വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

യിരെമ്യാവിനെ പോലെ ധീരരായിരിക്കുക

യിരെമ്യാവിനെ പോലെ ധീരരായിരിക്കുക

യിരെമ്യാവിനെ പോലെ ധീരരായിരിക്കുക

“യഹോവയിങ്കൽ പ്രത്യാശവെക്കുക; ധൈര്യപ്പെട്ടിരിക്ക; നിന്റെ ഹൃദയം ഉറെച്ചിരിക്കട്ടെ; അതേ, യഹോവയിങ്കൽ പ്രത്യാശവെക്കുക.”​—⁠സങ്കീർത്തനം 27:⁠14.

1. യഹോവയുടെ സാക്ഷികൾ മഹത്തായ എന്ത്‌ അനുഗ്രഹം ആസ്വദിക്കുന്നു?

യഹോവയുടെ സാക്ഷികൾ ഒരു ആത്മീയ പറുദീസയിലാണു വസിക്കുന്നത്‌. (യെശയ്യാവു 11:⁠6-9) ഒരു പ്രക്ഷുബ്ധ ലോകത്തിലാണു ജീവിക്കുന്നതെങ്കിൽ പോലും കൂട്ടമെന്ന നിലയിൽ അവർ അതുല്യമായ ഒരു ആത്മീയ അന്തരീക്ഷം ആസ്വദിക്കുന്നു. അവർ എല്ലാവരും യഹോവയാം ദൈവവുമായും പരസ്‌പരവും സമാധാനബന്ധം പുലർത്തുന്നു. (സങ്കീർത്തനം 29:⁠11; യെശയ്യാവു 54:⁠13) കൂടാതെ, അവരുടെ ഈ ആത്മീയ പറുദീസ കൂടുതൽ വിസ്‌തൃതമായിക്കൊണ്ടിരിക്കുകയാണ്‌. ‘ദൈവേഷ്ടം മുഴുദേഹിയോടെ ചെയ്യുന്ന’ ഏവരും ഈ പറുദീസ വിസ്‌തൃതമാക്കുന്നതിൽ ഒരു പങ്കുവഹിക്കുന്നുണ്ട്‌. (എഫെസ്യർ 6:⁠6, NW) എങ്ങനെ? ബൈബിൾ തത്ത്വങ്ങൾക്ക്‌ അനുസൃതമായി ജീവിക്കുകയും അങ്ങനെ ചെയ്യാൻ മറ്റാളുകളെ പഠിപ്പിക്കുകയും അതുവഴി ആ പറുദീസയുടെ സമൃദ്ധമായ അനുഗ്രഹങ്ങളിൽ പങ്കുചേരാൻ അവരെ ക്ഷണിക്കുകയും ചെയ്യുന്നതിലൂടെ.​—⁠മത്തായി 28:⁠19, 20; യോഹന്നാൻ 15:⁠8.

2, 3. സത്യക്രിസ്‌ത്യാനികൾക്ക്‌ എന്തൊക്കെ സഹിക്കേണ്ടിവരുന്നു?

2 എന്നാൽ നാം ഒരു ആത്മീയ പറുദീസയിലാണു ജീവിക്കുന്നത്‌ എന്നുള്ളത്‌ നമുക്കു പരിശോധനകൾ ഉണ്ടാവുകയില്ലെന്ന്‌ അർഥമാക്കുന്നില്ല. നാം ഇപ്പോഴും അപൂർണരാണ്‌. അതുകൊണ്ടുതന്നെ രോഗത്തിന്റെയും വാർധക്യത്തിന്റെയും ആത്യന്തികമായി മരണത്തിന്റെയും കെടുതികൾ നമുക്ക്‌ അനുഭവിക്കേണ്ടിവരുന്നു. അതിലുപരി, ‘അന്ത്യകാലത്തെ’ കുറിച്ചുള്ള പ്രവചനങ്ങളുടെ നിവൃത്തിക്കു നാം സാക്ഷ്യം വഹിക്കുകയാണ്‌. (2 തിമൊഥെയൊസ്‌ 3:⁠1) യുദ്ധം, കുറ്റകൃത്യം, രോഗം, ക്ഷാമം തുടങ്ങിയവയുടെ ഫലമായി ഉണ്ടാകുന്ന കഠിനമായ ബുദ്ധിമുട്ടുകൾ എല്ലാ മനുഷ്യരെയും ബാധിക്കുന്നു. യഹോവയുടെ സാക്ഷികളും അതിൽനിന്ന്‌ ഒഴിവുള്ളവരല്ല.​—⁠മർക്കൊസ്‌ 13:⁠3-10; ലൂക്കൊസ്‌ 21:⁠10, 11.

