വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

അധ്യായം എട്ട്‌

അവൻ എല്ലാം സഹിച്ചു​നി​ന്നു

അവൻ എല്ലാം സഹിച്ചു​നി​ന്നു

1. ശീലോ​വി​ലെ​ങ്ങും ദുഃഖ​വും വിലാ​പ​വും നിറഞ്ഞി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

 ശീലോ​വി​ലെ​ങ്ങും ദുഃഖം തളം​കെ​ട്ടി​നിൽക്കു​ന്നു. ശമു​വേ​ലും അതീവ​ദുഃ​ഖി​ത​നാണ്‌. കണ്ണീരിൽ മുങ്ങിയ പട്ടണം! വീടു​ക​ളിൽനിന്ന്‌ സ്‌ത്രീ​ക​ളു​ടെ​യും കുട്ടി​ക​ളു​ടെ​യും നിലവി​ളി ഉയരു​ക​യാണ്‌. ഇനി ഒരിക്ക​ലും വീട്ടി​ലേക്കു മടങ്ങി​വ​രി​ക​യി​ല്ലാത്ത പ്രിയ​പ്പെ​ട്ട​വരെ ഓർത്ത്‌! അച്ഛന്മാ​രെ​യും ഭർത്താ​ക്ക​ന്മാ​രെ​യും പുത്ര​ന്മാ​രെ​യും ആങ്ങളമാ​രെ​യും ഓർത്ത്‌! എന്താണ്‌ അവിടെ സംഭവി​ച്ചത്‌? ഫെലിസ്‌ത്യ​രു​മാ​യുള്ള ഘോര​യു​ദ്ധ​ത്തിൽ പരാജയം ഏറ്റുവാ​ങ്ങിയ ഇസ്രാ​യേ​ല്യർക്കു നഷ്ടപ്പെ​ട്ടത്‌ ഏതാണ്ട്‌ 30,000 പടയാ​ളി​ക​ളാണ്‌. മറ്റൊരു യുദ്ധത്തിൽ 4,000 പേർ കൊല്ല​പ്പെ​ട്ടിട്ട്‌ അധിക​നാ​ളാ​യി​ട്ടില്ല. തൊട്ടു​പി​ന്നാ​ലെ​യാണ്‌ ഈ ദുരന്തം!—1 ശമൂ. 4:1, 2, 10.

2, 3. ശീലോ​വി​ന്റെ മഹത്ത്വം നഷ്ടപ്പെ​ടു​ത്തി അപമാനം വരുത്തി​വെച്ച ഏതെല്ലാം സംഭവ​പ​ര​മ്പ​ര​ക​ളു​ണ്ടാ​യി?

2 വാസ്‌ത​വ​ത്തിൽ ഇത്‌ ദുരന്ത​പ​ര​മ്പ​ര​യി​ലെ ഒരു കണ്ണി മാത്ര​മാ​യി​രു​ന്നു. ദൈവ​സാ​ന്നി​ധ്യ​ത്തി​ന്റെ പ്രതീ​ക​മാ​യി​രുന്ന നിയമ​പെ​ട്ടകം ശീലോ​വി​ലു​ണ്ടാ​യി​രു​ന്നു. സാധാ​ര​ണ​യാ​യി സമാഗ​മ​ന​കൂ​ടാ​ര​ത്തി​ന്റെ അന്തർമ​ന്ദി​ര​ത്തി​ലെ വിശു​ദ്ധ​സ്ഥ​ല​ത്താണ്‌ ഇത്‌ വെച്ചി​രു​ന്നത്‌. എന്നാൽ ജനം ആവശ്യ​പ്പെ​ട്ട​ത​നു​സ​രിച്ച്‌ പാവന​മായ ഈ നിയമ​പെ​ട്ടകം ശീലോ​വിൽനി​ന്നു കൊണ്ടു​പോ​യി. മഹാപു​രോ​ഹി​ത​നായ ഏലിയു​ടെ പുത്ര​ന്മാ​രായ ഹൊഫ്‌നി​യും ഫീനെ​ഹാ​സും കൂടെ​പ്പോ​യി. പെട്ടകം കൊണ്ടു​പോ​യത്‌ യുദ്ധക്ക​ള​ത്തി​ലേ​ക്കാണ്‌. പെട്ടകം ഒരു ഭാഗ്യ​ചി​ഹ്ന​മാ​യി തങ്ങൾക്ക്‌ വിജയം നേടി​ത്ത​രു​മെന്ന്‌ അവർ കരുതി. പക്ഷേ, ആ ധാരണ വെറും അബദ്ധമാ​യി​രു​ന്നു. നടന്നത്‌ മറിച്ചാണ്‌. ഫെലിസ്‌ത്യർ പെട്ടകം പിടി​ച്ചെ​ടു​ത്തു. ഹൊഫ്‌നി​യും ഫീനെ​ഹാ​സും കൊല്ല​പ്പെട്ടു.—1 ശമൂ. 4:3-11.

3 നൂറ്റാ​ണ്ടു​ക​ളാ​യി ശീലോ​വി​ലെ സമാഗ​മ​ന​കൂ​ടാ​ര​ത്തിന്‌ ഒരു മഹത്ത്വ​മാ​യി പെട്ടകം അവി​ടെ​യു​ണ്ടാ​യി​രു​ന്നു. ഇപ്പോൾ അത്‌ കൈവി​ട്ടു​പോ​യി​രി​ക്കു​ന്നു. ഈ വാർത്ത കേട്ട്‌ 98 വയസ്സുള്ള ഏലി, തന്റെ ഇരിപ്പി​ട​ത്തിൽനിന്ന്‌ പിറ​കോ​ട്ടു മറിഞ്ഞു​വീണ്‌ മരിച്ചു. ഫീനെ​ഹാ​സി​ന്റെ ഭാര്യ അന്നേദി​വസം വിധവ​യാ​യി. ഗർഭി​ണി​യാ​യി​രുന്ന അവൾ പ്രസവ​ത്തോ​ടെ മരിക്കു​ക​യും ചെയ്‌തു. മരിക്കു​ന്ന​തി​നു മുമ്പ്‌ അവൾ ഇങ്ങനെ പറഞ്ഞു: “മഹത്വം യിസ്രാ​യേ​ലിൽനി​ന്നു പൊയ്‌പോ​യി.” എന്തു പറയാൻ, ശീലോ ഇനി​യൊ​രി​ക്ക​ലും ആ പഴയ പ്രതാ​പ​ത്തി​ലേക്ക്‌ മടങ്ങി​വ​രില്ല!—1 ശമൂ. 4:12-22.

4. ഈ അധ്യാ​യ​ത്തിൽ നാം എന്താണ്‌ കാണാൻ പോകു​ന്നത്‌?

4 സകല പ്രതീ​ക്ഷ​ക​ളും തകർത്തു​കളഞ്ഞ ഈ സാഹച​ര്യ​ത്തിൽ ശമുവേൽ എങ്ങനെ പിടി​ച്ചു​നിൽക്കും? യഹോ​വ​യു​ടെ സംരക്ഷ​ണ​വും പ്രീതി​യും നഷ്ടപ്പെട്ട ജനത്തെ പിന്തു​ണയ്‌ക്കാൻ ശമു​വേ​ലിന്‌ കഴിയു​മോ, അതിനു തക്ക വിശ്വാ​സം അവനു​ണ്ടോ? വിശ്വാ​സ​ത്തി​ന്റെ മാറ്റു​രയ്‌ക്കുന്ന കടുത്ത പരി​ശോ​ധ​ന​ക​ളും പ്രതി​ബ​ന്ധ​ങ്ങ​ളും ഇടയ്‌ക്കൊ​ക്കെ നമുക്കും ഉണ്ടാകാ​റി​ല്ലേ? ശമു​വേ​ലി​ന്റെ ജീവി​താ​നു​ഭ​വ​ത്തിൽനിന്ന്‌ എന്തു പഠിക്കാ​നാ​കു​മെന്നു നോക്കാം.

അവൻ “നീതി നടപ്പാക്കി”

5, 6. ശമു​വേ​ലി​നെ​പ്പ​റ്റി​യുള്ള വിവരണം ഇടയ്‌ക്കു​വെച്ച്‌ നിറുത്തി ബൈബിൾരേഖ ഏത്‌ കാര്യ​ങ്ങ​ളി​ലാണ്‌ ശ്രദ്ധ കേന്ദ്രീ​ക​രി​ക്കു​ന്നത്‌, ആ 20 വർഷക്കാ​ല​യ​ള​വിൽ ശമുവേൽ എന്തു ചെയ്യു​ക​യാ​യി​രു​ന്നു?

