അപ്പോസ്തലന്മാരുടെ പ്രവൃത്തികൾ 9:1-43
അടിക്കുറിപ്പുകള്
പഠനക്കുറിപ്പുകൾ
ശൗൽ: അർഥം: “(ദൈവത്തോടു) ചോദിച്ച; (ദൈവത്തോട്) അന്വേഷിച്ച.” ‘ബന്യാമീൻ ഗോത്രക്കാരനും എബ്രായരിൽനിന്ന് ജനിച്ച എബ്രായനും’ ആയിരുന്ന ശൗലിന് പൗലോസ് എന്നൊരു റോമൻ പേരുമുണ്ടായിരുന്നു. (ഫിലി 3:5) ശൗൽ ഒരു റോമൻ പൗരനായി ജനിച്ചതുകൊണ്ട് (പ്രവൃ 22:28) അദ്ദേഹത്തിന്റെ ജൂത മാതാപിതാക്കൾ അദ്ദേഹത്തിന് പോളസ് അഥവാ പൗലോസ് എന്ന റോമൻ പേരുകൂടെ നൽകിയതായിരിക്കണം. “ചെറിയ” എന്നാണ് ആ പേരിന്റെ അർഥം. കുട്ടിക്കാലംമുതലേ അദ്ദേഹത്തിന് ഈ രണ്ടു പേരും ഉണ്ടായിരുന്നെന്നുവേണം കരുതാൻ. മാതാപിതാക്കൾ അദ്ദേഹത്തിനു ശൗൽ എന്ന പേര് നൽകാൻ പല കാരണങ്ങളുണ്ടായിരിക്കാം: ബന്യാമീൻ ഗോത്രക്കാരുടെ ഇടയിൽ കാലങ്ങളായി വളരെ പ്രാധാന്യമുള്ള ഒരു പേരായിരുന്നു ശൗൽ. കാരണം, മുഴു ഇസ്രായേലിനെയും ഭരിച്ച ആദ്യത്തെ രാജാവ് ബന്യാമീൻ ഗോത്രക്കാരനായ ശൗൽ ആയിരുന്നു. (1ശമു 9:2; 10:1; പ്രവൃ 13:21) ഇനി, ആ പേരിന്റെ അർഥംവെച്ചായിരിക്കാം മാതാപിതാക്കൾ അദ്ദേഹത്തിന് ആ പേര് നൽകിയത്. അതുമല്ലെങ്കിൽ, അദ്ദേഹത്തിന്റെ അപ്പന്റെ പേര് ശൗൽ എന്നായിരുന്നിരിക്കാം. മകന് അപ്പന്റെ പേര് നൽകുന്ന ഒരു രീതി അന്നുണ്ടായിരുന്നു. (ലൂക്ക 1:59 താരതമ്യം ചെയ്യുക.) കാരണം എന്തുതന്നെയായാലും മറ്റു ജൂതന്മാരോടൊപ്പമായിരുന്നപ്പോൾ, പ്രത്യേകിച്ച് ഒരു പരീശനാകാൻ പഠിക്കുകയും ഒരു പരീശനായി ജീവിക്കുകയും ചെയ്ത കാലത്ത്, അദ്ദേഹം ഉപയോഗിച്ചിരുന്നതു ശൗൽ എന്ന ഈ എബ്രായപേരായിരിക്കാം. (പ്രവൃ 22:3) ഒരു ക്രിസ്ത്യാനിയായിത്തീർന്ന് ഒരു ദശാബ്ദത്തിലേറെ കടന്നുപോയിട്ടും സാധ്യതയനുസരിച്ച് ഈ എബ്രായപേരിൽത്തന്നെയാണ് അദ്ദേഹം പൊതുവേ അറിയപ്പെട്ടിരുന്നത്.—പ്രവൃ 11:25, 30; 12:25; 13:1, 2, 9.
കയ്യഫ: റോമാക്കാർ നിയമിച്ച ഈ മഹാപുരോഹിതൻ വിദഗ്ധനായ ഒരു നയതന്ത്രജ്ഞനായിരുന്നു. അദ്ദേഹത്തിനു തൊട്ടുമുമ്പുണ്ടായിരുന്ന മഹാപുരോഹിതന്മാരെക്കാളെല്ലാം കൂടുതൽ കാലം അദ്ദേഹം ആ സ്ഥാനം വഹിച്ചു. എ.ഡി. 18-ഓടെ നിയമിതനായ കയ്യഫ ഏതാണ്ട് എ.ഡി. 36 വരെ ആ സ്ഥാനത്ത് തുടർന്നു. യേശുവിനെ ചോദ്യം ചെയ്തിട്ട് പീലാത്തൊസിനു കൈമാറിയത് അദ്ദേഹമാണ്. (മത്ത 26:3, 57; യോഹ 11:49; 18:13, 14, 24, 28) പ്രവൃത്തികളുടെ പുസ്തകത്തിൽ ഇവിടെ മാത്രമാണ് അദ്ദേഹത്തിന്റെ പേര് എടുത്തുപറഞ്ഞിരിക്കുന്നത്. ഈ പുസ്തകത്തിൽ മറ്റെല്ലായിടത്തും അദ്ദേഹത്തെക്കുറിച്ച് “മഹാപുരോഹിതൻ” എന്നു മാത്രമേ പറഞ്ഞിട്ടുള്ളൂ.—പ്രവൃ 5:17, 21, 27; 7:1; 9:1.
ശൗൽ: പ്രവൃ 7:58-ന്റെ പഠനക്കുറിപ്പു കാണുക.
മഹാപുരോഹിതൻ: അതായത്, കയ്യഫ.—പ്രവൃ 4:6-ന്റെ പഠനക്കുറിപ്പു കാണുക.
യഹോവയുടെ മാർഗം: ഈ പദപ്രയോഗത്തോടു സമാനാർഥമുള്ള ‘ദൈവത്തിന്റെ മാർഗം’ എന്നൊരു പദപ്രയോഗം അടുത്ത വാക്യത്തിൽ കാണാം. ക്രിസ്തീയമാർഗം എന്നത് ഏകസത്യദൈവമായ യഹോവയുടെ ആരാധനയെയും ദൈവപുത്രനായ യേശുക്രിസ്തുവിലുള്ള വിശ്വാസത്തെയും കേന്ദ്രീകരിച്ചുള്ള ഒരു ജീവിതമാണ്. പ്രവൃത്തികളുടെ പുസ്തകം ക്രിസ്തീയജീവിതത്തെ “മാർഗം” എന്നു മാത്രവും വിളിച്ചിട്ടുണ്ട്. (പ്രവൃ 19:9, 23; 22:4; 24:22; പ്രവൃ 9:2-ന്റെ പഠനക്കുറിപ്പു കാണുക.) “യഹോവയുടെ മാർഗം” എന്ന പദപ്രയോഗം സുവിശേഷവിവരണങ്ങളിൽ നാലു പ്രാവശ്യം കാണുന്നു. അവിടെയെല്ലാം അത് യശ 40:3-ൽനിന്നുള്ള ഉദ്ധരണിയുടെ ഭാഗമാണ്. (മത്ത 3:3; മർ 1:3; ലൂക്ക 3:4; യോഹ 1:23 എന്നിവയുടെ പഠനക്കുറിപ്പുകൾ കാണുക.) യശ 40:3-ന്റെ മൂല എബ്രായപാഠത്തിൽ ദൈവനാമം (ചതുരക്ഷരി) കാണാം. “യഹോവയുടെ വഴി (അഥവാ “മാർഗം”)” എന്ന പദപ്രയോഗം ന്യായ 2:22; യിര 5:4, 5 എന്നിവിടങ്ങളിലും ഉപയോഗിച്ചിട്ടുണ്ട്.—പ്രവൃ 19:23-ന്റെ പഠനക്കുറിപ്പും അനു. സി-യും കാണുക.
