വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

സാത്താന്റെ നുണപ്രചാരണത്തിനു ചെവികൊടുക്കരുത്‌

സാത്താന്റെ നുണപ്രചാരണത്തിനു ചെവികൊടുക്കരുത്‌

സാത്താന്റെ നുണപ്രചാരണത്തിനു ചെവികൊടുക്കരുത്‌

‘നിങ്ങൾ വഞ്ചിക്കപ്പെടുകയാണ്‌. നിങ്ങളുടെ ദൈവം നിങ്ങളെ രക്ഷിക്കാൻപോകുന്നില്ല. കീഴടങ്ങുക, അല്ലാത്തപക്ഷം ഭവിഷ്യത്തു നേരിടാൻ ഒരുങ്ങിക്കൊള്ളുക!’ അസ്സീറിയൻ രാജാവായ സൻഹേരീബിന്റെ പ്രതിനിധിയായ റബ്‌-ശാക്കേ യെരുശലേം നിവാസികൾക്കു നൽകിയ താക്കീതിന്റെ ചുരുക്കം അതായിരുന്നു. സൻഹേരീബിന്റെ സൈന്യം യെഹൂദ ദേശം കൈയടക്കിയിരുന്നു. യെരുശലേം നിവാസികളുടെ ആത്മവീര്യം കെടുത്തുകയും അങ്ങനെ കീഴടങ്ങാൻ അവരെ പ്രേരിപ്പിക്കുകയുമായിരുന്നു റബ്‌-ശാക്കേയുടെ ഉദ്ദേശ്യം.—2 രാജാ. 18:28-35.

ക്രൂരതയ്‌ക്കു പേരുകേട്ടവരായിരുന്നു അസ്സീറിയക്കാർ. ബന്ദികളോടു കാട്ടിയിരുന്ന ക്രൂരതകൾ വർണിച്ച്‌ ശത്രുക്കളിൽ ഭീതി ജനിപ്പിക്കുന്നത്‌ അവരുടെ ഒരു രീതിയായിരുന്നു. “ശത്രുക്കളോട്‌ കൊടുംക്രൂരതകൾ കാട്ടുന്നതും പിന്നീട്‌ അതേക്കുറിച്ച്‌ പ്രചാരണം നടത്തുന്നതും” അസ്സീറിയക്കാരുടെ ഒരു യുദ്ധതന്ത്രമായിരുന്നുവെന്ന്‌ ചരിത്രകാരനായ ഫിലിപ്പ്‌ ടെയ്‌ലർ പറയുന്നു. “യുദ്ധത്തിൽ കീഴടക്കപ്പെടുന്നവർ ഇനിയൊരിക്കലും തലപൊക്കാതിരിക്കാനും ശത്രുക്കളാകാൻ സാധ്യതയുള്ളവരുടെ മനസ്സിടിച്ചുകളയാനും വേണ്ടിയായിരുന്നു അവർ ഇങ്ങനെയൊരു പ്രചാരണതന്ത്രം പയറ്റിയിരുന്നത്‌.” അതിശക്തമായ ഒരു ആയുധമാണത്‌. അത്‌ “ആളുകളുടെ മനസ്സിനെ തകർത്തുകളയും,” ടെയ്‌ലർ പറയുന്നു.

സത്യക്രിസ്‌ത്യാനികൾക്ക്‌ ഒരു “പോരാട്ട”മുണ്ട്‌; ‘മാംസരക്തങ്ങളോടല്ല, ദുഷ്ടാത്മസേനകളോട്‌.’ ദൈവത്തിനെതിരെ മത്സരിച്ച ആത്മരൂപികളാണ്‌ ഈ സേനയിലുള്ളത്‌. (എഫെ. 6:12) പിശാചായ സാത്താനാണ്‌ അവരുടെ നേതാവ്‌. അവനും മേൽപ്പറഞ്ഞ തന്ത്രം ആയുധമാക്കുന്നു.

