വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

അധ്യായം നാല്‌

“നീ പോകു​ന്നേ​ടത്തു ഞാനും പോരും”

“നീ പോകു​ന്നേ​ടത്തു ഞാനും പോരും”

1, 2. (എ) രൂത്തി​ന്റെ​യും നൊ​വൊ​മി​യു​ടെ​യും യാത്ര എങ്ങനെ​യാ​യി​രു​ന്നു, അവരുടെ ദുഃഖം എന്തായി​രു​ന്നു? (ബി) രൂത്തിന്റെ യാത്ര നൊ​വൊ​മി​യു​ടേ​തിൽനിന്ന്‌ വ്യത്യസ്‌ത​മാ​യി​രു​ന്നത്‌ എങ്ങനെ?

 ഇത്‌ മോവാബ്‌ ദേശം. ഇടതട​വി​ല്ലാ​തെ കാറ്റ്‌ വീശി​യ​ടി​ക്കുന്ന ഉയർന്ന സമഭൂമി. അതിനെ കീറി​മു​റിച്ച്‌ അകലേക്കു നീണ്ടു​പോ​കുന്ന പാത. ആ വഴിയി​ലൂ​ടെ ചേർന്നു​ചേർന്നു നടക്കു​ക​യാണ്‌ രണ്ടു സ്‌ത്രീ​കൾ, രൂത്തും നൊ​വൊ​മി​യും. ആ വിശാ​ല​ത​യിൽ ഇപ്പോൾ അവർ ഇരുവ​രും മാത്രം, പൊട്ടു​പോ​ലെ രണ്ടു ചെറു​രൂ​പങ്ങൾ! ഉച്ചവെ​യിൽ ചാഞ്ഞു​തു​ടങ്ങി, നിഴലി​നു നീളം വെച്ചി​രി​ക്കു​ന്നത്‌ രൂത്ത്‌ കണ്ടു. അവൾ തല അല്‌പം ചെരിച്ച്‌ അമ്മായി​യ​മ്മയെ ഒന്നു നോക്കി. അമ്മ മടുത്തു കാണു​മോ? യാത്ര​യ​വ​സാ​നി​പ്പിച്ച്‌, രാത്രി തങ്ങാൻ ഒരു ഇടം കണ്ടെ​ത്തേണ്ടേ? അവളുടെ നോട്ട​ത്തി​ന്റെ അർഥം അതായി​രു​ന്നു. നൊ​വൊ​മി​ക്കു​വേണ്ടി എന്തു ചെയ്യാ​നും അവൾക്കു മനസ്സാ​യി​രു​ന്നു. കാരണം, നൊ​വൊ​മി​യെ അവൾ അത്രമേൽ സ്‌നേ​ഹി​ച്ചി​രു​ന്നു.

2 കനത്ത ദുഃഖ​ഭാ​ര​വും പേറി​യാണ്‌ ഈ സ്‌ത്രീ​ക​ളു​ടെ യാത്ര. നൊ​വൊ​മി വിധവ​യാ​യിട്ട്‌ വർഷങ്ങ​ളാ​യി. പക്ഷേ, ഇപ്പോൾ അവളുടെ ഉള്ള്‌ വിങ്ങു​ന്നത്‌ ഈയി​ടെ​യു​ണ്ടായ വേർപാ​ടു​കൾ ഓർത്തി​ട്ടാണ്‌, അവൾക്ക്‌ ആകെയു​ണ്ടാ​യി​രുന്ന രണ്ടുപു​ത്ര​ന്മാ​രു​ടെ​യും അകാല​വി​യോ​ഗം. കില്യോൻ എന്നും മഹ്ലോൻ എന്നും ആയിരു​ന്നു അവരുടെ പേര്‌. രൂത്തും അതീവ​ദുഃ​ഖി​ത​യാണ്‌. കാരണം മഹ്ലോൻ അവളുടെ ഭർത്താ​വാ​യി​രു​ന്നു. ഇപ്പോൾ ഈ രണ്ടു സ്‌ത്രീ​ക​ളു​ടെ​യും ലക്ഷ്യസ്ഥാ​നം ഒന്നുത​ന്നെ​യാണ്‌, ഇസ്രാ​യേ​ലി​ലെ ബേത്ത്‌ലെ​ഹെം പട്ടണം. രണ്ടു​പേ​രു​ടെ​യും മാനസി​കാ​വസ്ഥ പക്ഷേ രണ്ടാണ്‌. നൊ​വൊ​മി സ്വദേ​ശ​ത്തേ​ക്കാ​ണു പോകു​ന്നത്‌, രൂത്താ​കട്ടെ സ്വദേശം വിട്ട്‌ താൻ അറിയാത്ത ഒരു ദേശ​ത്തേ​ക്കും. സ്വജനത്തെ ഉപേക്ഷിച്ച്‌, ജീവിച്ച്‌ പരിച​യിച്ച ചുറ്റു​പാ​ടു​ക​ളും ആചാര​ങ്ങ​ളും ഉപേക്ഷിച്ച്‌, അവിടത്തെ ആരാധ​നാ​മൂർത്തി​ക​ളെ​യും ഉപേക്ഷിച്ച്‌ ഒരു യാത്ര!രൂത്ത്‌ 1: 3-6 വായി​ക്കുക.

3. രൂത്തിന്റെ വിശ്വാ​സം അനുക​രി​ക്കാൻ ഏത്‌ ചോദ്യ​ങ്ങൾക്ക്‌ ഉത്തരം കണ്ടെത്തു​ന്നത്‌ നമ്മെ സഹായി​ക്കും?

3 ഒരു യുവതി ഇത്തര​മൊ​രു തീരു​മാ​ന​മെ​ടു​ക്ക​ണ​മെ​ങ്കിൽ എന്തായി​രി​ക്കും അതിന്റെ പിന്നിലെ കാരണങ്ങൾ? ഒരു പുതിയ ജീവിതം തുടങ്ങണം, നൊ​വൊ​മി​യെ പോറ്റണം, ഇതി​നൊ​ക്കെ​യുള്ള മനക്കരു​ത്തും ശേഷി​യും രൂത്തിന്‌ എങ്ങനെ ലഭിക്കും? നമുക്ക്‌ ഈ ചോദ്യ​ങ്ങൾക്ക്‌ ഉത്തരം തേടാം. വിശ്വാ​സ​ത്തി​ന്റെ കാര്യ​ത്തിൽ നമുക്ക്‌ അനുക​രി​ക്കാൻ പറ്റുന്ന മറ്റു പല കാര്യ​ങ്ങ​ളും ഈ മോവാ​ബു​കാ​രി​യിൽനിന്ന്‌ അപ്പോൾ നമുക്ക്‌ ലഭിക്കും. (“ചെപ്പി​ലൊ​തു​ക്കിയ ഒരു കമനീ​യ​ക​ലാ​സൃ​ഷ്ടി!” എന്ന ചതുര​വും കാണുക.) അതിനു മുമ്പ്‌, ഈ സ്‌ത്രീ​കൾ രണ്ടു​പേ​രും ബേത്ത്‌ലെ​ഹെ​മി​ലേ​ക്കുള്ള സുദീർഘ​മായ പാതയിൽ എത്തി​പ്പെ​ട്ടത്‌ എങ്ങനെ​യെന്നു നോക്കാം.

ദുരന്തം തകർത്തെ​റിഞ്ഞ ഒരു കുടും​ബം

4, 5. (എ) നൊ​വൊ​മി​യു​ടെ കുടും​ബം മോവാ​ബി​ലേക്ക്‌ പോയത്‌ എന്തു​കൊണ്ട്‌? (ബി) അവിടെ നൊ​വൊ​മിക്ക്‌ എന്തെല്ലാം പ്രതി​ബ​ന്ധ​ങ്ങ​ളു​ണ്ടാ​യി?

4 രൂത്ത്‌ വളർന്നത്‌ മോവാ​ബി​ലാണ്‌. ചാവു​ക​ട​ലിന്‌ കിഴക്കുള്ള ഒരു കൊച്ചു​രാ​ജ്യ​മാണ്‌ ഇത്‌. ഉയർന്ന സമതല​പ്ര​ദേ​ശ​മാണ്‌ കൂടു​ത​ലും. മരങ്ങൾ അപൂർവ​മാ​യേ കാണാ​നു​ള്ളൂ. ഇടയ്‌ക്കി​ടെ താഴ്‌വ​ര​ക​ളു​മുണ്ട്‌. മോവാ​ബി​ലെ നാട്ടിൻപു​റങ്ങൾ പൊതു​വേ, കൃഷി​യി​ടങ്ങൾ നിറഞ്ഞ ഫലഭൂ​യിഷ്‌ഠ​മായ ഭൂപ്ര​ദേ​ശ​മാ​ണെന്നു പറയാം. ഇസ്രാ​യേ​ലി​നെ ക്ഷാമം ഞെരു​ക്കി​യ​പ്പോൾപ്പോ​ലും മോവാ​ബി​നെ അതു ബാധി​ച്ചില്ല. മഹ്ലോന്റെ കുടും​ബ​വു​മാ​യി രൂത്ത്‌ പരിച​യ​ത്തി​ലാ​കാൻ കാരണ​വും ഇതാണ്‌.—രൂത്ത്‌ 1:1.

