അപ്പോസ്തലന്മാരുടെ പ്രവൃത്തികൾ 14:1-28
അടിക്കുറിപ്പുകള്
പഠനക്കുറിപ്പുകൾ
അവരെ: അഥവാ “അവരുടെ ദേഹികളെ.”—പദാവലിയിൽ “ദേഹി” കാണുക.
അത്ഭുതങ്ങൾ: ക്രിസ്തീയ ഗ്രീക്കുതിരുവെഴുത്തുകളിൽ റ്റേറസ് എന്ന ഗ്രീക്കുപദം എപ്പോഴും സേമെയ്ഓൻ (“അടയാളം”) എന്ന പദത്തോടൊപ്പമാണ് ഉപയോഗിച്ചിരിക്കുന്നത്. ഈ രണ്ടു പദങ്ങളും എപ്പോഴും കാണുന്നതു ബഹുവചനരൂപത്തിലാണുതാനും. (മത്ത 24:24; യോഹ 4:48; പ്രവൃ 7:36; 14:3; 15:12; 2കൊ 12:12) അത്ഭുതമോ അതിശയമോ തോന്നിപ്പിക്കുന്ന എന്തിനെയെങ്കിലും കുറിക്കാനാണു റ്റേറസ് എന്ന പദം സാധാരണയായി ഉപയോഗിക്കാറുള്ളത്.
യഹോവയിൽനിന്നുള്ള അധികാരത്താൽ: അക്ഷ. “കർത്താവിൽ.” (അനു. സി കാണുക.) പ്രവൃ 14:3-ൽ എപീ (“കർത്താവിൽ” എന്നതിലെ “ഇൽ” എന്ന പ്രത്യയത്തിനു തുല്യം.) എന്ന ഗ്രീക്കുപദത്തിന്റെ അർഥം എന്താണെന്നു വാക്യസന്ദർഭം സൂചിപ്പിക്കുന്നുണ്ട്. സാധ്യതയനുസരിച്ച്, അവിടെ അതു കുറിക്കുന്നതു ശിഷ്യന്മാർ ധൈര്യത്തോടെ സംസാരിച്ചതിന്റെ അടിസ്ഥാനത്തെ അഥവാ കാരണത്തെ ആണ്. വാക്യത്തിന്റെ തുടർന്നുള്ള ഭാഗം പറയുന്നത്, ശിഷ്യന്മാർ പ്രസംഗിച്ചതു ശരിക്കും തന്റെ വചനമാണെന്നും അവർക്കു തന്റെ അംഗീകാരവും പിന്തുണയും ഉണ്ടെന്നും ദൈവം ഉറപ്പു നൽകിയതിനെക്കുറിച്ചാണ് അഥവാ സാക്ഷ്യപ്പെടുത്തിയതിനെക്കുറിച്ചാണ്. (പ്രവൃ 4:29-31 താരതമ്യം ചെയ്യുക.) “കർത്താവിൽ” എന്നതിന്റെ ഗ്രീക്ക് പദപ്രയോഗം സെപ്റ്റുവജിന്റ് ഭാഷാന്തരത്തിലും ഉപയോഗിച്ചിട്ടുണ്ട്. അത്തരം തിരുവെഴുത്തുകളുടെ മൂല എബ്രായപാഠത്തിൽ ആ സ്ഥാനത്ത് ദൈവനാമം (ചതുരക്ഷരി) കാണാം. [സങ്ക 31:6 (30:7, LXX); യിര 17:7] ഇതുവെച്ച് ആ പദപ്രയോഗത്തെ “യഹോവയിൽ ആശ്രയിച്ചുകൊണ്ട് (പ്രസംഗിച്ചു)” എന്നും പരിഭാഷപ്പെടുത്താമെന്നു ചിലർ അഭിപ്രായപ്പെടുന്നു.
അത്ഭുതങ്ങൾ: പ്രവൃ 2:19-ന്റെ പഠനക്കുറിപ്പു കാണുക.
