വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

എനിക്ക്‌ ദൈവവുമായി എങ്ങനെ അടുക്കാൻ കഴിയും?

എനിക്ക്‌ ദൈവവുമായി എങ്ങനെ അടുക്കാൻ കഴിയും?

അധ്യായം 39

എനിക്ക്‌ ദൈവവുമായി എങ്ങനെ അടുക്കാൻ കഴിയും?

ദൈവവുമായി അടുപ്പത്തിലോ? അനേകരെ സംബന്ധിച്ചിടത്തോളം ദൈവം അകന്ന്‌ വിദൂരത്തിലായിരിക്കുന്ന ഒരു രൂപമാണ്‌, വ്യക്തിത്വമില്ലാത്ത ഒരു ‘ആദികാരണം.’ അപ്രകാരം അവനുമായി അടുപ്പത്തിലായിരിക്കുക എന്നത്‌ നിങ്ങളെ അസ്വസ്ഥരാക്കുന്ന, പേടിപ്പിക്കുകപോലും ചെയ്യുന്ന ഒരു ആശയമായി നിങ്ങൾക്ക്‌ തോന്നിയേക്കാം.

കൂടാതെ നിങ്ങളുടെ അനുഭവം ലിൻഡ എന്നു പേരായ ഒരു യുവതിയുടേതുപോലെ ആയിരിക്കാം. ലിൻഡ ക്രിസ്‌തീയ മാതാപിതാക്കളാൽ വളർത്തപ്പെട്ടു. അവൾ ഇപ്രകാരം അനുസ്‌മരിക്കുന്നു: “എന്റെ [കൗമാര] പ്രായത്തിൽ എല്ലാം ഞാൻ ക്രിസ്‌തീയ മീററിംഗുകൾ ഒന്നുംതന്നെ മുടക്കിയില്ല, പ്രസംഗപ്രവർത്തനത്തിലും ഞാൻ ഒരു മാസംപോലും മുടക്കം വരുത്തിയില്ല. എന്നിരുന്നാലും ഞാൻ ഒരിക്കലും യഹോവയുമായി ഒരു അടുത്ത വ്യക്തിപരമായ ബന്ധം വളർത്തിയെടുത്തില്ല.”

നിങ്ങളുടെ ഭാവിതന്നെ നിങ്ങൾ ദൈവവുമായി അടുപ്പത്തിലാകുന്നതിനെ ആശ്രയിച്ചിരിക്കുന്നു. യേശുക്രിസ്‌തു ഇപ്രകാരം പറഞ്ഞു: “അവർ ഏക സത്യദൈവമായ നിന്നെ . . . അറിയുക എന്നതു നിത്യജീവനെ അർത്ഥമാക്കുന്നു.” (യോഹന്നാൻ 17:3) ഈ “അറിവ്‌” കുറെ വസ്‌തുതകൾ പഠിക്കുകയോ ഓർമ്മയിൽനിന്നു പറയാൻ കഴിയുകയോ ചെയ്യുന്നതിൽ അധികമാണ്‌—ഒരു നിരീശ്വരവാദിക്ക്‌ അതു ചെയ്യാൻ കഴിയും. അതിൽ ദൈവവുമായി ഒരു ബന്ധം വളർത്തിയെടുക്കുന്നത്‌, അവന്റെ ഒരു സുഹൃത്തായിത്തീരുന്നത്‌ ഉൾപ്പെടുന്നു. (യാക്കോബ്‌ 2:23 താരതമ്യം ചെയ്യുക.) സമീപിക്കാൻ വയ്യാത്തവനായിരിക്കാതെ “തന്നെ അന്വേഷിക്കുന്നതിനും . . . യഥാർത്ഥമായി കണ്ടെത്തുന്നതിനും” ദൈവം നമ്മെ ക്ഷണിക്കുന്നു, എന്തുകൊണ്ടന്നാൽ “അവൻ നമ്മിൽ ആരിൽനിന്നും അകന്നിരിക്കുന്നില്ല.”—പ്രവൃത്തികൾ 17:27.

നിങ്ങൾക്ക്‌ ദൈവത്തെ അറിയാൻ കഴിയുന്നവിധം

നിങ്ങൾ എന്നെങ്കിലും വിദൂര നക്ഷത്രങ്ങളെ നിരീക്ഷിക്കുകയോ ആഴി അലറുന്നത്‌ ആശ്ചര്യപൂർവ്വം കേട്ടുനിൽക്കുകയോ വശ്യസുന്ദരമായ ഒരു ചിത്രശലഭത്തിൽ ആകൃഷ്ടനാവുകയോ ഒരു തളിരിലയുടെ നേർമ്മയേറിയ സൗന്ദര്യം കണ്ട്‌ അതിശയിക്കുകയോ ചെയ്‌തിട്ടുണ്ടോ? ദൈവത്തിന്റെ ഈ സൃഷ്ടിക്രിയകളെല്ലാം അവന്റെ മഹാശക്തിയുടെയും ജ്ഞാനത്തിന്റെയും സ്‌നേഹത്തിന്റെയും ഒരു ക്ഷണിക ദൃശ്യം മാത്രം നൽകുന്നു. ദൈവത്തിന്റെ “അദൃശ്യ ഗുണങ്ങൾ . . . അവന്റെ നിത്യശക്തിയും ദൈവത്വവും പോലും അവന്റെ സൃഷ്‌ടി ക്രിയകളാൽ . . . ഗ്രഹിക്കപ്പെടുന്നു.”—റോമർ 1:19, 20.

