അധ്യായം ഏഴ്
അവൻ “യഹോവയുടെ സന്നിധിയിൽ വളർന്നുവന്നു”
1, 2. ശമുവേൽ ഇസ്രായേൽ ജനതയെ കൂട്ടിവരുത്താനിടയായ സാഹചര്യം വിവരിക്കുക, അവരെ അവൻ പശ്ചാത്താപത്തിലേക്കു വരുത്തേണ്ടിയിരുന്നത് എന്തുകൊണ്ട്?
ശമുവേൽ കൂടിവന്നിരിക്കുന്ന ആളുകളുടെ മുഖങ്ങളിലേക്കു നോക്കി. ജനത ഒന്നാകെ ഗിൽഗാൽ പട്ടണത്തിൽ അവന്റെ മുമ്പാകെ എത്തിയിട്ടുണ്ട്. പതിറ്റാണ്ടുകളായി അവരുടെ പ്രവാചകനും ന്യായാധിപനും ആയി വിശ്വസ്തമായി സേവിച്ചുവരുന്ന ശമുവേൽതന്നെയാണ് അവരെ വിളിച്ചുകൂട്ടിയിരിക്കുന്നത്. ഇന്നത്തെ കലണ്ടർപ്രകാരം ഇത് മെയ് മാസമോ ജൂൺ മാസമോ ആയിരിക്കാം. കത്തിനിൽക്കുന്ന വേനൽ! ഗോതമ്പുവയലുകളിൽ വിളഞ്ഞുപാകമായ സ്വർണക്കതിരുകൾ! കൂടിവന്നിരിക്കുന്ന ജനത്തിൽ ആരുമാരും ഒന്നും ശബ്ദിക്കുന്നില്ല. അവരെ കാര്യത്തിന്റെ ഗൗരവം ബോധ്യപ്പെടുത്താൻ ശമുവേലിനു കഴിയുമോ?
2 ജനം ഗുരുതരമായൊരു തെറ്റ് ചെയ്തിരിക്കുകയാണ്. അതിന്റെ ഗൗരവം പക്ഷേ, അവർ മനസ്സിലാക്കിയിട്ടില്ല. ഒരു മാനുഷരാജാവിനെ വേണമെന്ന് അവർ ശഠിച്ചു! അതുവഴി, തങ്ങളുടെ ദൈവമായ യഹോവയോടും അവന്റെ പ്രവാചകനോടും കടുത്ത അനാദരവാണ് കാണിച്ചതെന്ന് അവർ തിരിച്ചറിയുന്നില്ല. വാസ്തവത്തിൽ അവരുടെ രാജാവായ യഹോവയെ തള്ളിപ്പറയുകയാണ് അവർ ചെയ്തത്! ആ ജനത്തെ തെറ്റു ബോധ്യപ്പെടുത്തി മാനസാന്തരത്തിലേക്കു വരുത്താൻ ശമുവേൽ എന്താണ് ചെയ്യാൻ പോകുന്നത്?
ചുറ്റുപാടുകൾ മോശമായിരുന്നാലും യഹോവയിലുള്ള വിശ്വാസം പടുത്തുയർത്താൻ കഴിയുമെന്ന് ശമുവേലിന്റെ ബാല്യകാലം നമ്മെ പഠിപ്പിക്കുന്നു
3, 4. (എ) ശമുവേൽ തന്റെ ബാല്യകാലത്തെക്കുറിച്ചു സംസാരിച്ചത് എന്തുകൊണ്ട്? (ബി) വിശ്വാസത്തിന്റെ കാര്യത്തിൽ ശമുവേൽ വെച്ച മാതൃക ഇന്നു നമുക്ക് പ്രയോജനം ചെയ്യുന്നത് എങ്ങനെ?
3 ഒടുവിൽ ശമുവേൽ സംസാരിച്ച് തുടങ്ങി: “ഞാനോ വൃദ്ധനും നരച്ചവനുമായി.” അവന്റെ നരച്ച മുടി അവന്റെ വാക്കുകൾക്ക് ഗാംഭീര്യം പകർന്നു. അവൻ തുടർന്നു: “എന്റെ ബാല്യംമുതൽ ഇന്നുവരെയും ഞാൻ നിങ്ങൾക്കു നായകനായിരുന്നു.” (1 ശമൂ. 11:14, 15; 12:2) വൃദ്ധനായിത്തീർന്നെങ്കിലും ശമുവേൽ തന്റെ ബാല്യകാലം മറന്നില്ല. ആ ബാല്യകാലസ്മരണകൾ അവന്റെ ഓർമയിൽ അപ്പോഴും തെളിവാർന്ന് നിന്നു. അന്ന്, ഒരു ബാലനായിരിക്കെ അവൻ എടുത്ത തീരുമാനങ്ങളാണ് അവനെ വിശ്വസ്തനും ദൈവഭക്തനും ആക്കിത്തീർത്തത്.
4 വിശ്വാസമോ ദൈവഭയമോ ഇല്ലാതിരുന്ന ആളുകളോടൊപ്പമാണ് അവന് പലപ്പോഴും കഴിഞ്ഞുകൂടേണ്ടിയിരുന്നത്. അതുകൊണ്ടുതന്നെ വിശ്വാസം വളർത്തിയെടുക്കാനും അത് കൈമോശം വരാതെ സൂക്ഷിക്കാനും അവൻ സ്വയം ശ്രമിക്കേണ്ടിയിരുന്നു. ഇന്നും അതേ സാഹചര്യമാണ് നമുക്കു ചുറ്റും. യഥാർഥവിശ്വാസം ഇല്ലാത്ത ദുഷിച്ച ലോകത്തിലാണ് നമ്മുടെയും ജീവിതം. (ലൂക്കോസ് 18:8 വായിക്കുക.) ശമുവേലിന്റെ ജീവിതകഥയിൽനിന്ന് നമുക്ക് എന്തു പഠിക്കാമെന്ന് നോക്കാം. അവന്റെ ബാല്യത്തിൽനിന്നുതന്നെ നമുക്ക് തുടങ്ങാം.
ബാലൻ “യഹോവയുടെ സന്നിധിയിൽ ശുശ്രൂഷ ചെയ്തുപോന്നു”
5, 6. ശമുവേലിന്റേത് വേറിട്ടൊരു ബാല്യമായിരുന്നത് എങ്ങനെ, അവന് ഒരു കുറവും വരില്ലെന്ന് അവന്റെ അച്ഛനമ്മമാർക്ക് ഉറപ്പുണ്ടായിരുന്നത് എന്തുകൊണ്ട്?
