വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഏതുതരം ‘ആത്മാവാണ്‌’ നിങ്ങൾക്കുള്ളത്‌?

ഏതുതരം ‘ആത്മാവാണ്‌’ നിങ്ങൾക്കുള്ളത്‌?

ഏതുതരം ‘ആത്മാവാണ്‌’ നിങ്ങൾക്കുള്ളത്‌?

“കർത്താവായ യേശുക്രിസ്‌തുവിന്റെ കൃപ നിങ്ങളുടെ ആത്മാവോടുകൂടെ ഇരിക്കുമാറാകട്ടെ.”—ഫിലേ. 25.

ഉത്തരം പറയാമോ?

നമ്മുടെ മനോഭാവം വിലയിരുത്തേണ്ടത്‌ എന്തുകൊണ്ട്‌?

ഏതുതരം മനോഭാവം നാം ഒഴിവാക്കണം, അത്‌ എങ്ങനെ ചെയ്യാം?

സഭയിൽ പരിപുഷ്ടിപ്പെടുത്തുന്ന ഒരു ആത്മാവ്‌ ഊട്ടിവളർത്താൻ നമുക്ക്‌ എന്തു ചെയ്യാനാകും?

1. സഹവിശ്വാസികൾക്കുള്ള ലേഖനങ്ങളിൽ പൗലോസ്‌ പലപ്പോഴും എന്ത്‌ ആശംസ നേർന്നു?

 സഭ പ്രകടിപ്പിക്കുന്ന ആത്മാവിന്മേൽ അഥവാ മനോഭാവത്തിന്മേൽ ദൈവത്തിന്റെയും ക്രിസ്‌തുവിന്റെയും അംഗീകാരം ഉണ്ടായിരിക്കട്ടെ എന്ന ആശംസ നേർന്നുകൊണ്ടാണ്‌ പൗലോസ്‌ തന്റെ പല ലേഖനങ്ങളും അവസാനിപ്പിച്ചിരിക്കുന്നത്‌. ഉദാഹരണത്തിന്‌, ഗലാത്യർക്ക്‌ അവൻ ഇങ്ങനെ എഴുതി: “സഹോദരന്മാരേ, നമ്മുടെ കർത്താവായ യേശുക്രിസ്‌തുവിന്റെ കൃപ നിങ്ങളുടെ ആത്മാവോടുകൂടെ ഇരിക്കുമാറാകട്ടെ. ആമേൻ.” (ഗലാ. 6:18) ‘നിങ്ങളുടെ ആത്മാവ്‌’ എന്നു പറഞ്ഞപ്പോൾ അവൻ എന്താണ്‌ ഉദ്ദേശിച്ചത്‌?

2, 3. (എ) ‘ആത്മാവ്‌’ എന്ന പദം ഏത്‌ അർഥത്തിലാണ്‌ പൗലോസ്‌ ചിലയിടങ്ങളിൽ ഉപയോഗിച്ചിരിക്കുന്നത്‌? (ബി) നാം പ്രകടമാക്കുന്ന ആത്മാവിനെക്കുറിച്ച്‌ ഏതു ചോദ്യങ്ങൾ സ്വയം ചോദിക്കേണ്ടതുണ്ട്‌?

2 ഒരു പ്രത്യേക വിധത്തിൽ സംസാരിക്കാനോ പ്രവർത്തിക്കാനോ ഇടയാക്കുന്ന പ്രേരകശക്തിയെയാണ്‌ മേൽപ്പറഞ്ഞ വാക്യത്തിൽ ‘ആത്മാവ്‌’ എന്നതുകൊണ്ട്‌ പൗലോസ്‌ ഉദ്ദേശിച്ചത്‌. ഉദാഹരണത്തിന്‌, ചിലർ ശാന്തശീലരും പരിഗണനയുള്ളവരും സൗമ്യരും ഉദാരമനസ്‌കരും ക്ഷമിക്കാൻ മനസ്സുള്ളവരും ആയിരിക്കാം. അത്തരം മനോഭാവത്തെ, ‘ശാന്തതയും സൗമ്യതയുമുള്ള മനസ്സിനെ,’ ബൈബിൾ ശ്ലാഘിച്ചു സംസാരിക്കുന്നു. (1 പത്രോ. 3:4; സദൃ. 17:27) വേറെ ചിലർ പരിഹാസികളും ഭൗതികചിന്തയുള്ളവരും എളുപ്പം വ്രണപ്പെടുന്നവരും ആരെയും വകവെക്കാത്തവരും ആയിരിക്കാം. ഇനി അശുദ്ധചിന്ത, അനുസരണമില്ലായ്‌മ, മത്സരചിന്താഗതി എന്നിങ്ങനെ അതിലും മോശമായ മനോഭാവമുള്ള ആളുകളുമുണ്ട്‌.

