മർക്കൊസ് എഴുതിയത് 5:1-43
അടിക്കുറിപ്പുകള്‍
പഠനക്കുറിപ്പുകൾ
ഗദരേനരുടെ നാട്: ഗലീലക്കടലിന്റെ അക്കരെയുള്ള (കിഴക്കുള്ള) ഒരു പ്രദേശം. കടൽത്തീരംമുതൽ, 10 കി.മീ. അകലെ ഗദരവരെ ഇതു വ്യാപിച്ചുകിടന്നിരിക്കാം. അതുകൊണ്ടായിരിക്കാം ഗദരയിൽനിന്ന് കണ്ടെടുത്ത നാണയങ്ങളിൽ മിക്കപ്പോഴും കപ്പലിന്റെ ചിത്രമുള്ളത്. എന്നാൽ സംഭവം നടന്ന സ്ഥലത്തെ മർക്കോസും ലൂക്കോസും ‘ഗരസേന്യരുടെ നാട് ’ എന്നാണു വിളിച്ചിരിക്കുന്നത്. (മർ 5:1-ന്റെ പഠനക്കുറിപ്പു കാണുക.) ഇതിൽ ഒരു പ്രദേശത്തിന്റെ കുറച്ച് ഭാഗം മറ്റേതിന്റെ അതിർത്തിക്കുള്ളിലേക്കു വ്യാപിച്ചുകിടന്നിരുന്നതാകാം ഇതിനു കാരണം.—അനു. എ7-ലെ, “ഗലീലക്കടൽത്തീരത്തെ പ്രവർത്തനം” എന്ന ഭൂപടം 3ബി-യും അനു. ബി10-ഉം കാണുക.
ഗരസേന്യർ: ഈ സംഭവം വിവരിക്കുന്ന സമാന്തരവിവരണങ്ങളിൽ (മത്ത 8:28-34; മർ 5:1-20; ലൂക്ക 8:26-39) ഈ പേര് ഒരുപോലെയല്ല കാണുന്നത്. ഇനി ഒരേ സുവിശേഷവിവരണത്തിന്റെതന്നെ പുരാതന കൈയെഴുത്തുപ്രതികൾ തമ്മിലും ഈ വ്യത്യാസമുണ്ട്. ലഭ്യമായിരിക്കുന്ന ഏറ്റവും വിശ്വസനീയമായ കൈയെഴുത്തുപ്രതികളനുസരിച്ച്, മത്തായി ഉപയോഗിച്ചതു ‘ഗദരേന്യർ’ എന്ന പദവും മർക്കോസും ലൂക്കോസും ഉപയോഗിച്ചതു ‘ഗരസേന്യർ’ എന്ന പദവും ആണ്. എന്നാൽ ഇതേ വാക്യത്തിലെ ഗരസേന്യരുടെ നാട് എന്നതിന്റെ പഠനക്കുറിപ്പു നോക്കിയാൽ ഈ രണ്ടു പദങ്ങളും ഏതാണ്ട് ഒരേ പ്രദേശത്തെയാണു കുറിക്കുന്നതെന്നു മനസ്സിലാക്കാം.
