വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പഠന​ലേ​ഖനം 32

സ്രഷ്ടാ​വി​ലുള്ള നിങ്ങളു​ടെ വിശ്വാ​സം ശക്തമാ​ക്കുക

സ്രഷ്ടാ​വി​ലുള്ള നിങ്ങളു​ടെ വിശ്വാ​സം ശക്തമാ​ക്കുക

“വിശ്വാ​സം എന്നത്‌, . . . കണ്ടിട്ടി​ല്ലാത്ത യാഥാർഥ്യ​ങ്ങ​ളെ​ക്കു​റി​ച്ചുള്ള ശക്തമായ തെളി​വിൽ അധിഷ്‌ഠി​ത​മായ നിശ്ചയ​വും ആണ്‌.”—എബ്രാ. 11:1.

ഗീതം 11 സൃഷ്ടി ദൈവത്തെ സ്‌തുതിക്കുന്നു

പൂർവാവലോകനം *

1. ചെറു​പ്പം​മു​തൽ യഹോ​വ​യെ​ക്കു​റിച്ച്‌ നിങ്ങൾ എന്താണു പഠിച്ചി​രി​ക്കു​ന്നത്‌?

നിങ്ങളു​ടെ മാതാ​പി​താ​ക്കൾ യഹോ​വ​യു​ടെ സാക്ഷി​ക​ളാ​യി​രു​ന്നെ​ങ്കിൽ സാധ്യ​ത​യ​നു​സ​രിച്ച്‌ ചെറു​പ്പം​മു​തലേ നിങ്ങൾ യഹോ​വ​യെ​ക്കു​റിച്ച്‌ പഠിച്ചി​ട്ടു​ണ്ടാ​യി​രി​ക്കും. യഹോ​വ​യാ​ണു സ്രഷ്ടാ​വെ​ന്നും ദൈവ​ത്തിന്‌ ആകർഷ​ക​മായ പല ഗുണങ്ങ​ളു​മു​ണ്ടെ​ന്നും ഭൂമിയെ മനോ​ഹ​ര​മായ ഒരു പറുദീ​സ​യാ​ക്കാൻ ദൈവം ഉദ്ദേശി​ച്ചി​ട്ടു​ണ്ടെ​ന്നും ഒക്കെ അവർ നിങ്ങളെ പഠിപ്പി​ച്ചി​ട്ടുണ്ട്‌.—ഉൽപ. 1:1; പ്രവൃ. 17:24-27.

2. സ്രഷ്ടാ​വിൽ വിശ്വ​സി​ക്കു​ന്ന​വരെ ചിലർ എങ്ങനെ കാണുന്നു?

2 എന്നാൽ ഒരു ദൈവ​മു​ണ്ടെ​ന്നോ ആ ദൈവ​മാണ്‌ എല്ലാം സൃഷ്ടി​ച്ച​തെ​ന്നോ പലരും ഇന്നു വിശ്വ​സി​ക്കു​ന്നില്ല. ജീവൻ തനിയെ ഉണ്ടായ​താ​ണെ​ന്നും ലളിത​മായ ജീവരൂ​പ​ങ്ങ​ളിൽനിന്ന്‌ കൂടുതൽ സങ്കീർണ​മാ​യവ പരിണ​മി​ച്ചു​ണ്ടാ​യെ​ന്നും ആണ്‌ അവർ വിശ്വ​സി​ക്കു​ന്നത്‌. ഇങ്ങനെ വിശ്വ​സി​ക്കുന്ന പലരും നല്ല വിദ്യാ​ഭ്യാ​സ​മൊ​ക്കെ​യു​ള്ള​വ​രാണ്‌. ബൈബിൾ തെറ്റാ​ണെന്നു ശാസ്‌ത്രം തെളി​യി​ച്ചി​ട്ടു​ണ്ടെ​ന്നും വലിയ അറിവും ബോധ​വും ഒന്നും ഇല്ലാത്ത ആളുക​ളാ​ണു സ്രഷ്ടാ​വിൽ വിശ്വ​സി​ക്കു​ന്ന​തെ​ന്നും അവർ പറയുന്നു.

3. നമ്മുടെ വിശ്വാ​സം ശക്തമാ​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌?

3 നല്ല അറിവും വിദ്യാ​ഭ്യാ​സ​വും ഒക്കെയുള്ള ആളുകൾ പറയുന്ന ഇത്തരം അഭി​പ്രാ​യങ്ങൾ കേട്ട്‌ സ്‌നേ​ഹ​വാ​നായ ഒരു സ്രഷ്ടാ​വി​ലുള്ള നമ്മുടെ വിശ്വാ​സം ഇളകി​പ്പോ​കു​മോ? വെറുതേ ആരെങ്കി​ലും പറയു​ന്നതു കേട്ടാണു നമ്മൾ ദൈവ​ത്തിൽ വിശ്വ​സി​ക്കു​ന്ന​തെ​ങ്കിൽ അങ്ങനെ സംഭവി​ക്കാം. എന്നാൽ ഒരു സ്രഷ്ടാ​വുണ്ട്‌ എന്നുള്ള​തി​നുള്ള തെളി​വു​കൾ നമ്മൾ സ്വന്തമാ​യി പഠിച്ചി​ട്ടു​ണ്ടെ​ങ്കിൽ നമ്മുടെ വിശ്വാ​സ​ത്തിന്‌ ഇളക്കം തട്ടില്ല. (1 കൊരി. 3:12-15) നമ്മൾ എത്രകാ​ല​മാ​യി യഹോ​വ​യു​ടെ ഒരു സാക്ഷി​യാ​ണെ​ങ്കി​ലും ശരി, നമ്മുടെ വിശ്വാ​സം നമ്മൾ ശക്തി​പ്പെ​ടു​ത്തി​ക്കൊ​ണ്ടേ​യി​രി​ക്കണം. നമ്മൾ അങ്ങനെ ചെയ്യു​ന്നെ​ങ്കിൽ ബൈബിൾ പഠിപ്പി​ക്കു​ന്നതു തെറ്റാ​ണെന്നു പറയു​ന്ന​വ​രു​ടെ “തത്ത്വജ്ഞാ​ന​ത്താ​ലും വഞ്ചകവും കഴമ്പി​ല്ലാ​ത്ത​തും ആയ ആശയങ്ങ​ളാ​ലും” നമ്മൾ വഴി​തെ​റ്റി​ക്ക​പ്പെ​ടില്ല. (കൊലോ. 2:8; എബ്രാ. 11:6) ഇക്കാര്യ​ത്തിൽ നമ്മളെ സഹായി​ക്കാൻവേണ്ടി തയ്യാറാ​ക്കി​യി​രി​ക്കു​ന്ന​താണ്‌ ഈ ലേഖനം. ഇതിലൂ​ടെ (1) ഇന്നു പലരും ഒരു സ്രഷ്ടാ​വിൽ വിശ്വ​സി​ക്കാ​ത്തത്‌ എന്തു​കൊണ്ട്‌, (2) നമുക്ക്‌ എങ്ങനെ സ്രഷ്ടാ​വായ യഹോ​വ​യിൽ നമ്മുടെ വിശ്വാ​സം വളർത്തി​യെ​ടു​ക്കാം, (3) നമ്മുടെ വിശ്വാ​സം ശക്തമാക്കി നിറു​ത്താൻ നമ്മൾ എന്തു ചെയ്യണം എന്നെല്ലാം നമ്മൾ പഠിക്കും.

