വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

അധ്യായം പതി​നേഴ്‌

“ഇതാ, യഹോ​വ​യു​ടെ ദാസി!”

“ഇതാ, യഹോ​വ​യു​ടെ ദാസി!”

1, 2. (എ) അപരി​ചി​ത​നായ അതിഥി മറിയ​യോട്‌ വന്ദനം പറഞ്ഞത്‌ എങ്ങനെ? (ബി) ആ സമയത്ത്‌, മറിയ​യു​ടെ ജീവിതം ഒരു വഴിത്തി​രി​വി​ലാ​യി​രു​ന്നെന്ന്‌ പറയാ​വു​ന്നത്‌ എന്തു​കൊണ്ട്‌?

 വീട്ടി​ലേക്കു കടന്നുവന്ന അതിഥി​യെ മറിയ വിടർന്ന കണ്ണുക​ളോ​ടെ നോക്കി. അദ്ദേഹം അവളുടെ അപ്പനെ​യോ അമ്മയെ​യോ അന്വേ​ഷി​ച്ചില്ല. അവളെ കാണാ​നാണ്‌ അദ്ദേഹം വന്നിരി​ക്കു​ന്നത്‌! ആൾ നസറെ​ത്തു​കാ​രനല്ല, അത്‌ മറിയയ്‌ക്ക്‌ ഉറപ്പാണ്‌. നസറെത്ത്‌ ഒരു കൊച്ചു​പ​ട്ട​ണ​മാ​യ​തു​കൊണ്ട്‌ പരിച​യ​മി​ല്ലാ​ത്തവർ ആരെങ്കി​ലും വന്നാൽ വേഗം തിരി​ച്ച​റി​യാം. താൻ കണ്ടിട്ടുള്ള ആരെയും​പോ​ലെയല്ല ഇദ്ദേഹം, എന്തൊ​ക്കെ​യോ പ്രത്യേ​ക​ത​ക​ളുണ്ട്‌! വാതിൽക്ക​ലേക്ക്‌ വന്ന അദ്ദേഹം അവളെ അഭിവാ​ദ്യം ചെയ്‌തു. “കൃപ ലഭിച്ച​വളേ, വന്ദനം! യഹോവ നിന്നോ​ടു​കൂ​ടെ​യുണ്ട്‌!” ഒരിക്ക​ലും കേട്ടി​ട്ടി​ല്ലാത്ത ഒരു അഭിവാ​ദനം! ഒന്നു​മൊ​ന്നും മനസ്സി​ലാ​കാ​തെ, അവൾ അമ്പരന്നു​നി​ന്നു.ലൂക്കോസ്‌ 1:26-28 വായി​ക്കുക.

2 ഈ രംഗ​ത്തോ​ടെ​യാണ്‌ ബൈബിൾ, മറിയയെ നമുക്ക്‌ പരിച​യ​പ്പെ​ടു​ത്തി​ത്ത​രു​ന്നത്‌. ഗലീല​യി​ലെ നസറെത്ത്‌ പട്ടണക്കാ​ര​നായ ഹേലി​യു​ടെ മകളാണ്‌ അവൾ. മറിയ​യു​ടെ ജീവി​ത​ത്തി​ലെ നിർണാ​യ​ക​മായ ഒരു വഴിത്തി​രി​വിൽവെ​ച്ചാണ്‌ നമ്മൾ ആദ്യമാ​യി അവളെ കാണു​ന്നത്‌. ഈ സമയത്ത്‌, മറിയ എന്ന പെൺകു​ട്ടി​യു​ടെ ജീവി​ത​പാത ഏതാണ്ട്‌ വ്യക്തമാ​യി വരച്ചി​ട്ട​തു​പോ​ലെ​യാ​യി​രു​ന്നു. കാരണം, അവളുടെ വിവാഹം നിശ്ചയി​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു. മരപ്പണി​ക്കാ​ര​നായ യോ​സേഫ്‌ ആയിരു​ന്നു പ്രതി​ശ്രു​ത​വരൻ! അവൻ സമ്പന്നനാ​യി​രു​ന്നു: ധനം​കൊ​ണ്ടല്ല, വിശ്വാ​സം​കൊണ്ട്‌! യോ​സേ​ഫി​ന്റെ ജീവി​ത​സ​ഖി​യാ​യി, സുഖദുഃ​ഖ​ങ്ങ​ളിൽ പങ്കാളി​യാ​യി, മക്കളെ പെറ്റു​വ​ളർത്തി, ലളിത​സു​ന്ദ​ര​മായ ഒരു കുടും​ബ​ജീ​വി​തം! പക്ഷേ, അവളുടെ ജീവി​ത​പാത മാറ്റി​വ​രയ്‌ക്കുന്ന ഒരു നിയോ​ഗ​വു​മാ​യാണ്‌ ഈ അപരി​ചി​തൻ വന്നിരി​ക്കു​ന്നത്‌! അവളുടെ ദൈവം ഏൽപ്പിച്ച ഒരു ദൗത്യ​വു​മാ​യി!

3, 4. മറിയയെ അടുത്ത​റി​യ​ണ​മെ​ങ്കിൽ ഏതെല്ലാം കാര്യങ്ങൾ നമ്മൾ മനസ്സിൽനിന്ന്‌ മായ്‌ച്ചു​ക​ള​യണം, ഏതെല്ലാം കാര്യ​ങ്ങ​ളിൽ മനസ്സ്‌ പതിപ്പി​ക്കണം?

3 മറിയ​യെ​ക്കു​റിച്ച്‌ അധിക​മൊ​ന്നും ബൈബിൾ പറയു​ന്നി​ല്ലെന്ന്‌ അറിയു​മ്പോൾ പലരും അത്ഭുത​പ്പെ​ടാ​റുണ്ട്‌. അവളുടെ പശ്ചാത്ത​ല​ത്തെ​പ്പറ്റി വളരെ​ക്കു​റച്ചേ നമുക്ക്‌ അറിയൂ. അവളുടെ വ്യക്തി​ത്വ​ത്തെ​പ്പറ്റി അതിലും കുറച്ച്‌. അവൾ കാഴ്‌ചയ്‌ക്ക്‌ എങ്ങനെ​യാ​യി​രു​ന്നെന്ന്‌ പറയു​ന്നതേ ഇല്ല. എങ്കിലും ദൈവ​വ​ചനം മറിയ​യെ​ക്കു​റിച്ച്‌ വെളി​പ്പെ​ടു​ത്തുന്ന കാര്യ​ങ്ങ​ളിൽനിന്ന്‌ അവളെ​ക്കു​റി​ച്ചു നമുക്ക്‌ വേണ്ടു​വോ​ളം വിവരങ്ങൾ കിട്ടു​ന്നുണ്ട്‌.

4 മറിയ​യെ​ക്കു​റിച്ച്‌ വ്യക്തമാ​യൊ​രു ചിത്രം കിട്ടണ​മെ​ങ്കിൽ, മതവി​ഭാ​ഗങ്ങൾ നമ്മു​ടെ​യു​ള്ളിൽ കാലങ്ങൾകൊണ്ട്‌ വരച്ചി​ട്ടി​രി​ക്കുന്ന ചിത്ര​ങ്ങ​ളെ​ല്ലാം നാം മായ്‌ച്ചു​ക​ള​യണം. ചായക്കൂ​ട്ടു​കൾകൊണ്ട്‌ വരച്ചതോ മാർബി​ളിൽ കൊത്തി​യു​ണ്ടാ​ക്കി​യ​തോ മറ്റുവി​ധ​ങ്ങ​ളിൽ വാർത്തു​ണ്ടാ​ക്കി​യ​തോ ആയ അവളുടെ എണ്ണമറ്റ പ്രതി​രൂ​പ​ങ്ങ​ളെ​ല്ലാം മായ്‌ച്ചു​ക​ള​യുക! സങ്കീർണ​മായ ദൈവ​ശാസ്‌ത്ര​വും വേദപ​ണ്ഡി​ത​ന്മാ​രു​ടെ ഉപദേ​ശ​ങ്ങ​ളും, ഈ എളിയ ദൈവ​ദാ​സിക്ക്‌ കല്‌പി​ച്ചു​നൽകിയ, “ദൈവ​മാ​താവ്‌,” “സ്വർലോ​ക​രാ​ജ്ഞി” തുടങ്ങിയ ഉന്നതനാ​മ​ധേ​യ​ങ്ങ​ളും മറന്നേ​ക്കുക! എന്നിട്ട്‌ ബൈബിൾ പറയുന്ന സത്യമായ കാര്യ​ങ്ങ​ളിൽ മാത്രം ദൃഷ്ടി പതിക്കുക! അപ്പോൾ, അവളുടെ വിശ്വാ​സ​ത്തെ​ക്കു​റിച്ച്‌ വില​യേ​റിയ ചില വിവരങ്ങൾ കണ്ടെടു​ക്കാ​നാ​കും, നമുക്ക്‌ അവളെ അനുക​രി​ക്കാ​നുള്ള കാരണ​ങ്ങ​ളും!