3 ഇതിനെല്ലാം പുറമേ, നമ്മുടെ സുരക്ഷിതമായ ആത്മീയ പറുദീസയ്‌ക്കു പുറത്ത്‌ എതിർപ്പിന്റെ തീജ്വാലകൾ ആളിക്കത്തുന്നുണ്ടെന്ന്‌ നമുക്കു നന്നായി അറിയാം. യേശു തന്റെ അനുഗാമികൾക്ക്‌ ഈ മുന്നറിയിപ്പു നൽകി: “നിങ്ങൾ ലോകക്കാരായിരിക്കാതെ ഞാൻ നിങ്ങളെ ലോകത്തിൽനിന്നു തിരഞ്ഞെടുത്തതുകൊണ്ടു ലോകം നിങ്ങളെ പകെക്കുന്നു. ദാസൻ യജമാനനെക്കാൾ വലിയവനല്ല എന്നു ഞാൻ നിങ്ങളോടു പറഞ്ഞ വാക്കു ഓർപ്പിൻ. അവർ എന്നെ ഉപദ്രവിച്ചു എങ്കിൽ നിങ്ങളെയും ഉപദ്രവിക്കും.” (യോഹന്നാൻ 15:⁠18-21) ഇന്നും കാര്യങ്ങൾ വ്യത്യസ്‌തമല്ല. മിക്ക ആളുകളും ഇപ്പോഴും നമ്മുടെ ആരാധനാരീതിയെ കുറിച്ചു മനസ്സിലാക്കുകയോ അതു വിലമതിക്കുകയോ ചെയ്യുന്നില്ല. ചിലർ നമ്മെ വിമർശിക്കുകയോ പരിഹസിക്കുകയോ​—⁠യേശു മുൻകൂട്ടി പറഞ്ഞതു പോലെ പകയ്‌ക്കുക പോലുമോ​—⁠ചെയ്യുന്നു. (മത്തായി 10:⁠22) പലപ്പോഴും മാധ്യമങ്ങളിലൂടെ നമ്മെ കുറിച്ച്‌ തെറ്റായ, ഹീനമായ വിവരങ്ങൾ പ്രചരിപ്പിച്ചുകൊണ്ട്‌ എതിരാളികൾ നമ്മെ ഉപദ്രവിക്കാൻ ശ്രമിക്കുന്നു. (സങ്കീർത്തനം 109:⁠1-3) അതേ, നമ്മൾ എല്ലാവരും വെല്ലുവിളികൾ നേരിടുന്നു. തത്‌ഫലമായി നമ്മിൽ ചിലർക്കെങ്കിലും നിരുത്സാഹം തോന്നിത്തുടങ്ങിയേക്കാം. എന്നാൽ നമുക്ക്‌ എങ്ങനെ പിടിച്ചുനിൽക്കാനാകും?

4. സഹിച്ചുനിൽക്കാനുള്ള സഹായത്തിനായി നാം എങ്ങോട്ടു തിരിയുന്നു?

4 യഹോവ നമ്മെ സഹായിക്കും. “നീതിമാന്റെ അനർത്ഥങ്ങൾ അസംഖ്യമാകുന്നു; അവ എല്ലാററിൽനിന്നും യഹോവ അവനെ വിടുവിക്കുന്നു” എന്ന്‌ എഴുതാൻ സങ്കീർത്തനക്കാരൻ നിശ്വസ്‌തനാക്കപ്പെട്ടു. (സങ്കീർത്തനം 34:⁠19; 1 കൊരിന്ത്യർ 10:⁠13) യഹോവയെ പൂർണമായി ആശ്രയിക്കുന്നെങ്കിൽ ഏതു കഷ്ടപ്പാടും സഹിക്കാനുള്ള ശക്തി അവൻ തരുമെന്ന്‌ നമ്മിൽ പലർക്കും അനുഭവത്തിൽനിന്നു പറയാൻ കഴിയും. നിരുത്സാഹവും ഭയവും തരണം ചെയ്യാൻ, അവനോടുള്ള സ്‌നേഹവും നമ്മുടെ മുമ്പാകെ വെച്ചിരിക്കുന്ന സന്തോഷവും നമ്മെ സഹായിക്കുന്നു. (എബ്രായർ 12:⁠2) അങ്ങനെ, കഷ്ടതകൾ നേരിടുമ്പോഴും നാം അചഞ്ചലരായി നിലകൊള്ളുന്നു.

ദൈവവചനം യിരെമ്യാവിനെ ശക്തിപ്പെടുത്തി

5, 6. (എ) സഹിച്ചുനിൽക്കാൻ കഴിഞ്ഞ സത്യാരാധകരുടെ ഏതു ദൃഷ്ടാന്തങ്ങൾ നമുക്കുണ്ട്‌? (ബി) പ്രവാചകനായി നിയമിക്കപ്പെട്ടപ്പോൾ യിരെമ്യാവിന്റെ പ്രതികരണം എന്തായിരുന്നു?

5 ചരിത്രത്തിലുടനീളം, യഹോവയുടെ വിശ്വസ്‌ത ദാസർക്ക്‌ ദുരിതങ്ങൾക്കിടയിലും സന്തോഷം കണ്ടെത്താനായിട്ടുണ്ട്‌. അവിശ്വസ്‌തരുടെമേൽ യഹോവ തന്റെ ക്രോധം ചൊരിഞ്ഞ ന്യായവിധി സമയങ്ങളിലാണ്‌ അവരിൽ ചിലർ ജീവിച്ചിരുന്നത്‌. യിരെമ്യാവും അവന്റെ സമകാലികരിൽ ചിലരും ഒന്നാം നൂറ്റാണ്ടിലെ ക്രിസ്‌ത്യാനികളും ഈ വിശ്വസ്‌ത ആരാധകരിൽ പെടുന്നു. മാതൃകായോഗ്യരായ ഈ പുരാതന വ്യക്തികളെ കുറിച്ചു ബൈബിളിൽ രേഖപ്പെടുത്തിയിരിക്കുന്നത്‌ നമ്മുടെ പ്രോത്സാഹനത്തിനാണ്‌. അവരുടെ ജീവിതത്തിൽനിന്നു നമുക്കു പലതും പഠിക്കാൻ കഴിയും. (റോമർ 15:⁠4) ഉദാഹരണത്തിന്‌ യിരെമ്യാവിന്റെ കാര്യമെടുക്കുക.