5 ആ കഥ തുടങ്ങു​ന്നത്‌ ഇങ്ങനെ​യാണ്‌: ഇസ്രാ​യേ​ലിൽ ക്ഷാമമു​ണ്ടാ​യ​പ്പോൾ നൊ​വൊ​മി​യു​ടെ ഭർത്താ​വായ എലീ​മേ​ലെക്ക്‌ നൊ​വൊ​മി​യെ​യും രണ്ടുപു​ത്ര​ന്മാ​രെ​യും കൂട്ടി അവി​ടെ​നിന്ന്‌ മോവാ​ബി​ലേക്കു പോകാൻ നിർബ​ന്ധി​ത​നാ​യി. അവർ അവിടെ പരദേ​ശി​ക​ളാ​യി പാർത്തു. ആ കുടും​ബ​ത്തി​ലെ ഓരോ​രു​ത്തർക്കും ഇത്‌ വിശ്വാ​സ​ത്തി​ന്റെ ഒരു പരി​ശോ​ധ​ന​യാ​യി​രു​ന്നി​ട്ടു​ണ്ടാ​കും. കാരണം, ഇസ്രാ​യേ​ല്യ​രെ​ല്ലാം യഹോവ നിർദേ​ശി​ക്കുന്ന ഒരു വിശു​ദ്ധ​സ്ഥ​ലത്ത്‌ ആരാധ​നയ്‌ക്ക്‌ പതിവാ​യി കൂടി​വ​രേ​ണ്ട​തു​ണ്ടാ​യി​രു​ന്നു. (ആവ. 16:16, 17) തന്റെ വിശ്വാ​സം പരിര​ക്ഷി​ച്ചു കൊണ്ടു​പോ​കാൻ നൊ​വൊ​മിക്ക്‌ കഴിഞ്ഞു. അങ്ങനെ​യി​രി​ക്കെ, ഭർത്താ​വി​ന്റെ മരണം അവളെ കടുത്ത ദുഃഖ​ത്തി​ലാഴ്‌ത്തി.—രൂത്ത്‌ 1:2, 3.

6, 7. (എ) മക്കൾ മോവാ​ബ്യസ്‌ത്രീ​കളെ വിവാഹം കഴിച്ച​പ്പോൾ നൊ​വൊ​മി​യു​ടെ വികാരം എന്തായി​രു​ന്നി​രി​ക്കാം? (ബി) തന്റെ മരുമ​ക്ക​ളോ​ടുള്ള നൊ​വൊ​മി​യു​ടെ പെരു​മാ​റ്റം പ്രശം​സ​നീ​യ​മാ​യി​രു​ന്നത്‌ എന്തു​കൊണ്ട്‌?

6 പിന്നീട്‌ മക്കൾ ഇരുവ​രും മോവാ​ബു​കാ​രി​കളെ വിവാഹം ചെയ്‌തു. അതും നൊ​വൊ​മിക്ക്‌ മനോ​വ്യ​സ​ന​ത്തിന്‌ കാരണ​മാ​യി​ട്ടു​ണ്ടാ​കാം. (രൂത്ത്‌ 1:4) അവൾക്ക്‌ തന്റെ ജനതയു​ടെ പൂർവ​പി​താ​വായ അബ്രാ​ഹാ​മി​ന്റെ ചരിത്രം അറിയാ​മാ​യി​രു​ന്നു. അബ്രാ​ഹാം തന്റെ മകൻ യിസ്‌ഹാ​ക്കിന്‌ സ്വജന​ത്തിൽനിന്ന്‌, യഹോ​വയെ ആരാധി​ക്കു​ന്ന​വ​രിൽനിന്ന്‌, ഒരു വധുവി​നെ കണ്ടെത്താൻ വളരെ ശ്രമം ചെയ്‌തു. (ഉല്‌പ. 24:3, 4) പിന്നീട്‌ മോശ​യി​ലൂ​ടെ ന്യായ​പ്ര​മാ​ണം നൽകി​യ​പ്പോൾ, അന്യജാ​തി​ക്കാ​രു​ടെ പുത്രീ​പു​ത്ര​ന്മാ​രെ ഇസ്രാ​യേ​ല്യർ വിവാഹം കഴിക്ക​രു​തെന്ന്‌ യഹോവ കർശന​മാ​യി പറയു​ക​യും ചെയ്‌തി​രു​ന്നു. അവർ ദൈവ​ജ​നത്തെ വശീക​രിച്ച്‌ വിഗ്ര​ഹാ​രാ​ധ​ന​യിൽ വീഴി​ക്കു​ന്നത്‌ ഒഴിവാ​ക്കാ​നാ​യി​രു​ന്നു അത്‌.—ആവ. 7:3, 4.

7 എന്നാൽ, മഹ്ലോ​നും കില്യോ​നും മോവാ​ബ്യസ്‌ത്രീ​കളെ വിവാഹം കഴിച്ചു. ഇത്‌ നൊ​വൊ​മി​യെ നിരാ​ശ​പ്പെ​ടു​ത്തി​യി​രി​ക്കാം. എങ്കിലും, തന്റെ മരുമ​ക്ക​ളാ​യി വന്നുക​യ​റിയ രൂത്തി​നോ​ടും ഒർപ്പാ​യോ​ടും സ്‌നേ​ഹ​വാ​ത്സ​ല്യ​ങ്ങ​ളോ​ടെ പെരു​മാ​റാൻ ആ അമ്മ പ്രത്യേ​കം ശ്രദ്ധിച്ചു. ഇവർ രണ്ടു​പേ​രും ഒരിക്കൽ തന്റെ ദൈവ​മായ യഹോ​വയെ ആരാധി​ക്കു​ന്ന​വ​രാ​യി​ത്തീ​രു​മെന്ന്‌ നൊ​വൊ​മി ആശിച്ചി​ട്ടു​ണ്ടാ​കാം. എന്തായി​രു​ന്നാ​ലും, രൂത്തി​നും ഒർപ്പായ്‌ക്കും അമ്മയെ ജീവനാ​യി​രു​ന്നു. ആ ആത്മബന്ധം ദുരന്തം ആഞ്ഞടി​ച്ച​പ്പോൾ പിടി​ച്ചു​നിൽക്കാൻ അവരെ സഹായി​ച്ചു. കുട്ടി​ക​ളു​ണ്ടാ​കു​ന്ന​തി​നു മുമ്പേ രൂത്തി​ന്റെ​യും ഒർപ്പാ​യു​ടെ​യും ഭർത്താ​ക്ക​ന്മാർ മരിച്ചു, അങ്ങനെ അവരും വിധവ​മാ​രാ​യി.—രൂത്ത്‌ 1:5.

8. രൂത്തിനെ യഹോ​വ​യോട്‌ അടുപ്പി​ച്ചത്‌ എന്തായി​രി​ക്കാം?

