വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

അധ്യായം പതി​നൊന്ന്‌

അവൻ കാത്തി​രു​ന്നു, പ്രാർഥ​ന​യോ​ടെ, ജാഗ്ര​ത​യോ​ടെ

അവൻ കാത്തി​രു​ന്നു, പ്രാർഥ​ന​യോ​ടെ, ജാഗ്ര​ത​യോ​ടെ

1, 2. ബുദ്ധി​മു​ട്ടുള്ള ഏത്‌ കാര്യ​മാണ്‌ ഏലിയാ​വിന്‌ ചെയ്യേ​ണ്ടി​യി​രു​ന്നത്‌, ആഹാബും ഏലിയാ​വും ഏതെല്ലാം വിധങ്ങ​ളിൽ വ്യത്യസ്‌ത​രാ​യി​രു​ന്നു?

 ഏലിയാ​വി​ന്റെ ചുറ്റും ആളുകൾ തിങ്ങി​ക്കൂ​ടി​യി​രി​ക്കു​ക​യാണ്‌. ഇപ്പോൾ അവർക്ക്‌ അവന്റെ പ്രീതി​യും അംഗീ​കാ​ര​വും വേണം! കാരണം, ദൈവ​ത്തി​ന്റെ ഈ പ്രവാ​ചകൻ അപേക്ഷി​ച്ച​പ്പോൾ ആകാശ​ത്തു​നി​ന്നു തീ ഇറങ്ങു​ന്നത്‌ അവർ കണ്ടുക​ഴി​ഞ്ഞതേ ഉള്ളൂ! എന്നാൽ ഏലിയാ​വാ​കട്ടെ, തന്റെ സ്വർഗീ​യ​പി​താ​വു​മൊത്ത്‌ അല്‌പ​സ​മയം തനിച്ചാ​യി​രി​ക്കാൻ ആഗ്രഹി​ക്കു​ന്നു. കർമേൽ പർവത​ത്തി​ന്റെ മുകളി​ലേക്കു പോയി, തന്റെ ദൈവ​മായ യഹോ​വ​യോട്‌ സ്വൈ​ര​മാ​യി, ഹൃദയം തുറന്ന്‌ സംസാ​രി​ക്കണം. പക്ഷേ, അതിന്‌ മുമ്പ്‌ അത്ര സുഖക​ര​മ​ല്ലാത്ത ഒരു കാര്യം ചെയ്യാ​നുണ്ട്‌. ആഹാബ്‌ രാജാ​വി​നെ ചില കാര്യങ്ങൾ അറിയി​ക്കണം.

2 തികച്ചും വ്യത്യസ്‌ത​രായ രണ്ട്‌ വ്യക്തികൾ, ആഹാബും ഏലിയാ​വും. ആടയാ​ഭ​ര​ണങ്ങൾ ധരിച്ച്‌ അലങ്കാ​ര​വി​ഭൂ​ഷി​ത​നാണ്‌ ആഹാബ്‌! വിശ്വാ​സ​ത്യാ​ഗി​യും ദുരാ​ഗ്ര​ഹി​യും ദുർബ​ല​മാ​ന​സ​നും ആണ്‌ ഈ രാജാവ്‌. എന്നാൽ ഒരു പ്രവാ​ച​കന്റെ ഔദ്യോ​ഗി​ക​വേ​ഷ​ത്തി​ലാണ്‌ ഏലിയാവ്‌! അത്‌ തോലു​കൊ​ണ്ടു​ള്ള​തോ, ഒട്ടകത്തി​ന്റെ​യോ കോലാ​ടി​ന്റെ​യോ രോമം​കൊണ്ട്‌ നെയ്‌തെ​ടു​ത്ത​തോ ആകാം. എന്തായാ​ലും, ചിത്ര​പ്പ​ണി​യൊ​ന്നു​മി​ല്ലാത്ത ലളിത​മായ ഒരു വസ്‌ത്രം. ധൈര്യ​ശാ​ലി​യും ധർമിഷ്‌ഠ​നും വിശ്വസ്‌ത​നും ആയ ഒരു പ്രവാ​ചകൻ! എരിഞ്ഞ​ട​ങ്ങിയ ആ പകൽ ആ രണ്ടു വ്യക്തി​ക​ളു​ടെ​യും സ്വഭാവം വെളി​പ്പെ​ടു​ത്തി.

3, 4. (എ) ആഹാബി​നും കൂട്ടാ​ളി​ക​ളായ ബാലാ​രാ​ധ​കർക്കും അന്ന്‌ ഒരു ദുർദി​ന​മാ​യി​രു​ന്നത്‌ എന്തു​കൊണ്ട്‌? (ബി) നമ്മൾ ഏതെല്ലാം ചോദ്യ​ങ്ങൾ പരിചി​ന്തി​ക്കും?

