വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

അധ്യായം 20

“ഹൃദയ​ത്തിൽ ജ്ഞാനി”—എങ്കിലും താഴ്‌മ​യു​ള്ള​വൻ

“ഹൃദയ​ത്തിൽ ജ്ഞാനി”—എങ്കിലും താഴ്‌മ​യു​ള്ള​വൻ

1-3. യഹോവ താഴ്‌മ​യു​ള്ള​വ​നാ​ണെന്ന്‌ നമുക്ക്‌ ഉറപ്പു​ണ്ടാ​യി​രി​ക്കാ​വു​ന്നത്‌ എന്തു​കൊണ്ട്‌?

 ഒരു പിതാവു തന്റെ കൊച്ചു​കു​ട്ടി​യെ വളരെ പ്രധാ​ന​പ്പെട്ട ഒരു കാര്യം പഠിപ്പി​ക്കാൻ ആഗ്രഹി​ക്കു​ന്നു. അവന്റെ ഹൃദയ​ത്തിൽ പതിയുന്ന വിധത്തിൽ അതു പറഞ്ഞു​കൊ​ടു​ക്കാൻ അദ്ദേഹ​ത്തിന്‌ ആകാം​ക്ഷ​യുണ്ട്‌. അദ്ദേഹം എങ്ങനെ​യു​ള്ള ഒരു സമീപനം കൈ​ക്കൊ​ള്ള​ണം? ഭയപ്പെ​ടു​ത്തും​വി​ധം കുട്ടി​യു​ടെ അടുക്കൽ തല ഉയർത്തി​നിന്ന്‌ പരുഷ​മാ​യ രീതി​യിൽ സംസാ​രി​ക്ക​ണ​മോ? അതോ കുട്ടി​യു​ടെ അടു​ത്തേ​ക്കു കുനിഞ്ഞ്‌ സൗമ്യ​വും ഹൃദ്യ​വു​മാ​യ രീതി​യിൽ സംസാ​രി​ക്ക​ണ​മോ? ജ്ഞാനവും താഴ്‌മ​യു​മു​ള്ള ഒരു പിതാവ്‌ തീർച്ച​യാ​യും സൗമ്യ​മാ​യ സമീപനം സ്വീക​രി​ക്കും.

2 യഹോവ ഏതുതരം പിതാ​വാണ്‌? അഹങ്കാ​രി​യോ താഴ്‌മ​യു​ള്ള​വ​നോ, പരുഷ​നോ സൗമ്യ​നോ? യഹോവ എല്ലാം അറിയാ​വു​ന്ന​വ​നും സർവജ്ഞാ​നി​യു​മാണ്‌. എന്നാൽ അറിവും ബുദ്ധി​ശ​ക്തി​യും അവശ്യം ആളുകളെ താഴ്‌മ​യു​ള്ള​വ​രാ​ക്കു​ന്നില്ല എന്നതു നിങ്ങൾ ശ്രദ്ധി​ച്ചി​ട്ടു​ണ്ടോ? ബൈബിൾ പറയു​ന്ന​തു​പോ​ലെ “അറിവു ചീർപ്പി​ക്കു​ന്നു.” (1 കൊരി​ന്ത്യർ 3:18, 19; 8:1) എന്നാൽ “ഹൃദയ​ത്തിൽ ജ്ഞാനി”യായ യഹോവ താഴ്‌മ​യു​ള്ള​വ​നാണ്‌. (ഇയ്യോബ്‌ 9:4, NW) അവൻ സ്ഥാനത്തിൽ താഴ്‌ന്ന​വ​നോ മാഹാ​ത്മ്യം ഇല്ലാത്ത​വ​നോ ആണെന്ന്‌ അതിന്‌ അർഥമില്ല, പിന്നെ​യോ അവൻ അഹങ്കാ​ര​മി​ല്ലാ​ത്ത​വ​നാണ്‌. എന്തു​കൊ​ണ്ടാണ്‌ അത്‌?

3 യഹോവ വിശു​ദ്ധ​നാണ്‌. അതു​കൊണ്ട്‌ അശുദ്ധ​മാ​ക്കു​ന്ന ഒരു ഗുണമായ അഹങ്കാരം അവനിൽ ഇല്ല. (മർക്കൊസ്‌ 7:20-22) കൂടാതെ, യിരെ​മ്യാ പ്രവാ​ച​കൻ യഹോ​വ​യോ​ടു പറഞ്ഞതു ശ്രദ്ധി​ക്കു​ക: “നിശ്ചയ​മാ​യും നീ [യഹോവ] എന്നെ ഓർക്കു​ക​യും എന്റെ അടു​ത്തേ​ക്കു കുനി​ഞ്ഞു​വ​രി​ക​യും ചെയ്യും.” * (വിലാ​പ​ങ്ങൾ 3:20, NW) ചിന്തി​ക്കു​ക! അപൂർണ മനുഷ്യ​നാ​യ യിരെ​മ്യാ​വിന്‌ ശ്രദ്ധ കൊടു​ക്കു​ന്ന​തി​നാ​യി അവന്റെ അടു​ത്തേ​ക്കു ‘കുനി​യാൻ’ അല്ലെങ്കിൽ അവന്റെ തലത്തി​ലേക്ക്‌ ഇറങ്ങി​ച്ചെ​ല്ലാൻ അഖിലാണ്ഡ പരമാ​ധി​കാ​രി​യാം കർത്താ​വാ​യ യഹോവ സന്നദ്ധനാ​യി​രു​ന്നു. (സങ്കീർത്ത​നം 113:7) അതേ, യഹോവ താഴ്‌മ​യു​ള്ള​വ​നാണ്‌. എന്നാൽ ദൈവിക താഴ്‌മ​യിൽ എന്താണ്‌ ഉൾപ്പെ​ട്ടി​രി​ക്കു​ന്നത്‌? അതു ജ്ഞാന​ത്തോ​ടു ബന്ധപ്പെ​ട്ടി​രി​ക്കു​ന്നത്‌ എങ്ങനെ? അതു നമുക്കു മൂല്യ​വ​ത്താ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

യഹോവ താഴ്‌മ​യു​ള്ള​വ​നെ​ന്നു തെളി​യു​ന്ന വിധം

4, 5. (എ) താഴ്‌മ എന്താണ്‌, അതു പ്രകട​മാ​കു​ന്നത്‌ എങ്ങനെ, അതിനെ ദൗർബ​ല്യ​മോ ഭീരു​ത്വ​മോ ആയി ഒരിക്ക​ലും തെറ്റി​ദ്ധ​രി​ക്ക​രു​താ​ത്തത്‌ എന്തു​കൊണ്ട്‌? (ബി) ദാവീ​ദു​മാ​യു​ള്ള തന്റെ ഇടപെ​ട​ലിൽ യഹോവ താഴ്‌മ പ്രകട​മാ​ക്കി​യത്‌ എങ്ങനെ, യഹോ​വ​യു​ടെ താഴ്‌മ നമുക്ക്‌ എത്ര മൂല്യ​വ​ത്താണ്‌?

