വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ചിലർക്ക്‌ ഉത്തരം ലഭിച്ച വിധം

ചിലർക്ക്‌ ഉത്തരം ലഭിച്ച വിധം

ചിലർക്ക്‌ ഉത്തരം ലഭിച്ച വിധം

ദശലക്ഷക്കണക്കിനാളുകൾ ദൈവത്തോടു പ്രാർഥിക്കുന്നു. തങ്ങളുടെ പ്രാർഥനകൾക്കു ഫലമുണ്ടെന്നു ചിലർക്ക്‌ ഉത്തമബോധ്യമുണ്ട്‌. മറ്റു ചിലരാകട്ടെ തങ്ങളുടെ പ്രാർഥന ദൈവം കേൾക്കുന്നുണ്ടോ എന്നു സംശയിക്കുന്നു. ഇനിയും വേറെ ചിലർ പല കാര്യങ്ങൾക്കും ഉത്തരം അറിയാൻ ആഗ്രഹിക്കുന്നെങ്കിലും തങ്ങളുടെ ആവശ്യങ്ങൾ പ്രാർഥനയിൽ ദൈവത്തോട്‌ പറയുന്നതിനെ കുറിച്ചു ചിന്തിച്ചിട്ടില്ല.

ബൈബിൾ സത്യദൈവത്തെ ‘പ്രാർത്ഥന കേൾക്കുന്നവൻ’ എന്നു തിരിച്ചറിയിക്കുന്നു. (സങ്കീർത്തനം 65:2) നിങ്ങൾ പ്രാർഥിക്കാറുണ്ടെങ്കിൽ, അത്‌ സത്യദൈവത്തോടാണെന്നു നിങ്ങൾക്ക്‌ ഉറപ്പുണ്ടോ? അവൻ ഉത്തരം നൽകുന്ന തരം പ്രാർഥനകളാണോ നിങ്ങളുടേത്‌?

ലോകമെങ്ങുമുള്ള അനേകം ആളുകളും അതിന്‌ ഉവ്വ്‌ എന്ന്‌ ഉത്തരം പറയും! അവരുടെ പ്രാർഥനകൾക്ക്‌ എങ്ങനെയാണ്‌ ഉത്തരം ലഭിച്ചത്‌? അവർ എന്തു പഠിച്ചു?

ദൈവം​—⁠അവൻ ആരാണ്‌?

പുരോഹിതന്മാരിൽനിന്നും കന്യാസ്‌ത്രീകളിൽനിന്നും വിദ്യാഭ്യാസം ലഭിച്ച പോർച്ചുഗലിലെ ഒരു സ്‌കൂൾ അധ്യാപിക തന്റെ മതം പഠിപ്പിച്ചിരുന്ന കാര്യങ്ങൾ ആത്മാർഥമായി പിൻപറ്റിയിരുന്നു. സുപ്രധാനമെന്നു തന്നെ പഠിപ്പിച്ചിരുന്ന പല കാര്യങ്ങളും സഭതന്നെ ഉപേക്ഷിക്കുകയും അവയ്‌ക്കു മാറ്റംവരുത്തുകയും ചെയ്‌തപ്പോൾ അവൾ ആശയക്കുഴപ്പത്തിലായി. ഒരു പൗരസ്‌ത്യദേശത്തേക്കുള്ള യാത്ര അവൾ അവിടത്തെ ആരാധനാ രീതികളുമായും സമ്പർക്കത്തിൽ വരാൻ ഇടയാക്കി. ഒരു സത്യദൈവമുണ്ടോ എന്ന്‌ അവൾ ചിന്തിച്ചുതുടങ്ങി. താൻ എങ്ങനെയാണ്‌ ആരാധിക്കേണ്ടത്‌? തന്റെ പുരോഹിതനോടു ബൈബിളിലെ കാര്യങ്ങളെ കുറിച്ചു ചോദിക്കാൻ ശ്രമിച്ചെങ്കിലും തികഞ്ഞ അവഗണനയായിരുന്നു ഫലം. അവൾ ആകെ നിരാശിതയായി.