5 വിവരണം തുടർന്ന്‌ പറയു​ന്നത്‌ നിയമ​പെ​ട്ട​ക​ത്തെ​ക്കു​റി​ച്ചാണ്‌. പെട്ടകം പിടി​ച്ചെ​ടു​ത്ത​തി​ന്റെ പേരിൽ ഫെലിസ്‌ത്യർക്ക്‌ അനുഭ​വി​ക്കേ​ണ്ടി​വന്ന ബാധയും, പെട്ടകം തിരി​ച്ചേൽപ്പി​ക്കാൻ അവർ നിർബ​ന്ധി​ത​രാ​യ​തും മറ്റും. വീണ്ടും നമ്മൾ ശമു​വേ​ലി​നെ കാണു​ന്നത്‌ ഏതാണ്ട്‌ 20 വർഷങ്ങൾക്കു ശേഷമാണ്‌. (1 ശമൂ. 7:2) ഈ കാലമ​ത്ര​യും അവൻ എന്തു ചെയ്യു​ക​യാ​യി​രു​ന്നു? നമുക്ക്‌ ഊഹി​ക്കേണ്ട കാര്യ​മില്ല. ബൈബിൾ സൂചന നൽകു​ന്നുണ്ട്‌.

പ്രിയപ്പെട്ടവരുടെ വേർപാ​ടിൽ മനസ്സു​ത​കർന്ന ജനത്തെ ശമുവേൽ എന്തു പറഞ്ഞാണ്‌ ആശ്വസി​പ്പി​ച്ചി​ട്ടു​ണ്ടാ​കുക?

6 ശമു​വേ​ലി​നെ​പ്പ​റ്റി​യുള്ള വിവരണം ഇടയ്‌ക്കു​വെച്ച്‌ നിറുത്തി നിയമ​പെ​ട്ട​ക​ത്തി​ലേക്കു ശ്രദ്ധ തിരി​ക്കു​ന്ന​തി​നു മുമ്പ്‌, വിവരണം ഇങ്ങനെ പറയുന്നു: ‘ശമൂ​വേ​ലി​ന്റെ വചനം എല്ലാ യിസ്രാ​യേ​ലി​നും വന്നു.’ (1 ശമൂ. 4:1) ശമു​വേ​ലി​നെ​ക്കു​റിച്ച്‌ പരാമർശി​ക്കാത്ത ആ 20 വർഷങ്ങൾക്കു ശേഷം അവനെ​പ്പറ്റി വിവരണം പറയു​ന്നത്‌, അവൻ വർഷ​ന്തോ​റും ഇസ്രാ​യേ​ലി​ലെ മൂന്നു പട്ടണങ്ങൾ സന്ദർശിച്ച്‌ അവർക്ക്‌ ന്യായ​പാ​ലനം നടത്തി​പ്പോ​ന്നു എന്നാണ്‌. ജനത്തിന്റെ തർക്കങ്ങൾ പരിഹ​രി​ക്കു​ക​യും സംശയങ്ങൾ തീർക്കു​ക​യും ചെയ്‌ത്‌ ഓരോ പര്യട​ന​വും പൂർത്തി​യാ​ക്കി ശമുവേൽ രാമയി​ലെ തന്റെ ഭവനത്തി​ലേക്ക്‌ മടങ്ങി​പ്പോ​കു​മാ​യി​രു​ന്നു. (1 ശമൂ. 7:15-17) ആ 20 വർഷത്തി​ലു​ട​നീ​ളം ശമു​വേ​ലിന്‌ ധാരാളം കാര്യങ്ങൾ ചെയ്യാ​നു​ണ്ടാ​യി​രു​ന്നു. അവൻ എപ്പോ​ഴും തിരക്കി​ലാ​യി​രു​ന്നെന്ന്‌ വ്യക്തമല്ലേ?

ശമുവേലിന്റെ ജീവി​ത​ത്തി​ലെ 20 വർഷക്കാ​ല​ത്തെ​ക്കു​റിച്ച്‌ ബൈബിൾരേഖ ഒന്നും പറയു​ന്നി​ല്ലെ​ങ്കി​ലും യഹോ​വ​യു​ടെ സേവന​ത്തിൽ അവൻ വ്യാപൃ​ത​നാ​യി​രു​ന്നെന്ന്‌ നമുക്ക്‌ തീർച്ച​യാണ്‌

7, 8. (എ) രണ്ടു പതിറ്റാ​ണ്ടു​ക​ളി​ലെ ശുഷ്‌കാ​ന്തി​യോ​ടെ​യുള്ള സേവന​ത്തി​നു ശേഷം ശമുവേൽ ജനത്തിന്‌ എന്ത്‌ ഉപദേ​ശ​മാണ്‌ നൽകി​യത്‌? (ബി) ശമുവേൽ ഉറപ്പ്‌ കൊടു​ത്ത​പ്പോൾ ജനം എങ്ങനെ പ്രതി​ക​രി​ച്ചു?

7 ഏലിയു​ടെ പുത്ര​ന്മാ​രു​ടെ കടുത്ത സദാചാ​ര​ലം​ഘ​ന​വും ദുഷ്‌പ്ര​വൃ​ത്തി​ക​ളും ആളുക​ളു​ടെ വിശ്വാ​സം ക്രമേണ ചോർത്തി​ക്ക​ളഞ്ഞു. പലരും വിഗ്ര​ഹാ​രാ​ധ​ന​യി​ലേക്കു തിരി​യാൻ കാരണം അതായി​രി​ക്കാം. രണ്ടു പതിറ്റാ​ണ്ടു​കാ​ലം ഇസ്രാ​യേ​ല്യ​രെ ആത്മീയ​മാ​യി ഉണർവു​ള്ള​വ​രാ​ക്കി​യെ​ടു​ക്കാൻ കഠിനാ​ധ്വാ​നം ചെയ്‌ത ശമുവേൽ ഈ വാക്കുകൾ ജനത്തെ അറിയി​ക്കു​ന്നു: “നിങ്ങൾ പൂർണ്ണ​ഹൃ​ദ​യ​ത്തോ​ടെ യഹോ​വ​യി​ങ്ക​ലേക്കു തിരി​യു​ന്നു എങ്കിൽ അന്യ​ദൈ​വ​ങ്ങ​ളെ​യും അസ്‌തോ​രെത്ത്‌പ്ര​തിഷ്‌ഠ​ക​ളെ​യും നിങ്ങളു​ടെ ഇടയിൽനി​ന്നു നീക്കി​ക്ക​ളഞ്ഞു നിങ്ങളു​ടെ ഹൃദയ​ങ്ങളെ യഹോ​വ​യി​ങ്ക​ലേക്കു തിരി​ക്ക​യും അവനെ മാത്രം സേവി​ക്ക​യും ചെയ്‌വിൻ; എന്നാൽ അവൻ നിങ്ങളെ ഫെലിസ്‌ത്യ​രു​ടെ കയ്യിൽനി​ന്നു വിടു​വി​ക്കും.”—1 ശമൂ. 7:3.

8 ‘ഫെലിസ്‌ത്യ​രു​ടെ കൈ’ ജനത്തെ കഠിന​മാ​യി ഞെരുക്കി. ഇസ്രാ​യേ​ലി​ന്റെ സൈന്യ​ത്തിന്‌ കാര്യ​മായ തകർച്ച വരുത്തി​യി​രു​ന്ന​തി​നാൽ, ദൈവ​ജ​നത്തെ ഇനി എന്തും ചെയ്യാ​മെന്ന്‌ ഫെലിസ്‌ത്യർക്കു തോന്നി. എന്നാൽ യഹോ​വ​യി​ലേക്കു തിരി​ഞ്ഞാൽ അവരുടെ പരിതാ​പ​ക​ര​മായ അവസ്ഥയ്‌ക്ക്‌ മാറ്റമു​ണ്ടാ​കു​മെന്ന്‌ ശമുവേൽ ജനത്തിന്‌ ഉറപ്പു​കൊ​ടു​ത്തു. അവർക്കു സമ്മതമാ​യി​രു​ന്നോ? അവർ വിഗ്ര​ഹ​ങ്ങ​ളെ​ല്ലാം നീക്കി​ക്ക​ളഞ്ഞ്‌ “യഹോ​വയെ മാത്രം സേവിച്ചു”തുടങ്ങി. ശമു​വേ​ലിന്‌ സന്തോ​ഷ​മാ​യി. ശമുവേൽ ജനത്തെ മിസ്‌പ​യിൽ ഒരുമി​ച്ചു കൂട്ടി. യെരു​ശ​ലേ​മിന്‌ വടക്കു​മാ​റി​യുള്ള ഒരു മലയോ​ര​പ​ട്ട​ണ​മാ​യി​രു​ന്നു മിസ്‌പ. ജനമെ​ല്ലാം കൂടി​വന്ന്‌ ഉപവസി​ച്ചു. വിഗ്ര​ഹാ​രാ​ധ​ന​യോ​ടു ബന്ധപ്പെട്ട്‌ ചെയ്‌തു​കൂ​ട്ടിയ നിരവ​ധി​യായ പാപങ്ങ​ളെ​പ്രതി അവർ പശ്ചാത്ത​പി​ച്ചു.1 ശമൂവേൽ 7:4-6 വായി​ക്കുക.

ദൈവജനം പശ്ചാത്താ​പ​ത്തോ​ടെ ഒത്തുകൂ​ടി​യത്‌ അവരെ അടിച്ച​മർത്താ​നുള്ള അവസര​മാ​യി ഫെലിസ്‌ത്യർ കണ്ടു

9. ഫെലിസ്‌ത്യർ അവസരം മുതലാ​ക്കാൻ ശ്രമി​ച്ചത്‌ എങ്ങനെ, അപകടം തിരി​ച്ച​റിഞ്ഞ ജനം എന്തു ചെയ്‌തു?