വ്യാഖ്യാനിച്ചുകൊടുത്തു: ഇവിടെ കാണുന്ന ഡയർമെനിയുഓ എന്ന ഗ്രീക്കുപദത്തിന് “ഒരു ഭാഷയിൽനിന്ന് മറ്റൊന്നിലേക്കു പരിഭാഷപ്പെടുത്തുക” എന്ന് അർഥം വരാം. (1കൊ 12:30, അടിക്കുറിപ്പ്) എന്നാൽ അതേ പദത്തിന് “അർഥം വ്യക്തമാക്കുക; നന്നായി വിശദീകരിക്കുക” എന്നൊക്കെയും അർഥമുണ്ട്. ഈ വാക്യത്തിൽ, പ്രവചനങ്ങളുടെ അർഥം വ്യാഖ്യാനിച്ചുകൊടുക്കുക എന്ന അർഥത്തിലാണ് ഈ പദം ഉപയോഗിച്ചിരിക്കുന്നത്.
സീയൂസ്: പദാവലി കാണുക.
ഹെർമിസ്: സീയൂസിന്റെ പുത്രൻ എന്നു കരുതപ്പെടുന്ന ഒരു ഗ്രീക്കുദേവനാണ് ഇത്. ദൈവങ്ങളുടെ സന്ദേശവാഹകനായാണു ഹെർമിസിനെ കണ്ടിരുന്നത്. ഐതിഹ്യങ്ങളിലെ വീരനായകന്മാരുടെ വിദഗ്ധോപദേഷ്ടാവും വാണിജ്യത്തിന്റെയും വാക്ചാതുര്യത്തിന്റെയും കായികമികവിന്റെയും ഉറക്കത്തിന്റെയും സ്വപ്നങ്ങളുടെയും ദേവനും ആയിരുന്നു ഹെർമിസ്. ഹെർമിസിനെ ദൈവത്തിന്റെ സന്ദേശവാഹകനായും വാക്ചാതുര്യത്തിന്റെ ദേവനായും കണ്ടിരുന്നതുകൊണ്ടായിരിക്കാം ലുസ്ത്ര എന്ന റോമൻ നഗരത്തിലുള്ളവർ കൂടുതൽ സംസാരിച്ച പൗലോസിനെ ഹെർമിസ് എന്നു വിളിച്ചത്. തിരുവെഴുത്തുകളിൽപ്പോലും ഈ പേരുമായി ബന്ധമുള്ള ചില പദങ്ങൾ ഉപയോഗിച്ചിരിക്കുന്നതു പരിഭാഷയെയും വ്യാഖ്യാനത്തെയും ഒക്കെ കുറിക്കാനാണ്. (ഉദാഹരണത്തിന്, യോഹ 1:42-ൽ ഹെർമെനിയോ എന്ന ഗ്രീക്കുക്രിയയെ ‘പരിഭാഷപ്പെടുത്തുക’ എന്നും 1കൊ 12:10; 14:26 എന്നീ വാക്യങ്ങളിൽ ഹെർമെനിയാ എന്ന നാമത്തെ “വ്യാഖ്യാനം” എന്നും തർജമ ചെയ്തിട്ടുണ്ട്; ലൂക്ക 24:27-ന്റെ പഠനക്കുറിപ്പും കാണുക.) പുരാതന ലുസ്ത്രയുടെ സമീപപ്രദേശത്തുനിന്ന് കണ്ടെത്തിയ പുരാവസ്തുക്കളിൽ ഹെർമിസ് ദേവന്റെ ഒരു പ്രതിമയുണ്ടായിരുന്നു. സീയൂസിനും ഹെർമിസിനും സമർപ്പിച്ച ഒരു യാഗപീഠവും ആ പ്രദേശത്തുനിന്ന് കണ്ടെടുത്തിട്ടുണ്ട്. റോമാക്കാർ തങ്ങളുടെ വാണിജ്യദേവനായ മെർക്കുറിയെ ഹെർമിസിനു തുല്യനായാണു കണ്ടിരുന്നത്.