6 ചെറുപ്രായത്തിൽത്തന്നെ യഹൂദായിൽ ഒരു പ്രവാചകനായി സേവിക്കാൻ യിരെമ്യാവിനു നിയമനം ലഭിച്ചു. എന്നാൽ അത്‌ എളുപ്പമുള്ള ഒന്നായിരുന്നില്ല. പലരും വ്യാജദൈവങ്ങളെയാണ്‌ ആരാധിച്ചിരുന്നത്‌. യിരെമ്യാവ്‌ തന്റെ ശുശ്രൂഷ തുടങ്ങിയ കാലത്ത്‌ രാജാവായിരുന്ന യോശീയാവ്‌ ദൈവത്തോടു വിശ്വസ്‌തനായിരുന്നെങ്കിലും തുടർന്നുവന്ന രാജാക്കന്മാരെല്ലാം അവിശ്വസ്‌തരായിരുന്നു. ഇതിനു പുറമേ, ആളുകളെ പ്രബോധിപ്പിക്കേണ്ട ചുമതല ഉണ്ടായിരുന്ന മിക്ക പ്രവാചകന്മാരും പുരോഹിതന്മാരും സത്യത്തിന്റെ പക്ഷത്തായിരുന്നില്ല. (യിരെമ്യാവു 1:⁠1, 2; 6:⁠13; 23:⁠11) അങ്ങനെയൊരു സാഹചര്യത്തിൽ, പ്രവാചകനായി സേവിക്കാനുള്ള നിയമനം യഹോവയിൽനിന്നു ലഭിച്ചപ്പോൾ യിരെമ്യാവിന്‌ എന്താണു തോന്നിയത്‌? ഭയം! (യിരെമ്യാവു 1:⁠8, 17) തന്റെ ആദ്യ പ്രതികരണം എന്തായിരുന്നുവെന്ന്‌ യിരെമ്യാവ്‌ രേഖപ്പെടുത്തിയിട്ടുണ്ട്‌. “അയ്യോ, യഹോവയായ കർത്താവേ, എനിക്കു സംസാരിപ്പാൻ അറിഞ്ഞുകൂടാ; ഞാൻ ബാലനല്ലോ” എന്ന്‌ അവൻ പറഞ്ഞു.​—⁠യിരെമ്യാവു 1:⁠6.

7. യിരെമ്യാവിന്‌ തന്റെ പ്രദേശത്തുനിന്ന്‌ എന്തു പ്രതികരണമാണു ലഭിച്ചത്‌, അവൻ പ്രതികരിച്ചത്‌ എങ്ങനെ?

7 യിരെമ്യാവിന്റെ പ്രദേശത്തെ ആളുകളിൽ മിക്കവരും അവന്റെ സന്ദേശത്തോട്‌ അനുകൂലമായി പ്രതികരിച്ചില്ല, പലപ്പോഴും അവനു കടുത്ത എതിർപ്പ്‌ നേരിടേണ്ടിവന്നു. ഒരിക്കൽ, പശ്‌ഹൂർ എന്ന പുരോഹിതൻ അവനെ അടിക്കുകയും ആമത്തിൽ ഇടുകയും ചെയ്‌തു. അപ്പോൾ തനിക്കുണ്ടായ വികാരം എന്താണെന്ന്‌ യിരെമ്യാവ്‌ വെളിപ്പെടുത്തുന്നു: ‘ഞാൻ ഇനി [യഹോവയെ] ഓർക്കുകയില്ല, അവന്റെ നാമത്തിൽ സംസാരിക്കയുമില്ല എന്നു പറഞ്ഞു.’ ചിലപ്പോൾ നിങ്ങൾക്കും അതുപോലെ പിന്മാറാൻ തോന്നിയിട്ടുണ്ടാകാം. എന്നാൽ പിടിച്ചുനിൽക്കാൻ യിരെമ്യാവിനെ സഹായിച്ചത്‌ എന്താണെന്നു ശ്രദ്ധിക്കുക. അവൻ പറഞ്ഞു: “അതു [ദൈവത്തിന്റെ വചനം അഥവാ സന്ദേശം] എന്റെ അസ്ഥികളിൽ അടെക്കപ്പെട്ടിട്ടു എന്റെ ഹൃദയത്തിൽ തീ കത്തുംപോലെ ഇരിക്കുന്നു; ഞാൻ സഹിച്ചു തളർന്നു എനിക്കു വഹിയാതെയായി.” (യിരെമ്യാവു 20:⁠9) ദൈവവചനത്തിന്‌ നിങ്ങളുടെമേൽ അതേ ഫലമാണോ ഉള്ളത്‌?

യിരെമ്യാവിന്റെ സഹകാരികൾ

8, 9. (എ) പ്രവാചകനായ ഊരീയാവ്‌ എന്ത്‌ ബലഹീനത പ്രകടമാക്കി, ഫലം എന്തായിരുന്നു? (ബി) ബാരൂക്ക്‌ നിരുത്സാഹിതനായത്‌ എന്തുകൊണ്ട്‌, അവന്‌ എന്തു സഹായം ലഭിച്ചു?

8 തന്റെ പ്രാവചനിക വേലയിൽ യിരെമ്യാവ്‌ ഒറ്റയ്‌ക്കായിരുന്നില്ല. അവനു സഹകാരികൾ ഉണ്ടായിരുന്നു, അത്‌ അവനു പ്രോത്സാഹനം നൽകിയിരുന്നിരിക്കണം. എന്നാൽ ചില സാഹചര്യങ്ങളിൽ അവന്റെ സഹകാരികൾ ജ്ഞാനപൂർവമല്ല പ്രവർത്തിച്ചത്‌. ഉദാഹരണത്തിന്‌, യിരെമ്യാവിന്റെ സഹപ്രവാചകനായിരുന്ന ഊരീയാവിന്റെ ദൃഷ്ടാന്തം പരിചിന്തിക്കുക. ‘യിരെമ്യാവിന്റെ വാക്കുകൾക്കു തുല്യമായ കാര്യങ്ങൾ പ്രവചിച്ചുകൊണ്ട്‌’ (ന്യൂ ഇൻഡ്യ ബൈബിൾ ഭാഷാന്തരം) യെരൂശലേമിനും യഹൂദായ്‌ക്കുമെതിരെ മുന്നറിയിപ്പുകൾ നൽകുന്നതിൽ തിരക്കോടെ ഏർപ്പെട്ടിരിക്കുകയായിരുന്നു ഊരീയാവ്‌. എന്നാൽ യെഹോയാക്കീം രാജാവ്‌ ഊരീയാവിനെ വധിക്കാൻ ഉത്തരവിട്ടപ്പോൾ അവൻ ഭയന്ന്‌ ഈജിപ്‌തിലേക്ക്‌ ഓടിപ്പോയി. അതുകൊണ്ടൊന്നും പക്ഷേ അവനു തന്റെ ജീവൻ രക്ഷിക്കാനായില്ല. രാജാവിന്റെ ആളുകൾ അവനെ പിന്തുടർന്ന്‌ പിടികൂടി യെരൂശലേമിലേക്കു തിരികെ കൊണ്ടുവന്നു. അവിടെവെച്ച്‌ അവൻ വധിക്കപ്പെട്ടു. യിരെമ്യാവിനെ അത്‌ എത്ര നടുക്കിയിട്ടുണ്ടാകണം!​—⁠യിരെമ്യാവു 26:⁠20-23.

