അപ്പോ​സ്‌ത​ല​ന്മാ​രു​ടെ പ്രവൃത്തികൾ 17:1-34

17  അവർ അംഫി​പൊ​ലി​സി​ലൂ​ടെ​യും അപ്പൊ​ലോ​ന്യ​യി​ലൂ​ടെ​യും യാത്ര ചെയ്‌ത്‌ തെസ്സ​ലോ​നി​ക്യ​യിൽ എത്തി.+ അവിടെ ജൂതന്മാ​രു​ടെ ഒരു സിന​ഗോ​ഗു​ണ്ടാ​യി​രു​ന്നു.  പൗലോസ്‌ പതിവുപോലെ+ അകത്ത്‌ ചെന്നു. മൂന്നു ശബത്തു​ക​ളിൽ തിരു​വെ​ഴു​ത്തു​ക​ളിൽനിന്ന്‌ അവരോ​ടു ന്യായ​വാ​ദം ചെയ്‌തു.+  ക്രിസ്‌തു കഷ്ടം സഹിക്കുകയും+ മരിച്ച​വ​രിൽനിന്ന്‌ ഉയിർക്കു​ക​യും ചെയ്യേണ്ടത്‌+ ആവശ്യ​മാ​യി​രു​ന്നു എന്നു പൗലോസ്‌ വിശദീ​ക​രി​ക്കു​ക​യും തിരു​വെ​ഴു​ത്തു​കൾ ഉപയോ​ഗിച്ച്‌ തെളി​യി​ക്കു​ക​യും ചെയ്‌തു. “ഞാൻ നിങ്ങ​ളോ​ടു പറയുന്ന ഈ യേശു​ത​ന്നെ​യാ​ണു ക്രിസ്‌തു” എന്നു പൗലോസ്‌ പറഞ്ഞു.  അങ്ങനെ അവരിൽ ചിലർ വിശ്വാ​സി​ക​ളാ​യി​ത്തീർന്ന്‌ പൗലോ​സി​ന്റെ​യും ശീലാ​സി​ന്റെ​യും കൂടെ ചേർന്നു.+ ദൈവ​ഭ​ക്ത​രായ ഒരു വലിയ കൂട്ടം ഗ്രീക്കു​കാ​രും പ്രമു​ഖ​രായ കുറെ സ്‌ത്രീ​ക​ളും അങ്ങനെ​തന്നെ ചെയ്‌തു.  എന്നാൽ അസൂയ മൂത്ത ജൂതന്മാർ+ ചന്തസ്ഥല​ങ്ങ​ളിൽ കറങ്ങി​ന​ട​ക്കുന്ന ചില ദുഷ്ടന്മാ​രെ കൂട്ടി​വ​രു​ത്തി നഗരത്തെ ഇളക്കി. പൗലോ​സി​നെ​യും ശീലാ​സി​നെ​യും പിടിച്ച്‌ ജനമധ്യ​ത്തി​ലേക്കു കൊണ്ടു​വ​രാൻവേണ്ടി അവർ യാസോ​ന്റെ വീട്‌ ആക്രമി​ച്ചു.+  അവരെ കിട്ടാ​തെ​വ​ന്ന​പ്പോൾ അവർ യാസോ​നെ​യും ചില സഹോ​ദ​ര​ന്മാ​രെ​യും നഗരാ​ധി​പ​ന്മാ​രു​ടെ അടു​ത്തേക്കു ബലമായി കൊണ്ടു​ചെന്ന്‌ ഇങ്ങനെ വിളി​ച്ചു​പ​റഞ്ഞു: “ഭൂലോ​കത്തെ കീഴ്‌മേൽ മറിച്ചവർ* ഇതാ, ഇവി​ടെ​യും എത്തിയി​രി​ക്കു​ന്നു.+  യാസോൻ അവരെ സ്വീക​രിച്ച്‌ അവർക്ക്‌ ആതിഥ്യ​മ​രു​ളി. യേശു എന്ന വേറൊ​രു രാജാ​വു​ണ്ടെന്നു പറഞ്ഞ്‌ ഇവരൊ​ക്കെ സീസറി​ന്റെ നിയമ​ങ്ങളെ ധിക്കരി​ക്കു​ന്നു.”+  ജനക്കൂ​ട്ട​വും നഗരാ​ധി​പ​ന്മാ​രും ഇതു കേട്ട്‌ അസ്വസ്ഥ​രാ​യി.  എങ്കിലും യാസോ​നെ​യും മറ്റുള്ള​വ​രെ​യും അവർ ജാമ്യ​ത്തിൽ വിട്ടയച്ചു. 10  രാത്രി​യായ ഉടനെ സഹോ​ദ​ര​ന്മാർ പൗലോ​സി​നെ​യും ശീലാ​സി​നെ​യും ബരോ​വ​യി​ലേക്ക്‌ അയച്ചു. അവിടെ എത്തിയ അവർ ജൂതന്മാ​രു​ടെ സിന​ഗോ​ഗിൽ ചെന്നു. 11  ബരോ​വ​ക്കാർ തെസ്സ​ലോ​നി​ക്യ​ക്കാ​രെ​ക്കാൾ മഹാമ​ന​സ്‌ക​രാ​യി​രു​ന്നു.* അവർ വളരെ ഉത്സാഹ​ത്തോ​ടെ ദൈവ​വ​ചനം സ്വീക​രി​ക്കു​ക​യും കേട്ട കാര്യങ്ങൾ അങ്ങനെ​ത​ന്നെ​യാ​ണോ എന്ന്‌ ഉറപ്പാ​ക്കാൻ ദിവസ​വും ശ്രദ്ധ​യോ​ടെ തിരു​വെ​ഴു​ത്തു​കൾ പരി​ശോ​ധി​ക്കു​ക​യും ചെയ്‌തു. 12  അങ്ങനെ അവരിൽ അനേകർ വിശ്വാ​സി​ക​ളാ​യി​ത്തീർന്നു. ബഹുമാ​ന്യ​രായ കുറെ ഗ്രീക്കു​സ്‌ത്രീ​ക​ളും പുരു​ഷ​ന്മാ​രും വിശ്വാ​സം സ്വീക​രി​ച്ചു. 13  പൗലോസ്‌ ബരോ​വ​യി​ലും ദൈവ​വ​ചനം അറിയി​ക്കു​ക​യാ​ണെന്നു തെസ്സ​ലോ​നി​ക്യ​യി​ലെ ജൂതന്മാർ കേട്ട​പ്പോൾ, ജനത്തെ ഇളക്കി കലഹമു​ണ്ടാ​ക്കാൻ അവർ അവി​ടെ​യും എത്തി.+ 14  ഉടൻതന്നെ സഹോ​ദ​ര​ന്മാർ പൗലോ​സി​നെ കടൽത്തീ​ര​ത്തേക്കു യാത്ര​യാ​ക്കി.+ എന്നാൽ ശീലാ​സും തിമൊ​ഥെ​യൊ​സും അവി​ടെ​ത്തന്നെ താമസി​ച്ചു. 15  കൂട്ടു​പോ​യവർ പൗലോ​സി​നെ ആതൻസ്‌ വരെ കൊണ്ടു​ചെ​ന്നാ​ക്കി. ശീലാ​സും തിമൊഥെയൊസും+ കഴിവ​തും വേഗം തന്റെ അടുത്ത്‌ എത്തണ​മെന്നു പറയാൻ പൗലോസ്‌ അവരെ ഏൽപ്പിച്ചു. 16  ആതൻസിൽ അവർക്കു​വേണ്ടി കാത്തി​രി​ക്കു​മ്പോൾ, നഗരം വിഗ്ര​ഹ​ങ്ങൾകൊണ്ട്‌ നിറഞ്ഞി​രി​ക്കു​ന്നതു കണ്ട്‌ പൗലോ​സി​ന്റെ മനസ്സ്‌* ആകെ അസ്വസ്ഥ​മാ​യി. 17  അതു​കൊണ്ട്‌ പൗലോസ്‌ സിന​ഗോ​ഗിൽ കണ്ട ജൂതന്മാ​രോ​ടും ദൈവത്തെ ആരാധി​ച്ചി​രുന്ന മറ്റുള്ള​വ​രോ​ടും ചന്തസ്ഥലത്ത്‌ ദിവസ​വും കണ്ടുമു​ട്ടി​യ​വ​രോ​ടും ന്യായ​വാ​ദം ചെയ്‌തു​പോ​ന്നു. 18  എപ്പിക്കൂ​ര്യർ, സ്‌തോ​യി​ക്കർ എന്നീ വിഭാ​ഗ​ങ്ങ​ളിൽപ്പെട്ട തത്ത്വചി​ന്ത​ക​രിൽ ചിലർ പൗലോ​സി​നോ​ടു വാദിച്ചു. “ഈ വിടു​വാ​യൻ എന്താണു പറയാൻപോ​കു​ന്നത്‌” എന്നു ചിലരും “ഇയാൾ അന്യ​ദൈ​വ​ങ്ങ​ളെ​ക്കു​റിച്ച്‌ പറയു​ന്ന​വ​നാ​ണെന്നു തോന്നു​ന്നു” എന്നു മറ്റു ചിലരും പറഞ്ഞു. പൗലോസ്‌ യേശു​വി​നെ​യും പുനരു​ത്ഥാ​ന​ത്തെ​യും കുറി​ച്ചുള്ള സന്തോഷവാർത്ത+ അറിയി​ച്ച​തു​കൊ​ണ്ടാണ്‌ അവർ ഇങ്ങനെ​യൊ​ക്കെ പറഞ്ഞത്‌. 