ഇലക്കിരീടങ്ങൾ: പൗലോസിന്റെയും ബർന്നബാസിന്റെയും തലയിൽ വെക്കാനായിരിക്കാം സീയൂസിന്റെ പുരോഹിതന്മാർ ഇലക്കിരീടങ്ങൾ കൊണ്ടുവന്നത്. വിഗ്രഹങ്ങളുടെയോ ബലിമൃഗങ്ങളുടെയോ തലയിലും സ്വന്തം തലയിലും ഒക്കെ ഇങ്ങനെ കിരീടം വെക്കുന്ന ഒരു രീതി അവർക്കുണ്ടായിരുന്നു. ഇത്തരം കിരീടങ്ങൾ സാധാരണയായി ഇലകൾകൊണ്ടും പൂക്കൾകൊണ്ടും ചിലപ്പോഴൊക്കെ ആട്ടുരോമംകൊണ്ടുമാണ് ഉണ്ടാക്കിയിരുന്നത്.
ശിഷ്യന്മാർ: അഥവാ “ശിഷ്യന്മാരുടെ ദേഹികൾ.”—പദാവലിയിൽ “ദേഹി” കാണുക.
മൂപ്പന്മാർ: അക്ഷ. “പ്രായമേറിയ പുരുഷന്മാർ.” ബൈബിളിൽ പ്രെസ്ബൂറ്റെറൊസ് എന്ന ഗ്രീക്കുപദം, സമൂഹത്തിലോ ജനതയിലോ ഒരു അധികാരസ്ഥാനമോ ഉത്തരവാദിത്വസ്ഥാനമോ വഹിക്കുന്നവരെയാണു പ്രധാനമായും കുറിക്കുന്നത്. ചില സാഹചര്യങ്ങളിൽ ഇതു പ്രായത്തെയാണ് അർഥമാക്കുന്നതെങ്കിലും (ലൂക്ക 15:25; പ്രവൃ 2:17 എന്നിവ ഉദാഹരണങ്ങൾ.) എപ്പോഴും അതു വയസ്സുചെന്നവരെയല്ല കുറിക്കുന്നത്. ഇവിടെ ഈ പദംകൊണ്ട് ഉദ്ദേശിക്കുന്നതു ജൂതജനതയിൽപ്പെട്ട നേതാക്കന്മാരെയാണ്. മിക്കപ്പോഴും മുഖ്യപുരോഹിതന്മാരുടെയും ശാസ്ത്രിമാരുടെയും കൂടെയാണ് ഇവരെക്കുറിച്ച് പറയാറുള്ളത്. ഈ മൂന്നു കൂട്ടത്തിൽനിന്നുള്ളവരായിരുന്നു സൻഹെദ്രിനിലെ അംഗങ്ങൾ.—മത്ത 21:23; 26:3, 47, 57; 27:1, 41; 28:12; പദാവലിയിൽ “മൂപ്പൻ; പ്രായമേറിയ പുരുഷൻ” കാണുക.
അവരുടെ മേൽ കൈകൾ വെച്ചു: എബ്രായതിരുവെഴുത്തുകളിൽ മനുഷ്യന്റെ മേലും മൃഗത്തിന്റെ മേലും കൈകൾ വെക്കുന്നതായി പറഞ്ഞിട്ടുണ്ട്. അങ്ങനെ ചെയ്യുന്നതിനു പല അർഥങ്ങളുണ്ടായിരുന്നു. (ഉൽ 48:14; ലേവ 16:21; 24:14) ഒരു മനുഷ്യന്റെ മേൽ കൈകൾ വെക്കുന്നത് അയാളെ ഒരു പ്രത്യേകവിധത്തിൽ അംഗീകരിക്കുന്നെന്നോ ഒരു പ്രത്യേക ഉദ്ദേശ്യത്തിനായി വേർതിരിക്കുന്നെന്നോ സൂചിപ്പിക്കുമായിരുന്നു. (സംഖ 8:10) ഉദാഹരണത്തിന്, യോശുവയെ തന്റെ പിൻഗാമിയായി അംഗീകരിക്കുന്നെന്നു സൂചിപ്പിക്കാൻ മോശ യോശുവയുടെ മേൽ കൈകൾ വെച്ചു. അങ്ങനെ ‘ജ്ഞാനത്തിന്റെ ആത്മാവ് നിറഞ്ഞവനായിത്തീർന്ന’ യോശുവയ്ക്ക് ഇസ്രായേല്യരെ ശരിയായി നയിക്കാൻ കഴിഞ്ഞു. (ആവ 34:9) ഇവിടെ പ്രവൃ 6:6-ൽ തങ്ങൾ ഉത്തരവാദിത്വസ്ഥാനങ്ങളിലേക്കു നിയമിച്ചവരുടെ മേൽ അപ്പോസ്തലന്മാർ കൈകൾ വെച്ചതായി കാണാം. പ്രാർഥിച്ചിട്ട് മാത്രമാണ് അവർ അങ്ങനെ ചെയ്തതെന്ന വസ്തുത സൂചിപ്പിക്കുന്നത്, അവർ അക്കാര്യത്തിൽ ദൈവത്തിന്റെ മാർഗനിർദേശം ലഭിക്കാൻ ആഗ്രഹിച്ചു എന്നാണ്. പിന്നീട്, തിമൊഥെയൊസിനെ ഒരു പ്രത്യേക സേവനപദവിയിൽ നിയമിക്കാൻ മൂപ്പന്മാരുടെ സംഘം അദ്ദേഹത്തിന്റെ മേൽ കൈകൾ വെച്ചതായി നമ്മൾ വായിക്കുന്നുണ്ട്. (1തിമ 4:14) ആളുകളുടെ മേൽ കൈകൾ വെച്ച് അവർക്കു നിയമനം നൽകാനുള്ള അധികാരം തിമൊഥെയൊസിനും ലഭിച്ചു. പക്ഷേ അതിനു മുമ്പ് അദ്ദേഹം അവരുടെ യോഗ്യതകൾ ശ്രദ്ധയോടെ വിലയിരുത്തണമായിരുന്നെന്നു മാത്രം.—1തിമ 5:22.
മൂപ്പന്മാർ: അക്ഷ. “പ്രായമേറിയ പുരുഷന്മാർ.” ബൈബിളിൽ പ്രെസ്ബൂറ്റെറൊസ് എന്ന ഗ്രീക്കുപദം പ്രധാനമായും കുറിക്കുന്നത്, ഒരു സമൂഹത്തിലോ രാഷ്ട്രത്തിലോ അധികാരസ്ഥാനമോ ഉത്തരവാദിത്വസ്ഥാനമോ വഹിക്കുന്നവരെയാണ്. ചില സാഹചര്യങ്ങളിൽ പ്രായമേറിയ പുരുഷന്മാരെ കുറിക്കാനും ഈ പദം ഉപയോഗിക്കാറുണ്ട്. (മത്ത 16:21-ന്റെ പഠനക്കുറിപ്പു കാണുക.) പുരാതന ഇസ്രായേലിൽ നേതൃത്വമെടുക്കാനും ഭരണകാര്യങ്ങൾ നോക്കിനടത്താനും പ്രായവും പക്വതയും ഉള്ള പുരുഷന്മാരുടെ സംഘങ്ങൾ പ്രാദേശികമായി ഉണ്ടായിരുന്നതുപോലെ ഒന്നാം നൂറ്റാണ്ടിലെ ക്രിസ്തീയസഭകളിൽ സേവിക്കാനും ആത്മീയപക്വതയുള്ള പുരുഷന്മാരുണ്ടായിരുന്നു. (1തിമ 3:1-7; തീത്ത 1:5-9) പൗലോസിനെയും ബർന്നബാസിനെയും മിഷനറിയാത്രയ്ക്കായി ‘പരിശുദ്ധാത്മാവാണ് അയച്ചതെങ്കിലും’ നിയമനങ്ങൾ നടത്തുന്നതിനു മുമ്പ് അവർ പ്രാർഥിക്കുകയും ഉപവസിക്കുകയും ചെയ്തു. എന്നിട്ട് അവർ ആ മൂപ്പന്മാരെ ‘യഹോവയിൽ ഭരമേൽപ്പിച്ചു.’ (പ്രവൃ 13:1-4; 14:23) പൗലോസിനെയും ബർന്നബാസിനെയും കൂടാതെ തീത്തോസും സാധ്യതയനുസരിച്ച് തിമൊഥെയൊസും സഭകളിൽ “മൂപ്പന്മാരെ” നിയമിക്കുന്നതിൽ ഉൾപ്പെട്ടിരുന്നതായി തിരുവെഴുത്തുകൾ സൂചിപ്പിക്കുന്നുണ്ട്. (തീത്ത 1:5; 1തിമ 5:22) സഭകൾ സ്വന്തമായി അത്തരം നിയമനങ്ങൾ നടത്തിയതിന്റെ രേഖകളൊന്നുമില്ല. ഒന്നാം നൂറ്റാണ്ടിലെ സഭകളിൽ സാധ്യതയനുസരിച്ച് ഒന്നിലധികം മൂപ്പന്മാർ സേവിച്ചിരുന്നു. “മൂപ്പന്മാരുടെ സംഘം” എന്നാണ് അവർ അറിയപ്പെട്ടിരുന്നത്.—1തിമ 4:14; ഫിലി 1:1.
