊ​ന്നും പറയു​ന്നില്ല. “അവളുടെ മുഖം പിന്നെ വാടി​യ​തു​മില്ല” എന്ന പ്രസ്‌താ​വന, അന്നുമു​തൽ ഹന്നായു​ടെ മനസ്സ്‌ തെളിഞ്ഞു, അവൾ പ്രസന്ന​വ​തി​യാ​യി, എന്നു സൂചി​പ്പി​ക്കു​ന്നു. ഏതായാ​ലും വൈരാ​ഗ്യ​ബു​ദ്ധി​യോ​ടെ​യുള്ള തന്റെ പെരു​മാ​റ്റം​കൊണ്ട്‌ ഹന്നായെ ഇനി ദ്രോ​ഹി​ക്കാൻ സാധി​ക്കി​ല്ലെന്ന്‌ പെനിന്നാ മനസ്സി​ലാ​ക്കി. ബൈബിൾ പിന്നീട്‌ പെനി​ന്നാ​യെ​ക്കു​റിച്ച്‌ ഒന്നും പറയു​ന്നില്ല.

19. ഹന്നായ്‌ക്ക്‌ ഏത്‌ അനു​ഗ്രഹം ലഭിച്ചു, ആ അനു​ഗ്രഹം ചൊരിഞ്ഞ ദൈവത്തെ മറന്നു​പോ​യി​ല്ലെന്ന്‌ അവൾ തെളി​യി​ച്ചത്‌ എങ്ങനെ?

19 മാസങ്ങൾ കടന്നു​പോ​യി. ഒരു ദിവസം അവൾ ആ സത്യം അറിഞ്ഞു, താൻ ഗർഭവ​തി​യാ​യി​രി​ക്കു​ന്നു! അവളുടെ മനസ്സ്‌ പൂത്തു​ലഞ്ഞു! അവളുടെ സന്തോ​ഷ​ത്തിന്‌ അതിരി​ല്ലാ​യി​രു​ന്നു! തന്റെമേൽ ഈ അനു​ഗ്രഹം ചൊരിഞ്ഞ ദൈവത്തെ ആ സന്തോ​ഷ​ത്തി​മിർപ്പി​ലും അവൾ മറന്നില്ല, ഒരു നിമി​ഷ​ത്തേക്കു പോലും! ആഗ്രഹി​ച്ച​തു​പോ​ലെ അവൾക്ക്‌ ഒരു മകൻ ജനിച്ചു. അവൾ അവന്‌ ശമുവേൽ എന്നു പേരിട്ടു. “ദൈവ​ത്തി​ന്റെ നാമം” എന്നാണ്‌ ആ പേരിന്‌ അർഥം. അവൾ ചെയ്‌ത​തു​പോ​ലെ ദൈവ​നാ​മം വിളി​ച്ച​പേ​ക്ഷി​ക്കു​ന്ന​തി​നെ ആയിരി​ക്കാം ഇത്‌ സൂചി​പ്പി​ക്കു​ന്നത്‌. ആ വർഷം അവൾ എല്‌ക്കാ​നാ​യു​ടെ​യും കുടും​ബ​ത്തി​ന്റെ​യും കൂടെ ശീലോ​വി​ലേക്ക്‌ പോയില്ല. കുഞ്ഞിന്റെ മുലകു​ടി മാറു​ന്ന​തു​വരെ മൂന്നു​വർഷം അവൾ മകനോ​ടൊ​പ്പം വീട്ടിൽത്തന്നെ കഴിഞ്ഞു. പിന്നെ, തന്റെ ഓമന​പ്പു​ത്രനെ വിട്ടു​പി​രി​യാ​നുള്ള ദിവസ​ത്തി​നാ​യി അവൾ മനസ്സു​കൊണ്ട്‌ ഒരുങ്ങാൻതു​ടങ്ങി.