19  അങ്ങനെ അവർ പൗലോ​സി​നെ അരയോ​പ​ഗ​സി​ലേക്കു കൂട്ടി​ക്കൊ​ണ്ടു​പോ​യി. അവർ പൗലോ​സി​നോ​ടു പറഞ്ഞു: “താങ്കൾ പഠിപ്പി​ക്കുന്ന ഈ പുതിയ ഉപദേ​ശ​ത്തെ​ക്കു​റിച്ച്‌ ഞങ്ങൾക്കു വിവരി​ച്ചു​ത​രാ​മോ? 20  ഞങ്ങൾ ഇതുവരെ കേട്ടി​ട്ടി​ല്ലാത്ത കാര്യ​ങ്ങ​ളാ​ണു താങ്കൾ പറയു​ന്നത്‌. അതിന്റെ അർഥം എന്താ​ണെന്ന്‌ അറിയാൻ ഞങ്ങൾക്ക്‌ ആഗ്രഹ​മുണ്ട്‌.” 21  ആതൻസു​കാ​രും അവിടെ വന്നുതാ​മ​സി​ക്കുന്ന വിദേ​ശി​ക​ളും പുതു​മ​യുള്ള കാര്യങ്ങൾ കേൾക്കാ​നും പറയാ​നും ആണ്‌ ഒഴിവു​സ​മ​യങ്ങൾ മുഴുവൻ ചെലവ​ഴി​ച്ചി​രു​ന്നത്‌. 22  പൗലോസ്‌ അരയോപഗസിനു+ നടുവിൽ നിന്നു​കൊണ്ട്‌ പറഞ്ഞു​തു​ടങ്ങി: “ആതൻസി​ലെ പുരു​ഷ​ന്മാ​രേ, നിങ്ങൾ എല്ലാ വിധത്തി​ലും മറ്റുള്ള​വ​രെ​ക്കാൾ ദൈവഭയമുള്ളവരാണെന്ന്‌* എനിക്കു മനസ്സി​ലാ​യി.+ 23  ഞാൻ നഗരത്തി​ലൂ​ടെ നടന്ന സമയത്ത്‌ നിങ്ങളു​ടെ ആരാധ​നാ​മൂർത്തി​ക​ളെ​യൊ​ക്കെ നിരീ​ക്ഷി​ച്ചു. അക്കൂട്ട​ത്തിൽ, ‘അജ്ഞാത​ദൈ​വ​ത്തിന്‌’ എന്ന്‌ എഴുതി​യി​രി​ക്കുന്ന ഒരു യാഗപീ​ഠ​വും കണ്ടു. ആരാ​ണെന്ന്‌ അറിയാ​തെ നിങ്ങൾ ആരാധി​ക്കുന്ന ആ ദൈവ​ത്തെ​ക്കു​റി​ച്ചാണ്‌ എനിക്കു നിങ്ങ​ളോ​ടു സംസാ​രി​ക്കാ​നു​ള്ളത്‌. 24  ലോക​വും അതിലു​ള്ള​തൊ​ക്കെ​യും ഉണ്ടാക്കിയ ദൈവം സ്വർഗ​ത്തി​നും ഭൂമി​ക്കും നാഥനായതുകൊണ്ട്‌+ മനുഷ്യർ പണിത ദേവാ​ല​യ​ങ്ങ​ളിൽ വസിക്കു​ന്നില്ല.+ 25  ദൈവ​ത്തിന്‌ ഒന്നി​ന്റെ​യും ആവശ്യ​മില്ല, മനുഷ്യ​രു​ടെ ശുശ്രൂ​ഷ​യും ആവശ്യ​മില്ല.+ കാരണം, ദൈവ​മാണ്‌ എല്ലാവർക്കും ജീവനും ശ്വാസവും+ മറ്റു സകലവും നൽകു​ന്നത്‌. 26  ഭൂമി മുഴുവൻ മനുഷ്യർ വസിക്കാ​നാ​യി ദൈവം ഒരു മനുഷ്യനിൽനിന്ന്‌+ എല്ലാ ജനതക​ളെ​യും ഉണ്ടാക്കി;+ മനുഷ്യ​വാ​സ​ത്തിന്‌ അതിർത്തി​ക​ളും നിശ്ചി​ത​കാ​ല​ഘ​ട്ട​ങ്ങ​ളും നിർണ​യി​ച്ചു;+ 27  കാരണം, തന്നെ മനുഷ്യർ അന്വേ​ഷി​ക്കാ​നും തപ്പിത്തി​രഞ്ഞ്‌ കണ്ടെത്താനും+ ദൈവം ആഗ്രഹി​ക്കു​ന്നു. വാസ്‌ത​വ​ത്തിൽ, ദൈവം നമ്മിൽ ആരിൽനി​ന്നും അകന്നി​രി​ക്കു​ന്നില്ല. 28  ദൈവം കാരണമാണല്ലോ* നമ്മൾ ജീവി​ക്കു​ക​യും ചലിക്കു​ക​യും നിലനിൽക്കു​ക​യും ചെയ്യു​ന്നത്‌.+ ‘നമ്മളും അവന്റെ മക്കളാണ്‌’ എന്നു നിങ്ങളു​ടെ കവിക​ളിൽ ചിലരും പറഞ്ഞി​ട്ടി​ല്ലേ? 29  “അതു​കൊണ്ട്‌, നമ്മൾ ദൈവ​ത്തി​ന്റെ മക്കളായ സ്ഥിതിക്ക്‌,+ മനുഷ്യ​രായ നമ്മുടെ കലാവി​രു​തും ഭാവന​യും കൊണ്ട്‌ പൊന്നി​ലോ വെള്ളി​യി​ലോ കല്ലിലോ തീർത്ത എന്തെങ്കി​ലും​പോ​ലെ​യാ​ണു ദൈവം എന്നു വിചാ​രി​ക്ക​രുത്‌.+ 30  കഴിഞ്ഞ കാലങ്ങ​ളിൽ ദൈവം അത്തരം അറിവി​ല്ലായ്‌മ കാര്യ​മാ​യെ​ടു​ത്തില്ല എന്നതു സത്യമാണ്‌.+ എന്നാൽ ഇപ്പോൾ എല്ലായി​ട​ത്തു​മുള്ള മനുഷ്യ​രോ​ടു മാനസാ​ന്ത​ര​പ്പെ​ടാൻ ദൈവം പ്രഖ്യാ​പി​ക്കു​ന്നു. 31  കാരണം താൻ നിയമിച്ച ഒരാളെ ഉപയോ​ഗിച്ച്‌ ഭൂലോ​കത്തെ മുഴുവൻ നീതി​യോ​ടെ ന്യായം വിധിക്കാൻ+ ദൈവം ഒരു ദിവസം നിശ്ചയി​ച്ചി​ട്ടുണ്ട്‌. ആ വ്യക്തിയെ മരിച്ച​വ​രിൽനിന്ന്‌ ഉയിർപ്പിച്ചതിലൂടെ+ ദൈവം സകലർക്കും അതിന്‌ ഉറപ്പു നൽകു​ക​യും ചെയ്‌തി​രി​ക്കു​ന്നു.” 32  മരിച്ച​വ​രു​ടെ പുനരു​ത്ഥാ​ന​ത്തെ​ക്കു​റിച്ച്‌ കേട്ട​പ്പോൾ ചിലർ പൗലോ​സി​നെ പരിഹ​സി​ച്ചു.+ എന്നാൽ വേറെ ചിലർ, “ഞങ്ങൾക്കു വീണ്ടും ഇതെക്കു​റിച്ച്‌ കേൾക്ക​ണ​മെ​ന്നുണ്ട്‌” എന്നു പറഞ്ഞു. 33  അങ്ങനെ പൗലോസ്‌ അവി​ടെ​നിന്ന്‌ പോയി. 34  എന്നാൽ ചിലർ പൗലോ​സി​നോ​ടു ചേർന്ന്‌ വിശ്വാ​സി​ക​ളാ​യി​ത്തീർന്നു. അക്കൂട്ട​ത്തിൽ അരയോ​പ​ഗസ്‌ കോട​തി​യി​ലെ ഒരു ന്യായാ​ധി​പ​നായ ദിയൊ​നു​സ്യോ​സും ദമരിസ്‌ എന്നൊരു സ്‌ത്രീ​യും മറ്റു ചിലരും ഉണ്ടായി​രു​ന്നു.