നിയമിച്ചു: സഞ്ചാരമേൽവിചാരകന്മാരായ പൗലോസും ബർന്നബാസും മൂപ്പന്മാരെ നിയമിച്ചതിനെക്കുറിച്ചാണ് ഈ തിരുവെഴുത്തു പറയുന്നത്. അവർ ആ നിയമനം നടത്തിയത് ഉപവസിക്കുകയും പ്രാർഥിക്കുകയും ചെയ്തിട്ടാണ്. അവർ ആ ഉത്തരവാദിത്വത്തെ വളരെ ഗൗരവത്തോടെ കണ്ടെന്നാണ് അതു സൂചിപ്പിക്കുന്നത്. ഇനി, തീത്തോസും സാധ്യതയനുസരിച്ച് തിമൊഥെയൊസും സഭയിൽ “മൂപ്പന്മാരെ” നിയമിക്കുന്നതിൽ ഉൾപ്പെട്ടിരുന്നതായി തിരുവെഴുത്തുകൾ സൂചിപ്പിക്കുന്നു. (തീത്ത 1:5; 1തിമ 5:22) “നിയമിച്ചു” എന്നതിന് ഇവിടെ ഉപയോഗിച്ചിരിക്കുന്ന ഖെയ്റോടോണിയോ എന്ന ഗ്രീക്കുപദത്തിന്റെ അക്ഷരാർഥം “കൈ നീട്ടുക (ഉയർത്തുക)” എന്നാണ്. അതുകൊണ്ട് സഭയിലുള്ളവർ കൈകൾ ഉയർത്തി സഭാമൂപ്പന്മാരെ തെരഞ്ഞെടുക്കുന്നതായിരുന്നു അന്നത്തെ രീതി എന്നു ചിലർ കരുതുന്നു. എന്നാൽ നിയമനം നടക്കുന്ന രീതിയെ സൂചിപ്പിക്കാനല്ല പലപ്പോഴും ഈ പദം ഉപയോഗിച്ചിട്ടുള്ളത്. കുറെക്കൂടെ വിശാലമായ അർഥത്തിലും ഇത് ഉപയോഗിക്കാറുണ്ട്. അതിന്റെ ഒരു തെളിവാണ് ഒന്നാം നൂറ്റാണ്ടിലെ ജൂതചരിത്രകാരനായ ജോസീഫസ്, ജൂതന്മാരുടെ പുരാവൃത്തങ്ങൾ (ഇംഗ്ലീഷ്), [6-ാം പുസ്തകം, അധ്യാ. 4-ഉം 13-ഉം (ലോയബ് 6:54-ഉം 6:312-ഉം)] എന്ന പുസ്തകത്തിൽ ഈ പദം ഉപയോഗിച്ചിരിക്കുന്ന വിധം. ദൈവം ശൗലിനെ രാജാവായി നിയമിക്കുന്നതിനെക്കുറിച്ച് പറയുന്ന ഭാഗത്താണ് അദ്ദേഹം ഈ ഗ്രീക്കുപദം ഉപയോഗിച്ചിരിക്കുന്നത്. ആ സന്ദർഭത്തിൽ ഇസ്രായേൽ സഭ കൈ ഉയർത്തി ശൗലിനെ രാജാവായി തെരഞ്ഞെടുക്കുകയായിരുന്നില്ല. പകരം തിരുവെഴുത്തുകൾ പറയുന്നതു ശമുവേൽ പ്രവാചകൻ ശൗലിന്റെ തലയിൽ തൈലം ഒഴിച്ചിട്ട്, “യഹോവ . . . നേതാവായി താങ്കളെ അഭിഷേകം