വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

മറ്റുള്ള​വ​രു​ടെ തെറ്റുകൾ നിങ്ങളെ ഇടറി​ക്കാ​തി​രി​ക്കട്ടെ

മറ്റുള്ള​വ​രു​ടെ തെറ്റുകൾ നിങ്ങളെ ഇടറി​ക്കാ​തി​രി​ക്കട്ടെ

“അന്യോ​ന്യം പൊറു​ക്കു​ക​യും ഉദാര​മാ​യി ക്ഷമിക്കു​ക​യും ചെയ്യു​വിൻ.” —കൊലോ. 3:13.

ഗീതം: 121, 75

1, 2. ദൈവ​ജ​ന​ത്തി​ന്‍റെ വളർച്ച​യെ​ക്കു​റിച്ച് ബൈബിൾ എന്തു മുൻകൂ​ട്ടി പറഞ്ഞി​രു​ന്നു?

യഹോ​വയെ സ്‌നേ​ഹി​ക്കു​ക​യും സേവി​ക്കു​ക​യും ചെയ്യുന്ന ആളുകൾ ചേർന്ന് രൂപം​കൊ​ണ്ടി​രി​ക്കുന്ന ഒരു സംഘടന ഇന്ന് ഭൂമി​യി​ലുണ്ട്. അത്‌ യഹോ​വ​യു​ടെ സാക്ഷി​ക​ളാണ്‌. അവർക്ക് തെറ്റു​ക​ളും പിഴവു​ക​ളും ഒക്കെ പറ്റു​മെ​ങ്കി​ലും പരിശു​ദ്ധാ​ത്മാ​വി​നെ ഉപയോ​ഗിച്ച് യഹോവ അവരെ നയിക്കു​ന്നു. യഹോവ അവരെ അനു​ഗ്ര​ഹി​ച്ചി​രി​ക്കുന്ന ചില വിധങ്ങൾ നമുക്ക് നോക്കാം.

2 യഹോ​വയെ ആരാധി​ച്ചി​രുന്ന വളരെ​ക്കു​റച്ച് ആളുകൾ മാത്രമേ 1914-ൽ ഉണ്ടായി​രു​ന്നു​ള്ളൂ. എന്നാൽ യഹോവ പ്രസം​ഗ​പ്ര​വർത്ത​നത്തെ അനു​ഗ്ര​ഹി​ച്ച​തി​ന്‍റെ ഫലമായി ലക്ഷങ്ങൾ ബൈബിൾസ​ത്യം പഠിക്കു​ക​യും യഹോ​വ​യു​ടെ സാക്ഷികൾ ആയിത്തീ​രു​ക​യും ചെയ്‌തി​രി​ക്കു​ന്നു. ഈ അത്ഭുത​ക​ര​മായ പുരോ​ഗ​തി​യെ​ക്കു​റിച്ച് യഹോവ ഇങ്ങനെ മുൻകൂ​ട്ടി പറഞ്ഞി​രു​ന്നു: “കുറഞ്ഞവൻ ആയിര​വും ചെറി​യവൻ മഹാജാ​തി​യും ആയിത്തീ​രും; യഹോ​വ​യായ ഞാൻ തക്ക സമയത്തു അതിനെ ശീഘ്ര​മാ​യി നിവർത്തി​ക്കും.” (യശ. 60:22) ഈ പ്രവച​ന​ത്തി​ന്‍റെ നിവൃത്തി നമുക്ക് ഇന്ന് വ്യക്തമാ​യി കാണാം. യഹോ​വ​യു​ടെ ജനം ഇന്ന് ഒരു വലിയ ജനതയാ​യി​രി​ക്കു​ന്നു. ഇന്നു ലോക​ത്തുള്ള അനേകം രാജ്യ​ങ്ങ​ളി​ലെ ജനസം​ഖ്യ​യെ​ക്കാൾ കൂടു​ത​ലാണ്‌ യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ എണ്ണം.

3. ദൈവ​ജനം സ്‌നേഹം കാണി​ച്ചി​രി​ക്കു​ന്നത്‌ എങ്ങനെ?

3 ഈ അന്ത്യനാ​ളു​ക​ളിൽ അന്യോ​ന്യ​മുള്ള സ്‌നേഹം ശക്തമാ​ക്കാൻ യഹോവ തന്‍റെ ജനത്തെ സഹായി​ക്കു​ന്നു. “ദൈവം സ്‌നേഹം” ആണ്‌; ആ ദൈവത്തെ അവർ അനുക​രി​ക്കു​ന്നു. (1 യോഹ. 4:8) നിങ്ങൾ “തമ്മിൽത്ത​മ്മിൽ സ്‌നേ​ഹി​ക്കണം” എന്ന് യേശു തന്‍റെ അനുഗാ​മി​ക​ളോട്‌ കല്‌പി​ക്കു​ക​യും, “നിങ്ങൾക്കു പരസ്‌പരം സ്‌നേഹം ഉണ്ടെങ്കിൽ, നിങ്ങൾ എന്‍റെ ശിഷ്യ​ന്മാ​രാ​കു​ന്നു​വെന്ന് എല്ലാവ​രും അറിയും” എന്ന് പറയു​ക​യും ചെയ്‌തു. (യോഹ. 13:34, 35) യുദ്ധങ്ങ​ളിൽ ഏർപ്പെ​ടാ​തി​രു​ന്നു​കൊണ്ട് യഹോ​വ​യു​ടെ സാക്ഷികൾ ആ സ്‌നേഹം കാണി​ച്ചി​രി​ക്കു​ന്നു. ഉദാഹ​ര​ണ​ത്തിന്‌, ഏകദേശം 5 കോടി 50 ലക്ഷം ആളുകൾ കൊല്ല​പ്പെട്ട രണ്ടാം ലോക​യു​ദ്ധ​ത്തിൽ യഹോ​വ​യു​ടെ സാക്ഷികൾ പങ്കെടു​ക്കു​ക​യോ ആരെയും കൊല്ലു​ക​യോ ചെയ്‌തില്ല. (മീഖ 4:1, 3 വായി​ക്കുക.) ‘ആരു​ടെ​യും രക്തം സംബന്ധിച്ച് കുറ്റക്കാ​രാ​കാ​തി​രി​ക്കാൻ’ ഇത്‌ അവരെ സഹായി​ച്ചു.—പ്രവൃ. 20:26.