9 ജനം ഒത്തുകൂ​ടി​യി​രി​ക്കു​ന്നെന്ന്‌ ഫെലിസ്‌ത്യർക്ക്‌ അറിവ്‌ കിട്ടി. ഇതുതന്നെ അവസരം, അവർ കണക്കു​കൂ​ട്ടി! യഹോ​വ​യു​ടെ ജനത്തെ ഒന്നാകെ മുടി​ച്ചു​ക​ള​യാൻ അവർ മിസ്‌പ​യി​ലേക്കു സൈന്യ​ത്തെ അയച്ചു. അടുത്തു​കൊ​ണ്ടി​രുന്ന അപകട​ത്തെ​ക്കു​റിച്ച്‌ ഇസ്രാ​യേൽ ജനം കേട്ടു. ഭീതി​യി​ലാണ്ട ജനം ശമു​വേ​ലി​നോട്‌ അവർക്കു​വേണ്ടി പ്രാർഥി​ക്കാൻ അപേക്ഷി​ച്ചു. അവൻ പ്രാർഥി​ച്ചു, ഒപ്പം ഒരു യാഗവും അർപ്പിച്ചു. ആ വിശു​ദ്ധ​യാ​ഗം നടന്നു​കൊ​ണ്ടി​രി​ക്കു​മ്പോൾത്തന്നെ ഫെലിസ്‌ത്യ​സൈ​ന്യം അവരോട്‌ പടയ്‌ക്ക്‌ അടുത്തു. അപ്പോൾ യഹോവ ശമു​വേ​ലി​ന്റെ പ്രാർഥ​നയ്‌ക്ക്‌ ഉത്തരമ​രു​ളി. “യഹോവ അന്നു ഫെലിസ്‌ത്യ​രു​ടെ​മേൽ വലിയ ഇടിമു​ഴക്കി.” ഫലത്തിൽ, യഹോ​വ​യു​ടെ ധർമ​രോ​ഷം ആ മേഘഗർജ​ന​ത്തി​ലൂ​ടെ വെളി​പ്പെ​ടു​ക​യാ​യി​രു​ന്നു!—1 ശമൂ. 7:7-10.

10, 11. (എ) ഫെലിസ്‌ത്യ​സൈ​ന്യ​ത്തി​നെ​തി​രെ യഹോവ കേൾപ്പിച്ച ഇടിമു​ഴക്കം അസാധാ​ര​ണ​മാ​യി​രു​ന്നെന്ന്‌ പറയാ​വു​ന്നത്‌ എന്തു​കൊണ്ട്‌? (ബി) മിസ്‌പ​യി​ലെ യുദ്ധത്തി​നു ശേഷം സ്ഥിതി​ഗ​തി​കൾക്ക്‌ എങ്ങനെ മാറ്റം വന്നു?

10 ഒരു ഇടിമു​ഴക്കം കേട്ടാൽ ഭയന്ന്‌, വെപ്രാ​ള​പ്പെട്ട്‌ അമ്മയുടെ പിന്നിൽ ഒളിക്കുന്ന കൊച്ചു​കു​ട്ടി​ക​ളെ​പ്പോ​ലെ ആയിരു​ന്നോ ഈ ഫെലിസ്‌ത്യർ? നിങ്ങൾക്ക്‌ എന്തു തോന്നു​ന്നു? ശത്രു​ക്കളെ കൊന്നും കൊല​വി​ളി​ച്ചും തഴമ്പിച്ച പരുക്കൻ പടയാ​ളി​ക​ളാ​യി​രു​ന്നു അവർ. അങ്ങനെ​യു​ള്ളവർ ഭയപ്പെ​ട​ണ​മെ​ങ്കിൽ ഈ ഇടിമു​ഴക്കം അവർ ജീവി​ത​ത്തിൽ ഒരിക്ക​ലും കേട്ടി​രി​ക്കാൻ ഇടയി​ല്ലാത്ത ഭീകര​മായ ശബ്ദമാ​യി​രി​ക്കണം. ഇടിമു​ഴ​ക്ക​ത്തി​ന്റെ കാതട​പ്പി​ക്കുന്ന ശബ്ദമാ​ണോ അവരെ ഭയപ്പെ​ടു​ത്തി​യത്‌? ഇനി, ഒട്ടും പ്രതീ​ക്ഷി​ക്കാ​തെ തെളിഞ്ഞ നീലാ​കാ​ശ​ത്തു​നി​ന്നാ​ണോ അതു വന്നത്‌? അതോ, കർണക​ഠോ​ര​മായ ഇടിനാ​ദം മലനി​ര​ക​ളിൽനിന്ന്‌ പ്രതി​ധ്വ​നി​ക്കു​ന്നതു കേട്ട്‌, അത്‌ എന്താ​ണെന്നു മനസ്സി​ലാ​കാ​തെ അവർ ഭ്രമി​ച്ചു​പോ​യ​താ​ണോ? എന്തായി​രു​ന്നാ​ലും ഫെലിസ്‌ത്യ​പ്പട ഒന്നടങ്കം ഞെട്ടി​വി​റച്ചു. അവരാകെ സംഭ്രാ​ന്ത​രാ​യി! അവസരം പാഴാ​ക്കാ​തെ ഇസ്രാ​യേ​ല്യ​യോ​ദ്ധാ​ക്കൾ മിസ്‌പ​യിൽനിന്ന്‌ ഒരു പ്രവാ​ഹം​പോ​ലെ ശത്രു​ക്ക​ളു​ടെ നേരെ പാഞ്ഞടു​ത്തു. അവരെ ഓടിച്ച്‌, യെരു​ശ​ലേ​മിന്‌ തെക്കോട്ട്‌ മൈലു​ക​ളോ​ളം പിന്തു​ടർന്ന്‌ സംഹരി​ച്ചു. എത്ര പെട്ടെ​ന്നാണ്‌ വേട്ടക്കാർ ഇരകളാ​യി മാറി​യത്‌!—1 ശമൂ. 7:11.

11 ദൈവ​ജ​ന​ത്തിന്‌ ആ യുദ്ധം ഒരു വഴിത്തി​രി​വാ​യി​രു​ന്നു. പിന്നീ​ട​ങ്ങോട്ട്‌, ശമുവേൽ ന്യായ​പാ​ലനം ചെയ്‌തി​രുന്ന കാല​ത്തെ​ല്ലാം ഫെലിസ്‌ത്യർ പിൻവാ​ങ്ങി​ക്കൊ​ണ്ടി​രു​ന്നു. പട്ടണങ്ങ​ളെ​ല്ലാം ഓരോ​ന്നാ​യി ദൈവ​ജനം തിരി​ച്ചു​പി​ടി​ച്ചു.—1 ശമൂ. 7:13, 14.

12. ശമുവേൽ “നീതി നടപ്പാക്കി”യെന്നു പറയു​ന്ന​തി​ന്റെ അർഥ​മെന്ത്‌, കർമോ​ത്സു​ക​നാ​യി​രി​ക്കാൻ അവനെ സഹായിച്ച ഗുണങ്ങൾ ഏവ?

12 പല നൂറ്റാ​ണ്ടു​കൾ കഴിഞ്ഞ്‌, പൗലോസ്‌ അപ്പൊസ്‌തലൻ ശമു​വേ​ലി​നെ, “നീതി നടപ്പാക്കി”യ വിശ്വസ്‌ത​രായ ന്യായാ​ധി​പ​ന്മാ​രു​ടെ​യും പ്രവാ​ച​ക​ന്മാ​രു​ടെ​യും ഗണത്തിൽപ്പെ​ടു​ത്തി സംസാ​രി​ച്ചു. (എബ്രാ. 11:32, 33) ദൈവ​ദൃ​ഷ്ടി​യിൽ നല്ലതും നീതി​യാ​യ​തും ആയ കാര്യങ്ങൾ ശമുവേൽ ചെയ്‌തു. അങ്ങനെ ചെയ്യാൻ മറ്റുള്ള​വരെ ഉത്സാഹി​പ്പി​ക്കു​ക​യും ചെയ്‌തു. മനസ്സി​ടി​ച്ചു​ക​ള​യുന്ന കാര്യ​ങ്ങൾക്കി​ട​യി​ലും അവൻ തന്റെ ചുമത​ല​ക​ളിൽ വ്യാപൃ​ത​നാ​യി, അവൻ യഹോ​വയ്‌ക്കാ​യി ക്ഷമയോ​ടെ കാത്തി​രു​ന്നു. അങ്ങനെ അവൻ കർമോ​ത്സു​ക​നാ​യി ജീവിച്ചു. നന്ദി കാണി​ക്കാ​നും അവൻ മറന്നില്ല. മിസ്‌പ​യി​ലെ വിജയ​ത്തി​നു​ശേഷം, യഹോവ തന്റെ ജനത്തെ സഹായി​ച്ച​തി​ന്റെ ഓർമയ്‌ക്കാ​യി അവൻ ഒരു കല്ലെടുത്ത്‌ നാട്ടി​യത്‌ അതിന്‌ ഉദാഹ​ര​ണ​മാണ്‌.—1 ശമൂ. 7:12.

