വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

വഴക്കമുള്ളവരായിരിക്കുക, സമനില കാണിക്കുക

വഴക്കമുള്ളവരായിരിക്കുക, സമനില കാണിക്കുക

വഴക്കമുള്ളവരായിരിക്കുക, സമനില കാണിക്കുക

‘ശാന്തന്മാരായിരിക്കാൻ [“ന്യായബോധമുള്ളവരായിരിക്കാൻ,” NW] . . . അവരെ ഓർമപ്പെടുത്തുക.’—തീത്തൊ. 3:1, 2.

1, 2. ന്യായബോധമുള്ളവരായിരിക്കുന്നതു സംബന്ധിച്ച്‌ തിരുവെഴുത്തുകൾ എന്തു പറയുന്നു, അത്‌ ഉചിതമായിരിക്കുന്നത്‌ എന്തുകൊണ്ട്‌?

അതിരറ്റ ജ്ഞാനത്തിന്റെ ഉറവാണ്‌ സ്‌നേഹനിധിയായ നമ്മുടെ സ്വർഗീയ പിതാവ്‌. സൃഷ്ടികൾ എന്നനിലയിൽ, മാർഗനിർദേശത്തിനായി നാം അവനെയാണ്‌ ആശ്രയിക്കുന്നത്‌. (സങ്കീ. 48:14) “ഉയരത്തിൽനിന്നുള്ള ജ്ഞാനമോ ഒന്നാമതു നിർമ്മലവും പിന്നെ സമാധാനവും ശാന്തതയും [“ന്യായബോധവും,” NW] അനുസരണവുമുള്ളതും കരുണയും സൽഫലവും നിറഞ്ഞതും പക്ഷപാതവും കപടവും ഇല്ലാത്തതുമാകുന്നു” എന്ന്‌ ശിഷ്യനായ യാക്കോബ്‌ പറയുന്നു.—യാക്കോ. 3:17.

2 “നിങ്ങളുടെ സൌമ്യത [“വഴക്കം,” കിങ്‌ഡം ഇന്റർലീനിയർ] സകല മനുഷ്യരും അറിയട്ടെ” എന്ന്‌ അപ്പൊസ്‌തലനായ പൗലൊസ്‌ ഉദ്‌ബോധിപ്പിക്കുകയുണ്ടായി. * (ഫിലി. 4:5) ക്രിസ്‌തുയേശു സഭയുടെ ശിരസ്സും കർത്താവുമാണ്‌. (എഫെ. 5:23) ക്രിസ്‌തുവിന്റെ നിർദേശങ്ങൾക്കു കീഴ്‌പെട്ടുകൊണ്ടും സഹമനുഷ്യരുമായി ഇടപെടുമ്പോൾ വഴക്കമുള്ളവരായിരുന്നുകൊണ്ടും നാം ഓരോരുത്തരും ന്യായബോധത്തോടെ പ്രവർത്തിക്കേണ്ടത്‌ എത്ര പ്രധാനമാണ്‌!

3, 4. (എ) വഴക്കമുള്ളവരായിരിക്കുന്നതിന്റെ പ്രയോജനം ദൃഷ്ടാന്തീകരിക്കുക. (ബി) നാം എന്തു പരിചിന്തിക്കും?

3 സമനിലയോടെ വഴക്കം കാണിക്കുന്നത്‌ വലിയ പ്രയോജനങ്ങൾ കൈവരുത്തും. അത്‌ ഇപ്രകാരം ദൃഷ്ടാന്തീകരിക്കാം: ബ്രിട്ടനിൽ, തീവ്രവാദികൾ ഒരുക്കിയതെന്നു കരുതപ്പെടുന്ന ഒരു ആക്രമണപദ്ധതി ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന്‌, അധികാരികൾ ചില വിലക്കുകൾ ഏർപ്പെടുത്തി. വിമാനയാത്രയിൽ കൈവശം വെക്കാൻ അനുവാദമുള്ള വസ്‌തുക്കളോടുള്ള ബന്ധത്തിലായിരുന്നു അത്‌. ആ നിയമങ്ങൾ അനുസരിക്കാൻ യാത്രക്കാരിൽ മിക്കവരും മനസ്സുകാണിക്കുകയുണ്ടായി. മറ്റൊരു ഉദാഹരണം: വാഹനമോടിക്കുമ്പോൾ അപകടങ്ങൾ ഒഴിവാക്കുന്നതിനുവേണ്ടി കവലകളിലും മറ്റുംവെച്ച്‌ വേഗം കുറയ്‌ക്കാനും ചില സാഹചര്യങ്ങളിൽ, മറ്റു വാഹനങ്ങളെ കടത്തിവിടാനും നാം തയ്യാറാകാറുണ്ടല്ലോ.

4 വഴക്കമുള്ളവരായിരിക്കുന്നത്‌ പലർക്കും അത്ര എളുപ്പമല്ല എന്നതു ശരിതന്നെ. വഴക്കമുള്ളവരായിരിക്കുന്നതിനോടു ബന്ധപ്പെട്ട മൂന്നു സംഗതികൾ നമുക്കിപ്പോൾ പരിചിന്തിക്കാം. വഴക്കം കാണിക്കുന്നതിനു പിന്നിലെ പ്രേരകഘടകം, അധികാരങ്ങളോടുള്ള നമ്മുടെ മനോഭാവം, ഏതളവോളം വഴങ്ങണം എന്നിവയാണത്‌.