5 വേറിട്ടൊരു ബാല്യമായിരുന്നു ശമുവേലിന്റേത്. മുലകുടി മാറിയ ഉടനെ (മൂന്നുമൂന്നര വയസ്സ്) അവനെ മാതാപിതാക്കൾ റാമയിൽനിന്ന് ഏതാണ്ട് 30 കിലോമീറ്റർ അകലെയുള്ള ശീലോവിൽ കൊണ്ടുചെന്നാക്കി. അന്നുമുതൽ യഹോവയുടെ സമാഗമനകൂടാരത്തിൽ വിശുദ്ധശുശ്രൂഷ തുടങ്ങിയതാണ് കൊച്ചുശമുവേൽ. എല്ക്കാനായും ഹന്നായും അവരുടെ ഈ കടിഞ്ഞൂൽപ്പുത്രനെ ഒരു പ്രത്യേകശുശ്രൂഷയ്ക്കായി യഹോവയ്ക്കു സമർപ്പിച്ചതാണ്. അതായത്, അവൻ ആയുസ്സു മുഴുവൻ ഒരു നാസീർവ്രതക്കാരനായിരിക്കും! a എന്നുകരുതി, മാതാപിതാക്കൾ അവനെ ഉപേക്ഷിച്ചെന്നോ അവനെ സ്നേഹിച്ചില്ലെന്നോ അതിന് അർഥമുണ്ടോ?
6 ഒരിക്കലുമില്ല. ശീലോവിൽ മകന് ഒരു കുറവും വരില്ലെന്ന് അവർക്ക് അറിയാമായിരുന്നു. അവിടെ മഹാപുരോഹിതനായ ഏലിയാണ് മേൽനോട്ടം വഹിക്കുന്നത്. അവന്റെ കൂടെയാണ് ശമുവേൽ ശുശ്രൂഷ ചെയ്യുന്നതും. മാത്രമല്ല, സമാഗമനകൂടാരവുമായി ബന്ധപ്പെട്ടുള്ള ജോലികൾ ചെയ്തുപോന്നിരുന്ന കുറെ സ്ത്രീകളും അവിടെയുണ്ടായിരുന്നു.—പുറ. 38:8; ന്യായാ. 11:34-40.
7, 8. (എ) ഓരോ വർഷവും ശമുവേലിന്റെ മാതാപിതാക്കൾ അവന്റെ മനസ്സിനെ ധൈര്യപ്പെടുത്തിപ്പോന്നത് എങ്ങനെ? (ബി) ശമുവേലിന്റെ മാതാപിതാക്കളിൽനിന്ന് ഇക്കാലത്തെ അച്ഛനമ്മമാർക്ക് എന്തെല്ലാം പഠിക്കാനുണ്ട്?
7 ഏറെ കണ്ണീരിനും പ്രാർഥനയ്ക്കും ശേഷം പിറന്ന ഈ ഓമനപ്പുത്രനെ അല്ലെങ്കിൽത്തന്നെ അവർക്ക് എങ്ങനെ മറക്കാനാകും? ദൈവത്തോട് അപേക്ഷിച്ചു കിട്ടിയ മകനാണ്! അവനെ ആജീവനാന്ത വിശുദ്ധസേവനത്തിന് സമർപ്പിച്ചുകൊള്ളാമെന്ന് നേർച്ചയും നേർന്നിരുന്നു. ആണ്ടുതോറും ആ മാതാപിതാക്കൾ മകനെ കാണാൻ ശീലോവിൽ ചെല്ലും. അപ്പോഴൊക്കെ അവന്റെ അമ്മ, സ്വയം നെയ്തെടുത്ത കൈയില്ലാത്ത ഒരു പുതിയ കുപ്പായം അവന് കൊടുക്കും. സമാഗമനകൂടാരത്തിൽ ശുശ്രൂഷ ചെയ്യുമ്പോൾ അവന് ധരിക്കാനാണ് അത്. കൊച്ചുശമുവേൽ, അമ്മ തന്നെ കാണാൻ വരുന്നതും കാത്തിരിക്കും. ഓരോ തവണയും, മകനെ ചേർത്തുപിടിച്ച് ആ കുരുന്നുമനസ്സിന് ധൈര്യം പകരാനും ആവശ്യമായ കാര്യങ്ങൾ പറഞ്ഞുകൊടുക്കാനും ആ മാതാപിതാക്കൾ മറന്നില്ല. ആ വിശുദ്ധസ്ഥലത്തു താമസിച്ച് യഹോവയെ സേവിക്കാൻ കഴിയുന്നത് എത്ര വലിയ പദവിയാണെന്നും അവർ അവനു മനസ്സിലാക്കിക്കൊടുക്കും. ഇതെല്ലാം കേട്ട്, അനുസരിച്ച്, ശമുവേൽ ബാലൻ മിടുക്കനായി വളർന്നുവന്നു.
8 ഇന്നുള്ള അച്ഛനമ്മമാർക്ക് ഹന്നായുടെയും എല്ക്കാനായുടെയും മാതൃകയിൽനിന്ന് പലതും പഠിക്കാനുണ്ട്. മക്കളെ വളർത്തുമ്പോൾ അവർക്ക് പണംകൊണ്ട് നേടാവുന്ന സുഖസൗകര്യങ്ങൾ ഒരുക്കിക്കൊടുക്കുന്നതിലായിരിക്കും പൊതുവേ അച്ഛനമ്മമാരുടെ ശ്രദ്ധ മുഴുവനും. അങ്ങനെയുള്ള രക്ഷിതാക്കൾ കുട്ടികളുടെ ആത്മീയ ആവശ്യങ്ങൾ കാര്യമാക്കുന്നില്ല. എന്നാൽ ശമുവേലിന്റെ മാതാപിതാക്കൾ ആത്മീയകാര്യങ്ങൾക്ക് ഒന്നാം സ്ഥാനം നൽകി. ശമുവേൽ ദൈവഭക്തനായ ഒരു പുരുഷനായി വളർന്നുവന്നതിൽ ആ മാതാപിതാക്കളുടെ പങ്ക് വളരെ വലുതായിരുന്നു!—സദൃശവാക്യങ്ങൾ 22:6 വായിക്കുക.
9, 10. (എ) സമാഗമനകൂടാരം വർണിക്കുക, ആ വിശുദ്ധസ്ഥലത്തോടുള്ള ശമുവേൽ ബാലന്റെ വികാരങ്ങളും വിവരിക്കുക. (അടിക്കുറിപ്പും കാണുക.) (ബി) ശമുവേലിന്റെ ചുമതലകളിൽ എന്തെല്ലാം ഉൾപ്പെട്ടിരിക്കാം, അവന്റെ മാതൃകയിൽനിന്ന് ഇന്നത്തെ കുട്ടികൾക്ക് എന്തെല്ലാം പഠിക്കാനുണ്ടെന്നാണ് നിങ്ങൾ കരുതുന്നത്?
