വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

അധ്യായം ഇരുപ​ത്തി​യൊന്ന്‌

അവൻ പോരാ​ടി, ഭയത്തി​നും സംശയ​ത്തി​നും എതിരെ

അവൻ പോരാ​ടി, ഭയത്തി​നും സംശയ​ത്തി​നും എതിരെ

1-3. സംഭവ​ബ​ഹു​ല​മായ ആ ദിവസം പത്രോസ്‌ സാക്ഷ്യം വഹിച്ചത്‌ എന്തി​നൊ​ക്കെ, അവന്റെ രാത്രി​യാ​ത്ര എങ്ങനെ​യാ​യി​രു​ന്നു?

 പത്രോസ്‌ ആഞ്ഞ്‌ തുഴയു​ക​യാണ്‌. രാവേറെ ചെന്നി​രി​ക്കു​ന്നു. കിഴക്കൻ ചക്രവാ​ള​ത്തിൽ ഒരു മങ്ങിയ പ്രഭ കാണു​ന്നു​ണ്ടോ? നേരം വെളു​ക്കു​ക​യാ​ണോ? പുറം കഴച്ചു​പൊ​ട്ടു​ന്നു, തോൾപ്പ​ല​കകൾ വലിഞ്ഞു​മു​റു​കി പുകയു​ന്ന​തു​പോ​ലെ. ഇങ്ങനെ നിറു​ത്താ​തെ തുഴയാൻ തുടങ്ങി​യിട്ട്‌ നേരം എത്രയാ​യി! കടലിനെ ഇളക്കി​മ​റി​ക്കു​ക​യാണ്‌ വന്യമായ കാറ്റ്‌! തിരമാ​ലകൾ ഒന്നിനു​പി​റകെ ഒന്നായി വള്ളത്തിൽ ആഞ്ഞടി​ക്കു​ക​യാണ്‌! ചിതറി​ത്തെ​റി​ക്കുന്ന തണുത്ത കടൽവെ​ള്ള​ത്തിൽ അവൻ ആകെ നനഞ്ഞു​കു​തിർന്നു. ഭ്രാന്ത​മായ കാറ്റിൽ അവന്റെ മുടി​യി​ഴകൾ അലങ്കോ​ല​പ്പെട്ടു! ഇതൊ​ന്നും കൂട്ടാ​ക്കാ​തെ അവൻ തുഴഞ്ഞു​നീ​ങ്ങു​ക​യാണ്‌!

2 മണിക്കൂ​റു​കൾക്കു​മു​മ്പാണ്‌ പത്രോ​സും കൂട്ടു​കാ​രും തീരം വിട്ടത്‌. അപ്പോൾ യേശു അവരോ​ടൊ​പ്പം പോന്നില്ല. അവൻ അവി​ടെ​ത്തന്നെ തങ്ങി. അന്നേ ദിവസം യേശു ഏതാനും അപ്പവും മീനും കൊണ്ട്‌ ആയിര​ങ്ങ​ളു​ടെ വിശപ്പ്‌ അകറ്റു​ന്നത്‌ അവർ കണ്ടു. ആ അത്ഭുതം കണ്ട്‌ അന്തംവി​ട്ടു​പോയ ജനം യേശു​വി​നെ പിടിച്ച്‌ രാജാ​വാ​ക്കാൻ ശ്രമിച്ചു. പക്ഷേ അവൻ അവരുടെ ഭരണകൂ​ട​ത്തി​ന്റെ ഭാഗമാ​കാൻ ആഗ്രഹി​ച്ചില്ല. അങ്ങനെ​യുള്ള രാഷ്‌ട്രീ​യ​കാ​ര്യ​ങ്ങ​ളിൽ ഉൾപ്പെ​ടാ​നുള്ള ആഗ്രഹം വെച്ചു​പു​ലർത്ത​രു​തെന്ന്‌ തന്റെ അനുഗാ​മി​കളെ പഠിപ്പി​ക്കാ​നും യേശു ഉറച്ചി​രു​ന്നു. ജനക്കൂ​ട്ട​ത്തിൽനി​ന്നു തന്റെ ശിഷ്യ​ന്മാ​രെ വിളിച്ച്‌, അവരോട്‌ വള്ളത്തിൽ കയറി അക്കരയ്‌ക്കു പോകാൻ അവൻ നിർബ​ന്ധി​ച്ചു. അവൻ പ്രാർഥി​ക്കാ​നാ​യി ഒറ്റയ്‌ക്ക്‌ മലയി​ലേക്കു കയറി​പ്പോ​കു​ക​യും ചെയ്‌തു.—മർക്കോ. 6:35-45; യോഹ​ന്നാൻ 6:14-17 വായി​ക്കുക.

3 പൗർണമി അടുത്തി​രു​ന്ന​തു​കൊണ്ട്‌ നല്ല നിലാ​വു​ണ്ടാ​യി​രു​ന്നു. ശിഷ്യ​ന്മാർ കര വിട്ടു​പോ​രു​മ്പോൾ ചന്ദ്രൻ തലയ്‌ക്കു മുകളി​ലെ​ത്തി​യി​രു​ന്നു. എന്നാൽ ഇപ്പോൾ അത്‌ പടിഞ്ഞാ​റേ ചക്രവാ​ള​ത്തി​ലേക്ക്‌ മെല്ലെ മറയാൻ തുടങ്ങു​ക​യാണ്‌. ഇത്രയും മണിക്കൂ​റു​കൾ തുഴഞ്ഞി​ട്ടും അവർക്ക്‌ ഏതാനും കിലോ​മീ​റ്റർ പിന്നി​ടാ​നേ കഴിഞ്ഞി​ട്ടു​ള്ളൂ! നിറു​ത്താ​തെ​യുള്ള കാറ്റിന്റെ ഇരമ്പലും തിരമാ​ല​ക​ളു​ടെ ഗർജന​വും കൊണ്ട്‌ എത്ര ഒച്ചയെ​ടു​ത്താ​ലും തമ്മിൽ പറയു​ന്നത്‌ കേൾക്കാ​നാ​കു​ന്നില്ല. സംഭാ​ഷണം ബുദ്ധി​മു​ട്ടാ​യ​തു​കൊണ്ട്‌ പത്രോസ്‌ ഏകാന്ത​മായ ചിന്തക​ളിൽ മുഴു​കി​യി​രി​ക്കാം!

രണ്ടു വർഷം​കൊണ്ട്‌ വളരെ​യ​ധി​കം കാര്യങ്ങൾ പത്രോസ്‌ യേശു​വിൽനി​ന്നു പഠിച്ചു. അതി​ലേറെ അവന്‌ പിന്നെ​യും പഠിക്കാ​നു​ണ്ടാ​യി​രു​ന്നു

4. പത്രോസ്‌ നമുക്ക്‌ അനുക​രി​ക്കാൻ ഒരു നല്ല മാതൃ​ക​യാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

4 ചിന്തി​ക്കാൻ എന്തെല്ലാം കാര്യ​ങ്ങ​ളുണ്ട്‌! രണ്ടു വർഷങ്ങൾക്കു മുമ്പാണ്‌ പത്രോസ്‌ നസറാ​യ​നായ യേശു​വി​നെ ആദ്യമാ​യി കണ്ടുമു​ട്ടു​ന്നത്‌. ആ രണ്ടു വർഷങ്ങ​ളും സംഭവ​ബ​ഹു​ല​മാ​യി​രു​ന്നു. ഇതി​നോ​ടകം വളരെ​യ​ധി​കം കാര്യങ്ങൾ അവൻ പഠിച്ചു. ഇനിയു​മേറെ പഠിക്കാ​നു​മുണ്ട്‌. കാരണം, ഇപ്പോ​ഴും അവന്റെ മനസ്സിൽ ഭയവും സംശയ​വും ഉണ്ട്‌. അതി​നോട്‌ പോരാ​ടാൻത​ന്നെ​യാണ്‌ അവന്റെ തീരു​മാ​നം. അതിനുള്ള മനസ്സൊ​രു​ക്കം കാണിച്ച പത്രോസ്‌ നമുക്ക്‌ ഒരു അനുക​ര​ണീ​യ​മാ​തൃ​ക​യാണ്‌. അത്‌ എന്തു​കൊ​ണ്ടെന്നു നമുക്ക്‌ നോക്കാം.

