വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ക്രിസ്‌തുവിന്റെ മാനസികഭാവം പ്രതിഫലിപ്പിക്കുക

ക്രിസ്‌തുവിന്റെ മാനസികഭാവം പ്രതിഫലിപ്പിക്കുക

ക്രിസ്‌തുവിന്റെ മാനസികഭാവം പ്രതിഫലിപ്പിക്കുക

“സഹിഷ്‌ണുതയും ആശ്വാസവും നൽകുന്ന ദൈവം, ക്രിസ്‌തുവിന്‌ ഉണ്ടായിരുന്ന അതേ മാനസികഭാവം നിങ്ങളുടെ ഇടയിൽ ഉണ്ടായിരിക്കാൻ നിങ്ങൾക്കു കൃപ നൽകുമാറാകട്ടെ.” ​—⁠റോമർ 15:⁠5, Nw.

1. ഒരുവന്റെ മനോഭാവം അയാളുടെ ജീവിതത്തെ എങ്ങനെ ബാധിച്ചേക്കാം?

മനോഭാവം ജീവിതത്തിൽ ഒരു സുപ്രധാന പങ്കു വഹിക്കുന്നു. ഉദാസീനതയുടെയോ ഉത്സാഹത്തിന്റെയോ മനോഭാവം, ക്രിയാത്മകതയുടെയോ നിഷേധാത്മകതയുടെയോ മനോഭാവം, മത്സരത്തിന്റെയോ സഹകരണത്തിന്റെയോ മനോഭാവം, പരാതിപ്പെടുന്നതോ കൃതജ്ഞതയുള്ളതോ ആയ മനോഭാവം. ഇവ, ചില സാഹചര്യങ്ങളിൽ ഒരു വ്യക്തി എങ്ങനെ ഇടപെടുന്നു എന്നതിനെയും മറ്റുള്ളവർ അയാളോട്‌ എങ്ങനെ പ്രതികരിക്കുന്നു എന്നതിനെയും സ്വാധീനിക്കുന്ന സംഗതികളാണ്‌. നല്ല ഒരു മനോഭാവം ഉണ്ടെങ്കിൽ, ദുഷ്‌കരമായ സാഹചര്യങ്ങളിൽ പോലും ഒരുവനു സന്തുഷ്ടനായിരിക്കാൻ കഴിയും. വസ്‌തുനിഷ്‌ഠമായ വീക്ഷണത്തിൽ നല്ലതായിരിക്കുന്ന ജീവിതം പോലും മോശമായ മനോഭാവമുള്ള ഒരു വ്യക്തിക്ക്‌ ശരിയായി തോന്നുകയില്ല.

2. ഒരു വ്യക്തിക്ക്‌ മനോഭാവങ്ങൾ എങ്ങനെ വളർത്തിയെടുക്കാൻ കഴിയും?

2 മനോഭാവങ്ങൾ നല്ലതോ ചീത്തയോ ആയിക്കൊള്ളട്ടെ, അവ വളർത്തിയെടുക്കുന്നവയാണ്‌, അല്ലാതെ സ്വതവേ ഉളവാകുന്നവയല്ല. വാസ്‌തവത്തിൽ അവ വളർത്തിയെടുക്കുകതന്നെ വേണം. ഒരു നവജാത ശിശുവിനെ കുറിച്ച്‌ കോളിയേഴ്‌സ്‌ എൻസൈക്ലോപീഡിയ ഇങ്ങനെ പ്രസ്‌താവിക്കുന്നു: “കുട്ടികൾ പിൽക്കാലത്തു വെച്ചുപുലർത്തുന്ന മനോഭാവങ്ങൾ അവൻ ആർജിക്കുന്നതോ പഠിക്കുന്നതോ ആണ്‌. ഇത്‌ ഒരു ഭാഷയോ മറ്റെന്തെങ്കിലും കഴിവുകളോ പഠിച്ചെടുക്കുന്നതിന്‌ ഏറെക്കുറെ സമാനമാണ്‌.” മനോഭാവങ്ങൾ നമുക്ക്‌ എങ്ങനെ വളർത്തിയെടുക്കാൻ കഴിയും? അതിനെ ബാധിക്കുന്ന നിരവധി ഘടകങ്ങൾ ഉണ്ടെങ്കിലും, നമ്മുടെ സഹവാസവും ചുറ്റുപാടുകളും നിർണായകമായ പങ്കു വഹിക്കുന്നു. മേൽ പരാമർശിച്ച എൻസൈക്ലോപീഡിയ ഇങ്ങനെ അഭിപ്രായപ്പെടുന്നു: “നാം അടുത്തു സമ്പർക്കം പുലർത്തുന്നവരുടെ മനോഭാവങ്ങൾ നാം പഠിക്കുകയോ സ്വാംശീകരിക്കുകയോ ചെയ്യുന്നു.” സമാനമായ ഒരു കാര്യം ആയിരക്കണക്കിനു വർഷങ്ങൾക്കു മുമ്പ്‌ ബൈബിൾ പറയുകയുണ്ടായി: “ജ്ഞാനികളോടുകൂടെ നടക്ക; നീയും ജ്ഞാനിയാകും; ഭോഷന്മാർക്കു കൂട്ടാളിയായവനോ വ്യസനിക്കേണ്ടിവരും.”​—⁠സദൃശവാക്യങ്ങൾ 13:20; 1 കൊരിന്ത്യർ 15:⁠33.

ഉചിതമായ മനോഭാവത്തിന്റെ ഒരു മാതൃക

3. മനോഭാവത്തിന്റെ കാര്യത്തിൽ ഉത്തമ മാതൃക ആരാണ്‌, നമുക്ക്‌ അവനെ എങ്ങനെ അനുകരിക്കാൻ കഴിയും?