എന്നിരുന്നാലും സൃഷ്ടിക്രിയകൾക്ക്‌ മാത്രം വെളിപ്പെടുത്താൻ കഴിയുന്നതിലധികം നിങ്ങൾ ദൈവത്തെക്കുറിച്ച്‌ പഠിക്കേണ്ടിയിരിക്കുന്നു. അതുകൊണ്ട്‌ ദൈവം അവന്റെ എഴുതപ്പെട്ട വചനം പ്രദാനം ചെയ്‌തിരിക്കുന്നു. ദൈവം പേരില്ലാത്തവനോ വ്യക്തിത്വമില്ലാത്ത ഒരു ശക്തിയോ ആയിരിക്കാതെ പേരുളള ഒരു യഥാർത്ഥ വ്യക്തിയാണെന്ന്‌ ആ പുസ്‌തകം വെളിപ്പെടുത്തുന്നു. “യഹോവ ദൈവമാണ്‌ എന്ന്‌ അറിയുക” എന്ന്‌ സങ്കീർത്തനക്കാരൻ ഘോഷിക്കുന്നു. (സങ്കീർത്തനം 100:3) ആ പേരിന്റെ പിന്നിലുളള വ്യക്തിയെയും ബൈബിൾ വെളിപ്പെടുത്തുന്നു: “കരുണയും കൃപയുമുളള ദൈവം, കോപത്തിനു താമസമുളളവനും സ്‌നേഹദയയിലും സത്യത്തിലും സമൃദ്ധനും.” (പുറപ്പാട്‌ 34:6) മനുഷ്യവർഗ്ഗത്തോടുളള ദൈവത്തിന്റെ ഇടപെടലിന്റെ വിശദമായ രേഖ ഫലത്തിൽ പ്രവർത്തനനിരതനായ ദൈവത്തെ കാണാൻ നമ്മെ അനുവദിക്കുന്നു! അതുകൊണ്ട്‌ ദൈവത്തോട്‌ അടുത്തു ചെല്ലുന്നതിന്റെ ഒരു അവശ്യ ഘടകമാണ്‌ ബൈബിളിന്റെ വായന.

ബൈബിൾ വായന ഉല്ലാസപ്രദമാക്കൽ

ബൈബിൾ ഒരു വലിയ പുസ്‌തകമാണ്‌ എന്നത്‌ സത്യം തന്നെ. അതിന്റെ വലിപ്പം തന്നെ യുവജനങ്ങൾ അതു വായിക്കാതിരിക്കാൻ തക്കവണ്ണം അവരെ ഭയപ്പെടുത്തുന്നു. ബൈബിൾ വിരസമാണെന്നും ചിലർ പരാതിപ്പെടുന്നു. എന്നിരുന്നാലും ബൈബിൾ മനുഷ്യനുവേണ്ടിയുളള ദൈവത്തിന്റെ വെളിപ്പാടാണ്‌. നാം എങ്ങനെ ഇവിടെ വന്നുവെന്നും നാം എവിടേയ്‌ക്ക്‌ പോകുന്നുവെന്നും അതു നമ്മോട്‌ പറയുന്നു. പറുദീസാ ഭൂമിയിൽ എന്നേക്കും ജീവിക്കുന്നതിന്‌ നാം എന്തു ചെയ്യണമെന്നും അതു കൃത്യമായി നമ്മോട്‌ പറയുന്നു. അതെങ്ങനെയാണ്‌ വിരസമായിരിക്കുക? ബൈബിൾ വെറുതെ രസത്തിനുവേണ്ടി വായിച്ചു തളളാവുന്ന ഒരു പുസ്‌തകമല്ല എന്നതും അതിൽ “മനസ്സിലാക്കാൻ പ്രയാസമുളള ചില കാര്യങ്ങൾ” ഉണ്ടെന്നുളളതും ശരിതന്നെ. (2 പത്രോസ്‌ 3:16) എന്നാൽ ബൈബിൾ വായിക്കുന്നതു ഒരു മുഷിപ്പൻ പണി ആയിരിക്കേണ്ടതില്ല.

“ഞാൻ പശ്ചാത്തലം ഭാവനയിൽ കാണുകയും എന്നെത്തന്നെ അവിടെ പ്രതിഷ്‌ഠിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു” എന്നു പറഞ്ഞുകൊണ്ട്‌ ബൈബിൾ വായന രസകരമാക്കാനുളള ഒരു പ്രായോഗിക മാർഗ്ഗം യുവപ്രായക്കാരനായ മാർവിൻ നിർദ്ദേശിക്കുന്നു. ഉദാഹരണത്തിന്‌ ദാനിയേൽ 6-ാം അദ്ധ്യായത്തിലെ വിവരണം പരിചിന്തിക്കുക. അതു വെറുതെ വായിക്കുന്നതിനുപകരം നിങ്ങൾ ദാനിയേലായിരിക്കുന്നതായി ഭാവനയിൽ കാണുക. നിങ്ങളുടെ ദൈവത്തോട്‌ പ്രാർത്ഥിച്ചു എന്നുളള ഭയങ്കരമായ കുററംചുമത്തി നിങ്ങളെ അറസ്‌ററു ചെയ്‌തിരിക്കുന്നു. അതിനുളള ശിക്ഷയോ? മരണം! പേർഷ്യൻ പടയാളികൾ നിർദ്ദാക്ഷിണ്യം നിങ്ങളെ നിങ്ങളുടെ ശവക്കുഴിയിലേക്കു വലിച്ചിഴച്ചുകൊണ്ട്‌ പോകുന്നു—വിശപ്പുളള സിംഹങ്ങൾ നിറഞ്ഞ ഒരു കുഴിയിലേക്ക്‌.

ഒരു ഹുങ്കാരത്തോടെ കുഴിയെ മൂടിയിരിക്കുന്ന ഭീമാകാരമായ കല്ല്‌ നീക്കപ്പെടുന്നു. താഴെ സിംഹങ്ങൾ നിങ്ങളെ ഞെട്ടിക്കുംവിധം ഗർജ്ജിച്ചുകൊണ്ടിരിക്കുന്നു. ഭയത്തോടെ പിൻവലിയാൻ ശ്രമിക്കുന്ന നിങ്ങളെ രാജാവിന്റെ പടയാളികൾ അമർത്തി മരണക്കുഴിയിലേക്ക്‌ തളളി കല്ലുകൊണ്ട്‌ ഗുഹയുടെ വാതിൽ മൂടുന്നു. ഇരുളിന്റെ മറവിൽ രോമാവൃതമായ എന്തോ നിങ്ങളുടെ ദേഹത്ത്‌ ഉരുമ്മുന്നു . . .

