വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

അധ്യായം പത്തൊ​മ്പത്‌

അവൻ സംരക്ഷി​ച്ചു, പോറ്റി​പ്പു​ലർത്തി, പിടി​ച്ചു​നി​ന്നു

അവൻ സംരക്ഷി​ച്ചു, പോറ്റി​പ്പു​ലർത്തി, പിടി​ച്ചു​നി​ന്നു

1, 2. (എ) യോ​സേ​ഫി​ന്റെ​യും കുടും​ബ​ത്തി​ന്റെ​യും ജീവി​ത​ത്തിൽ എന്തു മാറ്റങ്ങ​ളാണ്‌ സംഭവി​ക്കാൻ പോകു​ന്നത്‌? (ബി) യോ​സേ​ഫിന്‌ ഏത്‌ അശുഭ​വാർത്ത​യാണ്‌ ഭാര്യ​യോട്‌ പറയാ​നു​ണ്ടാ​യി​രു​ന്നത്‌?

 ഇരുൾ മൂടിയ ബേത്ത്‌ലെ​ഹെം! ഗ്രാമം നിദ്ര​യി​ലാണ്‌. യോ​സേഫ്‌ ഒരു ഭാണ്ഡം​കൂ​ടി കഴുത​പ്പു​റത്ത്‌ വെച്ചു​കെട്ടി. കഴുത ഭാരം അറിഞ്ഞ​മ​ട്ടില്ല! അവൻ കഴുതയെ ചെറു​താ​യൊ​ന്നു തലോടി. എന്നിട്ട്‌ നാലു​പാ​ടും കണ്ണോ​ടി​ച്ചു. ഈജിപ്‌തി​ലേ​ക്കാണ്‌ പോ​കേ​ണ്ടത്‌! ഹൊ, എത്ര ദൂരം യാത്ര ചെയ്‌താ​ലാണ്‌! എങ്ങനെ​യാ​യാ​ലും ഈജിപ്‌തിൽ എത്തിയേ പറ്റൂ! ഒരു പരിച​യ​വു​മി​ല്ലാത്ത ആളുകൾ, അറിയാത്ത ഭാഷ, അറിയാത്ത ആചാര​രീ​തി​കൾ! മറിയയ്‌ക്കും കുഞ്ഞി​നും ആ അന്യനാ​ടി​നോ​ടും അവിടത്തെ രീതി​ക​ളോ​ടും ഒത്തു​പോ​കാ​നാ​കു​മോ? അങ്ങനെ പോയി യോ​സേ​ഫി​ന്റെ ചിന്തകൾ!

2 അപ്രതീ​ക്ഷി​ത​മാ​യി അറിഞ്ഞ അശുഭ​വാർത്ത എങ്ങനെ തന്റെ പ്രിയ​ത​മ​യോട്‌ അവതരി​പ്പി​ക്കും എന്ന്‌ യോ​സേഫ്‌ ആദ്യം ചിന്തി​ച്ചി​ട്ടു​ണ്ടാ​കും. എങ്കിലും അവൻ ധൈര്യം സംഭരിച്ച്‌ വിവരം മറിയയെ അറിയി​ച്ചു. ഹെരോ​ദാവ്‌ തങ്ങളുടെ ഓമന​പ്പു​ത്രനെ കൊല്ലാൻ നോക്കു​ന്നെ​ന്നും ഉടനെ അവിടം വിട്ടു​പോ​ക​ണ​മെ​ന്നും യോ​സേഫ്‌ പറഞ്ഞു. സ്വപ്‌ന​ത്തിൽ ദൈവ​ത്തി​ന്റെ ദൂതൻ തനിക്ക്‌ പ്രത്യ​ക്ഷ​പ്പെട്ട്‌ അറിയി​ച്ച​താണ്‌ ഈ കാര്യ​മെ​ന്നും പറഞ്ഞു. (മത്തായി 2:13, 14 വായി​ക്കുക.) മറിയയ്‌ക്ക്‌ ആകെ ആധിയാ​യി! നിഷ്‌ക​ള​ങ്ക​നായ ഈ പൊ​ന്നോ​മ​നയെ കൊല്ലു​ക​യോ? എന്തിന്‌? മറിയയ്‌ക്കും യോ​സേ​ഫി​നും ഒന്നും മനസ്സി​ലാ​യില്ല. പക്ഷേ, അവർ യഹോവ പറഞ്ഞത്‌ അതുപടി വിശ്വ​സി​ച്ചു. അവർ ബേത്ത്‌ലെ​ഹെം വിടാൻ തീരു​മാ​നിച്ച്‌ യാത്രയ്‌ക്ക്‌ ഒരുങ്ങി.

3. യോ​സേ​ഫും കുടും​ബ​വും ബേത്ത്‌ലെ​ഹെം വിട്ടു​പോ​രുന്ന രംഗം വിവരി​ക്കുക. (ചിത്ര​വും കാണുക.)

3 ചുരു​ള​ഴി​യുന്ന ഈ നാടക​ത്തെ​ക്കു​റിച്ച്‌ ഒന്നുമ​റി​യാ​തെ ബേത്ത്‌ലെ​ഹെം ഉറങ്ങു​ക​യാണ്‌. യോ​സേ​ഫും മറിയ​യും കുഞ്ഞി​നെ​യും​കൊണ്ട്‌ ഇരുളി​ന്റെ മറപറ്റി പതിയെ ഗ്രാമ​ത്തി​നു പുറ​ത്തേക്ക്‌ കടന്നു. അവർ തെക്കു​ദി​ശ​യി​ലേ​ക്കാണ്‌ നീങ്ങു​ന്നത്‌. കിഴക്കേ ചക്രവാ​ള​ത്തിൽ ഇരുളിന്‌ കനം കുറഞ്ഞു​തു​ടങ്ങി. വെളിച്ചം വീഴാ​റാ​യെന്നു തോന്നു​ന്നു. യാത്ര​യിൽ എന്തൊക്കെ സംഭവി​ക്കു​മെന്ന്‌ യോ​സേ​ഫിന്‌ ഒരു ഊഹവു​മില്ല. കരുത്ത​രായ ശത്രു​ക്ക​ളിൽനിന്ന്‌ ഒരു പാവം മരപ്പണി​ക്കാ​ര​നായ താൻ എങ്ങനെ തന്റെ കുടും​ബത്തെ സംരക്ഷി​ക്കും? നിത്യ​വൃ​ത്തി​ക്കുള്ള വക കണ്ടെത്താൻ എപ്പോ​ഴും തനിക്കു പറ്റി​യെന്നു വരുമോ? യഹോ​വ​യാം ദൈവം തന്റെ കൈയി​ലേൽപ്പിച്ച ‘നിധി’ എത്ര കാലം സൂക്ഷി​ക്കാൻ തനിക്കു കഴിയും? കുഞ്ഞിനെ പോറ്റി​പ്പു​ലർത്തണം, സംരക്ഷി​ക്കണം, വളർത്തി​ക്കൊ​ണ്ടു​വ​രണം. ഭാരിച്ച നിയോ​ഗം​തന്നെ! തന്നെ​ക്കൊണ്ട്‌ അതിനു കഴിയാ​തെ പോകു​മോ? ഇതൊക്കെ ഓർത്ത​പ്പോൾത്തന്നെ യോ​സേ​ഫിന്‌ ഭയം തോന്നി​ക്കാ​ണും. എന്നാൽ പ്രതി​ബ​ന്ധങ്ങൾ നേരി​ട്ട​പ്പോൾ അവസര​ത്തി​നൊത്ത്‌ ഉയർന്ന്‌ അവയോ​രോ​ന്നും യോ​സേഫ്‌ ഭംഗി​യാ​യി കൈകാ​ര്യം ചെയ്‌തത്‌ എങ്ങനെ​യാ​ണെ​ന്നാണ്‌ ഇനി നമ്മൾ കാണാൻപോ​കു​ന്നത്‌. നമ്മളോ​രോ​രു​ത്ത​രും, വിശേ​ഷിച്ച്‌ ഇന്നുള്ള പിതാ​ക്ക​ന്മാർ യോ​സേ​ഫി​ന്റെ വിശ്വാ​സം അനുക​രി​ക്കേ​ണ്ടത്‌ എന്തു​കൊ​ണ്ടാ​ണെന്ന്‌ നമുക്ക്‌ നോക്കാം.

യോ​സേഫ്‌ തന്റെ കുടും​ബത്തെ സംരക്ഷി​ച്ചു

4, 5. (എ) യോ​സേ​ഫി​ന്റെ ജീവി​ത​ത്തിൽ വലിയ മാറ്റങ്ങ​ളു​ണ്ടാ​യത്‌ എങ്ങനെ? (ബി) ആ ഭാരിച്ച ഉത്തരവാ​ദി​ത്വം ഏറ്റെടു​ക്കാൻ ദൂതൻ യോ​സേ​ഫി​നെ ധൈര്യ​പ്പെ​ടു​ത്തി​യത്‌ എങ്ങനെ?