4 ഗർവി​ന്റെ​യും അഹങ്കാ​ര​ത്തി​ന്റെ​യും അഭാവ​മാണ്‌ താഴ്‌മ. സൗമ്യത, ക്ഷമ, ന്യായ​ബോ​ധം എന്നീ ഗുണങ്ങ​ളിൽ പ്രകട​മാ​കു​ന്ന ഹൃദയ​ത്തി​ന്റെ ഒരു ആന്തരിക സവി​ശേ​ഷത കൂടെ​യാണ്‌ അത്‌. (ഗലാത്യർ 5:22, 23) ഈ ദൈവിക ഗുണങ്ങൾ ദൗർബ​ല്യ​മോ ഭീരു​ത്വ​മോ ആണെന്ന്‌ ഒരിക്ക​ലും തെറ്റി​ദ്ധ​രി​ക്ക​രുത്‌. അവ യഹോ​വ​യു​ടെ നീതി​നി​ഷ്‌ഠ​മാ​യ കോപ​ത്തോ​ടോ സംഹാ​ര​ശ​ക്തി​യു​ടെ ഉപയോ​ഗ​ത്തോ​ടോ പൊരു​ത്ത​പ്പെ​ടാ​തി​രി​ക്കു​ന്നില്ല. മറിച്ച്‌, താഴ്‌മ​യാ​ലും സൗമ്യ​ത​യാ​ലും യഹോവ തന്റെ ബൃഹത്തായ ശക്തി, തന്നെത്തന്നെ പൂർണ​മാ​യി നിയ​ന്ത്രി​ക്കാ​നു​ള്ള ശക്തി, പ്രകട​മാ​ക്കു​ക​യാണ്‌. (യെശയ്യാ​വു 42:14) താഴ്‌മ ജ്ഞാന​ത്തോ​ടു ബന്ധപ്പെ​ട്ടി​രി​ക്കു​ന്നത്‌ എങ്ങനെ? ബൈബി​ളി​നെ സംബന്ധിച്ച ഒരു പരാമർശ​ഗ്ര​ന്ഥം ഇങ്ങനെ പറയുന്നു: “താഴ്‌മ അന്തിമ​മാ​യി നിർവ​ചി​ക്ക​പ്പെ​ടു​ന്നത്‌ . . . നിസ്വാർഥ​ത​യു​ടെ അടിസ്ഥാ​ന​ത്തി​ലാണ്‌, സകല ജ്ഞാനത്തി​ന്റെ​യും അടിത്തറ കൂടെ​യാണ്‌ അത്‌.” അപ്പോൾ യഥാർഥ ജ്ഞാനത്തിന്‌ താഴ്‌മ കൂടാതെ നിലനിൽക്കാ​നാ​വി​ല്ല. യഹോ​വ​യു​ടെ താഴ്‌മ നമുക്ക്‌ എങ്ങനെ പ്രയോ​ജ​നം ചെയ്യുന്നു?

ജ്ഞാനി​യാ​യ ഒരു പിതാവ്‌ തന്റെ മക്കളോ​ടു താഴ്‌മ​യോ​ടും സൗമ്യ​ത​യോ​ടും കൂടെ ഇടപെടുന്നു

5 ദാവീദ്‌ രാജാവു യഹോ​വ​യെ കുറിച്ച്‌ ഇങ്ങനെ പാടി: “നിന്റെ രക്ഷ എന്ന പരിചയെ നീ എനിക്കു തന്നിരി​ക്കു​ന്നു; നിന്റെ വലങ്കൈ എന്നെ താങ്ങി നിന്റെ സൌമ്യത [“താഴ്‌മ,” NW] എന്നെ വലിയ​വ​നാ​ക്കി​യി​രി​ക്കു​ന്നു.” (സങ്കീർത്ത​നം 18:35) ഫലത്തിൽ, ഈ അപൂർണ മനുഷ്യ​നെ അനുദി​നം സംരക്ഷി​ക്കു​ക​യും പുലർത്തു​ക​യും ചെയ്‌തു​കൊണ്ട്‌, അവനു​വേ​ണ്ടി പ്രവർത്തി​ക്കാൻ യഹോവ തന്നെത്തന്നെ താഴ്‌ത്തി. താൻ രക്ഷ കണ്ടെത്തി​യാൽ—ഒടുവിൽ, ഒരു രാജാ​വെന്ന നിലയിൽ ഒരളവു​വ​രെ മഹത്ത്വം നേടി​യാൽപ്പോ​ലും​—അത്‌ താഴ്‌മ പ്രകട​മാ​ക്കാ​നു​ള്ള യഹോ​വ​യു​ടെ സന്നദ്ധത നിമിത്തം മാത്ര​മാ​യി​രി​ക്കും എന്ന്‌ ദാവീദ്‌ തിരി​ച്ച​റി​ഞ്ഞു. സൗമ്യ​നും സ്‌നേ​ഹ​നി​ധി​യു​മാ​യ ഒരു പിതാ​വെന്ന നിലയിൽ നമ്മോട്‌ ഇടപെ​ട​ത്ത​ക്ക​വി​ധം തന്നെത്തന്നെ താഴ്‌ത്താൻ, താഴ്‌മ പ്രകട​മാ​ക്കാൻ യഹോവ സന്നദ്ധൻ അല്ലായി​രു​ന്നെ​ങ്കിൽ നമ്മിൽ ആർക്കാണ്‌ രക്ഷയുടെ പ്രത്യാശ ഉണ്ടായി​രി​ക്കു​മാ​യി​രു​ന്നത്‌?

6, 7. (എ) യഹോ​വ​യ്‌ക്ക്‌ എളിമ ഉള്ളതായി ബൈബിൾ ഒരിക്ക​ലും പറയു​ന്നി​ല്ലാ​ത്തത്‌ എന്തു​കൊണ്ട്‌? (ബി) സൗമ്യ​ത​യും ജ്ഞാനവും തമ്മിലുള്ള ബന്ധമെന്ത്‌, ഈ കാര്യ​ത്തിൽ ആത്യന്തിക മാതൃക വെക്കു​ന്നത്‌ ആർ?

6 താഴ്‌മ​യും എളിമ​യും തമ്മിൽ വ്യത്യാ​സ​മുണ്ട്‌ എന്നതു ശ്രദ്ധേ​യ​മാണ്‌. വിശ്വ​സ്‌ത മനുഷ്യർ നട്ടുവ​ളർത്തേണ്ട ഒരു വിശിഷ്ട ഗുണമാണ്‌ എളിമ. താഴ്‌മ​യെ​പ്പോ​ലെ അതും ജ്ഞാന​ത്തോ​ടു ബന്ധപ്പെ​ട്ടി​രി​ക്കു​ന്നു. ദൃഷ്ടാ​ന്ത​ത്തിന്‌, സദൃശ​വാ​ക്യ​ങ്ങൾ 11:2 (NW) പറയുന്നു: “എളിമ​യു​ള്ള​വ​രു​ടെ പക്കലോ ജ്ഞാനമുണ്ട്‌.” എന്നിരു​ന്നാ​ലും യഹോവ എളിമ​യു​ള്ള​വ​നാ​ണെ​ന്നു ബൈബിൾ ഒരിക്ക​ലും പറയു​ന്നി​ല്ല. എന്തു​കൊണ്ട്‌? തിരു​വെ​ഴു​ത്തു​ക​ളിൽ ഉപയോ​ഗി​ച്ചി​രി​ക്കു​ന്ന പ്രകാരം എളിമ, ഒരുവന്റെ സ്വന്തം പരിമി​തി​ക​ളെ കുറി​ച്ചു​ള്ള ഉചിത​മാ​യ അവബോ​ധ​ത്തെ സൂചി​പ്പി​ക്കു​ന്നു. എന്നാൽ സർവശ​ക്ത​നാ​യ ദൈവത്തെ സംബന്ധി​ച്ചി​ട​ത്തോ​ളം, സ്വന്തം നീതി​പ്ര​മാ​ണ​ങ്ങൾ നിമിത്തം അവൻ തനിക്കു​ത​ന്നെ കൽപ്പി​ക്കു​ന്ന പരിധി​കൾ അല്ലാതെ മറ്റൊരു പരിമി​തി​ക​ളും അവന്‌ ഇല്ല. (മർക്കൊസ്‌ 10:27; തീത്തൊസ്‌ 1:2) കൂടാതെ, അത്യു​ന്ന​തൻ എന്ന നിലയിൽ, അവൻ ആർക്കും കീഴ്‌പെ​ട്ട​വ​നല്ല. അതു​കൊണ്ട്‌ അവന്‌ എളിമ എന്ന ഗുണം ആവശ്യ​മി​ല്ല.

