വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവ നമ്മുടെ നിലവിളി കേൾക്കുന്നു

യഹോവ നമ്മുടെ നിലവിളി കേൾക്കുന്നു

യഹോവ നമ്മുടെ നിലവിളി കേൾക്കുന്നു

“യഹോവയുടെ കണ്ണു നീതിമാന്മാരുടെ മേലും അവന്റെ ചെവി അവരുടെ നിലവിളിക്കും തുറന്നിരിക്കുന്നു.”—സങ്കീ. 34:15.

1, 2. (എ) ഇന്ന്‌ അനേകരുടെയും അനുഭവമെന്താണ്‌? (ബി) എന്നാൽ നമുക്കെന്തറിയാം?

നിങ്ങളുടെ ജീവിതം ക്ലേശപൂർണമാണോ? യഥാർഥത്തിൽ ദശലക്ഷങ്ങൾ ഇന്ന്‌ ഈ ദുഷ്ടവ്യവസ്ഥിതിയിലെ ജീവിത സമ്മർദങ്ങളുമായി പോരാടുകയാണ്‌. ചിലരെ അതു തളർത്തിക്കളയുന്നു. “ഞാൻ ക്ഷീണിച്ചു അത്യന്തം തകർന്നിരിക്കുന്നു; എന്റെ ഹൃദയത്തിലെ ഞരക്കംനിമിത്തം ഞാൻ അലറുന്നു. എന്റെ നെഞ്ചിടിക്കുന്നു; ഞാൻ വശംകെട്ടിരിക്കുന്നു; എന്റെ കണ്ണിന്റെ വെളിച്ചവും എനിക്കില്ലാതെയായി” എന്നെഴുതിയ ദാവീദിന്റെ വികാരമാണ്‌ അവർക്കും.—സങ്കീ. 38:8, 10.

2 ക്രിസ്‌ത്യാനികളായ നാം ജീവിതക്ലേശങ്ങൾക്കുമുന്നിൽ പകച്ചുനിൽക്കുന്നില്ല. യേശുവിന്റെ സാന്നിധ്യത്തെ അടയാളപ്പെടുത്തുന്ന, മുൻകൂട്ടിപ്പറയപ്പെട്ട “ഈറ്റുനോവിന്റെ” ഭാഗമാണ്‌ ഇവയെല്ലാമെന്നു നമുക്കറിയാം. (മർക്കൊ. 13:8; മത്താ. 24:3) ഇടപെടാൻ പ്രയാസമേറിയ ഈ “ദുർഘട”നാളുകളിൽ ആളുകൾ അനുഭവിക്കുന്ന കഷ്ടപ്പാടിന്റെ കാഠിന്യത്തെ “ഈറ്റുനോവി”നോട്‌ ഉപമിച്ചിരിക്കുന്നതിൽ അതിശയമില്ല!—2 തിമൊ. 3:1.

യഹോവ നമ്മുടെ ക്ലേശങ്ങൾ അറിയുന്നു

3. ദൈവജനം എന്തു തിരിച്ചറിയുന്നു?

3 ഇത്തരം ക്ലേശങ്ങളിൽനിന്നു തങ്ങൾ ഒഴിവുള്ളവരല്ലെന്ന്‌ യഹോവയുടെ ജനത്തിനു നന്നായി അറിയാം. തന്നെയുമല്ല സാഹചര്യങ്ങൾ ഇനിയും വഷളാകാനാണു സർവസാധ്യതയും. ദൈവദാസന്മാരായ നമുക്ക്‌ മനുഷ്യവർഗം സാധാരണ നേരിടുന്ന ക്ലേശങ്ങൾക്കു പുറമേ, ഏതുവിധേനയും നമ്മുടെ വിശ്വാസം തകർക്കാൻ ശ്രമിക്കുന്ന ‘പ്രതിയോഗിയായ പിശാചിനെയും’ നേരിടേണ്ടതുണ്ട്‌. (1 പത്രൊ. 5:8) “നിന്ദ എന്റെ ഹൃദയത്തെ തകർത്തു, ഞാൻ ഏറ്റവും വിഷാദിച്ചിരിക്കുന്നു; വല്ലവന്നും സഹതാപം തോന്നുമോ എന്നു ഞാൻ നോക്കിക്കൊണ്ടിരുന്നു; ആർക്കും തോന്നിയില്ല; ആശ്വസിപ്പിക്കുന്നവരുണ്ടോ എന്നും നോക്കിക്കൊണ്ടിരുന്നു; ആരെയും കണ്ടില്ലതാനും” എന്നു വിലപിച്ച ദാവീദിനെപ്പോലെ ചിന്തിച്ചുപോകുക സ്വാഭാവികം മാത്രം!—സങ്കീ. 69:20.

