വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ദൈവത്തിന്റെ പ്രാവചനിക വചനത്തിനു ശ്രദ്ധ കൊടുപ്പിൻ

ദൈവത്തിന്റെ പ്രാവചനിക വചനത്തിനു ശ്രദ്ധ കൊടുപ്പിൻ

ദൈവത്തിന്റെ പ്രാവചനിക വചനത്തിനു ശ്രദ്ധ കൊടുപ്പിൻ

“കൂടുതൽ ഉറപ്പാക്കപ്പെട്ട പ്രാവചനിക വചനം നമുക്കുണ്ട്‌; അതിനു ശ്രദ്ധ കൊടുക്കുന്നെങ്കിൽ നന്ന്‌.”—2 പത്രൊസ്‌ 1:19, NW.

1, 2. ഒരു കള്ള മിശിഹായുടെ ഉദാഹരണം നൽകുക.

നൂറ്റാണ്ടുകളിലുടനീളം കള്ള മിശിഹാമാർ ഭാവിയെ കുറിച്ചു പ്രവചിക്കാൻ ശ്രമിച്ചിട്ടുണ്ട്‌. പൊ.യു. 5-ാം നൂറ്റാണ്ടിൽ മോശെ എന്നു സ്വയം വിളിച്ചിരുന്ന ഒരു മനുഷ്യൻ ക്രേത്ത എന്ന ദ്വീപിലെ യഹൂദന്മാരെ താൻ മിശിഹാ ആണെന്നു ബോധ്യപ്പെടുത്തുകയും മർദനത്തിൽനിന്ന്‌ അവരെ വിടുവിക്കുമെന്നു പറയുകയും ചെയ്‌തു. തങ്ങളുടെ വിമോചനത്തിന്റെ ദിവസം വന്നെത്തിയപ്പോൾ, ആ യഹൂദന്മാർ അയാളെ അനുഗമിച്ച്‌ മധ്യധരണ്യാഴിക്ക്‌ അഭിമുഖമായുള്ള ഉയർന്ന ഒരു സ്ഥലത്തെത്തി. സമുദ്രത്തിലേക്ക്‌ എടുത്തുചാടുക, അതു രണ്ടായി പിരിയും എന്ന്‌ അയാൾ അവരോടു പറഞ്ഞു. പലരും അതനുസരിച്ച്‌ എടുത്തുചാടി. നിരവധി പേർ മുങ്ങിമരിച്ചു. ആ കള്ള മിശിഹായെ പിന്നെ അവിടെയാരും കണ്ടില്ല.

2 12-ാം ശതകത്തിൽ യെമൻ എന്ന രാജ്യത്ത്‌ മറ്റൊരു “മിശിഹാ” രംഗപ്രവേശം ചെയ്‌തു. മിശിഹാ ആണെന്നതിന്‌ ഒരു അടയാളം നൽകാൻ അവിടത്തെ ഖലീഫാ അഥവാ ഭരണാധിപൻ അയാളോട്‌ ആവശ്യപ്പെട്ടു. ഖലീഫാ തന്നെ ശിരച്ഛേദം ചെയ്യിക്കണമെന്നും തന്റെ ക്ഷിപ്ര പുനരുത്ഥാനം താൻ മിശിഹാ ആണെന്നതിന്റെ അടയാളമായി ഉതകുമെന്നും അയാൾ പറഞ്ഞു. ഖലീഫാ അങ്ങനെ ചെയ്‌തു. എന്നാൽ, അതോടെ ആ “മിശിഹാ”യുടെ കഥ കഴിഞ്ഞു.

3. യഥാർഥ മിശിഹാ ആരാണ്‌, അവന്റെ ശുശ്രൂഷ എന്തിനു തെളിവു നൽകി?

3 കള്ള മിശിഹാമാരെയും അവരുടെ പ്രവചനങ്ങളെയും ഒരിക്കലും ആശ്രയിക്കാനാവില്ല. എന്നാൽ, ദൈവത്തിന്റെ പ്രാവചനിക വചനത്തിനു ശ്രദ്ധ നൽകുന്നത്‌ ഒരിക്കലും നമ്മെ നിരാശപ്പെടുത്തുകയില്ല. യഥാർഥ മിശിഹായായ യേശുക്രിസ്‌തു നിരവധി ബൈബിൾ പ്രവചനങ്ങളുടെ ജീവിക്കുന്ന നിവൃത്തി ആയിരുന്നു. ഉദാഹരണത്തിന്‌, യെശയ്യാവിന്റെ പ്രവചനം ഉദ്ധരിച്ചുകൊണ്ട്‌ സുവിശേഷകനായ മത്തായി ഇങ്ങനെ എഴുതി: ‘“സെബൂലൂൻദേശവും നഫ്‌താലിദേശവും കടൽക്കരയിലും യോർദ്ദാന്നക്കരെയുമുള്ള നാടും ജാതികളുടെ ഗലീലയും ഇങ്ങനെ ഇരുട്ടിൽ ഇരിക്കുന്ന ജനം വലിയോരു വെളിച്ചം കണ്ടു; മരണത്തിന്റെ ദേശത്തിലും നിഴലിലും ഇരിക്കുന്നവർക്കു പ്രകാശം ഉദിച്ചു” . . . അന്നുമുതൽ യേശു: സ്വർഗ്ഗരാജ്യം സമീപിച്ചിരിക്കയാൽ മാനസാന്തരപ്പെടുവിൻ എന്നു പ്രസംഗിച്ചുതുടങ്ങി.’ (മത്തായി 4:15-17; യെശയ്യാവു 9:1, 2) യേശുക്രിസ്‌തു ആയിരുന്നു ആ ‘വലിയ വെളിച്ചം.’ മോശെ മുൻകൂട്ടിപ്പറഞ്ഞ പ്രവാചകൻ യേശുവാണെന്ന്‌ അവന്റെ ശുശ്രൂഷ തെളിയിച്ചു. യേശുവിനെ ശ്രദ്ധിക്കാൻ വിസമ്മതിക്കുന്നവർ നശിപ്പിക്കപ്പെടുമെന്ന്‌ ഉറപ്പായിരുന്നു.—ആവർത്തനപുസ്‌തകം 18:18, 19; പ്രവൃത്തികൾ 3:22, 23.