3 ആഹാബി​നും അവന്റെ കൂട്ടാ​ളി​ക​ളായ ബാലാ​രാ​ധ​കർക്കും അത്‌ ഒരു ദുർദി​ന​മാ​യി​രു​ന്നു! പത്തു​ഗോ​ത്ര​യി​സ്രാ​യേ​ലിൽ വ്യാപിച്ച പുറജാ​തീയ ബാലാ​രാ​ധ​നയ്‌ക്ക്‌ ഇന്ന്‌ കനത്ത പ്രഹര​മേ​റ്റി​രി​ക്കു​ക​യാണ്‌! ആഹാബും അവന്റെ ഭാര്യ ഇസബേൽ രാജ്ഞി​യും ആണ്‌ ഈ വ്യാജാ​രാ​ധ​നയ്‌ക്ക്‌ ചുക്കാൻ പിടി​ച്ചവർ. ഇന്ന്‌, ബാൽ എന്ന വ്യാജ​ദേ​വന്റെ കള്ളി വെളി​ച്ച​ത്താ​യി! സ്വന്തം പ്രവാ​ച​ക​ന്മാർ ഉറഞ്ഞു​തു​ള്ളി അപേക്ഷി​ച്ചി​ട്ടും ആചാര​പ്ര​കാ​രം രക്തം ചിന്തി​യി​ട്ടും ഒരു തീപ്പൊ​രി​പോ​ലും വരുത്താൻ ബാലിനു കഴിഞ്ഞില്ല. തനിക്കു​വേണ്ടി ഹീനകൃ​ത്യ​ങ്ങൾ ചെയ്‌തി​രുന്ന 450 നീച​പ്ര​വാ​ച​കരെ വധശി​ക്ഷ​യിൽനിന്ന്‌ രക്ഷി​ച്ചെ​ടു​ക്കാ​നും ആ വ്യാജ​മൂർത്തിക്ക്‌ കഴിയാ​തെ​പോ​യി. ജീവനു​ണ്ടെ​ങ്കി​ലല്ലേ എന്തെങ്കി​ലും ചെയ്യാൻ കഴിയൂ! ബാലിന്റെ പരാജ​യ​ത്തി​ന്റെ പട്ടിക തീരു​ന്നില്ല. മൂന്നു വർഷത്തി​ലേ​റെ​യാ​യി, അവന്റെ പ്രവാ​ച​ക​ന്മാർ വരൾച്ച അവസാ​നി​പ്പി​ക്കാൻ അവനോട്‌ ദയനീ​യ​മാ​യി യാചി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​യി​രു​ന്നു. പക്ഷേ ഉണങ്ങി​വ​രണ്ട്‌, വെന്തു​രു​കി കിടന്നി​രുന്ന ആ ദേശത്ത്‌ ഒരു മഴത്തു​ള്ളി​യെ​ങ്കി​ലും വീഴ്‌ത്താൻ ബാലി​നെ​ക്കൊണ്ട്‌ സാധി​ച്ചോ? ഇവിടെ അവന്റെ പരാജയം പൂർണ​മാ​യി! എന്നാൽ യഹോവ പെട്ടെ​ന്നു​തന്നെ വരൾച്ച അവസാ​നി​പ്പി​ക്കാൻ പോകു​ക​യാണ്‌. അങ്ങനെ, താനാണ്‌ എല്ലാറ്റി​ന്റെ​യും പരമാ​ധി​കാ​രി എന്ന്‌ യഹോവ വെളി​പ്പെ​ടു​ത്തും!—1 രാജാ. 16:30–17:1; 18:1-40.

4 എന്നാൽ എപ്പോ​ഴാ​യി​രി​ക്കും യഹോവ അങ്ങനെ ചെയ്യുക? യഹോ​വയ്‌ക്കാ​യി കാത്തി​രി​ക്കുന്ന സമയത്ത്‌ ഏലിയാവ്‌ എന്തു ചെയ്യു​മാ​യി​രു​ന്നു? വിശ്വസ്‌ത​നായ ഈ മനുഷ്യ​നിൽനിന്ന്‌ നമുക്ക്‌ എന്തെല്ലാം പഠിക്കാം? നാം ഉത്തരം കണ്ടെത്താൻ പോകു​ക​യാണ്‌.1 രാജാ​ക്ക​ന്മാർ 18:41-46 വായി​ക്കുക.

പ്രാർഥ​ന​യോ​ടെ. . .

5. ഏലിയാവ്‌ ആഹാബി​നോട്‌ എന്തു ചെയ്യാ​നാണ്‌ പറഞ്ഞത്‌, അന്നേ ദിവസത്തെ സംഭവ​ങ്ങ​ളിൽനിന്ന്‌ ആഹാബ്‌ എന്തെങ്കി​ലും പാഠം പഠിച്ച​താ​യി കാണു​ന്നു​ണ്ടോ?

5 ഏലിയാവ്‌ ആഹാബി​ന്റെ അടു​ത്തെത്തി അവനോ​ടു പറഞ്ഞു: “നീ ചെന്നു ഭക്ഷിച്ചു പാനം ചെയ്‌ക; വലിയ മഴയുടെ മുഴക്കം ഉണ്ട്‌.” അന്നേ ദിവസത്തെ സംഭവ​ങ്ങ​ളിൽനിന്ന്‌ ദുഷ്ടനായ ഈ രാജാവ്‌ എന്തെങ്കി​ലും പാഠം പഠിച്ചോ? വിവരണം അതെക്കു​റിച്ച്‌ ഒന്നും​തന്നെ പറയു​ന്നില്ല. മനസ്‌താ​പം സൂചി​പ്പി​ക്കുന്ന ഒരു വാക്കു​പോ​ലും അവൻ ഉരിയാ​ടി​യില്ല. യഹോ​വ​യോട്‌ ക്ഷമ യാചി​ക്കാൻ ഏലിയാ​വി​ന്റെ സഹായം തേടി​യ​താ​യും കാണു​ന്നില്ല. പകരം, “ആഹാബ്‌ ഭക്ഷിച്ചു പാനം ചെയ്യേ​ണ്ട​തി​ന്നു മല കയറി​പ്പോ​യി” എന്നു വിവരണം പറയുന്നു. (1 രാജാ. 18:41, 42) എന്നാൽ, ഏലിയാ​വോ?

6, 7. ഏലിയാവ്‌ എന്താണ്‌ പ്രാർഥി​ച്ചത്‌, എന്തു​കൊണ്ട്‌?

6 ഏലിയാവ്‌ “കർമ്മേൽപർവ്വ​ത​ത്തി​ന്റെ മുകളിൽ കയറി നിലത്തു കുനിഞ്ഞു മുഖം തന്റെ മുഴങ്കാ​ലു​ക​ളു​ടെ നടുവിൽ വെച്ചു.” ആഹാബ്‌ വയറ്‌ നിറയ്‌ക്കാ​നാ​യി പോയ​പ്പോൾ ഏലിയാ​വിന്‌ തന്റെ സ്വർഗീ​യ​പി​താ​വി​നോട്‌ പ്രാർഥി​ക്കാ​നുള്ള അവസരം കിട്ടി. ഏലിയാവ്‌ ഇരിക്കുന്ന വിധം വിവര​ണ​ത്തിൽ വർണി​ച്ചി​രി​ക്കു​ന്നത്‌ നിങ്ങൾ ശ്രദ്ധി​ച്ചോ? താഴ്‌മ​യോ​ടെ, വെറും നിലത്ത്‌ മുട്ടു​കു​ത്തി, മുഖം കാൽമു​ട്ടു​ക​ളോ​ളം താഴ്‌ത്തി കുനി​ഞ്ഞി​രി​ക്കു​ക​യാണ്‌ ഏലിയാവ്‌! അവൻ എന്തു ചെയ്യു​ക​യാണ്‌? നമ്മൾ ഊഹി​ക്കേ​ണ്ട​തില്ല. വരൾച്ച അവസാ​നി​പ്പി​ക്കാൻ ഏലിയാവ്‌ യഹോ​വ​യോട്‌ അപേക്ഷി​ച്ചെന്ന്‌ യാക്കോബ്‌ 5:18-ൽ നമ്മൾ കാണുന്നു. ആ പരാമർശം കർമേൽ പർവത​ത്തി​ന്റെ മുകളി​ലെ ഈ രംഗ​ത്തെ​യാ​യി​രി​ക്കാം സൂചി​പ്പി​ക്കു​ന്നത്‌.

