വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

അധ്യായം 30

“സ്‌നേ​ഹ​ത്തിൽ നടപ്പിൻ”

“സ്‌നേ​ഹ​ത്തിൽ നടപ്പിൻ”

1-3. സ്‌നേഹം പ്രകട​മാ​ക്കു​ന്ന​തി​ലെ യഹോ​വ​യു​ടെ മാതൃക നാം അനുക​രി​ക്കു​മ്പോൾ എന്തു ഫലമു​ണ്ടാ​കു​ന്നു?

 “സ്വീക​രി​ക്കു​ന്ന​തിൽ ഉള്ളതി​നെ​ക്കാൾ സന്തോഷം കൊടു​ക്കു​ന്ന​തി​ലുണ്ട്‌.” (പ്രവൃ​ത്തി​കൾ 20:35, NW) യേശു​വി​ന്റെ ആ വാക്കുകൾ ഈ പ്രധാ​ന​പ്പെട്ട സത്യത്തിന്‌ അടിവ​ര​യി​ടു​ന്നു: നിസ്സ്വാർഥ സ്‌നേഹം അതിൽത്ത​ന്നെ പ്രതി​ഫ​ല​ദാ​യ​ക​മാണ്‌. സ്‌നേഹം സ്വീക​രി​ക്കു​ന്നത്‌ വളരെ​യ​ധി​കം സന്തോഷം നൽകു​മെ​ങ്കി​ലും മറ്റുള്ള​വർക്കു സ്‌നേഹം കൊടു​ക്കു​ന്നത്‌ അല്ലെങ്കിൽ മറ്റുള്ള​വ​രോ​ടു സ്‌നേഹം പ്രകട​മാ​ക്കു​ന്നത്‌ അതിലും സന്തോഷം കൈവ​രു​ത്തും.

2 നമ്മുടെ സ്വർഗീയ പിതാ​വി​നെ​ക്കാൾ മെച്ചമാ​യി മറ്റാരും ഇത്‌ അറിയു​ന്നി​ല്ല. ഈ ഭാഗത്തി​ലെ മുൻ അധ്യാ​യ​ങ്ങ​ളിൽ നാം കണ്ടതു​പോ​ലെ, യഹോ​വ​യാണ്‌ സ്‌നേ​ഹ​ത്തി​ന്റെ പരമോ​ന്നത മാതൃക. അവനെ​ക്കാൾ ശ്രേഷ്‌ഠ​മാ​യ ഒരു വിധത്തി​ലോ അല്ലെങ്കിൽ അവൻ പ്രകട​മാ​ക്കി​യി​ട്ടു​ള്ള​തി​നെ​ക്കാൾ ദീർഘ​മാ​യ ഒരു കാലഘ​ട്ട​ത്തേ​ക്കോ മറ്റാരും സ്‌നേഹം പ്രകട​മാ​ക്കി​യി​ട്ടി​ല്ല. അപ്പോൾ യഹോവ “സന്തുഷ്ട​നാ​യ ദൈവം” എന്നു വിളി​ക്ക​പ്പെ​ടു​ന്ന​തിൽ അതിശ​യി​ക്കാ​നു​ണ്ടോ?—1 തിമൊ​ഥെ​യൊസ്‌ 1:11, NW.

3 നമ്മുടെ സ്‌നേ​ഹ​വാ​നാ​യ ദൈവം, നാം അവനെ​പ്പോ​ലെ ആയിരി​ക്കാൻ ശ്രമി​ക്കു​ന്ന​തിന്‌ ആഗ്രഹി​ക്കു​ന്നു, വിശേ​ഷി​ച്ചു സ്‌നേഹം പ്രകട​മാ​ക്കു​ന്ന കാര്യ​ത്തിൽ. എഫെസ്യർ 5:1, 2 നമ്മോട്‌ ഇങ്ങനെ പറയുന്നു: “പ്രിയ​മ​ക്കൾ എന്നപോ​ലെ ദൈവത്തെ അനുക​രി​പ്പിൻ. . . . സ്‌നേ​ഹ​ത്തിൽ നടപ്പിൻ.” സ്‌നേഹം പ്രകട​മാ​ക്കു​ന്ന​തിൽ നാം യഹോ​വ​യു​ടെ മാതൃക അനുക​രി​ക്കു​മ്പോൾ, കൊടു​ക്കു​ന്ന​തിൽനി​ന്നു സംജാ​ത​മാ​കു​ന്ന ഏറിയ സന്തുഷ്ടി നാം അനുഭ​വി​ക്കു​ന്നു. നാം യഹോ​വ​യ്‌ക്കു പ്രസാ​ദ​മു​ള്ള​വ​രാ​ണെന്ന്‌ അറിയു​ന്ന​തി​ന്റെ സംതൃ​പ്‌തി​യും നമുക്കു​ണ്ടാ​യി​രി​ക്കും, എന്തു​കൊ​ണ്ടെ​ന്നാൽ ‘അന്യോ​ന്യം സ്‌നേ​ഹി​ക്കാൻ’ അവന്റെ വചനം നമ്മെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നു. (റോമർ 13:8) എന്നാൽ നാം ‘സ്‌നേ​ഹ​ത്തിൽ നടക്കു​ന്ന​തിന്‌’ മറ്റു കാരണ​ങ്ങ​ളും ഉണ്ട്‌.

സ്‌നേഹം അത്യന്താ​പേ​ക്ഷി​തം ആയിരി​ക്കു​ന്ന​തി​ന്റെ കാരണം

4, 5. സഹവി​ശ്വാ​സി​ക​ളോട്‌ ആത്മത്യാ​ഗ​പ​ര​മാ​യ സ്‌നേഹം പ്രകട​മാ​ക്കു​ന്നത്‌ പ്രധാ​ന​മാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

4 നാം സഹവി​ശ്വാ​സി​ക​ളോ​ടു സ്‌നേഹം കാണി​ക്കു​ന്നത്‌ പ്രധാ​ന​മാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌? ലളിത​മാ​യി പറഞ്ഞാൽ സ്‌നേഹം സത്യ​ക്രി​സ്‌ത്യാ​നി​ത്വ​ത്തി​ന്റെ കാതലാണ്‌. സ്‌നേ​ഹ​മി​ല്ലെ​ങ്കിൽ നമുക്ക്‌ സഹക്രി​സ്‌ത്യാ​നി​ക​ളു​മാ​യി ഒരു അടുത്ത​ബ​ന്ധം ഉണ്ടായി​രി​ക്കാൻ കഴിയില്ല. അതിലും പ്രധാ​ന​മാ​യി നാം യഹോ​വ​യു​ടെ ദൃഷ്ടി​യിൽ യാതൊ​രു മൂല്യ​വും ഇല്ലാത്ത​വ​രാ​യി​രി​ക്കും. ദൈവ​വ​ച​നം ഈ സത്യങ്ങളെ വിശേ​ഷ​വ​ത്‌ക​രി​ക്കു​ന്നത്‌ എങ്ങനെ​യെ​ന്നു പരിചി​ന്തി​ക്കു​ക.