അടിക്കുറിപ്പുകള്‍

അഥവാ “ഭൂമി​യി​ലെ​ങ്ങും പ്രശ്‌നങ്ങൾ ഉണ്ടാക്കി​യവർ.”
അഥവാ “ശ്രേഷ്‌ഠ​മ​ന​സ്‌ക​രാ​യി​രു​ന്നു.”
അക്ഷ. “ആത്മാവ്‌.”
അഥവാ “മതഭക്ത​രാ​ണെന്ന്‌.”
അക്ഷ. “ദൈവ​ത്തി​ലാ​ണ​ല്ലോ.”

പഠനക്കുറിപ്പുകൾ

ന്യായ​വാ​ദം ചെയ്‌തു: പൗലോസ്‌ അവരോ​ടു സന്തോ​ഷ​വാർത്ത വെറുതേ അറിയി​ച്ചിട്ട്‌ പോരാ​തെ അതു വിശദീ​ക​രി​ച്ചു​കൊ​ടു​ക്കു​ക​യും തിരു​വെ​ഴു​ത്തു​ക​ളിൽനിന്ന്‌ തെളി​വു​കൾ നിരത്തു​ക​യും ചെയ്‌തു. ദൈവ​പ്ര​ചോ​ദി​ത​മായ എബ്രാ​യ​തി​രു​വെ​ഴു​ത്തു​ക​ളാണ്‌ അതിനാ​യി അദ്ദേഹം ഉപയോ​ഗി​ച്ചത്‌. തിരു​വെ​ഴു​ത്തു​കൾ വായി​ച്ച​തി​നു പുറമേ അദ്ദേഹം അതിൽനിന്ന്‌ ന്യായ​വാ​ദം ചെയ്‌തു. തന്റെ കേൾവി​ക്കാർക്കു യോജിച്ച രീതി​യിൽ ആ വാദമു​ഖ​ങ്ങൾക്കു വേണ്ട മാറ്റങ്ങ​ളും വരുത്തി. ഈ വാക്യ​ത്തിൽ കാണുന്ന ഡിയാ​ലേ​ഗൊ​മായ്‌ എന്ന ഗ്രീക്കു​ക്രി​യയെ നിർവ​ചി​ച്ചി​രി​ക്കു​ന്നത്‌ “പരസ്‌പരം ആശയവി​നി​മയം ചെയ്യുക; തമ്മിൽത്ത​മ്മിൽ സംസാ​രി​ക്കുക; ചർച്ച ചെയ്യുക” എന്നൊ​ക്കെ​യാണ്‌. ആളുക​ളോ​ടു സംസാ​രി​ക്കു​ന്ന​തും അവർക്കു പറയാ​നു​ള്ളതു കേൾക്കു​ന്ന​തും ആണ്‌ ഇതിൽ ഉൾപ്പെ​ട്ടി​രി​ക്കു​ന്നത്‌. ഈ ഗ്രീക്കു​പദം പ്രവൃ 17:17; 18:4, 19; 19:8, 9; 20:7, 9 എന്നീ വാക്യ​ങ്ങ​ളി​ലും ഉപയോ​ഗി​ച്ചി​ട്ടുണ്ട്‌.

തിരു​വെ​ഴു​ത്തു​കൾ ഉപയോ​ഗിച്ച്‌ തെളി​യി​ക്കുക: ഇവിടെ കാണുന്ന ഗ്രീക്കു​പ​ദ​ത്തി​ന്റെ അക്ഷരാർഥം “അരികിൽ (ഒപ്പം) വെക്കുക” എന്നാണ്‌. സാധ്യ​ത​യ​നു​സ​രിച്ച്‌ ഇതു സൂചി​പ്പി​ക്കു​ന്നത്‌, എബ്രാ​യ​തി​രു​വെ​ഴു​ത്തു​ക​ളി​ലെ മിശി​ഹൈ​ക​പ്ര​വ​ച​ന​ങ്ങളെ യേശു​വി​ന്റെ ജീവി​ത​ത്തി​ലെ സംഭവ​ങ്ങ​ളു​മാ​യി പൗലോസ്‌ ശ്രദ്ധാ​പൂർവം താരത​മ്യം ചെയ്‌തു​കാ​ണി​ച്ചെ​ന്നാണ്‌. മിശി​ഹ​യെ​ക്കു​റി​ച്ചുള്ള പ്രവച​നങ്ങൾ യേശു​വിൽ നിറ​വേ​റി​യത്‌ എങ്ങനെ​യെന്നു കേൾവി​ക്കാർക്ക്‌ അപ്പോൾ വ്യക്തമാ​യി​ക്കാ​ണും.

നഗരാ​ധി​പ​ന്മാർ: ഇവിടെ കാണുന്ന പൊലി​റ്റാർഖേസ്‌ എന്ന ഗ്രീക്കു​പ​ദ​ത്തി​ന്റെ അർഥം “പൗരന്മാ​രു​ടെ ഭരണാ​ധി​കാ​രി​കൾ” എന്നാണ്‌. ഗ്രീക്കു സാഹി​ത്യ​കൃ​തി​ക​ളിൽ ഈ പദം കാണു​ന്നി​ല്ലെ​ങ്കി​ലും തെസ്സ​ലോ​നി​ക്യ​യിൽനി​ന്നും മാസി​ഡോ​ണിയ സംസ്ഥാ​നത്തെ മറ്റിട​ങ്ങ​ളിൽനി​ന്നും കണ്ടെടുത്ത ചില ആലേഖ​ന​ങ്ങ​ളിൽ (അവയിൽ ചിലതി​നു ബി.സി. ഒന്നാം നൂറ്റാ​ണ്ടോ​ളം പഴക്കമുണ്ട്‌.) ഈ സ്ഥാന​പ്പേര്‌ കാണു​ന്നുണ്ട്‌. പ്രവൃ​ത്തി​ക​ളു​ടെ പുസ്‌തകം ആധികാ​രി​ക​മാ​ണെ​ന്നും ചരി​ത്ര​കാ​രൻ എന്ന നിലയിൽ ലൂക്കോസ്‌ ആശ്രയ​യോ​ഗ്യ​നാ​ണെ​ന്നും ഇതു തെളി​യി​ക്കു​ന്നു.