ദൈവേഷ്ടം നടന്നു​കാ​ണാ​നുള്ള ഏലിയാ​വി​ന്റെ അതിയായ ആഗ്രഹ​മാണ്‌ പ്രാർഥ​ന​യിൽ പ്രതി​ഫ​ലി​ച്ചത്‌

7 യഹോവ ഏലിയാ​വി​നോട്‌ ഇങ്ങനെ പറഞ്ഞി​രു​ന്നു: “ഞാൻ ഭൂതല​ത്തിൽ മഴ പെയ്യി​പ്പാൻ പോകു​ന്നു.” (1 രാജാ. 18:1) അതു​കൊണ്ട്‌ അവന്റെ ഈ ഹിതം നിറ​വേ​റാ​നാ​യി ഏലിയാവ്‌ പ്രാർഥി​ച്ചു. ആയിര​ത്തോ​ളം വർഷങ്ങൾക്കു ശേഷം യേശു തന്റെ അനുഗാ​മി​ക​ളോട്‌ ദൈ​വേഷ്ടം നിറ​വേ​റു​ന്ന​തി​നാ​യി പ്രാർഥി​ക്കാൻ പറഞ്ഞു.—മത്താ. 6:9, 10.

8. പ്രാർഥ​ന​യെ​ക്കു​റിച്ച്‌ ഏലിയാ​വിൽനിന്ന്‌ എന്തു പഠിക്കാം?

8 പ്രാർഥ​ന​യെ​ക്കു​റിച്ച്‌ ഏലിയാ​വിൽനിന്ന്‌ ഒരുപാട്‌ കാര്യങ്ങൾ നമുക്കു പഠിക്കാ​നുണ്ട്‌. യഹോ​വ​യു​ടെ ഹിതം നിറ​വേ​റുക എന്നതാ​യി​രു​ന്നു ഏലിയാ​വി​ന്റെ മുഖ്യ​ചിന്ത. പ്രാർഥി​ക്കു​മ്പോൾ നമുക്കും ഇക്കാര്യം പ്രത്യേ​കം ശ്രദ്ധി​ക്കാം. “തിരു​ഹി​ത​പ്ര​കാ​രം നാം എന്ത്‌ അപേക്ഷി​ച്ചാ​ലും അവൻ നമ്മുടെ അപേക്ഷ കേൾക്കു​ന്നു” എന്നാണ​ല്ലോ. (1 യോഹ. 5:14) യഹോവ നമ്മുടെ പ്രാർഥന കേൾക്ക​ണ​മെ​ങ്കിൽ, നമ്മൾ അവന്റെ ഹിതം എന്താ​ണെന്ന്‌ തിരി​ച്ച​റിഞ്ഞ്‌ പ്രാർഥി​ക്കേ​ണ്ട​തുണ്ട്‌. ഹിതം തിരി​ച്ച​റി​യ​ണ​മെ​ങ്കിൽ നമ്മൾ ദിവസ​വും ബൈബിൾ വായി​ക്കു​ക​യും ക്രമമാ​യി അത്‌ പഠിക്കു​ക​യും വേണം. സ്വദേ​ശത്തെ വലച്ചി​രുന്ന വരൾച്ചയ്‌ക്ക്‌ അറുതി വന്നു കാണാ​നും ഏലിയാവ്‌ അതിയാ​യി ആഗ്രഹി​ച്ചു. കാരണം അവന്റെ ജനം അനുഭ​വി​ക്കുന്ന കഷ്ടപ്പാ​ടു​കൾ അത്രയ​ധി​ക​മാ​യി​രു​ന്നു. യഹോവ ആ ദിവസം പ്രവർത്തിച്ച അത്ഭുതം കണ്ടതിനു ശേഷം അവന്റെ ഹൃദയം കൃതജ്ഞ​ത​യാൽ നിറഞ്ഞി​ട്ടു​ണ്ടാ​വി​ല്ലേ? നമ്മുടെ പ്രാർഥ​ന​യും, ഇതു​പോ​ലെ നന്ദി നിറഞ്ഞ ഹൃദയ​ത്തോ​ടെ ആയിരി​ക്കണം. മറ്റുള്ള​വർക്കു നന്മ വന്നുകാ​ണാ​നുള്ള തീവ്ര​മായ ആഗ്രഹ​വും നമ്മുടെ പ്രാർഥ​ന​യി​ലു​ണ്ടാ​യി​രി​ക്കണം.2 കൊരി​ന്ത്യർ 1:11; ഫിലി​പ്പി​യർ 4:6 വായി​ക്കുക.

ഉറച്ച ബോധ്യ​ത്തോ​ടെ, ജാഗ്ര​ത​യോ​ടെ

9. ഏലിയാവ്‌ അവന്റെ ബാല്യ​ക്കാ​ര​നോട്‌ എന്തു ചെയ്യാ​നാണ്‌ ആവശ്യ​പ്പെ​ട്ടത്‌, ഏലിയാ​വി​ന്റെ ഏതു രണ്ടു ഗുണങ്ങ​ളാണ്‌ നമ്മൾ കാണാൻ പോകു​ന്നത്‌?