9 യിരെമ്യാവിന്റെ സെക്രട്ടറി ആയിരുന്ന ബാരൂക്കിന്റേതാണ്‌ മറ്റൊരു ഉദാഹരണം. യിരെമ്യാവിന്റെ ഒരു നല്ല സഹായിയായിരുന്നു ബാരൂക്ക്‌. എന്നാൽ ഒരവസരത്തിൽ അവന്റെ ദൃഷ്ടികളും ആത്മീയ കാര്യങ്ങളിൽനിന്നു വ്യതിചലിച്ചു. അവൻ ഇങ്ങനെ പരാതിപ്പെടാൻ തുടങ്ങി: “യഹോവ എന്റെ വേദനയോടു ദുഃഖം കൂട്ടിയിരിക്കുന്നു; അയ്യോ കഷ്ടം! ഞാൻ എന്റെ ഞരക്കംകൊണ്ടു തളർന്നിരിക്കുന്നു; ഒരു ആശ്വാസവും കാണുന്നില്ല.” നിരുത്സാഹിതനായ ബാരൂക്കിന്‌ ആത്മീയ കാര്യങ്ങളോടുള്ള വിലമതിപ്പു നഷ്ടപ്പെട്ടു തുടങ്ങിയിരുന്നു. എങ്കിലും യഹോവ ദയാപൂർവം അവന്‌ ആവശ്യമായ ബുദ്ധിയുപദേശം നൽകുകയും അവനെ യഥാസ്ഥാനപ്പെടുത്തുകയും ചെയ്‌തു. തുടർന്ന്‌, ബാരൂക്ക്‌ യെരൂശലേമിന്റെ നാശത്തെ അതിജീവിക്കുമെന്ന ഉറപ്പും അവൻ നൽകി. (യിരെമ്യാവു 45:⁠1-5) ബാരൂക്ക്‌ വീണ്ടും ആത്മീയ സമനില കൈവരിച്ചപ്പോൾ യിരെമ്യാവിനെ അത്‌ എത്രയധികം പ്രോത്സാഹിപ്പിച്ചിരിക്കണം!

യഹോവ തന്റെ പ്രവാചകനെ പിന്തുണയ്‌ക്കുന്നു

10. പിന്തുണ സംബന്ധിച്ച എന്തു വാഗ്‌ദാനങ്ങളാണ്‌ യഹോവ യിരെമ്യാവിനു നൽകിയത്‌?

10 ഏറ്റവും പ്രധാനമായി, യിരെമ്യാവിനെ യഹോവ കൈവിട്ടില്ല. തന്റെ പ്രവാചകന്റെ വികാരം മനസ്സിലാക്കിയ യഹോവ അവന്‌ ആവശ്യമായ ശക്തിയും പിന്തുണയും പ്രദാനം ചെയ്‌തു. ഉദാഹരണത്തിന്‌, ശുശ്രൂഷയുടെ ആരംഭത്തിൽ യിരെമ്യാവ്‌ തന്റെ യോഗ്യതകളെ കുറിച്ചു സംശയം പ്രകടിപ്പിച്ചപ്പോൾ യഹോവ അവനോട്‌ ഇപ്രകാരം പറഞ്ഞു: “നീ അവരെ ഭയപ്പെടരുതു; നിന്നെ വിടുവിക്കേണ്ടതിന്നു ഞാൻ നിന്നോടുകൂടെ ഉണ്ടെന്നു യഹോവയുടെ അരുളപ്പാട്‌.” തുടർന്ന്‌, തന്റെ പ്രവാചകന്‌ അവന്റെ നിയമനം സംബന്ധിച്ച വിവരങ്ങൾ നൽകിയശേഷം യഹോവ ഇപ്രകാരം അരുളിച്ചെയ്‌തു: “അവർ നിന്നോടു യുദ്ധം ചെയ്യും; നിന്നെ ജയിക്കയില്ലതാനും; നിന്നെ രക്ഷിപ്പാൻ ഞാൻ നിന്നോടുകൂടെ ഉണ്ടു എന്നു യഹോവയുടെ അരുളപ്പാട്‌.” (യിരെമ്യാവു 1:⁠8, 19) എത്ര സാന്ത്വനദായകം! യഹോവ തന്റെ വാഗ്‌ദാനത്തിനു ചേർച്ചയിൽ പ്രവർത്തിക്കുകയും ചെയ്‌തു.

11. യിരെമ്യാവിനെ പിന്തുണയ്‌ക്കുമെന്ന വാഗ്‌ദാനം യഹോവ നിവർത്തിച്ചെന്ന്‌ നമുക്ക്‌ എങ്ങനെ അറിയാം?