സീസർ: അഥവാ “ചക്രവർത്തി.” യേശു​വി​ന്റെ ഭൗമി​ക​ശു​ശ്രൂ​ഷ​ക്കാ​ലത്ത്‌ തിബെ​ര്യൊസ്‌ ആയിരു​ന്നു റോമൻ ചക്രവർത്തി. പക്ഷേ ഭരണത്തി​ലി​രുന്ന ചക്രവർത്തി​യെ മാത്രമല്ല “സീസർ” എന്ന പദം കുറി​ച്ചി​രു​ന്നത്‌. റോമൻ ഗവൺമെ​ന്റി​നെ​യും അതിന്റെ നിയമി​ത​പ്ര​തി​നി​ധി​ക​ളെ​യും അതിന്‌ അർഥമാ​ക്കാ​നാ​കു​മാ​യി​രു​ന്നു. പൗലോസ്‌ പറഞ്ഞ ‘ഉന്നതാ​ധി​കാ​രി​ക​ളും’ പത്രോസ്‌ പറഞ്ഞ ‘രാജാ​വും’ ‘ഗവർണർമാ​രും’ ഇതിൽപ്പെ​ടും.​—റോമ 13:1-7; 1പത്ര 2:13-17; തീത്ത 3:1; പദാവലി കാണുക.

സീസർ: അഥവാ “ചക്രവർത്തി.” ആ സമയത്തെ റോമൻ ചക്രവർത്തി ക്ലൗദ്യൊസ്‌ ആയിരു​ന്നു. അദ്ദേഹം എ.ഡി. 41 മുതൽ എ.ഡി. 54 വരെ ഭരണം നടത്തി.—പ്രവൃ 11:28; 18:2; മത്ത 22:17-ന്റെ പഠനക്കു​റി​പ്പും പദാവ​ലി​യും കാണുക.

ശ്രദ്ധ​യോ​ടെ . . . പരി​ശോ​ധി​ച്ചു: അഥവാ “വിശദ​മാ​യി പഠിച്ചു.” ഇവിടെ കാണുന്ന അനാ​ക്രി​നൊ എന്ന ഗ്രീക്കു​പദം നിർവ​ചി​ച്ചി​രി​ക്കു​ന്നത്‌, “അരിച്ചു​പെ​റു​ക്കുക; വിഭജി​ക്കുക; വേർതി​രി​ക്കുക” എന്നൊ​ക്കെ​യാണ്‌. നീതി​ന്യാ​യ വിചാ​ര​ണ​യോ​ടു ബന്ധപ്പെ​ട്ടും ഈ പദം ചില​പ്പോൾ ഉപയോ​ഗി​ക്കാ​റുണ്ട്‌. (ലൂക്ക 23:14; പ്രവൃ 4:9; 28:18; 1കൊ 4:3) അതു​കൊണ്ട്‌ നിയമ​പ​ര​മായ നടപടി​ക്ര​മ​ങ്ങ​ളു​ടെ കാര്യ​ത്തി​ലെ​ന്ന​പോ​ലെ, ഒരു കാര്യം ശ്രദ്ധ​യോ​ടെ, വിശദ​മാ​യി പഠിക്കു​ന്ന​തി​നെ​യാണ്‌ ഈ വാക്യ​ത്തിൽ അത്‌ അർഥമാ​ക്കു​ന്നത്‌. ബരോ​വ​യി​ലെ ജൂതന്മാർ നടത്തി​യത്‌ ഉപരി​പ്ല​വ​മായ ഒരു പരി​ശോ​ധ​ന​യാ​യി​രു​ന്നി​ല്ലെന്ന്‌ ഇതു സൂചി​പ്പി​ക്കു​ന്നു. കാലങ്ങൾക്കു മുമ്പേ വാഗ്‌ദാ​നം ചെയ്‌ത മിശിഹ യേശു​വാ​ണെന്നു പൗലോ​സും ശീലാ​സും തിരു​വെ​ഴു​ത്തു​ക​ളിൽനിന്ന്‌ പഠിപ്പി​ച്ച​പ്പോൾ അതു സത്യം​ത​ന്നെ​യാ​ണോ​യെന്ന്‌ അവർ വിശദ​മാ​യി പരി​ശോ​ധിച്ച്‌ ഉറപ്പു​വ​രു​ത്തി.

ചന്തസ്ഥലം: ആതൻസി​ലെ ചന്തസ്ഥല​മാ​യി​രു​ന്നു (ഗ്രീക്കിൽ, അഗോറ) ഇത്‌. അക്രോ​പോ​ളി​സി​ന്റെ വടക്കു​പ​ടി​ഞ്ഞാ​റാ​യി സ്ഥിതി ചെയ്‌തി​രുന്ന ഈ ചന്തസ്ഥല​ത്തി​ന്റെ വിസ്‌തീർണം ഏതാണ്ട്‌ 12 ഏക്കർ വരുമാ​യി​രു​ന്നു. ഇത്‌ ഒരു കച്ചവട​സ്ഥലം മാത്ര​മാ​യി​രു​ന്നില്ല. ആതൻസു​കാ​രു​ടെ ജീവി​തം​തന്നെ, ആ നഗരത്തി​ന്റെ സാമ്പത്തിക-രാഷ്‌ട്രീയ-സാംസ്‌കാ​രിക സിരാ​കേ​ന്ദ്രം​കൂ​ടി​യാ​യി​രുന്ന ഈ സ്ഥലത്തെ ചുറ്റി​പ്പ​റ്റി​യാ​യി​രു​ന്നു. അവിടെ ഒരുമി​ച്ചു​കൂ​ടി, ഗഹനമായ വിഷയ​ങ്ങ​ളെ​ക്കു​റിച്ച്‌ ചർച്ചകൾ നടത്തു​ന്നത്‌ ആതൻസു​കാർക്ക്‌ ഒരു ഹരമാ​യി​രു​ന്നു.

എപ്പിക്കൂ​ര്യർ . . . തത്ത്വചി​ന്തകർ: ഗ്രീക്ക്‌ തത്ത്വചി​ന്ത​ക​നായ എപ്പിക്യൂ​റ​സി​ന്റെ (ബി.സി. 341-270) അനുയാ​യി​ക​ളാണ്‌ എപ്പിക്കൂ​ര്യൻ തത്ത്വചി​ന്തകർ. ജീവി​ത​ത്തി​ന്റെ പരമമായ ലക്ഷ്യം സുഖം അനുഭ​വി​ക്കു​ന്ന​താണ്‌ എന്നാണ്‌ അവർ പഠിപ്പി​ച്ചി​രു​ന്നത്‌. എപ്പിക്കൂ​ര്യർ ദൈവ​ങ്ങ​ളിൽ വിശ്വ​സി​ച്ചി​രു​ന്നെ​ങ്കി​ലും ദൈവ​ങ്ങൾക്കു മനുഷ്യ​രു​ടെ കാര്യ​ത്തിൽ ഒരു താത്‌പ​ര്യ​വു​മി​ല്ലെ​ന്നും ദൈവങ്ങൾ അവരെ അനു​ഗ്ര​ഹി​ക്കു​ക​യോ ശിക്ഷി​ക്കു​ക​യോ ഇല്ലെന്നും ആയിരു​ന്നു അവരുടെ വിശ്വാ​സം. അതു​കൊണ്ട്‌ പ്രാർഥ​ന​ക​ളും ബലിക​ളും ആവശ്യ​മി​ല്ലെന്ന പക്ഷക്കാ​രാ​യി​രു​ന്നു അവർ. എപ്പിക്കൂ​ര്യ​രു​ടെ ചിന്തക​ളും പ്രവർത്ത​ന​ങ്ങ​ളും ധാർമി​ക​ത​ത്ത്വ​ങ്ങൾ തൊട്ടു​തീ​ണ്ടാ​ത്ത​വ​യാ​യി​രു​ന്നു. എല്ലാ കാര്യ​ങ്ങ​ളി​ലും മിതത്വം പാലി​ക്ക​ണ​മെന്ന്‌ അവർ വാദി​ച്ചി​രു​ന്നു എന്നതു ശരിയാണ്‌. പക്ഷേ അത്‌ അമിത​ത്വ​ത്തി​ന്റെ ദോഷ​ഫ​ലങ്ങൾ ഭയന്നാ​യി​രു​ന്നെന്നു മാത്രം. ഒരു വ്യക്തി അറിവ്‌ നേടേ​ണ്ടത്‌ മതപര​മായ ഭയങ്ങളിൽനി​ന്നും അന്ധവി​ശ്വാ​സ​ങ്ങ​ളിൽനി​ന്നും മോചനം നേടാൻ മാത്ര​മാ​യി​രി​ക്ക​ണ​മെ​ന്നും അവർ വാദി​ച്ചി​രു​ന്നു. എപ്പിക്കൂ​ര്യ​രും സ്‌തോ​യി​ക്ക​രും പുനരു​ത്ഥാ​ന​ത്തിൽ വിശ്വ​സി​ച്ചി​രു​ന്നില്ല.—ഈ വാക്യ​ത്തി​ലെ സ്‌തോ​യി​ക്കർ . . . തത്ത്വചി​ന്തകർ എന്നതിന്റെ പഠനക്കു​റി​പ്പു കാണുക.