പലരും ഒരു സ്രഷ്ടാ​വിൽ വിശ്വ​സി​ക്കാ​ത്ത​തി​ന്റെ കാരണം

4. യഥാർഥ വിശ്വാ​സം എന്താ​ണെ​ന്നാണ്‌ എബ്രായർ 11:1 പറയു​ന്നത്‌?

4 വിശ്വാ​സം എന്നതു തെളി​വി​ല്ലാ​തെ എന്തി​ലെ​ങ്കി​ലും അന്ധമായി വിശ്വ​സി​ക്കു​ന്ന​താ​ണെന്നു പലരും കരുതു​ന്നു. എന്നാൽ ബൈബിൾ പറയു​ന്ന​ത​നു​സ​രിച്ച്‌ അതല്ല യഥാർഥ വിശ്വാ​സം. മറിച്ച്‌ തെളി​വു​ക​ളിൽ അധിഷ്‌ഠി​ത​മായ ഉറച്ച​ബോ​ധ്യ​മാണ്‌ അത്‌. (എബ്രായർ 11:1 വായി​ക്കുക.) യഹോ​വ​യെ​യും യേശു​വി​നെ​യും ദൈവ​രാ​ജ്യ​ത്തെ​യും ഒന്നും നമുക്കു കാണാ​നാ​കി​ല്ലെ​ന്നു​ള്ളതു ശരിയാണ്‌. എന്നാൽ യഹോ​വ​യും യേശു​വും അതു​പോ​ലെ ദൈവ​രാ​ജ്യ​വും യാഥാർഥ്യ​മാ​ണെ​ന്ന​തി​നു നമുക്കു ശക്തമായ തെളി​വു​ക​ളുണ്ട്‌. (എബ്രാ. 11:3) യഹോ​വ​യു​ടെ സാക്ഷി​യായ ഒരു ശാസ്‌ത്ര​ഗ​വേ​ഷകൻ ഇങ്ങനെ പറയുന്നു: “യഹോ​വ​യു​ടെ സാക്ഷികൾ വിശ്വ​സി​ക്കുന്ന കാര്യ​ങ്ങൾക്ക്‌ ഒരു അടിസ്ഥാ​ന​മുണ്ട്‌. ശാസ്‌ത്രീയ വസ്‌തു​ത​കളെ അവർ ഒരിക്ക​ലും അവഗണി​ക്കു​ന്നില്ല.”

5. ഒരു സ്രഷ്ടാ​വി​ല്ലെന്നു പലരും വിശ്വ​സി​ക്കു​ന്ന​തി​ന്റെ കാരണം എന്താണ്‌?

5 ‘ദൈവ​മാണ്‌ എല്ലാം സൃഷ്ടി​ച്ചത്‌ എന്നതിനു ധാരാളം തെളി​വു​ക​ളു​ണ്ടെ​ങ്കിൽ പിന്നെ എന്തു​കൊ​ണ്ടാ​ണു പലരും ഒരു സ്രഷ്ടാ​വിൽ വിശ്വ​സി​ക്കാ​ത്തത്‌’ എന്നു നമ്മൾ ചിന്തി​ച്ചേ​ക്കാം. അവർ ഒരിക്ക​ലും അതിനുള്ള തെളി​വു​കൾ പരി​ശോ​ധി​ച്ചു​നോ​ക്കാൻ തയ്യാറാ​യി​ട്ടില്ല എന്നതാണ്‌ അതിന്റെ കാരണം. ഇപ്പോൾ യഹോ​വ​യു​ടെ സാക്ഷി​ക​ളിൽ ഒരാളായ റോബർട്ട്‌ പറയുന്നു: “ഒരു സ്രഷ്ടാ​വു​ണ്ടെ​ന്നോ ദൈവ​മാണ്‌ ഇതൊക്കെ സൃഷ്ടി​ച്ച​തെ​ന്നോ സ്‌കൂ​ളിൽവെച്ച്‌ ഞാൻ ഒരിക്ക​ലും പഠിച്ചി​ട്ടില്ല. അതു​കൊ​ണ്ടു​തന്നെ അതൊക്കെ തെറ്റാ​ണെ​ന്നാ​ണു ഞാൻ എന്നും വിചാ​രി​ച്ചി​രു​ന്നത്‌. എന്നാൽ 22-ാം വയസ്സിൽ ഞാൻ യഹോ​വ​യു​ടെ സാക്ഷി​ക​ളു​മാ​യി സംസാ​രി​ക്കാൻ ഇടയായി. ദൈവ​മാണ്‌ എല്ലാം സൃഷ്ടി​ച്ച​തെന്നു വിശ്വ​സി​ക്കാ​നുള്ള ശക്തമായ കാരണങ്ങൾ ബൈബി​ളിൽനിന്ന്‌ അവർ എനിക്കു കാണി​ച്ചു​തന്നു.” *—“ മാതാ​പി​താ​ക്ക​ളോട്‌ ഒരു വാക്ക്‌. . . ” എന്ന ചതുരം കാണുക.

6. ഒരു സ്രഷ്ടാ​വിൽ വിശ്വ​സി​ക്കാൻ പലരും തയ്യാറാ​കാ​ത്തത്‌ എന്തു​കൊ​ണ്ടാണ്‌?

