അപ്പോസ്തലന്മാരുടെ പ്രവൃത്തികൾ 3:1-26
അടിക്കുറിപ്പുകള്
പഠനക്കുറിപ്പുകൾ
പ്രാർഥനയുടെ സമയം: സാധ്യതയനുസരിച്ച്, ദേവാലയത്തിൽ രാവിലെയും വൈകിട്ടും ബലികൾ അർപ്പിച്ചിരുന്ന സമയത്ത് പ്രാർഥനകളും നടത്തിയിരുന്നു. (പുറ 29:38-42; 30:7, 8) “സുഗന്ധക്കൂട്ട് അർപ്പിക്കുന്ന സമയത്ത്” ജനം ‘പ്രാർഥിച്ചുകൊണ്ടിരുന്നതായി’ ലൂക്കോസ് രേഖപ്പെടുത്തിയിട്ടുണ്ട്. (ലൂക്ക 1:10) ഇനി, ആലയശുശ്രൂഷയെക്കുറിച്ച് യഹോവ ദാവീദിനു നൽകിയ നിർദേശങ്ങളിൽ, പുരോഹിതന്മാരെയും ലേവ്യരെയും സംഘടിപ്പിച്ച് തന്നെ മഹത്ത്വപ്പെടുത്താനും തനിക്കു നന്ദിയും സ്തുതിയും അർപ്പിക്കാനും ഉള്ള കല്പനയുമുണ്ടായിരുന്നു. നിസ്സംശയമായും ഇതിൽ പ്രാർഥനയും ഉൾപ്പെട്ടിരുന്നു. (1ദിന 16:4; 23:30; 2ദിന 29:25, 26) സുഗന്ധക്കൂട്ടും പ്രാർഥനകളും തമ്മിൽ അടുത്ത ബന്ധമുണ്ടായിരുന്നെന്ന് ഇതു സൂചിപ്പിക്കുന്നു. (സങ്ക 141:2; വെളി 5:8; 8:3, 4) ദേവാലയത്തിലേക്കു വരുന്ന ആളുകൾ ‘പ്രാർഥനയുടെ സമയമാകുമ്പോൾ’ സാധാരണയായി അതിന്റെ മുറ്റങ്ങളിൽ കൂടിവരുമായിരുന്നു. ശുദ്ധീകരണത്തിനായി പുരോഹിതനെ കാണാൻ ദേവാലയത്തിലേക്കു വന്നവരും പ്രാർഥനയിലും ആരാധനയിലും പങ്കെടുക്കാൻ മാത്രമായി വന്ന അനേകരും അക്കൂട്ടത്തിലുണ്ടായിരുന്നിരിക്കാം. (ലൂക്ക 2:22-38) ദേവാലയത്തിലെ സ്വർണയാഗപീഠത്തിൽ സുഗന്ധക്കൂട്ട് അർപ്പിക്കാനുള്ള പുരോഹിതനെ, ഇതേവരെ അതിനുള്ള അവസരം ലഭിച്ചിട്ടില്ലാത്ത പുരോഹിതന്മാരിൽനിന്ന് അവർ നറുക്കിട്ടാണു തിരഞ്ഞെടുത്തിരുന്നതെന്നു റബ്ബിമാരുടെ പാരമ്പര്യം പറയുന്നു. പുരോഹിതന്മാർക്കു ജീവിതത്തിൽ ഒരിക്കൽ മാത്രം കിട്ടുന്ന അസുലഭാവസരമായിരുന്നു ഇത്. ഇത്തരത്തിൽ തിരഞ്ഞെടുക്കപ്പെട്ട പുരോഹിതൻ അവിടെ സന്നിഹിതരായ എല്ലാ ലേവ്യരെയും പുരോഹിതന്മാരെയും സാക്ഷിയാക്കി ഭക്തിപുരസ്സരം വിശുദ്ധത്തിലേക്കു പ്രവേശിക്കും. ഈ സമയത്ത് പുരോഹിതന്മാരും ആലയമുറ്റങ്ങളിൽ നിൽക്കുന്ന ജനവും പ്രാർഥിക്കുകയായിരിക്കും. പിന്നീട് സുഗന്ധക്കൂട്ടിന്റെ സൗരഭ്യം ഉയരുന്ന സമയത്ത്, ആളുകൾ അരമണിക്കൂറോളം തീർത്തും നിശ്ശബ്ദരായി പ്രാർഥന തുടരും. (ലൂക്ക 1:9, 10) ഒടുവിൽ ജനത്തെയെല്ലാം അനുഗ്രഹിക്കുകയും (സംഖ 6:22-27) അന്നേ ദിവസം പാടാൻ പട്ടികപ്പെടുത്തിയിരിക്കുന്ന സങ്കീർത്തനം ലേവ്യഗായകസംഘം ആലപിക്കുകയും ചെയ്യുന്നതോടെ ആ പ്രാർഥനാവേള അവസാനിക്കും. തികച്ചും സന്തോഷകരമായ ഒരു പര്യവസാനം!