ഒരു ദൈവ​ദൂ​തൻ കാണാ​നെ​ത്തു​ന്നു

5. (എ) ഗബ്രി​യേൽ ദൂതന്റെ വന്ദനം കേട്ട മറിയ​യു​ടെ പ്രതി​ക​ര​ണ​ത്തിൽനിന്ന്‌ അവളെ​ക്കു​റിച്ച്‌ എന്തു മനസ്സി​ലാ​ക്കാം? (ബി) മറിയ​യിൽനിന്ന്‌ നമുക്ക്‌ ഏത്‌ വലിയ പാഠം പഠിക്കാം?

5 മറിയയെ കാണാൻ വന്നിരി​ക്കു​ന്നത്‌ ഒരു മനുഷ്യ​നല്ല. ഒരു ദൈവ​ദൂ​ത​നാണ്‌, ഗബ്രി​യേൽ ദൂതൻ! “കൃപ ലഭിച്ച​വളേ,” എന്നുള്ള ഗബ്രി​യേ​ലി​ന്റെ സംബോ​ധന കേട്ട്‌, “അത്യന്തം പരി​ഭ്രാ​ന്ത​യായ അവൾ, ഇത്‌ എന്തൊരു വന്ദനം എന്നു വിചാ​രി​ച്ചു.” (ലൂക്കോ. 1:29) ആരാണ്‌ അവളെ ഇത്രയും ആദരി​ച്ചി​രി​ക്കു​ന്നത്‌? ആളുക​ളു​ടെ ശ്രദ്ധയോ പുകഴ്‌ത്ത​ലോ ഒന്നും മറിയ ആഗ്രഹി​ക്കു​ന്നില്ല. കാരണം, അവൾ ഒരു സാധാരണ പെൺകു​ട്ടി​യാണ്‌. എന്നാൽ യഹോ​വ​യാം ദൈവം അവളോ​ടു കൃപ കാണി​ച്ചി​രി​ക്കു​ന്നു എന്നാണ്‌ ദൂതൻ ഇപ്പോൾ വന്ന്‌ പറഞ്ഞത്‌. ഈ ‘വന്ദനം’ അവളുടെ ഉള്ളിൽത്തട്ടി. പക്ഷേ അപ്പോ​ഴും, ‘ഞാൻ നല്ലവളാ​യ​തു​കൊ​ണ്ടാണ്‌ എനിക്ക്‌ ദൈവ​ത്തി​ന്റെ കൃപ ലഭിച്ചത്‌’ എന്ന്‌ അവൾ വല്യഭാ​വ​ത്തോ​ടെ ചിന്തി​ച്ചില്ല. ദൈവ​ത്തി​ന്റെ പ്രീതി​ക്കു പാത്ര​മാ​കാൻ നമ്മളും കഠിന​മാ​യി പ്രയത്‌നി​ക്കു​ന്നു​ണ്ടാ​കാം. ‘ഞാൻ ഇത്ര​യൊ​ക്കെ ചെയ്യു​ന്ന​തു​കൊണ്ട്‌ എനിക്ക്‌ ദൈവ​പ്രീ​തി​യുണ്ട്‌’ എന്ന്‌ അഹങ്കാ​ര​ത്തോ​ടെ നമ്മൾ ചിന്തി​ക്ക​രുത്‌. ഇളം​പ്രാ​യ​ത്തി​ലുള്ള ഒരു പെൺകു​ട്ടി​യാ​യി​രു​ന്നെ​ങ്കി​ലും മറിയയ്‌ക്ക്‌ അക്കാര്യം നല്ല ബോധ്യ​മു​ണ്ടാ​യി​രു​ന്നു. “ദൈവം ഗർവി​ക​ളോട്‌ എതിർത്തു​നിൽക്കു​ന്നു.” എന്നാൽ എളിയ​വ​രും താഴ്‌മ​യു​ള്ള​വ​രും ആയവരെ അവൻ സ്‌നേ​ഹി​ക്കു​ക​യും തുണയ്‌ക്കു​ക​യും ചെയ്യുന്നു.—യാക്കോ. 4:6.

തനിക്ക്‌ ദൈവാം​ഗീ​കാ​ര​മു​ണ്ടെ​ന്നുള്ള വല്യഭാ​വം മറിയയ്‌ക്ക്‌ ഇല്ലായി​രു​ന്നു

6. ഏത്‌ സവിശേഷ പദവി​യെ​ക്കു​റി​ച്ചാണ്‌ ദൂതൻ മറിയ​യോട്‌ പറഞ്ഞത്‌?

6 മറിയയ്‌ക്ക്‌ ഒരിക്ക​ലു​മൊ​രി​ക്ക​ലും സങ്കല്‌പി​ക്കാൻപോ​ലും കഴിയാത്ത ഒരു പദവി​യെ​ക്കു​റി​ച്ചാണ്‌ ദൂതൻ അവളോ​ടു പറയു​ന്നത്‌. അവളെ​പ്പോ​ലെ താഴ്‌മ​യുള്ള ഒരാൾക്കേ ഇതു​പോ​ലെ അപൂർവ​ങ്ങ​ളിൽ അപൂർവ​മായ ഒരു പദവി ഏൽപ്പി​ച്ചു​കൊ​ടു​ക്കാൻ കഴിയു​മാ​യി​രു​ന്നു​ള്ളൂ. അവൾ ഒരു കുഞ്ഞിനെ ഗർഭം ധരിക്കു​മെ​ന്നും അവൻ മറ്റ്‌ ഏതൊരു മനുഷ്യ​നെ​ക്കാ​ളും മഹാനാ​യി​ത്തീ​രു​മെ​ന്നും ദൂതൻ അവളോ​ടു വിവരി​ച്ചു. പിന്നെ ദൂതൻ ഇങ്ങനെ പറഞ്ഞു: “ദൈവ​മായ യഹോവ, അവന്റെ പിതാ​വായ ദാവീ​ദി​ന്റെ സിംഹാ​സനം അവനു കൊടു​ക്കും. അവൻ യാക്കോ​ബു​ഗൃ​ഹ​ത്തി​ന്മേൽ എന്നേക്കും രാജാ​വാ​യി വാഴും. അവന്റെ രാജ്യ​ത്തിന്‌ അവസാനം ഉണ്ടാകു​ക​യില്ല.” (ലൂക്കോ. 1:32, 33) ആയിര​ത്തി​ലേറെ വർഷം മുമ്പ്‌ ദൈവം ദാവീ​ദി​നു കൊടുത്ത വാഗ്‌ദാ​ന​ത്തെ​ക്കു​റിച്ച്‌ മറിയയ്‌ക്ക്‌ അറിയാ​മാ​യി​രു​ന്നെന്ന്‌ ഉറപ്പാണ്‌. ദാവീ​ദി​ന്റെ പിൻഗാ​മി​ക​ളി​ലൊ​രാൾ എന്നെന്നും രാജാ​വാ​യി വാഴും എന്നതാ​യി​രു​ന്നു ആ വാഗ്‌ദാ​നം. (2 ശമൂ. 7:12, 13) അവൾക്കു ജനിക്കാൻ പോകുന്ന ഈ പുത്രൻ, ദൈവ​ജനം നൂറ്റാ​ണ്ടു​ക​ളാ​യി ആശയോ​ടെ കാത്തി​രി​ക്കുന്ന മിശിഹാ ആയിത്തീ​രും!