6 കാണാൻ പറ്റാത്ത ഒന്നിലും തങ്ങൾ വിശ്വ​സി​ക്കില്ല എന്നാണു ചിലർ പറയു​ന്നത്‌. അതു​കൊണ്ട്‌ അവർ ഒരു സ്രഷ്ടാ​വിൽ വിശ്വ​സി​ക്കു​ന്നില്ല. എന്നാൽ കാണാൻ പറ്റാത്ത പലതി​ലും അവർ വിശ്വ​സി​ക്കു​ന്നുണ്ട്‌ എന്നതാണു വാസ്‌തവം. ഉദാഹ​ര​ണ​ത്തിന്‌, കാറ്റു​ണ്ടെന്ന്‌ അവർ വിശ്വ​സി​ക്കു​ന്നുണ്ട്‌. കാരണം അതൊരു യാഥാർഥ്യ​മാ​ണെ​ന്ന​തിന്‌ അവർക്കു തെളി​വു​ക​ളുണ്ട്‌. അതു​പോ​ലെ ബൈബി​ളിൽ പറഞ്ഞി​രി​ക്കുന്ന വിശ്വാ​സ​വും നമുക്കു ‘കാണാൻ പറ്റാത്ത’ ചില “യാഥാർഥ്യ​ങ്ങ​ളെ​ക്കു​റി​ച്ചുള്ള” തെളി​വു​ക​ളിൽ അധിഷ്‌ഠി​ത​മാണ്‌. (എബ്രാ. 11:1) ഈ തെളി​വു​ക​ളെ​ക്കു​റിച്ച്‌ നമ്മൾ സ്വന്തമാ​യി പഠിക്കാൻ തയ്യാറാ​കണം. അതിനു സമയവും ശ്രമവും ആവശ്യ​മാണ്‌. എന്നാൽ പലരും അങ്ങനെ ചെയ്യാൻ താത്‌പ​ര്യം കാണി​ക്കു​ന്നില്ല. അങ്ങനെ പഠിക്കാൻ തയ്യാറാ​കാത്ത ഒരാൾ ഒരു ദൈവ​മില്ല എന്നൊക്കെ ചിന്തി​ച്ചേ​ക്കാം.

7. വിദ്യാ​ഭ്യാ​സ​മുള്ള എല്ലാവ​രും ദൈവ​മാണ്‌ ഈ പ്രപഞ്ചത്തെ സൃഷ്ടി​ച്ചത്‌ എന്നതിനെ എതിർക്കു​ന്നു​ണ്ടോ? വിശദീ​ക​രി​ക്കുക.

7 നേരത്തേ കണ്ട റോബർട്ടി​നെ​പ്പോ​ലെ സ്‌കൂ​ളിൽവെച്ച്‌ ഒരു സ്രഷ്ടാ​വി​നെ​ക്കു​റിച്ച്‌ പഠിക്കാ​ത്ത​തു​കൊണ്ട്‌ മാത്ര​മാ​യി​രി​ക്കാം പലരും ദൈവ​ത്തിൽ വിശ്വ​സി​ക്കാ​ത്തത്‌. എന്നാൽ തെളി​വു​കൾ പരി​ശോ​ധി​ക്കാൻ തയ്യാറായ ശാസ്‌ത്ര​ജ്ഞ​ന്മാർക്കു ദൈവ​മാണ്‌ ഈ പ്രപഞ്ചത്തെ സൃഷ്ടി​ച്ച​തെന്നു ബോധ്യ​മാ​യി​ട്ടുണ്ട്‌. * അവർ യഹോ​വ​യെ​ക്കു​റിച്ച്‌ പഠിക്കു​ക​യും യഹോ​വയെ സ്‌നേ​ഹി​ക്കാൻ തുടങ്ങു​ക​യും ചെയ്‌തി​രി​ക്കു​ന്നു. നമ്മൾ വിദ്യാ​ഭ്യാ​സം ഉള്ളവരോ ഇല്ലാത്ത​വ​രോ ആണെങ്കി​ലും ശരി, ഈ ശാസ്‌ത്ര​ജ്ഞ​ന്മാ​രെ​പ്പോ​ലെ നമ്മളും ദൈവ​ത്തി​ലുള്ള നമ്മുടെ വിശ്വാ​സം ശക്തമാ​ക്കണം. നമുക്കു​വേണ്ടി അതു ചെയ്യാൻ മറ്റാർക്കും പറ്റില്ല.

നമുക്ക്‌ എങ്ങനെ സ്രഷ്ടാ​വിൽ വിശ്വാ​സം വളർത്തി​യെ​ടു​ക്കാം?

8-9. (എ) നമ്മൾ ഇപ്പോൾ ഏതു ചോദ്യ​ത്തി​നുള്ള ഉത്തരം കണ്ടെത്തും? (ബി) സൃഷ്ടി​യെ​ക്കു​റിച്ച്‌ പഠിക്കു​ന്നതു നിങ്ങൾക്ക്‌ എങ്ങനെ പ്രയോ​ജനം ചെയ്യും?

8 സ്രഷ്ടാ​വിൽ വിശ്വാ​സം വളർത്തി​യെ​ടു​ക്കാ​നാ​യി നമുക്ക്‌ എന്തു ചെയ്യാം? അതിനുള്ള നാലു വഴിക​ളെ​ക്കു​റിച്ച്‌ നമുക്കു നോക്കാം.

9 സൃഷ്ടി​ക​ളെ​ക്കു​റിച്ച്‌ പഠിക്കുക. മൃഗങ്ങ​ളെ​യും ചെടി​ക​ളെ​യും നക്ഷത്ര​ങ്ങ​ളെ​യും കുറി​ച്ചെ​ല്ലാം പഠിച്ചു​കൊണ്ട്‌ സ്രഷ്ടാ​വി​ലുള്ള നമ്മുടെ വിശ്വാ​സം വളർത്താം. (സങ്കീ. 19:1; യശ. 40:26) എത്ര കൂടുതൽ നമ്മൾ അങ്ങനെ പഠിക്കു​ന്നോ അതനു​സ​രിച്ച്‌ യഹോ​വ​യാ​ണു സ്രഷ്ടാ​വെന്ന നമ്മുടെ ബോധ്യം ശക്തമാ​കും. സൃഷ്ടി​ക​ളെ​ക്കു​റിച്ച്‌ വിശദീ​ക​രി​ക്കുന്ന ലേഖനങ്ങൾ നമ്മുടെ പ്രസി​ദ്ധീ​ക​ര​ണ​ങ്ങ​ളിൽ ഇടയ്‌ക്കി​ടെ വരാറുണ്ട്‌. അത്തരം ലേഖനങ്ങൾ മനസ്സി​ലാ​ക്കാൻ ബുദ്ധി​മു​ട്ടാ​ണെന്നു തോന്നി​യാ​ലും വായി​ക്കാ​തെ വിടരുത്‌. അവയിൽനിന്ന്‌ പറ്റുന്നത്ര പഠിക്കാൻ നോക്കുക. ഇനി, അടുത്ത കാലത്തെ കൺ​വെൻ​ഷ​നു​ക​ളി​ലു​ണ്ടാ​യി​രുന്ന സൃഷ്ടി​ക​ളെ​ക്കു​റി​ച്ചുള്ള മനോ​ഹ​ര​മായ വീഡി​യോ​കൾ നമ്മുടെ വെബ്‌​സൈ​റ്റായ jw.org-ലുണ്ട്‌. അവ വീണ്ടും​വീ​ണ്ടും കാണുക.

