വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

“നിങ്ങളിൽ ജ്ഞാനിയും വിവേകിയുമായവൻ ആർ?”

“നിങ്ങളിൽ ജ്ഞാനിയും വിവേകിയുമായവൻ ആർ?”

“നിങ്ങളിൽ ജ്ഞാനിയും വിവേകിയുമായവൻ ആർ?”

“നിങ്ങളിൽ ജ്ഞാനിയും വിവേകിയുമായവൻ ആർ? അവൻ ജ്ഞാനലക്ഷണമായ സൌമ്യതയോടെ നല്ലനടപ്പിൽ തന്റെ പ്രവൃത്തികളെ കാണിക്കട്ടെ.” —യാക്കോ. 3:13.

1, 2. ജ്ഞാനികളെന്നു കരുതപ്പെടുന്ന അനേകരെക്കുറിച്ചും എന്തു പറയാനാകും?

ആരെയാണു നിങ്ങൾ യഥാർഥ ജ്ഞാനിയായി കരുതുന്നത്‌—അച്ഛനെയോ അമ്മയെയോ പ്രായംചെന്ന ഒരാളെയോ ഒരു കോളേജ്‌ പ്രൊഫസറെയോ? ജീവിത പശ്ചാത്തലവും സാഹചര്യങ്ങളും ഇക്കാര്യത്തിലുള്ള നിങ്ങളുടെ വീക്ഷണത്തെ സ്വാധീനിച്ചേക്കാം. എന്നാൽ ദൈവത്തിന്റെ ദാസന്മാരായ നാം അവന്റെ വീക്ഷണത്തിനു മുൻതൂക്കംകൊടുക്കുന്നു.

2 ജ്ഞാനികളെന്നു ലോകം കരുതുന്നവരെല്ലാം ദൈവദൃഷ്ടിയിൽ യഥാർഥ ജ്ഞാനികളല്ല. ഉദാഹരണത്തിന്‌, തങ്ങളുടെ വാക്കുകൾ ജ്ഞാനമൊഴികളാണെന്നു കരുതിയവരോടായി ഇയ്യോബ്‌ ഇങ്ങനെ പറഞ്ഞു: “ഞാൻ നിങ്ങളിൽ ഒരു ജ്ഞാനിയെയും കാണുന്നില്ല.” (ഇയ്യോ. 17:10) “ജ്ഞാനികൾ എന്നു പറഞ്ഞുകൊണ്ടു അവർ മൂഢരായിപ്പോയി” എന്ന്‌, ദൈവപരിജ്ഞാനം തള്ളിക്കളഞ്ഞ ചിലരെക്കുറിച്ച്‌ പൗലൊസ്‌ എഴുതി. (റോമ. 1:22) യെശയ്യാ പ്രവാചകനിലൂടെ യഹോവയും ഇങ്ങനെ പറഞ്ഞു: “തങ്ങൾക്കുതന്നേ ജ്ഞാനികളായും . . . വിവേകികളായും തോന്നുന്നവർക്കു അയ്യോ കഷ്ടം!”—യെശ. 5:21.

3, 4. യഥാർഥ ജ്ഞാനികളുടെ ഒരു സവിശേഷതയെന്ത്‌?

3 വ്യക്തമായും, ഒരുവനെ ജ്ഞാനമുള്ളവനും ദൈവപ്രീതിക്ക്‌ അർഹനുമാക്കുന്നത്‌ എന്താണെന്നു നാം തിരിച്ചറിയേണ്ടതുണ്ട്‌. “യഹോവാഭക്തി ജ്ഞാനത്തിന്റെ ആരംഭവും പരിശുദ്ധനെക്കുറിച്ചുള്ള പരിജ്ഞാനം വിവേകവും ആകുന്നു” എന്ന്‌ സദൃശവാക്യങ്ങൾ 9:10 പറയുന്നു. ജ്ഞാനികളായവർക്ക്‌ ദൈവത്തോട്‌ ഉചിതമായ ഭയവും അവന്റെ നിലവാരങ്ങളോട്‌ ആദരവും ഉണ്ടായിരിക്കണം. എന്നാൽ ദൈവത്തെയും അവന്റെ നിലവാരങ്ങളെയും അംഗീകരിക്കുന്നതുമാത്രം പോരാ. യഥാർഥ ജ്ഞാനം നിങ്ങളുടെ വാക്കിലും പ്രവൃത്തിയിലും പ്രകടമായിരിക്കണം. (യാക്കോബ്‌ 3:13 വായിക്കുക.) “അവൻ . . . നല്ലനടപ്പിൽ തന്റെ പ്രവൃത്തികളെ കാണിക്കട്ടെ” എന്ന വാക്കുകൾ അതിന്‌ അടിവരയിടുന്നു.

