വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ജീവിതപങ്കാളിയെ നഷ്ടമാകുമ്പോൾ

ജീവിതപങ്കാളിയെ നഷ്ടമാകുമ്പോൾ

ഭർത്താവ്‌ “തന്റെ ഭാര്യയെ തന്നെപ്പോലെതന്നെ സ്‌നേഹിക്കണം,” ബൈബിൾ സുവ്യക്തമായി പ്രസ്‌താവിക്കുന്നു. അതുപോലെ “ഭാര്യയോ ഭർത്താവിനെ ആഴമായി ബഹുമാനിക്കേണ്ടതുമാകുന്നു.” “ഏകദേഹമായി”ത്തീർന്നുകൊണ്ടുവേണം ഇരുവരും തങ്ങളുടെ ധർമം നിർവഹിക്കാൻ. (എഫെ. 5:33; ഉല്‌പ. 2:23, 24) കാലം കടന്നുപോകവെ, അന്യോന്യമുള്ള അവരുടെ അടുപ്പവും സ്‌നേഹവും ദൃഢബദ്ധമായിത്തീരുന്നു. അടുത്തടുത്തായി വളരുന്ന രണ്ട്‌ വൃക്ഷങ്ങളുടെ വേരുകൾപോലെയാണ്‌ അത്‌. സന്തുഷ്ടദാമ്പത്യം ആസ്വദിക്കുന്ന ദമ്പതികളുടെ ചിന്തകളും വികാരങ്ങളും പരസ്‌പരം ഇഴപിണയുന്നു.

എന്നാൽ, ഭർത്താവോ ഭാര്യയോ മരിച്ചുപോകുന്നെങ്കിലോ? ജീവിതത്തിൽ സുശക്തമായ ആ ബന്ധം മരണം തകർത്തെറിയുന്നു. അതിജീവിക്കുന്ന ഇണ ഹൃദയവേദനയിലും ഏകാന്തതയിലും, ഒരുപക്ഷേ കോപത്തിലും കുറ്റബോധത്തിലും പോലും മുങ്ങിപ്പോകുന്നു. ഡാൻയേലായുടെ കാര്യമെടുക്കുക. * അവർ 58 വർഷം വിവാഹജീവിതം ആസ്വദിച്ചു. ഇണകളെ നഷ്ടപ്പെട്ട അനേകരെ ഇക്കാലത്തിനിടെ അവർ കണ്ടിട്ടുണ്ട്‌. എന്നാൽ സ്വന്തം ഭർത്താവിന്റെ മരണശേഷം ഡാൻയേലാ ഇങ്ങനെ പറഞ്ഞു: “ഈ അനുഭവം ഞാൻ ഒരിക്കലും ഉൾക്കൊണ്ടിരുന്നില്ല. അതിലൂടെ കടന്നുപോകാതെ ഒരു വ്യക്തിക്ക്‌ അത്‌ ഒരിക്കലും മനസ്സിലാക്കാനാവില്ല.”

തീരാദുഃഖമായി തോന്നുമ്പോൾ

പ്രിയപ്പെട്ട ഇണയുടെ മരണം വരുത്തിവെക്കുന്നതിനെക്കാൾ വലിയ മനോദുഃഖം വേറെയില്ലെന്നാണ്‌ ചില ഗവേഷകരുടെ അഭിപ്രായം. വിരഹദുഃഖം പേറുന്ന അനേകരും അതിനോട്‌ യോജിക്കുന്നു. മിലിയുടെ ഭർത്താവ്‌ മരിച്ചിട്ട്‌ കുറെ വർഷങ്ങളായി. തന്റെ വൈധവ്യം വർണിച്ചുകൊണ്ട്‌ അവൾ പറയുന്നു, “ഞാൻ ഒരു വികലാംഗയായതുപോലെയാണ്‌ എനിക്കു തോന്നുന്നത്‌.” 25 വർഷം കൂടെജീവിച്ച ഇണ മരിച്ചപ്പോഴുള്ള തന്റെ മാനസികാവസ്ഥ വിവരിക്കുകയായിരുന്നു അവൾ.