ദൈവത്തോടുള്ള നമ്മുടെ ഓരോരുത്തരുടെയും വിശ്വസ്‌തത തകർക്കാൻ തനിക്കു കഴിയുമെന്ന്‌ സാത്താൻ അവകാശപ്പെടുന്നു. ഇയ്യോബിന്റെ കാലത്ത്‌ അവൻ യഹോവയോട്‌ ഇങ്ങനെ സമർഥിച്ചു: “മനുഷ്യൻ തനിക്കുള്ളതൊക്കെയും തന്റെ ജീവന്നു പകരം കൊടുത്തുകളയും.” ഫലത്തിൽ അവൻ പറഞ്ഞത്‌, മനുഷ്യന്റെമേൽ സമ്മർദം ചെലുത്തിയാൽ ഇന്നല്ലെങ്കിൽ നാളെ അവൻ ദൈവത്തോടുള്ള വിശ്വസ്‌തത വിട്ടുകളയുമെന്നാണ്‌. (ഇയ്യോ. 2:4) സാത്താൻ പറഞ്ഞത്‌ ശരിയാണോ? ജീവൻ നഷ്ടപ്പെടുമെന്ന ഘട്ടമെത്തിയാൽ നാമെല്ലാവരും നമ്മുടെ തത്ത്വങ്ങളിൽ വിട്ടുവീഴ്‌ച കാണിക്കുമോ? കാണിച്ചുപോകുമെന്ന്‌ നാം ചിന്തിക്കാനാണ്‌ സാത്താൻ ആഗ്രഹിക്കുന്നത്‌. അങ്ങനെയൊരു ചിന്ത നമ്മുടെ മനസ്സിൽ വേരെടുക്കാനായി അവൻ തന്ത്രപൂർവം കുപ്രചാരണങ്ങൾ അഴിച്ചുവിടുന്നു. അവൻ അതു ചെയ്യുന്നത്‌ എങ്ങനെയെന്നും അതിനെ നമുക്ക്‌ എങ്ങനെ ചെറുത്തുനിൽക്കാമെന്നും നോക്കാം.

അവർ ‘പൊടിയിൽനിന്ന്‌ ഉത്ഭവിച്ചവർ’

മനുഷ്യൻ തീർത്തും ദുർബലനാണെന്നു സമർഥിക്കാൻ, ഇയ്യോബിനെ കാണാൻ വന്ന സുഹൃത്തുക്കളിൽ ഒരാളായ എലീഫസിനെ സാത്താൻ ഉപയോഗിച്ചു. മനുഷ്യരെ ‘മൺപുരകളിൽ പാർക്കുന്നവർ’ എന്നു വിശേഷിപ്പിച്ച എലീഫസ്‌ ഇയ്യോബിനോടു പറഞ്ഞു: ‘(അവർ) പൊടിയിൽനിന്നുത്ഭവിച്ചു പുഴുപോലെ ചതെഞ്ഞുപോകുന്നവർ! ഉഷസ്സിന്നും സന്ധ്യെക്കും മധ്യേ അവർ തകർന്നുപോകുന്നു; ആരും ഗണ്യമാക്കാതെ അവർ എന്നേക്കും നശിക്കുന്നു.’—ഇയ്യോ. 4:19, 20.