11 അതുകൊണ്ട്‌, ആളുകളുടെ പരിഹാസപാത്രമായി ആമത്തിൽ കിടക്കേണ്ടി വന്നശേഷം യിരെമ്യാവ്‌ ഉറച്ച വിശ്വാസത്തോടെ ഇങ്ങനെ പറഞ്ഞു: “എന്നാൽ യഹോവ ഒരു മഹാവീരനെപ്പോലെ എന്നോടുകൂടെ ഉണ്ടു; ആകയാൽ എന്നെ ഉപദ്രവിക്കുന്നവർ ഇടറിവീഴും; അവർ ജയിക്കയില്ല; അവർ . . . ഏററവും ലജ്ജിച്ചുപോകും.” (യിരെമ്യാവു 20:⁠11) പിന്നീടുള്ള വർഷങ്ങളിൽ യിരെമ്യാവിനെ വധിക്കാനുള്ള ശ്രമങ്ങൾ ഉണ്ടായപ്പോഴും യഹോവ അവന്റെ കൂടെ ഉണ്ടായിരുന്നു. ബാരൂക്കിനെ പോലെ യിരെമ്യാവിനും യെരൂശലേമിന്റെ നാശത്തെ അതിജീവിക്കാനും ഒരു സ്വതന്ത്ര വ്യക്തിയായിത്തന്നെ തുടർന്നു ജീവിക്കാനും സാധിച്ചു. എന്നാൽ അവന്റെ പീഡകരും അവന്റെ മുന്നറിയിപ്പുകളെ അവഗണിച്ചവരും നശിച്ചുപോകുകയോ ബാബിലോണിലേക്കു ബന്ദികളായി കൊണ്ടുപോകപ്പെടുകയോ ചെയ്‌തു.

12. നിരുത്സാഹിതരാകാൻ കാരണങ്ങൾ ഉണ്ടായിരിക്കാമെങ്കിലും നാം എന്തു മനസ്സിൽ പിടിക്കണം?

12 യിരെമ്യാവിനെ പോലെ ഇന്ന്‌ യഹോവയുടെ സാക്ഷികളിൽ പലരും കഷ്ടതകൾ സഹിക്കുന്നു. നേരത്തേ പറഞ്ഞതു പോലെ ഇവയിൽ ചിലത്‌ നമ്മുടെ അപൂർണത നിമിത്തം ഉണ്ടാകുന്നവയാണ്‌. വേറെ ചിലതാകട്ടെ കുഴഞ്ഞുമറിഞ്ഞ ലോകാവസ്ഥകളുടെ ഫലമായും. ഇനിയും, നമ്മുടെ വേലയെ എതിർക്കുന്നവരിൽനിന്നും നമുക്കു കഷ്ടതകൾ നേരിടേണ്ടിവരുന്നു. ഇത്തരം കാര്യങ്ങൾ നമ്മെ നിരുത്സാഹിതരാക്കിയേക്കാം. നമ്മുടെ സേവനം മുന്നോട്ടു കൊണ്ടുപോകാനാകുമോ എന്ന്‌ യിരെമ്യാവിനെ പോലെ നാമും ആശങ്കപ്പെടാൻ തുടങ്ങിയേക്കാം. അതേ, ഇടയ്‌ക്കിടെ നമുക്കു നിരുത്സാഹം ഉണ്ടാകുമെന്നുള്ളത്‌ വാസ്‌തവമാണ്‌. അങ്ങനെ സംഭവിക്കുമ്പോൾ യഹോവയോടുള്ള നമ്മുടെ സ്‌നേഹത്തിന്റെ ആഴം പരിശോധിക്കപ്പെടുന്നു. അതുകൊണ്ട്‌, യഹോവയുടെ സേവനത്തിൽനിന്ന്‌ ഊരീയാവിനെ പോലെ പിൻവലിയുന്നതിന്‌ ഇടയാക്കാൻ നിരുത്സാഹത്തെ അനുവദിക്കില്ലെന്നു നമുക്കു ദൃഢനിശ്ചയം ചെയ്യാം. പകരം യിരെമ്യാവിനെ അനുകരിച്ചുകൊണ്ട്‌ നമുക്ക്‌ യഹോവയുടെ പിന്തുണയിൽ ഉറച്ച വിശ്വാസം ഉള്ളവരായിരിക്കാം.

നിരുത്സാഹത്തെ തരണം ചെയ്യാവുന്ന വിധം

13. യിരെമ്യാവിന്റെയും ദാവീദിന്റെയും മാതൃകകൾ നമുക്ക്‌ എങ്ങനെ പിൻപറ്റാം?

13 യിരെമ്യാവ്‌ യഹോവയുമായി നിരന്തരം ആശയവിനിമയം നടത്തിയിരുന്നു. തന്റെ ഉള്ളിന്റെ ഉള്ളിലെ വികാരങ്ങൾ യഹോവയെ അറിയിച്ചുകൊണ്ട്‌ അവൻ ശക്തിക്കായി യാചിച്ചിരുന്നു. പിൻപറ്റേണ്ട നല്ലൊരു മാതൃകയാണ്‌ ഇത്‌. ശക്തിക്കായി ഇതേ ഉറവിലേക്കു നോക്കിയ, പുരാതനകാലത്തെ ദാവീദ്‌ ഇങ്ങനെ എഴുതി: “യഹോവേ, എന്റെ വാക്കുകൾക്കു ചെവിതരേണമേ; എന്റെ ധ്യാനത്തെ ശ്രദ്ധിക്കേണമേ. എന്റെ രാജാവും എന്റെ ദൈവവുമായുള്ളോവേ, എന്റെ സങ്കടയാചന കേൾക്കേണമേ; നിന്നോടല്ലോ ഞാൻ പ്രാർത്ഥിക്കുന്നത്‌.” (സങ്കീർത്തനം 5:⁠1, 2) സഹായത്തിനായുള്ള ദാവീദിന്റെ പ്രാർഥനകൾക്ക്‌ യഹോവ ആവർത്തിച്ച്‌ ഉത്തരമരുളിയതായി അവന്റെ ജീവിതത്തെ കുറിച്ചുള്ള നിശ്വസ്‌ത വിവരണം പ്രകടമാക്കുന്നു. (സങ്കീർത്തനം 18:⁠1, 2; 21:⁠1-5) സമാനമായി, സമ്മർദങ്ങൾ താങ്ങാനാവാത്തതു പോലെ തോന്നുമ്പോൾ, പ്രശ്‌നങ്ങൾ മറികടക്കാനാവാത്തതു പോലെ കാണപ്പെടുമ്പോൾ യഹോവയോടു ഹൃദയം തുറന്നു പ്രാർഥിക്കുന്നത്‌ വളരെ ആശ്വാസദായകമായിരിക്കും. (ഫിലിപ്പിയർ 4:⁠6, 7; 1 തെസ്സലൊനീക്യർ 5:⁠16-18) യഹോവ ഒരിക്കലും നമ്മെ ശ്രദ്ധിക്കാതിരിക്കില്ല. പകരം, യഹോവ ‘നമുക്കായി കരുതുന്നു’വെന്ന്‌ അവൻ ഉറപ്പുനൽകുന്നു. (1 പത്രൊസ്‌ 5:⁠6, 7) എന്നിരുന്നാലും യഹോവയോടു പ്രാർഥിച്ചിട്ട്‌ അവൻ പറയുന്നതിനു ചെവികൊടുക്കാതിരിക്കുന്നത്‌ ശരിയായിരിക്കുമോ?

