വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

നമ്മളെ മനയുന്ന യഹോ​വ​യോട്‌ വിലമ​തി​പ്പു​ള്ള​വ​രാ​യി​രി​ക്കുക

നമ്മളെ മനയുന്ന യഹോ​വ​യോട്‌ വിലമ​തി​പ്പു​ള്ള​വ​രാ​യി​രി​ക്കുക

‘യഹോവേ, നീ ഞങ്ങളെ മനയു​ന്നവൻ ആകുന്നു; ഞങ്ങൾ എല്ലാവ​രും നിന്‍റെ കൈപ്പ​ണി​യ​ത്രേ.’—യശ. 64:8.

ഗീതം: 89, 26

1. യഹോവ വലിയ കുശവൻ ആയിരി​ക്കു​ന്നത്‌ എന്തു​കൊണ്ട്?

ഒരു ചൈനീസ്‌ കളിമൺപാ​ത്രം 2010 നവംബ​റിൽ ഏഴു കോടി ഡോള​റി​നാണ്‌ ഇംഗ്ലണ്ടിൽ ലേലത്തിന്‌ വെച്ചത്‌. കളിമ​ണ്ണു​പോ​ലെ വിലകു​റഞ്ഞ ഒരു സാധാരണ വസ്‌തു​വിൽനിന്ന് ഒരു കുശവൻ വിലപി​ടി​പ്പുള്ള മനോ​ഹ​ര​മാ​യൊ​രു പാത്രം മനയു​ന്നത്‌ വിസ്‌മ​യം​തന്നെ! നമ്മളെ മനയുന്ന യഹോവ മനുഷ്യ​കു​ശ​വ​ന്മാ​രെ​ക്കാൾ വളരെ ഉന്നതനാണ്‌. “നിലത്തെ പൊടി​കൊണ്ട്” യഹോവ ഒരു പൂർണ​മ​നു​ഷ്യ​നെ ഉണ്ടാക്കി​യെന്ന് ബൈബിൾ പറയുന്നു. (ഉൽപ. 2:7) ആ മനുഷ്യൻ, അതായത്‌ ആദാം ദൈവ​ത്തി​ന്‍റെ ഗുണങ്ങൾ അനുക​രി​ക്കാൻ പറ്റിയ വിധത്തിൽ സൃഷ്ടി​ക്ക​പ്പെട്ട “ദൈവ​ത്തി​ന്‍റെ മകൻ” ആയിരു​ന്നു.—ലൂക്കോ. 3:38.

2, 3. മാനസാ​ന്ത​ര​പ്പെട്ട ഇസ്രാ​യേ​ല്യ​രു​ടെ മനോ​ഭാ​വം നമുക്ക് എങ്ങനെ അനുക​രി​ക്കാം?

2 സ്രഷ്ടാ​വി​നെ​തി​രെ മത്സരി​ച്ച​പ്പോൾ ആദാം ദൈവ​ത്തി​ന്‍റെ മകൻ അല്ലാതാ​യി. എന്നാൽ ആദാമി​ന്‍റെ പിൻത​ല​മു​റ​ക്കാ​രിൽ പലരും യഹോ​വയെ ഭരണാ​ധി​കാ​രി​യാ​യി തിര​ഞ്ഞെ​ടു​ത്തി​ട്ടുണ്ട്. (എബ്രാ. 12:1) സ്രഷ്ടാ​വി​നെ താഴ്‌മ​യോ​ടെ അനുസ​രി​ച്ചു​കൊണ്ട് സാത്താ​നെയല്ല, ദൈവ​ത്തെ​യാണ്‌ പിതാ​വും മനയു​ന്ന​വ​നും ആയി തങ്ങൾക്ക് വേണ്ട​തെന്ന് അവർ തെളി​യി​ച്ചി​രി​ക്കു​ന്നു. (യോഹ. 8:44) ദൈവ​ത്തോ​ടുള്ള അവരുടെ വിശ്വ​സ്‌തത മാനസാ​ന്ത​ര​പ്പെട്ട ഇസ്രാ​യേ​ല്യ​രു​ടെ ഈ വാക്കുകൾ നമ്മളെ ഓർമി​പ്പി​ക്കു​ന്നു: “യഹോവേ, നീ ഞങ്ങളുടെ പിതാവു; ഞങ്ങൾ കളിമ​ണ്ണും നീ ഞങ്ങളെ മനയു​ന്ന​വ​നും ആകുന്നു; ഞങ്ങൾ എല്ലാവ​രും നിന്‍റെ കൈപ്പ​ണി​യ​ത്രേ.”—യശ. 64:8.

3 യഹോ​വ​യു​ടെ ആരാധകർ താഴ്‌മ​യും അനുസ​ര​ണ​വും കാണി​ക്കാൻ ഇന്നും കഠിന​ശ്രമം ചെയ്യുന്നു. യഹോ​വയെ പിതാവ്‌ എന്നു വിളി​ക്കാ​നാ​കു​ന്നത്‌ ഒരു ബഹുമ​തി​യാ​യി അവർ കാണുന്നു. യഹോ​വ​തന്നെ അവരെ മനയണ​മെ​ന്നാണ്‌ അവർ ആഗ്രഹി​ക്കു​ന്നത്‌. വില​യേ​റിയ ഒരു പാത്ര​മാ​യി നമ്മളെ രൂപ​പ്പെ​ടു​ത്താൻ യഹോ​വ​യ്‌ക്ക് കഴിയും​വി​ധം പതംവന്ന കളിമ​ണ്ണു​പോ​ലെ​യാ​കാൻ നമ്മൾ ഒരുക്ക​മു​ള്ള​വ​രാ​ണോ? ദൈവം ഇപ്പോ​ഴും മനഞ്ഞു​കൊ​ണ്ടി​രി​ക്കുന്ന പാത്ര​ങ്ങ​ളാ​യി​ട്ടാ​ണോ സഹോ​ദ​ര​ങ്ങളെ നമ്മൾ കാണു​ന്നത്‌? ഇക്കാര്യ​ത്തിൽ നമ്മളെ സഹായി​ക്കുന്ന മൂന്നു സംഗതി​കൾ നമുക്ക് നോക്കാം. താൻ മനയാൻ ഉദ്ദേശി​ക്കു​ന്ന​വരെ യഹോവ തിര​ഞ്ഞെ​ടു​ക്കു​ന്നത്‌ എങ്ങനെ? അവരെ എന്തിനാണ്‌ മനയു​ന്നത്‌? എങ്ങനെ​യാണ്‌ മനയു​ന്നത്‌?