“ഞങ്ങൾ മിശി​ഹാ​യെ . . . കണ്ടെത്തി​യി​രി​ക്കു​ന്നു!”

5, 6. എങ്ങനെ​യുള്ള ജീവി​ത​മാ​യി​രു​ന്നു പത്രോ​സി​ന്റേത്‌?

5 യേശു​വി​നെ കണ്ടുമു​ട്ടിയ ദിവസം പത്രോസ്‌ ഒരിക്ക​ലും മറക്കു​ക​യില്ല. അവന്റെ സഹോ​ദരൻ അന്ത്രെ​യാ​സാണ്‌ അതിശ​യി​പ്പി​ക്കുന്ന ഈ വാർത്ത ആദ്യം അവനോട്‌ പറഞ്ഞത്‌: “ഞങ്ങൾ മിശി​ഹാ​യെ . . . കണ്ടെത്തി​യി​രി​ക്കു​ന്നു.” ആ വാർത്ത കേട്ട​തോ​ടെ പത്രോ​സി​ന്റെ ജീവി​ത​ത്തിന്‌ ചില മാറ്റങ്ങൾ വരാൻതു​ടങ്ങി. പിന്നെ ഒരു മടങ്ങി​പ്പോക്ക്‌ ഉണ്ടായി​ല്ലെ​ന്നു​തന്നെ പറയാം.—യോഹ. 1:41.

6 പത്രോസ്‌ കഫർന്ന​ഹൂ​മി​ലാണ്‌ താമസി​ച്ചി​രു​ന്നത്‌. ഗലീല​ക്കടൽ എന്നറി​യ​പ്പെ​ടുന്ന ശുദ്ധജ​ല​ത​ടാ​ക​ത്തി​ന്റെ വടക്കേ കരയി​ലുള്ള ഒരു പട്ടണമാണ്‌ കഫർന്ന​ഹൂം. മീൻ പിടിച്ച്‌ വിൽക്കുന്ന ജോലി​യാ​യി​രു​ന്നു പത്രോ​സി​ന്റേത്‌. അവനും അന്ത്രെ​യാ​സും സെബെ​ദി​പു​ത്ര​ന്മാ​രായ യാക്കോ​ബി​ന്റെ​യും യോഹ​ന്നാ​ന്റെ​യും കൂടെ കൂട്ടു​ക​ച്ച​വടം നടത്തു​ക​യാ​യി​രു​ന്നു. പത്രോ​സി​ന്റെ വീട്ടിൽ അവനും ഭാര്യ​യും ഭാര്യ​യു​ടെ അമ്മയും അവന്റെ സഹോ​ദ​ര​നായ അന്ത്രെ​യാ​സും ഉണ്ടായി​രു​ന്നു. അത്ര ചെറു​ത​ല്ലാത്ത ആ കുടും​ബത്തെ പോറ്റാൻ മീൻപി​ടു​ത്ത​ക്കാ​ര​നായ പത്രോ​സിന്‌ കഠിനാ​ധ്വാ​നം​തന്നെ ചെയ്യേ​ണ്ടി​വന്നു. നല്ല മിടു​ക്കും സാമർഥ്യ​വും ആരോ​ഗ്യ​വും വേണ്ട തൊഴി​ലാ​യി​രു​ന്നു അത്‌. നമുക്ക്‌ ആ മീൻപി​ടു​ത്ത​ക്കാ​രു​ടെ ജീവി​ത​ത്തി​ലേ​ക്കൊ​ന്നു കണ്ണോ​ടി​ക്കാം: വലിയ വലകളു​മാ​യി കടലി​ലേക്ക്‌ വള്ളങ്ങളിൽ പോകുന്ന പുരു​ഷ​ന്മാർ. രണ്ടു വള്ളങ്ങൾക്കി​ട​യി​ലൂ​ടെ അവർ വലയി​റ​ക്കു​ക​യാണ്‌. പിന്നെ, വലയിൽ കുടു​ങ്ങിയ എല്ലാത്തരം മത്സ്യങ്ങ​ളെ​യും വലയോ​ടെ വലിച്ച്‌ വള്ളത്തി​ലിട്ട്‌ കരയി​ലേക്ക്‌ മടങ്ങും. രാത്രി മണിക്കൂ​റു​കൾ നീണ്ട അധ്വാ​ന​ത്തി​നു ശേഷം കരയി​ലെ​ത്തുന്ന അവരുടെ ജോലി തീരു​ന്നില്ല. ഇനി, മീനെ​ല്ലാം തരം തിരി​ക്കണം, വിൽക്കണം, വലകൾ വൃത്തി​യാ​ക്കണം, കേടു​പോ​ക്കണം. പകലാണ്‌ ഇതെല്ലാം ചെയ്‌തു​തീർക്കേ​ണ്ടത്‌.

7. യേശു​വി​നെ​ക്കു​റിച്ച്‌ പത്രോസ്‌ കേട്ട വാർത്ത എന്ത്‌, അത്‌ ആവേശ​ജ​ന​ക​മാ​യി​രു​ന്നത്‌ എന്തു​കൊണ്ട്‌?

7 ബൈബിൾ നമ്മോടു പറയു​ന്നത്‌ അന്ത്രെ​യാസ്‌, യോഹ​ന്നാൻ സ്‌നാ​പ​കന്റെ ഒരു ശിഷ്യ​നാ​യി​രു​ന്നെ​ന്നാണ്‌. യോഹ​ന്നാൻ പ്രസം​ഗി​ച്ചു​കൊ​ണ്ടി​രുന്ന കാര്യ​ങ്ങ​ളെ​ക്കു​റിച്ച്‌ തന്റെ സഹോ​ദരൻ വിവരി​ച്ചു പറയു​ന്നത്‌ പത്രോസ്‌ അതീവ​താത്‌പ​ര്യ​ത്തോ​ടെ കേൾക്കു​മാ​യി​രു​ന്നു. അങ്ങനെ​യി​രി​ക്കെ ഒരു ദിവസം യോഹ​ന്നാൻ, നസറാ​യ​നായ യേശു​വി​നെ ചൂണ്ടി ഇങ്ങനെ പറയു​ന്നത്‌ അന്ത്രെ​യാസ്‌ കേട്ടു: “ഇതാ, ദൈവ​ത്തി​ന്റെ കുഞ്ഞാട്‌!” അപ്പോൾത്തന്നെ അന്ത്രെ​യാസ്‌ യേശു​വി​നെ അനുഗ​മി​ക്കാൻ തുടങ്ങി. പിന്നെ, പത്രോ​സി​നെ തേടി​ച്ചെന്ന്‌ ആവേശ​ക​ര​മായ ഈ വാർത്ത അറിയി​ച്ചു: മിശിഹാ വന്നെത്തി​യി​രി​ക്കു​ന്നു! (യോഹ. 1:35-40) ഏതാണ്ട്‌, 4,000 വർഷം മുമ്പ്‌ ഏദെനി​ലെ മത്സര​ത്തെ​ത്തു​ടർന്ന്‌ മനുഷ്യ​വർഗ​ത്തിന്‌ യഥാർഥ​പ്ര​ത്യാ​ശ​യു​മാ​യി ഒരാൾ വരു​മെന്ന്‌ യഹോ​വ​യാം ദൈവം വാഗ്‌ദാ​നം ചെയ്‌തി​രു​ന്നു. (ഉല്‌പ. 3:15) മനുഷ്യ​വർഗ​ത്തി​ന്റെ ആ രക്ഷക​നെ​യാണ്‌ അന്ത്രെ​യാസ്‌ കണ്ടുമു​ട്ടി​യത്‌, മിശി​ഹാ​യെ! വാർത്ത കേട്ടതും യേശു​വി​നെ കാണാ​നാ​യി പത്രോസ്‌ അപ്പോൾത്തന്നെ പുറ​പ്പെട്ടു.