9 ശമുവേൽ ബാലൻ വളർച്ചയുടെ ഘട്ടങ്ങൾ ഒന്നൊന്നായി പിന്നിടുകയാണ്. അവൻ ശീലോവിനു ചുറ്റുമുള്ള കുന്നുകളിലൂടെ കാഴ്ചകൾ കണ്ടു നടക്കുന്നത് നിങ്ങൾക്കു സങ്കല്പിക്കാമോ? ആ കുന്നിൻപുറങ്ങളിൽനിന്ന് നോക്കിയാൽ താഴെയുള്ള പട്ടണം കാണാം, അതിനും താഴെ ഒരു വശത്തായി നീണ്ടിറങ്ങിക്കിടക്കുന്ന താഴ്വര. യഹോവയുടെ സമാഗമനകൂടാരത്തിൽ അവന്റെ കണ്ണുടക്കി, അപ്പോൾ അവന്റെ മുഖത്തു വിരിയുന്ന ആഹ്ലാദവും അഭിമാനവും നിങ്ങൾക്കു കാണാനാകുന്നുണ്ടോ? സമാഗമനകൂടാരം ശരിക്കും ഒരു വിശുദ്ധസ്ഥലമായിരുന്നു. b ഏകദേശം 400 വർഷം മുമ്പ് മോശയുടെ നിർദേശമനുസരിച്ച് ഉണ്ടാക്കിയതാണ് അത്. ഭൂമിയിൽ, സത്യാരാധനയുടെ ഒരേയൊരു കേന്ദ്രം!
10 ശമുവേൽ ഈ വിശുദ്ധകൂടാരത്തെ ഏറെ പ്രിയപ്പെട്ടിരുന്നു. അവൻതന്നെ എഴുതിയ വിവരണത്തിൽ നമ്മൾ പിന്നീട് ഇങ്ങനെ കാണുന്നു: “ശമൂവേൽ എന്ന ബാലനോ പഞ്ഞിനൂൽ കൊണ്ടുള്ള അങ്കി ധരിച്ചു യഹോവയുടെ സന്നിധിയിൽ ശുശ്രൂഷ ചെയ്തുപോന്നു.” (1 ശമൂ. 2:18) ആഡംബരങ്ങളില്ലാത്ത ആ കൈയില്ലാക്കുപ്പായം സൂചിപ്പിക്കുന്നത് സമാഗമനകൂടാരത്തിൽ അവൻ പുരോഹിതന്മാരുടെ സഹായിയായി സേവിച്ചിരിക്കാമെന്നാണ്. പുരോഹിതന്മാരുടെ കുടുംബത്തിൽപ്പെട്ടവൻ അല്ലെങ്കിലും സമാഗമനകൂടാരത്തിന്റെ അങ്കണത്തിലേക്കുള്ള വാതിലുകൾ രാവിലെതോറും തുറക്കുക, വൃദ്ധനായ ഏലിയെ സഹായിക്കുക തുടങ്ങിയ ജോലികൾ ശമുവേൽ ചെയ്തുപോന്നു. ആലയശുശ്രൂഷയ്ക്കുള്ള പദവി അവൻ അങ്ങേയറ്റം പ്രിയപ്പെട്ടിരുന്നു. എങ്കിലും, നിഷ്കളങ്കനായ ആ ബാലനെ വല്ലാതെ വിഷമിപ്പിച്ച ചില കാര്യങ്ങളും ഇടയ്ക്കുണ്ടായി. അരുതാത്ത ചില കാര്യങ്ങൾ യഹോവയുടെ ഭവനത്തിൽ നടക്കുന്നുണ്ടായിരുന്നു.
ദുഷിച്ച ചുറ്റുപാടിൽ കളങ്കമേശാതെ. . .
11, 12. (എ) ഹൊഫ്നിയും ഫീനെഹാസും വരുത്തിയ വലിയ വീഴ്ച എന്തായിരുന്നു? (ബി) സമാഗമനകൂടാരത്തിൽ അവർ കാട്ടിക്കൂട്ടിയ മ്ലേച്ഛതകളും വഷളത്തങ്ങളും എന്തൊക്കെയായിരുന്നു? (അടിക്കുറിപ്പും കാണുക.)
11 വളരെ ചെറുപ്പത്തിലേ ശമുവേലിന് അവിടെ കടുത്ത ദുഷ്ടതയും മ്ലേച്ഛതയും കാണേണ്ടിവന്നു. ഏലിക്ക് രണ്ടു പുത്രന്മാരുണ്ടായിരുന്നു, ഹൊഫ്നിയും ഫീനെഹാസും. ശമുവേലിന്റെ വിവരണം ഇങ്ങനെ പറയുന്നു: “ഏലിയുടെ പുത്രന്മാർ നീചന്മാരും യഹോവയെ ഓർക്കാത്തവരും ആയിരുന്നു.” (1 ശമൂ. 2:12) ഈ വാക്യത്തിൽ പറഞ്ഞിരിക്കുന്ന രണ്ടു കാര്യങ്ങളും പരസ്പരം ബന്ധപ്പെട്ടവയാണ്. യഹോവയോട് യാതൊരു ആദരവും ഇല്ലാതിരുന്നതുകൊണ്ട് ഹൊഫ്നിയും ഫീനെഹാസും ‘നീചന്മാർ’ ആയിരുന്നു. അവന്റെ നീതിയുള്ള നിലവാരങ്ങൾക്കും നിബന്ധനകൾക്കും അവർ പുല്ലുവിലപോലും കല്പിച്ചില്ല. അവർ ചെയ്തുകൂട്ടിയ മറ്റു സകല വഷളത്തങ്ങളും മുളപൊട്ടിയത് ഈ അനാദരവിൽനിന്നാണ്.
12 പുരോഹിതന്മാരുടെ ചുമതലകളും സമാഗമനകൂടാരത്തിൽ യാഗാർപ്പണം നടത്തേണ്ട വിധവും ന്യായപ്രമാണത്തിലൂടെ ദൈവം പ്രത്യേകം എടുത്ത് പറഞ്ഞിരുന്നു. അതിന് തക്കതായ കാരണവും ഉണ്ടായിരുന്നു. പാപങ്ങൾ ക്ഷമിച്ചുകിട്ടാനുള്ള കരുതലുകളെ ചിത്രീകരിക്കുന്നവയായിരുന്നു ആ യാഗങ്ങൾ. അങ്ങനെ യഹോവയുടെ ദൃഷ്ടിയിൽ ആളുകൾക്ക് ശുദ്ധരായിത്തീരാൻ കഴിയുമായിരുന്നു. അതുവഴി, തന്റെ അനുഗ്രഹത്തിനും മാർഗനിർദേശത്തിനും അവർ യോഗ്യരായിത്തീരാനും ദൈവം ആഗ്രഹിച്ചു. എന്നാൽ, ഹൊഫ്നിയും ഫീനെഹാസും മറ്റു പുരോഹിതന്മാരെക്കൂടി വഴിപിഴപ്പിച്ചു. അവരും യഹോവയ്ക്കുള്ള യാഗവസ്തുക്കൾ കടുത്ത അനാദരവോടെ കാണാനും കൈകാര്യം ചെയ്യാനും തുടങ്ങി. c
13, 14. (എ) സമാഗമനകൂടാരത്തിങ്കൽ നടന്നുകൊണ്ടിരുന്ന കൊള്ളരുതായ്മകൾ ആളുകളെ എങ്ങനെ ബാധിച്ചു? (ബി) പിതാവിന്റെയും മഹാപുരോഹിതന്റെയും ഉത്തരവാദിത്വങ്ങൾ നിർവഹിക്കുന്നതിൽ ഏലി പരാജയപ്പെട്ടത് എങ്ങനെ?