ഗരസേന്യരുടെ നാട്: ഗലീലക്കടലിന്റെ അക്കരെയുള്ള (കിഴക്കുള്ള) ഒരു പ്രദേശം. ഈ പ്രദേശത്തിന്റെ കൃത്യമായ അതിർത്തിയോ ഇതു ശരിക്കും എവിടെയായിരുന്നെന്നോ ഇന്നു നിശ്ചയമില്ല. ഗലീലക്കടലിന്റെ കിഴക്കേ തീരത്തുള്ള, കിഴുക്കാംതൂക്കായ ഭാഗത്തോടു ചേർന്നുകിടക്കുന്ന കുർസിക്കു ചുറ്റുമുള്ള പ്രദേശമാണു ‘ഗരസേന്യരുടെ നാട് ’ എന്നു ചിലർ കരുതുന്നു. എന്നാൽ ഗലീലക്കടലിന് 55 കി.മീ. തെക്കുകിഴക്കായി സ്ഥിതിചെയ്യുന്ന ജരസ (ജരാഷ്) നഗരത്തിനു ചുറ്റും വ്യാപിച്ചുകിടക്കുന്ന ഒരു വലിയ ജില്ലയായിരുന്നു ഇതെന്നാണു മറ്റു ചിലരുടെ അഭിപ്രായം. എന്നാൽ മത്ത 8:28-ൽ ഇതിനെ ‘ഗദരേനരുടെ നാട് ’ എന്നാണു വിളിച്ചിരിക്കുന്നത്. (ഈ വാക്യത്തിലെ ഗരസേന്യർ എന്നതിന്റെ പഠനക്കുറിപ്പും മത്ത 8:28-ന്റെ പഠനക്കുറിപ്പും കാണുക.) ഇത്തരത്തിൽ വ്യത്യസ്‌തമായ പേരുകൾ കാണുന്നുണ്ടെങ്കിലും അവ പൊതുവിൽ ഗലീലക്കടലിന്റെ കിഴക്കേ തീരത്തുള്ള മേഖലയെത്തന്നെയാണു കുറിക്കുന്നത്. ഒരുപക്ഷേ ഇതിൽ ഒരു പ്രദേശത്തിന്റെ കുറച്ച് ഭാഗം മറ്റേതിന്റെ അതിർത്തിക്കുള്ളിലേക്കു വ്യാപിച്ചുകിടന്നിരിക്കാം. മേൽപ്പറഞ്ഞതിൽനിന്ന് ഈ സംഭവത്തെക്കുറിച്ചുള്ള വിവരണങ്ങൾ പരസ്‌പരവിരുദ്ധമല്ല എന്നു മനസ്സിലാക്കാം.—അനു. എ7-ലെ “ഗലീലക്കടൽത്തീരത്തെ പ്രവർത്തനം” എന്ന ഭൂപടം 3ബി-യും അനു. ബി10-ഉം കാണുക.
ഒരു മനുഷ്യൻ: സുവിശേഷയെഴുത്തുകാരനായ മത്തായി (8:28) ഭൂതബാധിതരായ രണ്ടു പേരെക്കുറിച്ച് പറയുന്നുണ്ടെങ്കിലും മർക്കോസും ലൂക്കോസും (8:27) ഒരാളെക്കുറിച്ച് മാത്രമേ പറയുന്നുള്ളൂ. യേശു ആ വ്യക്തിയോടു സംസാരിച്ചതുകൊണ്ടും അയാളുടെ പ്രശ്‌നം കൂടുതൽ ഗുരുതരമായിരുന്നതുകൊണ്ടും ആയിരിക്കാം മർക്കോസും ലൂക്കോസും ഒരാളെക്കുറിച്ച് മാത്രം പറഞ്ഞിരിക്കുന്നത്. സാധ്യതയനുസരിച്ച് ആ മനുഷ്യൻ കൂടുതൽ അക്രമാസക്തനും മറ്റേ വ്യക്തിയെക്കാൾ കൂടുതൽ കാലം ഭൂതബാധയാൽ വലഞ്ഞിരുന്നയാളും ആയിരുന്നിരിക്കാം. ഇനി, ഒരുപക്ഷേ അവർ രണ്ടു പേരും സൗഖ്യമായെങ്കിലും ഇയാൾ മാത്രമായിരിക്കാം യേശുവിനെ അനുഗമിക്കാൻ തയ്യാറായത്.—മർ 5:18-20.
ശവക്കല്ലറകൾ: മത്ത 8:28-ന്റെ പഠനക്കുറിപ്പു കാണുക.