വിരസതയോ? അശേഷം ഇല്ല! എന്നാൽ ഓർമ്മിക്കുക: നിങ്ങൾ വിനോദത്തിനുവേണ്ടി വായിക്കുകയല്ല. ആ വിവരണം യഹോവയെപ്പററി എന്തു പഠിപ്പിക്കുന്നു എന്ന്‌ തിരിച്ചറിയാൻ ശ്രമിക്കുക. ഉദാഹരണത്തിന്‌, തന്റെ ദാസൻമാർ കഠിനമായ പരിശോധനകളെ അഭിമുഖീകരിക്കാൻ യഹോവ അനുവദിക്കുന്നു എന്ന്‌ ദാനിയേലിന്റെ അനുഭവങ്ങൾ പ്രകടമാക്കുന്നില്ലേ?

വായനയ്‌ക്ക്‌ ക്രമമായ ഒരു പട്ടിക ഉണ്ടായിരിക്കാനും ശ്രമിക്കുക. എന്തിന്‌, ഓരോ ദിവസവും ബൈബിൾ വായിക്കാൻ നിങ്ങൾ 15 മിനിററ്‌ ചെലവഴിക്കുന്നുവെങ്കിൽ ഏതാണ്ട്‌ ഒരു വർഷംകൊണ്ട്‌ നിങ്ങൾക്ക്‌ അതു പൂർത്തിയാക്കാൻ കഴിയും! ററി. വി. വീക്ഷിക്കുന്നതുപോലെ അത്രതന്നെ പ്രധാനമല്ലാത്ത പ്രവർത്തനങ്ങളിൽനിന്ന്‌ ‘സമയം വിലയ്‌ക്കുവാങ്ങുക’! (എഫേസ്യർ 5:16) നിങ്ങൾ അങ്ങനെ ബൈബിൾ വായനയിൽ ഏർപ്പെടുമ്പോൾ നിങ്ങൾ മുമ്പെന്നെത്തേക്കാളും ദൈവത്തോട്‌ അടുത്തിരിക്കുന്നതായി നിങ്ങൾക്ക്‌ അനുഭവപ്പെടും.—സദൃശവാക്യങ്ങൾ 2:1, 5.

പ്രാർത്ഥന നിങ്ങളെ അവനോട്‌ അടുപ്പിക്കുന്നു

ലവേർണി എന്നു പേരായ ഒരു കൗമാരപ്രായക്കാരി ഇപ്രകാരം നിരീക്ഷിച്ചു: “നിങ്ങൾ ഒരാളുമായി സംസാരിക്കുന്നില്ലെങ്കിൽ നിങ്ങൾക്ക്‌ ആ ആളുമായി യഥാർത്ഥത്തിൽ വ്യക്തിപരമായ ഒരു ബന്ധമുണ്ടെന്ന്‌ പറയാൻ പ്രയാസമാണ്‌.” “പ്രാർത്ഥന കേൾക്കുന്നവ”നെന്ന നിലയിൽ തന്നോട്‌ സംസാരിക്കാൻ യഹോവ നമ്മെ ക്ഷണിക്കുന്നു. (സങ്കീർത്തനം 65:2) നാം വിശ്വാസത്തോടെ അവനോട്‌ പ്രാർത്ഥിക്കുന്നുവെങ്കിൽ “അവന്റെ ഇഷ്ടപ്രകാരം നാം എന്തുതന്നെ ചോദിച്ചാലും അവൻ നമ്മെ കേൾക്കുന്നു.”—1 യോഹന്നാൻ 5:14.

(നേരത്തെ പരാമർശിച്ച) ലിൻഡ വ്യക്തിപരമായ അനുഭവത്തിൽനിന്ന്‌ അതു പഠിച്ചു. അവളുടെ ജീവിതത്തിന്റെ ഒരു ഘട്ടത്തിൽ പ്രശ്‌നങ്ങളും സമ്മർദ്ദങ്ങളും കൂടിക്കൂടി വന്നപ്പോൾ ‘അവളുടെ പ്രശ്‌ന പരിഹാരത്തിനായി ദിവസങ്ങളോളം അവൾ നിരന്തരം പ്രാർത്ഥിച്ചു.’ പ്രശ്‌നങ്ങളെ നേരിടാനുളള ശക്തി കണ്ടെത്തിയപ്പോൾ വളരെ വിദൂരത്തിലാണെന്ന്‌ നേരത്തെ അവൾ വിചാരിച്ചിരുന്ന ദൈവം തനിക്ക്‌ സമീപസ്ഥനാണെന്ന്‌ അവൾക്ക്‌ തോന്നിത്തുടങ്ങി. കേയ്‌ എന്നു പേരായ മറെറാരു യുവതിയും അതുപോലെ പ്രാർത്ഥനയുടെ മൂല്യം മനസ്സിലാക്കി: “ചിലപ്പോൾ നിങ്ങളുടെ ആന്തരിക വികാരങ്ങൾ ആരെയെങ്കിലും അറിയിക്കേണ്ടതുണ്ടെന്ന്‌ നിങ്ങൾക്ക്‌ തോന്നുന്നു. അങ്ങനെ അറിയിക്കാവുന്നതായി യഹോവയെക്കാൾ മെച്ചമായി ആരുമില്ല. കാരണം യഹോവയ്‌ക്ക്‌ മനസ്സിലാകും. വാസ്‌തവത്തിൽ നമ്മെ സഹായിക്കാൻ കഴിയുന്നതായി അവനല്ലാതെ മററാരുമില്ല.”