യഹോവയുടെ സാക്ഷികളുമായി സംസാരിക്കരുതെന്ന്‌ ഇടവകാംഗങ്ങൾക്കു മുന്നറിയിപ്പു നൽകിക്കൊണ്ടുള്ള ഒരു ലഘുലേഖ ഈ സ്‌കൂൾ അധ്യാപികയുടെ സ്ഥലത്ത്‌ കത്തോലിക്കാ സഭ വിതരണം ചെയ്‌തിരുന്നു. എന്നാൽ തന്റെ ചോദ്യങ്ങൾക്ക്‌ ഉത്തരം ലഭിക്കാഞ്ഞതിനാൽ ഒരു ദിവസം സാക്ഷികൾ തന്റെ വീട്ടുവാതിൽക്കൽ വന്നപ്പോൾ അവൾ അവർ പറഞ്ഞതു ശ്രദ്ധിക്കുകയും കേട്ട കാര്യങ്ങളിൽ താത്‌പര്യം പ്രകടമാക്കുകയും ചെയ്‌തു. ജീവിതത്തിൽ ആദ്യമായിട്ടായിരുന്നു അവൾ സാക്ഷികളോടു സംസാരിക്കുന്നത്‌.

തന്റെ അനേക ചോദ്യങ്ങൾക്ക്‌ ഉത്തരം കണ്ടെത്താനായി ഈ സ്‌ത്രീ സാക്ഷികളോടൊത്തു ബൈബിൾ പഠിക്കാൻ തുടങ്ങി. ഓരോ വാരവും അവൾക്കു ധാരാളം ചോദ്യങ്ങളുണ്ടായിരുന്നു. ദൈവത്തിന്റെ നാമം എന്താണ്‌, ഒരു സത്യദൈവമേ ഉള്ളോ, ആരാധനയിൽ പ്രതിമകളുടെ ഉപയോഗം ദൈവം അംഗീകരിക്കുന്നുണ്ടോ എന്നിങ്ങനെ നിരവധി കാര്യങ്ങൾ അറിയാൻ അവൾ ആഗ്രഹിച്ചു. തനിക്കു ലഭിച്ച ഉത്തരങ്ങളെല്ലാം ബൈബിളിൽനിന്ന്‌ ആണെന്നും വ്യക്തിപരമായ അഭിപ്രായങ്ങളല്ലെന്നും അവൾ നിരീക്ഷിച്ചു. അതുകൊണ്ട്‌ പഠിച്ചുകൊണ്ടിരുന്ന കാര്യങ്ങൾ നിമിത്തം അവൾ ആശ്ചര്യഭരിതയും സന്തുഷ്ടയുമായിരുന്നു. കാലക്രമത്തിൽ അവളുടെ ചോദ്യങ്ങൾക്കെല്ലാം ഉത്തരം ലഭിച്ചു. ഇന്ന്‌ അവൾ യഹോവയെ ആത്മാവിലും സത്യത്തിലും ആരാധിക്കുന്നു. “സത്യാരാധകർ” അങ്ങനെ ആയിരിക്കുമെന്നാണ്‌ യേശു പറഞ്ഞത്‌.​—⁠യോഹന്നാൻ 4:​23, NW.

ശ്രീലങ്കയിൽ, ഒരു കുടുംബം ക്രമമായി ബൈബിൾ ഒരുമിച്ചു വായിച്ചിരുന്നു. എന്നാൽ അവർ അറിയാൻ അതിയായി ആഗ്രഹിച്ച അനേകം ചോദ്യങ്ങൾക്ക്‌ ഉത്തരം ലഭിച്ചിരുന്നില്ല. അവർക്കു സഹായം ആവശ്യമായിരുന്നെങ്കിലും അവരുടെ പുരോഹിതന്‌ അതു നൽകാൻ കഴിഞ്ഞില്ല. എന്നിരുന്നാലും, ആ കുടുംബത്തെ യഹോവയുടെ സാക്ഷികൾ സന്ദർശിച്ച്‌ സഹായകമായ ബൈബിൾ സാഹിത്യം നൽകി. പിന്നീട്‌, യഹോവയുടെ സാക്ഷികൾ ഈ കുടുംബത്തിന്‌ അവരുടെ ബൈബിൾ ചോദ്യങ്ങൾക്കു തൃപ്‌തികരമായ ഉത്തരങ്ങൾ കൊടുത്തപ്പോൾ അവർ ഒരു ബൈബിളധ്യയനത്തിനു സമ്മതിച്ചു. പഠിച്ച കാര്യങ്ങളിൽ അവർക്കു വളരെ താത്‌പര്യം തോന്നി.