സ്‌തോ​യി​ക്കർ . . . തത്ത്വചി​ന്തകർ: ഒരു കൂട്ടം ഗ്രീക്കു തത്ത്വചി​ന്ത​ക​രാ​ണു സ്‌തോ​യി​ക്കർ. സന്തോഷം ലഭിക്കു​ന്നതു യുക്തി​ക്കും പ്രകൃ​തി​നി​യ​മ​ങ്ങൾക്കും ചേർച്ച​യിൽ ജീവി​ക്കു​മ്പോ​ഴാ​ണെന്ന്‌ അവർ വിശ്വ​സി​ച്ചി​രു​ന്നു. അവരുടെ വീക്ഷണ​ത്തിൽ, സുഖദുഃ​ഖങ്ങൾ കാര്യ​മാ​ക്കാത്ത ആളാണു ശരിക്കും ജ്ഞാനി. എല്ലാ വസ്‌തു​ക്ക​ളും വ്യക്തി​ത്വ​മി​ല്ലാത്ത ഒരു പരമാ​ത്മാ​വി​ന്റെ ഭാഗമാ​ണെ​ന്നും മനുഷ്യ​ന്റെ ആത്മാവ്‌ ഉത്ഭവി​ച്ചത്‌ ആ ദൈവ​ത്തിൽനി​ന്നാ​ണെ​ന്നും അവർ വിശ്വ​സി​ച്ചി​രു​ന്നു. മനുഷ്യ​ന്റെ ആത്മാവ്‌ ഒരിക്കൽ ഈ പ്രപഞ്ച​ത്തോ​ടൊ​പ്പം നശിക്കു​മെ​ന്നാ​ണു ചില സ്‌തോ​യി​ക്കർ ചിന്തി​ച്ചി​രു​ന്നത്‌. എന്നാൽ മനുഷ്യാ​ത്മാവ്‌ ഒടുവിൽ പരമാ​ത്മാ​വിൽ ലയിച്ചു​ചേ​രു​മെന്നു വിശ്വ​സി​ച്ചി​രുന്ന സ്‌തോ​യി​ക്ക​രു​മു​ണ്ടാ​യി​രു​ന്നു. എപ്പിക്കൂ​ര്യ​രും സ്‌തോ​യി​ക്ക​രും പുനരു​ത്ഥാ​ന​ത്തിൽ വിശ്വ​സി​ച്ചി​രു​ന്നില്ല.—ഈ വാക്യ​ത്തി​ലെ എപ്പിക്കൂ​ര്യർ . . . തത്ത്വചി​ന്തകർ എന്നതിന്റെ പഠനക്കു​റി​പ്പു കാണുക.

വിടു​വാ​യൻ: അക്ഷ. “വിത്തു കൊത്തി​പ്പെ​റു​ക്കു​ന്നവൻ.” ഇവിടെ കാണുന്ന സ്‌പെർമൊ​ലോ​ഗൊസ്‌ എന്ന ഗ്രീക്കു​പദം, വിത്തുകൾ കൊത്തി​പ്പെ​റു​ക്കുന്ന ഒരു പക്ഷിയെ കുറി​ക്കാ​നാണ്‌ ഉപയോ​ഗി​ച്ചി​രു​ന്നത്‌. എന്നാൽ ഉപയോ​ഗ​മി​ല്ലാ​തെ കിടക്കുന്ന ഓരോ​രോ സാധനങ്ങൾ യാചി​ച്ചോ മോഷ്ടി​ച്ചോ എടുക്കുന്ന ആളെയോ, യഥാർഥ​ജ്ഞാ​നി​യ​ല്ലാ​ഞ്ഞി​ട്ടും എവി​ടെ​നി​ന്നെ​ങ്കി​ലും വീണു​കി​ട്ടിയ വിവരങ്ങൾ പറഞ്ഞു​ന​ട​ക്കുന്ന വിടു​വാ​യ​ന്മാ​രെ​യോ കുറി​ക്കാൻ ഈ പദം മോശ​മാ​യൊ​രു ധ്വനി​യോ​ടെ ആലങ്കാ​രി​കാർഥ​ത്തി​ലും ഉപയോ​ഗി​ച്ചി​രു​ന്നു. ചുരു​ക്ക​ത്തിൽ, തനിക്ക്‌ അറിയി​ല്ലാത്ത കാര്യങ്ങൾ വെറുതേ പറഞ്ഞു​ന​ട​ക്കുന്ന ഒരു വിഡ്‌ഢി​യാ​ണു പൗലോസ്‌ എന്നായി​രു​ന്നു ആ വിദ്യാ​സ​മ്പ​ന്ന​രു​ടെ ആരോ​പണം.

അരയോ​പ​ഗസ്‌: അഥവാ “ആരീസി​ന്റെ കുന്ന്‌.” ആരീസ്‌ ഗ്രീക്കു​കാ​രു​ടെ യുദ്ധ​ദേ​വ​നാ​യി​രു​ന്നു. അക്രോ​പോ​ളി​സി​നു വടക്കു​പ​ടി​ഞ്ഞാ​റാ​യി സ്ഥിതി ചെയ്‌തി​രുന്ന അരയോ​പ​ഗ​സി​ലാണ്‌ ആതൻസു​കാ​രു​ടെ പരമോ​ന്നത ന്യായാ​ധി​പസഭ കാലങ്ങ​ളാ​യി കൂടി​വ​ന്നി​രു​ന്നത്‌. “അരയോ​പ​ഗസ്‌” എന്ന പദത്തിന്‌ ആ കുന്നി​നെ​ത​ന്നെ​യോ അവിടെ കൂടി​വ​ന്നി​രുന്ന ന്യായാ​ധി​പ​സ​ഭ​യെ​യോ കുറി​ക്കാ​നാ​കും. (പ്രവൃ 17:34) അതു​കൊ​ണ്ടു​തന്നെ പൗലോ​സി​നെ ചോദ്യം ചെയ്യാ​നാ​യി കൊണ്ടു​വ​ന്നത്‌ ഈ കുന്നി​ലേ​ക്കോ സമീപ​പ്ര​ദേ​ശ​ത്തേ​ക്കോ ആണെന്നു ചില പണ്ഡിത​ന്മാർ കരുതു​മ്പോൾ, അതു ന്യായാ​ധി​പസഭ കൂടിവന്ന മറ്റൊരു സ്ഥലത്തേ​ക്കാ​കാ​മെന്ന്‌ (ഒരുപക്ഷേ ചന്തസ്ഥല​ത്തേക്ക്‌.) വേറെ ചിലർ കരുതു​ന്നു. ആരീസി​നു തുല്യ​നാ​യി റോമാ​ക്കാർ ആരാധി​ച്ചി​രു​ന്നത്‌ മാഴ്‌സ്‌ ദേവനെ ആയിരു​ന്ന​തു​കൊണ്ട്‌ ചില പരിഭാ​ഷകൾ ഈ സ്ഥലത്തെ “മാഴ്‌സി​ന്റെ കുന്ന്‌” എന്നും തർജമ ചെയ്‌തി​ട്ടുണ്ട്‌.