ഒൻപതാം മണി: അതായത്, ഉച്ച കഴിഞ്ഞ് ഏകദേശം 3 മണി.—പ്രവൃ 2:15-ന്റെ പഠനക്കുറിപ്പു കാണുക.
നസറെത്തുകാരൻ: മർ 10:47-ന്റെ പഠനക്കുറിപ്പു കാണുക.
ജീവനായകൻ: അഥവാ “ജീവന്റെ മുഖ്യനായകൻ.” ഇവിടെ “നായകൻ” (അർഖീഗൊസ്) എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന ഗ്രീക്കുപദത്തിന്റെ അടിസ്ഥാനാർഥം “പ്രധാനനേതാവ്; ആദ്യം പോകുന്നയാൾ” എന്നൊക്കെയാണ്. ബൈബിളിൽ ഈ പദം ഉപയോഗിച്ചിരിക്കുന്ന നാലു സന്ദർഭങ്ങളിലും അതു യേശുവിനെയാണു കുറിക്കുന്നത്. (പ്രവൃ 3:15; 5:31; എബ്ര 2:10; 12:2) മറ്റുള്ളവർക്കു വഴിയൊരുക്കാനായി മുമ്പേ പോകുന്നയാൾ എന്നൊരു അർഥവും ഈ ഗ്രീക്കുപദത്തിനുണ്ട്. ദൈവത്തിനും മനുഷ്യകുലത്തിനും ഇടയിൽ മധ്യസ്ഥനായി നിന്ന്, നിത്യജീവനിലേക്കുള്ള വഴി കാണിച്ചുതന്നതുകൊണ്ട് യേശുവിനെ ‘ജീവനിലേക്കുള്ള വഴികാട്ടി’ എന്നു വിശേഷിപ്പിക്കാം. “നായകൻ” എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന ഗ്രീക്ക് പദപ്രയോഗം സൂചിപ്പിക്കുന്നത്, ആ വ്യക്തി ഒരു നേതാവിനെയോ പ്രഭുവിനെയോ പോലെ ഔദ്യോഗികപദവിയിലുള്ള ഒരു ഭരണനിർവാഹകനാണ് എന്നാണ്. (പ്രവൃ 7:27, 35-ൽ മോശയെ ഇസ്രായേലിലെ ഒരു “ഭരണാധികാരി” എന്നു വിളിച്ചിരിക്കുന്നിടത്ത് അർഖീഗൊസ് എന്നതിനോടു ബന്ധമുള്ള ഒരു പദമാണ് ഉപയോഗിച്ചിരിക്കുന്നത്.) ഈ തിരുവെഴുത്തുഭാഗത്ത് ഈ പദത്തിന്, “തന്റെ ഉദ്ദേശ്യം നിറവേറ്റാൻ ദൈവം ഉപയോഗിക്കുന്ന ഉപാധി” എന്നൊരു അർഥമുണ്ട്. യേശു അനേകർക്കുവേണ്ടി “തത്തുല്യമായ ഒരു മോചനവിലയായി.” (1തിമ 2:5, 6; മത്ത 20:28; പ്രവൃ 4:12) മഹാപുരോഹിതനും ന്യായാധിപനും ആയ യേശുവിനു പുനരുത്ഥാനശേഷം, തന്റെ ആ മോചനവിലയുടെ മൂല്യം ആളുകൾക്കു