മാർഗം: പ്രവൃ 9:2-ന്റെ പഠനക്കുറിപ്പിൽ കാണുന്നതുപോലെ, ‘മാർഗം’ എന്നത് ആദ്യകാല ക്രിസ്തീയസഭയെ കുറിക്കാനാണ് ഉപയോഗിച്ചിരുന്നത്. യഥാർഥ ക്രിസ്ത്യാനിത്വമെന്നത്, ഔപചാരികമായ കുറെ ആരാധനാരീതികളോ പുറമേ കാണുന്ന എന്തെങ്കിലും കാര്യങ്ങളോ അല്ല. പകരം അത് ഒരു ജീവിതരീതിയാണ്—ദൈവത്തിന്റെ ആരാധനയുമായി ഇഴുകിച്ചേർന്നിരിക്കുന്ന, ദൈവാത്മാവിനാൽ നയിക്കപ്പെടുന്ന ഒരു ജീവിതം. (യോഹ 4:23, 24) സുറിയാനി പ്ശീത്തായിൽ ഇവിടെ കാണുന്നതു “ദൈവത്തിന്റെ മാർഗം” എന്നാണ്. ക്ലെമന്റ് പരിഷ്കരിച്ച ലാറ്റിൻ വൾഗേറ്റിൽ “കർത്താവിന്റെ മാർഗം” എന്നും കാണുന്നു. ക്രിസ്തീയ ഗ്രീക്കുതിരുവെഴുത്തുകളുടെ ചില എബ്രായപരിഭാഷകളിൽ (അനു. സി4-ൽ J17, 18 എന്നു സൂചിപ്പിച്ചിരിക്കുന്നു.) ഇവിടെ ദൈവനാമം ഉപയോഗിച്ചിട്ടുണ്ട്. “യഹോവയുടെ മാർഗം” എന്നാണ് അവയിൽ പരിഭാഷപ്പെടുത്തിയിരിക്കുന്നത്.
മാർഗം: പ്രവൃത്തികളുടെ പുസ്തകത്തിൽ കാണുന്ന ഒരു പദപ്രയോഗം. ഒരു ക്രിസ്ത്യാനിയായുള്ള ജീവിതത്തെയും ആദ്യകാല ക്രിസ്തീയസഭയെയും കുറിക്കാനാണ് ഇത് ഈ പുസ്തകത്തിൽ ഉപയോഗിച്ചിരിക്കുന്നത്. ഈ പദപ്രയോഗം വന്നിരിക്കുന്നത്, “ഞാൻതന്നെയാണു വഴി (അഥവാ “മാർഗം”)” എന്ന യോഹ 14:6-ലെ യേശുവിന്റെ വാക്കുകളിൽനിന്നായിരിക്കാം. യേശുവിന്റെ അനുഗാമികളായവർ യേശുവിന്റേതുപോലുള്ള ഒരു ജീവിതരീതി പിന്തുടർന്നതുകൊണ്ടാണ് അവരെ ‘മാർഗക്കാർ’ എന്നു വിളിച്ചത്. (പ്രവൃ 19:9) യേശുവിന്റെ ജീവിതത്തിൽ മുഖ്യസ്ഥാനം ഏകസത്യദൈവമായ യഹോവയെ ആരാധിക്കുന്നതിനായിരുന്നു. ക്രിസ്ത്യാനികളാകട്ടെ അതോടൊപ്പം യേശുക്രിസ്തുവിലുള്ള വിശ്വാസത്തിനും ജീവിതത്തിൽ പ്രധാനസ്ഥാനം നൽകുന്നു. ഏതാണ്ട് എ.ഡി. 44-നു ശേഷം സിറിയയിലെ അന്ത്യോക്യയിൽവെച്ചാണു യേശുവിന്റെ ശിഷ്യന്മാരെ ‘ദൈവഹിതമനുസരിച്ച് ആദ്യമായി ക്രിസ്ത്യാനികൾ എന്നു വിളിച്ചത്.’ (പ്രവൃ 11:26) എന്നാൽ ആ പേര് ലഭിച്ചുകഴിഞ്ഞും ലൂക്കോസ് ക്രിസ്തീയസഭയെ ‘ഈ മാർഗം’ എന്നു വിളിച്ചിരിക്കുന്നതായി കാണാം.—പ്രവൃ 19:23; 22:4; 24:22; പ്രവൃ 18:25; 19:23 എന്നിവയുടെ പഠനക്കുറിപ്പുകൾ കാണുക.
ദമസ്കൊസ്: ഇന്ന് ഈ നഗരം സ്ഥിതി ചെയ്യുന്നത് ആധുനിക സിറിയയിലാണ്. സ്ഥാപിതമായ സമയംമുതൽ എന്നും ആൾപ്പാർപ്പുണ്ടായിരുന്ന അതിപുരാതനമായ നഗരങ്ങളിലൊന്നാണ് ഇത്. ഗോത്രപിതാവായ അബ്രാഹാം തെക്ക് കനാനിലേക്കു പോകുന്ന വഴി ഈ നഗരത്തിലൂടെയോ അതിന് അടുത്തുകൂടെയോ കടന്നുപോയിട്ടുണ്ടാകാം. അബ്രാഹാം തന്റെ ദാസനായി തിരഞ്ഞെടുത്ത എലീയേസെർ ‘ദമസ്കൊസുകാരനായിരുന്നു.’ (ഉൽ 15:2) പിന്നെ ഏതാണ്ട് ആയിരം വർഷത്തിനു ശേഷമാണു ദമസ്കൊസിന്റെ പേര് ബൈബിൾരേഖകളിൽ വീണ്ടും കാണുന്നത്. (പദാവലിയിൽ “അരാം; അരാമ്യർ” കാണുക.) സിറിയക്കാരും (അരാമ്യർ) ഇസ്രായേല്യരും തമ്മിലുള്ള ഒരു യുദ്ധത്തെക്കുറിച്ചുള്ളതാണ് ആ ഭാഗം. അതോടെ ആ രണ്ടു രാഷ്ട്രങ്ങളും ശത്രുക്കളായി മാറുകയും ചെയ്തു. (1രാജ 11:23-25) ഒന്നാം നൂറ്റാണ്ടിൽ റോമൻ സംസ്ഥാനമായ സിറിയയുടെ ഭാഗമായിരുന്നു ദമസ്കൊസ്. സാധ്യതയനുസരിച്ച് ആ സമയത്ത് അവിടെ ഏതാണ്ട് 20,000 ജൂതന്മാരും അനേകം സിനഗോഗുകളും ഉണ്ടായിരുന്നു. ആ നഗരം അന്നത്തെ പ്രധാന സഞ്ചാരപാതകളുടെ ഒരു സംഗമസ്ഥാനമായിരുന്നതുകൊണ്ട് ക്രിസ്തീയോപദേശങ്ങൾ അവിടെനിന്ന് എളുപ്പത്തിൽ മറ്റു സ്ഥലങ്ങളിലേക്കു വ്യാപിക്കുമെന്നു ശൗൽ ഭയന്നുകാണും. ദമസ്കൊസിലെ ക്രിസ്ത്യാനികളെ ശൗൽ പ്രത്യേകം നോട്ടമിടാനുള്ള കാരണവും അതായിരിക്കാം.