പ്രാർത്ഥന വെറുതെ വൈകാരികമായ ആശ്വാസം കൈവരുത്തുക മാത്രമേ ചെയ്യുന്നുളേളാ? അല്ല, നിങ്ങൾ വിവിധ പരിശോധനകളെ അഭിമുഖീകരിക്കുമ്പോൾ “നിന്ദിക്കാതെ എല്ലാവർക്കും ഉദാരമായി കൊടുക്കുന്നവനോട്‌ യാചിച്ചുകൊണ്ടിരിക്കട്ടെ, അത്‌ അവന്‌ ലഭിക്കും” എന്ന്‌ യാക്കോബ്‌ 1:2-5 നമുക്ക്‌ ഉറപ്പു നൽകുന്നു. ദൈവം ആ പരിശോധനയിൽനിന്ന്‌ നമ്മെ വിടുവിക്കുകയില്ലായിരിക്കും, എന്നാൽ ആ പരിശോധനയെ നേരിടാനുളള ജ്ഞാനം നമുക്ക്‌ നൽകുമെന്ന്‌ അവൻ ഉറപ്പു നൽകുന്നു! ഇതു സംബന്ധിച്ച ബൈബിൾ തത്വം അവൻ നിങ്ങളുടെ മനസ്സിലേക്ക്‌ കൊണ്ടുവന്നേക്കാം. (യോഹന്നാൻ 14:26 താരതമ്യം ചെയ്യുക.) അല്ലെങ്കിൽ നിങ്ങളുടെ വ്യക്തിപരമായ ബൈബിൾ പഠനത്തിലൂടെയോ അല്ലെങ്കിൽ ക്രിസ്‌തീയ മീററിംഗുകളിൽ വച്ചോ ചില കാര്യങ്ങൾ നിങ്ങളുടെ ശ്രദ്ധയിലേക്ക്‌ കൊണ്ടുവരപ്പെടുന്നു എന്ന്‌ അവൻ ഉറപ്പു വരുത്തിയേക്കാം. “നിങ്ങൾക്ക്‌ സഹിക്കാവുന്നതിലധികം നിങ്ങൾ പരീക്ഷിക്കപ്പെടാൻ അവൻ അനുവദിക്കുകയില്ല . . . അവൻ പോംവഴിയും കാണിച്ചുതരും” എന്ന്‌ മറക്കാതിരിക്കുക. അതെ അവൻ നിങ്ങളെ “ഉപേക്ഷിക്കപ്പെട്ടനിലയിൽ” വിട്ടേയ്‌ക്കുകയില്ല. (1 കൊരിന്ത്യർ 10:13; 2 കൊരിന്ത്യർ 4:9) ഒരു പരിശോധനാഘട്ടത്തെ നേരിടുന്നതിനുളള സഹായം ലഭിച്ചുകഴിയുമ്പോൾ നിങ്ങൾക്ക്‌ ദൈവത്തോട്‌ അടുപ്പം തോന്നുകയില്ലേ?

എന്നാൽ വ്യക്തിപരമായ പ്രശ്‌നങ്ങൾ സംബന്ധിച്ച്‌ മാത്രമല്ല പ്രാർത്ഥിക്കേണ്ടത്‌. തന്റെ മാതൃകാ പ്രാർത്ഥനയിൽ യേശു യഹോവയുടെ നാമത്തിന്റെ വിശുദ്ധീകരണത്തിനും അവന്റെ രാജ്യത്തിന്റെ വരവിനും അവന്റെ ഇഷ്ടം നിർവ്വഹിക്കപ്പെടുന്നതിനും പ്രഥമ പ്രാധാന്യം നൽകി. (മത്തായി. 6:9-13) “നന്ദി പ്രകടനത്തോടുകൂടിയ അപേക്ഷയും” പ്രാർത്ഥനയുടെ ഒരു ജീവൽപ്രധാനമായ ഘടകമാണ്‌.—ഫിലിപ്യർ 4:6.

പ്രാർത്ഥിക്കുന്നത്‌ ബുദ്ധിമുട്ടാണ്‌ എന്ന്‌ നിങ്ങൾ കണ്ടെത്തുന്നുവെങ്കിലെന്ത്‌? അതു സംബന്ധിച്ച്‌ പ്രാർത്ഥിക്കുക! നിങ്ങളുടെ ഹൃദയം ദൈവമുമ്പാകെ തുറക്കാൻ സഹായത്തിനായി അവനോട്‌ അപേക്ഷിക്കുക. “പ്രാർത്ഥനയിൽ സ്ഥിരോത്സാഹം കാണിക്കുക.” കാലക്രമത്തിൽ, ഒരു അടുത്ത സുഹൃത്തിനോട്‌ സംസാരിക്കുന്നതുപോലെ യഹോവയോട്‌ സംസാരിക്കാൻ കഴിയുമെന്ന്‌ നിങ്ങൾ കണ്ടെത്തും. (റോമർ 12:12) യുവപ്രായക്കാരിയായ മരിയ പറയുന്നു: “എനിക്ക്‌ ഒരു പ്രശ്‌നമുളളപ്പോഴെല്ലാം മാർഗ്ഗനിർദ്ദേശത്തിനായി എനിക്ക്‌ യഹോവയിലേക്ക്‌ തിരിയാമെന്നും അവൻ എന്നെ സഹായിക്കുമെന്നും എനിക്കറിയാം.”

ഭാവനാസമ്പന്നമായ വിധത്തിലോ ഏതെങ്കിലും സവിശേഷ ശൈലിയിലോ ദൈവത്തെ അഭിസംബോധന ചെയ്യേണ്ട ആവശ്യമില്ല. “അവന്റെ മുമ്പാകെ നിങ്ങളുടെ ഹൃദയം പകരുക” എന്ന്‌ സങ്കീർത്തനക്കാരൻ പറഞ്ഞു. (സങ്കീർത്തനം 62:8) നിങ്ങളുടെ വികാരങ്ങളും നിങ്ങളുടെ ഉൽക്കണ്‌ഠകളും അവൻ അറിയട്ടെ. നിങ്ങളുടെ ബലഹീനതകളെ നേരിടുന്നതിന്‌ അവന്റെ സഹായം അപേക്ഷിക്കുക. നിങ്ങളുടെ കുടുംബത്തിൻമേലും സഹക്രിസ്‌ത്യാനികളുടെ മേലും അവന്റെ അനുഗ്രഹം യാചിക്കുക. നിങ്ങൾക്ക്‌ തെററുകൾ സംഭവിക്കുമ്പോൾ അവനോട്‌ ക്ഷമചോദിക്കുക. ജീവന്റെ ദാനത്തിനുവേണ്ടി ദിനംപ്രതി അവന്‌ നന്ദി പറയുക. പ്രാർത്ഥന നിങ്ങളുടെ ജീവിതത്തിന്റെ ക്രമമായ ഒരു ഭാഗമായിത്തീരുമ്പോൾ അതിന്‌ നിങ്ങളെ യഹോവയാം ദൈവവുമായി അടുത്തതും സന്തുഷ്ടവുമായ ഒരു ബന്ധത്തിലേക്ക്‌ കൊണ്ടുവരാൻ കഴിയും.

ദൈവവുമായുളള നിങ്ങളുടെ സുഹൃദ്‌ബന്ധം പരസ്യമായി പ്രഖ്യാപിക്കൽ

ദൈവവുമായി ഒരു സുഹൃദ്‌ബന്ധം ആസ്വദിച്ചു തുടങ്ങിക്കഴിയുമ്പോൾ ആ വിലപ്പെട്ട ബന്ധം സമ്പാദിക്കാൻ മററുളളവരെയും സഹായിക്കുന്നതിന്‌ നിങ്ങൾക്ക്‌ താല്‌പര്യമുണ്ടായിരിക്കേണ്ടതല്ലേ? വാസ്‌തവത്തിൽ, “രക്ഷയ്‌ക്കായി പരസ്യ പ്രഖ്യാപനം നടത്തുക” എന്നത്‌ ദൈവത്തിന്റെ സുഹൃത്തുക്കളായിരിക്കാൻ ആഗ്രഹിക്കുന്നവർക്കായുളള ഒരു നിബന്ധനയാണ്‌.—റോമർ 10:10.

സഹപാഠികളോടും അയൽക്കാരോടും ബന്ധുക്കളോടും സംസാരിച്ചുകൊണ്ട്‌ തങ്ങളുടെ വിശ്വാസം അനൗപചാരികമായി പങ്കുവയ്‌ക്കുന്നതിനാൽ അനേകരും ഇതിന്‌ തുടക്കമിടുന്നു. പിന്നീട്‌, “വീടുതോറും” പ്രസംഗിക്കുന്ന വേലയിൽ അവർ യഹോവയുടെ സാക്ഷികളോട്‌ ചേരുന്നു. (പ്രവൃത്തികൾ 5:42) എന്നാൽ ചില യുവജനങ്ങളെ സംബന്ധിച്ചിടത്തോളം ഈ പരസ്യവേല ഒരു ഇടർച്ചയാണ്‌. ഒരു യുവ ക്രിസ്‌ത്യാനി പറയുന്നു: “വീടുതോറും പോകുന്ന വേല സംബന്ധിച്ച്‌ അനേകം യുവജനങ്ങൾ അസ്വസ്ഥരാണെന്ന്‌ ഞാൻ വിചാരിക്കുന്നു. അവരുടെ സുഹൃത്തുക്കൾ അവരെ എങ്ങനെ വീക്ഷിക്കുമെന്ന്‌ അവർക്ക്‌ ഭയമാണ്‌.”

എന്നാൽ യഥാർത്ഥത്തിൽ ആരുടെ അംഗീകാരമാണ്‌ നിങ്ങൾ വിലമതിക്കുന്നത്‌—നിങ്ങളുടെ കൂട്ടുകാരുടെതോ നിങ്ങളുടെ സ്വർഗ്ഗീയ സുഹൃത്തായ യഹോവയുടെതോ? ഭയമോ സംഭ്രമമോ രക്ഷനേടുന്നതിൽനിന്ന്‌ നിങ്ങളെ തടയാൻ നിങ്ങൾ അനുവദിക്കണമോ? “ഇടറാതെ നമ്മുടെ പ്രത്യാശയുടെ പരസ്യപ്രഖ്യാപനം നമുക്ക്‌ മുറുകെ പിടിക്കാം” എന്ന്‌ അപ്പോസ്‌തലനായ പൗലോസ്‌ ഉത്സാഹിപ്പിക്കുന്നു. (എബ്രായർ 10:23) മതിയായ പരിശീലനവും തയ്യാറെടുപ്പുമുണ്ടെങ്കിൽ പ്രസംഗവേലയിൽ യഥാർത്ഥ സന്തോഷം അനുഭവിച്ചുതുടങ്ങുന്നതായി നിങ്ങൾ കണ്ടെത്തും!—1 പത്രോസ്‌ 3:15.

കാലക്രമത്തിൽ നിങ്ങളുടെ സ്വർഗ്ഗീയ സുഹൃത്തിനോടുളള വിലമതിപ്പ്‌ ദൈവത്തിന്‌ നിങ്ങളെത്തന്നെ പൂർണ്ണമായി സമർപ്പിക്കുന്നതിനും അതു ജലസ്‌നാപനത്താൽ പ്രതീകപ്പെടുത്തുന്നതിനും നിങ്ങളെ പ്രേരിപ്പിക്കണം. (റോമർ 12:1; മത്തായി 28:19, 20) ക്രിസ്‌തുവിന്റെ സ്‌നാപനമേററ ശിഷ്യനായിത്തീരുന്നതിന്‌ പരസ്യപ്രഖ്യാപനം നടത്തുന്നത്‌ നിസ്സാരമായി കണക്കാക്കേണ്ട ഒരു സംഗതിയല്ല. അതിൽ ‘നിങ്ങളെത്തന്നെ ത്യജിക്കുന്നത്‌’—വ്യക്തിപരമായ നേട്ടങ്ങൾക്കുളള താല്‌പര്യം ഉപേക്ഷിക്കുന്നതും യഹോവയാം ദൈവത്തിന്റെ താല്‌പര്യങ്ങൾ ഒന്നാമതായി അന്വേഷിക്കുന്നതും ഉൾപ്പെട്ടിരിക്കുന്നു. (മർക്കോസ്‌ 8:34) കൂടുതലായി യഹോവയുടെ സാക്ഷികളുടെ ലോകവ്യാപക സ്ഥാപനത്തോടുകൂടെ ആയിരിക്കുന്നതായി നിങ്ങളെത്തന്നെ തിരിച്ചറിയിക്കുന്നതും അതിൽ ഉൾപ്പെട്ടിരിക്കുന്നു.

“അനേകം യുവജനങ്ങൾ സ്‌നാപനമേൽക്കുന്നതിൽ നിന്ന്‌ മടിച്ചു മാറിനിൽക്കുന്നുവെന്നു ഞാൻ വിചാരിക്കുന്നു,” റോബർട്ട്‌ എന്നു പേരായ ഒരു യുവാവ്‌ പ്രസ്‌താവിച്ചു. “അതു അവർക്ക്‌ പിന്നോക്കം പോകാൻ കഴിയാത്തവിധം ഒരു അന്തിമ പടിയാണെന്ന്‌ അവർ ഭയപ്പെടുന്നു.” ദൈവത്തോടുളള ഒരു സമർപ്പണത്തിൽ നിന്ന്‌ ഒരുവന്‌ പിന്നോക്കം പോകാൻ കഴിയില്ല എന്നതു വാസ്‌തവം തന്നെ. (സഭാപ്രസംഗി 5:4 താരതമ്യം ചെയ്യുക.) “എന്നാൽ ഒരുവൻ ശരിയായതു ചെയ്യാൻ അറിഞ്ഞിട്ട്‌ അങ്ങനെ ചെയ്യുന്നില്ലെങ്കിൽ അതു അവന്‌ പാപമാണ്‌”—സ്‌നാപനപ്പെട്ടവനാണെങ്കിലും അല്ലെങ്കിലും! (യാക്കോബ്‌ 4:17) പ്രശ്‌നമിതാണ്‌, നിങ്ങൾ ദൈവത്തിന്റെ സൗഹൃദത്തെ വിലമതിക്കുന്നുവോ? അവനെ എന്നേക്കും സേവിക്കാൻ ആഗ്രഹിക്കത്തക്കവണ്ണം നിങ്ങൾ പ്രേരിതരായിത്തീർന്നിരിക്കുന്നുവോ? അപ്പോൾ ദൈവത്തിന്റെ ഒരു സുഹൃത്തായി നിങ്ങളെത്തന്നെ പ്രഖ്യാപിക്കുന്നതിൽനിന്ന്‌ നിങ്ങളെ തടയാൻ ഭയത്തെ അനുവദിക്കരുത്‌!

ദൈവത്തിന്റെ സുഹൃത്തുക്കൾക്ക്‌ നിത്യപ്രയോജനങ്ങൾ!

ദൈവത്തിന്റെ സൗഹൃദം തെരഞ്ഞെടുക്കുന്നത്‌ നിങ്ങളെ മുഴു ലോകവുമായി പൊരുത്തത്തിലല്ലാതാക്കും. (യോഹന്നാൻ 15:19) നിങ്ങൾ പരിഹാസ വിഷയമായേക്കാം. പ്രയാസങ്ങളും പ്രശ്‌നങ്ങളും പ്രലോഭനങ്ങളും നിങ്ങളെ അലട്ടിയേക്കാം. എന്നാൽ ദൈവവുമായുളള നിങ്ങളുടെ സുഹൃദ്‌ബന്ധം കവർന്നു കളയാൻ യാതൊരുത്തരെയും അല്ലെങ്കിൽ യാതൊന്നിനേയും അനുവദിക്കരുത്‌. “ഞാൻ നിന്നെ ഒരു നാളും കൈവിടുകയില്ല, ഉപേക്ഷിക്കുകയുമില്ല,” എന്നു പറഞ്ഞുകൊണ്ട്‌ അവൻ തന്റെ പരാജയപ്പെടാത്ത പിന്തുണ വാഗ്‌ദാനം ചെയ്യുന്നു.—എബ്രായർ 13:5.

നിങ്ങളുടെ നിത്യക്ഷേമത്തിൽ യഹോവയ്‌ക്കും അവന്റെ സ്ഥാപനത്തിനുമുളള താല്‌പര്യത്തിന്റെ ഒരു തെളിവുമാത്രമാണ്‌ ഈ പുസ്‌തകം. നിങ്ങളുടെ എല്ലാ ചോദ്യങ്ങളും പ്രശ്‌നങ്ങളും ഈ പേജുകളിൽ ചർച്ച ചെയ്യുക സാദ്ധ്യമായിട്ടില്ലെങ്കിലും, ബൈബിൾ, ജ്ഞാനത്തിന്റെ തീരാത്ത ഉറവാണെന്നുളളത്‌ നിങ്ങൾ തീർച്ചയായും മുമ്പെന്നെത്തേക്കാളും അധികം വിലമതിക്കും! (2 തിമൊഥെയോസ്‌ 3:16, 17) പ്രശ്‌നങ്ങൾ നിങ്ങളെ കുഴഞ്ഞ അവസ്ഥയിലാക്കുമ്പോൾ ആ വിശുദ്ധ ഗ്രന്ഥത്തിൽ അന്വേഷിക്കുക. (സദൃശവാക്യങ്ങൾ 2:4, 5) നിങ്ങൾക്ക്‌ ദൈവഭയമുളള മാതാപിതാക്കളുണ്ടെങ്കിൽ—നിങ്ങൾ അവരുടെയടുത്ത്‌ നിങ്ങളുടെ ഹൃദയം തുറക്കുമെങ്കിൽ—നിങ്ങൾക്ക്‌ ആത്മീയ ജ്ഞാനത്തിന്റെയും പിന്തുണയുടെയും മറെറാരു ഉറവും കൂടിയുണ്ട്‌.

എല്ലാററിലുമുപരിയായി യഹോവയാം ദൈവത്തിന്‌ എല്ലാററിനുമുളള ഉത്തരം ഉണ്ടെന്ന്‌ ഓർമ്മിക്കുക. “കഷ്ടങ്ങളിൽ ഏററം എളുപ്പം ലഭ്യമായ ഒരു സഹായ”മാണവൻ. ഏതു പ്രയാസങ്ങളിലൂടെയും അവന്‌ നിങ്ങളെ നയിക്കാനും കഴിയും. (സങ്കീർത്തനം 46:1) അതുകൊണ്ട്‌ ‘ഇപ്പോൾ നിന്റെ യൗവനനാളുകളിൽ നിന്റെ മഹാസ്രഷ്ടാവിനെ ഓർത്തുകൊൾക.’ (സഭാപ്രസംഗി 12:1) യഹോവയുടെ ഹൃദയത്തെ സന്തോഷിപ്പിക്കുന്ന ഗതി അതാണ്‌. (സദൃശവാക്യങ്ങൾ 27:11) ഒരിക്കലും ശോഭ മങ്ങാത്ത പറുദീസയിൽ നിത്യജീവൻ—ദൈവം തന്റെ സുഹൃത്തുക്കൾക്കായി കരുതിയിരിക്കുന്ന സമ്മാനം—നേടുന്നതിനുളള വഴി അതാണ്‌.

ചർച്ചക്കുളള ചോദ്യങ്ങൾ

◻ നിങ്ങൾക്ക്‌ ദൈവവുമായി ഒരു അടുത്ത ബന്ധമുണ്ടായിരിക്കുന്നത്‌ പ്രധാനമായിരിക്കുന്നതെന്തുകൊണ്ട്‌?

◻ ദൈവത്തെ സംബന്ധിച്ച്‌ ബൈബിൾ എന്തു വെളിപ്പെടുത്തുന്നു?

◻ ബൈബിൾ വായന ഉല്ലാസപ്രദവും ഫലദായകവുമാക്കിത്തീർക്കാൻ നിങ്ങൾക്കെങ്ങനെ കഴിയും?

◻ നിങ്ങളുടെ വിശ്വാസത്തിന്റെ “പരസ്യപ്രഖ്യാപനം” നടത്തുന്നതിൽ എന്താണ്‌ ഉൾപ്പെട്ടിരിക്കുന്നത്‌? അങ്ങനെ ചെയ്യാൻ നിങ്ങൾ പ്രേരിതരായിത്തീരുന്നുവോ? എന്തുകൊണ്ട്‌?

◻ ദൈവവുമായി അടുപ്പത്തിലാകുന്നതിന്‌ മീററിംഗുകൾ എന്തു പങ്കു വഹിക്കുന്നു, നിങ്ങൾക്ക്‌ അവയിൽ നിന്ന്‌ എങ്ങനെ പരമാവധി പ്രയോജനം അനുഭവിക്കാം?

◻ ദൈവത്തിന്റെ ഒരു സുഹൃത്തായിരിക്കുന്നതിന്റെ പ്രയോജനങ്ങൾ എന്തെല്ലാമാണ്‌?

[311-ാം പേജിലെ ആകർഷകവാക്യം]

എനിക്ക്‌ വാസ്‌തവത്തിൽ ദൈവവുമായി അടുപ്പത്തിലാകുക സാദ്ധ്യമാണോ?

[312-ാം പേജിലെ ആകർഷകവാക്യം]

ബൈബിൾ മനുഷ്യനുവേണ്ടിയുളള ദൈവത്തിന്റെ വെളിപ്പാടാണ്‌. നാം ഇവിടെ വന്നതെങ്ങനെയെന്നും നാം എവിടേയ്‌ക്ക്‌ പോകുന്നുവെന്നും അത്‌ നമ്മോട്‌ പറയുന്നു

[316, 317 പേജുകളിലെ ചതുരം/ചിത്രം]

മീററിംഗുകൾ—ദൈവത്തോട്‌ അടുക്കുന്നതിനുളള ഒരു സഹായം

“യഹോവയെ സ്‌നേഹിക്കുന്ന മററുളളവരുമായുളള അടുത്ത സഹവാസം അവനോട്‌ അടുപ്പത്തിലായിരിക്കാൻ എന്നെ സഹായിക്കുന്നു എന്ന്‌ ഞാൻ കണ്ടെത്തിയിരിക്കുന്നു,” എന്ന്‌ ഒരു നൈജീരിയൻ യുവാവ്‌ പറഞ്ഞു. അത്തരം സഹവാസത്തിനുളള സമയങ്ങൾ യഹോവയുടെ സാക്ഷികൾ അവരുടെ പ്രാദേശിക രാജ്യഹാളുകളിൽ ക്രമീകരിക്കുന്നു. (എബ്രായർ 10:23-25) പതിനാറു വയസ്സുകാരി അനിത പറഞ്ഞു: “രാജ്യഹാളിൽ ഞാൻ യഥാർത്ഥ സുഹൃത്തുക്കളെ കണ്ടെത്തിയിരിക്കുന്നു.”

എന്നിരുന്നാലും അത്തരം കൂടിവരവുകൾ വെറും സാമൂഹ്യ ചടങ്ങുകളല്ല. രാജ്യഹാളുകൾ ആഴ്‌ചയിൽ അഞ്ചു മീററിംഗുകൾ അടങ്ങുന്ന ഒരു ബൈബിൾ വിദ്യാഭ്യാസ പദ്ധതിയാണ്‌ വച്ചുനീട്ടുന്നത്‌. വിവിധ വിഷയങ്ങൾ അതിൽ ഉൾപ്പെടുന്നു: കുടുംബജീവിതം, ബൈബിൾ പ്രവചനങ്ങൾ, നടത്ത, വിശ്വാസ സത്യങ്ങൾ, ക്രിസ്‌തീയ ശുശ്രൂഷ എന്നിവ അവയിൽ ചിലതു മാത്രമാണ്‌. വലിയ നാടകീയതയൊന്നും കൂടാതെയാണെങ്കിലും മീററിംഗ്‌ പരിപാടികൾ രസകരമായി അവതരിപ്പിക്കപ്പെടുന്നു. പ്രസംഗങ്ങളും ഗ്രൂപ്പ്‌ ചർച്ചകളും അവയ്‌ക്കിടയിൽ അഭിമുഖ സംഭാഷണങ്ങളും സജീവ ചിത്രീകരണങ്ങളുമെല്ലാമുണ്ട്‌. ആയിരക്കണക്കിന്‌ ആളുകളെ നല്ല പ്രസംഗകരായിരിക്കാൻ പരിശീലിപ്പിച്ചിട്ടുളളതിനാൽ ദിവ്യാധിപത്യ ശുശ്രൂഷാസ്‌കൂൾ വിശേഷാൽ ശ്രദ്ധേയമാണ്‌.