5 തന്റെ ഭൗമിക ശുശ്രൂ​ഷ​യു​ടെ അന്തിമ രാത്രി​യിൽ യേശു തന്റെ അനുഗാ​മി​ക​ളോട്‌ ഇങ്ങനെ പറഞ്ഞു: “നിങ്ങൾ തമ്മിൽ തമ്മിൽ സ്‌നേ​ഹി​ക്കേ​ണം എന്നു പുതി​യോ​രു കല്‌പന ഞാൻ നിങ്ങൾക്കു തരുന്നു; ഞാൻ നിങ്ങളെ സ്‌നേ​ഹി​ച്ച​തു​പോ​ലെ നിങ്ങളും തമ്മിൽ തമ്മിൽ സ്‌നേ​ഹി​ക്കേ​ണം എന്നു തന്നേ. നിങ്ങൾക്കു തമ്മിൽ തമ്മിൽ സ്‌നേഹം ഉണ്ടെങ്കിൽ നിങ്ങൾ എന്റെ ശിഷ്യ​ന്മാർ എന്നു എല്ലാവ​രും അറിയും.” (യോഹ​ന്നാൻ 13:34, 35) “ഞാൻ നിങ്ങളെ സ്‌നേ​ഹി​ച്ച​തു​പോ​ലെ” എന്ന്‌ യേശു ഇവിടെ പറയുന്നു. അതേ, യേശു പ്രകട​മാ​ക്കി​യ തരം സ്‌നേഹം കാണി​ക്കാൻ നമ്മോടു കൽപ്പി​ച്ചി​രി​ക്കു​ന്നു. മറ്റുള്ള​വ​രു​ടെ ആവശ്യ​ങ്ങ​ളെ​യും താത്‌പ​ര്യ​ങ്ങ​ളെ​യും തന്റേതി​നു​പ​രി​യാ​യി കരുതി​ക്കൊണ്ട്‌ ആത്മത്യാ​ഗ​പ​ര​മാ​യ സ്‌നേഹം പ്രകട​മാ​ക്കു​ന്ന​തിൽ യേശു മികച്ച മാതൃക വെച്ചതാ​യി 29-ാം അധ്യാ​യ​ത്തിൽ നാം കണ്ടു. നാമും നിസ്സ്വാർഥ സ്‌നേഹം പ്രകട​മാ​ക്ക​ണം, ക്രിസ്‌തീ​യ സഭയ്‌ക്കു പുറത്തു​ള്ള​വർക്കു​പോ​ലും നമ്മുടെ സ്‌നേഹം പ്രകട​മാ​യി​രി​ക്ക​ത്ത​ക്ക​വണ്ണം അത്ര വ്യക്തമാ​യി​ട്ടാ​യി​രി​ക്കണം നാം അതു ചെയ്യേ​ണ്ടത്‌. തീർച്ച​യാ​യും, ആത്മത്യാ​ഗ​പ​ര​മാ​യ സഹോ​ദ​ര​സ്‌നേ​ഹ​മാണ്‌ ക്രിസ്‌തു​വി​ന്റെ യഥാർഥ അനുഗാ​മി​ക​ളാ​യി നമ്മെ തിരി​ച്ച​റി​യി​ക്കു​ന്ന അടയാളം.

6, 7. (എ) സ്‌നേഹം പ്രകട​മാ​ക്കു​ന്ന​തിന്‌ യഹോ​വ​യു​ടെ വചനം ഉയർന്ന മൂല്യം കൽപ്പി​ക്കു​ന്നു എന്നു നാം എങ്ങനെ അറിയു​ന്നു? (ബി) 1 കൊരി​ന്ത്യർ 13:4-8-ൽ രേഖ​പ്പെ​ടു​ത്തി​യി​രി​ക്കുന്ന പൗലൊ​സി​ന്റെ വാക്കുകൾ സ്‌നേ​ഹ​ത്തി​ന്റെ ഏതു വശത്തിന്‌ ഊന്നൽ നൽകുന്നു?

6 നമ്മിൽ സ്‌നേഹം ഇല്ലെങ്കി​ലോ? “എനിക്കു സ്‌നേ​ഹ​മി​ല്ല എങ്കിൽ ഞാൻ മുഴങ്ങുന്ന ചെമ്പോ ചിലമ്പുന്ന കൈത്താ​ള​മോ അത്രേ” എന്ന്‌ അപ്പൊ​സ്‌ത​ല​നാ​യ പൗലൊസ്‌ പറഞ്ഞു. (1 കൊരി​ന്ത്യർ 13:1) ചിലമ്പുന്ന കൈത്താ​ള​ത്തി​ന്റേത്‌ അസഹ്യ​മാ​യ ശബ്ദമാണ്‌. മുഴങ്ങുന്ന ചെമ്പിന്റെ കാര്യ​മോ? മറ്റു ഭാഷാ​ന്ത​ര​ങ്ങൾ ഇതിനെ “ശബ്ദായ​മാ​ന​മാ​യ ചേങ്ങില” അല്ലെങ്കിൽ “മുഴങ്ങുന്ന ചേങ്ങില” എന്നൊക്കെ പരിഭാ​ഷ​പ്പെ​ടു​ത്തു​ന്നു. എത്ര ഉചിത​മാ​യ ദൃഷ്ടാ​ന്ത​ങ്ങൾ! സ്‌നേ​ഹ​ശൂ​ന്യ​നാ​യ ഒരാൾ, ആകർഷി​ക്കു​ന്ന​തി​നു​പ​കരം അകറ്റുന്ന, ഉച്ചത്തി​ലു​ള്ള കർണക​ഠോ​ര​മാ​യ ശബ്ദം പുറ​പ്പെ​ടു​വി​ക്കു​ന്ന, ഒരു സംഗീത ഉപകരണം പോ​ലെ​യാണ്‌. അത്തരം ഒരാൾക്ക്‌ മറ്റുള്ള​വ​രു​മാ​യി എങ്ങനെ ഒരു അടുത്ത ബന്ധം ആസ്വദി​ക്കാൻ കഴിയും? പൗലൊസ്‌ ഇങ്ങനെ പറഞ്ഞു: “മലകളെ നീക്കു​വാൻതക്ക വിശ്വാ​സം ഉണ്ടായാ​ലും സ്‌നേ​ഹ​മി​ല്ല എങ്കിൽ ഞാൻ ഏതുമില്ല.” (1 കൊരി​ന്ത്യർ 13:2) ചിന്തി​ച്ചു​നോ​ക്കൂ, സ്‌നേ​ഹ​ശൂ​ന്യ​നാ​യ ഒരാൾ ഏതു പ്രവൃ​ത്തി​കൾ ചെയ്‌താ​ലും അയാൾ “ഉപയോ​ഗ​ശൂ​ന്യ​നാ​യ ഏതുമ​ല്ലാ​ത്ത ഒരുവ​നാ​യി​രി​ക്കും.” (ദി ആംപ്ലി​ഫൈഡ്‌ ബൈബിൾ) യഹോ​വ​യു​ടെ വചനം സ്‌നേഹം പ്രകട​മാ​ക്കു​ന്ന​തിന്‌ ഉയർന്ന മൂല്യം കൽപ്പി​ക്കു​ന്നു എന്നു വ്യക്തമല്ലേ?

7 എന്നാൽ മറ്റുള്ള​വ​രു​മാ​യു​ള്ള നമ്മുടെ ഇടപെ​ട​ലു​ക​ളിൽ നമുക്ക്‌ എങ്ങനെ ഈ ഗുണം പ്രകട​മാ​ക്കാം? ഉത്തരം ലഭിക്കാ​നാ​യി, 1 കൊരി​ന്ത്യർ 13:4-8-ൽ കാണുന്ന പൗലൊ​സി​ന്റെ വാക്കുകൾ നമുക്കു പരി​ശോ​ധി​ക്കാം. നമ്മോ​ടു​ള്ള ദൈവ​ത്തി​ന്റെ സ്‌നേ​ഹ​ത്തി​നോ ദൈവ​ത്തോ​ടു​ള്ള നമ്മുടെ സ്‌നേ​ഹ​ത്തി​നോ അല്ല ഈ വാക്യങ്ങൾ ഊന്നൽ നൽകു​ന്നത്‌. പകരം, നാം പരസ്‌പ​രം എങ്ങനെ സ്‌നേഹം പ്രകട​മാ​ക്ക​ണം എന്നതി​നാണ്‌. സ്‌നേഹം എന്തൊക്കെ ചെയ്യു​ന്നു​വെ​ന്നും സ്‌നേഹം എന്തൊക്കെ ചെയ്യു​ന്നി​ല്ലെ​ന്നും അവൻ അവിടെ വ്യക്തമാ​ക്കു​ന്നു.

സ്‌നേഹം എന്തൊക്കെ ചെയ്യുന്നു?

8. മറ്റുള്ള​വ​രു​മാ​യു​ള്ള നമ്മുടെ ഇടപെ​ട​ലു​ക​ളിൽ ദീർഘ​ക്ഷ​മ​യ്‌ക്കു നമ്മെ എങ്ങനെ സഹായി​ക്കാ​നാ​കും?