8 രൂത്തിന്റെ മതപശ്ചാ​ത്തലം ഇതു​പോ​ലൊ​രു ദുരന്തം നേരി​ടാൻ അവളെ സജ്ജയാ​ക്കി​യി​രു​ന്നോ? അങ്ങനെ കരുതാ​നാ​വില്ല. മോവാ​ബ്യർ അനേകം ദേവന്മാ​രെ ആരാധി​ച്ചി​രു​ന്നു. കെമോശ്‌ ആയിരു​ന്നു മുഖ്യ​ദേവൻ. (സംഖ്യാ. 21:29) അക്കാല​ങ്ങ​ളിൽ പൊതു​വേ ഉണ്ടായി​രുന്ന ഹീനവും പൈശാ​ചി​ക​വും ആയ ആരാധ​നാ​രീ​തി​കൾ മോവാബ്‌ ദേശത്തും ഉണ്ടായി​രു​ന്നി​രി​ക്കണം, അതിൽ ശിശു​ബ​ലി​യും ഉൾപ്പെ​ട്ടി​രി​ക്കാം. ഇസ്രാ​യേ​ലി​ന്റെ ദൈവ​മായ യഹോ​വ​യെ​ക്കു​റിച്ച്‌ മഹ്ലോ​നും നൊ​വൊ​മി​യും രൂത്തിന്‌ പല കാര്യ​ങ്ങ​ളും പറഞ്ഞു​കൊ​ടു​ത്തി​ട്ടു​ണ്ടാ​കും. അവൾ എന്തൊക്കെ മനസ്സി​ലാ​ക്കി​യോ അതെല്ലാം അവളുടെ ഉള്ളിൽ മായാത്ത മുദ്ര പതിപ്പി​ച്ചു. കരുണാ​മ​യ​നായ യഹോ​വ​യും തന്റെ ദേവന്മാ​രും തമ്മിലുള്ള വലിയ അന്തരം അവൾ തിരി​ച്ച​റി​ഞ്ഞു. ഭയപ്പെ​ടു​ത്തി ആരാധന പിടി​ച്ചു​വാ​ങ്ങു​ക​യാണ്‌ വ്യാജ​ദേ​വ​ന്മാർ. എന്നാൽ സ്‌നേ​ഹ​ത്താൽ പ്രേരി​ത​രാ​യി അനുസ​രി​ക്കാ​നാണ്‌ യഹോവ ആഗ്രഹി​ക്കു​ന്നത്‌. (ആവർത്ത​ന​പുസ്‌തകം 6:5 വായി​ക്കുക.) ജീവിതം കീഴ്‌മേൽമ​റിച്ച ദുരന്തത്തെ തുടർന്ന്‌ രൂത്തിന്‌ നൊ​വൊ​മി​യോ​ടുള്ള അടുപ്പം കൂടി​യി​ട്ടു​ണ്ടാ​കും. നൊ​വൊ​മി അവളോട്‌ അപ്പോൾ പല കാര്യ​ങ്ങ​ളും പറഞ്ഞി​ട്ടു​ണ്ടാ​വി​ല്ലേ? സർവശ​ക്ത​നായ യഹോ​വ​യെ​ക്കു​റിച്ച്‌, അവൻ ചെയ്‌ത അതിശ​യ​കാ​ര്യ​ങ്ങ​ളെ​ക്കു​റിച്ച്‌, തന്റെ ജനത്തോട്‌ അവൻ സ്‌നേ​ഹ​ത്തോ​ടെ​യും കരുണ​യോ​ടെ​യും ഇടപെ​ട്ട​തി​നെ​ക്കു​റിച്ച്‌, അങ്ങനെ​യെ​ല്ലാം. പ്രായ​വും ഒരുപാട്‌ അനുഭ​വ​ങ്ങ​ളും ഉള്ള അമ്മ അതെല്ലാം വിവരിച്ച്‌ പറയു​മ്പോൾ അവൾ ശ്രദ്ധിച്ച്‌ കേട്ടി​ട്ടു​ണ്ടാ​കി​ല്ലേ?

വേദനയുടെയും വേർപാ​ടി​ന്റെ​യും സമയങ്ങ​ളിൽ രൂത്ത്‌ നൊ​വൊ​മി​യു​ടെ സാന്ത്വനം തേടി, അതാണ്‌ വേണ്ടി​യി​രു​ന്ന​തും

9-11. (എ) നൊ​വൊ​മി​യും രൂത്തും ഒർപ്പാ​യും ഏതു തീരു​മാ​ന​മെ​ടു​ത്തു? (ബി) ഇവർക്കു വന്നുഭ​വിച്ച ദുരന്ത​ങ്ങ​ളിൽനിന്ന്‌ നമുക്ക്‌ എന്തു പാഠം പഠിക്കാ​നുണ്ട്‌?

9 ഇതിനി​ടെ നൊ​വൊ​മി സ്വദേ​ശ​ത്തു​നി​ന്നുള്ള വാർത്ത​കൾക്കാ​യി കാതോർക്കു​ന്നു​ണ്ടാ​യി​രു​ന്നു. അങ്ങനെ​യി​രി​ക്കെ, ഒരു ദിവസം അവൾ ഒരു വാർത്ത കേട്ടു. ഇസ്രാ​യേ​ലി​ലെ ക്ഷാമം തീർന്നി​രി​ക്കു​ന്നു! നാടു​ചു​റ്റി​വന്ന ഒരു വ്യാപാ​രി​യിൽനി​ന്നാ​യി​രി​ക്കാം വിവരം കിട്ടി​യത്‌. യഹോവ തന്റെ ജനത്തെ വീണ്ടും കടാക്ഷി​ച്ചി​രി​ക്കു​ന്നു! ബേത്ത്‌ലെ​ഹെം അതിന്റെ പേരു​പോ​ലെ​തന്നെ പിന്നെ​യും “അപ്പത്തിന്റെ ഭവനം” ആയിത്തീർന്നി​രി​ക്കു​ന്നു. അങ്ങനെ നാട്ടി​ലേക്കു മടങ്ങാൻ നൊ​വൊ​മി തീരു​മാ​നി​ച്ചു.—രൂത്ത്‌ 1:6.

10 രൂത്തും ഒർപ്പാ​യും ഇനി എന്തു ചെയ്യും? (രൂത്ത്‌ 1:7) ജീവി​ത​ത്തി​ലെ അഗ്നിപ​രീ​ക്ഷകൾ ഒരുമിച്ച്‌ അനുഭ​വി​ച്ച​തോ​ടെ അവർ ഇരുവ​രും അമ്മയോട്‌ കൂടുതൽ അടുത്തി​രു​ന്നു, പ്രത്യേ​കിച്ച്‌ രൂത്ത്‌. അമ്മ തങ്ങളോ​ടു കാണിച്ച ആർദ്ര​ത​യും യഹോ​വ​യി​ലുള്ള അമ്മയുടെ ഇളകാത്ത വിശ്വാ​സ​വും ആയിരി​ക്കാം കാരണം. ഭർത്താ​ക്ക​ന്മാർ മരിച്ച്‌ വൈധ​വ്യം ഏറ്റുവാ​ങ്ങിയ ആ മൂന്നു സ്‌ത്രീ​ക​ളും യെഹൂ​ദ​ദേ​ശ​ത്തേക്ക്‌ ഒരുമിച്ച്‌ യാത്ര​യാ​യി.

11 നല്ലവർക്കും അല്ലാത്ത​വർക്കും ദുരന്തങ്ങൾ വന്നുഭ​വി​ക്കും എന്ന്‌ രൂത്തിന്റെ വിവരണം നമ്മെ പഠിപ്പി​ക്കു​ന്നു. (സഭാ. 9:2, 11) പ്രിയ​പ്പെ​ട്ട​വ​രു​ടെ വേർപാ​ടു​പോ​ലുള്ള താങ്ങാ​നാ​വാത്ത നഷ്ടങ്ങൾ വരു​മ്പോൾ മറ്റുള്ള​വ​രിൽനിന്ന്‌ ആശ്വാ​സ​വും സാന്ത്വ​ന​വും തേടു​ന്നത്‌ എത്ര നല്ലതാ​ണെ​ന്നും ഈ ചരി​ത്രകഥ നമ്മോടു പറയുന്നു. വിശേ​ഷിച്ച്‌ നൊ​വൊ​മി​യെ​പ്പോ​ലെ യഹോ​വയെ അഭയമാ​ക്കി​യി​രി​ക്കുന്ന ആളുക​ളിൽനിന്ന്‌.—സദൃ. 17:17.

രൂത്തിന്റെ അചഞ്ചലസ്‌നേ​ഹം

12, 13. തന്റെ കൂടെ പോരാ​തെ സ്വന്തം വീടു​ക​ളി​ലേക്ക്‌ തിരി​ച്ചു​പോ​കാൻ രൂത്തി​നോ​ടും ഒർപ്പാ​യോ​ടും നൊ​വൊ​മി ആവശ്യ​പ്പെ​ട്ടത്‌ എന്തു​കൊണ്ട്‌, എന്തായി​രു​ന്നു അവരുടെ പ്രതി​ക​രണം?

12 ആ മൂന്ന്‌ വിധവ​മാ​രും നടക്കു​ക​യാണ്‌. മൈലു​കൾ പിന്നി​ട്ടു​ക​ഴി​ഞ്ഞു. ഇപ്പോൾ മറ്റൊരു ചിന്ത നൊ​വൊ​മി​യു​ടെ മനസ്സിനെ അലട്ടാൻ തുടങ്ങി. തന്റെ കൂടെ ഇറങ്ങി​ത്തി​രി​ച്ചി​രി​ക്കുന്ന മരുമ​ക്ക​ളെ​ക്കു​റി​ച്ചുള്ള ചിന്ത. തന്നോ​ടും പുത്ര​ന്മാ​രോ​ടും അവർ കാണിച്ച സ്‌നേഹം എത്ര​യെന്ന്‌ അവൾക്ക​റി​യാം. അവർ ചെറു​പ്പ​മാണ്‌. ഇപ്പോൾത്തന്നെ അവർക്ക്‌ താങ്ങാ​വു​ന്ന​തി​ലേറെ ദുഃഖ​മുണ്ട്‌. ഇനി താനും​കൂ​ടി അവർക്കൊ​രു ഭാരമാ​യാ​ലോ? സ്വന്തം നാടും വീടും വിട്ട്‌ അവർ തന്നോ​ടൊ​പ്പം പോന്നാൽ, ബേത്ത്‌ലെ​ഹെ​മിൽ എത്തിക്ക​ഴിഞ്ഞ്‌ താൻ അവർക്കു​വേണ്ടി എന്തു ചെയ്യും?