ഭർത്താവ്‌ മരിച്ച്‌ വർഷങ്ങൾ കഴിഞ്ഞിട്ടും ചില സ്‌ത്രീകൾ പിന്നെയും കരയുന്നത്‌ കാണുമ്പോൾ ‘അങ്ങനെയൊരു ദുഃഖമുണ്ടോ’ എന്ന്‌ സൂസൻ ചിന്തിച്ചിട്ടുണ്ട്‌. അങ്ങനെയിരിക്കെയാണ്‌ 38 വർഷം ഒപ്പംജീവിച്ച അവളുടെ ഭർത്താവ്‌ മരിക്കുന്നത്‌. ഇന്ന്‌, 20 വർഷം കഴിഞ്ഞിട്ടും “ഓരോ ദിവസവും ഞാൻ അദ്ദേഹത്തെ ഓർക്കുന്നു” എന്ന്‌ സൂസൻ പറയുന്നു. വിരഹദുഃഖം നിമിത്തം അവൾ മിക്കവാറും കണ്ണീരൊഴുക്കാറുണ്ട്‌.

ഇണയുടെ നഷ്ടം വരുത്തിവെക്കുന്ന വേദന അതികഠിനവും നീണ്ടുനിൽക്കുന്നതും ആണെന്ന്‌ ബൈബിൾവിവരണങ്ങൾ കാണിക്കുന്നു. സാറാ മരിച്ചപ്പോൾ അവളുടെ ഭർത്താവായ അബ്രാഹാം “സാറയെക്കുറിച്ചു വിലപിച്ചു കരവാൻ വന്നു” എന്നു നാം വായിക്കുന്നു. (ഉല്‌പ. 23:1, 2) പുനരുത്ഥാനത്തിൽ വിശ്വസിച്ചിരുന്നെങ്കിലും തന്റെ പ്രിയങ്കരിയായ ഭാര്യ മരിച്ചപ്പോൾ അബ്രാഹാം അതിദുഃഖിതനായിത്തീർന്നു. (എബ്രാ. 11:17-19) അതുപോലെ, തന്റെ പ്രിയഭാര്യ റാഹേൽ മരിച്ചശേഷം യാക്കോബ്‌ അവളെ ദീർഘകാലം മനസ്സിൽ സൂക്ഷിച്ചു. അവളെപ്പറ്റിയുള്ള ആർദ്രമായ ഓർമകൾ അവൻ തന്റെ മക്കളുമായി പങ്കുവെച്ചു.—ഉല്‌പ. 44:27; 48:7.

ഈ ബൈബിൾദൃഷ്ടാന്തങ്ങൾ നൽകുന്ന പാഠം എന്താണ്‌? ഭാര്യയോ ഭർത്താവോ മരിച്ചുപോയവരുടെ വ്യഥ വളരെ വർഷങ്ങളോളം നീണ്ടുനിന്നേക്കാം. അവരുടെ കണ്ണുനീരും സങ്കടവും ഒരു ബലഹീനതയായിട്ടല്ല, പിന്നെയോ അവർക്കുണ്ടായ ഭീമമായ നഷ്ടത്തിന്റെ സ്വാഭാവികപ്രതിഫലനമായിട്ടാണ്‌ നാം കാണേണ്ടത്‌. അവർക്ക്‌ നമ്മുടെ സഹാനുഭൂതിയും പിന്തുണയും ദീർഘകാലത്തേക്ക്‌ വേണ്ടിവന്നേക്കാം.