സങ്കല്‌പിക്കാൻപോലുമാകാത്ത ഒരു അത്യപൂർവ പദവി​യു​മാ​യാണ്‌ ഗബ്രി​യേൽ ദൂതൻ മറിയ​യു​ടെ വീട്ടി​ലെ​ത്തി​യത്‌

7. (എ) മറിയ​യു​ടെ ചോദ്യം അവളെ​ക്കു​റിച്ച്‌ എന്തു വെളി​പ്പെ​ടു​ത്തു​ന്നു? (ബി) മറിയ​യിൽനിന്ന്‌ ഇന്നത്തെ യുവ​പ്രാ​യ​ക്കാർക്ക്‌ എന്ത്‌ പഠിക്കാ​നാ​കും?

7 എന്തി​നേറെ, അവളുടെ മകൻ “അത്യു​ന്ന​തന്റെ പുത്രൻ എന്നു വിളി​ക്ക​പ്പെ​ടും” എന്നാണ്‌ ദൂതൻ പറയു​ന്നത്‌! മനുഷ്യ​വം​ശ​ത്തിൽ ജനിച്ച ഈ പെൺകു​ട്ടിക്ക്‌ ദൈവ​ത്തി​ന്റെ പുത്രന്‌ ജന്മം നൽകാൻ എങ്ങനെ കഴിയും? അതുമല്ല, ഒരു കന്യക​യായ അവൾക്ക്‌ എങ്ങനെ ഒരു കുഞ്ഞു ജനിക്കും? യോ​സേ​ഫു​മാ​യി അവളുടെ വിവാ​ഹ​നി​ശ്ചയം കഴിഞ്ഞി​ട്ടേ​യു​ള്ളൂ, വിവാഹം കഴിഞ്ഞി​ട്ടില്ല. ഈ ചോദ്യം മറിയ​യു​ടെ മനസ്സി​ലൂ​ടെ​യും കടന്നു​പോ​യി. അതു​കൊണ്ട്‌ അവൾ ദൂത​നോട്‌ മനസ്സിൽ തോന്നിയ കാര്യം തുറന്ന്‌ ചോദി​ച്ചു: “ഞാൻ ഒരു പുരു​ഷനെ അറിയാ​തി​രി​ക്കെ, ഇതെങ്ങനെ സംഭവി​ക്കും?” (ലൂക്കോ. 1:34) തന്റെ കന്യകാ​ത്വ​ത്തെ​ക്കു​റിച്ച്‌ ഒരു നാണ​ക്കേ​ടും വിചാ​രി​ക്കാ​തെ മറിയ സംസാ​രി​ച്ചതു ശ്രദ്ധി​ച്ചോ? നാണ​ക്കേടു വിചാ​രി​ച്ചി​ല്ലെന്നു മാത്രമല്ല തന്റെ ചാരി​ത്ര​ശു​ദ്ധി​യെ നിധി​പോ​ലെ കരുതി​യു​മാണ്‌ അവൾ സംസാ​രി​ച്ചത്‌. ഇന്നത്തെ ലോക​ത്തിൽനിന്ന്‌ എത്ര വ്യത്യസ്‌തം! ഇന്നാ​ണെ​ങ്കിൽ, പല യുവതി​ക​ളും യുവാ​ക്ക​ന്മാ​രും തങ്ങളുടെ കന്യകാ​ത്വ​വും ചാരി​ത്ര​ശു​ദ്ധി​യും കളഞ്ഞു​കു​ളി​ക്കാൻ ധൃതി​കൂ​ട്ടു​ക​യാണ്‌. ആ വഴിക്ക്‌ നീങ്ങാ​ത്ത​വരെ ആക്ഷേപി​ക്കാ​നും മുതി​രു​ന്നു. മറിയ​യു​ടെ കാലത്തെ ലോകം പാടേ മാറി​യി​രി​ക്കു​ന്നു! പക്ഷേ യഹോ​വയ്‌ക്ക്‌ ഒരു മാറ്റവു​മില്ല. (മലാ. 3:6) അന്നും ഇന്നും, തന്റെ സദാചാ​ര​നി​ല​വാ​രങ്ങൾ ആദരി​ക്കു​ക​യും പാലി​ക്കു​ക​യും ചെയ്യു​ന്ന​വരെ യഹോവ വിലയു​ള്ള​വ​രാ​യി കാണുന്നു.എബ്രായർ 13:4 വായി​ക്കുക.

8. അപൂർണസ്‌ത്രീ​യാ​യി​രു​ന്നി​ട്ടും മറിയയ്‌ക്ക്‌ പൂർണ​ത​യുള്ള ഒരു സന്തതിക്ക്‌ ജന്മം നൽകാൻ എങ്ങനെ കഴിയു​മാ​യി​രു​ന്നു?

8 ദൈവ​ത്തി​ന്റെ ഒരു വിശ്വസ്‌ത​ദാ​സി​യാ​യി​രു​ന്നെ​ങ്കി​ലും മറിയ അപൂർണ​ത​യുള്ള ഒരു സ്‌ത്രീ​യാ​യി​രു​ന്നു. ആ സ്ഥിതിക്ക്‌ അവൾക്ക്‌ പൂർണ​ത​യുള്ള ഒരു സന്തതിക്ക്‌, ദൈവ​ത്തി​ന്റെ പുത്രന്‌, ജന്മം നൽകാൻ എങ്ങനെ കഴിയും? മറിയ​യു​ടെ സംശയങ്ങൾ ദൂരീ​ക​രി​ച്ചു​കൊണ്ട്‌ ഗബ്രി​യേൽ ദൂതൻ ഇങ്ങനെ പറഞ്ഞു: “പരിശു​ദ്ധാ​ത്മാവ്‌ നിന്റെ​മേൽ വരും; അത്യു​ന്ന​തന്റെ ശക്തി നിന്റെ​മേൽ നിഴലി​ടും. ആകയാൽ ജനിക്കാ​നി​രി​ക്കുന്ന ശിശു വിശു​ദ്ധ​നെന്ന്‌, ദൈവ​ത്തി​ന്റെ പുത്ര​നെന്ന്‌ വിളി​ക്ക​പ്പെ​ടും.” (ലൂക്കോ. 1:35) വിശുദ്ധം എന്നാൽ ‘നിർമലം,’ ‘പാവനം’ എന്നൊ​ക്കെ​യാ​ണ​ല്ലോ അർഥം. സാധാ​ര​ണ​ഗ​തി​യിൽ മനുഷ്യർ സന്തതി​കൾക്കു കൈമാ​റു​ന്നത്‌ അശുദ്ധി​യും പാപാ​വ​സ്ഥ​യും ആണ്‌. എന്നാൽ ഇക്കാര്യ​ത്തിൽ യഹോവ ഒരു അത്യപൂർവ​മായ അത്ഭുതം പ്രവർത്തി​ക്കു​മാ​യി​രു​ന്നു. സ്വർഗ​ത്തിൽനിന്ന്‌ തന്റെ പുത്രന്റെ ജീവനെ മറിയ​യു​ടെ ഗർഭാ​ശ​യ​ത്തി​ലേക്ക്‌ മാറ്റു​ക​യും തന്റെ പരിശു​ദ്ധാ​ത്മാവ്‌ അവളുടെ മേൽ ‘നിഴലിട്ട്‌’ പാപത്തി​ന്റെ കണിക​യൊ​ന്നും ശിശു​വി​ലേക്ക്‌ കടക്കാതെ ഒരു കവചമാ​യി വർത്തി​ക്കാൻ ഇടയാ​ക്കു​ക​യും ചെയ്യും! ദൂതൻ പറഞ്ഞ ഇക്കാര്യം മറിയ വിശ്വ​സി​ച്ചോ? അവൾ എന്തു മറുപടി നൽകി?

മറിയ​യു​ടെ മറുപടി

9. (എ) മറിയ​യെ​ക്കു​റി​ച്ചുള്ള വിവര​ണങ്ങൾ മനസ്സി​ലാ​ക്കു​ന്ന​തിൽ സന്ദേഹ​വാ​ദി​കൾക്ക്‌ തെറ്റു പറ്റിയത്‌ എങ്ങനെ? (ബി) ഏതു വിധത്തി​ലാണ്‌ ഗബ്രി​യേൽ മറിയ​യു​ടെ വിശ്വാ​സം ബലപ്പെ​ടു​ത്തി​യത്‌?