വഴക്കമുള്ളവരായിരിക്കേണ്ടത്‌ എന്തുകൊണ്ട്‌?

5. മോശൈക ന്യായപ്രമാണപ്രകാരം, യജമാനന്റെ കീഴിൽ തുടരാൻ ഒരു അടിമയെ പ്രേരിപ്പിച്ചിരുന്നത്‌ എന്താണ്‌?

5 വഴക്കമുള്ളവരായിരിക്കാൻ നമ്മെ പ്രേരിപ്പിക്കേണ്ടത്‌ എന്താണെന്നു വിശദമാക്കുന്ന ഒരു പുരാതനകാല ദൃഷ്ടാന്തം ശ്രദ്ധിക്കുക. മോശൈക ന്യായപ്രമാണം അനുസരിച്ച്‌, എബ്രായ അടിമകളെ ഏഴാം വർഷത്തിലോ യോബേൽ സംവത്സരത്തിലോ (ആദ്യംവരുന്നത്‌ ഏതോ അതിൽ) വിട്ടയയ്‌ക്കണമായിരുന്നു. എന്നാൽ അടിമയായിത്തന്നെ തുടരാൻ ഒരാൾ ആഗ്രഹിക്കുന്നെങ്കിൽ അയാൾക്ക്‌ അതിന്‌ അനുവാദമുണ്ടായിരുന്നു. (പുറപ്പാടു 21:5, 6 വായിക്കുക.) അടിമയെ അതിനു പ്രേരിപ്പിക്കുന്നത്‌ എന്തായിരിക്കും? സ്‌നേഹം. അതേ, അതായിരുന്നു ദയാലുവായ യജമാനന്റെ കീഴിൽ തുടരാനുള്ള പ്രേരകഘടകം.

6. വഴക്കമുള്ളവരായിരിക്കുന്നതിൽ സ്‌നേഹത്തിന്‌ എന്തു പങ്കാണുള്ളത്‌?

6 അതുപോലെ യഹോവയോടുള്ള സ്‌നേഹമാണ്‌ ജീവിതം യഹോവയ്‌ക്കു സമർപ്പിക്കാനും ആ സമർപ്പണത്തിനു ചേർച്ചയിൽ ജീവിക്കാനും നമ്മെ പ്രേരിപ്പിക്കുന്നത്‌. (റോമ. 14:7, 8) “അവന്റെ കല്‌പനകളെ പ്രമാണിക്കുന്നതല്ലോ ദൈവത്തോടുള്ള സ്‌നേഹം; അവന്റെ കല്‌പനകൾ ഭാരമുള്ളവയല്ല” എന്ന്‌ യോഹന്നാൻ അപ്പൊസ്‌തലൻ പറയുകയുണ്ടായി. (1 യോഹ. 5:3) ഈ സ്‌നേഹത്തിൽ സ്വാർഥതാത്‌പര്യങ്ങളില്ല. (1 കൊരി. 13:4, 5) മറ്റുള്ളവരുമായി ഇടപെടുമ്പോൾ, വഴക്കമുള്ളവരായിരിക്കാനും അവരുടെ താത്‌പര്യങ്ങൾക്കു മുൻഗണന നൽകാനും സ്‌നേഹം നമ്മെ പ്രചോദിപ്പിക്കുന്നു. അതേ, അവിടെ സ്വാർഥതയ്‌ക്കു സ്ഥാനമില്ല.—ഫിലി. 2:2, 3.

7. വഴക്കം എന്ന ഗുണത്തിന്‌ ശുശ്രൂഷയിൽ എന്തു പങ്കാണുള്ളത്‌?

7 നമ്മുടെ വാക്കോ പ്രവൃത്തിയോ മറ്റുള്ളവരെ ഇടറിക്കരുത്‌. (എഫെ. 4:29) വ്യത്യസ്‌ത പശ്ചാത്തലങ്ങളിലും സംസ്‌കാരങ്ങളിലുംപെട്ടവർ സത്യാരാധകരായിത്തീരുന്നതിന്‌ തടസ്സമാകാതിരിക്കാൻ സ്‌നേഹം നമ്മെ പ്രേരിപ്പിക്കും. മിക്കപ്പോഴും, വഴക്കം കാണിച്ചാലേ ഇതു സാധിക്കൂ. ഉദാഹരണത്തിന്‌, സൗന്ദര്യവർധക വസ്‌തുക്കളോ മറ്റോ ഉപയോഗിച്ച്‌ ശീലമുള്ള മിഷനറി സഹോദരിമാർ, അതിന്റെ ഉപയോഗം സദാചാരവിരുദ്ധമായി കരുതപ്പെടുന്നതും മറ്റുള്ളവരെ ഇടറിക്കുന്നതുമായ സ്ഥലങ്ങളിൽ അവ ഉപയോഗിക്കാൻ വാശിപിടിക്കുകയില്ല.—1 കൊരി. 10:31-33.