7 എന്നിരു​ന്നാ​ലും, യഹോവ താഴ്‌മ​യും സൗമ്യ​ത​യു​മു​ള്ള​വ​നാണ്‌. യഥാർഥ ജ്ഞാനത്തിന്‌ സൗമ്യത അത്യന്താ​പേ​ക്ഷി​ത​മാ​ണെന്ന്‌ അവൻ തന്റെ ദാസന്മാ​രെ പഠിപ്പി​ക്കു​ന്നു. അവന്റെ വചനം “ജ്ഞാനല​ക്ഷ​ണ​മാ​യ സൌമ്യത”യെക്കു​റി​ച്ചു പറയുന്നു. * (യാക്കോബ്‌ 3:13) ഈ കാര്യ​ത്തിൽ യഹോ​വ​യു​ടെ മാതൃക പരിചി​ന്തി​ക്കു​ക.

യഹോവ താഴ്‌മ​യോ​ടെ ഉത്തരവാ​ദി​ത്വ​ങ്ങൾ ഏൽപ്പി​ച്ചു​കൊ​ടു​ക്കു​ന്നു, മറ്റുള്ള​വർക്കു പറയാ​നു​ള്ള​തു ശ്രദ്ധി​ക്കു​ന്നു

8-10. (എ) ഉത്തരവാ​ദി​ത്വം ഏൽപ്പി​ച്ചു​കൊ​ടു​ക്കാ​നും മറ്റുള്ള​വർക്കു പറയാ​നു​ള്ള​തു ശ്രദ്ധി​ക്കാ​നു​മു​ള്ള യഹോ​വ​യു​ടെ മനസ്സൊ​രു​ക്കം ശ്രദ്ധേ​യ​മാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌? (ബി) സർവശക്തൻ തന്റെ ദൂതന്മാ​രോ​ടു താഴ്‌മ​യോ​ടെ ഇടപെ​ട്ടി​രി​ക്കു​ന്നത്‌ എങ്ങനെ?

8 മറ്റുള്ള​വർക്ക്‌ ഉത്തരവാ​ദി​ത്വ​ങ്ങൾ ഏൽപ്പി​ച്ചു​കൊ​ടു​ക്കാ​നും അവരെ ശ്രദ്ധി​ക്കാ​നു​മു​ള്ള യഹോ​വ​യു​ടെ സന്നദ്ധത​യിൽ അവന്റെ താഴ്‌മ​യു​ടെ ഹൃദ​യോ​ഷ്‌മ​ള​മാ​യ തെളി​വുണ്ട്‌. അവൻ അങ്ങനെ ചെയ്യു​ന്നത്‌ യഥാർഥ​ത്തിൽ വിസ്‌മ​യ​ക​ര​മാണ്‌; കാരണം, യഹോ​വ​യ്‌ക്ക്‌ സഹായ​മോ ഉപദേ​ശ​മോ ആവശ്യ​മി​ല്ല. (യെശയ്യാ​വു 40:13, 14; റോമർ 11:34, 35) എന്നിരു​ന്നാ​ലും, യഹോവ ഈ വിധങ്ങ​ളിൽ തന്നെത്തന്നെ താഴ്‌ത്തു​ന്ന​താ​യി ബൈബിൾ ആവർത്തി​ച്ചു പ്രകട​മാ​ക്കു​ന്നു.

9 ദൃഷ്ടാ​ന്ത​ത്തിന്‌, അബ്രാ​ഹാ​മി​ന്റെ ജീവി​ത​ത്തി​ലെ ഒരു സുപ്ര​ധാ​ന സംഭവം പരിചി​ന്തി​ക്കു​ക. ഒരിക്കൽ മൂന്നു സന്ദർശകർ അബ്രാ​ഹാ​മി​നെ കാണാ​നെ​ത്തി. അവരിൽ ഒരാളെ അവൻ “യഹോവ” എന്നു സംബോ​ധന ചെയ്‌തു. സന്ദർശകർ യഥാർഥ​ത്തിൽ ദൂതന്മാർ ആയിരു​ന്നു. എന്നാൽ അവരിൽ ഒരാൾ യഹോ​വ​യു​ടെ നാമത്തി​ലാ​യി​രു​ന്നു വന്നതും പ്രവർത്തി​ച്ച​തും. ആ ദൂതൻ സംസാ​രി​ക്കു​ക​യും പ്രവർത്തി​ക്കു​ക​യും ചെയ്‌ത​പ്പോൾ ഫലത്തിൽ യഹോവ സംസാ​രി​ക്കു​ക​യും പ്രവർത്തി​ക്കു​ക​യു​മാ​യി​രു​ന്നു. ഈ വിധത്തിൽ, “സൊ​ദോ​മി​നെ​യും ഗൊ​മോ​ര​യെ​യും കുറി​ച്ചു​ള്ള പരാതി​യു​ടേ​താ​യ [ഉച്ചത്തി​ലു​ള്ള] നിലവി​ളി” [NW] തന്റെ പക്കൽ എത്തിയി​രി​ക്കു​ന്നു​വെന്ന്‌ യഹോവ അബ്രാ​ഹാ​മി​നോ​ടു പറഞ്ഞു. തുടർന്ന്‌ യഹോവ ഇങ്ങനെ പ്രസ്‌താ​വി​ച്ചു: “ഞാൻ ചെന്നു എന്റെ അടുക്കൽ വന്നെത്തിയ നിലവി​ളി​പോ​ലെ അവർ കേവലം പ്രവൃ​ത്തി​ച്ചി​ട്ടു​ണ്ടോ ഇല്ലയോ എന്നു നോക്കി അറിയും.” (ഉല്‌പത്തി 18:3, 20, 21) തീർച്ച​യാ​യും, യഹോവ നേരിട്ട്‌ ‘ചെല്ലും’ എന്ന്‌ അവന്റെ വാക്കുകൾ അർഥമാ​ക്കി​യി​ല്ല. പകരം, തന്നെ പ്രതി​നി​ധാ​നം ചെയ്യാൻ അവൻ വീണ്ടും ദൂതന്മാ​രെ അയച്ചു. (ഉല്‌പത്തി 19:1) എന്തു​കൊണ്ട്‌? എല്ലാം കാണുന്ന യഹോ​വ​യ്‌ക്ക്‌ ആരു​ടെ​യും സഹായ​മി​ല്ലാ​തെ അവിടത്തെ യഥാർഥ അവസ്ഥ ‘അറിയാൻ’ കഴിയു​മാ​യി​രു​ന്നി​ല്ലേ? തീർച്ച​യാ​യും. എന്നാൽ അങ്ങനെ ചെയ്യു​ന്ന​തി​നു​പ​ക​രം, ആ സാഹച​ര്യം പരി​ശോ​ധി​ക്കാ​നും സൊ​ദോ​മിൽ ലോത്തി​നെ​യും കുടും​ബ​ത്തെ​യും സന്ദർശി​ക്കാ​നു​മു​ള്ള നിയമനം യഹോവ താഴ്‌മ​യോ​ടെ ആ ദൂതന്മാർക്കു കൊടു​ത്തു.

10 തന്നെയു​മല്ല, യഹോവ മറ്റുള്ള​വർക്കു പറയാ​നു​ള്ള​തു ശ്രദ്ധി​ക്കു​ന്നു. ദൃഷ്ടാ​ന്ത​ത്തിന്‌, ദുഷ്ടരാ​ജാ​വാ​യ ആഹാബി​നെ നശിപ്പി​ക്കാൻ യഹോവ തീരു​മാ​നി​ച്ച​പ്പോൾ അത്‌ എപ്രകാ​രം ചെയ്യാം എന്നതു സംബന്ധിച്ച്‌ അഭി​പ്രാ​യം പറയാൻ അവൻ തന്റെ ദൂതന്മാ​രെ ക്ഷണിച്ചു. യഹോ​വ​യ്‌ക്ക്‌ അത്തരം സഹായം ആവശ്യ​മി​ല്ലാ​യി​രു​ന്നു. എന്നിട്ടും, അവൻ ഒരു ദൂതന്റെ നിർദേ​ശം സ്വീക​രി​ക്കു​ക​യും അതു നടപ്പി​ലാ​ക്കാൻ അവനെ അനുവ​ദി​ക്കു​ക​യും ചെയ്‌തു. (1 രാജാ​ക്ക​ന്മാർ 22:19-22) അതു താഴ്‌മ അല്ലായി​രു​ന്നോ?