9 യഹോവ, വേനലും വരൾച്ച​യും അവസാ​നി​പ്പി​ക്കാൻ വേണ്ടത്‌ ചെയ്യു​മെന്ന്‌ ഏലിയാ​വിന്‌ ഉറപ്പാ​യി​രു​ന്നു. പക്ഷേ, എപ്പോൾ? അത്‌ ഏലിയാ​വിന്‌ നിശ്ചയ​മി​ല്ലാ​യി​രു​ന്നു. ആ സമയം​വരെ അവൻ എന്തു ചെയ്‌തു? വിവരണം എന്തു പറയു​ന്നെന്നു നോക്കാം. ഏലിയാവ്‌ ബാല്യ​ക്കാ​ര​നോ​ടു പറഞ്ഞു: “നീ ചെന്നു കടലിന്നു നേരെ നോക്കുക.” “അവൻ ചെന്നു നോക്കീ​ട്ടു: ഒന്നും ഇല്ല എന്നു പറഞ്ഞു. അതിന്നു അവൻ: പിന്നെ​യും ഏഴു​പ്രാ​വ​ശ്യം ചെല്ലുക” എന്നു പറഞ്ഞു. (1 രാജാ. 18:43) ഏലിയാ​വി​ന്റെ ഈ മാതൃക നമ്മളെ കുറഞ്ഞത്‌ രണ്ടു കാര്യങ്ങൾ പഠിപ്പി​ക്കു​ന്നു. ഒന്ന്‌, പ്രവാ​ച​കന്റെ ഉറച്ച ബോധ്യം! രണ്ട്‌, ജാഗ്ര​ത​യോ​ടെ​യുള്ള കാത്തി​രിപ്പ്‌!

യഹോവ പെട്ടെ​ന്നു​തന്നെ ചെയ്യാൻ പോകുന്ന കാര്യ​ങ്ങ​ളു​ടെ തെളി​വി​നാ​യി ഏലിയാവ്‌ അത്യാ​കാം​ക്ഷ​യോ​ടെ നോക്കി

10, 11. (എ) യഹോ​വ​യു​ടെ വാഗ്‌ദാ​ന​ങ്ങ​ളിൽ തനിക്ക്‌ ഉറച്ച ബോധ്യ​മു​ണ്ടെന്ന്‌ ഏത്‌ വിധത്തി​ലാണ്‌ ഏലിയാവ്‌ കാണി​ച്ചത്‌? (ബി) സമാന​മായ ഉറച്ച ബോധ്യം നമുക്കു​ണ്ടാ​യി​രി​ക്കാൻ കഴിയു​ന്നത്‌ എങ്ങനെ?

10 ഏലിയാ​വിന്‌ യഹോ​വ​യു​ടെ വാഗ്‌ദാ​ന​ത്തിൽ ഉറച്ച ബോധ്യ​മു​ണ്ടാ​യി​രു​ന്നു. അതു​കൊണ്ട്‌ അവൻ യഹോവ പെട്ടെ​ന്നു​തന്നെ ചെയ്യാൻ പോകുന്ന കാര്യ​ങ്ങ​ളു​ടെ തെളി​വി​നാ​യി അത്യാ​കാം​ക്ഷ​യോ​ടെ നോക്കി. അങ്ങകലെ ചക്രവാ​ള​ത്തിൽ മഴ പെയ്യാൻ പോകു​ന്ന​തി​ന്റെ എന്തെങ്കി​ലും അടയാളം കാണു​ന്നു​ണ്ടോ എന്ന്‌ സൂക്ഷ്‌മ​മാ​യി നിരീ​ക്ഷി​ക്കാൻ പറ്റുന്ന ഒരു ഉയർന്ന ഭാഗ​ത്തേക്ക്‌ അവൻ ബാല്യ​ക്കാ​രനെ അയച്ചു. പോയി​വന്ന ബാല്യ​ക്കാ​രൻ നിസം​ഗ​ത​യോ​ടെ “ഒന്നും ഇല്ല” എന്ന്‌ അവനെ അറിയി​ച്ചു. ആകാശത്ത്‌ ഒരു മേഘത്തു​ണ്ടു​പോ​ലു​മില്ല, നീലി​മ​യാർന്ന ആകാശം, തെളിഞ്ഞ ചക്രവാ​ളം! നിങ്ങളു​ടെ മനസ്സിൽ ഇപ്പോൾ എന്തെങ്കി​ലും സംശയ​മു​യ​രു​ന്നു​ണ്ടോ? “വലിയ മഴയുടെ മുഴക്കം ഉണ്ട്‌” എന്ന്‌ ഏലിയാവ്‌ ആഹാബ്‌ രാജാ​വി​നോട്‌ പറഞ്ഞു​ക​ഴി​ഞ്ഞതേ ഉണ്ടായി​രു​ന്നു​ള്ളൂ. ആകാശത്ത്‌ ഒരു കാർമേ​ഘ​ത്തു​ണ്ടു​പോ​ലും ഇല്ലാതി​രി​ക്കെ, പ്രവാ​ചകൻ എന്തു ധൈര്യ​ത്തി​ലാണ്‌ അങ്ങനെ പറഞ്ഞത്‌?

11 ഏലിയാ​വിന്‌ യഹോ​വ​യു​ടെ വാഗ്‌ദാ​നം അറിയാ​മാ​യി​രു​ന്നു. യഹോ​വ​യു​ടെ പ്രവാ​ച​ക​നും പ്രതി​നി​ധി​യും ആയ അവന്‌ ദൈവം തന്റെ വാക്കുകൾ നിറ​വേ​റ്റു​മെന്ന്‌ തീർച്ച​യാ​യി​രു​ന്നു. ഒരർഥ​ത്തിൽ, കോരി​ച്ചൊ​രി​യുന്ന പേമാ​രി​യു​ടെ ശബ്ദം അവന്റെ കാതിൽ മുഴങ്ങു​ക​യാ​യി​രു​ന്നു! അത്രയ്‌ക്ക്‌ ഉറച്ചതാ​യി​രു​ന്നു ഏലിയാ​വി​ന്റെ ബോധ്യം! ഇതു പറയു​മ്പോൾ മോശ​യെ​ക്കു​റി​ച്ചുള്ള ബൈബിൾവി​വ​രണം നമ്മുടെ ഓർമ​യി​ലേക്കു വന്നേക്കാം: “അവൻ അദൃശ്യ​നാ​യ​വനെ കണ്ടാ​ലെ​ന്ന​പോ​ലെ ഉറച്ചു​നി​ന്നു.” ദൈവം നിങ്ങൾക്ക്‌ ഇതു​പോ​ലെ ഒരു യഥാർഥ​വ്യ​ക്തി​യാ​ണോ? ഇവരെ​പ്പോ​ലെ, യഹോ​വ​യി​ലും അവന്റെ വാഗ്‌ദാ​ന​ങ്ങ​ളി​ലും ശക്തമായ വിശ്വാ​സം അർപ്പി​ക്കാൻ നമുക്ക്‌ എത്ര​യേറെ കാരണ​ങ്ങ​ളാ​ണു​ള്ളത്‌!—എബ്രാ. 11:1, 27.