വന്നുതാ​മ​സി​ക്കുന്ന: അഥവാ “സന്ദർശി​ക്കുന്ന.” ഇവിടെ കാണുന്ന എപി​ഡെ​മി​യോ എന്ന ഗ്രീക്കു​പ​ദ​ത്തിന്‌, “ഒരു അന്യനാ​ട്ടു​കാ​രൻ ഒരിടത്ത്‌ വന്നുതാ​മ​സി​ക്കു​ന്ന​തി​നെ​യോ ഒരാൾ സന്ദർശ​ക​നാ​യി ഒരിടത്ത്‌ തങ്ങുന്ന​തി​നെ​യോ” കുറി​ക്കാ​നാ​കും.

അജ്ഞാത​ദൈ​വ​ത്തിന്‌: ഇവിടെ കാണുന്ന അഗ്നോ​സ്റ്റോയ്‌ തെയോയ്‌ എന്ന ഗ്രീക്കു​പ​ദ​പ്ര​യോ​ഗം, ആതൻസി​ലെ ഒരു ബലിപീ​ഠ​ത്തിൽ ആലേഖനം ചെയ്‌തി​രു​ന്ന​താണ്‌. ദേവീ​ദേ​വ​ന്മാ​രോ​ടുള്ള ഭയഭക്തി കാരണം ആതൻസു​കാർ ധാരാളം ക്ഷേത്ര​ങ്ങ​ളും ബലിപീ​ഠ​ങ്ങ​ളും പണിക​ഴി​പ്പി​ച്ചി​രു​ന്നു. പ്രശസ്‌തി, എളിമ, ഊർജം, പ്രേര​ണാ​ശക്തി, അലിവ്‌ എന്നിങ്ങ​നെ​യുള്ള കാര്യ​ങ്ങ​ളെ​പ്പോ​ലും ദേവത​ക​ളാ​യി സങ്കൽപ്പിച്ച്‌ അവർ ബലിപീ​ഠങ്ങൾ നിർമി​ച്ചി​രു​ന്നു. തങ്ങൾ അറിയാ​തെ ഏതെങ്കി​ലും ദേവന്റെ കാര്യം വിട്ടു​പോ​യിട്ട്‌ ആ ദേവൻ കോപി​ച്ചേ​ക്കു​മോ എന്ന ഭയം കാരണം അവർ ‘അജ്ഞാത​നായ ദൈവ​ത്തി​നു​വേ​ണ്ടി​പ്പോ​ലും’ ഒരു ബലിപീ​ഠം നീക്കി​വെച്ചു. വാസ്‌ത​വ​ത്തിൽ ഈ ബലിപീ​ഠം പണിത​തി​ലൂ​ടെ, തങ്ങൾ ഒരിക്ക​ലും അറിഞ്ഞി​ട്ടി​ല്ലാത്ത ഒരു ദൈവ​മു​ണ്ടെന്ന്‌ അവർ അംഗീ​ക​രി​ക്കു​ക​യാ​യി​രു​ന്നു. ഈ സാഹച​ര്യം വളരെ വിദഗ്‌ധ​മാ​യി ഉപയോ​ഗിച്ച പൗലോസ്‌ ആ ബലിപീ​ഠ​ത്തെ​ക്കു​റി​ച്ചു​തന്നെ പറഞ്ഞു​കൊണ്ട്‌ അവരോ​ടു പ്രസം​ഗി​ച്ചു. അങ്ങനെ അന്നുവരെ അവർക്ക്‌ അജ്ഞാത​നാ​യി​രുന്ന സത്യ​ദൈ​വത്തെ പൗലോസ്‌ അവർക്കു പരിച​യ​പ്പെ​ടു​ത്തി.

ലോകം ഉണ്ടായ​തു​തന്നെ അദ്ദേഹം മുഖാ​ന്ത​ര​മാണ്‌: “ലോകം” എന്നു പരിഭാ​ഷ​പ്പെ​ടു​ത്തി​യി​രി​ക്കുന്ന കോസ്‌മൊസ്‌ എന്ന ഗ്രീക്കു​പദം ഇവിടെ മനുഷ്യ​കു​ല​ത്തെ​യാ​ണു കുറി​ക്കു​ന്നത്‌. അതു​കൊ​ണ്ടാണ്‌, ലോകം അദ്ദേഹത്തെ അറിഞ്ഞില്ല എന്ന്‌ ഈ വാക്യ​ത്തി​ന്റെ​തന്നെ തുടർന്നുള്ള ഭാഗത്ത്‌ പറയു​ന്നത്‌. ഗ്രീക്കു​ഭാ​ഷ​യി​ലുള്ള മറ്റു പുസ്‌ത​ക​ങ്ങ​ളിൽ കോസ്‌മൊസ്‌ എന്ന പദം, പ്രപഞ്ച​ത്തെ​യും എല്ലാ സൃഷ്ടി​ക​ളെ​യും കുറി​ക്കാൻ ചില​പ്പോ​ഴൊ​ക്കെ ഉപയോ​ഗി​ച്ചി​ട്ടുണ്ട്‌. ഒരു സന്ദർഭ​ത്തിൽ ഗ്രീക്കു​കാ​രായ ആളുക​ളോ​ടു സംസാ​രി​ക്കു​മ്പോൾ പൗലോസ്‌ ഈ പദം ഉപയോ​ഗി​ച്ച​തും ഈ അർഥത്തി​ലാ​യി​രി​ക്കാം. (പ്രവൃ 17:24) എന്നാൽ ക്രിസ്‌തീയ ഗ്രീക്കു​തി​രു​വെ​ഴു​ത്തു​ക​ളിൽ ഈ പദം പൊതു​വേ ഉപയോ​ഗി​ച്ചി​രി​ക്കു​ന്നതു മനുഷ്യ​കു​ലത്തെ മൊത്ത​ത്തി​ലോ അതിന്റെ ഒരു ഭാഗ​ത്തെ​യോ കുറി​ക്കാ​നാണ്‌. സ്വർഗ​വും ഭൂമി​യും അതിലുള്ള സകലതും സൃഷ്ടി​ക്കു​ന്ന​തിൽ യേശു​വും ഉൾപ്പെ​ട്ടി​രു​ന്നെ​ങ്കി​ലും ഈ വാക്യം പ്രധാ​ന​മാ​യും ശ്രദ്ധ കേന്ദ്രീ​ക​രി​ക്കു​ന്നതു മനുഷ്യ​കു​ല​ത്തി​നു തുടക്ക​മി​ടു​ന്ന​തിൽ യേശു​വി​നു​ണ്ടാ​യി​രുന്ന പങ്കിലാണ്‌.​—ഉൽ 1:26; യോഹ 1:3; കൊലോ 1:15-17.

ലോകം: ഇവിടെ കാണുന്ന കോസ്‌മൊസ്‌ എന്ന ഗ്രീക്കു​പദം ഗ്രീക്കു​സാ​ഹി​ത്യ​ത്തി​ലും പ്രത്യേ​കിച്ച്‌ ബൈബി​ളി​ലും മനുഷ്യ​കു​ല​ത്തെ​യാ​ണു കുറി​ക്കു​ന്നത്‌. (യോഹ 1:10-ന്റെ പഠനക്കു​റി​പ്പു കാണുക.) എന്നാൽ ഈ പദം ചില​പ്പോ​ഴൊ​ക്കെ പ്രപഞ്ച​ത്തെ​യും എല്ലാ സൃഷ്ടി​ക​ളെ​യും കുറി​ക്കാ​നും ഗ്രീക്കു​സാ​ഹി​ത്യ​കൃ​തി​ക​ളിൽ ഉപയോ​ഗി​ച്ചി​ട്ടുണ്ട്‌. തന്റെ കേൾവി​ക്കാ​രായ ഗ്രീക്കു​കാർക്കു​കൂ​ടെ യോജി​ക്കാൻ കഴിയുന്ന ചില കാര്യങ്ങൾ പറയാൻ ശ്രമി​ക്കു​ക​യാ​യി​രുന്ന പൗലോസ്‌ അങ്ങനെ​യൊ​രു അർഥത്തി​ലാ​യി​രി​ക്കാം ഇവിടെ ഈ പദം ഉപയോ​ഗി​ച്ചത്‌.