എന്നാൽ ചെറുപ്പത്തിലേ പള്ളിയിൽ പഠിച്ചിരുന്ന കാര്യങ്ങൾ മനസ്സിൽ പതിഞ്ഞിരുന്നതിനാൽ, യേശുവിന്റെ സ്വന്തം വാക്കുകൾതന്നെ കണ്ടിട്ടും യേശുവിന്റെ പിതാവാണ്‌ ‘ഏകസത്യദൈവം’ എന്നു ഗ്രഹിക്കുന്നതിൽ കുടുംബനാഥയ്‌ക്കു ബുദ്ധിമുട്ട്‌ അനുഭവപ്പെട്ടു. (യോഹന്നാൻ 17:1, 3) യേശു പിതാവിന്‌ തുല്യനാണെന്നും ഈ “മർമ”ത്തെ ചോദ്യം ചെയ്യരുതെന്നുമാണ്‌ സഭ പഠിപ്പിച്ചിരുന്നത്‌. അങ്ങേയറ്റം നിരാശ തോന്നിയ അവർ യേശു ആരാണെന്നു മനസ്സിലാക്കാൻ തന്നെ സഹായിക്കേണമേ എന്ന്‌ യഹോവയോട്‌ അവന്റെ നാമം ഉപയോഗിച്ചുകൊണ്ട്‌ ആത്മാർഥമായി പ്രാർഥിച്ചു. തുടർന്ന്‌ പ്രസ്‌തുത വിഷയവുമായി ബന്ധപ്പെട്ട തിരുവെഴുത്തുകൾ അവർ വീണ്ടും സശ്രദ്ധം പരിശോധിച്ചു. (യോഹന്നാൻ 14:28; 17:21; 1 കൊരിന്ത്യർ 8:5, 6) പെട്ടെന്നുതന്നെ അവർക്കു കണ്ണു തുറക്കപ്പെട്ടതു പോലെ തോന്നി. ആകാശത്തിന്റെയും ഭൂമിയുടെയും സ്രഷ്ടാവും യേശുവിന്റെ പിതാവുമായ യഹോവയാണ്‌ സത്യദൈവമെന്ന്‌ ഇപ്പോൾ അവർ വ്യക്തമായി കണ്ടു.​—⁠യെശയ്യാവു 42:8; 10:10-12.

കഷ്ടപ്പാട്‌​—⁠എന്തുകൊണ്ട്‌?

അങ്ങേയറ്റം കഷ്ടപ്പാട്‌ അനുഭവിച്ച ഒരു മനുഷ്യനാണ്‌ ഇയ്യോബ്‌. ഒരു കൊടുങ്കാറ്റിൽ അവന്‌ തന്റെ മക്കളെയെല്ലാം നഷ്ടപ്പെട്ടു, അവൻ ദരിദ്രനായിത്തീർന്നു. അവനെ വേദനാകരമായ ഒരു രോഗം ബാധിച്ചു, വ്യാജസുഹൃത്തുക്കളിൽനിന്നുള്ള സമ്മർദവും അവൻ സഹിച്ചു. ഇതിന്റെയെല്ലാം മധ്യേ ഇയ്യോബ്‌ ചിന്താശൂന്യമായ ചില പ്രസ്‌താവനകൾ നടത്തുകയുണ്ടായി. (ഇയ്യോബ്‌ 6:3) എങ്കിലും ദൈവം സാഹചര്യങ്ങൾ കണക്കിലെടുത്തു. (ഇയ്യോബ്‌ 35:15) ഇയ്യോബിന്റെ ഹൃദയത്തിൽ എന്താണ്‌ ഉള്ളതെന്ന്‌ അറിയാമായിരുന്ന ദൈവം അവന്‌ ആവശ്യമായ ബുദ്ധിയുപദേശം നൽകി. അവൻ ഇക്കാലത്തും അങ്ങനെ ചെയ്യുന്നുണ്ട്‌.