4 നല്ല ന്യായബോധം പ്രകടമാക്കുന്നതും ഫലകരമായ വിധത്തിൽ പരിജ്ഞാനവും ഗ്രാഹ്യവും പ്രവൃത്തിപഥത്തിൽ കൊണ്ടുവരുന്നതും യഥാർഥ ജ്ഞാനത്തിന്റെ ലക്ഷണമാണ്‌. അത്തരം ജ്ഞാനം നമുക്കുണ്ടെന്ന്‌ പ്രവൃത്തിയിലൂടെ എങ്ങനെ തെളിയിക്കാം? ജ്ഞാനികളുടെ പ്രവർത്തനത്തിൽ പ്രകടമാകുന്ന പല കാര്യങ്ങളും യാക്കോബ്‌ പരാമർശിക്കുന്നു. * സഹവിശ്വാസികളും മറ്റുള്ളവരുമായുള്ള നല്ല ബന്ധത്തിന്‌ ഏതു കാര്യങ്ങൾ നമ്മെ സഹായിക്കുമെന്നാണ്‌ അവൻ പറഞ്ഞത്‌?

ജ്ഞാനം പ്രവൃത്തിയിലൂടെ

5. യഥാർഥ ജ്ഞാനമുള്ള ഒരു വ്യക്തി എങ്ങനെ പ്രവർത്തിക്കും?

5 യാക്കോബ്‌ ജ്ഞാനത്തെ പ്രവൃത്തിയുമായി ബന്ധിപ്പിച്ചുവെന്നത്‌ ശ്രദ്ധേയമാണ്‌. യഹോവാഭയം ജ്ഞാനത്തിന്റെ ആരംഭമായതിനാൽ ദൈവത്തിന്റെ വഴികൾക്കും നിലവാരങ്ങൾക്കും ചേർച്ചയിൽ ജീവിക്കാൻ ജ്ഞാനിയായ ഒരു വ്യക്തി യത്‌നിക്കും. ജന്മനാ ലഭിക്കുന്നതല്ല ദൈവികജ്ഞാനം. എന്നാൽ ക്രമമായ ബൈബിൾപഠനത്താലും ധ്യാനത്താലും അതു നേടാനാകും. അവ, “ദൈവത്തെ അനുകരിപ്പിൻ” എന്ന ഉദ്‌ബോധനത്തിനു ചേർച്ചയിൽ പ്രവർത്തിക്കാൻ നമ്മെ സഹായിക്കും. (എഫെ. 5:1) യഹോവയുടെ വ്യക്തിത്വം നാം എത്രയധികം അനുകരിക്കുന്നുവോ അത്രയധികം ജ്ഞാനപൂർവമായിരിക്കും നമ്മുടെ പ്രവൃത്തികൾ. യഹോവയുടെ വഴികൾ മനുഷ്യരുടേതിനെക്കാൾ അത്യന്തം ശ്രേഷ്‌ഠമാണ്‌. (യെശ. 55:8, 9) അതുകൊണ്ട്‌ യഹോവയുടെ പ്രവർത്തനവിധങ്ങൾ അനുകരിക്കുമ്പോൾ നാം വ്യത്യസ്‌തരാണെന്നു മറ്റുള്ളവർക്കു കാണാനാകും.

6. യഹോവയും യേശുവും സൗമ്യതയുടെ കാര്യത്തിൽ എന്തു മാതൃകവെച്ചു, സൗമ്യതയിൽ എന്ത്‌ ഉൾപ്പെട്ടിരിക്കുന്നു?

6 “ജ്ഞാനലക്ഷണമായ സൌമ്യത” ധരിക്കുന്നതാണ്‌ യഹോവയെ അനുകരിക്കാനുള്ള ഒരു മാർഗമെന്നു യാക്കോബ്‌ പറയുന്നു. സൗമ്യത ആർദ്രതയോടു ബന്ധപ്പെട്ടിരിക്കുന്നുവെങ്കിലും സമനിലയോടെ പ്രവർത്തിക്കാൻ തക്കവണ്ണം ഒരു ക്രിസ്‌ത്യാനിക്കു ധാർമിക കരുത്തു പകരാനും ആ ഗുണത്തിനു കഴിയും. ശക്തിയിൽ അപരിമേയനാണെങ്കിലും യഹോവ സൗമ്യതയുള്ളവനാണ്‌. അതുകൊണ്ടുതന്നെ അവനെ സമീപിക്കാൻ നമുക്കു ഭയമില്ല. പിതാവിന്റെ സൗമ്യത അതേപടി പകർത്തിയ യേശുവിന്‌ ഇങ്ങനെ പറയാൻ കഴിഞ്ഞു: “അദ്ധ്വാനിക്കുന്നവരും ഭാരം ചുമക്കുന്നവരും ആയുള്ളോരേ, എല്ലാവരും എന്റെ അടുക്കൽ വരുവിൻ; ഞാൻ നിങ്ങളെ ആശ്വസിപ്പിക്കും. ഞാൻ സൌമ്യതയും താഴ്‌മയും ഉള്ളവൻ ആകയാൽ എന്റെ നുകം ഏറ്റുകൊണ്ടു എന്നോടു പഠിപ്പിൻ; എന്നാൽ നിങ്ങളുടെ ആത്മാക്കൾക്കു ആശ്വാസം കണ്ടെത്തും.”—മത്താ. 11:28, 29; ഫിലി. 2:5-8.

