വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

കാത്തിരിപ്പിൻ മനോഭാവം പ്രകടമാക്കുക!

കാത്തിരിപ്പിൻ മനോഭാവം പ്രകടമാക്കുക!

കാത്തിരിപ്പിൻ മനോഭാവം പ്രകടമാക്കുക!

“ഞാനോ . . . എന്റെ രക്ഷയുടെ ദൈവത്തിന്നായി കാത്തിരിക്കും; എന്റെ ദൈവം എന്റെ പ്രാർത്ഥന കേൾക്കും.”​—⁠മീഖാ 7:⁠7.

1, 2. (എ) മരുഭൂമിയിൽവെച്ച്‌ ഇസ്രായേല്യർ പ്രകടമാക്കിയ തെറ്റായ മനോഭാവം അവർക്കു ഹാനി വരുത്തിയത്‌ എങ്ങനെ? (ബി) ഉചിതമായ മനോഭാവം നട്ടുവളർത്താത്ത ഒരു ക്രിസ്‌ത്യാനിക്ക്‌ എന്തു സംഭവിച്ചേക്കാം?

ജീവിതത്തിലെ പല കാര്യങ്ങളെയും ക്രിയാത്മകമായോ നിഷേധാത്മകമായോ വീക്ഷിക്കാൻ കഴിയും. അതു നമ്മുടെ മനോഭാവത്തെ ആശ്രയിച്ചിരിക്കുന്നു. ഇസ്രായേല്യർ മരുഭൂമിയിൽ ആയിരുന്നപ്പോൾ, അവർക്കു ഭക്ഷിക്കാൻ അത്ഭുതകരമായി മന്ന ലഭിച്ചു. ആ വരണ്ട ശൂന്യപ്രദേശത്ത്‌ തങ്ങൾക്ക്‌ ആഹാരം പ്രദാനം ചെയ്‌തതിന്‌ യഹോവയോട്‌ കൃതജ്ഞതയുള്ളവർ ആയിരുന്നുകൊണ്ട്‌ അവർ ഒരു ക്രിയാത്മക മനോഭാവം പ്രകടിപ്പിക്കണമായിരുന്നു. എന്നാൽ, ഈജിപ്‌തിലെ നാനാവിധ ഭക്ഷണങ്ങളെ കുറിച്ചു ചിന്തിച്ച അവർ മന്ന രുചികരമല്ല എന്നു പരാതിപ്പെടുകയാണു ചെയ്‌തത്‌. എത്ര നിഷേധാത്മകമായ ഒരു മനോഭാവം!​—⁠സംഖ്യാപുസ്‌തകം 11:4-6.

2 സമാനമായി ഇന്ന്‌ ഒരു ക്രിസ്‌ത്യാനി ഒരു സംഗതിയെ നല്ലതോ മോശമോ ആയി കാണാൻ ഇടയാക്കുന്നത്‌ അയാളുടെ മനോഭാവമാണ്‌. ശരിയായ മനോഭാവമല്ല ഒരു ക്രിസ്‌ത്യാനിക്കുള്ളത്‌ എങ്കിൽ, അയാളുടെ സന്തോഷം പെട്ടെന്നു നഷ്ടമായേക്കാം. അതു ഗുരുതരമാണ്‌. കാരണം, നെഹെമ്യാവ്‌ ഇങ്ങനെ പ്രസ്‌താവിച്ചു: “യഹോവയിങ്കലെ സന്തോഷം നിങ്ങളുടെ ബലം ആകുന്നു.” (നെഹെമ്യാവു 8:10) ക്രിയാത്മകവും സന്തോഷകരവുമായ മനോഭാവം നമ്മെ ബലിഷ്‌ഠരായി നിലനിറുത്തുകയും സഭയ്‌ക്കുള്ളിൽ സമാധാനവും ഐക്യവും ഉന്നമിപ്പിക്കുകയും ചെയ്യുന്നു.​—⁠റോമർ 15:13; ഫിലിപ്പിയർ 1:25.

3. യിരെമ്യാവിന്റെ ഉചിതമായ മനോഭാവം ദുഷ്‌കരമായ സമയത്ത്‌ അവനെ സഹായിച്ചത്‌ എങ്ങനെ?

3 ദുഷ്‌കരമായ നാളുകളിലാണ്‌ ജീവിച്ചിരുന്നതെങ്കിലും, യിരെമ്യാവ്‌ ഒരു ക്രിയാത്മക മനോഭാവം പ്രകടമാക്കി. പൊ.യു.മു. 607-ലെ യെരൂശലേമിന്റെ നാശത്തിന്റെ സമയത്തും അവൻ നല്ല മനോഭാവം വെച്ചുപുലർത്തി. യഹോവ ഇസ്രായേലിനെ മറക്കുകയില്ലെന്നും ആ ജനത അതിജീവിക്കുമെന്നും അവന്‌ ഉറച്ച ബോധ്യമുണ്ടായിരുന്നു. യിരെമ്യാവ്‌ വിലാപങ്ങൾ എന്ന പുസ്‌തകത്തിൽ ഇങ്ങനെ എഴുതി: “നാം മുടിഞ്ഞുപോകാതിരിക്കുന്നതു യഹോവയുടെ ദയ ആകുന്നു; അവന്റെ കരുണ തീർന്നു പോയിട്ടില്ലല്ലോ; അതു രാവിലെതോറും പുതിയതും നിന്റെ വിശ്വസ്ഥത വലിയതും ആകുന്നു.” (വിലാപങ്ങൾ 3:22, 23) ചരിത്രത്തിലുടനീളം, ഏറ്റവും ദുഷ്‌കരമായ സാഹചര്യങ്ങളിൽ പോലും, ദൈവദാസന്മാർ ക്രിയാത്മകവും സന്തോഷകരവുമായ ഒരു മനോഭാവം നിലനിറുത്താൻ ശ്രമിച്ചിട്ടുണ്ട്‌.​—⁠2 കൊരിന്ത്യർ 7:4; 1 തെസ്സലൊനീക്യർ 1:6; യാക്കോബ്‌ 1:⁠2, 3.

4. യേശു എങ്ങനെയുള്ള മനോഭാവമാണു നിലനിറുത്തിയത്‌, അത്‌ അവനെ എങ്ങനെ സഹായിച്ചു?