20. യഹോ​വയ്‌ക്കു കൊടുത്ത വാക്ക്‌ ഹന്നായും എല്‌ക്കാ​നാ​യും പാലി​ച്ചത്‌ എങ്ങനെ?

20 അങ്ങനെ മകനെ പിരി​യേണ്ട ദിവസ​മെത്തി. വേർപാട്‌ അത്ര എളുപ്പ​മാ​യി​രു​ന്നില്ല. ശീലോ​വിൽ അവന്‌ ഒരു കുറവും വരി​ല്ലെന്ന്‌ അവൾക്ക്‌ ഉറപ്പാ​യി​രു​ന്നു. സമാഗ​മ​ന​കൂ​ടാ​ര​ത്തി​ങ്കൽ സേവി​ച്ചു​പോന്ന സ്‌ത്രീ​ക​ളിൽ ചിലർ തന്റെ മകനെ നന്നായി വളർത്തി​ക്കൊ​ള്ളു​മെ​ന്നും അവൾക്ക്‌ അറിയാ​മാ​യി​രു​ന്നു. എന്നാലും അവൻ കുഞ്ഞല്ലേ, ഏത്‌ അമ്മയ്‌ക്കാണ്‌ ഈ പ്രായ​ത്തി​ലുള്ള തന്റെ പൊ​ന്നോ​മ​നയെ പിരി​യാൻ മനസ്സു​വ​രുക? ഇതൊ​ക്കെ​യാ​യി​ട്ടും, ഹന്നായും എല്‌ക്കാ​നാ​യും കുട്ടി​യെ​യും കൊണ്ട്‌ ആലയത്തി​ലെത്തി. മനസ്സി​ല്ലാ​മ​ന​സ്സോ​ടെയല്ല പിന്നെ​യോ നിറഞ്ഞ മനസ്സോ​ടെ! ദൈവാ​ല​യ​ത്തിൽ അവർ യാഗങ്ങൾ അർപ്പിച്ചു. എന്നിട്ട്‌ ശമു​വേ​ലി​നെ ഏലിയു​ടെ അടുക്കൽ കൊണ്ടു​വന്നു. ഏതാനും വർഷം മുമ്പ്‌ ഇവനു​വേണ്ടി ഹന്നാ അവിടെ വന്ന്‌ പ്രാർഥി​ച്ച​തും നേർച്ച നേർന്ന​തും ആയ കാര്യ​ങ്ങ​ളെ​ല്ലാം അവർ ഏലിയെ പറഞ്ഞു കേൾപ്പി​ച്ചു.

ശമുവേലിനു കിട്ടിയ ഒരു അനു​ഗ്ര​ഹ​മാ​യി​രു​ന്നു അവന്റെ അമ്മ

21. യഹോ​വ​യോ​ടുള്ള ഹന്നായു​ടെ പ്രാർഥന അവളുടെ വിശ്വാ​സ​ത്തി​ന്റെ ആഴം വെളി​പ്പെ​ടു​ത്തു​ന്നത്‌ എങ്ങനെ? (“ ശ്രദ്ധേ​യ​മായ രണ്ടു പ്രാർഥ​നകൾ” എന്ന ചതുര​വും കാണുക.)