7. സൗമ്യതയുടെ കാര്യത്തിൽ മോശെ ഉത്തമ ദൃഷ്ടാന്തമായിരിക്കുന്നത്‌ എന്തുകൊണ്ട്‌?

7 ശ്രദ്ധേയമാംവിധം സൗമ്യരായിരുന്ന മറ്റുള്ളവരെക്കുറിച്ചും ബൈബിൾ പറയുന്നു. അവരിലൊരാളാണ്‌ മോശെ. ഭാരിച്ച ഉത്തരവാദിത്വങ്ങൾ ഉണ്ടായിരുന്നിട്ടും “ഭൂതലത്തിൽ ഉള്ള സകലമനുഷ്യരിലും അതിസൌമ്യനായിരുന്നു” അവൻ. (സംഖ്യാ. 11:29; 12:3) എങ്കിലും തന്റെ ഇഷ്ടം നിറവേറ്റാൻ യഹോവ അവനെ ശക്തനാക്കിയെന്ന്‌ ഓർക്കുക. തന്റെ ഉദ്ദേശ്യനിവൃത്തിക്കായി സൗമ്യരെ ഉപയോഗിക്കുന്നത്‌ യഹോവയ്‌ക്കു സന്തോഷമായിരുന്നു.

8. “ജ്ഞാനലക്ഷണമായ സൌമ്യത” പ്രകടമാക്കാൻ അപൂർണ മനുഷ്യർക്കു കഴിയുന്നതെങ്ങനെ?

8 “ജ്ഞാനലക്ഷണമായ സൌമ്യത” പ്രകടമാക്കാൻ അപൂർണ മനുഷ്യർക്കു കഴിയും എന്നതിനു സംശയമില്ല. ഈ ഗുണം കൂടുതൽ മെച്ചമായി നമുക്കെങ്ങനെ പ്രകടമാക്കാനാകും? യഹോവയുടെ പരിശുദ്ധാത്മാവിന്റെ ഒരു ഫലമാണ്‌ സൗമ്യത. (ഗലാ. 5:22, 23) സൗമ്യത കാണിക്കുന്നതിൽ ദൈവം നമ്മെ സഹായിക്കുമെന്ന്‌ ഉറച്ചു വിശ്വസിച്ചുകൊണ്ട്‌ അവന്റെ ആത്മാവിനായി പ്രാർഥിക്കാനും അതിന്റെ ഫലം പ്രകടമാക്കാനും നമുക്ക്‌ ഉത്സാഹിക്കാം. “സൌമ്യതയുള്ളവർക്കു [ദൈവം] തന്റെ വഴി പഠിപ്പിച്ചുകൊടുക്കു”മെന്ന സങ്കീർത്തനക്കാരന്റെ വാക്കുകൾ ഓർക്കുക.—സങ്കീ. 25:9.

9, 10. ദിവ്യഗുണമായ സൗമ്യത പ്രകടമാക്കാൻ നാം എന്തു ചെയ്യണം, എന്തുകൊണ്ട്‌?