4 യിരെമ്യാവിന്റെ കാലത്തിന്‌ 600 വർഷത്തിനു ശേഷം, സഹിച്ചുനിൽക്കാൻ യേശുവിനെ സഹായിച്ചതും ക്രിയാത്മക മനോഭാവമാണ്‌. നാം ഇങ്ങനെ വായിക്കുന്നു: “[യേശുവിന്റെ] മുമ്പിൽ വെച്ചിരുന്ന സന്തോഷം ഓർത്തു അവൻ അപമാനം അലക്ഷ്യമാക്കി ക്രൂശിനെ സഹിക്കയും ദൈവസിംഹാസനത്തിന്റെ വലത്തുഭാഗത്തു ഇരിക്കയും ചെയ്‌തു.” (എബ്രായർ 12:⁠2) യേശുവിനു പലതരത്തിലുള്ള എതിർപ്പും പീഡനവും​—⁠ദണ്ഡനസ്‌തംഭത്തിലെ കഠിന വേദന പോലും​—⁠സഹിക്കേണ്ടിവന്നെങ്കിലും, “തന്റെ മുമ്പിൽ വെച്ചിരുന്ന സന്തോഷ”ത്തിൽ അവൻ സദാ മനസ്സു കേന്ദ്രീകരിച്ചു. യഹോവയുടെ പരമാധികാരത്തെ സംസ്ഥാപിക്കുകയും അവന്റെ നാമത്തെ വിശുദ്ധീകരിക്കുകയും അതുപോലെ അനുസരണമുള്ള മനുഷ്യവർഗത്തിനു മഹത്തായ അനുഗ്രഹങ്ങളുടെ പ്രത്യാശ നൽകുകയും ചെയ്യുക എന്നതായിരുന്നു ആ സന്തോഷം.

കാത്തിരിപ്പിൻ മനോഭാവം വളർത്തിയെടുക്കുക

5. ഉചിതമായ വീക്ഷണം ഉണ്ടായിരിക്കാൻ കാത്തിരിപ്പിൻ മനോഭാവം നമ്മെ സഹായിക്കുന്ന ഒരുസാഹചര്യംഏത്‌?

5 ക്രിസ്‌തുവിന്റെ മാനസികഭാവം നട്ടുവളർത്തുന്നെങ്കിൽ, നാം ആഗ്രഹിക്കുന്ന വിധത്തിലോ സമയത്തോ കാര്യങ്ങൾ നടക്കുന്നില്ലെങ്കിൽ പോലും നമുക്കു സന്തോഷം നഷ്ടമാകുകയില്ല. പ്രവാചകനായ മീഖാ ഇപ്രകാരം പറഞ്ഞു: “ഞാനോ യഹോവയിങ്കലേക്കു നോക്കും; എന്റെ രക്ഷയുടെ ദൈവത്തിന്നായി കാത്തിരിക്കും.” (മീഖാ 7:7; വിലാപങ്ങൾ 3:21) അതുപോലെ നമുക്കും കാത്തിരിപ്പിൻ മനോഭാവം ഉള്ളവരായിരിക്കാം. എങ്ങനെ? പല വിധങ്ങളിൽ. അധികാര സ്ഥാനത്തുള്ള ഒരു സഹോദരൻ തെറ്റായി പ്രവർത്തിച്ചെന്നും സത്വര നടപടി ആവശ്യമാണെന്നും നാം വിചാരിച്ചേക്കാം. എന്നാൽ കാത്തിരിപ്പിൻ മനോഭാവം ഇങ്ങനെ ചിന്തിക്കാൻ നമ്മെ സഹായിക്കും: ‘വാസ്‌തവത്തിൽ ആ സഹോദരൻ തെറ്റു ചെയ്‌തിട്ടുണ്ടോ, അതോ അത്‌ എന്റെ തെറ്റിദ്ധാരണയാണോ? അദ്ദേഹം തെറ്റു ചെയ്‌തെങ്കിൽ, അദ്ദേഹം മെച്ചപ്പെടുമെന്നും കടുത്ത ഒരു തിരുത്തൽ നടപടി ആവശ്യമില്ലെന്നും കരുതിക്കൊണ്ട്‌ സംഭവങ്ങൾ പൂർണമായി വികസിക്കാൻ യഹോവ അനുവദിക്കുകയായിരിക്കുമോ?’

6. വ്യക്തിപരമായ ഒരു പ്രശ്‌നമുള്ള ഒരു വ്യക്തിയെ കാത്തിരിപ്പിൻ മനോഭാവം എങ്ങനെ സഹായിക്കുന്നു?

6 വ്യക്തിപരമായ ഒരു പ്രശ്‌നം നമ്മെ അലോസരപ്പെടുത്തുകയോ ഒരു ബലഹീനതയെ തരണം ചെയ്യാൻ നാം പാടുപെടുകയോ ചെയ്യുമ്പോഴും കാത്തിരിപ്പിൻ മനോഭാവം ആവശ്യമായിരിക്കാം. യഹോവയുടെ സഹായത്തിനായി നാം പ്രാർഥിച്ചിട്ടും പ്രശ്‌നം തുടരുന്നെങ്കിലോ? അപ്പോൾ എന്തു ചെയ്യാനാകും? പ്രശ്‌നം പരിഹരിക്കാൻ നമ്മാലാവുന്ന കാര്യങ്ങൾ ചെയ്യുക. എന്നിട്ട്‌ യേശുവിന്റെ വാക്കുകളിൽ വിശ്വാസം അർപ്പിക്കുക. “യാചിപ്പിൻ, എന്നാൽ നിങ്ങൾക്കു കിട്ടും; അന്വേഷിപ്പിൻ, എന്നാൽ നിങ്ങൾ കണ്ടെത്തും; മുട്ടുവിൻ എന്നാൽ നിങ്ങൾക്കു തുറക്കും.” (ലൂക്കൊസ്‌ 11:⁠9) തുടർച്ചയായ പ്രവർത്തനത്തെ സൂചിപ്പിക്കുന്ന ക്രിയാരൂപങ്ങളാണ്‌ ഈ വാക്യത്തിന്റെ മൂല ഭാഷയിൽ ഉപയോഗിച്ചിരിക്കുന്നത്‌. അതിനാൽ പ്രാർഥിച്ചുകൊണ്ടിരിക്കുക, യഹോവയ്‌ക്കായി കാത്തിരിക്കുക. തക്കസമയത്ത്‌ തന്റേതായ വിധത്തിൽ യഹോവ നിങ്ങളുടെ പ്രാർഥനകൾക്ക്‌ ഉത്തരം നൽകും.​—⁠1 തെസ്സലൊനീക്യർ 5:⁠17.

7. തിരുവെഴുത്ത്‌ ഗ്രാഹ്യം ക്രമാനുഗതമായി സ്‌ഫുടം ചെയ്യപ്പെടുന്നു എന്ന വീക്ഷണം വളർത്തിയെടുക്കാൻ കാത്തിരിപ്പിൻ മനോഭാവം നമ്മെ എങ്ങനെ സഹായിക്കും?