ശവക്കല്ലറകൾ: അഥവാ “സ്മാരകക്കല്ലറകൾ.” (പദാവലിയിൽ “സ്മാരകക്കല്ലറ” കാണുക.) തെളിവനുസരിച്ച് ഈ കല്ലറകൾ, പാറ തുരന്നുണ്ടാക്കിയ ഗുഹകളോ അറകളോ ആയിരുന്നിരിക്കാം. സാധാരണയായി നഗരങ്ങൾക്കു പുറത്തായിരുന്നു ഇവയുടെ സ്ഥാനം. ശ്മശാനങ്ങൾ തങ്ങളെ ആചാരപരമായി അശുദ്ധരാക്കും എന്നതുകൊണ്ട് ജൂതന്മാർ ഇത്തരം സ്ഥലങ്ങൾ ഒഴിവാക്കിയിരുന്നു. അതുകൊണ്ടുതന്നെ മാനസികനില തെറ്റിയവരും ഭൂതബാധിതരും മറ്റും ഇവിടങ്ങളിൽ സ്വൈരവിഹാരം നടത്തിയിരുന്നു.
അങ്ങ് എന്തിനാണ് എന്റെ കാര്യത്തിൽ ഇടപെടുന്നത്?: അഥവാ “എനിക്കും അങ്ങയ്‌ക്കും പൊതുവായിട്ട് എന്താണുള്ളത്?” ഈ ചോദ്യത്തിന്റെ പദാനുപദപരിഭാഷ, “എനിക്കും അങ്ങയ്‌ക്കും എന്ത് ” എന്നാണ്. ഈ സെമിറ്റിക്ക് ഭാഷാശൈലി എബ്രായതിരുവെഴുത്തുകളിൽ പലയിടത്തും കാണാം. (ന്യായ 11:12, അടിക്കുറിപ്പ്; യോശ 22:24; 2ശമു 16:10; 19:22; 1രാജ 17:18; 2രാജ 3:13; 2ദിന 35:21; ഹോശ 14:8) ഇതേ അർഥംവരുന്ന ഗ്രീക്കുപദപ്രയോഗം ഗ്രീക്കുതിരുവെഴുത്തുകളിലുമുണ്ട്. (മത്ത 8:29; മർ 1:24; 5:7; ലൂക്ക 4:34; 8:28; യോഹ 2:4) സന്ദർഭമനുസരിച്ച് ഈ ശൈലിയുടെ അർഥത്തിനു കുറച്ചൊക്കെ മാറ്റം വരാം. ഈ വാക്യത്തിൽ (മർ 5:7) ഇത് എതിർപ്പിനെയും വിരോധത്തെയും ആണ് സൂചിപ്പിക്കുന്നത്. അതുകൊണ്ട് ഇതിനെ, “എന്നെ ശല്യപ്പെടുത്തരുത്!” എന്നോ “എന്നെ വെറുതേ വിടൂ!” എന്നോ പരിഭാഷപ്പെടുത്താമെന്നു ചിലർ അഭിപ്രായപ്പെടുന്നു. മറ്റു സന്ദർഭങ്ങളിൽ ഈ പദപ്രയോഗം, കാഴ്‌ചപ്പാടിലോ അഭിപ്രായത്തിലോ ഉള്ള വ്യത്യാസത്തെ സൂചിപ്പിക്കാനോ നിർദേശിച്ച ഒരു കാര്യം ചെയ്യാനുള്ള വിസമ്മതത്തെ സൂചിപ്പിക്കാനോ ഉപയോഗിച്ചിട്ടുണ്ട്. എന്നാൽ അത് അവശ്യം പുച്ഛമോ അഹങ്കാരമോ എതിർപ്പോ ധ്വനിപ്പിക്കണമെന്നില്ല.—യോഹ 2:4-ന്റെ പഠനക്കുറിപ്പു കാണുക.
എന്നെ ഉപദ്രവിക്കില്ലെന്ന്: ഇതിനോടു ബന്ധപ്പെട്ട ഒരു ഗ്രീക്കുപദമാണു മത്ത 18:34-ൽ ‘ജയിലധികാരികൾ’ എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്നത്. അതുകൊണ്ട് ഇവിടെ ഉപയോഗിച്ചിരിക്കുന്ന ‘ഉപദ്രവിക്കുക’ എന്ന പദം, ലൂക്ക 8:31-ലെ സമാന്തരവിവരണത്തിൽ കാണുന്ന ‘അഗാധത്തിൽ’ അടയ്‌ക്കുന്നതിനെ അഥവാ തളച്ചിടുന്നതിനെ ആയിരിക്കാം കുറിക്കുന്നത്.