9 എന്നാൽ ഇക്കാര്യത്തിൽ ആത്മാർഥ ശ്രമം അനിവാര്യമാണ്‌. ഒരുപക്ഷേ, വളർന്നുവന്ന ചുറ്റുപാടുകൾ നിമിത്തം നമ്മിൽ ചിലർ സ്വതവേ സൗമ്യപ്രകൃതരായിരിക്കില്ല. “പകരത്തിനു പകരം” എന്ന മനോഭാവം കൈക്കൊള്ളാൻ ചുറ്റുമുള്ളവർ നമ്മെ പ്രേരിപ്പിച്ചേക്കാം. എന്നാൽ അതു ബുദ്ധിയാണോ? വീട്ടിൽ ഒരു ചെറിയ തീപിടുത്തമുണ്ടായാൽ അതു കെടുത്താൻ നിങ്ങൾ എണ്ണയൊഴിക്കുമോ അതോ വെള്ളമൊഴിക്കുമോ? എണ്ണയൊഴിച്ചാൽ തീ ആളിക്കത്തുമെന്നും വെള്ളമൊഴിച്ചാൽ അതു കെടുത്താനാകുമെന്നും നമുക്കറിയാം. സമാനമായി, ബൈബിൾ ഇങ്ങനെ പറയുന്നു: “മൃദുവായ ഉത്തരം ക്രോധത്തെ ശമിപ്പിക്കുന്നു; കഠിനവാക്കോ കോപത്തെ ജ്വലിപ്പിക്കുന്നു.” (സദൃ. 15:1, 18) സഭയ്‌ക്കുള്ളിലോ പുറത്തോ പ്രശ്‌നങ്ങൾ ഉണ്ടാകുന്നപക്ഷം സൗമ്യമായി പ്രതികരിച്ചുകൊണ്ട്‌ നമുക്ക്‌ യഥാർഥ ജ്ഞാനം പ്രകടമാക്കാം.—2 തിമൊ. 2:24.

10 സൗമ്യതയും സമാധാനവും ശാന്തതയുമെല്ലാം ലോകത്തിന്റെ ആത്മാവിനാൽ നയിക്കപ്പെടുന്നവർക്ക്‌ അന്യമാണ്‌. നിർദയരും നിഷ്‌ഠുരരുമായ ആളുകളെക്കൊണ്ടു നിറഞ്ഞിരിക്കുകയാണ്‌ ഈ ലോകം. യാക്കോബിന്‌ ഇതറിയാമായിരുന്നു. അതുകൊണ്ടാണ്‌ അത്തരം ആത്മാവിനാൽ ദുഷിപ്പിക്കപ്പെടാതിരിക്കേണ്ടതിന്‌ അവൻ സഭാംഗങ്ങൾക്കു മുന്നറിയിപ്പു നൽകിയത്‌. അവന്റെ ബുദ്ധിയുപദേശത്തിൽനിന്നു കൂടുതലായി നമുക്കെന്തു പഠിക്കാനാകും?

അജ്ഞാനികളുടെ ലക്ഷണങ്ങൾ

11. ഏതു സ്വഭാവവിശേഷങ്ങൾ ദൈവികജ്ഞാനത്തിനു വിരുദ്ധമാണ്‌?

11 ദൈവികജ്ഞാനത്തിനു നേർവിരുദ്ധമായ സ്വഭാവവിശേഷങ്ങളും യാക്കോബ്‌ തുറന്നുകാട്ടി. (യാക്കോബ്‌ 3:14 വായിക്കുക.) ഈർഷ്യയും ശാഠ്യവും അതിൽപ്പെടുന്നു. അത്തരം ജഡിക പ്രവണതകൾ പ്രബലപ്പെടുമ്പോൾ എന്തു സംഭവിക്കുന്നുവെന്നു നോക്കുക. യേശുവിനെ അടക്കംചെയ്‌തതെന്നു കരുതപ്പെടുന്ന സ്ഥലത്തു പണികഴിച്ച, യെരൂശലേമിലെ പള്ളിയുടെ നിയന്ത്രണം ആറു ക്രൈസ്‌തവ വിഭാഗങ്ങളുടെ കൈകളിലാണ്‌. അവർക്കിടയിലെ അധികാര വടംവലി തുടങ്ങിയിട്ട്‌ നാളേറെയായി. മുമ്പൊരിക്കൽ അവിടത്തെ ശുശ്രൂഷകന്മാർ “മണിക്കൂറുകളോളം വഴക്കിട്ടുവെന്നും കൂറ്റൻ മെഴുകുതിരിക്കാലുകൾ ഉപയോഗിച്ചുകൊണ്ട്‌ പരസ്‌പരം ആക്രമിച്ചുവെന്നും” 2006-ൽ ടൈം മാസിക പ്രസ്‌താവിച്ചു. പരസ്‌പര വിശ്വാസമില്ലാത്ത അവർ പള്ളിയുടെ താക്കോൽ ഏൽപ്പിച്ചിരിക്കുന്നത്‌ ഒരു മുസ്ലീമിനെയാണ്‌.

12. ജ്ഞാനത്തിന്റെ അഭാവത്തിൽ എന്തു സംഭവിച്ചേക്കാം?

