അപ്പോസ്തലന്മാരുടെ പ്രവൃത്തികൾ 16:1-40
അടിക്കുറിപ്പുകള്
പഠനക്കുറിപ്പുകൾ
തിമൊഥെയൊസ്: ബൈബിളിൽ ആദ്യമായി തിമൊഥെയൊസിനെക്കുറിച്ച് പറഞ്ഞിരിക്കുന്നത് ഇവിടെയാണ്. “ദൈവത്തെ ആദരിക്കുന്നവൻ” എന്നാണ് അദ്ദേഹത്തിന്റെ ഗ്രീക്കുപേരിന്റെ അർഥം. തിമൊഥെയൊസ് ഒരു ക്രിസ്ത്യാനിയായത് എപ്പോഴാണെന്നു കൃത്യമായി അറിയില്ല. എന്നാൽ ജൂതപശ്ചാത്തലത്തിൽനിന്ന് ക്രിസ്ത്യാനിയായിത്തീർന്ന അമ്മ യൂനീക്കയും ഒരുപക്ഷേ മുത്തശ്ശിയും (ലോവീസ്) തിമൊഥെയൊസിനെ വളരെ ചെറുപ്പംമുതലേ ജൂതന്മാരുടെ ‘വിശുദ്ധലിഖിതങ്ങളായ’ എബ്രായതിരുവെഴുത്തുകൾ പഠിപ്പിച്ചിരുന്നു. (2തിമ 1:5; 3:15) പൗലോസ് തന്റെ ഒന്നാമത്തെ മിഷനറിയാത്രയുടെ സമയത്ത് ലുസ്ത്ര സന്ദർശിച്ചപ്പോഴായിരിക്കാം യൂനീക്കയും ലോവീസും ക്രിസ്ത്യാനികളായത്. തിമൊഥെയൊസിന്റെ അപ്പൻ ഒരു ഗ്രീക്കുകാരൻ ആണെന്നു പറഞ്ഞിരിക്കുന്നത് അദ്ദേഹത്തിന്റെ പൂർവികർ ഗ്രീസിൽനിന്നുള്ളവരായതുകൊണ്ടോ അദ്ദേഹം ജൂതവംശത്തിൽപ്പെടാത്ത ഒരാളായതുകൊണ്ടോ ആയിരിക്കാം. എന്തായാലും അദ്ദേഹം ഒരു ക്രിസ്ത്യാനിയായിരുന്നിരിക്കാൻ സാധ്യതയില്ല. പൗലോസ് തന്റെ രണ്ടാം മിഷനറിയാത്രയ്ക്കിടെ, ഏതാണ്ട് എ.ഡി. 49-ന്റെ അവസാനത്തിലോ എ.ഡി. 50-ന്റെ തുടക്കത്തിലോ, തിമൊഥെയൊസിന്റെ ജന്മനാടായിരുന്നിരിക്കാൻ സാധ്യതയുള്ള ലുസ്ത്രയിലേക്കു വീണ്ടും വന്നു. അതിനോടകം ഒരു ക്രിസ്തുശിഷ്യനായിത്തീർന്നിരുന്ന തിമൊഥെയൊസിനെക്കുറിച്ച് “ലുസ്ത്രയിലും ഇക്കോന്യയിലും ഉള്ള സഹോദരന്മാർക്കു . . . വളരെ നല്ല അഭിപ്രായമായിരുന്നു.” (പ്രവൃ 16:2) ആ സമയത്ത് തിമൊഥെയൊസ് കൗമാരത്തിന്റെ അവസാനത്തിലോ 20-കളുടെ തുടക്കത്തിലോ ആയിരുന്നിരിക്കണം. കാരണം അതിനു 10-ഓ 15-ഓ വർഷത്തിനു ശേഷംപോലും പൗലോസ് തിമൊഥെയൊസിനോടു പറഞ്ഞത് “ചെറുപ്പമാണെന്ന കാരണത്താൽ ആരും നിന്നെ വില കുറച്ച് കാണാൻ അനുവദിക്കരുത്” എന്നാണ്. (1തിമ 4:12, എ.ഡി. 61-നും 64-നും ഇടയ്ക്ക് എഴുതിയതെന്നു കരുതപ്പെടുന്നു.) ആ സമയത്തുപോലും തിമൊഥെയൊസ് താരതമ്യേന ചെറുപ്പമായിരുന്നെന്ന് ഈ വാക്കുകൾ സൂചിപ്പിക്കുന്നു.
പരിച്ഛേദന ചെയ്യിച്ചു: ഒരു ക്രിസ്ത്യാനി പരിച്ഛേദനയേൽക്കേണ്ട ആവശ്യമില്ലെന്നു പൗലോസിന് അറിയാമായിരുന്നു. (പ്രവൃ 15:6-29) തിമൊഥെയൊസിന്റെ അപ്പൻ ഒരു അവിശ്വാസിയായിരുന്നതുകൊണ്ട് മകനെ പരിച്ഛേദന ചെയ്യിച്ചിട്ടില്ലായിരുന്നു. പരിച്ഛേദനയേൽക്കാതെ തിമൊഥെയൊസ് തന്റെകൂടെ പ്രസംഗപര്യടനത്തിനു വന്നാൽ അതു ചില ജൂതന്മാരെ അസ്വസ്ഥരാക്കിയേക്കാമെന്നും അതു പ്രസംഗപ്രവർത്തനത്തിന് ഒരു തടസ്സമായേക്കാമെന്നും പൗലോസ് മനസ്സിലാക്കി. അതുകൊണ്ടാണു തിമൊഥെയൊസിനോടു വേദനാകരമായ ഈ ശസ്ത്രക്രിയയ്ക്കു വിധേയനാകാൻ പൗലോസ് ആവശ്യപ്പെട്ടത്. വാസ്തവത്തിൽ, “ജൂതന്മാരെ നേടാൻവേണ്ടി ജൂതന്മാർക്കു ഞാൻ ജൂതനെപ്പോലെയായി” എന്നു പൗലോസുതന്നെ പിൽക്കാലത്ത് കൊരിന്തിലുള്ളവർക്ക് എഴുതിയതിനു ചേർച്ചയിൽ പ്രവർത്തിക്കുകയായിരുന്നു അവർ ഇവിടെ.—1കൊ 9:20.