13 അങ്ങനെ​യോ​രോന്ന്‌ ചിന്തിച്ച്‌ നടന്ന നൊ​വൊ​മി ഒടുവിൽ അവരോ​ടു പറഞ്ഞു​തു​ടങ്ങി: “നിങ്ങൾ താന്താന്റെ അമ്മയുടെ വീട്ടി​ലേക്കു മടങ്ങി​പ്പോ​കു​വിൻ; മരിച്ച​വ​രോ​ടും എന്നോ​ടും നിങ്ങൾ ചെയ്‌ത​തു​പോ​ലെ യഹോവ നിങ്ങ​ളോ​ടും ദയചെ​യ്യു​മാ​റാ​കട്ടെ.” യഹോവ ഭർത്താ​ക്ക​ന്മാ​രെ നൽകി പുതി​യൊ​രു ജീവിതം കൊടുത്ത്‌ അവരെ അനു​ഗ്ര​ഹി​ക്കു​മെന്ന്‌ നൊ​വൊ​മി പ്രത്യാ​ശി​ച്ചു. അത്‌ അവരോ​ടു പറയു​ക​യും ചെയ്‌തു. എന്നിട്ട്‌ അവൾ “അവരെ ചുംബി​ച്ചു.” “അവർ ഉച്ചത്തിൽ കരഞ്ഞു” എന്ന്‌ വിവരണം പറയുന്നു. മനസ്സലി​വുള്ള സ്‌നേ​ഹ​മ​യി​യായ ഈ ഭർത്തൃ​മാ​താ​വി​നോട്‌ രൂത്തി​നും ഒർപ്പായ്‌ക്കും ആത്മബന്ധം തോന്നി​യ​തി​ന്റെ കാരണം നിങ്ങൾക്കു മനസ്സി​ലാ​കു​ന്നി​ല്ലേ? ആ മരുമക്കൾ രണ്ടു​പേ​രും അമ്മയോട്‌ കെഞ്ചി​പ്പ​റഞ്ഞു: “ഞങ്ങളും നിന്നോ​ടു​കൂ​ടെ നിന്റെ ജനത്തിന്റെ അടുക്കൽ പോരു​ന്നു.”—രൂത്ത്‌ 1:8-10.

14, 15. (എ) ഒർപ്പാ എവി​ടേ​ക്കാണ്‌ മടങ്ങി​പ്പോ​യത്‌, അതിൽ എന്തെല്ലാം കാര്യങ്ങൾ ഉൾപ്പെ​ട്ടി​രു​ന്നു? (ബി) തിരിച്ച്‌ പോകാൻ നൊ​വൊ​മി രൂത്തിനെ നിർബ​ന്ധി​ച്ചത്‌ എങ്ങനെ?

14 പക്ഷേ, നൊ​വൊ​മി​യെ സമ്മതി​പ്പി​ക്കുക എളുപ്പ​മാ​യി​രു​ന്നില്ല. ഇസ്രാ​യേ​ലിൽ ചെന്നു​ക​ഴി​ഞ്ഞാൽ അവർക്കു​വേണ്ടി തനിക്ക്‌ ഒന്നും ചെയ്യാ​നാ​വി​ല്ലെന്ന്‌ അവൾ അവരെ പറഞ്ഞ്‌ ബോധ്യ​പ്പെ​ടു​ത്താൻ ശ്രമിച്ചു. കാരണം, തനിക്കു​വേണ്ടി കരുതാൻ ഭർത്താ​വില്ല, അവരെ വിവാഹം കഴിപ്പി​ക്കാൻ തനിക്കു വേറെ ആൺമക്ക​ളില്ല, ഭാവി​പ്ര​തീ​ക്ഷ​ക​ളൊ​ന്നും ഇല്ല. അവർക്കു​വേണ്ടി ഒന്നും ചെയ്യാൻ തനിക്ക്‌ കഴിവി​ല്ല​ല്ലോ എന്നോർത്ത്‌ മനസ്സ്‌ ഉരുകു​ക​യാ​ണെന്ന്‌ അവൾ അവരോ​ടു തുറന്ന്‌ പറഞ്ഞു. അമ്മ പറഞ്ഞതി​ന്റെ പൊരുൾ ഒർപ്പായ്‌ക്കു മനസ്സി​ലാ​യി. അവൾക്ക്‌ മോവാ​ബിൽ ഒരു വീടുണ്ട്‌, അവളെ കാത്തി​രി​ക്കുന്ന ഒരു അമ്മയുണ്ട്‌, മറ്റ്‌ കുടും​ബാം​ഗ​ങ്ങ​ളുണ്ട്‌. അതു​കൊണ്ട്‌ മോവാ​ബിൽത്തന്നെ നിൽക്കു​ന്ന​താണ്‌ നല്ലതെന്ന്‌ ഒടുവിൽ അവൾ തീരു​മാ​നി​ച്ചു. അങ്ങനെ, വിങ്ങുന്ന ഹൃദയ​ത്തോ​ടെ അവൾ നൊ​വൊ​മി​യെ ചുംബിച്ച്‌ യാത്ര​പ​റഞ്ഞു.—രൂത്ത്‌ 1:11-14.

15 രൂത്തിന്റെ കാര്യ​മോ? തിരികെ പോകാൻ നൊ​വൊ​മി പറഞ്ഞത്‌ രണ്ടു​പേ​രോ​ടു​മാ​യി​ട്ടാണ്‌. എന്നാൽ വിവര​ണ​ത്തിൽ നാം കാണു​ന്നത്‌ ഇങ്ങനെ​യാണ്‌: “രൂത്തോ അവളോ​ടു പറ്റിനി​ന്നു.” നടത്തം തുടർന്ന നൊ​വൊ​മി, രൂത്ത്‌ വീണ്ടും തന്റെ പിന്നാലെ വരുന്നത്‌ കണ്ടിട്ടാ​കണം അവളെ തടഞ്ഞു​കൊ​ണ്ടു പറഞ്ഞു: “നിന്റെ സഹോ​ദരി തന്റെ ജനത്തി​ന്റെ​യും തന്റെ ദേവ​ന്റെ​യും അടുക്കൽ മടങ്ങി​പ്പോ​യ​ല്ലോ; നീയും നിന്റെ സഹോ​ദ​രി​യു​ടെ പിന്നാലെ പൊയ്‌ക്കൊൾക.” (രൂത്ത്‌ 1:15) നൊ​വൊ​മി​യു​ടെ വാക്കുകൾ ഒരു സുപ്ര​ധാ​ന​വസ്‌തുത വെളി​പ്പെ​ടു​ത്തു​ന്നുണ്ട്‌. ഒർപ്പാ മടങ്ങി​പ്പോ​യത്‌ തന്റെ ജനത്തിന്റെ അടുക്ക​ലേക്ക്‌ മാത്രമല്ല “തന്റെ ദേവന്റെ” അടുക്ക​ലേ​ക്കു​കൂ​ടി​യാണ്‌. വ്യാജ​ദേ​വ​നായ കെമോ​ശി​നെ​യും മറ്റു മൂർത്തി​ക​ളെ​യും പൂജിച്ച്‌ കഴിഞ്ഞു​കൂ​ടി​യാ​ലും മതി എന്ന്‌ ഒർപ്പാ തീരു​മാ​നി​ച്ചു. എന്നാൽ രൂത്ത്‌ എന്താണ്‌ ചെയ്‌തത്‌?

16-18. (എ) രൂത്ത്‌ അചഞ്ചലസ്‌നേഹം കാണി​ച്ചത്‌ എങ്ങനെ? (ബി) അചഞ്ചലസ്‌നേ​ഹ​ത്തെ​ക്കു​റിച്ച്‌ രൂത്തിൽനിന്ന്‌ നമുക്ക്‌ എന്തൊക്കെ പഠിക്കാ​നാ​കും? (ചിത്ര​വും കാണുക.)