13 കടുത്ത അപരാധങ്ങൾ കൂസലില്ലാതെ ചെയ്തുകൂട്ടിയിട്ടും ഇക്കൂട്ടർക്ക് യാതൊരു തിരുത്തലും കിട്ടാതെ പോകുന്നത് കണ്ടുനിൽക്കേണ്ടിവരുന്ന ശമുവേലിന്റെ മുഖത്തെ അമ്പരപ്പ് നിങ്ങൾ കാണുന്നുണ്ടോ? ആരുടെയെല്ലാം നിസ്സഹായതയാണ് അവന് കാണേണ്ടിവരുന്നത്! സമാധാനവും ആശ്വാസവും പ്രാപിച്ച് മടങ്ങാൻവേണ്ടി ദൈവസന്നിധിയിൽ എത്തുന്നവർ വ്രണിതരായും അപമാനിതരായും നിരാശപ്പെട്ടും മടങ്ങേണ്ടിവരുന്ന ദയനീയകാഴ്ച അവന്റെ മനസ്സ് ഉലച്ചുകാണും. അവരിൽ എളിയവരുണ്ട്, ദരിദ്രരുണ്ട്, മനസ്സുതകർന്ന് എത്തുന്നവരുണ്ട്! ഇതൊന്നും പോരാഞ്ഞിട്ട് ഹൊഫ്നിയും ഫീനെഹാസും യഹോവയുടെ ധാർമികനിയമങ്ങൾക്ക് ഒരു വിലയും കല്പിക്കാതെ സമാഗമനകൂടാരത്തിങ്കൽ സേവചെയ്തുവരുന്ന ചില സ്ത്രീകളുമായി അവിഹിതവേഴ്ച നടത്തുന്നതിനെക്കുറിച്ചുകൂടി കേട്ടപ്പോൾ അവന് എന്തു തോന്നിക്കാണും? (1 ശമൂ. 2:22) ഏലി എന്തെങ്കിലും പരിഹാരനടപടികൾ സ്വീകരിക്കുമെന്നോർത്ത് അവൻ പ്രതീക്ഷയോടെ കാത്തിരുന്നിട്ടുണ്ടാകില്ലേ?
ഏലിയുടെ പുത്രന്മാരുടെ ദുഷ്ടത കണ്ട് ശമുവേലിന്റെ ഇളംമനസ്സ് വല്ലാതെ വേദനിച്ചിട്ടുണ്ടാകും
14 പെരുകിവരുന്ന ഈ ദൈവനിന്ദയ്ക്കെതിരെ വേണ്ടത് ചെയ്യാൻ ചുമതലപ്പെട്ടയാൾ ഏലിയായിരുന്നു. കാരണം, സമാഗമനകൂടാരത്തിങ്കൽ നടക്കുന്ന എല്ലാ കാര്യങ്ങൾക്കും മഹാപുരോഹിതനായ അവന് ഉത്തരവാദിത്വമുണ്ടായിരുന്നു. ഒരു പിതാവെന്ന നിലയിൽ തന്റെ പുത്രന്മാരെ തിരുത്താനുള്ള ചുമതലയും അവനുണ്ടായിരുന്നു. ഏലിയുടെ മക്കൾ തങ്ങൾക്കുതന്നെ നാശം വിളിച്ചുവരുത്തിയെന്നു മാത്രമല്ല, ദേശത്തെ ജനങ്ങളെ ദ്രോഹിക്കുകയുമായിരുന്നു. ഒരു പിതാവിന്റെ ചുമതലയും മഹാപുരോഹിതന്റെ കടമകളും നിർവഹിക്കുന്ന കാര്യത്തിൽ ഏലി വൻ പരാജയമായി. തിരുത്തലും ശിക്ഷയും ഒക്കെ മൃദുവായ ഒരു ശാസനയിൽ അവനങ്ങ് ഒതുക്കി. (1 ശമൂവേൽ 2:23-25 വായിക്കുക.) അവന്റെ പുത്രന്മാർക്ക് കടുത്ത ശിക്ഷതന്നെ വേണമായിരുന്നു. കാരണം, മരണശിക്ഷ അർഹിക്കുന്ന പാതകങ്ങളാണ് അവർ ചെയ്തുകൊണ്ടിരുന്നത്!
15. ശക്തമായ ഏത് മുന്നറിയിപ്പാണ് യഹോവ ഏലിക്കു നൽകിയത്, അവനും കുടുംബവും അതിനോട് പ്രതികരിച്ചത് എങ്ങനെ?
15 കാര്യങ്ങൾ അങ്ങേയറ്റം വഷളായി. ഒടുവിൽ യഹോവ ഒരു ‘ദൈവപുരുഷനെ’ ശക്തമായ ന്യായവിധിദൂതുമായി ഏലിയുടെ അടുത്തേക്ക് അയച്ചു. ആ പ്രവാചകന്റെ പേര് ബൈബിൾ പറയുന്നില്ല. “നീ നിന്റെ പുത്രന്മാരെ എന്നെക്കാൾ ബഹുമാനി”ക്കുന്നു എന്ന് യഹോവ ഏലിയോടു പറഞ്ഞു. ഏലിയുടെ ദുർന്നടപ്പുകാരായ പുത്രന്മാർ ഒരേ ദിവസം കൊല്ലപ്പെടുമെന്നും കുടുംബത്തിന് തീരാനഷ്ടങ്ങളുണ്ടാകുമെന്നും ഏലിയുടെ കുടുംബത്തിൽനിന്ന് പൗരോഹിത്യശുശ്രൂഷയ്ക്കുള്ള പദവിപോലും എടുത്തുകളയുമെന്നും യഹോവ ഏലിയെ അറിയിച്ചു. ശക്തമായ ഈ മുന്നറിയിപ്പു കിട്ടിയിട്ടും ആ കുടുംബം എന്തെങ്കിലും മാറ്റം വരുത്തിയോ? ഏലിയും പുത്രന്മാരും എന്തെങ്കിലുമൊരു ഉൾപ്പരിവർത്തനം വരുത്തിയതായി രേഖയൊന്നുമില്ല.—1 ശമൂ. 2:27–3:1.