തിരുവെഴുത്തുകളിൽ മറ്റൊരിടത്ത്‌ നമ്മെ ഉടഞ്ഞുപോകുന്ന “മൺപാത്രങ്ങ”ളോട്‌ ഉപമിച്ചിട്ടുണ്ടെന്നുള്ളതു ശരിയാണ്‌. (2 കൊരി. 4:7) പാരമ്പര്യമായി കൈമാറിക്കിട്ടിയ പാപവും അപൂർണതയും നിമിത്തമാണ്‌ നാം ബലഹീനരായിരിക്കുന്നത്‌. (റോമ. 5:12) സ്വന്തം ശക്തിയാൽ നമുക്ക്‌ സാത്താന്റെ ആക്രമണങ്ങളെ ചെറുക്കാനാവില്ല. എന്നാൽ ക്രിസ്‌ത്യാനികളായ നമുക്ക്‌ സഹായത്തിനായി യഹോവയുണ്ട്‌. ബലഹീനരാണെങ്കിലും യഹോവയുടെ ദൃഷ്ടിയിൽ നാം വിലയേറിയവരാണ്‌. (യെശ. 43:4) മാത്രമല്ല, തന്നോടു ചോദിക്കുന്നവർക്ക്‌ തന്റെ പരിശുദ്ധാത്മാവിനെ നൽകാൻ യഹോവ സന്നദ്ധനാണ്‌. (ലൂക്കോ. 11:13) സാത്താൻ കൊണ്ടുവരുന്ന ഏതു പരീക്ഷകളെയും തരണംചെയ്യാൻ ആവശ്യമായ “അസാമാന്യശക്തി” ദൈവത്തിന്റെ പരിശുദ്ധാത്മാവ്‌ നമുക്കു നൽകും. (2 കൊരി. 4:7; ഫിലി. 4:13) “വിശ്വാസത്തിൽ ഉറപ്പുള്ളവരായി” നാം സാത്താനോട്‌ എതിർത്തുനിൽക്കുന്നെങ്കിൽ ദൈവം നമ്മെ ഉറപ്പിക്കുകയും ശക്തരാക്കുകയും ചെയ്യും. (1 പത്രോ. 5:8-10) അതുകൊണ്ട്‌ പിശാചായ സാത്താനെ നാം ഭയക്കേണ്ട ആവശ്യമില്ല.

മനുഷ്യൻ ‘വെള്ളംപോലെ അകൃത്യം കുടിക്കുന്നവൻ’

“മർത്യൻ ശുദ്ധിമാനായിരിക്കുന്നതെങ്ങനെ? സ്‌ത്രീ പ്രസവിച്ചവൻ നീതിമാനായിരിക്കുന്നതെങ്ങനെ?” എന്ന്‌ എലീഫസ്‌ ചോദിച്ചു. തുടർന്ന്‌ അവൻ ഇങ്ങനെ പറഞ്ഞു: “തന്റെ വിശുദ്ധന്മാരിലും (ദൈവത്തിനു) വിശ്വാസമില്ലല്ലോ; സ്വർഗ്ഗവും തൃക്കണ്ണിന്നു നിർമ്മലമല്ല. പിന്നെ മ്ലേച്ഛതയും വഷളത്വവുമുള്ളവനായി വെള്ളംപോലെ അകൃത്യം കുടിക്കുന്ന മനുഷ്യൻ എങ്ങനെ?” (ഇയ്യോ. 15:14-16) യഹോവ ഒരു മനുഷ്യനെയും നീതിമാനായി കണക്കാക്കുന്നില്ലെന്ന്‌ ഇയ്യോബിനോട്‌ പറയുകയായിരുന്നു എലീഫസ്‌. പിശാചും ഇതുപോലെ നിഷേധാത്മക ചിന്തകളെ മുതലെടുക്കുന്നു. കഴിഞ്ഞകാലത്തു ചെയ്‌ത തെറ്റുകളെപ്രതി സ്വയം കുറ്റപ്പെടുത്തിക്കൊണ്ട്‌ നാം ദുഃഖിച്ചുകഴിയാനും ദൈവം നമ്മുടെ തെറ്റുകൾ ഒരിക്കലും ക്ഷമിക്കില്ലെന്നു ചിന്തിക്കാനും സാത്താൻ ആഗ്രഹിക്കുന്നു. നമ്മുടെ കഴിവിനപ്പുറത്തുള്ള കാര്യങ്ങൾ യഹോവ നമ്മിൽനിന്ന്‌ പ്രതീക്ഷിക്കുന്നുണ്ടെന്ന്‌ സാത്താൻ നമ്മെ വിശ്വസിപ്പിക്കാൻ ശ്രമിച്ചേക്കാം. ദൈവത്തിന്റെ കരുണയെയും ക്ഷമിക്കാനുള്ള മനസ്സൊരുക്കത്തെയും പിന്തുണയെയും നാം വിലകുറച്ചുകാണാനും സാത്താൻ ആഗ്രഹിക്കുന്നു.