ലഗ്യോൻ: റോമൻ സൈന്യത്തിന്റെ മുഖ്യവിഭാഗം. എ.ഡി. ഒന്നാം നൂറ്റാണ്ടിൽ ഒരു ലഗ്യോനിൽ പൊതുവേ 6,000-ത്തോളം പടയാളികളുണ്ടായിരുന്നു. ഇവിടെ കാണുന്ന “12 ലഗ്യോൻ” എന്ന പ്രയോഗം സാധ്യതയനുസരിച്ച് ക്ലിപ്തമല്ലാത്ത, വലിയൊരു സംഖ്യയെയാണു കുറിക്കുന്നത്. താൻ ചോദിച്ചാൽ തന്നെ സംരക്ഷിക്കാനായി പിതാവ് ആവശ്യത്തിലധികം ദൂതന്മാരെ അയയ്‌ക്കും എന്നാണു യേശു ഇവിടെ പറയുന്നത്.
ലഗ്യോൻ: സാധ്യതയനുസരിച്ച് ഇതു ഭൂതബാധിതനായ ആ മനുഷ്യന്റെ യഥാർഥപേരായിരുന്നില്ല, മറിച്ച് അയാളെ അനേകം ഭൂതങ്ങൾ ബാധിച്ചിരുന്നു എന്നതിന്റെ സൂചനയായിരുന്നിരിക്കാം. ആ ഭൂതങ്ങളുടെ തലവനായിരിക്കാം അയാളെക്കൊണ്ട് തന്റെ പേര് ലഗ്യോൻ എന്നാണെന്നു പറയിച്ചത്. എ.ഡി. ഒന്നാം നൂറ്റാണ്ടിൽ ഒരു റോമൻ ലഗ്യോനിൽ പൊതുവേ 6,000-ത്തോളം പടയാളികളുണ്ടായിരുന്നതുകൊണ്ട് സാധ്യതയനുസരിച്ച് ഭൂതങ്ങളുടെ ഒരു വലിയ കൂട്ടംതന്നെ ആ വ്യക്തിയെ ബാധിച്ചിരുന്നു എന്നു നമുക്ക് അനുമാനിക്കാം.—മത്ത 26:53-ന്റെ പഠനക്കുറിപ്പു കാണുക.
പന്നിക്കൂട്ടം: മോശയിലൂടെ കൊടുത്ത നിയമമനുസരിച്ച് പന്നി ഒരു അശുദ്ധമൃഗമായിരുന്നു. (ലേവ 11:7) എന്നാൽ ജൂതന്മാരല്ലാത്തവർ ധാരാളമായി താമസിച്ചിരുന്ന ദക്കപ്പൊലി പ്രദേശത്ത് പന്നിയിറച്ചി വിൽക്കുന്ന ഒരു ചന്തയുണ്ടായിരുന്നു. ഗ്രീക്കുകാരും റോമാക്കാരും പന്നിയിറച്ചി ഒരു വിശിഷ്ടവിഭവമായാണു കണ്ടിരുന്നത്. പന്നികളെ മേയ്‌ച്ചിരുന്നവർ, മോശയിലൂടെ കൊടുത്ത നിയമം അവഗണിച്ച ജൂതന്മാരായിരുന്നോ എന്നു വിവരണം വ്യക്തമാക്കുന്നില്ല.—മർ 5:14.
വീട്ടുകാരുടെ അടുത്തേക്കു പോയി . . . പറയുക: തന്റെ അത്ഭുതങ്ങൾ പരസ്യമാക്കരുതെന്നു സാധാരണ പറയാറുള്ള യേശു (മർ 1:44; 3:12; 7:36) ഇത്തവണ പക്ഷേ, നടന്നതെല്ലാം വീട്ടുകാരോടു പറയാനാണ് ഈ മനുഷ്യനോട് ആവശ്യപ്പെട്ടത്. എന്തുകൊണ്ട്? യേശുവിനോട് ആ പ്രദേശം വിട്ടുപോകാൻ ആവശ്യപ്പെട്ടിരുന്നതുകൊണ്ട് യേശുവിന് അവരെ നേരിട്ട് കണ്ട് സംസാരിക്കാൻ കഴിയുമായിരുന്നില്ല എന്നതായിരിക്കാം ഒരു കാരണം. ഇനി, പന്നിക്കൂട്ടം ചത്തൊടുങ്ങിയതുമായി ബന്ധപ്പെട്ട് പ്രചരിച്ചേക്കാവുന്ന കിംവദന്തികൾക്കു തടയിടാനും അത് ഉപകരിക്കുമായിരുന്നു.