10. ഒരു സ്രഷ്ടാ​വുണ്ട്‌ എന്നതി​നുള്ള തെളിവ്‌ സൃഷ്ടി​യി​ലൂ​ടെ കാണാ​നാ​കു​ന്നത്‌ എങ്ങനെ? (റോമർ 1:20)

10 നമ്മുടെ ചുറ്റു​മുള്ള സൃഷ്ടി​ക​ളെ​ക്കു​റിച്ച്‌ പഠിക്കു​മ്പോ​ഴെ​ല്ലാം അതിലൂ​ടെ സ്രഷ്ടാ​വി​നെ​ക്കു​റിച്ച്‌ എന്തു മനസ്സി​ലാ​ക്കാ​മെന്നു നോക്കുക. (റോമർ 1:20 വായി​ക്കുക.) ഉദാഹ​ര​ണ​ത്തിന്‌, ഭൂമി​യിൽ ജീവൻ നിലനി​റു​ത്താൻ വളരെ ആവശ്യ​മായ ചൂടും വെളി​ച്ച​വും സൂര്യ​നിൽനിന്ന്‌ നമുക്കു കിട്ടുന്നു. എന്നാൽ അതോ​ടൊ​പ്പം അൾട്രാ​വ​യ​ലറ്റ്‌ രശ്‌മി​കൾപോ​ലെ ഹാനി​ക​ര​മായ ചില രശ്‌മി​ക​ളും സൂര്യ​നിൽനിന്ന്‌ വരുന്നുണ്ട്‌. ആ രശ്‌മി​ക​ളിൽനിന്ന്‌ നമുക്കു സംരക്ഷണം ആവശ്യ​മാണ്‌. നമുക്ക്‌ ആ സംരക്ഷണം ലഭിക്കു​ന്നുണ്ട്‌. എങ്ങനെ? നമ്മുടെ ഭൂമിക്ക്‌ ഒരു സംരക്ഷക കവചമുണ്ട്‌. ഹാനി​ക​ര​മായ രശ്‌മി​ക​ളിൽനിന്ന്‌ നമ്മളെ സംരക്ഷി​ക്കുന്ന ഓസോൺ പാളി​യാണ്‌ അത്‌. സൂര്യ​നിൽനി​ന്നുള്ള അൾട്രാ​വ​യ​ലറ്റ്‌ രശ്‌മി​ക​ളു​ടെ തീവ്രത കൂടു​ന്ന​ത​നു​സ​രിച്ച്‌ നമുക്കു സംരക്ഷണം നൽകുന്ന ഓസോൺ പാളി​യി​ലെ വാതക​ത്തി​ന്റെ അളവും കൂടുന്നു. ഇപ്പോൾ നിങ്ങൾക്ക്‌ എന്തു തോന്നു​ന്നു? ഇതിന്റെ പിന്നിൽ നമ്മളെ ശരിക്കും സ്‌നേ​ഹി​ക്കുന്ന ജ്ഞാനി​യായ ഒരു സ്രഷ്ടാ​വു​ണ്ടാ​യി​രി​ക്കി​ല്ലേ?

11. സ്രഷ്ടാ​വി​ലുള്ള നിങ്ങളു​ടെ വിശ്വാ​സം ശക്തി​പ്പെ​ടു​ത്തുന്ന വിവരങ്ങൾ നിങ്ങൾക്ക്‌ എവി​ടെ​നിന്ന്‌ കണ്ടെത്താ​നാ​കും? (“ നിങ്ങളു​ടെ വിശ്വാ​സം ശക്തമാ​ക്കാൻ സഹായി​ക്കു​ന്നവ” എന്ന ചതുരം കാണുക.)

11 യഹോ​വ​യു​ടെ സാക്ഷി​കൾക്കു​വേ​ണ്ടി​യുള്ള ഗവേഷ​ണ​സ​ഹാ​യി​യി​ലും jw.org-ലും നോക്കു​ന്നെ​ങ്കിൽ നമ്മുടെ വിശ്വാ​സത്തെ ശക്തി​പ്പെ​ടു​ത്താൻ സഹായി​ക്കുന്ന സൃഷ്ടി​ക​ളെ​ക്കു​റി​ച്ചുള്ള പല വിവര​ങ്ങ​ളും നമുക്കു കണ്ടെത്താ​നാ​കും. സൃഷ്ടി​യെ​ക്കു​റിച്ച്‌ പഠിച്ച്‌ തുടങ്ങാ​നാ​യി “ആരുടെ കരവി​രുത്‌?” എന്ന പരമ്പര​യി​ലെ ലേഖന​ങ്ങ​ളും വീഡി​യോ​ക​ളും നമുക്ക്‌ ഉപയോ​ഗി​ക്കാ​നാ​കും. ഈ വീഡി​യോ​ക​ളും ലേഖന​ങ്ങ​ളും ചെറു​താ​ണെന്നു മാത്രമല്ല ജീവി​ക​ളെ​യും സസ്യങ്ങ​ളെ​യും കുറി​ച്ചുള്ള അതിശ​യി​പ്പി​ക്കുന്ന വിവരങ്ങൾ നൽകു​ന്ന​വ​യു​മാണ്‌. ഈ ജീവി​ക​ളിൽനി​ന്നും മറ്റും മനസ്സി​ലാ​ക്കിയ വിവരങ്ങൾ ഉപയോ​ഗിച്ച്‌ ശാസ്‌ത്ര​ജ്ഞ​ന്മാർ പലതും ഉണ്ടാക്കു​ന്ന​തി​ന്റെ ഉദാഹ​ര​ണ​ങ്ങ​ളും നമുക്ക്‌ അതിൽ കാണാം.

12. ബൈബിൾ പഠിക്കു​മ്പോൾ ഏതൊക്കെ കാര്യ​ങ്ങൾക്കു ശ്രദ്ധ കൊടു​ക്കണം?

