യിരെമ്യ 1:1-19
1 ബന്യാമീൻദേശത്തെ അനാഥോത്തിലുള്ള+ ഹിൽക്കിയ പുരോഹിതന്റെ മകൻ യിരെമ്യയുടെ* വാക്കുകൾ.
2 യഹൂദാരാജാവായ ആമോന്റെ+ മകൻ യോശിയയുടെ+ കാലത്ത്, അദ്ദേഹത്തിന്റെ വാഴ്ചയുടെ 13-ാം വർഷം യിരെമ്യക്ക് യഹോവയുടെ സന്ദേശം കിട്ടി.
3 യഹൂദാരാജാവായ യോശിയയുടെ മകൻ യഹോയാക്കീമിന്റെ+ ഭരണകാലത്തും യിരെമ്യക്കു ദൈവത്തിൽനിന്ന് സന്ദേശങ്ങൾ കിട്ടിയിരുന്നു. യോശിയയുടെ മകൻ സിദെക്കിയയുടെ+ ഭരണത്തിന്റെ 11-ാം വർഷത്തിന്റെ അവസാനംവരെ, അതായത് അഞ്ചാം മാസം യരുശലേംനിവാസികളെ ബന്ദികളായി കൊണ്ടുപോയതുവരെ സന്ദേശങ്ങൾ കിട്ടിക്കൊണ്ടിരുന്നു.+
4 യഹോവ എന്നോടു പറഞ്ഞു:
5 “ഗർഭപാത്രത്തിൽ നിന്നെ രൂപപ്പെടുത്തുന്നതിനു മുമ്പേ ഞാൻ നിന്നെ അറിഞ്ഞു.*+നീ ജനിക്കുന്നതിനു* മുമ്പേ ഞാൻ നിന്നെ വിശുദ്ധീകരിച്ചു.*+
ഞാൻ നിന്നെ ജനതകൾക്കു പ്രവാചകനാക്കി.”
6 പക്ഷേ ഞാൻ പറഞ്ഞു: “അയ്യോ! പരമാധികാരിയായ യഹോവേ,
എനിക്കു സംസാരിക്കാൻ അറിയില്ല;+ ഞാൻ വെറുമൊരു കുട്ടിയല്ലേ?”*+
7 അപ്പോൾ യഹോവ പറഞ്ഞു:
“‘ഞാൻ വെറുമൊരു കുട്ടിയാണ്’ എന്നു നീ പറയരുത്.
ഞാൻ നിന്നെ അയയ്ക്കുന്നവരുടെ അടുത്തെല്ലാം നീ പോകണം;ഞാൻ കല്പിക്കുന്നതെല്ലാം നീ പറയണം.+
8 അവരെ കണ്ട് നീ പേടിക്കരുത്.+കാരണം, ‘നിന്നെ രക്ഷിക്കാൻ ഞാൻ നിന്റെകൂടെയുണ്ട്’+ എന്നു പ്രഖ്യാപിക്കുന്നത് യഹോവയാണ്.”
9 പിന്നെ യഹോവ കൈ നീട്ടി എന്റെ വായിൽ തൊട്ടു.+ എന്നിട്ട് യഹോവ പറഞ്ഞു: “ഞാൻ എന്റെ വാക്കുകൾ നിന്റെ നാവിൽ വെച്ചിരിക്കുന്നു.+
10 ഇതാ, പിഴുതെറിയാനും പൊളിച്ചുകളയാനും, നശിപ്പിക്കാനും ഇടിച്ചുകളയാനും, പണിതുയർത്താനും നടാനും, ഞാൻ ഇന്നു നിന്നെ ജനതകളുടെയും രാജ്യങ്ങളുടെയും മേൽ നിയോഗിച്ചിരിക്കുന്നു.”+
11 വീണ്ടും എനിക്ക് യഹോവയിൽനിന്ന് സന്ദേശം കിട്ടി: “യിരെമ്യാ, നീ എന്താണു കാണുന്നത്” എന്ന് എന്നോടു ചോദിച്ചു. “ഒരു ബദാം മരത്തിന്റെ* ശിഖരം” എന്നു ഞാൻ പറഞ്ഞു.
12 അപ്പോൾ യഹോവ പറഞ്ഞു: “നീ പറഞ്ഞതു ശരിയാണ്. എന്റെ വാക്കുകൾ നിറവേറ്റാൻ ഞാൻ ഉണർന്ന് ജാഗ്രതയോടിരിക്കുകയാണ്.”