ചെയ്തിരിക്കുന്നു” എന്നു പറഞ്ഞെന്നാണ്. ദൈവമായ യഹോവയാണ് ശൗലിനെ നിയമിച്ചതെന്ന് ഇതു കാണിക്കുന്നു. (1ശമു 10:1) ഇനി പ്രവൃ 14:23-ന്റെ ഗ്രീക്ക് വ്യാകരണഘടന സൂചിപ്പിക്കുന്നതും, നിയമനം നടത്തിയത് (അക്ഷ. “കൈ നീട്ടിക്കൊണ്ട്.”) സഭയല്ല പകരം അപ്പോസ്തലനായ പൗലോസും ബർന്നബാസും ആണെന്നാണ്. ഇനി, ഒന്നാം നൂറ്റാണ്ടിലെ സഭയിൽ യോഗ്യതയുള്ള പുരുഷന്മാരെ ഉത്തരവാദിത്വസ്ഥാനങ്ങളിൽ നിയമിക്കാൻ അപ്പോസ്തലന്മാരും അതിനായി നിയോഗിക്കപ്പെട്ട പുരുഷന്മാരും അവരുടെ മേൽ അക്ഷരാർഥത്തിൽ കൈകൾ വെച്ചിരുന്നതായും നമ്മൾ വായിക്കുന്നുണ്ട്. ആ നിയമനം ഉറപ്പിക്കുന്നതിന്റെയും അംഗീകരിക്കുന്നതിന്റെയും ഒരു പ്രതീകമായിരുന്നു അത്.—പ്രവൃ 6:6-ന്റെ പഠനക്കുറിപ്പു താരതമ്യം ചെയ്യുക.
യഹോവയിൽ അവരെ ഭരമേൽപ്പിച്ചു: ഇവിടെ “ഭരമേൽപ്പിച്ചു” എന്നു പറഞ്ഞിരിക്കുന്ന ഗ്രീക്കുപദം പ്രവൃ 20:32-ലും കാണാം. അവിടെ പൗലോസ് എഫെസൊസിലുള്ള മൂപ്പന്മാരോട് ‘ഞാൻ നിങ്ങളെ ദൈവത്തിൽ ഭരമേൽപ്പിക്കുന്നു’ എന്നു പറയുന്ന ഭാഗത്താണ് അതു കാണുന്നത്. ഇനി, ലൂക്ക 23:46-ൽ “പിതാവേ, ഞാൻ എന്റെ ജീവൻ തൃക്കൈയിൽ ഏൽപ്പിക്കുന്നു” എന്ന യേശുവിന്റെ വാക്കുകൾ രേഖപ്പെടുത്തിയിരിക്കുന്നിടത്തും ഇതേ ഗ്രീക്കുപദം കാണാം. ഇത് സങ്ക 31:5-ൽ നിന്നുള്ള ഉദ്ധരണിയാണ്. അതിന്റെ സെപ്റ്റുവജിന്റ് ഭാഷാന്തരത്തിലും (30:6, LXX) “ഭരമേൽപ്പിക്കുന്നു” എന്ന് അർഥംവരുന്ന അതേ ഗ്രീക്കുപദമാണു കാണുന്നത്. ആ വാക്യത്തിന്റെ മൂല എബ്രായപാഠത്തിൽ ദൈവനാമം കാണുന്നുമുണ്ട്. ഒരാളെ യഹോവയിൽ ഭരമേൽപ്പിക്കുക എന്ന ആശയം എബ്രായതിരുവെഴുത്തുകളിൽ പല തവണ കാണാം.—സങ്ക 22:8; 37:5; സുഭ 16:3; അനു. സി കാണുക.