12. താൻ ജാഗ്ര​ത​യോ​ടെ കാത്തി​രി​ക്കു​ക​യാ​ണെന്ന്‌ ഏലിയാവ്‌ തെളി​യി​ച്ചത്‌ എങ്ങനെ, ഒരു മേഘത്തുണ്ട്‌ കാണു​ന്നു​ണ്ടെന്ന വിവരം കിട്ടി​യ​പ്പോൾ അവൻ അതി​നോ​ടു പ്രതി​ക​രി​ച്ചത്‌ എങ്ങനെ?

12 ജാഗ്ര​ത​യോ​ടെ​യുള്ള ഏലിയാ​വി​ന്റെ കാത്തി​രിപ്പ്‌ നിങ്ങൾ ശ്രദ്ധി​ച്ചോ? അവൻ തന്റെ ബാല്യ​ക്കാ​രനെ കുന്നി​ന്മു​ക​ളിൽ പോയി നോക്കി വരാൻ അയച്ചത്‌ ഒന്നല്ല, രണ്ടല്ല, ഏഴു പ്രാവ​ശ്യ​മാണ്‌! പല പ്രാവ​ശ്യം പോയി​വന്ന്‌, മനസ്സു മടുത്ത്‌, ക്ഷീണിച്ച്‌ നിൽക്കുന്ന ബാല്യ​ക്കാ​രനെ നിങ്ങൾക്ക്‌ ഭാവന​യിൽ കാണാൻ കഴിയു​ന്നു​ണ്ടോ? പക്ഷേ, ഏലിയാവ്‌ വിട്ടു​ക​ള​യാൻ തയ്യാറാ​യി​രു​ന്നില്ല. ഒരു അടയാളം കാണാൻ അവന്‌ അത്ര ആകാം​ക്ഷ​യാ​യി​രു​ന്നു. ഒടുവിൽ, ഏഴാം തവണ പോയിട്ട്‌ വന്ന ബാല്യ​ക്കാ​രൻ ഇങ്ങനെ അറിയി​ച്ചു: “ഇതാ, കടലിൽനി​ന്നു ഒരു മനുഷ്യ​ന്റെ കൈ​പോ​ലെ ഒരു ചെറി​യ​മേഘം പൊങ്ങു​ന്നു.” മഹാസ​മു​ദ്ര​ത്തി​ന്മീ​തെ ചക്രവാ​ള​ത്തിൽ പൊങ്ങി​വ​രുന്ന കൊച്ചു​മേ​ഘ​ത്തി​ന്റെ വലുപ്പം കൈപ്പ​ത്തി​കൊണ്ട്‌ അളന്നു കാണിച്ച്‌, അകലേക്ക്‌ കൈ ചൂണ്ടി നിൽക്കുന്ന ബാല്യ​ക്കാ​രനെ ഒന്നു സങ്കല്‌പി​ച്ചു​നോ​ക്കൂ! ബാല്യ​ക്കാ​രന്‌ ഇക്കാര്യ​ത്തിൽ വലിയ താത്‌പ​ര്യ​മി​ല്ലെന്നു തോന്നു​ന്നു. എന്നാൽ, ഏലിയാ​വി​നോ? അവന്‌ ഇതിലും വലിയ​താ​യി ഇപ്പോൾ മറ്റൊ​ന്നു​മില്ല! അവൻ ബാല്യ​ക്കാ​രന്‌ ചില അടിയ​ന്തി​ര​നിർദേ​ശങ്ങൾ കൊടു​ത്തു​കൊ​ണ്ടു പറഞ്ഞു: “നീ ചെന്നു ആഹാബി​നോ​ടു: മഴ നിന്നെ തടുക്കാ​തി​രി​ക്കേ​ണ്ട​തി​ന്നു രഥം പൂട്ടി ഇറങ്ങി​പ്പോക എന്നു ബോധി​പ്പിക്ക.”—1 രാജാ. 18:44.

13, 14. (എ) ജാഗ്ര​ത​യോ​ടെ കാത്തി​രി​ക്കാ​നുള്ള ഏലിയാ​വി​ന്റെ മനസ്സ്‌ നമുക്ക്‌ എങ്ങനെ അനുക​രി​ക്കാം? (ബി) നമ്മൾ അടിയ​ന്തി​ര​ത​യോ​ടെ പ്രവർത്തി​ക്കേ​ണ്ട​തി​ന്റെ കാരണങ്ങൾ എന്തെല്ലാം?

13 ഇവി​ടെ​യും, ഏലിയാവ്‌ നമു​ക്കൊ​രു ശക്തമായ മാതൃ​ക​യാ​കു​ക​യാണ്‌. ദൈവം മുൻകൂ​ട്ടി അറിയി​ച്ചി​ട്ടുള്ള ഉദ്ദേശ്യ​ങ്ങ​ളും വാഗ്‌ദാ​ന​ങ്ങ​ളും എല്ലാം അവൻ ഉടൻ നടപ്പാ​ക്കാൻ പോകുന്ന ഒരു കാലത്താണ്‌ നമ്മൾ ജീവി​ക്കു​ന്നത്‌. ഏലിയാവ്‌ ഒരു കൊടും വരൾച്ച അവസാ​നിച്ച്‌ കാണാൻ കാത്തി​രു​ന്നു. നമ്മളോ? ഈ ദുഷിച്ച ലോക​ത്തി​ന്റെ അന്ത്യം കാണാൻ കാത്തി​രി​ക്കു​ന്നു. (1 യോഹ. 2:17) യഹോ​വ​യാം ദൈവം നടപടി​യെ​ടു​ക്കു​ന്ന​തു​വരെ, ഏലിയാവ്‌ ചെയ്‌ത​തു​പോ​ലെ നമ്മളും ജാഗ്രത ഒട്ടും കൈവി​ടാ​തെ കാത്തി​രി​ക്കണം. ദൈവ​ത്തി​ന്റെ സ്വന്തം പുത്ര​നായ യേശു, തന്റെ അനുഗാ​മി​കൾക്ക്‌ നൽകിയ നിർദേശം ഓർക്കു​ന്നി​ല്ലേ? “സദാ ജാഗരൂ​ക​രാ​യി​രി​ക്കു​വിൻ; നിങ്ങളു​ടെ കർത്താവ്‌ ഏതു ദിവസം വരു​മെന്നു നിങ്ങൾ അറിയു​ന്നി​ല്ല​ല്ലോ.” (മത്താ. 24:42) അന്ത്യം വരുന്ന സമയ​ത്തെ​പ്പറ്റി തന്റെ അനുഗാ​മി​കൾക്ക്‌ യാതൊ​രു സൂചന​യും ഇല്ലെന്നാ​ണോ യേശു പറഞ്ഞതിന്‌ അർഥം? അല്ല. അന്ത്യ​ത്തോട്‌ അടുക്കുന്ന നാളു​ക​ളിൽ ഈ ലോകം എങ്ങനെ​യാ​യി​രി​ക്കും എന്ന്‌ അവൻ വ്യക്തമാ​യി പറഞ്ഞു​ത​ന്നി​ട്ടുണ്ട്‌. ‘യുഗസ​മാപ്‌തി​യു​ടെ’ ഈ വിശദ​മായ അടയാളം നമ്മുടെ കണ്മുന്നിൽത്ത​ന്നെ​യുണ്ട്‌. നമ്മുടെ ഓരോ​രു​ത്ത​രു​ടെ​യും കാഴ്‌ച​യിൽത്തന്നെ!മത്തായി 24:3-7 വായി​ക്കുക.