4. ക്ലേശങ്ങൾ നേരിടുമ്പോൾ നമുക്ക്‌ ആശ്വസിക്കാനാകുന്നത്‌ എന്തുകൊണ്ട്‌?

4 തന്റെ സാഹചര്യം ആശയറ്റതാണെന്ന്‌ ദാവീദ്‌ ചിന്തിച്ചോ? ഇല്ല. അവൻ തുടർന്നു പറഞ്ഞതു ശ്രദ്ധിക്കുക: “യഹോവ ദരിദ്രന്മാരുടെ പ്രാർത്ഥന കേൾക്കുന്നു; തന്റെ ബദ്ധന്മാരെ [അഥവാ, തന്റെ ജനത്തിലെ ബന്ദിതരെ] നിന്ദിക്കുന്നതുമില്ല.” (സങ്കീ. 69:33) ക്ലേശങ്ങളുടെയും കഷ്ടപ്പാടുകളുടെയും തടവറയിലാണു നാമെന്നും മറ്റുള്ളവർ നമ്മുടെ അവസ്ഥ മനസ്സിലാക്കുന്നില്ലെന്നും ചിലപ്പോഴൊക്കെ നമുക്കു തോന്നിയേക്കാം. എന്നാൽ നമ്മുടെ എല്ലാ ക്ലേശങ്ങളും യഹോവ കാണുന്നുവെന്ന തിരിച്ചറിവ്‌ ദാവീദിനെപ്പോലെ നമ്മെയും ആശ്വസിപ്പിക്കുന്നു.—സങ്കീ. 34:15.

5. ശലോമോന്‌ എന്തു ബോധ്യമുണ്ടായിരുന്നു?

5 യെരൂശലേമിലെ ആലയത്തിന്റെ സമർപ്പണവേളയിൽ, ദാവീദിന്റെ പുത്രനായ ശലോമോൻ ഈ സത്യം എടുത്തുകാട്ടി. (2 ദിനവൃത്താന്തം 6:29-31 വായിക്കുക.) ഹൃദയപരമാർഥതയുള്ള ഓരോരുത്തരും “താന്താന്റെ വ്യാധിയും ദുഃഖവു”മായി യഹോവയെ സമീപിക്കുമ്പോൾ അവരുടെ പ്രാർഥനയ്‌ക്കു ചെവികൊടുക്കണമേയെന്ന്‌ അവൻ യാചിച്ചു. ദുഃഖിതരായ ആ വ്യക്തികളുടെ പ്രാർഥനകളോട്‌ ദൈവം എങ്ങനെ പ്രതികരിക്കുമായിരുന്നു? ദൈവം അവരുടെ പ്രാർഥനകൾ കേൾക്കുക മാത്രമല്ല, അതിന്‌ ഉത്തരം നൽകുകയും ചെയ്യുമെന്നുള്ള ഉറച്ച ബോധ്യം ശലോമോനുണ്ടായിരുന്നു. “നീ മാത്രമല്ലോ മനുഷ്യപുത്രന്മാരുടെ ഹൃദയങ്ങളെ അറിയുന്നത്‌,” അവനെഴുതി.

6. ആകുലതകൾ തരണംചെയ്യാൻ നമുക്കെങ്ങനെ കഴിയും, എന്തുകൊണ്ട്‌?

6 സമാനമായി, ക്ലേശങ്ങളാകുന്ന “വ്യാധിയും ദുഃഖവു”മായി നമുക്കോരോരുത്തർക്കും പ്രാർഥനയിൽ യഹോവയെ സമീപിക്കാനാകും. നമ്മുടെ അരിഷ്ടതകൾ അവൻ കാണുന്നുവെന്നും നമുക്കായി കരുതുന്നുവെന്നുമുള്ള അറിവ്‌ ആശ്വാസം പകരുന്നു. “അവൻ നിങ്ങൾക്കായി കരുതുന്നതാകയാൽ നിങ്ങളുടെ സകല ചിന്താകുലവും അവന്റെമേൽ ഇട്ടുകൊൾവിൻ” എന്നു പറഞ്ഞുകൊണ്ട്‌ പത്രൊസ്‌ അപ്പൊസ്‌തലൻ അതിന്‌ അടിവരയിട്ടു. (1 പത്രൊ. 5:7) നമുക്കു സംഭവിക്കുന്ന കാര്യങ്ങൾ സംബന്ധിച്ച്‌ യഹോവ ചിന്തയുള്ളവനാണ്‌. യഹോവയുടെ സ്‌നേഹാർദ്രമായ കരുതൽ എടുത്തുകാട്ടിക്കൊണ്ട്‌ യേശു പറഞ്ഞു: “കാശിന്നു രണ്ടു കുരികിൽ വില്‌ക്കുന്നില്ലയോ? അവയിൽ ഒന്നുപോലും നിങ്ങളുടെ പിതാവു സമ്മതിക്കാതെ നിലത്തു വീഴുകയില്ല. എന്നാൽ നിങ്ങളുടെ തലയിലെ രോമവും എല്ലാം എണ്ണപ്പെട്ടിരിക്കുന്നു. ആകയാൽ ഭയപ്പെടേണ്ടാ; ഏറിയ കുരികിലുകളെക്കാളും നിങ്ങൾ വിശേഷതയുള്ളവരല്ലോ.”—മത്താ. 10:29-31.