13. (എ) ശമു​വേ​ലി​നെ അനുക​രി​ക്ക​ണ​മെ​ങ്കിൽ നമുക്ക്‌ ആവശ്യ​മായ ഗുണങ്ങൾ ഏവ? (ബി) ശമു​വേ​ലി​ന്റേ​തു​പോ​ലുള്ള സദ്‌ഗു​ണങ്ങൾ വളർത്തി​യെ​ടു​ക്കാൻ പറ്റിയ സമയം ഏതാ​ണെ​ന്നാണ്‌ നിങ്ങൾ കരുതു​ന്നത്‌?

13 ‘നീതി നടപ്പാ​ക്കാൻ’ നിങ്ങൾക്ക്‌ ആഗ്രഹ​മു​ണ്ടോ? ഉണ്ടെങ്കിൽ ശമു​വേ​ലി​ന്റെ ക്ഷമയും താഴ്‌മ​യും അനുക​രി​ക്കുക. അവനെ​പ്പോ​ലെ നന്ദിയു​ള്ള​വ​രാ​യി​രി​ക്കുക. (1 പത്രോസ്‌ 5:6 വായി​ക്കുക.) ഈ ഗുണങ്ങൾ നമു​ക്കെ​ല്ലാം വേണ്ടതല്ലേ? ചെറു​പ്പ​ത്തിൽത്തന്നെ ഈ സദ്‌ഗു​ണങ്ങൾ പഠി​ച്ചെ​ടു​ക്കു​ക​യും പ്രകടി​പ്പി​ക്കു​ക​യും ചെയ്‌തത്‌ ശമു​വേ​ലിന്‌ ഏറെ ഗുണം ചെയ്‌തു. കാരണം, പിൽക്കാ​ലത്ത്‌ അങ്ങേയറ്റം നിരാ​ശ​പ്പെ​ടു​ത്തുന്ന അനുഭ​വ​ങ്ങ​ളി​ലൂ​ടെ​യാണ്‌ അവൻ കടന്നു​പോ​യത്‌.

“നിന്റെ പുത്ര​ന്മാർ നിന്റെ വഴിയിൽ നടക്കു​ന്നില്ല”

14, 15. (എ) വൃദ്ധനാ​യ​ശേഷം, കടുത്ത നിരാ​ശയ്‌ക്കി​ട​യാ​ക്കിയ എന്താണ്‌ ശമു​വേ​ലി​ന്റെ ജീവി​ത​ത്തി​ലു​ണ്ടാ​യത്‌? (ബി) ശമുവേൽ ഏലി​യെ​പ്പോ​ലെ നിന്ദാർഹ​നായ ഒരു പിതാ​വാ​യി​രു​ന്നോ? വിശദീ​ക​രി​ക്കുക.

14 ഇനി നമ്മൾ കാണു​ന്നത്‌ വൃദ്ധനായ ശമു​വേ​ലി​നെ​യാണ്‌. അപ്പോ​ഴേ​ക്കും ശമു​വേ​ലി​ന്റെ രണ്ടു പുത്ര​ന്മാർ മുതിർന്നു​ക​ഴി​ഞ്ഞി​രു​ന്നു. യോവേൽ എന്നും അബീയാവ്‌ എന്നും ആയിരു​ന്നു അവരുടെ പേരുകൾ. ന്യായ​പാ​ല​ന​ത്തിന്‌ തന്നെ സഹായി​ക്കാ​നുള്ള ഉത്തരവാ​ദി​ത്വം അവൻ അവർക്കു നൽകി​യി​രു​ന്നു. ഖേദക​ര​മെന്നു പറയട്ടെ, അവർ വിശ്വാ​സ​യോ​ഗ്യ​രാ​യി​രു​ന്നില്ല. ശമുവേൽ സത്യസ​ന്ധ​നും നീതി​മാ​നും ആയിരു​ന്നു. പക്ഷേ അവന്റെ ഈ പുത്ര​ന്മാ​രാ​കട്ടെ, അവരുടെ പദവി സ്വന്തം ലാഭങ്ങൾക്കു​വേണ്ടി ദുരു​പ​യോ​ഗം ചെയ്‌തു. അവർ ന്യായം മറിച്ചു​ക​ള​യു​ക​യും കൈക്കൂ​ലി​വാ​ങ്ങു​ക​യും ചെയ്‌തു​പോ​ന്നു.—1 ശമൂ. 8:1-3.

15 ഒരു ദിവസം ഇസ്രാ​യേ​ലി​ലെ മൂപ്പന്മാർ പരാതി​യു​മാ​യി വൃദ്ധ​പ്ര​വാ​ച​ക​നായ ശമു​വേ​ലി​നെ സമീപി​ച്ചു. “നിന്റെ പുത്ര​ന്മാർ നിന്റെ വഴിയിൽ നടക്കു​ന്നില്ല” എന്ന്‌ അവർ അവനെ അറിയി​ച്ചു. (1 ശമൂ. 8:4, 5) ശമു​വേ​ലിന്‌ ഇക്കാര്യം അറിയാ​മാ​യി​രു​ന്നോ? വിവരണം അതേപ്പറ്റി ഒന്നും പറയു​ന്നില്ല. എന്തായാ​ലും, ഏലി​യെ​പ്പോ​ലെ ചുമത​ല​ക​ളിൽ ഗുരു​ത​ര​മായ വീഴ്‌ച വരുത്തുന്ന ഒരു പിതാ​വാ​യി​രു​ന്നില്ല ശമുവേൽ. പുത്ര​ന്മാ​രു​ടെ ദുഷ്‌കൃ​ത്യ​ങ്ങൾ തിരുത്തി അവരെ നേർവ​ഴി​ക്കു കൊണ്ടു​വ​രാ​തി​രു​ന്ന​തി​നും അവരെ ദൈവ​ത്തെ​ക്കാ​ള​ധി​കം ബഹുമാ​നി​ച്ച​തി​നും ഏലിയെ ദൈവം ശാസി​ക്കു​ക​യും പിന്നീട്‌ ശിക്ഷി​ക്കു​ക​യും ചെയ്‌തു. (1 ശമൂ. 2:27-29) എന്നാൽ, ശമു​വേ​ലിൽ യഹോവ ഇങ്ങനെ​യുള്ള കുറ്റങ്ങ​ളൊ​ന്നും കണ്ടില്ല.

പുത്രന്മാർ വഴി​തെ​റ്റി​പ്പോയ സങ്കടക​ര​മായ സാഹച​ര്യ​ത്തിൽ ശമുവേൽ പിടി​ച്ചു​നി​ന്നത്‌ എങ്ങനെ?

16. മക്കൾ മത്സരി​ക​ളാ​യാൽ മാതാ​പി​താ​ക്ക​ളു​ടെ മാനസി​കാ​വസ്ഥ എന്തായി​രി​ക്കും, അങ്ങനെ​യുള്ള അച്ഛനമ്മ​മാർക്ക്‌ ശമു​വേ​ലി​ന്റെ ജീവി​ത​ത്തിൽനിന്ന്‌ എന്ത്‌ ആശ്വാ​സ​വും പാഠവും ഉൾക്കൊ​ള്ളാ​നാ​കും?