കത്തുകൾ: ഒരു അപരിചിതനെ പരിചയപ്പെടുത്താനും അയാൾ ആരാണെന്നോ അയാളുടെ അധികാരം എന്താണെന്നോ സാക്ഷ്യപ്പെടുത്താനും എ.ഡി. ഒന്നാം നൂറ്റാണ്ടിൽ ആളുകൾ ആശ്രയയോഗ്യമായ ഉറവിൽനിന്നുള്ള കത്തുകൾ ഉപയോഗിച്ചിരുന്നു. (റോമ 16:1; 2കൊ 3:1-3) ഈ ആശയവിനിമയരീതിയെക്കുറിച്ച് റോമിലുള്ള ജൂതന്മാർ പരാമർശിച്ചതായി രേഖയുണ്ട്. (പ്രവൃ 28:21) ദമസ്കൊസിലെ സിനഗോഗുകളിലേക്കു കത്തുകൾ തന്നയയ്ക്കാൻ ശൗൽ മഹാപുരോഹിതനോട് അപേക്ഷിക്കുന്നതായി ഈ വാക്യത്തിൽ കാണാം. ആ നഗരത്തിലെ ജൂതക്രിസ്ത്യാനികളെ ഉപദ്രവിക്കാൻ തന്നെ അധികാരപ്പെടുത്തുന്ന കത്തുകളാണു ശൗൽ ആവശ്യപ്പെട്ടത്. (പ്രവൃ 9:1, 2) ക്രിസ്ത്യാനികൾക്കെതിരെയുള്ള പോരാട്ടത്തിൽ ദമസ്കൊസിലെ സിനഗോഗുകളും ശൗലിനോടു സഹകരിക്കണമെന്ന നിർദേശമായിരിക്കാം ആ കത്തുകളിലുണ്ടായിരുന്നത്.
ശബ്ദം കേട്ടില്ല: അഥവാ “വാക്കുകൾ മനസ്സിലായില്ല.” ദമസ്കൊസിലേക്കുള്ള വഴിയിൽവെച്ച് പൗലോസിനുണ്ടായ അനുഭവത്തെക്കുറിച്ച് പ്രവൃ 9:3-9-ൽ ലൂക്കോസ് വിവരിക്കുന്നുണ്ട്. പൗലോസിന്റെ കൂടെയുണ്ടായിരുന്നവർ ‘ശബ്ദം കേട്ടു’ എന്നാണ് അവിടെ പറയുന്നതെങ്കിലും ഈ വാക്യത്തിൽ പറയുന്നത് അവർ “ശബ്ദം കേട്ടില്ല” എന്നാണ്. ഇങ്ങനെയൊരു വ്യത്യാസത്തിന്റെ കാരണത്തെക്കുറിച്ച് പ്രവൃ 9:7-ന്റെ പഠനക്കുറിപ്പിൽ വിശദീകരിച്ചിട്ടുണ്ട്. അവിടെ പറഞ്ഞിരിക്കുന്നതുപോലെ, പൗലോസിന്റെ കൂടെയുണ്ടായിരുന്നവർ എന്തോ ഒരു “ശബ്ദം കേട്ടെങ്കിലും” അവർക്ക് അതിലെ വാക്കുകൾ മനസ്സിലായിക്കാണില്ല. അതായത്, പൗലോസ് കേട്ടതുപോലെയല്ല അവർ ആ ശബ്ദം കേട്ടത്. പ്രവൃ 22:7-ൽ “കേട്ടു” എന്നതിന്റെ ഗ്രീക്കുപദം ഉപയോഗിച്ചിരിക്കുന്ന സന്ദർഭം നോക്കിയാൽ ഇക്കാര്യം വ്യക്തമാകും. അവിടെ, താൻ “ഒരു ശബ്ദം . . . കേട്ടു” എന്നു പൗലോസ് പറഞ്ഞത് അദ്ദേഹത്തിന് ആ വാക്കുകൾ കേൾക്കാൻ മാത്രമല്ല മനസ്സിലാക്കാനും കഴിഞ്ഞു എന്ന അർഥത്തിലാണ്. എന്നാൽ പൗലോസിനോടൊപ്പം യാത്ര ചെയ്തിരുന്നവർക്ക് അദ്ദേഹത്തോടു പറഞ്ഞത് എന്താണെന്നു മനസ്സിലായിക്കാണില്ല. ഒരുപക്ഷേ വാക്കുകൾ വ്യക്തമാകാതിരുന്നതായിരിക്കാം അതിന്റെ കാരണം. സാധ്യതയനുസരിച്ച് ഈ അർഥത്തിലാണ് അവർ “ശബ്ദം കേട്ടില്ല” എന്ന് ഇവിടെ പറഞ്ഞിരിക്കുന്നത്.—‘കേൾക്കുക’ എന്നതിന് ഇവിടെ ഉപയോഗിച്ചിരിക്കുന്ന ഗ്രീക്കുപദം ‘ഗ്രഹിക്കുക,’ ‘മനസ്സിലാക്കുക’ എന്നൊക്കെ പരിഭാഷപ്പെടുത്തിയിരിക്കുന്ന മർ 4:33; 1കൊ 14:2 എന്നിവ താരതമ്യം ചെയ്യുക.
ശബ്ദം കേട്ടെങ്കിലും: ദമസ്കൊസിലേക്കുള്ള വഴിയിൽവെച്ച് തനിക്കുണ്ടായ ഈ അനുഭവത്തെക്കുറിച്ച് പൗലോസുതന്നെ പ്രവൃ 22:6-11-ൽ വിവരിക്കുന്നുണ്ട്. പൗലോസിന്റെ കൂടെയുണ്ടായിരുന്നവർ “ശബ്ദം കേട്ടില്ല” എന്നാണ് അവിടെ പറയുന്നതെങ്കിലും ഇവിടെ പറയുന്നത് അവർ ‘ആ ശബ്ദം കേട്ടു’ എന്നാണ്. രണ്ടു വിവരണത്തിലും ഉപയോഗിച്ചിരിക്കുന്ന ഗ്രീക്കുപദം ഒന്നാണെങ്കിലും അതിന്റെ വ്യാകരണരൂപം രണ്ടിടത്തും രണ്ടാണ്. ഇവിടെ ഉപയോഗിച്ചിരിക്കുന്ന ഫൊണേ എന്ന ഗ്രീക്കുപദത്തിനു വെറുമൊരു ശബ്ദം കേൾക്കുന്നതിനെയും വാക്കുകൾ വ്യക്തമായി കേൾക്കുന്നതിനെയും കുറിക്കാനാകും. ഈ വാക്യത്തിലെ വ്യാകരണരൂപംവെച്ച് ആ പദത്തിന് വെറുമൊരു ശബ്ദം കേൾക്കുക എന്നാണ് അർഥം. (എന്നാൽ പ്രവൃ 22:9-ൽ ആ പദത്തിന്റെ വ്യാകരണരൂപം മറ്റൊന്നാണ്. “സംസാരിച്ചയാളുടെ വാക്കുകൾ വ്യക്തമായി കേട്ടില്ല” എന്നൊരു അർഥമാണ് അവിടെ ആ പദത്തിനുള്ളത്.) അതുകൊണ്ട് പൗലോസിന്റെ കൂടെയുണ്ടായിരുന്നവർ എന്തോ ഒരു ശബ്ദം കേട്ടെങ്കിലും അവർക്ക് അതിലെ വാക്കുകൾ വ്യക്തമാകാഞ്ഞതുകൊണ്ട് അതു മനസ്സിലായിക്കാണില്ല. ചുരുക്കത്തിൽ, പൗലോസ് കേട്ടതുപോലെയല്ല അവർ ആ ശബ്ദം കേട്ടത്.—പ്രവൃ 26:14; പ്രവൃ 22:9-ന്റെ പഠനക്കുറിപ്പു കാണുക.