11, 12. അബ്രാ​ഹാം യഹോ​വ​യു​ടെ താഴ്‌മ കാണാ​നി​ട​യാ​യത്‌ എങ്ങനെ?

11 അപൂർണ മനുഷ്യർ തങ്ങളുടെ ഉത്‌ക​ണ്‌ഠ​കൾ അറിയി​ക്കാൻ ആഗ്രഹി​ക്കു​മ്പോൾ അവരെ​പ്പോ​ലും ശ്രദ്ധി​ക്കാൻ യഹോവ സന്നദ്ധനാണ്‌. ഉദാഹ​ര​ണ​ത്തിന്‌, സൊ​ദോ​മി​നെ​യും ഗൊ​മോ​ര​യെ​യും നശിപ്പി​ക്കാ​നു​ള്ള തന്റെ തീരു​മാ​ന​ത്തെ കുറിച്ച്‌ യഹോവ ആദ്യം അബ്രാ​ഹാ​മി​നോ​ടു പറഞ്ഞ​പ്പോൾ ആ വിശ്വ​സ്‌ത മനുഷ്യൻ അന്ധാളി​ച്ചു​പോ​യി. “ഇങ്ങനെ നീ ഒരുനാ​ളും ചെയ്യു​ന്ന​ത​ല്ല​ല്ലോ” എന്ന്‌ അബ്രാ​ഹാം പറഞ്ഞു, “സർവ്വഭൂ​മി​ക്കും ന്യായാ​ധി​പ​തി​യാ​യവൻ നീതി പ്രവൃ​ത്തി​ക്കാ​തി​രി​ക്കു​മോ” എന്നും അവൻ കൂട്ടി​ച്ചേർത്തു. ആ നഗരങ്ങ​ളിൽ 50 നീതി​മാ​ന്മാർ ഉണ്ടെങ്കിൽ യഹോവ അവയെ നശിപ്പി​ക്കാ​തി​രി​ക്കു​മോ എന്ന്‌ അവൻ ചോദി​ച്ചു. നശിപ്പി​ക്കാ​തി​രി​ക്കും എന്ന്‌ യഹോവ അവന്‌ ഉറപ്പു​കൊ​ടു​ത്തു. എന്നാൽ എണ്ണം 45, 40 എന്നിങ്ങനെ കുറച്ചു​കൊണ്ട്‌ അബ്രാ​ഹാം ചോദ്യ​ങ്ങൾ തുടർന്നു. എണ്ണം പത്ത്‌ ആകുന്ന​തു​വ​രെ അബ്രാ​ഹാം ചോദ്യ​ത്തിൽനി​ന്നു പിന്മാ​റി​യി​ല്ല. അപ്പോ​ഴൊ​ക്കെ യഹോവ അവന്‌ ഉറപ്പു​കൊ​ടു​ത്തു​കൊ​ണ്ടേ​യി​രു​ന്നു. ഒരുപക്ഷേ യഹോ​വ​യു​ടെ കരുണ​യു​ടെ ആഴം പൂർണ​മാ​യി ഗ്രഹി​ക്കാൻ അബ്രാ​ഹാ​മി​നു കഴിഞ്ഞി​ട്ടു​ണ്ടാ​വി​ല്ല. എന്തുത​ന്നെ​യാ​യാ​ലും തന്റെ ഉത്‌ക​ണ്‌ഠ​കൾ ഈ വിധത്തിൽ പ്രകട​മാ​ക്കാൻ തന്റെ സ്‌നേ​ഹി​ത​നും ദാസനു​മാ​യ അബ്രാ​ഹാ​മി​നെ യഹോവ ക്ഷമയോ​ടും താഴ്‌മ​യോ​ടും കൂടെ അനുവ​ദി​ച്ചു.—ഉല്‌പത്തി 18:23-33.

12 സമർഥ​രും പഠിപ്പു​ള്ള​വ​രു​മാ​യ എത്ര പേർ ബുദ്ധി​ശ​ക്തി​യിൽ തങ്ങളെ​ക്കാൾ വളരെ താഴ്‌ന്ന ഒരാളെ ഇത്ര ക്ഷമയോ​ടെ ശ്രദ്ധി​ക്കും? * എന്നാൽ നമ്മുടെ ദൈവം പ്രകട​മാ​ക്കു​ന്ന താഴ്‌മ അത്തരത്തി​ലു​ള്ള​താണ്‌. അതേ സംഭാ​ഷ​ണ​വേ​ള​യിൽ യഹോവ “ദീർഘക്ഷമ” ഉള്ളവനാ​ണെ​ന്നും അബ്രാ​ഹാം മനസ്സി​ലാ​ക്കാ​നി​ട​യാ​യി. (പുറപ്പാ​ടു 34:6) ഒരുപക്ഷേ അത്യു​ന്ന​ത​ന്റെ പ്രവൃ​ത്തി​ക​ളെ ചോദ്യം ചെയ്യാൻ തനിക്ക്‌ അവകാ​ശ​മി​ല്ലെ​ന്നു തിരി​ച്ച​റി​ഞ്ഞ​തു​കൊ​ണ്ടാ​യി​രി​ക്കണം അബ്രാ​ഹാം രണ്ടു പ്രാവ​ശ്യം “കർത്താവു കോപി​ക്ക​രു​തേ” എന്നു യാചി​ച്ചത്‌. (ഉല്‌പത്തി 18:30, 32) തീർച്ച​യാ​യും, യഹോവ കോപി​ച്ചി​ല്ല. കാരണം അവൻ “ജ്ഞാനല​ക്ഷ​ണ​മാ​യ സൌമ്യത” ഉള്ളവനാണ്‌.

യഹോവ ന്യായ​ബോ​ധ​മു​ള്ളവൻ

13. ബൈബി​ളിൽ ഉപയോ​ഗി​ച്ചി​രി​ക്കു​ന്ന “ന്യായ​ബോ​ധ​മു​ള്ള” എന്ന പദത്തിന്റെ അർഥ​മെന്ത്‌, ഈ പദം ഉചിത​മാ​യി യഹോ​വ​യെ വർണി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

13 യഹോ​വ​യു​ടെ താഴ്‌മ ദൃശ്യ​മാ​യി​രി​ക്കു​ന്ന ആകർഷ​ക​മാ​യ മറ്റൊരു ഗുണമുണ്ട്‌—ന്യായ​ബോ​ധം. ദുഃഖ​ക​ര​മെ​ന്നു പറയട്ടെ, ഈ ഗുണം പ്രകട​മാ​ക്കു​ന്ന കാര്യ​ത്തിൽ അപൂർണ മനുഷ്യർ കുറവു​ള്ള​വ​രാണ്‌. ബുദ്ധി​ശ​ക്തി​യു​ള്ള തന്റെ സൃഷ്ടി​ക​ളെ ശ്രദ്ധി​ക്കാൻ യഹോവ സന്നദ്ധനാ​ണെ​ന്നു മാത്രമല്ല, തന്റെ നീതി​നി​ഷ്‌ഠ​മാ​യ പ്രമാ​ണ​ങ്ങൾക്കു വിരു​ദ്ധ​മ​ല്ലാ​ത്ത​പ്പോൾ വഴക്കം പ്രകട​മാ​ക്കാ​നും അവൻ തയ്യാറാണ്‌. ബൈബി​ളിൽ ഉപയോ​ഗി​ച്ചി​രി​ക്കു​ന്ന​പ്ര​കാ​രം, “ന്യായ​ബോ​ധ​മു​ള്ള” എന്ന പദത്തിന്റെ അക്ഷരാർഥം “വഴക്കമുള്ള” എന്നാണ്‌. ഈ ഗുണവും ദിവ്യ​ജ്ഞാ​ന​ത്തി​ന്റെ ഒരു ലക്ഷണമാണ്‌. യാക്കോബ്‌ 3:17  (NW) പറയുന്നു: “ഉയരത്തിൽനി​ന്നു​ള്ള ജ്ഞാനം . . . ന്യായ​ബോ​ധ​മു​ള്ള​തും . . . ആകുന്നു.” സർവജ്ഞാ​നി​യാ​യ യഹോവ ഏതർഥ​ത്തി​ലാണ്‌ ന്യായ​ബോ​ധ​മു​ള്ള​വൻ ആയിരി​ക്കു​ന്നത്‌? ഒരു സംഗതി, അവൻ വഴക്കമു​ള്ള​വ​നാണ്‌. തന്റെ ഉദ്ദേശ്യ​ങ്ങൾ നിവർത്തി​ക്കാൻ എന്തെല്ലാം ആയിത്തീ​രേ​ണ്ട​തു​ണ്ടോ യഹോവ അതെല്ലാം ആയിത്തീ​രു​മെന്ന്‌ അവന്റെ നാമം​ത​ന്നെ നമ്മെ പഠിപ്പി​ക്കു​ന്നു. (പുറപ്പാ​ടു 3:14, NW) അത്‌ വഴക്കത്തി​ന്റെ​യും ന്യായ​ബോ​ധ​ത്തി​ന്റെ​യും മനോ​ഭാ​വ​ത്തെ സൂചി​പ്പി​ക്കു​ന്നി​ല്ലേ?