8. യേശു പത്രോ​സി​നു നൽകിയ പേരിന്റെ അർഥ​മെ​ന്താ​യി​രു​ന്നു, ആ പേര്‌ ഉചിത​മാ​ണോ എന്ന്‌ ചിലർ സംശയി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

8 അന്നുവരെ പത്രോസ്‌, ശിമോൻ അല്ലെങ്കിൽ ശിമെ​യോൻ എന്നാണ്‌ അറിയ​പ്പെ​ട്ടി​രു​ന്നത്‌. എന്നാൽ യേശു അവനെ നോക്കി​യിട്ട്‌ ഇങ്ങനെ പറഞ്ഞു: “നീ യോഹ​ന്നാ​ന്റെ മകനായ ശിമോൻ ആകുന്നു. നീ കേഫാ (എന്നു​വെ​ച്ചാൽ പത്രോസ്‌) എന്നു വിളി​ക്ക​പ്പെ​ടും.” (യോഹ. 1:42) “കേഫാ” എന്നാൽ “കല്ല്‌,” “പാറ” എന്നൊ​ക്കെ​യാണ്‌ അർഥം. യേശു​വി​ന്റെ വാക്കുകൾ ഒരു പ്രവച​ന​മാ​യി​രു​ന്നെന്നു പറയാം. പത്രോസ്‌ ഒരു പാറ​പോ​ലെ, ഒന്നിലും ഇളകാ​ത്ത​വ​നും ഉറച്ചവ​നും ആയിത്തീ​രു​മെന്ന്‌ യേശു മുൻകൂ​ട്ടി​ക്കണ്ടു. അതായത്‌ അവൻ ക്രിസ്‌തു​വി​ന്റെ അനുഗാ​മി​കൾക്ക്‌ ആശ്രയ​യോ​ഗ്യ​നായ ഒരാളാ​യി​രി​ക്കും. പത്രോ​സിന്‌ സ്വയം അങ്ങനെ തോന്നി​യോ? സംശയ​മാണ്‌. സുവി​ശേ​ഷ​വി​വ​ര​ണ​ങ്ങ​ളു​ടെ ഇന്നത്തെ ചില വായന​ക്കാർക്കു​പോ​ലും പത്രോസ്‌ പാറ​പോ​ലു​ള്ള​വ​നാ​ണെന്ന്‌ തോന്നു​ന്നില്ല. ചിലർ പറയു​ന്നത്‌ ബൈബിൾരേ​ഖ​യിൽ കാണുന്ന അവന്റെ സ്വഭാവം സ്ഥിരത​യി​ല്ലാ​ത്ത​തും ഉറപ്പി​ല്ലാ​ത്ത​തും എപ്പോ​ഴും മാറു​ന്ന​തും ആണെന്നാണ്‌.

9. (എ) യഹോ​വ​യും അവന്റെ പുത്ര​നും നമ്മളിൽ നോക്കു​ന്നത്‌ എന്താണ്‌, എന്തു​കൊണ്ട്‌? (ബി) അവരുടെ വീക്ഷണം ആശ്രയ​യോ​ഗ്യ​മാ​ണെന്ന്‌ നിങ്ങൾക്ക്‌ തോന്നു​ന്നു​ണ്ടോ?

9 പത്രോ​സിന്‌ കുറവു​ക​ളു​ണ്ടാ​യി​രു​ന്നു, അതിൽ സംശയ​മൊ​ന്നു​മില്ല. യേശു​വിന്‌ അതെല്ലാം അറിയാ​മാ​യി​രു​ന്നു​താ​നും. പക്ഷേ യേശു തന്റെ പിതാ​വായ യഹോ​വ​യെ​പ്പോ​ലെ ആളുക​ളി​ലുള്ള നന്മയാണ്‌ നോക്കു​ന്നത്‌. താൻ ഉദ്ദേശിച്ച കാര്യങ്ങൾ ചെയ്യാൻതക്ക കഴിവും പ്രാപ്‌തി​യും മനസ്സൊ​രു​ക്ക​വും പത്രോ​സി​നു​ണ്ടെന്ന്‌ യേശു കണ്ടു. ആ നല്ല ഗുണങ്ങൾ മെച്ച​പ്പെ​ടു​ത്തി​ക്കൊ​ണ്ടു​വ​രാൻ പത്രോ​സി​നെ സഹായി​ക്കാ​നാണ്‌ യേശു നോക്കി​യത്‌. യഹോ​വ​യും അവന്റെ പുത്ര​നും നമ്മി​ലെ​യും നന്മയാണ്‌ നോക്കു​ന്നത്‌. അവർക്ക്‌ കാണാൻമാ​ത്രം നന്മ നമ്മിലു​ണ്ടോ എന്ന്‌ നമ്മളിൽ പലർക്കും സംശയം തോന്നി​യേ​ക്കാം. പക്ഷേ ഒന്നും സംശയി​ക്കേണ്ട, നമ്മളിൽ നന്മയു​ണ്ടെന്ന്‌ അവർ പറയു​ന്നെ​ങ്കിൽ, വിശ്വ​സി​ക്കുക! എന്നിട്ട്‌ നമ്മെ രൂപ​പ്പെ​ടു​ത്താ​നും പരിശീ​ലി​പ്പി​ക്കാ​നും അവരെ അനുവ​ദി​ക്കുക. പത്രോസ്‌ അങ്ങനെ​യാ​യി​രു​ന്നു.1 യോഹ​ന്നാൻ 3:19, 20 വായി​ക്കുക.

“ഭയപ്പെ​ടേണ്ട!”

10. സാധ്യ​ത​യ​നു​സ​രിച്ച്‌ പത്രോസ്‌ യേശു ചെയ്‌ത ഏതെല്ലാം കാര്യങ്ങൾ കണ്ടിട്ടുണ്ട്‌, എന്നിട്ടും അവൻ എന്തു ചെയ്‌തു?