യഹോവയുടെ സഹായത്തിൽ ആശ്രയിക്കുക

7. എന്തു സംബന്ധിച്ച്‌ നമുക്ക്‌ ഉറപ്പുണ്ടായിരിക്കാനാകും?

7 ക്ലേശങ്ങൾ വരിഞ്ഞുമുറുക്കുമ്പോൾ നമ്മെ സഹായിക്കാൻ യഹോവ മനസ്സുള്ളവനും പ്രാപ്‌തനുമാണെന്ന്‌ നമുക്കുറപ്പുണ്ടായിരിക്കാം. “ദൈവം നമ്മുടെ സങ്കേതവും ബലവും ആകുന്നു; കഷ്ടങ്ങളിൽ അവൻ ഏറ്റവും അടുത്ത തുണയായിരിക്കുന്നു.” (സങ്കീ. 34:15-18; 46:1) എങ്ങനെയാണ്‌ ദൈവം ആ സഹായം നൽകുന്നത്‌? 1 കൊരിന്ത്യർ 10:13 പറയുന്നതു ശ്രദ്ധിക്കുക: “മനുഷ്യർക്കു നടപ്പല്ലാത്ത പരീക്ഷ നിങ്ങൾക്കു നേരിട്ടിട്ടില്ല; ദൈവം വിശ്വസ്‌തൻ; നിങ്ങൾക്കു കഴിയുന്നതിന്നുമീതെ പരീക്ഷ നേരിടുവാൻ സമ്മതിക്കാതെ നിങ്ങൾക്കു സഹിപ്പാൻ കഴിയേണ്ടതിന്നു പരീക്ഷയോടുകൂടെ അവൻ പോക്കുവഴിയും ഉണ്ടാക്കും.” നമ്മുടെ കഷ്ടപ്പാടുകൾ നീങ്ങിപ്പോകുമാറ്‌ അവൻ കാര്യങ്ങളെ നയിച്ചേക്കാം, അല്ലെങ്കിൽ അതു സഹിക്കാനുള്ള ശക്തി പ്രദാനംചെയ്‌തേക്കാം. എന്തായാലും അവൻ സഹായിക്കുമെന്ന കാര്യത്തിൽ സംശയമില്ല.

8. ദൈവത്തിന്റെ സഹായത്തിൽനിന്ന്‌ നമുക്കെങ്ങനെ പ്രയോജനം നേടാം?

8 ആ സഹായത്തിൽനിന്ന്‌ നമുക്കെങ്ങനെ പ്രയോജനം നേടാം? “നിന്റെ ഭാരം [“എല്ലാ ഭാരവും,” NW] യഹോവയുടെമേൽ വെച്ചുകൊൾക” എന്നു പറഞ്ഞുകൊണ്ട്‌, നാം എന്താണു ചെയ്യേണ്ടതെന്ന്‌ ബൈബിൾ ചൂണ്ടിക്കാട്ടുന്നു. നമ്മുടെ മുഴു ചിന്താഭാരവും ആലങ്കാരികമായി യഹോവയ്‌ക്കു കൈമാറുകയെന്നാണ്‌ അതിനർഥം. ഉത്‌കണ്‌ഠപ്പെടാതിരിക്കാൻ ശ്രമിച്ചുകൊണ്ട്‌, നമ്മുടെ ആവശ്യങ്ങൾ നിറവേറ്റിത്തരാനായി ക്ഷമയോടെ നാം അവനിൽ ആശ്രയിക്കുന്നു. (മത്താ. 6:25-32) സ്വന്തം ശക്തിയിലോ ജ്ഞാനത്തിലോ ആശ്രയിക്കുന്നതിനു പകരം ദൈവത്തിൽ ആശ്രയംവെക്കുന്നതിനു താഴ്‌മ ആവശ്യമാണ്‌. ‘ദൈവത്തിന്റെ ബലമുള്ള കൈക്കീഴു താണിരുന്നു’കൊണ്ട്‌ നാം നമ്മുടെ എളിയ നില അംഗീകരിക്കുന്നു. (1 പത്രൊസ്‌ 5:6 വായിക്കുക.) ദൈവം അനുവദിക്കുന്ന എന്തും നേരിടാൻ അതുവഴി നാം സഹായിക്കപ്പെടുന്നു. പെട്ടെന്നുള്ള ആശ്വാസത്തിനായി നാം വാഞ്‌ഛിച്ചേക്കാം. എന്നാൽ എപ്പോൾ, എങ്ങനെ നമ്മുടെ കാര്യത്തിൽ ഇടപെടണമെന്ന്‌ യഹോവയ്‌ക്കു കൃത്യമായി അറിയാമെന്ന ബോധ്യത്തോടെ നാം അവനായി കാത്തിരിക്കുന്നു.—സങ്കീ. 54:7; യെശ. 41:10.