യഹോവ പ്രവർത്തി​ക്കാൻ പോകു​ക​യാ​ണെന്നു ബോധ്യ​പ്പെ​ടാൻ, ഒരു കൊച്ചു​മേ​ഘ​ശ​കലം മാത്രം മതിയാ​യി​രു​ന്നു ഏലിയാ​വിന്‌. അന്ത്യകാ​ല​ത്തി​ന്റെ അടയാളം കണ്ടു​കൊ​ണ്ടി​രി​ക്കുന്ന നമ്മൾ ഇപ്പോൾ എത്ര​യേറെ അടിയ​ന്തി​ര​മാ​യി പ്രവർത്തി​ക്കേ​ണ്ട​താണ്‌!

14 ആ അടയാ​ള​ത്തി​ന്റെ ഓരോ വശവും ശക്തവും ബോധ്യം വരുത്തു​ന്ന​തും ആയ തെളി​വു​ക​ളാണ്‌. യഹോ​വ​യു​ടെ സേവന​ത്തിൽ അടിയ​ന്തി​ര​ത​യോ​ടെ മുഴു​കാൻ നമ്മെ പ്രേരി​പ്പി​ക്കാൻ പോന്ന​തല്ലേ ഈ തെളി​വു​കൾ ഓരോ​ന്നും? യഹോവ പ്രവർത്തി​ക്കാൻ പോകു​ക​യാ​ണെന്നു ബോധ്യ​പ്പെ​ടാൻ, ചക്രവാ​ള​ത്തിൽ നിന്നു​യ​രുന്ന ഒരു കൊച്ചു​മേ​ഘ​ശ​കലം മാത്രം മതിയാ​യി​രു​ന്നു ഏലിയാ​വിന്‌. ആ മേഘത്തുണ്ട്‌ കണ്ട്‌, യഹോവ മഴ പെയ്യി​ക്കാൻ പോകു​ക​യാ​ണെന്ന്‌ ആത്മാർഥ​മാ​യി വിശ്വ​സിച്ച പ്രവാ​ച​കന്‌ നിരാ​ശ​പ്പെ​ടേ​ണ്ടി​വ​ന്നോ?

യഹോവ ആശ്വസി​പ്പി​ക്കു​ന്നു, അനു​ഗ്ര​ഹി​ക്കു​ന്നു

15, 16. ഏതെല്ലാം സംഭവ​ങ്ങ​ളാണ്‌ പെട്ടെന്ന്‌ ചുരു​ള​ഴി​ഞ്ഞത്‌, ഏലിയാവ്‌ ആഹാബി​നെ​ക്കു​റിച്ച്‌ എന്തെല്ലാം കാര്യങ്ങൾ ചിന്തി​ച്ചി​രി​ക്കാം?

15 ബൈബിൾവി​വ​രണം പറയു​ന്നത്‌ ശ്രദ്ധി​ക്കുക: “ക്ഷണത്തിൽ ആകാശം മേഘവും കാറ്റും​കൊ​ണ്ടു കറുത്തു വന്മഴ പെയ്‌തു. ആഹാബ്‌ രഥം കയറി യിസ്രാ​യേ​ലി​ലേക്കു പോയി.” (1 രാജാ. 18:45) എത്ര പെട്ടെ​ന്നാണ്‌ സംഭവങ്ങൾ ചുരു​ള​ഴി​യു​ന്ന​തെന്നു നോക്കൂ! ഏലിയാ​വി​ന്റെ ബാല്യ​ക്കാ​രൻ ആഹാബി​നോട്‌ പ്രവാ​ചകൻ പറഞ്ഞയച്ച കാര്യം വിവരി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​യി​രു​ന്നു. സമു​ദ്ര​ത്തിൽനി​ന്നു​യർന്ന ആ കൊച്ചു​മേ​ഘ​ക്കീറ്‌ വലുതാ​യി, കറുത്തി​രുണ്ട്‌ ആകാശം നിറഞ്ഞു! കാറ്റ്‌ ഹുങ്കാ​ര​ത്തോ​ടെ ആഞ്ഞടിച്ചു. അതാ, അവസാനം മൂന്നര വർഷങ്ങൾക്കു ശേഷം, ഇസ്രാ​യേ​ലി​ന്റെ മണ്ണ്‌ മഴ കൊണ്ട്‌ നനഞ്ഞു! ദാഹി​ച്ചു​വരണ്ട നിലങ്ങൾ മഴവെള്ളം വലിച്ച്‌ കുടിച്ചു. മഴ പെരു​മ​ഴ​യാ​യി, കീശോൻ കരകവി​ഞ്ഞു, വധിക്ക​പ്പെട്ട ബാൽപ്ര​വാ​ച​ക​ന്മാ​രു​ടെ രക്തം കഴുകി​യെ​ടു​ത്തു​കൊണ്ട്‌ അതു പാഞ്ഞൊ​ഴു​കി. ആകാശത്തു നിന്നു പെയ്‌തി​റ​ങ്ങിയ ഈ പേമാരി, ബാലാ​രാ​ധ​ന​യു​ടെ മ്ലേച്ഛത​ക​ളും അതിലൂ​ടെ പറ്റിപ്പി​ടിച്ച കൊടിയ പാപക്ക​റ​യും കഴുകി​ക്ക​ള​യാൻ മത്സരി​ക​ളും ശാഠ്യ​ക്കാ​രും ആയ ഇസ്രാ​യേ​ല്യർക്കും ഒരു അവസര​മേകി!