4. യേശു യെശയ്യാവു 53:12 നിവർത്തിച്ചതെങ്ങനെ?

4 യെശയ്യാവു 53:12-ലെ പ്രാവചനിക വാക്കുകളും യേശു നിവർത്തിച്ചു: ‘അവൻ തന്റെ പ്രാണനെ മരണത്തിന്നു ഒഴുക്കിക്കളയുകയും അനേകരുടെ പാപം വഹിച്ചും അതിക്രമക്കാർക്കു വേണ്ടി ഇട നിന്നുംകൊണ്ടു അതിക്രമക്കാരോടുകൂടെ എണ്ണപ്പെടുകയും ചെയ്‌തു.’ പെട്ടെന്നുതന്നെ തന്റെ ജീവനെ ബലിയായി നൽകേണ്ടി വരുമെന്ന്‌ അറിയാമായിരുന്ന യേശു, ശിഷ്യന്മാരുടെ വിശ്വാസത്തെ ബലപ്പെടുത്തി. (മർക്കൊസ്‌ 10:45) ഏറെ ശ്രദ്ധേയമായ ഒരു വിധത്തിൽ രൂപാന്തരീകരണത്തിലൂടെയാണ്‌ അവൻ അവരുടെ വിശ്വാസത്തെ ബലപ്പെടുത്തിയത്‌.

രൂപാന്തരീകരണം വിശ്വാസത്തെ ബലപ്പെടുത്തുന്നു

5. രൂപാന്തരീകരണത്തെ നിങ്ങൾ സ്വന്തം വാക്കുകളിൽ എങ്ങനെ വിവരിക്കും?

5 രൂപാന്തരീകരണം പ്രാവചനിക സ്വഭാവമുള്ള ഒരു സംഭവമായിരുന്നു. യേശു ഇപ്രകാരം പറഞ്ഞു: “മനുഷ്യപുത്രൻ തന്റെ പിതാവിന്റെ മഹത്വത്തിൽ തന്റെ ദൂതൻമാരുമായി വരും . . . മനുഷ്യപുത്രൻ തന്റെ രാജ്യത്തിൽ വരുന്നതു കാണുവോളം മരണം ആസ്വദിക്കാത്തവർ ചിലർ ഈ നില്‌ക്കുന്നവരിൽ ഉണ്ടു എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു.” (മത്തായി 16:27, 28) അപ്പൊസ്‌തലന്മാരിൽ ചിലർ യേശു രാജ്യത്തിൽ വരുന്നതു വാസ്‌തവത്തിൽ കാണുകയുണ്ടായോ? മത്തായി 17:1-7 ഇപ്രകാരം പ്രസ്‌താവിക്കുന്നു: “ആറു ദിവസം കഴിഞ്ഞശേഷം യേശു പത്രോസിനെയും യാക്കോബിനെയും അവന്റെ സഹോദരനായ യോഹന്നാനെയും കൂട്ടി തനിച്ചു ഒരു ഉയർന്ന മലയിലേക്കു കൊണ്ടുപോയി, അവരുടെ മുമ്പാകെ രൂപാന്തരപ്പെട്ടു.” എത്ര ശ്രദ്ധേയമായ ഒരു സംഭവം! “അവന്റെ മുഖം സൂര്യനെപ്പോലെ ശോഭിച്ചു അവന്റെ വസ്‌ത്രം വെളിച്ചംപോലെ വെള്ളയായി തീർന്നു. മോശെയും ഏലീയാവും അവനോടു സംഭാഷിക്കുന്നതായി അവർ കണ്ടു.” മാത്രമല്ല, “പ്രകാശമുള്ളോരു മേഘം അവരുടെ മേൽ നിഴലിട്ടു.” ഒപ്പം, “ഇവൻ എന്റെ പ്രിയപുത്രൻ, ഇവങ്കൽ ഞാൻ പ്രസാദിക്കുന്നു; ഇവന്നു ചെവികൊടുപ്പിൻ” എന്ന ദൈവത്തിന്റെ ശബ്ദവും അവർ കേട്ടു. തുടർന്ന്‌ ബൈബിൾ ഇങ്ങനെ പറയുന്നു: “ശിഷ്യന്മാർ അതു കേട്ടിട്ടു ഏററവും ഭയപ്പെട്ടു കവിണ്ണുവീണു. യേശു അടുത്തുചെന്നു അവരെ തൊട്ടു: എഴുന്നേല്‌പിൻ, ഭയപ്പെടേണ്ടാ എന്നു പറഞ്ഞു.”

6. (എ) രൂപാന്തരീകരണത്തെ യേശു ഒരു ദർശനം എന്നു വിളിച്ചത്‌ എന്തുകൊണ്ട്‌? (ബി) രൂപാന്തരീകരണം എന്തിന്റെ ഒരു പൂർവവീക്ഷണം ആയിരുന്നു?

6 വിസ്‌മയാവഹമായ ഈ സംഭവം നടന്നത്‌ ഹെർമോൻ പർവതച്ചെരുവിലായിരിക്കാം. യേശുവും മൂന്ന്‌ അപ്പൊസ്‌തലന്മാരും രാത്രി അവിടെ തങ്ങിയതിനാൽ, പ്രസ്‌തുത അടയാളം ഉണ്ടായത്‌ രാത്രിയിൽ ആണെന്നതിനു സംശയമില്ല. അതിനാൽ അവർക്ക്‌ അതു വളരെ വ്യക്തമായി കാണാനും കഴിഞ്ഞു. യേശു അതിനെ “ദർശനം” എന്നു വിളിച്ചതിന്റെ ഒരു കാരണം ദീർഘകാലം മുമ്പു മരിച്ചുപോയ മോശെയും ഏലീയാവും അവിടെ അക്ഷരീയമായി ഉണ്ടായിരുന്നില്ല എന്നതാണ്‌. വാസ്‌തവത്തിൽ, ക്രിസ്‌തു മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളൂ. (മത്തായി 17:8, 9) കണ്ണഞ്ചിക്കുന്ന ആ ദൃശ്യത്തിലൂടെ, രാജ്യാധികാരത്തിലുള്ള യേശുവിന്റെ സാന്നിധ്യത്തിന്റെ മഹത്ത്വപൂർണമായ ഒരു പൂർവവീക്ഷണം പത്രൊസിനും യാക്കോബിനും യോഹന്നാനും ലഭിച്ചു. മോശെയും ഏലീയാവും യേശുവിന്റെ കൂട്ടവകാശികളായ അഭിഷിക്തരെ നന്നായി ചിത്രീകരിക്കുന്നു. ആ ദർശനം യേശുവിന്റെ രാജ്യത്തെയും ഭാവി രാജാധികാരത്തെയും കുറിച്ചുള്ള അവന്റെ സാക്ഷ്യത്തെ ശക്തമായി അരക്കിട്ടുറപ്പിക്കുകയുണ്ടായി.