14, 15. യഹോ​വ​യു​ടെ സ്വർഗീയ രഥത്തെ സംബന്ധിച്ച യെഹെ​സ്‌കേ​ലി​ന്റെ ദർശനം അവന്റെ സ്വർഗീയ സംഘട​ന​യെ കുറിച്ചു നമ്മെ എന്തു പഠിപ്പി​ക്കു​ന്നു, അത്‌ ലോക​സം​ഘ​ട​ന​ക​ളിൽനി​ന്നു വ്യത്യാ​സ​പ്പെ​ട്ടി​രി​ക്കു​ന്നത്‌ എങ്ങനെ?

14 വഴക്കം പ്രകട​മാ​ക്കാ​നു​ള്ള യഹോ​വ​യു​ടെ കഴിവി​നെ കുറിച്ചു ഗ്രഹി​ക്കാൻ നമ്മെ സഹായി​ക്കു​ന്ന ശ്രദ്ധേ​യ​മാ​യ ഒരു ബൈബിൾ ഭാഗമുണ്ട്‌. ആത്മജീ​വി​ക​ള​ട​ങ്ങു​ന്ന, യഹോ​വ​യു​ടെ സ്വർഗീയ സംഘട​ന​യു​ടെ ഒരു ദർശനം യെഹെ​സ്‌കേൽ പ്രവാ​ച​ക​നു നൽക​പ്പെ​ട്ടു. ദർശന​ത്തിൽ, അമ്പരപ്പി​ക്കു​ന്ന വലുപ്പ​മു​ള്ള ഒരു രഥം യെഹെ​സ്‌കേൽ കണ്ടു. എല്ലായ്‌പോ​ഴും യഹോ​വ​യു​ടെ നിയ​ന്ത്ര​ണ​ത്തി​ലു​ള്ള അവന്റെ സ്വന്തം “വാഹനം” ആയിരു​ന്നു അത്‌. അതു സഞ്ചരിച്ച വിധമാ​യി​രു​ന്നു ഏറ്റവും ശ്രദ്ധേയം. അതിന്റെ കൂറ്റൻ ചതുർദി​ശാ ചക്രങ്ങൾ, നിറു​ത്തു​ക​യോ തിരി​ക്കു​ക​യോ ചെയ്യാതെ ക്ഷണത്തിൽ ദിശമാ​റ്റാൻ കഴിയുന്ന തരത്തി​ലു​ള്ള​താ​യി​രു​ന്നു. കൂടാതെ, ആ ചക്രങ്ങൾ നിറയെ കണ്ണുകൾ ഉണ്ടായി​രു​ന്നു. തന്നിമി​ത്തം അവയ്‌ക്ക്‌ എല്ലായി​ട​വും കാണാൻ കഴിയു​മാ​യി​രു​ന്നു. ഈ ഗംഭീര രഥം, വലുപ്പം മൂലം കൈകാ​ര്യം ചെയ്യാൻ പ്രയാ​സ​മു​ള്ള ഒരു മനുഷ്യ​നിർമി​ത വാഹനം പോലെ ആയിരു​ന്നി​ല്ല. സമകോ​ണ​ത്തിൽ തിരി​ഞ്ഞു​കൊ​ണ്ടു​പോ​ലും മിന്നൽവേ​ഗ​ത്തിൽ സഞ്ചരി​ക്കാൻ അതിനാ​കു​മാ​യി​രു​ന്നു! (യെഹെ​സ്‌കേൽ 1:1, 14-28) അതേ, യഹോ​വ​യു​ടെ സംഘടന, അതിനെ നിയ​ന്ത്രി​ക്കു​ന്ന സർവശ​ക്ത​നാ​യ പരമാ​ധി​കാ​രി​യെ​പ്പോ​ലെ എല്ലാ അർഥത്തി​ലും വഴക്കം പ്രകട​മാ​ക്കു​ന്നു, സദാ മാറി​ക്കൊ​ണ്ടി​രി​ക്കു​ന്ന സാഹച​ര്യ​ങ്ങ​ളോ​ടും ആവശ്യ​ങ്ങ​ളോ​ടും അതു പ്രതി​ക​രി​ക്കു​ന്നു.

15 യഹോ​വ​യും അവന്റെ സംഘട​ന​യും പ്രകട​മാ​ക്കു​ന്ന വഴക്കത്തെ അനുക​രി​ക്കു​ന്ന​തി​നു ശ്രമി​ക്കാൻ മാത്രമേ മനുഷ്യർക്കു കഴിയൂ. എന്നിരു​ന്നാ​ലും, മനുഷ്യ​രും അവരുടെ സംഘട​ന​ക​ളും വഴക്ക​ത്തെ​ക്കാ​ള​ധി​കം കാർക്ക​ശ്യ​വും ന്യായ​ബോ​ധ​മി​ല്ലാ​യ്‌മ​യു​മാ​ണു പ്രകട​മാ​ക്കു​ന്നത്‌. ദൃഷ്ടാ​ന്ത​ത്തിന്‌, ഒരു എണ്ണക്കപ്പ​ലി​നോ ചരക്കു​തീ​വ​ണ്ടി​ക്കോ നമ്മെ അമ്പരി​പ്പി​ക്കാൻ പോന്ന വലുപ്പ​വും ശക്തിയും ഉണ്ടായി​രു​ന്നേ​ക്കാം. എന്നാൽ ഇവയിൽ ഒന്നി​നെ​ങ്കി​ലും സാഹച​ര്യ​ങ്ങ​ളി​ലെ പെട്ടെ​ന്നു​ള്ള മാറ്റ​ത്തോ​ടു പ്രതി​ക​രി​ക്കാ​നാ​കു​മോ? ഒരു ചരക്കു​തീ​വ​ണ്ടി​യു​ടെ മുമ്പിൽ പാളത്തി​ലേ​ക്കു വിലങ്ങനെ ഒരു വസ്‌തു വീഴു​ന്നെ​ങ്കിൽ വണ്ടി വെട്ടിച്ചു മാറ്റുക അസാധ്യ​മാണ്‌. വണ്ടി പെട്ടെന്നു നിറു​ത്തു​ന്ന​തും എളുപ്പ​മു​ള്ള കാര്യമല്ല. ഓടി​ക്കൊ​ണ്ടി​രി​ക്കു​ന്ന ഒരു കൂറ്റൻ ചരക്കു​തീ​വ​ണ്ടി ബ്രേക്കു​പി​ടിച്ച്‌ നിറു​ത്താൻ ശ്രമി​ച്ചാൽ ഏതാണ്ടു രണ്ടു കിലോ​മീ​റ്റർ കൂടെ സഞ്ചരി​ച്ച​ശേ​ഷ​മാ​യി​രി​ക്കും അതു നിൽക്കു​ന്നത്‌! സമാന​മാ​യി ഒരു കൂറ്റൻ എണ്ണക്കപ്പ​ലി​ന്റെ എഞ്ചിൻ ഓഫ്‌ ചെയ്‌താ​ലും ഏതാണ്ട്‌ 8 കിലോ​മീ​റ്റർ കൂടെ അതു നീങ്ങി​യേ​ക്കാം. എഞ്ചിൻ റിവേ​ഴ്‌സ്‌ ഗിയറി​ലി​ട്ടാ​ലും കപ്പൽ 3 കിലോ​മീ​റ്റ​റോ​ളം മുന്നോ​ട്ടു പോ​യേ​ക്കാം. കാർക്ക​ശ്യ​വും ന്യായ​ബോ​ധ​മി​ല്ലാ​യ്‌മ​യും പ്രകടി​പ്പി​ക്കു​ന്ന മനുഷ്യ സംഘട​ന​ക​ളു​ടെ കാര്യ​വും അതുത​ന്നെ​യാണ്‌. മാറി​വ​രു​ന്ന ആവശ്യ​ങ്ങ​ളോ​ടും സാഹച​ര്യ​ങ്ങ​ളോ​ടും പൊരു​ത്ത​പ്പെ​ടാൻ അഹങ്കാരം നിമിത്തം മനുഷ്യർ മിക്ക​പ്പോ​ഴും വിസമ്മ​തി​ക്കു​ന്നു. അത്തരം കാർക്ക​ശ്യം കമ്പനി​ക​ളെ പാപ്പരാ​ക്കി​യി​ട്ടുണ്ട്‌, ഭരണകൂ​ട​ങ്ങ​ളെ മറിച്ചി​ടു​ക​പോ​ലും ചെയ്‌തി​ട്ടുണ്ട്‌. (സദൃശ​വാ​ക്യ​ങ്ങൾ 16:18) യഹോ​വ​യും അവന്റെ സംഘട​ന​യും അങ്ങനെ അല്ലാത്ത​തിൽ നാം എത്ര സന്തോ​ഷി​ക്ക​ണം!