10 വൈകാ​തെ​തന്നെ യേശു ആരംഭിച്ച പ്രസം​ഗ​പ​ര്യ​ട​ന​ത്തിൽ പത്രോ​സും അവനെ അനുഗ​മി​ച്ച​താ​യി തോന്നു​ന്നു. അങ്ങനെ​യാ​ണെ​ങ്കിൽ കാനാ​യി​ലെ കല്യാ​ണ​വി​രു​ന്നിൽ യേശു വെള്ളം വീഞ്ഞാ​ക്കി​ക്കൊണ്ട്‌ ആദ്യത്തെ അത്ഭുതം പ്രവർത്തി​ക്കു​ന്നത്‌ അവൻ കണ്ടിട്ടു​ണ്ടാ​കണം. പോരാ​ത്ത​തിന്‌, വിസ്‌മ​യി​പ്പി​ക്കു​ന്ന​തും മനസ്സിൽ പ്രത്യാശ നിറയ്‌ക്കു​ന്ന​തും ആയ ദൈവ​രാ​ജ്യ​ത്തെ​ക്കു​റിച്ച്‌ യേശു പ്രസം​ഗി​ക്കു​ന്നത്‌ അവൻ കേട്ടു. ഇതെല്ലാം കണ്ടിട്ടും കേട്ടി​ട്ടും അവൻ യേശു​വി​ന്റെ കൂടെ പോകാ​തെ തന്റെ മത്സ്യവ്യാ​പാ​ര​ത്തി​ലേക്ക്‌ തിരി​ച്ചു​പോ​യി. കുറച്ചു മാസങ്ങൾക്കു ശേഷം പത്രോസ്‌ യേശു​വി​നെ വീണ്ടും കണ്ടുമു​ട്ടി. ഈ സമയത്ത്‌ യേശു അവനെ തന്നോ​ടൊ​പ്പം വരാനും മുഴു​സ​മ​യ​പ്ര​സം​ഗ​വേല ഏറ്റെടു​ക്കാ​നും ക്ഷണിച്ചു.

11, 12. (എ) തലേ രാത്രി​യിൽ പത്രോ​സി​നു​ണ്ടായ അനുഭവം എന്തായി​രു​ന്നു? (ബി) യേശു​വി​ന്റെ പ്രസംഗം കേട്ടി​രുന്ന പത്രോ​സി​ന്റെ മനസ്സി​ലേക്ക്‌ എന്തെല്ലാം ചിന്തകൾ വന്നുകാ​ണും?

11 ഒരു രാത്രി പത്രോ​സും കൂട്ടു​കാ​രും മീൻപി​ടി​ത്ത​ത്തിൽ ഏർപ്പെ​ട്ടി​രി​ക്കു​ക​യാ​യി​രു​ന്നു. വെളു​പ്പാൻകാ​ല​മാ​യി​ട്ടും അവർക്ക്‌ ഒന്നും കിട്ടി​യില്ല. പലവട്ടം അവർ വലയി​റക്കി. പക്ഷേ ഫലമു​ണ്ടാ​യില്ല. പത്രോസ്‌ പഠിച്ച പണി പതി​നെ​ട്ടും നോക്കി. മീൻ കാണാ​നി​ട​യുള്ള പല താവള​ങ്ങ​ളി​ലും മാറി​മാ​റി വലയി​റക്കി. ‘കറുത്തി​രുണ്ട കടൽവെ​ള്ള​ത്തി​ലൂ​ടെ ചുഴി​ഞ്ഞു​നോ​ക്കി മീൻകൂ​ട്ടങ്ങൾ എവി​ടെ​യാ​ണെന്നു കണ്ടുപി​ടി​ക്കാ​നും അവയെ ഓടിച്ച്‌ വലയ്‌ക്ക​കത്ത്‌ കയറ്റാ​നും കഴിഞ്ഞി​രു​ന്നെ​ങ്കിൽ,’ പത്രോസ്‌ ആശിച്ചു​പോ​യി​ക്കാ​ണും! ഇത്തരം അവസര​ങ്ങ​ളിൽ എല്ലാ മീൻപി​ടി​ത്ത​ക്കാ​രും ഇങ്ങനെ​യൊ​ക്കെ ആശിച്ചു​പോ​കാ​റുണ്ട്‌. ഒരിക്ക​ലും നടക്കാ​നി​ട​യി​ല്ലാത്ത ഈ കാര്യ​ങ്ങ​ളെ​ക്കു​റിച്ച്‌ അവൻ ഓർത്തു​പോ​യെ​ങ്കിൽ അവന്റെ നിരാശ പിന്നെ​യും കൂടി​ക്കാ​ണും. പത്രോസ്‌ ഒരു വിനോ​ദ​ത്തിന്‌ മീൻപി​ടി​ക്കാൻ ഇറങ്ങി​യതല്ല, ഇത്‌ അവന്റെ ഉപജീ​വ​ന​മാണ്‌. അവനെ ആശ്രയിച്ച്‌ ഒരു കുടും​ബം കാത്തി​രി​പ്പുണ്ട്‌. ഒടുവിൽ പത്രോസ്‌ വെറു​ങ്കൈ​യോ​ടെ തീര​ത്തേക്കു മടങ്ങി. മീൻ കിട്ടി​യാ​ലും ഇല്ലെങ്കി​ലും വല വൃത്തി​യാ​ക്കാ​തെ പറ്റില്ല​ല്ലോ! അങ്ങനെ അവൻ വല വൃത്തി​യാ​ക്കു​ന്ന​തിൽ മുഴു​കി​യി​രി​ക്കു​മ്പോ​ഴാണ്‌ യേശു വരുന്നത്‌.

യേശുവിന്റെ പ്രസം​ഗ​ത്തി​ന്റെ കേന്ദ്ര​വി​ഷ​യ​മായ ദൈവ​രാ​ജ്യ​ത്തെ​ക്കു​റിച്ച്‌ കേട്ടു​കൊ​ണ്ടി​രി​ക്കാൻ പത്രോ​സിന്‌ ഒട്ടും മടുപ്പ്‌ തോന്നി​യി​ല്ല

12 യേശു ഒറ്റയ്‌ക്കല്ല, ഒരാൾക്കൂ​ട്ട​വു​മുണ്ട്‌ കൂടെ. അവന്റെ ഓരോ വാക്കി​നും കാതോർത്ത്‌ അവന്റെ കൂടെ പോന്ന​താണ്‌ അവരെ​ല്ലാം. യേശു​വി​നെ പൊതിഞ്ഞ്‌ ആളുകൾ നിന്നി​രു​ന്ന​തി​നാൽ അവൻ പത്രോ​സി​ന്റെ വള്ളത്തിൽ കയറി​യിട്ട്‌ വള്ളം കരയിൽനിന്ന്‌ അല്‌പം നീക്കാൻ ആവശ്യ​പ്പെട്ടു. എന്നിട്ട്‌ വള്ളത്തി​ലി​രുന്ന്‌ യേശു ആളുകളെ പഠിപ്പി​ച്ചു​തു​ടങ്ങി. ജലപ്പര​പ്പി​ലൂ​ടെ ഒഴുകി​വ​രുന്ന യേശു​വി​ന്റെ ശബ്ദം ആളുകൾക്ക്‌ വ്യക്തമാ​യി കേൾക്കാ​മാ​യി​രു​ന്നു. കരയിലെ ആൾക്കൂ​ട്ട​ത്തി​നൊ​പ്പം പത്രോ​സും ഓരോ വാക്കും കാതു​കൂർപ്പിച്ച്‌ കേട്ടു. യേശു​വി​ന്റെ പ്രസം​ഗ​ത്തി​ന്റെ കേന്ദ്ര​വി​ഷ​യ​മായ ദൈവ​രാ​ജ്യ​ത്തെ​ക്കു​റിച്ച്‌ കേട്ടു​കൊ​ണ്ടി​രി​ക്കാൻ പത്രോ​സിന്‌ ഒട്ടും മടുപ്പ്‌ തോന്നി​യില്ല. പ്രത്യാശ നിറയുന്ന ഈ സന്ദേശം നാടു മുഴുവൻ ഘോഷി​ക്കാൻ ക്രിസ്‌തു​വി​നെ സഹായി​ക്കാ​നാ​യാൽ, അത്‌ എത്ര വലിയ പദവി​യാ​യി​രി​ക്കു​മെന്ന്‌ പത്രോസ്‌ ചിന്തി​ച്ചു​കാ​ണും. പക്ഷേ, അതു തന്നെ​ക്കൊ​ണ്ടാ​കു​മോ, കുടും​ബം പോ​റ്റേണ്ടേ? തലേ ദിവസത്തെ പാഴ്‌വേല അവന്റെ മനസ്സി​ലേക്കു വന്നുകാ​ണും. മീൻപി​ടി​ത്തം​തന്നെ എടുപ്പതു പണിയുണ്ട്‌. അതിന്റെ കൂടെ ഇതും നടക്കു​മോ?—ലൂക്കോ. 5:1-3.

13, 14. പത്രോ​സി​നു​വേണ്ടി യേശു ഏത്‌ അത്ഭുതം ചെയ്‌തു, അവന്റെ പ്രതി​ക​രണം എന്തായി​രു​ന്നു?

13 പ്രസംഗം പൂർത്തി​യാ​ക്കി​യിട്ട്‌ യേശു പത്രോ​സി​നോട്‌ പറഞ്ഞു: “ആഴമു​ള്ളി​ട​ത്തേക്കു നീക്കി വലയി​റ​ക്കുക.” പത്രോ​സി​ന്റെ മനസ്സിൽ സംശയം നിറഞ്ഞു. അവൻ പറഞ്ഞു: “ഗുരോ, ഞങ്ങൾ രാത്രി മുഴുവൻ അധ്വാ​നി​ച്ചി​ട്ടും ഒന്നും കിട്ടി​യില്ല; എങ്കിലും നീ പറഞ്ഞതു​കൊ​ണ്ടു ഞാൻ വലയി​റ​ക്കാം.” പത്രോസ്‌ വല കഴുകി​ക്ക​ഴി​ഞ്ഞതേ ഉണ്ടായി​രു​ന്നു​ള്ളൂ. വീണ്ടും അത്‌ കടലി​ലി​റ​ക്കാൻ അവന്‌ ഒട്ടും മനസ്സു​ണ്ടാ​യി​രു​ന്നില്ല. അതും ഒരു മീൻപോ​ലും ഇരതേടി ഇറങ്ങു​ക​യി​ല്ലാത്ത ആ നേരത്ത്‌! പക്ഷേ, അവൻ അനുസ​രി​ച്ചു. സഹായ​ത്തിന്‌ മറ്റൊരു വള്ളത്തിൽ പിന്നാലെ വരാൻ അവൻ കൂട്ടു​കാ​രെ​യും വിളി​ച്ചി​ട്ടു​ണ്ടാ​കും.—ലൂക്കോ. 5:4, 5.

14 അവൻ പോയി വലയി​റക്കി. സമയമാ​യ​പ്പോൾ പത്രോസ്‌ വല വലിച്ചു​തു​ടങ്ങി, പൊങ്ങു​ന്നില്ല! എന്താണി​ത്ര ഭാരം? സർവശ​ക്തി​യു​മെ​ടുത്ത്‌ പത്രോസ്‌ വല വലിച്ചു​പൊ​ക്കു​ക​യാണ്‌. വല പൊങ്ങി​വ​രു​ന്ന​വ​ഴിക്ക്‌ അവൻ ആ കാഴ്‌ച കണ്ട്‌ സ്‌തബ്ധ​നാ​യി! വല നിറയെ പിടയ്‌ക്കുന്ന മീൻകൂ​ട്ടം! അതിന്റെ ഭാരത്താൽ വല കീറു​മെ​ന്നാ​യി! പരി​ഭ്രാ​ന്ത​നാ​യി പത്രോസ്‌ മറ്റേ വള്ളത്തിലെ കൂട്ടു​കാ​രെ സഹായ​ത്തി​നു വിളിച്ചു. അവർ പാഞ്ഞെത്തി. മീനെ​ല്ലാം ഒറ്റ വള്ളത്തിൽ കൊള്ളു​ക​യി​ല്ലെന്ന്‌ അവർക്ക്‌ മനസ്സി​ലാ​യി. അതു​കൊണ്ട്‌ അവർ മറ്റേ വള്ളത്തി​ലും നിറച്ചു. മീനിന്റെ ഭാരം​കൊണ്ട്‌ രണ്ടു വള്ളങ്ങളും മുങ്ങാ​റാ​യി! ആശ്ചര്യം​കൊണ്ട്‌ അവന്റെ കണ്ണു തള്ളി​പ്പോ​യി! ക്രിസ്‌തു​വി​ന്റെ ശക്തി പ്രവർത്തി​ക്കു​ന്നത്‌ അവൻ ഇതിനു മുമ്പും കണ്ടിട്ടു​ണ്ടാ​യി​രു​ന്നു. പക്ഷേ, ഈ അത്ഭുതം അവനെ നേരിട്ട്‌ ബാധി​ക്കു​ന്ന​താണ്‌. അവനു​വേ​ണ്ടി​യാണ്‌, അവന്റെ കുടും​ബ​ത്തി​നു​വേ​ണ്ടി​യാണ്‌ യേശു ഇത്‌ ചെയ്‌തി​രി​ക്കു​ന്നത്‌. ഈ വള്ളത്തി​ലി​രി​ക്കു​ന്നത്‌ ആരാണ്‌! അവന്റെ വാക്കിന്‌ ഇതാ മീനുകൾ കൂട്ട​ത്തോ​ടെ വലയ്‌ക്കു​ള്ളിൽ വന്നുക​യ​റി​യി​രി​ക്കു​ന്നു! ഹൊ, പത്രോ​സി​ന്റെ സിരക​ളി​ലൂ​ടെ ഭയം പാഞ്ഞു​ക​യറി. യേശു​വി​ന്റെ കാൽക്കൽവീണ്‌ അവൻ പറഞ്ഞു​പോ​യി: “കർത്താവേ, എന്നെ വിട്ട്‌ പോ​കേ​ണമേ; ഞാനൊ​രു പാപി​യായ മനുഷ്യ​നാണ്‌.” ദൈവ​ശക്തി ഇങ്ങനെ​യൊ​ക്കെ ഉപയോ​ഗി​ക്കാൻ അധികാ​ര​മുള്ള ഈ മനുഷ്യ​ന്റെ കൂടെ നടക്കാ​നുള്ള യോഗ്യത തനിക്കു​ണ്ടോ? ഇതായി​രി​ക്കാം പത്രോ​സി​ന്റെ മനസ്സി​ലു​ണ്ടാ​യി​രു​ന്നത്‌.ലൂക്കോസ്‌ 5:6-9 വായി​ക്കുക.

“കർത്താവേ, . . . ഞാനൊ​രു പാപി​യായ മനുഷ്യ​നാണ്‌”

15. പത്രോ​സി​ന്റെ സംശയ​ങ്ങ​ളും ആശങ്കക​ളും ഭയവും അടിസ്ഥാ​ന​മി​ല്ലാ​ത്ത​താ​ണെന്ന്‌ യേശു അവന്‌ പഠിപ്പി​ച്ചു​കൊ​ടു​ത്തത്‌ എങ്ങനെ?