7. രൂപാന്തരീകരണത്തെ കുറിച്ച്‌ പത്രൊസിന്‌ വ്യക്തമായ ഓർമ ഉണ്ടായിരുന്നു എന്ന്‌ നമുക്ക്‌ എങ്ങനെ അറിയാം?

7 ക്രിസ്‌തീയ സഭയിൽ നേതൃസ്ഥാനം വഹിക്കാനിരുന്ന ഈ മൂന്നു അപ്പൊസ്‌തലന്മാരുടെ വിശ്വാസത്തെ ബലപ്പെടുത്താൻ യേശുവിന്റെ രൂപാന്തരീകരണം സഹായിച്ചു. യേശുവിന്റെ മുഖം ഉജ്ജ്വലമായി ശോഭിച്ചതും അവന്റെ വസ്‌ത്രങ്ങൾ വെട്ടിത്തിളങ്ങിയതും യേശു തന്റെ പ്രിയ പുത്രനാണെന്നും അവനു ചെവി കൊടുക്കണമെന്നുമുള്ള ദൈവത്തിന്റെ ശബ്ദം കേട്ടതുമെല്ലാം അവരുടെ വിശ്വാസത്തെ ബലപ്പെടുത്തുന്നതിൽ കാര്യമായ പങ്കു വഹിച്ചു. എന്നാൽ യേശുവിന്റെ പുനരുത്ഥാനം കഴിയുന്നതുവരെ ആ അപ്പൊസ്‌തലന്മാർ ഈ ദർശനത്തെ കുറിച്ച്‌ ആരോടും പറയാൻ പാടില്ലായിരുന്നു. ഏകദേശം 32 വർഷം കഴിഞ്ഞപ്പോഴും ആ ദർശനം പത്രൊസിന്റെ മനസ്സിൽ വ്യക്തമായി ഉണ്ടായിരുന്നു. അതിലേക്കും അതിന്റെ പ്രാധാന്യത്തിലേക്കും വിരൽ ചൂണ്ടിക്കൊണ്ട്‌ അവൻ എഴുതി: ‘ഞങ്ങൾ നമ്മുടെ കർത്താവായ യേശുക്രിസ്‌തുവിന്റെ ശക്തിയും പ്രത്യക്ഷതയും നിങ്ങളോടു അറിയിച്ചതു നിർമ്മിതകഥകളെ പ്രമാണിച്ചിട്ടല്ല, അവന്റെ മഹിമ കണ്ട സാക്ഷികളായിത്തീർന്നിട്ടത്രേ. “ഇവൻ എന്റെ പ്രിയപുത്രൻ; ഇവങ്കൽ ഞാൻ പ്രസാദിച്ചിരിക്കുന്നു” എന്നുള്ള ശബ്ദം അതി ശ്രേഷ്‌ഠതേജസ്സിങ്കൽ നിന്നു വന്നപ്പോൾ പിതാവായ ദൈവത്താൽ അവന്നു മാനവും തേജസ്സും ലഭിച്ചു. ഞങ്ങൾ അവനോടുകൂടെ വിശുദ്ധപർവ്വതത്തിൽ ഇരിക്കുമ്പോൾ സ്വർഗ്ഗത്തിൽനിന്നും ഈ ശബ്ദം ഉണ്ടായതു കേട്ടു.’—2 പത്രൊസ്‌ 1:16-18.

8. (എ) തന്റെ പുത്രനെ കുറിച്ചുള്ള ദൈവത്തിന്റെ പ്രഖ്യാപനം എന്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചു? (ബി) രൂപാന്തരീകരണ സമയത്ത്‌ നിഴലിട്ട മേഘം എന്തിനെയാണു സൂചിപ്പിച്ചത്‌?

8 “ഇവൻ എന്റെ പ്രിയപുത്രൻ; ഇവങ്കൽ ഞാൻ പ്രസാദിച്ചിരിക്കുന്നു” എന്ന ദൈവത്തിന്റെ പ്രഖ്യാപനമായിരുന്നു ഏറ്റവും പ്രാധാന്യമുള്ള സംഗതി. ഈ പ്രഖ്യാപനം ദൈവത്തിന്റെ സിംഹാസനസ്ഥ രാജാവെന്ന നിലയിലുള്ള യേശുവിന്റെ സ്ഥാനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. സർവ സൃഷ്ടിയും അവനെ പൂർണമായി അനുസരിക്കേണ്ടതാണ്‌. അവരുടെമേൽ നിഴലിട്ട മേഘം, ആ പ്രാവചനിക ദർശനത്തിന്റെ നിവൃത്തി അദൃശ്യമായിരിക്കുമെന്നു സൂചിപ്പിച്ചു. രാജ്യാധികാരത്തിലുള്ള യേശുവിന്റെ അദൃശ്യ സാന്നിധ്യത്തിന്റെ അടയാളം തിരിച്ചറിയുന്നവരുടെ ഗ്രാഹ്യ നേത്രങ്ങൾക്കേ ആ ദർശനത്തിന്റെ നിവൃത്തി വിവേചിച്ചറിയാൻ സാധിക്കുകയുള്ളൂ. (മത്തായി 24:3) വാസ്‌തവത്തിൽ, മനുഷ്യപുത്രൻ മരിച്ചവരിൽനിന്ന്‌ ഉയിർക്കുന്നതിനു മുമ്പ്‌ ആ ദർശനത്തെ കുറിച്ച്‌ ആരോടും പറയരുതെന്ന യേശുവിന്റെ നിർദേശം, ശ്രേഷ്‌ഠ സ്ഥാനത്തേക്കുള്ള അവന്റെ ഉയർച്ചയും മഹത്ത്വീകരണവും അവന്റെ പുനരുത്ഥാന ശേഷമേ നടക്കുകയുള്ളു എന്നു പ്രകടമാക്കുന്നു.