9 ‘ഒരു കന്യക ഒരു കുഞ്ഞിനു ജന്മം നൽകു​ക​യോ?’ ക്രൈസ്‌ത​വ​ലോ​ക​ത്തി​ലെ ദൈവ​ശാസ്‌ത്ര​ജ്ഞ​ന്മാർ ഉൾപ്പെ​ടെ​യുള്ള ചില സംശയാ​ലു​ക്ക​ളു​ടെ ചിന്തയാ​ണിത്‌. എന്തു ചെയ്യാം, ഇത്ര​യൊ​ക്കെ പഠിച്ചി​ട്ടും അവർക്കെ​ല്ലാം അതീവ​ല​ളി​ത​മാ​യൊ​രു സത്യം മനസ്സി​ലാ​ക്കാൻ കഴിയാ​തെ​പോ​യ​ല്ലോ! ഗബ്രി​യേൽ ദൂതൻ ആ സത്യം ഇങ്ങനെ വെളി​പ്പെ​ടു​ത്തി: “ദൈവ​ത്തിന്‌ ഒരു കാര്യ​വും അസാധ്യ​മ​ല്ല​ല്ലോ.” (ലൂക്കോ. 1:37) ദൂതന്റെ വാക്കുകൾ മറിയ അങ്ങനെ​തന്നെ വിശ്വ​സി​ച്ചു. കാരണം, ശക്തമായ വിശ്വാ​സ​മുള്ള ഒരു യുവതി​യാ​യി​രു​ന്നു മറിയ. എന്നുക​രു​തി, അവളുടെ വിശ്വാ​സം അന്ധമാ​യി​രു​ന്നില്ല. ചിന്തി​ക്കുന്ന ഏതൊ​രാ​ളെ​യും​പോ​ലെ മറിയയ്‌ക്കും വിശ്വാ​സ​ത്തിന്‌ ആധാര​മായ തെളി​വു​കൾ വേണമാ​യി​രു​ന്നു. അവളുടെ പക്കൽ അതുവ​രെ​യു​ണ്ടാ​യി​രുന്ന തെളി​വു​ക​ളു​ടെ ശേഖര​ത്തി​ലേക്ക്‌ ഗബ്രി​യേൽ ദൂതൻ വേറെ ചില തെളി​വു​കൾ കൂടി നൽകി. അവൻ മറിയ​യു​ടെ അടുത്ത ബന്ധുവായ എലിസ​ബെ​ത്തി​നെ​ക്കു​റിച്ച്‌ അവളോ​ടു പറഞ്ഞു. പ്രായ​മായ ആ സ്‌ത്രീ വന്ധ്യയാ​ണെന്ന്‌ മറിയയ്‌ക്ക്‌ അറിയാ​മാ​യി​രു​ന്നു. എന്നാൽ ഇപ്പോൾ അവൾ ഗർഭവ​തി​യാണ്‌. ദൈവം ചെയ്‌ത ഒരു അത്ഭുത​മാ​യി​രു​ന്നു അത്‌.

10. മറിയയ്‌ക്കു മുമ്പി​ലുള്ള നിയോ​ഗം എളുപ്പ​മാ​യി​രു​ന്നെന്ന്‌ നമ്മൾ ചിന്തി​ക്ക​രു​താ​ത്തത്‌ എന്തു​കൊണ്ട്‌?

10 മറിയ ഇപ്പോൾ എന്തു ചെയ്യും? എല്ലാം ഗബ്രി​യേൽ പറഞ്ഞു​ക​ഴി​ഞ്ഞു: അവളുടെ മുമ്പിൽ വലി​യൊ​രു നിയോ​ഗ​മുണ്ട്‌. ദൂതൻ പറഞ്ഞതു​പോ​ലെ​യെ​ല്ലാം സംഭവി​ക്കും എന്നതിന്‌ തെളി​വു​ക​ളും ഉണ്ട്‌. ഇനി എന്തു ഭയക്കാ​നാണ്‌, ധൈര്യ​മാ​യിട്ട്‌ മറിയയ്‌ക്ക്‌ ഇതങ്ങ്‌ ഏറ്റെടു​ത്താൽ പോരേ എന്നു നിങ്ങൾ ചിന്തി​ക്കു​ന്നു​ണ്ടോ? അങ്ങനെ ചിന്തി​ക്കാൻ വരട്ടെ. അവൾക്ക്‌ ചില ആശങ്കകൾ ഉണ്ട്‌: ഒന്ന്‌, വിവാ​ഹ​നി​ശ്ചയം കഴിഞ്ഞ പെൺകു​ട്ടി​യാണ്‌ അവൾ. ഗർഭി​ണി​യാ​ണെന്ന്‌ അറിഞ്ഞാൽ യോ​സേഫ്‌ അവളെ വിവാഹം ചെയ്യു​മോ? രണ്ട്‌, ഓർക്കു​മ്പോൾ പേടി തോന്നി​യേ​ക്കാ​വുന്ന ഒരു നിയമ​ന​മാ​ണിത്‌. എന്താ​ണെ​ന്നു​വെ​ച്ചാൽ, ഗർഭത്തിൽ വഹി​ക്കേ​ണ്ടത്‌ ഒരു നിസ്സാര ജീവ​നെയല്ല. ദൈവ​ത്തി​ന്റെ സൃഷ്ടി​ക​ളി​ലെ​ല്ലാം വെച്ച്‌ ഏറ്റവും വിലപ്പെട്ട ജീവ​നെ​യാണ്‌, ദൈവ​ത്തി​ന്റെ അരുമ​പു​ത്ര​നെ​യാണ്‌! അവൻ ജനിക്കു​ന്നത്‌ ഒരു നിസ്സഹാ​യ​നായ ശിശു​വാ​യി​ട്ടാണ്‌. അവനെ പരിച​രിച്ച്‌, വേണ്ട​തെ​ല്ലാം ചെയ്‌തു​കൊ​ടുത്ത്‌ പോറ്റി​പ്പു​ലർത്തണം. അതോടെ ഉത്തരവാ​ദി​ത്വം തീരു​ന്നില്ല. ഒരു ദുഷ്ട​ലോ​ക​ത്തിൽ ആപത്തൊ​ന്നും വരാതെ വളർത്തി​ക്കൊ​ണ്ടു​വ​രു​ക​യും വേണം. ഇത്‌ അത്ര നിസ്സാര കാര്യ​മാ​ണോ?

11, 12. (എ) മനക്കരു​ത്തും ശക്തമായ വിശ്വാ​സ​വും ഉള്ള പുരു​ഷ​ന്മാർപോ​ലും ദൈവം ചില നിയമ​നങ്ങൾ കൊടു​ത്ത​പ്പോൾ എന്തു ചെയ്‌തു? (ബി) ഗബ്രി​യേ​ലി​നു നൽകിയ മറുപ​ടി​യിൽനിന്ന്‌ മറിയ​യെ​ക്കു​റിച്ച്‌ എന്തെല്ലാം മനസ്സി​ലാ​ക്കാം?

11 ശക്തമായ വിശ്വാ​സ​വും മനക്കരു​ത്തും ഉള്ള പുരു​ഷ​ന്മാർപോ​ലും ദൈവം നൽകിയ ചില പ്രത്യേ​ക​നി​യ​മ​നങ്ങൾ ഏറ്റെടു​ക്കാൻ മടി കാണി​ച്ചി​ട്ടുണ്ട്‌. ദൈവ​ത്തി​ന്റെ വക്താവാ​യി പ്രവർത്തി​ക്കാൻ വേണ്ട സംസാ​ര​പ്രാപ്‌തി തനിക്കി​ല്ലെന്നു പറഞ്ഞ്‌ ഒഴിഞ്ഞു​മാ​റാൻ നോക്കിയ ആളാണ്‌ മോശ. (പുറ. 4:10) “ഞാൻ ബാലന​ല്ലോ” എന്നു പറഞ്ഞ്‌ ദൈവം കൊടുത്ത നിയമനം ഏറ്റെടു​ക്കാൻ വിസമ്മ​തി​ച്ച​യാ​ളാണ്‌ യിരെ​മ്യാവ്‌. (യിരെ. 1:6) യോനാ​യാ​ണെ​ങ്കിൽ നിയമനം ഏറ്റെടു​ക്കാൻ നിൽക്കാ​തെ ഓടി​പ്പോ​കു​ക​യാ​ണു​ണ്ടാ​യത്‌! (യോനാ 1:3) മറിയ​യോ?