“വന്മഴ പെയ്‌തു”

16 ഏലിയാവ്‌ ആഗ്രഹി​ച്ച​തും ഇതുത​ന്നെ​യാണ്‌, ജനം ദേശത്തു​നിന്ന്‌ വ്യാജാ​രാ​ധന നീക്കി​ക്ക​ള​യ​ണ​മെന്ന്‌. നാടകീ​യ​സം​ഭ​വങ്ങൾ ഇങ്ങനെ ഒന്നിനു​പി​റകെ ഒന്നായി അരങ്ങേ​റു​മ്പോൾ ആഹാബി​ന്റെ പ്രതി​ക​രണം എന്തായി​രി​ക്കു​മെന്ന്‌ ഏലിയാവ്‌ ചിന്തി​ച്ചി​ട്ടു​ണ്ടാ​വി​ല്ലേ? ആഹാബ്‌ പശ്ചാത്ത​പിച്ച്‌ ആ വ്യാജാ​രാ​ധ​ന​യു​ടെ മാലി​ന്യ​ങ്ങൾ വിട്ടു​തി​രി​യു​മോ? ആ പകലിൽ സംഭവിച്ച കാര്യങ്ങൾ ഏതൊരു മനുഷ്യ​നി​ലും അത്തരം ഒരു മാറ്റം വരുത്താൻ പോന്ന​താ​യി​രു​ന്നു! പക്ഷേ, ആഹാബി​ന്റെ മനസ്സി​ലൂ​ടെ മിന്നി​മറഞ്ഞ കാര്യങ്ങൾ എന്തെല്ലാ​മാ​യി​രു​ന്നെന്ന്‌ നമുക്ക​റി​യില്ല. ബൈബിൾരേഖ ഇങ്ങനെ മാത്രമേ പറയു​ന്നു​ള്ളൂ. രാജാവ്‌ “രഥം കയറി യിസ്രാ​യേ​ലി​ലേക്കു പോയി.” അവൻ എന്തെങ്കി​ലും പാഠം പഠിച്ചോ? തന്റെ വഴികൾക്ക്‌ മാറ്റം വരുത്താൻ തീരു​മാ​നി​ച്ചോ? ‘ഇല്ല’ എന്നാണ്‌ പിന്നീ​ടുള്ള സംഭവങ്ങൾ സൂചി​പ്പി​ക്കു​ന്നത്‌. എന്നാൽ ആ ദിവസം ഇനിയും സമയം ബാക്കി​യുണ്ട്‌.

17, 18. (എ) യി​സ്രെ​യേ​ലി​ലേ​ക്കുള്ള വഴിമ​ധ്യേ ഏലിയാ​വിന്‌ എന്താണ്‌ സംഭവി​ച്ചത്‌? (ബി) കർമേ​ലിൽനിന്ന്‌ യി​സ്രെ​യേ​ലി​ലേ​ക്കുള്ള ഏലിയാ​വി​ന്റെ ഓട്ടത്തി​ന്റെ പ്രത്യേ​കത എന്തായി​രു​ന്നു? (അടിക്കു​റി​പ്പും കാണുക.)

17 ആഹാബ്‌ പോയ അതേ രാജവീ​ഥി​യി​ലൂ​ടെ യഹോ​വ​യു​ടെ പ്രവാ​ചകൻ യാത്ര തിരിച്ചു. വഴിയിൽ ഇരുട്ടു വീണി​രു​ന്നു. നല്ല മഴയും തണുപ്പും! ദുർഘ​ടം​പി​ടിച്ച യാത്ര. പക്ഷേ, അടുത്ത​താ​യി നടന്നത്‌ ഒരു അത്ഭുതം​ത​ന്നെ​യാ​യി​രു​ന്നു!

18 “യഹോ​വ​യു​ടെ കൈ ഏലീയാ​വി​ന്മേൽ വന്നു; അവൻ അര മുറു​ക്കി​യും​കൊ​ണ്ടു യിസ്രാ​യേ​ലിൽ എത്തും​വരെ ആഹാബി​ന്നു മുമ്പായി ഓടി.” (1 രാജാ. 18:46) “യഹോ​വ​യു​ടെ കൈ” ഏലിയാ​വി​ന്റെ​മേൽ ഒരു അത്ഭുതം പ്രവർത്തി​ക്കു​ക​യാ​യി​രു​ന്നു. യി​സ്രെ​യേൽ എന്ന സ്ഥലത്തേക്ക്‌ അവി​ടെ​നിന്ന്‌ 30 കിലോ​മീ​റ്റർ ദൂരമുണ്ട്‌. ഏലിയാവ്‌ ചെറു​പ്പ​മ​ല്ലെ​ന്നും ഓർക്കണം! a ഇതൊന്ന്‌ മനസ്സിൽക്കാ​ണുക: പ്രവാ​ചകൻ തന്റെ നീണ്ട കുപ്പായം അല്‌പം ചുരുക്കി അരയിൽ കെട്ടി​യു​റ​പ്പി​ച്ചു. ഓടു​മ്പോൾ കുപ്പായം ഉരസി തടസ്സമു​ണ്ടാ​കാ​തി​രി​ക്കാ​നാണ്‌ ഇത്‌. പിന്നെ മഴയിൽ കുതിർന്ന വഴിയി​ലൂ​ടെ ഓടു​ക​യാണ്‌ ഏലിയാവ്‌. ഓടി​യോ​ടി അവൻ മുമ്പേ പോയ രാജര​ഥ​ത്തി​ന്റെ അടു​ത്തെ​ത്താ​റാ​യി, അസാമാ​ന്യ​വേ​ഗ​ത്തി​ലോ​ടുന്ന പ്രവാ​ചകൻ അതാ രഥത്തി​നൊ​പ്പം എത്തി, പിന്നെ​യതാ രാജര​ഥ​ത്തെ​യും പിന്നി​ലാ​ക്കി അവൻ ഓടു​ക​യാണ്‌!