16. (എ) ശമുവേൽ ബാലനെക്കുറിച്ചുള്ള ഏത് ശുഭവാർത്തകളാണ് നാം വിവരണത്തിൽ കാണുന്നത്? (ബി) ആ വാർത്തകൾ നിങ്ങളെ സന്തോഷിപ്പിച്ചോ? വിശദീകരിക്കുക.
16 നിന്ദ്യവും നീചവും ആയ ഈ ചെയ്തികളെല്ലാം കണ്ടും കേട്ടും നിൽക്കുന്ന കൊച്ചുശമുവേലിന്റെ മാനസികാവസ്ഥ നിങ്ങൾക്കൊന്ന് ഊഹിക്കാമോ? അശുഭവാർത്തകളുടെ ഇരുട്ടുനിറഞ്ഞ ഈ വിവരണങ്ങൾക്കിടയിൽ അവിടവിടെയായി ചില പ്രകാശകിരണങ്ങളും നമുക്ക് കാണാം. ശമുവേൽ ബാലൻ ദൈവപ്രീതിയുള്ളവനായി വളർന്നുവരുന്നതാണ് ഒരു ശുഭവാർത്ത! 1 ശമൂവേൽ 2:18-ൽ അവനെക്കുറിച്ചു വായിച്ചത് നിങ്ങൾ ഓർക്കുന്നില്ലേ? “ശമൂവേൽ എന്ന ബാലനോ . . . യഹോവയുടെ സന്നിധിയിൽ ശുശ്രൂഷ ചെയ്തുപോന്നു.” ആ ഇളംപ്രായത്തിൽപ്പോലും ദൈവസേവനം കേന്ദ്രീകരിച്ചായിരുന്നു അവന്റെ ജീവിതം. അതേ അധ്യായം 21-ാം വാക്യത്തിൽ, കുറെക്കൂടി സന്തോഷം പകരുന്ന മറ്റൊരു ശുഭവാർത്ത നമ്മൾ കാണുന്നു: “ശമൂവേൽബാലനോ യഹോവയുടെ സന്നിധിയിൽ വളർന്നുവന്നു.” അവൻ വളരുന്തോറും സ്വർഗീയപിതാവുമായുള്ള അവന്റെ ബന്ധവും വളർന്നു. യഹോവയുമായുള്ള അത്തരമൊരു ഉറ്റബന്ധം എത്ര ഹീനമായ ചുറ്റുപാടിലും ഏറ്റവും നല്ല സംരക്ഷണമായി വർത്തിക്കും!
17, 18. (എ) മറ്റുള്ളവരുടെ ദുഷ്ചെയ്തികൾ കാണുമ്പോൾ ക്രിസ്തീയ യുവജനങ്ങൾക്കും കുട്ടികൾക്കും ശമുവേലിനെപ്പോലെ ചിന്തിക്കാനും പ്രവർത്തിക്കാനും കഴിയുന്നത് എങ്ങനെ? (ബി) ശമുവേൽ തിരഞ്ഞെടുത്ത ജീവിതഗതി ശരിയായിരുന്നെന്ന് എന്തു തെളിയിക്കുന്നു?
17 ശമുവേലിന് വേണമെങ്കിൽ ഇങ്ങനെ ചിന്തിക്കാമായിരുന്നു: മഹാപുരോഹിതനും മക്കൾക്കും ഈവക പാപങ്ങളൊക്കെ ചെയ്തുകൂട്ടാമെങ്കിൽ എന്റെ ഇഷ്ടംപോലെ എനിക്കും ചെയ്തുകൂടേ? എന്നാൽ ഓർക്കുക: അധികാരസ്ഥാനങ്ങളിൽ ഉള്ളവരുടേതുൾപ്പെടെ, മറ്റുള്ളവരുടെ ദുഷ്ചെയ്തികൾ, നമുക്ക് പാപം ചെയ്യാനുള്ള മറയല്ല! ശമുവേലിനെപ്പോലുള്ള നിരവധി കുട്ടികൾ ഇന്ന് ക്രിസ്തീയസഭയിലുണ്ട്. അവർക്ക് ചുറ്റുമുള്ള ചിലർ നല്ല മാതൃകകളല്ലെങ്കിൽപ്പോലും അവർ ശമുവേലിനെപ്പോലെ “യഹോവയുടെ സന്നിധിയിൽ വളർന്നു”വരുന്നു.
18 യഹോവയെ അനുസരിക്കാൻ തീരുമാനിച്ചതുകൊണ്ട് ശമുവേലിനുണ്ടായ നന്മയെന്താണ്? “ശമൂവേൽബാലനോ വളരുന്തോറും യഹോവെക്കും മനുഷ്യർക്കും പ്രീതിയുള്ളവനായി വളർന്നു” എന്നാണ് ബൈബിൾ പറയുന്നത്. (1 ശമൂ. 2:26) കുറഞ്ഞപക്ഷം, യഹോവയെ സ്നേഹിച്ചിരുന്ന ആളുകൾക്കെങ്കിലും അവൻ പ്രിയങ്കരനായിരുന്നു. അതാണല്ലോ പ്രധാനം. ശമുവേലിന്റെ വിശ്വാസവും ജീവിതവും കണ്ട് യഹോവയ്ക്കും അവനോട് അതിയായ വാത്സല്യമായിരുന്നു. ശീലോവിൽ നടക്കുന്ന സകല കൊള്ളരുതായ്മകളും തന്റെ ദൈവം കാണുന്നുണ്ടെന്നും അവൻ എന്തെങ്കിലും ചെയ്യുമെന്നും ശമുവേലിന് ഉറപ്പായിരുന്നു. പക്ഷേ എപ്പോഴെന്നു മാത്രം അവന് അറിയില്ലായിരുന്നു. അങ്ങനെയിരിക്കെ, ഒരു രാത്രിയിൽ അവന്റെ സംശയങ്ങൾക്ക് ഉത്തരം കിട്ടി.
“അരുളിച്ചെയ്യേണമേ; അടിയൻ കേൾക്കുന്നു”
19, 20. (എ) ഒരു രാത്രിയിൽ, സമാഗമനകൂടാരത്തിൽ സംഭവിച്ച കാര്യം വിവരിക്കുക. (ബി) ആ സന്ദേശത്തിന്റെ ഉറവിടം ശമുവേൽ മനസ്സിലാക്കിയത് എങ്ങനെ, ശമുവേൽ ഏലിയോട് എങ്ങനെ പെരുമാറി?