16 ആ വിജന​മായ പാത​യോ​രത്ത്‌ നൊ​വൊ​മി​യു​ടെ കണ്ണുക​ളി​ലേക്ക്‌ നോക്കി​നിൽക്കുന്ന രൂത്തിന്റെ മുഖത്ത്‌ എന്തോ നിശ്ചയി​ച്ചു​റച്ച ഭാവമാ​യി​രു​ന്നു. നൊ​വൊ​മി​യോ​ടും അവളുടെ ദൈവ​ത്തോ​ടും ഉള്ള സ്‌നേ​ഹ​ത്താൽ തുടി​ക്കു​ക​യാ​യി​രു​ന്നു രൂത്തിന്റെ ഹൃദയം. ഉള്ളിൽ നുരഞ്ഞ്‌ പൊന്തുന്ന വികാ​രങ്ങൾ അവൾ നൊ​വൊ​മി​യു​ടെ മുമ്പാകെ പകർന്നു: “നിന്നെ വിട്ടു​പി​രി​വാ​നും നിന്റെ കൂടെ വരാതെ മടങ്ങി​പ്പോ​കു​വാ​നും എന്നോടു പറയരു​തേ; നീ പോകു​ന്നേ​ടത്തു ഞാനും പോരും; നീ പാർക്കു​ന്നേ​ടത്തു ഞാനും പാർക്കും; നിന്റെ ജനം എന്റെ ജനം നിന്റെ ദൈവം എന്റെ ദൈവം. നീ മരിക്കു​ന്നേ​ടത്തു ഞാനും മരിച്ചു അടക്ക​പ്പെ​ടും; മരണത്താ​ല​ല്ലാ​തെ ഞാൻ നിന്നെ വിട്ടു​പി​രി​ഞ്ഞാൽ യഹോവ തക്കവണ്ണ​വും അധിക​വും എന്നോടു ചെയ്യു​മാ​റാ​കട്ടെ.”—രൂത്ത്‌ 1:16, 17.

“നിന്റെ ജനം എന്റെ ജനം നിന്റെ ദൈവം എന്റെ ദൈവം”

17 രൂത്തിന്റെ ആ വാക്കുകൾ 30 നൂറ്റാ​ണ്ടു​കൾ കടന്ന്‌, അതേ തീവ്ര​ത​യോ​ടെ ഇന്നും നമ്മുടെ കാതു​ക​ളിൽ മാറ്റൊ​ലി കൊള്ളു​ന്നു! അചഞ്ചലസ്‌നേഹം ഹൃദയ​ത്തി​ന്റെ ഭാഷയിൽ തിക​വോ​ടെ വെളി​പ്പെ​ടു​ത്തുന്ന ഉജ്ജ്വല​മായ വാക്കുകൾ! രൂത്തിന്‌ നൊ​വൊ​മി​യോ​ടുള്ള സ്‌നേഹം അത്ര ശക്തവും ഇളകാ​ത്ത​തും ആയിരു​ന്നു. നൊ​വൊ​മി എവി​ടെ​പ്പോ​യാ​ലും അവളോ​ടൊ​പ്പം നിൽക്കാൻ പ്രേരി​പ്പി​ക്കുന്ന ശക്തമായ സ്‌നേഹം! മരണത്തി​നു മാത്രമേ അവരെ വേർപി​രി​ക്കാൻ കഴിയു​മാ​യി​രു​ന്നു​ള്ളൂ! നൊ​വൊ​മി​യു​ടെ ജനം അവളുടെ ജനം ആയിത്തീ​രു​മാ​യി​രു​ന്നു. അതിനു​വേണ്ടി മോവാ​ബി​ലെ സകലതും പിന്നി​ലു​പേ​ക്ഷി​ക്കാൻ രൂത്ത്‌ തയ്യാറാ​യി, അവിടത്തെ ദേവന്മാ​രെ​പ്പോ​ലും! എന്നിട്ട്‌, നൊ​വൊ​മി​യു​ടെ ദൈവ​മായ യഹോ​വയെ തന്റെ ദൈവ​മാ​യി അവൾ സ്വീക​രി​ച്ചു, പൂർണ​ഹൃ​ദ​യ​ത്തോ​ടെ. എന്നാൽ ഒർപ്പായ്‌ക്ക്‌ അതിനു കഴിഞ്ഞില്ല. a

18 അങ്ങനെ അവർ യാത്ര തുടർന്നു. ബേത്ത്‌ലെ​ഹെ​മി​ലേ​ക്കുള്ള നീണ്ട വഴിയിൽ അവർ ഇരുവ​രും മാത്ര​മാ​യി. യാത്രയ്‌ക്ക്‌ ഏകദേശം ഒരാഴ്‌ച വേണ്ടി​വ​ന്നി​രി​ക്കാം. ഹൃദയം വിങ്ങു​ക​യാ​യി​രു​ന്നി​ട്ടും യാത്ര​യി​ലു​ട​നീ​ളം രണ്ടു​പേ​രും പരസ്‌പരം ആശ്വസി​പ്പി​ച്ചും കരുത്ത്‌ പകർന്നും മുന്നോ​ട്ടു​പോ​യി.

19. രൂത്തിന്റെ സ്‌നേഹം, കുടും​ബ​ബ​ന്ധ​ങ്ങ​ളി​ലും സൗഹൃ​ദ​ങ്ങ​ളി​ലും സഭയി​ലും എങ്ങനെ അനുക​രി​ക്കാ​മെ​ന്നാണ്‌ നിങ്ങൾ കരുതു​ന്നത്‌?

19 ഈ ലോക​ത്തിൽ ദുഃഖ​ങ്ങൾക്കു മാത്രം ഒരു ക്ഷാമവു​മില്ല. “ദുഷ്‌ക​ര​മായ സമയങ്ങൾ” എന്നാണ്‌ നമ്മുടെ കാലത്തെ ബൈബിൾ വിളി​ക്കു​ന്നത്‌. എല്ലാത്തരം കഷ്ടനഷ്ട​ങ്ങ​ളും ഹൃദയ​വേ​ദ​ന​ക​ളും നമ്മളും അനുഭ​വി​ക്കേ​ണ്ടി​വ​രു​ന്നു. (2 തിമൊ. 3:1) അതു​കൊ​ണ്ടു​തന്നെ രൂത്തിന്റെ ആ സവി​ശേ​ഷ​ഗു​ണം എന്നത്തെ​ക്കാ​ളും നമുക്ക്‌ ഇന്ന്‌ ആവശ്യ​മാണ്‌. അചഞ്ചലസ്‌നേഹം! പറി​ച്ചെ​റി​ഞ്ഞാ​ലും വിട്ടു​മാ​റാൻ കൂട്ടാ​ക്കാ​തെ അവസാ​ന​ത്തോ​ളം പറ്റിനിൽക്കു​ന്ന​തരം സ്‌നേഹം! ഇരുൾമൂ​ടിയ ഈ ലോക​ത്തിൽ നന്മ ചെയ്യാ​നുള്ള പ്രേര​ക​ശ​ക്തി​യാണ്‌ ഈ ഗുണം. ദാമ്പത്യ​ത്തിൽ അത്‌ ആവശ്യ​മാണ്‌, കുടും​ബ​ബ​ന്ധ​ങ്ങ​ളിൽ അത്‌ ആവശ്യ​മാണ്‌, സൗഹൃ​ദ​ങ്ങ​ളി​ലും സഭയി​ലും അത്‌ ആവശ്യ​മാണ്‌. (1 യോഹ​ന്നാൻ 4:7, 8, 20 വായി​ക്കുക.) അത്തരം സ്‌നേഹം വളർത്തി​യെ​ടു​ക്കു​മ്പോൾ നമ്മൾ രൂത്തിന്റെ തിളക്ക​മാർന്ന മാതൃക അനുക​രി​ക്കു​ക​യാണ്‌.

രൂത്തും നൊ​വൊ​മി​യും ബേത്ത്‌ലെ​ഹെ​മിൽ

20-22. (എ) മോവാ​ബി​ലെ ജീവിതം നൊ​വൊ​മി​യെ ബാധി​ച്ചത്‌ എങ്ങനെ? (ബി) തന്റെ ദുരി​ത​ങ്ങ​ളു​ടെ കാരണം സംബന്ധിച്ച്‌ നൊ​വൊ​മിക്ക്‌ എന്തു തെറ്റി​ദ്ധാ​ര​ണ​യാണ്‌ ഉണ്ടായി​രു​ന്നത്‌? (യാക്കോബ്‌ 1:13-ഉം കാണുക.)

20 അചഞ്ചലസ്‌നേ​ഹ​മെന്ന ഗുണം വാക്കു​ക​ളി​ലൂ​ടെ വിവരി​ക്കു​ന്ന​തും പ്രവൃ​ത്തി​യി​ലൂ​ടെ തെളി​യി​ക്കു​ന്ന​തും രണ്ടും രണ്ടാണ്‌. രൂത്തിന്‌ തന്റെ അചഞ്ചലസ്‌നേഹം തെളി​യി​ക്കാ​നുള്ള അവസരങ്ങൾ ലഭിച്ചു, അമ്മായി​യ​മ്മ​യായ നൊ​വൊ​മി​യോ​ടും താൻ ദൈവ​മാ​യി സ്വീക​രിച്ച യഹോ​വ​യോ​ടും.