3 “കർത്താവ്‌ നിന്റെ ആത്മാവോടുകൂടെ ഇരിക്കുമാറാകട്ടെ” എന്നതുപോലുള്ള പ്രസ്‌താവനകൾ നടത്തിയപ്പോൾ ദൈവഹിതത്തിനു ചേർച്ചയിലുള്ളതും ക്രിസ്‌തുവിന്റെ വ്യക്തിത്വവുമായി ഇണങ്ങുന്നതും ആയ ഒരു ആത്മാവ്‌ അഥവാ മനോഭാവം ഉള്ളവരായിരിക്കാൻ സഹോദരങ്ങളെ പ്രോത്സാഹിപ്പിക്കുകയായിരുന്നു പൗലോസ്‌. (2 തിമൊ. 4:22; കൊലോസ്യർ 3:9-12 വായിക്കുക.) നമ്മളും ഇക്കാര്യത്തിൽ സ്വയം വിലയിരുത്തേണ്ടത്‌ ആവശ്യമാണ്‌: ‘ഏതുതരം ആത്മാവാണ്‌ എനിക്കുള്ളത്‌? ദൈവത്തെ പ്രീതിപ്പെടുത്തുന്ന ഒരു ആത്മാവ്‌ അഥവാ മനോഭാവം ഉണ്ടായിരിക്കുന്നതിൽ എനിക്ക്‌ എങ്ങനെ മെച്ചപ്പെടാനാകും? സഭയിൽ ഒരു ക്രിയാത്മകമനോഭാവം ഊട്ടിവളർത്തുന്നതിൽ എന്റെ ഭാഗധേയം മെച്ചപ്പെടുത്താൻ എനിക്കാകുമോ?’ ഒരു സൂര്യകാന്തിപ്പാടത്തിലെ ഓരോ സൂര്യകാന്തിയും ആ പാടത്തിന്റെ ആകമാനഭംഗിക്കും വശ്യതയ്‌ക്കും മാറ്റുകൂട്ടുന്നു. അതുപോലെ, സഭയുടെ ആകമാനസൗന്ദര്യത്തിനു മാറ്റുകൂട്ടുന്ന ഒരു ‘പുഷ്‌പമാണോ’ ഞാൻ? അങ്ങനെയായിരിക്കാൻ നാം ശ്രമിക്കണം! ആകട്ടെ, ദൈവത്തിനു പ്രസാദകരമായ ഒരു ആത്മാവ്‌ പ്രകടമാക്കാൻ എന്തു ചെയ്യാനാകും? നമുക്കു നോക്കാം.

ലോകത്തിന്റെ ആത്മാവ്‌ ഒഴിവാക്കുക

4. ലോകത്തിന്റെ ആത്മാവ്‌ എന്താണ്‌?

4 “നാമോ ലോകത്തിന്റെ ആത്മാവിനെയല്ല, . . . ദൈവത്തിൽനിന്നുള്ള ആത്മാവിനെയത്രേ പ്രാപിച്ചിരിക്കുന്നത്‌” എന്ന്‌ തിരുവെഴുത്തുകൾ പറയുന്നു. (1 കൊരി. 2:12) എന്താണ്‌ ‘ലോകത്തിന്റെ ആത്മാവ്‌?’ എഫെസ്യർ 2:2-ൽ പറഞ്ഞിരിക്കുന്ന ആത്മാവുതന്നെയാണ്‌ അത്‌. അവിടെ നാം ഇങ്ങനെ കാണുന്നു: “നിങ്ങൾ അന്ന്‌ ഈ ലോകത്തിന്റെ ഗതി പിന്തുടരുന്നവരായിരുന്നു; അനുസരണക്കേടിന്റെ മക്കളിൽ ഇപ്പോൾ വ്യാപരിക്കുന്ന ആത്മാവിനും വായുവിന്റെ അധികാരത്തിനും അധിപതിയായവനെ നിങ്ങൾ അനുസരിച്ചുപോന്നു.” ഈ ലോകത്തിന്റെ ആത്മാവ്‌ അഥവാ മനോഭാവമാണ്‌ ഇവിടെ പറഞ്ഞിരിക്കുന്ന “വായു.” അത്‌ അക്ഷരാർഥത്തിലുള്ള വായുപോലെ നമുക്കു ചുറ്റുമുണ്ട്‌. ‘ആരുടെയും ഉപദേശം എനിക്ക്‌ ആവശ്യമില്ല,’ ‘അവകാശങ്ങൾ പോരാടി നേടണം’ എന്നതുപോലുള്ള മനോഭാവങ്ങളിൽ ഇതു പ്രകടമാണ്‌; ഇത്തരം മനോഭാവം പലരിലും ഇന്നു കണ്ടുവരുന്നു. ഇങ്ങനെയുള്ളവരെയാണ്‌ സാത്താന്റെ ലോകത്തിലെ ‘അനുസരണക്കേടിന്റെ മക്കൾ’ എന്നു പറഞ്ഞിരിക്കുന്നത്‌.

5. ഇസ്രായേല്യരിൽ ചിലർ മോശമായ ഏത്‌ ആത്മാവ്‌ പ്രകടമാക്കി?