നേർവീഥി എന്ന തെരുവ്: ക്രിസ്തീയ ഗ്രീക്കുതിരുവെഴുത്തുകളിൽ പേര് എടുത്തുപറഞ്ഞിരിക്കുന്ന ഒരേ ഒരു തെരുവ് ഇതാണ്. എ.ഡി. ഒന്നാം നൂറ്റാണ്ടിൽ ദമസ്കൊസ് നഗരത്തിനു നെടുകെയും കുറുകെയും ധാരാളം പാതകളുണ്ടായിരുന്നെങ്കിലും നഗരത്തിലെ ഏറ്റവും പ്രധാനപാത ഇതായിരുന്നെന്നു കരുതപ്പെടുന്നു. നഗരത്തിന്റെ കിഴക്കേ അറ്റംമുതൽ പടിഞ്ഞാറേ അറ്റംവരെ നീണ്ടുകിടന്ന ഈ പാതയ്ക്ക് ഏതാണ്ട് 1.5 കി.മീ. നീളവും 26 മീ. (85 അടി) വീതിയും ഉണ്ടായിരുന്നു. ഈ പാതയിൽ കാൽനടയാത്രക്കാർക്കുവേണ്ടി പ്രത്യേകമായൊരു ഭാഗവും വേർതിരിച്ചിരുന്നു. നടപ്പാതയുടെ വശങ്ങളിൽ തൂണുകളുണ്ടായിരുന്നതായും പറയപ്പെടുന്നു. ആ പഴയ റോമൻ നഗരത്തിന്റെ കുറച്ച് ഭാഗങ്ങളേ ഇപ്പോൾ അവശേഷിക്കുന്നുള്ളൂ എങ്കിലും പണ്ടത്തെ നേർവീഥി (അഥവാ റോമൻ വിയാ റെക്റ്റാ) കടന്നുപോയിരുന്ന അതേ സ്ഥലങ്ങളിലൂടെ പോകുന്ന ഒരു പ്രധാനപാത ഇന്നും അവിടെയുണ്ട്.
ഒരു ദർശനത്തിൽ: പല പുരാതന കൈയെഴുത്തുപ്രതികളിലും ഈ വാക്കുകൾ കാണുന്നുണ്ട്.
അറസ്റ്റു ചെയ്യാൻ: അഥവാ “തടവിലാക്കാൻ.” അക്ഷ. “ബന്ധിക്കാൻ; ബന്ധനത്തിലാക്കാൻ.” തടവറയിൽ ബന്ധനത്തിലാക്കുന്നതിനെക്കുറിച്ചാണ് ഇവിടെ പറയുന്നത്.—കൊലോ 4:3 താരതമ്യം ചെയ്യുക.
ഇസ്രായേൽമക്കൾ: അഥവാ “ഇസ്രായേൽജനം; ഇസ്രായേല്യർ.”—പദാവലിയിൽ “ഇസ്രായേൽ” കാണുക.
വലിയ കൊട്ടകൾ: അഥവാ “ഭക്ഷണക്കൊട്ടകൾ.” മുമ്പ് ഒരിക്കൽ ഏകദേശം 5,000 പേർക്കു യേശു ഭക്ഷണം കൊടുത്തപ്പോൾ ഉപയോഗിച്ച കൊട്ടകളെക്കാൾ വലുപ്പമുള്ള ഒരുതരം കൊട്ടയെയാണു സാധ്യതയനുസരിച്ച് ഇവിടെ ഉപയോഗിച്ചിരിക്കുന്ന സ്ഫുറീസ് എന്ന ഗ്രീക്കുപദം കുറിക്കുന്നത്. (മത്ത 14:20-ന്റെ പഠനക്കുറിപ്പു കാണുക.) ദമസ്കൊസ് നഗരമതിലിന്റെ കിളിവാതിലിലൂടെ പൗലോസിനെ താഴേക്ക് ഇറക്കിയതിനെക്കുറിച്ച് പറഞ്ഞിരിക്കുന്നിടത്ത് ‘കൊട്ട’ എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്നതും ഇതേ ഗ്രീക്കുപദംതന്നെയാണ്.—പ്രവൃ 9:25.
ഒരു കൊട്ട: ലൂക്കോസ് ഇവിടെ ഉപയോഗിച്ചിരിക്കുന്ന സ്ഫുറീസ് എന്ന ഗ്രീക്കുപദം മത്തായിയുടെയും മർക്കോസിന്റെയും സുവിശേഷങ്ങളിലും കാണാം. യേശു 4,000 പുരുഷന്മാരെ പോഷിപ്പിച്ചപ്പോൾ മിച്ചം വന്നതു ശേഖരിച്ച ഏഴു കൊട്ടയെക്കുറിച്ച് പറയുന്നിടത്താണ് അവർ ആ പദം ഉപയോഗിച്ചിരിക്കുന്നത്. (മത്ത 15:37-ന്റെ പഠനക്കുറിപ്പു കാണുക.) ഈ പദം കുറിക്കുന്നതു വലിയ കൊട്ടയെയാണ്. എന്നാൽ താൻ രക്ഷപ്പെട്ടതിനെക്കുറിച്ച് കൊരിന്തിലെ ക്രിസ്ത്യാനികളോടു വിവരിച്ചപ്പോൾ പൗലോസ് അപ്പോസ്തലൻ ഉപയോഗിച്ചതു സർഗാനെ എന്ന ഗ്രീക്കുപദമാണ്. ആ പദം കുറിക്കുന്നതു കയറോ കമ്പുകളോ ‘നെയ്തുണ്ടാക്കിയ കൊട്ടയെയാണ്.’ എങ്കിലും ഈ രണ്ടു ഗ്രീക്കുപദവും വലിയ കൊട്ടയെത്തന്നെയാണ് അർഥമാക്കുന്നത്.—2കൊ 11:32, 33, അടിക്കുറിപ്പ്.
യേശു ഞങ്ങൾക്കിടയിൽ പ്രവർത്തിച്ചു: അക്ഷ. “ഞങ്ങൾക്കിടയിൽ പോകുകയും വരുകയും ചെയ്തു.” ഇതൊരു സെമിറ്റിക്ക് ഭാഷാശൈലിയാണ്. മറ്റ് ആളുകളോടൊപ്പം അനുദിനജീവിതത്തിലെ ഓരോരോ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിനെയാണ് ഇതു കുറിക്കുന്നത്. “ഞങ്ങൾക്കിടയിൽ താമസിച്ചു” എന്നും ഇതു പരിഭാഷപ്പെടുത്താം.—ആവ 28:6, 19; സങ്ക 121:8, അടിക്കുറിപ്പ് എന്നിവ താരതമ്യം ചെയ്യുക.
യഥേഷ്ടം സഞ്ചരിച്ചു: അഥവാ “സ്വച്ഛമായ ജീവിതം നയിച്ചു.” അക്ഷ. “പോകുകയും വരുകയും ചെയ്തു.” ഈ പദപ്രയോഗം ഒരു സെമിറ്റിക്ക് ഭാഷാശൈലിയിൽനിന്ന് വന്നതാണ്. ജീവിതം തടസ്സങ്ങളൊന്നുമില്ലാതെ മുന്നോട്ടു പോകുന്നതിനെ കുറിക്കാനും യാതൊരു തടസ്സവും കൂടാതെ മറ്റുള്ളവരുമായി ഇടപഴകുന്നതിനെ കുറിക്കാനും ഈ പദപ്രയോഗത്തിനാകും.—ആവ 28:6, 19; സങ്ക 121:8, അടിക്കുറിപ്പ് എന്നിവ താരതമ്യം ചെയ്യുക; പ്രവൃ 1:21-ന്റെ പഠനക്കുറിപ്പു കാണുക.