യരുശലേമിലെ അപ്പോസ്തലന്മാരും മൂപ്പന്മാരും: പ്രവൃ 15:2-ന്റെ പഠനക്കുറിപ്പിൽ പറഞ്ഞിരിക്കുന്നതുപോലെ, പുരാതന ഇസ്രായേൽ രാഷ്ട്രത്തിലെ ഉത്തരവാദിത്വസ്ഥാനങ്ങൾ വഹിക്കാൻ ദേശീയതലത്തിൽ സേവിച്ചിരുന്ന ചില മൂപ്പന്മാർ ഉണ്ടായിരുന്നു. സമാനമായി ഈ വാക്യത്തിൽ പറഞ്ഞിരിക്കുന്ന അപ്പോസ്തലന്മാരും യരുശലേമിലെ മൂപ്പന്മാരും ചേർന്ന ഒരു ഭരണസംഘമാണ് എ.ഡി. ഒന്നാം നൂറ്റാണ്ടിലെ എല്ലാ ക്രിസ്തീയസഭകൾക്കും മേൽനോട്ടം വഹിച്ചിരുന്നത്. പരിച്ഛേദന സംബന്ധിച്ച പ്രശ്നം കൈകാര്യം ചെയ്തശേഷം അപ്പോസ്തലന്മാരുടെയും മൂപ്പന്മാരുടെയും ഈ സംഘം തങ്ങളുടെ തീരുമാനം സഭകളെ അറിയിച്ചു. സഭകൾ അത് ആധികാരികമായ തീരുമാനമായി അംഗീകരിക്കുകയും ചെയ്തു.
ഏഷ്യ സംസ്ഥാനം: പദാവലിയിൽ “ഏഷ്യ” കാണുക.
യേശുവിന്റെ ആത്മാവ്: തന്റെ ‘പിതാവിൽനിന്ന് ലഭിച്ച’ പരിശുദ്ധാത്മാവ് അഥവാ ചലനാത്മകശക്തി യേശു ഉപയോഗിച്ചതിനെക്കുറിച്ചാണു സാധ്യതയനുസരിച്ച് ഇവിടെ പറഞ്ഞിരിക്കുന്നത്. (പ്രവൃ 2:33) ക്രിസ്തീയസഭയുടെ തലയായ യേശു അങ്ങനെ ആ ആദ്യകാല ക്രിസ്ത്യാനികളുടെ പ്രസംഗപ്രവർത്തനത്തെ നയിക്കുകയായിരുന്നു. അവർ കൂടുതൽ ശ്രദ്ധ കൊടുക്കേണ്ടത് എവിടെയാണ് എന്നു യേശു പരിശുദ്ധാത്മാവിലൂടെ സൂചനകൾ നൽകി. ഏഷ്യ സംസ്ഥാനത്തും ബിഥുന്യ സംസ്ഥാനത്തും പ്രസംഗിക്കുന്നതിൽനിന്ന് പൗലോസിനെയും കൂടെയുള്ളവരെയും തടയാൻ യേശു ഇവിടെ ‘പരിശുദ്ധാത്മാവിനെ’ ഉപയോഗിച്ചെങ്കിലും (പ്രവൃ 16:6-10) പിന്നീട് ഈ പ്രദേശങ്ങളിൽ സന്തോഷവാർത്ത എത്തുകതന്നെ ചെയ്തു.—പ്രവൃ 18:18-21; 1പത്ര 1:1, 2.
സംസ്ഥാനത്തിലൂടെ സഞ്ചരിച്ച്: അഥവാ “സംസ്ഥാനത്തിന് അടുത്തുകൂടെ സഞ്ചരിച്ച്.” പരേർഖൊമായ് എന്ന ഗ്രീക്ക് ക്രിയാപദം ഇവിടെ സംസ്ഥാനത്തിലൂടെ സഞ്ചരിച്ച് എന്നാണു പരിഭാഷ ചെയ്തിരിക്കുന്നതെങ്കിലും ആ പദത്തിന്, മുസ്യയിൽ കടക്കാതെ, അതിന് അടുത്തുകൂടെ പോകുന്നതിനെയും അർഥമാക്കാനാകും. എന്നാൽ ത്രോവാസിലെ (ഏഷ്യാമൈനറിന്റെ വടക്കുപടിഞ്ഞാറ് ഭാഗത്തുള്ള സ്ഥലം.) തുറമുഖം മുസ്യ സംസ്ഥാനത്തുതന്നെയായിരുന്നു. അതുകൊണ്ട് മുസ്യയിലൂടെ സഞ്ചരിക്കാതെ അവർക്കു ത്രോവാസിൽ എത്താൻ പറ്റില്ലായിരുന്നു. അതുകൊണ്ട് പരേർഖൊമായ് എന്ന പദം ഇവിടെ ഉപയോഗിച്ചിരിക്കുന്നത് അവർ മുസ്യയിലൂടെ കടന്നുപോയി എന്ന അർഥത്തിൽത്തന്നെയാണ്. എന്നാൽ അവർ അവിടെ താമസിക്കുകയോ അവിടെ വിപുലമായ പ്രസംഗപ്രവർത്തനം നടത്തുകയോ ചെയ്തില്ല.