8. ‘ചെറിയവനായിരിക്കാൻ’ ദൈവത്തോടുള്ള സ്‌നേഹം നമ്മെ സഹായിക്കുന്നതെങ്ങനെ?

8 തന്നെക്കുറിച്ചുതന്നെ അതിരുകവിഞ്ഞു ചിന്തിക്കാതിരിക്കാൻ യഹോവയോടുള്ള സ്‌നേഹം നമ്മെ സഹായിക്കും. ആരാണു വലിയവൻ എന്നൊരു തർക്കം ശിഷ്യന്മാർക്കിടയിൽ ഉയർന്നുവന്നപ്പോൾ യേശു ഒരു കുട്ടിയെ അവരുടെ മധ്യേ നിറുത്തിയിട്ടു പറഞ്ഞു: “ഈ ശിശുവിനെ എന്റെ നാമത്തിൽ ആരെങ്കിലും കൈക്കൊണ്ടാൽ എന്നെ കൈക്കൊള്ളുന്നു; എന്നെ കൈക്കൊള്ളുന്നവനോ എന്നെ അയച്ചവനെ കൈക്കൊള്ളുന്നു; നിങ്ങളെല്ലാവരിലും ചെറിയവനായവൻ അത്രേ വലിയവൻ ആകും.” (ലൂക്കൊ. 9:48; മർക്കൊ. 9:36) ‘ചെറിയവനായിരിക്കാൻ’ അത്ര എളുപ്പമല്ലായിരിക്കാം. അപൂർണതയും അതിരറ്റ സ്വാഭിമാനവും ‘വലിയവരാകാൻ’ നമ്മെ പ്രേരിപ്പിച്ചേക്കാം. എന്നാൽ വഴക്കമുള്ളവരായിരിക്കാനും മറ്റുള്ളവരെ ബഹുമാനിക്കാനും താഴ്‌മ നമ്മെ സഹായിക്കും.—റോമ. 12:10.

9. വഴക്കമുള്ളവരായിരിക്കുന്നതിൽ ഉൾപ്പെട്ടിരിക്കുന്ന മറ്റൊരു സംഗതി എന്താണ്‌?

9 വഴക്കമുള്ളവരായിരിക്കുന്നതിൽ ഉൾപ്പെട്ടിരിക്കുന്ന മറ്റൊരു സംഗതിയാണ്‌ ദൈവം ഉത്തരവാദിത്വസ്ഥാനങ്ങളിൽ നിയമിച്ചിരിക്കുന്നവർക്ക്‌ കീഴ്‌പെടുന്നത്‌. സത്യക്രിസ്‌ത്യാനികളായ എല്ലാവരും അംഗീകരിക്കുന്ന ഒന്നാണ്‌ ശിരഃസ്ഥാനതത്ത്വം. അപ്പൊസ്‌തലനായ പൗലൊസ്‌ കൊരിന്ത്യർക്ക്‌ എഴുതവേ ഇക്കാര്യം വ്യക്തമാക്കുകയുണ്ടായി: “ഏതു പുരുഷന്റെയും തല ക്രിസ്‌തു, സ്‌ത്രീയുടെ തല പുരുഷൻ, ക്രിസ്‌തുവിന്റെ തല ദൈവം എന്നു നിങ്ങൾ അറിയേണം എന്നു ഞാൻ ആഗ്രഹിക്കുന്നു.”—1 കൊരി. 11:3.

10. യഹോവയുടെ അധികാരത്തിനു കീഴ്‌പെടുന്നത്‌ എന്തു തെളിയിക്കുന്നു?

10 ദൈവത്തിന്റെ അധികാരത്തിനു കീഴ്‌പെടുമ്പോൾ നമ്മുടെ സ്‌നേഹവാനായ പിതാവിൽ ആശ്രയവും വിശ്വാസവും ഉണ്ടെന്നു കാണിക്കുകയാണു നാം. സകലവും ദൈവം അറിയുന്നുണ്ട്‌, അവൻ നമുക്കു പ്രതിഫലം നൽകുകയും ചെയ്യും. മറ്റുള്ളവർ നമ്മോട്‌ അനാദരവോടെ പെരുമാറുകയോ കോപാക്രാന്തരായി പൊട്ടിത്തെറിക്കുകയോ ഒക്കെ ചെയ്യുമ്പോൾ അക്കാര്യം മനസ്സിൽപ്പിടിക്കുന്നതു വളരെ സഹായകമായിരിക്കും. പൗലൊസ്‌ എഴുതി: “കഴിയുമെങ്കിൽ നിങ്ങളാൽ ആവോളം സകലമനുഷ്യരോടും സമാധാനമായിരിപ്പിൻ.” ആ ബുദ്ധിയുപദേശത്തിന്‌ അടിവരയിടുന്നതായിരുന്നു പൗലൊസിന്റെതന്നെ പിൻവരുന്ന വാക്കുകൾ: “പ്രിയമുള്ളവരേ, നിങ്ങൾ തന്നേ പ്രതികാരം ചെയ്യാതെ ദൈവകോപത്തിന്നു ഇടംകൊടുപ്പിൻ; പ്രതികാരം എനിക്കുള്ളതു; ഞാൻ പകരം ചെയ്യും എന്നു കർത്താവു അരുളിച്ചെയ്യുന്നു.”—റോമ. 12:18, 19.