21 പിന്നെ അവൾ ദൈവത്തെ സ്‌തു​തി​ച്ചു​കൊണ്ട്‌ ഒരു പ്രാർഥന നടത്തി. തന്റെ വചനമായ ബൈബി​ളിൽ അത്‌ ഉൾപ്പെ​ടു​ത്താൻ ദൈവ​ത്തിന്‌ പ്രസാദം തോന്നി. 1 ശമൂവേൽ 2:1-10-ലാണ്‌ ആ പ്രാർഥന നമ്മൾ കാണു​ന്നത്‌. അതിന്റെ ഓരോ വരിയി​ലും അവളുടെ വിശ്വാ​സ​ത്തി​ന്റെ ആഴം നമുക്കു കാണാം. യഹോവ തന്റെ അപാര​മായ ശക്തി പ്രയോ​ഗി​ക്കുന്ന വിധത്തെ അവൾ വാഴ്‌ത്തു​ന്നു. ഗർവി​കളെ താഴ്‌മ പഠിപ്പി​ക്കാ​നും ചവിട്ടി​മെ​തി​ക്ക​പ്പെ​ടു​ന്ന​വ​രു​ടെ മേൽ അനു​ഗ്രഹം ചൊരി​യാ​നും ജീവ​നെ​ടു​ക്കാ​നും ജീവി​പ്പി​ക്കാ​നും അവനുള്ള അനുപ​മ​മായ പ്രാപ്‌തി​യെ അവൾ പ്രകീർത്തി​ക്കു​ന്നു! അവന്റെ പരിശു​ദ്ധി​യെ​യും നീതി​യെ​യും വിശ്വസ്‌ത​ത​യെ​യും അവൾ സ്‌തു​തി​ക്കു​ന്നു. “നമ്മുടെ ദൈവ​ത്തെ​പ്പോ​ലെ ഒരു പാറയും ഇല്ല” എന്ന്‌ അവൾ പറഞ്ഞത്‌ സ്വന്തം അനുഭ​വ​ത്തിൽനി​ന്നാണ്‌. യഹോവ അങ്ങേയറ്റം ആശ്രയ​യോ​ഗ്യ​നാണ്‌. അവൻ മാറ്റമി​ല്ലാ​ത്ത​വ​നാണ്‌. അവനോ​ടു നിലവി​ളി​ക്കുന്ന നിരാ​ലം​ബർക്കും അടിച്ച​മർത്ത​പ്പെ​ട്ട​വർക്കും അവൻ എന്നും അഭയമാണ്‌!

22, 23. (എ) മാതാ​പി​താ​ക്കൾ തന്നെ സ്‌നേ​ഹി​ക്കു​ന്നു​ണ്ടെന്ന്‌ ശമു​വേ​ലിന്‌ അറിയാ​മാ​യി​രു​ന്നത്‌ എങ്ങനെ? (ബി) യഹോവ ഹന്നായെ പിന്നെ​യും അനു​ഗ്ര​ഹി​ച്ചത്‌ എങ്ങനെ?

22 ഹന്നാ​യെ​പ്പോ​ലെ നല്ല ഒരമ്മയെ കിട്ടിയ കൊച്ചു​ശ​മു​വേൽ എത്ര ഭാഗ്യ​വാ​നാ​യി​രു​ന്നു! അവൾക്ക്‌ യഹോ​വ​യിൽ അടിയു​റച്ച വിശ്വാ​സ​മു​ണ്ടാ​യി​രു​ന്നു. അമ്മയുടെ അടുക്കൽനിന്ന്‌ മാറി മറ്റൊ​രി​ട​ത്താണ്‌ വളർന്ന​തെ​ങ്കി​ലും അമ്മ തന്നെ മറന്നെന്ന്‌ അവന്‌ ഒരിക്കൽപ്പോ​ലും തോന്നാ​നി​ട​യാ​യില്ല. ഓരോ വർഷവും ഹന്നാ ശീലോ​വിൽ വരും. അപ്പോൾ അവളുടെ കൈയിൽ ഒരു കൊച്ചു​കു​പ്പാ​യ​വും ഉണ്ടായി​രി​ക്കും. സമാഗ​മ​ന​കൂ​ടാ​ര​ത്തിൽ ശുശ്രൂഷ ചെയ്യു​മ്പോൾ അവന്‌ ധരിക്കാൻവേണ്ടി കൈയി​ല്ലാ​ത്തൊ​രു അങ്കി. അതിന്റെ ഓരോ ഇഴയി​ലും മകനോ​ടുള്ള ആ അമ്മയുടെ മൃദു​ല​വാ​ത്സ​ല്യ​ങ്ങ​ളു​ണ്ടാ​യി​രു​ന്നു! (1 ശമൂവേൽ 2:19 വായി​ക്കുക.) അമ്മ അവനെ ആ അങ്കി ഇടുവി​ക്കു​ന്ന​തും പിന്നെ പതുക്കെ തടവി അതിന്റെ ചുളി​വു​കൾ നിവർത്തു​ന്ന​തും വാത്സല്യം വഴിയുന്ന കണ്ണുക​ളോ​ടെ അവനെ നോക്കി​നിൽക്കു​ന്ന​തും ഒക്കെ ഒന്നു ഓർത്തു​നോ​ക്കൂ! പിന്നെ അവനെ ചേർത്തു നിറുത്തി ആ കുഞ്ഞു​മ​ന​സ്സിന്‌ ധൈര്യം പകരുന്ന വാക്കുകൾ പറയാ​നും ആ അമ്മ മറക്കു​ന്നില്ല. ശമു​വേ​ലി​നു ലഭിച്ച അനു​ഗ്രഹം തന്നെയാ​യി​രു​ന്നു ആ അമ്മ! അങ്ങനെ, മാതാ​പി​താ​ക്കൾക്കും മുഴു ഇസ്രാ​യേ​ലി​നും ഒരു അനു​ഗ്ര​ഹ​മാ​യി ശമുവേൽ വളർന്ന്‌ വന്നു.