മനുഷ്യർ പണിത ദേവാ​ല​യങ്ങൾ: അഥവാ “മനുഷ്യ​ക​ര​ങ്ങൾകൊണ്ട്‌ പണിത ദേവാ​ല​യങ്ങൾ.” ഇവിടെ കാണുന്ന ഖെയ്‌റൊ​പൊ​യെ​റ്റൊസ്‌ എന്ന ഗ്രീക്കു​പദം പ്രവൃ 7:48-ലും (“മനുഷ്യ​ക​രങ്ങൾ നിർമിച്ച”) എബ്ര 9:11-ലും (“കൈ​കൊണ്ട്‌ പണിത”) 24-ലും (“മനുഷ്യൻ നിർമിച്ച”) ഉപയോ​ഗി​ച്ചി​ട്ടുണ്ട്‌. ഗ്രീക്കു​ദേ​വി​യായ അഥീന​യു​ടെ​യും മറ്റു ദേവീ​ദേ​വ​ന്മാ​രു​ടെ​യും മഹത്ത്വം മനുഷ്യ​നിർമിത ക്ഷേത്ര​ങ്ങ​ളെ​യും യാഗപീ​ഠ​ങ്ങ​ളെ​യും ആശ്രയി​ച്ചാ​ണി​രു​ന്നത്‌. എന്നാൽ സ്വർഗ​ത്തി​ന്റെ​യും ഭൂമി​യു​ടെ​യും അധിപ​നായ പരമാ​ധി​കാ​രി​യാം ദൈവത്തെ ഭൂമി​യി​ലെ ക്ഷേത്ര​ങ്ങ​ളിൽ ഉൾക്കൊ​ള്ളി​ക്കാ​നാ​കില്ല. (1രാജ 8:27) മനുഷ്യ​നിർമിത ദേവാ​ല​യ​ങ്ങ​ളി​ലെ ഏതൊരു വിഗ്ര​ഹ​ത്തെ​ക്കാ​ളും മഹത്ത്വ​മേ​റി​യ​വ​നാ​ണു സത്യ​ദൈവം. (യശ 40:18-26) പലപല ദേവീ​ദേ​വ​ന്മാർക്കു സമർപ്പി​ച്ചി​രുന്ന ധാരാളം ക്ഷേത്ര​ങ്ങ​ളും ആരാധ​നാ​ല​യ​ങ്ങ​ളും അവിടെ കണ്ടതു​കൊ​ണ്ടാ​കാം പൗലോസ്‌ ഇത്തര​മൊ​രു പ്രസ്‌താ​വന നടത്തി​യത്‌.

നമ്മൾ ജീവി​ക്കു​ക​യും ചലിക്കു​ക​യും നിലനിൽക്കു​ക​യും ചെയ്യു​ന്നത്‌: പൗലോസ്‌ ഇവിടെ ഗ്രീക്കി​ലെ ഒരു രചനാ​ശൈലി കടമെ​ടു​ത്ത​താ​ണെന്നു ചിലർ അഭി​പ്രാ​യ​പ്പെ​ടു​ന്നു. ഒരു ആശയം ധ്വനി​പ്പി​ക്കാൻ സമാനാർഥ​മുള്ള മൂന്നു പദങ്ങൾ ഉപയോ​ഗി​ക്കുന്ന ഈ ശൈലി​ക്കു ട്രൈ​ക്കോ​ളൻ എന്നാണു പേര്‌. തത്ത്വചി​ന്ത​ക​രായ പ്ലേറ്റോ, സോ​ഫോ​ക്‌ളീസ്‌, അരി​സ്റ്റോ​ട്ടിൽ എന്നിവർ ഈ ശൈലി ഉപയോ​ഗി​ച്ചി​ട്ടുണ്ട്‌. എന്നാൽ ഈ വാക്കുകൾ പറഞ്ഞ​പ്പോൾ പൗലോ​സി​ന്റെ മനസ്സി​ലു​ണ്ടാ​യി​രു​ന്നത്‌ ബി.സി. ആറാം നൂറ്റാ​ണ്ടി​ലെ ക്രേത്തൻ കവിയായ എപ്പി​മെ​നി​ദീ​സി​ന്റെ ഒരു കവിത​യാ​യി​രി​ക്കാ​മെന്നു മറ്റു ചിലർ കരുതു​ന്നു.

നിങ്ങളു​ടെ കവിക​ളിൽ ചിലർ: “നമ്മളും അവന്റെ മക്കളാണ്‌” എന്ന വാക്കുകൾ പൗലോസ്‌ ഉദ്ധരി​ച്ചതു സ്‌തോ​യിക്‌ കവിയായ അരേറ്റ​സി​ന്റെ ഫിനോ​മിന എന്ന കവിത​യിൽനി​ന്നാ​കാം. സമാന​മായ വാക്കുകൾ സ്‌തോ​യിക്‌ എഴുത്തു​കാ​ര​നായ ക്ലീൻത​സി​ന്റെ സീയൂ​സി​നുള്ള കീർത്തനം എന്നതുൾപ്പെടെ മറ്റു ഗ്രീക്കു രചനക​ളി​ലും കാണു​ന്നുണ്ട്‌. പൊതു​വേ വിദ്യാ​സ​മ്പന്നർ ഒരു വിഷയ​ത്തെ​ക്കു​റിച്ച്‌ പ്രസം​ഗി​ക്കു​മ്പോൾ സാഹി​ത്യ​കൃ​തി​ക​ളിൽനിന്ന്‌ ഉദ്ധരി​ക്കാൻ പ്രതീ​ക്ഷി​ച്ചി​രു​ന്ന​തു​കൊ​ണ്ടാ​കാം പൗലോസ്‌ ഇവിടെ ഗ്രീക്കു​ക​വി​ത​ക​ളിൽനിന്ന്‌ ഉദ്ധരി​ച്ചത്‌.

ഭൂലോ​കം: ഇവിടെ “ഭൂലോ​കം” എന്നു പരിഭാ​ഷ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നത്‌ ഒയിക്കൂ​മെനേ എന്ന ഗ്രീക്കു​പ​ദ​മാണ്‌. ഭൂമിയെ മനുഷ്യകുലത്തിന്റെ വാസസ്ഥ​ല​മാ​യി ചിത്രീ​ക​രി​ക്കുന്ന വിശാ​ല​മായ അർഥത്തി​ലാണ്‌ അത്‌ ഇവിടെ ഉപയോ​ഗി​ച്ചി​രി​ക്കു​ന്നത്‌. (ലൂക്ക 4:5; റോമ 10:18; വെളി 12:9; 16:14) ജൂതന്മാർ ചിതറി​പ്പാർത്തി​രുന്ന വിശാ​ല​മായ റോമാ​സാ​മ്രാ​ജ്യ​ത്തെ കുറി​ക്കാ​നും ഒന്നാം നൂറ്റാ​ണ്ടിൽ ഈ പദം ഉപയോ​ഗി​ച്ചി​ട്ടുണ്ട്‌.—പ്രവൃ 24:5.

ഉറപ്പ്‌: അഥവാ “തെളിവ്‌.” അക്ഷ. “വിശ്വാ​സം.” മിക്ക​പ്പോ​ഴും വിശ്വാ​സം എന്നു പരിഭാഷ ചെയ്യുന്ന പീസ്റ്റിസ്‌ എന്ന ഗ്രീക്കു​പ​ദ​മാണ്‌ ഇവിടെ കാണു​ന്നത്‌. സാധ്യ​ത​യ​നു​സ​രിച്ച്‌ ഈ വാക്യ​ത്തിൽ അത്‌, വാഗ്‌ദാ​നം ചെയ്യപ്പെട്ട ഒരു കാര്യം എന്തായാ​ലും സംഭവി​ക്കു​മെന്നു വിശ്വ​സി​ക്കാൻ സഹായി​ക്കുന്ന തെളി​വി​നെ​യാ​ണു കുറി​ക്കു​ന്നത്‌.