5 ഇത്തരം മനോഭാവങ്ങൾ പുതുമയല്ല. മുൻകാലങ്ങളിലും അതു പ്രകടമായിരുന്നു. മോശയുടെ കാലത്ത്‌ ഇസ്രായേലിൽ അധികാരസ്ഥാനത്തുണ്ടായിരുന്നവരോട്‌ കോരഹ്‌ മത്സരിച്ചു. പൗരോഹിത്യ പദവിയിലുണ്ടായിരുന്ന അഹരോനെയും പുത്രന്മാരെയും ആണ്‌ അവൻ പ്രത്യേകാൽ ലക്ഷ്യമിട്ടത്‌. ഒരുപക്ഷേ, അവരുടെ കുറവുകൾ അവൻ കണ്ടിരിക്കാം. അല്ലെങ്കിൽ മോശ തന്റെ ബന്ധുക്കൾക്ക്‌ പദവികൾ നൽകിക്കൊണ്ട്‌ സ്വജനപക്ഷപാതം കാണിക്കുകയാണെന്ന്‌ അവനു തോന്നിയിരിക്കാം. കാരണം എന്തായിരുന്നാലും, കോരഹ്‌ ഒരു മാനുഷകാഴ്‌ചപ്പാടിലൂടെ കാര്യങ്ങൾ വീക്ഷിക്കാൻ തുടങ്ങി. ഫലമോ? ദൈവം ആക്കിവെച്ചവർക്കെതിരെ അനാദരവോടെ അവൻ സംസാരിച്ചു. “മതി, മതി; . . . നിങ്ങൾ യഹോവയുടെ സഭെക്കു മീതെ നിങ്ങളെത്തന്നേ ഉയർത്തുന്നതു എന്ത്‌?” അവൻ ചോദിച്ചു. (സംഖ്യാ. 16:3) അതുപോലെ ദാഥാനും അബീരാമും മോശയ്‌ക്കെതിരായി സംസാരിച്ചു. ‘നിന്നെത്തന്നെ ഞങ്ങൾക്കു അധിപതി ആക്കുന്നുവോ?’ അവർ ചോദിച്ചു. മോശയുടെ മുമ്പാകെ വരാൻ ആവശ്യപ്പെട്ടപ്പോൾ ധിക്കാരത്തോടെ, “ഞങ്ങൾ വരികയില്ല” എന്ന്‌ അവർ പറഞ്ഞു. (സംഖ്യാ. 16:12-14) അവർ പ്രകടമാക്കിയ ആ ആത്മാവ്‌ യഹോവയ്‌ക്ക്‌ അനിഷ്ടമായി, അവൻ ആ മത്സരികളെ കൊന്നുകളഞ്ഞു!—സംഖ്യാ. 16:28-35.

6. ഒന്നാം നൂറ്റാണ്ടിലുണ്ടായിരുന്ന ചിലർ തങ്ങളുടെ മോശമായ മനോഭാവം വെളിപ്പെടുത്തിയത്‌ എങ്ങനെ, എന്തുകൊണ്ടായിരിക്കാം അവർ അങ്ങനെ ചെയ്‌തത്‌?

6 ഒന്നാം നൂറ്റാണ്ടിലുണ്ടായിരുന്ന ചിലരും, “കർത്തൃത്വത്തെ നിന്ദി”ച്ചുകൊണ്ട്‌ സഭയിൽ അധികാരസ്ഥാനങ്ങളിലുണ്ടായിരുന്നവരെ വിമർശിക്കുകയുണ്ടായി. (യൂദാ 8) ദൈവം നൽകിയ ഉത്തരവാദിത്വങ്ങൾ വിശ്വസ്‌തതയോടെ നിർവഹിച്ചുവന്ന നിയമിത പുരുഷന്മാർക്കെതിരെ മറ്റുള്ളവരെ തിരിക്കാനും ആ വ്യക്തികൾ ശ്രമിച്ചു. സ്വന്തം പദവികളിൽ അതൃപ്‌തരായിത്തീർന്നതുകൊണ്ടായിരിക്കാം അവർ ഈ വിധം പ്രവർത്തിച്ചത്‌.—3 യോഹന്നാൻ 9, 10 വായിക്കുക.

7. ക്രിസ്‌തീയസഭയുടെ ഭാഗമായ നാം ഏതു കാര്യത്തിൽ ജാഗ്രത പുലർത്തണം?

7 ഇത്തരമൊരു ആത്മാവിന്‌ ക്രിസ്‌തീയസഭയിൽ സ്ഥാനമില്ല. അതുകൊണ്ട്‌ ഇക്കാര്യത്തിൽ നാം നല്ല ജാഗ്രത പുലർത്തണം. മോശയുടെയും യോഹന്നാൻ അപ്പൊസ്‌തലന്റെയും കാലത്തെന്നപോലെ ഇന്നും സഭയിലെ മൂപ്പന്മാർ ആരും പൂർണരല്ല. നമ്മെ അലോസരപ്പെടുത്തിയേക്കാവുന്ന ചില പിഴവുകൾ അവരുടെ ഭാഗത്തുനിന്ന്‌ ഉണ്ടായെന്നുവരാം. അങ്ങനെ സംഭവിച്ചാൽ, ലോകത്തിന്റെ ആത്മാവുള്ളവരെപ്പോലെ “നീതി നടപ്പാക്കണം,” “ആ സഹോദരനെതിരെ നടപടി സ്വീകരിക്കണം!” എന്നൊക്കെ സഭയിലെ ഒരു വ്യക്തി വീറോടെ വാദിക്കുകയാണെങ്കിൽ അത്‌ എത്ര അനുചിതമായിരിക്കും! മൂപ്പന്മാരുടെ ഭാഗത്തെ ചില പിഴവുകൾ യഹോവ കണ്ടില്ലെന്നു വെച്ചേക്കാം. നമുക്കും അങ്ങനെ ചെയ്‌തുകൂടേ? ഗുരുതരമായ പാപം ചെയ്‌ത ചില വ്യക്തികൾ മൂപ്പന്മാരുടെ കുറവുകൾ ചൂണ്ടിക്കാട്ടി, തങ്ങളെ സഹായിക്കാൻ ഏർപ്പെടുത്തുന്ന കമ്മിറ്റിയുടെ മുമ്പാകെ ഹാജരാകാൻ വിസമ്മതിച്ചിട്ടുണ്ട്‌. ഡോക്‌ടറുടെ ചില രീതികൾ ഇഷ്ടമില്ല എന്ന കാരണം പറഞ്ഞ്‌ ചികിത്സ വേണ്ടെന്നുവെക്കുന്ന ഒരു രോഗിയെപ്പോലെയാണ്‌ ഇത്തരക്കാർ.