12 മറിയ ഗബ്രി​യേൽ ദൂത​നോ​ടു പറഞ്ഞു: “ഇതാ, യഹോ​വ​യു​ടെ ദാസി! നിന്റെ വാക്കു​പോ​ലെ എനിക്കു ഭവിക്കട്ടെ.” (ലൂക്കോ. 1:38) താഴ്‌മ​യും അനുസ​ര​ണ​വും നിറഞ്ഞു​തു​ളു​മ്പുന്ന വാക്കുകൾ! വിശ്വസ്‌ത​രായ സകലർക്കും​വേണ്ടി ഇന്നും മുഴങ്ങുന്ന വാക്കുകൾ! ദാസി എന്നു പറഞ്ഞാൽ വേലക്കാ​രി​ലെ ഏറ്റവും താഴേ​ക്കി​ട​യി​ലുള്ള ആളാണ്‌. ഒരു ദാസി​യു​ടെ ജീവിതം മുഴു​വ​നാ​യി അവളുടെ യജമാ​നന്റെ കൈക​ളി​ലാണ്‌. താൻ ദാസി​യാ​ണെ​ന്നും യഹോവ തന്റെ യജമാ​ന​നാ​ണെ​ന്നും പറയു​ക​യാ​യി​രു​ന്നു മറിയ. യഹോ​വ​യു​ടെ കൈക​ളിൽ താൻ സുരക്ഷി​ത​യാ​ണെ​ന്നും യഹോ​വ​യോ​ടു പറ്റിനിൽക്കു​ന്ന​വ​രോട്‌ അവനും പറ്റിനിൽക്കു​മെ​ന്നും ഈ നിയമനം നിറ​വേ​റ്റാൻ താൻ പരമാ​വധി യത്‌നി​ക്കു​മ്പോൾ അവൻ അനു​ഗ്ര​ഹി​ക്കു​മെ​ന്നും അവൾക്ക്‌ അറിയാ​മാ​യി​രു​ന്നു.—സങ്കീ. 18:25.

തന്റെ ദാസന്മാ​രോ​ടു വിശ്വസ്‌തത പുലർത്തുന്ന യഹോവ തന്നെ സുരക്ഷി​ത​യാ​യി കാക്കു​മെന്ന്‌ മറിയയ്‌ക്ക്‌ ഉറപ്പാ​യി​രു​ന്നു

13. ദൈവം ചെയ്യാൻ പറയുന്ന ചില കാര്യങ്ങൾ ബുദ്ധി​മു​ട്ടാ​ണെ​ന്നോ അസാധ്യ​മാ​ണെ​ന്നോ തോന്നി​യാൽ മറിയ​യു​ടെ മാതൃ​ക​യിൽനിന്ന്‌ നമുക്ക്‌ എന്തു പഠിക്കാം?

13 ചില​പ്പോൾ ദൈവം നമ്മോടു ചെയ്യാൻ പറയുന്ന കാര്യങ്ങൾ വളരെ ബുദ്ധി​മു​ട്ടാ​യി തോന്നി​യേ​ക്കാം. അസാധ്യ​മാ​ണെ​ന്നു​പോ​ലും തോന്നി​പ്പോ​കാം. എന്നാൽ, ദൈവ​ത്തിൽ പൂർണ​മാ​യി ആശ്രയി​ക്കാ​നും അവന്റെ കൈക​ളിൽ നമ്മെ വിട്ടു​കൊ​ടു​ക്കാ​നും മതിയായ ന്യായ​വും കാരണ​ങ്ങ​ളും തന്റെ വചനത്തി​ലൂ​ടെ അവൻ നൽകുന്നു. (സദൃ. 3:5, 6) അങ്ങനെ​യുള്ള അവസര​ങ്ങ​ളിൽ മറിയ​യെ​പ്പോ​ലെ നമ്മൾ യഹോ​വ​യിൽ ആശ്രയി​ക്കു​മോ? അങ്ങനെ ചെയ്‌താൽ, അവനി​ലുള്ള നമ്മുടെ വിശ്വാ​സം ഒന്നുകൂ​ടെ ബലപ്പെ​ടാ​നുള്ള തെളി​വു​കൾ തന്നു​കൊണ്ട്‌ അവൻ അനു​ഗ്ര​ഹി​ക്കും.

മറിയ എലിസ​ബെ​ത്തി​നെ കാണാൻ പോകു​ന്നു

14, 15. (എ) എലിസ​ബെ​ത്തി​നെ​യും സെഖര്യാ​വി​നെ​യും ചെന്നു കണ്ട അവസര​ത്തിൽ യഹോവ മറിയയെ അനു​ഗ്ര​ഹി​ച്ചത്‌ എങ്ങനെ? (ബി) ലൂക്കോസ്‌ 1:46-55-ൽ രേഖ​പ്പെ​ടു​ത്തി​യി​രി​ക്കുന്ന മറിയ​യു​ടെ സംഭാ​ഷണം അവളെ​ക്കു​റിച്ച്‌ എന്തെല്ലാം കാര്യങ്ങൾ വെളി​പ്പെ​ടു​ത്തു​ന്നു?

14 എലിസ​ബെ​ത്തി​നെ​ക്കു​റിച്ച്‌ ഗബ്രി​യേൽ പറഞ്ഞ വാക്കുകൾ മറിയയ്‌ക്ക്‌ വെറു​മൊ​രു ശുഭവാർത്ത മാത്ര​മാ​യി​രു​ന്നില്ല. ലോക​ത്തുള്ള സകല സ്‌ത്രീ​ക​ളി​ലും വെച്ച്‌ എലിസ​ബെ​ത്തി​ന​ല്ലാ​തെ മറ്റാർക്കാണ്‌ ഇപ്പോ​ഴത്തെ അവളുടെ അവസ്ഥ മനസ്സി​ലാ​ക്കാൻ കഴിയുക? കാരണം രണ്ടു​പേ​രും ഇപ്പോൾ ഏതാണ്ട്‌ ഒരേ സ്ഥിതി​യി​ലാണ്‌. അതു​കൊണ്ട്‌ മറിയ എലിസ​ബെ​ത്തി​നെ പോയി കാണാൻ തീരു​മാ​നി​ച്ചു. അവൾ തിരക്കിട്ട്‌ യാത്രയ്‌ക്കൊ​രു​ങ്ങി. യെഹൂ​ദ​യി​ലെ മലമ്പ്ര​ദേ​ശ​ത്താണ്‌ എലിസ​ബെ​ത്തി​ന്റെ വീട്‌. യാത്രയ്‌ക്ക്‌ മൂന്നോ നാലോ ദിവസ​മെ​ടു​ത്തി​ട്ടു​ണ്ടാ​കും. എലിസ​ബെ​ത്തും അവളുടെ ഭർത്താ​വായ സെഖര്യാ​പു​രോ​ഹി​ത​നും ആണ്‌ അവി​ടെ​യു​ള്ളത്‌. വീട്ടി​ലേക്കു കടന്നതും, മറിയ​യു​ടെ വിശ്വാ​സം ഒന്നുകൂ​ടി ബലപ്പെ​ടു​ത്തുന്ന ശക്തമായ മറ്റൊരു തെളിവ്‌ യഹോവ നൽകി. മറിയ​യു​ടെ വന്ദനം എലിസ​ബെ​ത്തി​ന്റെ കാതിൽ പതിച്ച ആ നിമിഷം എലിസ​ബെ​ത്തി​ന്റെ ഗർഭത്തി​ലെ ശിശു സന്തോ​ഷം​കൊണ്ട്‌ തുള്ളി. എലിസ​ബെത്ത്‌ പരിശു​ദ്ധാ​ത്മാ​വു നിറഞ്ഞ​വ​ളാ​യി “എന്റെ കർത്താ​വി​ന്റെ അമ്മ” എന്ന്‌ മറിയയെ വിളിച്ചു. മറിയ​യു​ടെ പുത്രൻ എലിസ​ബെ​ത്തി​ന്റെ കർത്താവ്‌, മിശിഹാ, ആയിത്തീ​രു​മെന്ന്‌ ദൈവം എലിസ​ബെ​ത്തി​നു വെളി​പ്പെ​ടു​ത്തി. തന്നെയു​മല്ല, ദൂതന്റെ വാക്കുകൾ വിശ്വ​സി​ക്കു​ക​യും അനുസ​രി​ക്കു​ക​യും ചെയ്‌ത​തിന്‌ മറിയയെ പുകഴ്‌ത്താൻ ദൈവാ​ത്മാവ്‌ എലിസ​ബെ​ത്തി​നെ പ്രേരി​പ്പി​ച്ചു. “യഹോവ തന്നോട്‌ അരുളി​ച്ചെയ്‌തതു നിറ​വേ​റു​മെന്നു വിശ്വ​സി​ച്ച​വ​ളും അനു​ഗ്ര​ഹി​ക്ക​പ്പെ​ട്ടവൾ” എന്ന്‌ എലിസ​ബെത്ത്‌ പറഞ്ഞു. (ലൂക്കോ. 1:39-45) മറിയ​യോട്‌ യഹോവ വാഗ്‌ദാ​നം ചെയ്‌ത സകലകാ​ര്യ​ങ്ങ​ളും സത്യമാ​കാൻ പോകു​ക​യാ​യി​രു​ന്നു.