21 അങ്ങനെ ആ അമ്മയും മകളും ഒടുവിൽ ബേത്ത്‌ലെ​ഹെ​മിൽ എത്തി​ച്ചേർന്നു. അത്‌ യെരു​ശ​ലേ​മിന്‌ ഏകദേശം 10 കിലോ​മീ​റ്റർ തെക്കുള്ള ഒരു ഗ്രാമ​മാണ്‌. ഒരിക്കൽ ആ കൊച്ചു​പ​ട്ട​ണ​ത്തി​ലെ അറിയ​പ്പെ​ടുന്ന ഒരു കുടും​ബ​മാ​യി​രു​ന്നു നൊ​വൊ​മി​യു​ടേത്‌ എന്നു​വേണം കരുതാൻ. കാരണം നൊ​വൊ​മി തിരി​ച്ചു​വന്നു എന്ന വാർത്ത അവി​ടെ​യാ​കെ പരന്നു. എല്ലാവർക്കും അത്‌ സംസാ​ര​വി​ഷ​യ​മാ​യി. അവി​ടെ​യുള്ള സ്‌ത്രീ​ജ​നങ്ങൾ വന്ന്‌ അവളെ കണ്ടിട്ട്‌ അതിശ​യ​ത്തോ​ടെ “ഇവൾ നൊ​വൊ​മി​യോ” എന്നു ചോദി​ച്ചു. മോവാ​ബി​ലെ പരദേ​ശ​വാ​സം അവളെ വല്ലാതെ മാറ്റി​യി​ട്ടു​ണ്ടാ​കണം. വർഷങ്ങ​ളി​ലെ കഷ്ടപ്പാ​ടു​ക​ളും ദുഃഖ​ങ്ങ​ളും ഹൃദയ​വേ​ദ​ന​ക​ളും എല്ലാം അവളുടെ മുഖം വിളി​ച്ചോ​തു​ന്നു​ണ്ടാ​യി​രു​ന്നു.—രൂത്ത്‌ 1:19.

22 ചുറ്റും കൂടിയ ബന്ധുക്ക​ളായ സ്‌ത്രീ​ക​ളോ​ടും അയൽക്കാ​രോ​ടും നൊ​വൊ​മി തന്റെ കഥ പറഞ്ഞു. നഷ്ടങ്ങളു​ടെ കഥകൾ, കുടിച്ച കണ്ണുനീ​രി​ന്റെ കഥകൾ! തനിക്ക്‌ ജീവിതം എത്ര കയ്‌പേ​റി​യ​താ​യി​രി​ക്കു​ന്നെന്ന്‌ അവൾ തുറന്ന്‌ പറഞ്ഞു. “പ്രസന്നത” എന്ന്‌ അർഥമുള്ള നൊ​വൊ​മി എന്ന തന്റെ പേരു മാറ്റി “കയ്‌പ്‌” എന്ന്‌ അർഥമുള്ള മാറാ എന്നാക്കണം എന്നു​പോ​ലും നൊ​വൊ​മി​ക്കു തോന്നി​പ്പോ​യി. പാവം നൊ​വൊ​മി! വർഷങ്ങൾക്കു മുമ്പ്‌ ജീവി​ച്ചി​രുന്ന ഇയ്യോ​ബി​നെ​പ്പോ​ലെ അവളും കരുതി​യത്‌ ഈ ദുരി​ത​ങ്ങ​ളെ​ല്ലാം തനിക്കു നൽകി​യത്‌ യഹോ​വ​യാ​ണെ​ന്നാണ്‌.—രൂത്ത്‌ 1:20, 21; ഇയ്യോ. 2:10; 13:24-26.

23. രൂത്ത്‌ എന്തി​നെ​ക്കു​റിച്ച്‌ ചിന്തി​ച്ചു​തു​ടങ്ങി, ന്യായ​പ്ര​മാ​ണ​ത്തിൽ പാവങ്ങൾക്കു​വേണ്ടി എന്തു കരുത​ലു​ണ്ടാ​യി​രു​ന്നു? (അടിക്കു​റി​പ്പും കാണുക.)

23 അങ്ങനെ അവർ രണ്ടു​പേ​രും ബേത്ത്‌ലെ​ഹെ​മിൽ ജീവിതം തുടങ്ങു​ക​യാ​യി! ഉപജീ​വ​ന​ത്തി​നു​ള്ളത്‌ കണ്ടെ​ത്തേണ്ടേ, പ്രായ​മായ അമ്മയുടെ കാര്യം നോ​ക്കേണ്ടേ, എന്തു ചെയ്യും? ആ വഴിക്കാ​യി രൂത്തിന്റെ ചിന്ത. യഹോവ തന്റെ ജനമായ ഇസ്രാ​യേ​ലിന്‌ കൊടുത്ത ന്യായ​പ്ര​മാ​ണ​ത്തിൽ, പാവങ്ങൾക്കു​വേണ്ടി ഒരു കരുതൽ ചെയ്‌തി​ട്ടു​ണ്ടെന്ന കാര്യം അവൾ മനസ്സി​ലാ​ക്കി. ദരി​ദ്രർക്ക്‌ വിള​വെ​ടു​പ്പു​കാ​ലത്ത്‌ കാലാ​പെ​റു​ക്കാ​നുള്ള അനുവാ​ദ​മു​ണ്ടെന്ന കാര്യം. അവർക്ക്‌ വയലിൽ ചെന്ന്‌ കൊയ്‌ത്തു​കാ​രു​ടെ പിന്നാലെ നടന്ന്‌ വീണു​കി​ട​ക്കുന്ന കതിരു​കൾ പെറു​ക്കാം. അരികിൽ കൊയ്യാ​തെ വിട്ടി​രി​ക്കുന്ന കതിരു​ക​ളും ഈ ദരി​ദ്രർക്കു​ള്ള​താ​യി​രു​ന്നു. bലേവ്യ. 19:9, 10; ആവ. 24:19-21.

24, 25. ബോവ​സി​ന്റെ വയലിൽ എത്താനി​ട​യായ രൂത്ത്‌ എന്തു ചെയ്‌തു, കാലാ​പെ​റു​ക്കൽ എങ്ങനെ​യാ​യി​രു​ന്നു?

24 അത്‌ യവക്കൊയ്‌ത്തി​ന്റെ സമയമാ​യി​രു​ന്നു. നമ്മുടെ ഇന്നത്തെ കലണ്ടർ പ്രകാരം ഏതാണ്ട്‌ ഏപ്രിൽ മാസം. രൂത്ത്‌ വയലി​ലേക്കു പോയി. കാലാ​പെ​റു​ക്കാൻ തന്നെ അനുവ​ദി​ക്കു​ന്നത്‌ ആരായി​രി​ക്കും എന്ന ചിന്ത​യോ​ടെ​യാണ്‌ അവൾ പോയത്‌. അവൾ എത്തിയത്‌ ബോവസ്‌ എന്നു പേരുള്ള ഒരു മനുഷ്യ​ന്റെ വയലി​ലാണ്‌. അയാൾ അതിസ​മ്പ​ന്ന​നായ ഒരു ഭൂവു​ട​മ​യാ​യി​രു​ന്നു. നൊ​വൊ​മി​യു​ടെ ഭർത്താ​വായ എലീ​മേ​ലെ​ക്കി​ന്റെ ബന്ധുവു​മാ​യി​രു​ന്നു. ന്യായ​പ്ര​മാ​ണ​പ്ര​കാ​രം ഏതു വയലി​ലും കാലാ​പെ​റു​ക്കാ​നുള്ള അവകാ​ശ​മു​ണ്ടാ​യി​രു​ന്നു അവൾക്ക്‌. എന്നാൽ നേരേ പോയി ജോലി തുടങ്ങാ​തെ കൊയ്‌ത്തു​കാ​രു​ടെ മേൽനോ​ട്ട​ക്കാ​ര​നായ ചെറു​പ്പ​ക്കാ​ര​നോട്‌ അവൾ അനുവാ​ദം ചോദി​ച്ചു. അയാൾ അനുവാ​ദം കൊടു​ത്തു. അങ്ങനെ രൂത്ത്‌ ഉടൻതന്നെ തന്റെ ജോലി തുടങ്ങി.—രൂത്ത്‌ 1:22–2:3, 7.