നാം “എല്ലാവരും പാപം ചെയ്‌തു ദൈവികമഹത്ത്വം ഇല്ലാത്തവരായിത്തീർന്നിരിക്കുന്നു” എന്നതു ശരിതന്നെ. യഹോവയുടെ പൂർണതയുള്ള നിലവാരങ്ങളിൽ എത്തിച്ചേരാൻ അപൂർണനായ ഒരു മനുഷ്യനും സാധിക്കുകയില്ല. (റോമ. 3:23; 7:21-23) എന്നാൽ ദൈവം നമ്മെ എഴുതിത്തള്ളിയിരിക്കുന്നെന്ന്‌ അതിനർഥമില്ല. ‘പിശാച്‌ എന്നും സാത്താൻ എന്നും പേരുള്ളവനായ പഴയ പാമ്പാണ്‌’ നമ്മുടെ പാപാവസ്ഥയെ മുതലെടുക്കുന്നതെന്ന്‌ യഹോവയ്‌ക്ക്‌ അറിയാം. (വെളി. 12:9, 10) “നാം പൊടി”യാണെന്ന വസ്‌തുത യഹോവ കണക്കിലെടുക്കുന്നു. നമ്മെ ശാസിക്കാനായി അവൻ എപ്പോഴും നമ്മുടെ കുറ്റങ്ങൾ കണ്ടുപിടിക്കാൻ ശ്രമിക്കുന്നില്ല.—സങ്കീ. 103:8, 9, 14.

നാം തെറ്റായ ഗതി ഉപേക്ഷിച്ച്‌ അനുതാപമുള്ള ഹൃദയത്തോടെ യഹോവയെ സമീപിക്കുന്നെങ്കിൽ നമ്മോട്‌ “അവൻ ധാരാളം ക്ഷമിക്കും.” (യെശ. 55:7; സങ്കീ. 51:17) നമ്മുടെ പാപങ്ങൾ “കടുഞ്ചുവപ്പായിരുന്നാലും ഹിമംപോലെ വെളുക്കും” എന്ന്‌ ബൈബിൾ പറയുന്നു. (യെശ. 1:18) അതുകൊണ്ട്‌ ദൈവേഷ്ടം ചെയ്യുന്നത്‌ ഒരിക്കലും നിറുത്തിക്കളയില്ല എന്ന്‌ നമുക്ക്‌ ദൃഢനിശ്ചയം ചെയ്യാം.

നമ്മുടെ ഈ പാപാവസ്ഥയിൽ ദൈവമുമ്പാകെ നമുക്ക്‌ ഒരിക്കലും നീതിനിഷ്‌ഠമായ ഒരു നില നേടാനാവില്ല. ആദാമിനും ഹവ്വായ്‌ക്കും, പൂർണതയും നിത്യം ജീവിക്കാനുള്ള പ്രത്യാശയും ഇല്ലാതായി, അവർക്കു മാത്രമല്ല നമുക്കേവർക്കും. (റോമ. 6:23) എന്നാൽ മനുഷ്യവർഗത്തോടുള്ള അഗാധമായ സ്‌നേഹംനിമിത്തം യഹോവ നമ്മുടെ പാപങ്ങൾ മായ്‌ച്ചുകളയാനായി ഒരു ക്രമീകരണം ചെയ്‌തു. തന്റെ പുത്രനായ യേശുവിനെ അവൻ നമുക്കുവേണ്ടി ഒരു മറുവിലയാഗമായി നൽകി. നാം യേശുവിന്റെ ആ യാഗത്തിൽ വിശ്വസിക്കുന്നെങ്കിൽ നമ്മുടെ പാപങ്ങൾ ക്ഷമിച്ചുകിട്ടും. (മത്താ. 20:28; യോഹ. 3:16) ദൈവകൃപയുടെ എത്ര വലിയ തെളിവാണ്‌ അത്‌! (തീത്തൊ. 2:11) അതെ, പാപങ്ങളിൽനിന്ന്‌ വീണ്ടെടുക്കപ്പെടാവുന്നവരാണ്‌ നാം! അപ്പോൾ, നമ്മെക്കൊണ്ട്‌ മറിച്ചുചിന്തിപ്പിക്കാൻ നാം സാത്താനെ അനുവദിക്കേണ്ടതുണ്ടോ?