3 മറ്റു കാര്യങ്ങളിലെന്ന പോലെ, മനോഭാവത്തിന്റെ കാര്യത്തിലും യേശുക്രിസ്‌തുവാണ്‌ ഉത്തമ മാതൃക. അവൻ ഇപ്രകാരം പറഞ്ഞു: “ഞാൻ നിങ്ങൾക്കു ചെയ്‌തതുപോലെ നിങ്ങളും ചെയ്യേണ്ടതിന്നു ഞാൻ നിങ്ങൾക്കു ദൃഷ്ടാന്തം തന്നിരിക്കുന്നു.” (യോഹന്നാൻ 13:15) യേശുവിനെ പോലെ ആയിരിക്കുന്നതിന്‌ നാം ആദ്യം അവനെ കുറിച്ചു പഠിക്കേണ്ടതുണ്ട്‌. * പത്രൊസ്‌ അപ്പൊസ്‌തലൻ നൽകിയ പിൻവരുന്ന ഉദ്‌ബോധനം അനുസരിച്ചു പ്രവർത്തിക്കുക എന്ന ഉദ്ദേശ്യത്തിലാണു നാം യേശുവിന്റെ ജീവിതത്തെ കുറിച്ചു പഠിക്കുന്നത്‌: “അതിന്നായിട്ടല്ലോ നിങ്ങളെ വിളിച്ചിരിക്കുന്നതു. ക്രിസ്‌തുവും നിങ്ങൾക്കു വേണ്ടി കഷ്ടം അനുഭവിച്ചു, നിങ്ങൾ അവന്റെ കാൽച്ചുവടു പിന്തുടരുവാൻ ഒരു മാതൃക വെച്ചേച്ചു പോയിരിക്കുന്നു.” (1 പത്രൊസ്‌ 2:21) കഴിവതും യേശുവിനെ പോലെ ആയിരിക്കുക എന്നതാണു നമ്മുടെ ലക്ഷ്യം. അവന്റെ മനോഭാവം നട്ടുവളർത്തുന്നത്‌ അതിൽ ഉൾപ്പെടുന്നു.

4, 5. യേശുവിന്റെ മാനസികഭാവത്തിന്റെ ഏതു വശം റോമർ 15:1-3 എടുത്തുകാണിക്കുന്നു, ക്രിസ്‌ത്യാനികളായ നമുക്ക്‌ എങ്ങനെ യേശുവിനെ അനുകരിക്കാനാകും?

4 നമുക്ക്‌ ക്രിസ്‌തുയേശുവിന്റെ മാനസിക ഭാവം ഉണ്ടായിരിക്കുന്നതിൽ എന്താണ്‌ ഉൾപ്പെട്ടിരിക്കുന്നത്‌? ആ ചോദ്യത്തിന്‌ ഉത്തരം കണ്ടെത്താൻ പൗലൊസ്‌ റോമർക്ക്‌ എഴുതിയ ലേഖനത്തിന്റെ 15-ാം അധ്യായം നമ്മെ സഹായിക്കുന്നു. പ്രസ്‌തുത അധ്യായത്തിന്റെ ആദ്യത്തെ ചില വാക്യങ്ങളിൽ യേശുവിന്റെ ഒരു സവിശേഷ ഗുണത്തെ കുറിച്ചു പരാമർശിച്ചുകൊണ്ട്‌ പൗലൊസ്‌ ഇങ്ങനെ പറയുന്നു: ‘എന്നാൽ ശക്തരായ നാം അശക്തരുടെ ബലഹീനതകളെ ചുമക്കുകയും നമ്മിൽ തന്നേ പ്രസാദിക്കാതിരിക്കയും വേണം. നമ്മിൽ ഓരോരുത്തൻ കൂട്ടുകാരനെ നന്മെക്കായിട്ടു ആത്മിക വർദ്ധനെക്കു വേണ്ടി പ്രസാദിപ്പിക്കേണം. “നിന്നെ നിന്ദിക്കുന്നവരുടെ നിന്ദ എന്റെ മേൽ വീണു” എന്നു എഴുതിയിരിക്കുന്നതുപോലെ ക്രിസ്‌തുവും തന്നിൽ തന്നേ പ്രസാദിച്ചില്ല.’​—⁠റോമർ 15:1-3.

5 കേവലം തങ്ങളെത്തന്നെ പ്രസാദിപ്പിക്കുന്നതിനു പകരം, യേശുവിന്റെ മാനസികഭാവം അനുകരിച്ചുകൊണ്ട്‌ താഴ്‌മയോടെ മറ്റുള്ളവരെ സേവിക്കുന്നതിന്‌ ഒരുക്കമുള്ളവർ ആയിരിക്കാൻ പൗലൊസ്‌ ക്രിസ്‌ത്യാനികളെ പ്രോത്സാഹിപ്പിക്കുന്നു. മറ്റുള്ളവരെ സേവിക്കാനുള്ള താഴ്‌മയോടെയുള്ള അത്തരമൊരു മനസ്സൊരുക്കം “ശക്തരായ” വ്യക്തികളുടെ ഒരു സവിശേഷതയാണ്‌. ജീവിച്ചിരുന്ന ഏതൊരു മനുഷ്യനെക്കാളും ആത്മീയമായി ശക്തനായിരുന്ന യേശു തന്നെക്കുറിച്ചുതന്നെ ഇങ്ങനെ പറഞ്ഞു: ‘മനുഷ്യപുത്രൻ ശുശ്രൂഷ ചെയ്യിപ്പാനല്ല ശുശ്രൂഷിപ്പാനും അനേകർക്കു വേണ്ടി തന്റെ ജീവനെ മറുവിലയായി കൊടുപ്പാനും വന്നു.’ (മത്തായി 20:28) ‘അശക്ത’രായ മറ്റുള്ളവരെ സേവിക്കാൻ ക്രിസ്‌ത്യാനികൾ എന്ന നിലയിൽ നാമും ആഗ്രഹിക്കുന്നു.

6. എതിർപ്പിനോടും നിന്ദയോടും യേശു പ്രതികരിച്ച വിധത്തെ നമുക്ക്‌ എങ്ങനെ അനുകരിക്കാൻ കഴിയും?

6 എപ്പോഴും ക്രിയാത്മകമായി ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്‌തു എന്നത്‌ യേശുവിന്റെ വ്യക്തിത്വത്തിന്റെ ഒരു മുഖ്യ സവിശേഷത ആയിരുന്നു. മറ്റുള്ളവരുടെ നിഷേധാത്മക മനോഭാവം ദൈവത്തെ സേവിക്കുന്നതു സംബന്ധിച്ച തന്റെ ക്രിയാത്മക മനോഭാവത്തെ ബാധിക്കാൻ അവൻ ഒരിക്കലും അനുവദിച്ചില്ല. നാമും അതുപോലെ ആയിരിക്കണം. ദൈവത്തെ വിശ്വസ്‌തമായി സേവിച്ചതു നിമിത്തമുണ്ടായ നിന്ദയെയും പീഡനത്തെയും യേശു പരാതി കൂടാതെ സഹിച്ചുനിന്നു. ‘നന്മയ്‌ക്കായുള്ള ആത്മിക വർദ്ധനക്ക്‌’ അയൽക്കാരനെ പ്രസാദിപ്പിക്കാൻ ശ്രമിക്കുന്നവർക്ക്‌ അവിശ്വാസികളിൽനിന്നും അറിവില്ലാത്തവരിൽനിന്നും എതിർപ്പ്‌ ഉണ്ടാകുമെന്ന്‌ അവന്‌ അറിയാമായിരുന്നു.

7. യേശു എങ്ങനെ ക്ഷമ പ്രകടമാക്കി, നാമും ക്ഷമ പ്രകടമാക്കേണ്ടത്‌ എന്തുകൊണ്ട്‌?

7 മറ്റു വിധങ്ങളിലും യേശു ശരിയായ മനോഭാവം പ്രകടിപ്പിച്ചു. യഹോവ കാര്യങ്ങൾ നിർവഹിക്കുന്ന വിധത്തിൽ അവന്‌ ഒരിക്കലും അക്ഷമ തോന്നിയില്ല, മറിച്ച്‌ യഹോവയുടെ ഉദ്ദേശ്യങ്ങളുടെ പൂർത്തീകരണത്തിനായി അവൻ ക്ഷമയോടെ കാത്തിരുന്നു. (സങ്കീർത്തനം 110:1; മത്തായി 24:36; പ്രവൃത്തികൾ 2:32-36; എബ്രായർ 10:12, 13) മാത്രമല്ല, തന്റെ അനുഗാമികളോടും യേശു അക്ഷമയോടെ പെരുമാറിയില്ല. “എന്നോടു പഠിപ്പിൻ” എന്ന്‌ അവൻ അവരോടു പറഞ്ഞു; അവൻ ‘സൗമ്യതയുള്ളവൻ’ ആയിരുന്നതിനാൽ, അവന്റെ പഠിപ്പിക്കൽ പരിപുഷ്ടിപ്പെടുത്തുന്നതും ആശ്വാസപ്രദവും ആയിരുന്നു. ‘താഴ്‌മയുള്ളവൻ’ ആയിരുന്നതിനാൽ അവൻ ഗർവോ ധിക്കാരമോ കാട്ടിയില്ല. (മത്തായി 11:29) “ക്രിസ്‌തുയേശുവിലുള്ള ഭാവം തന്നേ നിങ്ങളിലും ഉണ്ടായിരിക്കട്ടെ. അവൻ ദൈവരൂപത്തിൽ ഇരിക്കെ ദൈവത്തോടുള്ള സമത്വം മുറുകെ പിടിച്ചുകൊള്ളേണം എന്നു വിചാരിക്കാതെ ദാസരൂപം എടുത്തു മനുഷ്യസാദൃശ്യത്തിലായി” എന്നു പറഞ്ഞുകൊണ്ട്‌ യേശുവിന്റെ സ്വഭാവത്തിന്റെ വിവിധ വശങ്ങൾ അനുകരിക്കാൻ പൗലൊസ്‌ നമ്മെ പ്രോത്സാഹിപ്പിക്കുന്നു.—ഫിലിപ്പിയർ 2:5-7.

8, 9. (എ) നിസ്വാർഥ മനോഭാവം വളർത്തിയെടുക്കാൻ നല്ല ശ്രമം ആവശ്യമാണെന്നു പറയുന്നത്‌ എന്തുകൊണ്ട്‌? (ബി) യേശുവിന്റെ മാതൃക പൂർണമായി പിൻപറ്റാൻ നമുക്കു സാധിക്കുന്നില്ലെങ്കിലും നിരുത്സാഹപ്പെടേണ്ടതില്ലാത്തത്‌ എന്തുകൊണ്ട്‌, ഇക്കാര്യത്തിൽ പൗലൊസ്‌ ഒരു നല്ല മാതൃക ആയിരുന്നത്‌ എങ്ങനെ?

8 മറ്റുള്ളവരെ സേവിക്കാനും അവരുടെ ആവശ്യങ്ങൾക്കു മുൻഗണന കൊടുക്കാനും നാം ആഗ്രഹിക്കുന്നു എന്നൊക്കെ പറയാൻ എളുപ്പമാണ്‌. എന്നാൽ സത്യസന്ധമായ ഒരു വിലയിരുത്തൽ നടത്തുമ്പോൾ, നമ്മുടെ ഹൃദയത്തിന്‌ എപ്പോഴും അത്തരമൊരു ചായ്‌വില്ല എന്നു മനസ്സിലാക്കാനാകും. എന്തുകൊണ്ടില്ല? ഒരു കാരണം, ആദ്യ മാതാപിതാക്കളിൽനിന്ന്‌ സ്വാർഥ ഗുണങ്ങളാണ്‌ നമുക്കു പാരമ്പര്യമായി ലഭിച്ചിരിക്കുന്നത്‌ എന്നതാണ്‌; ഇനി രണ്ടാമത്തെ കാരണം നാം ജീവിക്കുന്നത്‌ സ്വാർഥതയെ ഉന്നമിപ്പിക്കുന്ന ഒരു ലോകത്തിലാണ്‌ എന്നതും. (എഫെസ്യർ 4:17, 18) നിസ്വാർഥ മനോഭാവം വളർത്തിയെടുക്കുക എന്നാൽ നമ്മുടെ സഹജമായ അപൂർണ പ്രകൃതത്തിനു വിരുദ്ധമായ ഒരു ചിന്താരീതി നട്ടുവളർത്തുക എന്നാണ്‌ അർഥം. അതിനു നിശ്ചയദാർഢ്യവും നല്ല ശ്രമവും ആവശ്യമാണ്‌.