മറിയയും എലിസ​ബെ​ത്തും തമ്മിലുള്ള സ്‌നേ​ഹ​ബന്ധം രണ്ടു​പേർക്കും ഒരു അനു​ഗ്ര​ഹ​മാ​യി​രു​ന്നു

15 ഇതുവരെ എല്ലാം കേട്ടു​നിന്ന മറിയ സംസാ​രി​ച്ചു​തു​ടങ്ങി. അവൾ പറഞ്ഞ വാക്കുകൾ ദൈവം തന്റെ വചനത്തി​ന്റെ ഭാഗമാ​യി രേഖ​പ്പെ​ടു​ത്തി​യി​ട്ടുണ്ട്‌. (ലൂക്കോസ്‌ 1:46-55 വായി​ക്കുക.) ബൈബി​ളിൽ കാണുന്ന മറിയ​യു​ടെ സംഭാ​ഷ​ണ​ങ്ങ​ളിൽ ഏറ്റവും ദീർഘി​ച്ച​താണ്‌ ഇത്‌. അവളെ​ക്കു​റിച്ച്‌ വളരെ​യ​ധി​കം കാര്യങ്ങൾ നമുക്ക്‌ പറഞ്ഞു​ത​രു​ന്ന​വ​യാണ്‌ ഈ തിരു​വെ​ഴു​ത്തു​ഭാ​ഗം. മിശി​ഹാ​യു​ടെ മാതാ​വാ​യി​രി​ക്കാ​നുള്ള മഹനീ​യ​പ​ദവി നൽകി അനു​ഗ്ര​ഹി​ച്ച​തി​നെ​പ്രതി അവൾ യഹോ​വയെ സ്‌തു​തി​ച്ചു. അത്രയ്‌ക്ക്‌ ശ്രേഷ്‌ഠ​മായ ഒരു നിയോ​ഗം തന്നെ ഏൽപ്പി​ച്ചത്‌ ഓർത്ത്‌ നന്ദിനി​റഞ്ഞ ഹൃദയ​ത്തോ​ടെ പറഞ്ഞതാ​യി​രു​ന്നു ആ വാക്കു​ക​ള​ത്ര​യും. ഹൃദയ​വി​ചാ​ര​ങ്ങ​ളിൽ അഹങ്കരി​ക്കു​ന്ന​വരെ ചിതറി​ച്ച​തി​നെ​യും അധിപ​തി​കളെ സിംഹാ​സ​ന​ങ്ങ​ളിൽനിന്ന്‌ ഇറക്കി, ദൈവത്തെ അന്വേ​ഷി​ക്കുന്ന എളിയ​വ​രെ​യും സാധു​ക്ക​ളെ​യും ഉയർത്തി​യ​തി​നെ​യും കുറിച്ച്‌ സംസാ​രി​ച്ച​പ്പോൾ അവളുടെ വിശ്വാ​സ​ത്തി​ന്റെ ആഴമാണ്‌ ദൃശ്യ​മാ​യത്‌. അവൾക്ക്‌ തിരു​വെ​ഴു​ത്തു​ക​ളെ​ക്കു​റി​ച്ചുള്ള അറിവി​ന്റെ ആഴവും ആ വാക്കു​ക​ളിൽനിന്ന്‌ നമുക്കു കിട്ടുന്നു. എബ്രായ തിരു​വെ​ഴു​ത്തു​ക​ളിൽനി​ന്നുള്ള 20-ലേറെ പരാമർശങ്ങൾ ഈ ഒരൊറ്റ പ്രാർഥ​ന​യിൽ കാണു​ന്നു​ണ്ടെന്ന്‌ ഒരു പഠനം സൂചി​പ്പി​ക്കു​ന്നു! a

16, 17. (എ) മറിയ​യും അവളുടെ പുത്ര​നും നമുക്ക്‌ അനുക​രി​ക്കാൻ എന്തു മാതൃക വെച്ചു? (ബി) മറിയ എലിസ​ബെ​ത്തി​ന്റെ വീട്ടിൽ പോയി താമസി​ച്ചത്‌ ഏത്‌ അനു​ഗ്ര​ഹ​ത്തെ​ക്കു​റി​ച്ചാണ്‌ നമ്മളെ പഠിപ്പി​ക്കു​ന്നത്‌?

16 തിരു​വെ​ഴുത്ത്‌ ആശയങ്ങ​ളെ​ക്കു​റിച്ച്‌ മറിയ നന്നായി ചിന്തി​ക്കുന്ന ആളായി​രു​ന്നെന്നു വ്യക്തം. എന്നാലും, അവൾക്ക്‌ താഴ്‌മ​യു​ണ്ടാ​യി​രു​ന്നു. സ്വന്തം വാക്കു​ക​ളിൽ തന്റെ ചിന്തകൾ വെളി​പ്പെ​ടു​ത്തു​ന്ന​തി​നു പകരം ദൈവ​വ​ച​ന​ത്തി​ലെ വാക്കു​കൾതന്നെ കടമെ​ടുത്ത്‌ തന്റെ ഹൃദയം പകരാ​നാണ്‌ അവൾ ഇഷ്ടപ്പെ​ട്ടത്‌. അവളുടെ ഉദരത്തിൽ അപ്പോൾ വളർന്നു​കൊ​ണ്ടി​രുന്ന പുത്ര​നും, ഭാവി​യിൽ അവളെ​പ്പോ​ലെ​തന്നെ താഴ്‌മ കാണി​ക്കു​മാ​യി​രു​ന്നു. “എന്റെ ഉപദേശം എന്റേതല്ല, എന്നെ അയച്ചവ​ന്റേ​ത​ത്രേ” എന്നാണ്‌ പിന്നീ​ടൊ​രി​ക്കൽ അവൻ പറഞ്ഞത്‌. (യോഹ. 7:16) നമ്മളും ഇങ്ങനെ സ്വയം ചോദി​ക്കു​ന്നത്‌ നല്ലതാണ്‌: ‘ദൈവ​ത്തി​ന്റെ വചന​ത്തോട്‌ ഇതേ​പോ​ലുള്ള ആദരവ്‌ എനിക്കു​ണ്ടോ? അതോ, എന്റെ സ്വന്തം ആശയങ്ങ​ളും ഉപദേ​ശ​ങ്ങ​ളും പറയാ​നാ​ണോ ഞാൻ കൂടുതൽ ഇഷ്ടപ്പെ​ടു​ന്നത്‌?’ മറിയയ്‌ക്ക്‌ ശരിയായ മനോ​ഭാ​വ​മാണ്‌ ഉണ്ടായി​രു​ന്നത്‌.