12 ബൈബിൾ പഠിക്കുക. നമ്മൾ നേരത്തേ കണ്ട ആ ശാസ്‌ത്ര​ഗ​വേ​ഷകൻ പെട്ടെ​ന്നൊ​ന്നും ഒരു സ്രഷ്ടാ​വിൽ വിശ്വ​സി​ക്കാൻ തയ്യാറാ​യില്ല. എന്നാൽ പിന്നീട്‌ ഒരു സ്രഷ്ടാ​വു​ണ്ടെന്ന കാര്യം അദ്ദേഹ​ത്തി​നു ബോധ്യ​മാ​യി. അദ്ദേഹം പറയുന്നു: “ശാസ്‌ത്ര​വി​ഷ​യങ്ങൾ പഠിച്ച​തു​കൊണ്ട്‌ മാത്രമല്ല എനിക്ക്‌ ഇങ്ങനെ​യൊ​രു ബോധ്യം വന്നത്‌. ബൈബി​ളിൽനിന്ന്‌ മനസ്സി​ലാ​ക്കിയ കാര്യ​ങ്ങ​ളും അതിന്‌ എന്നെ സഹായി​ച്ചു.” ബൈബിൾ പഠിപ്പി​ക്കുന്ന കാര്യ​ങ്ങ​ളെ​ക്കു​റിച്ച്‌ ഒരുപക്ഷേ നിങ്ങൾക്ക്‌ ഇപ്പോൾത്തന്നെ നല്ല അറിവു​ണ്ടാ​യി​രി​ക്കാം. എന്നാൽ സ്രഷ്ടാ​വി​ലുള്ള നിങ്ങളു​ടെ വിശ്വാ​സം ശക്തമാ​ക്കു​ന്ന​തി​നു​വേണ്ടി നിങ്ങൾ ദൈവ​വ​ചനം തുടർന്നും പഠി​ക്കേ​ണ്ട​തുണ്ട്‌. (യോശു. 1:8; സങ്കീ. 119:97) ബൈബി​ളിൽ കാണുന്ന ചരി​ത്ര​സം​ഭ​വ​ങ്ങ​ളൊ​ക്കെ എത്ര കൃത്യ​ത​യോ​ടെ​യാണ്‌ അതിൽ പറഞ്ഞി​രി​ക്കു​ന്ന​തെന്നു പഠിക്കുക. അതു​പോ​ലെ ബൈബി​ളി​ലെ പ്രവച​ന​ങ്ങ​ളൊ​ക്കെ കൃത്യ​മാ​യി നിറ​വേ​റി​യി​രി​ക്കു​ന്നത്‌ എങ്ങനെ​യാണ്‌, പലർ ചേർന്നാ​ണു ബൈബിൾ എഴുതി​യ​തെ​ങ്കി​ലും അതിലെ ആശയങ്ങൾ യോജി​പ്പി​ലാ​യി​രി​ക്കു​ന്നത്‌ എങ്ങനെ​യാണ്‌ എന്നീ കാര്യ​ങ്ങ​ളെ​ക്കു​റി​ച്ചും പഠിക്കുക. അങ്ങനെ ചെയ്യു​ന്നെ​ങ്കിൽ സ്‌നേ​ഹ​വാ​നും ജ്ഞാനി​യും ആയ ഒരു സ്രഷ്ടാ​വാ​ണു നമ്മളെ ഉണ്ടാക്കി​യ​തെ​ന്നും ആ ദൈവ​മാ​ണു ബൈബിൾ എഴുതി​ച്ച​തെ​ന്നും ഉള്ള നമ്മുടെ വിശ്വാ​സം ശക്തമാ​കും. *2 തിമൊ. 3:14; 2 പത്രോ. 1:21.

13. നമുക്കു പ്രയോ​ജനം ചെയ്യുന്ന ഒരു ബൈബിൾ ഉപദേ​ശ​ത്തിന്‌ ഉദാഹ​രണം നൽകുക.

13 ബൈബിൾ പഠിക്കു​മ്പോൾ അതിലെ ഉപദേ​ശങ്ങൾ നമുക്ക്‌ എത്രമാ​ത്രം പ്രയോ​ജനം ചെയ്യു​ന്ന​താ​ണെന്നു ചിന്തി​ക്കുക. ഉദാഹ​ര​ണ​ത്തിന്‌ പണസ്‌നേഹം ദോഷ​ക​ര​വും ‘പലപല വേദന​കൾക്ക്‌’ ഇടയാ​ക്കു​ന്ന​തു​മാണ്‌ എന്ന്‌ വർഷങ്ങൾക്കു മുമ്പ്‌ ബൈബിൾ മുന്നറി​യി​പ്പു തന്നിട്ടുണ്ട്‌. (1 തിമൊ. 6:9, 10; സുഭാ. 28:20; മത്താ. 6:24) അത്‌ ഇന്നും സത്യമാ​ണോ? പൊങ്ങ​ച്ച​രോ​ഗം (ഇംഗ്ലീഷ്‌) എന്ന പുസ്‌തകം പറയുന്നു: “പണമാണു ജീവി​ത​ത്തി​ലെ എല്ലാ​മെ​ല്ലാം എന്നു ചിന്തി​ക്കുന്ന ആളുകൾ പൊതു​വേ നിരാ​ശി​ത​രും അത്ര സന്തോ​ഷ​മി​ല്ലാ​ത്ത​വ​രു​മാണ്‌.” എങ്ങനെ​യും പണമു​ണ്ടാ​ക്കാൻ ശ്രമി​ക്കു​ന്ന​വർക്കു മാനസി​ക​വും ശാരീ​രി​ക​വും ആയ പല പ്രശ്‌ന​ങ്ങ​ളു​ണ്ടാ​കു​ന്നു. പണസ്‌നേ​ഹ​ത്തി​നെ​തി​രെ​യുള്ള ബൈബി​ളി​ന്റെ മുന്നറി​യിപ്പ്‌ അനുസ​രി​ക്കു​ന്നത്‌ എത്ര നല്ലതാണ്‌, അല്ലേ? നിങ്ങൾക്കു പ്രയോ​ജനം ചെയ്‌ത മറ്റേ​തെ​ങ്കി​ലും ബൈബിൾത​ത്ത്വ​ങ്ങ​ളെ​ക്കു​റിച്ച്‌ ഓർക്കാ​നാ​കു​ന്നു​ണ്ടോ? അത്തരം ബൈബിൾത​ത്ത്വ​ങ്ങ​ളെ​ക്കു​റിച്ച്‌ കൂടു​തൽക്കൂ​ടു​തൽ ചിന്തി​ക്കു​മ്പോൾ സ്‌നേ​ഹ​വാ​നായ സ്രഷ്ടാവ്‌ നമ്മുടെ പ്രയോ​ജ​ന​ത്തി​നു​വേ​ണ്ടി​യാ​ണു ജ്ഞാന​ത്തോ​ടെ അവ നൽകി​യി​രി​ക്കു​ന്ന​തെന്നു നമുക്കു മനസ്സി​ലാ​കും. ആ ജ്ഞാനത്തിൽ ആശ്രയി​ക്കാ​നും നമ്മൾ തയ്യാറാ​കും. (യാക്കോ. 1:5) അപ്പോൾ നമ്മുടെ ജീവിതം കൂടുതൽ സന്തോ​ഷ​മു​ള്ള​താ​യി​ത്തീ​രും.—യശ. 48:17, 18.