16 മക്കളുടെ പെരു​മാ​റ്റ​ദൂ​ഷ്യ​ത്തെ​ക്കു​റിച്ച്‌ അറിഞ്ഞ ശമു​വേ​ലി​ന്റെ മാനസി​കാ​വസ്ഥ നിങ്ങൾക്ക്‌ ഊഹി​ക്കാ​നാ​കു​ന്നു​ണ്ടോ? നാണ​ക്കേ​ടും ഉത്‌കണ്‌ഠ​യും നിരാ​ശ​യും ആ വൃദ്ധമ​ന​സ്സി​നെ വല്ലാതെ വേദനി​പ്പി​ച്ചി​രി​ക്കി​ല്ലേ? അക്കാര്യ​ങ്ങൾ ബൈബിൾ വെളി​പ്പെ​ടു​ത്തു​ന്നില്ല. പക്ഷേ, ഇന്നുള്ള അച്ഛനമ്മ​മാ​രിൽ നിരവ​ധി​പ്പേർക്ക്‌ ശമു​വേ​ലി​ന്റെ മാനസി​കാ​വസ്ഥ നന്നായി മനസ്സി​ലാ​കും. ഇന്നത്തെ ഇരുണ്ട ലോക​ത്തിൽ, മാതാ​പി​താ​ക്ക​ളു​ടെ അധികാ​ര​ത്തോ​ടും ശിക്ഷണ​ത്തോ​ടും മക്കൾ മറുത​ലി​ക്കു​ന്നത്‌ ഒരു പകർച്ച​വ്യാ​ധി​പോ​ലെ വ്യാപ​ക​മാണ്‌. (2 തിമൊ​ഥെ​യൊസ്‌ 3:1-5 വായി​ക്കുക.) മക്കളുടെ ആ പ്രവൃത്തി മാതാ​പി​താ​ക്കൾക്ക്‌ എത്ര കടുത്ത മനോ​വേ​ദ​ന​യാണ്‌ വരുത്തി​വെ​ക്കു​ന്നത്‌! അങ്ങനെ​യുള്ള അച്ഛനമ്മ​മാർക്ക്‌ ശമു​വേ​ലി​ന്റെ അനുഭ​വ​ത്തിൽനിന്ന്‌ ഒരള​വോ​ളം ആശ്വാ​സം​കൊ​ള്ളാ​നാ​കും, ചില​തൊ​ക്കെ പഠിക്കാ​നു​മാ​കും. പുത്ര​ന്മാ​രു​ടെ കൊള്ള​രു​തായ്‌മകൾ തന്റെ നീതി​നിഷ്‌ഠ​മായ ജീവി​ത​ഗ​തി​യെ അണുവി​ട​പോ​ലും വ്യതി​ച​ലി​പ്പി​ക്കാൻ ശമുവേൽ സമ്മതി​ച്ചില്ല. കാര്യങ്ങൾ പറഞ്ഞു​കൊ​ടു​ത്തും നിയ​ന്ത്രി​ച്ചും ശാസി​ച്ചും ശിക്ഷി​ച്ചും ഒക്കെ നോക്കി​യി​ട്ടും നിങ്ങളു​ടെ മക്കൾ കൂടു​തൽക്കൂ​ടു​തൽ കഠിന​ഹൃ​ദ​യ​രാ​കു​ന്നെ​ങ്കി​ലോ? അച്ഛനമ്മ​മാ​രായ നിങ്ങൾ അപ്പോ​ഴും വെക്കുന്ന നല്ല മാതൃക സമർഥ​നായ ഒരു അധ്യാ​പ​കന്റെ ഫലം ചെയ്യു​മെന്ന കാര്യം മറക്കരുത്‌! മാതാ​പി​താ​ക്കളേ, ഇത്തരം സാഹച​ര്യ​ങ്ങ​ളിൽ നിങ്ങൾ ഓർക്കേണ്ട ഒരു കാര്യ​മുണ്ട്‌: നിങ്ങളും മക്കളാ​ണെന്ന കാര്യം, യഹോവ എന്ന പിതാ​വി​ന്റെ മക്കൾ! ആ പിതാ​വിന്‌ നിങ്ങ​ളെ​ക്കു​റിച്ച്‌ അഭിമാ​നം തോന്നുന്ന വിധത്തിൽ നിങ്ങൾ ജീവി​ക്കുക. ശമുവേൽ അതാണ്‌ ചെയ്‌തത്‌.

‘ഞങ്ങൾക്ക്‌ ഒരു രാജാ​വി​നെ നിയമി​ച്ചു​ത​രണം’

17. ശമു​വേ​ലി​നോട്‌ മൂപ്പന്മാർ ഉന്നയിച്ച ആവശ്യം എന്തായി​രു​ന്നു, അവൻ എങ്ങനെ പ്രതി​ക​രി​ച്ചു?

17 ശമു​വേ​ലി​ന്റെ അടുക്ക​ലെ​ത്തിയ ഇസ്രാ​യേ​ലി​ലെ മൂപ്പന്മാർ പിന്നെ പറഞ്ഞത്‌ ഇതാണ്‌: “സകല ജാതി​കൾക്കു​മു​ള്ള​തു​പോ​ലെ ഞങ്ങളെ ഭരി​ക്കേ​ണ്ട​തി​ന്നു ഞങ്ങൾക്കു ഒരു രാജാ​വി​നെ നിയമി​ച്ചു”തരുക. തങ്ങളുടെ അത്യാർത്തി​യും സ്വാർഥ​ത​യും കാരണം കാര്യങ്ങൾ ഇങ്ങനെ​യൊ​ക്കെ​യാ​യി​ത്തീ​രു​മെന്ന്‌ ശമു​വേ​ലി​ന്റെ പുത്ര​ന്മാർ ഒരിക്ക​ലും വിചാ​രി​ച്ചി​ട്ടു​ണ്ടാ​വില്ല. മൂപ്പന്മാ​രു​ടെ ഈ ആവശ്യം കേട്ട​പ്പോൾ, തന്നെ ഇനി വേണ്ടെന്ന്‌ അവർ പറയു​ക​യാ​ണെന്ന്‌ ശമു​വേ​ലി​നു തോന്നി​യോ? പതിറ്റാ​ണ്ടു​ക​ളാ​യി യഹോ​വയ്‌ക്കു​വേണ്ടി അവൻ ജനത്തിന്‌ ന്യായ​പാ​ലനം ചെയ്‌തു​വ​രു​ക​യാണ്‌. ഇപ്പോൾ ജനം ചോദി​ക്കു​ന്നത്‌ ന്യായ​പാ​ല​ന​ത്തിന്‌ ഒരു രാജാ​വി​നെ​യാണ്‌, ശമു​വേ​ലി​നെ​പ്പോ​ലെ വെറു​മൊ​രു പ്രവാ​ച​ക​നെയല്ല. ചുറ്റു​മുള്ള സകല ജനതകൾക്കും രാജാ​വുണ്ട്‌, അങ്ങനെ​യൊ​രു നായകനെ തങ്ങൾക്കും വേണം, അതായി​രു​ന്നു ഇസ്രാ​യേ​ല്യ​രു​ടെ ആവശ്യം. ശമു​വേ​ലിന്‌ എന്തു തോന്നി? “അവർ പറഞ്ഞ കാര്യം ശമൂ​വേ​ലി​ന്നു അനിഷ്ട​മാ​യി.”—1 ശമൂ. 8:5, 6.

18. യഹോവ ശമു​വേ​ലി​നെ ആശ്വസി​പ്പി​ച്ച​തും, അതേസ​മയം ഇസ്രാ​യേ​ലി​ന്റെ പാപത്തി​ന്റെ ഗൗരവം അവർക്കു മനസ്സി​ലാ​ക്കി​ക്കൊ​ടു​ത്ത​തും എങ്ങനെ?

18 ശമുവേൽ ഇക്കാര്യ​വു​മാ​യി യഹോ​വ​യു​ടെ സന്നിധി​യിൽ ചെന്നു. യഹോവ മറുപടി പറഞ്ഞത്‌ എങ്ങനെ​യാ​ണെന്നു നോക്കൂ: “ജനം നിന്നോ​ടു പറയുന്ന സകലത്തി​ലും അവരുടെ അപേക്ഷ കേൾക്ക; അവർ നിന്നെയല്ല, ഞാൻ അവരെ ഭരിക്കാ​ത​വണ്ണം എന്നെയാ​കു​ന്നു ത്യജി​ച്ചി​രി​ക്കു​ന്നത്‌.” യഹോ​വ​യു​ടെ വാക്കുകൾ ശമു​വേ​ലിന്‌ ആശ്വാ​സ​മാ​യി. പക്ഷേ ഒന്നോർത്തു​നോ​ക്കൂ, ആ ജനം സർവശ​ക്ത​നോ​ടു കാണിച്ച എത്ര കടുത്ത അനാദ​ര​വാ​യി​രു​ന്നു അത്‌! ഒരു മനുഷ്യ​രാ​ജാ​വു​ണ്ടാ​യാൽ ജനം ഒടു​ക്കേ​ണ്ടി​വ​രുന്ന വില എത്ര കനത്തതാ​യി​രി​ക്കു​മെന്ന്‌ ജനത്തിനു മുന്നറി​യി​പ്പു കൊടു​ക്കാൻ യഹോവ തന്റെ പ്രവാ​ച​ക​നായ ശമു​വേ​ലി​നോ​ടു പറഞ്ഞു. യഹോ​വ​യു​ടെ ആജ്ഞപോ​ലെ ശമുവേൽ ജനത്തോട്‌ എല്ലാം വിവരി​ച്ചു. പക്ഷേ, ജനം ശാഠ്യം​പി​ടി​ച്ചു. “അല്ല, ഞങ്ങൾക്കു ഒരു രാജാവു വേണം,” അവർ പറഞ്ഞു. തന്റെ ദൈവത്തെ എന്നും അനുസ​രി​ച്ചു​പോന്ന ശമുവേൽ, യഹോവ തിര​ഞ്ഞെ​ടുത്ത പുരു​ഷനെ രാജാ​വാ​യി അഭി​ഷേകം ചെയ്‌തു.—1 ശമൂ. 8:7-19.

19, 20. (എ) ശൗലിനെ ഇസ്രാ​യേ​ലി​നു രാജാ​വാ​യി അഭി​ഷേകം ചെയ്യാ​നുള്ള യഹോ​വ​യു​ടെ നിർദേശം ശമുവേൽ ഏതെല്ലാം വിധങ്ങ​ളിൽ അനുസ​രി​ച്ചു? (ബി) യഹോ​വ​യു​ടെ ജനത്തെ ശമുവേൽ തുടർന്നും സഹായി​ച്ചത്‌ എങ്ങനെ?