9. എന്തു ഭാരമാണ്‌ ദാവീദ്‌ യഹോവയുടെമേൽ വെച്ചത്‌?

9 “നിന്റെ ഭാരം യഹോവയുടെമേൽ വെച്ചുകൊൾക; അവൻ നിന്നെ പുലർത്തും; നീതിമാൻ കുലുങ്ങിപ്പോകുവാൻ അവൻ ഒരുനാളും സമ്മതിക്കയില്ല” എന്ന, സങ്കീർത്തനം 55:22-ലെ ദാവീദിന്റെ വാക്കുകൾ ഓർക്കുക. അതെഴുതുമ്പോൾ അവൻ കടുത്ത സമ്മർദത്തിലായിരുന്നു. (സങ്കീ. 55:4) പുത്രനായ അബ്‌ശാലോം ഭരണം തട്ടിയെടുക്കാൻ കരുക്കൾ നീക്കുകയായിരുന്നു. ദാവീദിന്റെ വിശ്വസ്‌ത ഉപദേഷ്ടാവായ അഹീഥോഫെലും ആ ഗൂഢാലോചനയിൽ പങ്കുചേർന്നു. പ്രാണരക്ഷാർഥം ദാവീദിന്‌ യെരൂശലേമിൽനിന്ന്‌ ഓടിപ്പോകേണ്ടിവന്നു. (2 ശമൂ. 15:12-14) ആ പ്രക്ഷുബ്ധ സാഹചര്യങ്ങളിലും അവൻ ദൈവത്തിലുള്ള ആശ്രയം മുറുകെപ്പിടിച്ചു, അവനതിൽ ഖേദിക്കേണ്ടിവന്നില്ല.

10. ക്ലേശങ്ങൾ നേരിടുമ്പോൾ നാമെന്തു ചെയ്യണം?

10 ദാവീദിനെപ്പോലെ, നേരിടുന്ന ഏതൊരു പ്രശ്‌നവുമായി നാം യഹോവയെ സമീപിക്കേണ്ടത്‌ അതിപ്രധാനമാണ്‌. ഇക്കാര്യത്തിൽ നാമെന്താണു ചെയ്യേണ്ടതെന്ന്‌ പൗലൊസ്‌ അപ്പൊസ്‌തലൻ പറഞ്ഞതു നോക്കുക. (ഫിലിപ്പിയർ 4:6, 7 വായിക്കുക.) അത്തരം ഉത്‌കടമായ പ്രാർഥനയുടെ ഫലം എന്താണ്‌? ‘സകലബുദ്ധിയേയും കവിയുന്ന ദൈവസമാധാനം [നമ്മുടെ] ഹൃദയങ്ങളെയും നിനവുകളെയും ക്രിസ്‌തുയേശുവിങ്കൽ കാക്കും.’

11. “ദൈവസമാധാനം” നമ്മുടെ ഹൃദയങ്ങളെയും നിനവുകളെയും കാക്കുന്നതെങ്ങനെ?

11 പ്രാർഥനയ്‌ക്കു നിങ്ങളുടെ സാഹചര്യം മാറ്റിമറിക്കാനാകുമോ? സാധ്യത ഇല്ലാതില്ല. എന്നാൽ നാമാഗ്രഹിക്കുന്ന വിധത്തിൽ എല്ലായ്‌പോഴും യഹോവ നമ്മുടെ പ്രാർഥനകൾക്ക്‌ ഉത്തരം നൽകുന്നില്ലെന്ന്‌ ഓർക്കണം. അതേസമയം, ക്ലേശങ്ങളിൽ തളർന്നുപോകാതെ മനസ്സിന്റെ പ്രശാന്തത നിലനിറുത്താൻ പ്രാർഥന നമ്മെ സഹായിക്കും. വികാരവിക്ഷുബ്ധതകളാൽ ഭാരപ്പെടുമ്പോൾ “ദൈവസമാധാനം” നമ്മെ സമാശ്വസിപ്പിക്കും. ശത്രുക്കളുടെ ആക്രമണത്തിൽനിന്ന്‌ ഒരു നഗരത്തെ സംരക്ഷിക്കാൻ നിയമിക്കപ്പെടുന്ന സൈന്യത്തെപ്പോലെ “ദൈവസമാധാനം” നമ്മുടെ ഹൃദയങ്ങളെയും നിനവുകളെയും കാക്കും. സംശയങ്ങളും ഭയങ്ങളും നിഷേധാത്മക ചിന്തകളും തരണംചെയ്യാൻ അതു നമ്മെ സഹായിക്കും. ചിന്താശൂന്യമായും ജ്ഞാനരഹിതമായും പ്രതികരിക്കുന്നതിൽനിന്ന്‌ അതു നമ്മെ തടയുകയും ചെയ്യും.—സങ്കീ. 145:18.