യഹോവ ന്യായ​ബോ​ധം പ്രകട​മാ​ക്കു​ന്ന വിധം

16. സൊ​ദോ​മി​ന്റെ​യും ഗൊ​മോ​ര​യു​ടെ​യും നാശത്തി​നു മുമ്പു ലോത്തി​നോട്‌ ഇടപെട്ട വിധത്തിൽ യഹോവ ന്യായ​ബോ​ധം പ്രകട​മാ​ക്കി​യത്‌ എങ്ങനെ?

16 സൊ​ദോ​മി​ന്റെ​യും ഗൊ​മോ​ര​യു​ടെ​യും നാശ​ത്തെ​ക്കു​റി​ച്ചു വീണ്ടും പരിചി​ന്തി​ക്കു​ക. ‘പർവത​ത്തി​ലേക്ക്‌ ഓടി​പ്പോ​കാൻ’ ലോത്തി​നും കുടും​ബ​ത്തി​നും യഹോ​വ​യു​ടെ ദൂതനിൽനി​ന്നു വ്യക്തമായ നിർദേ​ശം ലഭിച്ചു. എന്നാൽ ലോത്തിന്‌ അത്‌ അത്ര സ്വീകാ​ര്യ​മാ​യി​രു​ന്നില്ല. “അങ്ങനെയല്ല കർത്താവേ,” അവൻ യാചിച്ചു. പർവത​ത്തി​ലേ​ക്കു പോയാൽ താൻ മരിച്ചു​പോ​കു​മെന്ന്‌ ലോത്തി​നു തോന്നി. അതു​കൊണ്ട്‌, സോവർ എന്നു പേരുള്ള ഒരു സമീപ പട്ടണത്തി​ലേ​ക്കു പോകാൻ തന്നെയും കുടും​ബ​ത്തെ​യും അനുവ​ദി​ക്ക​ണ​മെന്ന്‌ ലോത്ത്‌ അപേക്ഷി​ച്ചു. എന്നാൽ ആ നഗരത്തെ നശിപ്പി​ക്കാൻ യഹോവ നിശ്ചയി​ച്ചി​രു​ന്നു. തന്നെയു​മല്ല, ലോത്തി​ന്റെ ഭയം വാസ്‌ത​വ​ത്തിൽ അസ്ഥാന​ത്താ​യി​രു​ന്നു. തീർച്ച​യാ​യും, യഹോ​വ​യ്‌ക്ക്‌ ലോത്തി​നെ പർവത​ത്തിൽ ജീവ​നോ​ടെ പരിര​ക്ഷി​ക്കാൻ കഴിയു​മാ​യി​രു​ന്നു! എങ്കിൽപ്പോ​ലും, യഹോവ ലോത്തി​ന്റെ അഭ്യർഥന ശ്രദ്ധി​ക്കു​ക​യും സോവ​റി​നെ നശിപ്പി​ക്കാ​തി​രി​ക്കു​ക​യും ചെയ്‌തു. “ഇക്കാര്യ​ത്തി​ലും ഞാൻ നിന്നെ കടാക്ഷി​ച്ചി​രി​ക്കു​ന്നു,” ദൂതൻ ലോത്തി​നോ​ടു പറഞ്ഞു. (ഉല്‌പത്തി 19:17-22) യഹോ​വ​യു​ടെ ന്യായ​ബോ​ധ​മ​ല്ലേ ഈ സംഭവ​ത്തിൽ നാം കാണു​ന്നത്‌?

17, 18. നീനെ​വേ​ക്കാ​രോട്‌ ഇടപെ​ട്ട​പ്പോൾ, താൻ ന്യായ​ബോ​ധ​മു​ള്ള​വ​നാ​ണെന്ന്‌ യഹോവ പ്രകട​മാ​ക്കി​യത്‌ എങ്ങനെ?

17 യഹോവ ഹൃദയം​ഗ​മ​മാ​യ അനുതാ​പ​ത്തോ​ടു പ്രതി​ക​രി​ക്കു​ക​യും ചെയ്യുന്നു, അപ്പോ​ഴെ​ല്ലാം അവൻ കരുണാ​പൂർവ​ക​വും ഉചിത​വു​മാ​യ രീതി​യി​ലാണ്‌ പ്രവർത്തി​ക്കു​ന്നത്‌. അക്രമ​വും ദുഷ്ടത​യും നിറഞ്ഞ നീനെ​വേ​യി​ലേ​ക്കു യോനാ​പ്ര​വാ​ച​ക​നെ അയച്ച​പ്പോൾ എന്തു സംഭവി​ച്ചെ​ന്നു പരിചി​ന്തി​ക്കു​ക. നീനെ​വേ​യു​ടെ തെരു​വു​ക​ളിൽ അവൻ ഘോഷിച്ച നിശ്വ​സ്‌ത സന്ദേശം തികച്ചും ലളിത​മാ​യി​രു​ന്നു: ശക്തമായ നഗരം 40 ദിവസം കഴിഞ്ഞാൽ നശിപ്പി​ക്ക​പ്പെ​ടും. എന്നുവ​രി​കി​ലും, സാഹച​ര്യ​ങ്ങൾക്കു വലിയ മാറ്റം വന്നു. നീനെ​വേ​ക്കാർ അനുത​പി​ച്ചു!—യോനാ, 3-ാം അധ്യായം.