12 അത്തരം ചേരിപ്പോരുകൾ ക്രിസ്‌തീയ സഭയിൽ ഒരിക്കലും കാണാനിടയാകരുത്‌. എന്നിരുന്നാലും അപൂർണത നിമിത്തം ചിലപ്പോഴൊക്കെ സ്വന്തം വീക്ഷണങ്ങളിൽ കടിച്ചുതൂങ്ങാൻ ചിലർ പ്രേരിതരായിട്ടുണ്ട്‌. അതിന്റെ ഫലമായി ചില വഴക്കും വക്കാണവുമൊക്കെ ഉണ്ടായിട്ടുമുണ്ട്‌. അത്തരമൊരു സാഹചര്യം നിലനിന്നിരുന്ന കൊരിന്ത്യസഭയ്‌ക്ക്‌ പൗലൊസ്‌ ഇങ്ങനെയെഴുതി: “നിങ്ങളുടെ ഇടയിൽ ഈർഷ്യയും പിണക്കവും ഇരിക്കെ, നിങ്ങൾ ജഡികന്മാരും ശേഷം മനുഷ്യരെപ്പോലെ നടക്കുന്നവരുമല്ലയോ?” (1 കൊരി. 3:3) കുറെക്കാലത്തേക്ക്‌ സഭയിലെ അവസ്ഥ അതുതന്നെയായിരുന്നു. അതുകൊണ്ട്‌ അത്തരമൊരു ആത്മാവ്‌ ഇന്നു സഭയിലേക്കു കടക്കാതിരിക്കാൻ നാം ജാഗ്രത പാലിക്കണം.

13, 14. ജഡിക മനോഭാവം തലപൊക്കിയേക്കാവുന്ന ചില സന്ദർഭങ്ങൾ ഏവ?

13 അനൈക്യത്തിന്റെ ആത്മാവ്‌ സഭയിൽ നുഴഞ്ഞുകയറിയേക്കാവുന്നത്‌ എങ്ങനെയാണ്‌? നിസ്സാരസംഗതികളായിരിക്കാം അതിനു വഴിവെക്കുന്നത്‌. ഉദാഹരണത്തിന്‌, രാജ്യഹാൾ പണിയുന്ന സമയത്ത്‌ ചില അഭിപ്രായവ്യത്യാസങ്ങൾ ഉയർന്നുവന്നേക്കാം. തന്റെ നിർദേശം സ്വീകരിക്കപ്പെടാത്തതിന്റെ പേരിൽ വിദ്വേഷം തോന്നുന്ന ഒരു സഹോദരൻ സഭയുടെ തീരുമാനങ്ങളെ പരസ്യമായി വിമർശിക്കുകയും രാജ്യഹാളിന്റെ പണിയിൽ തുടർന്നു സഹകരിക്കാൻ വിമുഖത കാട്ടുകയും ചെയ്‌തേക്കാം! അദ്ദേഹം ഒരു കാര്യം മറക്കുന്നു—സഭയുമായി ബന്ധപ്പെട്ട ഒരു സംരംഭം പൂർത്തീകരിക്കാൻ സഭയിൽ സമാധാനം ഉണ്ടായിരിക്കണം, ഏതു മാർഗം ഉപയോഗിക്കുന്നു എന്നതല്ല അവിടെ പ്രധാനം. മത്സരത്തിന്റെ ആത്മാവുള്ളിടത്തല്ല സൗമ്യതയുടെ ആത്മാവുള്ളിടത്താണു യഹോവ അനുഗ്രഹം ചൊരിയുന്നത്‌.—1 തിമൊ. 6:4, 5.

14 മറ്റൊരു ഉദാഹരണം നോക്കുക. വർഷങ്ങളോളം മൂപ്പനായി സേവിച്ച ഒരു സഹോദരന്‌ ഇപ്പോൾ അതിനുള്ള തിരുവെഴുത്തു യോഗ്യതയില്ലെന്ന്‌ സഭയിലെ മറ്റു മൂപ്പന്മാർ മനസ്സിലാക്കിയേക്കാം. മുമ്പു ബുദ്ധിയുപദേശം ലഭിച്ചിട്ടും പുരോഗതിവരുത്താതിരുന്നതിനാൽ, അദ്ദേഹത്തെ മൂപ്പൻസ്ഥാനത്തുനിന്നു നീക്കാനുള്ള ശുപാർശ സഞ്ചാരമേൽവിചാരകൻ അംഗീകരിച്ചേക്കാം. ആ മൂപ്പൻ അതിനെ എങ്ങനെ കാണണം? മൂപ്പന്മാരുടെ ഐകകണ്‌ഠ്യേനയുള്ള തീരുമാനവും ബുദ്ധിയുപദേശവും അദ്ദേഹം താഴ്‌മയോടും സൗമ്യതയോടും കൂടെ സ്വീകരിക്കുകയും മൂപ്പനായി സേവിക്കാൻ കഴിയേണ്ടതിന്‌ വീണ്ടും തിരുവെഴുത്തു യോഗ്യതകളിലെത്താൻ ദൃഢനിശ്ചയമെടുക്കുകയും ചെയ്യുമോ? അതോ പദവി കൈവിട്ടുപോയതിൽ നീരസവും വിദ്വേഷവും വെച്ചുപുലർത്തുമോ? മൂപ്പനായി സേവിക്കാൻ യോഗ്യതയില്ലാതിരിക്കെ, തനിക്കു യോഗ്യതയുണ്ടെന്ന്‌ ഒരു സഹോദരൻ കരുതുന്നതു ശരിയായിരിക്കുമോ? താഴ്‌മയോടെയും വിവേകത്തോടെയും പ്രവർത്തിക്കുന്നതായിരിക്കില്ലേ ജ്ഞാനം?