4. ദൈവ​ജ​ന​ത്തി​ന്‍റെ വളർച്ച ശ്രദ്ധേ​യ​മാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്?

4 ശക്തനായ ശത്രു​വായ സാത്താൻ നമു​ക്കെ​തി​രെ പ്രവർത്തി​ക്കു​ന്നു​ണ്ടെ​ങ്കി​ലും ദൈവ​ജ​ന​ത്തി​ന്‍റെ എണ്ണം ഓരോ ദിവസ​വും വർധി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്നു. സാത്താൻ “ഈ ലോക​ത്തി​ന്‍റെ ദൈവം” ആണ്‌. (2 കൊരി. 4:4) ഈ ലോക​ത്തി​ലെ രാഷ്‌ട്രീ​യ​സം​ഘ​ട​ന​ക​ളെ​യും വാർത്താ​മാ​ധ്യ​മ​ങ്ങ​ളെ​യും നിയ​ന്ത്രി​ക്കു​ന്നത്‌ സാത്താ​നാണ്‌. ഇവ ഉപയോ​ഗിച്ച് സുവാർത്താ​പ്ര​സം​ഗം നിറു​ത്തി​ക്ക​ള​യാൻ സാത്താൻ ശ്രമി​ക്കു​ന്നു. എന്നാൽ സാത്താന്‌ അതിനു കഴിയില്ല. എങ്കിലും തനിക്ക് കുറച്ചു കാലമേ ഉള്ളൂ എന്ന് അറിയാ​വു​ന്ന​തു​കൊണ്ട് യഹോ​വയെ ആരാധി​ക്കു​ന്ന​തിൽനിന്ന് നമ്മളെ തടയാൻ സാത്താൻ ശ്രമി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്നു.—വെളി. 12:12.

വിശ്വ​സ്‌ത​ത​യു​ടെ ഒരു പരി​ശോ​ധന

5. മറ്റുള്ളവർ ചില​പ്പോ​ഴെ​ങ്കി​ലും നമ്മളെ മുറി​പ്പെ​ടു​ത്തി​യേ​ക്കാ​വു​ന്നത്‌ എന്തു​കൊണ്ട്? (ലേഖനാ​രം​ഭ​ത്തി​ലെ ചിത്രം കാണുക.)

5 ദൈവ​ത്തെ​യും ആളുക​ളെ​യും സ്‌നേ​ഹി​ക്കു​ന്നത്‌ വളരെ പ്രാധാ​ന്യം അർഹി​ക്കുന്ന ഒരു കാര്യ​മാ​ണെന്ന് ദൈവ​ജ​ന​ത്തിന്‌ അറിയാം. യേശു പറഞ്ഞു: “‘നിന്‍റെ ദൈവ​മായ യഹോ​വയെ നീ മുഴു​ഹൃ​ദ​യ​ത്തോ​ടും മുഴു​ദേ​ഹി​യോ​ടും മുഴു​മ​ന​സ്സോ​ടും​കൂ​ടെ സ്‌നേ​ഹി​ക്കണം.’ ഇതാകു​ന്നു ഏറ്റവും വലിയ​തും ഒന്നാമ​ത്തേ​തു​മായ കൽപ്പന. രണ്ടാമ​ത്തേത്‌ ഇതി​നോ​ടു സമം: ‘നിന്‍റെ അയൽക്കാ​രനെ നീ നിന്നെ​പ്പോ​ലെ​തന്നെ സ്‌നേ​ഹി​ക്കണം.’” (മത്താ. 22:35-39) എങ്കിലും ആദാം പാപം ചെയ്‌ത​തു​കൊ​ണ്ടാണ്‌ നമ്മളെ​ല്ലാ​വ​രും അപൂർണ​രാ​യി ജനിക്കു​ന്ന​തെന്ന് ബൈബിൾ പറയുന്നു. (റോമർ 5:12, 19 വായി​ക്കുക.) നമ്മളെ വിഷമി​പ്പി​ച്ചേ​ക്കാ​വുന്ന എന്തെങ്കി​ലും സഭയിലെ ആരെങ്കി​ലും പറയു​ക​യോ പ്രവർത്തി​ക്കു​ക​യോ ചെയ്‌തേ​ക്കാം. അപ്പോൾ നമ്മൾ എന്ത് ചെയ്യും? അതിന്‍റെ പേരിൽ യഹോ​വ​യോ​ടുള്ള നമ്മുടെ സ്‌നേഹം കുറഞ്ഞു​പോ​കു​മോ? നമ്മൾ ദൈവ​ത്തോ​ടും ദൈവ​ജ​ന​ത്തോ​ടും വിശ്വ​സ്‌ത​രാ​യി​രി​ക്കു​മോ? മറ്റുള്ള​വരെ മുറി​പ്പെ​ടു​ത്തിയ ചില കാര്യങ്ങൾ പറയു​ക​യോ പ്രവർത്തി​ക്കു​ക​യോ ചെയ്‌ത ചില ദൈവ​ദാ​സ​രെ​ക്കു​റിച്ച് ബൈബിൾ പറയു​ന്നുണ്ട്. അവരുടെ അനുഭ​വ​ത്തിൽനിന്ന് നമുക്ക് എന്ത് പഠിക്കാ​മെന്ന് നോക്കാം.