14. യഹോവയുടെ വചനം യിരെമ്യാവിൽ എന്തു ഫലം ഉളവാക്കി?

14 യഹോവ നമ്മോടു സംസാരിക്കുന്നത്‌ എങ്ങനെയാണ്‌? വീണ്ടും നമുക്ക്‌ യിരെമ്യാവിനെ കുറിച്ചു ചിന്തിക്കാം. യിരെമ്യാവ്‌ ഒരു പ്രവാചകനായിരുന്നതിനാൽ യഹോവ അവനുമായി നേരിട്ട്‌ ആശയവിനിമയം നടത്തിയിരുന്നു. ദൈവത്തിന്റെ വചനം തന്റെ ഹൃദയത്തിൽ ഉളവാക്കിയ ഫലത്തെ കുറിച്ച്‌ യിരെമ്യാവ്‌ വിവരിക്കുന്നു: “ഞാൻ നിന്റെ വചനങ്ങളെ കണ്ടെത്തി ഭക്ഷിച്ചിരിക്കുന്നു; നിന്റെ വചനങ്ങൾ എനിക്കു സന്തോഷവും എന്റെ ഹൃദയത്തിന്നു ആനന്ദവും ആയി; സൈന്യങ്ങളുടെ ദൈവമായ യഹോവേ, നിന്റെ നാമം എനിക്കു വിളിക്കപ്പെട്ടിരിക്കുന്നുവല്ലോ.” (യിരെമ്യാവു 15:⁠16) അതേ, താൻ ദൈവത്തിന്റെ നാമം വഹിക്കുന്നു എന്ന വസ്‌തുത യിരെമ്യാവിനെ അതിയായി ആനന്ദിപ്പിച്ചു, ദൈവത്തിന്റെ വചനം ആ പ്രവാചകനെ സംബന്ധിച്ചിടത്തോളം അങ്ങേയറ്റം വിലയേറിയതായിരുന്നു. അതുകൊണ്ട്‌, തന്നെ ഭരമേൽപ്പിച്ചിരുന്ന സന്ദേശം ഘോഷിക്കാൻ പൗലൊസ്‌ അപ്പൊസ്‌തലനെ പോലെ യിരെമ്യാവും ‘ഉത്സുകനായിരുന്നു.’—റോമർ 1:⁠15, 16, NW.

15. യഹോവയുടെ വചനങ്ങൾ നമ്മുടെ ഹൃദയത്തിൽ ഉൾനടാൻ നമുക്ക്‌ എങ്ങനെ സാധിക്കും, യഹോവയെയും അവന്റെ രാജ്യത്തെയും കുറിച്ചു ഘോഷിക്കുമെന്ന ദൃഢനിശ്ചയം ഉള്ളവരായിരിക്കാൻ നമ്മെ എന്തു സഹായിക്കും?

15 യഹോവ ഇന്ന്‌ ആരുമായും നേരിട്ട്‌ ആശയവിനിമയം നടത്തുന്നില്ല. എന്നാൽ ബൈബിളിന്റെ താളുകളിൽ നമുക്ക്‌ ദൈവത്തിന്റെ വചനങ്ങൾ കാണാൻ കഴിയുന്നു. അതുകൊണ്ട്‌ ബൈബിൾ പഠനത്തെ നാം ഗൗരവത്തോടെ കാണുകയും പഠിക്കുന്ന കാര്യങ്ങളെ കുറിച്ചു ഗഹനമായി ധ്യാനിക്കുകയും ചെയ്യുന്നെങ്കിൽ ദൈവവചനം നമ്മുടെ ഹൃദയത്തിനും ‘സന്തോഷവും ആനന്ദവും’ നൽകും. ആ വചനങ്ങൾ മറ്റുള്ളവരുമായി പങ്കുവെക്കുന്നതിനായി പോകുമ്പോൾ നാം യഹോവയുടെ നാമം വഹിക്കുകയാണ്‌ എന്ന വസ്‌തുത നമുക്ക്‌ ആവേശം പകരണം. ഈ ലോകത്തിൽ മറ്റാരും യഹോവയുടെ നാമത്തെ ഘോഷിക്കുന്നില്ലെന്ന കാര്യം നമുക്കു വിസ്‌മരിക്കാതിരിക്കാം. ദൈവത്തിന്റെ സ്ഥാപിത രാജ്യത്തെ കുറിച്ചുള്ള സുവാർത്ത ഘോഷിക്കുകയും സൗമ്യരെ യേശുക്രിസ്‌തുവിന്റെ ശിഷ്യരാകാൻ പഠിപ്പിക്കുകയും ചെയ്യുന്നത്‌ അവന്റെ സാക്ഷികൾ മാത്രമാണ്‌. (മത്തായി 28:⁠19, 20) നാം എത്ര അനുഗൃഹീതരാണ്‌! യഹോവ സ്‌നേഹപൂർവം നമുക്കു നൽകിയിരിക്കുന്ന മഹത്തായ പദവിയെ കുറിച്ചു ചിന്തിക്കുമ്പോൾ, അവനെയും അവന്റെ രാജ്യത്തെയും കുറിച്ചു മറ്റുള്ളവരെ അറിയിക്കാതിരിക്കാൻ നമുക്കു കഴിയുമോ?