7 ബൈബിൾ പ്രവചനങ്ങൾ നിവൃത്തിയേറുന്നതനുസരിച്ച്‌ തിരുവെഴുത്തുകൾ സംബന്ധിച്ച നമ്മുടെ ഗ്രാഹ്യവും സ്‌ഫുടം ചെയ്യപ്പെടുന്നു. ചില വിശദീകരണങ്ങൾക്കു കാലതാമസം നേരിടുന്നു എന്നു നമുക്കു ചിലപ്പോൾ തോന്നിയേക്കാം. ആഗ്രഹിക്കുന്ന സമയത്ത്‌ ഒരു വിശദീകരണം ലഭിക്കുന്നില്ലെങ്കിൽ, കാത്തിരിക്കാൻ നാം മനസ്സൊരുക്കം ഉള്ളവരാണോ? ‘ക്രിസ്‌തുവിനെ സംബന്ധിച്ചുള്ള മർമ്മം’ 4,000-ത്തിലധികം വർഷത്തെ ഒരു കാലയളവിൽ ക്രമാനുഗതമായി വെളിപ്പെടുത്തുന്നതാണ്‌ ഉചിതമെന്ന്‌ യഹോവ കണ്ടുവെന്ന കാര്യം ഓർമിക്കുക. (എഫെസ്യർ 3:3-6) ആ സ്ഥിതിക്ക്‌ അക്ഷമരായിരിക്കാൻ നമുക്ക്‌ എന്തെങ്കിലും കാരണമുണ്ടോ? യഹോവയുടെ ജനത്തിന്‌ “തക്കസമയത്ത്‌ അവരുടെ ആഹാരം” കൊടുക്കാൻ “വിശ്വസ്‌തനും വിവേകിയുമായ അടിമ”യെ നിയമിച്ചിരിക്കുന്നു എന്നതിൽ നമുക്കു സംശയമുണ്ടോ? (മത്തായി 24:​45, NW) എല്ലാ കാര്യങ്ങളും പൂർണമായി മനസ്സിലാക്കാൻ കഴിയാത്തതിനെപ്രതി എന്തിനു നമ്മുടെ ദൈവിക സന്തോഷം കളഞ്ഞുകളിക്കണം? ‘തന്റെ രഹസ്യങ്ങൾ’ എപ്പോൾ, എങ്ങനെ വെളിപ്പെടുത്തണമെന്നു തീരുമാനിക്കുന്നത്‌ യഹോവയാണ്‌ എന്ന കാര്യം മറക്കാതിരിക്കുക.​—⁠ആമോസ്‌ 3:⁠7.

8. യഹോവയുടെ ദീർഘക്ഷമ പലർക്കും പ്രയോജനപ്രദമായിരിക്കുന്നത്‌ എങ്ങനെ?

8 നിരവധി വർഷങ്ങൾ വിശ്വസ്‌ത സേവനം അർപ്പിച്ച തങ്ങൾക്ക്‌ “യഹോവയുടെ വലുതും ഭയങ്കരവുമായുള്ള ദിവസം” കാണാൻ കഴിയാതെ വന്നേക്കുമോ എന്നു ചിന്തിക്കുമ്പോൾ ചിലർക്കു നിരുത്സാഹം തോന്നിയേക്കാം. (യോവേൽ 2:30, 31) ക്രിയാത്മക കാര്യങ്ങൾ പരിചിന്തിച്ചുകൊണ്ട്‌ അവർക്ക്‌ അപ്പോഴും ഉത്സാഹമുള്ളവർ ആയിരിക്കാനാകും. പത്രൊസ്‌ ഈ ബുദ്ധിയുപദേശം നൽകി: “നമ്മുടെ കർത്താവിന്റെ ദീർഘക്ഷമയെ രക്ഷ എന്നു വിചാരിപ്പിൻ.” (2 പത്രൊസ്‌ 3:14) യഹോവ ദീർഘക്ഷമ പ്രകടമാക്കിയതിന്റെ ഫലമായാണ്‌ മറ്റു ദശലക്ഷക്കണക്കിന്‌ ആളുകൾക്ക്‌ സത്യം പഠിക്കാൻ കഴിഞ്ഞിരിക്കുന്നത്‌. അത്‌ സന്തോഷകരമായ ഒരു കാര്യമല്ലേ? മാത്രമല്ല, യഹോവ എത്രയധികം ദീർഘക്ഷമ കാണിക്കുന്നുവോ, ‘ഭയത്തോടും വിറയലോടും കൂടെ രക്ഷെക്കായി പ്രവർത്തിക്കാൻ’ അത്രയധികം സമയം നമുക്കുണ്ടായിരിക്കും.​—⁠ഫിലിപ്പിയർ 2:12; 2 പത്രൊസ്‌ 3:11, 12.

9. യഹോവയുടെ സേവനത്തിൽ നമുക്കു പരിമിതമായേ പ്രവർത്തിക്കാൻ കഴിയുന്നുള്ളുവെങ്കിൽ പോലും, പ്രസ്‌തുത സാഹചര്യത്തിൽ സഹിഷ്‌ണുത ഉള്ളവരായിരിക്കാൻ കാത്തിരിപ്പിൻ മനോഭാവം എങ്ങനെ സഹായിക്കും?

9 രാജ്യസേവനത്തിലായിരിക്കെ എതിർപ്പ്‌ ഉണ്ടാകുകയോ രോഗമോ വാർധക്യമോ മറ്റു തരത്തിലുള്ള പ്രശ്‌നങ്ങളോ നേരിടുകയോ ചെയ്യുന്നെങ്കിൽ നിരുത്സാഹിതർ ആകാതിരിക്കാൻ കാത്തിരിപ്പിൻ മനോഭാവം നമ്മെ സഹായിക്കുന്നു. പൂർണഹൃദയത്തോടെയുള്ള സേവനമാണ്‌ യഹോവ പ്രതീക്ഷിക്കുന്നത്‌. (റോമർ 12:1) ‘എളിയവനെയും ദരിദ്രനെയും ആദരിക്കുന്ന’ ദൈവപുത്രൻ ന്യായമായും നമ്മുടെ പ്രാപ്‌തിക്ക്‌ അതീതമായി യാതൊന്നും പ്രതീക്ഷിക്കുകയില്ല; യഹോവയും അങ്ങനെ പ്രതീക്ഷിക്കുന്നില്ല. (സങ്കീർത്തനം 72:13) ഈ വ്യവസ്ഥിതിയിൽ അല്ലെങ്കിൽ പുതിയ വ്യവസ്ഥിതിയിൽ സാഹചര്യങ്ങൾക്കു മാറ്റം വരാനായി ക്ഷമാപൂർവം കാത്തിരിക്കാനും ഇപ്പോൾ നമ്മുടെ പരമാവധി പ്രവർത്തിക്കാനും ബൈബിൾ നമ്മെ പ്രോത്സാഹിപ്പിക്കുന്നു. പൗലൊസ്‌ അപ്പൊസ്‌തലൻ പറഞ്ഞത്‌ ഓർമിക്കുക: “ദൈവം നിങ്ങളുടെ പ്രവൃത്തിയും വിശുദ്ധന്മാരെ ശുശ്രൂഷിച്ചതിനാലും ശുശ്രൂഷിക്കുന്നതിനാലും തന്റെ നാമത്തോടു കാണിച്ച സ്‌നേഹവും മറന്നുകളവാൻ തക്കവണ്ണം അനീതിയുള്ളവനല്ല.”​—⁠എബ്രായർ 6:10.