നിങ്ങൾ ഏലിയു​ടെ കാലത്ത്‌ ഇസ്രാ​യേ​ലിൽ ജീവി​ച്ചി​രുന്ന ഒരാളാ​യി​രു​ന്നെ​ങ്കിൽ എങ്ങനെ പ്രതി​ക​രി​ക്കു​മാ​യി​രു​ന്നു? (6-‍ാ‍ം ഖണ്ഡിക കാണുക)

6. ഏത്‌ അർഥത്തി​ലാണ്‌ മക്കൾക്ക് ശിക്ഷണം നൽകു​ന്ന​തിൽ ഏലി പരാജ​യ​പ്പെ​ട്ടത്‌?

6 ഇസ്രാ​യേ​ലി​ലെ മഹാപു​രോ​ഹി​ത​നാ​യി​രു​ന്നു ഏലി. അദ്ദേഹ​ത്തി​ന്‍റെ രണ്ടു മക്കൾ ദൈവ​നി​യ​മങ്ങൾ അനുസ​രി​ച്ചി​രു​ന്നില്ല. “ഏലിയു​ടെ പുത്ര​ന്മാർ നീചന്മാ​രും യഹോ​വയെ ഓർക്കാ​ത്ത​വ​രും ആയിരു​ന്നു” എന്ന് ബൈബിൾ പറയുന്നു. (1 ശമു. 2:12) തന്‍റെ മക്കൾ ചെയ്‌തു​കൊ​ണ്ടി​രു​ന്നത്‌ മഹാ​മോ​ശം കാര്യ​ങ്ങ​ളാ​യി​രു​ന്നെന്ന് ഏലിക്ക് അറിയാ​മാ​യി​രു​ന്നു. എന്നിട്ടും അദ്ദേഹം മക്കളെ വേണ്ടവി​ധ​ത്തിൽ ഉപദേ​ശി​ച്ചില്ല. ഒടുവിൽ ഏലി​യെ​യും മക്കളെ​യും യഹോവ ശിക്ഷിച്ചു. അതിനു​ശേഷം മഹാപു​രോ​ഹി​ത​ന്മാ​രാ​യി സേവി​ക്കാൻ ഏലിയു​ടെ പിൻത​ല​മു​റ​ക്കാ​രെ യഹോവ അനുവ​ദി​ച്ച​തു​മില്ല. (1 ശമു. 3:10-14) നിങ്ങൾ ഏലിയു​ടെ കാലത്താണ്‌ ജീവി​ച്ചി​രു​ന്ന​തെന്ന് വിചാ​രി​ക്കുക. തന്‍റെ മക്കൾ കാട്ടി​ക്കൂ​ട്ടിയ മോശ​മായ പ്രവൃ​ത്തി​കൾ വെച്ചു​പൊ​റു​പ്പിച്ച ഏലിയു​ടെ പ്രവൃത്തി നിങ്ങളെ ഇടറി​ക്കു​മാ​യി​രു​ന്നോ? യഹോ​വ​യി​ലുള്ള നിങ്ങളു​ടെ വിശ്വാ​സം ദുർബ​ല​മാ​കാൻ ഈ സാഹച​ര്യം ഇടയാ​ക്കു​മാ​യി​രു​ന്നോ? ഒടുവിൽ യഹോ​വയെ സേവി​ക്കു​ന്നത്‌ നിറു​ത്തി​ക്ക​ള​യു​മാ​യി​രു​ന്നോ?

7. ദാവീദ്‌ ഗുരു​ത​ര​മായ ഏത്‌ തെറ്റുകൾ ചെയ്‌തു, യഹോവ അവ എങ്ങനെ കൈകാ​ര്യം ചെയ്‌തു?

7 മികച്ച ഗുണങ്ങ​ളുള്ള ഒരാളാ​യി​രു​ന്നു ദാവീദ്‌. അതു​കൊണ്ട് യഹോവ ദാവീ​ദി​നെ വളരെ​യേറെ സ്‌നേ​ഹി​ച്ചി​രു​ന്നു. (1 ശമു. 13:13, 14; പ്രവൃ. 13:22) ഈ ദാവീ​ദു​പോ​ലും മോശ​മായ ചില കാര്യങ്ങൾ ചെയ്‌തു. ഊരി​യാവ്‌ യുദ്ധത്തിന്‌ പോയ സമയത്ത്‌ അദ്ദേഹ​ത്തി​ന്‍റെ ഭാര്യ​യാ​യി​രുന്ന ബത്ത്‌-ശേബയു​മാ​യി ദാവീദ്‌ ലൈം​ഗി​ക​ബ​ന്ധ​ത്തിൽ ഏർപ്പെട്ടു; അവൾ ഗർഭി​ണി​യാ​യി. ഇത്‌ മറ്റാരും അറിയ​രു​തെന്ന് ദാവീദ്‌ ആഗ്രഹി​ച്ചു. അതു​കൊണ്ട് ഊരി​യാ​വി​നെ തിരികെ വിളി​ച്ചിട്ട് വീട്ടി​ലേക്ക് പോകാൻ ദാവീദ്‌ നിർബ​ന്ധി​ച്ചു. ഊരി​യാവ്‌ വീട്ടിൽ ചെന്ന് ഭാര്യ​യു​മാ​യി ലൈം​ഗി​ക​ബ​ന്ധ​ത്തിൽ ഏർപ്പെ​ടു​മെ​ന്നും അങ്ങനെ കുഞ്ഞിന്‍റെ പിതൃ​ത്വം ഊരി​യാ​വി​ന്‍റെ തലയിൽ കെട്ടി​വെ​ക്കാ​മെ​ന്നും ആണ്‌ ദാവീദ്‌ വിചാ​രി​ച്ചത്‌. പക്ഷേ ഊരി​യാവ്‌ വീട്ടിൽ പോകാൻ തയ്യാറാ​യില്ല. അതു​കൊണ്ട് ഊരി​യാവ്‌ യുദ്ധത്തിൽ കൊല്ല​പ്പെ​ടും എന്ന് ദാവീദ്‌ ഉറപ്പു​വ​രു​ത്തി. ഗുരു​ത​ര​മായ ഈ തെറ്റുകൾ ചെയ്‌ത​തു​കൊണ്ട് ദാവീ​ദി​നും കുടും​ബ​ത്തി​നും ഒരുപാട്‌ കഷ്ടപ്പെ​ടേ​ണ്ടി​വന്നു. (2 ശമു. 12:9-12) എന്നിട്ടും യഹോവ ദാവീ​ദി​നോട്‌ കരുണ കാണി​ക്കു​ക​യും ക്ഷമിക്കു​ക​യും ചെയ്‌തു. കാരണം ശരി ചെയ്യാൻ ആഗ്രഹ​മുള്ള ഒരാളാ​യി​രു​ന്നു ദാവീദ്‌ എന്ന് യഹോ​വ​യ്‌ക്ക് അറിയാ​മാ​യി​രു​ന്നു. (1 രാജാ. 9:4) നിങ്ങൾ അക്കാല​ത്താണ്‌ ജീവി​ച്ചി​രു​ന്ന​തെ​ങ്കിൽ ദാവീദ്‌ ചെയ്‌ത​തി​നെ​ക്കു​റിച്ച് നിങ്ങൾക്ക് എന്തു തോന്നു​മാ​യി​രു​ന്നു? യഹോ​വയെ സേവി​ക്കു​ന്നത്‌ നിങ്ങൾ നിറു​ത്തി​ക്ക​ള​യു​മാ​യി​രു​ന്നോ?