ഗ്രീക്ക് ഭാഷ സംസാരിക്കുന്ന ജൂതന്മാർ: ഇവിടെ ഉപയോഗിച്ചിരിക്കുന്ന ഹെല്ലനിസ്റ്റിസ് എന്ന ഗ്രീക്കുപദം ഗ്രീക്കുകാരോ ജൂതന്മാരോ രചിച്ച ഗ്രീക്ക് സാഹിത്യകൃതികളിലൊന്നും കാണുന്നില്ല. പക്ഷേ ഈ പദത്തെ “ഗ്രീക്ക് ഭാഷ സംസാരിക്കുന്ന ജൂതന്മാർ” എന്നു പരിഭാഷപ്പെടുത്തുന്നതിനെ വാക്യസന്ദർഭവും പല നിഘണ്ടുക്കളും അനുകൂലിക്കുന്നുണ്ട്. അക്കാലത്ത് യരുശലേമിലുണ്ടായിരുന്ന ഗ്രീക്കുഭാഷക്കാർ ഉൾപ്പെടെയുള്ള ക്രിസ്തുശിഷ്യന്മാരെല്ലാം ജൂതവംശജരോ ജൂതമതത്തിലേക്കു പരിവർത്തനം ചെയ്തവരോ ആയിരുന്നു. (പ്രവൃ 10:28, 35, 44-48) ജൂതന്മാരിൽത്തന്നെ ‘എബ്രായ ഭാഷ സംസാരിക്കുന്നവരിൽനിന്ന്’ (അക്ഷ. “എബ്രായർ;” എബ്രയോസ് എന്ന ഗ്രീക്കുപദത്തിന്റെ ബഹുവചനരൂപം.) ‘ഗ്രീക്ക് ഭാഷ സംസാരിക്കുന്നവരെ’ വേർതിരിച്ചുകാണിക്കാനാണു ഹെല്ലനിസ്റ്റിസ് എന്ന ഗ്രീക്കുപദം ഇവിടെ ഉപയോഗിച്ചിരിക്കുന്നതെന്നു ശ്രദ്ധിക്കുക. അതുകൊണ്ട് ആ ഗ്രീക്കുപദം കുറിക്കുന്നത്, പരസ്പരം ഗ്രീക്ക് ഭാഷ സംസാരിച്ചിരുന്ന ജൂതന്മാരെയാണ്. റോമൻ സാമ്രാജ്യത്തിന്റെ വിവിധഭാഗങ്ങളിൽനിന്ന്, ഒരുപക്ഷേ ദക്കപ്പൊലി ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽനിന്ന്, യരുശലേമിലേക്കു വന്നവരായിരുന്നു അവർ. എന്നാൽ എബ്രായ ഭാഷ സംസാരിച്ചിരുന്ന മിക്ക ജൂതന്മാരും സാധ്യതയനുസരിച്ച് യഹൂദ്യയിൽനിന്നോ ഗലീലയിൽനിന്നോ ഉള്ളവരായിരുന്നു. ജൂതക്രിസ്ത്യാനികളായ ഈ രണ്ടു കൂട്ടരുടെയും സാംസ്കാരികപശ്ചാത്തലം കുറെയൊക്കെ വ്യത്യസ്തമായിരുന്നിരിക്കണം.—പ്രവൃ 9:29-ന്റെ പഠനക്കുറിപ്പു കാണുക.
ഗ്രീക്കുഭാഷക്കാരായ ജൂതന്മാർ: ഇവിടെ കാണുന്ന ഗ്രീക്ക് പദപ്രയോഗത്തിന്റെ അക്ഷരാർഥം “ഗ്രീക്കുഭാഷക്കാർ” എന്നു മാത്രമാണെങ്കിലും സർവസാധ്യതയുമനുസരിച്ച് ഈ വാക്യത്തിൽ അതു കുറിക്കുന്നത് ഗ്രീക്കുഭാഷക്കാരിൽത്തന്നെയുള്ള ജൂതവംശജരെയാണ്. റോമൻ സാമ്രാജ്യത്തിന്റെ വിവിധഭാഗങ്ങളിൽനിന്ന് യരുശലേമിലേക്കു വന്നവരായിരുന്നിരിക്കാം അവർ. പ്രവൃ 6:1-ൽ ഈ പദം ക്രിസ്ത്യാനികളെ കുറിക്കാനാണ് ഉപയോഗിച്ചിരിക്കുന്നതെങ്കിലും ഇവിടെ പ്രവൃ 9:29-ൽ പറഞ്ഞിരിക്കുന്ന ഗ്രീക്കുഭാഷക്കാരായ ജൂതന്മാർ ക്രിസ്ത്യാനികളല്ലായിരുന്നെന്നു സന്ദർഭം വ്യക്തമാക്കുന്നു. ഗ്രീക്കുഭാഷക്കാരായ അനേകം ജൂതന്മാർ യരുശലേമിലേക്കു വന്നിരുന്നെന്ന വസ്തുതയെ യരുശലേമിലെ ഓഫേൽ കുന്നിൽനിന്ന് കണ്ടെടുത്ത തിയോഡോട്ടസ് ലിഖിതം ശരിവെക്കുന്നുണ്ട്.—പ്രവൃ 6:1-ന്റെ പഠനക്കുറിപ്പു കാണുക.
യഹോവയുടെ വഴിയിൽ: അഥവാ “യഹോവയോടുള്ള ഭയത്തിൽ.” “ഭയം” എന്നതിന്റെ എബ്രായപദവും എബ്രായചതുരക്ഷരിയും (ദൈവനാമത്തെ പ്രതിനിധാനം ചെയ്യുന്നു.) ചേർന്ന “യഹോവയോടുള്ള ഭയത്തിൽ” എന്ന പദപ്രയോഗം എബ്രായതിരുവെഴുത്തുകളിൽ പലയിടത്തും കാണാം. (2ദിന 19:7, 9; സങ്ക 19:9; 111:10; സുഭ 2:5; 8:13; 9:10; 10:27; 19:23; യശ 11:2, 3 എന്നിവ ചില ഉദാഹരണങ്ങളാണ്.) അതേസമയം “കർത്താവിനോടുള്ള ഭയത്തിൽ” എന്ന പദപ്രയോഗം എബ്രായതിരുവെഴുത്തുകളിൽ എവിടെയും കാണുന്നുമില്ല. ഇപ്പോഴുള്ള മിക്ക ഗ്രീക്കു കൈയെഴുത്തുപ്രതികളിലും ഇവിടെ “കർത്താവിനോടുള്ള ഭയത്തിൽ” എന്നാണു കാണുന്നതെങ്കിലും പുതിയ ലോക ഭാഷാന്തരം “കർത്താവ്” എന്നതിനു പകരം “യഹോവ” എന്ന് ഉപയോഗിച്ചിരിക്കുന്നതിന്റെ കാരണങ്ങൾ അനു. സി-യിൽ വിശദമായി വിവരിച്ചിട്ടുണ്ട്.
തബീഥ: തബീഥ എന്ന അരമായപേരിന്റെ അർഥം “ഗസൽമാൻ” എന്നാണ്. സാധ്യതയനുസരിച്ച് സെവീയാ എന്ന എബ്രായപദത്തോടു തത്തുല്യമായ ഒരു പേരാണ് ഇത്. “പെൺ ഗസൽമാൻ” എന്നാണ് സെവീയായുടെ അർഥം. (ഉത്ത 4:5; 7:3) ഡോർക്കസ് എന്ന ഗ്രീക്കുപേരിന്റെ അർഥവും “ഗസൽമാൻ” എന്നുതന്നെയാണ്. യോപ്പ ഒരു തുറമുഖനഗരമായിരുന്നതുകൊണ്ട് അവിടെ ജൂതന്മാരും ജനതകളിൽപ്പെട്ടവരും താമസിച്ചിരുന്നു. ഓരോ ഭാഷക്കാരും തബീഥയെ തങ്ങളുടെ ഭാഷയിലുള്ള പേര് വിളിച്ചിരിക്കാം എന്നതുകൊണ്ട് തബീഥ ഈ രണ്ടു പേരിലും അറിയപ്പെട്ടിരിക്കാൻ സാധ്യതയുണ്ട്. അതല്ലെങ്കിൽ ജനതകളിൽപ്പെട്ട വായനക്കാർക്കുവേണ്ടി ലൂക്കോസ് ഈ പേര് പരിഭാഷപ്പെടുത്തിയതുമാകാം.
കുപ്പായങ്ങൾ: അഥവാ “പുറങ്കുപ്പായങ്ങൾ.” ഗ്രീക്കുപാഠത്തിൽ ഇവിടെ ഹിമാറ്റിയോൺ എന്നു വിളിച്ചിരിക്കുന്നത് അയഞ്ഞ ഒരു പുറങ്കുപ്പായത്തെയായിരിക്കാം. എന്നാൽ മിക്കപ്പോഴും ഈ പദം ഉപയോഗിച്ചിരുന്നതു ദീർഘചതുരാകൃതിയിലുള്ള ഒരു തുണിയെ കുറിക്കാനാണ്.