8. സഭയിൽ നേതൃത്വം എടുക്കുന്നവർക്ക്‌ ഉചിതമായ ആദരവ്‌ നൽകാൻ ഏതു തിരുവെഴുത്തുകൾ നമ്മെ സഹായിക്കും?

8 അത്തരമൊരു ആത്മാവ്‌ ഒഴിവാക്കാൻ നമ്മെ എന്തു സഹായിക്കും? “വലങ്കൈയിൽ ഏഴുനക്ഷത്രങ്ങൾ” പിടിച്ചിരിക്കുന്നവനായി യേശുവിനെ ബൈബിൾ ചിത്രീകരിച്ചിരിക്കുന്നു എന്ന വസ്‌തുത ഓർക്കുക. “നക്ഷത്രങ്ങൾ” അഭിഷിക്തരായ മേൽവിചാരകന്മാരെയാണ്‌ കുറിക്കുന്നതെങ്കിലും തത്ത്വത്തിൽ അത്‌ സഭകളിലെ എല്ലാ മേൽവിചാരകന്മാരെയും പ്രതിനിധാനം ചെയ്യുന്നു. ഉചിതമെന്നു തോന്നുന്ന ഏതുവിധത്തിലും തന്റെ കൈയിലുള്ള ഈ ‘നക്ഷത്രങ്ങളെ’ നയിക്കാൻ യേശുവിനാകും. (വെളി. 1:16, 20) മൂപ്പന്മാരുടെ സംഘങ്ങളുടെമേൽ ക്രിസ്‌തീയസഭയുടെ ശിരസ്സായ യേശുവിന്‌ പൂർണനിയന്ത്രണം ഉണ്ടെന്നാണ്‌ ഇതിന്റെ സാരം. മൂപ്പന്മാരുടെ സംഘത്തിലെ ഒരു വ്യക്തിക്ക്‌ ശരിക്കും തിരുത്തൽ ആവശ്യമാണെങ്കിൽ, ‘തീജ്വാലയ്‌ക്കു സമമായ കണ്ണുകളുള്ളവൻ’ തന്റേതായ സമയത്ത്‌ തന്റേതായ വിധത്തിൽ അതു നൽകിയിരിക്കും. (വെളി. 1:14) അതുവരെ, പരിശുദ്ധാത്മാവിനാൽ നിയമിക്കപ്പെട്ട മേൽവിചാരകന്മാർക്ക്‌ അർഹിക്കുന്ന ആദരവ്‌ നൽകാൻ നാം ബാധ്യസ്ഥരാണ്‌. കാരണം, പൗലോസ്‌ പറഞ്ഞു: “നിങ്ങളുടെ ഇടയിൽ നേതൃത്വംവഹിക്കുന്നവരെ അനുസരിച്ച്‌ അവർക്കു കീഴ്‌പെട്ടിരിക്കുവിൻ; എന്തെന്നാൽ അവർ കണക്കുബോധിപ്പിക്കേണ്ടവരാകയാൽ നിങ്ങൾക്കുവേണ്ടി ജാഗരിച്ചിരിക്കുന്നു. ഇത്‌ അവർ നെടുവീർപ്പോടെയല്ല, സന്തോഷത്തോടെ ചെയ്യാൻ ഇടവരുത്തുവിൻ; അല്ലാഞ്ഞാൽ അതു നിങ്ങൾക്കു ദോഷം ചെയ്യും.”—എബ്രാ. 13:17.

9. (എ) തിരുത്തലോ ശിക്ഷണമോ ഒരു ക്രിസ്‌ത്യാനിയുടെ മനോഭാവത്തെ പരീക്ഷിച്ചേക്കാവുന്നത്‌ എങ്ങനെ? (ബി) തിരുത്തൽ ലഭിക്കുമ്പോൾ എങ്ങനെയുള്ള പ്രതികരണമാണ്‌ ഉചിതം?