സഹവാസം സംബന്ധിച്ച്‌ നമുക്കു ജാഗ്രത പുലർത്താം

16, 17. സഹവാസം സംബന്ധിച്ച യിരെമ്യാവിന്റെ വീക്ഷണം എന്തായിരുന്നു, നമുക്ക്‌ അവനെ എങ്ങനെ അനുകരിക്കാം?

16 ധൈര്യമുള്ളവനായിരിക്കാൻ തന്നെ സഹായിച്ച മറ്റൊരു ഘടകത്തെ കുറിച്ചും യിരെമ്യാവ്‌ പറയുകയുണ്ടായി. അവൻ ഇങ്ങനെ എഴുതി: “കളിക്കാരുടെ കൂട്ടത്തിൽ [“പരിഹാസികളുടെ സഭയിൽ,” ന്യൂ ഇൻഡ്യ ബൈബിൾ ഭാഷാന്തരം] ഞാൻ ഇരുന്നു ഉല്ലസിച്ചിട്ടില്ല; നീ എന്നെ നീരസംകൊണ്ടു നിറെച്ചിരിക്കയാൽ നിന്റെ കൈനിമിത്തം ഞാൻ തനിച്ചിരുന്നു.” (യിരെമ്യാവു 15:⁠17) മോശമായ സഹവാസത്താൽ ദുഷിപ്പിക്കപ്പെടുന്നതിനെക്കാൾ, തനിച്ചായിരിക്കാൻ യിരെമ്യാവ്‌ ആഗ്രഹിച്ചു. ഇന്ന്‌ നാമും അങ്ങനെയൊരു മനോഭാവമാണു പുലർത്തുന്നത്‌. “മോശമായ സഹവാസങ്ങൾ പ്രയോജനപ്രദമായ ശീലങ്ങളെ”​—⁠വർഷങ്ങളായി നമുക്ക്‌ ഉണ്ടായിരുന്നിട്ടുള്ള പ്രയോജനപ്രദമായ ശീലങ്ങളെ പോലും​—⁠‘പാഴാക്കും’ എന്ന പൗലൊസ്‌ അപ്പൊസ്‌തലന്റെ മുന്നറിയിപ്പ്‌ നാം ഒരിക്കലും മറക്കുന്നില്ല.​—⁠1 കൊരിന്ത്യർ 15:⁠33, NW.

17 ലോകത്തിന്റെ ആത്മാവിനാൽ നമ്മുടെ ചിന്ത കളങ്കപ്പെടാൻ മോശമായ സഹവാസം ഇടയാക്കും. (1 കൊരിന്ത്യർ 2:⁠12; എഫെസ്യർ 2:⁠2; യാക്കോബ്‌ 4:⁠4) അതുകൊണ്ട്‌ ഹാനികരമായ സഹവാസത്തെ തിരിച്ചറിഞ്ഞ്‌ പൂർണമായും അത്‌ ഉപേക്ഷിക്കാൻ തക്കവണ്ണം നമുക്ക്‌ നമ്മുടെ ഗ്രഹണപ്രാപ്‌തികളെ പരിശീലിപ്പിക്കാം. (എബ്രായർ 5:⁠14, NW) പൗലൊസ്‌ ഇന്ന്‌ ഭൂമിയിൽ ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കിൽ, അധാർമികതയെയോ അക്രമത്തെയോ ചിത്രീകരിക്കുന്ന സിനിമകളോ അക്രമാസക്ത സ്‌പോർട്‌സോ കണ്ടുരസിക്കുന്ന ഒരു ക്രിസ്‌ത്യാനിയോട്‌ അവൻ എന്തായിരിക്കും പറയുക? തികച്ചും അപരിചിതരായ വ്യക്തികളുമായി ഇന്റർനെറ്റിലൂടെ സുഹൃദ്‌ബന്ധം നട്ടുവളർത്തുന്ന ഒരു സഹോദരനെ അവൻ എങ്ങനെയായിരിക്കും ബുദ്ധിയുപദേശിക്കുക? വ്യക്തിപരമായ നല്ല പഠനശീലങ്ങളില്ലാതെ, മണിക്കൂറുകളോളം വീഡിയോ കളികളിൽ മുഴുകുന്ന അല്ലെങ്കിൽ ടിവി കണ്ടുകൊണ്ടിരിക്കുന്ന ഒരു ക്രിസ്‌ത്യാനിയെ കുറിച്ച്‌ അവൻ എന്തായിരിക്കും ചിന്തിക്കുക?​—⁠2 കൊരിന്ത്യർ 6:⁠14ബി, NW; എഫെസ്യർ 5:⁠3-5, 15, 16.

ആത്മീയ പറുദീസയിൽത്തന്നെ ആയിരിക്കുക

18. ആത്മീയമായി ബലിഷ്‌ഠരായി നിലകൊള്ളാൻ നമ്മെ എന്തു സഹായിക്കും?

18 നമ്മുടെ ആത്മീയ പറുദീസയെ നാം അതിയായി വിലമതിക്കുന്നു. അതിനോടു തുലനം ചെയ്യാവുന്ന യാതൊന്നും ഇന്നു ലോകത്തിലില്ല. ക്രിസ്‌ത്യാനികൾ പരസ്‌പരം പ്രകടമാക്കുന്ന സ്‌നേഹത്തെയും പരിഗണനയെയും ദയയെയും അവിശ്വാസികൾ പോലും പ്രശംസിക്കുന്നു. (എഫെസ്യർ 4:⁠31, 32) എന്നിരുന്നാലും ഇന്ന്‌ മുമ്പെന്നത്തെക്കാളധികം നാം നിരുത്സാഹത്തോടു പോരാടേണ്ടത്‌ ആവശ്യമാണ്‌. നല്ല സഹവാസം, പ്രാർഥന, നല്ല പഠനശീലങ്ങൾ എന്നിവ ആത്മീയമായി ബലിഷ്‌ഠരായി നിലകൊള്ളാൻ നമ്മെ സഹായിക്കും. യഹോവയിൽ പൂർണമായി ആശ്രയിച്ചുകൊണ്ട്‌ ഏതു പരിശോധനയെ നേരിടാനും അവ നമ്മെ ശക്തീകരിക്കും.​—⁠2 കൊരിന്ത്യർ 4:⁠7, 8.