15. യാക്കോബ്‌ 3:15, 16-ലെ നിശ്വസ്‌ത ബുദ്ധിയുപദേശം അതിപ്രധാനമാണെന്നു നിങ്ങൾ കരുതുന്നത്‌ എന്തുകൊണ്ട്‌?

15 സമാനമായ മനോഭാവം മറ്റു വിധങ്ങളിലും കടന്നുവന്നേക്കാം. എന്തുതന്നെയായാലും അവ ഒഴിവാക്കാൻ നാം പ്രയത്‌നിക്കണം. (യാക്കോബ്‌ 3:15, 16 വായിക്കുക.) ആത്മീയസ്‌പർശമേൽക്കാത്ത അത്തരം മനോഭാവങ്ങളെ “ഭൌമിക”മെന്നാണ്‌ യാക്കോബ്‌ വിശേഷിപ്പിച്ചത്‌. വിശേഷബുദ്ധിയില്ലാത്ത മൃഗങ്ങളുടേതുപോലുള്ള ആ ജഡിക പ്രവണതകൾ “പ്രാകൃത”മാണ്‌. ദൈവത്തിന്റെ ശത്രുക്കളായ ഭൂതങ്ങളുടെ സ്വഭാവത്തിന്റെ പ്രതിഫലനമായതിനാൽ അവ “പൈശാചികവു”മാണ്‌. (യാക്കോ. 3:15, 16) ഒരു ക്രിസ്‌ത്യാനി അത്തരം സ്വഭാവവിശേഷങ്ങൾ പ്രകടമാക്കുന്നത്‌ എത്ര അനുചിതമായിരിക്കും!

16. നാം എന്തു പൊരുത്തപ്പെടുത്തലുകൾ വരുത്തേണ്ടിവന്നേക്കാം, അതിൽ എങ്ങനെ വിജയിക്കാനാകും?

16 ആത്മപരിശോധന നടത്താനും അത്തരം പ്രവണതകൾ ഒഴിവാക്കാനും സഭയിലെ ഓരോ അംഗവും ശ്രമിക്കണം, ഉപദേഷ്ടാക്കന്മാർ എന്നനിലയിൽ മേൽവിചാരകന്മാർ വിശേഷിച്ചും. അപൂർണതയും ഈ ലോകത്തിന്റെ സ്വാധീനവും നിമിത്തം അത്ര പെട്ടെന്നു വിജയിക്കാനായെന്നുവരില്ല. ചെളിനിറഞ്ഞതും തെന്നിക്കിടക്കുന്നതുമായ ഒരു കുന്നു കയറാൻ ശ്രമിക്കുന്നതിനു സമാനമാണിത്‌. പിടിച്ചുകയറാൻ എന്തെങ്കിലുമില്ലെങ്കിൽ നാം താഴേക്കു പോന്നേക്കാം. എന്നാൽ ബൈബിളിലെ ബുദ്ധിയുപദേശം മുറുകെപ്പിടിച്ചുകൊണ്ടും ദൈവത്തിന്റെ ആഗോള ക്രിസ്‌തീയ സഭയുടെ സഹായം പ്രയോജനപ്പെടുത്തിക്കൊണ്ടും നമുക്കു മുന്നോട്ടുനീങ്ങാനാകും.—സങ്കീ. 73:23, 24.

ജ്ഞാനികൾ പ്രിയപ്പെടുന്ന ഗുണങ്ങൾ

17. തെറ്റു ചെയ്യാൻ പ്രലോഭനമുണ്ടാകുമ്പോൾ ജ്ഞാനമുള്ളവർ എങ്ങനെ പ്രതികരിക്കും?