10.കാത്തിരിപ്പിൻ മനോഭാവമുള്ള ഒരാൾക്ക്‌ ഭക്തികെട്ട ഏതു പ്രവണത ഒഴിവാക്കാനാകും? വിശദീകരിക്കുക.

10 ധിക്കാരം ഒഴിവാക്കാനും കാത്തിരിപ്പിൻ മനോഭാവം നമ്മെ സഹായിക്കുന്നു. കാത്തിരിക്കുന്നതിലെ പരാജയമാണു ചിലരെ വിശ്വാസത്യാഗത്തിലേക്കു നയിച്ചത്‌. ബൈബിൾ ഗ്രാഹ്യത്തിലോ സംഘടനാപരമായ കാര്യങ്ങളിലോ ചില പൊരുത്തപ്പെടുത്തലുകൾ ആവശ്യമാണെന്ന്‌ അവർക്കു തോന്നിയിരിക്കാം. എന്നാൽ അത്തരക്കാർ ഒരു കാര്യം മനസ്സിലാക്കാൻ പരാജയപ്പെട്ടിരിക്കുന്നു: പൊരുത്തപ്പെടുത്തലുകൾ വരുത്താൻ യഹോവ വിശ്വസ്‌തനും വിവേകിയുമായ അടിമയെ പ്രേരിപ്പിക്കുന്നത്‌ തന്റെ നിയമിത സമയത്താണ്‌, അല്ലാതെ അവ ആവശ്യമാണെന്നു മനുഷ്യർക്കു തോന്നുമ്പോഴല്ല. ഇനി, നമ്മുടെ വ്യക്തിപരമായ ആശയങ്ങൾക്കു ചേർച്ചയിലുള്ള പൊരുത്തപ്പെടുത്തലുകളല്ല വരുത്തേണ്ടത്‌, മറിച്ച്‌ യഹോവയുടെ ഹിതത്തിനു ചേർച്ചയിൽ ആയിരിക്കണം. ധിക്കാരം തങ്ങളുടെ ചിന്തയെ വളച്ചൊടിക്കാൻ വിശ്വാസത്യാഗികൾ അനുവദിക്കുകയും അങ്ങനെ അവർ വീണുപോകുകയും ചെയ്യുന്നു. എന്നാൽ, ക്രിസ്‌തുവിന്റെ മനോഭാവം ഉണ്ടായിരുന്നെങ്കിൽ, തങ്ങളുടെ സന്തോഷം നിലനിറുത്താനും യഹോവയുടെ ജനത്തോടൊപ്പം ആയിരിക്കാനും അവർക്ക്‌ ഒരുപക്ഷേ കഴിയുമായിരുന്നു.​—⁠ഫിലിപ്പിയർ 2:5-8.

11. കാത്തിരിക്കുന്ന സമയം നമുക്ക്‌ എങ്ങനെ ഫലപ്രദമായി ഉപയോഗിക്കാനാകും, ഇക്കാര്യത്തിൽ നമുക്ക്‌ ആരെ അനുകരിക്കാനാകും?

11 കാത്തിരിപ്പിൻ മനോഭാവം നിലനിറുത്തുകയെന്നാൽ മടിയനോ നിഷ്‌ക്രിയനോ ആയിരിക്കുക എന്നല്ല അർഥം. നമുക്കു പലതും ചെയ്യാനുണ്ട്‌. ഉദാഹരണത്തിന്‌, വ്യക്തിപരമായ ബൈബിൾ പഠനത്തിൽ നാം മുഴുകിയിരിക്കേണ്ടതുണ്ട്‌. അങ്ങനെ, ആത്മീയ കാര്യങ്ങൾ ഗ്രഹിക്കുന്നതിൽ വിശ്വസ്‌ത പ്രവാചകന്മാരും ദൂതന്മാരും കാട്ടിയ അതേ ആഴമായ താത്‌പര്യം നമുക്കും ഉണ്ടെന്നു പ്രകടമാക്കാനാകും. അത്തരം താത്‌പര്യത്തെ കുറിച്ച്‌ പത്രൊസ്‌ ഇങ്ങനെ പ്രസ്‌താവിക്കുന്നു: “വരുവാനിരിക്കുന്ന കൃപയെക്കുറിച്ചു പ്രവചിച്ച പ്രവാചകന്മാർ ഈ രക്ഷയെ ആരാഞ്ഞു അന്വേഷിച്ചിരുന്നു. . . . അതിലേക്കു ദൈവദൂതന്മാരും കുനിഞ്ഞുനോക്കുവാൻ ആഗ്രഹിക്കുന്നു.” (1 പത്രൊസ്‌ 1:10-12) വ്യക്തിപരമായ പഠനം മാത്രമല്ല, പതിവായി യോഗങ്ങൾക്കു ഹാജരാകുന്നതും പ്രാർഥിക്കുന്നതും വളരെ പ്രധാനമാണ്‌. (യാക്കോബ്‌ 4:⁠8) ആത്മീയ ഭക്ഷണം പതിവായി ഭക്ഷിച്ചുകൊണ്ടും സഹക്രിസ്‌ത്യാനികളുമായി സഹവസിച്ചുകൊണ്ടും തങ്ങളുടെ ആത്മീയ ആവശ്യത്തെ കുറിച്ചുള്ള ബോധം പ്രകടമാക്കുന്നവർ തങ്ങൾക്കു ക്രിസ്‌തുവിന്റെ മാനസികഭാവം ഉണ്ടെന്നു തെളിയിക്കുകയായിരിക്കും ചെയ്യുന്നത്‌.​—⁠മത്തായി 5:⁠3.

വസ്‌തുനിഷ്‌ഠമായ വീക്ഷണം പുലർത്തുക

12. (എ) എങ്ങനെയുള്ള സ്വാതന്ത്ര്യമാണ്‌ ആദാമും ഹവ്വായും ആഗ്രഹിച്ചത്‌? (ബി) മനുഷ്യവർഗം ആദാമിന്റെയും ഹവ്വായുടെയും ഗതി പിന്തുടർന്നതിന്റെ ഫലം എന്താണ്‌?