8 ‘സ്‌നേഹം ദീർഘ​മാ​യി ക്ഷമിക്കു​ന്നു.’ ദീർഘക്ഷമ ഉണ്ടായി​രി​ക്കു​ക എന്നാൽ മറ്റുള്ള​വ​രു​ടെ തെറ്റു​ക​ളും കുറവു​ക​ളും പൊറു​ത്തു​കൊണ്ട്‌ അവരു​മാ​യി ഒത്തു​പോ​കു​ക എന്നാണർഥം. (കൊ​ലൊ​സ്സ്യർ 3:13) അത്തരം ക്ഷമാശീ​ലം നമുക്ക്‌ ആവശ്യ​മ​ല്ലേ? നാം യഹോ​വ​യെ തോ​ളോ​ടു​തോൾ ചേർന്നു സേവി​ക്കു​ന്ന അപൂർണ സൃഷ്ടി​ക​ളാ​ക​യാൽ, ചില​പ്പോ​ഴൊ​ക്കെ നമ്മുടെ ക്രിസ്‌തീ​യ സഹോ​ദ​ര​ങ്ങൾ നമ്മെയും നാം അവരെ​യും അലോ​സ​ര​പ്പെ​ടു​ത്തി​യേ​ക്കാം എന്നു പ്രതീ​ക്ഷി​ക്കു​ന്ന​തു വാസ്‌ത​വി​കം മാത്ര​മാണ്‌. മറ്റുള്ള​വ​രു​മാ​യു​ള്ള ഇടപെ​ട​ലു​ക​ളിൽ ഉണ്ടാകുന്ന നിസ്സാര ഉരസ്സലു​ക​ളെ സഭയുടെ സമാധാ​ന​ത്തി​നു ഭംഗം​വ​രു​ത്താ​തെ തരണം​ചെ​യ്യാൻ ക്ഷമാശീ​ല​വും സഹിഷ്‌ണു​ത​യും നമ്മെ സഹായി​ക്കും.

9. ഏതുവി​ധ​ങ്ങ​ളിൽ നമുക്കു മറ്റുള്ള​വ​രോ​ടു ദയ കാണി​ക്കാൻ കഴിയും?

9 ‘സ്‌നേഹം ദയ കാണി​ക്കു​ന്നു.’ സഹായ​ക​മാ​യ പ്രവൃ​ത്തി​ക​ളി​ലൂ​ടെ​യും പരിഗ​ണ​ന​യോ​ടു​കൂ​ടിയ വാക്കു​ക​ളി​ലൂ​ടെ​യു​മാണ്‌ ദയ പ്രകട​മാ​ക്കാൻ കഴിയു​ന്നത്‌. സ്‌നേഹം, സഹായം ആവശ്യ​മു​ള്ള​വ​രോ​ടു ദയ കാണി​ക്കാ​നു​ള്ള വഴികൾ തേടുന്നു. ഉദാഹ​ര​ണ​ത്തിന്‌, ഏകാന്ത​ത​യാൽ വീർപ്പു​മു​ട്ടു​ന്ന പ്രായ​മേ​റി​യ ഒരു സഹവി​ശ്വാ​സി​യെ പ്രോ​ത്സാ​ഹി​പ്പി​ക്കാ​നാ​യി ആരെങ്കി​ലും അദ്ദേഹത്തെ സന്ദർശി​ക്കേ​ണ്ട​തു​ണ്ടാ​യി​രി​ക്കാം. ഒറ്റയ്‌ക്കു കുടും​ബം പുലർത്തു​ന്ന ഒരു മാതാ​വി​നോ കുടും​ബാം​ഗ​ങ്ങൾ ഭിന്ന മതവി​ശ്വാ​സ​ങ്ങൾ പുലർത്തു​ന്ന ഒരു വീട്ടിൽ താമസി​ക്കു​ന്ന സഹോ​ദ​രി​ക്കോ എന്തെങ്കി​ലും സഹായം ആവശ്യ​മാ​യി​രി​ക്കാം. രോഗി​യാ​യി​രി​ക്കു​ന്ന അല്ലെങ്കിൽ എന്തെങ്കി​ലും അരിഷ്ട​ത​യെ അഭിമു​ഖീ​ക​രി​ക്കു​ന്ന ഒരാൾ ഒരു വിശ്വ​സ്‌ത സുഹൃ​ത്തിൽനി​ന്നു ദയാപു​ര​സ്സ​ര​മാ​യ വാക്കുകൾ കേൾക്കാൻ ആഗ്രഹി​ക്കു​ന്നു​ണ്ടാ​കാം. (സദൃശ​വാ​ക്യ​ങ്ങൾ 12:25; 17:17) ഇങ്ങനെ​യു​ള്ള സാഹച​ര്യ​ങ്ങ​ളിൽ ദയ കാണി​ക്കാൻ മുൻകൈ എടുക്കു​മ്പോൾ നാം നമ്മുടെ സ്‌നേ​ഹ​ത്തി​ന്റെ ആത്മാർഥത പ്രകട​മാ​ക്കു​ക​യാണ്‌.—2 കൊരി​ന്ത്യർ 8:8.

10. സത്യത്തെ ഉയർത്തി​പ്പി​ടി​ക്കാ​നും സത്യം സംസാ​രി​ക്കാ​നും എളുപ്പ​മ​ല്ലാ​ത്ത​പ്പോൾ പോലും, അതു ചെയ്യാൻ സ്‌നേഹം നമ്മെ എങ്ങനെ സഹായി​ക്കു​ന്നു?

10 ‘സ്‌നേഹം സത്യത്തിൽ സന്തോ​ഷി​ക്കു​ന്നു.’ മറ്റൊരു ഭാഷാ​ന്ത​രം “സ്‌നേഹം . . . സന്തോ​ഷ​പൂർവം സത്യത്തി​ന്റെ പക്ഷം പിടി​ക്കു​ന്നു” എന്നു പറയുന്നു. സത്യത്തെ ഉയർത്തി​പ്പി​ടി​ക്കാ​നും ‘താന്താന്റെ കൂട്ടു​കാ​ര​നോ​ടു സത്യം സംസാ​രി​ക്കാ​നും’ സ്‌നേഹം നമ്മെ പ്രേരി​പ്പി​ക്കു​ന്നു. (സെഖര്യാ​വു 8:16) ദൃഷ്ടാ​ന്ത​ത്തിന്‌, നമുക്കു പ്രിയ​പ്പെട്ട ഒരു വ്യക്തി ഗുരു​ത​ര​മാ​യ ഒരു പാപത്തിൽ ഉൾപ്പെ​ട്ടി​രി​ക്കു​ന്നെ​ങ്കിൽ യഹോ​വ​യോ​ടും തെറ്റു ചെയ്‌ത ആളി​നോ​ടും ഉള്ള സ്‌നേഹം, ആ തെറ്റിനെ മറെച്ചു​വെ​ക്കാ​നോ ന്യായീ​ക​രി​ക്കാ​നോ അതുമ​ല്ലെ​ങ്കിൽ അതു സംബന്ധി​ച്ചു കളവു​പ​റ​യാ​നോ ശ്രമി​ക്കു​ന്ന​തി​നു പകരം ദൈവ​ത്തി​ന്റെ പ്രമാ​ണ​ങ്ങ​ളോ​ടു പറ്റിനിൽക്കാൻ നമ്മെ സഹായി​ക്കും. അങ്ങനെ ചെയ്യു​ന്നത്‌ എളുപ്പമല്ല എന്നതു ശരിതന്നെ. എന്നാൽ നമുക്കു പ്രിയ​പ്പെട്ട ആ വ്യക്തി​യു​ടെ ഉത്തമ താത്‌പ​ര്യ​ങ്ങൾ മനസ്സി​ലു​ണ്ടെ​ങ്കിൽ അയാൾ ദൈവ​ത്തി​ന്റെ സ്‌നേ​ഹ​പൂർവ​ക​മാ​യ ശിക്ഷണം സ്വീക​രി​ക്കാ​നും അതിനു ചെവി​കൊ​ടു​ക്കാ​നും നമ്മൾ ആഗ്രഹി​ക്കും. (സദൃശ​വാ​ക്യ​ങ്ങൾ 3:11, 12) സ്‌നേ​ഹ​മു​ള്ള ക്രിസ്‌ത്യാ​നി​കൾ എന്ന നിലയിൽ ‘സകലത്തി​ലും നല്ലവരാ​യി നടക്കാ​നും’ നാം ഇച്ഛിക്കു​ന്നു.—എബ്രായർ 13:18.