പ്രയോജനപ്പെടുന്ന രീതിയിൽ ഉപയോഗിക്കാനാകുമായിരുന്നു. യേശുവിന്റെ ബലിയിൽ വിശ്വാസമർപ്പിക്കുന്ന മനുഷ്യർ പാപത്തിന്റെയും മരണത്തിന്റെയും പിടിയിൽനിന്ന് സ്വതന്ത്രരാകും. അതുകൊണ്ടുതന്നെ മരിച്ചവരുടെ പുനരുത്ഥാനം നടക്കുന്നതു യേശുവിലൂടെയാണ്. (യോഹ 5:28, 29; 6:39, 40) ഇക്കാരണങ്ങളാലാണു യേശു നിത്യജീവനിലേക്കുള്ള വഴി തുറക്കുന്നു എന്നു പറഞ്ഞിരിക്കുന്നത്. (യോഹ 11:25; 14:6; എബ്ര 5:9; 10:19, 20) ചില ബൈബിൾപരിഭാഷകർ ഈ പദപ്രയോഗത്തെ ജീവന്റെ “രൂപരചയിതാവ്,” “ഉറവ്” എന്നൊക്കെയാണു പരിഭാഷപ്പെടുത്തിയിരിക്കുന്നതെങ്കിലും യേശുവിന് ആ വിശേഷണങ്ങൾ ചേരില്ലെന്നു ബൈബിൾ വ്യക്തമാക്കുന്നുണ്ട്. വാസ്തവത്തിൽ യേശുവിനുപോലും തന്റെ ജീവനും അധികാരവും ലഭിച്ചതു ദൈവത്തിൽനിന്നാണ്. തന്റെ ഇഷ്ടം നടപ്പാക്കാൻ ദൈവം യേശുവിനെ ഉപയോഗിക്കുകയും ചെയ്യുന്നു.—സങ്ക 36:9; യോഹ 6:57; പ്രവൃ 17:26-28; കൊലോ 1:15; വെളി 3:14.
മായ്ച്ചുകിട്ടാൻ: ഇവിടെ ഉപയോഗിച്ചിരിക്കുന്ന ഗ്രീക്കുക്രിയയെ “തുടച്ച് ഇല്ലാതാക്കുക” എന്നു നിർവചിക്കാം. ബൈബിളിൽ ഈ പദം, കണ്ണീർ തുടച്ചുകളയുന്നതിനെക്കുറിച്ചും (വെളി 7:17; 21:4) ജീവന്റെ പുസ്തകത്തിൽനിന്ന് പേര് മായ്ച്ചുകളയുന്നതിനെക്കുറിച്ചും (വെളി 3:5) പറയുന്നിടത്ത് ഉപയോഗിച്ചിട്ടുണ്ട്. “ഒരു പാടുപോലും അവശേഷിപ്പിക്കാതെ ഇല്ലാതാക്കുക” എന്നൊരു അർഥമാണ് ഈ വാക്യത്തിൽ ആ പദത്തിനുള്ളത്. കൈകൊണ്ട് എഴുതിയ അക്ഷരങ്ങൾ മായ്ച്ചുകളയുന്നതിന്റെ ചിത്രമാണ് ഇവിടെ ഈ പദപ്രയോഗം നൽകുന്നതെന്നു ചില പണ്ഡിതന്മാർ അഭിപ്രായപ്പെടുന്നു. ഇതേ ഗ്രീക്കുപദം കൊലോ 2:14-ൽ ‘മായ്ച്ചുകളയുക’ എന്നാണു പരിഭാഷപ്പെടുത്തിയിരിക്കുന്നത്.