12 ദൈവം ആദ്യ മനുഷ്യ ദമ്പതികളെ സൃഷ്ടിച്ചപ്പോൾ, ശരിയും തെറ്റും സംബന്ധിച്ച മാനദണ്ഡം നിർണയിക്കുന്നതിനുള്ള അവകാശം അവൻ അവർക്കു നൽകിയില്ല, അത്‌ അവനു മാത്രമുള്ളതായിരുന്നു. (ഉല്‌പത്തി 2:16, 17) ദൈവത്തിന്റെ മാർഗനിർദേശത്തിൽനിന്നു സ്വതന്ത്രർ ആയിരിക്കാൻ ആദാമും ഹവ്വായും ആഗ്രഹിച്ചു. അതിന്റെ ഫലമാണ്‌ നമുക്കു ചുറ്റും കാണുന്ന ദുഷ്ടലോകം. പൗലൊസ്‌ അപ്പൊസ്‌തലൻ ഇങ്ങനെ പ്രസ്‌താവിച്ചു: “അതുകൊണ്ടു ഏകമനുഷ്യനാൽ പാപവും പാപത്താൽ മരണവും ലോകത്തിൽ കടന്നു. ഇങ്ങനെ എല്ലാവരും പാപം ചെയ്‌കയാൽ മരണം സകലമനുഷ്യരിലും പരന്നിരിക്കുന്നു.” (റോമർ 5:12) ആദാമിന്റെ കാലം മുതലുള്ള 6,000 വർഷത്തെ മനുഷ്യഭരണം യിരെമ്യാവിന്റെ പിൻവരുന്ന വാക്കുകളുടെ സത്യതയെ സ്ഥിരീകരിച്ചിരിക്കുന്നു: “യഹോവേ, മനുഷ്യന്നു തന്റെ വഴിയും നടക്കുന്നവന്നു തന്റെ കാലടികളെ നേരെ ആക്കുന്നതും സ്വാധീനമല്ല എന്നു ഞാൻ അറിയുന്നു.” (യിരെമ്യാവു 10:23) യിരെമ്യാവിന്റെ വാക്കുകളുടെ സത്യത അംഗീകരിക്കുന്നത്‌ നിഷേധാത്മക ചിന്തയല്ല. മറിച്ച്‌, അതാണ്‌ വാസ്‌തവം. മനുഷ്യൻ ദൈവത്തെ കൂടാതെ ഭരണം നടത്തിയ അനേക നൂറ്റാണ്ടുകൾ ‘അവൻ മനുഷ്യന്റെ മേൽ ദോഷത്തിനായി അധികാരം നടത്തിയിരിക്കുന്നത്‌’ എന്തുകൊണ്ടെന്ന്‌ വിശദീകരിക്കുന്നു.​—⁠സഭാപ്രസംഗി 8:⁠9.

13. മനുഷ്യർക്കു ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ സംബന്ധിച്ച്‌ യഹോവയുടെ സാക്ഷികൾക്ക്‌ വസ്‌തുനിഷ്‌ഠമായ എന്തു വീക്ഷണമാണ്‌ ഉള്ളത്‌?

13 മനുഷ്യവർഗത്തിന്റെ ഈ അവസ്ഥയുടെ ഫലമായി, ഇപ്പോഴത്തെ വ്യവസ്ഥിതിയിൽ മനുഷ്യനു കൈവരിക്കാൻ കഴിയുന്ന നേട്ടങ്ങൾ പരിമിതമാണെന്നു യഹോവയുടെ സാക്ഷികൾ തിരിച്ചറിയുന്നു. ക്രിയാത്മക മനോഭാവം ഉണ്ടെങ്കിൽ, നമുക്കു സന്തോഷം നിലനിറുത്താൻ കഴിയും. എന്നാൽ അത്‌ സകല പ്രശ്‌നങ്ങൾക്കും പരിഹാരമാകുന്നില്ല. 1950-കളുടെ തുടക്കത്തിൽ, വളരെയധികം പ്രതികൾ വിറ്റഴിഞ്ഞ ഒരു പുസ്‌തകം ഒരു അമേരിക്കൻ പുരോഹിതൻ പുറത്തിറക്കി. ക്രിയാത്മക ചിന്തയുടെ ശക്തി (ഇംഗ്ലീഷ്‌) എന്നായിരുന്നു അതിന്റെ പേര്‌. ക്രിയാത്മക മനോഭാവത്തോടെ സമീപിക്കുന്നെങ്കിൽ, മിക്ക പ്രതിബന്ധങ്ങളെയും തരണം ചെയ്യാനാകും എന്ന്‌ ആ പുസ്‌തകം നിർദേശിച്ചു. ക്രിയാത്മക ചിന്ത നിസ്സംശയമായും നല്ലതുതന്നെ. എന്നാൽ അറിവും വൈദഗ്‌ധ്യവും ഭൗതിക മാർഗങ്ങളും മറ്റു നിരവധി ഘടകങ്ങളും, വ്യക്തികളെന്ന നിലയിൽ നമുക്കു ചെയ്യാൻ കഴിയുന്ന കാര്യങ്ങളെ പരിമിതപ്പെടുത്തിയേക്കാമെന്ന്‌ അനുഭവങ്ങൾ തെളിയിക്കുന്നു. മനുഷ്യർക്ക്‌ എത്ര നല്ല ക്രിയാത്മക ചിന്ത ഉണ്ടായിരുന്നാലും, അവർക്കു പരിഹരിക്കാൻ കഴിയുന്നതിലും അധികമാണ്‌ ലോകവ്യാപക പ്രശ്‌നങ്ങൾ!

14. യഹോവയുടെ സാക്ഷികൾക്കു നിഷേധാത്മക മനോഭാവമുണ്ടോ? വിശദീകരിക്കുക.

14 കാര്യങ്ങളെ ഇങ്ങനെ വസ്‌തുനിഷ്‌ഠമായി വീക്ഷിക്കുന്നതിനാൽ, യഹോവയുടെ സാക്ഷികൾ നിഷേധാത്മക മനോഭാവക്കാരാണ്‌ എന്ന ആരോപണം പലപ്പോഴും കേൾക്കാം. എന്നാൽ, മനുഷ്യന്റെ ദുരവസ്ഥയ്‌ക്ക്‌ ശാശ്വത പരിഹാരം വരുത്താൻ കഴിയുന്നത്‌ തങ്ങളുടെ സ്രഷ്ടാവിനു മാത്രമാണെന്നു മറ്റുള്ളവരോടു പറയാൻ അവർ ഉത്സുകരാണ്‌ എന്നതാണു സത്യം. ഇക്കാര്യത്തിലും അവർ യേശുവിന്റെ മാനസികഭാവം അനുകരിക്കുന്നു. (റോമർ 15:2) ദൈവവുമായി നല്ലൊരു ബന്ധത്തിലേക്കു വരാൻ ആളുകളെ സഹായിക്കുന്ന പ്രവർത്തനത്തിൽ അവർ വ്യാപൃതരാണ്‌. ആത്യന്തികമായി അതാണ്‌ നന്മ കൈവരുത്തുന്നതെന്ന്‌ അവർക്ക്‌ അറിയാം.​—⁠മത്തായി 28:19, 20; 1 തിമൊഥെയൊസ്‌ 4:16.