4 യോ​സേ​ഫി​ന്റെ ജീവി​ത​ത്തിൽ മാറ്റങ്ങൾ തുടങ്ങി​യത്‌ ഇപ്പോഴല്ല, കുറെ മാസങ്ങൾക്കു മുമ്പാണ്‌. അന്ന്‌ യോ​സേഫ്‌ സ്വന്തനാ​ടായ നസറെ​ത്തി​ലാണ്‌. ഹേലി​യു​ടെ മകൾ മറിയ​യു​മാ​യുള്ള വിവാ​ഹ​നി​ശ്ചയം കഴിഞ്ഞി​രി​ക്കുന്ന സമയം. നിഷ്‌ക​ള​ങ്ക​യും ദൈവ​ഭ​ക്ത​യും ആയ ഒരു പെൺകു​ട്ടി​യാണ്‌ മറിയ എന്ന്‌ യോ​സേ​ഫിന്‌ അറിയാ​മാ​യി​രു​ന്നു. പക്ഷേ, അങ്ങനെ​യി​രി​ക്കെ​യാണ്‌ അവൾ ഗർഭി​ണി​യാ​ണെന്ന വിവരം അവൻ അറിയു​ന്നത്‌! അവൾക്ക്‌ മാനഹാ​നി വരാതി​രി​ക്കാൻ അവളെ രഹസ്യ​മാ​യി ഉപേക്ഷി​ക്കാൻ, അതായത്‌ വിവാ​ഹ​മോ​ചനം നടത്താൻ, യോ​സേഫ്‌ തീരു​മാ​നി​ച്ചു. a പക്ഷേ, സ്വപ്‌ന​ത്തിൽ ഒരു ദൈവ​ദൂ​തൻ അവനോട്‌ സംസാ​രിച്ച്‌ യഹോ​വ​യു​ടെ പരിശു​ദ്ധാ​ത്മാ​വി​നാ​ലാണ്‌ അവൾ ഗർഭി​ണി​യാ​യി​രി​ക്കു​ന്ന​തെന്ന്‌ അറിയി​ച്ചു. അവൾക്ക്‌ ജനിക്കുന്ന പുത്രൻ തന്റെ “ജനത്തെ അവരുടെ പാപങ്ങ​ളിൽനി​ന്നു രക്ഷിക്കും” എന്നു ദൂതൻ പറഞ്ഞു. “നിന്റെ ഭാര്യ​യായ മറിയയെ വീട്ടി​ലേക്കു കൊണ്ടു​വ​രാൻ മടി​ക്കേണ്ടാ” എന്നും ദൂതൻ യോ​സേ​ഫിന്‌ ധൈര്യം​കൊ​ടു​ത്തു!—മത്താ. 1:18-21.

5 നീതി​മാ​നും അനുസ​ര​ണ​ശീ​ല​മു​ള്ള​വ​നും ആയിരു​ന്നു യോ​സേഫ്‌. അവൻ ദൂതൻ പറഞ്ഞതു​പോ​ലെ ആ ഭാരിച്ച നിയമനം ഏറ്റെടു​ത്തു: മറിയയ്‌ക്കു ജനിക്കാൻ പോകുന്ന കുഞ്ഞിനെ വളർത്തുക! എന്നാൽ ആ കുഞ്ഞ്‌ യോ​സേ​ഫി​ന്റെ സ്വന്തം മകനല്ല, പിന്നെ​യോ, ദൈവ​ത്തി​ന്റെ ഏറ്റവും പ്രിയ​ങ്ക​ര​നായ പുത്ര​നാണ്‌! അവനെ പോറ്റാ​നും സംരക്ഷി​ക്കാ​നും യോ​സേഫ്‌ തീരു​മാ​നി​ച്ചു. അങ്ങനെ​യി​രി​ക്കെ​യാണ്‌ ഒരു രാജകല്‌പന പുറ​പ്പെ​ട്ട​തും ഗർഭി​ണി​യായ ഭാര്യ​യെ​യും കൂട്ടി യോ​സേഫ്‌ ബേത്ത്‌ലെ​ഹെ​മി​ലേക്ക്‌ പേരു ചാർത്താൻ പോയ​തും. അവി​ടെ​വെ​ച്ചാണ്‌ കുട്ടി പിറക്കു​ന്നത്‌.

6-8. (എ) ഏതെല്ലാം സംഭവ​ങ്ങ​ളാണ്‌ യോ​സേ​ഫി​ന്റെ​യും അവന്റെ കൊച്ചു​കു​ടും​ബ​ത്തി​ന്റെ​യും ജീവിതം പിന്നെ​യും മാറ്റി​യത്‌? (ബി) സാത്താ​നാണ്‌ നക്ഷത്രം അയച്ചത്‌ എന്നുള്ള​തിന്‌ എന്തു തെളി​വുണ്ട്‌? (അടിക്കു​റി​പ്പും കാണുക.)

6 യോ​സേഫ്‌ കുടും​ബ​വു​മാ​യി നസറെ​ത്തി​ലേക്കു മടങ്ങി​യില്ല. അവർ ബേത്ത്‌ലെ​ഹെ​മിൽത്തന്നെ താമസി​ച്ചു. യെരു​ശ​ലേ​മിൽ നിന്ന്‌ ഏകദേശം പത്തു കിലോ​മീ​റ്റർ ദൂര​മേ​യു​ള്ളൂ അവി​ടേക്ക്‌. അവർ പാവ​പ്പെ​ട്ട​വ​രാ​യി​രു​ന്നു. എന്നാൽ മറിയ​യെ​യും യേശു​വി​നെ​യും പോറ്റാൻ യോ​സേഫ്‌ കഠിനാ​ധ്വാ​നം ചെയ്‌തു. കുറച്ച്‌ നാളു​കൾക്കു​ള്ളിൽത്തന്നെ അവർ ഒരു കൊച്ചു​വീ​ട്ടിൽ താമസം തുടങ്ങി. കുട്ടിക്ക്‌ ഏകദേശം ഒരു വയസ്സാ​യി​ക്കാ​ണും, അവരുടെ ജീവി​ത​ത്തിൽ വീണ്ടും പെട്ടെ​ന്നൊ​രു മാറ്റം സംഭവി​ച്ചു.

7 ഒരു ദിവസം ഒരു കൂട്ടം പുരു​ഷ​ന്മാർ മറിയ​യു​ടെ​യും യോ​സേ​ഫി​ന്റെ​യും വീട്ടി​ലെത്തി. കിഴക്കു​നി​ന്നുള്ള ജ്യോ​തി​ഷ​ക്കാ​രാ​യി​രു​ന്നു അവർ. ഒരുപക്ഷേ, അങ്ങുദൂ​രെ ബാബി​ലോ​ണിൽനി​ന്നാ​യി​രി​ക്കാം അവർ വരുന്നത്‌. ഒരു നക്ഷത്രത്തെ പിന്തു​ടർന്നാണ്‌ അവർ യാത്ര തുടങ്ങി​യത്‌. ആ നക്ഷത്രം അവരെ കൊ​ണ്ടെ​ത്തി​ച്ചത്‌ യോ​സേ​ഫും മറിയ​യും താമസി​ക്കുന്ന വീട്ടി​ലാണ്‌. യഹൂദ​ന്മാ​രു​ടെ രാജാ​വാ​യി​ത്തീ​രാ​നുള്ള ശിശു​വി​നെ അന്വേ​ഷി​ച്ചാണ്‌ ആ ജ്യോ​തി​ഷ​ക്കാ​രു​ടെ വരവ്‌. ഭക്ത്യാ​ദ​ര​ങ്ങ​ളോ​ടെ​യാണ്‌ ആ പുരു​ഷ​ന്മാർ എത്തിയി​രി​ക്കു​ന്നത്‌.

8 അറിഞ്ഞു​കൊ​ണ്ടാ​യാ​ലും അറിയാ​തെ​യാ​യാ​ലും ജ്യോ​തി​ഷ​ക്കാർ ശിശു​വായ യേശു​വി​ന്റെ ജീവൻ അപകട​ത്തി​ലാ​ക്കു​ക​യാ​യി​രു​ന്നു. അവർ കണ്ട നക്ഷത്രം ആദ്യം അവരെ നയിച്ചത്‌ നേരെ ബേത്ത്‌ലെ​ഹെ​മി​ലേക്കല്ല, യെരു​ശ​ലേ​മി​ലേ​ക്കാണ്‌. b അവി​ടെ​യെ​ത്തിയ അവർ ദുഷ്ടനായ ഹെരോ​ദാ​രാ​ജാ​വി​നോട്‌ യഹൂദ​ന്മാർക്ക്‌ രാജാ​വാ​യി​ത്തീ​രാ​നുള്ള ശിശു​വി​നെ അന്വേ​ഷി​ച്ചാണ്‌ തങ്ങൾ വരുന്ന​തെന്ന്‌ അറിയി​ച്ചു. ആ വാർത്ത കേട്ട ഹെരോ​ദാ​വി​ന്റെ​യു​ള്ളിൽ അസൂയ​യും കോപ​വും നിറഞ്ഞു.

9-11. (എ) ഹെരോ​ദാ​വി​നെ​ക്കാ​ളും സാത്താ​നെ​ക്കാ​ളും ശക്തനായ ഒരാൾ പ്രവർത്തി​ച്ചത്‌ ഏതെല്ലാം വിധങ്ങ​ളിൽ? (ബി) അപ്പൊ​ക്രി​ഫാ​പുസ്‌ത​ക​ങ്ങ​ളി​ലെ കെട്ടു​ക​ഥ​ക​ളിൽനി​ന്നു വ്യത്യസ്‌ത​മാ​യി ഈജിപ്‌തി​ലേ​ക്കുള്ള യോ​സേ​ഫി​ന്റെ​യും മറിയ​യു​ടെ​യും യാത്ര എങ്ങനെ​യു​ള്ള​താ​യി​രു​ന്നു?