25 കൊയ്‌ത്തു​കാ​രു​ടെ പിന്നാലെ നടന്ന്‌ കാലാ​പെ​റു​ക്കുന്ന രൂത്തിനെ നിങ്ങൾക്ക്‌ കാണാൻ കഴിയു​ന്നു​ണ്ടോ? കൊയ്‌ത്തു​കാർ മൂർച്ച​യുള്ള തിളങ്ങുന്ന അരിവാൾത്ത​ല​കൊണ്ട്‌ കൊയ്‌തെ​ടു​ക്കു​ക​യാണ്‌ യവക്കതി​രു​കൾ! അതിൽനി​ന്നും ഇടയ്‌ക്കി​ടെ താഴെ വീണു​പോ​കു​ന്ന​തും അവർ വലിച്ചി​ടു​ന്ന​തും ആയ കതിരു​കൾ കുനി​ഞ്ഞു​കു​നി​ഞ്ഞു പെറു​ക്കി​യെ​ടു​ക്കു​ക​യാണ്‌ രൂത്ത്‌. ആ കതിരു​കൾ അവൾ കറ്റകളാ​യി കെട്ടുന്നു. പിന്നെ സൗകര്യ​പ്ര​ദ​മാ​യി മെതി​ച്ചെ​ടു​ക്കാൻ പറ്റിയ ഒരു സ്ഥലത്തേക്ക്‌ കൊണ്ടു​പോ​യി വെക്കുന്നു. എത്ര​നേരം പെറു​ക്കി​യാ​ലാണ്‌ ഒരു കറ്റയ്‌ക്കുള്ള കതിരു കിട്ടുക? വളരെ ക്ഷീണി​പ്പി​ക്കുന്ന ജോലി. ഉച്ചയോട്‌ അടുക്കു​ന്തോ​റും വല്ലാതെ തളർത്തി​ക്ക​ള​യുന്ന ചൂട്‌. എന്നിട്ടും രൂത്ത്‌ ജോലി തുടർന്നു. നെറ്റി​യി​ലെ വിയർപ്പൊ​ന്നു തുടച്ചു​ക​ള​യാ​നും “വീട്ടിൽ” പോയി​രുന്ന്‌ അല്‌പം ആഹാരം കഴിക്കാ​നും മാത്രമേ അവൾ ജോലി നിറു​ത്തി​യു​ള്ളൂ. ജോലി​ക്കാർക്കു​വേണ്ടി കെട്ടി​യു​ണ്ടാ​ക്കിയ ഒരു വിശ്ര​മ​സ്ഥ​ല​മാ​യി​രി​ക്കാം ഈ ‘വീട്‌.’

തനിക്കും നൊ​വൊ​മി​ക്കും ഉപജീവനത്തിനായി ഏത്‌ എളിയ ജോലി ചെയ്യാ​നും രൂത്തിന്‌ മനസ്സാ​യി​രു​ന്നു, അവൾ കഠിനാ​ധ്വാ​നം ചെയ്‌തു

26, 27. ബോവസ്‌ എങ്ങനെ​യുള്ള ആളായി​രു​ന്നു, അവൻ രൂത്തി​നോട്‌ ഇടപെ​ട്ടത്‌ എങ്ങനെ?

26 തന്നെ ആരെങ്കി​ലും ശ്രദ്ധി​ക്ക​ണ​മെന്ന്‌ അവൾ ആഗ്രഹി​ച്ചില്ല, പ്രതീ​ക്ഷി​ച്ചു​മില്ല. പക്ഷേ, പലരും അവളെ ശ്രദ്ധി​ക്കു​ന്നു​ണ്ടാ​യി​രു​ന്നു. ബോവ​സും അവളെ കണ്ടു. അവൾ ആരാ​ണെന്ന്‌ മേൽനോ​ട്ട​ക്കാ​ര​നായ ചെറു​പ്പ​ക്കാ​ര​നോട്‌ ചോദി​ക്കു​ക​യും ചെയ്‌തു. ശക്തമായ ദൈവ​വി​ശ്വാ​സ​മുള്ള ഒരു മനുഷ്യ​നാ​യി​രു​ന്നു ബോവസ്‌. വയലി​ലേക്കു വന്ന അവൻ “യഹോവ നിങ്ങ​ളോ​ടു​കൂ​ടെ ഇരിക്കട്ടെ” എന്നു പറഞ്ഞ്‌ തന്റെ ജോലി​ക്കാ​രെ അഭിവാ​ദനം ചെയ്‌തു. ജോലി​ക്കാ​രിൽ ചിലർ ദിവസ​ക്കൂ​ലി​ക്കാ​രും അന്യജാ​തി​ക്കാ​രും ഒക്കെയാ​യി​രു​ന്നി​രി​ക്കാം. അവരും അവനെ അങ്ങനെ​തന്നെ പറഞ്ഞ്‌ അഭിവാ​ദനം ചെയ്‌തു. യഹോ​വ​യോ​ടും ആത്മീയ​കാ​ര്യ​ങ്ങ​ളോ​ടും ആഴമായ സ്‌നേ​ഹ​മു​ണ്ടാ​യി​രു​ന്നു ബോവ​സിന്‌. അല്‌പം പ്രായ​ക്കൂ​ടു​ത​ലുള്ള ഈ മനുഷ്യൻ ഒരു അപ്പനെ​പ്പോ​ലെ രൂത്തി​നോട്‌ ഇടപെട്ടു.—രൂത്ത്‌ 2:4-7.

27 അവൻ രൂത്തിനെ “മകളേ” എന്നാണ്‌ വിളി​ച്ചത്‌. കാലാ​പെ​റു​ക്കാൻ ഇനിയും തന്റെ വയലിൽത്തന്നെ വന്നാൽ മതി​യെന്ന്‌ അവൻ അവളോട്‌ പറഞ്ഞു. ജോലി​ക്കാർ അവളെ ശല്യ​പ്പെ​ടു​ത്താ​തി​രി​ക്കാൻ തന്റെ ഭവനത്തി​ലെ ചെറു​പ്പ​ക്കാ​രി​ക​ളു​ടെ കൂടെ​ത്തന്നെ നിൽക്കാ​നും അവളോ​ടു പറഞ്ഞു. ഉച്ചയ്‌ക്ക്‌ അവൾക്ക്‌ ആവശ്യ​ത്തിന്‌ ഭക്ഷണം കിട്ടു​ന്നു​ണ്ടെ​ന്നും അവൻ ഉറപ്പു​വ​രു​ത്തി. (രൂത്ത്‌ 2:8, 9, 14 വായി​ക്കുക.) ഇതൊ​ന്നും കൂടാതെ അവൻ അവളെ അഭിന​ന്ദി​ച്ചു, അവളോട്‌ നല്ല വാക്ക്‌ പറഞ്ഞു. എങ്ങനെ​യെ​ന്നോ?

28, 29. (എ) രൂത്തിന്‌ എങ്ങനെ​യുള്ള കീർത്തി​യു​ണ്ടാ​യി​രു​ന്നു? (ബി) രൂത്തി​നെ​പ്പോ​ലെ നിങ്ങൾക്ക്‌ യഹോ​വയെ അഭയമാ​ക്കാൻ എങ്ങനെ കഴിയും?

28 ഒരു അന്യ​ദേ​ശ​ക്കാ​രി​യാ​യി​ട്ടും, തന്നോട്‌ ഇത്രയും ദയയും കാരു​ണ്യ​വും കാണി​ക്കാൻ മാത്രം താൻ എന്താണ്‌ ചെയ്‌തി​ട്ടു​ള്ള​തെന്ന്‌ അവൾ ബോവ​സി​നോട്‌ ചോദി​ച്ചു. അമ്മായി​യ​മ്മ​യായ നൊ​വൊ​മി​യോ​ടുള്ള അവളുടെ സ്‌നേ​ഹ​വും നൊ​വൊ​മി​ക്കു​വേണ്ടി അവൾ ചെയ്‌തി​രി​ക്കു​ന്ന​തൊ​ക്കെ​യും താൻ കേട്ടി​രി​ക്കു​ന്നെന്ന്‌ അവൻ മറുപടി നൽകി. തന്റെ പ്രിയ​ങ്ക​രി​യായ മരുമ​ക​ളെ​ക്കു​റിച്ച്‌ നൊ​വൊ​മി ബേത്ത്‌ലെ​ഹെ​മി​ലെ സ്‌ത്രീ​ക​ളോട്‌ പുകഴ്‌ത്തി​പ്പ​റ​ഞ്ഞി​ട്ടു​ണ്ടാ​കണം. ആ വാക്കുകൾ ബോവ​സി​ന്റെ ചെവി​യി​ലു​മെത്തി. രൂത്ത്‌ യഹോ​വയെ ആരാധി​ക്കാൻ തുടങ്ങി​യി​രി​ക്കു​ന്നെ​ന്നും അവൻ മനസ്സി​ലാ​ക്കി. അതു​കൊണ്ട്‌ അവൻ അവളോട്‌ ഇങ്ങനെ പറഞ്ഞു: “നിന്റെ പ്രവൃ​ത്തി​ക്കു യഹോവ പകരം നല്‌കട്ടെ; യിസ്രാ​യേ​ലി​ന്റെ ദൈവ​മായ യഹോ​വ​യു​ടെ ചിറകിൻകീ​ഴെ ആശ്രയി​ച്ചു​വ​ന്നി​രി​ക്കുന്ന നിനക്കു അവൻ പൂർണ്ണ​പ്ര​തി​ഫലം തരുമാ​റാ​കട്ടെ.”—രൂത്ത്‌ 2:12.