15. യഹോവയുടെ സാക്ഷികളുടെ പ്രവർത്തനം ആളുകളുടെ ജീവിതത്തെ എങ്ങനെ മെച്ചപ്പെടുത്തുന്നു?

15 യഹോവയുടെ സാക്ഷികൾ തങ്ങൾക്കു ചുറ്റുമുള്ള സാമൂഹിക പ്രശ്‌നങ്ങളെ, പ്രത്യേകിച്ചും നിന്ദ്യവും തിരുവെഴുത്തു വിരുദ്ധവുമായ നടപടികളെ, അവഗണിക്കുന്നില്ല. ഒരു താത്‌പര്യക്കാരൻ യഹോവയുടെ സാക്ഷികളിൽ ഒരാൾ ആയിത്തീരുന്നതിനു മുമ്പ്‌ ജീവിതത്തിൽ പല പരിവർത്തനങ്ങളും വരുത്തുന്നു. പലപ്പോഴും ആ വ്യക്തിക്ക്‌ ആസക്തിയുളവാക്കുന്ന ദുശ്ശീലങ്ങളെ മറികടക്കേണ്ടതായി വരുന്നു. (1 കൊരിന്ത്യർ 6:9-11) മദ്യപാനത്തെയും മയക്കുമരുന്ന്‌ ആസക്തിയെയും അധാർമികതയെയും ചൂതാട്ടത്തെയും മറ്റും തരണം ചെയ്യാൻ തങ്ങളുടെ സന്ദേശത്തോട്‌ അനുകൂല മനോഭാവം പ്രകടമാക്കുന്നവരെ യഹോവയുടെ സാക്ഷികൾ സഹായിച്ചിട്ടുണ്ട്‌. അത്തരം സഹായം സ്വീകരിച്ച്‌ ജീവിതത്തിൽ മാറ്റം വരുത്തിയ വ്യക്തികൾ ഉത്തരവാദിത്വത്തോടും സത്യസന്ധതയോടും കൂടെ തങ്ങളുടെ കുടുംബങ്ങൾക്കായി കരുതാൻ പഠിച്ചിരിക്കുന്നു. (1 തിമൊഥെയൊസ്‌ 5:8) വ്യക്തികൾക്കും കുടുംബങ്ങൾക്കും ഇങ്ങനെ സഹായം ലഭിക്കുന്നതിന്റെ ഫലമായി, മയക്കുമരുന്ന്‌ ആസക്തിയും കുടുംബത്തിലെ അക്രമവും പോലുള്ള സാമൂഹിക പ്രശ്‌നങ്ങൾ കുറയുന്നു. യഹോവയുടെ സാക്ഷികൾ നിയമങ്ങൾ അനുസരിക്കുന്നവർ ആണെന്നു മാത്രമല്ല തങ്ങളുടെ ജീവിതത്തിൽ നല്ല മാറ്റങ്ങൾ വരുത്താൻ മറ്റുള്ളവരെ സഹായിക്കുന്നവരും ആണ്‌. അങ്ങനെ സാമൂഹിക പ്രശ്‌നങ്ങൾ പരിഹരിക്കാൻ ശ്രമിക്കുന്ന ഏജൻസികളുടെ ജോലി അവർ ലഘൂകരിക്കുകയാണു ചെയ്യുന്നത്‌.

16. യഹോവയുടെ സാക്ഷികൾ നവോത്ഥാന പ്രസ്ഥാനങ്ങളിൽ ഉൾപ്പെടാത്തത്‌ എന്തുകൊണ്ട്‌?

16 അങ്ങനെയെങ്കിൽ, യഹോവയുടെ സാക്ഷികൾ ലോകത്തിന്റെ ധാർമിക അവസ്ഥയ്‌ക്കു മാറ്റം വരുത്തിയിട്ടുണ്ടോ? 10 വർഷം മുമ്പ്‌ ലോകവ്യാപകമായി സാക്ഷികളുടെ എണ്ണം 38,00,000-ത്തിൽ കുറവായിരുന്നു. എന്നാൽ ഇപ്പോൾ അത്‌ ഏകദേശം 60,00,000 ആയിത്തീർന്നിരിക്കുന്നു. അതിനർഥം പ്രസ്‌തുത കാലയളവിൽ ഏകദേശം 22,00,000 പേർ കൂടി ഭക്തികെട്ട പ്രവർത്തനങ്ങൾ ഉപേക്ഷിച്ച്‌ ക്രിസ്‌ത്യാനികൾ ആയിത്തീർന്നു എന്നാണ്‌. അങ്ങനെ നിരവധി പേരുടെ ജീവിതം മെച്ചപ്പെട്ടു! എന്നാൽ, അതേ കാലയളവിൽ ലോകജനസംഖ്യയിൽ ഉണ്ടായ വർധനവുമായി​—⁠87,50,00,000​—⁠താരതമ്യം ചെയ്യുമ്പോൾ ആ സംഖ്യ വളരെ ചെറുതാണ്‌! ജീവനിലേക്കു നയിക്കുന്ന പാത തിരഞ്ഞെടുക്കുന്നവർ കുറവായിരിക്കുമെന്ന്‌ യഹോവയുടെ സാക്ഷികൾക്ക്‌ അറിയാമെങ്കിലും, അനുകൂലമായി പ്രതികരിക്കുന്നവരെ സഹായിക്കുന്നതിൽ അവർ സന്തോഷം കണ്ടെത്തുന്നു. (മത്തായി 7:13, 14) ദൈവത്തിനു മാത്രം വരുത്താൻ കഴിയുന്ന ലോകവ്യാപക മാറ്റങ്ങൾക്കായി കാത്തിരിക്കവെ, സദുദ്ദേശ്യത്തോടെ തുടങ്ങുന്നെങ്കിലും നൈരാശ്യത്തിലും അക്രമത്തിലും ചെന്നവസാനിക്കുന്ന നവോത്ഥാന പ്രസ്ഥാനങ്ങളിൽ യഹോവയുടെ സാക്ഷികൾ ഉൾപ്പെടുന്നില്ല.​—⁠2 പത്രൊസ്‌ 3:13.