9 ഏതുതരത്തിലുള്ള ആത്മാവാണ്‌ ഒരു വ്യക്തിക്കുള്ളതെന്ന്‌ വെളിപ്പെടുന്ന മറ്റൊരു സാഹചര്യമുണ്ട്‌: ആ വ്യക്തിക്ക്‌ തിരുത്തൽ ലഭിക്കുകയോ അല്ലെങ്കിൽ സഭയിലെ അദ്ദേഹത്തിന്റെ പദവികൾ നഷ്ടമാകുകയോ ചെയ്യുമ്പോൾ. ഒരിക്കൽ, അക്രമാസക്തമായ വീഡിയോ ഗെയിമുകൾ കളിക്കുന്നതിന്റെ പേരിൽ ഒരു യുവസഹോദരനെ മൂപ്പന്മാർ നയപൂർവം ബുദ്ധിയുപദേശിക്കുകയുണ്ടായി. സങ്കടകരമെന്നു പറയട്ടെ, അദ്ദേഹം ആ ബുദ്ധിയുപദേശം സ്വീകരിച്ചില്ല. തിരുവെഴുത്തുയോഗ്യതകൾ പാലിക്കുന്നതിൽ വീഴ്‌ചവരുത്തിയതിനാൽ ശുശ്രൂഷാദാസൻ എന്ന പദവി അദ്ദേഹത്തിനു നഷ്ടമായി. (സങ്കീ. 11:5; 1 തിമൊ. 3:8-10) പിന്നീട്‌ ഈ സഹോദരൻ മൂപ്പന്മാരുടെ തീരുമാനത്തെ പരസ്യമായി വിമർശിച്ചു. മൂപ്പന്മാരെ കുറ്റപ്പെടുത്തിക്കൊണ്ട്‌ ബ്രാഞ്ച്‌ ഓഫീസിലേക്ക്‌ പല തവണ കത്ത്‌ എഴുതി; അങ്ങനെ ചെയ്യാൻ സഭയിലുള്ള മറ്റു സഹോദരങ്ങളെയും പ്രേരിപ്പിച്ചു. നമ്മുടെ പ്രവൃത്തികളെ ന്യായീകരിക്കാൻ നടത്തുന്ന ഇത്തരം ശ്രമങ്ങൾ മുഴുസഭയുടെയും സമാധാനം കെടുത്തും; ആർക്കും അതുകൊണ്ട്‌ പ്രയോജനം ഉണ്ടാകുകയുമില്ല. നാം തിരിച്ചറിഞ്ഞിട്ടില്ലാത്ത നമ്മുടെ ബലഹീനതകൾ മനസ്സിലാക്കാനുള്ള അവസരമായി തിരുത്തലുകളെ കാണുകയും അവ മനസ്സോടെ സ്വീകരിക്കുകയും ചെയ്യുന്നതല്ലേ നല്ലത്‌?—വിലാപങ്ങൾ 3:28, 29 വായിക്കുക.

10. (എ) നമുക്ക്‌ ഉണ്ടായിരിക്കേണ്ടതും നാം ഒഴിവാക്കേണ്ടതും ആയ മനോഭാവങ്ങളെക്കുറിച്ച്‌ യാക്കോബ്‌ 3:16-18 പറയുന്നത്‌ വിശദീകരിക്കുക. (ബി) “ഉയരത്തിൽനിന്നുള്ള ജ്ഞാന”ത്തിനു ചേർച്ചയിൽ പ്രവർത്തിക്കുമ്പോൾ എന്തു ഫലമുണ്ടാകും?

10 ക്രിസ്‌തീയസഭയിലുള്ളവർക്ക്‌ ഉണ്ടായിരിക്കേണ്ടതും അവർ ഒഴിവാക്കേണ്ടതും ആയ മനോഭാവങ്ങളെക്കുറിച്ച്‌ യാക്കോബ്‌ 3:16-18 വ്യക്തമായി നമുക്കു പറഞ്ഞുതരുന്നു: “അസൂയയും കലഹവും ഉള്ളിടത്ത്‌ കലക്കവും സകലവിധ തിന്മകളും ഉണ്ട്‌. ഉയരത്തിൽനിന്നുള്ള ജ്ഞാനമോ ഒന്നാമതു നിർമലമാകുന്നു; കൂടാതെ അതു സമാധാനം പ്രിയപ്പെടുന്നതും ന്യായബോധമുള്ളതും അനുസരിക്കാൻ സന്നദ്ധമായതും കരുണയും സത്‌ഫലങ്ങളും നിറഞ്ഞതുമാകുന്നു; അതു പക്ഷപാതം കാണിക്കാത്തതും കാപട്യം ഇല്ലാത്തതുമാണ്‌. സമാധാനം ഉണ്ടാക്കുന്നവർ സമാധാനത്തിൽ വിതച്ച്‌ നീതിഫലം കൊയ്യും.” “ഉയരത്തിൽനിന്നുള്ള ജ്ഞാന”ത്തിനു ചേർച്ചയിൽ നാം പ്രവർത്തിക്കുമ്പോൾ ദൈവികഗുണങ്ങൾ നമ്മിൽ രൂപപ്പെടും; സഹോദരങ്ങൾക്കിടയിൽ ഒരു നല്ല ആത്മാവ്‌ ഊട്ടിവളർത്താൻ അതു നമ്മെ സഹായിക്കും.

സഭയിൽ ആദരവിന്റെ ആത്മാവ്‌ വളർത്തുക

11. (എ) ഒരു നല്ല മനോഭാവം നിലനിറുത്തുന്നെങ്കിൽ നമുക്ക്‌ എന്ത്‌ ഒഴിവാക്കാം? (ബി) ദാവീദിന്റെ ദൃഷ്ടാന്തം നമ്മെ എന്തു പഠിപ്പിക്കുന്നു?