17 യാക്കോബ്‌ 3:17 വായിക്കുക. ‘ഉയരത്തിൽനിന്നുള്ള ജ്ഞാനം’ പ്രകടമാക്കുന്നതിലൂടെ കൈവരുന്ന ചില ഗുണങ്ങൾ പരിചിന്തിക്കുന്നതു പ്രയോജനകരമാണ്‌. നിർമലരായിരിക്കുകയെന്നാൽ പ്രവർത്തനങ്ങളിലും ആന്തരങ്ങളിലും ശുദ്ധരും നിഷ്‌കളങ്കരുമായിരിക്കുക എന്നാണർഥം. തിന്മയായ കാര്യങ്ങൾ നാം സത്വരം നിരാകരിക്കണം. ആ പ്രവർത്തനം അനൈച്ഛികമായിത്തന്നെ വരണം. എല്ലിന്റെ ഡോക്ടർ കാൽമുട്ടിനുകീഴെ ഒരു പ്രത്യേക തരം ചുറ്റികകൊണ്ടു മുട്ടുമ്പോൾ അറിയാതെതന്നെ നിങ്ങളുടെ കാൽ നിവർന്നുപോകും. അതിനായി നിങ്ങൾ ഒന്നും ചെയ്യേണ്ടതില്ല. ദുഷ്‌പ്രവൃത്തികളിൽ ഏർപ്പെടാൻ പ്രേരിപ്പിക്കപ്പെടുമ്പോൾ നാം പ്രതികരിക്കേണ്ടതും അങ്ങനെയാണ്‌. തെറ്റായ കാര്യങ്ങൾ തള്ളിക്കളയാൻ നമ്മുടെ പരിശുദ്ധിയും ബൈബിൾപരിശീലിത മനസ്സാക്ഷിയും തത്‌ക്ഷണം നമ്മെ പ്രേരിപ്പിക്കണം. (റോമ. 12:9) യോസേഫിനെയും യേശുവിനെയുംപോലെ ഈ വിധത്തിൽ പ്രവർത്തിച്ച പലരുടെയും ദൃഷ്ടാന്തങ്ങൾ ബൈബിളിൽ കാണാം.—ഉല്‌പ. 39:7-9; മത്താ. 4:8-10.

18. സമാധാനപ്രിയർ ആയിരിക്കുക, സമാധാനമുണ്ടാക്കുന്നവർ ആയിരിക്കുക എന്നിവയുടെ അർഥമെന്ത്‌?

18 ദൈവികജ്ഞാനം പ്രകടമാക്കാൻ നാം സമാധാനപ്രിയരും ആയിരിക്കേണ്ടതുണ്ട്‌. ആക്രമണസ്വഭാവവും സമാധാനത്തിനു തുരങ്കംവെക്കുന്ന പ്രവൃത്തികളും നാം ഒഴിവാക്കണമെന്നാണ്‌ ഇതിനർഥം. ഈ ആശയം കൂടുതലായി വിശദീകരിച്ചുകൊണ്ട്‌ യാക്കോബ്‌ പറയുന്നു: “സമാധാനം ഉണ്ടാക്കുന്നവർ സമാധാനത്തിൽ വിതെച്ചു നീതി എന്ന ഫലം കൊയ്യും.” (യാക്കോ. 3:18) “സമാധാനം ഉണ്ടാക്കുന്ന” എന്ന പ്രയോഗം ശ്രദ്ധിക്കുക. സമാധാനം ഉണ്ടാക്കുന്നവർ എന്ന നിലയിലാണോ സമാധാനം തകർക്കുന്നവർ എന്ന നിലയിലാണോ നാമോരോരുത്തരും സഭയിൽ അറിയപ്പെടുന്നത്‌? മറ്റുള്ളവരുമായി ഒരു കാര്യത്തിലും യോജിക്കാൻ കഴിയാത്തവരും പെട്ടെന്നു മുറിപ്പെടുന്നവരും മുറിപ്പെടുത്തുന്നവരുമാണോ നാം? സ്വന്തം വ്യക്തിത്വത്തെ എല്ലാവരും അംഗീകരിക്കണമെന്നു നാം നിർബന്ധം പിടിക്കുമോ, അതോ മറ്റുള്ളവർ ന്യായമായും ഇഷ്ടപ്പെടാത്ത സ്വഭാവവിശേഷങ്ങൾ ഒഴിവാക്കാൻ നാം താഴ്‌മയോടെ യത്‌നിക്കുമോ? ക്ഷണത്തിൽ ക്ഷമിച്ചുകൊണ്ടും കുറ്റങ്ങൾ മറന്നുകൊണ്ടും സമാധാനം കണ്ടെത്തുന്നതിൽ നാം മാതൃകായോഗ്യരാണോ? ഈ വിധത്തിൽ ദൈവികജ്ഞാനം പ്രകടമാക്കുന്നതിൽ നാം പുരോഗമിക്കേണ്ടതുണ്ടോയെന്നു കാണാൻ സത്യസന്ധമായ ആത്മപരിശോധന നമ്മെ സഹായിക്കും.