17. മറ്റുള്ളവരെ സഹായിക്കാൻ യേശു എന്തു ചെയ്‌തു, എന്നാൽ അവൻ എന്തു ചെയ്‌തില്ല?

17 അങ്ങനെയൊരു ഗതി സ്വീകരിക്കുമ്പോൾ യഹോവയുടെ സാക്ഷികൾ പ്രകടമാക്കുന്നത്‌, ഭൂമിയിൽ ആയിരുന്നപ്പോൾ യേശുവിന്‌ യഹോവയിൽ ഉണ്ടായിരുന്ന ശക്തമായ ഉറപ്പാണ്‌. ഒന്നാം നൂറ്റാണ്ടിൽ യേശു അത്ഭുതകരമായ സൗഖ്യമാക്കലുകൾ നടത്തി. (ലൂക്കൊസ്‌ 6:17-19) അവൻ മരിച്ചവരെ ഉയിർപ്പിക്കുക പോലും ചെയ്‌തു. (ലൂക്കൊസ്‌ 7:11-15; 8:49-56) എന്നാൽ അവൻ രോഗത്തെ പാടേ നീക്കിക്കളയുകയോ മരണമെന്ന ശത്രുവിനെ ജയിച്ചടക്കുകയോ ചെയ്‌തില്ല. അതിനുള്ള ദൈവത്തിന്റെ സമയം ആയിട്ടില്ല എന്ന്‌ അവന്‌ അറിയാമായിരുന്നു. ശ്രേഷ്‌ഠമായ പ്രാപ്‌തികൾ ഉണ്ടായിരുന്ന ഒരു പൂർണ മനുഷ്യൻ എന്ന നിലയിൽ യേശുവിന്‌ രാഷ്‌ട്രീയവും സാമൂഹികവുമായ പ്രശ്‌നങ്ങൾ പരിഹരിക്കാൻ വളരെ കാര്യങ്ങൾ ചെയ്യാൻ സാധിക്കുമായിരുന്നു. യേശുവിന്റെ സമകാലികരിൽ ചിലർ അവൻ അങ്ങനെ ചെയ്യാൻ ആഗ്രഹിച്ചതായി തോന്നുന്നു. എന്നാൽ യേശു അതിനു വഴങ്ങിയില്ല. നാം ബൈബിളിൽ ഇങ്ങനെ വായിക്കുന്നു: “അവൻ ചെയ്‌ത അടയാളം ആളുകൾ കണ്ടിട്ടു: ലോകത്തിലേക്കു വരുവാനുള്ള പ്രവാചകൻ ഇവൻ ആകുന്നു സത്യം എന്നു പറഞ്ഞു. അവർ വന്നു തന്നെ പിടിച്ചു രാജാവാക്കുവാൻ ഭാവിക്കുന്നു എന്നു യേശു അറിഞ്ഞിട്ടു പിന്നെയും തനിച്ചു മലയിലേക്കു വാങ്ങിപ്പോയി.”​—⁠യോഹന്നാൻ 6:14, 15.

18. (എ) യേശു എപ്പോഴും കാത്തിരിപ്പിൻ മനോഭാവം പ്രകടമാക്കിയിട്ടുള്ളത്‌ എങ്ങനെ? (ബി) 1914 മുതൽ യേശുവിന്റെ പ്രവർത്തനത്തിന്‌ എങ്ങനെ മാറ്റം വന്നിരിക്കുന്നു?

18 യേശു രാഷ്‌ട്രീയത്തിൽ ഉൾപ്പെടുകയോ സാമൂഹിക പ്രവർത്തനങ്ങളിൽ വ്യാപൃതനാകുകയോ ചെയ്‌തില്ല. കാരണം, തനിക്കു രാജ്യാധികാരം പ്രാപിക്കാനും എല്ലായിടത്തുമുള്ള ആളുകളെ സൗഖ്യമാക്കാനുമുള്ള സമയമായിട്ടില്ല എന്ന്‌ അവന്‌ അറിയാമായിരുന്നു. പുനരുത്ഥാനം പ്രാപിച്ച്‌ ഒരു ആത്മവ്യക്തി എന്ന നിലയിൽ അമർത്യ ജീവൻ ലഭിച്ചശേഷം പോലും, നടപടി എടുക്കാനുള്ള യഹോവയുടെ സമയത്തിനായി അവൻ ക്ഷമയോടെ കാത്തിരുന്നു. (സങ്കീർത്തനം 110:​1; പ്രവൃത്തികൾ 2:34, 35) എന്നിരുന്നാലും 1914-ൽ ദൈവരാജ്യത്തിന്റെ രാജാവായി സിംഹാസനസ്ഥൻ ആയതു മുതൽ, “അവൻ ജയിക്കുന്നവനായും ജയിപ്പാനായും” പുറപ്പെട്ടുകൊണ്ടിരിക്കുന്നു. (വെളിപ്പാടു 6:2; 12:10) ക്രിസ്‌ത്യാനികൾ എന്ന്‌ അവകാശപ്പെടുന്നവർ ദൈവരാജ്യത്തെ കുറിച്ചുള്ള ബൈബിൾ പഠിപ്പിക്കലുകൾ സംബന്ധിച്ച്‌ അജ്ഞരായി നിലകൊള്ളുമ്പോൾ, യേശുവിന്റെ രാജ്യാധികാരത്തിന്‌ കീഴ്‌പെടുന്നതിൽ നാം എത്ര സന്തോഷിക്കുന്നു!

കാത്തിരിപ്പിന്റെ ഫലം നിരാശയോ സന്തോഷമോ?

19. കാത്തിരിപ്പ്‌ ‘ഹൃദയത്തെ ക്ഷീണിപ്പിക്കുന്നത്‌’ എപ്പോൾ, അതു സന്തോഷം കൈവരുത്തുന്നത്‌ എപ്പോൾ?