യഹോവ: ഗ്രീക്ക് കൈയെഴുത്തുപ്രതികളിൽ ഈ ഭാഗത്ത് കിരിയോസ് (കർത്താവ്) എന്ന പദമാണു കാണുന്നതെങ്കിലും ഇവിടെ ദൈവനാമം ഉപയോഗിക്കാൻ തക്കതായ കാരണങ്ങളുണ്ട്. കിരിയോസ് എന്ന പദം ദൈവത്തെയാണു കുറിക്കുന്നതെന്നു സന്ദർഭം സൂചിപ്പിക്കുന്നു. സൗഖ്യമായ ആളോട്, ആ അത്ഭുതം ചെയ്‌തതു താനല്ല തന്റെ സ്വർഗീയപിതാവാണെന്നു പറയുകയായിരുന്നു യേശു. ഇതേ സംഭവം ലൂക്കോസ് വിവരിക്കുമ്പോൾ തെയോസ് (ദൈവം) എന്ന ഗ്രീക്കുപദം ഉപയോഗിച്ചത് ഈ നിഗമനത്തെ ശരിവെക്കുന്നു. (ലൂക്ക 8:39) ഇതു ദൈവമായ യഹോവയെയാണു കുറിക്കുന്നതെന്നു മറ്റനേകം ബൈബിൾ പരിഭാഷകളും സൂചിപ്പിക്കുന്നുണ്ട്. അതിനായി ആ പരിഭാഷകൾ ഈ വാക്യത്തിലോ അതിന്റെ അടിക്കുറിപ്പുകളിലോ മാർജിനിലെ കുറിപ്പുകളിലോ യഹോവ, യാഹ്‌വെ, יהוה (യ്‌ഹ്‌വ്‌ഹ് എന്ന എബ്രായചതുരക്ഷരി), കർത്താവ് (വല്യക്ഷരത്തിൽ LORD), അദോനായ് (വല്യക്ഷരത്തിൽ ADONAI) എന്നീ പദങ്ങൾ ഉപയോഗിച്ചിട്ടുണ്ട്. അനേകം ആധികാരികഗ്രന്ഥങ്ങൾ ഇതിനെ പിന്താങ്ങുന്നുമുണ്ട്. (അനു. സി കാണുക.) കൂടാതെ, ‘നിനക്കു ചെയ്‌തുതന്ന കാര്യങ്ങൾ,’ “നിന്നോടു കാണിച്ച കരുണ” എന്നീ പദപ്രയോഗങ്ങളും ഇവിടെ പ്രസക്തമാണ്. കാരണം എബ്രായതിരുവെഴുത്തുകളിൽ മനുഷ്യരോടുള്ള യഹോവയുടെ ഇടപെടലുകളെക്കുറിച്ച് വിവരിക്കുന്നിടത്ത് ഇവയുടെ എബ്രായക്രിയാരൂപങ്ങൾ മിക്കപ്പോഴും ദൈവനാമത്തോടൊപ്പമാണു കാണുന്നത്.—ഉൽ 21:1; പുറ 13:8; ആവ 4:34; 13:17; 30:3; 1ശമു 12:7; 25:30; 2രാജ 13:23.
ദക്കപ്പൊലി: അഥവാ, “പത്തുപട്ടണപ്രദേശം.”—പദാവലിയും അനു. ബി10-ഉം കാണുക.
സിനഗോഗിന്റെ അധ്യക്ഷന്മാർ: ആർഖീ സുനഗോഗൊസ് എന്ന ഗ്രീക്കുപദത്തിന്റെ അക്ഷരാർഥം “സിനഗോഗിന്റെ ഭരണാധികാരി” എന്നാണ്.—മത്ത 9:18-ന്റെ പഠനക്കുറിപ്പു കാണുക.