18 മാറിവന്ന ഈ സാഹച​ര്യ​ത്തോട്‌ യഹോ​വ​യും യോനാ​യും പ്രതി​ക​രി​ച്ച വിധം താരത​മ്യ​പ്പെ​ടു​ത്തു​ന്നതു പ്രബോ​ധ​നാ​ത്മ​ക​മാണ്‌. ഈ സന്ദർഭ​ത്തിൽ ഒരു “യുദ്ധവീ​രൻ” എന്നനി​ല​യിൽ പ്രവർത്തി​ക്കു​ന്ന​തി​നു പകരം ഒരു പാപ​മോ​ച​കൻ എന്നനി​ല​യിൽ പ്രവർത്തി​ച്ചു​കൊണ്ട്‌ യഹോവ വഴക്കം പ്രകട​മാ​ക്കി. * (പുറപ്പാ​ടു 15:3) എന്നാൽ യോനാ​യാ​ക​ട്ടെ, വഴക്കവും കരുണ​യും പ്രകട​മാ​ക്കു​ന്ന​തിൽ പരാജ​യ​പ്പെ​ട്ടു. യഹോ​വ​യു​ടെ ന്യായ​ബോ​ധ​ത്തെ പ്രതി​ഫ​ലി​പ്പി​ക്കു​ന്ന​തി​നു പകരം, നേരത്തേ പറഞ്ഞ ചരക്കു​തീ​വ​ണ്ടി​യെ​പ്പോ​ലെ അല്ലെങ്കിൽ എണ്ണക്കപ്പ​ലി​നെ​പ്പോ​ലെ​യാണ്‌ അവൻ പ്രവർത്തി​ച്ചത്‌. പട്ടണം നശിപ്പി​ക്ക​പ്പെ​ടു​മെന്ന്‌ അവൻ ഘോഷി​ച്ചി​രു​ന്നു, അതു​കൊണ്ട്‌ അതുതന്നെ സംഭവി​ക്ക​ണ​മെന്ന്‌ അവൻ ആഗ്രഹി​ച്ചു! എന്നാൽ യഹോവ ഈ അക്ഷമനായ പ്രവാ​ച​ക​നെ ന്യായ​ബോ​ധ​വും കരുണ​യും സംബന്ധിച്ച സ്‌മര​ണാർഹ​മാ​യ ഒരു പാഠം പഠിപ്പി​ച്ചു.—യോനാ, 4-ാം അധ്യായം.

യഹോവ ന്യായ​ബോ​ധ​മു​ള്ള​വ​നാണ്‌, നമ്മുടെ പരിമി​തി​കൾ മനസ്സിലാക്കുന്നവനാണ്‌

19. (എ) നമ്മിൽനി​ന്നു പ്രതീ​ക്ഷി​ക്കു​ന്ന കാര്യങ്ങൾ സംബന്ധിച്ച്‌ യഹോവ ന്യായ​ബോ​ധ​മു​ള്ള​വ​നാ​ണെന്ന്‌ ഉറപ്പു​ണ്ടാ​യി​രി​ക്കാ​വു​ന്നത്‌ എന്തു​കൊണ്ട്‌? (ബി) യഹോവ ‘നല്ലവനും ന്യായ​ബോ​ധ​മു​ള്ള​വ​നു​മായ’ ഒരു യജമാനൻ ആണെന്നും അതു​പോ​ലെ അത്യന്തം താഴ്‌മ​യു​ള്ള​വൻ ആണെന്നും സദൃശ​വാ​ക്യ​ങ്ങൾ 19:17 പ്രകട​മാ​ക്കു​ന്നത്‌ എങ്ങനെ?

19 അവസാ​ന​മാ​യി, നമ്മിൽനി​ന്നു പ്രതീ​ക്ഷി​ക്കു​ന്ന കാര്യങ്ങൾ സംബന്ധി​ച്ചും യഹോവ ന്യായ​ബോ​ധം പ്രകട​മാ​ക്കു​ന്നു. ദാവീദ്‌ രാജാവ്‌ ഇങ്ങനെ പറഞ്ഞു: “അവൻ നമ്മുടെ പ്രകൃതി അറിയു​ന്നു​വ​ല്ലോ; നാം പൊടി എന്നു അവൻ ഓർക്കു​ന്നു.” (സങ്കീർത്ത​നം 103:14) നമ്മെക്കാൾ നന്നായി നമ്മുടെ പരിമി​തി​ക​ളും അപൂർണ​ത​ക​ളും യഹോവ മനസ്സി​ലാ​ക്കു​ന്നു. നമുക്കു ചെയ്യാ​വു​ന്ന​തി​ല​ധി​കം അവൻ നമ്മിൽനിന്ന്‌ ഒരിക്ക​ലും പ്രതീ​ക്ഷി​ക്കു​ന്നി​ല്ല. ‘നല്ലവരും ന്യായ​ബോ​ധ​മു​ള്ള​വ​രു​മായ’ മനുഷ്യ യജമാ​ന​ന്മാ​രെ, ‘പ്രീതി​പ്പെ​ടു​ത്താ​നാ​കാത്ത’ യജമാ​ന​ന്മാ​രു​മാ​യി ബൈബിൾ വിപരീത താരത​മ്യം ചെയ്യുന്നു. (1 പത്രൊസ്‌ 2:18, NW) യഹോവ ഏതുതരം യജമാ​ന​നാണ്‌? സദൃശ​വാ​ക്യ​ങ്ങൾ 19:17 പറയു​ന്ന​തു ശ്രദ്ധി​ക്കു​ക: “എളിയ​വ​നോ​ടു കൃപ കാട്ടു​ന്ന​വൻ യഹോ​വെ​ക്കു വായ്‌പ കൊടു​ക്കു​ന്നു.” എളിയ​വർക്കു​വേ​ണ്ടി ചെയ്യുന്ന ഓരോ ദയാ​പ്ര​വൃ​ത്തി​യെ​യും ശ്രദ്ധി​ക്കു​ന്ന​തു വ്യക്തമാ​യും ന്യായ​ബോ​ധ​മു​ള്ള ഒരു നല്ല യജമാനൻ മാത്ര​മാണ്‌. അതിലു​പ​രി, അത്തരം കരുണാ പ്രവൃ​ത്തി​കൾ ചെയ്യുന്ന നിസ്സാര മനുഷ്യ​രോ​ടു ഫലത്തിൽ, താൻ കടപ്പെ​ട്ടി​രി​ക്കു​ന്ന​താ​യി അഖിലാ​ണ്ഡ​ത്തി​ന്റെ സ്രഷ്ടാവ്‌ കരുതു​ന്നു​വെന്ന്‌ ഈ തിരു​വെ​ഴു​ത്തു സൂചി​പ്പി​ക്കു​ന്നു! താഴ്‌മ​യു​ടെ എത്ര ഉദാത്ത​മാ​യ ദൃഷ്ടാന്തം!

20. യഹോവ നമ്മുടെ പ്രാർഥ​ന​കൾ കേൾക്കു​ക​യും അവയ്‌ക്ക്‌ ഉത്തരം നൽകു​ക​യും ചെയ്യുന്നു എന്നതിന്‌ എന്ത്‌ ഉറപ്പുണ്ട്‌?

20 തന്റെ ഇന്നത്തെ ദാസന്മാ​രോട്‌ ഇടപെ​ടു​മ്പോ​ഴും യഹോവ സൗമ്യ​ത​യും ന്യായ​ബോ​ധ​വും പ്രകട​മാ​ക്കു​ന്നു. നാം വിശ്വാ​സ​ത്തോ​ടെ പ്രാർഥി​ക്കു​മ്പോൾ അവൻ കേൾക്കു​ന്നു. നമ്മോടു സംസാ​രി​ക്കാൻ അവൻ ദൂതന്മാ​രെ അയയ്‌ക്കു​ന്നി​ല്ലെ​ങ്കി​ലും, നമ്മുടെ പ്രാർഥ​ന​കൾക്ക്‌ അവൻ ഉത്തരം നൽകു​ന്നി​ല്ലെ​ന്നു നാം നിഗമനം ചെയ്യരുത്‌. തടവിൽ നിന്നുള്ള തന്റെ വിമോ​ച​ന​ത്തി​നു​വേണ്ടി ‘പ്രാർഥി​ക്കാൻ’ അപ്പൊ​സ്‌ത​ല​നാ​യ പൗലൊസ്‌ സഹവി​ശ്വാ​സി​ക​ളോട്‌ അഭ്യർഥി​ച്ച​ശേ​ഷം, “എന്നെ നിങ്ങൾക്കു വേഗത്തിൽ വീണ്ടും കിട്ടേ​ണ്ട​തി​ന്നു” അപ്രകാ​രം ചെയ്യാൻ അവൻ കൂട്ടി​ച്ചേർത്തു. (എബ്രായർ 13:18, 19) അതു​കൊണ്ട്‌, മറ്റു പ്രകാ​ര​ത്തി​ലാ​യി​രു​ന്നെ​ങ്കിൽ ഒരുപക്ഷേ ചെയ്യു​മാ​യി​രു​ന്നി​ല്ലാത്ത ഒരു കാര്യം ചെയ്യാൻപോ​ലും നമ്മുടെ പ്രാർഥ​ന​കൾ യഹോ​വ​യെ പ്രേരി​പ്പി​ച്ചേ​ക്കാം!—യാക്കോബ്‌ 5:16.