“അവന്റെ അസ്ഥിയും മാംസവും ഒന്നു തൊടുക”

ഇയ്യോബിന്റെ ആരോഗ്യം നഷ്ടമായാൽ അവൻ ദൈവത്തിലുള്ള തന്റെ വിശ്വാസം ത്യജിക്കുമെന്ന്‌ സാത്താൻ അവകാശപ്പെട്ടു. യഹോവയെ വെല്ലുവിളിച്ചുകൊണ്ട്‌ പിശാച്‌ പറഞ്ഞു: “നിന്റെ കൈ നീട്ടി അവന്റെ അസ്ഥിയും മാംസവും ഒന്നു തൊടുക; അവൻ നിന്നെ മുഖത്തു നോക്കി ത്യജിച്ചുപറയും.” (ഇയ്യോ. 2:5) ശാരീരിക പ്രശ്‌നങ്ങൾനിമിത്തം നാം ഒന്നിനുംകൊള്ളാത്തവരാണെന്ന്‌ നമ്മെക്കൊണ്ട്‌ വിശ്വസിപ്പിക്കാൻ കഴിഞ്ഞാൽ ദൈവത്തിന്റെ എതിരാളിയായ സാത്താന്‌ അതിൽപ്പരമൊരു സന്തോഷം വേറെയുണ്ടാവില്ല.

ദൈവസേവനത്തിൽ മുമ്പ്‌ നാം ചെയ്‌തിരുന്നത്രയും ഇപ്പോൾ നമുക്കു ചെയ്യാൻ കഴിയുന്നില്ലായിരിക്കാം. എന്നാൽ ഒരു കാര്യം നമുക്ക്‌ മനസ്സിൽപ്പിടിക്കാം: യഹോവ നമ്മെ ഒരിക്കലും ഉപേക്ഷിക്കുകയില്ല. നമ്മുടെ ഒരു സുഹൃത്തിന്‌ പരിക്കേറ്റുവെന്നിരിക്കട്ടെ. മുമ്പ്‌ ആ വ്യക്തി നമുക്കുവേണ്ടി ചെയ്‌തിരുന്ന കാര്യങ്ങളൊന്നും ഇപ്പോൾ അദ്ദേഹത്തിനു ചെയ്യാൻ കഴിയുന്നില്ലെന്നുവെച്ച്‌ നമുക്ക്‌ അദ്ദേഹത്തോടുള്ള സ്‌നേഹം കുറഞ്ഞുപോകുമോ? ഒരിക്കലുമില്ല! നാം മുമ്പത്തെപ്പോലെതന്നെ അദ്ദേഹത്തെ സ്‌നേഹിക്കും. നാം അദ്ദേഹത്തെ പരിചരിക്കും. ഇനി, നമുക്കുവേണ്ടി എന്തെങ്കിലും ചെയ്യുന്നതിനിടയ്‌ക്കാണ്‌ അദ്ദേഹത്തിനു പരിക്കുപറ്റിയതെങ്കിലോ? അദ്ദേഹത്തോടുള്ള നമ്മുടെ സ്‌നേഹം എത്ര ഇരട്ടിയായിരിക്കും! അങ്ങനെയെങ്കിൽ യഹോവയുടെ കാര്യമോ? “തന്റെ നാമത്തോടു നിങ്ങൾ കാണിച്ചിരിക്കുന്ന സ്‌നേഹവും നിങ്ങൾ ചെയ്‌തിരിക്കുന്ന സേവനവും മറന്നുകളയാൻ തക്കവണ്ണം ദൈവം അനീതിയുള്ളവനല്ല” എന്ന്‌ ബൈബിൾ പറയുന്നു.—എബ്രാ. 6:10.

