1 തെസ്സലോനിക്യർ 2:1-20

2  സഹോ​ദ​ര​ങ്ങളേ, ഞങ്ങൾ നിങ്ങളെ സന്ദർശി​ച്ചതു വെറുതേ​യാ​യിപ്പോ​യില്ലെന്നു നിങ്ങൾക്കു​തന്നെ ബോധ്യ​മു​ണ്ട​ല്ലോ.+  നിങ്ങൾക്ക്‌ അറിയാ​വു​ന്ന​തുപോ​ലെ, ആദ്യം ഞങ്ങൾക്കു ഫിലിപ്പിയിൽവെച്ച്‌+ ഉപദ്ര​വമേൽക്കു​ക​യും ആളുകൾ ഞങ്ങളോ​ട്‌ അപമര്യാ​ദ​യാ​യി പെരു​മാ​റു​ക​യും ചെയ്‌തെ​ങ്കി​ലും, നമ്മുടെ ദൈവ​ത്തി​ന്റെ സഹായ​ത്താൽ ഞങ്ങൾ ധൈര്യ​മാർജിച്ച്‌ വലിയ എതിർപ്പുകൾക്കു* നടുവി​ലും ദൈവ​ത്തിൽനി​ന്നുള്ള സന്തോ​ഷ​വാർത്ത നിങ്ങളെ അറിയി​ച്ചു.+  ഞങ്ങൾ തന്ന പ്രോ​ത്സാ​ഹനം എന്തെങ്കി​ലും തെറ്റിൽനി​ന്നോ അശുദ്ധി​യിൽനി​ന്നോ ഉത്ഭവി​ച്ചതല്ല; അതു വഞ്ചനാ​പ​ര​വു​മല്ല.  സന്തോഷവാർത്ത ഏൽപ്പി​ക്കാൻ ദൈവം ഞങ്ങളെ യോഗ്യ​രാ​യി കണക്കാ​ക്കി​യ​തുകൊണ്ട്‌ മനുഷ്യ​രെയല്ല, ഹൃദയം പരി​ശോ​ധി​ക്കുന്ന ദൈവത്തെ+ പ്രസാ​ദി​പ്പി​ക്കുക എന്ന ലക്ഷ്യത്തി​ലാ​ണു ഞങ്ങൾ സംസാ​രി​ക്കു​ന്നത്‌.  നിങ്ങൾക്ക്‌ അറിയാ​മ​ല്ലോ, ഞങ്ങൾ ഒരിക്ക​ലും മുഖസ്‌തു​തി പറഞ്ഞു​കൊ​ണ്ട്‌ നിങ്ങളു​ടെ അടുത്ത്‌ വന്നിട്ടില്ല. ഞങ്ങൾ മുഖം​മൂ​ടി അണിഞ്ഞ അത്യാഗ്ര​ഹി​ക​ളു​മ​ല്ലാ​യി​രു​ന്നു.+ ഇതിനു ദൈവം സാക്ഷി!  ഞങ്ങൾ നിങ്ങളിൽനി​ന്നോ മറ്റു മനുഷ്യ​രിൽനി​ന്നോ ബഹുമതി നേടാ​നും ശ്രമി​ച്ചി​ട്ടില്ല. വാസ്‌ത​വ​ത്തിൽ, ക്രിസ്‌തു​വി​ന്റെ അപ്പോ​സ്‌ത​ല​ന്മാ​രെന്ന നിലയിൽ ഞങ്ങൾക്കു വേണ​മെ​ങ്കിൽ ഭാരിച്ച ചെലവു​വ​രു​ത്തുന്ന പലതും നിങ്ങളിൽനി​ന്ന്‌ ആവശ്യപ്പെ​ടാ​മാ​യി​രു​ന്നു.+  പക്ഷേ ഒരു അമ്മ താൻ മുലയൂ​ട്ടുന്ന കുഞ്ഞിനെ പരിപാ​ലി​ക്കുന്ന അതേ സ്‌നേഹവാത്സല്യത്തോടെയാണു* ഞങ്ങൾ നിങ്ങ​ളോ​ടു പെരു​മാ​റി​യത്‌.  