11 ഓർക്കുക: “തന്റെ സഭയെ മേയ്‌ക്കാൻ” മൂപ്പന്മാരെ നിയമിച്ചിരിക്കുന്നത്‌ യഹോവയാണ്‌. (പ്രവൃ. 20:28; 1 പത്രോ. 5:2) അതുകൊണ്ട്‌, ദൈവത്തിന്റെ ക്രമീകരണത്തെ മാനിക്കുന്നതാണ്‌ ജ്ഞാനം, നാം മൂപ്പന്മാരാണെങ്കിലും അല്ലെങ്കിലും. ഒരു നല്ല മനോഭാവം നിലനിറുത്തുന്നെങ്കിൽ സ്ഥാനമാനങ്ങളെക്കുറിച്ച്‌ പരിധികവിഞ്ഞ്‌ ചിന്തിക്കാതിരിക്കാൻ നമുക്കു കഴിയും. ദാവീദ്‌ തന്റെ രാജസ്ഥാനത്തിന്‌ ഒരു ഭീഷണിയാണെന്ന്‌ ഇസ്രായേലിലെ രാജാവായ ശൗൽ ചിന്തിക്കാൻ തുടങ്ങിയതോടെ അവനു “ദാവീദിനോടു കണ്ണുകടി തുടങ്ങി.” (1 ശമൂ. 18:9) ശൗലിന്റെ ആത്മാവ്‌ ദുഷിച്ചതായിത്തീർന്നു; അവൻ ദാവീദിനെ കൊല്ലാൻപോലും മുതിർന്നു. സ്ഥാനമാനങ്ങളെക്കുറിച്ച്‌ അതിരുകടന്നു ചിന്തിച്ച ശൗലിനെപ്പോലെയാകാതെ നമുക്കു ദാവീദിന്റെ മനോഭാവം ഉള്ളവരായിരിക്കാം. ഒന്നിനു പുറകെ ഒന്നായി അന്യായങ്ങൾ സഹിക്കേണ്ടിവന്നിട്ടും യുവാവായ ദാവീദ്‌ ദൈവം അധികാരപ്പെടുത്തിയ രാജാവിനെ ആദരിച്ചു.—1 ശമൂവേൽ 26:23 വായിക്കുക.

12. സഭയുടെ ഐക്യം പരിരക്ഷിക്കാൻ നമുക്ക്‌ എന്തു ചെയ്യാം?

12 അഭിപ്രായവ്യത്യാസങ്ങൾ സഭയിൽ അസ്വാരസ്യങ്ങൾക്കു കാരണമായേക്കാം; മേൽവിചാരകന്മാരുടെ ഇടയിൽപ്പോലും ഇതു സംഭവിക്കാനിടയുണ്ട്‌. ഈ വിഷയത്തിൽ ബൈബിൾ ചില ഉപദേശങ്ങൾ നൽകുന്നു: “പരസ്‌പരം ബഹുമാനിക്കുന്നതിൽ മുന്നിട്ടുനിൽക്കുവിൻ;” “വിവേകികളെന്നു സ്വയം ഭാവിക്കരുത്‌.” (റോമ. 12:10, 16) നാം പറയുന്നതാണ്‌ ശരി എന്നു സ്ഥാപിക്കാൻ ശ്രമിക്കുന്നതിനു പകരം, ഒരു സാഹചര്യത്തെ കൈകാര്യം ചെയ്യാൻ പലപ്പോഴും ശരിയായ ഒന്നിലധികം വിധങ്ങളുണ്ടാകും എന്ന വസ്‌തുത മനസ്സിൽപ്പിടിക്കുക. മറ്റുള്ളവരുടെ വീക്ഷണം മനസ്സിലാക്കാൻ ശ്രമിക്കുന്നതിലൂടെ സഭയിലെ ഐക്യം പരിരക്ഷിക്കാൻ നമുക്കു കഴിയും.—ഫിലി. 4:5.

13. നമ്മുടെ അഭിപ്രായങ്ങൾ അറിയിച്ചശേഷം നാം എന്തു ചെയ്യണം, ഇക്കാര്യത്തിൽ എന്ത്‌ ബൈബിൾ മാതൃക നമുക്കുണ്ട്‌?