29 ആ വാക്കുകൾ രൂത്തിനെ എത്ര​യേറെ ധൈര്യ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടാ​കും! ബോവസ്‌ പറഞ്ഞത്‌ സത്യമാ​യി​രു​ന്നു. അവൾ യഹോ​വ​യു​ടെ ചിറകിൻകീ​ഴെ ആശ്രയി​ച്ചു​തന്നെ വന്നവളാണ്‌, തള്ളപ്പക്ഷി​യു​ടെ ചിറകി​ന്റെ തണലിൽ രക്ഷ തേടുന്ന പക്ഷിക്കു​ഞ്ഞി​നെ​പ്പോ​ലെ! മനസ്സിന്‌ കരുത്തും ഹൃദയ​ത്തിന്‌ ആശ്വാ​സ​വും പകർന്ന വാക്കു​കൾക്ക്‌ അവൾ ബോവ​സി​നോട്‌ നന്ദി പറഞ്ഞു. പിന്നെ അവൾ തന്റെ ജോലി തുടർന്നു, സന്ധ്യമ​യ​ങ്ങു​ന്ന​തു​വരെ!—രൂത്ത്‌ 2:13, 17.

30, 31. തൊഴിൽശീ​ലങ്ങൾ, നന്ദി, അചഞ്ചലസ്‌നേഹം എന്നീ കാര്യ​ങ്ങ​ളെ​ക്കു​റിച്ച്‌ രൂത്തിൽനിന്ന്‌ എന്തു പഠിക്കാം?

30 രൂത്തിന്റെ വിശ്വാ​സം പ്രവൃ​ത്തി​യി​ലൂ​ടെ അവൾ തെളി​യി​ച്ചു. രൂത്ത്‌ ചെയ്‌തത്‌ ഇന്ന്‌ നമു​ക്കെ​ല്ലാം ഉത്തമമാ​തൃ​ക​യാണ്‌. വിശേ​ഷിച്ച്‌ സാമ്പത്തി​ക​ഞെ​രു​ക്ക​ത്തി​ന്റെ നാളു​ക​ളിൽ ജീവി​ക്കു​ന്ന​വ​രായ നമ്മിൽ പലർക്കും. ഒരു വിധവ​യായ തനിക്കു​വേണ്ടി വേണ്ട​തെ​ല്ലാം ചെയ്‌തു​ത​രാൻ മറ്റുള്ള​വർക്ക്‌ കടപ്പാ​ടു​ണ്ടെന്ന്‌ അവൾ ചിന്തി​ച്ചില്ല. അതു​കൊ​ണ്ടു​തന്നെ ലഭിച്ച എല്ലാ സഹായ​ത്തി​നും അവൾക്ക്‌ ഹൃദയം​ഗ​മ​മായ നന്ദിയു​ണ്ടാ​യി​രു​ന്നു. താൻ സ്‌നേ​ഹി​ക്കുന്ന അമ്മയ്‌ക്കു​വേണ്ടി പകലന്തി​യോ​ളം കഠിനാ​ധ്വാ​നം ചെയ്യാൻ അവൾക്ക്‌ ഒരു നാണ​ക്കേ​ടും തോന്നി​യില്ല, അതും വളരെ എളിയ ഒരു ജോലി​യാ​യി​രു​ന്നി​ട്ടും! നല്ല സുഹൃ​ത്തു​ക്ക​ളു​ടെ കൂടെ​യാ​യി​രി​ക്കാ​നും സുരക്ഷി​ത​മാ​യി ജോലി ചെയ്യാ​നും ബോവസ്‌ നൽകിയ ഉപദേ​ശങ്ങൾ അവൾ നന്ദി​യോ​ടെ സ്വീക​രി​ച്ചു, അനുസ​രി​ച്ചു. ഇങ്ങനെ​യൊ​ക്കെ ആണെങ്കി​ലും തന്റെ അഭയം യഹോ​വ​യാ​ണെന്ന കാര്യം അവൾ മനസ്സിൽ മായാതെ നിറുത്തി. കാരണം യഹോ​വ​യാ​ണ​ല്ലോ അവളുടെ രക്ഷിതാ​വും പിതാ​വും!

31 രൂത്തി​ന്റേ​തു​പോ​ലുള്ള അചഞ്ചലസ്‌നേഹം നിങ്ങൾ കാണി​ക്കു​മോ? അവളുടെ താഴ്‌മ​യും അധ്വാ​ന​ശീ​ല​വും നിങ്ങൾ പകർത്തു​മോ? അവളെ​പ്പോ​ലെ നന്ദി നിറഞ്ഞ ഒരു മനസ്സ്‌ നിങ്ങൾക്കു​ണ്ടോ? എങ്കിൽ, രൂത്തിനെ നമ്മൾ മാതൃ​ക​യാ​ക്കു​ന്ന​തു​പോ​ലെ മറ്റുള്ളവർ നമ്മളെ​യും മാതൃ​ക​യാ​ക്കും. അതിരി​ക്കട്ടെ, പിന്നീ​ട​ങ്ങോട്ട്‌ എങ്ങനെ​യാണ്‌ യഹോവ രൂത്തി​നെ​യും നൊ​വൊ​മി​യെ​യും തുണച്ചത്‌? അടുത്ത അധ്യായം അതേക്കു​റി​ച്ചാണ്‌.

a അന്യജാതിക്കാരായ ആളുകൾ പൊതു​വേ പറയു​ന്ന​തു​പോ​ലെ, “ദൈവം” എന്നു മാത്രം പറയു​ന്ന​തിന്‌ പകരം രൂത്ത്‌ യഹോവ എന്ന ദൈവ​നാ​മ​വും ഉപയോ​ഗി​ച്ചു. അത്‌ വളരെ പ്രധാ​ന​പ്പെട്ട ഒരു കാര്യ​മാണ്‌. ഇതു സംബന്ധിച്ച്‌ വ്യാഖ്യാ​താ​വി​ന്റെ ബൈബിൾ (ഇംഗ്ലീഷ്‌) എന്ന കൃതി പറയുന്നു: “ഈ അന്യജാ​തി​ക്കാ​രി, സത്യ​ദൈ​വത്തെ ആരാധി​ച്ചി​രുന്ന ഒരാളാ​ണെന്ന്‌ ഇതിലൂ​ടെ എഴുത്തു​കാ​രൻ ഊന്നി​പ്പ​റ​യു​ക​യാണ്‌.”

b ഇത്‌ സ്‌നേ​ഹ​പു​ര​സ്സ​ര​മായ ഒരു ക്രമീ​ക​ര​ണ​മാ​യി​രു​ന്നു. തന്റെ സ്വദേ​ശ​മായ മോവാ​ബിൽ രൂത്ത്‌ ഇങ്ങനെ ഒന്ന്‌ കേട്ടി​ട്ടു​പോ​ലും ഉണ്ടാവില്ല. അക്കാല​ങ്ങ​ളിൽ മധ്യപൂർവ​ദേ​ശത്ത്‌ വിധവ​മാ​രോ​ടുള്ള പെരു​മാ​റ്റം വളരെ മോശ​മാ​യി​രു​ന്നു. ഒരു ഗ്രന്ഥം ഇങ്ങനെ പറയുന്നു: “ഭർത്താവ്‌ മരിച്ചാൽ പിന്നെ ആ വിധവ തന്റെ പുത്ര​ന്മാ​രെ​യാണ്‌ ആശ്രയി​ക്കേ​ണ്ടി​യി​രു​ന്നത്‌. പുത്ര​ന്മാർ ആരുമി​ല്ലെ​ങ്കി​ലോ? ഒന്നുകിൽ സ്വയം ദാസി​യാ​യി വിൽക്കണം, അല്ലെങ്കിൽ വേശ്യാ​വൃ​ത്തി ചെയ്യണം, അതുമ​ല്ലെ​ങ്കിൽ മരിക്കണം. ഇതൊ​ക്കെ​യാണ്‌ സാധാ​ര​ണ​ഗ​തി​യിൽ അവളുടെ മുമ്പി​ലു​ണ്ടാ​യി​രുന്ന വഴികൾ.”