13 രണ്ടാമതും എനിക്ക് യഹോവയിൽനിന്ന് സന്ദേശം കിട്ടി: “നീ എന്താണു കാണുന്നത്” എന്ന് എന്നോടു ചോദിച്ചു. “തിളയ്ക്കുന്ന* ഒരു കലം.* അതിന്റെ വായ് വടക്കുനിന്ന് തെക്കോട്ടു ചെരിഞ്ഞിരിക്കുന്നു.”
14 അപ്പോൾ, യഹോവ പറഞ്ഞു:
“വടക്കുനിന്ന് ആപത്തു പുറപ്പെട്ട്ദേശത്തെ എല്ലാ മനുഷ്യരുടെ മേലും വരും.+
15 കാരണം, ‘വടക്കുള്ള രാജ്യങ്ങളിലെ എല്ലാ വംശങ്ങളെയും ഞാൻ വിളിച്ചുകൂട്ടുകയാണ്’ എന്ന് യഹോവ പ്രഖ്യാപിക്കുന്നു.+‘അപ്പോൾ അവർ വന്ന് അവരുടെ സിംഹാസനങ്ങൾയരുശലേമിന്റെ പ്രവേശനകവാടങ്ങളിലും+അവൾക്കു ചുറ്റുമുള്ള മതിലുകൾക്കു നേരെയുംഎല്ലാ യഹൂദാനഗരങ്ങൾക്കു നേരെയും സ്ഥാപിക്കും.+
16 അവരുടെ സകല ദുഷ്ടതയ്ക്കും ഞാൻ അവർക്കെതിരെ ന്യായവിധി പ്രഖ്യാപിക്കും.കാരണം, അവർ എന്നെ ഉപേക്ഷിച്ച്+അന്യദൈവങ്ങൾക്ക് യാഗവസ്തുക്കൾ ദഹിപ്പിക്കുകയും*+സ്വന്തം കൈകൊണ്ട് നിർമിച്ചവയ്ക്കു മുന്നിൽ കുമ്പിടുകയും ചെയ്യുന്നു.’+
17 പക്ഷേ നീ ഒരുങ്ങിനിൽക്കണം.*നീ എഴുന്നേറ്റ് ഞാൻ നിന്നോടു കല്പിക്കുന്നതൊക്കെ അവരോടു പറയണം.
അവരെ പേടിക്കരുത്;+പേടിച്ചാൽ, അവരുടെ മുന്നിൽവെച്ച് ഞാൻ നിന്നെ പേടിപ്പിക്കും.
18 യഹൂദയിലെ രാജാക്കന്മാർക്കും പ്രഭുക്കന്മാർക്കുംപുരോഹിതന്മാർക്കും ജനങ്ങൾക്കും ദേശത്തിനും എതിരെ+ഞാൻ ഇന്നു നിന്നെ കോട്ട കെട്ടി ഉറപ്പിച്ച നഗരവുംഇരുമ്പുതൂണും ചെമ്പുമതിലുകളും ആക്കിയിരിക്കുകയാണ്.+
19 അവർ നിന്നോടു പോരാടുമെന്ന കാര്യം ഉറപ്പാണ്; പക്ഷേ, ജയിക്കില്ല.കാരണം, ‘നിന്നെ രക്ഷിക്കാൻ ഞാൻ നിന്റെകൂടെയുണ്ട്’+ എന്ന് യഹോവ പ്രഖ്യാപിക്കുന്നു.”
അടിക്കുറിപ്പുകള്
^ “യഹോവ ഉയർത്തുന്നു” എന്നായിരിക്കാം അർഥം.
^ അഥവാ “തിരഞ്ഞെടുത്തു.”
^ അക്ഷ. “നീ ഗർഭപാത്രത്തിൽനിന്ന് പുറത്ത് വരുന്നതിന്.”
^ അഥവാ “വേർതിരിച്ചു.”
^ അഥവാ “ചെറുപ്പമല്ലേ?”
^ അക്ഷ. “ഉണർത്തുന്നതിന്റെ.”
^ അക്ഷ. “കാറ്റ് അടിപ്പിച്ച.” അടിയിലുള്ള തീ, വീശി ആളിക്കത്തിക്കുന്നതിനെ സൂചിപ്പിക്കുന്നു.
^ അഥവാ “വാവട്ടമുള്ള പാചകക്കലം.”
^ അഥവാ “പുക ഉയരുംവിധം ദഹിപ്പിക്കുകയും.”
^ അക്ഷ. “അര കെട്ടണം.”