മാനസാന്തരപ്പെട്ട് ദൈവത്തിലേക്കു തിരിയുക: ഇവിടെ “മാനസാന്തരപ്പെടുക” എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന മെറ്റാനോയ്യ എന്ന ഗ്രീക്കുപദത്തിന്റെ അക്ഷരാർഥം “മനസ്സു മാറ്റുക” എന്നാണ്. ചിന്തയിലോ മനോഭാവത്തിലോ ഉദ്ദേശ്യത്തിലോ വരുത്തുന്ന മാറ്റത്തെയാണ് ഇത് അർഥമാക്കുന്നത്. മാനസാന്തരം എന്നതുകൊണ്ട് ഇവിടെ ഉദ്ദേശിക്കുന്നത്, ദൈവവുമായുള്ള ബന്ധത്തിൽ വന്ന വിള്ളലുകൾ നികത്തി അതു പഴയപടിയാക്കാനുള്ള ആഗ്രഹത്തെയാണ്. ആത്മാർഥമായ മാനസാന്തരമുള്ളയാൾ, തന്റെ തെറ്റായ ജീവിതഗതിയെക്കുറിച്ച് ഓർത്ത് അങ്ങേയറ്റം ഖേദിക്കുകയും താൻ ചെയ്ത പാപം മേലാൽ ആവർത്തിക്കാതിരിക്കാൻ തീരുമാനിച്ചുറയ്ക്കുകയും ചെയ്യും. (2കൊ 7:10, 11; മത്ത 3:2, 8 എന്നിവയുടെ പഠനക്കുറിപ്പുകൾ കാണുക.) ഇനി, അത്തരം മാനസാന്തരമുള്ളയാൾ ‘ദൈവത്തിലേക്കു തിരിയാനും’ തയ്യാറാകും. തന്റെ തെറ്റായ പ്രവൃത്തികൾ ഉപേക്ഷിച്ച ആ വ്യക്തി അങ്ങനെ ദൈവത്തിന് ഇഷ്ടമുള്ള ഒരു ജീവിതരീതി സ്വീകരിക്കും. “ദൈവത്തിലേക്കു തിരിയുക” എന്നു പരിഭാഷപ്പെടുത്താറുള്ള എബ്രായ, ഗ്രീക്ക് ക്രിയകളുടെ (എബ്രായയിൽ, ഷൂബ്; ഗ്രീക്കിൽ സ്ട്രെഫോ; എപിസ്ട്രെഫോ) അക്ഷരാർഥം “തിരിയുക; തിരിച്ചുവരുക” എന്നൊക്കെ മാത്രമാണ്. (ഉൽ 18:10; 50:14; പ്രവൃ 15:36) എന്നാൽ ഒരു ആത്മീയാർഥത്തിൽ ഉപയോഗിക്കുമ്പോൾ ഈ പദത്തിന്, തെറ്റായ ജീവിതം ഉപേക്ഷിച്ച് ദൈവത്തിലേക്കു തിരിയുന്നതിനെ കുറിക്കാനാകും.—1രാജ 8:33; യഹ 33:11; പ്രവൃ 15:3; 26:20 എന്നിവയുടെ പഠനക്കുറിപ്പുകൾ കാണുക.