തബീഥേ, എഴുന്നേൽക്ക്: യേശു യായീറൊസിന്റെ മകളെ ഉയിർപ്പിച്ചപ്പോൾ ചെയ്തതുപോലുള്ള കാര്യങ്ങളാണു പത്രോസും ഇവിടെ ചെയ്യുന്നത്. (മർ 5:38-42; ലൂക്ക 8:51-55) ബൈബിൾരേഖയനുസരിച്ച്, ഒരു അപ്പോസ്തലൻ ഉയിർപ്പിക്കുന്ന ആദ്യത്തെ ആളാണ് ഇത്. ആ സംഭവത്തോടെ യോപ്പയിൽ അനേകം ആളുകൾ വിശ്വാസികളായിത്തീർന്നു.—പ്രവൃ 9:39-42.
ശിമോൻ എന്ന തോൽപ്പണിക്കാരൻ: തോൽപ്പണിക്കാരന്റെ ജോലിയിൽ പല കാര്യങ്ങൾ ഉൾപ്പെട്ടിരുന്നു. ആദ്യം അയാൾ ചുണ്ണാമ്പുലായനി ഉപയോഗിച്ച് മൃഗത്തോലിൽനിന്ന് രോമവും മാംസത്തിന്റെയോ കൊഴുപ്പിന്റെയോ അവശിഷ്ടങ്ങളും നീക്കംചെയ്യും. എന്നിട്ട് വീര്യം കൂടിയ ഒരു ദ്രാവകം ഉപയോഗിച്ച് തോൽ സംസ്കരിച്ചിട്ടാണു തുകലുത്പന്നങ്ങൾ ഉണ്ടാക്കിയിരുന്നത്. ഇത്തരത്തിൽ മൃഗത്തോൽ സംസ്കരിക്കുമ്പോൾ വല്ലാത്ത ദുർഗന്ധം ഉണ്ടാകും. ഈ പ്രക്രിയയ്ക്കു ധാരാളം വെള്ളവും ആവശ്യമായിരുന്നിരിക്കാം. സാധ്യതയനുസരിച്ച് അതുകൊണ്ടാണു ശിമോൻ കടൽത്തീരത്ത് താമസിച്ചിരുന്നത്. യോപ്പയുടെ തിരക്കുകളിൽനിന്നെല്ലാം അല്പം മാറിയുള്ള ഒരു സ്ഥലമായിരുന്നിരിക്കാം അത്. മൃഗങ്ങളുടെ ജഡവുമായി ബന്ധപ്പെട്ട ജോലികൾ ചെയ്തിരുന്നവർ മോശയുടെ നിയമമനുസരിച്ച് ആചാരപരമായി അശുദ്ധരായിരുന്നു. (ലേവ 5:2; 11:39) അതുകൊണ്ടുതന്നെ പല ജൂതന്മാരും തോൽപ്പണിക്കാരെ അവജ്ഞയോടെയാണു കണ്ടിരുന്നത്. അവരുടെകൂടെ താമസിക്കാനും പൊതുവേ ജൂതന്മാർക്കു മടിയായിരുന്നു. വാസ്തവത്തിൽ മൃഗങ്ങളുടെ വിസർജ്യം ശേഖരിക്കുന്നതിനെക്കാൾ താഴ്ന്ന ജോലിയായിട്ടാണു പിൽക്കാലത്ത് താൽമൂദ് തോൽപ്പണിയെ വിശേഷിപ്പിച്ചത്. എന്നാൽ പത്രോസ് അത്തരം മുൻവിധിയൊന്നുമില്ലാതെ ശിമോന്റെകൂടെ താമസിച്ചു. പത്രോസിന്റെ ഈ വിശാലമനസ്കത അദ്ദേഹത്തിന് അടുത്തതായി ലഭിക്കാനിരുന്ന നിയമനത്തിലേക്കുള്ള ഒരു ചുവടുവെപ്പായിരുന്നെന്നു പറയാം. കാരണം ജൂതനല്ലാത്ത ഒരാളെ അദ്ദേഹത്തിന്റെ വീട്ടിൽച്ചെന്ന് കാണുക എന്നതായിരുന്നു ആ നിയമനം. ‘തോൽപ്പണിക്കാരൻ’ എന്നതിന്റെ ഗ്രീക്കുപദം (ബുർസെയൂസ്) ശിമോന്റെ വിളിപ്പേരായിരുന്നെന്നും ചില പണ്ഡിതന്മാർ കരുതുന്നു.
തോൽപ്പണിക്കാരനായ ശിമോൻ: പ്രവൃ 10:6-ന്റെ പഠനക്കുറിപ്പു കാണുക.
ദൃശ്യാവിഷ്കാരം

എ.ഡി. ഒന്നാം നൂറ്റാണ്ടിലെ ദമസ്കൊസ് നഗരം ഏതാണ്ട് ഈ ചിത്രത്തിൽ കാണിച്ചിരിക്കുന്നതുപോലെയായിരുന്നു. ഒരു പ്രധാന വാണിജ്യകേന്ദ്രമായിരുന്നു അത്. അടുത്തുള്ള ബെരാദാ നദിയിൽനിന്ന് (2രാജ 5:12-ലെ അബാന നദിയാണ് ഇത്.) വെള്ളം ലഭിച്ചിരുന്നതുകൊണ്ട് നഗരത്തിനു ചുറ്റുമുള്ള ഭാഗം സമീപപ്രദേശങ്ങളോടുള്ള താരതമ്യത്തിൽ ഒരു മരുപ്പച്ചപോലെയായിരുന്നു. ധാരാളം സിനഗോഗുകളുള്ള ഒരു സ്ഥലമായിരുന്നു ദമസ്കൊസ്. ശൗൽ ആ നഗരത്തിലേക്കു വന്നതു ‘മാർഗക്കാർ’ എന്നും അറിയപ്പെട്ടിരുന്ന ക്രിസ്തുശിഷ്യരിൽ ആരെയെങ്കിലും കണ്ടാൽ അറസ്റ്റ് ചെയ്യാനായിരുന്നു. (പ്രവൃ 9:2; 19:9, 23; 22:4; 24:22) എന്നാൽ അദ്ദേഹം ദമസ്കൊസിലേക്കു പോകുമ്പോൾ മഹത്ത്വീകരിക്കപ്പെട്ട യേശു അദ്ദേഹത്തിനു പ്രത്യക്ഷനായി. തുടർന്ന് കുറച്ച് നാൾ അദ്ദേഹം ദമസ്കൊസിലെ നേർവീഥി എന്ന തെരുവിലുള്ള യൂദാസിന്റെ വീട്ടിൽ താമസിച്ചു. (പ്രവൃ 9:11) അങ്ങനെയിരിക്കെ യേശു ഒരു ദർശനത്തിൽ തന്റെ ശിഷ്യനായ അനന്യാസിനോട്, ആ വീട്ടിൽ ചെന്ന് ശൗലിന്റെ കാഴ്ച തിരികെ കൊടുക്കാൻ ആവശ്യപ്പെട്ടു. പിന്നീട് ശൗൽ സ്നാനമേൽക്കുകയും ചെയ്തു. അങ്ങനെ, ജൂതക്രിസ്ത്യാനികളെ അറസ്റ്റ് ചെയ്യാൻ ചെന്ന ശൗൽ അവരിൽ ഒരാളായിത്തീർന്നു. മറ്റുള്ളവരെ സന്തോഷവാർത്ത അറിയിക്കാനായി ജീവിതം ഉഴിഞ്ഞുവെച്ച അദ്ദേഹം ആ പ്രവർത്തനത്തിനു തുടക്കം കുറിച്ചതു ദമസ്കൊസിലെ സിനഗോഗുകളിലാണ്. അറേബ്യയിലേക്കു പോയിട്ട് ദമസ്കൊസിൽ തിരികെ എത്തിയ ശൗൽ എ.ഡി. 36-ഓടെ യരുശലേമിലേക്കു മടങ്ങിയിരിക്കാം.—പ്രവൃ 9:1-6, 19-22; ഗല 1:16, 17.
എ. ദമസ്കൊസ്
1. യരുശലേമിലേക്കുള്ള വഴി
2. നേർവീഥി എന്ന തെരുവ്
3. ചന്തസ്ഥലം
4. ജൂപ്പിറ്ററിന്റെ ക്ഷേത്രം
5. പ്രദർശനശാല
6. സംഗീതപരിപാടികൾക്കുള്ള വേദി (?)
ബി. യരുശലേം

ശൗലിന്റെ (പിന്നീട്, അപ്പോസ്തലനായ പൗലോസ് എന്ന് അറിയപ്പെട്ടു.) ജന്മസ്ഥലമായിരുന്നു തർസൊസ്. ഏഷ്യാമൈനറിന്റെ തെക്കുകിഴക്കൻ കോണിലുള്ള കിലിക്യ പ്രദേശത്തെ ഒരു പ്രധാനനഗരമായിരുന്ന ഇത് ഇപ്പോൾ തുർക്കിയുടെ ഭാഗമാണ്. (പ്രവൃ 9:11; 22:3) തർസൊസ് അതിസമ്പന്നമായ ഒരു വലിയ വ്യാപാരനഗരമായിരുന്നു. റ്റോറസ് മലനിരകളിലൂടെയും ‘സിലിഷ്യൻ കവാടങ്ങൾ’ എന്ന് അറിയപ്പെട്ടിരുന്ന മലയിടുക്കിലൂടെയും (ഈ മലയിടുക്കിൽ, പാറ വെട്ടിയുണ്ടാക്കിയ ഒരു പാതയുണ്ടായിരുന്നു.) കടന്നുപോയിരുന്ന ഒരു പ്രമുഖ, കിഴക്കുപടിഞ്ഞാറൻ വാണിജ്യപാതയ്ക്ക് അടുത്തായിരുന്നതുകൊണ്ടുതന്നെ ഇതിന്റെ സ്ഥാനം വളരെ തന്ത്രപ്രധാനമായിരുന്നു. സിഡ്നസ് നദി മെഡിറ്ററേനിയൻ കടലിൽ പതിക്കുന്നിടത്ത് ഉണ്ടായിരുന്ന തുറമുഖത്തിന്റെ നിയന്ത്രണവും ഈ നഗരത്തിനായിരുന്നു. ഗ്രീക്ക് സംസ്കാരത്തിന്റെ കേന്ദ്രമായിരുന്ന തർസൊസിൽ ധാരാളം ജൂതന്മാർ താമസിച്ചിരുന്നു. ഇന്നും തർസൊസ് എന്ന പേരിൽത്തന്നെ അറിയപ്പെടുന്ന ആ സ്ഥലത്തെ പുരാതന നാശാവശിഷ്ടങ്ങളാണ് ഈ ഫോട്ടോയിൽ കാണിച്ചിരിക്കുന്നത്. സിഡ്നസ് നദി മെഡിറ്ററേനിയൽ കടലിൽ പതിക്കുന്നിടത്തുനിന്ന് ഏതാണ്ട് 16 കി.മീ. മാറിയാണ് അതു സ്ഥിതി ചെയ്യുന്നത്. മാർക്ക് ആന്റണിയും ക്ലിയോപാട്രയും ജൂലിയസ് സീസറും പോലുള്ള പല പ്രമുഖവ്യക്തികളും ചില ചക്രവർത്തിമാരും തർസൊസ് സന്ദർശിച്ചതായി രേഖയുണ്ട്. റോമൻ രാജ്യതന്ത്രജ്ഞനും എഴുത്തുകാരനും ആയ സിസറോ ബി.സി. 51 മുതൽ ബി.സി. 50 വരെ ആ നഗരത്തിന്റെ ഗവർണറായിരുന്നു. എ.ഡി. ഒന്നാം നൂറ്റാണ്ടിലെ ഒരു പ്രമുഖ വിദ്യാഭ്യാസകേന്ദ്രമായിരുന്ന ഈ നഗരം അക്കാര്യത്തിൽ ആതൻസിനെയും അലക്സാൻഡ്രിയയെയും പോലും കടത്തിവെട്ടിയതായി ഗ്രീക്ക് ഭൂമിശാസ്ത്രജ്ഞനായ സ്ട്രെബോ രേഖപ്പെടുത്തിയിട്ടുണ്ട്. പൗലോസ് തർസൊസിനെ ഒരു ‘പ്രധാനനഗരം’ എന്നു വിളിച്ചതിൽ അതിശയിക്കാനില്ല.—പ്രവൃ 21:39.

റോമൻ സാമ്രാജ്യത്തിലെങ്ങും ധാരാളം റോഡുകൾ പണിതിരുന്നതുകൊണ്ട് ആദ്യകാല ക്രിസ്ത്യാനികൾക്ക് ആ സാമ്രാജ്യത്തിലെങ്ങും സന്തോഷവാർത്ത എത്തിക്കാനായി. പൗലോസ് അപ്പോസ്തലനും ആ വഴികളിലൂടെ കിലോമീറ്ററുകളോളം യാത്ര ചെയ്തിട്ടുണ്ടെന്നതിനു സംശയമില്ല. (കൊലോ 1:23) കല്ലു പാകിയ റോമൻ പാതകളുടെ നിർമാണമാണ് ഇവിടെ ചിത്രത്തിൽ കാണിച്ചിരിക്കുന്നത്. ആദ്യം, പാത പോകേണ്ട സ്ഥലങ്ങൾ അടയാളപ്പെടുത്തും. തുടർന്ന് അവിടെനിന്ന് മണ്ണ് എടുത്തുമാറ്റും. എന്നിട്ട് അവിടെ കല്ലും അതിനു മുകളിൽ സിമന്റും അതിനും മുകളിലായി മണലും നിരത്തും. ഏറ്റവും മുകളിൽ പരന്ന, വലിയ കല്ലുകൾ പാകും. പാകിയ കല്ലുകളും മറ്റും ഇളകിപ്പോകാതിരിക്കാൻ റോഡിന്റെ ഇരുവശങ്ങളിലും പ്രത്യേകം കല്ലുകളും നാട്ടും. നിർമാണവസ്തുക്കളുടെ പ്രത്യേകതകൊണ്ടും റോഡിന്റെ നടുഭാഗം അൽപ്പം ഉയർത്തിപ്പണിതിരുന്നതുകൊണ്ടും വെള്ളം റോഡിൽനിന്ന് എളുപ്പം വാർന്നുപോകുമായിരുന്നു. അതു റോഡിന്റെ ഇരുവശത്തും നിർമിച്ചിരുന്ന ചാലുകളിലേക്ക് ഒഴുകിപ്പോകാനായി, വശങ്ങളിലെ കല്ലുകൾക്കിടയിൽ അവിടവിടെ വിടവുകളും നൽകിയിരുന്നു. ഇത്തരം റോഡുകളുടെ പണി വളരെ മേന്മയുള്ളതായിരുന്നതുകൊണ്ട് അവയിൽ ചിലത് കാലത്തെ അതിജീവിച്ച് ഇന്നോളം നിലനിന്നിരിക്കുന്നു. എന്നാൽ റോമൻ സാമ്രാജ്യത്തിലെ മിക്ക റോഡുകളുടെയും നിർമാണം ഇത്ര സങ്കീർണമായിരുന്നില്ല. അവയിൽ പലതും വെറുതേ ചരൽ നിരത്തി ഉണ്ടാക്കിയതായിരുന്നു.