19 ശമുവേൽ അനുസ​രി​ച്ചെന്നു നമ്മൾ കണ്ടു. എങ്ങനെ​യാണ്‌ അവൻ അനുസ​രി​ച്ചത്‌? മുറു​മു​റു​ത്തു​കൊ​ണ്ടാ​ണോ, മനസ്സി​ല്ലാ​മ​ന​സ്സോ​ടെ​യാ​ണോ? നിരാശ ഹൃദയത്തെ വിഷലിപ്‌ത​മാ​ക്കാ​നും അങ്ങനെ നീരസം വേരു​പി​ടി​ക്കാ​നും അവൻ അനുവ​ദി​ച്ചോ? ഇത്തര​മൊ​രു സാഹച​ര്യ​ത്തിൽ പലരും അങ്ങനെ​യാണ്‌ പ്രതി​ക​രി​ക്കാറ്‌. പക്ഷേ ശമുവേൽ അങ്ങനെ​യാ​യി​രു​ന്നില്ല. അവൻ ശൗലിനെ അഭി​ഷേകം ചെയ്‌തിട്ട്‌ യഹോവ തിര​ഞ്ഞെ​ടുത്ത പുരുഷൻ ഇവനാ​ണെന്ന്‌ അംഗീ​ക​രിച്ച്‌ പറഞ്ഞു. ശമുവേൽ ശൗലിനെ ചുംബി​ച്ചു. പുതിയ രാജാ​വി​നെ സ്വാഗതം ചെയ്‌ത്‌ അവനോ​ടുള്ള കൂറും വിധേ​യ​ത്വ​വും പ്രഖ്യാ​പി​ക്കു​ന്ന​തി​ന്റെ അടയാ​ള​മാ​യി​രു​ന്നു ഈ ചുംബനം. എന്നിട്ട്‌ ശമുവേൽ ജനത്തോട്‌ ഇങ്ങനെ പറഞ്ഞു: “യഹോവ തിര​ഞ്ഞെ​ടു​ത്ത​വനെ നിങ്ങൾ കാണു​ന്നു​വോ? സർവ്വജ​ന​ത്തി​ലും അവനെ​പ്പോ​ലെ ഒരുത്ത​നും ഇല്ലല്ലോ.”—1 ശമൂ. 10:1, 24.

20 യഹോവ തിര​ഞ്ഞെ​ടുത്ത മനുഷ്യ​ന്റെ നന്മകളാണ്‌ ശമുവേൽ നോക്കി​യത്‌, അല്ലാതെ കുറവു​കളല്ല. സ്വന്തകാ​ര്യ​ത്തി​ലും അവൻ അതുത​ന്നെ​യാണ്‌ ചെയ്‌തത്‌. ദൈവ​മു​മ്പാ​കെ തനിക്കുള്ള വിശ്വസ്‌ത​രേ​ഖ​യി​ലാണ്‌ അവൻ മനസ്സു പതിപ്പി​ച്ചത്‌. അല്ലാതെ അഭി​പ്രാ​യ​സ്ഥി​ര​ത​യി​ല്ലാത്ത ആളുക​ളു​ടെ അംഗീ​കാ​രം ലഭിക്കു​ന്ന​തി​ലല്ല. (1 ശമൂ. 12:1-4) മാത്രമല്ല, ദൈവ​ജ​ന​ത്തി​നു വരാവുന്ന ആത്മീയ അപകട​ങ്ങ​ളെ​ക്കു​റിച്ച്‌ അവർക്കു മനസ്സി​ലാ​ക്കി​ക്കൊ​ടു​ക്കു​ക​യും യഹോ​വ​യോ​ടു വിശ്വസ്‌തത പാലി​ക്കാൻ അവരെ ഉത്സാഹി​പ്പി​ക്കു​ക​യും ചെയ്‌തു​കൊണ്ട്‌ തന്നെ ഏൽപ്പിച്ച നിയമനം അവൻ ഭംഗി​യാ​യി നിർവ​ഹി​ച്ചു​കൊ​ണ്ടി​രു​ന്നു. അവന്റെ ഉപദേ​ശങ്ങൾ അവരുടെ ഉള്ളിൽത്തട്ടി. അവർക്കു​വേണ്ടി പ്രാർഥി​ക്കാൻ അവർ അവനോട്‌ അപേക്ഷി​ച്ചു. അപ്പോൾ ശമുവേൽ അതീവ​ഹൃ​ദ്യ​മായ ഒരു മറുപടി നൽകി: “ഞാനോ നിങ്ങൾക്കു​വേണ്ടി പ്രാർത്ഥി​ക്കാ​തി​രി​ക്കു​ന്ന​തി​നാൽ യഹോ​വ​യോ​ടു പാപം ചെയ്‌വാൻ ഇടവര​രു​തേ; ഞാൻ നിങ്ങൾക്കു നല്ലതും ചൊവ്വു​ള്ള​തു​മായ വഴി ഉപദേ​ശി​ക്കും.”—1 ശമൂ. 12:21-24.

അസൂയയും നീരസ​വും ഹൃദയ​ത്തിൽ വേര്‌ പടർത്താൻ ഒരിക്ക​ലും ഇടനൽക​രു​തെന്ന്‌ ശമു​വേ​ലി​ന്റെ മാതൃക നമ്മെ ഓർമി​പ്പി​ക്കു​ന്നു

21. ഏതെങ്കി​ലും പദവി​യി​ലേ​ക്കോ സ്ഥാന​ത്തേ​ക്കോ നിങ്ങൾക്കു പകരം വേറൊ​രാ​ളെ തിര​ഞ്ഞെ​ടു​ത്ത​പ്പോൾ നിരാശ തോന്നി​യി​ട്ടു​ണ്ടെ​ങ്കിൽ ശമു​വേ​ലി​ന്റെ മാതൃക നിങ്ങളെ സഹായി​ക്കു​ന്നത്‌ എങ്ങനെ?

21 ഏതെങ്കി​ലും പദവി​യി​ലേ​ക്കോ സ്ഥാന​ത്തേ​ക്കോ നിങ്ങൾക്കു പകരം വേറൊ​രാ​ളെ തിര​ഞ്ഞെ​ടു​ത്ത​പ്പോൾ നിങ്ങൾക്ക്‌ നിരാശ തോന്നി​യി​ട്ടു​ണ്ടോ? അങ്ങനെ തോന്നി​യി​ട്ടു​ണ്ടെ​ങ്കിൽ, ശമു​വേ​ലി​ന്റെ ജീവി​ത​മാ​തൃ​ക​യിൽ നമു​ക്കൊ​രു ശക്തമായ പാഠമുണ്ട്‌: അസൂയ​യും നീരസ​വും ഹൃദയ​ത്തിൽ വേരു പിടി​ക്കാൻ ഒരിക്ക​ലും ഇടനൽക​രു​തെന്ന പാഠം! (സദൃശ​വാ​ക്യ​ങ്ങൾ 14:30 വായി​ക്കുക.) തന്റെ എല്ലാ വിശ്വസ്‌ത​ദാ​സ​ന്മാർക്കും നൽകാൻ ദൈവ​ത്തി​ന്റെ പക്കൽ ധാരാളം വേലയുണ്ട്‌. ചെയ്യു​ന്ന​വർക്കെ​ല്ലാം തികഞ്ഞ സംതൃപ്‌തി​യും ചാരി​താർഥ്യ​വും പകരു​ന്ന​താ​യി​രി​ക്കും ഓരോ വേലയും!

“നീ അവനെ​ക്കു​റി​ച്ചു എത്ര​ത്തോ​ളം ദുഃഖി​ക്കും?”

22. ആദ്യകാ​ലത്ത്‌ ശൗലിനെ ശമുവേൽ വിലയി​രു​ത്തി​യത്‌ തികച്ചും ശരിയാ​യി​രു​ന്നത്‌ എന്തു​കൊണ്ട്‌?

22 ശൗൽ എല്ലാം​കൊ​ണ്ടും നല്ല ഒരു വ്യക്തി​യാ​യി ശമു​വേ​ലി​നു തോന്നി​യ​തിൽ ഒരു തെറ്റു​മില്ല. കാരണം, അവൻ അത്രയ്‌ക്ക്‌ യോഗ്യ​നാ​യി​രു​ന്നു. ഒത്ത പൊക്ക​മുള്ള, കാഴ്‌ചയ്‌ക്ക്‌ സുമു​ഖ​നായ ചെറു​പ്പ​ക്കാ​രൻ! ധീരൻ, കരുത​ലോ​ടെ ഇടപെ​ടാൻ അറിയാ​വു​ന്നവൻ! ശമുവേൽ ആദ്യം അവനെ കാണു​മ്പോൾ ആകർഷ​ക​മായ ചില ഗുണങ്ങ​ളും അവനു​ണ്ടാ​യി​രു​ന്നു: എളിമ​യും, വിനയ​ശീ​ല​വും. (1 ശമൂ. 10:22, 23, 27) ഈ ഗുണങ്ങൾക്കു പുറമേ, എല്ലാവർക്കു​മു​ള്ള​തു​പോ​ലെ ഇച്ഛാസ്വാ​ത​ന്ത്ര്യം എന്ന അമൂല്യ​മായ പ്രാപ്‌തി​യും അവനു​ണ്ടാ​യി​രു​ന്നു. എന്നു​വെ​ച്ചാൽ, സ്വന്തം ജീവി​ത​ഗതി തിര​ഞ്ഞെ​ടു​ക്കാ​നും സ്വയം തീരു​മാ​ന​മെ​ടു​ക്കാ​നും ഉള്ള പ്രാപ്‌തി. (ആവ. 30:19) ആ വരദാനം അവൻ ശരിയാ​യി വിനി​യോ​ഗി​ച്ചോ?