9. രൂപാന്തരീകരണം നമ്മുടെ വിശ്വാസത്തെ ബലപ്പെടുത്തേണ്ടത്‌ എന്തുകൊണ്ട്‌?

9 രൂപാന്തരീകരണത്തെ കുറിച്ചു പരാമർശിച്ചശേഷം പത്രൊസ്‌ ഇങ്ങനെ പ്രസ്‌താവിച്ചു: “പ്രവാചകവാക്യവും അധികം സ്ഥിരമായിട്ടു നമുക്കുണ്ടു. നേരം വെളുക്കുകയും നിങ്ങളുടെ ഹൃദയങ്ങളിൽ ഉദയനക്ഷത്രം ഉദിക്കയും ചെയ്‌വോളം ഇരുണ്ട സ്ഥലത്തു പ്രകാശിക്കുന്ന വിളക്കുപോലെ അതിനെ കരുതിക്കൊണ്ടാൽ നന്നു. തിരുവെഴുത്തിലെ പ്രവചനം ഒന്നും സ്വയമായ വ്യാഖ്യാനത്താൽ ഉളവാകുന്നതല്ല എന്നു ആദ്യം തന്നേ അറിഞ്ഞുകൊള്ളേണം. പ്രവചനം ഒരിക്കലും മനുഷ്യന്റെ ഇഷ്ടത്താൽ വന്നതല്ല, ദൈവകല്‌പനയാൽ മനുഷ്യർ പരിശുദ്ധാത്മനിയോഗം പ്രാപിച്ചിട്ടു സംസാരിച്ചതത്രേ.” (2 പത്രൊസ്‌ 1:19-21) യേശുവിന്റെ രൂപാന്തരീകരണം ദൈവത്തിന്റെ പ്രാവചനിക വചനത്തിന്റെ ആശ്രയയോഗ്യതയ്‌ക്ക്‌ അടിവരയിടുന്നതാണ്‌. ദിവ്യ പിന്തുണയോ അംഗീകാരമോ ഇല്ലാത്ത ‘വ്യാജ നിർമിത കഥകൾക്ക്‌’ അല്ല, മറിച്ച്‌ പ്രാവചനിക വചനത്തിനാണു നാം ശ്രദ്ധ നൽകേണ്ടത്‌. യേശുവിന്റെ രൂപാന്തരീകരണം ദൈവത്തിന്റെ പ്രാവചനിക വചനത്തിലുള്ള നമ്മുടെ വിശ്വാസത്തെ ബലപ്പെടുത്തേണ്ടതാണ്‌, കാരണം യേശുവിന്റെ മഹത്ത്വവും രാജ്യാധികാരവും സംബന്ധിച്ച ആ ദർശനം ഒരു യാഥാർഥ്യം ആയിത്തീർന്നിരിക്കുന്നു. അതേ, ശക്തനായ സ്വർഗീയ രാജാവ്‌ എന്ന നിലയിൽ ക്രിസ്‌തു ഇപ്പോൾ സാന്നിധ്യവാനാണെന്നതിന്‌ അനിഷേധ്യമായ തെളിവ്‌ നമുക്കുണ്ട്‌.

ഉദയനക്ഷത്രം ഉദിക്കുന്നത്‌ എങ്ങനെ?

10. പത്രൊസ്‌ പരാമർശിക്കുന്ന “ഉദയനക്ഷത്രം” ആരാണ്‌ അല്ലെങ്കിൽ എന്താണ്‌, നിങ്ങൾ അങ്ങനെ പറയുന്നത്‌ എന്തുകൊണ്ട്‌?

10 പത്രൊസ്‌ എഴുതി: “നേരം വെളുക്കുകയും നിങ്ങളുടെ ഹൃദയങ്ങളിൽ ഉദയനക്ഷത്രം ഉദിക്കയും ചെയ്‌വോളം ഇരുണ്ട സ്ഥലത്തു പ്രകാശിക്കുന്ന വിളക്കുപോലെ [പ്രാവചനിക വചനത്തെ] കരുതിക്കൊണ്ടാൽ നന്നു.” ഈ “ഉദയനക്ഷത്രം” ആരാണ്‌ അല്ലെങ്കിൽ എന്താണ്‌? “ഉദയനക്ഷത്രം” എന്നതിന്റെ ഗ്രീക്കുപദം മൂല ബൈബിളിൽ ഒരു പ്രാവശ്യമേ കാണുന്നുള്ളൂ. ഇതിനു ‘പ്രഭാത നക്ഷത്രം’ എന്നതിന്റെ അതേ അർഥമാണുള്ളത്‌. പുതിയലോക ഭാഷാന്തരത്തിൽ വെളിപ്പാടു 22:16 (NW) യേശുക്രിസ്‌തുവിനെ “ശോഭയുള്ള പ്രഭാത നക്ഷത്രം” എന്നു വിളിക്കുന്നു. സംവത്സരത്തിലെ ചില കാലങ്ങളിൽ, കിഴക്കൻ ചക്രവാളത്തിൽ അവസാനം ഉദിക്കുന്നത്‌ അത്തരം നക്ഷത്രങ്ങളാണ്‌. സൂര്യോദയത്തിനു മുമ്പ്‌ ഉദിക്കുന്ന അവ ഒരു പുതു ദിവസത്തിന്റെ വരവിനെ വിളിച്ചറിയിക്കുന്നു. രാജ്യാധികാരം ലഭിച്ച ശേഷമുള്ള യേശുവിനെ പരാമർശിക്കാനാണ്‌ പത്രൊസ്‌ “ഉദയനക്ഷത്രം” എന്ന വാക്ക്‌ ഉപയോഗിക്കുന്നത്‌. രാജ്യാധികാരം ലഭിച്ച സമയത്ത്‌ നമ്മുടെ ഭൂമി ഉൾപ്പെടെയുള്ള മുഴു പ്രപഞ്ചത്തിലും യേശു ഉദിച്ചു! മിശിഹൈക “ഉദയനക്ഷത്രം” എന്ന നിലയിൽ അവൻ അനുസരണമുള്ള മനുഷ്യവർഗത്തിനു വേണ്ടിയുള്ള ഒരു പുതിയ ദിവസത്തിന്റെ അഥവാ കാലഘട്ടത്തിന്റെ വരവിനെ വിളിച്ചറിയിക്കുന്നു.