ജീവിതത്തെ ഓരോ ദിവസമായി നേരിടുക

ഇണ മരിക്കുമ്പോൾ ഒരു വ്യക്തിയുടെ ജീവിതം, മുമ്പ്‌ ഏകാകിയായിരുന്നപ്പോഴുള്ള അവസ്ഥയിലേക്ക്‌ മടങ്ങിപ്പോകുകയാണ്‌ എന്നു പറയുന്നത്‌ ശരിയല്ല. വിവാഹജീവിതം വർഷങ്ങൾ പിന്നിടുമ്പോൾ, ഭാര്യ വിഷാദമോ നിരാശയോ അനുഭവിക്കുന്ന സമയങ്ങളിൽ അവളെ എങ്ങനെ ആശ്വസിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യാം എന്ന്‌ ഒരു ഭർത്താവ്‌ മനസ്സിലാക്കിയിട്ടുണ്ടാകും. അദ്ദേഹത്തിന്റെ വിയോഗത്തോടെ, അവളുടെ ആശ്വാസത്തിന്റെയും സ്‌നേഹത്തിന്റെയും ഉറവുകൂടെയാണ്‌ ഇല്ലാതാകുന്നത്‌. സമാനമായി, ഭർത്താവിന്റെ സന്തോഷവും ആത്മവിശ്വാസവും തനിക്ക്‌ എങ്ങനെ നിലനിറുത്താനാകുമെന്ന്‌ കാലാന്തരത്തിൽ ഭാര്യയും മനസ്സിലാക്കുന്നു. ഭർത്താവിനെ സംബന്ധിച്ചിടത്തോളം, അവളുടെ ആർദ്രമായ സ്‌പർശത്തിനും ആശ്വാസവാക്കുകൾക്കും തന്റെ കാര്യത്തിലുള്ള അവളുടെ ശ്രദ്ധയ്‌ക്കും സമംവെക്കാൻ പറ്റുന്ന മറ്റൊന്നുമുണ്ടാവില്ല. അവൾ മരിക്കുമ്പോൾ, അദ്ദേഹത്തിന്‌ ജീവിതത്തിൽ തികഞ്ഞ ശൂന്യത അനുഭവപ്പെടുന്നു. അതുകൊണ്ട്‌, ഇണയുടെ വിയോഗത്തിൽ ദുഃഖാർത്തരായ പലർക്കും ഭാവി അനിശ്ചിതത്വവും ഭയവും നിറഞ്ഞതാണ്‌. സമാധാനവും സുരക്ഷിതത്വവും കണ്ടെത്താൻ ഏത്‌ ബൈബിൾ തത്ത്വം അവരെ സഹായിക്കും?

നിങ്ങൾക്കുണ്ടായ നഷ്ടം ഓരോ ദിവസമായി നേരിടാൻ ദൈവത്തിന്‌ നിങ്ങളെ സഹായിക്കാനാകും

“നാളെയെക്കുറിച്ച്‌ ഒരിക്കലും ഉത്‌കണ്‌ഠപ്പെടരുത്‌; നാളത്തെ ദിവസത്തിന്‌ അതിന്റേതായ ഉത്‌കണ്‌ഠകൾ ഉണ്ടായിരിക്കുമല്ലോ. അതതു ദിവസത്തിന്‌ അന്നന്നത്തെ ക്ലേശങ്ങൾതന്നെ ധാരാളം.” (മത്താ. 6:34) ജീവിതത്തിലെ ഭൗതിക ആവശ്യങ്ങളോട്‌ ബന്ധപ്പെട്ടാണ്‌ യേശുവിന്റെ ഈ വാക്കുകൾ മുഖ്യമായും ബാധകമാകുന്നതെങ്കിലും, പ്രിയപ്പെട്ട ഒരാൾ മരിക്കുമ്പോൾ സാഹചര്യം തരണം ചെയ്യാനും അവ അനേകരെ സഹായിച്ചിട്ടുണ്ട്‌. ഭാര്യ മരിച്ച്‌ ഏതാനും മാസങ്ങൾക്ക്‌ ശേഷം ചാൾസ്‌ ഇങ്ങനെ എഴുതി: “മോണീക്കിനെ നഷ്ടപ്പെട്ട വേദനയിൽനിന്ന്‌ ഞാനിതുവരെ കരകയറിയിട്ടില്ല. ചിലപ്പോഴൊക്കെ എനിക്ക്‌ അത്‌ താങ്ങാനാവില്ലെന്ന്‌ തോന്നും. എങ്കിലും, ഇത്‌ തികച്ചും സ്വാഭാവികമാണെന്ന്‌ എനിക്ക്‌ അറിയാം. കാലം കടന്നുപോകുമ്പോൾ വേദന ക്രമേണ കുറഞ്ഞുവരും.”