13 മാറ്റം വരുത്തേണ്ട ഒരു കാര്യം സഭയിലുള്ളതായി നമുക്കു തോന്നുന്നെങ്കിൽ അക്കാര്യം ചൂണ്ടിക്കാട്ടുന്നത്‌ തെറ്റാണെന്നാണോ? അല്ല. ഒന്നാം നൂറ്റാണ്ടിൽ, വളരെയേറെ വാദപ്രതിവാദത്തിനു കാരണമായ ഒരു പ്രശ്‌നമുണ്ടായി. ആ “പ്രശ്‌നവുമായി യെരുശലേമിൽ അപ്പൊസ്‌തലന്മാരുടെയും മൂപ്പന്മാരുടെയും അടുക്കൽ” പൗലോസിനെയും ബർന്നബാസിനെയും മറ്റു ചില സഹോദരന്മാരെയും അയയ്‌ക്കാൻ സഹോദരന്മാർ തീരുമാനിച്ചു. (പ്രവൃ. 15:2) അവർക്ക്‌ ഓരോരുത്തർക്കും ആ വിഷയം സംബന്ധിച്ചും അത്‌ എങ്ങനെ കൈകാര്യം ചെയ്യണം എന്നതു സംബന്ധിച്ചും അവരുടേതായ വീക്ഷണം ഉണ്ടായിരുന്നിരിക്കണം. എന്നാൽ, തങ്ങളുടെ അഭിപ്രായങ്ങൾ അറിയിക്കുകയും പരിശുദ്ധാത്മാവിന്റെ വഴിനടത്തിപ്പിൻകീഴിൽ ഭരണസംഘം ഒരു തീരുമാനം എടുക്കുകയും ചെയ്‌തശേഷം ആരും പിന്നെ സ്വന്തം അഭിപ്രായങ്ങളിൽ കടിച്ചുതൂങ്ങിയില്ല. തീരുമാനം അറിയിച്ചുകൊണ്ടുള്ള കത്ത്‌ സഭകളിൽ വായിച്ചപ്പോൾ “അവർ, തങ്ങൾക്കു ലഭിച്ച പ്രോത്സാഹനംനിമിത്തം അതിയായി സന്തോഷിച്ചു;” “വിശ്വാസത്തിൽ ഉറച്ചു.” (പ്രവൃ. 15:31; 16:4, 5) സമാനമായി ഇന്നും, ഒരു പ്രശ്‌നം ഉത്തരവാദിത്വപ്പെട്ട സഹോദരന്മാരെ അറിയിച്ചുകഴിഞ്ഞാൽ, അവർ പ്രാർഥനാപൂർവം അതു കൈകാര്യം ചെയ്യും എന്ന വിശ്വാസത്തോടെ അത്‌ അവർക്കു വിട്ടേക്കുക.

വ്യക്തിബന്ധങ്ങളിൽ നല്ല ആത്മാവ്‌ പ്രകടമാക്കുക

14. വ്യക്തിബന്ധങ്ങളുടെ കാര്യത്തിൽ നല്ല ആത്മാവുള്ളവരായിരിക്കാൻ കഴിയുന്ന ഒരു വിധം ഏതാണ്‌?

14 വ്യക്തിബന്ധങ്ങളിൽ നല്ല ആത്മാവ്‌ പ്രകടമാക്കാൻ പല അവസരങ്ങൾ നമുക്ക്‌ ഉണ്ടാകും. ഉദാഹരണത്തിന്‌, മറ്റുള്ളവർ നമ്മെ മുറിപ്പെടുത്തുമ്പോൾ ക്ഷമിക്കാൻ മനസ്സുകാണിക്കുന്നെങ്കിൽ അതു വളരെ ഗുണംചെയ്യും. ദൈവവചനം പറയുന്നു: “ഒരുവനു മറ്റൊരുവനെതിരെ പരാതിക്കു കാരണമുണ്ടായാൽത്തന്നെ അന്യോന്യം പൊറുക്കുകയും ഉദാരമായി ക്ഷമിക്കുകയും ചെയ്യുവിൻ. യഹോവ നിങ്ങളോട്‌ ഉദാരമായി ക്ഷമിച്ചതുപോലെ നിങ്ങളും ക്ഷമിക്കുവിൻ.” (കൊലോ. 3:13) “ഒരുവനു മറ്റൊരുവനെതിരെ പരാതിക്കു കാരണമുണ്ടായാൽ” എന്നു പറഞ്ഞിരിക്കുന്നതുതന്നെ, നമ്മെ അസഹ്യപ്പെടുത്തുന്നതരം പെരുമാറ്റം മറ്റുള്ളവരുടെ ഭാഗത്തുനിന്ന്‌ ഉണ്ടായേക്കാം എന്നതിന്റെ സൂചനയാണ്‌. എന്നാൽ, മറ്റുള്ളവരുടെ ചെറിയചെറിയ തെറ്റുകൾക്ക്‌ അമിതപ്രാധാന്യം നൽകി സഭയുടെ സമാധാനം ഹനിക്കുന്നതിനു പകരം യഹോവയെ അനുകരിച്ചുകൊണ്ട്‌ നമുക്ക്‌ ഉദാരമായി ക്ഷമിക്കാം, അവരോടൊത്തുചേർന്ന്‌ ദൈവത്തെ സേവിക്കുന്നതിൽ തുടരാം.

15. (എ) ക്ഷമിക്കുന്ന കാര്യത്തിൽ നമുക്ക്‌ ഇയ്യോബിൽനിന്ന്‌ എന്തു പഠിക്കാം? (ബി) പ്രസാദാത്മകമായ ഒരു മനോഭാവം ഉണ്ടായിരിക്കാൻ പ്രാർഥന സഹായിക്കുന്നത്‌ എങ്ങനെ?