11. (എ) അക്ഷരീയ മനുഷ്യ ഹൃദയങ്ങളിൽ “ഉദയനക്ഷത്രം” ഉദിക്കുന്നുവെന്ന്‌ 2 പത്രൊസ്‌ 1:19 അർഥമാക്കുന്നില്ലാത്തത്‌ എന്തുകൊണ്ട്‌? (ബി) നിങ്ങൾ 2 പത്രൊസ്‌ 1:19 എങ്ങനെ വിശദീകരിക്കും?

11 2 പത്രൊസ്‌ 1:19-ലെ പത്രൊസിന്റെ വാക്കുകൾ അക്ഷരീയ മനുഷ്യ ഹൃദയത്തെ സൂചിപ്പിക്കുന്നു എന്ന ആശയമാണു പല ബൈബിൾ പരിഭാഷകരും വെച്ചുപുലർത്തുന്നത്‌. പ്രായപൂർത്തിയായ ഒരാളുടെ ഹൃദയത്തിന്‌ 250-300 ഗ്രാം തൂക്കമാണുള്ളത്‌. ഇപ്പോൾ, സ്വർഗത്തിലെ മഹത്ത്വമുള്ള അമർത്യ ആത്മജീവിയായ യേശുക്രിസ്‌തുവിന്‌ എങ്ങനെയാണ്‌ ഈ ചെറിയ മനുഷ്യ അവയവത്തിൽ ഉദിക്കാൻ കഴിയുക? (1 തിമൊഥെയൊസ്‌ 6:16) ഇക്കാര്യത്തിൽ നമ്മുടെ ആലങ്കാരിക ഹൃദയങ്ങൾ ഉൾപ്പെട്ടിട്ടുണ്ട്‌. കാരണം, ദൈവത്തിന്റെ പ്രാവചനിക വചനത്തിനു നാം ശ്രദ്ധ കൊടുക്കുന്നത്‌ ആലങ്കാരിക ഹൃദയങ്ങൾ കൊണ്ടാണ്‌. എന്നാൽ, പുതിയലോക ഭാഷാന്തരത്തിൽ 2 പത്രൊസ്‌ 1:19 സൂക്ഷ്‌മമായി പരിശോധിച്ചാൽ, “നേരം വെളുക്കുകയും ഉദയനക്ഷത്രം ഉദിക്കുകയും ചെയ്യുന്നതു വരെ” എന്ന വാക്യാംശത്തെ “നിങ്ങളുടെ ഹൃദയങ്ങളിൽ” എന്ന പ്രയോഗത്തിൽനിന്നു വേർതിരിക്കാൻ ഒരു കോമ ഉപയോഗിച്ചിരിക്കുന്നതായി കാണാം. ആ വാക്യം ഒരുപക്ഷേ ഇങ്ങനെ എഴുതാവുന്നതാണ്‌: ‘കൂടുതൽ ഉറപ്പാക്കപ്പെട്ട പ്രാവചനിക വചനം നമുക്കുണ്ട്‌; നേരം വെളുക്കുകയും ഉദയനക്ഷത്രം ഉദിക്കുകയും ചെയ്യുന്നതുവരെ ഒരു ഇരുണ്ട സ്ഥലത്ത്‌, അതായത്‌ നിങ്ങളുടെ ഹൃദയങ്ങളിൽ, പ്രകാശിക്കുന്ന ഒരു വിളക്ക്‌ എന്നപോലെ നിങ്ങൾ അതിനു ശ്രദ്ധ കൊടുക്കുന്നെങ്കിൽ നന്ന്‌.’

12. പൊതുവെ, മനുഷ്യഹൃദയങ്ങളുടെ അവസ്ഥ എന്താണ്‌, യഥാർഥ ക്രിസ്‌ത്യാനികളുടെ കാര്യത്തിൽ ഏതു കാര്യം സത്യമാണ്‌?

12 പൊതുവെ, പാപികളായ മനുഷ്യരുടെ ആലങ്കാരിക ഹൃദയത്തിന്റെ അവസ്ഥ എന്താണ്‌? അവരുടെ ഹൃദയങ്ങൾ ആത്മീയ അന്ധകാരത്തിലാണ്‌! എന്നാൽ, നാം സത്യക്രിസ്‌ത്യാനികൾ ആണെങ്കിൽ ഒരു വിളക്കു നമ്മുടെ ഹൃദയങ്ങളിൽ പ്രകാശിക്കുന്നു എന്നു പറയാം. അല്ലെങ്കിൽ, നമ്മുടെ ഹൃദയങ്ങൾ ഇരുണ്ടതാകുമായിരുന്നു. പത്രൊസിന്റെ വാക്കുകൾ സൂചിപ്പിക്കുന്നതു പോലെ, പ്രകാശം ചൊരിയുന്ന ദൈവത്തിന്റെ പ്രാവചനിക വചനത്തിനു ശ്രദ്ധ കൊടുത്തുകൊണ്ടാണ്‌ യഥാർഥ ക്രിസ്‌ത്യാനികൾ പുതു ദിവസപ്പിറവി സംബന്ധിച്ച്‌ ജാഗ്രതയുള്ളവരും പ്രബുദ്ധരുമായി നിലകൊള്ളുന്നത്‌. ഉദയനക്ഷത്രം ഉദിച്ചിരിക്കുന്നത്‌ ജഡിക മനുഷ്യ ഹൃദയങ്ങളിൽ അല്ല, പിന്നെയോ സകല സൃഷ്‌ടികളുടെയും മുമ്പാകെ ആണെന്ന വസ്‌തുത അവർക്ക്‌ അറിയാം.

13. (എ) ഉദയനക്ഷത്രം ഇപ്പോൾത്തന്നെ ഉദിച്ചിരിക്കുന്നു എന്നു നമുക്ക്‌ ഉറപ്പുണ്ടായിരിക്കാൻ കഴിയുന്നത്‌ എന്തുകൊണ്ട്‌? (ബി) നമ്മുടെ നാളിൽ ഉണ്ടായിരിക്കുമെന്ന്‌ യേശു മുൻകൂട്ടി പറഞ്ഞ ദുഷ്‌കരമായ അവസ്ഥകൾ ക്രിസ്‌ത്യാനികളായ നമുക്ക്‌ എങ്ങനെ സഹിച്ചുനിൽക്കാൻ കഴിയും?