11. സ്‌നേഹം ‘എല്ലാം പൊറു​ക്കു​ന്ന​തു’കൊണ്ടു സഹവി​ശ്വാ​സി​ക​ളു​ടെ അപൂർണ​ത​കൾ സംബന്ധിച്ച്‌ എന്തു​ചെ​യ്യാൻ നാം ശ്രമി​ക്ക​ണം?

11 ‘സ്‌നേഹം എല്ലാം പൊറു​ക്കു​ന്നു.’ ആ പ്രയോ​ഗ​ത്തി​ന്റെ അക്ഷരാർഥം “എല്ലാം മറയ്‌ക്കു​ന്നു” എന്നാണ്‌. (രാജ്യ​വ​രി​മ​ധ്യ ഭാഷാ​ന്ത​രം) “സ്‌നേഹം പാപങ്ങ​ളു​ടെ ബഹുത്വ​ത്തെ മറെക്കു​ന്നു” എന്ന്‌ 1 പത്രൊസ്‌ 4:8 പ്രസ്‌താ​വി​ക്കു​ന്നു. അതേ, സ്‌നേ​ഹ​മു​ള്ള ഒരു ക്രിസ്‌ത്യാ​നി തന്റെ ക്രിസ്‌തീ​യ സഹോ​ദ​ര​ങ്ങ​ളു​ടെ അപൂർണ​ത​ക​ളെ​യും പോരാ​യ്‌മ​ക​ളെ​യും വെളി​ച്ച​ത്തു​കൊ​ണ്ടു​വ​രാൻ തിടു​ക്കം​കാ​ണി​ക്കു​ന്നില്ല. മിക്ക​പ്പോ​ഴും, സഹവി​ശ്വാ​സി​ക​ളു​ടെ വീഴ്‌ച​ക​ളും കുറവു​ക​ളും നിസ്സാ​ര​മാ​യവ ആയിരി​ക്കും, അവ സ്‌നേ​ഹ​ത്താൽ മറയ്‌ക്കാ​വു​ന്ന​തേ ഉള്ളൂ.—സദൃശ​വാ​ക്യ​ങ്ങൾ 10:12; 17:9.

നമ്മുടെ സഹോ​ദ​ര​ങ്ങ​ളിൽ വിശ്വാ​സം പ്രകട​മാ​ക്കാൻ സ്‌നേഹം നമ്മെ പ്രേരിപ്പിക്കുന്നു

12. ഫിലേ​മോ​നിൽ തനിക്ക്‌ ഉത്തമവി​ശ്വാ​സം ഉണ്ടെന്ന്‌ അപ്പൊ​സ്‌ത​ല​നാ​യ പൗലൊസ്‌ എങ്ങനെ പ്രകട​മാ​ക്കി, പൗലൊ​സി​ന്റെ മാതൃ​ക​യിൽനിന്ന്‌ നമുക്ക്‌ എന്തു പഠിക്കാൻ കഴിയും?

12 ‘സ്‌നേഹം എല്ലാം വിശ്വ​സി​ക്കു​ന്നു.’ സ്‌നേഹം “ഏറ്റവും നല്ലതു വിശ്വ​സി​ക്കാൻ എല്ലായ്‌പോ​ഴും ആകാം​ക്ഷ​യു​ള്ള​താണ്‌” എന്നു മോഫ​റ്റി​ന്റെ ഭാഷാ​ന്ത​രം പറയുന്നു. സഹവി​ശ്വാ​സി​ക​ളു​ടെ സകല ആന്തര​ത്തെ​യും ചോദ്യം ചെയ്‌തു​കൊണ്ട്‌ എപ്പോ​ഴും അവരെ സംശയ​ദൃ​ഷ്ടി​യോ​ടെ വീക്ഷി​ക്കാൻ നാം ശ്രമി​ക്കു​ന്നി​ല്ല. നമ്മുടെ സഹോ​ദ​ര​ങ്ങ​ളെ സംബന്ധിച്ച്‌ ‘ഏറ്റവും നല്ലതു വിശ്വ​സി​ക്കാ​നും’ അവരിൽ വിശ്വാ​സം അർപ്പി​ക്കാ​നും സ്‌നേഹം നമ്മെ സഹായി​ക്കു​ന്നു. * ഫിലേ​മോ​നു​ള്ള പൗലൊ​സി​ന്റെ ലേഖന​ത്തി​ലെ ഒരു ദൃഷ്ടാന്തം കാണുക. ഓടി​പ്പോ​യ​ശേ​ഷം ക്രിസ്‌ത്യാ​നി ആയിത്തീർന്ന ഒനേസി​മൊസ്‌ എന്ന അടിമ​യു​ടെ മടങ്ങി​വ​ര​വി​നെ ദയാപൂർവം സ്വാഗതം ചെയ്യാൻ ഫിലേ​മോ​നെ പ്രോ​ത്സാ​ഹി​പ്പി​ക്കാ​നാണ്‌ പൗലൊസ്‌ ആ ലേഖനം എഴുതി​യത്‌. ഫിലേ​മോ​നെ നിർബ​ന്ധി​ക്കാൻ ശ്രമി​ക്കു​ന്ന​തി​നു പകരം പൗലൊസ്‌ സ്‌നേ​ഹ​ത്തിൽ അധിഷ്‌ഠി​ത​മാ​യ ഒരു അഭ്യർഥന നടത്തു​ക​യാ​ണു ചെയ്‌തത്‌. ഫിലേ​മോൻ ഉചിത​മാ​യി പ്രവർത്തി​ക്കു​മെന്ന ബോധ്യം തനിക്കു​ണ്ടെന്ന്‌ പ്രകട​മാ​ക്കി​ക്കൊണ്ട്‌ പൗലൊസ്‌ അവന്‌ ഇങ്ങനെ എഴുതി: “നിന്റെ അനുസ​ര​ണ​ത്തെ​പ്പ​റ്റി എനിക്കു നിശ്ചയം ഉണ്ടു; ഞാൻ പറയു​ന്ന​തി​ലു​മ​ധി​കം നീ ചെയ്യും എന്നറി​ഞ്ഞി​ട്ടാ​കു​ന്നു ഞാൻ എഴുതു​ന്ന​തു.” (21-ാം വാക്യം) സ്‌നേ​ഹ​ത്താൽ പ്രേരി​ത​രാ​യി നാം നമ്മുടെ സഹോ​ദ​ര​ങ്ങ​ളിൽ അത്തരം വിശ്വാ​സം പ്രകട​മാ​ക്കു​മ്പോൾ അവരിലെ ഏറ്റവും നല്ലതു പുറത്തു​കൊ​ണ്ടു​വ​രി​ക​യാ​യി​രി​ക്കും നാം ചെയ്യു​ന്നത്‌.

13. നമ്മുടെ സഹോ​ദ​ര​ങ്ങ​ളെ സംബന്ധിച്ച്‌ ഏറ്റവും നല്ലതു പ്രത്യാ​ശി​ക്കു​ന്നു​വെന്ന്‌ നമുക്ക്‌ എങ്ങനെ പ്രകട​മാ​ക്കാം?