15 ക്ഷമിക്കുന്ന കാര്യത്തിൽ നമുക്ക്‌ ഇയ്യോബിൽനിന്നു പഠിക്കാനാകും. ആശ്വസിപ്പിക്കാനെന്നും പറഞ്ഞ്‌ എത്തിയ മൂന്നു സുഹൃത്തുക്കൾ നിഷ്‌കരുണം അവനെ വാക്കുകളാൽ മുറിപ്പെടുത്തി. എന്നിട്ടും ഇയ്യോബ്‌ അവരോടു ക്ഷമിച്ചു. അവന്‌ അതിന്‌ എങ്ങനെ കഴിഞ്ഞു? ‘ഇയ്യോബ്‌ തന്റെ സ്‌നേഹിതന്മാർക്കുവേണ്ടി പ്രാർത്ഥിച്ചു.’ (ഇയ്യോ. 16:2; 42:10) മറ്റുള്ളവർക്കുവേണ്ടി നാം പ്രാർഥിക്കുമ്പോൾ അവരോടുള്ള നമ്മുടെ മനോഭാവം മാറാനിടയുണ്ട്‌. സഹവിശ്വാസികൾക്കെല്ലാംവേണ്ടി പ്രാർഥിക്കുന്നത്‌ ക്രിസ്‌തുവിന്റേതുപോലുള്ള ആത്മാവ്‌ വളർത്തിയെടുക്കാൻ നമ്മെ സഹായിക്കും. (യോഹ. 13:34, 35) സഹോദരന്മാർക്കുവേണ്ടി പ്രാർഥിക്കുന്നതിനു പുറമേ പരിശുദ്ധാത്മാവിന്റെ സഹായത്തിനായും നാം പ്രാർഥിക്കണം. (ലൂക്കോ. 11:13) മറ്റുള്ളവരുമായി ഇടപഴകുമ്പോൾ ക്രിസ്‌തീയഗുണങ്ങൾ പ്രകടിപ്പിക്കാൻ ദൈവാത്മാവ്‌ നമ്മെ സഹായിക്കും.—ഗലാത്യർ 5:22, 23 വായിക്കുക.

സംഘടനയിൽ നല്ലൊരു ആത്മാവുണ്ടായിരിക്കട്ടെ!

16, 17. ഏതുതരം ആത്മാവ്‌ പ്രകടമാക്കാനാണ്‌ നിങ്ങൾ തീരുമാനിച്ചിരിക്കുന്നത്‌?

16 സഭയിൽ നല്ലൊരു ആത്മാവ്‌ ഉണ്ടായിരിക്കാൻ ഓരോ സഹോദരനും സഹോദരിയും തങ്ങളാലാവുന്നതെല്ലാം ചെയ്യുന്നപക്ഷം അത്‌ എത്ര സത്‌ഫലങ്ങൾ ഉളവാക്കും! ഈ ലേഖനത്തിലെ വിവരങ്ങൾ പരിചിന്തിച്ചശേഷം നമ്മുടെ മനോഭാവം മെച്ചപ്പെടുത്താനും മറ്റുള്ളവർക്ക്‌ കൂടുതൽ പ്രോത്സാഹനം പകരുന്നവരാകാനും നാം തീരുമാനിച്ചേക്കാം. അങ്ങനെയെങ്കിൽ, എന്തു മാറ്റമാണ്‌ നാം വരുത്തേണ്ടതെന്ന്‌ അറിയാൻ ദൈവവചനത്തിന്റെ വെളിച്ചത്തിൽ ഒരു ആത്മപരിശോധന നടത്തുക. (എബ്രാ. 4:12) സ്വന്തം പ്രവൃത്തികൾ സംബന്ധിച്ച്‌ അതീവ ശ്രദ്ധാലുവായിരുന്ന പൗലോസ്‌ ഇങ്ങനെ പറഞ്ഞു: “എനിക്ക്‌ യാതൊരുതരത്തിലുള്ള കുറ്റബോധവുമില്ല. എന്നാൽ അതുകൊണ്ടു ഞാൻ നീതിമാൻ എന്നു വരുന്നില്ല. എന്നെ ശോധനചെയ്യുന്നത്‌ യഹോവയാണ്‌.”—1 കൊരി. 4:4.

17 ഉയരത്തിൽനിന്നുള്ള ജ്ഞാനം അനുസരിച്ചു പ്രവർത്തിക്കാൻ ശ്രമിക്കുകയും നമ്മെക്കുറിച്ചോ നമ്മുടെ സ്ഥാനമാനങ്ങളെക്കുറിച്ചോ പരിധിയിലധികം ചിന്തിക്കാതിരിക്കുകയും ചെയ്യുന്നെങ്കിൽ സഭയിൽ നല്ല ആത്മാവ്‌ വളർത്തുന്നതിൽ ഒരു പങ്കുവഹിക്കാൻ നമുക്കു കഴിയും. ക്ഷമിക്കാൻ മനസ്സുകാണിക്കുകയും മറ്റുള്ളവരെക്കുറിച്ച്‌ നല്ലതു ചിന്തിക്കുകയും ചെയ്‌താൽ സഹാരാധകരുമായി നമുക്ക്‌ സമാധാനബന്ധം ആസ്വദിക്കാനാകും. (ഫിലി. 4:8) ഈ കാര്യങ്ങൾ അനുവർത്തിക്കുന്നെങ്കിൽ, നാം പ്രകടമാക്കുന്ന ആത്മാവിന്മേൽ യഹോവയുടെയും യേശുവിന്റെയും അംഗീകാരം ഉണ്ടായിരിക്കും.—ഫിലേ. 25.

[അധ്യയന ചോദ്യങ്ങൾ]

[14-ാം പേജിലെ ചിത്രം]

യേശുവിന്റെ അധികാരത്തെക്കുറിച്ചു ചിന്തിക്കുന്നത്‌ ബുദ്ധിയുപദേശം സ്വീകരിക്കുന്ന വിധത്തെ സ്വാധീനിക്കുന്നത്‌ എങ്ങനെ?