9 എന്നാൽ സന്തോ​ഷ​ക​ര​മെന്നു പറയട്ടെ, ഹെരോ​ദാ​വി​നെ​ക്കാ​ളും സാത്താ​നെ​ക്കാ​ളും ശക്തനാ​യവൻ ഇതെല്ലാം നിരീ​ക്ഷി​ക്കു​ന്നു​ണ്ടാ​യി​രു​ന്നു. എങ്ങനെ അറിയാം? ശിശു​വി​നെ കാണാ​നാ​യി അവന്റെ വീട്ടി​ലെ​ത്തിയ സന്ദർശകർ അവന്‌ കാഴ്‌ചകൾ അർപ്പി​ച്ച​താ​യി നാം കാണുന്നു, അവർ പകരം ഒന്നും ചോദി​ച്ച​തു​മില്ല. “പൊന്നും കുന്തി​രി​ക്ക​വും മീറയും” ആണ്‌ അവർ കാഴ്‌ച​വെ​ച്ചത്‌. അമൂല്യ​മായ കാഴ്‌ച​വസ്‌തു​ക്കൾ! പെട്ടെന്ന്‌ ഇത്രയും സമ്പത്ത്‌ തങ്ങളുടെ കൈവശം വന്നു​ചേർന്നതു കണ്ട്‌ യോ​സേ​ഫും മറിയ​യും അത്ഭുത​പ്പെ​ട്ടു​പോ​യി​ട്ടു​ണ്ടാ​കും! തിരി​ച്ചു​പോ​യി ഹെരോ​ദാ​രാ​ജാ​വി​നോട്‌, കുട്ടിയെ കണ്ടെത്തിയ കാര്യം പറയണ​മെന്നു വിചാ​രി​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു ജ്യോ​തി​ഷ​ക്കാർ. പക്ഷേ, യഹോവ ഇടപെട്ടു. വേറൊ​രു വഴിയാ​യി സ്വദേ​ശ​ത്തേക്കു മടങ്ങാൻ യഹോവ ഒരു സ്വപ്‌ന​ത്തിൽ ആ പുരു​ഷ​ന്മാ​രോട്‌ ആവശ്യ​പ്പെട്ടു.മത്തായി 2:1-12 വായി​ക്കുക.

10 ജ്യോ​തി​ഷ​ക്കാർ പോയ​തും, യഹോ​വ​യു​ടെ ദൂതൻ സ്വപ്‌ന​ത്തിൽ യോ​സേ​ഫിന്‌ ഈ മുന്നറി​യിപ്പ്‌ കൊടു​ത്തു: “എഴു​ന്നേറ്റ്‌ ശിശു​വി​നെ​യും അവന്റെ അമ്മയെ​യും കൂട്ടി ഈജിപ്‌റ്റി​ലേക്ക്‌ ഓടി​പ്പോ​കുക; ഞാൻ പറയു​ന്ന​തു​വരെ അവി​ടെ​ത്തന്നെ പാർക്കുക; ശിശു​വി​നെ കൊ​ല്ലേ​ണ്ട​തിന്‌ ഹെരോ​ദാവ്‌ അവനു​വേണ്ടി തിരച്ചിൽന​ട​ത്താൻ ഒരുങ്ങു​ന്നു.” (മത്താ. 2:13) അതു കേട്ടതേ, അനുസ​ര​ണ​യോ​ടെ യാത്രയ്‌ക്ക്‌ തയ്യാ​റെ​ടുത്ത യോ​സേ​ഫി​നെ​ക്കു​റി​ച്ചാണ്‌ ഈ അധ്യാ​യ​ത്തി​ന്റെ തുടക്ക​ത്തിൽ നാം കണ്ടത്‌. കുട്ടി​യു​ടെ സുരക്ഷ​യാ​യി​രു​ന്നു യോ​സേ​ഫിന്‌ ഏറ്റവും പ്രധാനം. അതു​കൊണ്ട്‌ അവൻ കുടും​ബ​ത്തെ​യും കൂട്ടി ഈജിപ്‌തി​ലേക്കു പോയി. ആ പുറജാ​തീ​യ​രായ ജ്യോ​തി​ഷ​ക്കാർ കാഴ്‌ച​വെച്ച വിലപി​ടി​പ്പുള്ള വസ്‌തു​ക്കൾ കൈവ​ശ​മു​ള്ള​തു​കൊണ്ട്‌, യാത്ര​യി​ലും അവിടെ ചെന്ന്‌ താമസി​ക്കു​മ്പോ​ഴും കുടും​ബത്തെ പരിപാ​ലി​ക്കാൻ യോ​സേ​ഫിന്‌ കഴിയു​മാ​യി​രു​ന്നു.

തന്റെ കുട്ടിയെ സംരക്ഷി​ക്കാൻ ഉടനടി തീരു​മാ​ന​മെ​ടുത്ത നിസ്വാർഥ​നായ മനുഷ്യ​നാ​യി​രു​ന്നു യോ​സേഫ്‌

11 കാനോ​നി​ക​മ​ല്ലാത്ത അപ്പൊ​ക്രി​ഫാ​പുസ്‌ത​ക​ങ്ങ​ളി​ലെ കെട്ടു​ക​ഥ​ക​ളും പഴങ്കഥ​ക​ളും ഈജിപ്‌തി​ലേ​ക്കുള്ള ഈ യാത്രയെ പിന്നീട്‌ അതിശ​യോ​ക്തി കലർത്തി വർണി​ച്ചി​ട്ടുണ്ട്‌. ഉണ്ണി​യേശു അത്ഭുതം പ്രവർത്തിച്ച്‌ യാത്രാ​ദൂ​രം കുറ​ച്ചെന്ന്‌ ഒരു കഥ! കൊള്ള​ക്കാ​രെ കുഞ്ഞാ​ടു​ക​ളെ​പ്പോ​ലെ സൗമ്യ​രാ​ക്കി​യെന്ന്‌ വേറൊ​രു കഥ! അമ്മയ്‌ക്ക്‌ പഴം പറിക്കാൻ പാകത്തിന്‌ ഈന്തപ്പ​നകൾ തലകു​നിച്ച്‌ നിൽക്കാൻ ഉണ്ണി​യേശു ഇടയാ​ക്കി​യെ​ന്നും കഥയുണ്ട്‌! c എന്നാൽ വാസ്‌ത​വ​മോ? ഒരു സാധു​കു​ടും​ബ​ത്തി​ന്റെ കഷ്ടപ്പാ​ടും ആശങ്കക​ളും നിറഞ്ഞ ഒരു ദീർഘ​യാ​ത്ര, അതും പരിച​യ​മി​ല്ലാത്ത ഒരു ദേശ​ത്തേക്ക്‌!

കുടുംബത്തിന്റെ നന്മയ്‌ക്കാ​യി യോ​സേഫ്‌ സ്വന്തം സുഖങ്ങൾ ത്യജിച്ചു

12. നാലു​പാ​ടും അപകടം നിറഞ്ഞ ഒരു ലോക​ത്തിൽ മക്കളെ വളർത്തി​ക്കൊ​ണ്ടു​വ​രുന്ന അച്ഛനമ്മ​മാർക്ക്‌ യോ​സേ​ഫിൽനിന്ന്‌ എന്തു പഠിക്കാം?

12 മാതാ​പി​താ​ക്കൾക്ക്‌ യോ​സേ​ഫിൽനിന്ന്‌ ധാരാളം കാര്യങ്ങൾ പഠിക്കാ​നുണ്ട്‌. യോ​സേഫ്‌ കുടും​ബത്തെ അപകട​ത്തിൽനി​ന്നു രക്ഷിക്കാ​നാ​യി അപ്പോൾത്തന്നെ ജോലി​കാ​ര്യ​ങ്ങൾ മാറ്റി​വെച്ചു, സ്വന്തസു​ഖങ്ങൾ കാര്യ​മാ​ക്കി​യില്ല. തന്റെ കുടും​ബത്തെ യഹോ​വ​യിൽനി​ന്നുള്ള പാവന​മായ ഒരു നിധി​യാ​യി​ട്ടാണ്‌ അവൻ കണ്ടത്‌. അപകടം നിറഞ്ഞ ഒരു ലോക​ത്തി​ലാണ്‌ ഇന്നത്തെ മാതാ​പി​താ​ക്കൾ മക്കളെ വളർത്തി​ക്കൊ​ണ്ടു​വ​രു​ന്നത്‌. കുഞ്ഞു​ങ്ങളെ അപകട​ത്തി​ലാ​ക്കു​ക​യും ദുഷി​പ്പി​ക്കു​ക​യും നശിപ്പി​ക്കു​ക​യും ചെയ്യുന്ന ദുഷ്ടസ്വാ​ധീ​നങ്ങൾ നിറഞ്ഞ ഒരു ലോക​മാ​ണിത്‌. മാതാ​പി​താ​ക്കളേ, അപകട​ങ്ങ​ളിൽനിന്ന്‌ മക്കളെ സംരക്ഷി​ക്കാൻ നിങ്ങൾ യോ​സേ​ഫി​നെ​പ്പോ​ലെ വിവേ​ക​ത്തോ​ടെ, ഉടനടി പ്രവർത്തി​ക്കു​ന്നു​ണ്ടോ? അവർക്ക്‌ അപകടം പിണയാ​തി​രി​ക്കാൻ നിങ്ങൾ ജാഗ്ര​ത​യോ​ടി​രി​ക്കു​ന്നു​ണ്ടോ? ഇങ്ങനെ കഠിനാ​ധ്വാ​നം ചെയ്യുന്ന നിങ്ങളെ ഓരോ​രു​ത്ത​രെ​യും എത്ര അഭിന​ന്ദി​ച്ചാ​ലും മതിയാ​കില്ല!

യോ​സേഫ്‌ കുടും​ബത്തെ പോറ്റി​പ്പു​ലർത്തി

13, 14. യോ​സേ​ഫും മറിയ​യും നസറെ​ത്തി​ലേക്കു തിരി​ച്ചു​പോ​യി അവിടെ താമസം തുടങ്ങാ​നി​ട​യാ​യത്‌ എങ്ങനെ?