8. (എ) പറഞ്ഞ വാക്കു പാലി​ക്കു​ന്ന​തിൽ അപ്പൊ​സ്‌ത​ല​നായ പത്രോസ്‌ പരാജ​യ​പ്പെ​ട്ടത്‌ എങ്ങനെ? (ബി) പത്രോസ്‌ തെറ്റു ചെയ്‌തെ​ങ്കി​ലും യഹോവ എന്തു​കൊ​ണ്ടാണ്‌ പത്രോ​സി​നെ പിന്നീ​ടും ഉപയോ​ഗി​ച്ചത്‌?

8 ബൈബി​ളി​ലുള്ള മറ്റൊരു ഉദാഹ​രണം അപ്പൊ​സ്‌ത​ല​നായ പത്രോ​സി​ന്‍റേ​താണ്‌. അപ്പൊ​സ്‌ത​ല​നാ​യി യേശു തിര​ഞ്ഞെ​ടുത്ത ഈ ശിഷ്യൻപോ​ലും ശരിയ​ല്ലാത്ത ചില​തൊ​ക്കെ പറയു​ക​യും പ്രവർത്തി​ക്കു​ക​യും ചെയ്‌തി​ട്ടുണ്ട്. ഉദാഹ​ര​ണ​ത്തിന്‌, ആരൊക്കെ തള്ളിപ്പ​റ​ഞ്ഞാ​ലും താൻ യേശു​വി​നെ തള്ളിപ്പ​റ​യി​ല്ലെന്ന് പത്രോസ്‌ പറഞ്ഞു. (മർക്കോ. 14:27-31, 50) എന്നാൽ യേശു​വി​നെ അറസ്റ്റു ചെയ്‌ത​പ്പോൾ പത്രോസ്‌ ഉൾപ്പെടെ എല്ലാ അപ്പൊ​സ്‌ത​ല​ന്മാ​രും യേശു​വി​നെ വിട്ട് ഓടി​പ്പോ​യി. യേശു​വി​നെ അറിയി​ല്ലെ​ന്നു​പോ​ലും മൂന്നു​വട്ടം പത്രോസ്‌ പറഞ്ഞു. (മർക്കോ. 14:53, 54, 66-72) എങ്കിലും ചെയ്‌ത കാര്യം ഓർത്ത്‌ പത്രോ​സിന്‌ വലിയ വിഷമം തോന്നി. അതു​കൊണ്ട് യഹോവ പത്രോ​സി​നോട്‌ ക്ഷമിക്കു​ക​യും പത്രോ​സി​നെ വീണ്ടും ഉപയോ​ഗി​ക്കു​ക​യും ചെയ്‌തു. പത്രോസ്‌ അന്നു ചെയ്‌ത കാര്യങ്ങൾ കണ്ട ഒരു ശിഷ്യ​നാ​യി​രു​ന്നു നിങ്ങൾ എങ്കിൽ യഹോ​വ​യോ​ടുള്ള നിങ്ങളു​ടെ വിശ്വ​സ്‌ത​തയെ അത്‌ ബാധി​ക്കു​മാ​യി​രു​ന്നോ?

9. യഹോവ എപ്പോ​ഴും നീതി​യോ​ടെ കാര്യങ്ങൾ ചെയ്യു​മെന്ന് വിശ്വ​സി​ക്കാ​വു​ന്നത്‌ എന്തു​കൊണ്ട്?

9 യഹോ​വ​യു​ടെ ദാസരിൽ ചിലർ മോശ​മായ കാര്യങ്ങൾ ചെയ്യു​ക​യും മറ്റുള്ള​വരെ വല്ലാതെ വേദനി​പ്പി​ക്കു​ക​യും ചെയ്‌തി​ട്ടു​ണ്ടെന്ന് ഈ ഉദാഹ​ര​ണ​ങ്ങ​ളിൽനിന്ന് നമ്മൾ മനസ്സി​ലാ​ക്കി. ഇന്ന് ഇങ്ങനെ സംഭവി​ക്കു​ക​യാ​ണെ​ങ്കിൽ നിങ്ങൾ യോഗ​ങ്ങൾക്ക് പോകാ​തി​രി​ക്കു​മോ? ദൈവ​ത്തെ​യും ദൈവ​ജ​ന​ത്തെ​യും പാടേ ഉപേക്ഷി​ക്കു​മോ? എന്നാൽ യഹോവ കരുണ​യു​ള്ള​വ​നാ​ണെ​ന്നും ആളുകൾ മാനസാ​ന്ത​ര​പ്പെ​ടാൻവേണ്ടി കാത്തി​രി​ക്കു​ക​യാ​ണെ​ന്നും ഓർക്കുക. ഇനി, ഗുരു​ത​ര​മായ തെറ്റു ചെയ്‌ത ചിലർക്ക് അതിൽ ഒരു ഖേദവും തോന്നു​ന്നി​ല്ലാ​യി​രി​ക്കാം. ഇക്കാര്യം യഹോ​വ​യ്‌ക്ക് അറിയാ​മെ​ന്നും വേണ്ടസ​മ​യത്ത്‌ വേണ്ടതു​പോ​ലെ കൈകാ​ര്യം ചെയ്യു​മെ​ന്നും നിങ്ങൾ വിശ്വ​സി​ക്കു​ന്നു​ണ്ടോ? വേണ്ടി​വ​ന്നാൽ തെറ്റു​കാ​രനെ യഹോവ സഭയിൽനിന്ന് പുറത്താ​ക്കു​ക​പോ​ലും ചെയ്‌തേ​ക്കാം. യഹോവ എപ്പോ​ഴും ശരിയാ​യ​തും നീതി​യാ​യ​തും മാത്രമേ ചെയ്യൂ എന്ന് നിങ്ങൾ വിശ്വ​സി​ക്കു​ന്നു​ണ്ടോ?

വിശ്വ​സ്‌ത​രാ​യി​രി​ക്കുക

10. യൂദാ ഈസ്‌ക​ര്യോ​ത്താ​യും പത്രോ​സും തെറ്റു ചെയ്‌ത​പ്പോൾ യേശു ആരെ കുറ്റ​പ്പെ​ടു​ത്തി​യില്ല?

10 തങ്ങൾക്ക് ചുറ്റു​മുള്ള ആളുകൾ ഗുരു​ത​ര​മായ തെറ്റുകൾ ചെയ്‌ത​പ്പോൾപ്പോ​ലും യഹോ​വ​യോ​ടും തന്‍റെ ജനത്തോ​ടും വിശ്വ​സ്‌ത​രാ​യി​രുന്ന പലരെ​ക്കു​റി​ച്ചും നമ്മൾ ബൈബി​ളിൽ വായി​ക്കു​ന്നുണ്ട്. അതിന്‌ ഉത്തമ ഉദാഹ​ര​ണ​മാണ്‌ യേശു. പിതാ​വി​ന്‍റെ സഹായ​ത്തി​നാ​യി ഒരു രാത്രി മുഴുവൻ പ്രാർഥി​ച്ച​തി​നു ശേഷമാണ്‌ യേശു 12 അപ്പൊ​സ്‌ത​ല​ന്മാ​രെ തിര​ഞ്ഞെ​ടു​ത്തത്‌. എന്നിട്ടും അതിൽ ഒരാളാ​യി​രുന്ന യൂദാ ഈസ്‌ക​ര്യോ​ത്താ യേശു​വി​നെ ഒറ്റി​ക്കൊ​ടു​ത്തു. പത്രോസ്‌ അപ്പൊ​സ്‌തലൻ യേശു​വി​നെ അറിയി​ല്ലെന്നു പറയു​ക​യും ചെയ്‌തു. (ലൂക്കോ. 6:12-16; 22:2-6, 31, 32) അവർ യേശു​വി​നെ വിഷമി​പ്പി​ച്ച​പ്പോൾ യേശു യഹോ​വ​യെ​യോ മറ്റ്‌ ശിഷ്യ​ന്മാ​രെ​യോ കുറ്റ​പ്പെ​ടു​ത്തി​യില്ല. പകരം, യേശു പിതാ​വി​നോട്‌ പറ്റിനിന്ന് പിതാ​വി​നെ വിശ്വ​സ്‌ത​മാ​യി സേവിച്ചു. പ്രതി​ഫ​ല​മാ​യി, യഹോവ യേശു​വി​നെ ഉയിർപ്പി​ക്കു​ക​യും സ്വർഗ​രാ​ജ്യ​ത്തി​ന്‍റെ രാജാ​വാ​ക്കു​ക​യും ചെയ്‌തു.—മത്താ. 28:7, 18-20.

11. ഇക്കാലത്തെ യഹോ​വ​യു​ടെ ദാസ​രെ​ക്കു​റിച്ച് ബൈബിൾ മുൻകൂ​ട്ടി പറഞ്ഞത്‌ എന്താണ്‌?

11 യഹോ​വ​യോ​ടും യഹോ​വ​യു​ടെ ജനത്തോ​ടും വിശ്വ​സ്‌ത​രാ​യി​രി​ക്ക​ണ​മെന്ന് യേശു​വി​ന്‍റെ മാതൃക നമ്മളെ പഠിപ്പി​ക്കു​ന്നു. വിശ്വ​സ്‌ത​രാ​യി​രി​ക്കാൻ നമുക്ക് തക്ക കാരണ​ങ്ങ​ളുണ്ട്. ഈ അന്ത്യനാ​ളു​ക​ളിൽ തന്‍റെ ദാസരെ യഹോവ വഴി നടത്തു​ന്നത്‌ നമുക്ക് കാണാ​നാ​കും. ലോക​വ്യാ​പ​ക​മാ​യി പ്രസം​ഗ​വേല ചെയ്യാൻ യഹോവ അവരെ സഹായി​ക്കു​ന്നു. ഈ വേല ചെയ്യുന്ന ഒരേ ഒരു കൂട്ടം അവർ മാത്ര​മാണ്‌. അവർ യഥാർഥ​ത്തിൽ ഐക്യ​വും സന്തോ​ഷ​വും ഉള്ളവരാണ്‌. കാരണം യഹോ​വ​യാണ്‌ അവരെ പഠിപ്പി​ക്കു​ന്നത്‌. പിൻവ​രുന്ന വാക്കു​ക​ളി​ലൂ​ടെ യഹോവ അതാണ്‌ പറഞ്ഞത്‌: “എന്‍റെ ദാസന്മാർ ഹൃദയാ​ന​ന്ദം​കൊ​ണ്ടു ഘോഷി​ക്കും.”—യശ. 65:14.

12. മറ്റുള്ള​വ​രു​ടെ തെറ്റു​കളെ നമ്മൾ എങ്ങനെ വീക്ഷി​ക്കണം?

12 പല നല്ല കാര്യ​ങ്ങ​ളും ചെയ്യാൻ യഹോവ നമ്മളെ സഹായി​ക്കു​ക​യും വഴിന​യി​ക്കു​ക​യും ചെയ്യു​ന്ന​തു​കൊണ്ട് നമ്മൾ വളരെ സന്തോ​ഷ​മു​ള്ള​വ​രാണ്‌. എന്നാൽ സാത്താന്‍റെ ലോക​ത്തി​ന്‍റെ ഭാഗമാ​യി​രി​ക്കു​ന്ന​വർക്ക് യഥാർഥ സന്തോ​ഷ​മി​ല്ലെന്നു മാത്രമല്ല ഭാവി​യെ​ക്കു​റിച്ച് ഒരു പ്രത്യാ​ശ​യു​മില്ല. അങ്ങനെ​യെ​ങ്കിൽ, സഭയി​ലുള്ള ആരെങ്കി​ലും തെറ്റായ എന്തെങ്കി​ലും പറയു​ക​യോ ചെയ്യു​ക​യോ ചെയ്‌താൽ അത്‌ യഹോ​വ​യു​ടെ​യോ യഹോ​വ​യു​ടെ ജനത്തി​ന്‍റെ​യോ കുറ്റമാ​യി കാണു​ന്നത്‌ എത്ര ബുദ്ധി​ശൂ​ന്യ​വും ന്യായ​ര​ഹി​ത​വും ആയിരി​ക്കും! പകരം, നമ്മൾ യഹോ​വ​യോട്‌ വിശ്വ​സ്‌ത​രാ​യി​രി​ക്കു​ക​യും യഹോ​വ​യു​ടെ മാർഗ​നിർദേശം പിൻപ​റ്റു​ക​യും വേണം. മറ്റുള്ള​വ​രു​ടെ തെറ്റു​കളെ എങ്ങനെ വീക്ഷി​ക്ക​ണ​മെ​ന്നും അതി​നോട്‌ എങ്ങനെ പ്രതി​ക​രി​ക്ക​ണ​മെ​ന്നും നമ്മൾ പഠിക്കണം.

നിങ്ങൾ എങ്ങനെ പ്രതി​ക​രി​ക്കണം?

13, 14. (എ) നമ്മൾ പരസ്‌പരം ക്ഷമി​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്? (ബി) ഏത്‌ വാഗ്‌ദാ​ന​ത്തെ​ക്കു​റിച്ച് നമ്മൾ എപ്പോ​ഴും ഓർക്കണം?

13 സഹോ​ദ​ര​ങ്ങ​ളിൽ ആരെങ്കി​ലും നിങ്ങളു​ടെ വികാ​ര​ങ്ങളെ മുറി​പ്പെ​ടു​ത്തുന്ന വിധത്തിൽ എന്തെങ്കി​ലും പറയു​ക​യോ പ്രവർത്തി​ക്കു​ക​യോ ചെയ്യു​ന്നെ​ങ്കിൽ എന്തു ചെയ്യണം? ബൈബിൾ തരുന്ന ഉപദേശം ഇതാണ്‌: “നിന്‍റെ മനസ്സിൽ അത്ര വേഗം നീരസം ഉണ്ടാക​രു​തു; മൂഢന്മാ​രു​ടെ മാർവ്വിൽ അല്ലോ നീരസം വസിക്കു​ന്നത്‌.” (സഭാ. 7:9) നമ്മളെ​ല്ലാ​വ​രും അപൂർണ​രും തെറ്റുകൾ ചെയ്യു​ന്ന​വ​രും ആണ്‌. അതു​കൊണ്ട് നമ്മുടെ സഹോ​ദ​രങ്ങൾ പറയു​ന്ന​തും ചെയ്യു​ന്ന​തും എല്ലായ്‌പോ​ഴും ശരിയാ​യി​രി​ക്കും എന്ന് പ്രതീ​ക്ഷി​ക്കാൻ പാടില്ല. അവരുടെ പിഴവു​ക​ളെ​ക്കു​റിച്ച് ചിന്തി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​തും നമുക്ക് ഗുണം ചെയ്യില്ല. അങ്ങനെ ചെയ്‌താൽ യഹോ​വയെ സേവി​ക്കു​ന്ന​തി​ലുള്ള നമ്മുടെ സന്തോഷം നഷ്ടപ്പെ​ട്ടേ​ക്കാം. അതുമാ​ത്രമല്ല, യഹോ​വ​യി​ലുള്ള നമ്മുടെ വിശ്വാ​സം ദുർബ​ല​മാ​കാ​നും യഹോ​വ​യു​ടെ സംഘടന ഉപേക്ഷിച്ച് പോകാൻപോ​ലും അത്‌ കാരണ​മാ​യേ​ക്കാം. അപ്പോൾ നമുക്ക് ദൈ​വേഷ്ടം ചെയ്യാ​നുള്ള പദവി മാത്രമല്ല, പുതിയ ലോക​ത്തിൽ ജീവി​ക്കാ​നുള്ള പ്രത്യാ​ശ​യും നഷ്ടപ്പെ​ടും.

14 അങ്ങനെ​യെ​ങ്കിൽ, മറ്റാ​രെ​ങ്കി​ലും നിങ്ങളെ ഇടറി​ക്കുന്ന കാര്യങ്ങൾ ചെയ്യു​മ്പോൾ യഹോ​വയെ സേവി​ക്കു​ന്ന​തി​ലുള്ള സന്തോഷം നിലനി​റു​ത്താൻ നിങ്ങളെ എന്ത് സഹായി​ക്കും? ആശ്വാസം തരുന്ന പിൻവ​രുന്ന വാഗ്‌ദാ​നം എല്ലായ്‌പോ​ഴും ഓർക്കുക: “ഇതാ, ഞാൻ പുതിയ ആകാശ​വും പുതിയ ഭൂമി​യും സൃഷ്ടി​ക്കു​ന്നു; മുമ്പി​ലെത്തവ ആരും ഓർക്കു​ക​യില്ല; ആരു​ടെ​യും മനസ്സിൽ വരിക​യു​മില്ല.” (യശ. 65:17; 2 പത്രോ. 3:13) യഹോ​വ​യോട്‌ വിശ്വ​സ്‌ത​രാ​ണെ​ങ്കിൽ ഈ അനു​ഗ്ര​ഹ​ങ്ങ​ളെ​ല്ലാം യഹോവ നിങ്ങൾക്ക് തരും.

15. മറ്റുള്ളവർ പിഴവു​കൾ വരുത്തു​മ്പോൾ നമ്മൾ എന്ത് ചെയ്യണ​മെ​ന്നാണ്‌ യേശു പറഞ്ഞത്‌?

15 നമ്മൾ ഇപ്പോൾ പുതിയ ലോക​ത്തി​ലല്ല ജീവി​ക്കു​ന്നത്‌; അതു​കൊണ്ട്, നമ്മളെ ആരെങ്കി​ലും വേദനി​പ്പി​ക്കു​ന്നെ​ങ്കിൽ ആ സാഹച​ര്യ​ത്തിൽ നമ്മൾ എന്ത് ചെയ്യാ​നാണ്‌ യഹോവ ആഗ്രഹി​ക്കു​ന്ന​തെന്ന് ചിന്തി​ക്കണം. ഉദാഹ​ര​ണ​ത്തിന്‌, യേശു ഇങ്ങനെ പറഞ്ഞു: “നിങ്ങൾ മറ്റുള്ള​വ​രു​ടെ പിഴവു​കൾ ക്ഷമിച്ചാൽ നിങ്ങളു​ടെ സ്വർഗീയ പിതാവ്‌ നിങ്ങ​ളോ​ടും ക്ഷമിക്കും. എന്നാൽ നിങ്ങൾ അവരുടെ പിഴവു​കൾ ക്ഷമിക്കാ​തി​രു​ന്നാ​ലോ, നിങ്ങളു​ടെ പിതാവ്‌ നിങ്ങളു​ടെ പിഴവു​ക​ളും ക്ഷമിക്കു​ക​യില്ല.” ‘ഏഴുതവണ ക്ഷമിച്ചാൽ മതിയോ’ എന്ന് പത്രോസ്‌ ചോദി​ച്ച​പ്പോൾ യേശു​വി​ന്‍റെ മറുപടി ഇതായി​രു​ന്നു: “ഏഴല്ല, എഴുപത്തി ഏഴു തവണ എന്നു ഞാൻ നിന്നോ​ടു പറയുന്നു.” മറ്റുള്ള​വ​രോട്‌ ക്ഷമിക്കാൻ എപ്പോ​ഴും മനസ്സു കാണി​ക്ക​ണ​മെ​ന്നാണ്‌ യേശു നമ്മളെ പഠിപ്പി​ച്ചത്‌.—മത്താ. 6:14, 15; 18:21, 22.

16. യോ​സേഫ്‌ വെച്ച നല്ല മാതൃക എന്താണ്‌?