14. ബൈബിൾ പഠിക്കു​മ്പോൾ യഹോ​വ​യെ​ക്കു​റിച്ച്‌ നിങ്ങൾക്ക്‌ എന്തു മനസ്സി​ലാ​കും?

14 യഹോ​വയെ അടുത്ത​റി​യുക എന്ന ലക്ഷ്യ​ത്തോ​ടെ ബൈബിൾ പഠിക്കുക. (യോഹ. 17:3) ബൈബിൾ പഠിക്കു​മ്പോൾ യഹോ​വ​യു​ടെ വ്യക്തി​ത്വ​ത്തെ​ക്കു​റി​ച്ചും ഗുണങ്ങ​ളെ​ക്കു​റി​ച്ചും നമ്മൾ മനസ്സി​ലാ​ക്കും. ഈ ഗുണങ്ങ​ളൊ​ക്കെ തന്നെയാ​ണു സൃഷ്ടി​ക​ളെ​ക്കു​റിച്ച്‌ പഠിച്ച​പ്പോ​ഴും നമ്മൾ മനസ്സി​ലാ​ക്കി​യത്‌. യഹോ​വ​യു​ടെ ഗുണങ്ങ​ളെ​ക്കു​റിച്ച്‌ പഠിക്കു​മ്പോൾ യഹോവ യഥാർഥ​ത്തിൽ ഉണ്ടെന്നു നമുക്കു ബോധ്യ​മാ​കും. (പുറ. 34:6, 7; സങ്കീ. 145:8, 9) യഹോ​വയെ നിങ്ങൾ എത്ര കൂടു​ത​ലാ​യി അറിയു​ന്നു​വോ അതനു​സ​രിച്ച്‌ യഹോ​വ​യി​ലുള്ള നിങ്ങളു​ടെ വിശ്വാ​സം ശക്തമാ​കും, യഹോ​വ​യോ​ടുള്ള നിങ്ങളു​ടെ സ്‌നേഹം വർധി​ക്കും, ദൈവ​ത്തോ​ടു നിങ്ങൾക്കു കൂടുതൽ അടുപ്പം തോന്നു​ക​യും ചെയ്യും.

15. നമ്മുടെ വിശ്വാ​സ​ത്തെ​ക്കു​റിച്ച്‌ മറ്റുള്ള​വ​രോ​ടു പറയു​ന്ന​തു​കൊ​ണ്ടുള്ള പ്രയോ​ജനം എന്താണ്‌?

15 ദൈവ​ത്തി​ലുള്ള നിങ്ങളു​ടെ വിശ്വാ​സ​ത്തെ​ക്കു​റിച്ച്‌ മറ്റുള്ള​വ​രോ​ടു പറയുക. അങ്ങനെ ചെയ്യു​ന്നെ​ങ്കിൽ നിങ്ങളു​ടെ വിശ്വാ​സം ശക്തമാ​കും. എന്നാൽ നിങ്ങൾ സംസാ​രി​ക്കുന്ന ആരെങ്കി​ലും ദൈവം ഉണ്ടെന്നു​ള്ള​തി​നു തെളിവ്‌ എന്താ​ണെന്നു ചോദി​ക്കു​ന്നെ​ന്നി​രി​ക്കട്ടെ. അതിന്‌ ഉത്തരം പറയാൻ നിങ്ങൾക്ക്‌ അറിയി​ല്ലെ​ങ്കിൽ എന്തു ചെയ്യാം? അതെക്കു​റിച്ച്‌ ബൈബിൾ എന്താണു പറയു​ന്ന​തെന്നു വിശദീ​ക​രി​ച്ചി​ട്ടുള്ള നമ്മുടെ ഒരു പ്രസി​ദ്ധീ​ക​രണം കണ്ടെത്തു​ക​യും അതിലെ വിവരങ്ങൾ ആ വ്യക്തി​യോ​ടു പറയു​ക​യും ചെയ്യുക. (1 പത്രോ. 3:15) ആ ചോദ്യ​ത്തിന്‌ എങ്ങനെ ഉത്തരം കൊടു​ക്ക​ണ​മെന്ന്‌ അനുഭ​വ​പ​രി​ച​യ​മുള്ള സഹോ​ദ​ര​ങ്ങ​ളോ​ടു ചോദി​ക്കു​ക​യും ചെയ്യാം. ബൈബി​ളിൽനിന്ന്‌ നമ്മൾ നൽകുന്ന ഉത്തരം ആ വ്യക്തി സ്വീക​രി​ച്ചാ​ലും ഇല്ലെങ്കി​ലും ഈ വിഷയ​ത്തെ​ക്കു​റിച്ച്‌ കൂടു​ത​ലാ​യി പഠിച്ച​തു​കൊണ്ട്‌ നമുക്കു പ്രയോ​ജനം കിട്ടും. നമ്മുടെ വിശ്വാ​സം കൂടുതൽ ശക്തമാ​കും. അങ്ങനെ​യാ​കു​മ്പോൾ വലിയ അറിവും വിദ്യാ​ഭ്യാ​സ​വും ഒക്കെയു​ള്ള​വ​രാ​യി കാണ​പ്പെ​ടുന്ന ആളുകൾ ദൈവം ഇല്ലെന്നും മറ്റും വാദി​ച്ചാ​ലും നമ്മൾ അതു വിശ്വ​സി​ക്കില്ല.

നമ്മുടെ വിശ്വാ​സം ശക്തമാക്കി നിറുത്തുക

16. നമ്മൾ വിശ്വാ​സം ശക്തമാക്കി നിറു​ത്തി​യി​ല്ലെ​ങ്കിൽ എന്തു സംഭവി​ക്കും?