13 യോ​സേ​ഫി​ന്റെ കുടും​ബം ഈജിപ്‌തിൽ അധിക​നാൾ തങ്ങിയ​താ​യി തോന്നു​ന്നില്ല. കാരണം, വൈകാ​തെ​തന്നെ ദൂതൻ ഹെരോ​ദാവ്‌ മരിച്ച വിവരം യോ​സേ​ഫി​നെ അറിയി​ച്ചു. യോ​സേഫ്‌ കുടും​ബ​വു​മാ​യി ആ അന്യനാ​ട്ടിൽനി​ന്നു ഇസ്രാ​യേ​ലി​ലേക്കു മടങ്ങി. തന്റെ പുത്രനെ “ഈജിപ്‌റ്റിൽനി​ന്നു” വിളി​ച്ചു​വ​രു​ത്തു​മെന്ന്‌ മുൻകാ​ലത്ത്‌ യഹോവ പ്രവചി​ച്ചി​ട്ടു​ണ്ടാ​യി​രു​ന്നു. (മത്താ. 2:15) അങ്ങനെ ആ പ്രവചനം സത്യമാ​യി​ത്തീർന്നു, യോ​സേ​ഫി​നും അതിൽ ഒരു പങ്കുണ്ടാ​യെന്നു പറയാം. അതിരി​ക്കട്ടെ, കുടും​ബ​ത്തെ​യും​കൊണ്ട്‌ യോ​സേഫ്‌ എവിടെ പോയി താമസി​ക്കും?

14 നല്ല ജാഗ്ര​ത​യുള്ള ആളായി​രു​ന്നു യോ​സേഫ്‌. ഹെരോ​ദാ​വി​നെ​പ്പോ​ലെ​തന്നെ ദുഷ്ടനും കൊല​പാ​ത​കി​യും ആയ അർക്കെ​ല​യൊസ്‌ ആണ്‌ യെരു​ശ​ലേ​മി​ലെ ഇപ്പോ​ഴത്തെ രാജാ​വെന്ന്‌ അറിഞ്ഞ​പ്പോൾ അങ്ങോട്ടു പോകാൻ യോ​സേ​ഫിന്‌ ഭയം തോന്നി, ആ ഭയം ന്യായ​വു​മാ​യി​രു​ന്നു. ദൈവ​ത്തിൽനി​ന്നു മുന്നറി​യി​പ്പു ലഭിച്ചിട്ട്‌ യോ​സേഫ്‌ കുടും​ബ​ത്തെ​യും കൂട്ടി വടക്ക്‌ ഗലീല​യി​ലെ സ്വന്തപ​ട്ട​ണ​മായ നസറെ​ത്തി​ലേക്കു പോയി. അവന്റെ കുടും​ബ​ത്തിന്‌ അപകട​ഭീ​ഷണി ഉണ്ടായ യെരു​ശ​ലേ​മിൽനിന്ന്‌ വളരെ അകലെ​യാ​യി​രു​ന്നു നസറെത്ത്‌. അവിടെ അവർ താമസം തുടങ്ങി.മത്തായി 2:19-23 വായി​ക്കുക.

15, 16. യോ​സേ​ഫി​ന്റെ ജോലി എങ്ങനെ​യു​ള്ള​താ​യി​രു​ന്നു, അവൻ മരപ്പണിക്ക്‌ ഉപയോ​ഗി​ച്ചി​രുന്ന ഉപകര​ണങ്ങൾ ഏതെല്ലാ​മാ​യി​രി​ക്കാം?

15 ഒരു ലളിത​ജീ​വി​ത​മാ​യി​രു​ന്നു അവരു​ടേത്‌, പക്ഷേ അത്‌ പറയു​ന്ന​തു​പോ​ലെ അത്ര എളുപ്പ​മാ​യി​രു​ന്നില്ല. ബൈബിൾ, യോ​സേ​ഫി​നെ തച്ചൻ എന്നാണ്‌ വിളി​ക്കു​ന്നത്‌. മരവും തടിയും ഉപയോ​ഗി​ച്ചുള്ള എല്ലാ പണിക​ളും ചെയ്യുന്ന ഒരാ​ളെ​യാണ്‌ തച്ചൻ എന്നതു​കൊണ്ട്‌ ഉദ്ദേശി​ക്കു​ന്നത്‌. തച്ചന്റെ ജോലി​കൾ പലതാണ്‌: മരമു​ള്ളി​ടത്തു പോയി, പറ്റിയ മരം കണ്ടെത്തി വെട്ടി വീഴ്‌ത്തണം, അത്‌ പണിസ്ഥ​ലത്ത്‌ എത്തിക്കണം, തൊലി ചെത്തി ഉണക്കി പരുവ​പ്പെ​ടു​ത്തണം. അത്‌ ഉപയോ​ഗി​ച്ചാണ്‌ വീടുകൾ, വള്ളങ്ങൾ, ചെറു​പാ​ലങ്ങൾ, വലിച്ചു​കൊ​ണ്ടു​പോ​കുന്ന വണ്ടികൾ, ചക്രങ്ങൾ, നുകങ്ങൾ എന്നിവ​യും കൃഷി​യാ​വ​ശ്യ​ത്തി​നുള്ള എല്ലാത്തരം ഉപകര​ണ​ങ്ങ​ളും പണിതു​ണ്ടാ​ക്കു​ന്നത്‌. (മത്താ. 13:55) നല്ല ശാരീ​രി​കാ​ധ്വാ​നം വേണ്ടി​വ​രുന്ന ജോലി​യാണ്‌ ഇത്‌. ബൈബിൾക്കാ​ല​ങ്ങ​ളിൽ, തച്ചൻ അയാളു​ടെ കൊച്ചു​വീ​ടി​ന്റെ മുൻവ​ശത്ത്‌ വാതി​ലി​നോ​ടു ചേർന്നോ, വീടി​നോ​ടു തൊട്ടുള്ള പണിപ്പു​ര​യി​ലോ ആണ്‌ മരപ്പണി​കൾ ചെയ്‌തു​പോ​ന്നി​രു​ന്നത്‌.

16 യോ​സേ​ഫി​ന്റെ പണിശാ​ല​യിൽ തടിപ്പ​ണി​ക്കുള്ള എല്ലാത്തരം ഉപകര​ണ​ങ്ങ​ളും ഉണ്ടായി​രു​ന്നു. ചിലത്‌ യോ​സേ​ഫി​ന്റെ അപ്പൻ ഉപയോ​ഗി​ച്ചി​രു​ന്ന​വ​യാ​കാം. നമുക്ക്‌ യോ​സേ​ഫി​ന്റെ പണിശാ​ല​യി​ലേ​ക്കൊ​ന്നു കണ്ണോ​ടി​ച്ചാ​ലോ. മട്ടം, തൂക്കുകട്ട, മുഴ​ക്കോൽ, കൈ​ക്കോ​ടാ​ലി, കൈവാൾ, ചീകുളി, ഇരുമ്പു​ചു​റ്റിക, കൊട്ടു​വടി, പലതരം ഉളികൾ അങ്ങനെ​യെ​ല്ലാ​മുണ്ട്‌. തടി തുളയ്‌ക്കുന്ന പിരിയൻ തമര്‌ ഒരു വശത്ത്‌ വെച്ചി​രി​ക്കു​ന്നു. ഒരു ചെറിയ വില്ലിന്റെ ഞാൺ, തമരിന്റെ പിരി​യിൽ ചുറ്റി മുമ്പോ​ട്ടും പുറ​കോ​ട്ടും വലിച്ചാണ്‌ തടിയിൽ തുളയി​ടു​ന്നത്‌. പിന്നെ, പലയിനം പശകൾ നിരത്തി​വെ​ച്ചി​ട്ടുണ്ട്‌. അപ്പുറത്ത്‌ കുറച്ച്‌ ആണികൾ. നല്ല വിലവ​രു​ന്ന​വ​യാ​ണെന്നു തോന്നു​ന്നു.

17, 18. (എ) വളർത്ത​ച്ഛ​നിൽനിന്ന്‌ യേശു എന്തെല്ലാം കാര്യങ്ങൾ പഠിച്ചു? (ബി) യോ​സേ​ഫിന്‌ പഴയതി​ലും കൂടുതൽ കഠിനാ​ധ്വാ​നം ചെയ്യേ​ണ്ടി​വ​ന്നത്‌ എന്തു​കൊണ്ട്‌?

17 വളർത്തച്ഛൻ ജോലി ചെയ്യു​ന്നത്‌ ശ്രദ്ധ​യോ​ടെ നോക്കി​നിൽക്കുന്ന ബാലനായ യേശു​വി​നെ നിങ്ങൾക്കു കാണാ​മോ? യോ​സേ​ഫി​ന്റെ ഓരോ ചലനങ്ങ​ളും കൗതു​ക​ത്തോ​ടെ നോക്കു​ക​യാണ്‌ അവൻ. അച്ഛന്റെ വീതി​യേ​റിയ ചുമലു​കൾ, ബലിഷ്‌ഠ​മായ കരങ്ങൾ, ആ കൈച്ചു​റുക്ക്‌, കണ്ണുക​ളി​ലെ ബുദ്ധി​കൂർമത, അതെല്ലാം കണ്ട്‌ അത്ഭുതം​കൂ​റു​ക​യാണ്‌ ആ കൊച്ചു​ബാ​ലൻ! നോക്കി​നിൽക്കുന്ന മകനെ അടുത്ത്‌ വിളിച്ച്‌ ചെറിയ ചില പണികൾ യോ​സേഫ്‌ ഏൽപ്പി​ച്ചു​കൊ​ടു​ത്തി​ട്ടു​ണ്ടാ​വി​ല്ലേ? ഉണക്കി​യെ​ടുത്ത മീൻതു​കൽ ഉപയോ​ഗിച്ച്‌ തടിയു​ടെ പരുക്കൻ പ്രതലങ്ങൾ മിനു​സ​പ്പെ​ടു​ത്തു​ന്ന​തു​പോ​ലെ​യുള്ള ജോലി​കൾ? കാട്ടത്തി, ഓക്ക്‌, ഒലിവ്‌ തുടങ്ങി പലയിനം തടികൾ തമ്മിലുള്ള വ്യത്യാ​സങ്ങൾ അവൻ യേശു​വിന്‌ പറഞ്ഞു​കൊ​ടു​ത്തി​ട്ടു​ണ്ടാ​വി​ല്ലേ?