19 ഏതാണ്ട് നേരം പുലരാറായ സമയം, ഇരുട്ട് മാറിയിട്ടില്ല. വിശുദ്ധകൂടാരത്തിലെ വലിയ വിളക്ക് അപ്പോഴും കത്തിക്കൊണ്ടിരുന്നു. ആ നിശ്ശബ്ദതയിൽ തന്നെ ആരോ പേരുപറഞ്ഞു വിളിക്കുന്നത് ശമുവേൽ കേട്ടു. സഹായത്തിനായി ഏലി വിളിക്കുകയാണെന്ന് അവൻ കരുതി. കാരണം, അപ്പോഴേക്കും ഏലി വൃദ്ധനായിക്കഴിഞ്ഞിരുന്നു, കാഴ്ചയും നന്നേ കുറവായിരുന്നു. ശമുവേൽ എഴുന്നേറ്റ് “ഏലിയുടെ അടുക്കൽ ഓടിച്ചെന്നു.” ഏലിക്ക് എന്താണ് വേണ്ടതെന്നറിയാൻ ചെരിപ്പുപോലും ഇടാൻ നിൽക്കാതെ ഓടിപ്പോകുന്ന ആ കൊച്ചുബാലനെ നിങ്ങൾക്ക് മനക്കണ്ണിൽ കാണാനായോ? വൃദ്ധപുരോഹിതനോടുള്ള ആ കൊച്ചുബാലന്റെ ആദരവും സഹായിക്കാനുള്ള മനസ്സൊരുക്കവും നിങ്ങളുടെ മനസ്സിൽത്തട്ടിയോ? ഏലിയുടെ ഭാഗത്ത് വലിയ വീഴ്ചകൾ സംഭവിച്ചിട്ടുണ്ടെങ്കിലും, അവൻ അപ്പോഴും യഹോവയുടെ മഹാപുരോഹിതൻതന്നെയായിരുന്നു. അക്കാര്യം ശമുവേൽ മറന്നില്ല.—1 ശമൂ. 3:2-5.
20 ഓടിച്ചെന്ന ശമുവേൽ ഏലിയെ വിളിച്ചുണർത്തി പറഞ്ഞു: “അടിയൻ ഇതാ; എന്നെ വിളിച്ചുവല്ലോ.” താൻ വിളിച്ചില്ലെന്നും പോയി കിടന്ന് ഉറങ്ങിക്കൊള്ളാനും പറഞ്ഞ് കുട്ടിയെ ഏലി മടക്കിയയച്ചു. എന്നാൽ പിന്നെയും അങ്ങനെ സംഭവിച്ചു. മൂന്നാം തവണയും അതുതന്നെ ആവർത്തിച്ചപ്പോൾ ഏലിക്ക് കാര്യം മനസ്സിലായി. ആ കാലത്ത് യഹോവയിൽനിന്നുള്ള ദർശനവും പ്രവാചകന്മാർ വഴിയുള്ള സന്ദേശങ്ങളും അപൂർവമായിരുന്നു. അതിന്റെ കാരണം നമുക്ക് മനസ്സിലാക്കാവുന്നതേയുള്ളൂ. എന്നാൽ ഏറെ നാളുകൾക്കു ശേഷം യഹോവ വീണ്ടും സംസാരിക്കുകയാണെന്ന് ഏലിക്കു മനസ്സിലായി. ഇത്തവണ ഈ കുട്ടിയോടാണ് യഹോവയ്ക്ക് സംസാരിക്കാനുള്ളത്! ഇനിയും വിളിക്കുന്നതു കേട്ടാൽ എങ്ങനെ ഉത്തരം പറയണമെന്ന് പറഞ്ഞുകൊടുത്തിട്ട്, പോയി കിടന്നുകൊള്ളാൻ ഏലി അവനോടു പറഞ്ഞു. ശമുവേൽ അങ്ങനെ ചെയ്തു. താമസിയാതെ അതാ അവനെ വീണ്ടും വിളിക്കുന്നു: “ശമൂവേലേ, ശമൂവേലേ!” ഏലി പറഞ്ഞുകൊടുത്തതുപോലെ ബാലൻ മറുപടി പറഞ്ഞു: “അരുളിച്ചെയ്യേണമേ; അടിയൻ കേൾക്കുന്നു.”—1 ശമൂ. 3:1, 5-10.
21. യഹോവ പറയുന്നതു കേൾക്കാൻ ഇന്നു നമുക്ക് കഴിയുന്നത് എങ്ങനെ, അങ്ങനെ ചെയ്യുന്നതിന്റെ മേന്മ എന്താണ്?
21 അങ്ങനെ അവസാനം ശീലോവിൽ, തന്റെ വാക്കു കേൾക്കാൻ മനസ്സൊരുക്കമുള്ള ഒരു ദാസനെ യഹോവയ്ക്ക് കിട്ടിയിരിക്കുന്നു. യഹോവ പറയുന്നതു കേൾക്കുക എന്നുള്ളത് പിന്നീട് ശമുവേലിന്റെ ജീവിതചര്യയായി മാറി. നിങ്ങൾക്ക് അങ്ങനെയാണോ? ഇക്കാലത്ത്, സ്വർഗത്തിൽനിന്ന് ഒരു ശബ്ദം നമ്മോടു സംസാരിക്കുന്നതും കാത്ത് രാത്രിയിൽ നാം ഉറക്കമിളച്ചിരിക്കേണ്ടതില്ല. ഒരർഥത്തിൽ, ഇന്ന് ദൈവത്തിന്റെ ശബ്ദം ഏതു സമയത്തും നമുക്കു കേൾക്കാം. അത് ബൈബിളിൽനിന്നാണ്. എഴുതി പൂർത്തിയാക്കപ്പെട്ട അവന്റെ വചനത്തിൽനിന്ന്! ദൈവം പറയുന്നത് നാം എത്ര കൂടുതൽ ശ്രദ്ധിക്കുകയും അനുസരിക്കുകയും ചെയ്യുന്നോ നമ്മുടെ വിശ്വാസവും അത്രയധികം വർധിക്കും. ശമുവേലിന്റെ കാര്യത്തിൽ അങ്ങനെയാണ് സംഭവിച്ചത്.
പേടിയുണ്ടായിരുന്നെങ്കിലും, യഹോവയുടെ ന്യായവിധിസന്ദേശം ഒട്ടും മറച്ചുവെക്കാതെ അവൻ ഏലിയോട് പറഞ്ഞു
22, 23. (എ) ശമുവേൽ വെളിപ്പെടുത്താൻ ഭയന്ന സന്ദേശം സത്യമായി ഭവിച്ചത് എങ്ങനെ? (ബി) ശമുവേലിന്റെ കീർത്തി നാൾക്കുനാൾ പരന്നത് എങ്ങനെ?