9 അപൂർണരായ നമുക്ക്‌ യേശു വെച്ച പൂർണ മാതൃകയ്‌ക്ക്‌ ഒപ്പമെത്താൻ കഴിയാത്തതിനാൽ ചിലപ്പോഴൊക്കെ നിരുത്സാഹം തോന്നുന്നു. യേശുവിന്റെ അതേ മാനസികഭാവം പ്രതിഫലിപ്പിക്കുക സാധ്യമാണോ എന്നു നാം സംശയിച്ചേക്കാം. എന്നാൽ പൗലൊസിന്റെ പ്രോത്സാഹന വാക്കുകൾ നോക്കുക: “എന്നിൽ എന്നുവെച്ചാൽ എന്റെ ജഡത്തിൽ നന്മ വസിക്കുന്നില്ല എന്നു ഞാൻ അറിയുന്നു; നന്മ ചെയ്‌വാനുള്ള താല്‌പര്യം എനിക്കുണ്ടു; പ്രവർത്തിക്കുന്നതോ ഇല്ല. ഞാൻ ചെയ്‌വാൻ ഇച്ഛിക്കുന്ന നന്മ ചെയ്യുന്നില്ലല്ലോ; ഇച്ഛിക്കാത്ത തിന്മയത്രേ പ്രവർത്തിക്കുന്നതു. ഉള്ളംകൊണ്ടു ഞാൻ ദൈവത്തിന്റെ ന്യായപ്രമാണത്തിൽ രസിക്കുന്നു. എങ്കിലും എന്റെ ബുദ്ധിയുടെ പ്രമാണത്തോടു പോരാടുന്ന വേറൊരു പ്രമാണം ഞാൻ എന്റെ അവയവങ്ങളിൽ കാണുന്നു; അതു എന്റെ അവയവങ്ങളിലുള്ള പാപപ്രമാണത്തിന്നു എന്നെ ബദ്ധനാക്കിക്കളയുന്നു.” (റോമർ 7:18, 19, 22, 23) പൗലൊസിന്‌ ദൈവഹിതം ചെയ്യാൻ ആഗ്രഹം ഉണ്ടായിരുന്നെങ്കിലും പലപ്പോഴും അപൂർണത അതിന്‌ ഒരു തടസ്സമായിരുന്നു. എന്നാൽ അവന്റെ മനോഭാവം അതായത്‌, യഹോവയെയും അവന്റെ ന്യായപ്രമാണത്തെയും സംബന്ധിച്ച അവന്റെ ചിന്തകളും വികാരങ്ങളും മാതൃകാപരമായിരുന്നു. നമ്മുടേതും അങ്ങനെ ആയിരിക്കണം.

തെറ്റായ മനോഭാവങ്ങൾ തിരുത്തൽ

10. ഏതു മനോഭാവം നട്ടുവളർത്താനാണ്‌ പൗലൊസ്‌ ഫിലിപ്പിയരെ പ്രോത്സാഹിപ്പിച്ചത്‌?

10 തെറ്റായ ഒരു മനോഭാവം ഒരുവനു തിരുത്താൻ സാധിക്കുമോ? തീർച്ചയായും. ഒന്നാം നൂറ്റാണ്ടിലെ ചില ക്രിസ്‌ത്യാനികളുടെ കാര്യത്തിൽ ഇതു സത്യമായിരുന്നു. ഫിലിപ്പിയർക്കുള്ള തന്റെ ലേഖനത്തിൽ ശരിയായ മനോഭാവം ഉണ്ടായിരിക്കുന്നതിനെ കുറിച്ച്‌ പൗലൊസ്‌ പറഞ്ഞു. അവൻ ഇങ്ങനെ എഴുതി: “ലഭിച്ചു കഴിഞ്ഞു എന്നോ, [നേരത്തെയുള്ള ഒരു പുനരുത്ഥാനം വഴി ലഭിക്കുന്ന സ്വർഗീയ ജീവൻ] തികഞ്ഞവനായി എന്നോ അല്ല, ഞാൻ ക്രിസ്‌തുയേശുവിനാൽ പിടിക്കപ്പെട്ടിരിക്കുന്നതുകൊണ്ടു എനിക്കും അതു പിടിക്കാമോ എന്നുവെച്ചു പിന്തുടരുന്നതേയുള്ളു. സഹോദരന്മാരേ, ഞാൻ പിടിച്ചിരിക്കുന്നു എന്നു നിരൂപിക്കുന്നില്ല. ഒന്നു ഞാൻ ചെയ്യുന്നു: പിമ്പിലുള്ളതു മറന്നും മുമ്പിലുള്ളതിന്നു ആഞ്ഞുംകൊണ്ടു ക്രിസ്‌തുയേശുവിൽ ദൈവത്തിന്റെ പരമവിളിയുടെ വിരുതിന്നായി ലാക്കിലേക്ക്‌ ഓടുന്നു. നമ്മിൽ തികഞ്ഞവർ ഒക്കെയും ഇങ്ങനെ തന്നേ ചിന്തിച്ചുകൊൾക [“ഈ മാനസികഭാവം വെച്ചുപുലർത്തട്ടെ,” NW].”​—⁠ഫിലിപ്പിയർ 3:12-15.

11, 12. ഏതെല്ലാം വിധങ്ങളിലാണ്‌ യഹോവ ശരിയായ മനോഭാവം നമുക്കു വെളിപ്പെടുത്തിത്തരുന്നത്‌?