19. ഒരു വ്യക്തി ന്യായബോധമുള്ളവനായി അറിയപ്പെടുന്നത്‌ എപ്പോൾ?

19 ഉയരത്തിൽനിന്നുള്ള ജ്ഞാനം പ്രകടമാക്കുന്നതിൽ “ശാന്തത” [“ന്യായബോധം,” NW] ഉൾപ്പെടുന്നുവെന്ന്‌ യാക്കോബ്‌ ചൂണ്ടിക്കാട്ടി. തിരുവെഴുത്തു തത്ത്വങ്ങൾ ഉൾപ്പെട്ടിട്ടില്ലാത്തപ്പോൾ, സ്വന്തം വീക്ഷണങ്ങൾക്കു ചേർച്ചയിൽ എല്ലാം നടക്കണമെന്നു ശഠിക്കാതെ മറ്റുള്ളവരുടെ അഭിപ്രായങ്ങൾക്കു ചെവികൊടുക്കാൻ നാം ചായ്‌വുള്ളവരാണോ? സൗമ്യരും സമീപിക്കാവുന്നവരും എന്ന ഖ്യാതി നമുക്കുണ്ടോ? ന്യായബോധമുള്ളവരായിരിക്കാൻ നാം പഠിച്ചിരിക്കുന്നു എന്നതിന്റെ തെളിവാണ്‌ അവയെല്ലാം.

20. നാം പരിചിന്തിച്ച ദൈവികഗുണങ്ങൾ പ്രകടമാക്കുന്നതിന്റെ ഫലമെന്താണ്‌?

20 സഹോദരീസഹോദരന്മാർ യാക്കോബ്‌ പരാമർശിച്ച ദൈവികഗുണങ്ങൾ പൂർവാധികം പ്രകടമാക്കുമ്പോൾ സഭയിലെ അന്തരീക്ഷം എത്ര ഹൃദ്യമായിത്തീരും! (സങ്കീ. 133:1-3) സൗമ്യരും സമാധാനപ്രിയരും ന്യായബോധമുള്ളവരും ആയിരിക്കുമ്പോൾ വ്യക്തിബന്ധങ്ങൾ മെച്ചപ്പെടുകയും നമുക്ക്‌ “ഉയരത്തിൽനിന്നുള്ള ജ്ഞാന”മുണ്ടെന്നു തെളിയുകയും ചെയ്യും. യഹോവ വീക്ഷിക്കുന്നതുപോലെ മറ്റുള്ളവരെ വീക്ഷിക്കാൻ പഠിക്കുമ്പോൾ ഇക്കാര്യത്തിൽ നാം കൂടുതൽ മെച്ചപ്പെടും. അതാണ്‌ അടുത്ത ലേഖനം ചർച്ചചെയ്യുന്നത്‌.

[അടിക്കുറിപ്പ്‌]

^ ഖ. 4 സഭയിലെ പ്രായമേറിയ പുരുഷന്മാരെ അഥവാ ‘ഉപദേഷ്ടാക്കന്മാരെ’ ഉദ്ദേശിച്ചാണു യാക്കോബ്‌ ഇതു പറഞ്ഞതെന്നു സന്ദർഭം സൂചിപ്പിക്കുന്നു. (യാക്കോ. 3:1) ദൈവികജ്ഞാനം പ്രകടമാക്കുന്നതിൽ അവർ തീർച്ചയായും മാതൃകയായിരിക്കണം.

നിങ്ങൾക്കു വിശദീകരിക്കാമോ?

• ഒരു ക്രിസ്‌ത്യാനിയെ യഥാർഥ ജ്ഞാനിയാക്കുന്നത്‌ എന്ത്‌?

• ദൈവികജ്ഞാനം പ്രകടമാക്കുന്നതിൽ നമുക്കെങ്ങനെ മെച്ചപ്പെടാം?

• ‘ഉയരത്തിൽനിന്നുള്ള ജ്ഞാനം’ പ്രകടമാക്കാത്തവരുടെ പ്രത്യേകതയെന്ത്‌?

• ഏതു ഗുണങ്ങൾ കൂടുതലായി വളർത്തിയെടുക്കാൻ നിങ്ങൾ നിശ്ചയിച്ചിരിക്കുന്നു?

[അധ്യയന ചോദ്യങ്ങൾ]

[23-ാം പേജിലെ ചിത്രം]

അനൈക്യം ഉണ്ടായേക്കാവുന്നത്‌ എങ്ങനെ?

[24-ാം പേജിലെ ചിത്രം]

തെറ്റായ കാര്യങ്ങൾ നിങ്ങൾ അനൈച്ഛികമായി തള്ളിക്കളയുന്നുവോ?