മാസിഡോണിയ: പദാവലി കാണുക.
സന്തോഷവാർത്ത അറിയിക്കാൻ: പ്രവൃ 5:42-ന്റെ പഠനക്കുറിപ്പു കാണുക.
ഞങ്ങൾ: പ്രവൃത്തികളുടെ പുസ്തകത്തിൽ, പ്രവൃ 16:9 വരെ പ്രഥമപുരുഷ സർവനാമം ഉപയോഗിച്ച് മാത്രമാണു കാര്യങ്ങൾ വർണിച്ചിരിക്കുന്നത്. അതായത്, എഴുത്തുകാരനായ ലൂക്കോസ് മറ്റുള്ളവർ പറഞ്ഞതും ചെയ്തതും ആയ കാര്യങ്ങൾ മാത്രമേ അതുവരെ എഴുതിയിട്ടുള്ളൂ. എന്നാൽ പ്രവൃ 16:10-ൽ ആ ശൈലിക്ക് ഒരു മാറ്റം വരുന്നതായി കാണാം. തുടർന്നുള്ള ഭാഗത്ത് ലൂക്കോസ് തന്നെയുംകൂടെ വിവരണത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു. ഈ പുസ്തകത്തിലെ പിന്നീടുള്ള ചില വിവരണങ്ങളിലും ലൂക്കോസ് “ഞങ്ങൾ” എന്ന സർവനാമം ഉപയോഗിക്കുന്നുണ്ട്. സാധ്യതയനുസരിച്ച് ആ സംഭവങ്ങൾ നടക്കുമ്പോൾ പൗലോസിന്റെയും കൂട്ടാളികളുടെയും കൂടെ ലൂക്കോസും ഉണ്ടായിരുന്നു. (പ്രവൃ 1:1-ന്റെ പഠനക്കുറിപ്പും “പ്രവൃത്തികൾ—ആമുഖം” എന്നതും കാണുക.) ഏതാണ്ട് എ.ഡി. 50-ൽ പൗലോസ് ത്രോവാസിൽനിന്ന് ഫിലിപ്പിയിലേക്കു പോയപ്പോഴാണു ലൂക്കോസ് ആദ്യമായി പൗലോസിനെ അനുഗമിക്കുന്നത്. എന്നാൽ പൗലോസ് ഫിലിപ്പി വിട്ടപ്പോൾ ലൂക്കോസ് കൂടെയില്ലായിരുന്നു.—പ്രവൃ 16:10-17, 40; പ്രവൃ 20:5; 27:1 എന്നിവയുടെ പഠനക്കുറിപ്പുകൾ കാണുക.
ഫിലിപ്പി: ഈ നഗരം ആദ്യം അറിയപ്പെട്ടിരുന്നതു ക്രീനിഡെസ് എന്നാണ്. ഏതാണ്ട് ബി.സി. നാലാം നൂറ്റാണ്ടിന്റെ പകുതിയോടെ മാസിഡോണിലെ ഫിലിപ്പ് രണ്ടാമൻ (മഹാനായ അലക്സാണ്ടറിന്റെ പിതാവ്.) ത്രേസുകാരുടെ കൈയിൽനിന്ന് ഈ നഗരം പിടിച്ചടക്കി അതിനു തന്റെ പേര് നൽകുകയായിരുന്നു. ധാരാളം സ്വർണഖനികളുള്ള ഒരു പ്രദേശമായിരുന്നു അത്. ഫിലിപ്പിന്റെ പേരിലുള്ള സ്വർണനാണയങ്ങൾ അവിടെ പ്രചാരത്തിലുണ്ടായിരുന്നു. ഏതാണ്ട് ബി.സി. 168-ൽ റോമൻ കോൺസലായ ലൂസിയസ് ഏമിലിയസ് പൗലുസ്, അവസാനത്തെ മാസിഡോണിയൻ രാജാവായ പേർസിയസിനെ തോൽപ്പിച്ച് ഫിലിപ്പിയും ചുറ്റുമുള്ള പ്രദേശങ്ങളും കൈവശപ്പെടുത്തി. പിന്നീട് ബി.സി. 146-ൽ മാസിഡോണിയയെ മുഴുവനും ഒരൊറ്റ റോമൻ സംസ്ഥാനമായി പ്രഖ്യാപിച്ചു. ബി.സി. 42-ൽ ഒക്ടേവിയനും (ഒക്ടേവിയസ്) മാർക്ക് ആന്റണിയും ചേർന്ന് ജൂലിയസ് സീസറിന്റെ ഘാതകരായ ബ്രൂട്ടസിന്റെയും ഗായസ് കാഷിയസ്സ് ലോംഗിനസിന്റെയും സൈന്യത്തെ തോൽപ്പിച്ചത് ഫിലിപ്പി സമതലത്തിൽവെച്ചായിരുന്നു. ഈ മഹാവിജയത്തിന്റെ സ്മാരകമായി ഒക്ടേവിയൻ ഫിലിപ്പിയെ പിന്നീട് ഒരു റോമൻ കോളനിയാക്കി. കുറച്ച് വർഷങ്ങൾക്കു ശേഷം റോമൻ ഭരണസമിതി ഒക്ടേവിയനെ അഗസ്റ്റസ് എന്ന പേരിൽ സീസറായി വാഴിച്ചപ്പോൾ അദ്ദേഹം ഈ നഗരത്തിനു കൊളോണിയാ ഔഗുസ്താ യൂലിയ ഫിലിപ്പെൻസിസ് എന്ന പേര് നൽകി.