11. ക്രിസ്‌തുവിന്റെ ശിരഃസ്ഥാനത്തിനു കീഴ്‌പെടുന്നുവെന്നു നമുക്ക്‌ എങ്ങനെ പ്രകടമാക്കാം?

11 ദിവ്യനിയമിത അധികാരങ്ങളുടെ കാര്യം പറയുമ്പോൾ ക്രിസ്‌തീയ സഭയെ ഒഴിച്ചുനിറുത്താനാവില്ല. ക്രിസ്‌തുയേശു സഭയിലെ “നക്ഷത്ര”ങ്ങളെ വലങ്കയ്യിൽ പിടിച്ചിരിക്കുന്നതായി വെളിപ്പാട്‌ ഒന്നാം അധ്യായം വർണിക്കുന്നു. (വെളി. 1:16, 20) പൊതുവേ പറഞ്ഞാൽ, ഈ ‘നക്ഷത്രങ്ങൾ’ സഭയിലെ മൂപ്പന്മാരുടെ അഥവാ മേൽവിചാരകന്മാരുടെ സംഘങ്ങളെയാണു കുറിക്കുന്നത്‌. ഈ മേൽവിചാരകന്മാർ ക്രിസ്‌തുവിന്റെ നേതൃത്വത്തിനു കീഴ്‌പെടുകയും മറ്റുള്ളവരോടു ദയാപുരസ്സരം ഇടപെട്ടുകൊണ്ട്‌ ക്രിസ്‌തുവിനെ അനുകരിക്കുകയും ചെയ്യുന്നു. വിശ്വസ്‌തനും വിവേകിയുമായ അടിമയിലൂടെ തൽസമയത്ത്‌ ആത്മീയ ഭക്ഷണം നൽകാൻ തക്കവണ്ണം യേശുക്രിസ്‌തു ചെയ്‌തിരിക്കുന്ന ക്രമീകരണത്തിന്‌ സഭയിലെ എല്ലാവരും കീഴ്‌പെടുന്നു. (മത്താ. 24:45-47) ഈ ലേഖനം പഠിക്കാനും ബാധകമാക്കാനും ഉള്ള മനസ്സൊരുക്കം, വ്യക്തികൾ എന്നനിലയിൽ നമ്മൾ ക്രിസ്‌തുവിന്റെ ശിരഃസ്ഥാനത്തിനു കീഴ്‌പെടുന്നു എന്നാണു കാണിക്കുന്നത്‌. അത്‌ സമാധാനവും ഐക്യവും ഉന്നമിപ്പിക്കുന്നു.—റോമ. 14:13, 19.

കീഴ്‌പെടലും വഴക്കവും—ഏതളവോളം?

12. കീഴ്‌പെടുന്നതിനു പരിമിതികൾ ഉണ്ടെന്നു പറയുന്നത്‌ എന്തുകൊണ്ട്‌?

12 കീഴ്‌പെട്ടിരിക്കുക എന്നു പറഞ്ഞാൽ വിശ്വാസത്തിന്റെയോ ദൈവികതത്ത്വങ്ങളുടെയോ കാര്യത്തിൽ വിട്ടുവീഴ്‌ച ചെയ്യുക എന്നർഥമില്ല. യേശുവിന്റെ നാമത്തിൽ പഠിപ്പിക്കുന്നതു നിറുത്താൻ മതനേതാക്കന്മാർ കൽപ്പിച്ചപ്പോൾ ആദിമക്രിസ്‌ത്യാനികളുടെ നിലപാട്‌ എന്തായിരുന്നു? പത്രൊസും മറ്റ്‌ അപ്പൊസ്‌തലന്മാരും ധൈര്യത്തോടെ പറഞ്ഞു: “മനുഷ്യരെക്കാൾ ദൈവത്തെ അനുസരിക്കേണ്ടതാകുന്നു.” (പ്രവൃ. 4:18-20; 5:28, 29) ഇന്നും സുവാർത്ത പ്രസംഗിക്കുന്നതു നിറുത്താൻ ഗവൺമെന്റ്‌ അധികാരികൾ നമ്മെ നിർബന്ധിക്കുമ്പോൾ, സാഹചര്യം നയപൂർവം കൈകാര്യം ചെയ്യുന്നതിനായി പ്രവർത്തനരീതിയിൽ ചില പൊരുത്തപ്പെടുത്തലുകൾ വരുത്തിയേക്കാമെങ്കിലും പ്രസംഗിക്കുന്നതു നാം നിറുത്തിക്കളയില്ല. വീടുകൾ സന്ദർശിക്കുന്നതിനു നിയന്ത്രണങ്ങൾ ഉണ്ടെങ്കിൽ, അവരെ സത്യം അറിയിക്കാൻ മറ്റു മാർഗങ്ങൾ അവലംബിച്ചുകൊണ്ട്‌ നാം ദൈവദത്ത നിയമനം നിറവേറ്റുന്നു. അതുപോലെതന്നെ, യോഗങ്ങൾ നടത്തുന്നതിൽനിന്നു നമ്മെ തടയാൻ “ശ്രേഷ്‌ഠാധികാരങ്ങൾ” ശ്രമിക്കുമ്പോൾ നാം ബുദ്ധിപൂർവം ചെറിയ കൂട്ടങ്ങളായി കൂടിവരുന്നു.—റോമ. 13:1; എബ്രാ. 10:24, 25.