ബൈബിളിൽ പറഞ്ഞിരിക്കുന്ന ‘ദരിദ്രയായ വിധവ’യെക്കുറിച്ചു ചിന്തിക്കുക. വർഷങ്ങളോളം ദൈവത്തിന്റെ സത്യാരാധനയെ പിന്തുണച്ചിരുന്ന ഒരു വ്യക്തിയായിരുന്നിരിക്കാം അവൾ. ആ സ്‌ത്രീ ഭണ്ഡാരത്തിൽ “മൂല്യംകുറഞ്ഞ രണ്ടു ചെറുതുട്ടുകൾ ഇടുന്നതു” കണ്ടപ്പോൾ യേശുവിന്റെ മനോഭാവം എന്തായിരുന്നു? അവളുടെ സംഭാവനയെ അവൻ തുച്ഛീകരിച്ചുകണ്ടോ? ഇല്ല. മറിച്ച്‌, സത്യാരാധനയെ പിന്തുണയ്‌ക്കാൻ തന്റെ കഴിവിന്റെ പരമാവധി അവൾ ചെയ്യുന്നതു കണ്ടപ്പോൾ യേശു അവളെക്കുറിച്ച്‌ പ്രശംസിച്ചുസംസാരിക്കുകയാണുണ്ടായത്‌.—ലൂക്കോ. 21:1-4.

അപൂർണതയുടെ ഫലമായുള്ള വാർധക്യമോ രോഗമോ നമ്മുടെ ആരോഗ്യത്തിന്‌ എത്ര കോട്ടംവരുത്തിയാലും, നാം വിശ്വസ്‌തതയോടെ നിലകൊള്ളുന്നെങ്കിൽ യഹോവയുമായുള്ള നമ്മുടെ ബന്ധത്തിന്‌ ഒരു ഉലച്ചിലും തട്ടില്ല. അതെ, തന്റെ വിശ്വസ്‌ത ആരാധകരിൽ ഒരാൾക്ക്‌ ആരോഗ്യപ്രശ്‌നങ്ങൾനിമിത്തം ദൈവസേവനത്തിൽ മുമ്പത്തെ അത്രയും ചെയ്യാൻ സാധിക്കുന്നില്ലെന്നുവെച്ച്‌ യഹോവ അയാളെ ഒരിക്കലും ഉപേക്ഷിക്കില്ല.—സങ്കീ. 71:9, 17, 18.

‘രക്ഷ എന്ന ശിരസ്‌ത്രം’ ധരിക്കുക

സാത്താന്റെ നുണപ്രചാരണത്തിൽനിന്ന്‌ നമ്മെത്തന്നെ സംരക്ഷിക്കാൻ നമുക്ക്‌ എന്തു ചെയ്യാനാകും? അപ്പൊസ്‌തലനായ പൗലോസ്‌ എഴുതി: “കർത്താവിൽ അവന്റെ മഹാബലത്താൽ ശക്തിയാർജിച്ചുകൊണ്ടിരിപ്പിൻ. പിശാചിന്റെ കുടിലതന്ത്രങ്ങളോട്‌ എതിർത്തുനിൽക്കാൻ കഴിയേണ്ടതിന്‌ ദൈവത്തിൽനിന്നുള്ള സർവായുധവർഗം ധരിച്ചുകൊള്ളുവിൻ.” ആ ആയുധവർഗത്തിലെ ഒരു ഘടകം “രക്ഷ എന്ന ശിരസ്‌ത്ര”മാണ്‌. (എഫെ. 6:10, 11, 17) സാത്താന്റെ പ്രചാരണം നമ്മെ സ്വാധീനിക്കാതിരിക്കാൻ ഈ ശിരസ്‌ത്രം നാം എപ്പോഴും ധരിച്ചിട്ടുണ്ടായിരിക്കണം. ഒരു പടയാളിയുടെ ശിരസ്‌ത്രം അയാളുടെ ശിരസ്സിനെ സംരക്ഷിക്കുന്നു. അതുപോലെ, നമ്മുടെ “രക്ഷയുടെ പ്രത്യാശ”—പുതിയ ലോകത്തെക്കുറിച്ചുള്ള ദിവ്യവാഗ്‌ദാനം നിവർത്തിക്കപ്പെടുമെന്ന നമ്മുടെ ഉറച്ചവിശ്വാസം—സാത്താന്റെ നുണകളാൽ സ്വാധീനിക്കപ്പെടുന്നതിൽനിന്ന്‌ നമ്മുടെ മനസ്സിനെ സംരക്ഷിക്കും. (1 തെസ്സ. 5:8) തിരുവെഴുത്തുകൾ ശുഷ്‌കാന്തിയോടെ പഠിച്ചുകൊണ്ട്‌ ആ പ്രത്യാശ നാം ഹൃദയത്തിൽ ജ്വലിപ്പിച്ചുനിറുത്തേണ്ടതുണ്ട്‌.