മകൻ സമർഥ​നായ ഒരു മരപ്പണി​ക്കാ​ര​നാ​യി​ത്തീ​രാ​നുള്ള പരിശീ​ലനം യോ​സേഫ്‌ നൽകി

18 മരങ്ങൾ വെട്ടി​വീഴ്‌ത്തു​ക​യും തുലാങ്ങൾ മുറിച്ച്‌ മിനു​ക്കു​ക​യും തടിക്ക​ഷ​ണങ്ങൾ കൂട്ടി​യോ​ജി​പ്പി​ക്കാ​നാ​യി തടിയു​ടെ ചേർപ്പു​കൾ അടിച്ച​ടിച്ച്‌ ഉറപ്പി​ക്കു​ക​യും ചെയ്യുന്ന യോ​സേ​ഫി​ന്റെ ബലിഷ്‌ഠ​ക​രങ്ങൾ! ബലിഷ്‌ഠ​മായ ആ കരങ്ങൾത​ന്നെ​യാ​ണ​ല്ലോ തന്നെയും അമ്മയെ​യും കൂടെ​പ്പി​റ​പ്പു​ക​ളെ​യും മൃദു​ല​വാ​ത്സ​ല്യ​ങ്ങ​ളോ​ടെ തലോ​ടു​ന്നത്‌, സാന്ത്വ​നി​പ്പി​ക്കു​ന്നത്‌! വളർത്ത​ച്ഛ​നായ യോ​സേഫ്‌ പണി ചെയ്യു​ന്നത്‌ സ്‌നേ​ഹാ​ദ​ര​ങ്ങ​ളോ​ടെ നോക്കി നിൽക്കുന്ന യേശു​വി​നെ ഒന്നു സങ്കല്‌പി​ച്ചു​നോ​ക്കൂ! യേശു മാത്രമല്ല അവനെ കൂടാതെ കുറഞ്ഞത്‌ ആറു കുട്ടി​ക​ളെ​ങ്കി​ലും ആ ദമ്പതി​കൾക്കു ജനിച്ചു. അങ്ങനെ അതൊരു വലിയ കുടും​ബ​മാ​യി! (മത്താ. 13:55, 56) ഇവരുടെ എല്ലാ കാര്യ​ങ്ങ​ളും നോക്കി നടത്തണം. യോ​സേ​ഫി​ന്റെ ജോലി​യും ഉത്തരവാ​ദി​ത്വ​ങ്ങ​ളും കൂടി.

കുടുംബത്തിന്റെ ആത്മീയാ​വ​ശ്യ​ങ്ങൾക്കാ​യി കരുതു​ന്ന​താണ്‌ പരമ​പ്ര​ധാ​ന​മെന്ന്‌ യോ​സേഫ്‌ മനസ്സി​ലാ​ക്കി

19. കുടും​ബ​ത്തി​ന്റെ ആത്മീയാ​വ​ശ്യ​ങ്ങൾക്ക്‌ യോ​സേഫ്‌ ശ്രദ്ധയും കരുത​ലും കാണി​ച്ചത്‌ എങ്ങനെ?

19 എന്നിരു​ന്നാ​ലും, ഈ ജോലി​ക​ളെ​ക്കാ​ളെ​ല്ലാം പ്രധാനം തന്റെ കുടും​ബ​ത്തിന്‌ ദൈവ​വു​മാ​യുള്ള ഉറ്റബന്ധ​മാ​ണെന്ന്‌ യോ​സേഫ്‌ മനസ്സി​ലാ​ക്കി. അതു​കൊണ്ട്‌ യഹോ​വ​യാം ദൈവ​ത്തെ​യും അവന്റെ നിയമ​ങ്ങ​ളെ​യും കുറിച്ച്‌ തന്റെ മക്കളെ പഠിപ്പി​ക്കാൻ അവൻ സമയം കണ്ടെത്തി. ന്യായ​പ്ര​മാ​ണം ഉച്ചത്തിൽ വായി​ക്കു​ക​യും വിശദീ​ക​രി​ക്കു​ക​യും ചെയ്യുന്ന സിന​ഗോ​ഗിൽ യോ​സേ​ഫും മറിയ​യും കുട്ടി​ക​ളെ​യും കൂട്ടി പോകുക പതിവാ​യി​രു​ന്നു. സിന​ഗോ​ഗിൽനിന്ന്‌ മടങ്ങു​ന്ന​വഴി, ബാലനായ യേശു യോ​സേ​ഫി​നോട്‌ തുരു​തു​രാ ചോദ്യ​ങ്ങൾ ചോദി​ച്ചി​ട്ടു​ണ്ടാ​വി​ല്ലേ? യഹോ​വ​യെ​യും അവന്റെ നിയമ​ങ്ങ​ളെ​യും കുറി​ച്ചുള്ള മകന്റെ ചോദ്യ​ങ്ങൾക്ക്‌ ഉത്തരം നൽകാൻ യോ​സേഫ്‌ കഴിയു​ന്ന​തു​പോ​ലെ​യെ​ല്ലാം ശ്രമി​ച്ചി​ട്ടു​ണ്ടാ​കും. യോ​സേഫ്‌ കുടും​ബ​ത്തെ​യും കൂട്ടി യെരു​ശ​ലേ​മി​ലെ ആലയത്തിൽ ഉത്സവങ്ങൾക്കും പോകു​മാ​യി​രു​ന്നു. വാർഷിക പെസഹാ ആചരണ​ത്തിന്‌ 120 കിലോ​മീ​റ്റർ അകലെ​യുള്ള യെരു​ശ​ലേ​മി​ലേക്ക്‌ യാത്ര​ചെയ്‌ത്‌, പെസഹാ ആചരിച്ച്‌ മടങ്ങി വരാൻ ഏതാണ്ട്‌ രണ്ടാഴ്‌ച​യെ​ടു​ക്കും.

യെരു​ശ​ലേ​മി​ലെ ആലയത്തിൽ ആരാധ​ന​യ്‌ക്കാ​യി കുടും​ബ​ത്തെ​യും കൂട്ടി പോകുന്ന പതിവ്‌ യോസേഫിനു​ണ്ടായിരുന്നു

20. കുടും​ബ​നാ​ഥ​ന്മാർക്ക്‌ യോ​സേ​ഫി​ന്റെ മാതൃക എങ്ങനെ അനുക​രി​ക്കാ​നാ​കും?

20 ഇന്ന്‌ ദൈവ​ജ​ന​ത്തി​നി​ട​യി​ലെ കുടും​ബ​നാ​ഥ​ന്മാർ യോ​സേ​ഫി​ന്റെ ഈ മാതൃക അനുക​രി​ക്കു​ന്നു. കുടും​ബ​ത്തി​നു​വേണ്ടി കരുതാൻ അവർ കഠിനാ​ധ്വാ​നം ചെയ്യുന്നു. എന്നാൽ മക്കളെ യഹോ​വ​യെ​ക്കു​റിച്ച്‌ പഠിപ്പി​ക്കു​ന്ന​തി​നാണ്‌ അവർ ഏറെ പ്രാധാ​ന്യം നൽകു​ന്നത്‌. എന്തു ത്യാഗം സഹിച്ചും അവർ കുടും​ബാ​രാ​ധന മുടങ്ങാ​തെ നടത്തും. സഭാ​യോ​ഗ​ങ്ങൾക്കും സമ്മേള​ന​ങ്ങൾക്കും കൺ​വെൻ​ഷ​നു​കൾക്കും ഈ കുടും​ബ​നാ​ഥ​ന്മാർ മക്കളെ കൊണ്ടു​പോ​കും. അവർക്കു​വേണ്ടി മാതാ​പി​താ​ക്കൾക്ക്‌ സ്വരൂ​പി​ക്കാൻ കഴിയുന്ന ഏറ്റവും വലിയ നിക്ഷേപം ഇതാ​ണെന്ന്‌ യോ​സേ​ഫി​നെ​പ്പോ​ലെ ഈ കുടും​ബ​നാ​ഥ​ന്മാർക്കും അറിയാം.

“വേവലാ​തി​യോ​ടെ”

21. യോ​സേ​ഫി​ന്റെ കുടും​ബ​ത്തിന്‌ പെസഹാ​ക്കാ​ലം എങ്ങനെ​യുള്ള സമയമാ​യി​രു​ന്നു, യേശു​വി​നെ കാണാ​നി​ല്ലെന്ന്‌ യോ​സേ​ഫും മറിയ​യും തിരി​ച്ച​റി​ഞ്ഞത്‌ എപ്പോ​ഴാണ്‌?

21 യേശു​വിന്‌ 12 വയസ്സു​ള്ള​പ്പോൾ യോ​സേഫ്‌ പതിവു​പോ​ലെ കുടും​ബ​ത്തെ​യും കൂട്ടി യെരു​ശ​ലേ​മി​ലേക്കു പോയി. അത്‌ പെസഹാ​യു​ടെ സമയമാ​യി​രു​ന്നു, ആവേശം നിറഞ്ഞ ഉത്സവകാ​ലം! വലിയ കുടും​ബങ്ങൾ കൂട്ടങ്ങ​ളാ​യി ഒരുമി​ച്ചാണ്‌ യെരു​ശ​ലേ​മി​ലേക്ക്‌ സഞ്ചരി​ക്കാറ്‌. വസന്തമാ​യ​തി​നാൽ നാട്ടിൻപു​റ​ത്തെ​വി​ടെ​യും പച്ചപ്പിന്റെ സമൃദ്ധി! ആ യാത്ര​യു​ടെ രസം ഊഹി​ക്കാ​മ​ല്ലോ. യെരു​ശ​ലേ​മി​ലേ​ക്കുള്ള കയറ്റം അടുക്കു​ക​യാണ്‌. പച്ചപ്പു കുറഞ്ഞ മലഞ്ചെ​രി​വു​ക​ളാണ്‌ ഇനിയ​ങ്ങോട്ട്‌. അവി​ടെ​യെ​ത്തു​മ്പോൾ പലരും സങ്കീർത്ത​ന​ങ്ങ​ളി​ലെ മനഃപാ​ഠ​മാ​ക്കിയ ആരോ​ഹ​ണ​ഗീ​തങ്ങൾ ആലപി​ക്കാ​റുണ്ട്‌. (സങ്കീ. 120–134) ലക്ഷക്കണ​ക്കിന്‌ ആളുകൾ നഗരത്തിൽ എത്തു​മ്പോൾ എന്തു തിരക്കാ​യി​രി​ക്കും! അത്യാ​ഹ്ലാ​ദം നിറഞ്ഞ ഉത്സവവേള! അതു കഴിഞ്ഞാൽ പിന്നെ മടക്കയാ​ത്ര. കുടും​ബങ്ങൾ യാത്രാ​സം​ഘ​ങ്ങ​ളാ​യി താന്താ​ങ്ങ​ളു​ടെ നാടു​ക​ളി​ലേക്ക്‌ മടങ്ങു​ക​യാ​യി. ഒരുപക്ഷേ, യോ​സേ​ഫി​നും മറിയയ്‌ക്കും പല കാര്യങ്ങൾ ശ്രദ്ധി​ക്കേ​ണ്ടി​വ​ന്നി​രി​ക്കാം. അതു​കൊ​ണ്ടാ​വാം, മടക്കയാ​ത്ര​യിൽ യേശു കുടും​ബാം​ഗ​ങ്ങ​ളു​ടെ ഒപ്പമോ മറ്റ്‌ യാത്ര​ക്കാ​രു​ടെ കൂടെ​യോ ഉണ്ടായി​രി​ക്കു​മെന്നു കരുതി അവർ യാത്ര തുടർന്നത്‌. അങ്ങനെ യെരു​ശ​ലേ​മിൽനിന്ന്‌ ഒരു ദിവസത്തെ വഴിദൂ​രം പിന്നിട്ടു. അപ്പോ​ഴാണ്‌ അവർ ആ ഞെട്ടി​ക്കുന്ന സത്യം തിരി​ച്ച​റി​ഞ്ഞത്‌. യേശു​വി​നെ കാണാ​നില്ല!—ലൂക്കോ. 2:41-44.

22, 23. മകനെ കാണാ​താ​യ​പ്പോൾ യോ​സേ​ഫും മറിയ​യും എന്തു ചെയ്‌തു, ഒടുവിൽ അവനെ കണ്ടെത്തി​യ​പ്പോൾ മറിയ എന്തു പറഞ്ഞു?

22 വേവലാ​തി​യോ​ടെ അവർ യെരു​ശ​ലേ​മി​ലേക്ക്‌ തിരിച്ച്‌ നടന്നു. ഇപ്പോൾ നഗരത്തി​ലെ തിര​ക്കൊ​ഴി​ഞ്ഞി​രി​ക്കു​ന്നു. ആളൊ​ഴിഞ്ഞ തെരു​വീ​ഥി​ക​ളി​ലൂ​ടെ മകന്റെ പേരും വിളിച്ച്‌ ആധി​യോ​ടെ അലയുന്ന ആ അച്ഛനമ്മ​മാ​രെ നിങ്ങൾക്ക്‌ കാണാ​നാ​കു​ന്നു​ണ്ടോ? അവൻ എവി​ടെ​പ്പോ​യി? അവർ തിരക്കി​ക്കൊ​ണ്ടേ​യി​രു​ന്നു. മൂന്നാം ദിവസം ആയപ്പോ​ഴേ​ക്കും യോ​സേഫ്‌ ആകെ തളർന്നു​കാ​ണും. യഹോവ തന്നെ ഏൽപ്പിച്ച ആ ‘നിധി’ കാത്തു​സൂ​ക്ഷി​ക്കു​ന്ന​തിൽ തനിക്കു വീഴ്‌ച പറ്റിയോ? യോ​സേ​ഫി​ന്റെ ഉള്ളൊന്നു പിടഞ്ഞോ? അങ്ങനെ തേടി​ത്തേടി ഒടുവിൽ അവർ ആലയത്തി​ലെത്തി. ആലയത്തി​ന്റെ മുക്കും മൂലയും എല്ലാം തിരഞ്ഞ്‌ ഒടുവിൽ അവർ എത്തി​പ്പെ​ട്ടത്‌ വിശാ​ല​മാ​യൊ​രു മുറി​യി​ലാണ്‌. അവിടെ ന്യായ​പ്ര​മാ​ണ​ത്തിൽ വൈദഗ്‌ധ്യ​മുള്ള പണ്ഡിത​ന്മാർ ഒരുമിച്ച്‌ കൂടി​യി​രി​ക്കു​ക​യാണ്‌. നോക്കു​മ്പോൾ അതാ, അവരുടെ നടുവിൽ യേശു ഇരിക്കു​ന്നു! യോ​സേ​ഫി​നും മറിയയ്‌ക്കും ശ്വാസം നേരേ വീണത്‌ അപ്പോ​ഴാണ്‌!—ലൂക്കോ. 2:45, 46.

23 ആ ഉപദേ​ഷ്ടാ​ക്കൾ പറയു​ന്നത്‌ കേൾക്കു​ക​യും അവരോട്‌ ആകാം​ക്ഷ​യോ​ടെ ഓരോ​രോ ചോദ്യ​ങ്ങൾ ചോദി​ക്കു​ക​യു​മാ​യി​രു​ന്നു യേശു. ബാലന്റെ ഗ്രാഹ്യ​ത്തി​ലും അവൻ പറഞ്ഞ ഉത്തരങ്ങ​ളി​ലും അമ്പരന്ന്‌ ഇരിക്കു​ക​യാണ്‌ ആ പുരു​ഷ​ന്മാർ. ആ രംഗം കണ്ട്‌ മറിയയ്‌ക്കും യോ​സേ​ഫി​നും അതിശ​യ​മാ​യി! ഈ സന്ദർഭ​ത്തിൽ യോ​സേഫ്‌ എന്തെങ്കി​ലും പറയു​ന്ന​താ​യി ബൈബിൾരേ​ഖ​യിൽ കാണു​ന്നില്ല. എന്നാൽ, ആ മാതാ​പി​താ​ക്ക​ളു​ടെ രണ്ടു​പേ​രു​ടെ​യും ഉത്‌കണ്‌ഠ മറിയ​യു​ടെ ഈ വാക്കു​ക​ളിൽ ഉണ്ടായി​രു​ന്നു: “മകനേ, നീ ഈ ചെയ്‌ത​തെന്ത്‌? നിന്റെ അപ്പനും ഞാനും വേവലാ​തി​യോ​ടെ നിന്നെ തിരയു​ക​യാ​യി​രു​ന്നു.”—ലൂക്കോ. 2:47, 48.

24. രക്ഷിതാ​ക്ക​ളു​ടെ ഉത്‌കണ്‌ഠ​ക​ളു​ടെ​യും മനോ​വി​കാ​ര​ങ്ങ​ളു​ടെ​യും ഒരു യഥാർഥ​ചി​ത്രം ബൈബിൾ വരച്ചി​ട്ടി​രി​ക്കു​ന്നത്‌ എങ്ങനെ?

24 ആ ഏതാനും വാക്കു​ക​ളി​ലൂ​ടെ രക്ഷിതാ​ക്ക​ളു​ടെ മനോ​വി​കാ​രങ്ങൾ ദൈവ​വ​ചനം അതുപടി വരച്ചി​ട്ടി​രി​ക്കു​ന്നു. മക്കളെ​യോർത്തുള്ള ഇത്തരം വേവലാ​തി മാതാ​പി​താ​ക്ക​ളു​ടെ കൂടെ​പ്പി​റ​പ്പാണ്‌. കുട്ടി പൂർണ​നാ​ണെ​ങ്കി​ലും അതി​നൊ​രു മാറ്റവു​മി​ല്ലെ​ന്നാണ്‌ ഈ അനുഭവം കാണി​ക്കു​ന്നത്‌! എവി​ടെ​യും അപകടം പതിയി​രി​ക്കുന്ന ലോക​മാണ്‌ ഇന്നത്തേത്‌. മാതാ​പി​താ​ക്കൾക്ക്‌ ഈ ലോകം കൊണ്ടു​വ​രുന്ന “വേവലാ​തി”കൾ പലതും വാക്കു​കൾക്ക​പ്പു​റ​മാണ്‌! മാതാ​പി​താ​ക്കളേ, നിങ്ങളു​ടെ ഉള്ളിലെ ആധിയും ഉത്‌കണ്‌ഠ​ക​ളും സ്വാഭാ​വി​ക​മാ​ണെന്ന്‌ ബൈബിൾ സമ്മതി​ച്ചു​പ​റ​യു​ന്നു. അതു നിങ്ങൾക്ക്‌ വലിയ ആശ്വാ​സ​മല്ലേ?

25, 26. അച്ഛനമ്മ​മാർക്ക്‌ യേശു എന്തു മറുപ​ടി​യാണ്‌ കൊടു​ത്തത്‌, മകന്റെ വാക്കുകൾ കേട്ട​പ്പോൾ യോ​സേ​ഫിന്‌ എന്തു തോന്നി​യി​രി​ക്കാം?

25 തന്റെ പിതാ​വായ യഹോ​വ​യോട്‌ ഏറ്റവും അടുപ്പം തോന്നുന്ന സ്ഥലത്താണ്‌ യേശു തങ്ങിയത്‌. അതെ, അവന്റെ പിതാ​വി​ന്റെ ആലയത്തിൽ! അങ്ങനെ​യൊ​രു സ്ഥലം ഭൂമി​യിൽ വേറെ​യി​ല്ലാ​യി​രു​ന്നു! അവി​ടെ​യാ​യി​രുന്ന ദിവസ​ങ്ങ​ളിൽ, തന്റെ പിതാ​വി​നെ​ക്കു​റിച്ച്‌ അറിയാൻ കഴിയു​ന്ന​തെ​ല്ലാം അതേപടി ഒപ്പി​യെ​ടു​ക്കു​ക​യാ​യി​രു​ന്നു ആ ബാലൻ. അതു​കൊ​ണ്ടു​തന്നെ, തികഞ്ഞ നിഷ്‌ക​ള​ങ്ക​ത​യോ​ടെ അവൻ ചോദി​ച്ചു: “നിങ്ങൾ എന്നെ അന്വേ​ഷി​ച്ചത്‌ എന്തിന്‌? ഞാൻ എന്റെ പിതാ​വി​ന്റെ ഭവനത്തിൽ ആയിരി​ക്കേ​ണ്ട​താ​ണെന്നു നിങ്ങൾക്ക്‌ അറിയി​ല്ല​യോ?”—ലൂക്കോ. 2:49.

26 യോ​സേഫ്‌ മകൻ പറഞ്ഞതി​നെ​ക്കു​റിച്ച്‌ പലവട്ടം ചിന്തിച്ചു. മകന്റെ ഓരോ വാക്കും ആ പിതാ​വി​നെ അഭിമാ​ന​പു​ള​കി​ത​നാ​ക്കി​യി​ട്ടുണ്ടാ​കും! യഹോ​വ​യാം ദൈവ​ത്തെ​ക്കു​റിച്ച്‌ ആ വിധത്തിൽ ചിന്തി​ക്കാൻത​ന്നെ​യാ​ണ​ല്ലോ വളർത്തു​മ​കനെ ഇത്രയും നാൾ താൻ പഠിപ്പി​ച്ച​തും, പരിശീലിപ്പിച്ചതും. തന്റെ പ്രയത്‌ന​ത്തിന്‌ ഫലമു​ണ്ടാ​യ​ല്ലോ! ആ പിതാ​വി​ന്റെ മനം നിറഞ്ഞി​ട്ടു​ണ്ടാ​കും! യേശു ഇപ്പോൾ 12 വയസ്സുള്ള ഒരു ബാലനാണ്‌. ഇതി​നോ​ടകം, ‘പിതാവ്‌’ എന്ന വാക്ക്‌ അവന്റെ​യു​ള്ളിൽ ഊഷ്‌മ​ള​മായ വികാ​രങ്ങൾ നിറച്ചി​രു​ന്നു. യോ​സേ​ഫി​ന്റെ കൂടെ ചെലവ​ഴിച്ച വർഷങ്ങ​ളിൽ വാത്സല്യ​നി​ധി​യായ ഒരു പിതാവ്‌ എങ്ങനെ​യാ​ണെന്ന്‌ അനുഭ​വി​ച്ച​റി​യാൻ അവനു കഴിഞ്ഞി​രു​ന്നു. യേശു​വി​ന്റെ മനസ്സിൽ, ‘പിതാവ്‌’ എന്ന വാക്കിന്‌ അർഥം പകർന്ന മനുഷ്യൻ, അതായി​രു​ന്നു യോ​സേഫ്‌!

27. പിതാ​വെന്ന നിലയിൽ നിങ്ങൾക്ക്‌ എന്തു പദവി​യുണ്ട്‌, യോ​സേ​ഫി​ന്റെ മാതൃക നിങ്ങൾ ഓർക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌?

27 നിങ്ങൾ ഒരു പിതാ​വാ​ണെ​ങ്കിൽ എത്ര വലി​യൊ​രു പദവി​യാണ്‌ നിങ്ങളു​ടേ​തെന്ന്‌ ചിന്തി​ച്ചി​ട്ടു​ണ്ടോ? എന്താണ്‌ ആ പദവി? മക്കളോട്‌ സ്‌നേ​ഹ​വാ​ത്സ​ല്യ​ങ്ങ​ളും കരുത​ലും കാണി​ച്ചു​കൊണ്ട്‌ യഹോ​വ​യാം ദൈവത്തെ സ്വർഗീ​യ​പി​താ​വാ​യി കാണാൻ പഠിപ്പി​ക്കുക. സ്വർഗ​ത്തി​ലുള്ള ഈ പിതാവ്‌ തങ്ങളെ സ്‌നേ​ഹി​ക്കു​ക​യും കരുതു​ക​യും സംരക്ഷി​ക്കു​ക​യും ചെയ്യു​ന്നു​ണ്ടെന്ന്‌ അവർക്ക്‌ തോന്നണം. അങ്ങനെ യഹോ​വ​യെ​ക്കു​റിച്ച്‌ മക്കളുടെ മനസ്സിൽ മനോ​ഹ​ര​മാ​യൊ​രു ചിത്രം വരച്ചി​ടുക! ഇനി, നിങ്ങൾ രണ്ടാന​ച്ഛ​നാ​ണോ? നിങ്ങൾക്കു​ള്ളത്‌ ദത്തുമ​ക്ക​ളാ​ണോ? നിങ്ങളു​ടെ സാഹച​ര്യം ഇതാ​ണെ​ങ്കിൽ, യോ​സേ​ഫി​നെ കണ്ടുപ​ഠി​ക്കുക! എങ്ങനെ​യാ​യാ​ലും ആ കുട്ടി​കൾക്ക്‌ നിങ്ങൾ അച്ഛനാണ്‌! ഓരോ കുട്ടി​യെ​യും നിങ്ങളു​ടെ സ്വന്തം കുട്ടി​യാ​യി കാണുക. ആ കുട്ടി​യെ​പ്പോ​ലെ മറ്റൊരു കുട്ടി​യു​മി​ല്ലെന്ന്‌ ഓർക്കുക! അവരുടെ സ്വർഗീ​യ​പി​താ​വായ യഹോ​വ​യോട്‌ അടുത്ത​ടുത്ത്‌ ചെല്ലാൻ അവരെ പഠിപ്പി​ക്കുക, പരിശീ​ലി​പ്പി​ക്കുക.എഫെസ്യർ 6:4 വായി​ക്കുക.

യോ​സേഫ്‌ പിടി​ച്ചു​നി​ന്നു

28, 29. (എ) ലൂക്കോസ്‌ 2:51, 52-ൽ രേഖ​പ്പെ​ടു​ത്തി​യി​രി​ക്കുന്ന വാക്കുകൾ യോ​സേ​ഫി​നെ​ക്കു​റിച്ച്‌ എന്തെല്ലാം വിവരങ്ങൾ വെളി​പ്പെ​ടു​ത്തു​ന്നു? (ബി) മകൻ ജ്ഞാനത്തിൽ വളർന്നു​വ​രാൻ യോ​സേഫ്‌ വഹിച്ച പങ്കെന്താണ്‌?

28 യോ​സേ​ഫി​ന്റെ ജീവി​ത​ത്തെ​ക്കു​റിച്ച്‌ ഏതാനും നുറു​ങ്ങു​വി​വ​ര​ങ്ങളേ ഇനിയ​ങ്ങോട്ട്‌ ബൈബിൾ വെളി​പ്പെ​ടു​ത്തു​ന്നു​ള്ളൂ. എന്നാൽ നമ്മുടെ ശ്രദ്ധ അർഹി​ക്കു​ന്ന​താണ്‌ അവയോ​രോ​ന്നും. അതിൽ ചിലത്‌ ഇവയാണ്‌: യേശു​വി​നെ​പ്പറ്റി പറയു​മ്പോൾ അവൻ “അവർക്കു കീഴ്‌പെ​ട്ടി​രു​ന്നു” എന്നു നമ്മൾ കാണുന്നു, അതായത്‌ യോ​സേ​ഫി​നും മറിയയ്‌ക്കും. “യേശു​വാ​കട്ടെ ജ്ഞാനത്തി​ലും പ്രായ​ത്തി​ലും ദൈവ​ത്തി​ന്റെ​യും മനുഷ്യ​രു​ടെ​യും പ്രീതി​യി​ലും വളർന്നു​വന്നു” എന്നും നമ്മൾ കാണുന്നു. (ലൂക്കോസ്‌ 2:51, 52 വായി​ക്കുക.) യോ​സേ​ഫി​നെ​ക്കു​റിച്ച്‌ ഈ വാക്കുകൾ എന്താണ്‌ വെളി​പ്പെ​ടു​ത്തു​ന്നത്‌? ഒരുപാ​ടു കാര്യങ്ങൾ വെളി​പ്പെ​ടു​ത്തു​ന്നു. കുടും​ബ​കാ​ര്യ​ങ്ങ​ളിൽ തുടർന്നും യോ​സേഫ്‌ നേതൃ​ത്വ​മെ​ടു​ത്തി​രു​ന്നു എന്ന്‌ ഇവി​ടെ​നിന്ന്‌ മനസ്സി​ലാ​ക്കാം. കാരണം യോ​സേ​ഫി​ന്റെ പൂർണ​ത​യുള്ള പുത്രൻ അവന്റെ അധികാ​രത്തെ ആദരി​ക്കു​ക​യും അവനു കീഴ്‌പെ​ട്ടി​രി​ക്കു​ക​യും ചെയ്‌തു എന്നാണ്‌ വിവര​ണ​ത്തിൽനി​ന്നു മനസ്സി​ലാ​കു​ന്നത്‌.