13 പ്രഭാതനക്ഷത്രം ഇപ്പോൾത്തന്നെ ഉദിച്ചുകഴിഞ്ഞിരിക്കുന്നു! തന്റെ സാന്നിധ്യത്തെ കുറിച്ചുള്ള യേശുവിന്റെ മഹാ പ്രവചനത്തിനു ശ്രദ്ധ കൊടുക്കുകവഴി നമുക്ക്‌ അതു സംബന്ധിച്ച്‌ ഉറപ്പുള്ളവർ ആയിരിക്കാൻ കഴിയും. മുമ്പെങ്ങും ഉണ്ടായിട്ടില്ലാത്ത അളവിൽ യുദ്ധങ്ങളും ഭക്ഷ്യക്ഷാമങ്ങളും ഭൂകമ്പങ്ങളും ഗോളവ്യാപക സുവാർത്താ പ്രസംഗവും പോലുള്ള സംഗതികൾ നടക്കുന്ന ഇക്കാലത്ത്‌ നാം അതിന്റെ നിവൃത്തി അനുഭവിച്ചുകൊണ്ടിരിക്കുകയാണ്‌. (മത്തായി 24:3-14) യേശുക്രിസ്‌തു പറഞ്ഞ പ്രയാസകരമായ അവസ്ഥകൾ ക്രിസ്‌ത്യാനികളായ നമ്മെയും ബാധിക്കുന്നുണ്ടെങ്കിലും, സമാധാനത്തോടും ഹൃദയസന്തോഷത്തോടും കൂടെ സഹിച്ചുനിൽക്കാൻ നമുക്കു കഴിയുന്നു. എന്തുകൊണ്ട്‌? എന്തുകൊണ്ടെന്നാൽ നാം ദൈവത്തിന്റെ പ്രാവചനിക വചനത്തിനു ശ്രദ്ധ നൽകുകയും ഭാവി സംബന്ധിച്ച അവന്റെ വാഗ്‌ദാനങ്ങളിൽ വിശ്വസിക്കുകയും ചെയ്യുന്നു. ഒരു സുവർണ കാലത്തിന്റെ കവാടത്തിലാണു നാം നിലകൊള്ളുന്നതെന്ന്‌ നമുക്ക്‌ അറിയാം. “അന്ത്യകാലം” വളരെ പിന്നിട്ടിരിക്കുന്നു! (ദാനീയേൽ 12:4) “അന്ധകാരം ഭൂമിയെയും കൂരിരുട്ടു ജാതികളെയും മൂടുന്നു” എന്ന്‌ യെശയ്യാവു 60:2-ൽ മുൻകൂട്ടി പറഞ്ഞിരിക്കുന്ന ദാരുണമായ അവസ്ഥയിലാണു ലോകം ഇപ്പോൾ. ഈ അന്ധകാരത്തിൽ ഒരുവന്‌ എങ്ങനെ വഴി കണ്ടെത്താനാകും? വൈകിപ്പോകുന്നതിനു മുമ്പ്‌, ഇപ്പോൾത്തന്നെ, ദൈവത്തിന്റെ പ്രാവചനിക വചനത്തിനു താഴ്‌മയോടെ ശ്രദ്ധ നൽകിക്കൊണ്ട്‌. ആത്മാർഥഹൃദയരായ ആളുകൾ ജീവന്റെയും വെളിച്ചത്തിന്റെയും ഉറവായ യഹോവയാം ദൈവത്തിലേക്കു തിരിയേണ്ടതുണ്ട്‌. (സങ്കീർത്തനം 36:9; പ്രവൃത്തികൾ 17:28) അങ്ങനെ ചെയ്യുന്നതിനാൽ മാത്രമേ ഒരുവനു ശരിയായ പ്രബുദ്ധതയും അനുസരണമുള്ള മനുഷ്യർക്കായി ദൈവം ഉദ്ദേശിച്ചിരിക്കുന്ന അത്ഭുതകരമായ ഭാവി ആസ്വദിക്കുന്നതിനുള്ള പ്രത്യാശയും ഉണ്ടായിരിക്കാനാകൂ.—വെളിപ്പാടു 21:1-5.

‘വെളിച്ചം ലോകത്തിൽ വന്നിരിക്കുന്നു’

14. ബൈബിളിലെ അത്ഭുതകരമായ പ്രവചനങ്ങളുടെ നിവൃത്തി അനുഭവിച്ചറിയാൻ നാം എന്തു ചെയ്യണം?

14 യേശുക്രിസ്‌തു ഇപ്പോൾ വാഴ്‌ച നടത്തുന്ന രാജാവാണെന്നു തിരുവെഴുത്തുകൾ വ്യക്തമാക്കുന്നു. 1914-ൽ അവൻ അധികാരത്തിൽ വന്നതിനാൽ അത്ഭുതകരമായ മറ്റു പ്രവചനങ്ങളും നിവൃത്തിയേറും. ആ നിവൃത്തി അനുഭവിക്കണമെങ്കിൽ, നാം അജ്ഞതയിൽ ആയിരുന്നപ്പോൾ ചെയ്‌ത പാപപൂർണമായ പ്രവൃത്തികളും തെറ്റുകളും സംബന്ധിച്ച്‌ അനുതപിച്ചുകൊണ്ട്‌ യേശുക്രിസ്‌തുവിൽ വിശ്വാസം പ്രകടമാക്കുന്ന സൗമ്യതയുള്ളവരാണെന്നു തെളിയിക്കണം. അന്ധകാരത്തെ സ്‌നേഹിക്കുന്നവർക്ക്‌ തീർച്ചയായും നിത്യജീവൻ ലഭിക്കുകയില്ല. യേശു ഇങ്ങനെ പറഞ്ഞു: “ന്യായവിധി എന്നതോ, വെളിച്ചം ലോകത്തിൽ വന്നിട്ടും മനുഷ്യരുടെ പ്രവൃത്തി ദോഷമുള്ളതു ആകയാൽ അവർ വെളിച്ചത്തെക്കാൾ ഇരുളിനെ സ്‌നേഹിച്ചതു തന്നേ. തിൻമ പ്രവർത്തിക്കുന്നവൻ എല്ലാം വെളിച്ചത്തെ പകെക്കുന്നു; തന്റെ പ്രവൃത്തിക്കു ആക്ഷേപം വരാതിരിപ്പാൻ വെളിച്ചത്തിലേക്കു വരുന്നതുമില്ല. സത്യം പ്രവർത്തിക്കുന്നവനോ, തന്റെ പ്രവൃത്തി ദൈവത്തിൽ ചെയ്‌തിരിക്കയാൽ അതു വെളിപ്പെടേണ്ടതിന്നു വെളിച്ചത്തിലേക്കു വരുന്നു.”—യോഹന്നാൻ 3:19-21.

15. തന്റെ പുത്രൻ മുഖാന്തരം ദൈവം സാധ്യമാക്കിയ രക്ഷയെ നാം തുച്ഛീകരിക്കുന്നെങ്കിൽ, എന്തു സംഭവിക്കും?

15 യേശു മുഖാന്തരമാണു ലോകത്തിൽ ആത്മീയ വെളിച്ചം വന്നിരിക്കുന്നത്‌, അതിനാൽ അവനെ ശ്രദ്ധിക്കുന്നതു മർമപ്രധാനമാണ്‌. പൗലൊസ്‌ ഇപ്രകാരം എഴുതി: “ദൈവം പണ്ടു ഭാഗം ഭാഗമായിട്ടും വിവിധമായിട്ടും പ്രവാചകന്മാർമുഖാന്തരം പിതാക്കന്മാരോടു അരുളിച്ചെയ്‌തിട്ടു ഈ അന്ത്യകാലത്തു പുത്രൻമുഖാന്തരം നമ്മോടു അരുളിച്ചെയ്‌തിരിക്കുന്നു. അവനെ താൻ സകലത്തിന്നും അവകാശിയാക്കി വെച്ചു.” (എബ്രായർ 1:1, 2) തന്റെ പ്രിയ പുത്രൻ മുഖാന്തരം ദൈവം സാധ്യമാക്കിയ രക്ഷയെ നാം തുച്ഛീകരിക്കുന്നെങ്കിൽ എന്തു സംഭവിക്കും? പൗലൊസ്‌ കൂടുതലായി ഇങ്ങനെ പറഞ്ഞു: “ദൂതന്മാർമുഖാന്തരം അരുളിച്ചെയ്‌ത വചനം സ്ഥിരമായിരിക്കയും ഓരോരോ ലംഘനത്തിന്നും അനുസരണക്കേടിന്നും ന്യായമായ പ്രതിഫലം ലഭിക്കയും ചെയ്‌തു എങ്കിൽ കർത്താവു താൻ പറഞ്ഞുതുടങ്ങിയതും ദൈവം അടയാളങ്ങളാലും അത്ഭുതങ്ങളാലും വിവിധവീര്യപ്രവൃത്തികളാലും തന്റെ ഇഷ്ടപ്രകാരം പരിശുദ്ധാത്മാവിനെ നല്‌കിക്കൊണ്ടും സാക്ഷി നിന്നതും കേട്ടവർ നമുക്കു ഉറപ്പിച്ചുതന്നതുമായ ഇത്ര വലിയ രക്ഷ നാം ഗണ്യമാക്കാതെ പോയാൽ എങ്ങനെ തെററി ഒഴിയും? [“എങ്ങനെ ശിക്ഷയിൽനിന്നു രക്ഷപ്പെടും?,” ഓശാന ബൈബിൾ]” (എബ്രായർ 2:2-4) അതേ, യേശുവിന്‌ പ്രാവചനിക വചനത്തിന്റെ പ്രഖ്യാപനത്തിൽ കേന്ദ്രസ്ഥാനമുണ്ട്‌.—വെളിപ്പാടു 19:10, NW.

16. യഹോവയാം ദൈവത്തിന്റെ എല്ലാ പ്രവചനങ്ങളിലും നമുക്കു പൂർണമായ വിശ്വാസം ഉണ്ടായിരിക്കാൻ കഴിയുന്നത്‌ എന്തുകൊണ്ട്‌?

16 പത്രൊസ്‌ ഇങ്ങനെ എഴുതി: “തിരുവെഴുത്തിലെ പ്രവചനം ഒന്നും സ്വയമായ വ്യാഖ്യാനത്താൽ ഉളവാകുന്നതല്ല.” അതിന്റെ അർഥം, ശരിയായ രീതിയിൽ സ്വന്തമായി പ്രവചിക്കാൻ മനുഷ്യർക്കു സാധിക്കില്ല എന്നാണ്‌. എന്നാൽ, ദൈവത്തിന്റെ എല്ലാ പ്രവചനങ്ങളിലും നമുക്കു പൂർണ വിശ്വാസം ഉണ്ടായിരിക്കാൻ കഴിയും. അവയുടെ ഉറവ്‌ യഹോവയാം ദൈവമാണ്‌. ബൈബിൾ പ്രവചനങ്ങൾ എങ്ങനെ നിവൃത്തിയേറുന്നു എന്നു മനസ്സിലാക്കാൻ പരിശുദ്ധാത്മാവിനെ നൽകി ദൈവം തന്റെ ദാസന്മാരെ പ്രാപ്‌തരാക്കിയിരിക്കുന്നു. 1914 മുതൽ അത്തരം അനേകം പ്രവചനങ്ങളുടെയും നിവൃത്തി കാണാൻ കഴിഞ്ഞതിൽ നാം യഹോവയോടു നന്ദിയുള്ളവരാണ്‌. ഈ ദുഷ്‌ട വ്യവസ്ഥിതിയുടെ അന്ത്യത്തെ കുറിച്ചുള്ള ശേഷിച്ച പ്രവചനങ്ങളും നിവൃത്തിയേറും എന്ന കാര്യത്തിൽ നമുക്ക്‌ ഉറപ്പുണ്ട്‌. നമ്മുടെ വെളിച്ചം പ്രകാശിപ്പിക്കവെ, നാം ഉത്സാഹപൂർവം ദിവ്യ പ്രവചനങ്ങൾക്കു ശ്രദ്ധ കൊടുക്കുന്നതിൽ തുടരുന്നതു മർമപ്രധാനമാണ്‌. (മത്തായി 5:16) ഇന്ന്‌ ഭൂമിയെ ആവരണം ചെയ്യുന്ന ‘ഇരുളിൽ പ്രകാശം ഉദിക്കാൻ’ യഹോവ ഇടയാക്കുന്നതിൽ നാം എത്ര നന്ദിയുള്ളവരാണ്‌!—യെശയ്യാവു 58:10.

17. നമുക്കു ദൈവത്തിൽ നിന്നുള്ള ആത്മീയ വെളിച്ചം ആവശ്യമായിരിക്കുന്നത്‌ എന്തുകൊണ്ട്‌?

17 അക്ഷരീയ പ്രകാശം വസ്‌തുക്കളെ കാണാൻ നമ്മെ സഹായിക്കുന്നു. വൈവിധ്യമാർന്ന ഭക്ഷ്യവസ്‌തുക്കളുടെ ഉത്‌പാദനത്തിലും അതു സഹായിക്കുന്നു. അക്ഷരീയ വെളിച്ചമില്ലാതെ നമുക്കു ജീവിക്കാനാവില്ല. ആത്മീയ വെളിച്ചത്തിന്റെ കാര്യമോ? അതു നമുക്കു മാർഗനിർദേശം നൽകുകയും ദൈവവചനമായ ബൈബിളിൽ മുൻകൂട്ടി പറഞ്ഞിരിക്കുന്ന ഭാവിയെ സംബന്ധിച്ചു കൂടുതലായ വിവരങ്ങൾ നമുക്കു വെളിപ്പെടുത്തിത്തരികയും ചെയ്യുന്നു. (സങ്കീർത്തനം 119:105) യഹോവയാം ദൈവം സ്‌നേഹപൂർവം തന്റെ ‘പ്രകാശവും സത്യവും അയച്ചുതരുന്നു.’ (സങ്കീർത്തനം 43:3) തീർച്ചയായും, അത്തരം കരുതലുകളോടു നാം ആഴമായ വിലമതിപ്പു പ്രകടമാക്കേണ്ടതുണ്ട്‌. അതുകൊണ്ട്‌ നമ്മുടെ ആലങ്കാരിക ഹൃദയത്തെ പ്രകാശിപ്പിക്കുമാറ്‌ “ദൈവത്തിന്റെ മഹത്ത്വമാർന്ന പരിജ്ഞാന”മാകുന്ന പ്രകാശം സ്വീകരിക്കാൻ നമുക്കു പരമാവധി ശ്രമിക്കാം.—2 കൊരിന്ത്യർ 4:6, NW; എഫെസ്യർ 1:17, 18.

18. യഹോവയുടെ ഉദയനക്ഷത്രം ഇപ്പോൾ എന്തു ചെയ്യാൻ സജ്ജനായി നിൽക്കുകയാണ്‌?

18 1914-ൽ ഉദയനക്ഷത്രമായ യേശുക്രിസ്‌തു സകല പ്രപഞ്ചത്തിലും ഉദിക്കുകയും രൂപാന്തരീകരണ ദർശനം നിവർത്തിക്കാൻ തുടങ്ങുകയും ചെയ്‌തു എന്ന്‌ അറിഞ്ഞിരിക്കുന്ന നാം എത്ര അനുഗൃഹീതരാണ്‌! യഹോവയുടെ ഉദയനക്ഷത്രം, രൂപാന്തരീകരണത്തിന്റെ കൂടുതലായ നിവൃത്തിയിൽ—“സർവ്വശക്തനായ ദൈവത്തിന്റെ മഹാദിവസത്തിലെ യുദ്ധ”ത്തിൽ—ദൈവോദ്ദേശ്യം നിവർത്തിക്കാൻ സജ്ജനായി രംഗത്തുണ്ട്‌. (വെളിപ്പാടു 16:14, 16) ഈ പഴയ വ്യവസ്ഥിതി തുടച്ചുമാറ്റപ്പെട്ട ശേഷം, ‘ഒരു പുതിയ ആകാശത്തെയും പുതിയ ഭൂമിയെയും’ കുറിച്ചുള്ള തന്റെ വാഗ്‌ദാനം യഹോവ നിവർത്തിക്കും. അവിടെ അഖിലാണ്ഡ പരമാധീശ കർത്താവും യഥാർഥ പ്രവചനത്തിന്റെ ദൈവവും എന്ന നിലയിൽ അവനെ സകല നിത്യതയിലും സ്‌തുതിക്കാൻ നമുക്കു കഴിയും. (2 പത്രൊസ്‌ 3:13) ആ മഹത്തായ ദിവസം വരുന്നതുവരെ, ദൈവത്തിന്റെ പ്രാവചനിക വചനത്തിനു ശ്രദ്ധ കൊടുത്തുകൊണ്ട്‌ നമുക്കു ദിവ്യ വെളിച്ചത്തിൽ തുടർന്നു നടക്കാം.

നിങ്ങൾ എങ്ങനെ ഉത്തരം പറയും?

• യേശുവിന്റെ രൂപാന്തരീകരണത്തെ നിങ്ങൾ എങ്ങനെ വിവരിക്കും?

• രൂപാന്തരീകരണം വിശ്വാസത്തെ ബലപ്പെടുത്തുന്നത്‌ എങ്ങനെ?

• യഹോവയുടെ ഉദയനക്ഷത്രം ആരാണ്‌ അല്ലെങ്കിൽ എന്താണ്‌, അത്‌ ഉദിച്ചത്‌ എപ്പോൾ?

• ദൈവത്തിന്റെ പ്രാവചനിക വചനത്തിനു നാം ശ്രദ്ധ നൽകേണ്ടത്‌ എന്തുകൊണ്ട്‌?

[അധ്യയന ചോദ്യങ്ങൾ]

[13-ാം പേജിലെ ചിത്രം]

രൂപാന്തരീകരണത്തിന്റെ പ്രാധാന്യം നിങ്ങൾക്കു വിശദീകരിക്കാമോ?

[15-ാം പേജിലെ ചിത്രം]

ഉദയനക്ഷത്രം ഉദിച്ചിരിക്കുന്നു. എപ്പോൾ, എങ്ങനെ എന്നു നിങ്ങൾക്കറിയാമോ?