മകനിൽ വിശ്വസിക്കുന്ന: ഇവിടെ കാണുന്ന പിസ്റ്റ്യൂവോ (“വിശ്വാസം” എന്നു പരിഭാഷപ്പെടുത്താറുള്ള പീസ്റ്റിസ് എന്ന ഗ്രീക്കുനാമവുമായി ഇതിനു ബന്ധമുണ്ട്.) എന്ന ഗ്രീക്കുക്രിയയുടെ അടിസ്ഥാനാർഥം “വിശ്വസിക്കുക; വിശ്വാസമുണ്ടായിരിക്കുക” എന്നൊക്കെയാണ്. എന്നാൽ സന്ദർഭം, വ്യാകരണഘടന എന്നിവയനുസരിച്ച് ഇതിന്റെ അർഥത്തിന് അൽപ്പമൊക്കെ വ്യത്യാസം വന്നേക്കാം. ഒരാൾ അസ്തിത്വത്തിലുണ്ട് എന്നു വിശ്വസിക്കുന്നതിനെയോ അംഗീകരിക്കുന്നതിനെയോ മാത്രമല്ല ഈ പദം കുറിക്കുന്നത്. (യാക്ക 2:19) ഒരാളിൽ ശക്തമായ വിശ്വാസവും ആശ്രയവും ഉള്ളതുകൊണ്ട് അയാളെ അനുസരിക്കുക എന്നൊരു അർഥവും അതിനുണ്ട്. യോഹ 3:16-ൽ പിസ്റ്റ്യൂവോ എന്ന ക്രിയയോടൊപ്പം ഒരു പ്രത്യയവുംകൂടെ ചേർത്തിട്ടുണ്ട്. ആ പദപ്രയോഗത്തെക്കുറിച്ച് ഒരു പണ്ഡിതൻ പറയുന്നത് ഇതാണ്: “വിശ്വാസം എന്നത് ഇവിടെ ഒരു പ്രവൃത്തിയായിട്ടാണു കണക്കാക്കുന്നത്, ആരെങ്കിലും ചെയ്യുന്ന ഒരു കാര്യമായിട്ട്. അതായത് ആരിലെങ്കിലും വിശ്വാസം അർപ്പിക്കുക എന്നതുപോലെ.” [പുതിയനിയമ ഗ്രീക്കിന്റെ അടിസ്ഥാനവ്യാകരണം (ഇംഗ്ലീഷ്), പോൾ എൽ. കോഫ്മൻ, 1982, പേ. 46] യേശു ഇവിടെ സംസാരിച്ചതു വിശ്വാസത്തിന്റെ ഒരൊറ്റ പ്രവൃത്തിയെക്കുറിച്ചല്ല, മറിച്ച് ജീവിതത്തിലുടനീളം വിശ്വാസം തെളിയിക്കുന്നതിനെക്കുറിച്ചാണെന്നു വ്യക്തം. യോഹ 3:36-ൽ സമാനമായ ഒരു പദപ്രയോഗം കാണാം. അവിടെ ‘പുത്രനിൽ വിശ്വസിക്കുക’ എന്നതിനു നേർവിപരീതമായി പറഞ്ഞിരിക്കുന്നതു ‘പുത്രനെ അനുസരിക്കാതിരിക്കുക’ എന്നാണ്. അതുകൊണ്ട് ‘വിശ്വസിക്കുക’ എന്ന് അവിടെ പറഞ്ഞിരിക്കുന്നതിന്റെ അർഥവും ഒരാളുടെ ശക്തമായ വിശ്വാസത്തിനു തെളിവേകാൻ അനുസരണം കാണിക്കുക എന്നുതന്നെയാണ്.
വിശ്വാസത്തിന്റെ വാതിൽ: വിശ്വാസം നേടാൻ ജനതകളിൽപ്പെട്ടവർക്ക് അഥവാ ജൂതന്മാരല്ലാത്തവർക്ക് അവസരം നൽകിക്കൊണ്ടാണ് യഹോവ ഈ ആലങ്കാരികവാതിൽ തുറന്നുകൊടുത്തത്. തിരുവെഴുത്തുകളിൽ കാണുന്ന “വിശ്വാസം നേടുക” എന്ന പദപ്രയോഗത്തിന്റെ അർഥം, ഒരാളെ അനുസരിക്കാൻ തോന്നുന്നത്ര ആശ്രയം അയാളിൽ വളർത്തുക എന്നാണ്. (യാക്ക 2:17; യോഹ 3:16-ന്റെ പഠനക്കുറിപ്പു കാണുക.) പൗലോസ് തന്റെ കത്തുകളിൽ “വാതിൽ” എന്ന പദം ആലങ്കാരികാർഥത്തിൽ മൂന്നു തവണ ഉപയോഗിച്ചിട്ടുണ്ട്.—1കൊ 16:9; 2കൊ 2:12; കൊലോ 4:3.