23. ഏത്‌ വിശി​ഷ്ട​ഗു​ണ​മാണ്‌ ശൗലിന്‌ ആദ്യം നഷ്ടമാ​യത്‌, ഉള്ളിൽ അഹങ്കാരം വളരു​ക​യാ​ണെന്ന്‌ അവൻ തെളി​യി​ച്ചത്‌ എങ്ങനെ?

23 പലപ്പോ​ഴും സംഭവി​ക്കുന്ന ഖേദക​ര​മായ ഒരു കാര്യ​മുണ്ട്‌: പുത്തനാ​യി ലഭിച്ച അധികാ​ര​ത്തി​ന്റെ സുഖമുള്ള ഇളവെ​യിൽ കാഞ്ഞ്‌ സ്വയം മറന്നി​രി​ക്കു​മ്പോൾ ഒരുവ​നിൽനിന്ന്‌ ആദ്യം ഉരുകി​യൊ​ലി​ച്ചു​പോ​കുന്ന ഗുണം എളിമ​യാണ്‌. ശൗലി​നും അതാണ്‌ സംഭവി​ച്ചത്‌. ക്രമേണ അവൻ അഹങ്കാ​രി​യാ​യി​ത്തീർന്നു. യഹോ​വ​യു​ടെ കല്‌പ​നകൾ ശമുവേൽ അവനു കൈമാ​റി​യ​പ്പോൾ അവൻ അനുസ​രി​ക്കാൻ കൂട്ടാ​ക്കി​യില്ല. ഒരു അവസര​ത്തിൽ, ക്ഷമ നശിച്ച ശൗൽ ശമുവേൽ അർപ്പി​ക്കേ​ണ്ടി​യി​രുന്ന ഒരു യാഗം സ്വയം അർപ്പി​ക്കാൻപോ​ലും മടിച്ചില്ല. ശമുവേൽ അവന്‌ ശക്തമായ തിരുത്തൽ നൽകു​ക​യും രാജസ്ഥാ​നം അവന്റെ കുടും​ബ​ത്തിൽ നിലനിൽക്കു​ക​യി​ല്ലെന്ന്‌ മുന്നറി​യി​പ്പു കൊടു​ക്കു​ക​യും ചെയ്‌തു. ഈ ശിക്ഷണം​കൊണ്ട്‌ പാഠം പഠിക്കാ​തെ ശൗൽ കടുത്ത അനുസ​ര​ണ​ക്കേട്‌ കാണി​ച്ചു​കൊ​ണ്ടേ​യി​രു​ന്നു.—1 ശമൂ. 13:8, 9, 13, 14.

24. (എ) അമാ​ലേ​ക്യ​രു​മാ​യുള്ള യുദ്ധത്തിൽ ശൗൽ യഹോ​വ​യോട്‌ അനുസ​ര​ണ​ക്കേടു കാണി​ച്ചത്‌ എങ്ങനെ? (ബി) തിരു​ത്ത​ലി​നോ​ടും ശിക്ഷണ​ത്തോ​ടും ശൗൽ പ്രതി​ക​രി​ച്ചത്‌ എങ്ങനെ, എന്തായി​രു​ന്നു യഹോ​വ​യു​ടെ തീരു​മാ​നം?

24 അമാ​ലേ​ക്യ​രോട്‌ യുദ്ധം ചെയ്യാൻ ശമു​വേ​ലി​ലൂ​ടെ യഹോവ ശൗലി​നോട്‌ ആവശ്യ​പ്പെട്ടു. യഹോവ കൊടുത്ത നിർദേ​ശ​ങ്ങ​ളിൽ അവരുടെ ദുഷ്ടരാ​ജാ​വായ ആഗാഗി​നെ വധിക്കാ​നും കല്‌പ​ന​യു​ണ്ടാ​യി​രു​ന്നു. എന്നാൽ ശൗൽ ആഗാഗി​നെ കൊന്നില്ല. നശിപ്പി​ച്ചു​ക​ള​യാൻ പറഞ്ഞ കൊള്ള​മു​ത​ലിൽനിന്ന്‌ കൊള്ളാ​വു​ന്നവ മാറ്റി​വെച്ചു. ശമുവേൽ അവനെ തിരു​ത്താൻ എത്തിയ​പ്പോൾ കണ്ടത്‌ ആദ്യ​ത്തേ​തിൽനിന്ന്‌ പാടേ മാറി​പ്പോയ ഒരു ശൗലി​നെ​യാണ്‌! താഴ്‌മ​യോ​ടെ തിരുത്തൽ സ്വീക​രി​ക്കു​ന്ന​തി​നു പകരം അവൻ തന്റെ ചെയ്‌തി​കൾ ന്യായീ​ക​രി​ച്ചു, താനല്ല കുറ്റക്കാ​ര​നെന്നു വരുത്തി​ത്തീർക്കാൻ കാരണങ്ങൾ നിരത്തി, വിഷയ​ത്തി​ന്റെ ഗൗരവം ലഘൂക​രി​ക്കാൻ ശ്രമിച്ചു, കുറ്റം ജനത്തി​ന്റെ​മേൽ ചാരാൻ നോക്കി. കൊള്ള​മു​ത​ലിൽ കുറെ യഹോ​വയ്‌ക്ക്‌ യാഗം അർപ്പി​ക്കാൻ കൊണ്ടു​വ​ന്ന​താ​ണെന്ന ന്യായം പറഞ്ഞ്‌ ശിക്ഷണ​ത്തിൽനിന്ന്‌ തലയൂ​രാൻ ശ്രമി​ച്ച​പ്പോ​ഴാണ്‌ ശമുവേൽ ആ പ്രശസ്‌ത​മായ പ്രസ്‌താ​വന നടത്തി​യത്‌: “അനുസ​രി​ക്കു​ന്നതു യാഗ​ത്തെ​ക്കാ​ളും . . . നല്ലത്‌.” എന്നിട്ട്‌ ധൈര്യ​ത്തോ​ടെ ശമുവേൽ അവനെ ശാസിച്ച്‌ യഹോ​വ​യു​ടെ തീരു​മാ​നം വെളി​പ്പെ​ടു​ത്തി. രാജത്വം ശൗലിൽനിന്ന്‌ ‘കീറി​യെ​ടുത്ത്‌’ നല്ലവനായ മറ്റൊ​രു​വനു കൊടു​ക്കും എന്ന്‌ അറിയി​ച്ചു. a1 ശമൂ. 15:1-33.

25, 26. (എ) ശമുവേൽ ശൗലി​നെ​ക്കു​റിച്ച്‌ വിലപി​ച്ചത്‌ എന്തു​കൊണ്ട്‌, തന്റെ പ്രവാ​ച​കനെ യഹോവ മൃദു​വാ​യി ശാസി​ച്ചത്‌ എങ്ങനെ? (ബി) യിശ്ശാ​യി​യു​ടെ വീട്ടി​ലെ​ത്തി​യ​പ്പോൾ ശമുവേൽ ഏതു കാര്യ​മാണ്‌ പുതി​യ​താ​യി പഠിച്ചത്‌?

25 ശൗൽ വരുത്തിയ പിഴവു​കൾ ശമു​വേ​ലി​നെ വല്ലാതെ സങ്കട​പ്പെ​ടു​ത്തി. യഹോ​വ​യോട്‌ അക്കാര്യം പറഞ്ഞ്‌ ആ രാത്രി മുഴുവൻ അവൻ കരഞ്ഞു. പിന്നെ ശൗലി​നെ​യോർത്ത്‌ അവൻ വിലപി​ക്കാ​നും തുടങ്ങി. ഒരു രാജാ​വി​നു വേണ്ടു​ന്ന​തെ​ല്ലാം ശമുവേൽ അവനിൽ കണ്ടിരു​ന്നു, ഏറെ നന്മകളും കണ്ടിരു​ന്നു. പക്ഷേ ആ പ്രതീ​ക്ഷ​ക​ളെ​ല്ലാം തകർന്ന​ടി​ഞ്ഞു. അന്നു താൻ കണ്ട ആ മനുഷ്യൻ ഇപ്പോൾ പഴയ ആളേ അല്ല. സദ്‌ഗു​ണ​ങ്ങ​ളെ​ല്ലാം അവൻ കളഞ്ഞു​കു​ളി​ച്ചു. പോരാ​ത്ത​തിന്‌ യഹോ​വയ്‌ക്കെ​തി​രെ തിരി​യു​ക​യും ചെയ്‌തി​രി​ക്കു​ന്നു. പിന്നെ ഒരിക്ക​ലും ശമുവേൽ അവനെ കാണാൻപോ​ലും കൂട്ടാ​ക്കി​യില്ല. അങ്ങനെ​യി​രി​ക്കെ, ശമു​വേ​ലി​നെ വിളിച്ച്‌ ഒരു മൃദു​ശാ​സ​ന​യോ​ടെ യഹോവ പറഞ്ഞു. “യിസ്രാ​യേ​ലി​ലെ രാജസ്ഥാ​ന​ത്തിൽനി​ന്നു ഞാൻ ശൌലി​നെ തള്ളി​യെ​ന്ന​റി​ഞ്ഞി​രി​ക്കെ നീ അവനെ​ക്കു​റി​ച്ചു എത്ര​ത്തോ​ളം ദുഃഖി​ക്കും? കൊമ്പിൽ തൈലം നിറെച്ചു പുറ​പ്പെ​ടുക; ഞാൻ നിന്നെ ബേത്ത്‌ലേ​ഹെ​മ്യ​നായ യിശ്ശാ​യി​യു​ടെ അടുക്കൽ അയക്കും; അവന്റെ മക്കളിൽ ഞാൻ ഒരു രാജാ​വി​നെ കണ്ടിരി​ക്കു​ന്നു” എന്നു പറഞ്ഞു.—1 ശമൂ. 15:34, 35; 16:1.