ഇങ്ങനെ, നിങ്ങ​ളോ​ടുള്ള വാത്സല്യം കാരണം ദൈവ​ത്തിൽനി​ന്നുള്ള സന്തോ​ഷ​വാർത്ത അറിയി​ക്കാൻ മാത്രമല്ല, ഞങ്ങളുടെ സ്വന്തം പ്രാണൻ തരാൻപോ​ലും ഞങ്ങൾ തീരു​മാ​നി​ച്ചി​രു​ന്നു.+ കാരണം നിങ്ങൾ ഞങ്ങൾക്ക്‌ അത്രയ്‌ക്കു പ്രിയപ്പെ​ട്ട​വ​രാ​യി മാറി​യി​രു​ന്നു.+  സഹോദരങ്ങളേ, ഞങ്ങളുടെ അധ്വാ​ന​വും കഷ്ടപ്പാ​ടും നിങ്ങൾ നന്നായി ഓർക്കു​ന്നു​ണ്ടാ​കു​മ​ല്ലോ. നിങ്ങളിൽ ആർക്കും ഒരു ഭാരമാ​കാ​തി​രി​ക്കാൻ രാവും പകലും അധ്വാനിച്ചുകൊണ്ടാണു+ ദൈവ​ത്തിൽനി​ന്നുള്ള സന്തോ​ഷ​വാർത്ത ഞങ്ങൾ നിങ്ങളെ അറിയി​ച്ചത്‌. 10  വിശ്വാസികളായ നിങ്ങളു​ടെ ഇടയിൽ ഞങ്ങൾ എത്ര കുറ്റമ​റ്റ​വ​രാ​യി​രു​ന്നു, എത്ര വിശ്വ​സ്‌ത​തയോടെ​യും നീതിയോടെ​യും ആണ്‌ ഞങ്ങൾ പെരു​മാ​റി​യത്‌ എന്നതിനെ​ല്ലാം നിങ്ങൾ സാക്ഷികൾ, ദൈവ​വും സാക്ഷി. 11  ഒരു അപ്പൻ മക്കളുടെ കാര്യ​ത്തിൽ ചെയ്യുന്നതുപോലെയാണു+ ഞങ്ങൾ നിങ്ങളെ ഓരോ​രു​ത്തരെ​യും ഉപദേശിക്കുകയും+ ആശ്വസി​പ്പി​ക്കു​ക​യും പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യും ചെയ്‌തി​രു​ന്നത്‌ എന്നു നിങ്ങൾക്കു നന്നായി അറിയാ​മ​ല്ലോ. 12  നിങ്ങളെ തന്റെ രാജ്യത്തിലേക്കും+ മഹത്ത്വത്തിലേക്കും+ വിളിച്ച ദൈവ​ത്തിന്‌ ഇഷ്ടപ്പെട്ട രീതി​യിൽ നിങ്ങൾ എന്നും ജീവിക്കാൻവേണ്ടിയാണു+ ഞങ്ങൾ അതു ചെയ്‌തത്‌. 13  വാസ്‌തവത്തിൽ അതു​കൊ​ണ്ടാ​ണു ഞങ്ങൾ ഇടവി​ടാ​തെ ദൈവ​ത്തി​നു നന്ദി പറയു​ന്ന​തും.+ കാരണം ഞങ്ങളിൽനി​ന്ന്‌ കേട്ട ദൈവ​വ​ചനം നിങ്ങൾ സ്വീക​രി​ച്ചതു മനുഷ്യ​രു​ടെ വാക്കു​ക​ളാ​യി​ട്ടല്ല, അത്‌ യഥാർഥ​ത്തിൽ ആയിരി​ക്കു​ന്ന​തുപോ​ലെ ദൈവ​ത്തിന്റെ​തന്നെ വചനമാ​യി​ട്ടാണ്‌. വിശ്വാ​സി​ക​ളായ നിങ്ങളിൽ അതു പ്രവർത്തി​ക്കു​ന്നു​മുണ്ട്‌. 