19 കാത്തിരിപ്പ്‌ ദുഷ്‌കരമായ ഒന്നാണെന്ന്‌ ശലോമോന്‌ അറിയാമായിരുന്നു. “ആശാവിളംബനം ഹൃദയത്തെ ക്ഷീണിപ്പിക്കുന്നു” എന്ന്‌ അവൻ എഴുതി. (സദൃശവാക്യങ്ങൾ 13:12) ഒരുവൻ അടിസ്ഥാനമില്ലാത്ത പ്രതീക്ഷകൾ വെച്ചുപുലർത്തുന്നെങ്കിൽ, നിരാശ പൂണ്ട്‌ ഹൃദയം രോഗഗ്രസ്‌തമായ ഒരു അവസ്ഥയിൽ ആയിത്തീർന്നേക്കാം. അതേസമയം, വിവാഹമോ ഒരു കുഞ്ഞിന്റെ ജനനമോ പ്രിയപ്പെട്ടവരുമായുള്ള പുനഃസംഗമമോ പോലുള്ള സന്തോഷകരമായ കാര്യങ്ങൾക്കായി കാത്തിരിക്കുന്നത്‌ അതു സംഭവിക്കുന്നതിനു ദീർഘനാൾ മുമ്പുതന്നെ നമ്മെ സന്തോഷത്താൽ നിറയ്‌ക്കുന്നു. പ്രസ്‌തുത കാര്യത്തിനായി ഒരുക്കങ്ങൾ ചെയ്‌തുകൊണ്ട്‌ കാത്തിരിപ്പിൻ സമയം ജ്ഞാനപൂർവം ഉപയോഗിക്കുന്നെങ്കിൽ ആ സന്തോഷം വർധിക്കുകയേ ഉള്ളൂ.

20. (എ) ഏത്‌ അത്ഭുത കാര്യങ്ങൾ കാണാനാണ്‌ നാം ആകാംക്ഷയോടെ കാത്തിരിക്കുന്നത്‌? (ബി) യഹോവയുടെ വാഗ്‌ദാനങ്ങളുടെ നിവൃത്തിക്കായി കാത്തിരിക്കവെ, നമുക്ക്‌ എങ്ങനെ സന്തോഷം കണ്ടെത്താനാകും?

20 നമ്മുടെ പ്രതീക്ഷകൾ എപ്പോൾ നിവൃത്തിയേറും എന്ന്‌ നമുക്ക്‌ അറിയില്ലെങ്കിലും, അതു സംബന്ധിച്ച്‌ പൂർണ ബോധ്യമുണ്ടെങ്കിൽ കാത്തിരിപ്പിൻ സമയം നമ്മുടെ ‘ഹൃദയത്തെ ക്ഷീണിപ്പിക്കു’കയില്ല. ക്രിസ്‌തുവിന്റെ സഹസ്രാബ്ദ ഭരണം ആസന്നമാണ്‌ എന്ന്‌ ദൈവത്തിന്റെ വിശ്വസ്‌ത ആരാധകർക്ക്‌ അറിയാം. രോഗവും മരണവും ഇല്ലാതാക്കപ്പെടുന്നത്‌ തങ്ങൾക്കു കാണാനാകുമെന്ന ബോധ്യം അവർക്കുണ്ട്‌. തങ്ങളുടെ പ്രിയപ്പെട്ടവർ ഉൾപ്പെടെ, മരിച്ചുപോയ ശതകോടികളെ തിരികെ സ്വാഗതം ചെയ്യാൻ തികഞ്ഞ ആകാംക്ഷയോടെ അവർ സസന്തോഷം കാത്തിരിക്കുകയാണ്‌. (വെളിപ്പാടു 20:1-3, 6; 21:​3-5) പാരിസ്ഥിതിക വിപത്തിന്റെ ഇക്കാലത്ത്‌ ഭൂമിയിൽ പറുദീസ സ്ഥാപിതമായി കാണാനുള്ള ഈടുറ്റ പ്രത്യാശയിൽ അവർ അത്യധികം ആനന്ദിക്കുന്നു. (യെശയ്യാവു 35:1, 2, 7) അപ്പോൾ, ‘കർത്താവിന്റെ വേലയിൽ എപ്പോഴും വർദ്ധിച്ചുവരുന്നവർ’ ആയിരുന്നുകൊണ്ട്‌ കാത്തിരിപ്പിൻ സമയം ജ്ഞാനപൂർവം ഉപയോഗിക്കുന്നത്‌ എത്ര ബുദ്ധിപൂർവകമാണ്‌! (1 കൊരിന്ത്യർ 15:58) ആത്മീയ ഭക്ഷണം കഴിക്കുന്നതിൽ തുടരുക. യഹോവയുമായുള്ള ബന്ധത്തെ കൂടുതൽ ആഴമുള്ളതാക്കുക. യഹോവയെ സേവിക്കാൻ ആഗ്രഹിക്കുന്നവരെ അന്വേഷിച്ചു കണ്ടെത്തുക. സഹവിശ്വാസികളെ പ്രോത്സാഹിപ്പിക്കുക. അന്ത്യത്തിനു മുമ്പ്‌ എത്ര കാലം യഹോവ അനുവദിച്ചിട്ടുണ്ട്‌ എന്ന്‌ നമുക്ക്‌ അറിയില്ലെങ്കിലും, അത്‌ ഏറ്റവും മെച്ചമായി പ്രയോജനപ്പെടുത്തുക. അങ്ങനെ ചെയ്യുമ്പോൾ യഹോവയ്‌ക്കായി കാത്തിരിക്കുന്നത്‌ നിങ്ങളുടെ ‘ഹൃദയത്തെ ഒരിക്കലും ക്ഷീണിപ്പിക്കു’കയില്ല. മറിച്ച്‌ അതു നിങ്ങളെ സന്തോഷഭരിതരാക്കും!

നിങ്ങൾക്കു വിശദീകരിക്കാമോ?

• യേശു കാത്തിരിപ്പിൻ മനോഭാവം പ്രകടമാക്കിയത്‌ എങ്ങനെ?

• ഏതെല്ലാം സാഹചര്യങ്ങളിൽ ക്രിസ്‌ത്യാനികൾക്ക്‌ കാത്തിരിപ്പിൻ മനോഭാവം ആവശ്യമാണ്‌?

• യഹോവയ്‌ക്കായി കാത്തിരിക്കുന്നതിൽ അവന്റെ സാക്ഷികൾ സന്തുഷ്ടരായിരിക്കുന്നത്‌ എന്തുകൊണ്ട്‌?

• യഹോവയ്‌ക്കായി കാത്തിരിക്കുന്നത്‌ സന്തോഷം കൈവരുത്തുന്നത്‌ എങ്ങനെ?

[അധ്യയന ചോദ്യങ്ങൾ]

[12-ാം പേജിലെ ചിത്രങ്ങൾ]

തന്റെ മുമ്പിൽ വെച്ചിരുന്ന സന്തോഷത്തെപ്രതി യേശു സഹിച്ചുനിന്നു

[13-ാം പേജിലെ ചിത്രം]

ദീർഘകാല സേവനത്തിനു ശേഷം പോലും നമുക്കു സന്തോഷം നിലനിറുത്താനാകും

[15-ാം പേജിലെ ചിത്രങ്ങൾ]

യഹോവയുടെ സാക്ഷികൾ ആയിത്തീർന്നുകൊണ്ട്‌ ദശലക്ഷങ്ങൾ തങ്ങളുടെ ജീവിതം മെച്ചപ്പെടുത്തിയിരിക്കുന്നു