26 അപൂർണ​മ​നു​ഷ്യൻ ചില​പ്പോൾ ദൈവ​ത്തോ​ടുള്ള കൂറ്‌ വിട്ടു​ക​ള​ഞ്ഞേ​ക്കാം. എന്നാൽ, യഹോ​വ​യു​ടെ ഉദ്ദേശ്യ​ങ്ങളെ അതൊ​ന്നും ബാധി​ക്കു​ക​യില്ല. ഒരാൾ അവിശ്വസ്‌ത​നാ​യി​ത്തീർന്നാൽ യഹോവ തന്റെ ഉദ്ദേശ്യം നിറ​വേ​റ്റാൻ മറ്റൊ​രാ​ളെ കണ്ടെത്തും. വൃദ്ധനായ ശമുവേൽ ഇതു തിരി​ച്ച​റി​ഞ്ഞ​തോ​ടെ ശൗലി​നെ​ക്കു​റിച്ച്‌ ദുഃഖി​ക്കു​ന്നതു മതിയാ​ക്കി. യഹോ​വ​യു​ടെ ഉപദേ​ശ​പ്ര​കാ​രം ശമുവേൽ ബേത്ത്‌ലെ​ഹെ​മിൽ യിശ്ശാ​യി​യു​ടെ വീട്ടി​ലേക്കു പോയി. അവിടെ യിശ്ശാ​യി​യു​ടെ പല ആൺമക്കളെ അവൻ കണ്ടു. എല്ലാവ​രും കാഴ്‌ചയ്‌ക്ക്‌ ഒന്നി​നൊന്ന്‌ സുമു​ഖ​രാ​യി​രു​ന്നു! എന്നാൽ, മൂത്തവനെ കണ്ടപ്പോൾത്തന്നെ യഹോവ ശമു​വേ​ലി​നെ ഒരു കാര്യം ഓർമി​പ്പി​ച്ചു, ബാഹ്യ​സൗ​ന്ദ​ര്യ​ത്തി​നും അപ്പുറം നോക്ക​ണ​മെന്ന കാര്യം. (1 ശമൂവേൽ 16:7 വായി​ക്കുക.) അങ്ങനെ അവസാനം യിശ്ശാ​യി​യു​ടെ ഇളയമ​കനെ ശമു​വേ​ലി​ന്റെ മുമ്പാകെ കൊണ്ടു​വന്നു. യഹോവ തിര​ഞ്ഞെ​ടു​ത്തവൻ അവനാ​യി​രു​ന്നു, ദാവീദ്‌!

യഹോവയ്‌ക്കു സുഖ​പ്പെ​ടു​ത്താ​നോ പരിഹ​രി​ക്കാ​നോ കഴിയാത്ത നിരാ​ശ​ക​ളി​ല്ലെന്ന്‌ ശമുവേൽ മനസ്സി​ലാ​ക്കി. നിരാ​ശകൾ അനു​ഗ്ര​ഹ​മാ​ക്കി മാറ്റാൻപോ​ലും യഹോ​വയ്‌ക്കു കഴിയും

27. (എ) വിശ്വാ​സം ഒന്നി​നൊന്ന്‌ ശക്തമാ​കാൻ ശമു​വേ​ലി​നെ സഹായി​ച്ചത്‌ എന്താണ്‌? (ബി) ശമുവേൽ വെച്ച മാതൃ​ക​യെ​ക്കു​റിച്ച്‌ നിങ്ങൾക്ക്‌ എന്തു തോന്നു​ന്നു?

27 യഹോവ ശൗലിനെ തള്ളിക്ക​ളഞ്ഞ്‌, ദാവീ​ദി​നെ തിര​ഞ്ഞെ​ടു​ത്തത്‌ എത്ര ശരിയാ​യി​രു​ന്നെന്ന്‌ ശമു​വേ​ലിന്‌ അവസാ​ന​കാ​ല​ങ്ങ​ളിൽ വ്യക്തമാ​യി​ത്തീർന്നു. ശൗൽ ഒന്നി​നൊന്ന്‌ അധഃപ​തി​ച്ചു​കൊ​ണ്ടി​രു​ന്നു. അസൂയ മൂത്ത്‌ അവൻ കൊല​പാ​ത​ക​ത്തി​നു​വരെ മുതിർന്നു. ഒടുവിൽ വിശ്വാ​സ​ത്യാ​ഗി​യു​മാ​യി. എന്നാൽ ദാവീ​ദോ? ധൈര്യം, വിശ്വസ്‌തത, വിശ്വാ​സം, കൂറ്‌ എന്നീ സദ്‌ഗു​ണങ്ങൾ ആ ചെറു​പ്പ​ക്കാ​ര​നിൽ തിളങ്ങി​നി​ന്നു! ജീവി​താ​വ​സാ​ന​ത്തോട്‌ അടുത്ത​പ്പോൾ ശമു​വേ​ലി​ന്റെ വിശ്വാ​സം എന്നത്തേ​തി​ലും ശക്തമായി. ശമുവേൽ ജീവി​താ​നു​ഭ​വ​ങ്ങ​ളിൽനിന്ന്‌ പഠിച്ച വേറെ​യും കാര്യ​ങ്ങ​ളുണ്ട്‌: നിരാശ, അത്‌ പ്രശ്‌ന​ങ്ങ​ളാ​ലോ സാഹച​ര്യ​ങ്ങ​ളാ​ലോ എങ്ങനെ വന്നാലും ശരി, അതൊ​ന്നും യഹോ​വയ്‌ക്കു സുഖ​പ്പെ​ടു​ത്താ​നോ പരിഹ​രി​ക്കാ​നോ കഴിയാ​ത്ത​വയല്ല. അതിനെ അനു​ഗ്ര​ഹ​മാ​ക്കി​മാ​റ്റാൻപോ​ലും അവനു കഴിയും! അങ്ങനെ, ഒരു നൂറ്റാ​ണ്ടോ​ളം ദീർഘിച്ച ധന്യമാ​യൊ​രു ജീവി​ത​ത്തി​ന്റെ രേഖ പിന്നിൽ ശേഷി​പ്പിച്ച്‌ ശമുവേൽ മരിച്ചു. വിശ്വസ്‌ത​നായ ആ മനുഷ്യ​ന്റെ വേർപാ​ടിൽ ഇസ്രാ​യേൽ മുഴു​വ​നും വിലാപം കഴിച്ചു. ഇന്നുള്ള ദൈവ​ദാ​സ​രായ നമുക്ക്‌ ഓരോ​രു​ത്തർക്കും ഇങ്ങനെ ചോദി​ക്കാം: ‘ഞാൻ ശമു​വേ​ലി​ന്റെ വിശ്വാ​സം അനുക​രി​ക്കു​മോ?’

a ആഗാഗിനെ ശമു​വേൽതന്നെ വധിച്ചു. ആ ദുഷ്ടരാ​ജാ​വോ അവന്റെ കുടും​ബ​ക്കാ​രോ ദയയ്‌ക്ക്‌ അർഹര​ല്ലാ​യി​രു​ന്നു. നൂറ്റാ​ണ്ടു​കൾ കഴിഞ്ഞ്‌, “ആഗാഗ്യ​നായ ഹാമാൻ” ദൈവ​ജ​നത്തെ ഒന്നടങ്കം തുടച്ചു​നീ​ക്കാൻ പദ്ധതി​യി​ട്ടു. ഇവൻ ആഗാഗി​ന്റെ പിന്തു​ടർച്ച​ക്കാ​രിൽ ഉൾപ്പെട്ട വ്യക്തി​യാ​യി​രു​ന്നി​രി​ക്കാം.—എസ്ഥേ. 8:3; ഈ പുസ്‌ത​ക​ത്തി​ലെ 15-ഉം 16-ഉം അധ്യാ​യങ്ങൾ കാണുക.