17 മറിയ എലിസ​ബെ​ത്തി​ന്റെ കൂടെ മൂന്നു മാസ​ത്തോ​ളം താമസി​ച്ചു. ആ സമയം​കൊണ്ട്‌ ഇരുവ​രും അങ്ങോ​ട്ടു​മി​ങ്ങോ​ട്ടും പിന്തു​ണയ്‌ക്കു​ക​യും ബലപ്പെ​ടു​ത്തു​ക​യും ചെയ്‌തു. (ലൂക്കോ. 1:56) ഹൃദ്യ​മായ സൗഹൃദം ഒരു അനു​ഗ്ര​ഹ​മാ​ണെന്ന്‌ നമുക്കു കാണി​ച്ചു​ത​രുന്ന മനോ​ഹ​ര​മാ​യൊ​രു ബൈബിൾവി​വ​ര​ണ​മാണ്‌ ഇത്‌. നമ്മുടെ ദൈവ​ത്തോട്‌ ആത്മാർഥസ്‌നേ​ഹ​മുള്ള കൂട്ടു​കാ​രാണ്‌ നമുക്കു​ള്ള​തെ​ങ്കിൽ നമ്മൾ ആത്മീയ​മാ​യി വളരും, യഹോ​വ​യോട്‌ കൂടുതൽ അടുക്കും. (സദൃ. 13:20) അങ്ങനെ, മറിയയ്‌ക്ക്‌ വീട്ടി​ലേക്ക്‌ മടങ്ങി​പ്പോ​കാൻ സമയമാ​യി. അവളുടെ അവസ്ഥ അറിയു​മ്പോൾ യോ​സേഫ്‌ എന്തു പറയും?

മറിയ​യും യോ​സേ​ഫും

18. മറിയ യോ​സേ​ഫി​നോട്‌ എന്തു വെളി​പ്പെ​ടു​ത്തി, അവൻ എങ്ങനെ പ്രതി​ക​രി​ച്ചു?

18 താൻ ഗർഭി​ണി​യാ​ണെന്ന വിവരം ആളുകൾ പറഞ്ഞ്‌ യോ​സേഫ്‌ അറിയാൻ മറിയ ആഗ്രഹി​ച്ചു​കാ​ണില്ല. എന്തായാ​ലും അവൾതന്നെ അത്‌ യോ​സേ​ഫി​നെ അറിയി​ച്ചേ മതിയാ​കൂ. താൻ പറയാൻ പോകുന്ന കാര്യം അറിയു​മ്പോൾ അന്തസ്സും ദൈവ​ഭ​യ​വും ഉള്ള ആ ചെറു​പ്പ​ക്കാ​രൻ എന്തായി​രി​ക്കും വിചാ​രി​ക്കുക എന്ന്‌ അവൾ കുറേ ആലോ​ചി​ച്ചി​ട്ടു​ണ്ടാ​കും. എന്തായാ​ലും, അവൾ യോ​സേ​ഫി​നെ കണ്ട്‌ സംഭവി​ച്ച​തെ​ല്ലാം പറഞ്ഞു. യോ​സേഫ്‌ ആകെ ചിന്താ​ക്കു​ഴ​പ്പ​ത്തി​ലാ​യി. ഈ പെൺകു​ട്ടി​യെ വിശ്വ​സി​ക്ക​ണ​മെന്ന്‌ അവനുണ്ട്‌. പക്ഷേ അവൾ അവിശ്വസ്‌തത കാണി​ച്ചെന്നു സംശയി​ക്കാൻ കാരണ​വു​മുണ്ട്‌. എന്തു ചെയ്യും! എന്തെല്ലാം ചിന്തക​ളാണ്‌ അവന്റെ മനസ്സി​ലൂ​ടെ കടന്നു​പോ​യത്‌? എന്തെല്ലാം ന്യായാ​ന്യാ​യങ്ങൾ ആ മനസ്സി​ലൂ​ടെ കയറി​യി​റ​ങ്ങി​ക്കാ​ണും? ബൈബിൾ അവയെ​ക്കു​റി​ച്ചൊ​ന്നും പറയു​ന്നില്ല. എന്നാൽ, ഒരു കാര്യം ബൈബിൾ വെളി​പ്പെ​ടു​ത്തു​ന്നു. അവൻ അവളെ ഉപേക്ഷി​ക്കാൻ തീരു​മാ​നി​ച്ചു! ഉപേക്ഷി​ക്കു​ന്നത്‌ അതായത്‌, വിവാ​ഹ​മോ​ചനം നടത്തു​ന്നത്‌ എന്തിനാണ്‌? വിവാ​ഹ​നി​ശ്ച​യ​മല്ലേ കഴിഞ്ഞു​ള്ളൂ? അതിനു കാരണ​മുണ്ട്‌. അക്കാലത്ത്‌ വിവാ​ഹ​നി​ശ്ചയം കഴിഞ്ഞ ജോഡി​കളെ വിവാ​ഹി​ത​രാ​യാണ്‌ യഹൂദ​സ​മൂ​ഹം വീക്ഷി​ച്ചി​രു​ന്നത്‌. പക്ഷേ, താനാ​യിട്ട്‌ ഇക്കാര്യം പരസ്യ​മാ​ക്കി അവൾക്ക്‌ നാണ​ക്കേ​ടു​ണ്ടാ​ക്കാ​നോ ഏഷണിക്ക്‌ പഴുതു​കൊ​ടു​ക്കാ​നോ അവൻ ആഗ്രഹി​ച്ചില്ല. അതു​കൊണ്ട്‌ അവളെ രഹസ്യ​മാ​യി ഉപേക്ഷി​ക്കാൻ അവൻ തീരു​മാ​നി​ച്ചു. (മത്താ. 1:18, 19) നന്മയുള്ള ആ ചെറു​പ്പ​ക്കാ​രന്റെ മനോ​വേദന മറിയ​യെ​യും കുത്തി​നോ​വി​ച്ചി​ട്ടു​ണ്ടാ​കും. ഒരിക്ക​ലും കേട്ടു​കേൾവി പോലു​മി​ല്ലാത്ത ഒരു സാഹച​ര്യ​ത്തി​ലാ​ണ​ല്ലോ രണ്ടു​പേ​രും ഇപ്പോൾ. പക്ഷേ, താൻ പറഞ്ഞത്‌ വിശ്വ​സി​ക്കാ​ഞ്ഞ​തു​കൊണ്ട്‌ മറിയയ്‌ക്ക്‌ അവനോട്‌ യാതൊ​രു അനിഷ്ട​വും തോന്നി​യില്ല.

19. നല്ല തീരു​മാ​ന​മെ​ടു​ക്കാൻ യഹോവ യോ​സേ​ഫി​നെ സഹായി​ച്ചത്‌ എങ്ങനെ?

19 എന്നാൽ, യോ​സേ​ഫി​ന്റെ മാനസി​കാ​വസ്ഥ ഒരാൾ ശരിക്കും മനസ്സി​ലാ​ക്കു​ന്നു​ണ്ടാ​യി​രു​ന്നു. യഹോ​വ​യാം ദൈവം! അതു​കൊണ്ട്‌ യഹോവ ഇടപെട്ടു. മറിയ ഗർഭവ​തി​യാ​യി​രി​ക്കു​ന്നത്‌ അവൾ അവിശ്വസ്‌തത കാണി​ച്ച​തു​കൊ​ണ്ട​ല്ലെ​ന്നും പിന്നെ​യോ യഹോ​വ​യു​ടെ പ്രത്യേക ഉദ്ദേശ്യ​പ്ര​കാ​രം അത്ഭുത​ക​ര​മാ​യി​ട്ടാ​ണെ​ന്നും ഒരു സ്വപ്‌ന​ത്തിൽ ദൈവ​ത്തി​ന്റെ ദൂതൻ യോ​സേ​ഫി​നെ അറിയി​ച്ചു. യോ​സേ​ഫിന്‌ എത്ര ആശ്വാസം തോന്നി​ക്കാ​ണും! ഇതോടെ, യഹോ​വ​യു​ടെ വഴിന​യി​ക്ക​ലി​നോ​ടു യോജിച്ച്‌ പോകാൻ യോ​സേഫ്‌ തീരു​മാ​നി​ച്ചു! മറിയ ഇത്‌ തുടക്ക​ത്തി​ലേ ചെയ്‌തു​തു​ട​ങ്ങി​യ​താണ്‌. യോ​സേഫ്‌ മറിയയെ ഭാര്യ​യാ​യി സ്വീക​രി​ച്ചു! യഹോ​വ​യു​ടെ പുത്രനെ വളർത്തി​ക്കൊ​ണ്ടു​വ​രുക എന്ന അത്യപൂർവ​മായ ഉത്തരവാ​ദി​ത്വം അവൻ ഏറ്റെടു​ത്തു.—മത്താ. 1:20-24.