16 നമ്മൾ യഹോ​വയെ സേവി​ക്കാൻ തുടങ്ങി​യിട്ട്‌ എത്ര കാലമാ​യാ​ലും ശരി ദൈവ​ത്തി​ലുള്ള നമ്മുടെ വിശ്വാ​സം ശക്തമാ​ക്കി​ക്കൊ​ണ്ടേ​യി​രി​ക്കണം. കാരണം, ശ്രദ്ധി​ച്ചി​ല്ലെ​ങ്കിൽ നമ്മുടെ വിശ്വാ​സം ദുർബ​ല​മാ​യേ​ക്കാം. നമ്മൾ കണ്ടുക​ഴി​ഞ്ഞ​തു​പോ​ലെ നമ്മുടെ വിശ്വാ​സം തെളി​വു​ക​ളിൽ അധിഷ്‌ഠി​ത​മാണ്‌. എന്നാൽ അത്‌ കണ്ടിട്ടി​ല്ലാത്ത യാഥാർഥ്യ​ങ്ങ​ളെ​ക്കു​റി​ച്ചുള്ള തെളി​വു​ക​ളാണ്‌. കാണാൻ പറ്റാത്ത ഒരു കാര്യം നമ്മൾ പെട്ടെന്നു മറന്നു​പോ​യേ​ക്കാം. അതു​കൊ​ണ്ടാ​ണു പൗലോസ്‌ വിശ്വാ​സ​മി​ല്ലാ​യ്‌മയെ ‘എളുപ്പം വരിഞ്ഞു​മു​റു​ക്കുന്ന പാപം’ എന്നു വിളി​ച്ചത്‌. (എബ്രാ. 12:1) നമുക്ക്‌ എങ്ങനെ ആ കെണി ഒഴിവാ​ക്കാം?—2 തെസ്സ. 1:3.

17. വിശ്വാ​സം ശക്തമാക്കി നിറു​ത്താൻ നമ്മൾ എന്തു ചെയ്യണം?

17 ഒന്ന്‌, പരിശു​ദ്ധാ​ത്മാ​വി​ന്റെ സഹായ​ത്തി​നാ​യി യാചി​ക്കുക. കൂടെ​ക്കൂ​ടെ അങ്ങനെ ചെയ്യുക. കാരണം, ദൈവാ​ത്മാ​വി​ന്റെ ഫലത്തിൽ ഉൾപ്പെ​ടുന്ന ഒരു ഗുണമാ​ണു വിശ്വാ​സം. (ഗലാ. 5:22, 23) പരിശു​ദ്ധാ​ത്മാ​വി​ന്റെ സഹായ​മി​ല്ലാ​തെ സ്രഷ്ടാ​വി​ലുള്ള നമ്മുടെ വിശ്വാ​സം വളർത്താ​നും ശക്തമാക്കി നിറു​ത്താ​നും കഴിയില്ല. നമ്മൾ കൂടെ​ക്കൂ​ടെ അപേക്ഷി​ച്ചു​കൊ​ണ്ടി​രു​ന്നാൽ യഹോവ ഉറപ്പാ​യും തന്റെ ആത്മാവി​നെ നമുക്കു തരും. (ലൂക്കോ. 11:13) “ഞങ്ങളുടെ വിശ്വാ​സം വർധി​പ്പി​ച്ചു​ത​രണേ” എന്നു​പോ​ലും നമുക്കു യഹോ​വ​യോ​ടു പ്രാർഥി​ക്കാം.—ലൂക്കോ. 17:5.

18. നമുക്ക്‌ ഇന്ന്‌ എന്ത്‌ അനു​ഗ്രഹം ലഭ്യമാണ്‌? (സങ്കീർത്തനം 1:2, 3)

18 രണ്ട്‌, പതിവാ​യി ബൈബിൾ വായി​ക്കു​ക​യും പഠിക്കു​ക​യും ചെയ്യുക. (സങ്കീർത്തനം 1:2, 3 വായി​ക്കുക.) ഈ സങ്കീർത്തനം എഴുതിയ സമയത്ത്‌ രാജാ​വും പുരോ​ഹി​ത​ന്മാ​രും ഉൾപ്പെടെ, ചുരുക്കം ചില ഇസ്രാ​യേ​ല്യ​രു​ടെ കൈയിൽ മാത്രമേ ദൈവ​വ​ച​ന​ത്തി​ന്റെ പ്രതികൾ ഉണ്ടായി​രു​ന്നു​ള്ളൂ. എന്നാൽ ഓരോ ഏഴു വർഷം കൂടു​മ്പോ​ഴും ‘പുരു​ഷ​ന്മാർക്കും സ്‌ത്രീ​കൾക്കും കുട്ടി​കൾക്കും’ ഇസ്രാ​യേ​ലിൽ വന്ന്‌ താമസി​ക്കുന്ന വിദേ​ശി​കൾക്കും ദൈവ​നി​യമം വായി​ച്ചു​കേൾക്കാ​നുള്ള അവസരം ഉണ്ടായി​രു​ന്നു. (ആവ. 31:10-12) ഇനി യേശു​വി​ന്റെ നാളി​ലും, ചുരുക്കം ചില ആളുക​ളു​ടെ കൈയി​ലും സിന​ഗോ​ഗു​ക​ളി​ലും മാത്രമേ തിരു​വെ​ഴു​ത്തു​ക​ളു​ടെ ചുരു​ളു​കൾ ഉണ്ടായി​രു​ന്നു​ള്ളൂ. എന്നാൽ ഇന്നു മിക്ക ആളുകൾക്കും ബൈബി​ളി​ന്റെ ചില ഭാഗങ്ങ​ളോ ബൈബിൾ മുഴു​വ​നാ​യോ ലഭ്യമാണ്‌. അതു ശരിക്കും എത്ര വലിയ അനു​ഗ്ര​ഹ​മാണ്‌, അല്ലേ? ഇങ്ങനെ​യൊ​രു സമ്മാനം കിട്ടി​യി​രി​ക്കു​ന്ന​തിൽ നമുക്ക്‌ എങ്ങനെ നന്ദി കാണി​ക്കാം?

19. വിശ്വാ​സം ശക്തമാക്കി നിറു​ത്താൻ നമ്മൾ എന്തു ചെയ്യണം?

19 പതിവാ​യി ബൈബിൾ വായി​ച്ചു​കൊണ്ട്‌ അങ്ങനെ​യൊ​രു സമ്മാനം കിട്ടി​യി​രി​ക്കു​ന്ന​തിൽ നന്ദിയു​ള്ള​വ​രാ​ണെന്നു നമുക്കു കാണി​ക്കാം. ബൈബിൾ വായി​ക്കാ​നും പഠിക്കാ​നും ആയി നമ്മൾ സമയം മാറ്റി​വെ​ക്കേ​ണ്ട​തുണ്ട്‌. അല്ലാതെ ‘സമയം കിട്ടി​യാൽ വായി​ക്കാം’ എന്നു ചിന്തി​ക്ക​രുത്‌. ക്രമമാ​യി ബൈബിൾ പഠിക്കു​ന്നെ​ങ്കിൽ നമുക്കു വിശ്വാ​സം ശക്തമാക്കി നിറു​ത്താ​നാ​കും.

20. നമുക്ക്‌ എന്തു ചെയ്യാൻ പരമാ​വധി ശ്രമി​ക്കാം?