യഹോവ ഉന്മേഷകാലങ്ങൾ നൽകുകയും: ലഭ്യമായ ഗ്രീക്ക് കൈയെഴുത്തുപ്രതികളിൽ ഇവിടെ കാണുന്നതു “കർത്താവിന്റെ മുഖത്തുനിന്ന് ഉന്മേഷകാലങ്ങൾ ലഭിക്കുകയും” എന്നാണ്. (അനു. സി കാണുക.) എന്നാൽ ഇവിടെ പറഞ്ഞിരിക്കുന്ന “കത്താവ്” യേശുവല്ല, ദൈവമായ യഹോവയാണെന്നു വാക്യസന്ദർഭം (പ്രവൃ 3:17-22) സൂചിപ്പിക്കുന്നു. കാരണം ഈ കർത്താവാണു ‘ക്രിസ്തുവായ യേശുവിനെ അയയ്ക്കുന്നതെന്നു’ പ്രവൃ 3:20 പറയുന്നു. ഇനി, പ്രവൃ 3:22-ലും “കർത്താവ്” എന്നതിന്റെ ഗ്രീക്കുപദമാണ് (കിരിയോസ്) ഉപയോഗിച്ചിരിക്കുന്നതെങ്കിലും അതിൽ ഉദ്ധരിച്ചിരിക്കുന്ന ആവ 18:15-ന്റെ മൂല എബ്രായപാഠത്തിൽ അവിടെ ദൈവനാമമാണു (ചതുരക്ഷരി) കാണുന്നത്. (പ്രവൃ 3:22-ന്റെ പഠനക്കുറിപ്പു കാണുക.) “മുഖം” എന്നതിന്റെ എബ്രായപദം ദൈവനാമത്തോടൊപ്പം (ചതുരക്ഷരി) ഉപയോഗിക്കുന്ന രീതി (“യഹോവയുടെ മുഖം” എന്നതുപോലെ) എബ്രായതിരുവെഴുത്തുകളിൽ സാധാരണമാണ്.—പുറ 34:24; സങ്ക 34:16, അടിക്കുറിപ്പ്.
കാലങ്ങൾ: അഥവാ “നിശ്ചയിക്കപ്പെട്ടിരിക്കുന്ന സമയങ്ങൾ.” ഇവിടെ കാണുന്ന കയ്റോസ് എന്ന ഗ്രീക്കുപദത്തിന് (അതിന്റെ ബഹുവചനരൂപത്തെ ഇവിടെ “കാലങ്ങൾ” എന്നു പരിഭാഷ ചെയ്തിരിക്കുന്നു.) ഒരു പ്രത്യേക സമയബിന്ദുവിനെയോ കൃത്യമായ സമയദൈർഘ്യമുള്ള ഒരു കാലയളവിനെയോ കൊയ്ത്ത്, വിളവെടുപ്പ് എന്നിവപോലെ പ്രത്യേകസവിശേഷതകളുള്ള ഒരു ‘കാലത്തെയോ’ (അഥവാ ‘സമയത്തെയോ’) കുറിക്കാനാകും. (മത്ത 13:30; 21:34; മർ 11:13) യേശുവിന്റെ ശുശ്രൂഷ തുടങ്ങാനായി ‘നിശ്ചയിച്ചിരുന്ന കാലത്തെക്കുറിച്ചും’ (മർ 1:15) യേശുവിന്റെ മരണത്തിനായി നിശ്ചയിച്ചിരുന്ന ‘സമയത്തെക്കുറിച്ചും’ (മത്ത 26:18) പറയുന്ന ഭാഗങ്ങളിലും ഇതേ ഗ്രീക്കുപദം കാണാം. ഇനി, ദൈവത്തിന്റെ ക്രമീകരണത്തിന് അഥവാ സമയപ്പട്ടികയ്ക്ക് ഉള്ളിലുള്ള, ഭാവികാലഘട്ടങ്ങളെ കുറിക്കാനും കയ്റോസ് ഉപയോഗിച്ചിട്ടുണ്ട്. പ്രധാനമായും ക്രിസ്തുവിന്റെ സാന്നിധ്യം, രാജ്യം എന്നിവയുമായി ബന്ധപ്പെട്ടാണ് അത് അത്തരത്തിൽ ഉപയോഗിച്ചിരിക്കുന്നത്.—പ്രവൃ 1:7; 1തെസ്സ 5:1.