15 യേശു അലി​വോ​ടെ അവനോട്‌ ഇങ്ങനെ പറഞ്ഞു: “ഭയപ്പെ​ടേണ്ട! ഇനിമു​തൽ നീ മനുഷ്യ​രെ പിടി​ക്കു​ന്ന​വ​നാ​കും.” (ലൂക്കോ. 5:10, 11) കുടും​ബ​ത്തി​ന്റെ ഉപജീ​വ​ന​വും മറ്റും ഓർത്ത്‌ സംശയി​ക്കാ​നോ ഭയപ്പെ​ടാ​നോ ഉള്ള സമയമല്ല ഇത്‌. അത്തരം ആശങ്കകൾക്കും സംശയ​ങ്ങൾക്കും ഇനി ഒരു സ്ഥാനവു​മില്ല. സ്വന്തം പിഴവു​ക​ളും കുറവു​ക​ളും ഓർത്തുള്ള ഭയവും ഇനി വേണ്ട. യേശു​വിന്‌ ഒരു വലിയ വേല ചെയ്യാ​നുണ്ട്‌. ചരിത്രം മാറ്റി​യെ​ഴു​തുന്ന ഒരു നിയോ​ഗം! “ധാരാളം ക്ഷമിക്കു”ന്ന ഒരു ദൈവ​മാ​ണ​ല്ലോ പത്രോ​സി​ന്റെ ദൈവം. (യെശ. 55:7) ആ ദൈവം, പത്രോ​സി​നു​വേണ്ടി കരുതി​ക്കൊ​ള്ളും, അവന്റെ കുടും​ബ​ത്തി​നു​വേണ്ടി കരുതി​ക്കൊ​ള്ളും. അവനെ പ്രസം​ഗ​വേ​ല​യിൽ സജ്ജനാ​ക്കും.—മത്താ. 6:33.

16. പത്രോ​സും യാക്കോ​ബും യോഹ​ന്നാ​നും യേശു​വി​ന്റെ ക്ഷണത്തോട്‌ പ്രതി​ക​രി​ച്ചത്‌ എങ്ങനെ, അവരു​ടേത്‌ ജീവി​ത​ത്തി​ലെ ഏറ്റവും നല്ല തീരു​മാ​ന​മാ​യി​രു​ന്നത്‌ എന്തു​കൊണ്ട്‌?

16 പത്രോസ്‌ അപ്പോൾത്തന്നെ യേശു​വി​നെ അനുസ​രി​ച്ചു. യാക്കോ​ബും യോഹ​ന്നാ​നും അങ്ങനെ​തന്നെ ചെയ്‌തു. “അവർ വള്ളങ്ങൾ കരയ്‌ക്ക​ടു​പ്പി​ച്ചിട്ട്‌ സകലവും ഉപേക്ഷിച്ച്‌ അവനെ അനുഗ​മി​ച്ചു.” (ലൂക്കോ. 5:11) അങ്ങനെ പത്രോസ്‌ യേശു​വി​ലും അവനെ അയച്ചവ​നി​ലും തനിക്ക്‌ വിശ്വാ​സ​മു​ണ്ടെന്ന്‌ തെളി​യി​ച്ചു. ജീവി​ത​ത്തിൽ അവൻ എടുത്ത ഏറ്റവും നല്ല തീരു​മാ​നം! ഭയവും സംശയ​വും മറിക​ടന്ന്‌ ദൈവ​സേ​വ​ന​ത്തി​നാ​യി ഇറങ്ങി​ത്തി​രി​ക്കുന്ന ഇന്നത്തെ ക്രിസ്‌ത്യാ​നി​ക​ളും പത്രോ​സി​നെ​പ്പോ​ലെ തങ്ങൾക്ക്‌ വിശ്വാ​സ​മു​ണ്ടെന്നു കാണി​ക്കു​ക​യാണ്‌. അവർ യഹോ​വ​യിൽ അർപ്പി​ക്കുന്ന ആ വിശ്വാ​സം ഒരിക്ക​ലും അസ്ഥാന​ത്താ​കു​ക​യില്ല!—സങ്കീ. 22:4, 5.

“നീ എന്തിനു സംശയി​ച്ചു?”

17. യേശു​വി​നെ കണ്ടുമു​ട്ടി​യ​തു​മു​ത​ലുള്ള ഈ രണ്ടു വർഷക്കാ​ലത്തെ എന്തെല്ലാം ഓർമകൾ പത്രോ​സിന്‌ അയവി​റ​ക്കാ​നു​ണ്ടാ​യി​രു​ന്നു?

17 പത്രോസ്‌ യേശു​വി​നെ കണ്ടുമു​ട്ടി​യിട്ട്‌ രണ്ടു വർഷമാ​യി​ക്കാ​ണും. ഒരു രാത്രി, പ്രക്ഷു​ബ്ധ​മായ ഗലീല​ക്ക​ട​ലി​ലൂ​ടെ വള്ളം തുഴഞ്ഞു പോകു​ക​യാണ്‌ പത്രോസ്‌. ഈ രംഗമാണ്‌ അധ്യാ​യ​ത്തി​ന്റെ തുടക്ക​ത്തിൽ കണ്ടത്‌. വള്ളം തുഴഞ്ഞു​പോ​കു​മ്പോൾ, അവന്റെ മനസ്സി​ലൂ​ടെ എന്തെല്ലാം ഓർമകൾ കടന്നു​പോ​യെന്ന്‌ നമുക്ക്‌ അറിയില്ല. ഓർമി​ക്കാ​നാ​ണെ​ങ്കിൽ ഒരുപാ​ടുണ്ട്‌: തന്റെ അമ്മായി​യ​മ്മയെ യേശു സുഖ​പ്പെ​ടു​ത്തി​യത്‌, മലയിൽവെച്ച്‌ യേശു നടത്തിയ ഗംഭീ​ര​മായ പ്രസംഗം, പഠിപ്പി​ക്ക​ലി​ലൂ​ടെ​യും അത്ഭുത​പ്ര​വൃ​ത്തി​ക​ളി​ലൂ​ടെ​യും താൻ യഹോവ തിര​ഞ്ഞെ​ടു​ത്ത​വ​നും മിശി​ഹാ​യും ആണെന്ന്‌ അവൻ പല തവണ തെളി​യിച്ച്‌ കാണി​ച്ചത്‌, അങ്ങനെ​യെ​ല്ലാം. ഇപ്പോൾ മാസങ്ങൾ കടന്നു​പോ​യി​രി​ക്കു​ന്നു, ഭയത്തി​നും സംശയ​ത്തി​നും പെട്ടെന്നു വഴി​പ്പെ​ട്ടു​പോ​കുന്ന പ്രവണത കുറ​ച്ചൊ​ക്കെ നിയ​ന്ത്രി​ക്കാൻ അവൻ പഠിച്ചു. യേശു അവനെ 12 അപ്പൊസ്‌ത​ല​ന്മാ​രിൽ ഒരാളാ​യി തിര​ഞ്ഞെ​ടു​ക്കു​ക​പോ​ലും ചെയ്‌തു! എന്നിട്ടും ഇപ്പോ​ഴും ഭയവും സംശയ​വും മുഴു​വ​നാ​യി അവനെ വിട്ടൊ​ഴി​ഞ്ഞി​ട്ടില്ല. അത്‌ അവനു മനസ്സി​ലാ​കുന്ന ഒരു സംഭവം നടക്കാൻപോ​കു​ക​യാ​യി​രു​ന്നു.

18, 19. (എ) ഗലീല​ക്ക​ട​ലിൽവെച്ച്‌ പത്രോസ്‌ കണ്ട കാഴ്‌ച വിവരി​ക്കുക. (ബി) യേശു പത്രോ​സി​ന്റെ അപേക്ഷ അനുവ​ദി​ച്ചു​കൊ​ടു​ത്തത്‌ എങ്ങനെ?

18 രാത്രി​യു​ടെ നാലാം യാമമാ​ണെന്നു തോന്നു​ന്നു. 3 മണിക്കും സൂര്യോ​ദ​യ​ത്തി​നും ഇടയ്‌ക്കുള്ള ഒരു സമയം. പത്രോസ്‌ പെട്ടെന്ന്‌ തുഴച്ചിൽ നിറുത്തി, അവൻ ഞെട്ടി നിവർന്നി​രു​ന്നു. അവിടെ, തിരകൾക്കു​മീ​തെ എന്തോ അനങ്ങു​ന്ന​തു​പോ​ലെ. തിരയ​ടി​ച്ചു​ണ്ടാ​കുന്ന പാൽപ്പ​ത​യിൽ നിലാ​വെ​ളി​ച്ചം തട്ടി തിളങ്ങു​ന്ന​താ​ണോ? ഹേയ്‌, അല്ല. അത്‌ കുത്തനെ നിൽക്കു​ക​യാണ്‌! ആകൃതി മാറു​ന്നില്ല! അതൊരു മനുഷ്യ​നാ​ണോ? അതെ, ഒരു മനുഷ്യൻ കടലിന്റെ മീതെ കൂടി നടക്കു​ക​യാണ്‌! ആ രൂപം അടുത്ത​ടുത്ത്‌ വരുന്നു! അവരുടെ നേരെ​യാ​ണി​പ്പോൾ വരുന്നത്‌! പേടി​ച്ചരണ്ട ശിഷ്യ​ന്മാർ അത്‌ ഏതോ ഭൂതമാ​ണെന്നു വിചാ​രിച്ച്‌ നിലവി​ളി​ച്ചു. അപ്പോൾ ആ രൂപം അവരോ​ടു പറഞ്ഞു: “ധൈര്യ​മാ​യി​രി​ക്കു​വിൻ, ഇതു ഞാനാണ്‌; ഭയപ്പെ​ടേണ്ട.” അത്‌ യേശു​വാ​യി​രു​ന്നു!—മത്താ. 14:25-28.

19 ഉടനെ പത്രോസ്‌ പറഞ്ഞു: “കർത്താവേ, അതു നീയാ​ണെ​ങ്കിൽ, വെള്ളത്തി​ന്മീ​തെ നടന്ന്‌ നിന്റെ അടുക്കൽ വരാൻ എന്നോടു കൽപ്പി​ക്കേ​ണമേ.” അവന്റെ ഈ ആദ്യ​പ്ര​തി​ക​രണം നല്ല ധൈര്യ​ത്തോ​ടെ​യാ​യി​രു​ന്നു. അത്യപൂർവ​മായ ഈ സംഭവം പത്രോ​സി​നെ ആവേശം​കൊ​ള്ളി​ച്ചു. തന്റെ വിശ്വാ​സം ഒന്നുകൂ​ടി ബലപ്പെ​ടു​ത്താൻ അവൻ ഉറച്ചു. അതു​കൊണ്ട്‌ യേശു​വി​ന്റെ ആ അത്ഭുത​ശക്തി ഒന്ന്‌ അനുഭ​വി​ച്ച​റിഞ്ഞ്‌, അതി​ലൊ​ന്നു പങ്കു​കൊ​ള്ളാൻ, അവൻ ആഗ്രഹി​ച്ചു. പത്രോ​സി​ന്റെ അപേക്ഷ കേട്ട​പ്പോൾ യേശു അവനെ തന്റെ അടു​ത്തേക്കു വിളിച്ചു. ഉടനെ പത്രോസ്‌ വള്ളത്തിന്റെ വക്കത്തു ചവിട്ടി തിരയി​ള​കുന്ന ജലപ്പര​പ്പി​ലേക്ക്‌ കാലെ​ടു​ത്തു​വെച്ചു. ഉറപ്പുള്ള തറയി​ലേക്ക്‌ ചവിട്ടു​ന്ന​തു​പോ​ലെ അവനു തോന്നി. പിന്നെ അവൻ ആ ജലപ്പര​പ്പിൽ ഉറച്ചു​നി​ന്നു. എന്നിട്ട്‌ കാലടി​കൾ വെച്ച്‌ നടന്നു​നീ​ങ്ങി. പത്രോ​സി​ന്റെ ആ അനുഭൂ​തി ഒന്നു സങ്കല്‌പി​ച്ചു​നോ​ക്കൂ! താൻ കടലി​ന്മീ​തെ നടക്കു​ക​യാണ്‌! അത്ഭുതം​കൊണ്ട്‌ അവൻ മതിമ​റന്നു! എന്നാൽ അതാ, പെട്ടെന്ന്‌ അവന്റെ ഭാവം മാറി! എന്താണ്‌ സംഭവി​ച്ച​തെന്നു നോക്കാം.മത്തായി 14:29 വായി​ക്കുക.

“ശക്തമായ കാറ്റു​കണ്ട്‌ അവൻ ഭയന്നു”

20. (എ) പത്രോ​സിന്‌ ശ്രദ്ധ പതറി​യത്‌ എങ്ങനെ, എന്നിട്ട്‌ എന്തു സംഭവി​ച്ചു? (ബി) ഈ സംഭവ​ത്തിൽനിന്ന്‌ യേശു പത്രോ​സി​നെ എന്തു പാഠമാണ്‌ പഠിപ്പി​ച്ചത്‌?

20 പത്രോസ്‌ യേശു​വിൽനിന്ന്‌ ശ്രദ്ധ മാറ്റാൻ പാടി​ല്ലാ​യി​രു​ന്നു. കാറ്റ്‌ അമ്മാന​മാ​ടുന്ന കടൽത്തി​ര​കൾക്കു​മീ​തെ നടന്നു​നീ​ങ്ങാൻ പത്രോ​സിന്‌ ശക്തി പകരു​ന്നത്‌ ആരാണ്‌? യഹോ​വ​യു​ടെ ശക്തിയാൽ യേശു​വാണ്‌ അത്‌ ചെയ്യു​ന്നത്‌! പത്രോ​സിന്‌ തന്നിലുള്ള വിശ്വാ​സം കണ്ടിട്ടാണ്‌ അവനോട്‌ തന്റെ അടു​ത്തേക്ക്‌ വരാൻ യേശു പറഞ്ഞത്‌. പക്ഷേ പെട്ടെന്ന്‌ പത്രോ​സിന്‌ ശ്രദ്ധ പതറി. “ശക്തമായ കാറ്റു​കണ്ട്‌ അവൻ ഭയന്നു” എന്നു നമ്മൾ വായി​ക്കു​ന്നു. വലിയ കാറ്റടി​ക്കു​ന്ന​തും തിരകൾ വള്ളത്തിൽ ആഞ്ഞടി​ക്കു​ന്ന​തും നുരയും പതയും കാറ്റിൽ ചിതറു​ന്ന​തും അവൻ നോക്കി​പ്പോ​യി. അവൻ പരി​ഭ്രാ​ന്ത​നാ​യി! ആ നിലയി​ല്ലാ​ക്ക​ട​ലിൽ താണു​താണ്‌ പോകു​ന്ന​തും മുങ്ങി​ച്ചാ​കു​ന്ന​തും അവൻ സങ്കല്‌പി​ച്ചു​കാ​ണും. അവന്റെ വിശ്വാ​സ​വും മുങ്ങി​ത്താ​ഴാൻ തുടങ്ങി! സ്ഥിരത​യും ഉറപ്പും ഉള്ളവനാ​കും എന്ന്‌ മനസ്സിൽക്കണ്ട്‌ ‘പാറ’ എന്ന്‌ യേശു വിളി​ച്ചവൻ ഇതാ, വെള്ളത്തി​ലിട്ട കല്ലു​പോ​ലെ പൊടു​ന്നനെ മുങ്ങി​ത്താ​ഴു​ന്നു! അവന്റെ വിശ്വാ​സം ആടിയു​ല​ഞ്ഞ​താണ്‌ കാരണം! പത്രോ​സിന്‌ നന്നായി നീന്തല​റി​യാ​മാ​യി​രു​ന്നു. പക്ഷേ അവൻ അതിനു മുതി​രു​ന്നില്ല. അവൻ ഉച്ചത്തിൽ യേശു​വി​നോട്‌ നിലവി​ളി​ച്ചു: “കർത്താവേ, എന്നെ രക്ഷി​ക്കേ​ണമേ!” യേശു അവനെ കൈക്കു​പി​ടിച്ച്‌ പൊക്കി​യെ​ടു​ത്തു. എന്നിട്ട്‌ അവിടെ, ആ ഓളപ്പ​ര​പ്പിൽ നിന്നു​കൊ​ണ്ടു​തന്നെ, യേശു അവന്‌ ഒരു സുപ്ര​ധാ​ന​പാ​ഠം പഠിപ്പി​ച്ചു​കൊ​ടു​ത്തു: “അൽപ്പവി​ശ്വാ​സി​യേ, നീ എന്തിനു സംശയി​ച്ചു?”—മത്താ. 14:30, 31.