20, 21. വിവാ​ഹി​തർക്കും വിവാ​ഹ​ത്തെ​ക്കു​റി​ച്ചു ചിന്തി​ക്കു​ന്ന​വർക്കും മറിയ​യും യോ​സേ​ഫും എന്തെല്ലാം പാഠങ്ങൾ പകർന്നു നൽകുന്നു?

20 രണ്ടായി​രം വർഷം മുമ്പ്‌ ജീവി​ച്ചി​രുന്ന ഈ യുവദ​മ്പ​തി​ക​ളിൽനിന്ന്‌ ഇന്നുള്ള ദമ്പതി​കൾക്കും വിവാ​ഹ​ത്തെ​ക്കു​റി​ച്ചു ചിന്തി​ക്കു​ന്ന​വർക്കും പലതും പഠിക്കാ​നുണ്ട്‌. ചെറു​പ്പ​മാ​ണെ​ങ്കി​ലും തന്റെ ഭാര്യ മാതൃ​ത്വ​ത്തി​ന്റെ ചുമത​ലകൾ ശ്രദ്ധ​യോ​ടെ, ഭംഗി​യാ​യി, ചെയ്യു​ന്നത്‌ കണ്ടപ്പോൾ യഹോ​വ​യു​ടെ ദൂതൻ തന്നെ ശരിയായ ദിശയി​ലേക്കു വഴിന​യി​ച്ച​തിന്‌ യോ​സേ​ഫിന്‌ വളരെ സന്തോഷം തോന്നി​ക്കാ​ണും. ജീവി​ത​ത്തിൽ പ്രധാ​ന​പ്പെട്ട തീരു​മാ​ന​ങ്ങ​ളെ​ടു​ക്കേ​ണ്ടി​വ​രു​മ്പോൾ യഹോ​വ​യി​ലേക്കു ചാഞ്ഞു​കൊണ്ട്‌ അവൻ നയിക്കു​ന്നത്‌ എങ്ങോ​ട്ടാ​ണെന്നു നോ​ക്കേ​ണ്ടത്‌ എത്ര പ്രധാ​ന​മാ​ണെന്ന്‌ യോ​സേഫ്‌ മനസ്സി​ലാ​ക്കി​യി​രി​ക്കണം. (സങ്കീ. 37:5; സദൃ. 18:13) കുടും​ബ​ത്തി​നു​വേണ്ടി തീരു​മാ​ന​മെ​ടുത്ത അവസര​ങ്ങ​ളി​ലെ​ല്ലാം യോ​സേഫ്‌ കരുത​ലും പരിഗ​ണ​ന​യും ദയയും ഉള്ളവനാ​യി​രു​ന്നു.

21 യോ​സേ​ഫി​നെ വിവാഹം കഴിക്കാ​നുള്ള മറിയ​യു​ടെ മനസ്സൊ​രു​ക്ക​ത്തിൽനിന്ന്‌ നമുക്ക്‌ എന്ത്‌ പഠിക്കാം? അവൾ പറഞ്ഞ സംഭവ​ത്തി​ന്റെ വാസ്‌തവം ഉൾക്കൊ​ള്ളാൻ യോ​സേ​ഫി​നു ബുദ്ധി​മു​ട്ടാ​ണെന്നു കണ്ടിട്ടും യോ​സേ​ഫു​തന്നെ തീരു​മാ​ന​മെ​ടു​ക്കട്ടെ എന്നു കരുതി അവൾ കാത്തി​രു​ന്നു. കാരണം, കുടും​ബ​ത്തി​ന്റെ ശിരസ്സാ​കാൻ പോകു​ന്നത്‌ അവനാ​ണ​ല്ലോ. അത്‌ അവൾക്കു​തന്നെ ഒരു ഉത്തമപാ​ഠ​മാ​കു​മാ​യി​രു​ന്നു. ഇന്നുള്ള ക്രിസ്‌തീ​യസ്‌ത്രീ​കൾക്കും അത്‌ അങ്ങനെ​തന്നെ. ഈ സംഭവം അവരെ ഒരു​പോ​ലെ പഠിപ്പിച്ച ഒരു പാഠമു​ണ്ടാ​കും: പരസ്‌പരം കാര്യങ്ങൾ സത്യസ​ന്ധ​മാ​യി, തുറന്ന്‌ സംസാ​രി​ക്ക​ണ​മെ​ന്നുള്ള വില​യേ​റിയ പാഠം!സദൃശ​വാ​ക്യ​ങ്ങൾ 15:22 വായി​ക്കുക.

22. യോ​സേ​ഫി​ന്റെ​യും മറിയ​യു​ടെ​യും ദാമ്പത്യ​ത്തി​ന്റെ അടിത്തറ എന്തായി​രു​ന്നു, അവർക്ക്‌ മുമ്പി​ലുള്ള ഉദ്യമം എന്തായി​രു​ന്നു?

22 ആ യുവദ​മ്പ​തി​കൾ ദാമ്പത്യ​ജീ​വി​തം ആരംഭി​ച്ചത്‌ ഏറ്റവും നല്ല അടിത്ത​റ​യിൽനി​ന്നാണ്‌. അവർ രണ്ടു​പേ​രും മറ്റെന്തി​നെ​ക്കാ​ളും മറ്റാ​രെ​ക്കാ​ളും യഹോ​വയെ സ്‌നേ​ഹി​ച്ചു! ഉത്തരവാ​ദി​ത്വ​വും കരുത​ലും ഉള്ള രക്ഷാകർത്താ​ക്ക​ളാ​യി​ത്തീർന്നു​കൊണ്ട്‌ ദൈവത്തെ സന്തോ​ഷി​പ്പി​ക്കാൻ അവർ ആത്മാർഥ​മാ​യി ആഗ്രഹി​ച്ചു. വലിയ അനു​ഗ്ര​ഹങ്ങൾ അവരെ കാത്തി​രി​പ്പു​ണ്ടാ​യി​രു​ന്നു, ഒപ്പം വലിയ പ്രതി​ബ​ന്ധ​ങ്ങ​ളും. യേശു​വി​നെ വളർത്തി​ക്കൊ​ണ്ടു​വ​രുക, അതാണ്‌ ഇപ്പോൾ അവർ ചെയ്യേ​ണ്ടി​യി​രു​ന്നത്‌. അവൻ, ലോകം കണ്ടിട്ടു​ള്ള​തി​ലേ​ക്കും ഏറ്റവും മഹാനായ മനുഷ്യ​നാ​യി​ത്തീ​രാ​നു​ള്ള​വ​നാ​യി​രു​ന്നു!

a ആ തിരു​വെ​ഴു​ത്തു പരാമർശ​ങ്ങ​ളിൽ, ഒരു വിശ്വസ്‌ത​ദൈ​വ​ദാ​സി​യായ ഹന്നായു​ടെ പ്രാർഥ​ന​യിൽനി​ന്നുള്ള ഭാഗങ്ങൾ ഉദ്ധരി​ച്ചി​ട്ടു​ണ്ടെന്നു തോന്നു​ന്നു. യഹോ​വ​യു​ടെ അനു​ഗ്ര​ഹ​ത്താൽ ഒരു കുട്ടി ജനിച്ച​പ്പോ​ഴാണ്‌ ഹന്നായും ആ പ്രാർഥന നടത്തി​യത്‌. ആറാം അധ്യാ​യ​ത്തി​ലെ, “ശ്രദ്ധേ​യ​മായ രണ്ടു പ്രാർഥ​നകൾ” എന്ന ചതുരം കാണുക.