മൊസാമ്പിക്കിലെ കാസ്‌ട്രോയുടെ കാര്യമെടുക്കുക. അവന്റെ അമ്മ മരിക്കുമ്പോൾ അവനു പത്തു വയസ്സേ ഉണ്ടായിരുന്നുള്ളൂ. അവൻ ആകെ തകർന്നു പോയി. “അമ്മ ഈ വിധത്തിൽ തങ്ങളെവിട്ട്‌ പോകേണ്ടിവന്നത്‌ എന്തുകൊണ്ട്‌” എന്ന്‌ അവൻ ചോദിച്ചു. ദൈവഭക്തരായ മാതാപിതാക്കളാലാണ്‌ വളർത്തപ്പെട്ടതെങ്കിലും അവൻ ആശയക്കുഴപ്പത്തിലായി. അവന്‌ ആശ്വാസം പകരാൻ എന്തിനു കഴിയുമായിരുന്നു? ചിച്ചവ ഭാഷയിലുള്ള ഒരു ചെറിയ ബൈബിൾ വായിക്കുന്നതിലും ജ്യേഷ്‌ഠന്മാരുമായി അതിലെ കാര്യങ്ങൾ ചർച്ച ചെയ്യുന്നതിലും അവൻ ആശ്വാസം കണ്ടെത്തി.

തന്റെ അമ്മ മരിച്ചത്‌ ദൈവത്തിന്റെ ഭാഗത്തെ അനീതി കൊണ്ടല്ല, മറിച്ച്‌ ആദ്യമാതാപിതാക്കളിൽനിന്നു കൈമാറിക്കിട്ടിയ പാപം നിമിത്തമാണെന്ന്‌ കാസ്‌ട്രോ മനസ്സിലാക്കി. (റോമർ 5:12; 6:23) പുനരുത്ഥാനത്തെ കുറിച്ചുള്ള ബൈബിളിന്റെ വാഗ്‌ദാനം അവനു വലിയ ആശ്വാസം പകർന്നു. കാരണം, തന്റെ അമ്മയെ വീണ്ടും കാണാമെന്ന ഉറച്ച പ്രത്യാശ അത്‌ അവനു നൽകി. (യോഹന്നാൻ 5:28, 29; പ്രവൃത്തികൾ 24:15) സങ്കടകരമെന്നു പറയട്ടെ, വെറും നാലു വർഷം കഴിഞ്ഞപ്പോൾ അവന്റെ പിതാവും മരിച്ചു. എന്നാൽ ഇപ്രാവശ്യം ആ നഷ്ടവുമായി കൂടുതൽ മെച്ചമായി പൊരുത്തപ്പെടാൻ അവനു കഴിഞ്ഞു. ഇന്ന്‌ അവൻ യഹോവയെ സ്‌നേഹിക്കുകയും ജീവിതം ദൈവസേവനത്തിൽ വിശ്വസ്‌തതയോടെ ഉപയോഗിക്കുകയും ചെയ്യുന്നു. അവൻ അനുഭവിക്കുന്ന സന്തോഷം വളരെ പ്രകടമാണ്‌.

കാസ്‌ട്രോയ്‌ക്ക്‌ ആശ്വാസം പകർന്ന അതേ ബൈബിൾ സത്യങ്ങളിൽനിന്ന്‌ ഉറ്റവരെ മരണത്തിൽ നഷ്ടപ്പെട്ട അനേകർ ആശ്വാസം കണ്ടെത്തുന്നുണ്ട്‌. ദുഷ്‌പ്രവൃത്തിക്കാരുടെ ചെയ്‌തികൾ നിമിത്തം വലിയ ബുദ്ധിമുട്ട്‌ അനുഭവിച്ചിരിക്കുന്ന ചിലർ ഇയ്യോബിനെപ്പോലെ ഇങ്ങനെ ചോദിക്കുന്നു: ‘ദുഷ്ടന്മാർ ജീവിച്ചിരിക്കുന്നത്‌ എന്തുകൊണ്ട്‌?’ (ഇയ്യോബ്‌ 21:7) മറുപടിയായി ദൈവം തന്റെ വചനത്തിലൂടെ പറയുന്ന കാര്യങ്ങൾക്ക്‌ ആളുകൾ യഥാർഥത്തിൽ ചെവികൊടുക്കുമ്പോൾ, അവൻ കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന വിധം എല്ലായ്‌പോഴും തങ്ങളുടെതന്നെ നന്മയിലാണു കലാശിക്കുന്നതെന്ന്‌ അവർ മനസ്സിലാക്കുന്നു.​—⁠2 പത്രൊസ്‌ 3:⁠9.