13 ‘സ്‌നേഹം എല്ലാം പ്രത്യാ​ശി​ക്കു​ന്നു.’ സ്‌നേഹം വിശ്വാ​സം നിറഞ്ഞ​താ​യി​രി​ക്കു​ന്ന​തു​പോ​ലെ, പ്രത്യാശ നിറഞ്ഞ​തു​മാണ്‌. സ്‌നേ​ഹ​ത്താൽ പ്രേരി​ത​രാ​യി നാം നമ്മുടെ സഹോ​ദ​ര​ങ്ങൾക്ക്‌ ഏറ്റവും നല്ലതു ഭവിക്കാൻ ആശിക്കു​ന്നു. ദൃഷ്ടാ​ന്ത​മാ​യി, ഒരു സഹോ​ദ​രൻ “വല്ല തെററി​ലും അകപ്പെ​ട്ടു​പോ​യെ​ങ്കിൽ” അയാളെ യഥാസ്ഥാ​ന​പ്പെ​ടു​ത്താ​നുള്ള സ്‌നേ​ഹ​നിർഭ​ര​മാ​യ ശ്രമങ്ങ​ളോട്‌ അയാൾ പ്രതി​ക​രി​ക്കു​മെ​ന്നു നാം പ്രത്യാ​ശി​ക്കു​ന്നു. (ഗലാത്യർ 6:1) വിശ്വാ​സ​ത്തിൽ ദുർബ​ല​രാ​യ​വർ ബലിഷ്‌ഠ​രാ​കു​മെ​ന്നും നാം പ്രത്യാ​ശി​ക്കു​ന്നു. വിശ്വാ​സ​ത്തിൽ ശക്തരാ​കാൻ സഹായി​ക്കു​ന്ന​തി​നു നമ്മളാൽ കഴിയു​ന്ന​തു ചെയ്‌തു​കൊണ്ട്‌ അങ്ങനെ​യു​ള്ള​വ​രോ​ടു നാം ക്ഷമ കാണി​ക്കു​ന്നു. (റോമർ 15:1; 1 തെസ്സ​ലൊ​നീ​ക്യർ 5:14) നമുക്കു പ്രിയ​പ്പെട്ട ഒരു വ്യക്തി വഴി​തെ​റ്റി​പ്പോ​കു​ന്നെ​ങ്കിൽപ്പോ​ലും, യേശു​വി​ന്റെ ദൃഷ്ടാ​ന്ത​ത്തി​ലെ ധൂർത്ത​പു​ത്ര​നെ​പ്പോ​ലെ ഒരുനാൾ സുബോ​ധം പ്രാപിച്ച്‌ അയാൾ യഹോ​വ​യി​ങ്ക​ലേ​ക്കു തിരി​ച്ചു​വ​രു​മെ​ന്നു​ള്ള പ്രത്യാശ നാം കൈ​വെ​ടി​യു​ന്നി​ല്ല.—ലൂക്കൊസ്‌ 15:17, 18.

14. സഭയ്‌ക്കു​ള്ളിൽ നമ്മുടെ സഹിഷ്‌ണു​ത ഏതു വിധങ്ങ​ളിൽ പരി​ശോ​ധി​ക്ക​പ്പെ​ട്ടേ​ക്കാം, എങ്ങനെ പ്രതി​ക​രി​ക്കാൻ സ്‌നേഹം നമ്മെ സഹായി​ക്കും?

14 ‘സ്‌നേഹം എല്ലാം സഹിക്കു​ന്നു.’ നൈരാ​ശ്യ​ങ്ങ​ളെ​യും ക്ലേശങ്ങ​ളെ​യും അഭിമു​ഖീ​ക​രി​ക്കു​മ്പോൾ ഉറച്ചു​നിൽക്കാൻ സഹിഷ്‌ണു​ത നമ്മെ പ്രാപ്‌ത​രാ​ക്കു​ന്നു. സഹിഷ്‌ണു​ത​യു​ടെ പരി​ശോ​ധ​ന​കൾ സഭയ്‌ക്കു പുറത്തു​നി​ന്നു മാത്രമല്ല വരുന്നത്‌. ചില​പ്പോൾ സഭയ്‌ക്കു​ള്ളിൽനി​ന്നു​തന്നെ നമുക്കു പരി​ശോ​ധ​ന​കൾ ഉണ്ടാ​യേ​ക്കാം. അപൂർണത നിമിത്തം നമ്മുടെ സഹോ​ദ​ര​ന്മാർ ചില​പ്പോൾ നമ്മെ നിരാ​ശ​പ്പെ​ടു​ത്തി​യേ​ക്കാം. ചിന്താ​ശൂ​ന്യ​മാ​യ ഒരു സംസാരം നമ്മുടെ വികാ​ര​ങ്ങ​ളെ മുറി​പ്പെ​ടു​ത്തി​യേ​ക്കാം. (സദൃശ​വാ​ക്യ​ങ്ങൾ 12:18) ഒരുപക്ഷേ ഒരു സഭാകാ​ര്യം നമ്മൾ വിചാ​രി​ക്കു​ന്ന​തു​പോ​ലെ കൈകാ​ര്യം ചെയ്യ​പ്പെ​ടു​ന്നി​ല്ലാ​യി​രി​ക്കാം. ആദരണീ​യ​നാ​യ ഒരു സഹോ​ദ​ര​ന്റെ പെരു​മാ​റ്റം നമ്മെ അസ്വസ്ഥ​രാ​ക്കു​ക​യും ‘ഒരു ക്രിസ്‌ത്യാ​നിക്ക്‌ ഇങ്ങനെ​യൊ​ക്കെ ചെയ്യാൻ എങ്ങനെ കഴിയു​ന്നു’ എന്നു നാം ആശ്ചര്യ​പ്പെ​ടാൻ ഇടയാ​ക്കു​ക​യും ചെയ്‌തേ​ക്കാം. അത്തരം സാഹച​ര്യ​ങ്ങ​ളെ അഭിമു​ഖീ​ക​രി​ക്കു​മ്പോൾ, നാം സഭയിൽനി​ന്നു പുറത്തു​പോ​കു​ക​യും യഹോ​വ​യെ സേവി​ക്കു​ന്ന​തു നിറു​ത്തു​ക​യും ചെയ്യു​മോ? സ്‌നേ​ഹ​മു​ണ്ടെ​ങ്കിൽ നാം അങ്ങനെ ചെയ്യില്ല! അതേ, ആ വ്യക്തി​യി​ലോ സഭയിൽ മൊത്ത​ത്തി​ലോ യാതൊ​രു നന്മയും കാണാ​നാ​കാ​ത്ത​വി​ധം അയാളു​ടെ വീഴ്‌ച​കൾ നമ്മെ അന്ധരാ​ക്കു​ന്ന​തിൽനി​ന്നു സ്‌നേഹം നമ്മെ തടയും. മറ്റൊരു അപൂർണ മനുഷ്യൻ എന്തുപ​റ​ഞ്ഞാ​ലും പ്രവർത്തി​ച്ചാ​ലും ദൈവ​ത്തോ​ടു വിശ്വ​സ്‌ത​രാ​യി​രി​ക്കാ​നും സഭയെ പിന്തു​ണ​യ്‌ക്കാ​നും സ്‌നേഹം നമ്മെ പ്രാപ്‌ത​രാ​ക്കു​ന്നു.—സങ്കീർത്ത​നം 119:165.

സ്‌നേഹം എന്തൊക്കെ ചെയ്യു​ന്നി​ല്ല?

15. അസൂയ എന്താണ്‌, വിനാ​ശ​ക​മാ​യ ഈ വികാരം ഒഴിവാ​ക്കാൻ സ്‌നേഹം നമ്മെ എങ്ങനെ സഹായി​ക്കു​ന്നു?

15 “സ്‌നേഹം അസൂയ​പ്പെ​ടു​ന്നി​ല്ല.” [NW] മറ്റുള്ള​വർക്ക്‌ ഉള്ളതി​നെ​ക്കു​റിച്ച്‌—അവരുടെ വസ്‌തു​വ​ക​ക​ളെ​യോ പദവി​ക​ളെ​യോ പ്രാപ്‌തി​ക​ളെ​യോ പ്രതി—അവരോട്‌ ഈർഷ്യ തോന്നാൻ അസൂയ ഇടയാ​ക്കു​ന്നു. നിയ​ന്ത്രി​ക്ക​പ്പെ​ടാ​ത്ത​പക്ഷം അത്തരം അസൂയ, സഭയുടെ സമാധാ​ന​ത്തെ താറു​മാ​റാ​ക്കി​യേ​ക്കാം, അത്‌ സ്വാർഥ​മാ​യ, വിനാ​ശ​ക​മാ​യ ഒരു വികാ​ര​മാണ്‌. “അസൂയ​പ്പെ​ടാ​നു​ള്ള പ്രവണത”യെ ചെറു​ക്കാൻ നമ്മെ എന്തു സഹായി​ക്കും? (യാക്കോബ്‌ 4:5, NW) സ്‌നേഹം എന്നാണ്‌ ഉത്തരം. ജീവി​ത​ത്തിൽ നമുക്കി​ല്ലാ​ത്ത ചില ആനുകൂ​ല്യ​ങ്ങൾ ഉള്ളതായി കാണ​പ്പെ​ടു​ന്ന​വ​രോ​ടൊ​ത്തു സന്തോ​ഷി​ക്കാൻ നമ്മെ പ്രാപ്‌ത​രാ​ക്കു​ന്ന​തിന്‌ വില​യേ​റി​യ ഈ ഗുണത്തി​നു കഴിയും. (റോമർ 12:15) അസാധാ​ര​ണ​മാ​യ കഴിവു​ക​ളോ ശ്രദ്ധേ​യ​മാ​യ നേട്ടമോ നിമിത്തം ആർക്കെ​ങ്കി​ലും പ്രശംസ ലഭിക്കു​മ്പോൾ അതിനെ വ്യക്തി​പ​ര​മാ​യ ഒരു അപമാ​ന​മാ​യി വീക്ഷി​ക്കാ​തി​രി​ക്കാൻ സ്‌നേഹം നമ്മെ സഹായി​ക്കു​ന്നു.