പൂർവസ്ഥിതിയിലാക്കുന്ന കാലം: “പൂർവസ്ഥിതിയിലാക്കുക” എന്നതിന്റെ ഗ്രീക്കുപദം (അപൊകറ്റേസ്റ്റാസിസ്) വന്നിരിക്കുന്നത് അപൊ (“തിരികെ,”“വീണ്ടും” എന്ന് അർഥം), കാതൈസ്റ്റെമി (അക്ഷരാർഥം, “താഴെ വെക്കുക”) എന്നീ പദങ്ങളിൽനിന്നാണ്. ചില ബൈബിളുകൾ അതിനെ “യഥാസ്ഥാനപ്പെടുത്തുക” എന്നും പരിഭാഷപ്പെടുത്തിയിട്ടുണ്ട്. അപൊകറ്റേസ്റ്റാസിസ് എന്ന ഗ്രീക്കുനാമത്തിന്റെ ക്രിയാരൂപം പ്രവൃ 1:6-ൽ തർജമ ചെയ്തിരിക്കുന്നതു ‘പുനഃസ്ഥാപിച്ചുകൊടുക്കുക’ എന്നാണ്. ബാബിലോണിലെ പ്രവാസജീവിതത്തിനു ശേഷം ജൂതന്മാർ തിരിച്ചെത്തുന്നതിനെക്കുറിച്ച് പറയുമ്പോൾ, “പൂർവസ്ഥിതിയിലാക്കൽ” എന്നതിന്റെ ഗ്രീക്കുപദം ജോസീഫസ് ഉപയോഗിച്ചിരിക്കുന്നതായി കാണാം. ഇനി, ചില കെട്ടിടങ്ങളുടെ കേടുപാടുകൾ തീർക്കുന്നതിനെക്കുറിച്ച് പറയുമ്പോഴും വസ്തുവകകൾ അതിന്റെ യഥാർഥ അവകാശികൾക്കു തിരികെ കൊടുക്കുന്നതിനെക്കുറിച്ച് പറയുമ്പോഴും പണമിടപാടുകൾ തീർപ്പാക്കുന്നതിനെക്കുറിച്ച് വിശദീകരിക്കുമ്പോഴും ഈ പദം ചില പപ്പൈറസ് ലിഖിതങ്ങളിൽ ഉപയോഗിച്ചിട്ടുണ്ട്. പൂർവസ്ഥിതിയിലാക്കുന്നത് എന്തെല്ലാമായിരിക്കുമെന്ന് പ്രവൃ 3:21-ൽ എടുത്തുപറഞ്ഞിട്ടില്ലാത്തതുകൊണ്ട് എല്ലാ കാര്യങ്ങളും പൂർവസ്ഥിതിയിലാക്കുന്നതിൽ എന്തെല്ലാം ഉൾപ്പെടുമെന്നു മനസ്സിലാക്കാൻ പണ്ടുള്ള വിശുദ്ധപ്രവാചകന്മാരിലൂടെ ദൈവം നൽകിയ സന്ദേശത്തെക്കുറിച്ച് പഠിക്കേണ്ടതുണ്ട്. എബ്രായപ്രവാചകന്മാരുടെ ലിഖിതങ്ങളിൽ, കാര്യങ്ങൾ പൂർവസ്ഥിതിയിലാക്കുന്നതിനെക്കുറിച്ച് അഥവാ പുനഃസ്ഥാപിക്കുന്നതിനെക്കുറിച്ച് പലപ്പോഴും പറഞ്ഞിരിക്കുന്നതായി കാണാം. ഉദാഹരണത്തിന്, ജനത്തിന് അവരുടെ ദേശം പഴയതുപോലെയാക്കി തിരികെ നൽകുമെന്നും അവിടെ വീണ്ടും ആൾത്താമസമുണ്ടാകുമെന്നും അതു ഫലസമൃദ്ധമാകുമെന്നും യഹോവ അവരിലൂടെ വാഗ്ദാനം ചെയ്തിരുന്നു. വന്യമൃഗങ്ങളുടെയും ശത്രുക്കളുടെയും ആക്രമണത്തിൽനിന്ന് അവർക്കു സംരക്ഷണവും ലഭിക്കുമായിരുന്നു. പുനഃസ്ഥാപിക്കപ്പെടുന്ന അവരുടെ മാതൃദേശത്തെ ദൈവം ഒരു പറുദീസയോടാണ് ഉപമിച്ചത്. (യശ 65:25; യഹ 34:25; 36:35) എല്ലാറ്റിലും ഉപരി, ദേവാലയം പുനർനിർമിക്കുമെന്നും ശുദ്ധാരാധന പുനഃസ്ഥാപിക്കപ്പെടുമെന്നും അവർക്കു വാഗ്ദാനം ലഭിച്ചു. (യശ 2:1-5; മീഖ 4:1-5) മുൻകൂട്ടിപ്പറഞ്ഞ ഈ പുനഃസ്ഥാപനത്തിൽ ആത്മീയവും അക്ഷരീയവും ആയ അനുഗ്രഹങ്ങൾ ഉൾപ്പെട്ടിരുന്നു.