20 ലോക​ത്തി​ലെ ‘ജ്ഞാനി​ക​ളു​ടെ​യും ബുദ്ധി​ശാ​ലി​ക​ളു​ടെ​യും’ പോലുള്ള ഒരു വിശ്വാ​സമല്ല നമ്മു​ടേത്‌. (മത്താ. 11:25, 26) നമ്മുടെ വിശ്വാ​സം ശക്തമാണ്‌. കാരണം അതു ദൈവ​വ​ച​നത്തെ അടിസ്ഥാ​ന​മാ​ക്കി​യു​ള്ള​താണ്‌. ലോകാ​വ​സ്ഥകൾ ഒന്നി​നൊ​ന്നു വഷളാ​കു​ന്നത്‌ എന്തു​കൊ​ണ്ടാ​ണെ​ന്നും യഹോവ അതു സംബന്ധിച്ച്‌ എന്താണു ചെയ്യാൻ പോകു​ന്ന​തെ​ന്നും ബൈബിൾ പഠിച്ച​പ്പോൾ നമുക്കു മനസ്സി​ലാ​യി. അതു​കൊണ്ട്‌ നമ്മു​ടെ​തന്നെ വിശ്വാ​സം ശക്തമാ​ക്കാ​നും ഒരു സ്രഷ്ടാ​വിൽ വിശ്വ​സി​ക്കാൻ കഴിയു​ന്നത്ര ആളുകളെ സഹായി​ക്കാ​നും നമുക്കു പരമാ​വധി ശ്രമി​ക്കാം. (1 തിമൊ. 2:3, 4) ഭൂമി​യിൽ ജീവി​ച്ചി​രി​ക്കുന്ന എല്ലാവ​രും വെളി​പാട്‌ 4:11-ലെ വാക്കുകൾ ഏറ്റുപ​റ​യുന്ന ആ സമയത്തി​നാ​യി നമുക്കു കാത്തി​രി​ക്കാം. അവിടെ പറയുന്നു: “ഞങ്ങളുടെ ദൈവ​മായ യഹോവേ, മഹത്ത്വ​വും ബഹുമാ​ന​വും ശക്തിയും ലഭിക്കാൻ അങ്ങ്‌ യോഗ്യ​നാണ്‌. കാരണം അങ്ങാണ്‌ എല്ലാം സൃഷ്ടി​ച്ചത്‌.”

ഗീതം 2 യഹോവ—അതാണ്‌ അങ്ങയുടെ പേര്‌

^ ഖ. 5 ദൈവമായ യഹോ​വ​യാ​ണു സ്രഷ്ടാ​വെന്നു ബൈബിൾ വ്യക്തമാ​യി പഠിപ്പി​ക്കു​ന്നു. എന്നാൽ പലരും ഇതു വിശ്വ​സി​ക്കു​ന്നില്ല. ജീവൻ തനിയെ ഉണ്ടാ​യെ​ന്നാണ്‌ അവർ പറയു​ന്നത്‌. അവരുടെ വാദങ്ങൾ സ്രഷ്ടാ​വി​ലുള്ള നമ്മുടെ വിശ്വാ​സം തകർക്കാ​തി​രി​ക്ക​ണ​മെ​ങ്കിൽ ദൈവ​ത്തി​ലും ബൈബി​ളി​ലും ഉള്ള നമ്മുടെ വിശ്വാ​സം ശക്തമാ​ക്കേ​ണ്ട​തുണ്ട്‌. ഇതെങ്ങനെ ചെയ്യാ​മെ​ന്നാണ്‌ ഈ ലേഖന​ത്തി​ലൂ​ടെ നമ്മൾ കാണാൻപോ​കു​ന്നത്‌.

^ ഖ. 5 എല്ലാം സൃഷ്ടി​ക്ക​പ്പെ​ട്ട​താ​കാ​നുള്ള ഒരു സാധ്യ​ത​യെ​ക്കു​റി​ച്ചു​പോ​ലും പല സ്‌കൂ​ളു​ക​ളി​ലും കുട്ടി​കളെ പഠിപ്പി​ക്കാ​റില്ല. അങ്ങനെ ചെയ്‌താൽ ദൈവ​ത്തിൽ വിശ്വ​സി​ക്കാൻ തങ്ങൾ വിദ്യാർഥി​കളെ നിർബ​ന്ധി​ക്കു​ക​യാ​യി​രി​ക്കും എന്നാണ്‌ അവരുടെ വാദം.

^ ഖ. 7 ശാസ്‌ത്രജ്ഞന്മാർ ഉൾപ്പെടെ സൃഷ്ടി​യിൽ വിശ്വ​സി​ക്കുന്ന നല്ല വിദ്യാ​ഭ്യാ​സ​മുള്ള 60-ലധികം ആളുക​ളു​ടെ അഭി​പ്രാ​യങ്ങൾ വാച്ച്‌ടവർ പ്രസി​ദ്ധീ​കരണ സൂചി​ക​യിൽ (ഇംഗ്ലീഷ്‌) കാണാം. അതിനാ​യി “ശാസ്‌ത്രം” എന്ന വിഷയ​ത്തി​നു കീഴിൽ “സൃഷ്ടി​യിൽ വിശ്വ​സി​ക്കുന്ന ശാസ്‌ത്ര​ജ്ഞ​ന്മാർ” എന്ന ഭാഗത്ത്‌ നോക്കുക. അവയിൽ ചിലത്‌ യഹോ​വ​യു​ടെ സാക്ഷി​കൾക്കു​വേ​ണ്ടി​യുള്ള ഗവേഷ​ണ​സ​ഹാ​യി​യി​ലു​മുണ്ട്‌. അവിടെ “ശാസ്‌ത്ര​വും സാങ്കേ​തി​ക​വി​ദ്യ​യും” എന്ന വിഷയ​ത്തി​നു കീഴിൽ “‘അഭിമു​ഖം’ (ഉണരുക!-യിലെ പരമ്പര)” എന്ന ഭാഗത്ത്‌ അതു കാണാം.

^ ഖ. 12 ഉദാഹരണത്തിന്‌ 2011 ജൂലൈ ലക്കം ഉണരുക!-യിലെ “ശാസ്‌ത്ര​വും ബൈബി​ളും യോജി​പ്പി​ലാ​ണോ?” എന്ന ലേഖന​വും 2008 ജനുവരി 1 ലക്കം വീക്ഷാ​ഗോ​പു​ര​ത്തി​ലെ “യഹോ​വ​യു​ടെ വാക്കുകൾ സത്യമാ​യി ഭവിക്കു​ന്നു” എന്ന ലേഖന​വും കാണുക.