നദി: ഇതു ഫിലിപ്പിക്കു പടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന ഗാൻഗൈറ്റ്സ് നദിയാണെന്നു പല പണ്ഡിതന്മാരും അഭിപ്രായപ്പെടുന്നു. നഗരത്തിൽനിന്ന് അവിടേക്കു 2.4 കി.മീ. അഥവാ ഒരു ശബത്തുദിവസത്തെ വഴിദൂരത്തിലേറെ വരുമായിരുന്നു. ഫിലിപ്പി ഒരു സൈനികകോളനിയായിരുന്നതിനാൽ നഗരത്തിനുള്ളിൽവെച്ച് ആരാധന നടത്താൻ ജൂതന്മാർക്കു വിലക്കുണ്ടായിരുന്നിരിക്കാമെന്നും അതുകൊണ്ടായിരിക്കാം ആരാധനയ്ക്കായി കൂടിവരാൻ അവർക്ക് അത്രയും ദൂരം പോകേണ്ടിവന്നതെന്നും ചിലർ അഭിപ്രായപ്പെടുന്നു. എന്നാൽ ഇതു ലുദിയ-അരുവി എന്നു നാട്ടുകാർ വിളിക്കുന്ന, നഗരത്തോടു ചേർന്നുള്ള ക്രീനിഡെസ് എന്ന ചെറിയൊരു അരുവിയാണെന്നു മറ്റു ചിലർ അഭിപ്രായപ്പെടുന്നു. പക്ഷേ റോമാക്കാരുടെ ശവകുടീരങ്ങൾ അവിടെയുണ്ടായിരുന്നതുകൊണ്ടും അതു പൊതുജനശ്രദ്ധ ആകർഷിക്കുന്ന സ്ഥലമായിരുന്നതുകൊണ്ടും പ്രാർഥനയ്ക്കു കൂടിവരാൻ പറ്റിയ ഒരിടമല്ലായിരുന്നെന്നു ചിലർ കരുതുന്നു. ഇനി, ഇതു നവപൊലി കവാടത്തിന് പുറത്തുള്ള, ഇപ്പോൾ വരണ്ടുകിടക്കുന്ന ഒരു നീർച്ചാലാണെന്നാണു മറ്റു ചിലരുടെ പക്ഷം. പൗലോസ് ഫിലിപ്പി സന്ദർശിച്ചതിന്റെ ഓർമയ്ക്കായി എ.ഡി. നാലാം നൂറ്റാണ്ടിലോ അഞ്ചാം നൂറ്റാണ്ടിലോ പണിത പല പള്ളികളും ഈ പ്രദേശത്തുണ്ട്.
പ്രാർഥനാസ്ഥലം: ഫിലിപ്പി ഒരു സൈനികകോളനിയായിരുന്നതുകൊണ്ട് നഗരത്തിനുള്ളിൽ ഒരു സിനഗോഗ് പണിയാൻ ജൂതന്മാർക്കു വിലക്കുണ്ടായിരുന്നിരിക്കാം. അതല്ലെങ്കിൽ ആ നഗരത്തിൽ പത്തു ജൂതപുരുഷന്മാർപോലും ഉണ്ടായിരുന്നിരിക്കില്ല. ഒരു നഗരത്തിൽ സിനഗോഗ് പണിയണമെങ്കിൽ അത്രയും പുരുഷന്മാരെങ്കിലും വേണമെന്നു ജൂതപാരമ്പര്യം അനുശാസിച്ചിരുന്നു.
ലുദിയ എന്ന . . . സ്ത്രീ: ബൈബിളിൽ ലുദിയയെക്കുറിച്ച് പ്രവൃ 16:14, 15-നു പുറമേ പ്രവൃ 16:40-ൽ മാത്രമേ കാണുന്നുള്ളൂ. “ലുദിയക്കാരി സ്ത്രീ” എന്ന് അർഥമുള്ള ഒരു വിളിപ്പേരായിരുന്നു ലുദിയ എന്നു ചിലർ പറയുന്നു. എന്നാൽ അത് ആളുകൾക്കു പൊതുവേ ഇട്ടിരുന്ന ഒരു പേരായിരുന്നെന്നു ലിഖിതരേഖകൾ സൂചിപ്പിക്കുന്നുണ്ട്. ഏതാണ്ട് എ.ഡി. 50-ൽ ഫിലിപ്പിയിൽവെച്ചാണു ലുദിയയും വീട്ടുകാരും ക്രിസ്ത്യാനികളാകുന്നത്. പൗലോസിന്റെ പ്രസംഗഫലമായി യൂറോപ്പിൽ ആദ്യം ക്രിസ്ത്യാനിത്വം സ്വീകരിച്ചവരിൽ ഇവരും ഉൾപ്പെടുന്നു. ലുദിയ അവിവാഹിതയോ വിധവയോ ആയിരുന്നിരിക്കാം. എന്തായാലും ഉദാരതയുള്ളവളായിരുന്നതുകൊണ്ട് ലുദിയയ്ക്കു മിഷനറിമാരായ പൗലോസിന്റെയും ശീലാസിന്റെയും ലൂക്കോസിന്റെയും കൂടെ സമയം ചെലവഴിക്കാനും അതിന്റെ പ്രയോജനം നേടാനും കഴിഞ്ഞു.—പ്രവൃ 16:15.
പർപ്പിൾ നിറത്തിലുള്ള തുണികൾ വിൽക്കുന്ന: അഥവാ “പർപ്പിൾച്ചായം വിൽക്കുന്ന.” ലുദിയ, പർപ്പിൾ നിറത്തിലുള്ള തുണിത്തരങ്ങളും വസ്ത്രങ്ങളും ചിത്രത്തുന്നലുള്ള തുണികളും ചായവും ഒക്കെ വിറ്റിരുന്നിരിക്കാം. പടിഞ്ഞാറൻ ഏഷ്യാമൈനറിലെ ലുദിയപ്രദേശത്തുള്ള തുയഥൈര നഗരമായിരുന്നു ലുദിയയുടെ ജന്മസ്ഥലം. പർപ്പിൾ നിറത്തിലുള്ള വസ്തുക്കൾ വിറ്റിരുന്ന വ്യാപാരികളുടെ ഒരു സംഘംതന്നെ ആ നഗരത്തിലുണ്ടായിരുന്നതായി ഫിലിപ്പിയിൽനിന്ന് കണ്ടെടുത്ത ഒരു ആലേഖനം സൂചിപ്പിക്കുന്നു. തുണികൾക്കു പർപ്പിൾ നിറം പിടിപ്പിക്കുന്നതിനു ഹോമറിന്റെ കാലംമുതലേ (ബി.സി. ഒൻപതോ എട്ടോ നൂറ്റാണ്ട്.) പേരുകേട്ടവരായിരുന്നു ലുദിയയിലും സമീപപ്രദേശങ്ങളിലും ഉള്ള ആളുകൾ. ലുദിയയുടേതു നല്ല മുതൽമുടക്കുള്ള വ്യാപാരമായിരുന്നതുകൊണ്ടും പൗലോസ്, ശീലാസ്, തിമൊഥെയൊസ്, ലൂക്കോസ് എന്നീ നാലു പേരെ താമസിപ്പിക്കാൻമാത്രം വലിയൊരു വീട് ലുദിയയ്ക്ക് ഉണ്ടായിരുന്നതുകൊണ്ടും അവർ നല്ല നിലയിൽ വ്യാപാരം ചെയ്തിരുന്ന ഒരു സമ്പന്നയായിരുന്നെന്ന് അനുമാനിക്കാം. ലുദിയയുടെ ‘വീട്ടുകാർ’ എന്നു പറഞ്ഞിരിക്കുന്നത് ഒരുപക്ഷേ ലുദിയയുടെകൂടെ താമസിച്ചിരുന്ന ബന്ധുക്കളെ ഉദ്ദേശിച്ചോ ലുദിയയുടെ അടിമകളെയും ദാസന്മാരെയും ഉദ്ദേശിച്ചോ ആകാം. (പ്രവൃ 16:15) പൗലോസും ശീലാസും നഗരം വിട്ട് പോകുന്നതിനു മുമ്പ് അതിഥിപ്രിയയായ ഈ സ്ത്രീയുടെ വീട്ടിൽ ചെന്ന് ചില സഹോദരങ്ങളെ കണ്ടതായി തിരുവെഴുത്തുകൾ പറയുന്നു. ഫിലിപ്പിയിലെ ആദ്യകാല ക്രിസ്ത്യാനികൾ ഇവിടെ യോഗങ്ങൾക്കായി കൂടിവരാൻ തുടങ്ങിയിരുന്നു എന്നാണ് ഇതു സൂചിപ്പിക്കുന്നത്.—പ്രവൃ 16:40.
യഹോവ ലുദിയയുടെ ഹൃദയം തുറന്നു: ലുദിയയെ ദൈവഭക്ത എന്നു വിളിച്ചിരിക്കുന്നതിൽനിന്ന് ലുദിയ ജൂതമതത്തിലേക്കു പരിവർത്തനം ചെയ്ത ഒരാളായിരുന്നെന്ന് അനുമാനിക്കാം. (പ്രവൃ 13:43) ശബത്തുദിവസം മറ്റു സ്ത്രീകളോടൊപ്പം ലുദിയയും ഫിലിപ്പി നഗരത്തിനു പുറത്തുള്ള നദിക്കരികെ ഒരു പ്രാർഥനാസ്ഥലത്ത് കൂടിവന്നു. (പ്രവൃ 16:13) ഒരുപക്ഷേ ആ നഗരത്തിൽ ജൂതന്മാരുടെ എണ്ണം കുറവായിരുന്നതുകൊണ്ട് അവിടെ ഒരു സിനഗോഗില്ലായിരുന്നിരിക്കാം. ലുദിയയുടെ ജന്മനാടായ തുയഥൈരയിൽ ധാരാളം ജൂതന്മാരും ജൂതന്മാരുടെ യോഗസ്ഥലവും ഉണ്ടായിരുന്നതുകൊണ്ട് ലുദിയ അവിടെവെച്ചുതന്നെ യഹോവയെ ആരാധിച്ചുതുടങ്ങിയിരിക്കാൻ സാധ്യതയുണ്ട്. പൗലോസ് പറഞ്ഞ കാര്യങ്ങൾ ലുദിയ ശ്രദ്ധയോടെ കേൾക്കുന്നത്, ലുദിയ ആരാധിച്ചിരുന്ന ദൈവമായ യഹോവ കണ്ടു.—അനു. സി കാണുക.
യഹോവയോടു വിശ്വസ്ത: തൊട്ടുമുമ്പത്തെ വാക്യത്തിന്റെ പഠനക്കുറിപ്പു പറയുന്നതുപോലെ ലുദിയ നേരത്തേതന്നെ ജൂതമതത്തിലേക്കു പരിവർത്തനം ചെയ്തിരുന്നതുകൊണ്ട് ലുദിയയുടെ മനസ്സിലുണ്ടായിരുന്നതു യഹോവതന്നെയാണെന്നു ന്യായമായും നിഗമനം ചെയ്യാം. പൗലോസിന്റെ പ്രസംഗത്തിൽനിന്ന് ലുദിയ യേശുക്രിസ്തുവിനെക്കുറിച്ച് ഇപ്പോൾ കേട്ടതേ ഉള്ളൂ. യേശുവിനോടുള്ള വിശ്വസ്തത തെളിയിക്കാനുള്ള അവസരമൊന്നും ലുദിയയ്ക്ക് അതുവരെ ലഭിച്ചിട്ടില്ലായിരുന്നു. അതുകൊണ്ട് താൻ ആരാധിച്ചുപോരുന്ന ദൈവമായ യഹോവയോടുള്ള വിശ്വസ്തതയെക്കുറിച്ചാണു ലുദിയ ഇവിടെ പറഞ്ഞതെന്നു ന്യായമായും അനുമാനിക്കാം.—അനു. സി കാണുക.
ഭൂതം . . . ഭാവിഫലം പറയാൻ സഹായിച്ചു: അക്ഷ. “പുതോന്റെ ആത്മാവ് സഹായിച്ചു.” ഐതിഹ്യമനുസരിച്ച് പുതോൻ എന്നതു ഗ്രീസിലെ ഡെൽഫിയിലുള്ള ക്ഷേത്രത്തെയും അവിടത്തെ പുരോഹിതനെയും സംരക്ഷിച്ചിരുന്ന ഒരു പാമ്പിന്റെ അഥവാ മഹാസർപ്പത്തിന്റെ പേരാണ്. പിൽക്കാലത്ത് പുതോൻ എന്ന ഗ്രീക്കുപദം, ഭാവി മുൻകൂട്ടിപ്പറയുന്ന ആളെയും അയാളിലൂടെ സംസാരിക്കുന്ന ആത്മാവിനെയും കുറിക്കാൻ ഉപയോഗിച്ചുതുടങ്ങി. ഈ പദം ശബ്ദവിഡംബകനെ (തന്റെ ശബ്ദം പാവയിൽനിന്നോ മറ്റോ വരുന്നതായി തോന്നിപ്പിക്കുന്നയാൾ.) കുറിക്കാൻ പിൽക്കാലത്ത് ഉപയോഗിച്ചിരുന്നെങ്കിലും ഈ വാക്യത്തിൽ, ഭാവിഫലം പറയാൻ ഒരു പെൺകുട്ടിയെ സഹായിച്ച ഭൂതത്തെ കുറിക്കാനാണ് അത് ഉപയോഗിച്ചിരിക്കുന്നത്.
ഭാവിഫലം പറയാൻ: ഭാവി മുൻകൂട്ടിപ്പറയാൻ കഴിവുണ്ടെന്നു മന്ത്രവാദികളും ജ്യോതിഷക്കാരും ഒക്കെ അവകാശപ്പെടുന്നതായി ബൈബിൾവിവരണങ്ങളിൽ കാണുന്നുണ്ട്. (ലേവ 19:31; ആവ 18:11) ഭൂതങ്ങൾ ഭാവി മുൻകൂട്ടിപ്പറയുന്നതിനെക്കുറിച്ച് ക്രിസ്തീയ ഗ്രീക്കുതിരുവെഴുത്തുകളിൽ പറഞ്ഞിരിക്കുന്നതു ഫിലിപ്പിയിലെ ഈ സംഭവത്തോടു ബന്ധപ്പെട്ട് മാത്രമാണ്. ഭൂതങ്ങൾ ദൈവത്തെയും ദൈവത്തിന്റെ ഇഷ്ടം ചെയ്യുന്നവരെയും എതിർക്കുന്നതുകൊണ്ട്, ഭാവിഫലം പറയുന്ന ഈ ഭൂതത്തെ പുറത്താക്കിയ പൗലോസിനും ശീലാസിനും കടുത്ത ഉപദ്രവം നേരിട്ടതിൽ അതിശയിക്കാനില്ല.—പ്രവൃ 16:12, 17-24.
ചന്തസ്ഥലം: അഥവാ “പൊതുചത്വരം.” ഗ്രീക്കിൽ അഗോറ. പുരാതനകാലത്ത് മധ്യപൂർവദേശത്തെയും ഗ്രീക്ക്, റോമൻ സ്വാധീനമുണ്ടായിരുന്ന പ്രദേശങ്ങളിലെയും നഗരങ്ങളിലും പട്ടണങ്ങളിലും, കച്ചവടകേന്ദ്രമായോ പൊതുജനങ്ങൾക്കു കൂടിവരാനുള്ള സ്ഥലമായോ ഉപയോഗിച്ചിരുന്ന തുറസ്സായ സ്ഥലങ്ങളെയാണ് അതു കുറിക്കുന്നത്. ഫിലിപ്പിയിലുണ്ടായ ഈ സംഭവത്തിൽനിന്ന്, ചന്തസ്ഥലങ്ങളിൽവെച്ച് ചില നീതിന്യായകാര്യങ്ങളും കൈകാര്യം ചെയ്തിരുന്നതായി മനസ്സിലാക്കാം. ഇഗ്നേഷ്യൻ പാത പോയിരുന്നതു ഫിലിപ്പി നഗരത്തിനു നടുവിലൂടെയാണെന്നും ആ പാതയ്ക്ക് ഇരുവശങ്ങളിലുമായി സാമാന്യം വലുപ്പമുള്ള ഒരു ചന്തസ്ഥലമുണ്ടായിരുന്നെന്നും ആ പ്രദേശത്തെ പുരാവസ്തുഖനനങ്ങൾ സൂചിപ്പിക്കുന്നു.—മത്ത 23:7; പ്രവൃ 17:17 എന്നിവയുടെ പഠനക്കുറിപ്പുകൾ കാണുക.
മജിസ്റ്റ്രേട്ടുമാർ: സ്ട്രാറ്റെഗൊസ് എന്ന ഗ്രീക്കുപദത്തിന്റെ ബഹുവചനരൂപമാണ് ഇവിടെ കാണുന്നത്. ഈ മജിസ്റ്റ്രേട്ടുമാർ റോമൻ കോളനിയായ ഫിലിപ്പിയിലെ ഏറ്റവും ഉന്നതപദവിയിലുള്ള ഉദ്യോഗസ്ഥരായിരുന്നെന്ന് ഇതു സൂചിപ്പിക്കുന്നു. ക്രമസമാധാനം ഉറപ്പാക്കുന്നതും സാമ്പത്തികകാര്യങ്ങൾ നോക്കിനടത്തുന്നതും നിയമലംഘകരെ വിചാരണ ചെയ്ത്, വിധി പുറപ്പെടുവിക്കുന്നതും ശിക്ഷ നടപ്പാക്കാൻ ഉത്തരവിടുന്നതും ഒക്കെ ഇവരുടെ ഉത്തരവാദിത്വങ്ങളിൽപ്പെടുമായിരുന്നു.
റോമാക്കാരായ നമ്മൾ: ഫിലിപ്പി നഗരം ഒരു റോമൻ കോളനിയായിരുന്നു. അതുകൊണ്ടുതന്നെ അവിടെ താമസിച്ചിരുന്നവർക്കു പല ആനുകൂല്യങ്ങളും ലഭിച്ചിരുന്നു. അതിൽ ഭാഗികമോ രണ്ടാം തരമോ ആയ റോമൻ പൗരത്വംപോലും ഉൾപ്പെട്ടിരുന്നിരിക്കാം. അതുകൊണ്ടായിരിക്കാം അവിടത്തുകാർക്ക് റോമിനോട് ഇത്രയേറെ മമതയുണ്ടായിരുന്നത്.—പ്രവൃ 16:12-ന്റെ പഠനക്കുറിപ്പു കാണുക.
യഹോവയുടെ വചനം: പ്രവൃ 8:25-ന്റെ പഠനക്കുറിപ്പും അനു. സി-യും കാണുക.
വൈകാതെ . . . സ്നാനമേറ്റു: ജയിലധികാരിയും അദ്ദേഹത്തിന്റെ വീട്ടിലുള്ളവരും (അതായത് കുടുംബാംഗങ്ങൾ.) ജനതകളിൽപ്പെട്ടവരായിരുന്നതുകൊണ്ട് തിരുവെഴുത്തിലെ അടിസ്ഥാനസത്യങ്ങളൊന്നും സാധ്യതയനുസരിച്ച് അവർക്ക് അറിയില്ലായിരുന്നു. “കർത്താവായ യേശുവിൽ വിശ്വസിക്കുക” എന്ന് അവരോടു പറഞ്ഞശേഷം പൗലോസും ശീലാസും “യഹോവയുടെ വചനം” വളരെ വിശദമായിത്തന്നെ അവരോടു പറഞ്ഞു എന്നതിനു സംശയമില്ല. (പ്രവൃ 16:31, 32) ഇത് അവരെ ശരിക്കും സ്വാധീനിച്ചു. കാരണം ആ രാത്രിതന്നെ അവർക്കു ‘ദൈവത്തിൽ വിശ്വാസം’ വന്നു എന്നാണു പ്രവൃ 16:34 പറയുന്നത്. അതുകൊണ്ടുതന്നെ ഒട്ടും വൈകാതെ അവർ സ്നാനമേറ്റതു തികച്ചും ഉചിതമായിരുന്നു. പൗലോസും ശീലാസും ഫിലിപ്പി വിട്ടെങ്കിലും പൗലോസിന്റെ സഞ്ചാരകൂട്ടാളിയായിരുന്ന ലൂക്കോസ് കൂടെ പോയില്ലെന്നു പ്രവൃ 16:40 സൂചിപ്പിക്കുന്നു. (പ്രവൃ 16:10-ന്റെ പഠനക്കുറിപ്പു കാണുക.) ഒരുപക്ഷേ ലൂക്കോസിനു കുറച്ച് കാലംകൂടെ ഫിലിപ്പിയിൽത്തന്നെ തുടരാനും പുതുതായി ക്രിസ്ത്യാനികളായവർക്കു കൂടുതൽ സഹായം കൊടുക്കാനും സാധിച്ചിട്ടുണ്ടാകും.
ഭടന്മാർ: ഇവിടെ കാണുന്ന റാബ്ഡൂവൊസ് എന്ന ഗ്രീക്കുപദത്തിന്റെ അക്ഷരാർഥം “ദണ്ഡ് വഹിക്കുന്നവർ” എന്നാണ്. ഒരു റോമൻ മജിസ്റ്റ്രേട്ടിന് അകമ്പടി പോകാനും അദ്ദേഹത്തിന്റെ നിർദേശങ്ങൾ നടപ്പാക്കാനും ഔദ്യോഗികമായി നിയമിക്കപ്പെട്ട സേവകരായിരുന്നു ഇവർ. ഇവരെ കുറിക്കാൻ ഉപയോഗിച്ചിരുന്ന റോമൻ പദമാണു ലിക്റ്റർ. ഈ റോമൻ ഭടന്മാരുടെ ഉത്തരവാദിത്വം ഏതാണ്ട് ഇന്നത്തെ പോലീസുകാരുടേതുപോലെയായിരുന്നെങ്കിലും അവർ എപ്പോഴും മജിസ്റ്റ്രേട്ടുമാരോടൊപ്പം അവരുടെ സേവകരായി മാത്രമാണു പോയിരുന്നത്. മജിസ്റ്റ്രേട്ടിന്റെ ആജ്ഞകൾ മാത്രം അനുസരിക്കാൻ ബാധ്യസ്ഥരായിരുന്ന ഇവർക്കു പൊതുജനത്തിന്റെ അപേക്ഷകൾ സാധിച്ചുകൊടുക്കാനുള്ള ഉത്തരവാദിത്വമില്ലായിരുന്നു.
റോമാക്കാരായ ഞങ്ങൾ: അവർ റോമൻ പൗരന്മാരാണ് എന്നാണ് ഈ വാക്കുകൾ സൂചിപ്പിച്ചത്. പൗലോസും സാധ്യതയനുസരിച്ച് ശീലാസും റോമൻ പൗരന്മാരായിരുന്നു. ഒരു റോമൻ പൗരന് എപ്പോഴും ന്യായമായ വിചാരണ ലഭിക്കാൻ അർഹതയുണ്ടെന്നും അയാളുടെ കുറ്റം തെളിയിക്കപ്പെടാതെ അയാളെ ഒരിക്കലും പരസ്യമായി ശിക്ഷിക്കരുതെന്നും റോമൻ നിയമം വ്യവസ്ഥ ചെയ്തിരുന്നു. റോമാസാമ്രാജ്യത്തിൽ എവിടെപ്പോയാലും ഒരു റോമൻ പൗരനു ചില പ്രത്യേക അവകാശങ്ങളും ആനുകൂല്യങ്ങളും ഒക്കെ ഉണ്ടായിരുന്നു. ആ സാമ്രാജ്യത്തിലെ ഓരോ സംസ്ഥാനത്തിലെയും നഗരങ്ങൾക്ക് അവയുടേതായ നിയമങ്ങളുണ്ടായിരുന്നെങ്കിലും ഒരു റോമൻ പൗരൻ എപ്പോഴും റോമൻ നിയമത്തിന്റെ കീഴിലായിരുന്നു. തനിക്ക് എതിരെ ഒരു ആരോപണമുണ്ടായാൽ, പ്രാദേശികനിയമമനുസരിച്ചുള്ള വിചാരണയ്ക്കു വിധേയനാകണോ വേണ്ടയോ എന്ന് അയാൾക്കു തീരുമാനിക്കാമായിരുന്നു. അങ്ങനെ വിചാരണ ചെയ്യപ്പെട്ടാൽപ്പോലും അയാൾക്ക് ഒരു റോമൻ കോടതിയെ സമീപിക്കാനുള്ള അവകാശമുണ്ടായിരുന്നു. വധശിക്ഷ കിട്ടിയേക്കാവുന്ന കേസുകളിൽ അയാൾക്കു വേണമെങ്കിൽ റോമൻ ചക്രവർത്തിയുടെ മുമ്പാകെ അപ്പീലിനു പോകാനും അനുവാദമുണ്ടായിരുന്നു. റോമൻ സാമ്രാജ്യത്തിൽ അങ്ങോളമിങ്ങോളം പ്രസംഗപ്രവർത്തനം നടത്തിയ ആളായിരുന്നു അപ്പോസ്തലനായ പൗലോസ്. ഒരു റോമൻ പൗരനെന്ന നിലയിൽ തനിക്കുള്ള അവകാശങ്ങൾ പൗലോസ് മൂന്നു സന്ദർഭങ്ങളിലെങ്കിലും ഉപയോഗപ്പെടുത്തിയതായി രേഖയുണ്ട്. അതിൽ ആദ്യത്തേതാണു ഫിലിപ്പിയിൽവെച്ച് നടന്ന ഈ സംഭവം. തന്നെ അടിപ്പിച്ചതിലൂടെ ഫിലിപ്പിയിലെ മജിസ്റ്റ്രേട്ടുമാർ തന്റെ അവകാശങ്ങളിൽ കൈ കടത്തിയെന്ന് അവരെ അറിയിച്ചുകൊണ്ട് ആ സന്ദർഭത്തിൽ പൗലോസ് തന്റെ അവകാശം ഉപയോഗിച്ചു.—മറ്റു രണ്ടു സന്ദർഭങ്ങളെക്കുറിച്ച് അറിയാൻ പ്രവൃ 22:25; 25:11 എന്നിവയുടെ പഠനക്കുറിപ്പുകൾ കാണുക.