13. അധികാരികൾക്കു കീഴ്‌പെടുന്നതു സംബന്ധിച്ച്‌ യേശു എന്തു പറഞ്ഞു?

13 അധികാരത്തിനു കീഴ്‌പെടേണ്ടതിന്റെ ആവശ്യം ഗിരിപ്രഭാഷണത്തിൽ യേശു വ്യക്തമാക്കുകയുണ്ടായി: “നിന്നോടു വ്യവഹരിച്ചു നിന്റെ വസ്‌ത്രം എടുപ്പാൻ ഇച്ഛിക്കുന്നവന്നു നിന്റെ പുതപ്പും വിട്ടുകൊടുക്ക. ഒരുത്തൻ [ഒരു അധികാരി] നിന്നെ ഒരു നാഴിക വഴി പോകുവാൻ നിർബ്ബന്ധിച്ചാൽ രണ്ടു അവനോടുകൂടെ പോക.” (മത്താ. 5:40, 41) * ചോദിക്കുന്നതിലധികം ചെയ്യാൻ നമ്മെ പ്രചോദിപ്പിക്കുന്ന മറ്റു രണ്ടു ഘടകങ്ങളാണ്‌ മറ്റുള്ളവരോടുള്ള പരിഗണനയും സഹായമനസ്‌കതയും.—1 കൊരി. 13:5; തീത്തൊ. 3:1, 2.

14. വിശ്വാസത്യാഗത്തിന്‌ ഒരിക്കലും വഴങ്ങിക്കൊടുക്കരുതാത്തത്‌ എന്തുകൊണ്ട്‌?

14 വഴക്കമുള്ളവരായിരിക്കാനുള്ള ആഗ്രഹം പക്ഷേ വിശ്വാസത്യാഗികളുമായി അനുരഞ്‌ജനപ്പെടുന്നതിലേക്കു നമ്മെ നയിക്കരുത്‌. സത്യത്തിന്റെ നൈർമല്യവും സഭയുടെ ഐക്യവും കാത്തുസൂക്ഷിക്കാൻ നാം അത്തരമൊരു ഉറച്ച നിലപാട്‌ എടുത്തേതീരൂ. ‘കള്ളസഹോദരന്മാരെ’ക്കുറിച്ചുള്ള പൗലൊസിന്റെ വാക്കുകൾ ശ്രദ്ധിക്കുക: “സുവിശേഷത്തിന്റെ സത്യം നിങ്ങളോടുകൂടെ നിലനില്‌ക്കേണ്ടതിന്നു ഞങ്ങൾ അവർക്കു ഒരു നാഴികപോലും വഴങ്ങിക്കൊടുത്തില്ല.” (ഗലാ. 2:4, 5) അപൂർവമായാണെങ്കിൽപ്പോലും വിശ്വാസത്യാഗം തലപൊക്കുമ്പോൾ, ആത്മാർഥതയുള്ള ക്രിസ്‌ത്യാനികൾ സത്യത്തിനുവേണ്ടി ഉറച്ച നിലപാടു സ്വീകരിക്കും.

മേൽവിചാരകന്മാർ വഴക്കമുള്ളവരായിരിക്കണം

15. മൂപ്പന്മാർ കൂടിവരുമ്പോൾ വഴക്കം പ്രകടമാക്കാനാകുന്നത്‌ എങ്ങനെ?

15 മേൽവിചാരകന്മാർക്ക്‌ ഉണ്ടായിരിക്കേണ്ട ഒരു യോഗ്യത, അവർ വഴങ്ങിക്കൊടുക്കാൻ മനസ്സൊരുക്കം ഉള്ളവരായിരിക്കണം എന്നതാണ്‌. പൗലൊസ്‌ എഴുതി: ‘അദ്ധ്യക്ഷൻ ശാന്തൻ [“വഴക്കമുള്ളവൻ,” കിങ്‌ഡം ഇന്റർലീനിയർ] ആയിരിക്കേണം.’ (1 തിമൊ. 3:2, 3) സഭാകാര്യങ്ങൾ ചർച്ച ചെയ്യാനായി നിയമിത പുരുഷന്മാർ കൂടിവരുമ്പോൾ ഇതു പ്രത്യേകിച്ചും പ്രധാനമാണ്‌. ഒരു തീരുമാനമെടുക്കുമ്പോൾ എല്ലാ മൂപ്പന്മാരും അഭിപ്രായം പറയണമെന്ന നിബന്ധനയൊന്നുമില്ലെങ്കിലും ഓരോരുത്തർക്കും അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യമുണ്ട്‌. ഒരു ചർച്ചയ്‌ക്കിടെ, ഉൾപ്പെട്ടിരിക്കുന്ന തിരുവെഴുത്തുതത്ത്വങ്ങൾ മറ്റു മൂപ്പന്മാർ പരാമർശിക്കുന്നതു കേൾക്കുന്ന ഒരു മൂപ്പൻ തന്റെ അഭിപ്രായത്തിനു മാറ്റംവരുത്തിയേക്കാം. സ്വന്തം അഭിപ്രായത്തിൽ കടിച്ചുതൂങ്ങുകയും മറ്റുള്ളവരുടെ അഭിപ്രായങ്ങൾക്ക്‌ തരിമ്പും വിലകൽപ്പിക്കാതിരിക്കുകയും ചെയ്യുന്നതിനുപകരം പക്വതയുള്ള ഒരു മൂപ്പൻ വഴക്കം കാണിക്കും. തുടക്കത്തിൽ ഒരുപക്ഷേ വ്യത്യസ്‌ത അഭിപ്രായങ്ങൾ കണ്ടേക്കാമെങ്കിലും പ്രാർഥനാപൂർവം കാര്യങ്ങൾ പരിചിന്തിക്കുന്നത്‌ ന്യായബോധവും വഴക്കവുമുള്ള മൂപ്പന്മാർക്കിടയിൽ ഐക്യം ഉന്നമിപ്പിക്കും.—1 കൊരി. 1:10; എഫെസ്യർ 4:1-3 വായിക്കുക.