29 യേശു ജ്ഞാനത്തിൽ വളർന്നു​വന്നു എന്നും വിവരണം പറയുന്നു. തന്റെ മകൻ ജ്ഞാനത്തിൽ വളർന്നു​വ​രാൻ യോ​സേഫ്‌ ഒരു വലിയ പങ്കുവ​ഹി​ച്ചി​ട്ടുണ്ട്‌. കാലങ്ങ​ളാ​യി യഹൂദ​ന്മാർക്കി​ട​യിൽ പ്രചാ​ര​ത്തി​ലി​രുന്ന ഒരു പഴഞ്ചൊ​ല്ലു​ണ്ടാ​യി​രു​ന്നു. ആ ചൊല്ല്‌ രേഖ​പ്പെ​ടു​ത്തി​വെ​ച്ചി​ട്ടുണ്ട്‌, ഇന്നും അത്‌ വായി​ക്കാൻ കഴിയും. പഴഞ്ചൊ​ല്ലി​ന്റെ സാരമി​താണ്‌: ധാരാളം ഒഴിവു​സ​മ​യ​മു​ള്ള​വരേ ജ്ഞാനി​ക​ളാ​കൂ! അല്ലാതെ കച്ചവട​ക്കാർക്കും തച്ചന്മാർക്കും കൃഷി​ക്കാർക്കും കൊല്ല​ന്മാർക്കും ഒന്നും “ന്യായാ​ന്യാ​യങ്ങൾ വിവേ​ചി​ക്കാ​നും വിധി പറയാ​നും അറിയില്ല. അവരുടെ വായിൽനിന്ന്‌ ഒരിക്ക​ലും ജ്ഞാന​മൊ​ഴി​കൾ വരിക​യു​മില്ല.” യേശു പിന്നീട്‌ ഈ പഴഞ്ചൊ​ല്ലി​ന്റെ പൊള്ള​ത്തരം തുറന്നു​കാ​ട്ടി. കാരണം, യേശു വളർന്ന്‌ ഏറ്റവും വലിയ ജ്ഞാനി​യാ​യി​ത്തീർന്നു! യേശു​വി​ന്റെ വളർത്ത​ച്ഛ​നായ യോ​സേഫ്‌ ഒരു എളിയ മരപ്പണി​ക്കാ​ര​നാ​യി​രു​ന്നി​ട്ടും മകന്‌ ‘ജ്ഞാന​മൊ​ഴി​കൾ’ പകർന്നു​നൽകാൻ കഴിഞ്ഞു. കുട്ടി​ക്കാ​ലം​തൊ​ട്ടേ, ആ ജ്ഞാനോ​പ​ദേ​ശങ്ങൾ കേട്ടാണ്‌ യേശു വളർന്നത്‌!

30. ഇന്നുള്ള രക്ഷിതാ​ക്കൾക്ക്‌ യോ​സേഫ്‌ എങ്ങനെ മാതൃ​ക​വെ​ച്ചി​രി​ക്കു​ന്നു?

30 യേശു​വി​ന്റെ ശാരീ​രി​ക​വ​ളർച്ച​യി​ലും യോ​സേ​ഫി​ന്റെ സ്വാധീ​നം കാണാ​നാ​കും. നല്ല ഭക്ഷണവും പരിച​ര​ണ​വും കിട്ടി വളർന്ന കുട്ടി​യാ​യി​രു​ന്നു യേശു. അവൻ വളർന്ന്‌ കരുത്ത​നായ ഒരു പുരു​ഷ​നാ​യി. നല്ല കായി​കാ​ധ്വാ​ന​മുള്ള മരപ്പണി​യിൽ സമർഥ​നാ​കാൻ യോ​സേഫ്‌ മകനെ പരിശീ​ലി​പ്പി​ച്ചു. ഒരു തച്ചന്റെ മകനാ​യി​ട്ടു മാത്രമല്ല ‘തച്ചൻ’ എന്നുകൂ​ടി​യാണ്‌ യേശു അറിയ​പ്പെ​ട്ടത്‌. (മർക്കോ. 6:3) യോ​സേ​ഫി​ന്റെ ശ്രമം ഫലം കണ്ടു​വെന്നു വ്യക്തം. ഇന്നുള്ള കുടും​ബ​നാ​ഥ​ന്മാർക്ക്‌ യോ​സേ​ഫിൽനി​ന്നു പഠിക്കാ​നുള്ള ഒരു പാഠം ഇവി​ടെ​യുണ്ട്‌. കുട്ടി​ക​ളു​ടെ ശാരീ​രി​കാ​രോ​ഗ്യ​വും സന്തോ​ഷ​വും രക്ഷാകർത്താ​ക്കൾ ഉറപ്പു​വ​രു​ത്തണം. അധ്വാ​നിച്ച്‌, സ്വന്തം​കാ​ലിൽ നിൽക്കാ​നുള്ള പ്രാപ്‌തി അവർക്ക്‌ ഉണ്ടാക്കി​ക്കൊ​ടു​ക്കു​ക​യും വേണം.

31. (എ) യോ​സേ​ഫി​ന്റെ ജീവി​താ​വ​സാ​നം സംബന്ധിച്ച്‌ തെളി​വു​കൾ സൂചി​പ്പി​ക്കു​ന്നത്‌ എന്താണ്‌? ( ചതുര​വും ഉൾപ്പെ​ടു​ത്തുക.) (ബി) നമുക്ക്‌ അനുക​രി​ക്കാ​നാ​യി യോ​സേഫ്‌ എന്തു മാതൃ​ക​യാണ്‌ വെച്ചി​രി​ക്കു​ന്നത്‌?

31 യേശു സ്‌നാ​ന​മേ​റ്റ​തി​നെ​ക്കു​റി​ച്ചുള്ള ബൈബിൾവി​വ​ര​ണ​ത്തിൽ എത്തിയാൽപ്പി​ന്നെ തുടർന്നുള്ള രംഗങ്ങ​ളി​ലൊ​ന്നും നമ്മൾ യോ​സേ​ഫി​നെ കാണു​ന്നില്ല. സ്‌നാ​ന​മേ​റ്റ​പ്പോൾ യേശു​വിന്‌ ഏകദേശം 30 വയസ്സാ​യി​രു​ന്നു. യേശു ശുശ്രൂഷ തുടങ്ങിയ ആ സമയമാ​യ​പ്പോ​ഴേ​ക്കും മറിയ വിധവ​യാ​യി​ക്ക​ഴി​ഞ്ഞി​രു​ന്നെന്ന്‌ തെളി​വു​കൾ സൂചി​പ്പി​ക്കു​ന്നു. (“ യോ​സേഫ്‌ മരിച്ചത്‌ എപ്പോ​ഴാണ്‌?” എന്ന ചതുരം കാണുക.) എന്തായി​രു​ന്നാ​ലും യോ​സേഫ്‌ തനതായ ഒരു വ്യക്തി​മു​ദ്ര പതിപ്പി​ച്ചി​ട്ടുണ്ട്‌. തന്റെ കുടും​ബത്തെ പരിര​ക്ഷിച്ച്‌, പോറ്റി​പ്പു​ലർത്തി ജീവി​താ​വ​സാ​നം​വരെ വിശ്വസ്‌ത​ത​യോ​ടെ പിടി​ച്ചു​നിന്ന്‌ ഉജ്ജ്വല​മായ മാതൃ​ക​വെച്ച ഒരു പിതാ​വാ​യി​രു​ന്നു അവൻ! ഏതൊരു അച്ഛനും ഏതൊരു രക്ഷിതാ​വും എന്തി​നേറെ, ഏതൊരു ക്രിസ്‌ത്യാ​നി​യും നിശ്ചയ​മാ​യും പകർത്തേണ്ട ഒരു മാതൃ​ക​യാണ്‌ യോ​സേഫ്‌! അത്ര അനുക​ര​ണീ​യ​മാണ്‌ ഈ ദൈവ​ദാ​സന്റെ വിശ്വാ​സ​വും ജീവി​ത​വും!

a അക്കാലങ്ങളിൽ വിവാ​ഹ​നി​ശ്ചയം ഏതാണ്ട്‌ വിവാ​ഹ​ത്തി​നു തുല്യ​മാ​യി കണക്കാ​ക്ക​പ്പെ​ട്ടി​രു​ന്നു.

b ഈ നക്ഷത്രം ഒരു സ്വാഭാ​വിക ജ്യോ​തി​ശാസ്‌ത്ര​പ്ര​തി​ഭാ​സ​മാ​യി​രു​ന്നില്ല. അത്‌ ദൈവം അയച്ചതും ആയിരു​ന്നില്ല. യേശു​വി​നെ കൊന്നു​ക​ള​യാൻ സാത്താൻ ആസൂ​ത്രണം ചെയ്‌ത കുടി​ല​പ​ദ്ധ​തി​യു​ടെ ഭാഗമാ​യി അവൻ ഉപയോ​ഗിച്ച ഒരു പ്രകൃ​ത്യാ​തീ​ത​പ്ര​തി​ഭാ​സ​മാ​യി​രു​ന്നു അത്‌.

c സ്‌നാനമേറ്റ ശേഷമാണ്‌ യേശു “ആദ്യത്തെ അത്ഭുതം” പ്രവർത്തി​ച്ച​തെന്ന്‌ ബൈബിൾ വ്യക്തമാ​യി പറയുന്നു.—യോഹ. 2:1-11.