ഒരു പ്രമാണി: മർക്കോസിന്റെയും ലൂക്കോസിന്റെയും സമാന്തരവിവരണങ്ങളിൽ ഈ ‘പ്രമാണിയുടെ’ (ഗ്രീക്കിൽ, അർഖോൻ) പേര് യായീറൊസ് എന്നാണെന്നു പറഞ്ഞിരിക്കുന്നു. അദ്ദേഹത്തെ അവിടെ സിനഗോഗിന്റെ അധ്യക്ഷൻ എന്നാണു വിളിച്ചിരിക്കുന്നത്.—മർ 5:22; ലൂക്ക 8:41.
അസുഖം വളരെ കൂടുതലാണ്: അഥവാ “അത്യാസന്നനിലയിലാണ്.” അതായത്, മരിക്കാറായി എന്ന് അർഥം.
രക്തസ്രാവം: മത്ത 9:20-ന്റെ പഠനക്കുറിപ്പു കാണുക.
രക്തസ്രാവം: ആർത്തവരക്തസ്രാവം നിലയ്‌ക്കാത്ത ഒരു രോഗാവസ്ഥയായിരിക്കാം ഇത്. മോശയിലൂടെ കൊടുത്ത നിയമമനുസരിച്ച് ഇത് ആ സ്‌ത്രീയെ ആചാരപരമായി അശുദ്ധയാക്കി. അതുകൊണ്ടുതന്നെ അവർ മറ്റുള്ളവരെ തൊടാൻ പാടില്ലായിരുന്നു.—ലേവ 15:19-27.
മാറാരോഗം: അക്ഷ. “ചാട്ടയടി.” ഈ പദത്തിന്റെ അക്ഷരാർഥം, പലപ്പോഴും ദണ്ഡനമുറയായി ഉപയോഗിച്ചിരുന്ന ചാട്ടയടിയുടെ ഒരു രൂപത്തെയാണു കുറിക്കുന്നത്. (പ്രവൃ 22:24; എബ്ര 11:36) ഇവിടെ ആലങ്കാരികാർഥത്തിൽ ഉപയോഗിച്ചിരിക്കുന്ന ഈ പദപ്രയോഗം, അസുഖംമൂലം ആ സ്‌ത്രീക്കുണ്ടായ യാതനകളെ നന്നായി ചിത്രീകരിക്കുന്നു.
വല്ലാതെ വലച്ചിരുന്ന ആ രോഗം: അക്ഷ. “ചാട്ടയടി.”—മർ 5:34-ന്റെ പഠനക്കുറിപ്പു കാണുക.
മകളേ: യേശു ഒരു സ്‌ത്രീയെ “മകളേ“ എന്നു നേരിട്ട് വിളിച്ചതായി രേഖപ്പെടുത്തിയിരിക്കുന്ന ഒരേ ഒരു സന്ദർഭം. ആ സ്‌ത്രീയുടെ പ്രത്യേകസാഹചര്യവും മാനസികാവസ്ഥയും പരിഗണിച്ചും അതുപോലെ അവർ ‘വിറയ്‌ക്കുന്നതു’ കണ്ടിട്ടും ആയിരിക്കാം യേശു അങ്ങനെ വിളിച്ചത്. (മർ 5:33; ലൂക്ക 8:47) വാത്സല്യം തുളുമ്പുന്ന ഈ പ്രയോഗം ആ സ്‌ത്രീയോടുള്ള യേശുവിന്റെ ആർദ്രസ്‌നേഹവും കരുതലും എടുത്തുകാട്ടുന്നു. ഈ അഭിസംബോധന ആ സ്‌ത്രീയുടെ പ്രായത്തെക്കുറിച്ചുള്ള സൂചനകളൊന്നും തരുന്നില്ല.