ഇവിടെ കാണുന്ന തിയോഡോട്ടസ് ലിഖിതം 72 സെ.മീ. (28 ഇഞ്ച്) നീളവും 42 സെ.മീ. (17 ഇഞ്ച്) വീതിയും ഉള്ള ഒരു ചുണ്ണാമ്പുകല്ലിൽ കൊത്തിയുണ്ടാക്കിയതാണ്. 20-ാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ, യരുശലേമിലെ ഓഫേൽ കുന്നിൽനിന്നാണ് ഇതു കണ്ടെടുത്തത്. ഗ്രീക്കു ഭാഷയിലുള്ള ഈ ലിഖിതത്തിൽ, “(മോശയുടെ) നിയമം വായിക്കാനും ദൈവകല്പനകൾ പഠിപ്പിക്കാനും വേണ്ടിയുള്ള ഒരു സിനഗോഗ് പണിത” തിയോഡോട്ടസ് എന്നൊരു പുരോഹിതനെക്കുറിച്ച് പറയുന്നുണ്ട്. എ.ഡി. 70-ൽ യരുശലേം നശിപ്പിക്കപ്പെടുന്നതിനു മുമ്പുള്ള കാലത്തേതാണ് ഈ ലിഖിതമെന്നു കരുതപ്പെടുന്നു. എ.ഡി. ഒന്നാം നൂറ്റാണ്ടിൽ, ഗ്രീക്കു ഭാഷ സംസാരിക്കുന്ന ജൂതന്മാർ യരുശലേമിലുണ്ടായിരുന്നെന്നാണ് ഇതു സൂചിപ്പിക്കുന്നത്. (പ്രവൃ 6:1) ഈ ലിഖിതത്തിൽ “സിനഗോഗ്” എന്നു പറഞ്ഞിരിക്കുന്നതു ‘വിമോചിതരുടെ സിനഗോഗിനെക്കുറിച്ചാണെന്നു’ ചിലർ കരുതുന്നു. (പ്രവൃ 6:9) ഇനി, തിയോഡോട്ടസിനും അദ്ദേഹത്തിന്റെ പിതാവിനും മുത്തശ്ശനും ആർഖീ സുനഗോഗൊസ് (‘സിനഗോഗിലെ അധ്യക്ഷൻ’) എന്ന സ്ഥാനപ്പേര് ഉണ്ടായിരുന്നതായി ഈ ലിഖിതത്തിൽ പറഞ്ഞിട്ടുണ്ട്. ക്രിസ്തീയ ഗ്രീക്കുതിരുവെഴുത്തുകളിൽ പല തവണ കാണുന്ന ഒരു സ്ഥാനപ്പേരാണ് ഇത്. (മർ 5:35; ലൂക്ക 8:49; പ്രവൃ 13:15; 18:8, 17) പുറംനാടുകളിൽനിന്ന് യരുശലേം സന്ദർശിക്കാൻ വരുന്നവർക്കായി തിയോഡോട്ടസ് താമസസ്ഥലങ്ങൾ പണിതതായും ലിഖിതം പറയുന്നു. യരുശലേം സന്ദർശിക്കാൻ വന്നിരുന്ന ജൂതന്മാർ, പ്രത്യേകിച്ച് വാർഷികോത്സവങ്ങൾക്കായി അവിടേക്കു വന്നിരുന്നവർ, ഈ താമസസ്ഥലങ്ങൾ ഉപയോഗിച്ചിരുന്നിരിക്കാം.—പ്രവൃ 2:5.

മെഡിറ്ററേനിയൻ തീരത്തുള്ള യോപ്പ എന്ന തുറമുഖനഗരമാണ് ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത്. കർമേൽ പർവതത്തിനും ഗസ്സയ്ക്കും ഇടയിൽ, ഏതാണ്ട് മധ്യഭാഗത്തായിട്ടാണ് അതിന്റെ സ്ഥാനം. ആധുനിക യാഫോയെ (അറബിയിൽ, ജാഫ.) 1950-ൽ ടെൽ അവീവിന്റെ ഭാഗമാക്കിയതുകൊണ്ട് പണ്ടത്തെ യോപ്പ നഗരത്തിന്റെ സ്ഥാനത്ത് ഇന്നുള്ളതു ടെൽ അവീവ്-യാഫോ ആണ്. പാറക്കെട്ടുകൾ നിറഞ്ഞ ഒരു കുന്നിൻമുകളിൽ ഏതാണ്ട് 35 മീ. (115 അടി) ഉയരത്തിലാണു യോപ്പ സ്ഥിതി ചെയ്തിരുന്നത്. അതിന്റെ തീരത്തുനിന്ന് ഏതാണ്ട് 100 മീ. (330 അടി) മാറി, പാറകൊണ്ടുള്ള ഒരു വരമ്പുണ്ട്. അധികം ഉയരമില്ലാത്ത ആ പാറക്കെട്ടുകൾ അവിടെ ഒരു സ്വാഭാവികതുറമുഖം തീർത്തിരിക്കുന്നു. ശലോമോന്റെ ദേവാലയം പണിയുന്നതിനു സോരിലുള്ളവർ ലബാനോൻ കാടുകളിലെ തടി ചങ്ങാടങ്ങളാക്കി ഒഴുക്കിക്കൊണ്ടുവന്നതു യോപ്പയിലേക്കായിരുന്നു. (2ദിന 2:16) പിൽക്കാലത്ത്, തനിക്കു കിട്ടിയ നിയമനത്തിൽനിന്ന് ഓടിയൊളിക്കാൻ ആഗ്രഹിച്ച യോന പ്രവാചകൻ തർശീശിലേക്കുള്ള കപ്പലിൽ കയറിയതും യോപ്പയിൽനിന്നാണ്. (യോന 1:3) എ.ഡി. ഒന്നാം നൂറ്റാണ്ടിൽ യോപ്പയിൽ ഒരു ക്രിസ്തീയസഭ ഉണ്ടായിരുന്നു. ആ സഭയിലെ ഒരംഗമായിരുന്നു പത്രോസ് ഉയിർപ്പിച്ച ഡോർക്കസ് (തബീഥ). (പ്രവൃ 9:36-42) ഇനി, ജനതകളിൽപ്പെട്ട കൊർന്നേല്യൊസിനോടു സന്തോഷവാർത്ത അറിയിക്കാൻ പത്രോസിനെ ഒരുക്കിയ ദിവ്യദർശനം അദ്ദേഹത്തിനു ലഭിച്ചതും യോപ്പയിൽവെച്ചാണ്. അദ്ദേഹം അപ്പോൾ അവിടെ തോൽപ്പണിക്കാരനായ ശിമോന്റെ വീട്ടിൽ താമസിക്കുകയായിരുന്നു.—പ്രവൃ 9:43; 10:6, 9-17.

ഇസ്രായേലിലെ ചില വീടുകൾക്കു രണ്ടാംനിലയുണ്ടായിരുന്നു. ചിലപ്പോഴൊക്കെ അകത്തുനിന്നോ പുറത്തുനിന്നോ ഒരു ഏണിവെച്ചാണ് അവിടേക്കു കയറിയിരുന്നത്. ചിലർ അതിനായി വീടിനുള്ളിൽ തടികൊണ്ടുള്ള ഗോവണിപ്പടികൾ പണിതിരുന്നു. രണ്ടാം നിലയിലേക്കു പുറത്തുകൂടെ കൽപ്പടികൾ കെട്ടുന്ന രീതിയും ഉണ്ടായിരുന്നു. യേശു ശിഷ്യന്മാരോടൊപ്പം അവസാനത്തെ പെസഹ ആഘോഷിച്ചതും കർത്താവിന്റെ സന്ധ്യാഭക്ഷണം തുടർന്നും ആചരിക്കാൻ നിർദേശിച്ചതും ചിത്രത്തിൽ കാണിച്ചിരിക്കുന്നതുപോലുള്ള വിശാലമായൊരു മേൽമുറിയിൽവെച്ചായിരിക്കാം. (ലൂക്ക 22:12, 19, 20) എ.ഡി. 33-ലെ പെന്തിക്കോസ്തിൽ ഏതാണ്ട് 120 ശിഷ്യന്മാരുടെ മേൽ പരിശുദ്ധാത്മാവിനെ പകർന്നപ്പോൾ അവർ സാധ്യതയനുസരിച്ച് യരുശലേമിലെ ഒരു വീടിന്റെ മുകളിലത്തെ മുറിയിലായിരുന്നു.—പ്രവൃ 1:15; 2:1-4.