യേശു സ്വർഗത്തിൽ കഴിയേണ്ടതാണ്: അഥവാ “സ്വർഗം യേശുവിനെ വെച്ചുകൊള്ളേണ്ടതാണ്.” എല്ലാ കാര്യങ്ങളും പൂർവസ്ഥിതിയിലാക്കുന്ന കാലം തുടങ്ങുന്നതുവരെ യേശു സ്വർഗത്തിൽ ദൈവത്തിന്റെ വലതുഭാഗത്ത് കാത്തിരിക്കുന്നതിനെക്കുറിച്ചായിരിക്കാം ഇവിടെ പറഞ്ഞിരിക്കുന്നത്.—സങ്ക 110:1, 2; ലൂക്ക 21:24; എബ്ര 10:12, 13.
യഹോവ: ഇത് ആവ 18:15-ൽനിന്നുള്ള ഉദ്ധരണിയാണ്. അതിന്റെ മൂല എബ്രായപാഠത്തിൽ ദൈവത്തിന്റെ പേരിനെ പ്രതിനിധാനം ചെയ്യുന്ന നാല് എബ്രായവ്യഞ്ജനാക്ഷരങ്ങൾ (അതിന്റെ ലിപ്യന്തരണം യ്ഹ്വ്ഹ് എന്നാണ്.) കാണാം. ഗ്രീക്ക് സെപ്റ്റുവജിന്റിന്റെ ഒരു ആദ്യകാലശകലത്തിൽ (ഫൗവാദ് പപ്പൈറസ് Inv. 266) ആവ 18:15 വരുന്നിടത്ത്, ദൈവനാമം ഗ്രീക്കുപദങ്ങൾക്കിടയിൽ ചതുരാകൃതിയിലുള്ള എബ്രായാക്ഷരങ്ങൾ () ഉപയോഗിച്ച് എഴുതിയിട്ടുണ്ട് എന്നതു ശ്രദ്ധേയമാണ്. ഈ ശകലം ബി.സി. ഒന്നാം നൂറ്റാണ്ടിലേതാണെന്നു കണക്കാക്കപ്പെടുന്നു. (അനു. എ5 കാണുക.) ഇനി, ക്രിസ്തീയ ഗ്രീക്കുതിരുവെഴുത്തുകളുടെ പല എബ്രായപരിഭാഷകളിലും (അനു. സി4-ൽ J7, 8, 10-18, 20, 22-24, 28 എന്നു സൂചിപ്പിച്ചിരിക്കുന്നു.) ഇവിടെ എബ്രായചതുരക്ഷരി ഉപയോഗിച്ചിട്ടുണ്ട്. അതുകൊണ്ട് ഇപ്പോഴുള്ള ഗ്രീക്ക് കൈയെഴുത്തുപ്രതികളിൽ ഈ ഭാഗത്ത് കിരിയോസ് (കർത്താവ്) എന്ന പദമാണു കാണുന്നതെങ്കിലും ഇവിടെ ദൈവനാമം ഉപയോഗിക്കാൻ തക്കതായ കാരണങ്ങളുണ്ട്.—അനു. സി കാണുക.
ആരെയും: അഥവാ “ഒരു ദേഹിയെയും.” കാലങ്ങളായി “ദേഹി” എന്നു പരിഭാഷപ്പെടുത്താറുള്ള സൈക്കി എന്ന ഗ്രീക്കുപദം ഇവിടെയൊരു വ്യക്തിയെയാണു കുറിക്കുന്നത്. (പദാവലിയിൽ “ദേഹി” കാണുക.) “ദേഹി” (സൈക്കി) മരണത്തിനും നാശത്തിനും വിധേയമാണെന്നു സൂചിപ്പിക്കുന്ന ഒരു വാക്യമാണ് ഇത്. ക്രിസ്തീയ ഗ്രീക്കുതിരുവെഴുത്തുകളിൽ ഇതേ ആശയം ധ്വനിപ്പിക്കുന്ന മറ്റ് അനേകം വാക്യങ്ങളുണ്ട്.—മത്ത 2:20; മർ 3:4; ലൂക്ക 6:9 എന്നിവയുടെ പഠനക്കുറിപ്പുകൾ കാണുക.
സന്തതിയിലൂടെ: അക്ഷ. “വിത്തിലൂടെ.”
ദൃശ്യാവിഷ്കാരം
ശലോമോന്റെ മണ്ഡപം എങ്ങനെയായിരുന്നിരിക്കാം എന്നതിന്റെ ഒരു സാധ്യതയാണ് ഈ ത്രിമാനവീഡിയോയിൽ കാണുന്നത്. ഒന്നാം നൂറ്റാണ്ടിലെ യരുശലേം ദേവാലയത്തിൽ, ഈ മണ്ഡപം സ്ഥിതി ചെയ്തിരുന്നതു പുറത്തെ മുറ്റത്തിന്റെ കിഴക്കുവശത്തായിരുന്നു. ആളുകൾക്കു നടക്കാമായിരുന്ന, വിശാലമായ ഈ മണ്ഡപത്തിനു മേൽക്കൂരയുമുണ്ടായിരുന്നു. ബൈബിളിൽ മൂന്നിടത്ത് ഇതിന്റെ പേരെടുത്ത് പറഞ്ഞിരിക്കുന്നതായി കാണാം. ഒരിക്കൽ യേശു ഈ മണ്ഡപത്തിലൂടെ നടക്കുമ്പോൾ, ഒരു കൂട്ടം ജൂതന്മാർ ചുറ്റും കൂടിയിട്ട് യേശുതന്നെയാണോ ക്രിസ്തു എന്നു തുറന്നുപറയാൻ ആവശ്യപ്പെടുന്നതായി യോഹന്നാൻ രേഖപ്പെടുത്തിയിട്ടുണ്ട്. (യോഹ 10:22-24) പിന്നീട്, ജന്മനാ കാലിനു സ്വാധീനമില്ലാതിരുന്ന ഒരാളെ സുഖപ്പെടുത്തിയതിനെക്കുറിച്ച് പത്രോസ് വിവരിക്കുന്നതു കേൾക്കാൻ ഒരു കൂട്ടം ആളുകൾ അതിശയത്തോടെ ഈ മണ്ഡപത്തിൽ കൂടിവന്നതായും നമ്മൾ വായിക്കുന്നു. (പ്രവൃ 3:1-7, 11) ആദ്യകാലക്രിസ്ത്യാനികൾ ശലോമോന്റെ മണ്ഡപത്തിൽ പരസ്യമായി കൂടിവരാറുണ്ടായിരുന്നു.—പ്രവൃ 5:12, 13; പദാവലിയിൽ “ശലോമോന്റെ മണ്ഡപം” കാണുക.