16. നാം യഥാർഥ​ത്തിൽ നമ്മുടെ സഹോ​ദ​ര​ങ്ങ​ളെ സ്‌നേ​ഹി​ക്കു​ന്നെ​ങ്കിൽ, നാം യഹോ​വ​യു​ടെ സേവന​ത്തിൽ ചെയ്യു​ന്ന​തു സംബന്ധി​ച്ചു വീമ്പി​ള​ക്കു​ന്നത്‌ ഒഴിവാ​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌?

16 “സ്‌നേഹം നിഗളി​ക്കു​ന്നി​ല്ല. ചീർക്കു​ന്നി​ല്ല.” നമ്മുടെ പ്രാപ്‌തി​ക​ളെ​യോ നേട്ടങ്ങ​ളെ​യോ​പ്ര​തി പൊങ്ങച്ചം ഭാവി​ക്കു​ന്ന​തിൽനി​ന്നു സ്‌നേഹം നമ്മെ തടയുന്നു. നാം യഥാർഥ​മാ​യി നമ്മുടെ സഹോ​ദ​ര​ങ്ങ​ളെ സ്‌നേ​ഹി​ക്കു​ന്നെ​ങ്കിൽ, നമുക്ക്‌ എങ്ങനെ നമ്മുടെ ശുശ്രൂ​ഷ​യി​ലെ വിജയത്തെ കുറി​ച്ചോ സഭയിലെ പദവി​ക​ളെ കുറി​ച്ചോ പൊങ്ങച്ചം പറയാൻ കഴിയും? അത്തരം വീമ്പു പറച്ചിൽ മറ്റുള്ള​വ​രെ നിരു​ത്സാ​ഹ​പ്പെ​ടു​ത്തി​യേ​ക്കാം, തങ്ങൾ താരത​മ്യേ​ന താണവ​രാ​ണെന്ന തോന്നൽ അത്‌ അവരിൽ ഉളവാ​ക്കു​ക​യും ചെയ്‌തേ​ക്കാം. ദൈവ​ത്തിൽനി​ന്നു നമുക്കു ലഭിച്ചി​രി​ക്കു​ന്ന​താ​യ സേവന പദവികൾ സംബന്ധി​ച്ചു വമ്പു പറയാൻ സ്‌നേഹം നമ്മെ അനുവ​ദി​ക്കു​ന്നി​ല്ല. (1 കൊരി​ന്ത്യർ 3:5-9) മാത്ര​വു​മല്ല, സ്‌നേഹം “ചീർക്കു​ന്നി​ല്ല,” അല്ലെങ്കിൽ ഒരു ഭാഷാ​ന്ത​രം പറയു​ന്ന​തു​പോ​ലെ അതു “സ്വന്തം പ്രാധാ​ന്യ​ത്തെ കുറിച്ച്‌ ഊതി​വീർപ്പി​ച്ച ആശയങ്ങൾ വെച്ചു​പു​ലർത്തു​ന്നി​ല്ല.” നമ്മെക്കു​റി​ച്ചു​ത​ന്നെ ഉയർന്ന വീക്ഷണം വെച്ചു​പു​ലർത്തു​ന്ന​തിൽനി​ന്നു സ്‌നേഹം നമ്മെ തടയുന്നു.—റോമർ 12:3.

17. സ്‌നേഹം മറ്റുള്ള​വ​രോട്‌ എന്തു പരിഗണന കാണി​ക്കാൻ നമ്മെ പ്രേരി​പ്പി​ക്കു​ന്നു, അങ്ങനെ നാം ഏതുതരം നടത്ത ഒഴിവാ​ക്കും?

17 “സ്‌നേഹം . . . അയോ​ഗ്യ​മാ​യി നടക്കു​ന്നി​ല്ല.” അയോ​ഗ്യ​മാ​യി പെരു​മാ​റു​ന്ന ഒരാൾ തികച്ചും അനുചി​ത​മോ ആക്ഷേപാർഹ​മോ ആയ വിധത്തിൽ പ്രവർത്തി​ക്കു​ന്നു. അത്തര​മൊ​രു പ്രവർത്ത​ന​ഗ​തി സ്‌നേ​ഹ​ശൂ​ന്യ​മാണ്‌, എന്തെന്നാൽ അത്‌ മറ്റുള്ള​വ​രു​ടെ വികാ​ര​ങ്ങ​ളോ​ടും താത്‌പ​ര്യ​ങ്ങ​ളോ​ടു​മുള്ള തികഞ്ഞ അനാദ​ര​വാണ്‌ കാണി​ക്കു​ന്നത്‌. നേരേ മറിച്ച്‌, മറ്റുള്ള​വ​രോ​ടു പരിഗണന കാണി​ക്കാൻ നമ്മെ പ്രേരി​പ്പി​ക്കു​ന്ന സ്‌നേഹം എത്ര ഹൃദ്യ​മാണ്‌. സ്‌നേഹം നല്ല ശീലങ്ങ​ളെ​യും ദൈവിക നടത്ത​യെ​യും സഹവി​ശ്വാ​സി​ക​ളോ​ടുള്ള ആദരവി​നെ​യും പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നു. അങ്ങനെ, “ലജ്ജാക​ര​മാ​യ നടത്ത”യിൽ—നമ്മുടെ ക്രിസ്‌തീ​യ സഹോ​ദ​ര​ങ്ങ​ളിൽ ഞെട്ടലോ അസ്വസ്ഥ​ത​യോ ഉളവാ​ക്കു​ന്ന തരത്തി​ലു​ള്ള ഏതെങ്കി​ലും പ്രവർത്ത​ന​ത്തിൽ—ഏർപ്പെ​ടു​ന്ന​തിൽനി​ന്നു സ്‌നേഹം നമ്മെ തടയുന്നു.—എഫെസ്യർ 5:3, 4, NW.

18. കാര്യ​ങ്ങ​ളെ​ല്ലാം തനിക്കു ബോധിച്ച വിധത്തിൽ നടക്കണ​മെന്ന്‌ സ്‌നേ​ഹ​മു​ള്ള ഒരു വ്യക്തി നിർബന്ധം പിടി​ക്കു​ന്നി​ല്ലാ​ത്തത്‌ എന്തു​കൊണ്ട്‌?