16. ക്രിസ്‌തീയ മേൽവിചാരകന്മാർക്ക്‌ ഏതു മനോഭാവം ഉണ്ടായിരിക്കണം?

16 എല്ലാ പ്രവർത്തനങ്ങളിലും ദിവ്യാധിപത്യക്രമം നിലനിറുത്താൻ മൂപ്പന്മാർ ശ്രമിക്കേണ്ടതുണ്ട്‌. ആട്ടിൻകൂട്ടത്തെ മേയ്‌ക്കുമ്പോഴും അതേ മനോഭാവം ഉണ്ടായിരിക്കണം. മറ്റുള്ളവരോടു പരിഗണനയും ദയയും കാണിക്കാൻ അത്‌ അദ്ദേഹത്തെ പ്രാപ്‌തനാക്കും. “നിങ്ങളുടെ വിചാരണയിലുള്ള ദൈവത്തിന്റെ ആട്ടിൻകൂട്ടത്തെ മേയിച്ചുകൊൾവിൻ. നിർബ്ബന്ധത്താലല്ല, . . . മനഃപൂർവ്വമായും ദുരാഗ്രഹത്തോടെയല്ല, ഉന്മേഷത്തോടെയും . . . അദ്ധ്യക്ഷത ചെയ്‌വിൻ,” പത്രൊസ്‌ എഴുതി.—1 പത്രൊ. 5:2.

17. മറ്റുള്ളവരോട്‌ ഇടപെടുന്നതിൽ സഭയിലെ എല്ലാവർക്കും വഴക്കം കാണിക്കാവുന്നത്‌ എങ്ങനെ?

17 സഭയിലുള്ള പ്രായമായവർ ചെറുപ്പക്കാരുടെ സഹായം വിലമതിക്കുകയും അവരോട്‌ മാന്യതയോടെ ഇടപെടുകയും ചെയ്യുന്നു. ചെറുപ്പക്കാരാകട്ടെ, ദൈവസേവനത്തിൽ വർഷങ്ങളുടെ അനുഭവസമ്പത്തുള്ള പ്രായമായവരെ ബഹുമാനിക്കുന്നു. (1 തിമൊ. 5:1, 2) ക്രിസ്‌തീയ മൂപ്പന്മാർ, ചില ഉത്തരവാദിത്വങ്ങൾ ഏൽപ്പിക്കാൻ പറ്റിയ യോഗ്യതയുള്ള പുരുഷന്മാരെ കണ്ടെത്തി ദൈവത്തിന്റെ ആട്ടിൻകൂട്ടത്തെ പരിപാലിക്കുന്നതിന്‌ തങ്ങളെ സഹായിക്കാൻ അവരെ പരിശീലിപ്പിക്കുന്നു. (2 തിമൊ. 2:1, 2) ഓരോ ക്രിസ്‌ത്യാനിയും പൗലൊസിന്റെ പിൻവരുന്ന ബുദ്ധിയുപദേശം മനസ്സിൽപ്പിടിക്കണം: “നിങ്ങളെ നടത്തുന്നവരെ അനുസരിച്ചു കീഴടങ്ങിയിരിപ്പിൻ; അവർ കണക്കു ബോധിപ്പിക്കേണ്ടുന്നവരാകയാൽ നിങ്ങളുടെ ആത്മാക്കൾക്കു വേണ്ടി ജാഗരിച്ചിരിക്കുന്നു; ഇതു അവർ ഞരങ്ങിക്കൊണ്ടല്ല സന്തോഷത്തോടെ ചെയ്‌വാൻ ഇടവരുത്തുവിൻ; അല്ലാഞ്ഞാൽ നിങ്ങൾക്കു നന്നല്ല.”—എബ്രാ. 13:17.

കീഴ്‌പെടൽ കുടുംബത്തിൽ

18. കുടുംബത്തിൽ കീഴ്‌പെടൽ മനോഭാവം ആവശ്യമായിരിക്കുന്നത്‌ എന്തുകൊണ്ട്‌?

18 കുടുംബത്തിലും കീഴ്‌പെടൽ മനോഭാവം ആവശ്യമാണ്‌. (കൊലൊസ്സ്യർ 3:18-21 വായിക്കുക.) ഒരു ക്രിസ്‌തീയ കുടുംബത്തിലെ ഓരോ അംഗത്തിന്റെയും ധർമം ബൈബിൾ വ്യക്തമാക്കുന്നുണ്ട്‌. പിതാവിന്റെ കാര്യമെടുക്കുക. അദ്ദേഹം ഭാര്യയുടെ ശിരസ്സാണ്‌; കുട്ടികളെ വളർത്തുന്നതിൽ പ്രാഥമിക ഉത്തരവാദിത്വവും അദ്ദേഹത്തിനാണ്‌. ഭാര്യ ഭർത്താവിന്റെ അധികാരം തിരിച്ചറിയണം. കുട്ടികളാണെങ്കിൽ, മാതാപിതാക്കളെ അനുസരിക്കുകയും വേണം, അത്‌ കർത്താവിനെ പ്രസാദിപ്പിക്കും. ഉചിതമായിരിക്കുമ്പോഴെല്ലാം സമനിലയോടുകൂടെ കീഴ്‌പെടുമ്പോൾ ഓരോ അംഗവും കുടുംബത്തിന്റെ സമാധാനത്തിനും ഐക്യത്തിനുംവേണ്ടി പ്രവർത്തിക്കുകയാണെന്നു പറയാം. ഇതു വ്യക്തമാക്കുന്ന ചില ഉദാഹരണങ്ങൾ ബൈബിളിലുണ്ട്‌.

19, 20. (എ) വഴക്കത്തിന്റെ കാര്യത്തിൽ ഏലിയും യഹോവയും തമ്മിലുള്ള അന്തരം വ്യക്തമാക്കുക. (ബി) ഈ ഉദാഹരണങ്ങളിൽനിന്ന്‌ മാതാപിതാക്കൾക്ക്‌ എന്തു പഠിക്കാനാകും?

19 ശമൂവേൽ കുട്ടിയായിരുന്നപ്പോൾ ഏലിയായിരുന്നു ഇസ്രായേലിലെ മഹാപുരോഹിതൻ. ഏലിയുടെ പുത്രന്മാരായ ഹൊഫ്‌നിയും ഫീനെഹാസുമാകട്ടെ, “യഹോവയെ ഓർക്കാത്ത” ‘നീചന്മാർ’ ആയിരുന്നു. സമാഗമനകൂടാരത്തിന്റെ വാതിൽക്കൽ സേവചെയ്യുന്ന സ്‌ത്രീകളോടുകൂടെ ശയിക്കുന്നത്‌ ഉൾപ്പെടെയുള്ള മോശമായ കാര്യങ്ങൾ ഏലി അവരെക്കുറിച്ചു കേട്ടു. ഏലി എങ്ങനെയാണു പ്രതികരിച്ചത്‌? യഹോവയ്‌ക്കെതിരെയാണു പാപം ചെയ്യുന്നതെങ്കിൽ അവർക്കുവേണ്ടി പ്രാർഥിക്കാൻ ആരുമില്ലെന്ന്‌ ഏലി അവരോടു പറഞ്ഞു. എങ്കിലും അവർക്കു തിരുത്തലോ ശിക്ഷണമോ നൽകാൻ ഏലി കൂട്ടാക്കിയില്ല. ഫലമോ? ഏലിയുടെ പുത്രന്മാർ അവരുടെ മോശമായ രീതികൾ തുടർന്നു. ഒടുവിൽ യഹോവ അവർക്കു മരണശിക്ഷ വിധിച്ചു. മക്കളുടെ മരണവാർത്ത അറിഞ്ഞമാത്രയിൽ ഏലിയും മരിച്ചു. എന്തൊരു ദുരന്തം! മക്കളുടെ ദുഷ്‌പ്രവൃത്തി തടയാനായി ഒന്നും ചെയ്യാതിരുന്നുകൊണ്ട്‌ ഏലി അതിനു വഴങ്ങിക്കൊടുത്തത്‌ തെറ്റായിരുന്നു എന്നതിനു സംശയമില്ല.—1 ശമൂ. 2:12-17, 22-25, 34, 35; 4:17, 18.

20 എന്നാൽ തന്റെ ദൂതപുത്രന്മാരോടുള്ള ബന്ധത്തിൽ ദൈവം വഴക്കം കാണിച്ചത്‌ എങ്ങനെയെന്നു ശ്രദ്ധിക്കുക. യഹോവയും ദൂതന്മാരും കൂടിവന്ന ഒരു സന്ദർഭത്തെക്കുറിച്ച്‌ പ്രവാചകനായ മീഖായാവിന്‌ ഒരു ദർശനം ലഭിച്ചു. ഇസ്രായേലിലെ ദുഷ്ടരാജാവായ ആഹാബിനെ നശിപ്പിക്കാൻ തക്കവണ്ണം ആർ അവനെ വശീകരിക്കുമെന്നു യഹോവ തന്റെ ദൂതന്മാരോടു ചോദിച്ചു. ആത്മപുത്രന്മാരുടെ നിർദേശങ്ങൾ യഹോവ ശ്രദ്ധിച്ചുകേട്ടു. താനതു ചെയ്യാമെന്ന്‌ ഒരു ദൂതൻ പറഞ്ഞു. എങ്ങനെയെന്നു യഹോവ ചോദിച്ചു. മറുപടി തൃപ്‌തികരമെന്നു കണ്ട്‌ യഹോവ ദൗത്യം ആ ദൂതനെ ഏൽപ്പിച്ചു. (1 രാജാ. 22:19-23) വഴക്കമുള്ളവരായിരിക്കുന്നതു സംബന്ധിച്ച്‌ കുടുംബാംഗങ്ങൾക്ക്‌ ആ വിവരണത്തിൽനിന്ന്‌ നിരവധി കാര്യങ്ങൾ പഠിക്കാനാവില്ലേ? ഒരു ക്രിസ്‌തീയ പിതാവ്‌ ഭാര്യയുടെയും മക്കളുടെയും അഭിപ്രായങ്ങൾ കണക്കിലെടുക്കേണ്ടതുണ്ട്‌. തങ്ങളുടെ താത്‌പര്യം അറിയിച്ചതിനുശേഷം ഭാര്യയും കുട്ടികളും എന്തു ചെയ്യണം? തീരുമാനമെടുക്കാൻ തിരുവെഴുത്തുപരമായ അധികാരമുള്ള വ്യക്തി എന്നനിലയിൽ കുടുംബനാഥന്‌ കീഴ്‌പെടണം.

21. അടുത്ത ലേഖനത്തിൽ എന്തു പരിചിന്തിക്കും?

21 വഴക്കമുള്ളവരായിരിക്കാൻ യഹോവ നൽകുന്ന ജ്ഞാനംതുളുമ്പുന്ന സ്‌നേഹപുരസ്സരമായ ഓർമിപ്പിക്കലുകൾക്ക്‌ നാം എത്ര നന്ദിയുള്ളവരാണ്‌! (സങ്കീ. 119:99) വഴക്കമുള്ളവരായിരിക്കുന്നത്‌ ദാമ്പത്യം സന്തോഷകരമാക്കുന്നത്‌ എങ്ങനെയെന്ന്‌ അടുത്ത ലേഖനം വ്യക്തമാക്കും.

[അടിക്കുറിപ്പുകൾ]

^ ഖ. 2 ഇവിടെ അപ്പൊസ്‌തലനായ പൗലൊസ്‌ ഉപയോഗിച്ച വാക്കിന്റെ അർഥം ഒറ്റപ്പദംകൊണ്ടു വിവക്ഷിക്കാൻ ബുദ്ധിമുട്ടാണ്‌. ഒരു പരാമർശകൃതി പറയുന്നു: “വ്യക്തിപരമായ അവകാശങ്ങളിൽ വിട്ടുവീഴ്‌ച ചെയ്യുന്നതും മറ്റുള്ളവരോടു പരിഗണനയും ദയയും കാണിക്കുന്നതുമാണ്‌ ഇതിൽ ഉൾപ്പെട്ടിരിക്കുന്നത്‌.” അതുകൊണ്ട്‌ നിയമത്തിൽ കടിച്ചുതൂങ്ങുകയോ സ്വന്തം അവകാശങ്ങൾക്കുവേണ്ടി വാശിപിടിക്കുകയോ ചെയ്യുന്നതിനുപകരം വഴക്കവും ന്യായബോധവും ഉള്ളവരായിരിക്കുക, കീഴ്‌പെടുക എന്നൊക്കെയാണ്‌ ഈ പദത്തിന്റെ അർഥം.

^ ഖ. 13 2005 ഫെബ്രുവരി 15 ലക്കം വീക്ഷാഗോപുരത്തിന്റെ 23-6 പേജുകളിലെ “നിങ്ങളെ സേവനത്തിനു ‘നിർബ്ബന്ധിച്ചാൽ’” എന്ന ലേഖനം കാണുക.

നിങ്ങൾ എങ്ങനെ ഉത്തരം പറയും?

• വഴക്കമുള്ളവരായിരിക്കുന്നതിന്റെ പ്രയോജനങ്ങൾ ഏവ?

• മേൽവിചാരകന്മാർക്ക്‌ വഴക്കമുള്ളവരായിരിക്കാൻ കഴിയുന്നതെങ്ങനെ?

• വഴക്കമുള്ളവരായിരിക്കുന്നതിന്‌ കുടുംബജീവിതത്തിൽ എന്തു സ്ഥാനമാണുള്ളത്‌?

[അധ്യയന ചോദ്യങ്ങൾ]

[4-ാം പേജിലെ ചിത്രം]

യേശുവിനെപ്പോലെ മൂപ്പന്മാർ മറ്റുള്ളവരോട്‌ ദയയോടെ ഇടപെടുന്നു

[6-ാം പേജിലെ ചിത്രം]

പ്രാർഥനാപൂർവം കാര്യങ്ങൾ പരിചിന്തിക്കുകയും വഴക്കമുള്ളവരായിരിക്കുകയും ചെയ്യുമ്പോൾ മൂപ്പന്മാരുടെ യോഗത്തിൽ ഐക്യമുണ്ടാകും