19. (എ) ഏലിയാ​വിന്‌ ദൈവം കൊടുത്ത ഊർജ​വും കരുത്തും ഏത്‌ പ്രവച​ന​ങ്ങ​ളാണ്‌ നിങ്ങളു​ടെ മനസ്സി​ലേക്കു കൊണ്ടു​വ​രു​ന്നത്‌? (ബി) യി​സ്രെ​യേ​ലി​ലേ​ക്കുള്ള വഴിത്താ​ര​യി​ലൂ​ടെ കുതി​ക്കുന്ന ഏലിയാ​വിന്‌ എന്ത്‌ ഉറപ്പു​ണ്ടാ​യി​രു​ന്നു?

19 ഏലിയാ​വി​ന്റെ അമ്പരപ്പും ആശ്ചര്യ​വും നിങ്ങൾ കണ്ടോ? എന്തൊരു ശക്തി, എന്തൊരു കരുത്ത്‌, എന്തൊരു ഓജസ്സ്‌! യുവാ​വാ​യി​രുന്ന കാലത്തു​പോ​ലും അവന്‌ ഇത്ര പ്രസരിപ്പ്‌ തോന്നി​യി​ട്ടു​ണ്ടാ​വില്ല. ഹൊ, ഏലിയാ​വിന്‌ അതൊരു അനുഭ​വം​ത​ന്നെ​യാ​യി​രു​ന്നു! ഇപ്പോൾ നിങ്ങളു​ടെ മനസ്സി​ലേക്ക്‌ ചില പ്രവച​ന​ഭാ​ഗങ്ങൾ ഓടി​യെ​ത്തു​ന്നു​ണ്ടോ, ദൈവ​ത്തി​ന്റെ ചില മനോ​ഹ​ര​മായ വാഗ്‌ദാ​നങ്ങൾ? ഈ ഭൂമി​യിൽ വരാൻപോ​കുന്ന പറുദീ​സ​യിൽ വിശ്വസ്‌ത​രായ ആളുകൾക്കു​വേണ്ടി പൂർണ​മായ ആരോ​ഗ്യ​വും ഓജസ്സും താൻ കരുതി​വെ​ച്ചി​ട്ടു​ണ്ടെന്ന്‌ ദൈവം വാക്ക്‌ തന്നിരി​ക്കു​ന്നു. (യെശയ്യാ​വു 35:6 വായി​ക്കുക; ലൂക്കോ. 23:43) നനഞ്ഞു​കു​തിർന്ന ആ വഴിയി​ലൂ​ടെ അതി​വേഗം ഓടി​ക്കൊ​ണ്ടി​രി​ക്കുന്ന സമയത്ത്‌ ഏലിയാ​വി​ന്റെ മനസ്സിൽ ഒരു മന്ദസ്‌മി​തം വിരി​ഞ്ഞി​ട്ടു​ണ്ടാ​കും. തന്റെ പിതാ​വി​ന്റെ, പ്രപഞ്ച​ത്തി​ലെ ഒരേ​യൊ​രു സത്യ​ദൈ​വ​മായ യഹോ​വ​യു​ടെ, അംഗീ​കാ​രം തനിക്കു​ണ്ടെന്ന ബോധ്യ​ത്തിൽനി​ന്നു വിരിഞ്ഞ മന്ദസ്‌മി​തം!

20. യഹോവ നൽകുന്ന അനു​ഗ്ര​ഹങ്ങൾ പ്രാപി​ക്കാൻ നമുക്ക്‌ എങ്ങനെ കഴിയും?

20 നമ്മളെ ഓരോ​രു​ത്ത​രെ​യും അനു​ഗ്ര​ഹി​ക്കാൻ താത്‌പ​ര്യ​ത്തോ​ടെ നോക്കി​യി​രി​ക്കു​ക​യാണ്‌ യഹോവ. അത്യമൂ​ല്യ​മാണ്‌ ആ അനു​ഗ്ര​ഹങ്ങൾ. അവ പ്രാപി​ക്കാൻ നമ്മളെ​ക്കൊ​ണ്ടു കഴിയു​ന്ന​തെ​ല്ലാം ചെയ്യാം. അതിനു​വേണ്ടി നാം എത്ര ശ്രമം ചെയ്‌താ​ലും അത്‌ അധിക​മാ​കില്ല! ഏലിയാ​വി​നെ​പ്പോ​ലെ നമ്മളും ജാഗ്ര​ത​യോ​ടി​രി​ക്കണം. കാരണം, ഈ കാലം അപകടം പിടി​ച്ച​താണ്‌, അടിയ​ന്തി​ര​മാ​യി പ്രവർത്തി​ക്കേണ്ട സമയവു​മാണ്‌. യഹോവ ഉടൻതന്നെ ഇടപെ​ടാൻപോ​കു​ക​യാണ്‌ എന്നതിന്റെ ശക്തമായ തെളിവ്‌ നമുക്കുണ്ട്‌, ബോധ്യം​വ​രു​ത്തുന്ന തെളിവ്‌! അത്‌ സൂക്ഷ്‌മ​ത​യോ​ടെ തൂക്കി​നോ​ക്കണം. ഏലിയാവ്‌ ചെയ്‌തത്‌ അതാണ്‌. ഏലിയാ​വി​നെ​പ്പോ​ലെ, യഹോ​വ​യു​ടെ വാഗ്‌ദാ​നങ്ങൾ നമുക്കും പൂർണ​മാ​യി വിശ്വ​സി​ക്കാം. കാരണം, നമ്മുടെ ദൈവ​മായ യഹോവ “വിശ്വസ്‌ത​ദൈവ”മാണ്‌!—സങ്കീ. 31:5.

a വൈകാതെ, എലീശാ​യെ പരിശീ​ലി​പ്പി​ക്കാൻ യഹോവ ഏലിയാ​വി​നെ ചുമത​ല​പ്പെ​ടു​ത്താൻ പോകു​ക​യാ​യി​രു​ന്നു. “ഏലീയാ​വി​ന്റെ കൈക്കു വെള്ളം ഒഴിച്ച”വൻ എന്നാണ്‌ പിന്നീട്‌ എലീശാ അറിയ​പ്പെ​ട്ട​തു​പോ​ലും. (2 രാജാ. 3:11) എലീശാ ഏലിയാ​വി​ന്റെ സഹായി​യാ​യി വർത്തി​ച്ചു​പോ​ന്നു. പ്രായ​മായ ഈ പ്രവാ​ച​ക​നു​വേണ്ട സഹായങ്ങൾ എലീശാ ചെയ്‌തു​കൊ​ടു​ത്തി​രി​ക്കാം.