11 ക്രിസ്‌ത്യാനി ആയിത്തീർന്ന ഒരുവൻ പുരോഗതി വരുത്താൻ ആഗ്രഹിക്കാത്തത്‌ തെറ്റായ ഒരു മനോഭാവമാണെന്നു പൗലൊസിന്റെ വാക്കുകൾ പ്രകടമാക്കുന്നു. ആ വ്യക്തി ക്രിസ്‌തുവിന്റെ മാനസികഭാവം വെച്ചുപുലർത്താൻ പരാജയപ്പെടുന്നു. (എബ്രായർ 4:11; 2 പത്രൊസ്‌ 1:10; 3:14) അങ്ങനെയൊരു വ്യക്തി പ്രത്യാശയറ്റ അവസ്ഥയിലാണോ? തീർച്ചയായും അല്ല. മനോഭാവത്തിൽ മാറ്റം വരുത്താൻ യഥാർഥ ആഗ്രഹമുള്ള വ്യക്തിയെ ദൈവത്തിനു സഹായിക്കാനാകും. പൗലൊസ്‌ ഇങ്ങനെ തുടർന്നു പറയുന്നു: “വല്ലതിലും നിങ്ങൾ വേറെവിധമായി ചിന്തിച്ചാൽ ദൈവം അതുവും നിങ്ങൾക്കു വെളിപ്പെടുത്തിത്തരും.”​—⁠ഫിലിപ്പിയർ 3:15

12 എന്നാൽ, യഹോവ ശരിയായ മനോഭാവം നമുക്കു വെളിപ്പെടുത്തിത്തരാൻ നാം ആഗ്രഹിക്കുന്നെങ്കിൽ നമ്മുടെ പങ്കു നാം ചെയ്‌തിരിക്കണം. ശരിയായ മനോഭാവം വളർത്തിയെടുക്കാൻ ‘വേറെവിധമായി ചിന്തിക്കുന്ന’വരെ എന്തു സഹായിക്കും? “വിശ്വസ്‌തനും വിവേകിയുമായ അടിമ” നൽകിയിരിക്കുന്ന ക്രിസ്‌തീയ പ്രസിദ്ധീകരണങ്ങളുടെ സഹായത്തോടെയുള്ള ദൈവവചനത്തിന്റെ പ്രാർഥനാപൂർവകമായ പഠനം അവരെ അതിനു സഹായിക്കും. (മത്തായി 24:45 NW) “ദൈവത്തിന്റെ സഭയെ മേയ്‌പാൻ” പരിശുദ്ധാത്മാവിനാൽ നിയമിതരായ ക്രിസ്‌തീയ മൂപ്പന്മാർ അക്കാര്യത്തിൽ സഹായമേകാൻ സന്തോഷമുള്ളവർ ആയിരിക്കും. (പ്രവൃത്തികൾ 20:28) യഹോവ നമ്മുടെ അപൂർണതകൾ കണക്കിലെടുക്കുകയും നമുക്കു സ്‌നേഹപൂർവകമായ സഹായം നൽകുകയും ചെയ്യുന്നതിൽ നാം എത്ര നന്ദിയുള്ളവരാണ്‌! നമുക്ക്‌ ആ സഹായം സ്വീകരിക്കാം.

മറ്റുള്ളവരിൽനിന്നു പഠിക്കൽ

13. ഇയ്യോബിനെ സംബന്ധിച്ച ബൈബിൾ വിവരണത്തിൽനിന്ന്‌ ശരിയായ മനോഭാവത്തെ കുറിച്ച്‌ നാം എന്തു പഠിക്കുന്നു?

13 പുരാതന ദൃഷ്ടാന്തങ്ങളെ കുറിച്ചു ധ്യാനിക്കുന്നത്‌ നമ്മുടെ മനോഭാവത്തെ പൊരുത്തപ്പെടുത്താൻ നമ്മെ സഹായിക്കുമെന്ന്‌ റോമർ 15-ാം അധ്യായത്തിൽ പൗലൊസ്‌ പ്രകടമാക്കുന്നു. അവൻ ഇങ്ങനെ എഴുതുന്നു: “മുന്നെഴുതിയിരിക്കുന്നതു ഒക്കെയും നമ്മുടെ ഉപദേശത്തിന്നായിട്ടു, നമുക്കു തിരുവെഴുത്തുകളാൽ ഉളവാകുന്ന സ്ഥിരതയാലും ആശ്വാസത്താലും പ്രത്യാശ ഉണ്ടാകേണ്ടതിന്നു തന്നേ എഴുതിയിരിക്കുന്നു.” (റോമർ 15:⁠4) യഹോവയുടെ കഴിഞ്ഞകാല വിശ്വസ്‌ത ദാസന്മാരിൽ ചിലർക്കു തങ്ങളുടെ മനോഭാവത്തിന്റെ ചില വശങ്ങളിൽ തിരുത്തൽ ആവശ്യമായിരുന്നു. ഉദാഹരണത്തിന്‌, പൊതുവെ നല്ല മനോഭാവം ഉള്ള ഒരു വ്യക്തി ആയിരുന്നു ഇയ്യോബ്‌. ദുഷ്ടതയ്‌ക്കുള്ള ഉത്തരവാദി യഹോവ ആണെന്ന്‌ അവൻ ഒരിക്കലും ആരോപിക്കുകയോ യഹോവയിലുള്ള തന്റെ ഉറച്ച വിശ്വാസത്തെ തകിടം മറിക്കാൻ തന്റെ കഷ്ടതകളെ അനുവദിക്കുകയോ ചെയ്‌തില്ല. (ഇയ്യോബ്‌ 1:8, 21, 22) എങ്കിലും, തന്നെത്തന്നെ ന്യായീകരിക്കാനുള്ള ഒരു പ്രവണത അവനുണ്ടായിരുന്നു. ആ ചിന്താഗതിക്കു മാറ്റം വരുത്താൻ അവനെ സഹായിക്കുന്നതിന്‌ യഹോവ എലീഹൂവിനു നിർദേശം നൽകി. തിരുത്തൽ ലഭിച്ചപ്പോൾ അധിക്ഷേപിക്കപ്പെടുന്നതായി ഇയ്യോബിനു തോന്നിയില്ല. പകരം, അവൻ തന്റെ മനോഭാവത്തിനു മാറ്റം വരുത്തേണ്ടതിന്റെ ആവശ്യം തിരിച്ചറിഞ്ഞ്‌ ഉടനടി അപ്രകാരം ചെയ്‌തു.​—⁠ഇയ്യോബ്‌ 42:1-6.