ഐക്യനാടുകളിൽ വളർത്തപ്പെട്ട ബാർബറ യുദ്ധത്തിന്റെ ഭീതി നേരിട്ട്‌ അനുഭവിച്ചിരുന്നില്ല. എന്നിരുന്നാലും ലോകത്തിലെ അനേകം രാജ്യങ്ങൾ യുദ്ധത്തിൽ ഏർപ്പെട്ടിരുന്നു. യുദ്ധത്തിന്റെ ഭീകരതയെ കുറിച്ചുള്ള ഞെട്ടിക്കുന്ന വാർത്തകൾ മാധ്യമങ്ങളിൽ നിറഞ്ഞുനിന്നിരുന്നു. സ്‌കൂൾ പഠനകാലത്ത്‌, തീർത്തും മുൻകൂട്ടി കാണാനാവാത്ത വിധത്തിൽ ചുരുളഴിഞ്ഞ ചരിത്രസംഭവങ്ങളെ കുറിച്ച്‌ പഠിച്ചപ്പോൾ അവൾ അമ്പരന്നുപോയി. ഈ സംഭവങ്ങൾക്ക്‌ എന്തായിരുന്നു കാരണം? സംഭവിച്ചുകൊണ്ടിരുന്ന കാര്യങ്ങളിൽ ദൈവം തത്‌പരനല്ലായിരുന്നോ? ദൈവം ഉണ്ടെന്ന്‌ അവൾ വിശ്വസിച്ചിരുന്നെങ്കിലും, അവനെ സംബന്ധിച്ച്‌ സമ്മിശ്ര വികാരങ്ങളാണ്‌ അവൾക്കുണ്ടായിരുന്നത്‌.

എന്നിരുന്നാലും, യഹോവയുടെ സാക്ഷികളുമായി സഹവസിച്ചതിന്റെ ഫലമായി ജീവിതത്തെ കുറിച്ചുള്ള ബർബറയുടെ കാഴ്‌ചപ്പാടിനു മാറ്റംവന്നുതുടങ്ങി. അവൾ അവരെ ശ്രദ്ധിക്കുകയും അവരോടൊത്തു ബൈബിൾ പഠിക്കുകയും ചെയ്‌തു. അവൾ രാജ്യഹാളിലെ യോഗങ്ങൾക്കു ഹാജരായി. അവരുടെ വലിയ ഒരു കൺവെൻഷനുപോലും സംബന്ധിച്ചു. കൂടാതെ, ചോദ്യങ്ങൾ ചോദിക്കുമ്പോൾ സാക്ഷികളായ ഓരോരുത്തരിൽനിന്നും വ്യത്യസ്‌ത അഭിപ്രായങ്ങളല്ല തനിക്കു ലഭിക്കുന്നത്‌ എന്ന കാര്യവും അവൾ നിരീക്ഷിച്ചു. സാക്ഷികൾ വിശ്വസിക്കുന്ന കാര്യങ്ങൾ ബൈബിളിനു ചേർച്ചയിൽ ആയതിനാൽ പരസ്‌പര യോജിപ്പോടെയാണ്‌ അവർ സംസാരിച്ചത്‌.