21. സംശയി​ക്കുന്ന പ്രകൃതം അപകടം ചെയ്യു​ന്നത്‌ എന്തു​കൊണ്ട്‌, അതി​നെ​തി​രെ നമുക്ക്‌ എങ്ങനെ പോരാ​ടാം?

21 “നീ എന്തിനു സംശയി​ച്ചു?” എന്ന യേശു​വി​ന്റെ ചോദ്യം ഇവിടെ പ്രസക്ത​മാ​യി​രു​ന്നു. സംശയം എന്ന വികാ​ര​ത്തിന്‌ സംഹാ​ര​ശ​ക്തി​യു​ണ്ടെന്നു പറയാം! നാം അതിനു വഴങ്ങി​പ്പോ​യാൽ അതു നമ്മുടെ വിശ്വാ​സം തിന്നു​ക​ള​യും! ആത്മീയ​മാ​യി നമ്മളെ മുക്കി​ക്ക​ള​യും! അതു​കൊണ്ട്‌, സംശയ​ത്തി​നെ​തി​രെ സർവശ​ക്തി​യു​മെ​ടുത്ത്‌ തുഴയണം. എങ്ങനെ​യാണ്‌ അതിനു കഴിയുക? ലക്ഷ്യത്തിൽനി​ന്നു കണ്ണുപ​റി​ക്കാ​തി​രി​ക്കുക. നമ്മുടെ ജീവി​ത​ത്തിൽ നമ്മെ ഭയപ്പെ​ടു​ത്തുന്ന കാര്യ​ങ്ങ​ളുണ്ട്‌, ഉത്സാഹം ചോർത്തി​ക്ക​ള​യുന്ന കാര്യ​ങ്ങ​ളുണ്ട്‌, നമ്മുടെ ശ്രദ്ധ പതറി​ക്കുന്ന കാര്യ​ങ്ങ​ളുണ്ട്‌. അവയിൽത്തന്നെ മനസ്സു പതിപ്പി​ച്ചാൽ അതു നമ്മുടെ സംശയ​ങ്ങൾക്കു വളം വെക്കു​കയേ ഉള്ളൂ. അങ്ങനെ യഹോ​വ​യിൽനി​ന്നും അവന്റെ പുത്ര​നിൽനി​ന്നും നമ്മൾ അകന്നു​പോ​കും. പിന്നെ​യോ, യഹോ​വ​യും അവന്റെ പുത്ര​നും തങ്ങളെ സ്‌നേ​ഹി​ക്കു​ന്ന​വർക്കു​വേണ്ടി ചെയ്‌തി​ട്ടു​ള്ള​തും ചെയ്‌തു​കൊ​ണ്ടി​രി​ക്കു​ന്ന​തും ചെയ്യാൻപോ​കു​ന്ന​തും ആയ കാര്യ​ങ്ങ​ളിൽ മനസ്സു​പ​തി​പ്പി​ക്കുക. നമ്മുടെ വിശ്വാ​സം തുരു​മ്പി​ക്കാൻ ഇടയാ​ക്കുന്ന സംശയ​ങ്ങളെ ദൂരെ​യ​ക​റ്റാൻ അങ്ങനെ നമുക്കു കഴിയും!

22. പത്രോ​സി​ന്റെ വിശ്വാ​സം അനുക​ര​ണീ​യ​മാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

22 യേശു പത്രോ​സി​നെ​യും കൂട്ടി ജലപ്പര​പ്പി​ലൂ​ടെ വള്ളത്തി​ന​രി​കി​ലേക്കു നടന്ന്‌ അതിൽ കയറി. പെട്ടെന്ന്‌ കാറ്റ്‌ ശമിച്ചു. ഗലീല​ക്കടൽ കനത്ത ശാന്തത​യി​ല​മർന്നു! അപ്പോൾ, പത്രോ​സും മറ്റു ശിഷ്യ​ന്മാ​രും ആശ്ചര്യ​ഭ​രി​ത​രാ​യി യേശു​വി​നോട്‌ ഇങ്ങനെ പറഞ്ഞു: “നീ സത്യമാ​യും ദൈവ​പു​ത്ര​നാ​കു​ന്നു.” (മത്താ. 14:33) അപ്പോ​ഴേ​ക്കും പ്രഭാ​ത​മാ​കാ​റാ​യി, തടാക​ത്തി​നു മീതെ വെളിച്ചം പരന്നു​തു​ടങ്ങി. പത്രോ​സി​ന്റെ ഹൃദയം നന്ദിയാൽ നിറഞ്ഞു. ഭയത്തെ​യും സംശയ​ത്തെ​യും പടിക​ട​ത്താൻ അവനു കഴിഞ്ഞു. എന്നുവ​രി​കി​ലും, യേശു മുൻകൂ​ട്ടി​കണ്ട ‘പാറ​പോ​ലുള്ള’ ഒരു ക്രിസ്‌ത്യാ​നി​യാ​കാൻ അവനു പിന്നെ​യും കാതങ്ങൾ സഞ്ചരി​ക്കേ​ണ്ടി​യി​രു​ന്നു. പക്ഷേ അവൻ ഒന്നു തീരു​മാ​നി​ച്ചു​റ​ച്ചി​രു​ന്നു: ശ്രമി​ച്ചു​കൊ​ണ്ടി​രി​ക്കുക! വളർന്നു​കൊ​ണ്ടി​രി​ക്കുക! സ്വന്തം ബലഹീ​ന​ത​കൾക്കെ​തി​രെ പോരാ​ടാൻ നിങ്ങൾ ഇതു​പോ​ലൊ​രു തീരു​മാ​ന​മെ​ടു​ത്തി​ട്ടു​ണ്ടോ? എങ്കിൽ പത്രോ​സി​ന്റെ വിശ്വാ​സം അനുക​രി​ക്കുക!