14. ഏതെങ്കിലുമൊരു മനോഭാവം സംബന്ധിച്ചു ബുദ്ധിയുപദേശം ലഭിക്കുന്നപക്ഷം നമുക്ക്‌ എങ്ങനെ ഇയ്യോബിനെ പോലെ ആയിരിക്കാൻ കഴിയും?

14 നമ്മുടെ മനോഭാവം ഉചിതമല്ല എന്ന്‌ ഒരു സഹക്രിസ്‌ത്യാനി പറഞ്ഞാൽ ഇയ്യോബിനെ പോലെ നാം പ്രതികരിക്കുമോ? ഇയ്യോബിനെ പോലെ നമുക്കും ഒരിക്കലും ‘ദൈവത്തിന്നു ഭോഷത്വം ആരോപിക്കാതിരിക്കാം.’ (ഇയ്യോബ്‌ 1:22) അന്യായമായി ദ്രോഹം സഹിക്കേണ്ടിവരുന്നെങ്കിൽ, അതിന്‌ ഉത്തരവാദി യഹോവയാണെന്ന്‌ ആരോപിക്കുകയോ പരാതി പറയുകയോ ചെയ്യാതിരിക്കാം. യഹോവയുടെ സേവനത്തിൽ നമുക്ക്‌ എന്തെല്ലാം പദവികൾ ഉണ്ടായിരുന്നാലും, നാം “പ്രയോജനം ഇല്ലാത്ത ദാസന്മാർ” ആണ്‌ എന്ന കാര്യം മനസ്സിൽ പിടിക്കാം. അങ്ങനെ, ഒരിക്കലും സ്വയം ന്യായീകരിക്കാതിരിക്കുകയും ചെയ്യാം.​—⁠ലൂക്കൊസ്‌ 17:10.

15. (എ) യേശുവിന്റെ ചില അനുഗാമികൾ തെറ്റായ എന്തു മനോഭാവം പ്രകടമാക്കി? (ബി) പത്രൊസ്‌ നല്ല മനോഭാവം പ്രകടമാക്കിയത്‌ എങ്ങനെ?

15 ഒന്നാം നൂറ്റാണ്ടിൽ യേശു പറയുന്നതു ശ്രദ്ധിച്ച ചിലർ അനുചിതമായ ഒരു മനോഭാവം പ്രകടമാക്കി. യേശു ഒരിക്കൽ, ഗ്രഹിക്കാൻ ബുദ്ധിമുട്ടുള്ള ഒരു കാര്യം പറഞ്ഞു. “അവന്റെ ശിഷ്യന്മാർ പലരും അതു കേട്ടിട്ടു: ഇതു കഠിനവാക്കു, ഇതു ആർക്കു കേൾപ്പാൻ കഴിയും എന്നു പറഞ്ഞു.” അങ്ങനെ പറഞ്ഞവർക്ക്‌ മോശമായ ഒരു മനോഭാവമാണ്‌ ഉണ്ടായിരുന്നതെന്നു വ്യക്തം. അവരുടെ മോശമായ ചിന്താഗതി യേശുവിനെ ശ്രദ്ധിക്കുന്നതിൽനിന്ന്‌ അവരെ പിന്തിരിപ്പിച്ചു. ബൈബിൾ രേഖ ഇപ്രകാരം പറയുന്നു: “അന്നുമുതൽ അവന്റെ ശിഷ്യന്മാരിൽ പലരും പിൻവാങ്ങിപ്പോയി, പിന്നെ അവനോടു കൂടെ സഞ്ചരിച്ചില്ല.” തെറ്റായ ആ മനോഭാവമാണോ എല്ലാവരും പ്രകടമാക്കിയത്‌? അല്ല. ബൈബിൾ ഇങ്ങനെ തുടർന്നു പറയുന്നു: “ആകയാൽ യേശു പന്തിരുവരോടു: നിങ്ങൾക്കും പൊയ്‌കൊൾവാൻ മനസ്സുണ്ടോ എന്നു ചോദിച്ചു. ശിമോൻ പത്രൊസ്‌ അവനോടു: കർത്താവേ, ഞങ്ങൾ ആരുടെ അടുക്കൽ പോകും?” തുടർന്ന്‌ ആ ചോദ്യത്തിന്‌ പത്രൊസ്‌ തന്നെ ഉത്തരം നൽകി: “നിത്യജീവന്റെ വചനങ്ങൾ നിന്റെ പക്കൽ ഉണ്ടു.” (യോഹന്നാൻ 6:60, 66-68) എത്ര നല്ല ഒരു മനോഭാവം! തിരുവെഴുത്തു ഗ്രാഹ്യം സംബന്ധിച്ച ചില വിശദീകരണങ്ങളും പുതിയ വിവരങ്ങളും ലഭിക്കുമ്പോൾ ആദ്യമൊക്കെ അവ സ്വീകരിക്കാൻ നമുക്കു ബുദ്ധിമുട്ടു തോന്നിയേക്കാം. അങ്ങനെയെങ്കിൽ, പത്രൊസിന്റെ അതേ മനോഭാവം പ്രകടമാക്കുന്നതു നന്നായിരിക്കില്ലേ? ചില കാര്യങ്ങൾ മനസ്സിലാക്കാൻ പ്രയാസമാണ്‌ എന്നതിന്റെ പേരിൽ യഹോവയെ സേവിക്കുന്നതു നിറുത്തുകയോ “ആരോഗ്യാവഹമായ വാക്കുകളുടെ മാതൃക”യ്‌ക്കു വിരുദ്ധമായി സംസാരിക്കുകയോ ചെയ്യുന്നത്‌ എത്ര ഭോഷത്വമായിരിക്കും!​—⁠2 തിമൊഥെയൊസ്‌ 1:13, NW.

16. യേശുവിന്റെ നാളിലെ യഹൂദ മതനേതാക്കന്മാർ ഞെട്ടിക്കുന്ന എന്തു മനോഭാവം പ്രകടമാക്കി?