അതെ, ‘കാലം കടന്നുപോകവെ’ ചാൾസിന്‌ സഹിഷ്‌ണുതയോടെ കാത്തിരിക്കേണ്ടിവന്നു. എന്തായിരുന്നു അദ്ദേഹത്തെ അതിന്‌ സഹായിച്ചത്‌? “യഹോവയുടെ സഹായത്താൽ ഞാൻ ദിവസങ്ങളെ ഒന്നൊന്നായി നേരിട്ടു,” അദ്ദേഹം പറയുന്നു. ചാൾസ്‌ മനഃക്ലേശത്തിൽ മുങ്ങിപ്പോയില്ല. ഒറ്റ രാത്രികൊണ്ട്‌ വേദന പൊയ്‌പ്പോയില്ലെങ്കിലും, വിഷാദം അദ്ദേഹത്തെ അടിപ്പെടുത്തിയില്ല. നിങ്ങൾക്ക്‌ ഇണയെ മരണത്തിൽ നഷ്ടപ്പെട്ടെങ്കിൽ, നഷ്ടത്തെ ഓരോ ദിവസമായി നേരിടാൻ ശ്രമിക്കുക. ഓരോ പുതിയ ദിനവും എന്തെല്ലാം സന്തോഷങ്ങളും അനുഗ്രഹങ്ങളും നമ്മെ കാത്തിരിക്കുന്നുവെന്ന്‌ വാസ്‌തവത്തിൽ നമുക്ക്‌ അറിയില്ല.

മരണം യഹോവയുടെ ആദിമോദ്ദേശ്യത്തിന്റെ ഭാഗമായിരുന്നില്ല. മറിച്ച്‌ അത്‌ “പിശാചിന്റെ പ്രവൃത്തിക”ളുടെ ഭാഗമാണ്‌. (1 യോഹ. 3:8; റോമ. 6:23) അനേകരെ അടിമത്തത്തിലും ഭഗ്നാശയിലും തളച്ചിടാൻ മരണവും അത്‌ ഉളവാക്കുന്ന ഭയവും സാത്താൻ ഉപയോഗിക്കുന്നു. (എബ്രാ. 2:14, 15) ദൈവത്തിന്റെ പുതിയ ലോകത്തിൽപ്പോലും യഥാർഥ സമാധാനവും സംതൃപ്‌തിയും കണ്ടെത്താൻ തനിക്കു കഴിയില്ലെന്ന്‌ ഒരാൾക്ക്‌ തോന്നുമ്പോൾ സാത്താൻ അങ്ങേയറ്റം സന്തോഷിക്കുന്നു. അതുകൊണ്ട്‌, ജീവിതപങ്കാളിയെ നഷ്ടമാകുമ്പോൾ ഒരാൾ അനുഭവിക്കുന്ന തീരാദുഃഖം ആദാം ചെയ്‌ത പാപത്തിന്റെയും സാത്താന്റെ കുതന്ത്രങ്ങളുടെയും ഫലമാണ്‌. (റോമ. 5:12) സാത്താന്റെ ആയുധമായ മരണത്തെ ഇല്ലാതാക്കിക്കൊണ്ട്‌, അവൻ വരുത്തിവെച്ച സകല കഷ്ടനഷ്ടങ്ങളും യഹോവ പൂർണമായി പരിഹരിക്കും. സാത്താൻ ഊട്ടിവളർത്തുന്ന ഭയത്തിൽനിന്ന്‌ വിമോചിതരാകുന്നവരുടെ കൂട്ടത്തിൽ നിങ്ങളെപ്പോലെ ഇണയെ മരണത്തിൽ നഷ്ടമായിട്ടുള്ള അനേകർ ഉൾപ്പെടും.

ഭൂമിയിൽ പുനരുത്ഥാനത്തിലേക്ക്‌ വരുന്നവരുടെ കാര്യത്തിൽ മാനുഷികബന്ധങ്ങൾ ഇന്നുള്ളതിൽനിന്ന്‌ തികച്ചും വ്യത്യസ്‌തമായിരിക്കും. ഉദാഹരണത്തിന്‌, തങ്ങളുടെ മക്കളോടും കൊച്ചുമക്കളോടും ഒപ്പം പടിപടിയായി പൂർണതയിലേക്ക്‌ പുരോഗമിക്കുന്ന, പുനരുത്ഥാനം പ്രാപിച്ച മാതാപിതാക്കളെയും മുത്തശ്ശീമുത്തശ്ശന്മാരെയും മറ്റു പൂർവികരെയും പറ്റി ചിന്തിക്കുക. വാർധക്യസഹജമായ പ്രശ്‌നങ്ങൾ അവിടെ ഉണ്ടായിരിക്കില്ല. ഇന്ന്‌ ഇളമുറക്കാർ പൂർവികരെ വീക്ഷിക്കുന്ന വിധത്തിൽനിന്ന്‌ വളരെ വ്യത്യസ്‌തമായി അവരെ വീക്ഷിക്കാൻ അന്ന്‌ അവർ പഠിക്കേണ്ടിവരില്ലേ? അത്തരം മാറ്റങ്ങൾ മാനവകുടുംബം വരുത്തുന്ന പുരോഗതിയുടെ അനിവാര്യഭാഗമായിരിക്കും എന്നതിനോട്‌ നിങ്ങൾ യോജിക്കുന്നില്ലേ?