ഈ ലോകം അതിന്റെ ഭരണാധിപനായ പിശാചായ സാത്താന്റെ സ്വാധീനത്തിലാണെന്നും ലോകം ഇന്ന്‌ അവന്റെ ആത്മാവാണ്‌ പ്രതിഫലിപ്പിക്കുന്നതെന്നും ഉള്ള ബൈബിൾപരമായ തെളിവ്‌ സാക്ഷികൾ ചൂണ്ടിക്കാട്ടി. (യോഹന്നാൻ 14:30; 2 കൊരിന്ത്യർ 4:4; എഫെസ്യർ 2:1-3; 1 യോഹന്നാൻ 5:19) ബാർബറയെ കുഴപ്പിച്ച ലോകസംഭവങ്ങൾ ബൈബിളിൽ മുൻകൂട്ടി പറഞ്ഞിരുന്നതാണെന്ന്‌ അവർ വിശദീകരിച്ചു. (ദാനീയേൽ 2, 7, 8 അധ്യായങ്ങൾ) ഇച്ഛിക്കുമ്പോൾ ഭാവി മുൻകൂട്ടി കാണാനുള്ള കഴിവ്‌ ദൈവത്തിന്‌ ഉള്ളതിനാലാണ്‌ അവയെല്ലാം അവൻ മുൻകൂട്ടി പറഞ്ഞത്‌. ചില കാര്യങ്ങൾ സംഭവിക്കാൻ ഇടയാക്കിയത്‌ ദൈവമായിരുന്നു. എന്നാൽ മറ്റു ചിലത്‌ സംഭവിക്കാൻ അവൻ അനുവദിക്കുക മാത്രമാണ്‌ ചെയ്‌തത്‌. നമ്മുടെ കാലത്ത്‌ നടക്കുന്ന നല്ലതും മോശവുമായ സംഭവങ്ങളെ ബൈബിൾ മുൻകൂട്ടി പറയുകയും അവയുടെ അർഥം വിശദീകരിക്കുകയും ചെയ്യുന്നുണ്ടെന്ന്‌ സാക്ഷികൾ ബാർബറയ്‌ക്കു കാണിച്ചുകൊടുത്തു. (മത്തായി 24:3-14) നീതി കളിയാടുകയും കഷ്ടപ്പാടുകൾ ഇല്ലാതാകുകയും ചെയ്യുന്ന ഒരു പുതിയ ലോകത്തെ കുറിച്ചുള്ള ബൈബിളിന്റെ വാഗ്‌ദാനങ്ങളെ കുറിച്ചും അവർ അവളോടു പറഞ്ഞു.​—⁠2 പത്രൊസ്‌ 3:13; വെളിപ്പാടു 21:​3-5.

യഹോവ മനുഷ്യന്റെ കഷ്ടപ്പാടിന്‌ ഉത്തരവാദിയല്ലെങ്കിലും, തന്റെ നിയമങ്ങളെ അവഗണിക്കുന്ന മനുഷ്യരെ അവ അനുസരിക്കാൻ നിർബന്ധിച്ചുകൊണ്ട്‌ അവൻ കഷ്ടപ്പാടുകളെ തടയുന്നില്ലെന്ന്‌ ബാർബറ ക്രമേണ മനസ്സിലാക്കി. (ആവർത്തനപുസ്‌തകം 30:19, 20) സന്തോഷത്തോടെ നമുക്ക്‌ എന്നേക്കും ജീവിക്കാൻ കഴിയേണ്ടതിന്‌ ആവശ്യമായ ക്രമീകരണങ്ങൾ യഹോവ ചെയ്‌തിട്ടുണ്ട്‌. എങ്കിലും, നാം അവന്റെ നീതിയുള്ള വഴികൾക്കു ചേർച്ചയിൽ ജീവിക്കുമോ എന്ന്‌ പ്രകടമാക്കാനുള്ള അവസരം അവൻ ഇപ്പോൾ നമുക്കു നൽകുകയാണ്‌. (വെളിപ്പാടു 14:6, 7) ദൈവിക വ്യവസ്ഥകൾ പഠിക്കാനും അതനുസരിച്ചു ജീവിക്കാനും ബാർബറ തീരുമാനിച്ചു. തന്റെ യഥാർഥ ശിഷ്യരെ തിരിച്ചറിയിക്കുമെന്ന്‌ യേശു പറഞ്ഞ തരത്തിലുള്ള സ്‌നേഹവും അവൾ യഹോവയുടെ സാക്ഷികൾക്കിടയിൽ കണ്ടെത്തി.—യോഹന്നാൻ 13:34, 35.

അവളെ സഹായിച്ച ആ കരുതലുകളിൽനിന്നു നിങ്ങൾക്കും പ്രയോജനം നേടാനാകും.