നിങ്ങൾ ഇപ്പോൾതന്നെ മീററിംഗുകളിൽ സംബന്ധിക്കുന്നുണ്ടെങ്കിലെന്ത്‌? അവയിൽനിന്ന്‌ കൂടുതൽ പ്രയോജനം നേടാൻ ശ്രമിക്കുക. (1) തയ്യാറാവുക: “മീററിംഗുകളിൽ ഞങ്ങൾ ഉപയോഗിക്കുന്ന പുസ്‌തകങ്ങൾ പഠിക്കാൻ ഞാൻ നിശ്ചിതസമയങ്ങൾ വേർതിരിച്ചിട്ടുണ്ട്‌” എന്ന്‌ അനിത പറയുന്നു. ഇത്‌ നിങ്ങൾക്ക്‌ (2) പങ്കുപററൽ: എളുപ്പമാക്കിത്തീർക്കും. ആലയത്തിൽ ആത്മീയ കാര്യങ്ങൾ ചർച്ച ചെയ്യപ്പെട്ടുകൊണ്ടിരുന്നപ്പോൾ യുവാവായിരുന്ന യേശു നന്നായി ശ്രദ്ധിക്കുകയും ചോദ്യങ്ങൾ ചോദിക്കുകയും ഉത്തരങ്ങൾ പറയുകയും ചെയ്‌തു. (ലൂക്കോസ്‌ 2:46, 47) ശ്രദ്ധപതറാതിരിക്കാൻ കുറിപ്പുകൾ എഴുതിക്കൊണ്ട്‌ നിങ്ങൾക്കും “കേട്ടകാര്യങ്ങൾക്ക്‌ സാധാരണയിൽ കവിഞ്ഞശ്രദ്ധ കൊടുക്കാൻ” കഴിയും. (എബ്രായർ 2:1) സദസ്യപങ്കുപററലിന്‌ ക്ഷണിക്കപ്പെടുമ്പോൾ അഭിപ്രായങ്ങൾ പറയുന്നതിൽ ഒരു പങ്കുണ്ടായിരിക്കുക.

മറെറാരു സഹായകമായ നിർദ്ദേശം (3) നിങ്ങൾ പഠിക്കുന്ന കാര്യങ്ങൾ ഉപയോഗിക്കുക: എന്നതാണ്‌. നിങ്ങൾ പഠിക്കുന്ന ആശയങ്ങൾ മററുളളവരുമായി പങ്കുവയ്‌ക്കുക. അതിലും പ്രധാനമായി ആവശ്യമായിരിക്കുന്നിടത്ത്‌ മാററങ്ങൾ വരുത്തിക്കൊണ്ട്‌ നിങ്ങൾ പഠിക്കുന്ന കാര്യങ്ങൾ നിങ്ങളുടെ ജീവിതത്തിൽ ബാധകമാക്കുക. “സത്യം നിങ്ങളിൽ പ്രവർത്തിക്കുന്നുണ്ട്‌” എന്ന്‌ കാണിക്കുക.—1 തെസ്സലോനിക്യർ 2:13.

മീററിംഗുകൾക്ക്‌ പ്രമുഖ സ്ഥാനം നൽകുക. നിങ്ങൾക്ക്‌ സാധാരണയിലധികം ഗൃഹപാഠങ്ങൾ ചെയ്യാനുണ്ടെങ്കിൽ അവ മീററിംഗുകൾക്ക്‌ മുമ്പേ ചെയ്‌തു തീർക്കാൻ ശ്രമിക്കുക. ശിമെയോൻ എന്നു പേരായ ഒരു യുവാവ്‌ പറയുന്നു: “മീററിംഗുകൾക്കുശേഷം സംസാരിച്ചിരിക്കാനും അവസാനം വരെ അവിടെ ഉണ്ടായിരിക്കാനും ഞാൻ ഇഷ്ടപ്പെടുന്നു. എന്നാൽ എനിക്ക്‌ പാഠങ്ങൾ പഠിക്കാനുളളപ്പോൾ ഞാൻ ആ ജോലി ചെയ്യാൻ വേണ്ടി ഉടൻ സ്ഥലം വിടുന്നു.” നിങ്ങൾ കാര്യങ്ങൾ ക്രമീകരിക്കുന്നത്‌ എങ്ങനെ തന്നെ ആയിരുന്നാലും ക്രമമായി മീററിംഗുകളിൽ സംബന്ധിക്കാൻ നിങ്ങൾക്ക്‌ കഴിയുന്നതു ചെയ്യുക. അവ നിങ്ങളുടെ ആത്‌മീയ വളർച്ചയ്‌ക്കു ജീവൽപ്രധാനമാണ്‌.

[315-ാം പേജിലെ ചിത്രം]

ദൈവവുമായി സുഹൃദ്‌ബന്ധം വളർത്തിയെടുക്കുന്നതിന്‌ ബൈബിൾ വായിക്കുന്നത്‌ അത്യാവശ്യമാണ്‌

[318-ാം പേജിലെ ചിത്രങ്ങൾ]

“എനിക്ക്‌ എന്തെങ്കിലും പ്രശ്‌നങ്ങൾ ഉളളപ്പോഴെല്ലാം എനിക്ക്‌ മാർഗ്ഗനിർദ്ദേശത്തിനുവേണ്ടി യഹോവയിലേക്ക്‌ തിരിയാമെന്നും അവൻ എന്നെ സഹായിക്കുമെന്നും എനിക്കറിയാം”