സാത്താന്റെ അതിക്രൂരമായ ആക്രമണങ്ങൾക്ക്‌ വിധേയനാകേണ്ടിവന്നെങ്കിലും ഇയ്യോബ്‌ പിടിച്ചുനിന്നു. മരണത്തെ മുഖാമുഖം കണ്ടപ്പോൾപോലും അവൻ തളർന്നുപോയില്ല. പുനരുത്ഥാനത്തിലുള്ള ഇയ്യോബിന്റെ വിശ്വാസം അത്ര ശക്തമായിരുന്നു. അവൻ യഹോവയോടു പറഞ്ഞു: “നീ വിളിക്കും; ഞാൻ നിന്നോടു ഉത്തരം പറയും; നിന്റെ കൈവേലയോടു നിനക്കു താല്‌പര്യമുണ്ടാകും.” (ഇയ്യോ. 14:15) ദൈവത്തോടുള്ള വിശ്വസ്‌തതയുടെ പേരിൽ തനിക്കു ജീവൻ നഷ്ടമായാൽപ്പോലും തന്റെ വിശ്വസ്‌ത ദാസരെ സ്‌നേഹിക്കുന്ന ദൈവം തന്നെ മരണത്തിൽനിന്നു തിരികെക്കൊണ്ടുവരുമെന്ന്‌ അവൻ ഉറച്ചുവിശ്വസിച്ചു.

സത്യദൈവത്തിൽ അങ്ങനെയൊരു ഉറച്ചവിശ്വാസം നമുക്കും ഉണ്ടായിരിക്കണം. സാത്താനും അവന്റെ കൂട്ടാളികളും നമുക്കു വരുത്തിവെച്ചേക്കാവുന്ന ഏതൊരു നഷ്ടവും നികത്താൻ യഹോവയ്‌ക്കു കഴിയും. പൗലോസിന്റെ ഈ വാക്കുകൾ എപ്പോഴും നമ്മുടെ ഓർമയിലുണ്ടായിരിക്കട്ടെ: “ദൈവം വിശ്വസ്‌തൻ. നിങ്ങൾക്കു ചെറുക്കാനാവാത്ത ഒരു പ്രലോഭനം അവൻ അനുവദിക്കുകയില്ല. പ്രലോഭനം ഉണ്ടാകുമ്പോൾ നിങ്ങൾക്ക്‌ അതിനെ അതിജീവിക്കാൻ കഴിയേണ്ടതിന്‌ അവൻ അതോടൊപ്പം പോംവഴിയും ഉണ്ടാക്കും.”—1 കൊരി. 10:13.

[20-ാം പേജിലെ ചിത്രം]

യഹോവ നിങ്ങളുടെ വിശ്വസ്‌ത സേവനത്തെ അങ്ങേയറ്റം മൂല്യമുള്ളതായി വീക്ഷിക്കുന്നു

[21-ാം പേജിലെ ചിത്രം]

രക്ഷ എന്ന ശിരസ്‌ത്രം എപ്പോഴും ധരിക്കുക