അർഥവത്തായ ജീവിതം

ജീവിതം സംതൃപ്‌തമാണെന്നു വിചാരിക്കുന്നവരും തങ്ങളെ കുഴപ്പിക്കുന്ന ചോദ്യങ്ങൾക്കുള്ള ഉത്തരം ആരാഞ്ഞേക്കാം. ഉദാഹരണത്തിന്‌, ബ്രിട്ടനിലെ മാത്യു എന്ന ഒരു ചെറുപ്പക്കാരന്‌ സത്യദൈവത്തെയും ജീവിതത്തിന്റെ ഉദ്ദേശ്യത്തെയും കുറിച്ച്‌ അറിയണമെന്നുള്ള ഉത്‌കടമായ വാഞ്‌ഛയുണ്ടായിരുന്നു. അവന്‌ 17 വയസ്സുണ്ടായിരുന്നപ്പോൾ പിതാവ്‌ മരിച്ചു. അതിനുശേഷം, മാത്യു സംഗീതത്തിൽ ഒരു സർവകലാശാലാ ബിരുദം നേടി. തന്റെ ഭൗതികാസക്ത ജീവിതരീതി എത്രയോ വ്യർഥമാണെന്ന്‌ ക്രമേണ അവനു തോന്നിത്തുടങ്ങി. അവൻ വീടുവിട്ട്‌ ലണ്ടനിൽ പോയി. അവിടെ അവൻ മയക്കുമരുന്ന്‌, നിശാക്ലബ്‌ പ്രവർത്തനങ്ങൾ, ജ്യോതിഷം, ആത്മവിദ്യ, സെൻ ബുദ്ധമതം, മറ്റ്‌ തത്ത്വശാസ്‌ത്രങ്ങൾ എന്നിവയിലെല്ലാം ഉൾപ്പെട്ടു. ജീവിതത്തിൽ സംതൃപ്‌തി കണ്ടെത്തുന്നതിനുവേണ്ടി ആയിരുന്നു ഇതെല്ലാം. ഭഗ്നാശനായ അവൻ സത്യം കണ്ടെത്താൻ തന്നെ സഹായിക്കേണമേ എന്നു ദൈവത്തോട്‌ അപേക്ഷിച്ചു.

രണ്ടു ദിവസം കഴിഞ്ഞ്‌ മാത്യു തന്റെ ഒരു പഴയ സുഹൃത്തിനെ കണ്ട്‌ തന്റെ വിഷമസ്ഥിതിയെ കുറിച്ചു പറഞ്ഞു. ഈ വ്യക്തി യഹോവയുടെ സാക്ഷികളോടൊത്ത്‌ ബൈബിൾ പഠിച്ചിട്ടുള്ള ആളായിരുന്നു. അദ്ദേഹം 2 തിമൊഥെയൊസ്‌ 3:1-5 വായിച്ചുകേൾപ്പിച്ചപ്പോൾ, മാത്യുവിന്‌ അതിശയം തോന്നി. കാരണം, നമുക്കു ചുറ്റുമുള്ള ലോകത്തെ ബൈബിൾ എത്ര കൃത്യമായാണ്‌ വർണിക്കുന്നതെന്ന്‌ അവനു കാണാൻ കഴിഞ്ഞു. ഗിരിപ്രഭാഷണം വായിച്ചപ്പോൾ അത്‌ അവന്റെ ഹൃദയത്തെ സ്‌പർശിച്ചു. (മത്തായി 5 മുതൽ 7 വരെയുള്ള അധ്യായങ്ങൾ) യഹോവയുടെ സാക്ഷികളെ കുറിച്ചു വിമർശനാത്മകമായ ചില കാര്യങ്ങൾ വായിച്ചിരുന്നതിനാൽ ആദ്യം അൽപ്പം മടിച്ചെങ്കിലും, അവൻ അടുത്തുള്ള രാജ്യഹാളിലെ യോഗങ്ങൾക്കു സംബന്ധിക്കാൻ തീരുമാനിച്ചു.