സമാധാനത്തോടെ പൊയ്‌ക്കൊള്ളൂ: എബ്രായ, ഗ്രീക്ക് തിരുവെഴുത്തുകളിൽ പലയിടത്തും ഈ പ്രയോഗം “നല്ലതു വരട്ടെ” എന്ന അർഥത്തിലാണ് ഉപയോഗിച്ചിരിക്കുന്നത്. (ലൂക്ക 7:50; 8:48; യാക്ക 2:16; 1ശമു 1:17-ഉം 20:42-ഉം 25:35-ഉം 29:7-ഉം 2ശമു 15:9-ഉം 2രാജ 5:19-ഉം താരതമ്യം ചെയ്യുക.) മിക്കയിടങ്ങളിലും “സമാധാനം” (ഷാലോം) എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന എബ്രായപദത്തിനു വിശാലമായ അർഥമാണുള്ളത്. അതു യുദ്ധവും പ്രശ്‌നങ്ങളും ഇല്ലാത്ത ഒരു അവസ്ഥയെ കുറിക്കുന്നു. (ന്യായ 4:17; 1ശമു 7:14; സഭ 3:8) അതേ പദത്തിന് ആരോഗ്യം, സുരക്ഷിതത്വം, സുസ്ഥിതി എന്നീ ആശയങ്ങളെയും (1ശമു 25:6, അടിക്കുറിപ്പ്; 2ദിന 15:5, അടിക്കുറിപ്പ്; ഇയ്യ 5:24, അടിക്കുറിപ്പ്) ക്ഷേമത്തെയും (എസ്ഥ 10:3, അടിക്കുറിപ്പ്) സൗഹൃദത്തെയും (സങ്ക 41:9) കുറിക്കാനാകും. ഗ്രീക്കുതിരുവെഴുത്തുകളിൽ “സമാധാനം” എന്നതിനുള്ള ഗ്രീക്കുപദം (ഐറേനേ) അതിന്റെ എബ്രായപദത്തോളംതന്നെ വിശാലമായ അർഥത്തിലാണ് ഉപയോഗിച്ചിരിക്കുന്നത്. ഈ പദത്തിനും, കലഹങ്ങളില്ലാത്ത അവസ്ഥ എന്ന അർഥത്തിനു പുറമേ സുസ്ഥിതി, രക്ഷ, ഐക്യം എന്നീ ആശയങ്ങളെയും കുറിക്കാനാകും.
മാറാരോഗം: അക്ഷ. “ചാട്ടയടി.” ഈ പദത്തിന്റെ അക്ഷരാർഥം, പലപ്പോഴും ദണ്ഡനമുറയായി ഉപയോഗിച്ചിരുന്ന ചാട്ടയടിയുടെ ഒരു രൂപത്തെയാണു കുറിക്കുന്നത്. (പ്രവൃ 22:24; എബ്ര 11:36) ഇവിടെ ആലങ്കാരികാർഥത്തിൽ ഉപയോഗിച്ചിരിക്കുന്ന ഈ പദപ്രയോഗം, അസുഖംമൂലം ആ സ്‌ത്രീക്കുണ്ടായ യാതനകളെ നന്നായി ചിത്രീകരിക്കുന്നു.
വിശ്വസിച്ചാൽ മാത്രം മതി: അഥവാ, “തുടർന്നും വിശ്വാസം നിലനിറുത്തിയാൽ മാത്രം മതി.” ഇവിടെ ഉപയോഗിച്ചിരിക്കുന്ന ഗ്രീക്കുക്രിയാരൂപത്തിന് തുടർച്ചയായ പ്രവൃത്തിയെ കുറിക്കാനാകും. യേശുവിനെ കാണാൻ വന്നതുതന്നെ അദ്ദേഹത്തിനു വിശ്വാസമുള്ളതുകൊണ്ടായിരുന്നു. (മർ 5:22-24) എന്നാൽ മകൾ മരിച്ച ഈ വേളയിലും അതേ വിശ്വാസം നിലനിറുത്താനാണു യേശു അദ്ദേഹത്തെ പ്രോത്സാഹിപ്പിച്ചത്.