18 ‘സ്‌നേഹം സ്വാർഥം അന്വേ​ഷി​ക്കു​ന്നി​ല്ല.’ “സ്‌നേഹം സ്വന്തം ഇഷ്ടം നടക്കണ​മെ​ന്നു ശഠിക്കു​ന്നി​ല്ല” എന്നു മറ്റൊരു ഭാഷാ​ന്ത​രം പറയുന്നു. സ്‌നേ​ഹ​മു​ള്ള ഒരാൾ തന്റെ അഭി​പ്രാ​യ​മാണ്‌ എല്ലായ്‌പോ​ഴും ശരി എന്ന മട്ടിൽ കാര്യ​ങ്ങ​ളെ​ല്ലാം തനിക്കു ബോധിച്ച വിധത്തിൽ നീങ്ങണ​മെ​ന്നു നിർബന്ധം പിടി​ക്കു​ന്നി​ല്ല. തന്റേതിൽനി​ന്നു വ്യത്യ​സ്‌ത​മാ​യ വീക്ഷണം പുലർത്തു​ന്ന​വ​രെ അമർച്ച ചെയ്യു​ന്ന​തിന്‌ തന്റെ സ്വാധീന ശക്തികൾ ഉപയോ​ഗിച്ച്‌ മറ്റുള്ള​വ​രെ വശത്താ​ക്കാൻ അയാൾ ശ്രമി​ക്കു​ന്നി​ല്ല. അത്തരം ശാഠ്യം ഒരളവി​ലു​ള്ള അഹങ്കാ​ര​ത്തെ വെളി​പ്പെ​ടു​ത്തു​ന്നു. “നാശത്തി​ന്നു മുമ്പെ ഗർവ്വം” എന്നു ബൈബിൾ പറയുന്നു. (സദൃശ​വാ​ക്യ​ങ്ങൾ 16:18) നാം യഥാർഥ​ത്തിൽ നമ്മുടെ സഹോ​ദ​ര​ന്മാ​രെ സ്‌നേ​ഹി​ക്കു​ന്നെ​ങ്കിൽ, നാം അവരുടെ വീക്ഷണ​ങ്ങ​ളെ ആദരി​ക്കും. സാധ്യ​മാ​കു​ന്നി​ടത്ത്‌, നാം വഴക്കം പ്രകട​മാ​ക്കും. വഴക്കമുള്ള ഒരു മനോ​ഭാ​വം “ഓരോ​രു​ത്തൻ സ്വന്ത ഗുണമല്ല, മററു​ള​ള​വ​ന്റെ ഗുണം അന്വേ​ഷി​ക്ക​ട്ടെ” എന്ന പൗലൊ​സി​ന്റെ വാക്കു​കൾക്കു ചേർച്ച​യി​ലു​ള്ള​താണ്‌.—1 കൊരി​ന്ത്യർ 10:24.

19. മറ്റുള്ളവർ നമ്മെ ഉപദ്ര​വി​ക്കു​മ്പോൾ ഏതു വിധത്തിൽ പ്രതി​ക​രി​ക്കാൻ സ്‌നേഹം നമ്മെ സഹായി​ക്കു​ന്നു?

19 ‘സ്‌നേഹം ദേഷ്യ​പ്പെ​ടു​ന്നി​ല്ല, ദോഷം കണക്കി​ടു​ന്നി​ല്ല.’ സ്‌നേഹം മറ്റുള്ളവർ പറയുന്ന അല്ലെങ്കിൽ ചെയ്യുന്ന കാര്യ​ങ്ങ​ളാൽ എളുപ്പ​ത്തിൽ പ്രകോ​പി​ത​മാ​കു​ന്നില്ല. മറ്റുള്ളവർ നമ്മെ ഉപദ്ര​വി​ക്കു​മ്പോൾ നാം അസ്വസ്ഥ​രാ​കു​ന്ന​തു സ്വാഭാ​വി​ക​മാണ്‌. എന്നാൽ നമുക്കു കോപം തോന്നാ​നു​ള്ള ന്യായ​മാ​യ കാരണ​മു​ണ്ടെ​ങ്കിൽ പോലും ആ പ്രകോ​പ​നാ​വ​സ്ഥ​യിൽ തുടരാൻ സ്‌നേഹം നമ്മെ അനുവ​ദി​ക്കു​ന്നി​ല്ല. (എഫെസ്യർ 4:26, 27) നമ്മെ മുറി​പ്പെ​ടു​ത്തി​യ വാക്കു​ക​ളോ പ്രവൃ​ത്തി​ക​ളോ മറക്കാ​തി​രി​ക്കാ​നാ​യി ഒരു കണക്കു​പു​സ്‌ത​ക​ത്തിൽ എഴുതി​വെ​ക്കു​ന്ന​തു​പോ​ലെ നാം അവ ഓർമ​യിൽ സൂക്ഷി​ക്കു​ന്നി​ല്ല. പകരം നമ്മുടെ സ്‌നേ​ഹ​വാ​നാ​യ ദൈവത്തെ അനുക​രി​ക്കാൻ സ്‌നേഹം നമ്മെ പ്രേരി​പ്പി​ക്കു​ന്നു. 26-ാം അധ്യാ​യ​ത്തിൽ നാം കണ്ടതു​പോ​ലെ, ക്ഷമിക്കാൻ കാരണ​മു​ള്ള​പ്പോൾ യഹോവ അങ്ങനെ ചെയ്യുന്നു. നമ്മുടെ പാപങ്ങൾ ക്ഷമിക്കു​മ്പോൾ അവൻ അതു മറന്നു​ക​ള​യു​ക​യും ചെയ്യുന്നു. ഭാവി​യിൽ എപ്പോ​ഴെ​ങ്കി​ലും അവൻ അതു വീണ്ടും കുത്തി​പ്പൊ​ക്കു​ക​യി​ല്ല എന്നർഥം. യഹോവ ദോഷം കണക്കി​ടാ​ത്ത​തിൽ നാം നന്ദിയു​ള്ള​വ​ര​ല്ലേ?

20. ഒരു സഹവി​ശ്വാ​സി പാപത്തി​ന്റെ കെണി​യി​ല​ക​പ്പെ​ട്ടു ക്ലേശം സഹിക്കു​മ്പോൾ നാം എങ്ങനെ പ്രതി​ക​രി​ക്ക​ണം?

20 ‘സ്‌നേഹം അനീതി​യിൽ സന്തോ​ഷി​ക്കു​ന്നി​ല്ല.’ “സ്‌നേഹം . . . മറ്റു മനുഷ്യ​രു​ടെ പാപങ്ങ​ളിൽ അനുചി​ത​മാ​യ സന്തോഷം പ്രകടി​പ്പി​ക്കു​ന്നി​ല്ല” എന്ന്‌ ദ ന്യൂ ഇംഗ്ലീഷ്‌ ബൈബിൾ പറയുന്നു. “മറ്റുള്ള​വർക്കു തെറ്റു​പ​റ്റു​മ്പോൾ സ്‌നേഹം ഒരിക്ക​ലും സന്തോ​ഷി​ക്കു​ന്നി​ല്ല” എന്ന്‌ മോഫ​റ്റി​ന്റെ ഭാഷാ​ന്ത​രം പറയുന്നു. സ്‌നേഹം അനീതി​യിൽ ഒരിക്ക​ലും ഉല്ലാസം കണ്ടെത്തു​ന്നി​ല്ല. അതു​കൊണ്ട്‌ നാം ഒരു തരത്തി​ലു​ള്ള അധാർമി​ക​ത​യ്‌ക്കും നേരെ കണ്ണടയ്‌ക്കു​ന്നി​ല്ല. ഒരു സഹവി​ശ്വാ​സി പാപത്തി​ന്റെ കെണി​യിൽ വീഴു​ക​യും തത്‌ഫ​ല​മാ​യി ക്ലേശി​ക്കു​ക​യും ചെയ്യു​ന്നെ​ങ്കിൽ നാം എങ്ങനെ പ്രതി​ക​രി​ക്കും? ‘കൊള്ളാം, അവന്‌ അതുതന്നെ വരണം!’ എന്നു പറയുന്ന മട്ടിൽ സന്തോ​ഷി​ക്കാൻ സ്‌നേഹം നമ്മെ അനുവ​ദി​ക്കി​ല്ല. (സദൃശ​വാ​ക്യ​ങ്ങൾ 17:5) എന്നുവ​രി​കി​ലും, തെറ്റു​ചെ​യ്‌ത സഹോ​ദ​രൻ തന്റെ ആത്മീയ വീഴ്‌ച​യിൽനി​ന്നു കരകയ​റാൻ ക്രിയാ​ത്മക നടപടി​കൾ സ്വീക​രി​ക്കു​മ്പോൾ നാം സന്തോ​ഷി​ക്കു​ക​ത​ന്നെ ചെയ്യുന്നു.

“അതി​ശ്രേ​ഷ്‌ഠ​മാ​യോ​രു മാർഗ്ഗം”

21-23. (എ) “സ്‌നേഹം ഒരുനാ​ളും ഉതിർന്നു​പോ​ക​യി​ല്ല” എന്നു പറഞ്ഞ​പ്പോൾ പൗലൊസ്‌ എന്താണ്‌ അർഥമാ​ക്കി​യത്‌? (ബി) അവസാന അധ്യാ​യ​ത്തിൽ എന്തു ചർച്ച​ചെ​യ്യ​പ്പെ​ടും?