12. മനസ്സമാധാനം കാത്തുകൊള്ളാൻ എങ്ങനെ കഴിയുമെന്നു ദൃഷ്ടാന്തീകരിക്കുക.

12 പ്രശ്‌നങ്ങൾ വീർപ്പുമുട്ടിക്കുമ്പോഴും മനസ്സമാധാനത്തോടെ ജീവിക്കാൻ നമുക്കെങ്ങനെ കഴിയും? പലതുകൊണ്ടും നമ്മുടെ സാഹചര്യത്തോടു സാമ്യമുള്ള ഒരു ദൃഷ്ടാന്തം പരിചിന്തിക്കുക. നിർദയനായ ഒരു മാനേജരുടെ കീഴിൽ ജോലിനോക്കുന്ന ഒരു തൊഴിലാളി. അദ്ദേഹത്തിനു പക്ഷേ, ദയാലുവും നല്ലവനുമായ മുതലാളിയോടു തന്റെ വികാരങ്ങൾ വെളിപ്പെടുത്താൻ അവസരം ലഭിക്കുന്നു. താൻ എല്ലാം അറിയുന്നുണ്ടെന്നും മാനേജരെ ഉടൻ പിരിച്ചുവിടുമെന്നും മുതലാളി ഉറപ്പുകൊടുക്കുന്നു. ആ ഉറപ്പിൽ വിശ്വാസമർപ്പിച്ചുകൊണ്ടും സംഭവിക്കാൻ പോകുന്ന കാര്യങ്ങൾ കൺമുന്നിൽ കണ്ടുകൊണ്ടും തൊഴിലാളി ജോലിയിൽ തുടരുന്നു, വീണ്ടും ചില ബുദ്ധിമുട്ടുകൾ ഉണ്ടാകുന്നെങ്കിൽപ്പോലും. സമാനമായി, യഹോവ നമ്മുടെ സാഹചര്യം മനസ്സിലാക്കുന്നുണ്ടെന്നു നമുക്കറിയാം. പെട്ടെന്നുതന്നെ “ഈ ലോകത്തിന്റെ പ്രഭുവിനെ പുറത്തു തള്ളിക്കളയും” എന്ന്‌ അവൻ നമുക്ക്‌ ഉറപ്പുനൽകുകയും ചെയ്യുന്നു. (യോഹ. 12:31) എന്തൊരാശ്വാസം!

13. പ്രാർഥിക്കുന്നതിനു പുറമേ നാം മറ്റെന്തുകൂടി ചെയ്യണം?

13 അങ്ങനെയെങ്കിൽ നാം പ്രശ്‌നങ്ങൾ യഹോവയെ അറിയിച്ചാൽ മാത്രം മതിയാകുമോ? പോരാ. പ്രാർഥനയ്‌ക്കു ചേർച്ചയിൽ പ്രവർത്തിക്കേണ്ടതുമുണ്ട്‌. തന്നെ കൊല്ലാൻ ശൗൽ ആളയച്ചപ്പോൾ ദാവീദ്‌ ഇങ്ങനെ പ്രാർഥിച്ചു: “എന്റെ ദൈവമേ, എന്റെ ശത്രുക്കളുടെ കയ്യിൽനിന്നു എന്നെ വിടുവിക്കേണമേ; എന്നോടു എതിർക്കുന്നവരുടെ വശത്തുനിന്നു എന്നെ ഉദ്ധരിക്കേണമേ. നീതികേടു പ്രവർത്തിക്കുന്നവരുടെ കയ്യിൽനിന്നു എന്നെ വിടുവിച്ചു രക്തപാതകന്മാരുടെ പക്കൽനിന്നു എന്നെ രക്ഷിക്കേണമേ.” (സങ്കീ. 59:1, 2) പ്രാർഥിച്ചതിനു പുറമേ അവൻ ഭാര്യയുടെ വാക്കുകൾക്കു ചേർച്ചയിൽ, രക്ഷപ്പെടാനുള്ള വഴികൾ തേടുകയും ചെയ്‌തു. (1 ശമൂ. 19:11, 12) അതുപോലെ, പ്രായോഗിക ജ്ഞാനത്തിനായി പ്രാർഥിച്ചുകൊണ്ടും തദനുസരണം പ്രവർത്തിച്ചുകൊണ്ടും ക്ലേശപൂർണമായ സാഹചര്യങ്ങൾ തരണംചെയ്യാൻ നമുക്കു കഴിയും.—യാക്കോ. 1:5.

സഹിച്ചുനിൽക്കാനുള്ള ശക്തി ആർജിക്കാനാകുന്ന വിധം

14. പ്രതികൂല സാഹചര്യങ്ങളിൽ സഹിച്ചുനിൽക്കാൻ നമ്മെ എന്തു സഹായിക്കും?

14 നമ്മുടെ ക്ലേശങ്ങൾ ക്ഷണത്തിൽ മാറിപ്പോയെന്നുവരില്ല. കുറച്ചുകാലം അവ തുടർന്നേക്കാം. അത്തരം സാഹചര്യങ്ങളിൽ സഹിച്ചുനിൽക്കാൻ നമ്മെ എന്തു സഹായിക്കും? ഒന്നാമതായി, പ്രതിസന്ധികളിന്മധ്യേ യഹോവയെ സേവിക്കുന്നതിൽ തുടരുമ്പോൾ നാം അവനോടുള്ള സ്‌നേഹം തെളിയിക്കുകയാണെന്ന്‌ നമുക്കറിയാം. (പ്രവൃ. 14:22) സാത്താന്റെ വെല്ലുവിളി ഓർക്കുക. ഇയ്യോബിനെ കുറ്റപ്പെടുത്തിക്കൊണ്ട്‌ അവൻ ഇങ്ങനെ പറഞ്ഞു: “വെറുതെയോ ഇയ്യോബ്‌ ദൈവഭക്തനായിരിക്കുന്നതു? നീ അവന്നും അവന്റെ വീട്ടിന്നും അവന്നുള്ള സകലത്തിന്നും ചുറ്റും വേലികെട്ടീട്ടില്ലയോ? നീ അവന്റെ പ്രവൃത്തിയെ അനുഗ്രഹിച്ചിരിക്കുന്നു; അവന്റെ മൃഗസമ്പത്തു ദേശത്തു പെരുകിയിരിക്കുന്നു. തൃക്കൈ നീട്ടി അവന്നുള്ളതൊക്കെയും ഒന്നു തൊടുക; അവൻ നിന്നെ മുഖത്തു നോക്കി ത്യജിച്ചുപറയും.” (ഇയ്യോ. 1:9-11) ആ ആരോപണം തെറ്റായിരുന്നെന്ന്‌ നിർമലനായ ഇയ്യോബ്‌ തെളിയിച്ചു. ക്ലേശപൂർണമായ സമയങ്ങളിൽ സഹിച്ചുനിന്നുകൊണ്ട്‌, സാത്താൻ ഒരു നുണയനാണെന്നു തെളിയിക്കാനുള്ള അവസരം നമുക്കുമുണ്ട്‌. ആ സഹിഷ്‌ണുത നമ്മുടെ പ്രത്യാശയെ ശക്തിപ്പെടുത്തുകയും ആത്മധൈര്യം പകരുകയും ചെയ്യും.—യാക്കോ. 1:4.

15. ഏതു ദൃഷ്ടാന്തങ്ങൾക്കു നമ്മെ ബലപ്പെടുത്താനാകും?

15 രണ്ടാമതായി, “ലോകത്തിൽ നിങ്ങൾക്കുള്ള സഹോദരവർഗ്ഗത്തിന്നു ആവക കഷ്ടപ്പാടുകൾ തന്നേ പൂർത്തിയായി വരുന്നു” എന്ന സത്യം മനസ്സിൽപ്പിടിക്കുക. (1 പത്രൊ. 5:9) അതേ, “മനുഷ്യർക്കു നടപ്പല്ലാത്ത പരീക്ഷ നിങ്ങൾക്കു നേരിട്ടിട്ടില്ല.” (1 കൊരി. 10:13) ഏതുനേരവും സ്വന്തം കഷ്ടപ്പാടുകളെക്കുറിച്ചു ചിന്തിച്ചുകൊണ്ടിരിക്കുന്നതിനുപകരം, വേദനാകരമായ അനുഭവങ്ങളിന്മധ്യേയും വിശ്വസ്‌തമായി സഹിച്ചുനിന്നിട്ടുള്ളവരുടെ ദൃഷ്ടാന്തങ്ങളെക്കുറിച്ചു ധ്യാനിക്കുന്നതിലൂടെ ശക്തിയും ധൈര്യവും ആർജിക്കാൻ നിങ്ങൾക്കാകും. (1 തെസ്സ. 1:5-7; എബ്രാ. 12:1) നിങ്ങളുടേതിനു സമാനമായ അത്തരം ജീവിതകഥകൾ കണ്ടെത്താൻ നമ്മുടെ പ്രസിദ്ധീകരണങ്ങൾ നിങ്ങൾ പരിശോധിക്കാറുണ്ടോ? അവ നിങ്ങളെ നിശ്ചയമായും ബലപ്പെടുത്തും.

16. പലവിധ കഷ്ടങ്ങളും നേരിടുമ്പോൾ, ദൈവം നമ്മെ ബലപ്പെടുത്തുന്നതെങ്ങനെ?

16 മൂന്നാമതായി, “മനസ്സലിവുള്ള പിതാവും സർവ്വാശ്വാസവും നല്‌കുന്ന ദൈവവു”മാണ്‌ യഹോവയെന്ന്‌ ഓർക്കുക. ‘അവൻ നമ്മെ ആശ്വസിപ്പിക്കുന്ന ആശ്വാസംകൊണ്ട്‌ ഏതൊരു കഷ്ടത്തിലുമുള്ളവരെ ആശ്വസിപ്പിക്കാൻ നാം ശക്തരാകേണ്ടതിന്‌ നമുക്കുള്ള കഷ്ടത്തിൽ ഒക്കെയും അവൻ നമ്മെ ആശ്വസിപ്പിക്കുന്നു.’ (2 കൊരി. 1:3, 4) നാം ഇപ്പോൾ നേരിടുന്ന കഷ്ടങ്ങളിൽമാത്രമല്ല നമ്മുടെ “കഷ്ടത്തിൽ ഒക്കെയും” നമ്മെ ആശ്വസിപ്പിക്കാനും ബലപ്പെടുത്താനുമായി ദൈവം നമുക്കരികിൽ നിൽക്കുന്നതുപോലെയാണത്‌. തദ്വാരാ ‘ഏതൊരു കഷ്ടത്തിലുമുള്ളവരെ’ ആശ്വസിപ്പിക്കാൻ നാം പ്രാപ്‌തരായിത്തീരുന്നു. ഈ വാക്കുകളുടെ സത്യത അനുഭവിച്ചറിഞ്ഞവനാണ്‌ പൗലൊസ്‌.—2 കൊരി. 4:8, 9; 11:23-27.

17. ജീവിത ക്ലേശങ്ങൾ കൈകാര്യംചെയ്യാൻ ബൈബിൾ നമ്മെ എങ്ങനെ സഹായിക്കുന്നു?

17 നാലാമതായി, ദൈവവചനമായ ബൈബിൾ നമുക്കുണ്ട്‌. “ദൈവത്തിന്റെ മനുഷ്യൻ സകല സൽപ്രവൃത്തിക്കും വക പ്രാപിച്ചു തികഞ്ഞവൻ ആകേണ്ടതിന്നു ഉപദേശത്തിന്നും ശാസനത്തിന്നും ഗുണീകരണത്തിന്നും നീതിയിലെ അഭ്യാസത്തിന്നും [അതു] പ്രയോജനമുള്ള”താകുന്നു. (2 തിമൊ. 3:16, 17) ദൈവവചനം നമ്മെ “സകല സൽപ്രവൃത്തിക്കും” ഒരുക്കുക മാത്രമല്ല, ജീവിത ക്ലേശങ്ങൾ നേരിടാൻ പ്രാപ്‌തരാക്കുകയും ചെയ്യുന്നു. ‘സകല സൽപ്രവൃത്തിക്കും വക പ്രാപിച്ചു തികഞ്ഞവരാകാൻ’ അതു നമ്മെ സഹായിക്കുന്നു. “തികഞ്ഞ” എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന മൂലപദത്തിന്റെ അക്ഷരാർഥം “സുസജ്ജമായ” എന്നാണ്‌. ഉദ്ദിഷ്ടലക്ഷ്യം മുഴുവനും നിറവേറ്റാൻ പര്യാപ്‌തമായ ഒരു യന്ത്രത്തോടോ യാത്രയ്‌ക്കാവശ്യമായ സകലതും കരുതിയിട്ടുള്ള ഒരു പായ്‌ക്കപ്പലിനോടോ ഉള്ള ബന്ധത്തിൽ ഈ പദം പണ്ടുകാലത്ത്‌ ഉപയോഗിച്ചിരുന്നിരിക്കാം. സമാനമായി, നമുക്കു നേരിട്ടേക്കാവുന്ന എന്തും കൈകാര്യംചെയ്യാൻ ആവശ്യമായതെല്ലാം തന്റെ വചനത്തിലൂടെ യഹോവ നമുക്കു നൽകുന്നു. അതുകൊണ്ട്‌ “ഇതു സംഭവിക്കാൻ ദൈവം അനുവദിച്ചിരിക്കുന്ന സ്ഥിതിക്ക്‌ അവന്റെ സഹായത്താൽ ഞാനിതു വിജയകരമായി നേരിടും” എന്നു നമുക്കു പറയാനാകും.

എല്ലാവിധ ക്ലേശങ്ങളിൽനിന്നും മോചനം

18. വിശ്വസ്‌തമായി സഹിച്ചുനിൽക്കാൻ ഏതു പ്രത്യാശ നമ്മെ സഹായിക്കും?

18 അഞ്ചാമതായി, എല്ലാവിധ ക്ലേശങ്ങളിൽനിന്നും യഹോവ പെട്ടെന്നുതന്നെ മനുഷ്യവർഗത്തെ വിടുവിക്കുമെന്ന മഹത്തായ സത്യം നാം എപ്പോഴും ഓർക്കണം. (സങ്കീ. 34:19; 37:9-11; 2 പത്രൊ. 2:9) ആത്യന്തികമായി ആ ദിവ്യവിടുതൽ ഇന്നത്തെ ക്ലേശങ്ങളിൽനിന്നുള്ള മോചനവും പറുദീസാ ഭൂമിയിലോ യേശുവിനോടൊപ്പം സ്വർഗത്തിലോ നിത്യം ജീവിക്കാനുള്ള അവസരവും തുറന്നുതരുന്നു.

19. സവിശ്വസ്‌തം സഹിച്ചുനിൽക്കാൻ നമ്മെ എന്തു സഹായിക്കും?

19 അതുവരേക്കും ഈ ദുഷ്ടലോകത്തിലെ ക്ലേശങ്ങളോടു നാം മല്ലിട്ടു ജീവിക്കേണ്ടതുണ്ട്‌. അവയെല്ലാം ഒരു പഴങ്കഥയായി മാറുന്ന സമയത്തിനായി നാമെത്ര വാഞ്‌ഛിക്കുന്നു! (സങ്കീ. 55:6-8) നാം സവിശ്വസ്‌തം സഹിച്ചുനിൽക്കുമ്പോൾ, പിശാച്‌ ഒരു നുണയനാണെന്നു നാം തെളിയിക്കുകയാണെന്ന കാര്യം മറക്കാതിരിക്കാം. പ്രാർഥനയിൽനിന്നും ക്രിസ്‌തീയ സഹോദരവർഗത്തിൽനിന്നും ലഭിക്കുന്ന ശക്തി നമുക്കു പ്രയോജനപ്പെടുത്താം. അവരും നമ്മുടേതിനു സമാനമായ ക്ലേശങ്ങൾ അനുഭവിക്കുകയാണെന്ന്‌ ഓർക്കാം. ദൈവവചനം ഫലപ്രദമായി ഉപയോഗിച്ചുകൊണ്ട്‌ സകലത്തിലും വകപ്രാപിച്ചു തികഞ്ഞവരായി നിലകൊള്ളുക. “സർവ്വാശ്വാസവും നല്‌കുന്ന ദൈവ”ത്തിന്റെ സ്‌നേഹപുരസ്സരമായ കരുതലിലുള്ള ആശ്രയം ചോർന്നുപോകാൻ ഒരിക്കലും അനുവദിക്കരുത്‌. “യഹോവയുടെ കണ്ണു നീതിമാന്മാരുടെ മേലും അവന്റെ ചെവി അവരുടെ നിലവിളിക്കും തുറന്നിരിക്കുന്നു” എന്ന സത്യം എന്നും നമുക്കോർക്കാം.—സങ്കീ. 34:15.

ഉത്തരം പറയാമോ?

• താൻ നേരിട്ട ക്ലേശങ്ങളെ ദാവീദ്‌ എങ്ങനെ വീക്ഷിച്ചു?

• ശലോമോന്‌ എന്തു ബോധ്യമുണ്ടായിരുന്നു?

• യഹോവ അനുവദിക്കുന്ന ക്ലേശങ്ങൾ സഹിച്ചുനിൽക്കാൻ നമ്മെ എന്തു സഹായിക്കും?

[അധ്യയന ചോദ്യങ്ങൾ]

[13-ാം പേജിലെ ചിത്രം]

തന്റെ ജനത്തിനിടയിൽ ദുരിതമനുഭവിക്കുന്നവരെ യഹോവ കടാക്ഷിക്കുമെന്ന്‌ ശലോമോന്‌ ഉറപ്പുണ്ടായിരുന്നു

[15-ാം പേജിലെ ചിത്രം]

ദാവീദ്‌ പ്രാർഥനയിൽ തന്റെ ഭാരം യഹോവയുടെമേൽ ഇടുകയും പ്രാർഥനയ്‌ക്കു ചേർച്ചയിൽ പ്രവർത്തിക്കുകയും ചെയ്‌തു