22 ശീലോവിലെ ആ രാത്രി ശമുവേലിന്റെ ജീവിതത്തിലെ വഴിത്തിരിവായിരുന്നു. അപ്പോൾമുതൽ ഒരു സവിശേഷവിധത്തിൽ അവൻ യഹോവയെ അറിയാൻ തുടങ്ങി; അവൻ ദൈവത്തിന്റെ സ്വന്തം പ്രവാചകനും വക്താവും ആയിത്തീർന്നു. യഹോവ നൽകിയ സന്ദേശം ഏലിയോടു പറയാൻ ആദ്യം ശമുവേൽ മടിച്ചു. കാരണം, ഏലിയുടെ കുടുംബത്തിന് സംഭവിക്കാനിരുന്ന ദുരന്തങ്ങളെക്കുറിച്ച് യഹോവ ഒരു പ്രവാചകനിലൂടെ മുൻകൂട്ടിപ്പറഞ്ഞിരുന്നു. അത് ഉടനെ സംഭവിക്കുമെന്നാണ് യഹോവ ഇപ്പോൾ ശമുവേലിനോട് പറഞ്ഞത്. ഇത് ഏലിയെ സംബന്ധിച്ച് യഹോവയിൽനിന്നുള്ള അവസാനവാക്കായിരുന്നു. എന്തായിരുന്നാലും, ശമുവേൽ ധൈര്യം സംഭരിച്ച് കാര്യം വെളിപ്പെടുത്തി. ഏലിയാകട്ടെ, ചോദ്യമോ എതിർപ്പോ കൂടാതെ താഴ്മയോടെ ആ ന്യായവിധി സ്വീകരിച്ചു. വൈകാതെ, യഹോവ പറഞ്ഞതെല്ലാം സംഭവിച്ചു: ഇസ്രായേല്യർ ഫെലിസ്ത്യരോട് യുദ്ധത്തിനു പോയി. ഹൊഫ്നിയും ഫീനെഹാസും ഒരു ദിവസംതന്നെ കൊല്ലപ്പെട്ടു. യഹോവയുടെ പെട്ടകം ശത്രുക്കൾ പിടിച്ചെടുത്തു എന്നറിഞ്ഞ് ഏലി ഇരിപ്പിടത്തിൽനിന്നു പിറകോട്ട് വീണുമരിച്ചു!—1 ശമൂ. 3:10-18; 4:1-18.
23 എന്നാൽ, വിശ്വസ്തപ്രവാചകൻ എന്ന ശമുവേലിന്റെ കീർത്തി നാടെങ്ങും പരന്നു. “യഹോവ അവനോടുകൂടെ ഉണ്ടായിരുന്നു” എന്ന് വിവരണം പറയുന്നു. ശമുവേലിന്റെ പ്രവചനങ്ങൾ ഒന്നും നിഷ്ഫലമാകാൻ യഹോവ ഇടവരുത്തിയില്ലെന്നും അവിടെ നാം വായിക്കുന്നു.—1 ശമൂവേൽ 3:19 വായിക്കുക.
‘ശമൂവേൽ യഹോവയോട് അപേക്ഷിച്ചു’
24. കാലാന്തരത്തിൽ, ഇസ്രായേല്യർ എന്ത് ആഗ്രഹിച്ചു, അത് ഗുരുതരമായ പാപമായിരുന്നത് എന്തുകൊണ്ട്?
24 ശമുവേലിന്റെ നായകത്വം അംഗീകരിച്ച് ഇസ്രായേല്യർ ആത്മീയതയും വിശ്വസ്തതയും ഉള്ള ജനതയായിത്തീർന്നോ? ഇല്ല. വെറുമൊരു പ്രവാചകൻ തങ്ങൾക്കു ന്യായപാലനം ചെയ്യാൻ ആഗ്രഹിക്കുന്നില്ലെന്ന് കാലാന്തരത്തിൽ ആ ജനത വെളിപ്പെടുത്തി. ചുറ്റുമുള്ള ജനതകളെപ്പോലെ ഒരു മാനുഷരാജാവിന്റെ കീഴിൽ അണിനിരക്കണമെന്നായി അവരുടെ മോഹം. യഹോവയുടെ നിർദേശപ്രകാരം ശമുവേൽ അവരുടെ നിർബന്ധത്തിനു വഴങ്ങി. എങ്കിലും, ഒരു രാജാവിനെ ആവശ്യപ്പെട്ടതുവഴി അവർ ചെയ്ത പാപത്തിന്റെ വ്യാപ്തി അവരെ ബോധ്യപ്പെടുത്തിക്കൊടുക്കേണ്ട ചുമതല ശമുവേലിനുണ്ടായിരുന്നു. അവർ വേണ്ടെന്നുവെച്ചത് യഹോവയെത്തന്നെയാണ്, അല്ലാതെ വെറുമൊരു മനുഷ്യനെയല്ല! അതുകൊണ്ട്, ശമുവേൽ ജനത്തെ ഗിൽഗാലിൽ വിളിച്ചുകൂട്ടി.
ശമുവേൽ വിശ്വാസത്തോടെ പ്രാർഥിച്ചു, യഹോവ ഇടിയും മഴയും അയച്ച് ഉത്തരമരുളി
25, 26. ജനം യഹോവയോടു ചെയ്ത പാപത്തിന്റെ ഗൗരവം, ഗിൽഗാലിൽവെച്ച് വൃദ്ധനായ ശമുവേൽ അവർക്കു ബോധ്യപ്പെടുത്തിക്കൊടുത്തത് എങ്ങനെ?
25 ഗിൽഗാലിൽ കൂടിവന്ന ആ ജനസമൂഹത്തോട് ശമുവേൽ സംസാരിക്കുകയാണ്. എന്താണ് പറയുന്നതെന്നു കേൾക്കാൻ ശ്വാസമടക്കി നിൽക്കുകയാണ് ജനം. ശമുവേലിന്റെ വാക്കുകൾക്ക് നമുക്കും കാതോർക്കാം. വൃദ്ധനായ ശമുവേൽ ആ ജനതയെ തന്റെ കളങ്കരഹിതമായ പ്രവർത്തനചരിത്രം വിവരിച്ച് കേൾപ്പിക്കുകയാണ്. പിന്നെ നമ്മൾ കേൾക്കുന്നതോ? “ശമൂവേൽ യഹോവയോടു അപേക്ഷി”ക്കുന്നതാണ്, ഇടിയും മഴയും അയയ്ക്കണമേ എന്ന്.—1 ശമൂ. 12:17, 18.