21 “സ്‌നേഹം ഒരുനാ​ളും ഉതിർന്നു​പോ​ക​യി​ല്ല.” ആ വാക്കു​ക​ളാൽ പൗലൊസ്‌ എന്താണ്‌ അർഥമാ​ക്കി​യത്‌? സന്ദർഭം വ്യക്തമാ​ക്കു​ന്ന പ്രകാരം, അവൻ ആദിമ ക്രിസ്‌ത്യാ​നി​ക​ളു​ടെ ഇടയിൽ ഉണ്ടായി​രു​ന്ന ആത്മാവി​ന്റെ വരങ്ങളെ കുറിച്ചു ചർച്ച​ചെ​യ്യു​ക​യാ​യി​രു​ന്നു. ആ വരങ്ങൾ, പുതു​താ​യി രൂപം​കൊ​ണ്ട സഭയു​ടെ​മേൽ ദൈവ​പ്രീ​തി ഉണ്ടെന്നു​ള്ള​തി​ന്റെ അടയാ​ള​മാ​യി ഉതകി. എന്നാൽ എല്ലാ ക്രിസ്‌ത്യാ​നി​കൾക്കും രോഗം സൗഖ്യ​മാ​ക്കാ​നോ പ്രവചി​ക്കാ​നോ അന്യഭാ​ഷ​ക​ളിൽ സംസാ​രി​ക്കാ​നോ കഴിഞ്ഞി​രു​ന്നി​ല്ല. എന്നിരു​ന്നാ​ലും, അവർ അതിൽ വിഷമി​ക്കേ​ണ്ട​തി​ല്ലാ​യി​രു​ന്നു; കാരണം അത്ഭുത​വ​ര​ങ്ങൾ കാലാ​ന്ത​ര​ത്തിൽ നിന്നു​പോ​കു​മാ​യി​രു​ന്നു. എന്നാൽ നിലനിൽക്കു​ന്ന ഒന്നുണ്ടാ​യി​രു​ന്നു, ഓരോ ക്രിസ്‌ത്യാ​നി​ക്കും അത്‌ നട്ടുവ​ളർത്താ​നും കഴിയു​മാ​യി​രു​ന്നു. അത്‌ ഏത്‌ അത്ഭുത വരത്തെ​ക്കാ​ളും ശ്രേഷ്‌ഠ​വും എന്നെന്നും നിലനിൽക്കു​ന്ന​തും ആയിരു​ന്നു. പൗലൊസ്‌ അതിനെ “അതി​ശ്രേ​ഷ്‌ഠ​മാ​യോ​രു മാർഗ്ഗം” എന്നു വിളിച്ചു. (1 കൊരി​ന്ത്യർ 12:31) ഈ “അതി​ശ്രേ​ഷ്‌ഠ​മാ​യോ​രു മാർഗ്ഗം” എന്തായി​രു​ന്നു? അതു സ്‌നേ​ഹ​ത്തി​ന്റെ മാർഗം ആയിരു​ന്നു.

പരസ്‌പ​ര​മു​ള്ള സ്‌നേഹം യഹോ​വ​യു​ടെ ജനത്തെ തിരിച്ചറിയിക്കുന്നു

22 തീർച്ച​യാ​യും, പൗലൊസ്‌ വർണിച്ച ക്രിസ്‌തീ​യ സ്‌നേഹം “ഒരുനാ​ളും ഉതിർന്നു​പോ​ക​യി​ല്ല,” അതായത്‌ അത്‌ ഒരിക്ക​ലും അവസാ​നി​ക്കു​ക​യി​ല്ല. ഇക്കാലം​വ​രെ​യും ആത്മത്യാ​ഗ​പ​ര​മാ​യ സഹോ​ദ​ര​സ്‌നേ​ഹം യേശു​വി​ന്റെ യഥാർഥ അനുഗാ​മി​ക​ളെ തിരി​ച്ച​റി​യി​ച്ചി​രി​ക്കു​ന്നു. ഭൂവ്യാ​പ​ക​മാ​യി യഹോ​വ​യു​ടെ ആരാധ​ക​രു​ടെ സഭകളിൽ അത്തരം സ്‌നേ​ഹ​ത്തി​ന്റെ തെളിവു നാം കാണു​ന്നി​ല്ലേ? ആ സ്‌നേഹം എക്കാല​വും നിലനിൽക്കും, എന്തെന്നാൽ യഹോവ തന്റെ വിശ്വ​സ്‌ത ദാസന്മാർക്ക്‌ നിത്യ​ജീ​വൻ വാഗ്‌ദാ​നം ചെയ്യുന്നു. (സങ്കീർത്ത​നം 37:9-11, 29) ‘സ്‌നേ​ഹ​ത്തിൽ [തുടർന്നു] നടക്കാൻ’ നമുക്കു പരമാ​വ​ധി ശ്രമി​ച്ചു​കൊ​ണ്ടേ​യി​രി​ക്കാം. അങ്ങനെ ചെയ്യു​ന്ന​തി​നാൽ കൊടു​ക്ക​ലിൽനി​ന്നു സംജാ​ത​മാ​കു​ന്ന വലിയ സന്തുഷ്ടി നമുക്ക്‌ അനുഭ​വി​ക്കാൻ കഴിയും. അതിലു​പ​രി, നമുക്കു തുടർന്നു ജീവി​ക്കാൻ—അതേ, തുടർന്നു സ്‌നേ​ഹി​ക്കാൻ—കഴിയും. നമ്മുടെ സ്‌നേ​ഹ​വാ​നാ​യ ദൈവ​മാ​യ യഹോ​വ​യെ അനുക​രി​ച്ചു​കൊണ്ട്‌ സകല നിത്യ​ത​യി​ലും തന്നെ.

23 സ്‌നേ​ഹ​ത്തെ സംബന്ധിച്ച ഭാഗം ഉപസം​ഹ​രി​ക്കു​ന്ന ഈ അധ്യാ​യ​ത്തിൽ നമുക്ക്‌ എങ്ങനെ പരസ്‌പ​രം സ്‌നേഹം പ്രകട​മാ​ക്കാ​മെ​ന്നു നാം ചർച്ച ചെയ്‌തി​രി​ക്കു​ന്നു. എന്നാൽ യഹോ​വ​യു​ടെ സ്‌നേ​ഹ​ത്തിൽനിന്ന്‌—അതു​പോ​ലെ അവന്റെ ശക്തി, നീതി, ജ്ഞാനം എന്നീ ഗുണങ്ങ​ളിൽനി ന്നും—നാം അനേകം വിധങ്ങ​ളിൽ പ്രയോ​ജ​നം അനുഭ​വി​ക്കു​ന്നു എന്നതിന്റെ വെളി​ച്ച​ത്തിൽ നാം ഇങ്ങനെ ചോദി​ക്കു​ന്നത്‌ ഉചിത​മാണ്‌, ‘ഞാൻ യഥാർഥ​ത്തിൽ യഹോ​വ​യെ സ്‌നേ​ഹി​ക്കു​ന്നെന്ന്‌ എനിക്ക്‌ എങ്ങനെ പ്രകട​മാ​ക്കാൻ കഴിയും?’ അവസാ​ന​ത്തെ അധ്യാ​യ​ത്തിൽ ആ ചോദ്യം പരിചി​ന്തി​ക്കു​ന്ന​താ​യി​രി​ക്കും.

^ തീർച്ചയായും, ക്രിസ്‌തീ​യ സ്‌നേഹം ഒരു പ്രകാ​ര​ത്തി​ലും എളുപ്പ​ത്തിൽ കബളി​പ്പി​ക്ക​പ്പെ​ടാ​വു​ന്നതല്ല. “ദ്വന്ദ്വ​പ​ക്ഷ​ങ്ങ​ളെ​യും ഇടർച്ച​ക​ളെ​യും ഉണ്ടാക്കു​ന്ന​വ​രെ സൂക്ഷിച്ചു . . . അവരോ​ടു അകന്നു മാറു​വിൻ” എന്നു ബൈബിൾ നമ്മെ പ്രബോ​ധി​പ്പി​ക്കു​ന്നു.—റോമർ 16:17.