19, 20. (എ) സഹിച്ചുനിൽക്കാൻ നമ്മെ എന്തു സഹായിക്കും? (ബി) അടുത്ത ലേഖനം ആരെ സംബോധന ചെയ്യുന്നു, അത്‌ ആർക്കുകൂടെ താത്‌പര്യമുള്ളതാണ്‌?

19 നമ്മെ ഭയപ്പെടുത്തി നമ്മുടെ വിശ്വാസത്തെ ദുർബലപ്പെടുത്താൻ ബൈബിൾ സന്ദേശത്തെ പകയ്‌ക്കുന്ന ആരെയും ഒരിക്കലും അനുവദിക്കരുത്‌. യിരെമ്യാവിനെ പീഡിപ്പിച്ച ശത്രുക്കളെ പോലെ, നമ്മോടു പോരാടുന്നവർ വാസ്‌തവത്തിൽ ദൈവത്തിനെതിരെയാണു പോരാടുന്നത്‌. അവർ വിജയിക്കുകയില്ല. നമ്മുടെ ശത്രുക്കളെക്കാൾ ഏറെ ശക്തനായ യഹോവ നമ്മോട്‌ ഇങ്ങനെ പറയുന്നു: “യഹോവയിങ്കൽ പ്രത്യാശവെക്കുക; ധൈര്യപ്പെട്ടിരിക്ക; നിന്റെ ഹൃദയം ഉറെച്ചിരിക്കട്ടെ; അതേ, യഹോവയിങ്കൽ പ്രത്യാശവെക്കുക.” (സങ്കീർത്തനം 27:⁠14) യഹോവയിൽ പൂർണമായി പ്രത്യാശവെച്ചുകൊണ്ട്‌, നന്മ ചെയ്യുന്നതിൽനിന്നു നമുക്കു പിന്മാറാതിരിക്കാം. തളർന്നു പിന്മാറാതിരുന്നാൽ യിരെമ്യാവിനെയും ബാരൂക്കിനെയും പോലെ നാം സമൃദ്ധമായ അനുഗ്രഹങ്ങൾ കൊയ്യും എന്ന്‌ നമുക്ക്‌ ഉറപ്പുണ്ടായിരിക്കാം.​—⁠ഗലാത്യർ 6:⁠9.

20 പല ക്രിസ്‌ത്യാനികളെയും സംബന്ധിച്ചിടത്തോളം നിരുത്സാഹവുമായുള്ള പോരാട്ടം നിരന്തരമായ ഒന്നാണ്‌. എങ്കിലും യുവജനങ്ങൾ ചില പ്രത്യേക വെല്ലുവിളികളെ നേരിടുന്നു. എന്നാൽ അതോടൊപ്പം അവർക്കായി നല്ല അവസരങ്ങളും തുറന്നുകിടക്കുന്നു. പിൻവരുന്ന ലേഖനം നമുക്കിടയിലെ യുവജനങ്ങളെ നേരിട്ടു സംബോധന ചെയ്യുന്ന ഒന്നാണ്‌. കൂടാതെ, വാക്കിനാലും മാതൃകയാലും നേരിട്ടുള്ള പിന്തുണയാലും സഭയിലെ യുവപ്രായക്കാരെ സഹായിക്കാൻ പറ്റിയ സ്ഥാനത്തായിരിക്കുന്നവർക്കും​—⁠മാതാപിതാക്കൾക്കും സമർപ്പിതരായ എല്ലാ മുതിർന്ന വ്യക്തികൾക്കും​—⁠അത്‌ താത്‌പര്യമുള്ളതായിരിക്കും.

നിങ്ങളുടെ ഉത്തരം എന്ത്‌?

• നിരുത്സാഹം ഉളവാക്കുന്ന സാഹചര്യങ്ങൾ നാം പ്രതീക്ഷിക്കേണ്ടത്‌ എന്തുകൊണ്ട്‌, സഹായത്തിനായി നമുക്ക്‌ ആരിലേക്കു നോക്കാൻ കഴിയും?

• ബുദ്ധിമുട്ടുള്ള നിയമനമായിരുന്നിട്ടും യിരെമ്യാവ്‌ നിരുത്സാഹത്തെ തരണം ചെയ്‌തത്‌ എങ്ങനെ?

• കഷ്ടതകൾക്കു മധ്യേയും നമ്മുടെ ഹൃദയത്തിന്‌ ‘സന്തോഷവും ആനന്ദവും’ പകർന്നുതരാൻ എന്തിനു കഴിയും?

[അധ്യയന ചോദ്യങ്ങൾ]

[9-ാം പേജിലെ ചിത്രം]

താൻ തീരെ ചെറുപ്പമാണെന്നും പ്രവാചകൻ ആയിരിക്കാനുള്ള അനുഭവസമ്പത്ത്‌ തനിക്കില്ലെന്നും യിരെമ്യാവ്‌ കരുതി

[10-ാം പേജിലെ ചിത്രം]

പീഡിപ്പിക്കപ്പെട്ടപ്പോൾ പോലും, യഹോവ “ഒരു മഹാവീരനെപ്പോലെ” തന്നോടൊപ്പം ഉണ്ടെന്ന്‌ യിരെമ്യാവിന്‌ അറിയാമായിരുന്നു