16 മറ്റുള്ളവർ നമ്മളെ നിരാ​ശ​പ്പെ​ടു​ത്തു​മ്പോൾ പ്രതി​ക​രി​ക്കേ​ണ്ടത്‌ എങ്ങനെ​യെന്ന് യോ​സേ​ഫി​ന്‍റെ മാതൃ​ക​യിൽനിന്ന് നമ്മൾ പഠിക്കു​ന്നു. യാക്കോ​ബി​ന്‍റെ​യും റാഹേ​ലി​ന്‍റെ​യും രണ്ട് മക്കളിൽ മൂത്തവ​നാ​യി​രു​ന്നു യോ​സേഫ്‌. യാക്കോ​ബിന്‌ വേറെ​യും പത്ത്‌ ആൺമക്ക​ളു​ണ്ടാ​യി​രു​ന്നു. എന്നാൽ യാക്കോബ്‌ ഏറ്റവും അധികം സ്‌നേ​ഹി​ച്ചി​രു​ന്നത്‌ യോ​സേ​ഫി​നെ ആയിരു​ന്നു. അതു​കൊണ്ട് ചേട്ടന്മാർക്ക് യോ​സേ​ഫി​നോട്‌ കടുത്ത അസൂയ തോന്നി. യോ​സേ​ഫി​നോട്‌ അത്രമേൽ വെറുപ്പ് ആയിരു​ന്ന​തു​കൊണ്ട് അവർ യോ​സേ​ഫി​നെ ഒരു അടിമ​യാ​യി വിറ്റു. അങ്ങനെ യോ​സേഫ്‌ ഈജി​പ്‌തി​ലെത്തി. വർഷങ്ങൾ കഴിഞ്ഞ​പ്പോൾ ഈജി​പ്‌തി​ലെ രാജാ​വിന്‌ യോ​സേ​ഫി​ന്‍റെ നല്ല പ്രവൃ​ത്തി​ക​ളിൽ മതിപ്പ് തോന്നി. അപ്പോൾ അദ്ദേഹം യോ​സേ​ഫി​നെ രാജാവ്‌ കഴിഞ്ഞാൽ അടുത്ത സ്ഥാനമുള്ള ആളായി നിയമി​ച്ചു. പിന്നീട്‌ ഒരു ക്ഷാമം ഉണ്ടായ​പ്പോൾ ആഹാരം വാങ്ങാ​നാ​യി യോ​സേ​ഫി​ന്‍റെ ചേട്ടന്മാർ ഈജി​പ്‌തി​ലെത്തി. അവർക്ക് യോ​സേ​ഫി​നെ തിരി​ച്ച​റി​യാ​നാ​യി​ല്ലെ​ങ്കി​ലും യോ​സേ​ഫിന്‌ അവരെ മനസ്സി​ലാ​യി. അവർ മുമ്പ് തന്നോട്‌ വളരെ മോശ​മാ​യി പെരു​മാ​റി​യി​ട്ടു​ണ്ടാ​യി​രു​ന്നെങ്കി​ലും യോ​സേഫ്‌ അവരോട്‌ പ്രതി​കാ​രം ചെയ്‌തില്ല. പകരം, അവർക്ക് ശരിക്കും മാറ്റം വന്നിട്ടു​ണ്ടോ എന്ന് അറിയാൻ അവരെ പരീക്ഷി​ച്ചു. മാറ്റം വന്നിട്ടുണ്ട് എന്ന് ബോധ്യ​പ്പെ​ട്ട​പ്പോൾ താൻ അവരുടെ സഹോ​ദ​ര​നായ യോ​സേഫ്‌ ആണെന്ന് അവരോട്‌ തുറന്നു പറഞ്ഞു. പിന്നീട്‌, അവരെ ആശ്വസി​പ്പി​ച്ചു​കൊണ്ട് യോ​സേഫ്‌ ഇങ്ങനെ പറഞ്ഞു: “നിങ്ങൾ ഭയപ്പെ​ടേണ്ടാ; ഞാൻ നിങ്ങ​ളെ​യും നിങ്ങളു​ടെ കുഞ്ഞു​കു​ട്ടി​ക​ളെ​യും പോറ്റി രക്ഷിക്കും.”—ഉൽപ. 50:21.

17. മറ്റുള്ളവർ പിഴവു​കൾ വരുത്തു​മ്പോൾ എന്ത് ചെയ്യാ​നാണ്‌ നിങ്ങൾ ആഗ്രഹി​ക്കു​ന്നത്‌?

17 എല്ലാവർക്കും തെറ്റു​പ​റ്റാ​വു​ന്ന​തു​കൊണ്ട് ചില​പ്പോൾ നിങ്ങളും മറ്റുള്ള​വരെ വിഷമി​പ്പി​ച്ചേ​ക്കാം. നിങ്ങൾ ആരെ​യെ​ങ്കി​ലും വിഷമി​പ്പി​ച്ച​താ​യി തിരി​ച്ച​റി​യു​ക​യാ​ണെ​ങ്കിൽ ബൈബി​ളി​ന്‍റെ ഉപദേശം പിൻപ​റ്റുക. അവരോട്‌ ക്ഷമ ചോദി​ക്കുക, അവരു​മാ​യി സമാധാ​ന​ത്തി​ലാ​കാൻ ശ്രമി​ക്കുക. (മത്തായി 5:23, 24 വായി​ക്കുക.) മറ്റുള്ളവർ നമ്മളോട്‌ ക്ഷമിക്കു​മ്പോൾ അത്‌ നമ്മൾ വിലമ​തി​ക്കു​ന്നു. അതു​കൊണ്ട് നമ്മൾ മറ്റുള്ള​വ​രോ​ടും ക്ഷമിക്കണം. കൊ​ലോ​സ്യർ 3:13-ൽ ഇങ്ങനെ പറയുന്നു: “ഒരുവനു മറ്റൊ​രു​വ​നെ​തി​രെ പരാതി​ക്കു കാരണ​മു​ണ്ടാ​യാൽത്തന്നെ അന്യോ​ന്യം പൊറു​ക്കു​ക​യും ഉദാര​മാ​യി ക്ഷമിക്കു​ക​യും ചെയ്യു​വിൻ. യഹോവ നിങ്ങ​ളോട്‌ ഉദാര​മാ​യി ക്ഷമിച്ച​തു​പോ​ലെ നിങ്ങളും ക്ഷമിക്കു​വിൻ.” നമുക്ക് സഹോ​ദ​ര​ങ്ങ​ളോട്‌ യഥാർഥ​ത്തിൽ സ്‌നേ​ഹ​മു​ണ്ടെ​ങ്കിൽ കഴിഞ്ഞ കാലത്ത്‌ അവർ ചെയ്‌ത എന്തി​ന്‍റെ​യെ​ങ്കി​ലും പേരിൽ അവരോട്‌ നമ്മൾ നീരസം വെച്ചു​കൊ​ണ്ടി​രി​ക്കില്ല. (1 കൊരി. 13:5) നമ്മൾ മറ്റുള്ള​വ​രോട്‌ ക്ഷമിക്കു​ന്നെ​ങ്കിൽ യഹോവ നമ്മളോ​ടും ക്ഷമിക്കും. അതു​കൊണ്ട് മറ്റുള്ളവർ പിഴവു​കൾ വരുത്തു​മ്പോൾ നമുക്ക് അവരോട്‌ കരുണ​യോ​ടെ ഇടപെ​ടാം. കാരണം നമ്മുടെ പിതാ​വായ യഹോവ കരുണ​യു​ള്ള​വ​നാണ്‌. —സങ്കീർത്തനം 103:12-14 വായി​ക്കുക.