അവിടെ കേട്ട കാര്യങ്ങൾ മാത്യു ആസ്വദിക്കുകയും ഒരു സഭാമൂപ്പനുമൊത്ത്‌ ബൈബിൾ പഠിക്കാൻ ആരംഭിക്കുകയും ചെയ്‌തു. താൻ എന്താണോ തേടിക്കൊണ്ടിരുന്നത്‌ അതാണ്‌ ഇപ്പോൾ പഠിക്കുന്നതെന്ന്‌, അതായത്‌ ദൈവത്തോടുള്ള തന്റെ മുൻ പ്രാർഥനയ്‌ക്ക്‌ ഉത്തരം ലഭിച്ചിരിക്കുകയാണെന്ന്‌, അവൻ പെട്ടെന്നുതന്നെ തിരിച്ചറിഞ്ഞു. യഹോവയ്‌ക്ക്‌ അപ്രീതികരമായ കാര്യങ്ങൾ ഉപേക്ഷിച്ചതിന്റെ നല്ല ഫലങ്ങൾ അവന്‌ ആസ്വദിക്കാൻ കഴിഞ്ഞു. ആരോഗ്യാവഹമായ ദൈവഭയം നട്ടുവളർത്തിയപ്പോൾ, തന്റെ ജീവിതം ദൈവത്തിന്റെ കൽപ്പനകൾക്കു ചേർച്ചയിലാക്കാൻ അവൻ പ്രേരിതനായി. അത്തരമൊരു ജീവിതം തികച്ചും അർഥവത്താണെന്ന്‌ മാത്യു മനസ്സിലാക്കി.​—⁠സഭാപ്രസംഗി 12:13.

മാത്യുവോ ഈ ലേഖനത്തിൽ പരാമർശിച്ചിരിക്കുന്ന മറ്റുള്ളവരോ ഒരു സംതൃപ്‌ത ജീവിതരീതി കണ്ടെത്തും എന്നത്‌ മുൻനിശ്ചയിക്കപ്പെട്ടിരുന്നില്ല. എങ്കിലും, തന്റെ കൽപ്പനകൾ അനുസരിക്കാൻ സന്തോഷപൂർവം തീരുമാനിക്കുന്ന സകലരെയും സംബന്ധിച്ച്‌ യഹോവയ്‌ക്കു സ്‌നേഹപുരസ്സരമായ ഒരു ഉദ്ദേശ്യമുണ്ടെന്ന്‌ അവർ മനസ്സിലാക്കി. (പ്രവൃത്തികൾ 10:34, 35) യുദ്ധങ്ങളില്ലാത്ത, രോഗമോ പട്ടിണിയോ ഇല്ലാത്ത, മരണംപോലും ഇല്ലാത്ത ഒരു ലോകത്തിലെ നിത്യമായ ജീവിതം ആ ഉദ്ദേശ്യത്തിൽ ഉൾപ്പെട്ടിരിക്കുന്നു. (യെശയ്യാവു 2:4; 25:6-8; 33:24; യോഹന്നാൻ 3:16) അതാണോ നിങ്ങൾ ആഗ്രഹിക്കുന്നത്‌? എങ്കിൽ, യഹോവയുടെ സാക്ഷികളുടെ രാജ്യഹാളുകളിലെ ബൈബിളധിഷ്‌ഠിത യോഗങ്ങൾക്കു ഹാജരായിക്കൊണ്ട്‌ സംതൃപ്‌ത ജീവിതത്തിനുള്ള താക്കോൽ കണ്ടെത്തുന്നതു സംബന്ധിച്ച്‌ നിങ്ങൾക്കു കൂടുതൽ പഠിക്കാവുന്നതാണ്‌. അതു ചെയ്യാൻ ഞങ്ങൾ നിങ്ങളെ ഊഷ്‌മളമായി ക്ഷണിക്കുന്നു.

[7 -ാം പേജിലെ ചിത്രം]

ദൈവത്തിന്റെ വ്യക്തിപരമായ നാമം ഉപയോഗിച്ചുകൊണ്ട്‌ അവനോട്‌ ആത്മാർഥമായി പ്രാർഥിക്കുക

[7 -ാം പേജിലെ ചിത്രം]

ബൈബിളിൽ അടങ്ങിയിരിക്കുന്നത്‌ യഥാർഥമായി പഠിപ്പിക്കുന്നവരോടൊത്ത്‌ അതു പഠിക്കുക

[7 -ാം പേജിലെ ചിത്രങ്ങൾ]

രാജ്യഹാളിലെ യോഗങ്ങൾക്കു ഹാജരാകുക

[4 -ാം പേജിലെ ചിത്രത്തിന്‌ കടപ്പാട്‌]

കാൽനടസഞ്ചാരി: Chad Ehlers/Index Stock Photography