പുനരുത്ഥാനത്തെപ്പറ്റി നമ്മുടെ മനസ്സിൽ നിരവധി ചോദ്യങ്ങൾ ഉയർന്നുവന്നേക്കാം. ഉദാഹരണത്തിന്‌, ഒന്നിൽക്കൂടുതൽ ഇണകളെ മരണത്തിൽ നഷ്ടപ്പെട്ടവരുടെ കാര്യം എന്താവും? ഒന്നാമത്തെ ഭർത്താവും രണ്ടാമത്തെ ഭർത്താവും പിന്നീട്‌ പല ഭർത്താക്കന്മാരും മരിച്ചുപോയ ഒരു സ്‌ത്രീയെക്കുറിച്ച്‌ സദൂക്യർ യേശുവിനോട്‌ ചോദിച്ചു. (ലൂക്കോ. 20:27-33) പുനരുത്ഥാനത്തിൽ വരുമ്പോൾ അവരെല്ലാംതമ്മിൽ എത്തരം ബന്ധമായിരിക്കും ഉണ്ടാകുക? നമുക്ക്‌ ഇന്ന്‌ അതിനെക്കുറിച്ച്‌ അറിയില്ല എന്നതാണ്‌ യാഥാർഥ്യം. ഉത്തരമറിയാത്ത അത്തരം ചോദ്യങ്ങളെക്കുറിച്ച്‌ ഊഹാപോഹം നടത്തുന്നതും ഉത്‌കണ്‌ഠപ്പെടുന്നതും വ്യർഥമാണ്‌. യഹോവയിൽ ആശ്രയിക്കുക എന്നതാണ്‌ ഇത്തരം സന്ദർഭങ്ങളിൽ നമുക്ക്‌ ചെയ്യാനാകുന്ന ഏകകാര്യം. ഏതായാലും ഒരു കാര്യം ഉറപ്പാണ്‌, യഹോവ ഭാവിയിൽ നമുക്കായി കരുതിവെച്ചിരിക്കുന്ന കാര്യങ്ങൾ ഒരു കാരണവശാലും ഭയഹേതുക്കളല്ല. പിന്നെയോ പ്രത്യാശയോടെ കാത്തിരിക്കാനാകുന്ന അനുഗ്രഹങ്ങളാണ്‌. അവ നമ്മുടെ നന്മയിലേ കലാശിക്കൂ.

പുനരുത്ഥാനപ്രത്യാശ—ആശ്വാസത്തിന്റെ ഒരു ഉറവ്‌

മരിച്ചുപോയ പ്രിയപ്പെട്ടവർ ജീവനിലേക്കു തിരികെവരും എന്നത്‌ ദൈവവചനത്തിലെ വ്യക്തമായ ഉപദേശങ്ങളിൽ ഒന്നാണ്‌. മുൻകാലത്തെ പുനരുത്ഥാനങ്ങളെക്കുറിച്ചുള്ള ബൈബിൾ വിവരണങ്ങൾ “സ്‌മാരകക്കല്ലറകളിലുള്ള എല്ലാവരും (യേശുവിന്റെ) ശബ്ദം കേട്ടു പുറത്തു”വരും എന്ന്‌ ഉറപ്പുനൽകുന്നു. (യോഹ. 5:28, 29) അന്ന്‌ ജീവിച്ചിരിക്കുന്നവർ, മരണത്തിന്റെ പിടിയിൽനിന്ന്‌ വിമുക്തരായവരെ കണ്ടുമുട്ടുമ്പോൾ അത്യധികം സന്തോഷിക്കും. അതേസമയം, പുനരുത്ഥാനത്തിലേക്ക്‌ വരുന്നവരുടെ ആഹ്ലാദം നമുക്കിന്ന്‌ ഊഹിക്കാൻപോലും ആവില്ല.

മരിച്ചവർ ഉയിർക്കുമ്പോൾ മുഴുഭൂമിയിലും അഭൂതപൂർവമായ ആനന്ദം അലതല്ലും. മരണത്തിന്റെ പിടിയിലായിരുന്ന കോടിക്കണക്കിന്‌ മനുഷ്യർ ജീവനിലേക്ക്‌ മടങ്ങിവരും. (മർക്കോ. 5:39-42; വെളി. 20:13) ഭാവിയിൽ അരങ്ങേറാനിരിക്കുന്ന ഈ അത്ഭുതങ്ങളെക്കുറിച്ച്‌ ധ്യാനിക്കുന്നത്‌ മരണത്തിൽ പ്രിയപ്പെട്ടവർ നഷ്ടമായ ഏവരെയും തീർച്ചയായും ആശ്വസിപ്പിക്കും.

ജീവിതത്തിലേക്കുള്ള മഹത്തായ ഈ തിരിച്ചുവരവിങ്കൽ ദുഃഖിക്കാൻ ആർക്കെങ്കിലും എന്തെങ്കിലും കാരണമുണ്ടായിരിക്കുമോ? ഒരിക്കലുമില്ല എന്ന്‌ ബൈബിൾ ഉത്തരം നൽകുന്നു. യെശയ്യാവു 25:8 പറയുന്നപ്രകാരം, യഹോവ “മരണത്തെ സദാകാലത്തേക്കും നീക്കിക്കളയും.” അതിൽ മരണത്തിന്റെ കഠോരയാതനകൾ നിർമാർജനം ചെയ്യുന്നതും ഉൾപ്പെടുന്നു. കാരണം പ്രവചനം തുടർന്ന്‌ ഇങ്ങനെ പറയുന്നു: ‘യഹോവയായ കർത്താവ്‌ സകലമുഖങ്ങളിലുംനിന്ന്‌ കണ്ണുനീർ തുടച്ചുകളയും.’ ജീവിതപങ്കാളിയെ മരണത്തിൽ നഷ്ടപ്പെട്ട്‌ ദുഃഖിച്ചുകഴിയുന്ന ഒരാളാണ്‌ നിങ്ങളെങ്കിൽ പുനരുത്ഥാനം തീർച്ചയായും നിങ്ങൾക്ക്‌ അതിരറ്റ സന്തോഷത്തിന്‌ കാരണമാകും.

ദൈവം പുതിയഭൂമിയിൽ ചെയ്യാൻപോകുന്ന എല്ലാ കാര്യങ്ങളും ഇന്ന്‌ ഒരു മനുഷ്യനും പൂർണമായി മനസ്സിലാക്കാനാവില്ല. യഹോവ പറയുന്നു: “ആകാശം ഭൂമിക്കുമീതെ ഉയർന്നിരിക്കുന്നതുപോലെ എന്റെ വഴികൾ നിങ്ങളുടെ വഴികളിലും എന്റെ വിചാരങ്ങൾ നിങ്ങളുടെ വിചാരങ്ങളിലും ഉയർന്നിരിക്കുന്നു.” (യെശ. 55:9) വരാനിരിക്കുന്ന പുനരുത്ഥാനത്തെക്കുറിച്ചുള്ള യേശുവിന്റെ വാഗ്‌ദാനം, നമുക്ക്‌ അബ്രാഹാമിനെപ്പോലെ യഹോവയിൽ ആശ്രയിക്കാനുള്ള അവസരം നൽകുന്നു. ഇന്ന്‌ ഓരോ ക്രിസ്‌ത്യാനിയെയും സംബന്ധിച്ചിടത്തോളം, ദൈവം നമ്മോടു പറഞ്ഞിരിക്കുന്ന കാര്യങ്ങൾ അനുസരിക്കുക എന്നതാണ്‌ മുഖ്യസംഗതി. അങ്ങനെ പുനരുത്ഥാനം പ്രാപിക്കുന്നവരോടൊപ്പം ‘ആ ലോകത്തിന്‌ യോഗ്യരായി ഗണിക്കപ്പെടാൻ’ നമുക്കാകും.—ലൂക്കോ. 20:35.

പ്രത്യാശയ്‌ക്കുള്ള ഒരു കാരണം

ഭാവിയെക്കുറിച്ച്‌ ആശങ്കയിൽപ്പെട്ട്‌ ഉഴലാതെ പ്രത്യാശ നട്ടുവളർത്തുക. മാനുഷികവീക്ഷണത്തിൽ ഭാവി ഇരുളടഞ്ഞതായി തോന്നിയേക്കാം. എന്നാൽ മെച്ചപ്പെട്ട അവസ്ഥകളെക്കുറിച്ചുള്ള ഒരു പ്രത്യാശയാണ്‌ യഹോവ നമുക്ക്‌ നൽകുന്നത്‌. നമ്മുടെ എല്ലാ ആവശ്യങ്ങളും ആഗ്രഹങ്ങളും യഹോവ എങ്ങനെയാണ്‌ തൃപ്‌തിപ്പെടുത്താൻ പോകുന്നതെന്ന്‌ കൃത്യമായി നമുക്കറിയില്ല. എന്നാൽ അവൻ അങ്ങനെ ചെയ്യുമെന്ന കാര്യത്തിൽ നാം ഒരിക്കലും സംശയം വെച്ചുപുലർത്തരുത്‌. അപ്പൊസ്‌തലനായ പൗലോസ്‌ ഇങ്ങനെ എഴുതി: “കാണുന്ന പ്രത്യാശയോ പ്രത്യാശയല്ല. താൻ കാണുന്നതിനായി ഒരുവൻ എന്തിനു പ്രത്യാശിക്കണം? കാണാത്തതിനായി നാം പ്രത്യാശിക്കുമ്പോൾ, അതിനായി നാം സഹിഷ്‌ണുതയോടെ കാത്തിരിക്കും.” (റോമ. 8:24, 25) ദൈവത്തിന്റെ വാഗ്‌ദാനങ്ങളിലുള്ള ശക്തമായ പ്രത്യാശ സഹിച്ചുനിൽക്കാൻ നിങ്ങളെ സഹായിക്കും. സഹിഷ്‌ണുത പ്രകടമാക്കുന്നതിലൂടെ, “നിന്റെ ഹൃദയത്തിലെ ആഗ്രഹങ്ങളെ നിനക്കു തരും” എന്ന യഹോവയുടെ വാഗ്‌ദാനം നിറവേറുന്ന ആ മഹത്തായ ഭാവി നിങ്ങൾ ആസ്വദിക്കും. അവൻ “ജീവനുള്ളതിന്നൊക്കെയും പ്രസാദംകൊണ്ടു തൃപ്‌തി”വരുത്തും.—സങ്കീ. 37:4; 145:16; ലൂക്കോ. 21:19.

ആനന്ദഭരിതമായ ഒരു ഭാവിയെക്കുറിച്ചുള്ള യഹോവയുടെ വാഗ്‌ദാനത്തിൽ വിശ്വാസമർപ്പിക്കുക

യേശുവിന്റെ മരണം ആസന്നമായപ്പോൾ അവന്റെ അപ്പൊസ്‌തലന്മാരുടെ മനംകലങ്ങി. അവൻ അവരെ ആശ്വസിപ്പിച്ചു: “നിങ്ങളുടെ ഹൃദയം കലങ്ങിപ്പോകരുത്‌. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ.” തുടർന്ന്‌ അവൻ ഇങ്ങനെ പറഞ്ഞു: “ഞാൻ നിങ്ങളെ അനാഥരായി വിടുകയില്ല. ഞാൻ നിങ്ങളുടെ അടുക്കലേക്കു വരും.” (യോഹ. 14:1-4, 18, 27) ഈ വാക്കുകൾ നൂറ്റാണ്ടുകളിലുടനീളം അവന്റെ അഭിഷിക്താനുഗാമികൾക്ക്‌ പ്രത്യാശയ്‌ക്കും സഹിഷ്‌ണുതയ്‌ക്കും ഉള്ള അടിസ്ഥാനം പ്രദാനം ചെയ്‌തു. സമാനമായി, പ്രിയപ്പെട്ടവരെ പുനരുത്ഥാനത്തിൽ സ്വാഗതംചെയ്യാൻ വാഞ്‌ഛിക്കുന്നവർക്കും നിരാശപ്പെടേണ്ടിവരികയില്ല. യഹോവയും അവന്റെ പുത്രനും അവരെ അനാഥരായി വിടുകയില്ല. നിങ്ങൾക്കത്‌ ഉറപ്പായി വിശ്വസിക്കാം!

^ പേരുകൾ മാറ്റിയിട്ടുണ്ട്‌.