16 യേശുവിന്റേതു പോലുള്ള മനോഭാവം പുലർത്താൻ ഒന്നാം നൂറ്റാണ്ടിലെ യഹൂദ മതനേതാക്കന്മാർ പരാജയപ്പെട്ടു. യേശു പറയുന്നതു തള്ളിക്കളയാനുള്ള അവരുടെ മനഃപൂർവ തീരുമാനം അവൻ ലാസറിനെ മരിച്ചവരിൽനിന്ന്‌ ഉയിർപ്പിച്ചപ്പോൾ പ്രകടമായി. ശരിയായ മനോഭാവമുള്ളവരെ സംബന്ധിച്ചിടത്തോളം യേശു ദൈവത്താൽ അയയ്‌ക്കപ്പെട്ടവൻ ആണ്‌ എന്നതിന്റെ തെളിവായിരുന്നു പ്രസ്‌തുത അത്ഭുതം. എന്നാൽ ബൈബിളിൽ നാം ഇങ്ങനെ വായിക്കുന്നു: “നാം എന്തു ചെയ്യേണ്ടു? ഈ മനുഷ്യൻ വളരെ അടയാളങ്ങൾ ചെയ്യുന്നുവല്ലോ. അവനെ ഇങ്ങനെ വിട്ടേച്ചാൽ എല്ലാവരും അവനിൽ വിശ്വസിക്കും; റോമക്കാരും വന്നു നമ്മുടെ സ്ഥലത്തെയും ജനത്തെയും എടുത്തുകളയും.” ഈ പ്രശ്‌നത്തിന്‌ അവർ കണ്ടെത്തിയ പരിഹാരം എന്താണ്‌? “അന്നുമുതൽ അവർ അവനെ കൊല്ലുവാൻ ആലോചിച്ചു.” യേശുവിനെ വധിക്കാൻ ഗൂഢാലോചന നടത്തുന്നതിനു പുറമേ, അവൻ പ്രവർത്തിച്ച അത്ഭുതത്തിന്റെ തെളിവു നശിപ്പിക്കാൻ പോലും അവർ ഒരുമ്പെട്ടു. “ലാസരെയും കൊല്ലേണം എന്നു മഹാപുരോഹിതന്മാർ ആലോചിച്ചു.” (യോഹന്നാൻ 11:47, 48, 53; 12:9-11) നാം സമാനമായ മനോഭാവം വെച്ചുപുലർത്തുകയും വാസ്‌തവത്തിൽ സന്തോഷിക്കേണ്ട കാര്യങ്ങളെ പ്രതി അസ്വസ്ഥരാകുകയും ചെയ്യുന്നെങ്കിൽ, അത്‌ എത്രയോ അറപ്പുളവാക്കുന്ന ഒരു സംഗതിയായിരിക്കും! അതേ, എത്ര അപകടകരമായിരിക്കും അത്‌!

ക്രിസ്‌തുവിന്റെ നല്ല മനോഭാവം അനുകരിക്കൽ

17. (എ) എങ്ങനെയുള്ള സാഹചര്യത്തിലാണ്‌ ദാനീയേൽ നിർഭയ മനോഭാവം പ്രകടമാക്കിയത്‌? (ബി) യേശു നിർഭയത്വം പ്രകടമാക്കിയത്‌ എങ്ങനെ?

17 യഹോവയുടെ ദാസന്മാർ ക്രിയാത്മക മനോഭാവം പുലർത്തുന്നു. 30 ദിവസത്തേക്ക്‌ രാജാവിനോടല്ലാതെ മറ്റേതെങ്കിലും മനുഷ്യനോടോ ദൈവത്തോടോ പ്രാർഥിക്കാൻ പാടില്ല എന്ന ഒരു നിയമം പാസാക്കിയെടുക്കാൻ ദാനീയേലിന്റെ ശത്രുക്കൾ ഗൂഢാലോചന നടത്തി. അതു യഹോവയാം ദൈവവുമായുള്ള തന്റെ ബന്ധത്തിന്മേലുള്ള ഒരു കടന്നാക്രമണം ആണെന്ന്‌ ദാനീയേലിന്‌ അറിയാമായിരുന്നു. അവൻ 30 ദിവസം ദൈവത്തോടു പ്രാർഥിക്കാതിരുന്നോ? ഇല്ല. തന്റെ പതിവുപോലെ ദിവസത്തിൽ മൂന്നു പ്രാവശ്യം ദൈവത്തോടു പ്രാർഥിക്കുന്നതിൽ അവൻ നിർഭയം തുടർന്നു. (ദാനീയേൽ 6:6-17) അതുപോലെ, യേശുവും ശത്രുക്കളുടെ ഭീഷണിക്കു വഴങ്ങിയില്ല. ഒരു ശബത്തുനാളിൽ വരണ്ട കയ്യുള്ള ഒരു മനുഷ്യനെ യേശു കണ്ടു. ശബത്തിൽ ആരെയെങ്കിലും സൗഖ്യമാക്കുന്നത്‌ അവിടെ ഉണ്ടായിരുന്ന പല യഹൂദന്മാരുടെയും അനിഷ്ടം ക്ഷണിച്ചുവരുത്തുമെന്ന്‌ യേശുവിന്‌ അറിയാമായിരുന്നു. അതു സംബന്ധിച്ച തങ്ങളുടെ അഭിപ്രായം പറയാൻ അവൻ അവരോട്‌ ആവശ്യപ്പെട്ടു. എന്നാൽ അവർ അതിനു മടിച്ചപ്പോൾ യേശു ആ മനുഷ്യനെ സുഖപ്പെടുത്തി. (മർക്കൊസ്‌ 3:1-6) ഉചിതമെന്നു തനിക്കു തോന്നിയ നിയോഗത്തിൽനിന്ന്‌ യേശു ഒരിക്കലും പിന്മാറിയില്ല.

18. ചിലർ നമ്മെ എതിർക്കുന്നത്‌ എന്തുകൊണ്ട്‌, അവരുടെ നിഷേധാത്മക മനോഭാവത്തോടു നാം എങ്ങനെ പ്രതികരിക്കണം?