21. യഹോ​വ​യു​ടെ താഴ്‌മ​യോ​ടു​ള്ള ബന്ധത്തിൽ നാം ഒരിക്ക​ലും എന്തു നിഗമനം ചെയ്യരുത്‌, പകരം നാം അവനെ സംബന്ധിച്ച്‌ എന്തു വിലമ​തി​ക്ക​ണം?

21 എന്നാൽ, യഹോ​വ​യു​ടെ താഴ്‌മ​യു​ടെ ഈ പ്രകട​ന​ങ്ങ​ളൊ​ന്നും​—അവന്റെ സൗമ്യത, ശ്രദ്ധി​ക്കാ​നു​ള്ള സന്നദ്ധത, ക്ഷമ, ന്യായ​ബോ​ധം എന്നിവ ഒന്നും—അവൻ തന്റെ നീതി​യു​ള്ള തത്ത്വങ്ങ​ളിൽ വിട്ടു​വീ​ഴ്‌ച ചെയ്യുന്നു എന്ന്‌ അർഥമാ​ക്കു​ന്നി​ല്ല. യഹോ​വ​യു​ടെ ധാർമിക നിലവാ​ര​ങ്ങ​ളിൽ വെള്ളം ചേർത്തു​കൊണ്ട്‌ തങ്ങളുടെ അജഗണത്തെ രസിപ്പി​ക്കു​ക​വ​ഴി തങ്ങൾ ന്യായ​ബോ​ധം പ്രകട​മാ​ക്കു​ക​യാ​ണെന്നു ക്രൈ​സ്‌ത​വ​ലോ​ക​ത്തി​ലെ വൈദി​കർ വിചാ​രി​ച്ചേ​ക്കാം. (2 തിമൊ​ഥെ​യൊസ്‌ 4:3, 4) എന്നാൽ എന്തെങ്കി​ലും താത്‌കാ​ലി​ക ഗുണത്തി​നാ​യി നിലവാ​ര​ങ്ങ​ളിൽ വിട്ടു​വീ​ഴ്‌ച ചെയ്യാ​നു​ള്ള മാനു​ഷി​ക പ്രവണ​ത​യ്‌ക്ക്‌ ദിവ്യ​ന്യാ​യ​ബോ​ധ​വു​മാ​യി യാതൊ​രു ബന്ധവു​മി​ല്ല. യഹോവ പരിശു​ദ്ധ​നാണ്‌; അവൻ ഒരിക്ക​ലും തന്റെ നീതി​യു​ള്ള നിലവാ​ര​ങ്ങ​ളെ ദുഷി​പ്പി​ക്കു​ക​യി​ല്ല. (ലേവ്യ​പു​സ്‌ത​കം 11:44) അതേ, യഹോ​വ​യു​ടെ ന്യായ​ബോ​ധം അവന്റെ താഴ്‌മ​യു​ടെ തെളി​വാ​യി​രി​ക്ക​യാൽ നമുക്ക്‌ അതിനെ സ്‌നേ​ഹി​ക്കാം. അഖിലാ​ണ്ഡ​ത്തി​ലെ ഏറ്റവും ജ്ഞാനി​യാ​യ യഹോ​വ​യാം ദൈവം താഴ്‌മ പ്രകട​മാ​ക്കു​ന്ന​തിൽ ഉത്തമ മാതൃക വെക്കുന്നു എന്ന അറിവ്‌ നിങ്ങളെ പുളകം​കൊ​ള്ളി​ക്കു​ന്നി​ല്ലേ? ഭയാദ​രവ്‌ അർഹി​ക്കു​ന്ന​വ​നാ​ണെ​ങ്കി​ലും സൗമ്യ​നും ക്ഷമാശീ​ല​നും ന്യായ​ബോ​ധ​മു​ള്ള​വ​നു​മായ ഈ ദൈവ​ത്തോട്‌ അടുത്തു ചെല്ലു​ന്നത്‌ എത്ര ആഹ്ലാദ​ക​ര​മാ​യ അനുഭ​വ​മാണ്‌!

^ പുരാതന ശാസ്‌ത്രി​മാർ അഥവാ സോഫ​റിം ഈ വാക്യ​ത്തി​നു മാറ്റം വരുത്തി. കുനി​യു​ന്ന​തു യഹോ​വ​യല്ല, യിരെ​മ്യാ​വാണ്‌ എന്ന്‌ അവർ അവകാ​ശ​പ്പെ​ട്ടു. അത്തരം വിനീത പ്രവൃത്തി ചെയ്യു​ന്നത്‌ യഹോ​വ​യെ സംബന്ധി​ച്ചി​ട​ത്തോ​ളം അനുചി​ത​മാ​ണെന്ന്‌ അവർ കരുതി​യി​രി​ക്ക​ണം. തത്‌ഫ​ല​മാ​യി, മനോ​ഹ​ര​മാ​യ ഈ വാക്യ​ത്തി​ന്റെ ആശയം അനേകം ഭാഷാ​ന്ത​ര​ങ്ങൾക്കും നഷ്ടമാ​യി​രി​ക്കു​ന്നു. എന്നിരു​ന്നാ​ലും, ദൈവ​ത്തോ​ടു​ള്ള യിരെ​മ്യാ​വി​ന്റെ അപേക്ഷ ദ ന്യൂ ഇംഗ്ലീഷ്‌ ബൈബിൾ കൃത്യ​മാ​യി ഇങ്ങനെ വിവർത്ത​നം ചെയ്യുന്നു: “ഓർക്കേ​ണ​മേ, ഹാ, ഓർക്കേ​ണ​മേ, എന്റെ അടു​ത്തേ​ക്കു കുനി​ഞ്ഞു​വ​രേ​ണ​മേ.”

^ മറ്റു ഭാഷാ​ന്ത​ര​ങ്ങൾ “ജ്ഞാനത്തിൽനിന്ന്‌ ഉത്ഭൂത​മാ​കു​ന്ന താഴ്‌മ” എന്നും “ജ്ഞാനത്തി​ന്റെ ലക്ഷണമായ സൗമ്യ​ഭാ​വം” എന്നും പറയുന്നു.

^ ബൈബിൾ ക്ഷമയെ അഹങ്കാ​ര​വു​മാ​യി വിപരീത താരത​മ്യം ചെയ്യുന്നു എന്നതു ശ്രദ്ധേ​യ​മാണ്‌. (സഭാ​പ്ര​സം​ഗി 7:8) യഹോ​വ​യു​ടെ ക്ഷമ അവന്റെ താഴ്‌മ​യ്‌ക്ക്‌ കൂടു​ത​ലാ​യ തെളിവു നൽകുന്നു.—2 പത്രൊസ്‌ 3:9.

^ സങ്കീർത്തനം 86:5-ൽ യഹോവ “നല്ലവനും ക്ഷമിക്കു​ന്ന​വ​നും” ആണെന്നു പറയുന്നു. ആ സങ്കീർത്ത​നം ഗ്രീക്കി​ലേ​ക്കു പരിഭാ​ഷ​പ്പെ​ടു​ത്തി​യ​പ്പോൾ ‘ക്ഷമിക്കു​ന്ന​വൻ’ എന്ന പദപ്ര​യോ​ഗം എപ്പിയി​കിസ്‌ അല്ലെങ്കിൽ “ന്യായ​ബോ​ധ​മു​ള്ള​വൻ” എന്നാണു വിവർത്ത​നം ചെയ്‌തത്‌.