മരിച്ചിട്ടില്ല, ഉറങ്ങുകയാണ്: ബൈബിളിൽ പലപ്പോഴും മരണത്തെ ഉറക്കത്തോടു താരതമ്യപ്പെടുത്തിയിട്ടുണ്ട്. (സങ്ക 13:3; യോഹ 11:11-14; പ്രവൃ 7:60; 1കൊ 7:39; 15:51; 1തെസ്സ 4:13) യേശു ആ പെൺകുട്ടിക്കു വീണ്ടും ജീവൻ നൽകാനിരുന്നതുകൊണ്ടായിരിക്കാം അങ്ങനെ പറഞ്ഞത്. ഗാഢനിദ്രയിൽനിന്ന് ഒരാളെ ഉണർത്തുന്നതുപോലെ മരിച്ചവരെ ജീവനിലേക്കു കൊണ്ടുവരാനാകും എന്നു യേശു തെളിയിക്കുമായിരുന്നു. ആ പെൺകുട്ടിയെ പുനരുത്ഥാനപ്പെടുത്താനുള്ള ശക്തി, “മരിച്ചവരെ ജീവിപ്പിക്കുകയും ഇല്ലാത്തവയെ ഉള്ളവയെപ്പോലെ വിളിക്കുകയും ചെയ്യുന്ന” പിതാവിൽനിന്ന് യേശുവിനു ലഭിക്കുകയും ചെയ്‌തു.—റോമ 4:17.
എഫഥാ: യശ 35:5-ൽ, “അടഞ്ഞിരിക്കില്ല” എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന എബ്രായധാതുവിൽനിന്ന് രൂപംകൊണ്ട ഗ്രീക്കു ലിപ്യന്തരണമാണ് ഇതെന്നു ചിലർ കരുതുന്നു. യേശു ഈ പദം ഉപയോഗിച്ചത്, ആ സംഭവം നേരിട്ട് കണ്ടിരിക്കാൻ സാധ്യതയുള്ള പത്രോസിന്റെ മനസ്സിൽ മായാത്ത മുദ്ര പതിപ്പിച്ചിരിക്കാം. പത്രോസ് അത് അതേപടി മർക്കോസിനു പറഞ്ഞുകൊടുക്കുകയും ചെയ്‌തുകാണും. “തലീഥാ കൂമി” (മർ 5:41) എന്ന പദപ്രയോഗംപോലെ, യേശുവിന്റെ വാക്കുകൾ അതേപടി ഉദ്ധരിച്ചിട്ടുള്ള ചുരുക്കം ചില സന്ദർഭങ്ങളിലൊന്നാണ് ഇത്.
തലീഥാ കൂമി: യായീറോസിന്റെ മകളുടെ പുനരുത്ഥാനത്തെക്കുറിച്ച് മത്തായിയും ലൂക്കോസും പറയുന്നുണ്ടെങ്കിലും (മത്ത 9:23-26; ലൂക്ക 8:49-56) മർക്കോസ് മാത്രമാണ് യേശുവിന്റെ ഈ വാക്കുകൾ രേഖപ്പെടുത്തുകയും പരിഭാഷപ്പെടുത്തുകയും ചെയ്‌തിട്ടുള്ളത്. ഈ സെമിറ്റിക്ക് പദപ്രയോഗം ചില ഗ്രീക്ക് കൈയെഴുത്തുപ്രതികളിൽ തലീഥാ കൂം എന്നാണു കാണുന്നത്. അരമായപദങ്ങളാണ് ഇവയെന്നു ചില പണ്ഡിതന്മാർ അഭിപ്രായപ്പെടുന്നെങ്കിലും ഇവ എബ്രായയോ അരമായയോ ആകാം എന്ന അഭിപ്രായവും നിലവിലുണ്ട്.—മർ 7:34-ന്റെ പഠനക്കുറിപ്പു കാണുക.
ദൃശ്യാവിഷ്കാരം

ഗലീലക്കടലിന്റെ കിഴക്കേ തീരത്തുവെച്ചാണ് യേശു രണ്ടു പുരുഷന്മാരിൽനിന്ന് ഭൂതങ്ങളെ പുറത്താക്കി അവയെ പന്നിക്കൂട്ടത്തിലേക്ക് അയച്ചത്.