18 ശത്രുക്കളുടെ നിഷേധാത്മക പ്രതികരണങ്ങൾ തങ്ങളെ പ്രതികൂലമായി ബാധിക്കാൻ ഒരിക്കലും അനുവദിക്കരുതെന്ന്‌ യഹോവയുടെ സാക്ഷികൾ തിരിച്ചറിയുന്നു. ആ തിരിച്ചറിവ്‌ ഇല്ലെങ്കിൽ അവർക്ക്‌ യേശുവിന്റെ മാനസികഭാവം പ്രതിഫലിപ്പിക്കാൻ കഴിയില്ല. പലരും യഹോവയുടെ സാക്ഷികളെ എതിർക്കുന്നു. ചിലർ അങ്ങനെ ചെയ്യുന്നത്‌ വസ്‌തുതകൾ സംബന്ധിച്ച്‌ അജ്ഞർ ആയിരിക്കുന്നതിനാലോ സാക്ഷികളെയോ അവരുടെ സന്ദേശത്തെയോ വെറുക്കുന്നതിനാലോ ആണ്‌. അവരുടെ മോശമായ മനോഭാവം നമ്മെ ഒരിക്കലും സ്വാധീനിക്കാതിരിക്കട്ടെ. ആരാധനയോടുള്ള ബന്ധത്തിൽ നാം എന്തു ചെയ്യണം, എന്തു ചെയ്യരുത്‌ എന്നു തീരുമാനിക്കാൻ മറ്റാരെയും ഒരിക്കലും അനുവദിച്ചുകൂടാ.

19. യേശുവിന്‌ ഉണ്ടായിരുന്ന മാനസികഭാവം നമുക്ക്‌ എങ്ങനെ പ്രകടമാക്കാൻ കഴിയും?

19 തന്റെ അനുഗാമികളെയും ദൈവത്തിന്റെ ക്രമീകരണങ്ങളെയും സംബന്ധിച്ച്‌ യേശു എപ്പോഴും ക്രിയാത്മകമായ ഒരു മാനസികഭാവം പുലർത്തിയിരുന്നു, അങ്ങനെ ചെയ്യുന്നത്‌ ദുഷ്‌കരം ആയിരുന്നിട്ടു പോലും. (മത്തായി 23:2, 3) നാം അവന്റെ മാതൃക അനുകരിക്കേണ്ടതുണ്ട്‌. മറ്റുള്ളവരെ പോലെതന്നെ നമ്മളും അപൂർണരാണ്‌ എന്ന കാര്യം നമുക്ക്‌ മനസ്സിൽ പിടിക്കാം. നമ്മുടെ ലോകവ്യാപക സംഘടനയിൽ അല്ലാതെ എവിടെയാണ്‌ ഉത്തമ സഹകാരികളെയും യഥാർഥ സ്‌നേഹിതരെയും കണ്ടെത്താൻ കഴിയുക? തന്റെ വചനത്തിന്റെ പൂർണമായ ഒരു ഗ്രാഹ്യം യഹോവ ഇനിയും നമുക്കു തന്നിട്ടില്ല എന്നതു സത്യംതന്നെ, എന്നാൽ ഏതു മതസംഘടനയ്‌ക്കാണ്‌ ദൈവവചനം സംബന്ധിച്ചു നമ്മെക്കാൾ ഗ്രാഹ്യമുള്ളത്‌? നമുക്ക്‌ എല്ലായ്‌പോഴും ശരിയായ മാനസികഭാവം, യേശുവിന്‌ ഉണ്ടായിരുന്ന അതേ മാനസികഭാവം നിലനിറുത്താം. യഹോവയ്‌ക്കായി കാത്തിരിക്കുന്നത്‌ അതിൽ ഉൾപ്പെടുന്നു. അടുത്ത ലേഖനത്തിൽ നാം അതിനെ കുറിച്ചു ചർച്ച ചെയ്യുന്നതായിരിക്കും.

[അടിക്കുറിപ്പ്‌]

^ ഖ. 3 വാച്ച്‌ടവർ ബൈബിൾ ആൻഡ്‌ ട്രാക്‌റ്റ്‌ സൊസൈറ്റി ഓഫ്‌ ഇൻഡ്യ പ്രസിദ്ധീകരിച്ച ജീവിച്ചിരുന്നിട്ടുള്ളതിലേക്കും ഏറ്റവും മഹാനായ മനുഷ്യൻ എന്ന പുസ്‌തകം യേശുവിന്റെ ജീവിതത്തെയും ശുശ്രൂഷയെയും കുറിച്ച്‌ ചർച്ച ചെയ്യുന്നു.

നിങ്ങൾക്കു വിശദീകരിക്കാമോ?

• നമ്മുടെ മാനസികഭാവം ജീവിതത്തെ എങ്ങനെ ബാധിക്കുന്നു?

• യേശുക്രിസ്‌തുവിന്റെ മാനസികഭാവം വിവരിക്കുക.

• ഇയ്യോബിന്റെ മാനസികഭാവത്തിൽനിന്നു നമുക്ക്‌ എന്തു പഠിക്കാനാകും?

• എതിർപ്പു നേരിടുമ്പോൾ ഉണ്ടായിരിക്കേണ്ട ശരിയായ മാനസികഭാവം എന്ത്‌?

[അധ്യയന ചോദ്യങ്ങൾ]

[7-ാം പേജിലെ ചിത്രങ്ങൾ]

ശരിയായ മാനസികഭാവമുള്ള ഒരു ക്രിസ്‌ത്യാനി മറ്റുള്ളവരെ സഹായിക്കാൻ ശ്രമിക്കുന്നു

[9-ാം പേജിലെ ചിത്രം]

ക്രിസ്‌തുവിന്റെ മാനസികഭാവം ഉള്ളവരായിരിക്കാൻ ദൈവവചനത്തിന്റെ പ്രാർഥനാപൂർവകമായ പഠനം നമ്മെ സഹായിക്കുന്നു