23 ഹന്നായെ യഹോവ പിന്നെ​യും ഓർത്തു. യഹോവ അവൾക്ക്‌ വേറെ അഞ്ച്‌ മക്കളെ​ക്കൂ​ടെ നൽകി അനു​ഗ്ര​ഹി​ച്ചു. (1 ശമൂ. 2:21) എന്നാൽ അവൾ ഏറ്റവും വലിയ അനു​ഗ്ര​ഹ​മാ​യി കണ്ടത്‌ താനും തന്റെ പിതാ​വായ യഹോ​വ​യും തമ്മിലുള്ള ബന്ധമാ​യി​രു​ന്നെന്നു തോന്നു​ന്നു. ആ ബന്ധം വർഷങ്ങ​ളി​ലൂ​ടെ പിന്നെ​യും വളർന്നു. ഹന്നായു​ടെ വിശ്വാ​സം അനുക​രി​ക്കു​മ്പോൾ നിങ്ങളു​ടെ കാര്യ​ത്തി​ലും അങ്ങനെ​തന്നെ സംഭവി​ക്കട്ടെ!

a “യഹോവ അവളുടെ ഗർഭം അടെച്ചി​രു​ന്നു” എന്ന്‌ ബൈബിൾരേഖ പറയുന്നു. അത്‌ വിശ്വസ്‌ത​യായ ഈ എളിയ സ്‌ത്രീ​യോട്‌ യഹോ​വയ്‌ക്ക്‌ എന്തെങ്കി​ലും അപ്രീ​തി​യു​ണ്ടാ​യി​ട്ടല്ല. (1 ശമൂ. 1:5) ദൈവം ചില കാര്യങ്ങൾ കുറെ​ക്കാ​ല​ത്തേക്ക്‌ അനുവ​ദി​ച്ചേ​ക്കാം. അത്‌ ദൈവം ചെയ്യു​ന്ന​താ​യി​ട്ടെ​ന്ന​പോ​ലെ ബൈബിൾ സൂചി​പ്പി​ക്കാ​റുണ്ട്‌.

b എല്‌ക്കാനായുടെ സ്വദേശം റാമ (യേശു​വി​ന്റെ നാളിൽ അരിമഥ്യ എന്ന്‌ അറിയ​പ്പെ​ടാ​നി​ട​യായ സ്ഥലം) ആയിരി​ക്കാം എന്ന നിഗമ​നത്തെ അടിസ്ഥാ​ന​മാ​ക്കി​യു​ള്ള​താണ്‌ ഈ ദൂരക്ക​ണക്ക്‌.