14  സഹോദരങ്ങളേ, ക്രിസ്‌തുയേ​ശു​വു​മാ​യി യോജി​പ്പി​ലായ യഹൂദ്യ​യി​ലെ ദൈവ​സ​ഭ​ക​ളു​ടെ അതേ മാതൃക നിങ്ങളും പിന്തു​ടർന്നെന്നു പറയാം. കാരണം ജൂതന്മാ​രിൽനിന്ന്‌ അവർ സഹിക്കു​ന്നതെ​ല്ലാം സ്വന്തം നാട്ടു​കാ​രിൽനിന്ന്‌ നിങ്ങളും സഹിച്ച​ല്ലോ.+ 15  കർത്താവായ യേശു​വിനെ​യും പ്രവാ​ച​ക​ന്മാരെ​യും കൊല്ലു​കപോ​ലും ചെയ്‌ത​വ​രാ​ണു ജൂതന്മാർ.+ അവർ ഞങ്ങളെ​യും ദ്രോ​ഹി​ച്ചു.+ അതു മാത്രമല്ല, അവർ ദൈവത്തെ പ്രീതിപ്പെ​ടു​ത്താ​ത്ത​വ​രാണ്‌, എല്ലാ മനുഷ്യ​രുടെ​യും നന്മയ്‌ക്കെ​തി​രു​മാണ്‌. 16  കാരണം ജനതക​ളു​ടെ രക്ഷയ്‌ക്കു​വേണ്ടി ഞങ്ങൾ ചെയ്യുന്ന പ്രസം​ഗപ്ര​വർത്ത​നത്തെ അവർ തടസ്സ​പ്പെ​ടു​ത്താൻ നോക്കു​ന്നു.+ ഇങ്ങനെ, അവർ എപ്പോ​ഴും അവരുടെ പാപങ്ങ​ളു​ടെ അളവ്‌ തികയ്‌ക്കു​ക​യാണ്‌. പക്ഷേ ഇപ്പോൾ ഇതാ, ദൈവ​ക്രോ​ധം അവരുടെ മേൽ വന്നിരി​ക്കു​ന്നു.+ 17  സഹോദരങ്ങളേ, (ഹൃദയംകൊ​ണ്ടല്ലെ​ങ്കി​ലും ശരീരം​കൊ​ണ്ട്‌) കുറച്ച്‌ കാലം നിങ്ങളെ പിരിഞ്ഞ്‌ കഴി​യേ​ണ്ടി​വ​ന്നപ്പോൾ നിങ്ങളെ നേരിൽ കാണാൻ ഞങ്ങൾക്ക്‌ അതിയായ ആഗ്രഹം തോന്നി. നിങ്ങളു​ടെ അടുത്ത്‌ വരാൻ ഞങ്ങൾ ഒരുപാ​ടു ശ്രമി​ക്കു​ക​യും ചെയ്‌തു. 18  അങ്ങനെ, നിങ്ങളു​ടെ അടുത്ത്‌ എത്താൻ ഞങ്ങൾ, പ്രത്യേ​കി​ച്ചും പൗലോ​സ്‌ എന്ന ഞാൻ, ശ്രമിച്ചെ​ങ്കി​ലും സാത്താൻ ഞങ്ങളുടെ വഴിമു​ടക്കി. ഒന്നല്ല രണ്ടു തവണ ഇതു സംഭവി​ച്ചു. 19  നമ്മുടെ കർത്താ​വായ യേശു​വി​ന്റെ സാന്നി​ധ്യ​സ​മ​യത്ത്‌ യേശു​വി​ന്റെ മുന്നിൽ ഞങ്ങളുടെ പ്രത്യാ​ശ​യും ആനന്ദവും അഭിമാ​ന​കി​രീ​ട​വും ആരാണ്‌? വാസ്‌ത​വ​ത്തിൽ അതു നിങ്ങളല്ലേ?+ 20  അതെ, നിങ്ങൾതന്നെ​യാ​ണു ഞങ്ങളുടെ മഹത്ത്വ​വും ആനന്ദവും.

അടിക്കുറിപ്പുകള്‍

അഥവാ “കഷ്ടപ്പാ​ടു​കൾക്ക്‌.”
അഥവാ “ആർദ്ര​ത​യോ​ടെ​യാ​ണ്‌.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം