വിവരങ്ങള്‍ കാണിക്കുക

ദൈവത്തെ ആരെങ്കി​ലും എപ്പോ​ഴെ​ങ്കി​ലും കണ്ടിട്ടുണ്ടോ?

ദൈവത്തെ ആരെങ്കി​ലും എപ്പോ​ഴെ​ങ്കി​ലും കണ്ടിട്ടുണ്ടോ?

ബൈബി​ളി​ന്റെ ഉത്തരം

 ഒരു മനുഷ്യ​നും ദൈവത്തെ നേരിട്ട്‌ കണ്ടിട്ടില്ല. (പുറപ്പാട്‌ 33:20; യോഹ​ന്നാൻ 1:18; 1 യോഹ​ന്നാൻ 4:12) “ദൈവം ഒരു ആത്മവ്യ​ക്തി​യാണ്‌” എന്നു ബൈബിൾ പറയുന്നു. മനുഷ്യ​ന്റെ കണ്ണുകൾക്ക്‌ കാണാൻ കഴിയാത്ത ഒരു രൂപമാണ്‌ അത്‌.—യോഹ​ന്നാൻ 4:24; 1 തിമൊ​ഥെ​യൊസ്‌ 1:17.

 ആത്മവ്യ​ക്തി​ക​ളാ​യ​തു​കൊണ്ട്‌ ദൂതന്മാർക്ക്‌ ദൈവത്തെ നേരിട്ട്‌ കാണാൻ കഴിയും. (മത്തായി 18:10) കൂടാതെ, മരിച്ചു​പോ​യ ചില മനുഷ്യർ ആത്മശരീ​ര​ത്തോ​ടെ സ്വർഗീ​യ​ജീ​വ​നി​ലേക്ക്‌ ഉയിർക്കും, അപ്പോൾ അവർക്കും ദൈവത്തെ കാണാ​നാ​കും.—ഫിലി​പ്പി​യർ 3:20, 21; 1 യോഹ​ന്നാൻ 3:2.

ദൈവത്തെ ഇപ്പോൾ ‘കാണാൻ’ കഴിയുന്ന വിധം

 ബൈബി​ളിൽ മിക്കയി​ട​ത്തും കാഴ്‌ച​യെ പ്രതീകാത്മകമായി, അറിവു നേടു​ന്ന​തി​നോ​ടു ബന്ധപ്പെ​ടു​ത്തി​യി​ട്ടുണ്ട്‌. (യശയ്യ 6:10; യിരെമ്യ 5:21; യോഹ​ന്നാൻ 9:39-41) ഈ അർഥത്തിൽ, ദൈവ​ത്തിൽ വിശ്വ​സി​ക്കു​ന്നെ​ങ്കിൽ ഒരാൾക്ക്‌ ഇപ്പോൾപ്പോ​ലും “ഹൃദയ​ത്തി​ന്റെ കണ്ണുകൾ”കൊണ്ട്‌ ദൈവത്തെ കാണാ​നാ​കും. ദൈവ​ത്തി​ന്റെ ഗുണങ്ങൾ വിലമ​തി​ച്ചു​കൊണ്ട്‌ ദൈവത്തെ അടുത്ത്‌ അറിയു​മ്പോ​ഴാണ്‌ ഇതു സാധ്യ​മാ​കു​ന്നത്‌. (എഫെസ്യർ 1:18) ഇത്തരം വിശ്വാ​സം പടുത്തു​യർത്താൻ കഴിയുന്ന വിധങ്ങ​ളെ​ക്കു​റിച്ച്‌ ബൈബിൾ പറയുന്നു.

  •   ദൈവ​ത്തി​ന്റെ സ്‌നേഹം, ജ്ഞാനം, ശക്തി, ഔദാ​ര്യം എന്നിങ്ങ​നെ​യു​ള്ള ഗുണങ്ങ​ളെ​ക്കു​റിച്ച്‌ ദൈവ​ത്തി​ന്റെ സൃഷ്ടി​ക​ളി​ലൂ​ടെ പഠിക്കുക. (റോമർ 1:20) ദൈവ​ത്തി​ന്റെ സൃഷ്ടി​ക​ളെ​ക്കു​റിച്ച്‌ പലതും അറിഞ്ഞ​പ്പോൾ, വിശ്വ​സ്‌ത​മ​നു​ഷ്യ​നായ ഇയ്യോ​ബിന്‌ തന്റെ കണ്ണുകൾകൊണ്ട്‌ ദൈവത്തെ കണ്ടതു​പോ​ലെ തോന്നി.—ഇയ്യോബ്‌ 42:5.

  •   ബൈബിൾ പഠിച്ചു​കൊണ്ട്‌ ദൈവത്തെ അറിയുക. “നീ ദൈവത്തെ അന്വേ​ഷി​ച്ചാൽ ദൈവത്തെ കണ്ടെത്തും” എന്നു ബൈബിൾ നമുക്ക്‌ ഉറപ്പു​ത​രു​ന്നു.—1 ദിനവൃ​ത്താ​ന്തം 28:9; സങ്കീർത്ത​നം 119:2; യോഹ​ന്നാൻ 17:3.

  •   യേശു​വി​ന്റെ ജീവി​ത​ത്തി​ലൂ​ടെ ദൈവ​ത്തെ​ക്കു​റിച്ച്‌ പഠിക്കുക. യേശു തന്റെ പിതാ​വാ​യ യഹോ​വ​യു​ടെ വ്യക്തി​ത്വം പൂർണ​മാ​യി പ്രതി​ഫ​ലി​പ്പി​ച്ച​തു​കൊണ്ട്‌, യേശു​വിന്‌ ഇങ്ങനെ പറയാൻ കഴിഞ്ഞു: “എന്നെ കണ്ടിട്ടു​ള്ള​വൻ പിതാ​വി​നെ​യും കണ്ടിരി​ക്കു​ന്നു.”—യോഹ​ന്നാൻ 14:9.

  •   ദൈവത്തെ പ്രീതി​പ്പെ​ടു​ത്തു​ന്ന വിധത്തിൽ ജീവി​ക്കു​ന്നെ​ങ്കിൽ, ദൈവം നിങ്ങൾക്കു​വേ​ണ്ടി പ്രവർത്തി​ക്കു​ന്ന​തു കാണാ​നാ​കും. യേശു പറഞ്ഞു: “ഹൃദയ​ശു​ദ്ധി​യു​ള്ള​വർ സന്തുഷ്ടർ; കാരണം അവർ ദൈവത്തെ കാണും.” മുമ്പ്‌ സൂചി​പ്പി​ച്ച​തു​പോ​ലെ, ദൈവത്തെ പ്രീതി​പ്പെ​ടു​ത്തു​ന്ന ചിലർ സ്വർഗ​ത്തി​ലേക്ക്‌ ഉയിർപ്പി​ക്ക​പ്പ​ടും, അങ്ങനെ അവരും “ദൈവത്തെ കാണും.”—മത്തായി 5:8; സങ്കീർത്ത​നം 11:7.

മോശ​യും അബ്രാ​ഹാ​മും മറ്റു പലരും ശരിക്കും ദൈവത്തെ കണ്ടിട്ടി​ല്ലേ?

 മനുഷ്യർ ശരിക്കും ദൈവത്തെ കണ്ടതായി പറഞ്ഞി​രി​ക്കു​ന്ന ബൈബിൾരേ​ഖ​ക​ളിൽ, ഒരു ദിവ്യ​ദർശ​ന​ത്തി​ലൂ​ടെ​യോ ദൈവത്തെ പ്രതി​നി​ധീ​ക​രി​ച്ച ഒരു ദൂതൻ മുഖാ​ന്ത​ര​മോ ദൈവം പ്രത്യ​ക്ഷ​പ്പെ​ട്ട​താ​യി​ട്ടാണ്‌ സന്ദർഭം സൂചി​പ്പി​ക്കു​ന്നത്‌.

 ദൈവ​ദൂ​ത​ന്മാർ.

പുരാ​ത​ന​കാ​ലത്ത്‌, മനുഷ്യർക്കു പ്രത്യ​ക്ഷ​പ്പെ​ടാ​നും തന്റെ നാമത്തിൽ സംസാ​രി​ക്കാ​നും ആയി പ്രതി​നി​ധി​ക​ളെന്ന നിലയിൽ ദൈവം ദൂതന്മാ​രെ അയച്ചി​ട്ടുണ്ട്‌. (സങ്കീർത്തനം 103:20) ഉദാഹ​ര​ണ​ത്തിന്‌, ദൈവം ഒരിക്കൽ ഒരു കത്തുന്ന മുൾച്ചെ​ടി​യിൽനിന്ന്‌ മോശ​യോ​ടു സംസാ​രി​ച്ചു. “അപ്പോൾ, സത്യ​ദൈ​വ​ത്തെ നോക്കാൻ ഭയന്ന മോശ മുഖം മറച്ചു” എന്നു ബൈബിൾ പറയുന്നു. (പുറപ്പാട്‌ 3:4, 6) സന്ദർഭം സൂചി​പ്പി​ക്കു​ന്ന​ത​നു​സ​രിച്ച്‌, മോശ കണ്ടത്‌ ശരിക്കും യഹോ​വ​യെ​യല്ല, ‘യഹോ​വ​യു​ടെ ദൂത​നെ​യാണ്‌.’—പുറപ്പാട്‌ 3:2.

 സമാന​മാ​യി, “യഹോവ മോശ​യോ​ടു മുഖാ​മു​ഖം സംസാ​രി​ച്ചു” എന്നു ബൈബിൾ പറയു​മ്പോൾ, ദൈവം മോശ​യോട്‌ ഒരു അടുത്ത സുഹൃ​ത്തി​നോ​ടെ​ന്ന​പോ​ലെ സംസാ​രി​ച്ചു എന്നാണ്‌ അർഥം. (പുറപ്പാട്‌ 4:10, 11; 33:11) മോശ ശരിക്കും ദൈവ​ത്തി​ന്റെ മുഖം കണ്ടില്ല, ദൈവം ‘ദൂതന്മാ​രി​ലൂ​ടെ കൊടുത്ത’ വിവര​ങ്ങ​ളാണ്‌ മോശ​യ്‌ക്കു ലഭിച്ചത്‌. (ഗലാത്യർ 3:19; പ്രവൃ​ത്തി​കൾ 7:53) നേരിട്ട്‌ കണ്ടിട്ടി​ല്ലെ​ങ്കി​ലും, മോശ “അദൃശ്യ​നാ​യ ദൈവത്തെ കണ്ടാ​ലെ​ന്ന​പോ​ലെ” ഉറച്ചു​നി​ന്നു എന്നു ബൈബിൾ പറയുന്നു. അത്ര ശക്തമാ​യി​രു​ന്നു ദൈവ​ത്തി​ലു​ള്ള മോശ​യു​ടെ വിശ്വാ​സം.—എബ്രായർ 11:27.

 മോശ​യോട്‌ സംസാ​രി​ച്ച​തു​പോ​ലെ​തന്നെ, ദൈവ​ദൂ​ത​ന്മാ​രി​ലൂ​ടെ​യാണ്‌ ദൈവം അബ്രാ​ഹാ​മി​നോ​ടും ആശയവി​നി​മ​യം നടത്തി​യത്‌. അബ്രാ​ഹാം ദൈവത്തെ നേരിട്ട്‌ കണ്ടതായി ഒറ്റ വായന​യ്‌ക്ക്‌ നമുക്ക്‌ തോന്നി​യേ​ക്കാം എന്നത്‌ ശരി തന്നെ. (ഉൽപത്തി 18:1, 33) എന്നാൽ, അബ്രാ​ഹാ​മി​ന്റെ അടുത്ത്‌ എത്തിയ “മൂന്നു പുരു​ഷ​ന്മാർ” ദൈവം അയച്ച ദൂതന്മാ​രാ​യി​രു​ന്നെന്ന്‌ സന്ദർഭം കാണി​ക്കു​ന്നു. അവർ ദൈവ​ത്തി​ന്റെ പ്രതി​നി​ധി​ക​ളാ​ണെന്ന്‌ അബ്രാ​ഹാം തിരി​ച്ച​റി​യു​ക​യും യഹോ​വ​യോ​ടു നേരിട്ട്‌ സംസാ​രി​ക്കു​ന്ന​തു​പോ​ലെ അവരെ സംബോ​ധന ചെയ്യു​ക​യും ചെയ്‌തു.—ഉൽപത്തി 18:2, 3, 22, 32; 19:1.

 ദിവ്യ​ദർശ​ന​ങ്ങൾ.

ദൈവം ദിവ്യദർശനങ്ങളിലൂടെ, അഥവാ ആളുക​ളു​ടെ മനസ്സിൽ ദൃശ്യങ്ങൾ കാണി​ച്ചു​കൊ​ടു​ത്തു​കൊണ്ട്‌, മനുഷ്യർക്ക്‌ പ്രത്യ​ക്ഷ​പ്പെ​ട്ടി​ട്ടുണ്ട്‌. ഉദാഹ​ര​ണ​ത്തിന്‌, മോശ​യും മറ്റ്‌ ഇസ്രാ​യേ​ല്യ​രും “ഇസ്രാ​യേ​ലി​ന്റെ ദൈവത്തെ കണ്ടു”എന്നു ബൈബിൾ പറയു​മ്പോൾ അവർ ശരിക്കും ‘സത്യ​ദൈ​വ​ത്തെ ഒരു ദിവ്യ​ദർശ​ന​ത്തിൽ കാണു​ക​യാ​യി​രു​ന്നു.’ (പുറപ്പാട്‌ 24:9-11) അതു​പോ​ലെ, ബൈബി​ളിൽ ചില സ്ഥലങ്ങളിൽ പ്രവാ​ച​ക​ന്മാർ ‘യഹോ​വ​യെ കണ്ടതായി’ പറഞ്ഞി​രി​ക്കു​ന്നു. (യശയ്യ 6:1; ദാനി​യേൽ 7:9; ആമോസ്‌ 9:1) ഈ ഓരോ അവസര​ത്തി​ലും ദൈവ​ത്തി​ന്റെ ഒരു ദിവ്യ​ദർശ​ന​മാണ്‌ അവർക്ക്‌ ലഭിച്ച​തെന്ന്‌ സന്ദർഭം സൂചി​പ്പി​ക്കു​ന്നു. അല്ലാതെ, അവർ ദൈവത്തെ നേരിട്ട്‌ കാണു​ക​യ​ല്ലാ​യി​രു​ന്നു.—യശയ്യ 1:1; ദാനി​യേൽ 7:2; ആമോസ്‌ 1:1.