26 ഇടിയും മഴയും! അതും ഈ കടുത്ത വേനലിൽ! ഇതുവരെ അങ്ങനെയൊന്ന് കേട്ടിട്ടുപോലുമില്ല. യഹോവയോടുള്ള ശമുവേലിന്റെ അപേക്ഷ കേട്ടിട്ട് ആ കൂട്ടത്തിൽ ആർക്കെങ്കിലും ഉള്ളിൽ ചിരി വന്നിട്ടുണ്ടെങ്കിൽ അവരുടെ ചിരി ഉടൻ അവസാനിക്കുമായിരുന്നു! പെട്ടെന്ന് ആകാശം കറുത്തിരുണ്ടു. ശക്തിയായി വീശിയ കാറ്റ് വിളഞ്ഞുപാകമായ ഗോതമ്പുപാടങ്ങളെ ഉഴുതുമറിച്ചു! കാർമേഘങ്ങൾ ഗർജിച്ചു, കാതടപ്പിക്കുന്ന ഇടിനാദം മുഴങ്ങി! മഴ കോരിച്ചൊരിഞ്ഞു! ജനം എന്തു ചെയ്തു? “ജനമെല്ലാം യഹോവയെയും ശമൂവേലിനെയും ഏറ്റവും ഭയപ്പെട്ടു.” തങ്ങളുടെ പാപത്തിന്റെ കാഠിന്യം ആ ജനതയ്ക്ക് ഒടുവിൽ ബോധ്യപ്പെട്ടു.—1 ശമൂ. 12:18, 19.
27. ശമുവേലിന്റേതുപോലുള്ള വിശ്വാസമുള്ളവരെ യഹോവ എങ്ങനെ കാണുന്നു?
27 വാസ്തവത്തിൽ, കാര്യത്തിന്റെ ഗൗരവം മത്സരികളായ ജനത്തെ ബോധ്യപ്പെടുത്തിക്കൊടുത്തത് ശമുവേൽ അല്ല, അവന്റെ ദൈവമായ യഹോവതന്നെയാണ്. ബാല്യംമുതൽ വാർധക്യംവരെ എല്ലാ കാലത്തും ശമുവേൽ തന്റെ ദൈവത്തിൽ വിശ്വാസം അർപ്പിച്ചുപോന്നു. യഹോവ അവന് പ്രതിഫലം നൽകുകയും ചെയ്തു. ഇന്നും യഹോവയ്ക്ക് മാറ്റമൊന്നും വന്നിട്ടില്ല. ശമുവേലിന്റേതുപോലുള്ള വിശ്വാസമുള്ളവരെ അവൻ ഇന്നും അനുഗ്രഹിക്കുന്നു.
a നാസീർവ്രതക്കാർക്ക് ലഹരിപാനീയങ്ങൾ ഉപയോഗിക്കാനോ മുടി മുറിക്കാനോ പാടില്ലായിരുന്നു. മിക്കവരും ഒരു നിശ്ചിതകാലയളവിലേക്കു മാത്രമാണ് ഈ വ്രതം എടുത്തിരുന്നത്. എന്നാൽ ശിംശോൻ, ശമുവേൽ, യോഹന്നാൻ സ്നാപകൻ എന്നിവരെപ്പോലെ ചുരുക്കം ചിലർ ആജീവനാന്തം നാസീർവ്രതക്കാരായിരുന്നു.
b വിശുദ്ധമന്ദിരം ദീർഘചതുരാകൃതിയിലുള്ള ഒരു നിർമിതിയായിരുന്നു. തടികൊണ്ടുള്ള ചട്ടക്കൂടിൽ തീർത്ത വലിയൊരു കൂടാരം. നീർനായത്തോൽ, ചിത്രപ്പണി ചെയ്ത തുണി, സ്വർണത്തിലും വെള്ളിയിലും പൊതിഞ്ഞ വിലകൂടിയ മരപ്പലകകൾ എന്നിങ്ങനെ ഏറ്റവും മുന്തിയ സാമഗ്രികളാണ് അതിന്റെ നിർമാണത്തിനായി ഉപയോഗിച്ചത്. ദീർഘചതുരാകൃതിയിലുള്ള ഒരു അങ്കണത്തിലായിരുന്നു ഈ വിശുദ്ധമന്ദിരം. യാഗങ്ങൾ അർപ്പിക്കാൻ സവിശേഷമായൊരു യാഗപീഠവും അവിടെയുണ്ടായിരുന്നു. കാലാന്തരത്തിൽ, പുരോഹിതന്മാരുടെ ഉപയോഗത്തിനുവേണ്ടി കൂടാരത്തിന്റെ വശങ്ങളിൽ അറകൾ പണിതിരിക്കാം. ഇത്തരമൊരു അറയിലായിരിക്കണം ശമുവേൽ ഉറങ്ങിയിരുന്നത്.
c അത്തരം അനാദരവിന്റെ രണ്ട് ഉദാഹരണങ്ങൾ വിവരണത്തിൽ കാണാം. യാഗവസ്തുവിന്റെ ഏതു ഭാഗമാണ് പുരോഹിതന് അവകാശപ്പെട്ടതെന്ന് ന്യായപ്രമാണത്തിൽ വ്യക്തമായി പറഞ്ഞിരുന്നു. (ആവ. 18:3) എന്നാൽ സമാഗമനകൂടാരത്തിലെ നീചരായ പുരോഹിതന്മാർ മറ്റൊരു സമ്പ്രദായം കൊണ്ടുവന്നു. ആളുകൾ യാഗം കഴിക്കാനൊരുങ്ങുമ്പോൾ ഈ പുരോഹിതന്മാർ അവരുടെ പരിചാരകരെ പറഞ്ഞുവിടും. അവർ ചെന്ന് അടുപ്പത്തിരിക്കുന്ന ഉരുളിയിൽനിന്ന് മുപ്പല്ലികൊണ്ട് മാംസം കുത്തിയെടുക്കും. മുപ്പല്ലിയിൽ പിടിച്ച നല്ല മാംസക്കഷണങ്ങൾ അവർ പുരോഹിതനു കൊണ്ടുപോയി കൊടുക്കും. വേറൊരു കാര്യവും അവർ ചെയ്തു: യാഗപീഠത്തിന്മേൽ യാഗവസ്തു ദഹിപ്പിക്കാൻ കൊണ്ടുവരുമ്പോൾ ഈ പുരോഹിതന്മാർ ബാല്യക്കാരെ അയച്ച് യാഗം കഴിക്കാൻ എത്തുന്നവരെ ഭീഷണിപ്പെടുത്തി, മേദസ്സ് യഹോവയ്ക്ക് കാഴ്ചവെക്കുന്നതിനു മുമ്പുതന്നെ പച്ചമാംസം പിടിച്ചുവാങ്ങും.—ലേവ്യ. 3:3-5; 1 ശമൂ. 2:13-17.