അരയോ​പ​ഗസ്‌: അഥവാ “ആരീസി​ന്റെ കുന്ന്‌.” ആരീസ്‌ ഗ്രീക്കു​കാ​രു​ടെ യുദ്ധ​ദേ​വ​നാ​യി​രു​ന്നു. അക്രോ​പോ​ളി​സി​നു വടക്കു​പ​ടി​ഞ്ഞാ​റാ​യി സ്ഥിതി ചെയ്‌തി​രുന്ന അരയോ​പ​ഗ​സി​ലാണ്‌ ആതൻസു​കാ​രു​ടെ പരമോ​ന്നത ന്യായാ​ധി​പസഭ കാലങ്ങ​ളാ​യി കൂടി​വ​ന്നി​രു​ന്നത്‌. “അരയോ​പ​ഗസ്‌” എന്ന പദത്തിന്‌ ആ കുന്നി​നെ​ത​ന്നെ​യോ അവിടെ കൂടി​വ​ന്നി​രുന്ന ന്യായാ​ധി​പ​സ​ഭ​യെ​യോ കുറി​ക്കാ​നാ​കും. (പ്രവൃ 17:34) അതു​കൊ​ണ്ടു​തന്നെ പൗലോ​സി​നെ ചോദ്യം ചെയ്യാ​നാ​യി കൊണ്ടു​വ​ന്നത്‌ ഈ കുന്നി​ലേ​ക്കോ സമീപ​പ്ര​ദേ​ശ​ത്തേ​ക്കോ ആണെന്നു ചില പണ്ഡിത​ന്മാർ കരുതു​മ്പോൾ, അതു ന്യായാ​ധി​പസഭ കൂടിവന്ന മറ്റൊരു സ്ഥലത്തേ​ക്കാ​കാ​മെന്ന്‌ (ഒരുപക്ഷേ ചന്തസ്ഥല​ത്തേക്ക്‌.) വേറെ ചിലർ കരുതു​ന്നു. ആരീസി​നു തുല്യ​നാ​യി റോമാ​ക്കാർ ആരാധി​ച്ചി​രു​ന്നത്‌ മാഴ്‌സ്‌ ദേവനെ ആയിരു​ന്ന​തു​കൊണ്ട്‌ ചില പരിഭാ​ഷകൾ ഈ സ്ഥലത്തെ “മാഴ്‌സി​ന്റെ കുന്ന്‌” എന്നും തർജമ ചെയ്‌തി​ട്ടുണ്ട്‌.

അരയോ​പ​ഗസ്‌ കോട​തി​യി​ലെ ഒരു ന്യായാ​ധി​പൻ: അഥവാ “ഒരു അരയോ​പ​ഗ​ക്കാ​രൻ.” അതായത്‌, അരയോ​പ​ഗ​സി​ലു​ണ്ടാ​യി​രുന്ന ന്യായാ​ധി​പ​സ​ഭ​യി​ലെ അഥവാ കോട​തി​യി​ലെ ഒരു അംഗം.—പ്രവൃ 17:19-ന്റെ പഠനക്കു​റി​പ്പു കാണുക.

ദൃശ്യാവിഷ്കാരം

അജ്ഞാതദൈവങ്ങൾക്കുള്ള യാഗപീഠങ്ങൾ
അജ്ഞാതദൈവങ്ങൾക്കുള്ള യാഗപീഠങ്ങൾ

ആതൻസി​ലെ അരയോ​പ​ഗ​സിൽവെച്ച്‌ നടത്തിയ പ്രസം​ഗ​ത്തിൽ, ‘“അജ്ഞാത​ദൈ​വ​ത്തിന്‌” എന്ന്‌ എഴുതി​യി​രി​ക്കുന്ന ഒരു യാഗപീ​ഠ​ത്തെ​ക്കു​റിച്ച്‌’ പൗലോസ്‌ പറഞ്ഞു. (പ്രവൃ 17:23) റോമൻ സാമ്രാ​ജ്യ​ത്തിൽ ഇത്തരം യാഗപീ​ഠങ്ങൾ ഉണ്ടായി​രു​ന്ന​താ​യി പുരാ​വ​സ്‌തു​തെ​ളി​വു​ക​ളും ലിഖി​ത​രേ​ഖ​ക​ളും സൂചി​പ്പി​ക്കു​ന്നുണ്ട്‌. ഉദാഹ​ര​ണ​ത്തിന്‌, ഗ്രീസിൽ അജ്ഞാത​ദൈ​വ​ങ്ങൾക്കാ​യി ഉണ്ടാക്കി​യി​രുന്ന യാഗപീ​ഠ​ങ്ങ​ളെ​ക്കു​റിച്ച്‌ എ.ഡി. രണ്ടാം നൂറ്റാ​ണ്ടി​ലെ ഭൂമി​ശാ​സ്‌ത്ര​ജ്ഞ​നായ പോ​സെ​യ്‌നീ​യസ്‌ രേഖ​പ്പെ​ടു​ത്തി​യി​ട്ടുണ്ട്‌. ഇനി, എ.ഡി. രണ്ട്‌-മൂന്ന്‌ നൂറ്റാ​ണ്ടു​ക​ളിൽ ജീവി​ച്ചി​രുന്ന ഫൈ​ലോ​സ്‌ട്രാ​റ്റസ്‌, ആതൻസി​ലു​ണ്ടാ​യി​രുന്ന അത്തരം യാഗപീ​ഠ​ങ്ങ​ളെ​ക്കു​റിച്ച്‌ പ്രത്യേ​കം എടുത്തു​പ​റ​ഞ്ഞി​രി​ക്കു​ന്ന​താ​യും കാണാം. എ.ഡി. രണ്ടാം നൂറ്റാ​ണ്ടിൽ പെർഗ​മൊ​സി​ലു​ണ്ടാ​യി​രുന്ന (ഇത്‌ ഇന്നത്തെ തുർക്കി​യി​ലാണ്‌.) അത്തര​മൊ​രു യാഗപീ​ഠ​ത്തി​ന്റെ അവശേ​ഷി​ക്കുന്ന ഭാഗങ്ങ​ളാണ്‌ ഒന്നാമത്തെ ചിത്ര​ത്തിൽ കാണു​ന്നത്‌. യാഗപീ​ഠ​ത്തി​ന്റെ കുറെ ഭാഗം ഇന്ന്‌ ഇല്ലാത്ത​തു​കൊണ്ട്‌ അതിലെ ആലേഖനം മുഴു​വ​നാ​യി വായി​ക്കാ​നാ​കി​ല്ലെ​ങ്കി​ലും അതിന്റെ ആദ്യവരി സാധ്യ​ത​യ​നു​സ​രിച്ച്‌ ഇങ്ങനെ​യാ​യി​രു​ന്നു: “അജ്ഞാത​ദൈ​വ​ങ്ങൾക്ക്‌.” റോമി​ലെ പാല​റ്റൈൻ കുന്നിൽനിന്ന്‌ കണ്ടെടു​ത്തി​ട്ടുള്ള ഒരു യാഗപീ​ഠ​മാ​ണു രണ്ടാമത്തെ ചിത്ര​ത്തിൽ കാണു​ന്നത്‌. പേരി​ല്ലാത്ത ഒരു ദേവത​യ്‌ക്കു സമർപ്പി​ച്ചി​രി​ക്കുന്ന ആ യാഗപീ​ഠ​ത്തിന്‌ ഏതാണ്ട്‌ ബി.സി. 100-ഓളം പഴക്കമുണ്ട്‌. ഇത്തര​മൊ​രു യാഗപീ​ഠ​ത്തെ​ക്കു​റി​ച്ചുള്ള ബൈബിൾപ​രാ​മർശം ആധികാ​രി​ക​മാ​ണെന്ന്‌ ഈ ഉദാഹ​ര​ണ​ങ്ങ​ളെ​ല്ലാം തെളി​യി​ക്കു​ന്നു.