താൻ മനയാൻ ഉദ്ദേശി​ക്കു​ന്ന​വരെ യഹോവ തിര​ഞ്ഞെ​ടു​ക്കു​ന്നു

4. മനയാൻ ഉദ്ദേശി​ക്കു​ന്ന​വരെ യഹോവ തിര​ഞ്ഞെ​ടു​ക്കു​ന്നത്‌ എങ്ങനെ​യാണ്‌? ഉദാഹ​ര​ണങ്ങൾ നൽകുക.

4 യഹോവ ആളുകളെ വീക്ഷി​ക്കു​ന്നത്‌ നമ്മൾ വീക്ഷി​ക്കു​ന്ന​തു​പോ​ലെയല്ല. യഹോവ ഓരോ​രു​ത്ത​രു​ടെ​യും ഹൃദയ​ങ്ങളെ പരി​ശോ​ധി​ക്കു​ക​യും നമ്മൾ ഓരോ​രു​ത്ത​രും എങ്ങനെ​യു​ള്ള​വ​രാ​ണെന്ന് മനസ്സി​ലാ​ക്കു​ക​യും ചെയ്യുന്നു. (1 ശമുവേൽ 16:7ബി വായി​ക്കുക.) ക്രിസ്‌തീ​യസഭ രൂപീ​ക​രി​ച്ച​പ്പോൾ യഹോവ അത്‌ തെളി​യി​ച്ചു. വില​കെ​ട്ട​വ​രെന്ന് മറ്റുള്ളവർ കരുതി​യേ​ക്കാ​വു​ന്ന​വരെ യഹോവ തന്നി​ലേ​ക്കും തന്‍റെ പുത്ര​നി​ലേ​ക്കും ആകർഷി​ച്ചു. (യോഹ. 6:44) അത്തര​മൊ​രു വ്യക്തി​യാ​യി​രു​ന്നു പരീശ​നായ ശൗൽ. അദ്ദേഹം “ദൈവ​ദൂ​ഷ​ക​നും പീഡക​നും ധിക്കാ​രി​യും ആയിരു​ന്നു.” (1 തിമൊ. 1:13) എന്നാൽ യഹോവ ശൗലിന്‍റെ ഹൃദയം പരി​ശോ​ധി​ച്ച​പ്പോൾ ഉപയോ​ഗ​ശൂ​ന്യ​മായ കളിമ​ണ്ണാ​യല്ല അതിനെ കണ്ടത്‌. (സദൃ. 17:3) പകരം, മാന്യ​മായ ഉപയോ​ഗ​ത്തി​നുള്ള പാത്ര​മാ​യി രൂപ​പ്പെ​ടു​ത്താൻ കഴിയുന്ന ഒരാളാ​യാണ്‌ യഹോവ അദ്ദേഹത്തെ കണ്ടത്‌. “വിജാ​തീ​യ​രു​ടെ​യും രാജാ​ക്ക​ന്മാ​രു​ടെ​യും ഇസ്രാ​യേൽമ​ക്ക​ളു​ടെ​യും മുമ്പാകെ” ദൈവ​ത്തി​ന്‍റെ നാമം വഹിക്കാ​നാ​യി ‘തിര​ഞ്ഞെ​ടുത്ത ഒരു പാത്ര​മാ​യി​രു​ന്നു’ ശൗൽ. (പ്രവൃ. 9:15) ‘മാന്യ​മായ കാര്യ​ത്തിന്‌’ ഉപയോ​ഗി​ക്കാൻ യഹോവ മറ്റു പലരെ​യും തിര​ഞ്ഞെ​ടു​ത്തി​ട്ടുണ്ട്. മുമ്പ് മദ്യപാ​നി​ക​ളും കള്ളന്മാ​രും ആയിരു​ന്ന​വ​രും അസാന്മാർഗി​ക​പ്ര​വർത്ത​ന​ങ്ങ​ളിൽ ഏർപ്പെ​ട്ടി​രു​ന്ന​വ​രും ഒക്കെ അതിലുൾപ്പെ​ടു​ന്നു. (റോമ. 9:21; 1 കൊരി. 6:9-11) അവർ തിരു​വെ​ഴു​ത്തു​കൾ പഠിച്ച​പ്പോൾ യഹോ​വ​യി​ലുള്ള അവരുടെ വിശ്വാ​സം ശക്തമാ​കു​ക​യും തങ്ങളെ രൂപ​പ്പെ​ടു​ത്താൻ യഹോ​വയെ അവർ അനുവ​ദി​ക്കു​ക​യും ചെയ്‌തു.

5, 6. നമ്മളെ മനയു​ന്ന​വ​നായ യഹോ​വ​യി​ലുള്ള ആശ്രയം (എ) പ്രദേ​ശ​ത്തു​ള്ള​വ​രോ​ടുള്ള മനോ​ഭാ​വത്തെ സ്വാധീനിക്കുന്നത്‌ എങ്ങനെ? (ബി) നമ്മുടെ സഹോ​ദ​ര​ങ്ങ​ളോ​ടുള്ള മനോ​ഭാ​വത്തെ സ്വാധീ​നി​ക്കു​ന്നത്‌ എങ്ങനെ?

5 ആത്മാർഥ​ഹൃ​ദ​യരെ തിര​ഞ്ഞെ​ടു​ക്കാ​നും തന്നി​ലേക്ക് ആകർഷി​ക്കാ​നും യഹോ​വ​യ്‌ക്ക് പ്രാപ്‌തി​യു​ണ്ടെന്ന് നമ്മൾ വിശ്വ​സി​ക്കു​ന്നു. അതു​കൊ​ണ്ടാണ്‌ സഭയി​ലോ വയൽസേ​വ​ന​പ്ര​ദേ​ശ​ത്തോ ഉള്ളവരെ നമ്മൾ വിധി​ക്കാൻ പാടി​ല്ലാ​ത്തത്‌. ദൃഷ്ടാ​ന്ത​ത്തിന്‌, യഹോ​വ​യു​ടെ സാക്ഷികൾ സന്ദർശി​ക്കു​മ്പോ​ഴൊ​ക്കെ മൈക്കി​ളി​ന്‍റെ പ്രതി​ക​രണം എന്തായി​രു​ന്നെന്ന് നോക്കാം. അദ്ദേഹം പറയുന്നു: “ഞാൻ അവരെ കണ്ട ഭാവം നടിക്കാ​തെ മുഖം തിരി​ക്കു​മാ​യി​രു​ന്നു. വളരെ മോശ​മാ​യി​ട്ടാണ്‌ ഞാൻ അവരോട്‌ ഇടപെ​ട്ടി​രു​ന്നത്‌. അങ്ങനെ​യി​രി​ക്കെ ഞാൻ ഒരു കുടും​ബ​വു​മാ​യി പരിച​യ​ത്തി​ലാ​യി. അവരുടെ നല്ല പെരു​മാ​റ്റ​ത്തിൽ എനിക്ക് മതിപ്പു തോന്നി. അവർ യഹോ​വ​യു​ടെ സാക്ഷി​ക​ളാ​ണെന്ന് അറിഞ്ഞ ദിവസം ഞാൻ ഞെട്ടി​പ്പോ​യി! എന്‍റെ മുൻവി​ധി​യു​ടെ കാരണം പരി​ശോ​ധി​ക്കാൻ അവരുടെ പെരു​മാ​റ്റം എന്നെ പ്രേരി​പ്പി​ച്ചു. യഹോ​വ​യു​ടെ സാക്ഷി​ക​ളോ​ടുള്ള എന്‍റെ മനോ​ഭാ​വം വസ്‌തു​ത​ക​ളു​ടെ അടിസ്ഥാ​ന​ത്തി​ലല്ല, അജ്ഞതയു​ടെ​യും കേട്ടു​കേൾവി​യു​ടെ​യും അടിസ്ഥാ​ന​ത്തിൽ ആയിരു​ന്നെന്ന് ഞാൻ വൈകാ​തെ തിരി​ച്ച​റി​ഞ്ഞു.” കൂടുതൽ കാര്യങ്ങൾ അറിയാ​നും ഒരു ബൈബിൾപ​ഠനം സ്വീക​രി​ക്കാ​നും മൈക്കിൾ ആഗ്രഹി​ച്ചു. പിന്നീട്‌ സ്‌നാ​ന​മേറ്റ അദ്ദേഹം ഒരു മുഴു​സ​മ​യ​സേ​വ​ക​നാ​യി​ത്തീർന്നു.

6 യഹോ​വ​യാണ്‌ നമ്മളെ​യെ​ല്ലാം മനയു​ന്ന​തെന്ന് തിരി​ച്ച​റി​യു​മ്പോൾ സഹോ​ദ​ര​ങ്ങ​ളോ​ടുള്ള നമ്മുടെ മനോ​ഭാ​വ​ത്തിൽ മാറ്റം വരും. മനഞ്ഞു​ക​ഴിഞ്ഞ പാത്ര​മാ​യി​ട്ടല്ല, മനഞ്ഞു​കൊ​ണ്ടി​രി​ക്കുന്ന പാത്ര​മാ​യി​ട്ടാണ്‌ നമ്മൾ സഹോ​ദ​ര​ങ്ങളെ കാണു​ന്നത്‌. യഹോ​വ​യും അവരെ അങ്ങനെ​ത​ന്നെ​യാണ്‌ വീക്ഷി​ക്കു​ന്നത്‌. അവർ യഥാർഥ​ത്തിൽ എങ്ങനെ​യു​ള്ള​വ​രാ​ണെ​ന്നും അവരുടെ അപൂർണത താത്‌കാ​ലി​കം മാത്ര​മാ​ണെ​ന്നും യഹോ​വ​യ്‌ക്ക് അറിയാം. അവർക്ക് ഓരോ​രു​ത്തർക്കും എങ്ങനെ​യുള്ള വ്യക്തികൾ ആയിത്തീ​രാ​നാ​കു​മെ​ന്നും യഹോ​വ​യ്‌ക്ക് അറിയാം. (സങ്കീ. 130:3) സഹോ​ദ​ര​ങ്ങ​ളോട്‌ ഇതേ മനോ​ഭാ​വം കാണി​ച്ചു​കൊണ്ട് നമുക്ക് യഹോ​വയെ അനുക​രി​ക്കാം. പുരോ​ഗതി വരുത്താൻ സഹോ​ദ​ര​ങ്ങളെ സഹായി​ച്ചു​കൊണ്ട്, മനയു​ന്ന​തിൽ യഹോ​വ​യോ​ടൊ​പ്പം പ്രവർത്തി​ക്കാൻപോ​ലും നമുക്ക് കഴിയും. (1 തെസ്സ. 5:14, 15) ഇക്കാര്യ​ത്തിൽ സഭയിലെ മൂപ്പന്മാർ ഒരു നല്ല മാതൃ​ക​യാ​യി​രി​ക്കണം.—എഫെ. 4:8, 11-13.

എന്തു​കൊ​ണ്ടാണ്‌ യഹോവ നമ്മളെ മനയു​ന്നത്‌?

7. യഹോ​വ​യു​ടെ ശിക്ഷണം നിങ്ങൾ വിലമ​തി​ക്കു​ന്നത്‌ എന്തു​കൊണ്ട്?

7 ‘മാതാ​പി​താ​ക്കൾ എനിക്കു തന്ന ശിക്ഷണ​ത്തി​ന്‍റെ വില ഞാൻ മനസ്സി​ലാ​ക്കി​യത്‌ എനിക്കു മക്കൾ ഉണ്ടായ​പ്പോ​ഴാണ്‌’ എന്ന് ചിലർ പറഞ്ഞേ​ക്കാം. സ്‌നേ​ഹ​ത്തി​ന്‍റെ തെളി​വാണ്‌ ശിക്ഷണ​മെന്ന് വളർന്നു​വ​രു​മ്പോൾ നമ്മൾ മനസ്സി​ലാ​ക്കും. അപ്പോൾ നമ്മൾ അത്‌ വിലമ​തി​ക്കും. (എബ്രായർ 12:5, 6, 11 വായി​ക്കുക.) യഹോവ നമ്മളെ മക്കളെ​പ്പോ​ലെ​യാണ്‌ സ്‌നേ​ഹി​ക്കു​ന്നത്‌. അതു​കൊണ്ട് ക്ഷമയോ​ടെ നമുക്ക് ശിക്ഷണം തരുന്നു അഥവാ നമ്മളെ മനയുന്നു. നമ്മൾ ജ്ഞാനി​ക​ളും സന്തുഷ്ട​രും ആയിരി​ക്കാ​നും ഒരു പിതാ​വി​നെ സ്‌നേ​ഹി​ക്കു​ന്ന​തു​പോ​ലെ തന്നെ സ്‌നേ​ഹി​ക്കാ​നും യഹോവ ആഗ്രഹി​ക്കു​ന്നു. (സദൃ. 23:15) നമ്മൾ കഷ്ടപ്പെ​ടാ​നും മാനസാ​ന്ത​ര​മി​ല്ലാത്ത പാപി​ക​ളാ​യി മരിക്കാ​നും യഹോവ ആഗ്രഹി​ക്കു​ന്നില്ല.—എഫെ. 2:2, 3.

8, 9. യഹോവ ഇന്ന് നമ്മളെ എങ്ങനെ​യാണ്‌ പഠിപ്പി​ക്കു​ന്നത്‌, ഈ വിദ്യാ​ഭ്യാ​സം ഭാവി​യിൽ എങ്ങനെ തുടരും?

8 യഹോ​വയെ അറിയു​ന്ന​തി​നു മുമ്പ് നമുക്ക് പല മോശ​മായ സ്വഭാ​വ​ങ്ങ​ളും ഉണ്ടായി​രു​ന്നി​രി​ക്കണം. എന്നാൽ യഹോവ നമ്മളെ മനയു​ക​യും മാറ്റം വരുത്താൻ സഹായി​ക്കു​ക​യും ചെയ്‌തു. അതു​കൊണ്ട് നമുക്ക് ഇപ്പോൾ ചില നല്ല ഗുണങ്ങ​ളുണ്ട്. (യശ. 11:6-8; കൊലോ. 3:9, 10) നമ്മളെ മനയു​ന്ന​തി​നു​വേണ്ടി യഹോവ രൂപം​കൊ​ടു​ത്തി​രി​ക്കുന്ന ആത്മീയ​പ​റു​ദീ​സ​യി​ലാണ്‌ ഇന്നു നമ്മൾ ജീവി​ക്കു​ന്നത്‌. ചുറ്റു​മുള്ള ലോകം ദുഷ്ടത നിറഞ്ഞ​താ​ണെ​ങ്കി​ലും ഈ ആത്മീയ​പ​റു​ദീ​സ​യിൽ നമുക്ക് സുരക്ഷി​ത​ത്വം തോന്നു​ന്നു. കുടും​ബ​ത്തിൽ സ്‌നേ​ഹ​മെ​ന്തെന്ന് അറിയാ​തെ വളർന്നു​വ​ന്നവർ ഇപ്പോൾ സഹോ​ദ​ര​ങ്ങ​ളിൽനിന്ന് യഥാർഥ​സ്‌നേഹം അനുഭ​വി​ച്ച​റി​യു​ന്നു. (യോഹ. 13:35) മറ്റുള്ള​വരെ സ്‌നേ​ഹി​ക്കാ​നും നമ്മൾ പഠിച്ചു. ഏറ്റവും പ്രധാ​ന​മാ​യി നമുക്ക് യഹോ​വയെ അറിയാ​നും ഇപ്പോൾ യഹോ​വ​യു​ടെ പിതൃ​തു​ല്യ​സ്‌നേഹം തിരി​ച്ച​റി​യാ​നും കഴിഞ്ഞു.—യാക്കോ. 4:8.

9 പുതിയ ലോക​ത്തിൽ നമ്മൾ ആത്മീയ​പ​റു​ദീ​സ​യിൽനിന്ന് പൂർണ​മാ​യി പ്രയോ​ജനം നേടും. ദൈവ​രാ​ജ്യം ഭരണം നടത്തുന്ന ഭൂമി​യി​ലെ പറുദീ​സ​യിൽ നമ്മൾ ജീവിതം ആസ്വദി​ക്കു​ക​യും ചെയ്യും. നമുക്ക് ചിന്തി​ക്കാൻപോ​ലും കഴിയാത്ത വിധത്തിൽ അന്നും യഹോവ നമ്മളെ മനയു​ക​യും പഠിപ്പി​ക്കു​ക​യും ചെയ്യും. (യശ. 11:9) കൂടാതെ, യഹോവ നമ്മുടെ ശരീര​വും മനസ്സും പൂർണ​ത​യു​ള്ള​താ​ക്കും. ഇത്‌ യഹോ​വ​യു​ടെ നിർദേ​ശങ്ങൾ മനസ്സി​ലാ​ക്കു​ന്ന​തും പൂർണ​മാ​യി അനുസ​രി​ക്കു​ന്ന​തും എളുപ്പ​മാ​ക്കി​ത്തീർക്കും. അതു​കൊണ്ട് നമ്മളെ മനയാൻ തുടർന്നും നമുക്ക് യഹോ​വയെ അനുവ​ദി​ക്കാം. അങ്ങനെ യഹോ​വ​യു​ടെ സ്‌നേഹം വിലമ​തി​ക്കു​ന്നെന്ന് നമുക്ക് തെളി​യി​ക്കാം.—സദൃ. 3:11, 12.

യഹോവ നമ്മളെ മനയു​ന്നത്‌ എങ്ങനെ?

10. വലിയ കുശവന്‍റെ ക്ഷമയും വൈദ​ഗ്‌ധ്യ​വും യേശു പ്രതി​ഫ​ലി​പ്പി​ച്ചത്‌ എങ്ങനെ?

10 വിദഗ്‌ധ​നായ ഒരു കുശവന്‌ മണ്ണിന്‍റെ തരവും ഗുണവും നന്നായി അറിയാം. ഇതു​പോ​ലെ നമ്മുടെ ബലഹീ​ന​ത​ക​ളും പരിമി​തി​ക​ളും നമ്മൾ വരുത്തി​യി​രി​ക്കുന്ന പുരോ​ഗ​തി​യും ഒക്കെ യഹോ​വ​യ്‌ക്കും നന്നായി അറിയാം. അതിനു ചേർച്ച​യി​ലാണ്‌ നമ്മളെ ഓരോ​രു​ത്ത​രെ​യും യഹോവ മനയു​ന്നത്‌. (സങ്കീർത്തനം 103:10-14 വായി​ക്കുക.) അപ്പൊ​സ്‌ത​ല​ന്മാ​രു​ടെ കുറവു​ക​ളോട്‌ യേശു പ്രതി​ക​രിച്ച വിധത്തിൽനിന്ന് യഹോവ നമ്മളെ എങ്ങനെ​യാണ്‌ വീക്ഷി​ക്കു​ന്ന​തെന്നു മനസ്സി​ലാ​ക്കാം. തങ്ങളിൽ ആരാണ്‌ വലിയവൻ എന്ന കാര്യ​ത്തിൽ അവർക്കി​ട​യിൽ തർക്കമു​ണ്ടാ​കു​മാ​യി​രു​ന്നു. നിങ്ങൾ അവി​ടെ​യു​ണ്ടാ​യി​രു​ന്നെ​ങ്കിൽ അപ്പൊ​സ്‌ത​ല​ന്മാ​രു​ടെ ഈ പെരു​മാ​റ്റത്തെ എങ്ങനെ വീക്ഷി​ക്കു​മാ​യി​രു​ന്നു? അവർ പതംവന്ന കളിമ​ണ്ണു​പോ​ലെ അല്ലെന്ന് നിങ്ങൾ ചിന്തി​ച്ചേ​ക്കാം. എന്നാൽ, ദയയോ​ടെ​യും ക്ഷമയോ​ടെ​യും ഉള്ള തന്‍റെ ഉപദേശം അവർ ശ്രദ്ധി​ക്കു​ക​യും തന്‍റെ താഴ്‌മ അനുക​രി​ക്കു​ക​യും ചെയ്‌താൽ അവരെ മനയാ​നാ​കു​മെന്ന് യേശു​വിന്‌ അറിയാ​മാ​യി​രു​ന്നു. (മർക്കോ. 9:33-37; 10:37, 41-45; ലൂക്കോ. 22:24-27) യേശു​വി​ന്‍റെ പുനരു​ത്ഥാ​ന​ത്തി​നു ശേഷം ദൈവാ​ത്മാവ്‌ ലഭിച്ച അപ്പൊ​സ്‌ത​ല​ന്മാർക്കി​ട​യിൽ, തങ്ങളിൽ ആരാണ്‌ വലിയവൻ എന്നതി​നെ​ച്ചൊ​ല്ലി തർക്കമു​ണ്ടാ​യില്ല. പകരം യേശു ഏൽപ്പിച്ച വേലയിൽ അവർ ശ്രദ്ധ കേന്ദ്രീ​ക​രി​ച്ചു.—പ്രവൃ. 5:42.

11. പതംവന്ന കളിമ​ണ്ണാണ്‌ താനെന്ന് ദാവീദ്‌ തെളി​യി​ച്ചത്‌ എങ്ങനെ, നമുക്ക് ദാവീ​ദി​നെ എങ്ങനെ അനുക​രി​ക്കാം?

11 ഇന്ന് നമ്മളെ മനയാൻ യഹോവ ബൈബി​ളി​നെ​യും പരിശു​ദ്ധാ​ത്മാ​വി​നെ​യും സഭയെ​യും ഉപയോ​ഗി​ക്കു​ന്നു. നമ്മളെ മനയാൻ ബൈബി​ളി​നെ എങ്ങനെ അനുവ​ദി​ക്കാം? നമ്മൾ അതു വായി​ക്കണം, വായി​ച്ച​തി​നെ​ക്കു​റിച്ച് ധ്യാനി​ക്കണം, കൂടാതെ പഠിച്ച കാര്യങ്ങൾ പ്രാവർത്തി​ക​മാ​ക്കാൻ യഹോ​വ​യോട്‌ സഹായം ചോദി​ക്കു​ക​യും വേണം. ദാവീദ്‌ രാജാവ്‌ എഴുതി: “എന്‍റെ കിടക്ക​യിൽ നിന്നെ ഓർക്ക​യും ഞാൻ രാത്രി​യാ​മ​ങ്ങ​ളിൽ നിന്നെ ധ്യാനി​ക്ക​യും” ചെയ്യും. (സങ്കീ. 63:5) ദാവീദ്‌ ഇങ്ങനെ​യും എഴുതി: “എനിക്കു ബുദ്ധി ഉപദേ​ശി​ച്ചു​തന്ന യഹോ​വയെ ഞാൻ വാഴ്‌ത്തും; രാത്രി​കാ​ല​ങ്ങ​ളി​ലും എന്‍റെ അന്തരംഗം എന്നെ ഉപദേ​ശി​ക്കു​ന്നു.” (സങ്കീ. 16:7) ആ ഉപദേ​ശങ്ങൾ സ്വീക​രി​ക്കാൻ ബുദ്ധി​മു​ട്ടാ​യി​രു​ന്ന​പ്പോൾപ്പോ​ലും ദാവീദ്‌ യഹോ​വ​യു​ടെ ഉപദേ​ശ​ങ്ങ​ളെ​ക്കു​റിച്ച് ധ്യാനി​ക്കു​ക​യും തന്‍റെ ആഴമായ ചിന്തക​ളെ​യും വികാ​ര​ങ്ങ​ളെ​യും രൂപ​പ്പെ​ടു​ത്താൻ അവയെ അനുവ​ദി​ക്കു​ക​യും ചെയ്‌തു. (2 ശമു. 12:1-13) താഴ്‌മ​യു​ടെ​യും അനുസ​ര​ണ​ത്തി​ന്‍റെ​യും എത്ര നല്ല മാതൃ​ക​യാണ്‌ ദാവീദ്‌ വെച്ചത്‌! അതു​കൊണ്ട് സ്വയം ഇങ്ങനെ ചോദി​ക്കുക: ‘ഞാൻ ബൈബിൾ വായി​ക്കു​ക​യും വായി​ച്ച​തി​നെ​ക്കു​റിച്ച് ധ്യാനി​ക്കു​ക​യും ചെയ്യാ​റു​ണ്ടോ? എന്‍റെ ഉള്ളി​ന്‍റെ​യു​ള്ളി​ലെ ചിന്തക​ളെ​യും വികാ​ര​ങ്ങ​ളെ​യും സ്വാധീ​നി​ക്കാൻ ഞാൻ അതിനെ അനുവ​ദി​ക്കാ​റു​ണ്ടോ? ഇക്കാര്യ​ത്തിൽ എനിക്ക് കൂടു​ത​ലാ​യി എന്തെങ്കി​ലും ചെയ്യാ​നാ​കു​മോ?’—സങ്കീ. 1:2, 3

12, 13. പരിശു​ദ്ധാ​ത്മാ​വി​ലൂ​ടെ​യും സഭയി​ലൂ​ടെ​യും യഹോവ എങ്ങനെ​യാണ്‌ നമ്മളെ മനയു​ന്നത്‌?

12 ദൈവ​ത്തി​ന്‍റെ ആത്മാവിന്‌ പല വിധങ്ങ​ളിൽ നമ്മളെ മനയാ​നാ​കും. ഉദാഹ​ര​ണ​ത്തിന്‌, യേശു​വി​ന്‍റേ​തു​പോ​ലുള്ള ഒരു വ്യക്തി​ത്വം വളർത്തി​യെ​ടു​ക്കാ​നും ആത്മാവി​ന്‍റെ ഗുണങ്ങൾ പ്രതി​ഫ​ലി​പ്പി​ക്കാ​നും അതിനു നമ്മളെ സഹായി​ക്കാ​നാ​കും. (ഗലാ. 5:22, 23) ദൈവാ​ത്മാ​വി​ന്‍റെ ഫലത്തിന്‍റെ ഒരു വശമാണ്‌ സ്‌നേഹം. ദൈവത്തെ സ്‌നേ​ഹി​ക്കാ​നും അനുസ​രി​ക്കാ​നും ദൈവം നമ്മളെ മനയാ​നും നമ്മൾ ആഗ്രഹി​ക്കു​ന്നു. കാരണം, ദൈവ​ത്തി​ന്‍റെ കല്‌പ​നകൾ നമ്മുടെ പ്രയോ​ജ​ന​ത്തി​നാ​ണെന്ന് നമുക്ക് അറിയാം. നമ്മളെ രൂപ​പ്പെ​ടു​ത്താ​നുള്ള ദുഷ്ട​ലോ​ക​ത്തി​ന്‍റെ സ്വാധീ​നത്തെ ചെറു​ത്തു​നിൽക്കാ​നുള്ള ശക്തി നൽകാൻ ദൈവാ​ത്മാ​വി​നാ​കും. (എഫെ. 2:2) ചെറു​പ്പ​ത്തിൽ, അപ്പൊ​സ്‌ത​ല​നായ പൗലോ​സി​നെ യഹൂദാ​മ​ത​നേ​താ​ക്ക​ന്മാ​രു​ടെ ഉന്നതഭാ​വം സ്വാധീ​നി​ച്ചി​രു​ന്നു. എന്നാൽ മാറ്റം വരുത്താൻ പരിശു​ദ്ധാ​ത്മാവ്‌ അദ്ദേഹത്തെ സഹായി​ച്ചു. പൗലോസ്‌ പിന്നീട്‌ എഴുതി: “എന്നെ ശക്തനാ​ക്കു​ന്നവൻ മുഖാ​ന്തരം സകലവും ചെയ്യാൻ ഞാൻ പ്രാപ്‌ത​നാണ്‌.” (ഫിലി. 4:13) യഹോവ ആത്മാർഥ​മായ പ്രാർഥ​ന​കൾക്ക് ഉത്തരം നൽകു​മെന്ന തിരി​ച്ച​റി​വോ​ടെ നമ്മൾ പരിശു​ദ്ധാ​ത്മാ​വി​നു​വേണ്ടി യാചി​ക്കണം.—സങ്കീ. 10:18.

നമ്മളെ മനയാൻ യഹോവ മൂപ്പന്മാ​രെ ഉപയോ​ഗി​ക്കു​ന്നു. എന്നാൽ നമ്മുടെ പങ്ക് നമ്മൾ നിർവ​ഹി​ക്ക​ണം (12, 13 ഖണ്ഡികകൾ കാണുക)

13 നമ്മളെ ഓരോ​രു​ത്ത​രെ​യും മനയാൻ യഹോവ സഭയെ​യും മൂപ്പന്മാ​രെ​യും ഉപയോ​ഗി​ക്കു​ന്നു. ഉദാഹ​ര​ണ​ത്തിന്‌, നമുക്ക് ഒരു ബലഹീ​ന​ത​യു​ണ്ടെന്ന് മൂപ്പന്മാ​രു​ടെ ശ്രദ്ധയിൽപ്പെ​ട്ടാൽ അവർ നമ്മളെ സഹായി​ക്കാൻ ശ്രമി​ക്കും. എന്നാൽ അവർ വ്യക്തി​പ​ര​മായ അഭി​പ്രാ​യ​ത്തി​ന്‍റെ അടിസ്ഥാ​ന​ത്തി​ലല്ല ബുദ്ധി​യു​പ​ദേ​ശങ്ങൾ നൽകു​ന്നത്‌. (ഗലാ. 6:1) പകരം, അവർ ജ്ഞാനത്തി​നും ഗ്രാഹ്യ​ത്തി​നും ആയി താഴ്‌മ​യോ​ടെ യഹോ​വ​യോട്‌ പ്രാർഥി​ക്കു​ന്നു. നമുക്ക് സഹായ​ക​മായ വിവരങ്ങൾ കണ്ടെത്താൻ മൂപ്പന്മാർ നമ്മുടെ പ്രസി​ദ്ധീ​ക​ര​ണ​ങ്ങ​ളും ബൈബി​ളും ഉപയോ​ഗിച്ച് ഗവേഷണം ചെയ്യുന്നു. മൂപ്പന്മാർ ദയയോ​ടെ​യും സ്‌നേ​ഹ​ത്തോ​ടെ​യും നൽകുന്ന ഉപദേശം, ചില​പ്പോൾ നിങ്ങളു​ടെ വസ്‌ത്ര​ധാ​ര​ണ​രീ​തി​യെ​ക്കു​റിച്ച് ബുദ്ധി​യു​പ​ദേ​ശി​ക്കു​ന്ന​തു​പോ​ലും, ദൈവ​സ്‌നേ​ഹ​ത്തി​ന്‍റെ തെളി​വാ​ണെന്ന് ഓർക്കുക. ആ ഉപദേശം പ്രാവർത്തി​ക​മാ​ക്കു​മ്പോൾ യഹോ​വ​യ്‌ക്ക് മനയാൻ കഴിയുന്ന പതംവന്ന കളിമ​ണ്ണു​പോ​ലെ​യാ​യി​രി​ക്കും നിങ്ങൾ.

14. കളിമ​ണ്ണായ നമ്മുടെ മേൽ അധികാ​ര​മു​ണ്ടെ​ങ്കി​ലും നമ്മുടെ ഇച്ഛാസ്വാ​ത​ന്ത്ര്യ​ത്തെ മാനി​ക്കു​ന്നെന്ന് യഹോവ കാണി​ക്കു​ന്നത്‌ എങ്ങനെ?

14 യഹോവ നമ്മളെ മനയു​ന്നത്‌ എങ്ങനെ​യെന്ന് മനസ്സി​ലാ​ക്കു​ന്നത്‌ സഹോ​ദ​ര​ങ്ങ​ളു​മാ​യി നല്ല ബന്ധം ആസ്വദി​ക്കാൻ സഹായി​ക്കും. കൂടാതെ, ബൈബിൾവി​ദ്യാർഥി​കൾ ഉൾപ്പെടെ നമ്മുടെ പ്രദേ​ശ​ത്തുള്ള ആളുക​ളോട്‌ ഒരു നല്ല മനോ​ഭാ​വ​വും നമുക്കു​ണ്ടാ​കും. ഒരു കുശവൻ പാത്രം മനയു​ന്ന​തി​നു മുമ്പ് കളിമ​ണ്ണിൽനിന്ന് കല്ലും മറ്റ്‌ ആവശ്യ​മി​ല്ലാത്ത വസ്‌തു​ക്ക​ളും നീക്കി അത്‌ വൃത്തി​യാ​ക്കും. വലിയ കുശവ​നായ യഹോവ, മനയ​പ്പെ​ടാൻ ആഗ്രഹി​ക്കു​ന്ന​വരെ സഹായി​ക്കു​ന്നു. എന്നാൽ അവരുടെ ഇച്ഛാസ്വാ​ത​ന്ത്ര്യ​ത്തെ മാനി​ക്കു​ന്ന​തു​കൊണ്ട് മാറ്റം വരുത്താൻ യഹോവ അവരെ നിർബ​ന്ധി​ക്കു​ന്നില്ല, പകരം അവർക്ക് തന്‍റെ ഉയർന്ന നിലവാ​രങ്ങൾ കാണി​ച്ചു​കൊ​ടു​ക്കു​ന്നു. ആവശ്യ​മായ മാറ്റങ്ങൾ വരുത്ത​ണോ എന്ന് അവർ സ്വയം തീരു​മാ​നി​ക്കണം.

15, 16. യഹോവ തങ്ങളെ മനയാൻ ആഗ്രഹി​ക്കു​ന്നു​വെന്ന് ബൈബിൾവി​ദ്യാർഥി​കൾ തെളി​യി​ക്കു​ന്നത്‌ എങ്ങനെ? ഒരു ദൃഷ്ടാന്തം പറയുക.

15 ഓസ്‌​ട്രേ​ലി​യ​യി​ലെ റ്റെസി സഹോ​ദ​രി​യു​ടെ അനുഭവം നോക്കാം. ബൈബി​ളിൽ പറയുന്ന കാര്യങ്ങൾ പഠിക്കാൻ റ്റെസിക്ക് വളരെ എളുപ്പ​മാ​യി​രു​ന്നു. എങ്കിലും, യോഗ​ങ്ങൾക്കു പോകു​ക​യോ കാര്യ​മായ പുരോ​ഗതി വരുത്തു​ക​യോ ചെയ്‌തില്ല. റ്റെസിയെ ബൈബിൾ പഠിപ്പി​ച്ചി​രുന്ന സഹോ​ദരി യഹോ​വ​യോട്‌ പ്രാർഥി​ക്കു​ക​യും ആ ബൈബിൾപ​ഠനം നിറു​ത്താൻ തീരു​മാ​നി​ക്കു​ക​യും ചെയ്‌തു. അങ്ങനെ​യി​രി​ക്കെ, ചൂതാട്ടം ഇഷ്ടപ്പെ​ട്ടി​രുന്ന റ്റെസി താൻ ഒരു കപടജീ​വി​ത​മാണ്‌ നയിക്കു​ന്ന​തെ​ന്നും അതാണ്‌ പുരോ​ഗതി വരുത്തു​ന്ന​തിൽനിന്ന് തന്നെ തടയു​ന്ന​തെ​ന്നും സഹോ​ദ​രി​യോട്‌ തുറന്നു പറഞ്ഞു. ഒടുവിൽ റ്റെസി ചൂതാട്ടം നിറു​ത്താൻ തീരു​മാ​നി​ച്ചു.

16 സുഹൃ​ത്തു​ക്ക​ളിൽ പലരും കളിയാ​ക്കി​യി​ട്ടും, പെട്ടെ​ന്നു​തന്നെ റ്റെസി യോഗ​ങ്ങൾക്ക് പോകാ​നും ക്രിസ്‌തീ​യ​ഗു​ണങ്ങൾ പ്രതി​ഫ​ലി​പ്പി​ക്കാ​നും തുടങ്ങി. റ്റെസി സ്‌നാ​ന​മേൽക്കു​ക​യും കൊച്ചു​കു​ട്ടി​കൾ ഉണ്ടായി​രു​ന്നി​ട്ടും സാധാരണ മുൻനി​ര​സേ​വിക ആകുക​യും ചെയ്‌തു. ബൈബിൾവി​ദ്യാർഥി​കൾ ദൈവത്തെ സന്തോ​ഷി​പ്പി​ക്കുന്ന തരത്തി​ലുള്ള മാറ്റങ്ങൾ വരുത്തു​മ്പോൾ ദൈവം അവരോട്‌ അടുത്തു ചെല്ലു​ക​യും അവരെ വില​യേ​റിയ പാത്ര​ങ്ങ​ളാ​യി മനയു​ക​യും ചെയ്യും.

17. (എ) ആകർഷ​ക​മായ എന്ത് ഗുണമാണ്‌ നിങ്ങൾ വലിയ കുശവ​നായ യഹോ​വ​യിൽ കണ്ടത്‌? (ബി) അടുത്ത ലേഖന​ത്തിൽ നമ്മൾ എന്ത് ചർച്ച ചെയ്യും?

17 ഇന്നും ചില കുശവ​ന്മാർ കൈ​കൊണ്ട് ശ്രദ്ധാ​പൂർവം മനോ​ഹ​ര​മായ പാത്രങ്ങൾ മനയാ​റുണ്ട്. സമാന​മാ​യി, യഹോവ ഉപദേ​ശങ്ങൾ നൽകി ക്ഷമയോ​ടെ നമ്മളെ മനയുന്നു. അതി​നോ​ടുള്ള നമ്മുടെ പ്രതി​ക​രണം എങ്ങനെ​യു​ള്ള​താ​ണെന്ന് അടുത്ത്‌ നിരീ​ക്ഷി​ക്കു​ക​യും ചെയ്യുന്നു. (സങ്കീർത്തനം 32:8 വായി​ക്കുക.) യഹോ​വ​യ്‌ക്ക് നിങ്ങളി​ലുള്ള താത്‌പ​ര്യം നിങ്ങൾക്ക് കാണാ​നാ​കു​ന്നു​ണ്ടോ? യഹോവ എത്ര ശ്രദ്ധ​യോ​ടെ​യാണ്‌ നിങ്ങളെ മനയു​ന്ന​തെന്ന് നിങ്ങൾ തിരി​ച്ച​റി​യു​ന്നു​ണ്ടോ? യഹോ​വ​യ്‌ക്ക് മനയാൻ കഴിയ​ത്ത​ക്ക​വി​ധം പതമുള്ള കളിമ​ണ്ണു​പോ​ലെ​യാ​യി​രി​ക്കാൻ ഏത്‌ ഗുണങ്ങൾ നിങ്ങളെ സഹായി​ക്കും? മനയാൻ കഴിയാ​ത്ത​വി​ധം കടുപ്പ​മുള്ള മണ്ണ് ആയിത്തീ​രാ​തി​രി​ക്കാൻ ഏത്‌ സ്വഭാ​വ​വി​ശേ​ഷ​തകൾ ഒഴിവാ​ക്കണം? മക്കളെ മനയാൻ മാതാ​പി​താ​ക്കൾക്ക് യഹോ​വ​യോ​ടൊ​പ്പം എങ്ങനെ പ്രവർത്തി​ക്കാൻ കഴിയും? അടുത്ത ലേഖനം ഈ ചോദ്യ​ങ്ങൾക്കുള്ള ഉത്തരം തരും.